നിരീശ്വരവാദത്തെ (ഇൽഹാദ്) കേവലം അല്ലാഹുവിന്റെ അസ്തിത്വം നിഷേധിക്കുന്നതിൽ പരിമിതപ്പെടുത്തുന്നത് ചില സന്ദർഭങ്ങളിൽ ഒരു സാങ്കേതിക നിർവ്വചനമായി സ്വീകരിക്കാവുന്നതാണ്. ഉദ്ദേശ്യം കൃത്യമാണെങ്കിൽ ആ അർത്ഥത്തിൽ ഉപയോഗിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. എന്നാൽ ഈ സാങ്കേതിക നിർവ്വചനം അഖീദയുടെ (വിശ്വാസത്തിന്റെ) മുഴുവൻ യാഥാർത്ഥ്യങ്ങളെയും ചുരുക്കിക്കളയുന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് വലിയ പ്രശ്നമുണ്ടാകുന്നത്. അതായത്, അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരെല്ലാം ശരിയായ പക്ഷത്തും, അതിനെ നിഷേധിക്കുന്നവരെല്ലാം തെറ്റായ പക്ഷത്തും എന്ന രൂപത്തിലേക്ക് അത് മാറുന്നു. അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുകയും എന്നാൽ അവന് തൗഹീദ് നൽകാതിരിക്കുകയും ചെയ്ത ധാരാളം സമൂഹങ്ങളുണ്ടെന്ന യാഥാർത്ഥ്യം ഇത് വിസ്മരിക്കുന്നു.
മുശ്‌രിക്കുകളോടും വേദക്കാരോടുമുള്ള നമ്മുടെ വിയോജിപ്പ് ‘ദൈവം നിലവിലുണ്ടോ?’ എന്ന കേവല ചോദ്യത്തിലായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്റെ ഏകത്വത്തിന്റെ യാഥാർത്ഥ്യം, ആരാധനയ്ക്കുള്ള അവന്റെ അർഹത, അവന്റെ ദൂതന്മാരുടെ സത്യസന്ധത, ദിവ്യബോധനത്തെ പിൻപറ്റൽ എന്നിവയിലായിരുന്നു അത്. അതിനാൽ, ജനങ്ങളെ ‘ദൈവവിശ്വാസമില്ലായ്മയിൽ’ നിന്ന് പുറത്തുകൊണ്ടുവരിക എന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം; മറിച്ച്, അല്ലാഹു തന്നെ സ്വയം പരിചയപ്പെടുത്തിയതുപോലെ അവനിൽ വിശ്വസിക്കാനും, അവനെ മാത്രം ആരാധിക്കാനും, അവന്റെ ദൂതന്മാരെ സത്യപ്പെടുത്താനും, അവന്റെ സന്ദേശങ്ങളെ പിൻപറ്റാനും അവരെ ക്ഷണിക്കുക എന്നതാണ്. അങ്ങനെ വരുമ്പോൾ നിരീശ്വരവാദത്തെ ഖണ്ഡിക്കുക എന്നത് തൗഹീദ് എന്ന മഹത്തായ ആശയത്തിന്റെ ഒരു ഭാഗമായി മാറുന്നു; അല്ലാതെ നിരീശ്വരവാദത്തെ എതിർക്കുന്നതിനുള്ള മറ്റൊരു പേരായി തൗഹീദ് ചുരുങ്ങാൻ പാടില്ല.
ഈമാനിന്റെ യാഥാർത്ഥ്യത്തെ ഇല്ലാതാക്കുന്ന സമീപനങ്ങൾ
ഈമാനിനെ അല്ലാഹുവിന്റെ അസ്തിത്വത്തിലുള്ള കേവല അംഗീകാരമായി ചുരുക്കുന്നത്, യഥാർത്ഥ തൗഹീദും അല്ലാഹുവിനെ അംഗീകരിക്കുമ്പോൾ തന്നെ തൗഹീദിന്റെ അടിസ്ഥാന കാര്യങ്ങളിൽ എതിര് നിൽക്കുന്ന മറ്റു വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കുന്നു. ആശയപരമായ ഘടനയിൽ ഈ ചുരുക്കൽ സമകാലിക മതസാഹോദര്യ പദ്ധതികളുടെ (ഉദാഹരണത്തിന് ഇബ്രാഹീമി ചിന്താഗതികൾ) അടിസ്ഥാനങ്ങളോട് യോജിക്കുന്നതാണ്. തൗഹീദ്, ആരാധന, വഹ്‌യ് എന്നിവയിലെ വ്യത്യാസങ്ങളെ അവഗണിച്ച് പൊതുവായ വിശ്വാസങ്ങളെ മുൻനിർത്തുന്ന രീതിയാണത്.
ഈ സമുദായത്തിൽ ഭിന്നിപ്പുകളുണ്ടാകുമെന്നും, അത് എഴുപത്തിമൂന്ന് വിഭാഗങ്ങളായി പിരിയുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്¹. അല്ലാഹുവിനെ അംഗീകരിക്കുന്നു എന്ന അടിസ്ഥാന കാര്യത്തിലുള്ള പങ്കാളിത്തം, സത്യത്തിലും തൗഹീദിലുമുള്ള പങ്കാളിത്തത്തെ അർത്ഥമാക്കുന്നില്ല എന്ന് ഇത് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, നിരീശ്വരവാദത്തെ നേരിടുക എന്നത് ഈമാനിന്റെയും അവിശ്വാസത്തിന്റെയും ഇടയിലുള്ള ഏക അതിർവരമ്പാക്കി മാറ്റുന്നത് വലിയൊരു പിഴവാണ്. അല്ലാഹുവിൽ അടിസ്ഥാനപരമായി വിശ്വസിക്കുകയും എന്നാൽ തൗഹീദിന്റെ യാഥാർത്ഥ്യം, ആരാധന, വഹ്‌യ്, അഖീദയുടെ വിഷയങ്ങൾ എന്നിവയിൽ ഭിന്നിക്കുകയും ചെയ്തവർക്കിടയിലുള്ള വ്യത്യാസത്തെ അവഗണിക്കുന്നതിന് അത് തുല്യമാണ്.
ഈ ചുരുക്കലിന്റെ അപകടം ഇവിടെയാണ് പ്രകടമാകുന്നത്: അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരെല്ലാം നിരീശ്വരവാദത്തിന്റെ എതിർപക്ഷത്താണ് എന്ന് വരുമ്പോൾ, ഭിന്നിപ്പുകൾക്ക് കാരണമായ വ്യത്യാസങ്ങൾ അവിടെ അപ്രത്യക്ഷമാകുന്നു. അപ്പോൾ തൗഹീദിനെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്ന സവിശേഷതകളേക്കാൾ വലുതായി ‘അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുക’ എന്ന പൊതുവായ ഘടകം മാറുന്നു.
ജഹ്‌മിയ്യുകളുടെ ആശയത്തോടുള്ള സാമ്യം
ജഹ്‌മിയ്യുകൾ ഈമാനിന് നൽകിയ നിർവ്വചനം ചിന്തിച്ചുനോക്കിയാൽ, അവരുടെ ഈമാനിന്റെ യാഥാർത്ഥ്യത്തിൽ അറിവിന് (മഅ്‌രിഫത്ത്) വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ളതായി കാണാം. അവരെക്കുറിച്ചുള്ള പ്രസിദ്ധമായ വിവരണം അനുസരിച്ച്, അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് അവരുടെ അടുക്കൽ ഈമാൻ. അഹ്‌ലുസ്സുന്ന പഠിപ്പിക്കുന്നതുപോലെ അറിവ്, അംഗീകാരം, കീഴ്‌വണക്കം, ആരാധന, കർമ്മം എന്നിവ ഉൾക്കൊള്ളുന്ന ഒന്നല്ല അവരുടെ ഈമാൻ.
ഈയൊരു വീക്ഷണത്തിൽ, നിരീശ്വരവാദത്തിനെതിരെയുള്ള ചില സമകാലിക ചിന്താഗതികൾ ഇതുമായി സാമ്യം പുലർത്തുന്നുണ്ട്. കാരണം, പ്രശ്നത്തെ വളരെ ചുരുങ്ങിയ ദ്വന്ദ്വങ്ങളിലാണ് അവർ അവതരിപ്പിക്കുന്നത്: അല്ലാഹുവിന്റെ അസ്തിത്വത്തിലുള്ള വിശ്വാസമില്ലായ്മയാണ് നിരീശ്വരവാദം, അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കലാണ് ഈമാൻ. അങ്ങനെ ഈമാനിന്റെ യാഥാർത്ഥ്യം ഒരൊറ്റ ചോദ്യത്തിന്റെ ഉത്തരത്തിൽ ഒതുങ്ങുന്നു: ‘താങ്കൾ അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ?’
ഈ ചുരുക്കലിന്റെ അപകടം ഇവിടെ വ്യക്തമാകുന്നു; കാരണം അത് അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അറിവിനെ ഈമാനിനും നിരീശ്വരവാദത്തിനുമിടയിലുള്ള അടിസ്ഥാന അതിർവരമ്പാക്കി മാറ്റുന്നു. ഈ രീതിശാസ്ത്രപരമായ സാമ്യമാണ് നാം തിരിച്ചറിയേണ്ടത്: ജഹ്‌മിയ്യുകൾ ഈമാനിന്റെ യാഥാർത്ഥ്യത്തെ കേവല അറിവിലേക്ക് ചുരുക്കി; അതുപോലെ നിരീശ്വരവാദത്തിനെതിരായ ചില പ്രഭാഷണങ്ങളും പ്രായോഗികമായി ഈമാനിനെ അല്ലാഹുവിന്റെ അസ്തിത്വത്തിലുള്ള കേവല അംഗീകാരമായി ചുരുക്കുന്നു. ഈ രണ്ട് ചിന്താഗതികളും ഈമാനിന്റെ യാഥാർത്ഥ്യത്തെ തൗഹീദ്, ആരാധന, വഹ്‌യിനോടുള്ള കീഴ്‌വണക്കം എന്നിവയിൽ നിന്ന് വേർപെടുത്തുകയാണ് ചെയ്യുന്നത്. ഈ ചിന്താഗതി സ്വീകരിക്കുന്നവരെല്ലാം ജഹ്‌മിയ്യുകളാണെന്ന് ഇതിനർത്ഥമില്ല; മറിച്ച്, നിർവ്വചനത്തിന്റെ ഘടനയിലും അതിന്റെ ഫലങ്ങളിലുമുള്ള സാമ്യം വ്യക്തമാക്കുക മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അല്ലാതെ വ്യക്തികളെ വിലയിരുത്താനോ ചരിത്രപരമായി അവരെ ജഹ്‌മിയ്യുകളായി മുദ്രകുത്താനോ അല്ല.
തൗഹീദ് ഇല്ലാതാക്കുന്ന ചിന്താഗതികൾ
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു: “ഖുർആനിനും സുന്നത്തിനും എതിരായ ബിദ്അത്തുകളെ അവർ വിലക്കുന്നില്ല, ബിദ്അത്തുകാരെ അവർ ആക്ഷേപിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഒരുപക്ഷേ സുന്നത്തിനെക്കുറിച്ചും മതത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചും സംസാരിക്കുന്നത് അവർ നിരുപാധികമായി ആക്ഷേപിച്ചേക്കാം. ഖുർആനും സുന്നത്തും ഇജ്മാഉം അറിയിക്കുന്ന കാര്യങ്ങളും, ബിദ്അത്തുകാരും ഭിന്നിപ്പുണ്ടാക്കുന്നവരും പറയുന്ന കാര്യങ്ങളും തമ്മിൽ അവർ വ്യത്യാസം കൽപ്പിക്കുന്നില്ല. അല്ലെങ്കിൽ തർക്കം അനുവദനീയമായ ഇജ്തിഹാദിന്റെ വിഷയങ്ങളിൽ പണ്ഡിതന്മാർ സ്വീകരിക്കുന്ന വിശാലത പോലെ, എല്ലാ വിഭാഗങ്ങളെയും അവരുടെ വ്യത്യസ്ത അഭിപ്രായങ്ങളിൽ അവർ അംഗീകരിക്കുന്നു. ഈ രീതി മിക്ക മുർജിഅുകളിലും, ചില ഫിഖ്ഹ് പണ്ഡിതന്മാരിലും, സൂഫികളിലും, തത്വചിന്തകരിലും വ്യാപകമായി കാണാം.”²
ഒരു പൊതുവായ അടിസ്ഥാനമുണ്ടെന്ന ന്യായത്തിൽ അഖീദയിലെ വ്യത്യാസങ്ങളെ ഇല്ലാതാക്കുന്നതിലെ അപകടമാണ് ശൈഖുൽ ഇസ്‌ലാമിന്റെ ഈ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ‘എല്ലാവരെയും അവരുടെ വ്യത്യസ്ത അഭിപ്രായങ്ങളിൽ അംഗീകരിക്കുന്ന’ രീതിയെ അദ്ദേഹം ആക്ഷേപിക്കുന്നു. കാരണം അവർ ഖുർആനും സുന്നത്തും അറിയിക്കുന്ന കാര്യങ്ങളും ബിദ്അത്തുകാർ പറയുന്ന കാര്യങ്ങളും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നില്ല. നിരീശ്വരവാദത്തെ കേവലം അല്ലാഹുവിന്റെ അസ്തിത്വം നിഷേധിക്കുന്നതിൽ പരിമിതപ്പെടുത്തുന്ന ചിന്താഗതിയുമായി ഈ ആശയത്തിന് നേരിട്ട് ബന്ധമുണ്ട്. കാരണം ഈ നിർവ്വചനം അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുക എന്നതിനെ മാത്രം ഈമാനിന്റെ അടിസ്ഥാനമാക്കി മാറ്റുന്നു. യാഥാർത്ഥ്യത്തിൽ, വഴിപിഴച്ച വിഭാഗങ്ങളും മറ്റു മതസ്ഥരുമെല്ലാം അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരാണ്. എന്നാൽ യഥാർത്ഥ തൗഹീദിലും, അത് താൽപര്യപ്പെടുന്ന അവനെ മാത്രമുള്ള ആരാധനയിലുമാണ് അവർക്കിടയിൽ ഭിന്നതയുള്ളത്. അതുപോലെ അഖീദയിലെ മറ്റ് കാര്യങ്ങളിലും അവർ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ വീണ്ടും പറയുന്നു: “മുസ്‌ലിംകളിലും ജൂതന്മാരിലും ക്രിസ്ത്യാനികളിലുമുള്ള മതം ഉൾക്കൊള്ളുന്നവരിലെ ബിദ്അത്തുകാരായ സാബിഅകളായ തത്വചിന്തകർ… ഭൗതിക ലോകത്തെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് അവർ മതനിയമങ്ങളെയും ചട്ടങ്ങളെയും ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അവർ അതിൽ തൗഹീദോ, അതായത് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതോ, പരലോകത്തിന് വേണ്ടിയുള്ള കർമ്മങ്ങളോ കൽപ്പിക്കാത്തത്. ശിർക്കിൽ നിന്ന് അവർ വിലക്കുന്നുമില്ല. മറിച്ച്, നീതി, സത്യസന്ധത, കരാർ പൂർത്തീകരണം തുടങ്ങി ഭൗതിക ലോകത്തെ കാര്യങ്ങൾ നിലനിൽക്കാൻ അനിവാര്യമായ കാര്യങ്ങൾ മാത്രമാണ് അവർ കൽപ്പിക്കുന്നത്.”³
ശൈഖുൽ ഇസ്‌ലാം ഈ രീതിയെ എങ്ങനെയാണ് വിശേഷിപ്പിച്ചതെന്ന് ചിന്തിച്ചുനോക്കുക: “ഭൗതിക ലോകത്തെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് അവർ മതനിയമങ്ങളെയും ചട്ടങ്ങളെയും ഉപയോഗിക്കുന്നത്.” തുടർന്ന് അതിന്റെ അനന്തരഫലം അദ്ദേഹം വ്യക്തമാക്കി: “അതുകൊണ്ടാണ് അവർ അതിൽ തൗഹീദോ… കൽപ്പിക്കാത്തത്, ശിർക്കിൽ നിന്ന് അവർ വിലക്കുന്നുമില്ല.” അപ്പോൾ അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കുഴപ്പം അല്ലാഹുവിന്റെ അസ്തിത്വം നിഷേധിക്കുക എന്നതിലല്ല. മറിച്ച് അല്ലാഹു ദൂതന്മാരെ നിയോഗിച്ചതിന്റെ യഥാർത്ഥ ലക്ഷ്യം ഇല്ലാതാക്കുക എന്നതിലാണ്: അവന് തൗഹീദ് നൽകുക, അവനെ മാത്രം ആരാധിക്കുക, ശിർക്കിൽ നിന്ന് വിലക്കുക എന്നിവ ഒഴിവാക്കി, ജനങ്ങൾക്കിടയിലെ പൊതുവായ ധാർമ്മികതയിലും താല്പര്യങ്ങളിലും മാത്രം ഒതുങ്ങുന്ന രീതിയാണത്.
അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുകയും അവന്റെ അസ്തിത്വം തെളിയിക്കുകയും ചെയ്യുന്ന എല്ലാ പ്രഭാഷണങ്ങളും തൗഹീദിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നതാകണമെന്നില്ല; കാരണം ചിലപ്പോൾ അത് അല്ലാഹുവിന്റെ അസ്തിത്വം തെളിയിക്കുകയും, എന്നാൽ അവനെ മാത്രം ആരാധിക്കണം എന്ന അവന്റെ അവകാശത്തെ ഇല്ലാതാക്കുകയും ചെയ്തേക്കാം.
- സുനൻ അബീദാവൂദ് – 4596, സുനൻ അത്തിർമിദി – 2640 (ഹദീസിന്റെ ആശയം).
- ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ, മജ്മൂഉൽ ഫതാവ.
- ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ, ദർഉ തആറുദിൽ അഖ്‌ലി വനഖ്ൽ.