അധ്യായം 5: വിശുദ്ധ ഖുർആനിലെ പരമ്പര (ഇസ്നാദ്)

16 Min Read

ഡോ. അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽ-ഖാസിം

ഖുർആനിൽ ഇസ്നാദിനുള്ള പ്രാധാന്യം

ഖുർആനിലെ ഇസ്നാദ് (കൈമാറ്റ പരമ്പര) എന്നത്: ഒരാൾ ഖുർആൻ പൂർണ്ണമായും (കാണാതെ) ഒരു ശൈഖിന് പാരായണം ചെയ്തു കേൾപ്പിക്കുകയും, ആ ശൈഖ് തന്റെ ശൈഖിന് പാരായണം ചെയ്ത് കേൾപ്പിക്കുകയും ചെയ്തുകൊണ്ട് പ്രവാചകൻ (ﷺ) വരെ ചെന്നെത്തുന്ന മുറിയാത്ത പരമ്പരയാകുന്നു.

അൽ-ഇമാം അസ്സുയൂത്വി (رَحِمَهُ اللَّهُ) പറഞ്ഞു: “ഇജാസത്ത് (അനുമതിപത്രം) ലഭിച്ച വ്യക്തിക്ക് തന്റെ ശൈഖിൽ നിന്നുള്ള ഒരു സാക്ഷ്യപത്രമാണ് ഇജാസത്ത്.” ഇജാസത്തോടുകൂടി ഖുർആൻ പാരായണം ചെയ്യുക എന്നത് സലഫുകൾ (മുൻഗാമികൾ) പിൻപറ്റിയ ഒരു സുന്നത്താണ്.

ഇബ്നുൽ ജസരി (മരണം: ഹിജ്റ 833, رَحِمَهُ اللَّهُ) പറഞ്ഞു: “സലഫുകൾ പറഞ്ഞിരിക്കുന്നു, ‘ഖുർആൻ പാരായണം എന്നത് പിൻഗാമികൾ മുൻഗാമികളിൽ നിന്ന് സ്വീകരിച്ചുപോരുന്ന പിന്തുടരപ്പെടുന്ന ഒരു സുന്നത്താണ്.'”1

ഖുർആനിലെ ഇജാസത്തിന്റെ ഫലങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:

1 – മുറിയാത്ത പരമ്പരയോടുകൂടി ഖുർആൻ പാരായണം ചെയ്യുക എന്നത് അല്ലാഹുവിന്റെ ഗ്രന്ഥം സംരക്ഷിക്കപ്പെടുന്നതിനുള്ള മാർഗ്ഗങ്ങളിൽ പെട്ടതാണ്. അത്യുന്നതനായ അല്ലാഹു പറഞ്ഞു:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. [അൽഹിജ്ർ – 9]

വിവർത്തകന്റെ കുറിപ്പ്: ഖുർആൻ പാരായണം അദ്ധ്യാപകന് കേൾപ്പിച്ചുകൊടുക്കുന്നത് ഒരാളുടെ മനഃപാഠത്തിന്റെ സൂക്ഷ്മതയും കൃത്യതയും ഉറപ്പുവരുത്താനും ഏതെങ്കിലും പിഴവുകളുണ്ടെങ്കിൽ അത് തിരുത്താൻ അദ്ധ്യാപകന് അവസരം നൽകാനും സഹായിക്കുന്നു. ഇപ്രകാരം, ഖുർആൻ അവതരിപ്പിക്കപ്പെട്ട കാലം മുതൽ സംരക്ഷിക്കപ്പെട്ടുപോരുന്നു.

2 – ഖുർആൻ കൈമാറുന്നത് പൂർണ്ണതയിലെത്തിക്കാനും, നിവേദക പരമ്പര പൂർണ്ണതയിലെത്തിക്കാനും, (ഖുർആൻ പാരായണം ചെയ്യുമ്പോൾ) നാവുകൾക്ക് പിഴവുകൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കാനുമുള്ള മാർഗ്ഗങ്ങളിൽ പെട്ടതാണിത്.

3 – കൈമാറ്റ പരമ്പരയിലൂടെ അല്ലാഹുവിന്റെ ഗ്രന്ഥം മനഃപാഠമാക്കിയ ആളുകളുടെ ശൃംഖലയിൽ ഉൾപ്പെടാൻ കഴിഞ്ഞു എന്നത് ഇജാസത്ത് ലഭിച്ച വ്യക്തിക്ക് ലഭിക്കുന്ന വലിയൊരു ആദരവാകുന്നു.

ഖുർആനിൽ ഇസ്നാദുള്ള പണ്ഡിതന്മാർ

സലഫുകൾ (അല്ലാഹു അവരോട് കരുണ കാണിക്കട്ടെ) തങ്ങളുടെ വിജ്ഞാന സമ്പാദനത്തിന്റെ തുടക്കത്തിൽ അടിസ്ഥാനമായി സ്വീകരിച്ചിരുന്നത് ഖുർആൻ പഠിക്കലായിരുന്നു. അവർ തങ്ങളുടെ പണ്ഡിതന്മാരിൽ നിന്ന് മുറിയാത്ത പരമ്പരയോടുകൂടി ഖുർആൻ പഠിക്കുകയും, അതുപോലെ തന്നെ അവർക്ക് ശേഷം വന്നവർ അവരിൽ നിന്ന് അത് സ്വീകരിക്കുകയും ചെയ്തു.

അവരിൽ പെട്ട ചിലർ:

  1. ഇമാം അബൂ ഹനീഫ (മരണം: ഹിജ്റ 150, رَحِمَهُ اللَّهُ) അൽ-അഅ്മശ്, ആസ്വിം, അബ്ദുറഹ്‌മാൻ ഇബ്നു അബീ ലൈല (رَحِمَهُمُ اللَّهُ) എന്നിവർക്ക് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അൽ-ഹസൻ ബിൻ സിയാദ് അബൂ ഹനീഫയ്ക്കും ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു കേൾപ്പിച്ചു.2
  2. ഇമാം അൽ-ലൈസ് ഇബ്നു സഅ്ദ് (മരണം: ഹിജ്റ 175, رَحِمَهُ اللَّهُ) നാഫിഇന് (رَحِمَهُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അൽ-ലൈസിന്റെ മകൻ ശുഐബ്, ഇബ്നു വഹ്ബ് (رَحِمَهُمُ اللَّهُ) എന്നിവർ ഇമാം അൽ-ലൈസിനും പൂർണ്ണമായി ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു.
  3. ഇമാം മാലിക് (മരണം: ഹിജ്റ 179, رَحِمَهُ اللَّهُ) നാഫിഅ് ബിൻ അബീ നഈമിന് (رَحِمَهُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അതുപോലെ അബൂ അംറ് അൽ-ഔസാഈ, യഹ്‌യ ബിൻ സഈദ് എന്നിവരും ഇമാം മാലികിന് ഖുർആൻ പൂർണ്ണമായി പാരായണം ചെയ്തു കേൾപ്പിച്ചു. 3
  4. ഇമാം അശ്ശാഫിഈ (മരണം: ഹിജ്റ 204, رَحِمَهُ اللَّهُ) ഇസ്മാഈൽ ബിൻ അബ്ദില്ലാഹ് ബിൻ ഖുസ്തന്തീന് (رَحِمَهُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അതുപോലെ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ബിൻ അബ്ദിൽ ഹകം (رَحِمَهُ اللَّهُ) ഇമാം അശ്ശാഫിഈക്കും പൂർണ്ണമായി ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു.4
  5. കിതാബുൽ മഗാസി, അസ്സിയർ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവായ ഇമാം അബൂ അബ്ദില്ലാഹ് വാഖിദി (മരണം: ഹിജ്റ 207, رَحِمَهُ اللَّهُ) നാഫിഅ് ബിൻ അബീ നഈം, ഈസ ഇബ്നു വർദാൻ എന്നിവർക്കും, അബൂ ജഅ്ഫർ, ശൈബ എന്നിവരിൽ നിന്ന് നിവേദനം ചെയ്ത സുലൈമാൻ ബിൻ മുസ്‌ലിം ബിൻ ജമ്മാസിനും (رَحِمَهُمُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകാരനായിരുന്ന മുഹമ്മദ് ഇബ്നു സഈദ് (رَحِمَهُ اللَّهُ) അദ്ദേഹത്തിന് ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു കേൾപ്പിച്ചു.5
  6. അബൂ ഉബൈദ് അൽ-ഖാസിം ഇബ്നു സല്ലാം (മരണം: ഹിജ്റ 224, رَحِمَهُ اللَّهُ) അലി ഇബ്നു ഹംസ അൽകിസാഈ, ശുജാഅ് ബിൻ അബീ നസ്വ്ർ, സുലൈമാൻ ഇബ്നു ഹമ്മാദ്, ഇസ്മാഈൽ ഇബ്നു ജഅ്ഫർ, ഹജ്ജാജ് ഇബ്നു മുഹമ്മദ്, ഹിശാം ഇബ്നു അമ്മാർ, അബ്ദുൽ അഅ്ലാ ഇബ്നു മുസ്ഹിർ, സലീം ഇബ്നു ഈസ, യഹ്‌യ ഇബ്നു ആദം എന്നിവർക്ക് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അതുപോലെ അവർ (رَحِمَهُمُ اللَّهُ) ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യുന്നത് അദ്ദേഹം ശ്രവിക്കുകയും ചെയ്തു. അഹ്മദ് ഇബ്നു ഇബ്രാഹീം, അഹ്മദ് ഇബ്നു യൂസുഫ് അത്തഗ്‌ലബി, അലി ഇബ്നു അബ്ദുൽ അസീസ് അൽബഗവി തുടങ്ങിയവർ അദ്ദേഹത്തിന് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു.6
  7. യൂനുസ് ഇബ്നു അബ്ദുൽ അഅ്ലാ അസ്സദഫി (മരണം: ഹിജ്റ 264, رَحِمَهُ اللَّهُ) വർശ്, മുഅല്ല ഇബ്നു ദിഹ്‌യ (رَحِمَهُمُ اللَّهُ) എന്നിവർക്ക് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദേഹം ജനങ്ങൾക്ക് ഖുർആൻ ഓതിക്കൊടുക്കുകയും ചെയ്യുമായിരുന്നു.7
  8. അബൂ ഹാതിം അർറാസി (മരണം: ഹിജ്റ 277, رَحِمَهُ اللَّهُ) അബൂ സൈദ് സഈദ് ഇബ്നു ഔസ് അൽഅൻസാരി, അബൂ അംറ്, മുഫദ്ദൽ അദ്ദബ്ബി, ഖല്ലാദ് ഇബ്നു ഖാലിദ് എന്നിവരിൽ നിന്ന് വിവിധ പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും ശ്രവിച്ചു. അബൂബക്കർ ഇബ്നു മുജാഹിദ് അദ്ദേഹത്തിന് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിക്കുകയും തന്റെ ഗ്രന്ഥത്തിൽ ഇജാസത്ത് നൽകുകയും ചെയ്തു. അബ്ദുല്ല ഇബ്നു മുഹമ്മദ് അൽഖസ്‌വീനി, അൽഖദിർ ഇബ്നുൽ ഹൈഥം അത്തൂസി എന്നിവർ അദ്ദേഹത്തിൽ നിന്ന് ശ്രവിച്ച പാരായണം മുറിയാത്ത പരമ്പരയോടുകൂടി ഖുർആൻ പൂർണ്ണമായി പാരായണം ചെയ്തു കേൾപ്പിച്ചു.8
  9. വിഖ്യാതമായ അത്തഫ്സീറിന്റെ രചയിതാവായ ഇമാം ഇബ്നു ജരീർ അത്ത്വബ്‌രി (മരണം: ഹിജ്റ 310, رَحِمَهُ اللَّهُ) ബൈറൂത്തിൽ വെച്ച് അൽഅബ്ബാസ് ഇബ്നു വലീദ് ഇബ്നു മസീദിൽ നിന്നും ഇബ്നു ഖല്ലാദിനും, അബ്ദുൽ ഹമീദ് ബിൻ ബക്കാറിനും (رَحِمَهُمُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അൽഅബ്ബാസ് ഇബ്നു വലീദ്, യൂനുസ് ഇബ്നു അബ്ദുൽ അഅ്ലാ, അബൂ കുറൈബ് മുഹമ്മദ് ഇബ്നുൽ അലാഅ്, അഹ്മദ് ഇബ്നു യൂസുഫ് അത്തഗ്‌ലബി എന്നിവരിൽ നിന്ന് വ്യത്യസ്ത പാരായണ രീതികളിൽ ഖുർആൻ പൂർണ്ണമായി അദ്ദേഹം ശ്രവിച്ചു. മുഹമ്മദ് ഇബ്നു അഹ്മദ് അദ്ദാജൂനി, അബ്ദുൽ വാഹിദ് ഇബ്നു ഉമർ, അബ്ദുല്ല ഇബ്നു അഹ്മദ് അൽഫർഗാനി, ഇബ്നു മുജാഹിദ് എന്നിവർ അദ്ദേഹത്തിൽ നിന്നുള്ള മുറിയാത്ത പരമ്പരയോടുകൂടി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. മുഹമ്മദ് ഇബ്നു മുഹമ്മദ് ഇബ്നു ഫൈറൂസ് അൽകറജി, അഹ്മദ് ഇബ്നു അബ്ദുല്ല അൽജുബ്ബി എന്നിവരും ഇമാം ഇബ്നു ജരീർ അത്ത്വബ്‌രിയുടെ പാരായണം ശ്രവിച്ചിട്ടുണ്ട്. പാരായണ രീതികളെക്കുറിച്ച് ‘അൽജാമിഅ്’ എന്ന പേരിൽ മനോഹരമായ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു. 9
  10. ഇമാം ഇബ്നു ഖുസൈമ (മരണം: ഹിജ്റ 311, رَحِمَهُ اللَّهُ) ഇംറാൻ ഇബ്നു മൂസ അൽഖസ്സാസിന് (رَحِمَهُ اللَّهُ) ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു കേൾപ്പിച്ചു. അബൂബക്കർ അന്നഖ്ഖാശ് (رَحِمَهُ اللَّهُ) അദ്ദേഹത്തിന് (ഇമാം ഇബ്നു ഖുസൈമയ്ക്ക്) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 10
  11. അസ്സുനനിന്റെ രചയിതാവായ ഇമാം അദ്ദാറഖുത്വ്‌നി (മരണം: ഹിജ്റ 385, رَحِمَهُ اللَّهُ) അബൂബക്കർ അന്നഖ്ഖാശ്, അബുൽ ഹസൻ അഹ്മദ് അൽമുനാദി, മുഹമ്മദ് ഇബ്നുൽ ഹുസൈൻ അത്ത്വബ്‌രി, മുഹമ്മദ് ഇബ്നു അബ്ദുല്ല അൽഹർബി തുടങ്ങിയവർക്ക് (رَحِمَهُمُ اللَّهُ) വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് പാരായണം പഠിപ്പിക്കുന്നതിനായി അദ്ദേഹം ഇരിക്കുകയും, പാരായണ രീതികൾ വിശദീകരിക്കുന്ന മഹത്തായ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു; അതുപോലൊന്ന് മുൻപ് രചിക്കപ്പെട്ടിരുന്നില്ല. അദ്ദേഹം ആദ്യമായി ഖിറാആത്തിലെ ‘ഉസൂൽ’ (പൊതുനിയമങ്ങൾ) വിശദീകരിക്കുന്ന അധ്യായങ്ങളെ ‘ഫർശ്’ (ഓരോ ഖിറാആത്തുകൾക്കുമനുസരിച്ച് വ്യത്യാസപ്പെടുന്ന നിയമങ്ങൾ) വിശദീകരിക്കുന്നതിന് മുൻപായി ക്രമീകരിച്ചു. 11
  12. ഇമാം ഇബ്നു മന്ദഹ് (മരണം: ഹിജ്റ 395, رَحِمَهُ اللَّهُ) ഈജിപ്തിൽ വെച്ച് അലി ബിൻ ജഅ്ഫർ അൽബഗ്ദാദി, മുഹമ്മദ് ബിൻ മുഹർറം അൽജഹൂരി, മുഹമ്മദ് ബിൻ ഹാമിദ് അൽബഗ്ദാദി, മുഹമ്മദ് ബിൻ യഅ്ഖൂബ് അൽഅസ്വം, അഖീൽ ബിൻ യഹ്‌യ (رَحِمَهُمُ اللَّهُ) എന്നിവർക്ക് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ ഇസ്ഹാഖ്, അഹ്മദ് ബിൻ അൽഫദ്ൽ അൽബാത്വർഖാനി എന്നിവർ അദ്ദേഹത്തിന് (ഇമാം ഇബ്നു മന്ദഹ്) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു.12
  13. അൽമുസ്തദ്റകിന്റെ രചയിതാവായ അബൂ അബ്ദുല്ല അൽഹാകിം അന്നൈസാബൂരി (മരണം: ഹിജ്റ 405, رَحِمَهُ اللَّهُ) ഖുറാസാനിൽ വെച്ച് അഹ്മദ് അസ്സർറാം, അബൂബക്കർ മുഹമ്മദ് ഇബ്നുൽ അബ്ബാസ് എന്നിവർക്കും, ബഗ്ദാദിൽ വെച്ച് അബൂ ഈസ ബക്കാർ ഇബ്നു മുഹമ്മദ്, കൂഫയിൽ വെച്ച് അബൂ അലി അന്നഖ്ഖാർ, മുഹമ്മദ് ഇബ്നുൽ ഹുസൈൻ അന്നൗഖാനി, അബുൽ ഹസൻ മുഹമ്മദ് അൽകാസിർ എന്നിവർക്കും (رَحِمَهُمُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 13
  14. അബൂ നുഐം അൽഅസ്ബഹാനി (മരണം: ഹിജ്റ 430, رَحِمَهُ اللَّهُ) ഇമാം അത്ത്വബ്റാനിക്ക് (رَحِمَهُ اللَّهُ) വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിക്കുകയും, അദ്ദേഹം ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യുന്നത് ശ്രവിക്കുകയും ചെയ്തു. [ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 1/71] അബൂ നുഐം അബുൽ ഖാസിം അൽഹുദലിക്ക് വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിക്കുകയും അദ്ദേഹം ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യുന്നത് ശ്രവിക്കുകയും ചെയ്തു.
  15. അബൂ അംറ് അദ്ദാനി (മരണം: ഹിജ്റ 444, رَحِمَهُ اللَّهُ) അബുൽ ഹസൻ ത്വാഹിർ ഇബ്നു ഗൽബൂന് വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അബുൽ ഖാസിം ഖലഫ് ബിൻ ഇബ്രാഹീം ബിൻ ഖാഖാൻ, സലമ ബിൻ സഈദ് അൽഇമാം, സലമൂൻ ബിൻ ദാവൂദ് അൽഖറവി, അബുൽ ഹസൻ അലി ബിൻ മുഹമ്മദ് അൽഖാബിസി (رَحِمَهُمُ اللَّهُ) തുടങ്ങിയവർക്ക് അദ്ദേഹം വർശ് ഖിറാഅത്തിലും പാരായണം ചെയ്തു കേൾപ്പിച്ചു. അബൂബക്കർ ഇബ്നുൽ ഫസ്വീഹ്, അബൂ ദാവൂദ് സുലൈമാൻ ബിൻ അബീ അൽഖാസിം നജാഹ്, അബൂബക്കർ മുഹമ്മദ് ബിൻ അൽമുഫർരിജ് അൽബത്വ്‌ല്യൂസി എന്നിവർ വ്യത്യസ്ത പാരായണ രീതികളിലായി അദ്ദേഹത്തിന് (അബൂ അംറ് അദ്ദാനി) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 14
  16. പത്ത് പാരായണ രീതികളിലായുള്ള അൽകാംിൽ (അൽകാംിൽ ഫിൽ ഖിറാആത്തിൽ അശ്ർ) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഇമാം യൂസുഫ് ബിൻ അലി ബിൻ ജബാറ അൽഹുദലി (മരണം: ഹിജ്റ 465, رَحِمَهُ اللَّهُ). അദ്ദേഹം അതിൽ തന്നെക്കുറിച്ച് പറയുന്നു: “മഗ്‌രിബിന്റെ ഏറ്റവും വിദൂര പ്രദേശങ്ങൾ മുതൽ ഫർഗാന വരെ, കിഴക്കും പടിഞ്ഞാറും, പർവ്വതങ്ങളും സമുദ്രങ്ങളുമൊക്കെയായി ഞാൻ ആകെ 365 പണ്ഡിതന്മാരുമായി സന്ധിച്ചു. ഇസ്‌ലാമിന്റെ മുഴുവൻ രാജ്യങ്ങളിലുമായി ഈ കാലഘട്ടത്തിൽ എന്നെക്കാൾ മികച്ചുനിൽക്കുന്ന ഒരാളെ എനിക്കറിയാമായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ തേടിച്ചെല്ലുമായിരുന്നു.” ഇബ്നുൽ ജസരി (رَحِمَهُ اللَّهُ) പറഞ്ഞു: “വിവിധ പാരായണ രീതികൾ സ്വായത്തമാക്കുന്നതിനായി അദ്ദേഹത്തോളം വിപുലമായി യാത്ര ചെയ്ത മറ്റൊരാളെ ഈ സമുദായത്തിൽ എനിക്കറിയില്ല, അതുപോലെ അദ്ദേഹം സന്ധിച്ചത്ര പണ്ഡിതന്മാരെ സന്ധിച്ച മറ്റൊരാളെയും എനിക്കറിയില്ല. അദ്ദേഹം പറഞ്ഞു: വിജ്ഞാനം തേടുന്നതിലെ ഉന്നതരായ ആളുകളുടെ അഭിലാഷങ്ങൾ നിങ്ങൾ കാണുന്നതുപോലെ ഇപ്രകാരമാകുന്നു.”15
  17. അബുൽ വഫാ ഇബ്നു അഖീൽ അൽഹൻബലി (മരണം: ഹിജ്റ 513, رَحِمَهُ اللَّهُ) അബുൽ ഫത്ഹ് ബിൻ ശൈത്വയ്ക്ക് (رَحِمَهُ اللَّهُ) വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അൽമുബാറക് ബിൻ അഹ്മദ് അൽഇഖ്‌വ അദ്ദേഹത്തിന് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു.
  18. അൽ-ഇമാം അശ്ശാത്വിബി (മരണം: ഹിജ്റ 590, رَحِمَهُ اللَّهُ) ഈജിപ്തിൽ പാരായണം പഠിപ്പിക്കുന്നതിനായി ഇരിക്കുകയും, ഖാരിഉകളുടെ (പാരായണ വിദഗ്ധരുടെ) തലവനായി മാറുകയും ചെയ്തു. ‘അശ്ശാത്വിബിയ്യ’ എന്ന പേരിൽ പ്രസിദ്ധമായ ഹിർസുൽ അമാനി വ വജ്ഹുത്തഹാനി ഫിൽ ഖിറാആത്ത് എന്ന പദ്യത്തിന്റെ രചയിതാവാണദ്ദേഹം. അദ്ദേഹം അബൂ അബ്ദുല്ല മുഹമ്മദ് ബിൻ അലി അന്നഫ്സി, അബുൽ ഹസൻ അലി ബിൻ മുഹമ്മദ് ബിൻ ഹുദൈൽ അൽഅൻദലൂസി, അബുൽ ഹസൻ ഇബ്നു അന്നിഅ്മ, അബൂ മുഹമ്മദ് ബിൻ ആശിർ തുടങ്ങിയവർക്ക് (رَحِمَهُمُ اللَّهُ) വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അബുൽ ഫദ്ൽ ഈസ ബിൻ യൂസുഫ് അൽബൽബീസി, അബുൽ ഹസൻ അലി ബിൻ മുഹമ്മദ് അസ്സഖാവി, അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഉമർ അൽഖുർത്വുബി, അൽകമാൽ അലി ബിൻ ശുജാഅ് അൽഅബ്ബാസി തുടങ്ങിയവർ (رَحِمَهُمُ اللَّهُ) അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചു കൊടുത്തു.16
  19. ഇബ്നുൽ ഹാജിബ് അൽമാലികി (മരണം: ഹിജ്റ 646, رَحِمَهُ اللَّهُ) ചില പാരായണ രീതികളിൽ അശ്ശാത്വിബിക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കുകയും, എല്ലാ പാരായണ രീതികളിലും അബുൽ ഫദ്ൽ അൽഗസ്നവി, അബുൽ ജൗദ് (رَحِمَهُمُ اللَّهُ) എന്നിവർക്കും പാരായണം ചെയ്തു കേൾപ്പിച്ചു.
  20. അൽഫിയ്യ ഫിന്നഹ്‌വ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഇബ്നു മാലിക് അൽജയ്യാനി (മരണം: ഹിജ്റ 672, رَحِمَهُ اللَّهُ) ഥാബിത് ബിൻ ഖയാറിന് (رَحِمَهُ اللَّهُ) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു.17
  21. ഇബ്രാഹീം ബിൻ ദാവൂദ് അൽഫാദിലി (മരണം: ഹിജ്റ 692, رَحِمَهُ اللَّهُ) ഏഴ് ഖിറാആത്തുകളിലായി അസ്സഖാവിക്ക് ഏഴ് തവണ ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു കേൾപ്പിച്ചു. 18
  22. അബൂ ഹയ്യാൻ അന്നഹ്‌വി അൽഅൻദലൂസി (മരണം: ഹിജ്റ 745, رَحِمَهُ اللَّهُ) തന്റെ രാജ്യത്തുവെച്ച് അലി അബ്ദുൽ ഹഖ് അൽഅൻസാരി, അഹ്മദ് അത്തബ്ബാഅ്, ഉസ്താദ് അബൂ ജഅ്ഫർ അഹ്മദ് അസ്സുബൈർ തുടങ്ങിയവർക്ക് (رَحِمَهُمُ اللَّهُ) ഏഴ് ഖിറാആത്തുകളിൽ പാരായണം ചെയ്തു കേൾപ്പിച്ചു. പിന്നീട് അദ്ദേഹം ഇസ്മാഈൽ അൽമലീജിക്ക് ഏഴ് ഖിറാആത്തുകളിലും, അലി ബിൻ അഹ്മദ് അൽമഖ്ദിസി, അൽകിന്ദി (رَحِمَهُمُ اللَّهُ) എന്നിവർക്ക് വിവിധ പാരായണ രീതികളിലായി ഇജാസത്തോടുകൂടി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. അഹ്മദ് ബിൻ മുഹമ്മദ് ബിൻ നഹ്‌ല അദ്ദിമശ്ഖി, അബൂബക്കർ അശ്ശമ്സി, അബുൽ ഫത്ഹ് മുഹമ്മദ് ബിൻ അബ്ദുല്ലത്വീഫ് അസ്സുബ്കി, മുഹമ്മദ് ബിൻ അഹ്മദ് ഇബ്നു അലി ഇബ്നു അല്ലബ്ബാൻ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 19
  23. ഇമാം അദ്ദഹബി (മരണം: ഹിജ്റ 748, رَحِمَهُ اللَّهُ) കുട്ടിക്കാലം മുതൽ തന്നെ പാരായണ രീതികളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിനാൽ ഉന്നത പണ്ഡിതനായ ത്വൽഹ അദ്ദിംയാത്വിക്ക് പാരായണ രീതികൾ സമാഹരിച്ചുകൊണ്ട് അദ്ദേഹം ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദേഹം ബഅ്‌ലബക്കിലേക്ക് യാത്ര ചെയ്യുകയും പാരായണ രീതികൾ സംയോജിപ്പിച്ചുകൊണ്ട് അൽമുവഫ്ഫഖ് അന്നസ്വീബിക്ക് പാരായണം ചെയ്തു കേൾപ്പിക്കുകയും ചെയ്തു. പിന്നീട് അലക്സാണ്ട്രിയയിലേക്ക് യാത്ര ചെയ്യുകയും സുഹ്നൂൻ, യഹ്‌യ ബിൻ അസ്സവ്വാഫ് (رَحِمَهُمُ اللَّهُ) എന്നിവർക്ക് ചില പാരായണ രീതികളിൽ ഓതിക്കേൾപ്പിക്കുകയും ചെയ്തു.20
  24. അൽഹാഫിസ് അബ്ദുറഹീം ബിൻ അൽഹുസൈൻ അൽഇറാഖി (മരണം: ഹിജ്റ 806, رَحِمَهُ اللَّهُ) അബ്ദുറഹ്‌മാൻ ഇബ്നു അഹ്മദ് അൽബഗ്ദാദിക്ക് ഖുർആൻ ഏഴ് വ്യത്യസ്ത പാരായണ രീതികളിലും പൂർണ്ണമായി പാരായണം ചെയ്തു കേൾപ്പിച്ചു.21
  25. ഇമാം ഇബ്നുൽ ജസരി (മരണം: ഹിജ്റ 833, رَحِمَهُ اللَّهُ) ശൈഖ് അബൂ മുഹമ്മദ് അബ്ദുൽ വഹ്ഹാബ് ബിൻ അസ്സല്ലാർ, ശൈഖ് അഹ്മദ് ബിൻ ഇബ്രാഹീം ബിൻ അത്തഹ്ഹാൻ, അബുൽ മആലി ബിൻ അല്ലബ്ബാൻ, അബൂബക്കർ അബ്ദുല്ല ബിൻ അൽജുന്ദി (رَحِمَهُمُ اللَّهُ) എന്നിവർക്ക് വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. മക്ക, മദീന, കെയ്റോ, അലക്സാണ്ട്രിയ, ദമസ്കസ്, ബസറ, ബുർസ, ഖുറാസാൻ, ഇസ്ഫഹാൻ, ഹെറാത്ത്, യസ്ദ്, ഷിറാസ്, സമർഖന്ദ്, മാ വറാഅന്നഹ്ർ (നദിക്കപ്പുറം22) എന്നിവിടങ്ങളിലൊക്കെ വെച്ച് അദ്ദേഹം പാരായണം ചെയ്തു കേൾപ്പിച്ചു. ഖസീമിലെ ഉനൈസയിൽ വെച്ച്, പത്ത് പൂർത്തിയാക്കുന്ന മൂന്ന് ഖിറാആത്തുകൾ ഉൾപ്പെടുത്തി അദ്ദേഹം ‘അദ്ദുർറത്തുൽ മുദിയ്യ’ എന്ന പദ്യം രചിച്ചു. മദീനയിൽ വെച്ച് രണ്ട് വാള്യങ്ങളിലായി ‘നശ്റുൽ ഖിറാആത്തിൽ അശ്ർ’ എന്ന ഗ്രന്ഥവും, അതിന്റെ സംക്ഷിപ്തരൂപമായി ‘അത്തഖ്‌രീബ്’ എന്ന ഗ്രന്ഥവും, ‘തഹ്ബീറുത്തയ്‌സീർ ഫിൽ ഖിറാആത്തിൽ അശ്ർ’ എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു. അബൂബക്കർ ബിൻ മുസ്വ്‌ബിഹ് അൽഹമവി, അഹ്മദ് ബിൻ മഹ്മൂദ് അൽഹിജാസി അദ്ദരീർ, അൽമുഹിബ്ബ് മുഹമ്മദ് ഇബ്നുൽ ഹൈം, അൽഖത്വീബ് മുഅ്മിൻ ബിൻ അലി അർറൂമി (رَحِمَهُمُ اللَّهُ) തുടങ്ങിയവർ വ്യത്യസ്ത പാരായണ രീതികളിലായി അദ്ദേഹത്തിന് (ഇമാം ഇബ്നുൽ ജസരിക്ക്) ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു.
  26. സകരിയ്യ അൽഅൻസാരി (മരണം: ഹിജ്റ 926, رَحِمَهُ اللَّهُ) ഏഴ് പാരായണ രീതികളിലായി അന്നൂർ, അൽബൽബീസി, അസ്സൈൻ രിദ്‌വാൻ, അശ്ശിഹാബ്, അൽഖൽഖീലി അൽഇസ്കന്ദരി എന്നിവർക്ക് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. ബാക്കിയുള്ള മൂന്ന് ഖിറാആത്തുകൾ അസ്സൈൻ ത്വാഹിർ ബിൻ മുഹമ്മദ് അന്നുവൈരിക്ക് (رَحِمَهُمُ اللَّهُ) പാരായണം ചെയ്തു കേൾപ്പിച്ചു. മുഹമ്മദ് ബിൻ സാലിം അത്തബ്‌ലാവി, മുഹമ്മദ് ബിൻ മുഹമ്മദ് അൽബഅ്‌ലി (رَحِمَهُمُ اللَّهُ) തുടങ്ങിയവർ അദ്ദേഹത്തിന് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 23
  27. ശൈഖ് അബ്ദുറഹ്‌മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് (മരണം: ഹിജ്റ 1285, رَحِمَهُ اللَّهُ) ഖുർആന്റെ ആദ്യ ഭാഗങ്ങൾ ഈജിപ്തിലെ പണ്ഡിതനായ ശൈഖ് ഇബ്രാഹീം അൽഉബൈദിക്ക് (رَحِمَهُمُ اللَّهُ) വ്യത്യസ്ത പാരായണ രീതികളിലായി പാരായണം ചെയ്തു കേൾപ്പിച്ചു.24
  28. ശൈഖ് അബ്ദുല്ലത്വീഫ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബ് (മരണം: ഹിജ്റ 1293, رَحِمَهُ اللَّهُ) സൽമൂനയ്ക്ക് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 25

ഖുർആനിൽ ഇസ്നാദുള്ള ചെറുപ്പക്കാർ

അല്ലാഹു മുസ്‌ലിംകൾക്ക് ഖുർആൻ പാരായണം ചെയ്യാനും മനഃപാഠമാക്കാനും എളുപ്പമാക്കിയിരിക്കുന്നു. മുതിർന്നവർ അത് മനഃപാഠമാക്കുന്നത് പോലെ തന്നെ, കുട്ടികളും അത് മനഃപാഠമാക്കുന്നു. അബൂ മുഹമ്മദ് അബ്ദുല്ല ബിൻ മുഹമ്മദ് അൽഅസ്ബഹാനി (رَحِمَهُ اللَّهُ) ഖുർആൻ മനഃപാഠമാക്കുമ്പോൾ അദ്ദേഹത്തിന് വെറും അഞ്ച് വയസ്സായിരുന്നു പ്രായം. അതിനായുള്ള പരമ്പര (ഇസ്നാദ്) വഹിക്കാൻ ചെറുപ്പക്കാർ മുൻകൈയെടുത്തു. ആ ചെറുപ്പക്കാരിൽ പെട്ട ചിലർ:

  1. അബ്ദുസ്സമദ് ബിൻ അബ്ദുറഹ്‌മാൻ അൽഅൻദലൂസി, അൽആശി (رَحِمَهُ اللَّهُ) പത്ത് വയസ്സിന് താഴെ പ്രായമുള്ളപ്പോൾ തന്റെ പിതാവിന് ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിക്കുകയും പിതാവിൽ നിന്ന് നിരവധി ഗ്രന്ഥങ്ങൾ ശ്രവിക്കുകയും ചെയ്തു. അബൂ ഹയ്യാൻ (رَحِمَهُ اللَّهُ) പറഞ്ഞു: “അതുകൊണ്ട് തന്നെ ആളുകൾ അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.” 26
  2. സൈദ് ബിൻ അൽഹസൻ ബിൻ സൈദ് ബിൻ ഹിംയർ അൽകിന്ദി, അൽബഗ്ദാദി (رَحِمَهُ اللَّهُ). പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം പത്ത് ഖിറാആത്തുകളിലായി ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദഹബി (رَحِمَهُ اللَّهُ) പറഞ്ഞു: “അദ്ദേഹത്തിന് മുമ്പ് മറ്റാർക്കും സംഭവിക്കാത്ത ഒരു കാര്യമാണിത്, പിന്നീട് പാരായണ രീതികളിലെയും ഹദീസിലെയും ഏറ്റവും ഉയർന്ന പരമ്പര അദ്ദേഹത്തിന്റേതായി മാറുന്നത് വരെ അദ്ദേഹം ജീവിച്ചു.” 27
  3. അലി ബിൻ അൽഹസൻ അൽഹദ്‌റമി (رَحِمَهُ اللَّهُ) അബ്ദുറഹ്‌മാൻ ബിൻ അൽഹസൻ അൽഖസ്റജി, നിഅ്‌മ അൽഖലഫ് ബിൻ മുഹമ്മദ് അൽഅൻസാരി എന്നിവർക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദേഹത്തിന് പത്ത് വയസ്സായിരുന്നു അന്ന് പ്രായം. 28
  4. മുഹമ്മദ് ബിൻ അഹ്മദ് അൽമൗസ്വിലി (അദ്ദേഹം ‘ശുഅ്‌ല’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു) കുട്ടിയായിരിക്കെ തന്നെ അലി ബിൻ അബ്ദുൽ അസീസ് അൽഇർബിലിയിൽ നിന്ന് വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ പൂർണ്ണമായും (കാണാതെ) പാരായണം ചെയ്തു കേൾപ്പിച്ചു. 29
  5. മുഹമ്മദ് ബിൻ അഹ്മദ് അസ്സ്വാഇഗ് വ്യത്യസ്ത പാരായണ രീതികളിലായി ഖുർആൻ സൂറത്തുൽ ഫജ്ർ വരെ ഇബ്നു നാശിറയ്ക്ക് പാരായണം ചെയ്തു കേൾപ്പിച്ചു, എന്നാൽ ഇജാസത്ത് ലഭിക്കാൻ അദ്ദേഹം വളരെ ചെറിയ കുട്ടിയാണെന്ന് കരുതിയത് കൊണ്ടാവാം അത് പൂർത്തിയാക്കുന്നതിൽ നിന്ന് ഇബ്നു നാശിറ മുഹമ്മദിനെ തടഞ്ഞു.

അസ്സ്വാഇഗ് പറഞ്ഞു, “ഇത് എനിക്ക് വളരെ പ്രയാസമുണ്ടാക്കി. ഞാൻ ഞങ്ങളുടെ ശൈഖ് അൽകമാൽ അദ്ദരീറിന്റെ (അശ്ശാത്വിബിയുടെ ബന്ധു) അടുക്കൽ പോയി അദ്ദേഹത്തെ ഈ വിവരം അറിയിച്ചു. അദ്ദേഹം പറഞ്ഞു, ‘നാളെ ശൈഖ് ഇരിക്കുമ്പോൾ, എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുക.’ പിറ്റേന്ന് രാവിലെയായി ശൈഖ് വന്നപ്പോൾ, ഞാൻ അൽകമാൽ അദ്ദരീറിന്റെ അടുക്കൽ ചെന്നു. ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ച് ഇബ്നു നാശിറയുടെ അടുത്തേക്ക് കൊണ്ടുപോയി, അവർ കുറച്ചുനേരം സംസാരിച്ചു. പിന്നീട് അദ്ദേഹം ചോദിച്ചു, ‘എന്തിനാണ് ഈ കുട്ടിയെ പൂർത്തിയാക്കാൻ താങ്കൾ അനുവദിക്കാതിരുന്നത്?’

അദ്ദേഹം മറുപടി പറഞ്ഞു: ‘അല്ലയോ ബഹുമാന്യനായ നേതാവേ, ആളുകൾ നിരവധിയാണ്, അവൻ ചെറിയ കുട്ടിയുമാണ്, നമ്മിൽ നിന്ന് ഓതിപ്പഠിക്കുന്നവർ എപ്പോഴാണ് ഇല്ലാതാവുകയെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ.’

അപ്പോൾ ശൈഖ് അൽകമാൽ അദ്ദേഹത്തിന്റെ തുടകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു, ‘ശ്രദ്ധിക്കുക, നടക്കാൻ കഴിയുന്നവർക്കെല്ലാം നാം ഇജാസത്ത് നൽകുന്നു (അതായത് ചെറുപ്പക്കാർക്കും പ്രായമായവർക്കും), ഒരുപക്ഷെ അവരിലൊരാൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സദ്‌വൃത്തനും ശ്രേഷ്ഠനുമായിത്തീർന്നേക്കാം, അതുവഴി നാം സ്മരിക്കപ്പെടുകയും ചെയ്തേക്കാം. അത് അവനല്ല എന്ന് താങ്കൾക്കെങ്ങനെ അറിയാം?’ അദ്ദേഹം എന്നിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.

അല്ലാഹുവാണെ സത്യം, ശൈഖ് കമാലുദ്ദീനിൽ നിന്നുള്ള ആ വാക്കുകൾ എന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു, കാരണം ഭൂമുഖത്ത് എന്നൊഴികെ അവരിൽ നിന്ന് (ആ പരമ്പരയിലൂടെ) നിവേദനം ചെയ്യുന്ന മറ്റൊരാളും പിന്നീട് അവശേഷിച്ചിരുന്നില്ല.”30

അല്ലാഹുവിന്റെ ഗ്രന്ഥം പൂർണ്ണവും കുറ്റമറ്റതുമായ രീതിയിൽ മനഃപാഠമാക്കാനും, അതിനെക്കുറിച്ച് ചിന്തിക്കാനും, അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമ്മുടെ നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും എല്ലാ സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ഉണ്ടാകുമാറാകട്ടെ.

  1. അന്നശ്‌ർ ഫിൽ ഖിറാആത്തിൽ അശ്‌ർ, 1/35 ↩︎
  2. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/34 ↩︎
  3. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/36 ↩︎
  4. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/95 ↩︎
  5. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/219 ↩︎
  6. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/17 ↩︎
  7. മഅ്‌രിഫത്തുൽ ഖുർറാഇൽ കിബാർ, പേജ് 112 ↩︎
  8. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/97 ↩︎
  9. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/106 ↩︎
  10. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/97 ↩︎
  11. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 1/558 ↩︎
  12. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/98 ↩︎
  13. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/184 ↩︎
  14. സിയറു അഅ്ലാമിന്നുബലാഅ്, 18/77; താരിഖുൽ ഇസ്‌ലാം, 9/659 ↩︎
  15. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/398 ↩︎
  16. വഫിയ്യാത്തുൽ അഅ്യാൻ, 4/71; താരിഖുൽ ഇസ്‌ലാം, 12/913; സിയറു അഅ്ലാമിന്നുബലാഅ്, 21/261 ↩︎
  17. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/180 ↩︎
  18. അൽമുഅ്ജമുൽ മുഖ്തസ്വ്, പേജ് 54 ↩︎
  19. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/285 ↩︎
  20. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/71 ↩︎
  21. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 1/382 ↩︎
  22. ജൈഹൂൻ നദിക്ക് കിഴക്കുള്ള രാജ്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്, ഇന്നത് അമു ദാരിയ എന്നറിയപ്പെടുന്നു ↩︎
  23. അദ്ദൗഉല്ലാമിഅ് ലി അഹ്‌ലിൽ ഖർനിത്താസിഅ്, 9/255; ത്വബഖാത്തുൽ മുഫസ്സിരീൻ, അദ്ദാവൂദി, 2/64; ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/247 ↩︎
  24. അദ്ദുററുസ്സനിയ്യ, 16/405 ↩︎
  25. ഫൈദുൽ മലികിൽ വഹ്ഹാബിൽ മുതആലി, പേജ് 1038 ↩︎
  26. അൽമുഖ്നിഅ് ഫീ ഉലൂമിൽ ഹദീസ്, 1/292; ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 1/531 ↩︎
  27. സിയറു അഅ്ലാമിന്നുബലാഅ്, 22/34 ↩︎
  28. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 1/531 ↩︎
  29. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 2/80 ↩︎
  30. ഗായത്തുന്നിഹായ ഫീ ത്വബഖാത്തിൽ ഖുർറാഅ്, 1/380 ↩︎
Share This Article
Leave a Comment