ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ്
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. പ്രവാചകന്മാർ കടന്നുവരാത്ത ഓരോ കാലഘട്ടത്തിലും, ആളുകൾക്ക് നേർവഴി കാണിക്കുകയും മാർഗ്ഗദർശനം നൽകുകയും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ഒരു കൂട്ടത്തെ അവൻ അവശേഷിപ്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം മുഖേന അവർ ഹൃദയം മരിച്ചവർക്ക് ജീവൻ നൽകുന്നു; അന്ധരായവർക്ക് കാഴ്ച നൽകുന്നു. ഇബ്ലീസ് കൊലപ്പെടുത്തിയ എത്രയെത്ര ആളുകൾക്കാണ് അവർ ജീവൻ നൽകിയത്! വഴിപിഴച്ചുപോയ എത്രയെത്ര ആളുകളെയാണ് അവർ നേർവഴിയിലാക്കിയത്! ജനങ്ങളിൽ അവർ ഉണ്ടാക്കുന്ന സ്വാധീനം എത്ര നല്ലതാണ്! എന്നാൽ ജനങ്ങൾ അവരിൽ ഉണ്ടാക്കുന്ന സ്വാധീനം എത്ര മോശവുമാണ്! അതിരുകവിയുന്നവരുടെ മാറ്റത്തിരുത്തലുകളും, അസത്യവാദികളുടെ കള്ളവാദങ്ങളും, അറിവില്ലാത്തവരുടെ ദുർവ്യാഖ്യാനങ്ങളും അല്ലാഹുവിന്റെ മതത്തിൽ നിന്ന് അവർ നീക്കം ചെയ്യുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹുവിന്റെ ധാരാളം രക്ഷയും സമാധാനവും ഉണ്ടാകട്ടെ.
അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കാനും, ഇസ്ലാമിന്റെ പതാക ഉയർത്തിപ്പിടിക്കാനും, നന്മ വർദ്ധിപ്പിക്കാനും തിന്മ കുറയ്ക്കാനുമായി അല്ലാഹു ഉപയോഗപ്പെടുത്തിയവരിൽ എന്നെയും നിങ്ങളെയും ഉൾപ്പെടുത്താൻ ഞാൻ അവനോട് പ്രാർത്ഥിക്കുന്നു. നിശ്ചയമായും അവൻ ചോദിക്കപ്പെടുന്നവരിൽ ഏറ്റവും ഉദാരനാണ്. പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹായിക്കാൻ നമ്മെ ഏവരെയും അവൻ അനുഗ്രഹിക്കട്ടെ എന്നും, നമ്മെ നന്മയുടെ താക്കോലുകളും തിന്മയുടെ പൂട്ടുകളുമാക്കി മാറ്റട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. മുഹമ്മദ് ﷺ യുടെ സുന്നത്ത് നാം പിൻപറ്റുകയും, അത് പ്രചരിപ്പിക്കാൻ പരസ്പരം സഹായിക്കുകയും, സംശയങ്ങളിൽ നിന്നും ദേഹേച്ഛകളിൽ നിന്നും പൂർണ്ണമായും മുക്തമായ, മായം കലരാത്ത പ്രബോധനത്തിലൂടെ ജനങ്ങളെ അല്ലാഹുവിലേക്ക് നാം ക്ഷണിക്കുകയും വേണം.
ഈ പ്രഭാഷണത്തിന്റെ വിഷയം ‘അല്ലാഹുവിലേക്കുള്ള പ്രബോധനം: അതിന്റെ ശ്രേഷ്ഠതകളും സദ്ഫലങ്ങളും’ എന്നതാണ്. ഖുർആനിലും സുന്നത്തിലും പ്രബോധനത്തിനുള്ള മഹത്തായ സ്ഥാനം മനസ്സിലാക്കിയ ഒരാളാണ് തീർച്ചയായും ഈ വിഷയം തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ; ചെറിയവരോ വലിയവരോ, പുരുഷന്മാരോ സ്ത്രീകളോ, പ്രത്യേകക്കാരോ സാധാരണക്കാരോ ആകട്ടെ, ഈ രാജ്യത്തായാലും (സഊദി അറബിയ) അല്ലാഹുവിന്റെ മറ്റു രാജ്യങ്ങളിലായാലും ജനങ്ങൾക്ക് ഇതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെ അനിവാര്യത
കാരണമെന്തെന്നാൽ, അല്ലാഹു ജനങ്ങളെ പരീക്ഷിച്ചിരിക്കുകയാണ്. എല്ലായ്പ്പോഴും സന്മാർഗ്ഗവും നന്മയും വിജയിച്ചുനിൽക്കാനോ, അല്ലെങ്കിൽ തിന്മയും മ്ലേച്ഛതയും എപ്പോഴും പരാജയപ്പെടാനോ വേണ്ടിയല്ല അവൻ അവരെ സൃഷ്ടിച്ചത്. മറിച്ച്, അല്ലാഹുവിന്റെ യുക്തി താല്പര്യപ്പെടുന്നത് ഈ അവസ്ഥകൾ മാറിമാറി വരണമെന്നാണ്. അതിന് പിന്നിൽ മഹത്തായ പല യുക്തികളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹു ജനങ്ങളെ പരീക്ഷിക്കുക എന്നതാണ്. അവരിലെ സത്യസന്ധരെയും ധർമ്മസമരക്കാരെയും അവൻ തിരിച്ചറിയാനും, അവരുടെ വിവരങ്ങൾ വെളിപ്പെടുത്താനും വേണ്ടിയാണത്.
അല്ലാഹു പറയുന്നു:
الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا
’നിങ്ങളിൽ ആരാണ് കർമ്മം കൊണ്ട് ഏറ്റവും നല്ലവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ.’¹
അല്ലാഹു പറയുന്നു:
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا مِّنَ الْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا
’അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളിൽ നിന്ന് നാം ഓരോ ശത്രുവെ ഉണ്ടാക്കിയിട്ടുണ്ട്. മാർഗദർശകനായും സഹായിയായും നിന്റെ രക്ഷിതാവ് തന്നെ മതി.’²
അല്ലാഹു പറയുന്നു:
وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ
’ആ നഗരത്തിൽ ഒമ്പത് ആളുകളുണ്ടായിരുന്നു. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. അവർ നന്മ വരുത്തിയിരുന്നില്ല.’³
അല്ലാഹു വീണ്ടും പറയുന്നു:
إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ
’തീർച്ചയായും ഫിർഔൻ ഭൂമിയിൽ അഹങ്കരിച്ചു.’⁴
ഇതുപോലുള്ള ധാരാളം ഖുർആൻ വാക്യങ്ങളുണ്ട്. ഭൂമിയിൽ തിന്മകൾ ഉണ്ടാകാനും അല്ലാഹുവിൽ നിന്നുള്ള അകൽച്ച സംഭവിക്കാനും പ്രപഞ്ചികമായി അല്ലാഹു അനുവാദം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കാൻ വേണ്ടിയാണിത്. അങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെ ആവശ്യകത ഉണ്ടാകുന്നു. നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും ജനങ്ങൾക്ക് ആവശ്യമായി വരുന്നു. ജിഹാദ് ചെയ്യാനും ജനങ്ങൾക്ക് ആവശ്യകത വരുന്നു; അതായത് തങ്ങളുടെ സ്വന്തം ദേഹേച്ഛകളോടുള്ള ജിഹാദ്, സംശയങ്ങളോടുള്ള ജിഹാദ്, ശാരീരിക ഇച്ഛകളോടുള്ള ജിഹാദ്, അതുപോലെ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇക്കാര്യം അറിഞ്ഞുകഴിഞ്ഞാൽ, കൂടുതൽ പ്രബോധനത്തിലേക്കും നന്മ പ്രചരിപ്പിക്കുന്നതിലേക്കും ജനങ്ങൾക്ക് ആവശ്യകത വരുമ്പോൾ, കാര്യങ്ങൾ വ്യക്തമാക്കാനും നന്മ പ്രചരിപ്പിക്കാനും അതിൽ പരസ്പരം സഹായിക്കാനും കഴിവുള്ളവർക്ക് നേരിടേണ്ടി വരുന്ന പരീക്ഷണം വളരെ വലുതായിരിക്കുമെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അല്ലാഹുവിലേക്കുള്ള പ്രബോധനം ഖുർആനിലും സുന്നത്തിലും കൽപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. അല്ലാഹു മതപരമായ ബാധ്യതയുള്ളവരിൽ നിശ്ചയിച്ചിട്ടുള്ള തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടിയാണിത്. അതുവഴി പ്രതിഫലങ്ങൾ വർദ്ധിക്കുകയും, സത്യസന്ധർ ആരാണെന്ന് വ്യക്തമാവുകയും, നന്മകൾ ഇരട്ടിക്കുകയും, പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നു.
പ്രബോധനത്തിന്റെ അർത്ഥവും യാഥാർത്ഥ്യവും
പ്രമാണങ്ങളിൽ ‘അല്ലാഹുവിലേക്കുള്ള പ്രബോധനം’ എന്ന പേരിൽ തന്നെയാണ് ഇത് വന്നിട്ടുള്ളത്. അല്ലാഹു പറയുന്നു:
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ
’പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്നവരുടെ കൂട്ടത്തിലല്ല തന്നെ.’⁵
തന്റെ ആദരണീയനായ പ്രവാചകനെ ﷺ വിശേഷിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا
’അവന്റെ ഉത്തരവനുസരിച്ച് അല്ലാഹുവിലേക്ക് വിളിക്കുന്നവനായും, പ്രകാശം നൽകുന്ന ഒരു വിളക്കായും (നിന്നെ നാം നിയോഗിച്ചിരിക്കുന്നു).’⁶
നബി ﷺ പറഞ്ഞു:
العُلَمَاءُ وَرَثَةُ الأَنْبِيَاءِ، فَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَاراً وَلاَ دِرْهَماً، وَإِنَّمَا وَرَّثُوا العِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ
’പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു. തീർച്ചയായും പ്രവാചകന്മാർ സ്വർണ്ണ നാണയങ്ങളോ വെള്ളിക്കാശുകളോ അനന്തര സ്വത്തായി നൽകിയിട്ടില്ല. മറിച്ച് അവർ വിജ്ഞാനമാണ് അനന്തര സ്വത്തായി നൽകിയിട്ടുള്ളത്. അത് ആരെങ്കിലും കരസ്ഥമാക്കിയാൽ അവൻ ഒരു വലിയ ഭാഗ്യം കരസ്ഥമാക്കി.’⁷
പണ്ഡിതന്മാർ അറിവിലും കർമ്മത്തിലുമാണ് പ്രവാചകന്മാരുടെ അനന്തരാവകാശികളായിട്ടുള്ളത്. അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഏത് സാഹചര്യത്തിലും പ്രബോധനം നടത്താൻ പ്രവാചകന്മാർ കൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുന്നതിലും ജനങ്ങൾക്ക് നന്മ പഠിപ്പിച്ചു കൊടുക്കുന്നതിലും അവരുടെ സ്ഥാനത്താണ് പണ്ഡിതന്മാരുള്ളത്.
ഈസാ നബിയെ (അ) വിശേഷിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا
’ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കാനും സകാത്ത് നൽകാനും അവൻ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.’⁸
ഖുർആൻ വ്യാഖ്യാതാക്കളായ പണ്ഡിതന്മാർ പറയുന്നു: ‘{وَجَعَلَنِي مُبَارَكًا}’ (എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു) എന്നതിന്റെ അർത്ഥം, ‘ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനാക്കിയിരിക്കുന്നു’ എന്നാണ്. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ജനങ്ങളിൽ വ്യാപിക്കുകയും ചെയ്യുന്ന യഥാർത്ഥ ബറകത്ത് ഇതാണ്. ബറകത്ത് എന്നാൽ നന്മ വർദ്ധിക്കലും അത് വളരലുമാണ്. നന്മ വർദ്ധിക്കുന്നതും വളരുന്നതും പ്രബോധനം കൊണ്ടും, പഠിപ്പിച്ചു കൊടുക്കൽ കൊണ്ടും, നന്മയുടെ കവാടങ്ങൾ തുറന്നുകൊടുക്കൽ കൊണ്ടും മാത്രമേ സാധ്യമാകൂ. അതുകൊണ്ടാണ് ഖുർആനിലും നബി ﷺ യുടെ സുന്നത്തിലും ‘അല്ലാഹുവിലേക്കുള്ള പ്രബോധനം’ എന്ന ഈ പദം പരാമർശിക്കപ്പെട്ടിട്ടുള്ളതായി നാം കാണുന്നത്.
അതിന്റെ അർത്ഥം അല്ലാഹുവിന്റെ മതത്തിലേക്കുള്ള പ്രബോധനം എന്നാണ്. ഭാഷാപരമായി ‘ദഅ്വത്ത്’ എന്നതിന്റെ യാഥാർത്ഥ്യം, ഒരു കാര്യത്തിലേക്ക് പോകാൻ ആവശ്യപ്പെടുക എന്നതാണ്. ‘ഒരാൾ മറ്റൊരാളെ ഒരു സദ്യയിലേക്ക് ക്ഷണിച്ചു’ എന്ന് പറഞ്ഞാൽ, ആ സദ്യയിലേക്ക് പോകാനോ വരാനോ അയാളോട് ആവശ്യപ്പെട്ടു എന്നാണ് അർത്ഥമാക്കുന്നത്. ‘യുദ്ധത്തിലേക്ക് ക്ഷണിച്ചു’ എന്ന് പറഞ്ഞാൽ, യുദ്ധത്തിന് പുറപ്പെടാൻ ആവശ്യപ്പെട്ടു എന്നാണ്. ‘ഒരു യാത്രയിലേക്ക് ക്ഷണിച്ചു’ എന്നാൽ യാത്ര തിരിക്കാൻ ആവശ്യപ്പെട്ടു എന്നാണർത്ഥം. അതുകൊണ്ട് ‘അല്ലാഹുവിലേക്ക് ക്ഷണിച്ചു’ എന്ന് പറഞ്ഞാൽ അതിനർത്ഥം; അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ടും, അവൻ വിരോധിച്ചവ വെടിഞ്ഞുകൊണ്ടും, അവനോട് മാത്രം പൂർണ്ണമായ ഇഖ്ലാസ് പുലർത്തിക്കൊണ്ടും അല്ലാഹുവിലേക്ക് സഞ്ചരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു എന്നാണ്. അല്ലാഹുവിലേക്ക് ഓടിയടുക്കാൻ അവരെ ക്ഷണിച്ചു.
അല്ലാഹു പറയുന്നു:
فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ
’അതിനാൽ നിങ്ങൾ അല്ലാഹുവിങ്കലേക്ക് ഓടിയടുക്കുക. തീർച്ചയായും ഞാൻ നിങ്ങൾക്ക് അവന്റെ അടുക്കൽ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.’⁹
ഈ പരീക്ഷണത്തിൽ നിന്നുള്ള രക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതാണ് യഥാർത്ഥത്തിൽ ഇത്. കാരണം ജനങ്ങൾ ഈ ഭൗതിക ജീവിതത്തിൽ പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ﷺ അനുസരിക്കുന്നവർ മാത്രമേ ഈ പരീക്ഷണത്തിൽ രക്ഷപ്പെടുകയുള്ളൂ. അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ സത്യപ്പെടുത്തുക, മതപരമായ കൽപ്പനകൾ അനുസരിക്കുക, വിരോധിക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയിലൂടെയാണ് അവരെ അനുസരിക്കേണ്ടത്. വാർത്തകളെ സത്യപ്പെടുത്തുകയും, കൽപ്പനകൾ അനുസരിക്കുകയും, വിലക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തവൻ അല്ലാഹുവിന്റെ ക്ഷണത്തിന് ഉത്തരം നൽകിയിരിക്കുന്നു. എന്നാൽ ഇതിനിടയിൽ കൂട്ടിക്കുഴച്ചവൻ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. വാർത്തകളെ സത്യപ്പെടുത്താൻ (അതായത് അഖീദയിലേക്ക്) ക്ഷണിക്കുകയും, കൽപ്പനകൾ അനുസരിക്കാനും വിലക്കുകൾ വെടിയാനും പ്രബോധനം ചെയ്യുകയും ചെയ്തവൻ തീർച്ചയായും അല്ലാഹുവിലേക്കാണ് പ്രബോധനം ചെയ്തിരിക്കുന്നത്.
മതത്തിന്റെ എല്ലാ മേഖലകളിലുമുള്ള പ്രബോധനം
അതുകൊണ്ട് അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെ യാഥാർത്ഥ്യം ഇതാണ്: അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ജനങ്ങൾ പാലിക്കണമെന്നോ, അല്ലെങ്കിൽ അല്ലാഹു അറിയിച്ചുതന്ന കാര്യങ്ങൾ അവർ സത്യപ്പെടുത്തുകയും അതിൽ വിശ്വസിക്കുകയും ചെയ്യണമെന്നോ ഒരു പ്രബോധകൻ ആവശ്യപ്പെടുക. ഇതാണ് പ്രബോധനത്തിന്റെ യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ പ്രബോധനം മതത്തിന്റെ എല്ലാ കാര്യങ്ങളിലും ഉൾപ്പെടുന്നതാണെന്ന് നമുക്ക് കാണാം. പ്രബോധനം ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.
പ്രമാണങ്ങളിൽ വന്നിട്ടുള്ള പൊതുവായ കൽപ്പനയിൽ നിന്നും, അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന് വന്നിട്ടുള്ള പൊതുവായ ശ്രേഷ്ഠതയിൽ നിന്നും ഇത് വ്യക്തമാകുന്നുണ്ട്. അല്ലാഹു പറയുന്നു:
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ
’പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം. അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു.’¹⁰
മറ്റൊരു വചനത്തിൽ അവൻ പറയുന്നു:
وَدَاعِيًا إِلَى اللَّهِ بِإِذْنِهِ
’അവന്റെ ഉത്തരവനുസരിച്ച് അല്ലാഹുവിലേക്ക് വിളിക്കുന്നവനായും.’¹¹
അല്ലാഹു പറയുന്നു:
إِنَّمَا أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ
’നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു. ഏതൊരു ജനവിഭാഗത്തിനുമുണ്ട് ഒരു മാർഗദർശി.’¹²
അല്ലാഹു പറയുന്നു:
وَيَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ
’എന്റെ ജനങ്ങളേ, എനിക്കെന്തു പറ്റി? ഞാൻ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു.’¹³
നബി ﷺ അലി(റ)യോട് പറഞ്ഞു:
انْفُذْ عَلَى رِسْلِكَ… فَوَاللَّهِ لَأَنْ يَهْدِيَ اللَّهُ بِكَ رَجُلاً وَاحِداً، خَيْرٌ لَكَ مِنْ حُمْرِ النَّعَمِ
’താങ്കൾ സാവധാനം മുന്നോട്ട് പോവുക… അല്ലാഹുവാണെ സത്യം, താങ്കൾ മുഖേന അല്ലാഹു ഒരാളെ നേർവഴിയിലാക്കുന്നത് ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ താങ്കൾക്ക് ഉത്തമമാണ്.’¹⁴
ഇവയും ഇതുപോലുള്ള മറ്റു പ്രമാണങ്ങളും അറിയിക്കുന്നത്, അല്ലാഹുവിലേക്കുള്ള പ്രബോധനം എന്നതിന്റെ അർത്ഥം മതത്തിലേക്ക് പൂർണ്ണമായി ക്ഷണിക്കുക എന്നതാണ്. അങ്ങനെ വരുമ്പോൾ, അഖീദയിലേക്കും, അല്ലാഹുവിന് മാത്രം മതം നിഷ്കളങ്കമാക്കുന്നതിലേക്കും, അല്ലാഹുവിന്റെ തൗഹീദിലേക്കും, ശിർക്കിൽ നിന്നും അതിന്റെ പ്രകടനങ്ങളിൽ നിന്നും നാശങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിലേക്കും പ്രബോധനം ചെയ്യുന്നവൻ തീർച്ചയായും അല്ലാഹുവിലേക്കാണ് ക്ഷണിക്കുന്നത്. തൗഹീദിലും അഖീദയിലുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നവനും അല്ലാഹുവിലേക്കാണ് പ്രബോധനം ചെയ്യുന്നത്. നിർബന്ധ കർമ്മങ്ങൾ അനുസരിക്കാനും അവ പ്രാവർത്തികമാക്കാനും; അതായത് നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മാതാപിതാക്കൾക്ക് നന്മ ചെയ്യൽ, സംസാരത്തിൽ സത്യസന്ധത പുലർത്തൽ, അമാനത്തുകൾ നിറവേറ്റൽ, വാഗ്ദാനങ്ങൾ പാലിക്കൽ, കരാറുകൾ സത്യസന്ധമായി പൂർത്തിയാക്കൽ തുടങ്ങിയവയിലേക്ക് ക്ഷണിക്കുന്നവനും അല്ലാഹുവിലേക്കാണ് പ്രബോധനം ചെയ്യുന്നത്.
മനസ്സിനെ നന്നാക്കുന്നതിലൂടെയും, മഹോന്നതനായ അല്ലാഹുവിനെ ഭയപ്പെടുന്നതിലൂടെയും ആന്തരികമായ സംസ്കരണം നടത്താൻ ക്ഷണിക്കുന്നവൻ, അല്ലാഹുവോടുള്ള സ്നേഹത്തിൽ ഹൃദയത്തെ ഉറപ്പിച്ചു നിർത്തുക, അവനിൽ ഭരമേൽപ്പിക്കുക, അവനിലേക്ക് ഖേദിച്ചുമടങ്ങുക, അവനിലേക്ക് മുന്നിടുക, അവനുമായി സമ്പർക്കം പുലർത്തുക, മറ്റെല്ലാത്തിൽ നിന്നും അവനിലേക്ക് ഓടിയടുക്കുക തുടങ്ങിയ ഹൃദയത്തിന്റെ കർമ്മങ്ങൾ നന്നാക്കാൻ പ്രബോധനം ചെയ്യുന്നവനും അല്ലാഹുവിലേക്കാണ് ക്ഷണിക്കുന്നത്. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനും പ്രബോധകനാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവനും പ്രബോധകനാണ്. ഇതിനർത്ഥം, അല്ലാഹുവിലേക്കുള്ള പ്രബോധനം ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ തന്റെ വളരെ മനോഹരമായ ഒരു വാക്കിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ‘തീർച്ചയായും അല്ലാഹുവിലേക്കുള്ള പ്രബോധനം അതിന്റെ നിർബന്ധത്തിന്റെ കാര്യത്തിലും അത് സംഭവിക്കുന്ന രീതിയിലും വ്യത്യസ്ത തലങ്ങളിലുണ്ട്. അവരിൽ അഖീദയിലേക്ക് ക്ഷണിക്കുന്നവരുണ്ട്. ബാഹ്യമായ കർമ്മങ്ങളിലേക്ക് ക്ഷണിക്കുന്നവരുണ്ട്. ആന്തരികമായ കർമ്മങ്ങളിലേക്ക് ക്ഷണിക്കുന്നവരുമുണ്ട്. അങ്ങനെ അതിന്റെ നിർബന്ധത്തിന്റെ കാര്യത്തിലും സംഭവിക്കുന്ന രൂപത്തിലും അത് വ്യത്യസ്ത തലങ്ങളിലുണ്ട്.’
പ്രബോധനത്തിന്റെ മതപരമായ വിധി
ഇക്കാര്യം വ്യക്തമായിക്കഴിഞ്ഞാൽ, അല്ലാഹുവിലേക്കുള്ള പ്രബോധനം എന്നത്; അല്ലാഹുവിന്റെ മതം വ്യാപിക്കാനും, ജനങ്ങൾ ഈ ഖുർആനിലും സുന്നത്തിലും ഈ മതത്തിലും വിശ്വസിക്കാനും, ആ കൽപ്പനകൾ മുറുകെപ്പിടിക്കാനും വിലക്കുകൾ വെടിയാനും ആവശ്യപ്പെടുക എന്നതാണ്. ഇത് നിർബന്ധമായ കാര്യമാണ്. കാരണം അല്ലാഹു അത് കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു കൽപ്പിച്ച ഒരു കാര്യത്തിന്റെ അടിസ്ഥാന വിധി അത് നിർബന്ധമാണ് എന്നതാണ്.
അല്ലാഹു പറയുന്നു:
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ
’നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ.’¹⁵
അല്ലാഹു പറയുന്നു:
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ
’സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.’¹⁶
ഇവിടെ ‘{وَلْتَكُن مِّنكُمْ أُمَّةٌ}’ എന്ന അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് ഇമാം ബഗവി رَحِمَهُ اللَّهُ യെപ്പോലുള്ള പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്, ഇതിലെ ‘ലാം’ കൽപ്പനയെ സൂചിപ്പിക്കാനുള്ളതാണ് എന്നാണ്. അതുകൊണ്ട് ‘{وَلْتَكُن مِّنكُمْ أُمَّةٌ}’ എന്നതിന്റെ അർത്ഥം; തന്റെ ദാസന്മാരിൽ നിന്ന് നന്മയിലേക്ക് ക്ഷണിക്കുന്ന ഒരു വിഭാഗം ഉണ്ടായിരിക്കണമെന്നും, അവരിൽ നിന്ന് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ടായിരിക്കണമെന്നും അല്ലാഹു കൽപ്പിക്കുന്നു എന്നാണ്. ഇതിനർത്ഥം, ഈ നിർബന്ധം സമുദായത്തിന് മൊത്തത്തിലുള്ള ഒരു സാമൂഹിക ബാധ്യതയാണ്. ആവശ്യത്തിന് തികയുന്നത്ര ആളുകൾ ആ ബാധ്യത നിർവ്വഹിച്ചാൽ കടമ വീടി. ഇല്ലെങ്കിൽ, പ്രബോധനം ചെയ്യാൻ കഴിവുണ്ടായിട്ടും അത് ചെയ്യാതിരിക്കുന്നവർ കുറ്റക്കാരായിത്തീരും.
മതത്തിലെ ശാഖാപരമായ വിഷയങ്ങളുടെ ബാഹുല്യവും, അല്ലാഹുവിന്റെ മതത്തിലേക്ക് ക്ഷണിക്കപ്പെടേണ്ട കാര്യങ്ങളുടെ ആധിക്യവും വെച്ചുകൊണ്ട് ഈ സാമൂഹിക ബാധ്യതയെ നാം നോക്കിക്കാണുകയാണെങ്കിൽ; ഓരോ വിഷയത്തിലും പൂർണ്ണമായ രൂപത്തിൽ പ്രബോധനം നടത്താൻ ഒരാൾക്കോ പത്തുപേർക്കോ നൂറുപേർക്കോ സാധ്യമല്ല എന്ന് നമുക്ക് കാണാൻ കഴിയും. മതത്തിൽ ഇമാമായിട്ടുള്ള ഒരാൾക്ക് മാത്രമേ അത് സാധ്യമാകൂ. നൂറ്റാണ്ടുകളിൽ അപൂർവ്വം ചിലർക്ക് മാത്രം എത്തിച്ചേരാൻ കഴിയുന്ന മഹത്തായ ഒരു പദവിയാണത്. അങ്ങനെയെങ്കിൽ, പണ്ഡിതന്മാരുടെ സംസാരം ചുറ്റിത്തിരിയുന്നത് അല്ലാഹുവിലേക്കുള്ള പ്രബോധനം ഓരോരുത്തരുടെയും കഴിവനുസരിച്ചാണ് എന്നതാണ്. അതുകൊണ്ട് അല്ലാഹുവിന്റെ തൗഹീദിനെക്കുറിച്ച് അറിവുള്ള ഒരാൾ അത് പ്രചരിപ്പിച്ചാൽ അവൻ നന്മ പഠിപ്പിക്കുന്നവനും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുന്നവനുമാണ്. കർമ്മശാസ്ത്രത്തിൽ അറിവുള്ള ഒരാൾ അത് പ്രചരിപ്പിച്ചാൽ അവനും നന്മ പഠിപ്പിക്കുന്നവനും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനുമാണ്. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുന്നവനാണ്. ജനങ്ങൾ അല്ലാഹുവിലേക്ക് തിരിയാൻ വേണ്ടി അവരുടെ ഹൃദയങ്ങളെ അലിയിക്കുന്നവനും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനാണ്. മറ്റുള്ളവർക്ക് ഉപകാരപ്പെടാൻ വേണ്ടി ഉപകാരപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവനും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുന്നവന്റെ ഗണത്തിലും അതിന്റെ ശ്രേഷ്ഠതയിലും ഉൾപ്പെടുന്നതാണ്.
അതുകൊണ്ടാണ് നബി ﷺ യിൽ നിന്നും ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുള്ളത്:
نَضَّرَ اللَّهُ امْرَأً سَمِعَ مَقَالَتِي فَوَعَاهَا فَأَدَّاهَا كَمَا سَمِعَهَا، فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ
’എന്റെ വാക്ക് കേൾക്കുകയും, അത് ഹൃദ്യസ്ഥമാക്കുകയും, കേട്ടതുപോലെ തന്നെ അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്ത വ്യക്തിയുടെ മുഖം അല്ലാഹു പ്രസന്നമാക്കട്ടെ. കാരണം, കേൾക്കുന്നവനേക്കാൾ അത് എത്തിക്കപ്പെടുന്ന ചില ആളുകൾ കൂടുതൽ ഗ്രഹണശേഷിയുള്ളവരായിരിക്കും.’¹⁷
അതായത്, ഒരു കാര്യം കേൾക്കുകയും എന്നാൽ പൂർണ്ണമായി അത് ഗ്രഹിക്കാതിരിക്കുകയും, എന്നിട്ടും താൻ കേട്ടതുപോലെ അത് മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്ത ആ വ്യക്തിക്ക് വേണ്ടി, അവന്റെ മുഖം അല്ലാഹു പ്രസന്നമാക്കട്ടെ എന്ന് നബി ﷺ പ്രാർത്ഥിച്ചു. ‘എന്റെ വാക്ക് കേട്ട വ്യക്തിയുടെ മുഖം അല്ലാഹു പ്രസന്നമാക്കട്ടെ’ എന്നതിന്റെ അർത്ഥം—മറ്റൊരു റിപ്പോർട്ടിൽ ‘മുഖം’ എന്നില്ലാതെ ‘അല്ലാഹു ആ വ്യക്തിയെ പ്രസന്നമാക്കട്ടെ’ എന്നാണ് വന്നിട്ടുള്ളത്—അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖം അലങ്കരിക്കട്ടെ എന്നും, ഇഹലോകത്ത് അവനിൽ പ്രകാശം നൽകട്ടെ എന്നുമാണ് ആ പ്രാർത്ഥനയുടെ അർത്ഥം. അപ്പോൾ ഒരു കാര്യം കേട്ട് അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുത്ത വ്യക്തിയുടെ മുഖം അല്ലാഹു അലങ്കരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യട്ടെ എന്നാണ് അത് അർത്ഥമാക്കുന്നത്. താൻ കേട്ടതിലും മറ്റുള്ളവർക്ക് എത്തിച്ചുകൊടുത്തതിലും പണ്ഡിതനല്ലാത്ത, കേവലം അത് കേട്ട് എത്തിച്ചുകൊടുക്കുക മാത്രം ചെയ്ത വ്യക്തിക്ക് ഈ ശ്രേഷ്ഠതയുണ്ടെങ്കിൽ; ആ വാക്ക് ഉൾക്കൊള്ളുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും, അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത ഒരാളുടെ ശ്രേഷ്ഠത എത്ര വലുതായിരിക്കും! തീർച്ചയായും അയാളുടെ ശ്രേഷ്ഠത വളരെ മഹത്തായതാണ്.
ഇതിൽ നിന്നും താങ്കൾക്ക് മനസ്സിലാകുന്നത്; അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെ ഈ സാമൂഹിക ബാധ്യത ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ല എന്നാണ്. അതായത് പണ്ഡിതന്മാർക്കോ അല്ലെങ്കിൽ സാധാരണക്കാരായ മുസ്ലിംകൾക്കോ മാത്രമുള്ളതല്ല. മറിച്ച്, അറിവുള്ള ഏതൊരാളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഹദീസിൽ ‘എന്റെ വാക്ക് കേൾക്കുകയും, അത് ഹൃദ്യസ്ഥമാക്കുകയും, അത് എത്തിച്ചുകൊടുക്കുകയും ചെയ്ത വ്യക്തി’ എന്ന് പറഞ്ഞിട്ടുള്ളത്. ‘കേൾക്കുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്തു’ എന്നതിന്റെ അർത്ഥം; അല്ലാഹുവിന്റെ മതത്തിൽ നിന്നുള്ള ഏതെങ്കിലും ഒരു കാര്യം അവൻ അറിയുകയും, അതിന്റെ തെളിവ് സഹിതം അത് ഉൾക്കൊള്ളുകയും, ആ പ്രമാണം അവന് വ്യക്തമാവുകയും ചെയ്യുക എന്നതാണ്. അങ്ങനെ താൻ കേട്ട് ഉൾക്കൊണ്ട ആ കാര്യം അവൻ മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയും അതിലേക്ക് പ്രബോധനം ചെയ്യുകയും ചെയ്താൽ ആ സമയത്ത് ഈ മഹത്തായ ശ്രേഷ്ഠത അവന് ലഭിക്കുന്നതാണ്.
പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ, ഇത്തരം പരസ്പര സഹകരണത്തിലൂടെയല്ലാതെ പ്രബോധനവും നന്മയും വ്യാപിക്കുക എന്നത് സാധ്യമല്ല എന്ന് താങ്കൾക്ക് കാണാൻ കഴിയും. ഒന്നോ രണ്ടോ മൂന്നോ ആളുകൾ വന്ന് ‘എല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം’ എന്ന് പറഞ്ഞാൽ അത് അസാധ്യമാണ്. മറിച്ച്, പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹായിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. ഒരാൾ അല്ലാഹു തനിക്ക് നൽകിയ അറിവ് വെച്ച് പഠിപ്പിക്കുന്നു. മറ്റൊരാൾ അല്ലാഹു തനിക്ക് നൽകിയ കഴിവ് വെച്ച് പ്രഭാഷണം നടത്തുന്നു. വേറൊരാൾ നന്മ കൽപ്പിക്കുന്നു. വേറൊരാൾ പുസ്തകം പ്രസിദ്ധീകരിക്കുന്നു. മറ്റൊരാൾ പുസ്തകം രചിക്കുന്നു. ഇതിലൊന്നും നാം പരസ്പരം അനീതി കാണിക്കാൻ പാടില്ല. മറിച്ച്, നന്മ പകർന്നുനൽകുകയും അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും ചെയ്ത, അല്ലെങ്കിൽ അതിന് സഹായിച്ച എല്ലാവരും പ്രശംസിക്കപ്പെടേണ്ടവരാണ്. ഈ നന്മയും ഈ മഹത്തായ ശ്രേഷ്ഠതയും കരസ്ഥമാക്കുന്നവരിൽ അവർ ഉൾപ്പെടുമെന്ന് നാം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
പ്രവാചകന്മാരുടെ പ്രബോധന ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ
അതുകൊണ്ട് തന്നെ ഈ അവസരത്തിൽ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നത്; തങ്ങളുടെ മനസ്സുകളെ നന്മയിൽ നിന്ന് ഒഴിവാക്കി നിർത്തരുതെന്നും, അല്ലാഹുവിലേക്കുള്ള പ്രബോധനമായിരിക്കണം തങ്ങളുടെ ലക്ഷ്യമെന്ന് മനസ്സുകളെ പാകപ്പെടുത്തണമെന്നുമാണ്. രാവും പകലും അതിനായി പൂർണ്ണമായി നീക്കിവെക്കണമെന്നോ, അല്ലെങ്കിൽ പ്രഗൽഭരായ വിജ്ഞാനാന്വേഷികളെ പോലെയോ വലിയ സ്ഥാനമുള്ള പ്രബോധകരെ പോലെയോ ആകണമെന്നോ അല്ല ഇതിനർത്ഥം. അങ്ങനെയല്ല. മറിച്ച്, രാവും പകലും നിങ്ങൾ ആ ഉത്തരവാദിത്തം ഉൾക്കൊള്ളണം. ഒരു അവസരം ലഭിച്ചാൽ അതിനായി നിങ്ങളുടെ കഴിവ് വിനിയോഗിക്കണം. അതൊരുപക്ഷേ ഒരു വാക്ക് കൊണ്ടായിരിക്കാം. അല്ലെങ്കിൽ ഒരു നന്മയിലേക്ക് വഴികാണിച്ചുകൊണ്ടായിരിക്കാം. അതല്ലെങ്കിൽ ഒരു പുസ്തകം വിതരണം ചെയ്തുകൊണ്ടായിരിക്കാം. അല്ലെങ്കിൽ വല്ലതും സമ്മാനമായി നൽകിക്കൊണ്ടായിരിക്കാം. നന്മ പകർന്നുനൽകുന്നതിനെക്കുറിച്ചും സന്മാർഗ്ഗം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും എപ്പോഴും ചിന്തിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കാരണം ഇത് നമ്മിലെല്ലാവർക്കും നിർബന്ധമായ കാര്യമാണ്. ഇതിൽ നിന്ന് മാറിനിൽക്കാൻ നമുക്ക് സാധ്യമല്ല. അല്ലാഹു അത് കൽപ്പിച്ചിട്ടുള്ളതാണ്.
അതുകൊണ്ടാണ് പ്രവാചകന്മാരുടെ ജീവചരിത്രങ്ങളിൽ നമ്മുടെ ഉത്സാഹത്തെ ഉണർത്തുന്ന കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത്. അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന് പ്രചോദനമേകുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും അവന്റെ റസൂലിന്റെ ﷺ സുന്നത്തിലും ഉള്ളതുപോലെ തന്നെ. ഉദാഹരണത്തിന് അല്ലാഹുവിന്റെ ആദ്യത്തെ റസൂലായ നൂഹ് നബിയുടെ (അ) കാര്യമെടുക്കുക. സൂറത്ത് നൂഹിലെ ഒട്ടുമിക്ക ഭാഗങ്ങളും അദ്ദേഹത്തിന്റെ ദഅ്വത്തിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. ദഅ്വത്ത് എന്ന പദം, പ്രബോധനത്തിന്റെ രീതികൾ, അതിലെ അദ്ദേഹത്തിന്റെ ത്യാഗങ്ങൾ, അദ്ദേഹം എങ്ങനെ ക്ഷമിച്ചു, ജനങ്ങൾ എങ്ങനെയാണ് അദ്ദേഹത്തോട് പ്രതികരിച്ചത്, അദ്ദേഹം അവരെ എങ്ങനെ പ്രേരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു തുടങ്ങിയവയെല്ലാം ആ മഹത്തായ സൂറത്തിൽ ഉൾക്കൊള്ളുന്നുണ്ട്.
നൂഹ് നബിയുടെ (അ) വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا
’അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും രാവും പകലും എന്റെ ജനതയെ ഞാൻ വിളിച്ചു. എന്നിട്ട് എന്റെ വിളി അവർക്ക് പിന്തിരിഞ്ഞോടൽ വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. നീ അവർക്ക് പൊറുത്തുകൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിച്ചപ്പോഴൊക്കെയും അവർ തങ്ങളുടെ വിരലുകൾ ചെവികളിൽ തിരുകുകയും, തങ്ങളുടെ വസ്ത്രങ്ങൾ മൂടിപ്പുതക്കുകയും, (ധിക്കാരത്തിൽ) ഉറച്ചുനിൽക്കുകയും, വലിയ അഹങ്കാരം നടിക്കുകയും ചെയ്തു.’¹⁸
അദ്ദേഹം അതോടെ പിന്മാറിയോ? അദ്ദേഹം പറയുന്നു:
ثُمَّ إِنِّي دَعَوْتُهُمْ جِهَارًا ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا
’പിന്നെയും തീർച്ചയായും ഞാൻ അവരെ ഉച്ചത്തിൽ വിളിച്ചു. പിന്നെയും തീർച്ചയായും ഞാൻ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം ചെയ്തു. അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു. അവൻ നിങ്ങൾക്ക് ആകാശത്തുനിന്ന് സമൃദ്ധമായി മഴ അയച്ചുതരും.’¹⁹
ഇതാണ് ആദ്യത്തെ റസൂലായ നൂഹ് (അ). അദ്ദേഹം അല്ലാഹുവിലേക്ക് പ്രബോധനം ചെയ്തുവെന്നും, രാവും പകലും രഹസ്യമായും പരസ്യമായും അതിനായി അദ്ദേഹം പരിശ്രമിച്ചുവെന്നും അല്ലാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു. പരസ്യമായി എന്നാൽ; വലിയൊരു സദസ്സിൽ പൊതുവായ വാക്കുകളിലൂടെ ജനങ്ങളെ പ്രബോധനം ചെയ്യുക, ജനങ്ങളിലെ വൈവിധ്യങ്ങൾ പരിഗണിക്കാതെ പൊതുവായി അവരെ നന്മയിലേക്ക് പ്രേരിപ്പിക്കുക എന്നാണ് അർത്ഥം. രഹസ്യമായി എന്ന് പറഞ്ഞാൽ; ഒരാളെ കണ്ടുമുട്ടുമ്പോൾ ആളുകളുടെ മുന്നിൽ വെച്ചല്ലാതെ അയാൾക്ക് മാത്രമായി പ്രബോധനം ചെയ്യുക എന്നാണ് പണ്ഡിതന്മാർ അർത്ഥം നൽകിയിട്ടുള്ളത്. അങ്ങനെ സമയത്തിന്റെ കാര്യത്തിൽ രാവും പകലും എന്ന നിലയിലും, രീതിയുടെ കാര്യത്തിൽ രഹസ്യമായും പരസ്യമായും എന്ന നിലയിലും, അഭിസംബോധന ചെയ്യപ്പെടുന്നവരുടെ കാര്യത്തിലുമെല്ലാം അദ്ദേഹം വ്യത്യസ്ത ശൈലികൾ സ്വീകരിച്ചു. അതിന്റെ പ്രതിഫലവും അദ്ദേഹം ഓർമ്മിപ്പിച്ചു. അല്ലാഹുവിലേക്കുള്ള പ്രബോധകരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ഉത്സാഹത്തെ ഉണർത്തുന്ന കാര്യമാണിത്. അതായത്, പ്രബോധന രീതി എന്നത് ഒരൊറ്റ ശൈലിയിലുള്ളതല്ല. ഒരാൾക്ക് താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇതിൽ വലിയൊരു മാതൃകയുണ്ട്.
അല്ലാഹുവിന്റെ അവസാനത്തെ റസൂലായ മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽ-ഖുറൈശി അൽ-ഹാശിമി ﷺ യെ ഒരു പ്രബോധകൻ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ
’പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം. അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു.’²⁰
അതുപോലെ അല്ലാഹു പറയുന്നു:
وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا
’അവന്റെ ഉത്തരവനുസരിച്ച് അല്ലാഹുവിലേക്ക് വിളിക്കുന്നവനായും, പ്രകാശം നൽകുന്ന ഒരു വിളക്കായും (നിന്നെ നാം നിയോഗിച്ചിരിക്കുന്നു).’²¹
എന്തിലേക്കാണ് അദ്ദേഹം പ്രബോധനം ചെയ്തത്? അല്ലാഹുവിന്റെ തൗഹീദിലേക്കാണ് അദ്ദേഹം ക്ഷണിച്ചത്; അദ്ദേഹം പ്രബോധനം ചെയ്ത ഏറ്റവും വലിയ കാര്യവും അത് തന്നെ. ബിംബങ്ങളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും ശിർക്കിൽ നിന്നും മുശ്രിക്കുകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്നതിലേക്ക് അദ്ദേഹം ക്ഷണിച്ചു. അല്ലാഹുവിനെ അനുസരിക്കുന്നതിലേക്കും, ഖുർആനിൽ വിശ്വസിക്കുന്നതിലേക്കും, ഈ മഹത്തായ ഗ്രന്ഥത്തിലുള്ള കാര്യങ്ങളിൽ വിശ്വസിക്കുന്നതിലേക്കും അദ്ദേഹം പ്രബോധനം ചെയ്തു. നിർബന്ധ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിലേക്കും, ഉത്തമ സ്വഭാവങ്ങളിലേക്കും അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഈ സമഗ്രമായ പ്രബോധനമാണ് അന്ത്യനാൾ വരെ അദ്ദേഹത്തിന്റെയും അദ്ദേഹത്തെ പിൻപറ്റിയവരുടെയും മാർഗ്ഗം.
പ്രബോധന മേഖലകളിലെ വൈവിധ്യങ്ങൾ
ഇവിടെ ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, പ്രബോധനം വ്യത്യസ്ത തലങ്ങളിലുണ്ട്. എല്ലാവർക്കും എല്ലാം ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് ഇമാം മാലിക് رَحِمَهُ اللَّهُ യോട് ഇപ്രകാരം പറയപ്പെട്ടത്: ‘താങ്കൾ വിജ്ഞാനത്തിന് വേണ്ടി സമയം നീക്കിവെക്കുകയും, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ് ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നുവല്ലോ.’ ചില വിവരദോഷികളുടെ അടുത്തേക്ക് പിശാച് ഇങ്ങനെയുള്ള സംശയങ്ങളുമായാണ് വരിക; അതായത് ജനങ്ങൾക്ക് ജിഹാദാണ് ആവശ്യം, നന്മ കൽപ്പിക്കലാണ് ആവശ്യം, ഇദ്ദേഹമാകട്ടെ തന്റെ പള്ളിയിൽ ഇരുന്ന് ജനങ്ങളെ പഠിപ്പിക്കുകയും ഗ്രന്ഥങ്ങൾ വായിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത് എന്ന് അവർ പറയും. ഇതൊക്കെ പഴയകാലം മുതൽക്കേയുള്ളതാണ്, കാരണം ഇതൊക്കെ പിശാചിൽ നിന്നുള്ളതാണ്. ഇമാം മാലികിനോട് പറയപ്പെട്ടു: ‘താങ്കൾ വിജ്ഞാനത്തിന് വേണ്ടി സമയം നീക്കിവെക്കുകയും, താങ്കളുടെ പള്ളിയിൽ ഇരിക്കുകയും, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ് ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നുവല്ലോ.’ അപ്പോൾ ഈ സമുദായം സാക്ഷ്യപ്പെടുത്തിയ നാല് മഹാ ഇമാമുകളിൽ ഒരാളും ഇമാം ശാഫിഇയുടെ ശൈഖുമായ ഇമാം മാലിക് ബിൻ അനസ് പറഞ്ഞു: ‘ഹേ മനുഷ്യാ, അല്ലാഹുവിന്റെ ദാസന്മാരിൽ ചിലർക്ക് അവൻ നമസ്കാരത്തിന്റെ കവാടമാണ് തുറന്നുകൊടുത്തിരിക്കുന്നത് (അതായത് ഐച്ഛിക നമസ്കാരങ്ങൾ അധികരിപ്പിക്കുക). ചിലർക്ക് അവൻ ദാനധർമ്മങ്ങളുടെ കവാടമാണ് തുറന്നുകൊടുത്തിരിക്കുന്നത് (അതായത് സദഖകൾ അധികരിപ്പിക്കുക). ചിലർക്ക് അവൻ നോമ്പിന്റെ കവാടമാണ് തുറന്നുകൊടുത്തിരിക്കുന്നത് (അതായത് ഐച്ഛിക നോമ്പുകൾ അധികരിപ്പിക്കുക). ചിലർക്ക് ഉംറയുടെയും ഹജ്ജിന്റെയും കവാടവും, ചിലർക്ക് ജിഹാദിന്റെ കവാടവും, ചിലർക്ക് വിജ്ഞാനത്തിന്റെ കവാടവുമാണ് അവൻ തുറന്നുകൊടുത്തിട്ടുള്ളത്. എനിക്ക് അല്ലാഹു വിജ്ഞാനത്തിന്റെ കവാടമാണ് തുറന്നുതന്നിട്ടുള്ളത്. അല്ലാഹു എനിക്ക് തുറന്നുതന്ന ആ കാര്യത്തിൽ ഞാൻ തൃപ്തനാണ്.’
വളരെ മഹത്തായ, അഗാധവും അടിയുറച്ചതുമായ വിജ്ഞാനത്തിൽ നിന്ന് ഉത്ഭവിച്ച വാക്കാണിത്. കാരണം ഏതൊരാളോടും, പണ്ഡിതന്മാരോട് പോലും അവർ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെടുക എന്നത് അസാധ്യമാണ്. അപ്രകാരം ആവശ്യപ്പെടുന്നവൻ ഒരുവന്റെ കഴിവിനതീതമായ കാര്യമാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ സമുദായത്തിൽ സാമൂഹിക ബാധ്യത (ഫർദ് കിഫായ) നിറവേറ്റുന്നതിന്റെ ഭാഗമായി അവരോട് ആവശ്യപ്പെടുന്നത് നന്മയിൽ പരസ്പരം സഹായിക്കാനും, ഗുണദോഷിക്കാനും, മാർഗ്ഗദർശനം നൽകാനുമാണ്. അതുകൊണ്ട് നന്മ ആഗ്രഹിക്കുന്ന ഒരാൾ സത്യത്തിലും സുന്നത്തിലുമാണെങ്കിൽ അതിൽ അയാളെ സഹായിക്കണം. ഇനി അയാൾ അങ്ങനെയല്ല ഉള്ളതെങ്കിൽ, അയാൾ നേരെയാകുന്നത് വരെ അയാൾക്ക് മാർഗ്ഗദർശനം നൽകുകയും കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുകയും വേണം; അയാളുടെ പ്രബോധനം പൂർണ്ണമായും ഇഖ്ലാസുള്ളതും നല്ലതുമായിത്തീരാൻ വേണ്ടിയാണിത്. പ്രബോധനത്തിന്റെ വിധി, അതിന്റെ വൈവിധ്യങ്ങൾ, പ്രബോധന മേഖലകൾ, ഇതുമായി ബന്ധപ്പെട്ട ചില ചരിത്രങ്ങൾ എന്നിവയിലൂടെയെല്ലാം നാമിതുവരെ സഞ്ചരിച്ച ഈ ആമുഖം താങ്കൾക്ക് നൽകുന്ന പാഠം; അല്ലാഹുവിലേക്കുള്ള പ്രബോധനം എല്ലാവർക്കുമായി തുറന്നിടപ്പെട്ട ഒന്നാണ് എന്നതാണ്. അത് ആരുടെയും കുത്തകയല്ല. അത് എല്ലാവർക്കും തുറക്കപ്പെട്ടതാണ്. പക്ഷേ പ്രബോധനം ചെയ്യുന്നതിന് മുമ്പ്, എന്തിലേക്കാണ് താങ്കൾ ക്ഷണിക്കുന്നത് എന്നതിനെക്കുറിച്ച് താങ്കൾക്ക് അറിവുണ്ടായിരിക്കണം. വിവരമില്ലാതെ പ്രബോധനം ചെയ്യരുത്. അന്ധമായ അനുകരണത്തിലൂടെ (തഖ്ലീദിലൂടെ) പ്രബോധനം ചെയ്യരുത്. താങ്കൾ ഒരു കാര്യം കേട്ടു, അതിന്റെ തെളിവെന്താണെന്ന് താങ്കൾക്കറിയില്ല, എന്നിട്ട് അതിലേക്ക് ക്ഷണിക്കാൻ പാടില്ല. ഒരു കാര്യം താങ്കൾ പ്രചരിപ്പിക്കുന്നു, വിജ്ഞാനവും മതനിഷ്ഠയുമുള്ള വിശ്വസ്തരായ പണ്ഡിതന്മാരുടെ സാക്ഷ്യപ്പെടുത്തലിലൂടെ അതിന്റെ നന്മ താങ്കൾക്ക് ബോധ്യപ്പെട്ടിട്ടില്ല, അങ്ങനെയും ചെയ്യാൻ പാടില്ല. എന്നാൽ അല്ലാഹുവിന്റെ വിശാലമായ ഭൂമിയിൽ പ്രബോധനം തുറന്നിടപ്പെട്ടതാണ്. അതിന്റെ മേഖലകൾ വളരെ വിശാലവുമാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു.
അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെ ശ്രേഷ്ഠതകൾ
അല്ലാഹുവിലേക്കുള്ള പ്രബോധകനും, മഹോന്നതനായ അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുന്നവനും അല്ലാഹുവിങ്കൽ പ്രതിഫലത്തിന്റെയും ശ്രേഷ്ഠതയുടെയും ഏറ്റവും ഉയർന്ന പദവികളിലാണുള്ളത് എന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു പറയുന്നു:
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
‘അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാൾ വിശിഷ്ടമായ വാക്ക് പറയുന്നവൻ മറ്റാരുണ്ട്?’²²
സൂറത്ത് ഫുസ്സിലത്തിലെ ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നത്, അല്ലാഹുവിലേക്ക് പ്രബോധനം ചെയ്തവനേക്കാൾ സംസാരം കൊണ്ട് ഏറ്റവും നല്ലവൻ മറ്റാരുമില്ല എന്നാണ്.
അല്ലാഹു പറയുന്നു:
لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
‘അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ധർമ്മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ കൽപിക്കുന്നവരുടേതൊഴികെ. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ആരെങ്കിലും അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്.’²³
അതായത് അതിന് യാതൊരു അതിരുകളുമില്ല. വളരെ മഹത്തായ, അതിരുകളില്ലാത്ത പ്രതിഫലമാണത്. ‘അല്ലാഹുവിലേക്ക് ക്ഷണിച്ചവനേക്കാൾ വിശിഷ്ടമായ വാക്ക് പറയുന്നവൻ മറ്റാരുണ്ട്?’ എന്ന ആയത്തിനെക്കുറിച്ച് ഹസനുൽ ബസ്വരി رَحِمَهُ اللَّهُ മനോഹരമായ ഒരു വാക്ക് പറഞ്ഞിട്ടുണ്ട്. ഹസനുൽ ബസ്വരിയുടെ رَحِمَهُ اللَّهُ വാക്കുകൾ മിക്കവാറും വളരെ മനോഹരമായിരിക്കും. ഈ ആയത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘ഇവൻ അല്ലാഹുവിന്റെ ക്ഷണത്തിന് ഉത്തരം നൽകുകയും, അല്ലാഹു ക്ഷണിച്ച കാര്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തവനാണ്. ഇവൻ അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണ്. അല്ലാഹു തിരഞ്ഞെടുത്തവനാണ്. അല്ലാഹുവിന്റെ മിത്രമാണ്.’ ഇതിനർത്ഥം അല്ലാഹുവിലേക്കുള്ള പ്രബോധകനുള്ള ഈ പ്രശംസ, അവൻ അല്ലാഹുവിലേക്ക് ക്ഷണിച്ചതിനും അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും അതിൽ ജിഹാദ് ചെയ്യുകയും ചെയ്തതിനുമുള്ളതാണ് എന്നാണ് ഹസനുൽ ബസ്വരി رَحِمَهُ اللَّهُ മനസ്സിലാക്കിയിട്ടുള്ളത്. അപ്പോൾ പ്രബോധനം എന്നത് വാക്കുകളിൽ ഏറ്റവും നല്ലതും ശ്രേഷ്ഠവുമാണെങ്കിൽ; ഹസനുൽ ബസ്വരി പറഞ്ഞതുപോലെ ജനങ്ങളിൽ ഏറ്റവും നല്ല വാക്കും നല്ല കർമ്മവുമുള്ളവൻ പ്രബോധകനാണെന്നാണ് അത് അർത്ഥമാക്കുന്നത്; അവന്റെ വാക്കും പ്രവർത്തിയും സത്യസന്ധമാണെങ്കിൽ.
അല്ലാഹുവിലേക്കുള്ള പ്രബോധനം പ്രവാചകന്മാരുടെയും ദൂതന്മാരുടെയും കർമ്മമാണ് എന്നതാണ് അതിന്റെ മറ്റൊരു ശ്രേഷ്ഠത. അല്ലാഹു പറയുന്നു:
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي
‘പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും.’²⁴
അദ്ദേഹവും അദ്ദേഹത്തെ പിൻപറ്റിയവരും രണ്ട് വിശേഷണങ്ങളുള്ളവരാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഒന്നാമത്തെ വിശേഷണം: അവർ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. രണ്ടാമത്തെ വിശേഷണം: അവർ ദൃഢബോധ്യത്തോട് കൂടിയാണ് (ബസ്വീറത്ത്) അത് ചെയ്യുന്നത്. പണ്ഡിതന്മാർ ഈ ആയത്ത് പാരായണം ചെയ്ത് നിർത്തുന്നതുമായി ബന്ധപ്പെട്ട് (വഖ്ഫ്) രണ്ട് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്: ഒന്നാമത്തെ അഭിപ്രായം, ‘أَدْعُو إِلَى اللَّهِ’ (അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു) എന്നെടുത്ത് നിർത്തുന്നതാണ് ഉത്തമം എന്നതാണ്. അപ്പോൾ ‘പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം, അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു’ എന്ന് പാരായണം ചെയ്യുക. എന്നിട്ട് ‘ദൃഢബോധ്യത്തോട് കൂടി ഞാനും എന്നെ പിൻപറ്റിയവരും’ എന്ന് പറയുക. ഇതിന്റെ അർത്ഥം; അദ്ദേഹത്തിന്റെ മാർഗ്ഗം അല്ലാഹുവിലേക്കുള്ള പ്രബോധനമാണ്, അദ്ദേഹത്തിനും അദ്ദേഹത്തെ പിൻപറ്റിയവർക്കും ദൃഢബോധ്യമുണ്ട് എന്നതാണ്. അതായത് യാതൊരു സംശയവുമില്ലാത്ത കൃത്യമായ അറിവുണ്ട്. കാരണം കണ്ണുകൾക്ക് കാഴ്ചശക്തി എന്നപോലെയാണ് ഹൃദയത്തിന് ബസ്വീറത്ത് (ദൃഢബോധ്യം/അന്തർദൃഷ്ടി). അത് മുഖേനയാണ് ഹൃദയം കാര്യങ്ങൾ കാണുന്നത്.
രണ്ടാമത്തെ അഭിപ്രായം, ഇവ രണ്ടും ചേർത്ത് പാരായണം ചെയ്യുക എന്നതാണ്. അതായത് ‘പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും’. ഇതിനർത്ഥം; അദ്ദേഹത്തിനും അദ്ദേഹത്തെ പിൻപറ്റിയവർക്കും പ്രബോധനം എന്ന വിശേഷണവുമുണ്ട്, ദൃഢബോധ്യം എന്ന വിശേഷണവുമുണ്ട്. ഈ സ്ഥലത്ത് കൂടുതൽ ഉത്തമമായിട്ടുള്ളത് ഈ രണ്ടാമത്തെ അഭിപ്രായമാണ്. അപ്പോൾ അദ്ദേഹത്തെ ﷺ പിൻപറ്റിയവർ രണ്ട് വിശേഷണങ്ങളുള്ളവരായിത്തീരും; പ്രബോധനം എന്ന വിശേഷണവും ദൃഢബോധ്യം എന്ന വിശേഷണവും. ഇതിനർത്ഥം, അല്ലാഹുവിലേക്കുള്ള പ്രബോധകൻ ആരോടൊപ്പമാണ് ചേർക്കപ്പെട്ടിട്ടുള്ളത്? അവൻ റസൂലിനോടൊപ്പമാണ് ﷺ ചേർക്കപ്പെട്ടിട്ടുള്ളത്. അവൻ ആരെയാണ് പിൻപറ്റുന്നത്? റസൂലിനെയാണ് ﷺ അവൻ പിൻപറ്റുന്നത്. ആരുടെ മതമാണ് അവൻ പ്രചരിപ്പിക്കുന്നത്? റസൂലിന്റെ ﷺ മതമാണ്. അതുകൊണ്ട് സ്ഥാനത്തിലും അവസ്ഥയിലും ശ്രേഷ്ഠതയിലും അവന് മഹോന്നതനായ അല്ലാഹുവിലേക്കുള്ള പ്രബോധകരുടെ പ്രതിഫലമുണ്ട് എന്നാണ് ഇതിനർത്ഥം.
പ്രബോധനവും ഇഖ്ലാസും അറിവും
ഈ ആയത്തിൽ രണ്ട് കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: ഒന്നാമത്തെ കാര്യം: ആയത്തുകളിൽ ‘أَدْعُو إِلَى اللَّهِ’ (അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു) എന്ന് പറയുമ്പോൾ ‘إِلَى اللَّهِ’ (അല്ലാഹുവിലേക്ക്) എന്ന വാക്ക് നിർബന്ധമായും അവിടെ വന്നിരിക്കണം. കാരണം അല്ലാഹുവല്ലാത്തവരിലേക്ക് ക്ഷണിക്കുന്നവരിൽ നിന്ന് ഇവരുടെ അവസ്ഥ വ്യത്യസ്തമാകാൻ വേണ്ടിയാണിത്. ചിലർ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരുണ്ട്. ചിലർ അല്ലാഹുവല്ലാത്തവരിലേക്ക് ക്ഷണിക്കുന്നവരുണ്ട്. മറ്റുചിലർ അല്ലാഹുവിലേക്കും അതോടൊപ്പം സ്വന്തത്തിലേക്കും ക്ഷണിക്കുന്നവരുണ്ട്. അതുകൊണ്ടാണ് ഇമാമുദ്ദഅ്വ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ കിതാബുത്തൗഹീദിലെ മസാഇലുകളിൽ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞത്; ഇതിൽ ഇഖ്ലാസിനെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ട് എന്നാണ്. കാരണം ചില ആളുകൾ—അദ്ദേഹത്തിന്റെ വാക്കിന്റെ ആശയം ഇതാണ്—സ്വന്തത്തിലേക്ക് ക്ഷണിക്കുന്നവരുണ്ട്. അവൻ അല്ലാഹുവിലേക്കാണ് ക്ഷണിക്കുന്നത് എങ്കിലും അവൻ തന്റെ സ്വന്തത്തിന് പ്രശസ്തി ആഗ്രഹിക്കുന്നു. സ്വന്തത്തിലേക്ക് ക്ഷണിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവൻ സമ്പത്ത് ആഗ്രഹിക്കുന്നു. പദവികൾ ആഗ്രഹിക്കുന്നു. സൽപ്പേര് ആഗ്രഹിക്കുന്നു. അവൻ ക്ഷണിക്കുന്നത് അല്ലാഹുവിലേക്കാണ്, എന്നാൽ ഇതും അതും അവൻ കൂട്ടിക്കുഴച്ചിരിക്കുന്നു. ഇങ്ങനെയുള്ളവൻ ശരിയായ മാർഗ്ഗത്തിലല്ല ഉള്ളത്.
ശ്രേഷ്ഠതയുടെയും ഉന്നതിയുടെയും മാർഗ്ഗത്തിലുള്ളത് ആരാണ്? അല്ലാഹുവിന് വേണ്ടി മാത്രം പൂർണ്ണമായ ഇഖ്ലാസോടെ നിയ്യത്ത് വെച്ചവനാണ് അവൻ. ‘പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാർഗം. അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു’. അങ്ങനെയാകുമ്പോൾ, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന വ്യക്തി നന്മയിൽ പരസ്പരം സഹായിക്കുകയും, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന സമയത്ത് തന്നെ തിന്മകളെ തടയുകയും ചെയ്യും എന്ന് നമുക്ക് കാണാം. കാരണം അല്ലാഹുവിലേക്കുള്ള പ്രബോധകൻ തെറ്റുകളിൽ നിന്ന് സുരക്ഷിതനല്ല. അവൻ ഒരുപക്ഷേ ഒരു പണ്ഡിതനായിരിക്കാം, അല്ലെങ്കിൽ ഒരു പ്രബോധകനായിരിക്കാം, അല്ലെങ്കിൽ വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥിയായിരിക്കാം, പ്രഭാഷകനായിരിക്കാം. പക്ഷേ അവന്റെ വാക്കുകളിലും അബദ്ധങ്ങളിലും അവൻ തെറ്റുകളിൽ നിന്ന് സുരക്ഷിതനല്ല. മായം കലർന്ന നിയ്യത്തിൽ നിന്നും അവൻ സുരക്ഷിതനല്ല. അതുകൊണ്ട് നന്മയിൽ അവനെ സഹായിക്കപ്പെടുകയും, തിന്മ കുറച്ചുകൊണ്ടുവരികയും ചെയ്യണം.
ഇവിടെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം; ‘പൂർണ്ണമായും പരിശുദ്ധരായ ആളുകളെയാണ് നമുക്ക് ആവശ്യം, അങ്ങനെയല്ലെങ്കിൽ ദഅ്വത്ത് ശരിയാവില്ല’ എന്ന് പറയാൻ പാടില്ല. ‘എല്ലാ തികഞ്ഞ പൂർണ്ണരായ ആളുകളെ വേണം, അങ്ങനെയല്ലെങ്കിൽ ദഅ്വത്ത് ശരിയാവില്ല’ എന്ന് പറയാൻ പാടില്ല. ‘നമുക്ക് ഇബ്നു ബാസിനെയും ഇബ്നു ഉഥൈമീനെയും പോലുള്ളവരെയാണ് ആവശ്യം, അങ്ങനെയല്ലെങ്കിൽ ദഅ്വത്ത് ശരിയാവില്ല’ എന്ന് പറയാൻ പാടില്ല. അത് ശരിയല്ല. അങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നെങ്കിൽ നബി ﷺ ക്ക് ശേഷം ആളുകൾ വഴിപിഴച്ചുപോകുമായിരുന്നു. എന്നാൽ ജനങ്ങളും അവരുടെ മുൻനിരയിലുള്ള സച്ചരിതരായ നാല് ഖലീഫമാരും ഈ മാർഗ്ഗത്തിലാണ് സഞ്ചരിച്ചത്. അതിനാൽ പരസ്പര സഹകരണവും, തിരുത്തലുകളും, നിയ്യത്തിലെ ഇഖ്ലാസുമാണ് ഈ വിഷയത്തിൽ ആവശ്യമുള്ളത്. അപ്പോൾ ഒന്നാമത്തെ ശ്രദ്ധിക്കേണ്ട കാര്യം ‘അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു’ എന്നതിലെ ഇഖ്ലാസിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. നിങ്ങൾ പ്രബോധനം ചെയ്യുക, എന്നാൽ മഹോന്നതനായ അല്ലാഹുവിലേക്കല്ലാതെ നിങ്ങൾ ക്ഷണിക്കരുത്. ഏതെങ്കിലും ജമാഅത്തിലേക്കോ, കക്ഷിയിലേക്കോ, ഗ്രൂപ്പിലേക്കോ നിങ്ങൾ ക്ഷണിക്കരുത്. ഒരു പ്രത്യേക മക്തബയിലേക്ക് (ലൈബ്രറി/ഓഫീസ്) മാത്രം ക്ഷണിക്കരുത്. ഒരു പ്രത്യേക കാര്യത്തിലേക്ക് മാത്രം ക്ഷണിക്കരുത്. പാടില്ല, നിങ്ങളുടെ ദഅ്വത്ത് പൂർണ്ണമായും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. ഇതിലാണ് അല്ലാഹു ബറകത്ത് ചൊരിയുന്നതും ഇത് മുഖേന നന്മ വ്യാപിക്കുന്നതും. പ്രബോധനത്തെ ചുരുക്കിക്കൊണ്ടുവരുമ്പോഴോ, അതിൽ സംശയങ്ങൾ കലർത്തുമ്പോഴോ, അതുമല്ലെങ്കിൽ മറ്റ് പലതിലേക്കും ക്ഷണിക്കുമ്പോഴോ ഒരുപക്ഷേ അല്ലാഹു ആ ദാസനെ ശിക്ഷിച്ചേക്കാം. അല്ലെങ്കിൽ നേർമാർഗ്ഗത്തിൽ നിന്ന് അവൻ തടഞ്ഞുവെച്ചതിന് തുല്യമായി നന്മയിൽ നിന്നും അവൻ തടയപ്പെട്ടേക്കാം.
രണ്ടാമത്തെ കാര്യം: ‘ദൃഢബോധ്യത്തോട് കൂടി’. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ‘ദൃഢബോധ്യത്തോട് കൂടി’ എന്നാൽ നാം സൂചിപ്പിച്ചതുപോലെ പ്രബോധകൻ തീർച്ചയായും ദൃഢബോധ്യമുള്ളവനായിരിക്കണം. അറിവില്ലാത്ത, തന്റെ മതത്തിൽ ദൃഢബോധ്യമില്ലാത്ത ഒരാൾക്ക് അല്ലാഹുവിലേക്ക് ക്ഷണിക്കാൻ സാധിക്കുമോ? സാധ്യമല്ല. ‘പണ്ഡിതന്മാർ മാത്രമേ പ്രബോധനം ചെയ്യാവൂ’ എന്ന് പറയുന്നവനും ‘അറിവുള്ളവർ മാത്രമേ പ്രബോധനം ചെയ്യാവൂ’ എന്ന് പറയുന്നവനും തമ്മിൽ വ്യത്യാസമുണ്ട്. ‘പണ്ഡിതന്മാർ മാത്രമേ പ്രബോധനം ചെയ്യാവൂ’ എന്നത് ശരിയല്ല. എന്നാൽ ‘അറിവുള്ളവർ മാത്രമേ പ്രബോധനം ചെയ്യാവൂ’ എന്നത് ശരിയായ കാര്യമാണ്. വിജ്ഞാനം എന്നത് ഓരോ വിഷയങ്ങൾക്കനുസരിച്ച് വിഭജിക്കാവുന്നതാണ്. അതുപോലെത്തന്നെ പ്രബോധനവും ഒരു വ്യക്തിക്ക് അറിവുള്ള കാര്യങ്ങൾക്കനുസരിച്ച് വിഭജിക്കാവുന്നതാണ്.
ഒരാൾ വന്ന് ഒരു കാര്യം കേട്ടു, അതിൽ താൻ അറിഞ്ഞ കാര്യത്തിലേക്ക് വ്യക്തമായ തെളിവോടെ അവൻ ക്ഷണിക്കുന്നു. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അവൻ ഗ്രഹിച്ച തെളിവോടെ അവൻ അതിലേക്ക് പ്രബോധനം ചെയ്യുന്നു. കാരണം അവൻ ആ വാക്ക് കേൾക്കുകയും അത് ഉൾക്കൊള്ളുകയും അത് മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്തു. ഇഹലോകത്തും പരലോകത്തും മുഖം പ്രസന്നമാകാൻ പ്രാർത്ഥിക്കപ്പെട്ട വ്യക്തിയുടെ വിശേഷണമാണിത്.
അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെയും പ്രബോധകരുടെയും ശ്രേഷ്ഠതകളിൽ പെട്ടതാണ്; ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്ന പ്രബോധകനെ നബി ﷺ നല്ല ശുദ്ധമായ ഭൂമിയോട് ഉപമിച്ചു എന്നത്. സ്വഹീഹിൽ വന്നിട്ടുള്ള ഹദീസിൽ നബി ﷺ പറഞ്ഞു:
مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنَ الْهُدَى وَالْعِلْمِ كَمَثَلِ الْغَيْثِ الْكَثِيرِ أَصَابَ أَرْضًا فَكَانَ مِنْهَا نَقِيَّةٌ
‘അല്ലാഹു എന്നെ നിയോഗിച്ചാക്കിയ സന്മാർഗ്ഗത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഒരു ഭൂമിയിൽ വർഷിച്ച വലിയ മഴയെപ്പോലെയാണ്. അതിൽ നല്ല ശുദ്ധമായ ഭൂമിയുണ്ടായിരുന്നു…’²⁵
മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: ‘അതിൽ ഒരു നല്ല ഭൂമിയുണ്ടായിരുന്നു. അത് ആ വെള്ളം വലിച്ചെടുക്കുകയും അതിൽ നിന്ന് ധാരാളം പുല്ലുകളും സസ്യങ്ങളും മുളപ്പിക്കുകയും ചെയ്തു.’ ഈ മഹത്തായ ഉപമ നിങ്ങൾ ശ്രദ്ധിക്കുക. അതിനവസാനം നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മതത്തിൽ പാണ്ഡിത്യം നേടുകയും, അങ്ങനെ താൻ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തവന്റെ ഉപമയാണിത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാത്തവന്റെ ഉപമയുമുണ്ട്.’ ഈ വിഭാഗത്തെ നിങ്ങൾ ശ്രദ്ധിക്കുക. ഖുർആനിലും സുന്നത്തിലും വെള്ളം ഒരു ഉപമയായി വന്നാൽ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ദിവ്യബോധനത്തെയാണ്. വെള്ളം എന്നത് ഉപമയായി വന്നാൽ വഹ്യിനെയാണ് അത് ലക്ഷ്യമാക്കുന്നത്. {وَفِي الْأَرْضِ قِطَعٌ مُّتَجَاوِرَاتٌ} (ഭൂമിയിൽ അടുത്തടുത്തു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്…) തുടങ്ങിയവയെല്ലാം വഹ്യിനുള്ള ഉപമകളാണ്.
‘അല്ലാഹു എന്നെ നിയോഗിച്ചാക്കിയ സന്മാർഗ്ഗത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഒരു ഭൂമിയിൽ വർഷിച്ച വലിയ മഴയെപ്പോലെയാണ്.’ ഇവിടെ വെള്ളം എന്നത് വഹ്യിനെയും ശരീയത്തിനെയും സുന്നത്തിനെയും സൂചിപ്പിക്കുന്നു. ചില ആളുകൾ അത് സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. അങ്ങനെ അത് അവരിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിലുള്ള സ്വഭാവങ്ങളും വിജ്ഞാനവും വാക്കുകളും വളർത്തിയെടുത്തു. ധാരാളം പുല്ലുകളും സസ്യങ്ങളും മുളച്ചതുപോലെ. എന്നാൽ ഇതുകൊണ്ട് യാതൊരു ഉപകാരവും നേടാത്ത ആളുകളുമുണ്ട്. നമസ്കാരത്തിൽ പോലും അങ്ങനെയാണ്; ഇയാളും നമസ്കരിക്കുന്നു, അയാളും നമസ്കരിക്കുന്നു. ഒരേ ഇമാമിനെ പിൻപറ്റി അവർ ഒരേ നമസ്കാരം നിർവ്വഹിച്ചു. ബാഹ്യമായി അവരുടെ കർമ്മം ഒന്നാണ്. എന്നാൽ ഇരുവരും ഒരുപോലെയാണോ? ഇവർക്കിടയിൽ വലിയ അന്തരമുണ്ട്.
വഹ്യ് ഹൃദയങ്ങളിലാണ് ഇറങ്ങുന്നത്. അത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് അല്ലാഹു സൂറത്ത് അർ-റഅ്ദിൽ പറഞ്ഞത്:
وَفِي الْأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
‘ഭൂമിയിൽ അടുത്തടുത്തു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു കുറ്റിയിൽ നിന്ന് പല മുളകൾ പൊട്ടിയതും അല്ലാത്തതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അവ നനക്കപ്പെടുന്നത്. എന്നാൽ ഫലങ്ങളുടെ കാര്യത്തിൽ അവയിൽ ചിലതിനെ മറ്റു ചിലതിനേക്കാൾ നാം മെച്ചപ്പെടുത്തുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്.’²⁶
നിങ്ങളിവിടെ നോക്കുക; ഭൂമി ഒന്നാണ് അല്ലേ? വെള്ളം ഒന്നാണ്. ഭൂമിയുടെ ഘടന ഒന്നാണ്. വെള്ളവും ഒന്നാണ്. എന്നാൽ ഇതിൽ നിന്നും മധുരമുള്ള ഈന്തപ്പഴം ഉണ്ടായി. അതായത് മധുരമുള്ള ഈന്തപ്പഴം ചെടി മുളച്ചു. അതിന്റെ തൊട്ടടുത്ത് തന്നെ കയ്പുള്ളതോ അല്ലെങ്കിൽ വിഷമുള്ളതോ ആയ മറ്റൊരു ചെടിയും മുളച്ചു. വെള്ളം ഒന്നാണ്. ഭൂമിയും ബാഹ്യമായി നോക്കുമ്പോൾ ഒന്നാണ്. പക്ഷെ എന്താണ് വ്യത്യസ്തമായത്? അവയുടെ യാഥാർത്ഥ്യം വ്യത്യസ്തമായി. ഹൃദയങ്ങൾ വ്യത്യസ്തമായി. ഉള്ളിലുള്ള വിത്തുകൾ വ്യത്യസ്തമായി. ഒരാൾ ഉപദേശവും പ്രബോധനവും കേൾക്കുമ്പോൾ അല്ലാഹുവിന്റെ സ്മരണയിലേക്ക് അവന്റെ ഹൃദയം അലിയുകയും, നന്നാകാനും പശ്ചാത്തപിക്കാനും സജ്ജനങ്ങളുടെ മാർഗ്ഗത്തിൽ സഞ്ചരിക്കാനും അവൻ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുന്നു. മറ്റൊരാൾ അത് കേൾക്കുമ്പോൾ അവൻ അത് കേൾക്കുന്നതിന് മുമ്പുള്ളതിനേക്കാൾ അല്ലാഹുവിന്റെ മതത്തിൽ നിന്ന് പിന്തിരിയുന്നവനായി മാറുന്നു. അതൊരു ഭാരമായി അവൻ കാണുന്നു. ഹൃദയങ്ങളാണ് വ്യത്യസ്തമായിട്ടുള്ളത്. വഹ്യ് ഒന്നാണ്, ഉപാധിയും ഒന്നാണ്, പക്ഷേ ഹൃദയങ്ങൾ വ്യത്യസ്തമായി. ആത്മാവുകൾ വ്യത്യസ്തമായി, മനസ്സുകൾ വ്യത്യസ്തമായി. അതുകൊണ്ടാണ് അല്ലാഹുവിലേക്കുള്ള പ്രബോധകനെയും ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനെയും നബി ﷺ നല്ല ശുദ്ധമായ ഭൂമിയോട് ഉപമിച്ചത്. അല്ലാഹുവിലേക്കുള്ള പ്രബോധകനും ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനും ലഭിക്കുന്ന അതിമഹത്തായ ശ്രേഷ്ഠതയാണിത്.
അല്ലാഹുവിലേക്കുള്ള പ്രബോധനവും പ്രബോധകരും വിജയികളാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു:
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ
‘നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ.’²⁷
വിജയം എന്നത് രണ്ടുതരമുണ്ട്; ഇഹലോകത്തെ വിജയവും പരലോകത്തെ വിജയവും. ഫലാഹ് എന്നാൽ വിജയവും രക്ഷപ്പെടലുമാണ്. ഭാഷാപരമായി അതിന്റെ അടിസ്ഥാന അർത്ഥം അവശേഷിക്കുക എന്നാണ്. ‘അഫ്ലഹ’ എന്നാൽ അവശേഷിച്ചു എന്നാണർത്ഥം. ‘ഫലാഹ്’ എന്നാൽ മുറിക്കുക എന്ന് അർത്ഥമുണ്ടെന്നും പറയപ്പെടുന്നു. കവി പറഞ്ഞതുപോലെ: “ഇരുമ്പ് ഇരുമ്പ് കൊണ്ട് മുറിക്കപ്പെടുന്നു (യുഫ്ലഹു)”. അതായത് മുറിക്കുന്നു എന്നർത്ഥം. നാശത്തെ ഇല്ലാതാക്കുന്നു/മുറിക്കുന്നു എന്നാണ് ഈ ഫലാഹ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ഫലാഹ് എന്നാൽ അവശേഷിക്കലാണ്. ഫലാഹ് എന്നാൽ വിജയമാണ്. ഫലാഹ് എന്നാൽ രക്ഷയാണ്. അല്ലാഹുവിലേക്കുള്ള പ്രബോധകരും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരും വിജയികളാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. അത് ഇഹലോകത്തെ വിജയവും പരലോകത്തെ വിജയവുമാണ്. ഇത് ചെയ്യുന്നവർക്കുള്ള വളരെ മഹത്തായ പ്രതിഫലവും ശ്രേഷ്ഠതയുമാണിത്.
അല്ലാഹുവിലേക്കുള്ള പ്രബോധനം ഈ സമുദായത്തിന്റെ ഉത്തമത്വത്തിന്റെ അടയാളം കൂടിയാണ്. അല്ലാഹു പറയുന്നു:
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ
‘മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു.’²⁸
പണ്ഡിതന്മാർ പറയുന്നു: ‘അല്ലാഹുവിലുള്ള വിശ്വാസത്തേക്കാൾ നന്മ കൽപ്പിക്കലിനും തിന്മ വിരോധിക്കലിനും ഇവിടെ മുൻഗണന നൽകിയിരിക്കുന്നു. കാരണം അല്ലാഹുവിലുള്ള വിശ്വാസം ആ വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണ്. എന്നാൽ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവൻ ഒരു വിശ്വാസിയായിരിക്കെത്തന്നെ, അവന്റെ വിശ്വാസത്തിന്റെ നന്മ മറ്റുള്ളവരിലേക്കും പകരുകയും, താൻ വിശ്വസിച്ച കാര്യം അവൻ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മറ്റു വിശ്വാസികളേക്കാൾ അവർക്ക് മുൻഗണന നൽകപ്പെട്ടത്.’ അതുപോലെത്തന്നെയാണ് മറ്റുള്ളവരേക്കാൾ പണ്ഡിതന്മാർക്കുള്ള ശ്രേഷ്ഠതയും. കാരണം അവർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ
‘നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പദവികൾ ഉയർത്തുന്നതാണ്.’²⁹
വിശ്വാസികൾ പദവി ഉയർത്തപ്പെട്ടവരാണ്. എന്നാൽ വിശ്വാസികളിൽ തന്നെ വിജ്ഞാനമുള്ളവരെ അല്ലാഹു മറ്റുള്ളവരേക്കാൾ പല പദവികൾ ഉയർത്തിയിരിക്കുന്നു. ഇപ്രകാരം പല പ്രതിഫലങ്ങളിലും വിശ്വാസികൾ പങ്കുകാരാകുന്നുണ്ട്. എങ്കിലും ഇസ്ലാമിക നിയമങ്ങളനുസരിച്ചും അതിന്റെ മര്യാദകളോടെയും പ്രബോധനം ചെയ്യുകയും, നന്മ കൽപ്പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്തവർ ഈ സമുദായത്തിന്റെ ഉത്തമത്വത്തിന്റെ അടയാളമായി മാറുന്നു. ‘മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.’ ഈ ആയത്തിന്റെ ഘടന എങ്ങനെയാണ് വരുന്നത്? ‘ജനങ്ങൾക്ക് വേണ്ടി കൊണ്ടുവരപ്പെട്ടവരിൽ വെച്ച് ഉത്തമ സമുദായം നിങ്ങളാകുന്നു’. അല്ലാഹു നിയോഗിച്ച സമുദായങ്ങൾ നിരവധിയുണ്ട്. പ്രവാചകന്മാരെ പിൻപറ്റിയവരായി അല്ലാഹു രംഗത്തുകൊണ്ടുവന്ന സമുദായങ്ങൾ പലതുമുണ്ട്. എന്നാൽ അവരിൽ വെച്ച് ജനങ്ങൾക്ക് ഏറ്റവും ഉത്തമമായ സമുദായം ഇതാണ്. എന്തുകൊണ്ട്? കാരണം അവർ പ്രബോധനം ചെയ്യുന്നു, നന്മ കൽപ്പിക്കുന്നു, തിന്മ വിരോധിക്കുന്നു. അതായത് അത് അവരിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ദഅ്വത്തിന്റെ കാര്യത്തിലും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലും മുൻഗാമികൾ വീഴ്ച വരുത്തിയിരുന്നതായി അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സമുദായത്തിലുള്ള ഈ നന്മ അന്ത്യനാൾ വരെ അവശേഷിക്കുന്നതാണ്.
പ്രബോധനത്തിന്റെയും പ്രബോധകരുടെയും ശ്രേഷ്ഠതകളിൽ പെട്ടതാണ്; അല്ലാഹുവിലേക്കുള്ള പ്രബോധകനും ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനുമായ വ്യക്തിക്ക് അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നുവെന്നത്. വെള്ളത്തിനടിയിലുള്ള മത്സ്യങ്ങൾ വരെ എല്ലാ വസ്തുക്കളും അവർക്കുവേണ്ടി പാപമോചനം തേടുന്നു. നബി ﷺ പറഞ്ഞു:
إِنَّ اللَّهَ وَمَلَائِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
‘തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പും സമുദ്രത്തിലെ മത്സ്യവും വരെ, ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന് മേൽ സ്വലാത്ത് നിർവ്വഹിക്കുന്നു.’³⁰
ഇത് ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഈസാ നബിയുടെ (അ) വചനങ്ങളിലുണ്ട്:
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ
‘ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു.’³¹
അതായത് ‘ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനാക്കിയിരിക്കുന്നു.’ അല്ലാഹുവിലേക്കുള്ള പ്രബോധകൻ എവിടെയായിരുന്നാലും ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നു. എന്നാൽ പഠിപ്പിക്കുന്നവരും പഠിപ്പിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. പ്രബോധകരും പ്രബോധകരും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അല്ലാഹു തന്റെ ദാസന്റെ മേൽ ചൊരിയുന്ന സ്വലാത്ത് വളരെ മഹത്തായ ഒന്നായി മാറുന്നത്. അല്ലാഹു മലക്കുകളുടെ സദസ്സിൽ അവനെക്കുറിച്ച് പ്രശംസിക്കുക എന്നതാണ് ആ സ്വലാത്ത്. മലക്കുകളും ആകാശഭൂമികളിലുള്ളവരും അവന് മേൽ ചൊരിയുന്ന സ്വലാത്ത് എന്നത് അവർ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുക എന്നതാണ്. മത്സ്യങ്ങളും ഉറുമ്പുകളും പോലെയുള്ള മതപരമായ ബാധ്യതകളില്ലാത്ത ജീവികൾ ആ ദാസന് വേണ്ടി പാപമോചനം തേടുന്നു. അവർ ആരെയാണ് ശപിക്കുന്നത്? കാഫിറിനെയും മുനാഫിഖിനെയും അവർ ശപിക്കുന്നു. തിന്മ പ്രചരിപ്പിക്കുന്നവനെയും അവർ ശപിക്കുന്നു. സൂറത്ത് അൽ-ബഖറയിലെ ആയത്തിൽ പറയുന്നതുപോലെ:
أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ
‘അങ്ങനെയുള്ളവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവർ (മുഴുവൻ) അവരെ ശപിക്കുന്നതുമാണ്.’³²
മനുഷ്യർ പാപം ചെയ്തേക്കാം, അവർ പാപം ചെയ്യാൻ സാധ്യതയുള്ളവരാണ്. ‘നിങ്ങൾ പാപം ചെയ്യുന്നില്ലായിരുന്നെങ്കിൽ അല്ലാഹു നിങ്ങളെ കൊണ്ടുപോവുകയും, പാപം ചെയ്യുകയും എന്നിട്ട് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്ന മറ്റൊരു ജനതയെ കൊണ്ടുവരുകയും, അവർക്ക് അവൻ പൊറുത്തുകൊടുക്കുകയും ചെയ്യുമായിരുന്നു.’³³ പാപങ്ങൾ പൊറുക്കപ്പെടാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് നീ അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുക എന്നതാണ്. കാരണം പൂർണ്ണമായ ഇഖ്ലാസോടെയും സത്യസന്ധതയോടെയുമാണെങ്കിൽ അല്ലാഹുവിലേക്കുള്ള പ്രബോധനം എന്നത് സൽകർമ്മങ്ങളാണ്. സൽകർമ്മങ്ങൾ പാപങ്ങളെ മായ്ച്ചുകളയുന്നതാണ്.
وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا
‘തിന്മയ്ക്ക് പിന്നാലെ നീ നന്മ ചെയ്യുക, ആ നന്മ തിന്മയെ മായ്ച്ചുകളയുന്നതാണ്.’³⁴
അല്ലാഹു പറയുന്നു:
وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ
‘പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ചില യാമങ്ങളിലും നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുക. തീർച്ചയായും സൽകർമ്മങ്ങൾ ദുഷ്കർമ്മങ്ങളെ അകറ്റിക്കളയുന്നതാണ്.’³⁵
കർമ്മശാസ്ത്ര പണ്ഡിതന്മാർ (ഉസ്വൂലിയ്യൂൻ) പറയുന്നത് ‘സൽകർമ്മങ്ങൾ ദുഷ്കർമ്മങ്ങളെ അകറ്റിക്കളയും’ എന്നത് ഒരു പൊതുവായ അടിസ്ഥാന നിയമമാണ് (ഖാഇദ) എന്നാണ്. അതുകൊണ്ട് നമസ്കാരം പാപങ്ങളെ മായ്ച്ചുകളയുന്നു എന്നത് ആ നിയമത്തിന്റെ കീഴിൽ വരുന്ന ഒരു കാര്യം മാത്രമാണ്, അല്ലാതെ നമസ്കാരം കൊണ്ട് മാത്രം പാപങ്ങൾ പൊറുക്കപ്പെടും എന്നല്ല അതിനർത്ഥം. നന്മകൾ തിന്മകളെ മായ്ച്ചുകളയും. അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൽ ഈ മഹത്തായ ശ്രേഷ്ഠത ഉൾക്കൊള്ളുന്നുണ്ട്.
പ്രബോധനത്തിന്റെ ശ്രേഷ്ഠതകളിൽ പെട്ട മറ്റൊന്നാണ്, സന്മാർഗ്ഗത്തിലേക്കും നന്മയിലേക്കും ക്ഷണിക്കുന്നവന് അവനെ പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ലഭിക്കുമെന്നത്. അതവരുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയ്ക്കുകയില്ല. സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ടുവന്നതുപോലെ നബി ﷺ പറഞ്ഞു:
مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا
‘ആരെങ്കിലും ഒരു സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ചാൽ, അവനെ പിന്തുടർന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം അവന് ലഭിക്കുന്നതാണ്. അതവരുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയ്ക്കുന്നതല്ല.’³⁶
മുസ്ലിമിൽ തന്നെ അബൂഹുറൈറയിൽ (റ) നിന്ന് വന്ന ഹദീസിൽ നബി ﷺ ഇപ്രകാരം കൂടി പറഞ്ഞിട്ടുണ്ട്: ‘ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാൽ, അവനെ പിന്തുടർന്നവരുടെ പാപത്തിന് തുല്യമായ പാപം അവനുണ്ടായിരിക്കും. അതവരുടെ പാപങ്ങളിൽ നിന്ന് യാതൊന്നും കുറയ്ക്കുന്നതല്ല.’ അപ്പോൾ താങ്കൾ ഒരാളെ പ്രബോധനം ചെയ്യുന്നു; അതൊരു പുരുഷനോ സ്ത്രീയോ ആകാം, താങ്കളുടെ കുടുംബമോ ഭാര്യയോ മക്കളോ ബന്ധുക്കളോ ആകാം. ഒരു നന്മ ചെയ്യാൻ താങ്കൾ അവരോട് ആവശ്യപ്പെടുകയും അവർ അത് ചെയ്യുകയും ചെയ്താൽ അവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം താങ്കൾക്കും ലഭിക്കും. പാപമോചനം തേടാൻ താങ്കൾ അവരെ ക്ഷണിച്ചാൽ, അവർക്കർഹമായ പ്രതിഫലം താങ്കൾക്കും ലഭിക്കും. രാവിലെയോ വൈകുന്നേരമോ ദിക്റുകൾ ചൊല്ലാൻ താങ്കൾ പ്രേരിപ്പിച്ചാൽ താങ്കൾക്കും ആ പ്രതിഫലം ലഭിക്കും. നബി ﷺ യുടെ സുന്നത്ത് പ്രകാരം എങ്ങനെ നമസ്കരിക്കണമെന്ന് ഒരാളെ താങ്കൾ പഠിപ്പിച്ചാൽ താങ്കൾക്കും അതിന് തുല്യമായ പ്രതിഫലം ലഭിക്കും. ഖുർആൻ എങ്ങനെ പാരായണം ചെയ്യണമെന്ന് പഠിപ്പിച്ചാൽ ആ പ്രതിഫലം താങ്കൾക്കും ലഭിക്കും. ഒരാളുടെ തൗഹീദും അഖീദയും എങ്ങനെ ശരിയാക്കാം എന്നും അല്ലാഹുവിൽ യഥാർത്ഥ രീതിയിൽ എങ്ങനെ വിശ്വസിക്കാം എന്നും താങ്കൾ പഠിപ്പിച്ചാൽ ആ പ്രതിഫലം താങ്കൾക്കും ലഭിക്കും. എല്ലാവരുടെയും മനസ്സുകളിൽ ഈ മാർഗ്ഗത്തിൽ സഞ്ചരിക്കാനുള്ള ആവേശം ജനിപ്പിക്കാൻ പോന്ന കാര്യമാണിത്. കാരണം താങ്കളുടെ കർമ്മം വളരെ കുറഞ്ഞതിൽ ഒതുങ്ങിനിൽക്കുന്നതിന് പകരം, ഈ പ്രബോധനം വഴി അത് വളരെ വലുതും വിശാലവുമായി മാറുന്നു. താങ്കൾ ഒരു നമസ്കാരം നിർവ്വഹിക്കുന്നു, എന്നാൽ ശരിയായ രൂപത്തിൽ എങ്ങനെ നമസ്കരിക്കണമെന്ന് ഒരു നൂറുപേരെ താങ്കൾ പഠപ്പിച്ചു, എങ്കിൽ ആ നൂറുപേർ നമസ്കരിക്കുന്നതിന്റെ പ്രതിഫലം താങ്കൾക്കും ലഭിക്കുന്നു. ബിദ്അത്തുകളോ അതിരുകവിയലുകളോ ഇല്ലാതെ സുന്നത്തായ രൂപത്തിൽ അല്ലാഹുവിനെ എങ്ങനെ സ്മരിക്കണം എന്ന് താങ്കൾ പഠിപ്പിച്ചു. അല്ലെങ്കിൽ പാപമോചനം തേടേണ്ട രൂപം പഠിപ്പിച്ചു. അതുമല്ലെങ്കിൽ താങ്കൾ പ്രഭാത-പ്രദോഷ ദിക്റുകളോ, വീട്ടിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴുമുള്ള ദിക്റുകളോ, ഭക്ഷണം കഴിക്കുമ്പോഴുള്ള ദിക്റുകളോ, ഉറങ്ങുമ്പോഴോ വസ്ത്രം ധരിക്കുമ്പോഴോ ചൊല്ലേണ്ട ദിക്റുകളോ തുടങ്ങി നന്മകൾ താങ്കൾ പ്രചരിപ്പിച്ചു. അങ്ങനെ അവർ അതനുസരിച്ച് പ്രവർത്തിച്ചാൽ, അല്ലാഹുവിനെ സ്മരിക്കുന്ന ഒരാളാകാൻ താങ്കൾ അവരെ പഠിപ്പിക്കുകയും ആ സന്മാർഗ്ഗത്തിലേക്ക് താങ്കൾ അവരെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുന്നവരെയും അല്ലാത്തവരെയും അല്ലാഹു പ്രശംസിച്ചുകൊണ്ട് സൂറത്ത് അൽ-അഹ്സാബിലെ ആയത്തിന്റെ അവസാനത്തിൽ ഇപ്രകാരം പറഞ്ഞു:
وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا
‘അല്ലാഹുവെ ധാരാളമായി ഓർക്കുന്നവരായ പുരുഷന്മാർ, സ്ത്രീകൾ എന്നിവർക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.’³⁷
അല്ലാഹുവിനെ സ്മരിക്കാൻ മറക്കരുത്, അല്ലാഹുവിനെ സ്മരിക്കുക, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ചൊല്ലുക, ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്’ എന്ന് പറയുക; ഇതൊക്കെ കാണുമ്പോൾ ഒരാൾ ചിന്തിക്കുകയും അങ്ങനെ അവൻ അത് പ്രവർത്തിക്കുകയും ചെയ്താൽ ആ കർമ്മം വളരെ ചെറുതാണെങ്കിലും അത് പ്രവർത്തിച്ചവന് ലഭിക്കുന്ന പ്രതിഫലം എത്രമാത്രമാണ്! അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് പൂർണ്ണമായ ഇഖ്ലാസോടെ നന്മ കാംക്ഷിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ ഒരാൾ ഉദ്ദേശിക്കുന്നു, അതുവഴി എത്രയെത്ര ആളുകൾക്കാണ് ഉപകാരപ്പെടുന്നത്! നമ്മുടെ നബി ﷺ പറഞ്ഞിട്ടുണ്ട്:
إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
‘മനുഷ്യൻ മരിച്ചാൽ മൂന്ന് കാര്യങ്ങളിലൂടെയല്ലാതെ അവന്റെ കർമ്മങ്ങൾ മുറിഞ്ഞുപോകുന്നതാണ്: നിലനിൽക്കുന്ന ദാനധർമ്മം, അല്ലെങ്കിൽ ഉപകാരപ്രദമായ വിജ്ഞാനം, അതുമല്ലെങ്കിൽ അവന് വേണ്ടി പ്രാർത്ഥിക്കുന്ന സദ്വൃത്തനായ സന്താനം.’³⁸
ഒരാളുടെ മരണശേഷവും ബാക്കിയാകുന്ന നന്മകൾ പ്രചരിപ്പിക്കുന്ന എല്ലാം നിലനിൽക്കുന്ന ദാനധർമ്മത്തിൽ ഉൾപ്പെടുന്നതാണ്. അതുപോലെ ഉപകാരപ്രദമായ വിജ്ഞാനവും അതിൽ പെടും. ഹദീസിൽ അതിനെ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടെങ്കിലും അതും നിലനിൽക്കുന്ന ദാനധർമ്മത്തിൽ ഉൾപ്പെടുന്നതാണ്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്, പ്രബോധനത്തിന്റെയും ജനങ്ങളെ നന്മ പഠിപ്പിക്കുന്നതിന്റെയും ഫലങ്ങൾ ഈ ഭൗതിക ജീവിതത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നതാണ്. അത് ഇഹലോകത്തേക്കും പരലോകത്തേക്കുമുള്ളതാണ്. അല്ലാഹു പറയുന്നു:
إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ
‘തീർച്ചയായും നാമാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവർ മുൻകൂട്ടി ചെയ്തുവെച്ചതും അവരുടെ കർമ്മഫലങ്ങളും നാം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഏതു കാര്യവും വ്യക്തമായ ഒരു രേഖയിൽ നാം ക്ലിപ്തപ്പെടുത്തി വെച്ചിരിക്കുന്നു.’³⁹
‘അവർ മുൻകൂട്ടി ചെയ്തുവെച്ചതും’ എന്നാൽ അവരുടെ ജീവിതകാലത്ത് ചെയ്ത കാര്യങ്ങൾ എന്നാണ്. ‘അവരുടെ കർമ്മഫലങ്ങൾ (ആഥാറഹും)‘ എന്നതിനെക്കുറിച്ച് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയപ്പെട്ടിട്ടുള്ള ഒരു അഭിപ്രായം, മരണശേഷം അവർ ബാക്കിയാക്കിപ്പോയവ എന്നാണ്. അപ്പോൾ ഒരാൾ വിജ്ഞാനമാണ് ബാക്കിയാക്കിയത്. മറ്റൊരാൾ സദ്വൃത്തരായ സന്താനങ്ങളെ ബാക്കിയാക്കി. വേറൊരാൾ പ്രബോധനം ബാക്കിയാക്കി. മറ്റൊരാൾ ഒരു സമൂഹത്തെ വാർത്തെടുത്തു. അങ്ങനെ ജനങ്ങൾ ഈ കാര്യത്തിൽ വ്യത്യസ്ത തലങ്ങളിലായിരിക്കും. അവർ അല്ലാഹുവിങ്കൽ പല പദവികളിലായിരിക്കും. നമ്മെയും നിങ്ങളെയും ഉന്നതമായ പദവികളുള്ളവരിൽ അല്ലാഹു ഉൾപ്പെടുത്തുകയും നമ്മുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യട്ടെ.
ഇതിന്റെ അവസാനമായി; പ്രബോധനത്തിന്റെ ശ്രേഷ്ഠതകൾ നിരവധിയുണ്ട്. ചുരുക്കത്തിൽ അല്ലാഹുവിലേക്കുള്ള പ്രബോധകൻ ഒരു മുജാഹിദാണ് (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യുന്നവൻ). പ്രബോധനം ചെയ്യുന്ന ഒരു സമുദായം ജിഹാദ് ചെയ്യുന്ന സമുദായമാണ്. അതുകൊണ്ടാണ് മക്കയിൽ ആയുധമേന്തിയുള്ള യുദ്ധം നിയമമാക്കപ്പെടുന്നതിന് മുമ്പ്, അവിടുത്തെ ജിഹാദ് പ്രബോധനം കൊണ്ടുള്ള ജിഹാദും, പ്രമാണങ്ങൾ കൊണ്ടുള്ള ജിഹാദും, കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കൽ കൊണ്ടുള്ള ജിഹാദുമായിരുന്നത്. അല്ലാഹു സൂറത്ത് അൽ-ഫുർഖാനിൽ പറയുന്നു:
فَلَا تُطِعِ الْكَافِرِينَ وَجَاهِدْهُم بِهِ جِهَادًا كَبِيرًا
‘ആകയാൽ സത്യനിഷേധികളെ നീ അനുസരിക്കരുത്. ഇത് (ഖുർആൻ) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.’⁴⁰
ഇബ്നു അബ്ബാസ് (റ) പറയുന്നു: ‘അതായത് ഖുർആൻ കൊണ്ട് അവരോട് ജിഹാദ് ചെയ്യുക’. അത് പ്രമാണങ്ങൾ കൊണ്ടും കാര്യങ്ങൾ വ്യക്തമാക്കിക്കൊടുത്തുകൊണ്ടുമുള്ള ജിഹാദാണ്. നമ്മുടെ നബി ﷺ പറഞ്ഞു:
لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ، لَا يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ
‘എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം എപ്പോഴും സത്യത്തിൽ ഉറച്ചുനിൽക്കുന്നവരായിക്കൊണ്ടേയിരിക്കും. അവരെ കൈവിട്ടവർക്കൊന്നും അവരെ ഉപദ്രവിക്കാൻ സാധിക്കുകയില്ല. അല്ലാഹുവിന്റെ കൽപ്പന വരുന്നത് വരെ (അന്ത്യനാൾ വരെ) അവർ അപ്രകാരം തന്നെയായിരിക്കും.’⁴¹
ഇതിൽ നിന്നും സത്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗവും സഹായം ലഭിക്കുന്ന ഒരു വിഭാഗവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാണ്. അവരാണ് സത്യത്തിൽ ഉറച്ചുനിൽക്കുന്ന ആ വിഭാഗം. അവർക്കുള്ള സഹായം എന്താണ്? അവർ എങ്ങനെയാണ് മുന്നിട്ടുനിൽക്കുന്നത്? പണ്ഡിതന്മാർ പറയുന്നു: ഒന്നുകിൽ ആയുധം കൊണ്ടായിരിക്കും അവർ മുന്നിട്ടുനിൽക്കുകയും സഹായം ലഭിക്കുകയും ചെയ്യുന്നത്, അല്ലെങ്കിൽ പ്രമാണങ്ങൾ വ്യക്തമാക്കിക്കൊടുക്കലിലൂടെയായിരിക്കും. കാരണം അല്ലാഹു തന്റെ നബിയെ മക്കയിലും മദീനയിലും, ഹിജ്റക്ക് മുമ്പും ശേഷവുമെല്ലാം സഹായം ലഭിച്ചവനായും മുന്നിട്ടുനിൽക്കുന്നവനായും നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് സഹായം ലഭിക്കുന്ന, മുന്നിട്ടുനിൽക്കുന്ന ആ വിഭാഗം ഏതെങ്കിലുമൊരു നാട്ടിൽ വളരെ കുറഞ്ഞ ആളുകൾ മാത്രമാണെങ്കിലും അവർ സഹായം ലഭിച്ചവരും വിജയിച്ചവരുമാണ്. എന്തുകൊണ്ട്? കാരണം മുന്നിട്ടുനിൽക്കുക, സഹായം ലഭിക്കുക എന്ന് പരിഗണിക്കുന്നത്; അല്ലാഹുവിൽ നിന്നും അവർക്ക് സഹായം ലഭിച്ചു എന്നതും, പ്രമാണങ്ങളും വ്യക്തമായ അറിവുകളും കൊണ്ട് അവർ മുന്നിട്ടുനിന്നു എന്നതുമാണ്. കാരണം അവരുടെ പക്കലുള്ള തെളിവുകൾ മറ്റുള്ളവരുടെ തെളിവുകളേക്കാൾ മഹത്തായതാണ്. അവരുടെ പക്കലുള്ള സത്യം, മറ്റുള്ളവരുടെ പക്കലുള്ള അസത്യത്തെ തകർത്തുകളയുന്നതാണ്. ഈ രൂപത്തിൽ ഖുർആൻ ഉൾക്കൊള്ളുന്ന കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നവനും, നമ്മുടെ നബി ﷺ യുടെയും സലഫുസ്സ്വാലിഹീങ്ങളുടെയും മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനും, ഖുർആൻ കൊണ്ട് ജിഹാദ് ചെയ്യുകയും കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്ത അറിവിൽ അടിയുറച്ച പണ്ഡിതന്മാരുടെ വഴി പിന്തുടരുന്നവനും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവനാണ്. അല്ലാഹു ജിഹാദ് ചെയ്യുന്നവർക്കുള്ള പ്രതിഫലം എഴുന്നൂറിരട്ടിയായും അതിനേക്കാൾ ഇരട്ടികളായും വർദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. ഇത് വലിയൊരു ശ്രേഷ്ഠതയാണ്, ഇതിൽ നിന്നും മാറിനിൽക്കാൻ ആർക്കും പാടുള്ളതല്ല. അങ്ങനെ വരുമ്പോൾ നാം അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയാണെങ്കിൽ നാം ഒരുതരം ജിഹാദിലാണ് ഏർപ്പെട്ടിരിക്കുന്നത്. അത് ശത്രുക്കളോടുള്ള ജിഹാദാണോ? അതിന്റെ തുടക്കം സ്വന്തം ദേഹേച്ഛകളോടുള്ള ജിഹാദാണ്. അത് അതിന്റെ സദ്ഫലങ്ങളിൽ താഴെ വരുന്നതാണ്; സ്വന്തത്തോടുള്ള ജിഹാദ്, പിശാചിനോടുള്ള ജിഹാദ്, നിന്റെ ചുറ്റുമുള്ളവരോടുള്ള ജിഹാദ്. അപ്പോൾ ഇതിൽ നിന്നെല്ലാം ചുരുക്കത്തിൽ അല്ലാഹുവിലേക്കുള്ള പ്രബോധകൻ എന്നാൽ അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുന്നവനാണ് എന്ന് നമുക്ക് മനസ്സിലാക്കാം.
മതത്തിൽ നിന്ന് താൻ ഗ്രഹിച്ച ഏതൊരു കാര്യവും ഉൾക്കൊള്ളുകയും അത് പ്രചരിപ്പിക്കുകയും ചെയ്താൽ അതിനവന് പ്രതിഫലം ലഭിക്കുന്നതാണ്. പക്ഷേ അത് താൻ പ്രചരിപ്പിക്കുന്ന കാര്യത്തെക്കുറിച്ചുള്ള കൃത്യമായ അറിവോടും ദൃഢബോധ്യത്തോടും കൂടിയായിരിക്കണം. അതിൽ നബിയുടെ സുന്നത്ത് പിൻപറ്റുന്നവനും, അറിവിൽ അടിയുറച്ച പണ്ഡിതന്മാരുടെ മാർഗ്ഗം പിന്തുടരുന്നവനുമായിരിക്കണം അവൻ. പ്രബോധനത്തിന്റെ മര്യാദകളെക്കുറിച്ചും അതിന്റെ നിബന്ധനകളെക്കുറിച്ചുമെല്ലാം അഹ്ലുസ്സുന്ന വൽ ജമാഅയുടെ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുള്ള കാര്യങ്ങൾ അവൻ പിൻപറ്റണം. കാരണം അതിലാണ് വർത്തമാനകാലത്തേക്കും ഭാവിയിലേക്കുമുള്ള നന്മ കുടികൊള്ളുന്നത്.
പ്രബോധനം വ്യക്തികളിൽ ഉണ്ടാക്കുന്ന സദ്ഫലങ്ങൾ
മഹോന്നതനായ അല്ലാഹുവിലേക്കുള്ള പ്രബോധനം ഉണ്ടാക്കുന്ന സദ്ഫലങ്ങൾ: ദൃഢബോധ്യത്തോടെ അല്ലാഹുവിലേക്കുള്ള പ്രബോധനം നടത്തുന്നത് മുഴുവനും നന്മയാണ്, അതിന്റെ ഫലങ്ങൾ വളരെ മധുരമുള്ളതുമാണ് എന്നതിൽ യാതൊരു സംശയവുമില്ല. നാം ഇതുവരെ പറഞ്ഞ ശ്രേഷ്ഠതകളെല്ലാം ഒരു വ്യക്തിയിൽ ഉണ്ടാകുന്ന സദ്ഫലങ്ങളാണ്. ആരെങ്കിലും അല്ലാഹുവിലേക്ക് ക്ഷണിക്കുകയും, അവന്റെ പ്രബോധനം നബി ﷺ യെയും അദ്ദേഹത്തെ പിൻപറ്റിയവരെയും ദൃഢബോധ്യത്തോടെ പിൻപറ്റുന്നതിലധിഷ്ഠിതമാകുകയും ചെയ്താൽ അവന്റെ സ്ഥാനവും പദവിയും മഹത്തായതായിത്തീരും. ആരെങ്കിലും അല്ലാഹുവിലേക്ക് ക്ഷണിച്ചാൽ അവൻ പ്രശംസിക്കപ്പെടും. അല്ലാഹു അവനെ പ്രശംസിച്ചിരിക്കുന്നത് അവന്റെ വാക്കാണ് ഏറ്റവും ഉത്തമമായ വാക്ക് എന്നാണ്. അങ്ങനെ വരുമ്പോൾ അവൻ ഏറ്റവും ഉന്നതമായ നേട്ടങ്ങൾ കരസ്ഥമാക്കിയിരിക്കുന്നു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ വിജയികളുടെ കൂട്ടത്തിലായിരിക്കും. അവൻ ഏറ്റവും ഉന്നതമായ നേട്ടങ്ങൾ സ്വന്തമാക്കി. മഹോന്നതനായ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന്റെ മേൽ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊരിയുകയും, എല്ലാ വസ്തുക്കളും അവന് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. അവൻ ഏറ്റവും ഉന്നതമായ നേട്ടങ്ങളും ഏറ്റവും വലിയ പ്രതിഫലങ്ങളും കരസ്ഥമാക്കിയിരിക്കുന്നു. സർവ്വ സ്തുതിയും ഔദാര്യവും ശ്രേഷ്ഠതയും അല്ലാഹുവിനാകുന്നു; ഇത് വളരെ വലിയൊരു കാര്യമാണ്.
എന്നാൽ മറ്റൊരു വശത്തുകൂടി നമുക്ക് ഈ സദ്ഫലങ്ങളെ നോക്കിക്കാണാം; അതായത് വ്യക്തികളുടെ സ്വഭാവത്തിലും, സമൂഹത്തിലും, രാജ്യത്തിലും പൊതുവായി അതുണ്ടാക്കുന്ന സ്വാധീനം എന്താണെന്ന് നമുക്ക് നോക്കാം.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അവൻ അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയും, പ്രബോധനത്തിന്റെയും നന്മ കൽപ്പിക്കലിന്റെയും തിന്മ വിരോധിക്കലിന്റെയും ഇസ്ലാമിക മര്യാദകളും നിബന്ധനകളും പാലിച്ച്, തനിക്ക് ബാധ്യതയാക്കപ്പെട്ടതുപോലെ അവൻ അത് നിർവ്വഹിക്കുകയും ചെയ്യുമ്പോൾ അവനിൽ ഈമാനികമായ പല കാര്യങ്ങളും ശക്തിപ്പെടുന്നു. അതിൽ ഒന്നാമത്തേത്, അവന്റെ മനസ്സിൽ പിശാചിനുള്ള സ്വാധീനം ദുർബലമാകുന്നു എന്നതാണ്. അവൻ തിന്മയെ വെറുക്കാൻ തുടങ്ങുന്നു. അതോടെ തിന്മയെ അവന് പ്രിയങ്കരമാക്കി മാറ്റുന്നതിൽ പിശാചിനുള്ള സ്വാധീനം ദുർബലമാകുന്നു. മനുഷ്യൻ എപ്പോഴും ഒറ്റപ്പെട്ടുനിൽക്കുകയാണെങ്കിൽ അവൻ ആടുകളെപ്പോലെയാണ്. ചെന്നായ പിടിക്കുന്നത് കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുനിൽക്കുന്ന ആടിനെയാണ്. ഒറ്റപ്പെട്ടുനിൽക്കുന്നവന്റെ മേൽ പിശാച് എളുപ്പത്തിൽ ആധിപത്യം സ്ഥാപിക്കും.
പ്രബോധനം വ്യക്തിയിലുണ്ടാക്കുന്ന മറ്റൊരു സ്വാധീനം അവന്റെ അഭിമാനബോധമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ; അശ്രദ്ധയിലാക്കുന്ന കാര്യങ്ങളും പ്രലോഭനങ്ങളും സത്യത്തിൽ നിന്നും അത് പിൻപറ്റുന്നതിൽ നിന്നും ജനങ്ങളെ തടയുന്ന കാര്യങ്ങളും ധാരാളമായി വ്യാപിച്ചിരിക്കുന്നു. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച പ്രകൃതിദത്തമായ അവസ്ഥയെ തന്നെ മാറ്റിയെഴുതുന്ന കാര്യങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ അവൻ പ്രബോധനം ചെയ്യുകയും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും, നന്മ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അവനൊരു അഭിമാനബോധം കൈവരുന്നു. ഈ അഭിമാനബോധം കാരണം തിന്മ അവനിലേക്ക് പ്രവേശിക്കുന്നതിനെ അവൻ തടയുന്നു. അവന്റെ മതത്തിന് കളങ്കം വരുത്തുന്ന യാതൊന്നും അവനിലേക്ക് കടന്നുവരുന്നത് അവൻ അനുവദിക്കുകയില്ല. ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്’ എന്ന തൗഹീദിന്റെ വചനം പേറുന്നതിലൂടെ അവന്റെ ഹൃദയത്തിൽ വലിയൊരു അഭിമാനം രൂപപ്പെടുന്നു. ഈ സമുദായത്തിനായി അല്ലാഹു തിരഞ്ഞെടുത്ത് തൃപ്തിപ്പെട്ട അല്ലാഹുവിന്റെ മതം പേറുന്നതിലൂടെ അവന്റെ ഹൃദയത്തിൽ വലിയൊരു അഭിമാനം അവനുണ്ടാകുന്നു. അല്ലാഹുവിന്റെ ദൂതന്മാർ നേതൃത്വം നൽകുന്ന വിശ്വാസികളുടെയും അനുസരണയുള്ളവരുടെയും കൂട്ടത്തിലാണ് താനുള്ളത് എന്നതിനാൽ അവന്റെ ഹൃദയത്തിൽ അഭിമാനം രൂപപ്പെടുന്നു. താൻ ഒറ്റയ്ക്കാണെങ്കിൽ പോലും, താൻ ഒറ്റയ്ക്കല്ല എന്ന ചിന്ത അവന്റെ ഹൃദയത്തിൽ അഭിമാനമുണ്ടാക്കുന്നു.
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ
‘തീർച്ചയായും ഇബ്രാഹീം അല്ലാഹുവെ വഴിപ്പെടുന്നവനും, ഋജുമാനസനുമായ ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം മുശ്രിക്കുകളുടെ കൂട്ടത്തിലായിരുന്നില്ല.’⁴²
ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ പറയുന്നു: ‘അദ്ദേഹത്തെ ഒരു സമുദായം എന്ന് വിളിച്ചത്; ഈ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവൻ, സൻമാർഗ്ഗികളുടെ എണ്ണം കുറവാണെന്ന് കണ്ട് ഭയപ്പെടാതിരിക്കാൻ വേണ്ടിയാണിത്.’ ജനങ്ങളെല്ലാം അങ്ങനെയൊക്കെയാണല്ലോ, ഇങ്ങനെയൊക്കെയാണല്ലോ എന്ന ചിന്ത മനുഷ്യന്റെ ഉള്ളിൽ വന്നേക്കാം. എന്നാൽ അവൻ ഇസ്ലാമിക നിയമപ്രകാരം പ്രബോധനം ചെയ്യുകയും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും, ക്ഷമ കൈക്കൊള്ളുകയും, അല്ലാഹുവെ ഭയപ്പെടുകയും, അല്ലാഹുവിന് മുന്നിൽ ഹൃദയം വിനീതമാക്കുകയും കീഴൊതുങ്ങുകയും ചെയ്താൽ അവനിൽ അല്ലാഹുവിനോടുള്ള സ്നേഹം കൂടുതൽ ദൃഢമാകും. അവനിൽ അഭിമാനബോധം ശക്തിപ്പെടും. ബാഹ്യമായ സ്വാധീനങ്ങളിൽ നിന്നുള്ള പ്രതിരോധം അവനിൽ കരുത്താർജ്ജിക്കും. അവനിൽ നിന്ന് വല്ല തെറ്റുകുറ്റങ്ങളും സംഭവിച്ചാൽ തന്നെ, അവനത് വലിയൊരു കാര്യമായി കാണുകയും, തന്റെ രക്ഷിതാവിനോട് പാപമോചനം തേടാൻ അവൻ ധൃതി കാണിക്കുകയും ചെയ്യും.
പ്രബോധനം വ്യക്തിയിലുണ്ടാക്കുന്ന മറ്റൊരു സദ്ഫലം; അല്ലാഹുവിലേക്കുള്ള പ്രബോധകൻ നന്മ ചെയ്യുന്ന ആളുകളെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യും എന്നതാണ്. കാരണം അവൻ പ്രബോധനത്തെ സ്നേഹിക്കുമ്പോഴും, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുന്നതിനെയും നന്മകൾ വർദ്ധിപ്പിക്കുന്നതിനെയും സ്നേഹിക്കുമ്പോഴും അവൻ നന്മയുടെ ആളുകളെയും സ്നേഹിക്കും. ഓരോരുത്തരും താൻ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും. എന്നാൽ അവൻ പ്രബോധനം ചെയ്യാത്തവനാണെങ്കിൽ, പ്രബോധനത്തിന് യാതൊരു പ്രാധാന്യവും കൽപ്പിക്കാത്തവനാണെങ്കിൽ, ഈ മേഖലയിൽ നിഷേധാത്മകമായോ പിന്നാക്കമായോ നിൽക്കുന്നവനാണെങ്കിൽ, അവൻ പ്രബോധനം ചെയ്യുകയോ മറ്റുള്ളവരെ സഹായിക്കുകയോ ചെയ്യുന്നില്ലെങ്കിൽ; ചിലതരം പ്രബോധനങ്ങളെ അവൻ വെറുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നേക്കാം. പിന്നീട് പ്രബോധനത്തിലെ പല കാര്യങ്ങളും വെറുക്കാൻ പിശാച് അവന് പ്രേരണ നൽകും. പിശാച് മനുഷ്യന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഏറ്റവും വലിയ രൂപങ്ങളിലൊന്നാണിത്. അതുകൊണ്ടാണ് പ്രബോധനം പ്രചരിപ്പിക്കുന്നതും അതിൽ പരസ്പരം സഹായിക്കുന്നതും ഒരു വ്യക്തിയെ നന്മ പ്രചരിപ്പിക്കുന്ന തന്റെ വിശ്വാസികളായ സഹോദരങ്ങളെ സ്നേഹിക്കാൻ പ്രാപ്തനാക്കുന്നത്. അഹ്ലുസ്സുന്ന വൽ ജമാഅയുടെ അടിസ്ഥാനം അനുസരിച്ച് സ്നേഹവും ഈമാനും ഏറ്റക്കുറച്ചിലുകൾ ഉള്ളതാണ്. അത് ഒരേ അളവിലായിരിക്കില്ല. ഒരാളെ പൂർണ്ണമായി സ്നേഹിക്കുകയോ പൂർണ്ണമായി വെറുക്കുകയോ എന്നതല്ല. മറിച്ച് ഒരുവശത്തുകൂടി നാം ഒരാളെ സ്നേഹിച്ചേക്കാം, മറുവശത്തുകൂടി നാം അയാളെ വെറുത്തേക്കാം. ഒരു വ്യക്തിയിലുള്ള നന്മയെ നാം തീർച്ചയായും സ്നേഹിക്കും, എന്നാൽ അയാളിലുള്ള തിന്മയെ നാം വെറുക്കും. കാരണം വിശ്വാസികളെ പൊതുവായി സ്നേഹിക്കാനും, നന്മകളെ സ്നേഹിക്കാനും തിന്മകളെ വെറുക്കാനും നാം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഒരു മുസ്ലിമിൽ പ്രബോധനം ഉണ്ടാക്കുന്ന സദ്ഫലങ്ങളിൽ പെട്ടതാണ്; അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിലൂടെ അവന്റെ ഹൃദയം അല്ലാഹുവും അവന്റെ റസൂലും ﷺ സ്നേഹിക്കുന്നവരോടൊപ്പം ആകുന്നു എന്നത്. അങ്ങനെ പ്രബോധനം ചെയ്യുന്ന മറ്റൊരു വ്യക്തിയിൽ നന്മയും തിന്മയുമുണ്ടെങ്കിൽ, അവൻ അയാളെ ഒരുവശത്തുകൂടി സ്നേഹിക്കുകയും മറുവശത്തുകൂടി വെറുക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുവശത്തുകൂടി അവൻ അയാളെ വെറുക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അവൻ അയാളെ തിരുത്താൻ ശ്രമിക്കുന്നു എന്നാണ്. അവന് ഗുണദോഷിക്കാൻ ശ്രമിക്കുന്നു എന്നാണ്. അവന് നന്മ പകർന്നുനൽകാൻ ശ്രമിക്കുന്നു എന്നാണ്. ഗുണദോഷിക്കുന്നതും തിരുത്തുന്നതും നന്മ പകർന്നുനൽകുന്നതുമെല്ലാം അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൽ പെട്ടതാണ്.
പ്രബോധനം വ്യക്തിയിലുണ്ടാക്കുന്ന മറ്റൊരു ഫലം; അല്ലാഹുവിലേക്കുള്ള പ്രബോധകന് എപ്പോഴും സന്തോഷവും ഹൃദയവിശാലതയും അനുഭവിക്കാൻ സാധിക്കും എന്നതാണ്. അല്ലാഹുവിലേക്കുള്ള പ്രബോധകന് ഒരിക്കലും ഉത്കണ്ഠയോ, ഹൃദയത്തിൽ സംശയങ്ങളോ ഉണ്ടാകില്ല. അവന്റെ മനസ്സമാധാനവും ശാന്തിയും അവനിൽ നിന്ന് അകന്നുപോകുകയുമില്ല. കാരണം അവൻ പ്രബോധനം ചെയ്യുന്നത് സൽകർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടാണ്. താൻ ക്ഷണിക്കുന്ന കാര്യങ്ങൾ അവൻ പ്രാവർത്തികമാക്കുന്നുമുണ്ട്. അങ്ങനെയാകുമ്പോൾ അവന്റെ മനസ്സ് കരുത്തുറ്റതും വിശാലവുമായിരിക്കും. അതായത് ഈ ജീവിതത്തിൽ അവൻ വളരെ സന്തോഷവാനായിരിക്കും.
വ്യക്തിയുമായി ബന്ധപ്പെട്ട അവസാനത്തെ സദ്ഫലം; ഈ മാർഗ്ഗത്തിൽ സഞ്ചരിക്കുന്ന ഒരു മുസ്ലിമിനെ അല്ലാഹുവിലേക്കുള്ള പ്രബോധനം വളരെ മഹത്തായ ഒരു കാര്യത്തിലേക്ക് പാകപ്പെടുത്തുന്നു എന്നതാണ്. അത് പരലോകത്തോടുള്ള സ്നേഹവും ഭൗതികലോകത്തോടുള്ള അകൽച്ചയുമാണ്. ഭൗതികലോകത്തിലേക്ക് ചായുന്നതും ദുൻയാവിനെ സ്നേഹിക്കുന്നതും എല്ലാ പാപങ്ങളുടെയും അടിസ്ഥാനമാണ്. ശാരീരിക ഇച്ഛകളുടെ കവാടങ്ങൾ ഒരാളിലേക്ക് തുറക്കപ്പെടാൻ കാരണമെന്താണ്? അത് ദുൻയാവിനോടുള്ള സ്നേഹമാണ്. നിഷിദ്ധമായ സമ്പാദ്യത്തിന്റെ കവാടങ്ങൾ ഒരാളിലേക്ക് തുറക്കപ്പെടാൻ കാരണമെന്താണ്? അതും ദുൻയാവിനോടുള്ള സ്നേഹമാണ്. അങ്ങനെ മറ്റു പല തിന്മകളും ഒരാളിലേക്ക് കടന്നുവരാനുള്ള കാരണം ദുൻയാവിനോടുള്ള സ്നേഹം തന്നെയാണ്. എന്നാൽ അല്ലാഹുവിലേക്കുള്ള പ്രബോധനം ഒരു മുസ്ലിമിന്റെ മനസ്സിനെ പരലോകവുമായി ബന്ധിപ്പിക്കുന്നതിനും ഭൗതികലോകവുമായി ബന്ധിപ്പിക്കാതിരിക്കുന്നതിനും പാകപ്പെടുത്തുന്നു. അല്ലാഹു പറഞ്ഞതുപോലെയുള്ള ഒരു അവസ്ഥയിൽ അവൻ എത്തിച്ചേരുന്നു:
وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ
‘അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഇഹലോകത്ത് നിന്ന് നിനക്കുള്ള ഓഹരി നീ മറക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നീ ഭൂമിയിൽ കുഴപ്പത്തിന് മുതിരരുത്.’⁴³
അടിസ്ഥാന ലക്ഷ്യം എന്താണ്? അടിസ്ഥാനം പരലോകമാണ്. ‘അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ’ അതായത് സമ്പത്താകട്ടെ, പദവിയാകട്ടെ, കുറഞ്ഞതോ കൂടിയതോ ആയ നിന്റെ കുടുംബത്തിലുള്ള നിന്റെ ഉത്തരവാദിത്തങ്ങളാകട്ടെ, അല്ലാഹു നിനക്ക് നൽകിയ വിജ്ഞാനമോ കർമ്മങ്ങളോ ആകട്ടെ, ഇതിലൂടെയെല്ലാം നീ പരലോകം ലക്ഷ്യമാക്കുക. പരലോകത്ത് രക്ഷപ്പെടുക എന്നതായിരിക്കണം നിന്റെ ഉദ്ദേശ്യം. അങ്ങനെയെന്ന് കരുതി നീ പൂർണ്ണമായും ദുൻയാവിൽ നിന്ന് വിട്ടുനിൽക്കണമെന്നില്ല. ‘ഇഹലോകത്ത് നിന്ന് നിനക്കുള്ള ഓഹരി നീ മറക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നീ ഭൂമിയിൽ കുഴപ്പത്തിന് മുതിരരുത്.’ ഖാറൂന്റെ സംഭവത്തിൽ പരാമർശിച്ച കാര്യങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് തൊട്ടടുത്ത ആയത്തുകളിൽ അല്ലാഹു പറയുന്നു:
تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ
‘ആ പരലോകവിജയം നാം ഏർപെടുത്തിക്കൊടുക്കുന്നത് ഭൂമിയിൽ ഔന്നത്യവും കുഴപ്പവും ആഗ്രഹിക്കാത്തവർക്കാകുന്നു. അനന്തരഫലം ഭയഭക്തിയുള്ളവർക്ക് അനുകൂലമായിരിക്കും.’⁴⁴
ഇഹലോകത്തും പരലോകത്തുമുള്ള അനന്തരഫലം ഭയഭക്തിയുള്ളവർക്കാണ്. അതുകൊണ്ട് വ്യക്തിയിൽ പ്രബോധനം ഉണ്ടാക്കുന്ന സദ്ഫലങ്ങളിൽ പെട്ടതാണ്; അല്ലാഹുവിലേക്കുള്ള പ്രബോധകൻ ഹൃദയവിശാലതയുള്ളവനാണ് എന്നത്. പ്രബോധകൻ മനസ്സമാധാനമുള്ളവനാണ്. പ്രബോധകൻ ദുൻയാവിലേക്ക് ചാഞ്ഞുപോകുന്നവനല്ല, മറിച്ച് അവൻ പരലോകത്തേക്ക് മുന്നിടുന്നവനാണ്. ഭൗതികലോകത്തുള്ള തന്റെ വിഹിതം അവൻ മറക്കുന്നില്ല; കച്ചവടം നടത്തുന്നതിലോ വ്യവസായം ചെയ്യുന്നതിലോ ജോലി ചെയ്യുന്നതിലോ മറ്റു കാര്യങ്ങളിലോ യാതൊരു തെറ്റുമില്ല. എന്നാൽ ഇവയെല്ലാം പരലോകത്തേക്കുള്ള സഹായമായി മാറ്റുക എന്നതായിരിക്കണം ലക്ഷ്യം.
സുഹ്ദ് എന്ന വിഷയത്തിൽ ഇബ്നു തൈമിയ്യക്ക് رَحِمَهُ اللَّهُ വളരെ നല്ലൊരു വിശദീകരണമുണ്ട്; അതിപ്പോൾ ഞാൻ ഓർക്കുന്നു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ സുഹ്ദ് ഇല്ലാത്തവനാണെന്ന് ചിലർ പറയാറുണ്ട്. അങ്ങനെ പ്രബോധനത്തിന്റെ ശരിയായ അവസ്ഥയെ പ്രബോധകൻ സുഹ്ദുള്ളവനാണോ അല്ലേ എന്നതുമായി അവർ ബന്ധിപ്പിക്കുന്നു. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു: ‘സുഹ്ദ് എന്നതിനെക്കുറിച്ച് ആളുകൾ വിവിധ രൂപത്തിൽ നിർവ്വചനം നൽകിയിട്ടുണ്ട്.’ ദുൻയാവിനെ ഉപേക്ഷിക്കലാണ് സുഹ്ദ്, ദുൻയാവിനെ കുറക്കലാണ് സുഹ്ദ്, ഭക്ഷണപാനീയങ്ങൾ കുറക്കലും മോശം വസ്ത്രങ്ങൾ ധരിക്കലുമാണ് സുഹ്ദ് എന്ന് ചിലർ പറയുന്നു. നിഷിദ്ധമായവ ഉപേക്ഷിക്കലാണ് സുഹ്ദ് എന്ന് മറ്റുചിലർ പറയുന്നു. അങ്ങനെ വ്യത്യസ്തങ്ങളായ വചനങ്ങൾ. ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ ഇതിനെല്ലാം കൂടിയുള്ള സമഗ്രമായ ഒരു നിർവ്വചനം നൽകിയിട്ടുണ്ട്. അതാണ് കൂടുതൽ ശരിയായിട്ടുള്ളതും. കാരണം അത് പ്രമാണങ്ങൾക്കും സലഫുകളുടെ മാർഗ്ഗത്തിനും അനുസൃതമാണ്. അദ്ദേഹം പറഞ്ഞു: ‘പരലോകത്ത് ഉപകരിക്കാത്ത കാര്യങ്ങൾ ഉപേക്ഷിക്കലാണ് സുഹ്ദ്.’ ഇസ്ലാം ആവശ്യപ്പെടുന്ന സുഹ്ദ് എന്നത് പരലോകത്ത് ഉപകരിക്കാത്തവ ഉപേക്ഷിക്കുക എന്നതാണ്. അപ്പോൾ പരലോകത്ത് നിനക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നത് സുഹ്ദല്ല. അല്ലാഹുവിലേക്കുള്ള പ്രബോധകനാകാൻ വേണ്ടി ഒരു കാര്യം നിനക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടാൽ; അതായത് സ്ഥാനമാനങ്ങളോ, പ്രഭാഷണം നടത്താനുള്ള അവസരങ്ങളോ, മറ്റു കാര്യങ്ങളോ ലഭിച്ചാൽ അത് ഉപേക്ഷിക്കലല്ല സുഹ്ദ്. സുഹ്ദ് എന്നാൽ പരലോകത്ത് ഉപകരിക്കാത്തത് ഉപേക്ഷിക്കലാണ്. ഭക്ഷണം കഴിക്കുന്നത് ഒരാളുടെ ശാരീരികമായ കരുത്തിന് വേണ്ടിയാണെങ്കിൽ, അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അത് ശക്തി പകരുമെന്ന് അവനറിയാമെങ്കിൽ, ഭക്ഷണം ഉപേക്ഷിക്കലല്ല സുഹ്ദ്. പരലോകത്ത് ഉപകരിക്കാത്ത കാര്യങ്ങൾ ഉപേക്ഷിക്കലാണ് സുഹ്ദ്. അതുകൊണ്ട് തന്നെ ഓരോ വ്യക്തികൾക്കനുസരിച്ചും, അവരുടെ അവസ്ഥകൾ, കാലം, സ്ഥാനം എന്നിവയ്ക്കനുസരിച്ചുമെല്ലാം സുഹ്ദിൽ വ്യത്യാസങ്ങൾ വരും. സ്വഹാബികളിലെയും താബിഉകളിലെയും ഉത്തമരായ സലഫുസ്സ്വാലിഹീങ്ങളുടെ അവസ്ഥകൾ താങ്കൾ പരിശോധിച്ചാൽ, സൂഫികൾ പറയുന്നതുപോലെയുള്ള സുഹ്ദിന്റെ ആശയത്തിലല്ല അവർ ഉണ്ടായിരുന്നതെന്ന് താങ്കൾക്ക് കാണാൻ കഴിയും. അതുകൊണ്ട് അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ അടുക്കൽ സുഹ്ദിനെക്കുറിച്ചുള്ള ആശയം, തെറ്റായ രൂപത്തിൽ ദുൻയാവിനെ ഉപേക്ഷിച്ചു നടക്കുന്ന ത്വരീഖത്തുകാരുടെയും മറ്റും ആശയങ്ങളേക്കാൾ വിശാലവും സമഗ്രവുമാണ് എന്ന് നാം മനസ്സിലാക്കണം.
പ്രബോധനം സമൂഹത്തിൽ ഉണ്ടാക്കുന്ന സദ്ഫലങ്ങൾ
സമൂഹത്തിൽ അല്ലാഹുവിലേക്കുള്ള പ്രബോധനം ഉണ്ടാക്കുന്ന സദ്ഫലങ്ങൾ: സമൂഹം എന്നാൽ ഒരു നാട്ടിലെ ജനങ്ങൾ എന്നാണർത്ഥം. അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയും അതിന് പരസ്പരം സഹായിക്കുകയും ചെയ്യുന്നവർ ഒന്നാമതായി നേടിയെടുക്കുന്നത് അവരുടെ പരസ്പരമുള്ള സ്നേഹബന്ധവും അടുപ്പവുമാണ്. അല്ലാഹു പറയുന്നു:
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ
‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു.’⁴⁵
അല്ലാഹു അവരെ വിശേഷിപ്പിച്ചത് ‘അവർ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു’ എന്നാണ്. ഇതിനർത്ഥം ഇവിടെ രണ്ട് വിഭാഗം ആളുകളുണ്ട് എന്നല്ല; അതായത് നല്ലവരായ ഒരു വിഭാഗവും മോശക്കാരായ മറ്റൊരു വിഭാഗവും. എന്നിട്ട് നല്ലവരായ വിഭാഗം മോശക്കാരായ വിഭാഗത്തോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു എന്ന് ഇതിനർത്ഥമില്ല. ഇത് വളരെ തെറ്റായ ധാരണയാണ്. നമ്മിൽ പൂർണ്ണമായും തെറ്റുകളിൽ നിന്ന് മുക്തരായ ഒരു വിഭാഗമില്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പിശാച് ഈ വഴിയിലൂടെ നല്ലവരും അനുസരണയുള്ളവരുമായ ആളുകളിലേക്ക് പ്രവേശിക്കാൻ പാടില്ല. നമ്മിൽ ആരും തെറ്റുകളിൽ നിന്ന് പരിശുദ്ധരല്ല. ‘അയാൾ ഒരു നല്ല മനുഷ്യനാണല്ലോ, പിന്നെന്തിനാണ് മറ്റൊരാൾ അയാളെ തിരുത്താൻ വരുന്നത്?’ എന്ന് ചോദിച്ചാൽ, അയാൾക്ക് അബദ്ധം സംഭവിച്ചതുകൊണ്ടാണ് എന്ന് നാം പറയും. നമ്മിൽ ഒന്നുകിൽ നല്ലവർ അല്ലെങ്കിൽ മോശക്കാർ എന്ന് മാത്രമായി ആരുമില്ല. അതുകൊണ്ടാണ് അല്ലാഹു വിശ്വാസികളെ വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞത് അവർ പരസ്പരം മിത്രങ്ങളാണെന്ന്. അതായത് അവർ പരസ്പരം സ്നേഹിക്കുകയും, സഹായിക്കുകയും, ഗുണദോഷിക്കുകയും ചെയ്യുന്നു. അവർ പരസ്പരം കൈവിട്ടുപോകുന്നില്ല. ഇത് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കാര്യമാണ്. എന്നിൽ പോരായ്മകളുണ്ടെങ്കിൽ ചില ആളുകൾ എന്നെ തിരുത്തുന്നു. ഞാനിപ്പോൾ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വ്യക്തിയായതുകൊണ്ട് പല കാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെടാറില്ല. അപ്പോൾ വിജ്ഞാനാന്വേഷികളും അല്ലാത്തവരുമായ ചില നല്ലവരായ സഹോദരങ്ങൾ—അല്ലാഹു അവർക്ക് നല്ല പ്രതിഫലം നൽകട്ടെ—എന്റെയടുത്ത് വരികയും, എന്നെ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്യുന്നു. അതുവഴി തെറ്റുകൾ ഉപേക്ഷിക്കാനും നന്മകൾ പ്രവർത്തിക്കാനും സാധിക്കുന്നു. ഇതാണ് ഈ സമുദായത്തിന്റെ വിശേഷണം. ഇത് തെറ്റുകാരൻ, ഇത് പൂർണ്ണനായ മനുഷ്യൻ എന്ന വേർതിരിവ് നമുക്കിടയിലില്ല. അതൊക്കെ ക്രിസ്ത്യാനികളിലെ പൗരോഹിത്യ സമ്പ്രദായത്തിലുള്ളതാണ്. നാം പരസ്പരം പ്രബോധനം ചെയ്യുകയും, ഗുണദോഷിക്കുകയും, ശരിയായ ഇസ്ലാമിക മാർഗ്ഗത്തിലൂടെ പരസ്പരം സഹായിക്കുകയും ചെയ്യുന്ന ഒരു സമുദായമാണ്. ജനങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഈ വിശേഷണം നാം പൂർണ്ണമായി ഉൾക്കൊണ്ടാൽ മുനാഫിഖുകളുടെ വിശേഷണങ്ങൾ നമ്മിൽ നിന്ന് നീങ്ങിപ്പോകും. സമൂഹത്തിൽ അതുണ്ടാക്കുന്ന ഏറ്റവും വലിയ സദ്ഫലങ്ങളിൽ ഒന്നാണിത്; നിഫാഖിന്റെ വിശേഷണങ്ങൾ വ്യാപിക്കാത്ത ഒരു നല്ല സമൂഹമായി അത് മാറും. അല്ലാഹു മുനാഫിഖുകളെ വിശേഷിപ്പിച്ചുകൊണ്ട് പറയുന്നു:
الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُ
‘കപടവിശ്വാസികളും കപടവിശ്വാസിനികളും ഒരേ വർഗത്തിൽ പെട്ടവരാകുന്നു. അവർ ദുരാചാരം കൽപിക്കുകയും, സദാചാരത്തിൽ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകൾ അവർ പിൻവലിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവെ മറന്നു. അപ്പോൾ അവൻ അവരെയും മറന്നു.’⁴⁶
പ്രബോധനം സമൂഹത്തിലുണ്ടാക്കുന്ന മറ്റൊരു സദ്ഫലം; അല്ലാഹുവിലേക്കുള്ള പ്രബോധനം വഴി ജനങ്ങളിൽ നിന്ന് ശിക്ഷകളും പരീക്ഷണങ്ങളും തടയപ്പെടുന്നു എന്നതാണ്. അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ
‘സത്യവിശ്വാസികളേ, നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ ശ്രദ്ധിക്കുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങളെ ഉപദ്രവിക്കുകയില്ല.’⁴⁷
അബൂബക്കർ (റ) മിമ്പറിൽ വെച്ച് ഈ ആയത്ത് പാരായണം ചെയ്തുകൊണ്ട് പറഞ്ഞു: ‘ഹേ ജനങ്ങളേ, നിങ്ങൾ ഈ ആയത്ത് പാരായണം ചെയ്യുകയും, എന്നാൽ അതിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് പ്രയോഗിക്കുകയും ചെയ്യുന്നു. ഞാൻ നബി ﷺ പറയുന്നത് കേട്ടിട്ടുണ്ട്:
إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُغَيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمُ اللَّهُ بِعِقَابٍ مِنْهُ
‘തീർച്ചയായും ജനങ്ങൾ ഒരു തിന്മ കാണുകയും എന്നിട്ടവർ അത് തടയാതിരിക്കുകയും ചെയ്താൽ, അല്ലാഹു അവരെ മുഴുവനായി ശിക്ഷിക്കാൻ സാധ്യതയുണ്ട്.”⁴⁸
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: ‘പിന്നീട് അവർ പ്രാർത്ഥിക്കുകയും, എന്നാൽ അവർക്ക് ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യും.’
ഇതിനർത്ഥം, വ്യവസ്ഥാപിതമായ ഇസ്ലാമിക മാർഗ്ഗങ്ങളിലൂടെ അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നത് സമൂഹത്തിനുള്ള വലിയൊരു കാരുണ്യമാണ് എന്നാണ്. കാരണം അല്ലാഹു ജനങ്ങളെ ഒന്നടങ്കം ശിക്ഷിക്കുകയില്ല. ജനങ്ങൾ പ്രബോധനം ചെയ്യുകയും, പരസ്പരം സഹായിക്കുകയും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും, നന്മയിൽ പരസ്പരം സഹായിക്കുകയും ചെയ്താൽ അവരിൽ നിന്ന് ശിക്ഷകൾ തടയപ്പെടുന്നതാണ്. അവർക്ക് സന്തോഷങ്ങളും നന്മകളും ഉപജീവനത്തിലെ വിശാലതകളും വർദ്ധിക്കുന്നതുമാണ്. എന്നാൽ അവർ അതിൽ വീഴ്ച വരുത്തിയാൽ അവർ ബനൂ ഇസ്രാഈല്യരെപ്പോലെയായിത്തീരും. അവരെപ്പോലെ ശപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിവരും. അല്ലാഹു പറയുന്നു:
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ
‘ഇസ്രായീൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന ദുരാചാരത്തെ അവർ പരസ്പരം വിലക്കുമായിരുന്നില്ല.‘⁴⁹ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
ചില സദ്ഫലങ്ങളിൽ മാത്രം നമുക്ക് ഒതുങ്ങിനിൽക്കാൻ കഴിയില്ല. ജനങ്ങൾ അല്ലാഹുവിലേക്കുള്ള പ്രബോധനം നിർവ്വഹിച്ചാൽ ജനങ്ങളിൽ നിന്ന് പാപഭാരം നീങ്ങിപ്പോകും എന്നതും ഇതിന്റെ സദ്ഫലങ്ങളിൽ പെട്ടതാണ്. ഓരോരുത്തരും തങ്ങളുടെ കഴിവനുസരിച്ച് ഇതിൽ പരസ്പരം സഹായിക്കുമ്പോൾ അത് സംഭവിക്കും. കാരണം ഞാൻ സൂചിപ്പിച്ചതുപോലെ, അല്ലാഹുവിലേക്കുള്ള പ്രബോധനവും അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കലും ഒരു സാമൂഹിക ബാധ്യതയാണ്. ഓരോരുത്തർക്കും കഴിയുന്ന രൂപത്തിൽ പരസ്പരം സഹായിക്കുമ്പോൾ ആ കുറ്റം നീങ്ങിപ്പോകുന്നു. ഒരു കച്ചവടക്കാരന് ഒരുപക്ഷേ ഒരു പ്രബോധകനാകാൻ കഴിഞ്ഞെന്നുവരില്ല, എങ്കിലും സാമ്പത്തികമായോ, ആശയപരമായോ, മറ്റ് നിലയിലോ ഇതിൽ പങ്കാളിയാകാൻ അവന് കഴിയും. ഒരു അധ്യാപകന് ഇതിൽ പങ്കാളിയാകാൻ കഴിയും. ഒരു വിദ്യാർത്ഥിക്ക് വിജ്ഞാന സദസ്സുകളിലൂടെ ഇതിൽ പങ്കാളിയാകാം. മറ്റൊരാൾ പുസ്തകം രചിക്കുന്നു. ജനങ്ങൾക്കിടയിൽ ഇതെല്ലാം ഉണ്ടാകുമ്പോൾ നാം ഈ ബാധ്യത നിർവ്വഹിക്കുകയാണ് ചെയ്യുന്നത്.
പ്രബോധനം രാജ്യത്ത് ഉണ്ടാക്കുന്ന സദ്ഫലങ്ങൾ
അല്ലാഹുവിലേക്കുള്ള പ്രബോധനം രാജ്യത്തുണ്ടാക്കുന്ന സദ്ഫലങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ; അല്ലാഹുവിലേക്കുള്ള പ്രബോധനം ജനങ്ങളുടെ ഹൃദയങ്ങളിൽ പരസ്പരം സ്നേഹമുണ്ടാകാൻ കാരണമാകുന്നു. ഭരണാധികാരിക്കും പ്രജകൾക്കും ഇടയിൽ പരസ്പര സ്നേഹമുണ്ടാകാനും ഇത് കാരണമാകുന്നു. വളരെ വ്യക്തമായ സദ്ഫലങ്ങളിൽ ഒന്നാണിത്. കാരണം എല്ലാവരും ഒറ്റ ലക്ഷ്യത്തിൽ ഒന്നിക്കുന്നു. ഭരണകൂടവും ജനങ്ങളും ഒറ്റ ലക്ഷ്യത്തിന് വേണ്ടി നിലകൊള്ളുന്നു. അത് നന്മ പ്രചരിപ്പിക്കുക, തിന്മ കുറയ്ക്കുക എന്നതാണ്. ജനങ്ങൾ ഈ രൂപത്തിൽ മുന്നോട്ട് പോകുകയും പരസ്പരം സഹായിക്കുകയും ചെയ്യുമ്പോൾ സ്നേഹം വർദ്ധിക്കുന്നു. സ്നേഹം വർദ്ധിക്കുമ്പോൾ ബന്ധങ്ങൾ ദൃഢമാകുന്നു. അതിനർത്ഥം രാജ്യം ശക്തിപ്പെടുന്നു എന്നാണ്. കാരണം രാജ്യം എന്നത് ഭരണകൂടത്തെയും ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഭരണകൂടവും ജനങ്ങളും ഒരുമിച്ചുചേർന്നതിനാണ് രാജ്യം എന്ന് വിളിക്കുന്നത്.
സുരക്ഷ കൈവരുന്നു എന്നതും ഇതിന്റെ സദ്ഫലങ്ങളിൽ പെട്ടതാണ്. ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ് സുരക്ഷ. സുരക്ഷ ഉറപ്പുവരുത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാനസികമായ സുരക്ഷ, സാമൂഹിക സുരക്ഷ, കുറ്റകൃത്യങ്ങളിൽ നിന്നുള്ള സുരക്ഷ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിലെല്ലാം വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് അഖീദയുടെയും മതത്തിന്റെയും സുരക്ഷയാണ്. പ്രബോധനത്തെക്കുറിച്ച് പരസ്പരം ഓർമ്മപ്പെടുത്തുകയും, അതിന് പ്രേരിപ്പിക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ സുരക്ഷ കൈവരുന്നു. അല്ലാഹു പറയുന്നു:
الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ
‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം (ശിർക്ക്) കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് സന്മാർഗം പ്രാപിച്ചവർ.’⁵⁰
മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു:
وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا
‘അവരുടെ ഭയപ്പാടിന് ശേഷം അവർക്കവൻ നിർഭയത്വം പകരമായി നൽകുകയും ചെയ്യും. എന്നെ മാത്രമേ അവർ ആരാധിക്കുകയുള്ളൂ. എന്നോട് യാതൊന്നിനെയും അവർ പങ്കുചേർക്കുകയില്ല.’⁵¹
നമ്മുടെ നബി ﷺ പറഞ്ഞു:
وَاللَّهِ لَيُتِمَّنَّ هَذَا الأَمْرُ، حَتَّى تَسِيرَ الظَّعِينَةُ مِنْ صَنْعَاءَ إِلَى حَضْرَمَوْتَ، لاَ تَخَافُ إِلَّا اللَّهَ، وَالذِّئْبَ عَلَى غَنَمِهَا، وَلَكِنَّكُمْ تَسْتَعْجِلُونَ
‘അല്ലാഹുവാണെ സത്യം, ഒട്ടകപ്പുറത്തുള്ള ഒരു സ്ത്രീ സൻആഇൽ നിന്ന് ഹളർമൗത്തിലേക്ക് (അല്ലെങ്കിൽ ശാമിൽ നിന്ന് മക്കയിലേക്ക് എന്ന് നബി ﷺ പറഞ്ഞിരിക്കാം) അല്ലാഹുവെയും തന്റെ ആടുകളെ പിടിക്കുന്ന ചെന്നായെയുമല്ലാതെ മറ്റാരെയും ഭയപ്പെടാതെ യാത്ര ചെയ്യുന്ന അവസ്ഥ വരുന്നത് വരെ അല്ലാഹു ഈ മതത്തെ പൂർത്തീകരിക്കുക തന്നെ ചെയ്യും. എന്നാൽ നിങ്ങൾ ധൃതി കാണിക്കുകയാണ്.’⁵² ഒരു സ്ത്രീ ഒറ്റയ്ക്ക് അല്ലാഹുവെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ നിർഭയയായി യാത്ര ചെയ്യാൻ കാരണം സുരക്ഷയാണ്. സുരക്ഷയുടെ കാരണം മതപ്രബോധനവും, ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കലും, നീതിന്യായ വ്യവസ്ഥയുടെ ശക്തിയും, അല്ലാഹു തന്റെ ഗ്രന്ഥത്തിലും റസൂലിന്റെ ﷺ സുന്നത്തിലും അവതരിപ്പിച്ച നിയമങ്ങൾ കൊണ്ടുള്ള ഭരണവുമാണ്. അതോടൊപ്പം നന്മ പ്രചരിപ്പിക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഇവയെല്ലാം സുരക്ഷ കൈവരിക്കാനുള്ള ഒരു കവചമാണ്.
അതുകൊണ്ടാണ് ഈ രാജ്യം (സഊദി അറബിയ) നന്മയുടെയും പ്രബോധനത്തിന്റെയും ധാരാളം കവാടങ്ങൾ തുറന്നുകൊണ്ട് വലിയ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. അല്ലാഹുവിന് സർവ്വ സ്തുതിയും. ഇത്തരം നിരവധി പ്രഭാഷണങ്ങളോ, നാടുകളിലെ മക്തബകളുടെ പ്രവർത്തനങ്ങളോ, പ്രബോധന ഗ്രന്ഥങ്ങളുടെ ഈ വലിയ പ്രചാരണമോ, രാജ്യത്തിനകത്തും പുറത്തുമുള്ള ഇത്തരം പ്രബോധനങ്ങളോ മറ്റു മിക്ക രാജ്യങ്ങളിലും നിങ്ങൾക്ക് കാണാൻ കഴിയില്ല. ഇതെല്ലാം അല്ലാഹു ഈ രാജ്യത്തിനും ഈ ഭരണകൂടത്തിനും നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അല്ലാഹു നാം ഏവരെയും ഇതിൽ ഉറപ്പിച്ചുനിർത്തട്ടെ എന്നും, നമ്മുടെ ഭരണാധികാരികൾക്ക് നല്ല പ്രതിഫലം നൽകട്ടെ എന്നും നാം പ്രാർത്ഥിക്കുന്നു. നന്മയിലും ഭക്തിയിലും പരസ്പരം സഹായിക്കുന്നവരിൽ നമ്മെയും അവരെയും അവൻ ഉൾപ്പെടുത്തട്ടെ. നന്മ വ്യാപിക്കുന്നതിനും തിന്മ കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നതിനും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ അവൻ നമുക്കെല്ലാം സാക്ഷാത്കരിച്ചു തരുമാറാകട്ടെ. തീർച്ചയായും അവൻ ഉദാരനും കരുണാനിധിയുമാകുന്നു.
അല്ലാഹുവിലേക്കുള്ള പ്രബോധനത്തിലും നന്മ പ്രചരിപ്പിക്കുന്നതിലും വിജ്ഞാനം പഠിപ്പിക്കുന്നതിലും കഴിവനുസരിച്ച് എല്ലാ സമയത്തും അത് ചെയ്യുന്നതിലും അല്ലാഹു എനിക്കും നിങ്ങൾക്കും ഉറപ്പ് നൽകാൻ ഞാൻ അവനോട് പ്രാർത്ഥിക്കുന്നു. മഹോന്നതനായ അല്ലാഹുവിനോട് നാം പാപമോചനം തേടുന്നു. അവന്റെ അതിവിശിഷ്ടമായ നാമങ്ങൾ മുൻനിർത്തി നമ്മുടെ പാപങ്ങൾ അവൻ പൊറുത്തുതരാനും, നമ്മുടെ വീഴ്ചകൾക്ക് മാപ്പുനൽകാനും, നമ്മോട് കരുണ കാണിക്കാനും, നമ്മുടെ ന്യൂനതകൾ അവൻ മറച്ചുപിടിക്കാനും നാം പ്രാർത്ഥിക്കുന്നു. തീർച്ചയായും അവൻ ഉദാരനും കരുണാനിധിയുമാണ്. ചോദിക്കപ്പെടുന്നവരിൽ ഏറ്റവും ഉദാരനാണവൻ. ഔദാര്യം എടുത്തുപറയാതെ അവൻ നൽകുന്നു. തിരിച്ചുചോദിക്കാതെ അവൻ ആദരിക്കുന്നു. ചോദിക്കാതെ തന്നെ അവൻ നൽകുന്നു. അന്വേഷിച്ചുചെല്ലാതെ തന്നെ അവൻ ഔദാര്യങ്ങൾ ചൊരിയുന്നു. അവൻ പരിശുദ്ധനും ഉന്നതനും അനുഗ്രഹപൂർണ്ണനുമാകുന്നു.
- സൂറത്ത് അൽ-മുൽക് – 2
- സൂറത്ത് അൽ-ഫുർഖാൻ – 31
- സൂറത്ത് അൻ-നംൽ – 48
- സൂറത്ത് അൽ-ഖസസ് – 4
- സൂറത്ത് യൂസുഫ് – 108
- സൂറത്ത് അൽ-അഹ്സാബ് – 46
- സുനൻ അബീദാവൂദ് – 3641
- സൂറത്ത് മർയം – 31
- സൂറത്ത് അദ്ദാരിയാത്ത് – 50
- സൂറത്ത് യൂസുഫ് – 108
- സൂറത്ത് അൽ-അഹ്സാബ് – 46
- സൂറത്ത് അർ-റഅ്ദ് – 7
- സൂറത്ത് ഗാഫിർ – 41
- സ്വഹീഹുൽ ബുഖാരി – 3009
- സൂറത്ത് ആലുഇംറാൻ – 104
- സൂറത്ത് അത്തൗബ – 71
- സുനൻ അബീദാവൂദ് – 3660
- സൂറത്ത് നൂഹ് – 5-7
- സൂറത്ത് നൂഹ് – 8-11
- സൂറത്ത് യൂസുഫ് – 108
- സൂറത്ത് അൽ-അഹ്സാബ് – 46
- സൂറത്ത് ഫുസ്സിലത്ത് – 33
- സൂറത്ത് അന്നിസാഅ് – 114
- സൂറത്ത് യൂസുഫ് – 108
- സ്വഹീഹുൽ ബുഖാരി – 79, സ്വഹീഹ് മുസ്ലിം – 2282
- സൂറത്ത് അർ-റഅ്ദ് – 4
- സൂറത്ത് ആലുഇംറാൻ – 104
- സൂറത്ത് ആലുഇംറാൻ – 110
- സൂറത്ത് അൽ-മുജാദില – 11
- സുനനുത്തിർമിദി – 2685
- സൂറത്ത് മർയം – 31
- സൂറത്ത് അൽ-ബഖറ – 159
- സ്വഹീഹ് മുസ്ലിം – 2749
- സുനനുത്തിർമിദി – 1987
- സൂറത്ത് ഹൂദ് – 114
- സ്വഹീഹ് മുസ്ലിം – 2674
- സൂറത്ത് അൽ-അഹ്സാബ് – 35
- സ്വഹീഹ് മുസ്ലിം – 1631
- സൂറത്ത് യാസീൻ – 12
- സൂറത്ത് അൽ-ഫുർഖാൻ – 52
- സ്വഹീഹ് മുസ്ലിം – 1920
- സൂറത്ത് അന്നഹ്ൽ – 120
- സൂറത്ത് അൽ-ഖസസ് – 77
- സൂറത്ത് അൽ-ഖസസ് – 83
- സൂറത്ത് അത്തൗബ – 71
- സൂറത്ത് അത്തൗബ – 67
- സൂറത്ത് അൽ-മാഇദ – 105
- സുനൻ അബീദാവൂദ് – 4338
- സൂറത്ത് അൽ-മാഇദ – 78, 79
- സൂറത്ത് അൽ-അൻആം – 82
- സൂറത്ത് അന്നൂർ – 55
- സ്വഹീഹുൽ ബുഖാരി – 3612