2. ദഅ്‌വത്തിന്റെ കർമ്മശാസ്ത്രം

ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ്

​بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

നിശ്ചയമായും സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. നാം അവനെ സ്തുതിക്കുകയും അവനോട് സഹായം തേടുകയും പാപമോചനത്തിനായി പ്രാർത്ഥിക്കുകയും അവനിലേക്ക് തന്നെ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. നമ്മുടെ സ്വന്തം തിന്മകളിൽ നിന്നും കർമ്മങ്ങളുടെ ദൂഷ്യങ്ങളിൽ നിന്നും നാം അല്ലാഹുവിനോട് ശരണം തേടുന്നു. അല്ലാഹു നേർവഴിയിലാക്കിയവനെ വഴിപിഴപ്പിക്കാൻ ആർക്കും സാധ്യമല്ല; അവൻ വഴിപിഴപ്പിച്ചവനെ നേർവഴിയിലാക്കാനും ആർക്കുമാകില്ല. അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും അവനെ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവിടുത്തെ മേലും കുടുംബാംഗങ്ങളുടെ മേലും സ്വഹാബികളുടെ മേലും അന്ത്യനാൾ വരെ അവരെ സന്മാർഗ്ഗത്തിൽ പിൻപറ്റിയ എല്ലാവരുടെ മേലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വർഷിക്കുമാറാകട്ടെ.

അല്ലാഹു جل وعلا അവൻ്റെ തൗഹീദ് മുഖേന നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കാനും, അവൻ്റെ ദീനിൽ നമ്മുടെ ഹൃദയങ്ങളെ ഉറപ്പിച്ചുനിർത്താനും, നമുക്ക് നേർവഴി (ഇസ്തിഖാമത്ത്) നൽകി അനുഗ്രഹിക്കാനും നാം അവനോട് പ്രാർത്ഥിക്കുന്നു. വാക്കുകളിലും പ്രവർത്തികളിലുമുള്ള സർവ്വ പിഴവുകളിൽ നിന്നും അപഭ്രംശങ്ങളിൽ നിന്നും അവൻ നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ. വാക്കുകളിലെ ഫിത്‌നയിൽ നിന്ന് അല്ലാഹുവിനോട് നാം ശരണം തേടുന്നു; അതുപോലെ പ്രവർത്തികളിലെ ഫിത്‌നയിൽ നിന്നും നാം ശരണം തേടുന്നു. ഇവ രണ്ടിലുമുള്ള ഫിത്‌നകൾ അങ്ങേയറ്റം അപകടകരമാണ്.

അല്ലാഹുവിങ്കലേക്കുള്ള പ്രബോധനത്തിലെ (ദഅ്‌വത്ത്) കർമ്മശാസ്ത്രവും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലെ കർമ്മശാസ്ത്രവും, അതുപോലെ നന്മയോടുള്ള സ്നേഹവും; ഒരാളെ എല്ലാ നന്മകളും പ്രവർത്തിക്കാനും, താൻ നന്മയായി കാണുന്നതെല്ലാം കൽപ്പിക്കാനും, താൻ തിന്മയായി കാണുന്നതെല്ലാം വിരോധിക്കാനും പ്രാപ്തനാക്കുന്നു.

എന്നാൽ, അറിവ് ലഭിച്ചിട്ടും മൗനം പാലിച്ച മറ്റൊരു വിഭാഗത്തിനിടയിൽ ഈ മഹത്തായ ബാധ്യത നഷ്‌ടപ്പെട്ടുപോയി. അവർ ദീൻ ഗ്രഹിച്ചെങ്കിലും അതിനനുസരിച്ച് പ്രവർത്തിച്ചില്ല. അല്ലാഹുവിന്റെയും അവൻ്റെ റസൂലിന്റെയും ﷺ ഉദ്ദേശ്യം അവർ കൃത്യമായി മനസ്സിലാക്കിയിരുന്നു, എന്നാൽ പരലോകത്തേക്കാൾ ഇഹലോകജീവിതം കൊണ്ട് അവർ തൃപ്തിപ്പെടുകയാണുണ്ടായത്. നാം ഈ രണ്ട് വിഭാഗങ്ങൾക്കുമിടയിൽ കടുത്തൊരു നിസ്സംഗതയിലാണ് നിലകൊള്ളുന്നത്.

മുൻകാലങ്ങളിൽ, പ്രത്യേകിച്ച് ഈ രാജ്യത്ത്, സലഫുസ്വാലിഹുകൾ رَضِيَ اللَّهُ عَنْهُمْ എപ്രകാരമായിരുന്നോ അപ്രകാരമായിരുന്നു ജനങ്ങൾ. അവർ ഈ രണ്ട് വിഭാഗങ്ങൾക്കും ഇടയിലുള്ള (ശരിയായ മാർഗ്ഗത്തിലായിരുന്നു). പണ്ഡിതൻ തനിക്ക് ലഭിച്ച അറിവിനനുസരിച്ച് സംസാരിക്കുകയും അല്ലാഹു നൽകിയ അനുഗ്രഹമായ ആ അറിവിന്റെ ബാധ്യതകൾ നിറവേറ്റുകയും ചെയ്തു. അജ്ഞനായ വ്യക്തിയാകട്ടെ, നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ആർക്കും ഒഴിവാക്കാൻ സാധിക്കാത്തതുമായ അടിസ്ഥാന അറിവുകളിലല്ലാതെ സംസാരിച്ചിരുന്നില്ല.

ജനങ്ങൾ അപ്രകാരമായിരുന്നു. പിന്നീടാണ് അവസ്ഥകൾ മാറിയത്. അങ്ങനെ ആ കാര്യം നഷ്ടപ്പെടുകയും, ദഅ്‌വത്തും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലുമെല്ലാം ഈ രണ്ട് വിഭാഗങ്ങൾക്കിടയിലായി ഇല്ലാതാവുകയും ചെയ്തു; അല്ലാഹു കാരുണ്യം ചൊരിഞ്ഞവരൊഴികെ. അവർ വളരെ കുറച്ചുപേർ മാത്രമാണ്. രാവിലെയും വൈകുന്നേരവും നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് അവർക്ക് വേണ്ടിയാണ്; അവരുടെ ചുവടുകൾ അല്ലാഹു നേരെയാക്കാനും, അവരെ സഹായിക്കാനും, അല്ലാഹുവിൻ്റെ താൽപര്യത്തിലധിഷ്ഠിതമായി അവരെ നിലനിർത്താനും എല്ലാ നന്മകളിലേക്കും അവർക്ക് തൗഫീഖ് നൽകാനും വേണ്ടി.

തീർച്ചയായും ഈ വിഷയത്തിന് – അതായത് ദഅ്‌വത്തിലെയും, കൽപിക്കുന്നതിലെയും വിരോധിക്കുന്നതിലെയും ഗുണകാംക്ഷയിലെയും (നസ്വീഹത്ത്) ഫിഖ്ഹിന് – ചില മര്യാദകളും നിബന്ധനകളുമുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. ഈ വഴിയിലൂടെ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരാളും – ഇൻഷാ അല്ലാഹ്, നാമെല്ലാവരും അത് ആഗ്രഹിക്കുന്നവരാണ് – തീർച്ചയായും അവ പഠിച്ചിരിക്കേണ്ടതുണ്ട്. പണ്ഡിതന്മാരിൽ നിന്നോ, വിജ്ഞാനാന്വേഷികളിൽ (ത്വലബത്തുൽ ഇൽമ്) നിന്നോ, പണ്ഡിതന്മാരിൽ നിന്നും വിവരങ്ങൾ ഉദ്ധരിക്കുന്നവരിൽ നിന്നോ അത് പഠിക്കേണ്ടതുണ്ട്.

അല്ലാഹുവിങ്കലേക്കുള്ള പ്രബോധനം, നന്മയിലേക്കുള്ള ക്ഷണം, നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും, നസ്വീഹത്ത് എന്നീ ഈ നാല് പദങ്ങളും ആശയപരമായി അടുത്തുനിൽക്കുന്നവയാണ്. ഒരാൾ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നവനാണ് (ദാഈ) എന്ന് പറയപ്പെട്ടാൽ, അതിനർത്ഥം അയാൾ നന്മ കൽപിക്കുന്നവനും തിന്മ വിരോധിക്കുന്നവനുമാണ് എന്നാണ്. അതിനർത്ഥം അയാൾക്ക് അല്ലാഹുവിനോടും, അവൻ്റെ റസൂലിനോടും, അവൻ്റെ ഗ്രന്ഥത്തോടും, മുസ്‌ലിംകളുടെ നേതാക്കളോടും സാധാരണക്കാരോടുമെല്ലാം ഗുണകാംക്ഷയുള്ളവനാണ് എന്നാണ്. അതിനാൽ ഈ പദങ്ങളും അവയുടെ അർത്ഥങ്ങളും പരസ്പരം സാമ്യമുള്ളവയാണ്. നാം അല്ലാഹുവിങ്കലേക്കുള്ള പ്രബോധനത്തെക്കുറിച്ചും അതിൻ്റെ മര്യാദകളെയും നിബന്ധനകളെയും കുറിച്ച് സംസാരിക്കുമ്പോൾ, അത് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലെ മര്യാദകളെക്കുറിച്ചുള്ള സംസാരം തന്നെയാണ്; ഗുണകാംക്ഷയുടെ മര്യാദകളെയും നിബന്ധനകളെയും കുറിച്ചുള്ള സംസാരം കൂടിയാണത്.

അല്ലാഹുവിങ്കലേക്കുള്ള പ്രബോധനത്തിലൂടെയാണ് ഈമാനിൻ്റെ വൃത്തം വിശാലമാകുന്നതും സത്യവിശ്വാസികളുടെ എണ്ണം വർദ്ധിക്കുന്നതും. അതിനാൽ, പ്രബോധനം നിലനിൽക്കുമ്പോൾ സത്യവിശ്വാസികൾ പെരുകുകയും, സജ്ജനങ്ങളുടെ സ്ഥൈര്യം വർദ്ധിക്കുകയും, തിന്മ ചെയ്യുന്നവർ നേർവഴിയിലേക്ക് മടങ്ങുകയും, ഇസ്‌ലാമിൽ അല്ലാത്തവർ ഇസ്‌ലാം പുൽകുകയും ചെയ്യുന്നു. അപ്പോൾ ഒരു വിശ്വാസി സമൂഹത്തിൽ പ്രബോധനം എന്നത് അങ്ങേയറ്റം പ്രധാനപ്പെട്ട ഒന്നാണ്. കാരണം, മുഴുവൻ ജനങ്ങളുടെയും നന്മയും, സത്യവിശ്വാസികളുടെ വൃത്തം വിശാലമാകുന്നതും അവരുടെ എണ്ണം വർദ്ധിക്കുന്നതുമെല്ലാം ഇതിലൂടെയാണ്.

നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും സത്യവിശ്വാസികൾക്ക് ഒരു സംരക്ഷണവേലി പോലെയാണ്; നാശത്തിന്റെ കോടാലികളോ വഴിപിഴവിൻ്റെ ആയുധങ്ങളോ അവർക്കു മേൽ ആധിപത്യം സ്ഥാപിക്കാതിരിക്കാൻ, അല്ലെങ്കിൽ പിശാചും അവൻ്റെ അനുയായികളും അവർക്കു മേൽ ആധിപത്യം സ്ഥാപിക്കാതിരിക്കാൻ സത്യവിശ്വാസികളെ അത് കാത്തുരക്ഷിക്കുന്നു. അല്ലാഹു പിശാചിനെ നമുക്കൊരു ഫിത്‌നയായും ശത്രുവായും നിശ്ചയിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല. അതിനാൽ അവനിൽ നിന്നും അവൻ്റെ വലകളിൽ നിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലുമാണ്. അതുകൊണ്ട് നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നമ്മുടെ അടിസ്ഥാന മൂലധനത്തെ സംരക്ഷിക്കുന്നു; സത്യവിശ്വാസികളെ അത് കാത്തുരക്ഷിക്കുന്നു. അവർ വഴിപിഴച്ചു പോകാതിരിക്കാനും, വ്യതിചലിക്കാതിരിക്കാനും, മാറിപ്പോകാതിരിക്കാനും അത് സംരക്ഷണം നൽകുന്നു. ദഅ്‌വത്ത് നിർവ്വഹിക്കപ്പെട്ടില്ലെങ്കിൽ ഇസ്‌ലാമിൻ്റെ വൃത്തം വിശാലമാവുകയില്ല. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നടന്നില്ലെങ്കിൽ സത്യവിശ്വാസികളുടെ ഭവനത്തിൽ കള്ളന്മാരും മോഷ്ടാക്കളും പ്രവേശിക്കുകയും അവരുടെ ഹൃദയങ്ങളെ കവർന്നെടുക്കുകയും, അങ്ങനെ വഴിപിഴച്ചവർ ജീവിക്കുന്ന ഇടങ്ങളിലേക്ക് അവരെ കൊണ്ടുപോവുകയും ചെയ്യും. ഇത് നിങ്ങൾ കാണുന്നതിലും കേൾക്കുന്നതിലുമെല്ലാം വളരെ വ്യക്തമാണ്.

നബി ﷺ അല്ലാഹുവിൻ്റെ കൽപ്പന ശിരസാവഹിച്ചു. അല്ലാഹു അവിടുത്തോട് അരുളിയിട്ടുള്ളത് ഇപ്രകാരമാണ്:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ

‘നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ.’¹

നബി ﷺ ഈ കൽപ്പന നടപ്പിലാക്കുകയും അല്ലാഹുവിങ്കലേക്ക് പ്രബോധനം ചെയ്യുകയും ചെയ്തു; തൻ്റെ സ്വഹാബികളെ അതിലേക്ക് ക്ഷണിക്കുകയും, കൽപ്പിക്കേണ്ട കാര്യങ്ങൾ കൽപ്പിക്കുകയും വിരോധിക്കേണ്ട കാര്യങ്ങൾ വിരോധിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇസ്‌ലാമിൻ്റെ വൃത്തം വിശാലമായതും, സത്യവിശ്വാസികൾ മറ്റു വിശ്വാസികളെ കാത്തുരക്ഷിച്ചതും, വഴിപിഴവുകൾ കുറഞ്ഞതും, നാശങ്ങൾ ദുർബലമായതും, സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ പിശാചിൻ്റെയും അവൻ്റെ അനുയായികളുടെയും ആധിപത്യം കുറഞ്ഞതും. കാരണം, ഈ കാര്യങ്ങളെല്ലാം ഒരുമിച്ചുകൂടുമ്പോഴാണ് സന്മാർഗ്ഗവും നന്മയും ഉണ്ടാകുന്നത്.

സലഫുസ്വാലിഹുകൾ ഈ വിഷയത്തിൽ മുസ്തഫയായ നബി ﷺ യെ കൃത്യമായി പിൻപറ്റി. അതുകൊണ്ടാണ് സമുദായം ശക്തമായി നിലകൊണ്ടതും, സത്യവിശ്വാസികൾ സന്മാർഗ്ഗികളായി തുടർന്നതും, ആദ്യ നൂറ്റാണ്ടുകളിൽ സത്യം നിലനിന്നതും. സമീപകാലത്ത്, ശിർക്ക് വ്യാപിക്കുകയും കുഴപ്പങ്ങൾ പ്രകടമാവുകയും ചെയ്തപ്പോൾ; നമസ്കാരം കൃത്യമായി നിർവ്വഹിക്കുന്നവർ കുറയുകയും സകാത്ത് നൽകുന്നവർ ഇല്ലാതാവുകയും, ഈ രാജ്യത്ത് എല്ലാവിധ തിന്മകളും വ്യാപിക്കുകയും ചെയ്തപ്പോൾ, അല്ലാഹു جل وعلا ഈ സമുദായത്തിനായി ഒരു പ്രബോധകനെയും പരിഷ്കർത്താവിനെയും നിയോഗിച്ചു – അതായത് ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ. അദ്ദേഹം ഈ വിഷയത്തിൽ നബി ﷺ യുടെ കാൽപാടുകൾ പിൻപറ്റി, ഖുർആൻ വചനങ്ങളും ഹദീസുകളും കൃത്യമായി ഗ്രഹിച്ചു. അതിനാൽ അദ്ദേഹം ദഅ്‌വത്ത് സുസ്ഥിരമായി നിലനിർത്തി. തൗഹീദിൻ്റെ പ്രബോധനത്തിലേക്ക് എണ്ണമറ്റ ജനലക്ഷങ്ങൾ കടന്നുവന്നു. അദ്ദേഹം നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു; അതിൻ്റെ ഏറ്റവും ഉയർന്ന പടിയായ ജിഹാദ് അദ്ദേഹം നിർവ്വഹിച്ചു – സ്വന്തം മനസ്സിനോടുള്ള ജിഹാദ്, ശത്രുക്കളോടുള്ള ജിഹാദ്, സത്യവിശ്വാസികളുടെ അണികളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന പിശാചിനോടുള്ള ജിഹാദ്. പ്രബോധനത്തിനായി അദ്ദേഹം ആളുകളെ സജ്ജമാക്കി, നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനുമായി ഈമാനുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സംഘത്തെ അദ്ദേഹം വാർത്തെടുത്തു. ആ പ്രവർത്തനം കൂടുതൽ കരുത്തുറ്റതാകാനും, അതിൻ്റെ സ്വാധീനം ജനങ്ങളിൽ അതിവേഗം ആഴ്ന്നിറങ്ങാനുമായിരുന്നു അത്. അതുകൊണ്ട് ആ വിഷയം ശക്തമായി നിലനിന്നു; അല്ലാഹു അത് അപ്രകാരം തന്നെ നിലനിർത്തട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു.

ഈ വിഷയത്തിൽ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നതിനർത്ഥം, ഇത് അവർക്ക് മാത്രം ബാധകമായ ഒന്നായി ചുരുങ്ങി എന്നല്ല. മറിച്ച്, ഓരോ മുസ്‌ലിമിനും അനിവാര്യമായ ബാധ്യതയാണിത്. ഓരോ മുസ്‌ലിമും കുറഞ്ഞ അളവിലെങ്കിലും നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപ്പിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. ദഅ്‌വത്തും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും അടിസ്ഥാനപരമായി ഓരോ വ്യക്തിക്കും ബാധകമായ നിർബന്ധ കാര്യമാണ്; അവൻ സ്വന്തത്തെ പ്രബോധനം ചെയ്യണം, സ്വന്തത്തോട് കൽപ്പിക്കണം, സ്വന്തത്തെ തിന്മയിൽ നിന്ന് വിലക്കണം. തൻ്റെ കീഴിലുള്ളവരോട് കൽപ്പിക്കണം, തൻ്റെ കീഴിലുള്ളവരിൽ ആരുടെ നന്മയാണോ അവൻ ആഗ്രഹിക്കുന്നത് അവരെ അവൻ പ്രബോധനം ചെയ്യണം. ഇതെല്ലാം എല്ലാവർക്കും നിർബന്ധമാണ്. അതുകൊണ്ട്, ഈ കാര്യത്തിനായി ഒരു പ്രത്യേക സംഘത്തെ നിശ്ചയിക്കുന്നത് മറ്റുള്ളവർ ഈ ബാധ്യതയിൽ നിന്നോ പുണ്യകർമ്മത്തിൽ നിന്നോ ഒഴിഞ്ഞുമാറാനുള്ള കാരണമല്ല.

നാം വീണ്ടും പറയട്ടെ, ഈ കാര്യം നമ്മോട് പൊതുവായി ആവശ്യപ്പെട്ടതാണെങ്കിൽ, നാം പാലിക്കേണ്ട ചില മര്യാദകളില്ലാതെ, പ്രബോധകനിലും കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നവനിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ചില നിബന്ധനകളില്ലാതെ നമ്മോട് ഇത് കൽപ്പിക്കപ്പെടുമോ? തീർച്ചയായും ഇല്ല. ശറഅ് (ഇസ്‌ലാമിക നിയമം) ജനങ്ങളുടെ അവസ്ഥകളെയും അവരുടെ ഇടപെടലുകളെയും കാര്യങ്ങളെയും കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ബുദ്ധിയുടെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ശറഅ് അവരെ വിട്ടയച്ചിട്ടില്ല. ജനങ്ങൾ തങ്ങളുടെ ശറഈയായ ഇടപെടലുകളിൽ സ്വന്തം ബുദ്ധിയെയോ ഇച്ഛകളെയോ വികാരങ്ങളെയോ ആണ് വിധികർത്താക്കളാക്കിയിരുന്നതെങ്കിൽ, തീർച്ചയായും ഈ വിഷയം എന്നേ നശിച്ചുപോകുമായിരുന്നു, അതും വളരെ വേഗത്തിൽ. എന്നാൽ ശറഅ് അതിനെ കൃത്യമായി ചിട്ടപ്പെടുത്തുകയും, കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നവനും, പ്രബോധകനും, ഗുണകാംക്ഷിക്കുന്നവനും പാലിച്ചിരിക്കേണ്ട ചില മര്യാദകൾ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.

അതുകൊണ്ടാണ് നാമിവിടെ ഈ മര്യാദകൾ ഓർമ്മിപ്പിക്കുന്നത്; ഒരുപക്ഷേ എനിക്കും ഇത് കേൾക്കുന്നവർക്കും അത് പ്രയോജനപ്പെട്ടേക്കാം. ഇത് സംസാരിക്കുന്നവനും, കേൾക്കുന്നവനും, ഈ സന്ദേശം എത്തിച്ചുകൊടുക്കുന്നവർക്കുമെല്ലാം പ്രയോജനപ്രദമാക്കാൻ നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ആ മര്യാദകളിലും നിബന്ധനകളിലും ഏറ്റവും മഹത്തായത് ഇഖ്‌ലാസ് (ആത്മാർത്ഥത) ആകുന്നു.

ഒന്നാമത്തെ മര്യാദ: ഇഖ്‌ലാസ് (ആത്മാർത്ഥത)

ഇഖ്‌ലാസ് എന്നത് വളരെ വിലപ്പെട്ട ഒന്നാണ്. അത് ദീനിൻ്റെ അടിസ്ഥാനമാണ്; മറിച്ച് ദീൻ മുഴുവനായും നിലകൊള്ളുന്നത് തന്നെ ഇഖ്‌ലാസിലാണ്. അല്ലാഹു جل وعلا പറയുന്നു:

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ

‘കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് അവനെ ആരാധിക്കുവാൻ അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല.’²

അല്ലാഹു പറയുന്നു:

قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَّهُ الدِّينَ

‘പറയുക: കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് അവനെ ആരാധിക്കാനാണ് എനിക്ക് കൽപന ലഭിച്ചിട്ടുള്ളത്.’³

അല്ലാഹു പറയുന്നു:

قُلِ اللَّهَ أَعْبُدُ مُخْلِصًا لَّهُ دِينِي

‘പറയുക: അല്ലാഹുവെ മാത്രമാണ് എന്റെ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് ഞാൻ ആരാധിക്കുന്നത്.’⁴

ദീൻ എന്നാൽ അല്ലാഹു കൽപിച്ച കാര്യങ്ങളാണ്. അല്ലാഹു കൽപിച്ചതെല്ലാം ദീനിൽ ഉൾപ്പെടുന്നതാണ്. അല്ലാഹു കൽപിച്ച കാര്യങ്ങളിൽ പെട്ടതാണ് ദഅ്‌വത്തും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും. അല്ലാഹു പറയുന്നു:

وَادْعُ إِلَىٰ رَبِّكَ

‘നിന്റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിച്ചുകൊള്ളുക.’⁵

മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:

ٱدْعُ إِلَىٰ سَبِيلِ رَبِّكَ

‘നിന്റെ രക്ഷിതാവിന്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിക്കുക.’⁶

അപ്പോൾ ദഅ്‌വത്തും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലുമെല്ലാം ദീനിൽ ഉൾപ്പെട്ടതാണ്; അതിനാൽ ഇതിലെല്ലാം ഇഖ്‌ലാസ് അനിവാര്യമാണ്.

ഇഖ്‌ലാസ് എന്നാൽ ലക്ഷ്യം അല്ലാഹു جل وعلا ആയിരിക്കുക എന്നതാണ്. ഉദ്ദേശ്യം ആളുകളെ കാണിക്കലാവരുത്, ആധിപത്യം സ്ഥാപിക്കലാവരുത്, വ്യക്തിപ്രഭാവമോ കരുത്തോ പ്രകടിപ്പിക്കലാവരുത്. അല്ല, ലക്ഷ്യം അല്ലാഹു جل وعلا ആയിരിക്കണം. ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു: ‘ഏകനായവനിലേക്ക് ഒരു വഴിയിലൂടെ മാത്രം ചരിക്കുന്ന ഒരൊറ്റ വ്യക്തിയായി നീ മാറുക’. അതായത് സത്യത്തിന്റെയും ഈമാനിന്റെയും വഴി; നീ ഏകനായതുപോലെ നിൻ്റെ എല്ലാ ആരാധനകളിലും ഇടപെടലുകളിലും നീ ഏകനായവനെ (അല്ലാഹുവിനെ) മാത്രം ലക്ഷ്യമാക്കുക. ഏകനായവൻ അല്ലാഹുവാണ്, അവനിലേക്ക് നീ ഒരൊറ്റവഴിയിലൂടെ ചരിക്കുന്നവനാകുക – ആ ഒരൊറ്റവഴി എന്നത് മുസ്തഫയായ നബിയുടെ ﷺ വഴിയും അവിടുത്തെ സുന്നത്തുമാണ്.

ഇഖ്‌ലാസ് എന്നാൽ നിൻ്റെ ദഅ്‌വത്തിൽ അല്ലാഹുവിന് വേണ്ടി മാത്രം നീ പൂർണ്ണമായും ഒഴിഞ്ഞുനിൽക്കുക എന്നതാണ്. അല്ലാഹു പറയുന്നു:

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي

‘പറയുക: ഇതാണ് എന്റെ മാർഗ്ഗം. ഉൾക്കാഴ്ചയോട് കൂടി അല്ലാഹുവിങ്കലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും (അപ്രകാരം ക്ഷണിക്കുന്നു).’⁷

ഇതിൽ ‘അല്ലാഹുവിങ്കലേക്ക് ഞാൻ ക്ഷണിക്കുന്നു’ എന്ന അല്ലാഹുവിൻ്റെ പ്രയോഗം ഇഖ്‌ലാസിലേക്കുള്ള ഒരു ഉണർത്തലാണ്. ശൈഖുൽ ഇസ്‌ലാം (മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ) കിതാബുത്തൗഹീദിലെ മസാഇലുകളിൽ ഈ വചനത്തെക്കുറിച്ച് സൂചിപ്പിച്ചത് പോലെ: “ഈ വചനത്തിൽ ഇഖ്‌ലാസിനെക്കുറിച്ചുള്ള ഉണർത്തലുണ്ട്; കാരണം പലരും ബാഹ്യമായി അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നുവെങ്കിലും, യഥാർത്ഥത്തിൽ അവൻ സ്വന്തത്തിലേക്ക് തന്നെയോ, അല്ലെങ്കിൽ ഏതെങ്കിലും പക്ഷപാതിത്വത്തിലേക്കോ, അല്ലെങ്കിൽ ഒരു കക്ഷിയിലേക്കോ, അല്ലെങ്കിൽ ഒരു പ്രത്യേക സംഘത്തിലേക്കോ ആയിരിക്കും ക്ഷണിക്കുന്നത്.”

ഒരാൾ സ്വന്തത്തിലേക്ക് ക്ഷണിക്കുമ്പോൾ അവന് ഇഖ്‌ലാസ് നഷ്ടപ്പെടുന്നു. എങ്ങനെയാണ് സ്വന്തത്തിലേക്ക് ക്ഷണിക്കുന്നത്? തൻ്റെ വാക്കിന് മുൻഗണന ലഭിക്കാൻ വേണ്ടി ക്ഷണിക്കുന്നത് വഴി. നീ ആരാണ്? തൻ്റെ കക്ഷിയിലേക്ക് ക്ഷണിക്കുകയും തൻ്റെ പാർട്ടിയുടെ അനുയായികളെ വർദ്ധിപ്പിക്കാനോ തൻ്റെ സംഘത്തിൻ്റെ അനുയായികളെ വർദ്ധിപ്പിക്കാനോ ഉദ്ദേശിക്കുകയും ചെയ്തേക്കാം; ഇതോടെ അവന് ഇഖ്‌ലാസ് നഷ്ടപ്പെട്ടു. ഒരു പുണ്യകർമ്മത്തിൽ വീഴ്ച വരുത്തിയവനോട് അവൻ കൽപിക്കുന്നത് ആ പ്രവർത്തനം അപൂർണ്ണമാണെന്ന് ബോധ്യപ്പെടുത്താനും, താൻ അയാളേക്കാൾ വലിയ പണ്ഡിതനും കൂടുതൽ മനസ്സിലാക്കുന്നവനുമാണെന്ന് കാണിക്കാനും വേണ്ടിയാണെങ്കിൽ; അവിടെയും അവന് ഇഖ്‌ലാസ് നഷ്ടപ്പെട്ടു. അതുകൊണ്ട് ഇഖ്‌ലാസ് എന്നത് ഒരു ഉരകല്ലാണ്. ഇഖ്‌ലാസ് മാറ്റുരച്ചുനോക്കേണ്ട ഒന്നാണ്. ഓരോരുത്തരും സ്വന്തത്തെ വിചാരണ ചെയ്യണം. ഇഖ്‌ലാസില്ലാതെ – അല്ലാഹുവിങ്കലേക്ക് മാത്രമല്ലാതെ മറ്റൊന്നിലേക്കും താൻ ക്ഷണിക്കുന്നില്ലെന്നും താൻ പൂർണ്ണമായും അല്ലാഹുവിന് വേണ്ടി മാത്രമുള്ളവനാണെന്നും റബ്ബ് തൻ്റെ ഹൃദയത്തിൽ നിന്ന് അറിയാതെ – ഈ ദഅ്‌വത്തിനും, കൽപ്പിക്കലിനും, വിരോധിക്കലിനും, ഗുണകാംക്ഷയ്ക്കും ആരെങ്കിലും മുതിർന്നാൽ അവൻ ഖുർആനിലെ ആ വചനം ഓർക്കേണ്ടതുണ്ട്: ‘പറയുക: ഇതാണ് എന്റെ മാർഗ്ഗം. അല്ലാഹുവിങ്കലേക്ക് ഞാൻ ക്ഷണിക്കുന്നു.’ മറ്റാരിലേക്കുമല്ല. ആരെയാണ് നീ ക്ഷണിക്കുന്നത്? അല്ലാഹുവിങ്കലേക്ക്, മറ്റാരിലേക്കുമല്ല. നീ അല്ലാഹുവിങ്കലേക്കും അല്ലാത്ത മറ്റ് കക്ഷികളിലേക്കുമാണ് ക്ഷണിക്കുന്നതെങ്കിൽ, അല്ലെങ്കിൽ സ്വന്തത്തിലേക്കും സ്വയം മുൻപന്തിയിൽ വരാനുമാണ് ക്ഷണിക്കുന്നതെങ്കിൽ, നീ നിന്നെത്തന്നെ ആശ്വസിപ്പിച്ചുകൊള്ളുക (നിനക്ക് യാതൊരു പ്രതിഫലവുമില്ല).

കർമ്മത്തിൽ ഇഖ്‌ലാസിൻ്റെ സ്വാധീനവും, ദഅ്‌വത്തിൽ ഇഖ്‌ലാസിൻ്റെ സ്വാധീനവും, കൽപിക്കുന്നതിലും വിരോധിക്കുന്നതിലുമുള്ള ഇഖ്‌ലാസിൻ്റെ സ്വാധീനവും വ്യക്തമാക്കുന്ന ഒരു ഉദാഹരണം നാം പറയാം. അതായത്, ആരെയാണോ ക്ഷണിക്കുന്നത് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുക; ആരോടാണോ കൽപ്പിക്കാനോ വിരോധിക്കാനോ ഉദ്ദേശിക്കുന്നത് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുക. രഹസ്യമായി ചെയ്യുന്നതിനേക്കാൾ മഹത്തായ വല്ലതുമുണ്ടോ? ഇല്ല. നബി ﷺ തൻ്റെ ഈ പ്രാർത്ഥനയിലൂടെ അല്ലാഹുവിനോട് ചോദിച്ചു:

اللَّهُمَّ أَعِزَّ الْإِسْلَامَ بِأَحَبِّ هَذَيْنِ الرَّجُلَيْنِ إِلَيْكَ بِأَبِي جَهْلٍ أَوْ بِعُمَرَ بْنِ الْخَطَّابِ

‘അല്ലാഹുവേ, അബൂജഹ്ൽ, ഉമറുബ്നുൽ ഖത്താബ് എന്നീ രണ്ടുപേരിൽ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവനിലൂടെ നീ ഇസ്‌ലാമിനെ പ്രതാപമുള്ളതാക്കേണമേ.’⁸

ശത്രുത പരസ്യമാക്കുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും മക്കയിലെ ന്യൂനപക്ഷമായ സത്യവിശ്വാസികളെ ഉപദ്രവിക്കുകയും ചെയ്തിരുന്ന ഈ രണ്ട് മുശ്‌രിക്കുകളിൽ ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത്ത് നൽകാൻ വേണ്ടി അല്ലെങ്കിൽ അവർ രണ്ടുപേർക്കും ഹിദായത്ത് നൽകാൻ വേണ്ടിയാണ് നബി ﷺ പ്രാർത്ഥിച്ചത്. എന്നിട്ടും അവിടുന്ന് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. അപ്പോൾ ഇഖ്‌ലാസിന്റെ സ്വാധീനം, ആത്മാർത്ഥതയുടെ സ്വാധീനം വ്യക്തമാകുന്നത് ക്ഷണിക്കപ്പെടുന്ന ആ വ്യക്തിക്ക് ഉപകാരം ചെയ്യണമെന്ന നിൻ്റെ വലിയ ആഗ്രഹത്തിലാണ്. നീ എന്തിനാണ് അയാൾക്ക് ഉപകാരം ചെയ്യുന്നത്? അയാൾ സന്മാർഗ്ഗത്തിലാകാൻ വേണ്ടി. ഹൃദയങ്ങൾ ആരുടെ കയ്യിലാണ്? അല്ലാഹുവിൻ്റെ جل وعلا കയ്യിലാണ്. അങ്ങനെയെങ്കിൽ ഹൃദയങ്ങളെ നേർവഴിയിലാക്കുന്നവൻ്റെ വാതിലുകളിൽ നീ മുട്ടുക.

ഇതുമായി ബന്ധപ്പെട്ട് ذکر ചെയ്യപ്പെടുന്ന ഒരു സംഭവമുണ്ട്. ദഅ്‌വത്തിൻ്റെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബും رَحِمَهُ اللَّهُ ആ ദഅ്‌വത്തിനെ എതിർത്തിരുന്ന അഹ്‌സാഇലെ പണ്ഡിതന്മാരിൽ ഒരാളായ അബ്ദുല്ല ബിൻ അബ്ദുല്ലത്തീഫ് അൽ-അഹ്‌സാഇയും തമ്മിൽ നടന്ന ഒരു കത്തിടപാടാണത്. അദ്ദേഹം ശൈഖിന് ചില കത്തുകൾ എഴുതിയിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുക്കുകയും, ചില കുതന്ത്രങ്ങൾ മെനയുകയും, തൗഹീദിനും അതിൻ്റെ വക്താക്കൾക്കുമെതിരെ ചില അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ശൈഖ് അദ്ദേഹത്തിന് ഒരു കത്തയച്ചു. അതിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു: “അല്ലാഹുവാണെ സത്യം, ഞാൻ എൻ്റെ നമസ്കാരത്തിൽ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്ത് ഉമർ അല്ലാഹുവിൻ്റെ ദീനിൻ്റെ ഫാറൂഖ് (സത്യവും അസത്യവും വേർതിരിക്കുന്നവൻ) ആയതുപോലെ, ഈ സമുദായത്തിൻ്റെ അവസാന കാലത്ത് താങ്കളെയും അല്ലാഹു അവൻ്റെ ദീനിൻ്റെ ഒരു ഫാറൂഖ് ആക്കി മാറ്റാൻ ഞാൻ അല്ലാഹുവിനോട് ചോദിക്കാറുണ്ട്.” ഉപകാരം ചെയ്യണമെന്നുള്ള സ്നേഹമാണിത്, ഉപദ്രവിക്കാനുള്ള ആഗ്രഹമല്ല. ഇതാണ് ഇഖ്‌ലാസിൻ്റെ സ്വാധീനം. അതുകൊണ്ടാണ് ആ ദഅ്‌വത്ത് ഫലം കണ്ടത്. നാമും യഥാർത്ഥത്തിൽ ഇഖ്‌ലാസ് കാണിച്ചിരുന്നെങ്കിൽ അല്ലാഹുവിൻ്റെ അനുമതിയോടെ തീർച്ചയായും അത് ഫലം കണ്ടേനെ. എന്നാൽ നമ്മുടെ കുഴപ്പം നമ്മിൽ തന്നെയാണ്. അതിനാൽ അല്ലാഹുവിനോട് جل وعلا പൂർണ്ണമായും ആത്മാർത്ഥത (ഇഖ്‌ലാസ്) പുലർത്തുക എന്നതാണ് ഒന്നാമത്തെ മര്യാദ.

രണ്ടാമത്തെ മര്യാദ: അറിവ് (ഇൽമ്)

മര്യാദകളിലും നിബന്ധനകളിലും പെട്ട ചിലവ നിബന്ധനകളാണ്, ചില നിബന്ധനകൾ മര്യാദകളുമാണ്. അതുകൊണ്ടാണ് അവ പരസ്പരം ഇടകലർന്നു വരുന്നത്; നിബന്ധനകളെക്കുറിച്ചുള്ള വിശദീകരണം പിന്നീട് പൊതുവായി വരുന്നതാണ്. രണ്ടാമത്തെ മര്യാദ അറിവാണ് (ഇൽമ്). ആളുകൾ അണിയുന്ന ഏറ്റവും വലിയ അലങ്കാരമാണ് അറിവ്. അറിവില്ലാത്തവൻ മരിച്ചവനാണ്; പണ്ഡിതൻ ജീവിച്ചിരിക്കുന്നവനും. എന്നാൽ ഈ സാഹചര്യത്തിൽ നമുക്ക് ആവശ്യമായ അറിവ് എന്താണ്? അല്ലാഹുവിങ്കലേക്ക് പ്രബോധനം ചെയ്യാനും നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും പണ്ഡിതന്മാർക്ക് മാത്രമേ പാടുള്ളൂ എന്ന് നാം പറയുന്നില്ല. അങ്ങനെ പറഞ്ഞാൽ, പണ്ഡിതന്മാരുടെ എണ്ണം വളരെ കുറവായതിനാൽ ഈ ബാധ്യത തന്നെ നഷ്‌ടപ്പെട്ടുപോകും. അങ്ങനെയല്ല, മറിച്ച് എല്ലാവർക്കും കൽപ്പിക്കാനും വിരോധിക്കാനും അല്ലാഹുവിങ്കലേക്ക് ക്ഷണിക്കാനും സാധിക്കും. എന്നാൽ അതിന് അറിവ് അനിവാര്യമാണ്. എന്തിനെക്കുറിച്ചുള്ള അറിവ്? നീ സംസാരിക്കുന്ന അല്ലെങ്കിൽ ക്ഷണിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അറിവ്.

അറിവുള്ളവരെ അല്ലാഹു جل وعلا പ്രശംസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ

‘പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?’⁹

അറിവുള്ളവരെക്കുറിച്ച് അല്ലാഹു വീണ്ടും പറഞ്ഞു:

إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ

‘അല്ലാഹുവിന്റെ ദാസൻമാരിൽ നിന്ന് അവനെ ഭയപ്പെടുന്നത് അറിവുള്ളവർ മാത്രമാകുന്നു.’¹⁰

എന്നാൽ പണ്ഡിതന്മാർ പറയുന്നത്, അറിവ് രണ്ട് വിധത്തിലുണ്ടെന്നാണ്: ഒന്ന്: ആർക്കും ഒഴിവാക്കാൻ സാധിക്കാത്ത അറിവ്. ഏതൊരാൾക്കും തൻ്റെ ഇസ്‌ലാം ശരിയാകാൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട അറിവാണിത്. തൗഹീദ്, ശഹാദത്തുകലിമകളുടെ അർത്ഥം, തൗഹീദ് എന്ന വാക്കിൻ്റെ അർത്ഥം, ആരാധനകൾ അല്ലാഹുവിന് മാത്രം ഏകമാക്കുക എന്നതിൻ്റെ വിവക്ഷ എന്നിവയൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുക. ‘മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ റസൂലാണെന്ന’ സാക്ഷ്യപ്പെടുത്തലിൻ്റെ അർത്ഥം, ഇസ്‌ലാമിൻ്റെ അടിസ്ഥാന കാര്യങ്ങൾ (അർക്കാനുകൾ) എന്നിവ പഠിക്കുക. കൂടാതെ, ദീനിൽ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട നിഷിദ്ധ കാര്യങ്ങൾ – മദ്യപാനം, വ്യഭിചാരം, പലിശ, കുടുംബബന്ധം വിച്ഛേദിക്കൽ തുടങ്ങിയവ ഹറാമാണെന്നുള്ള കാര്യങ്ങൾ. അതുപോലെ എല്ലാവരും ഏകോപിച്ച കാര്യങ്ങളായ കുടുംബബന്ധം ചേർക്കൽ, മാതാപിതാക്കൾക്ക് നന്മ ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ. ഇതൊന്നും ആർക്കും ഒഴിവാക്കാൻ സാധിക്കാത്ത അറിവുകളാണ്. നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ നിർബന്ധമാണെന്നും അറിഞ്ഞിരിക്കണം. ഇതാണ് ആർക്കും ഒഴിവാക്കാൻ സാധിക്കാത്ത അറിവ്; എല്ലാ മുസ്‌ലിംകളും ഇതിനെക്കുറിച്ച് അറിവുള്ളവരാണ്. ഈ കാര്യങ്ങളിൽ അവർ അജ്ഞരാണെങ്കിൽ അവർ മുസ്‌ലിംകളായിരിക്കുകയില്ല. അതുകൊണ്ടാണ് ഇസ്‌ലാം ദുർബലമാകുന്ന കാര്യങ്ങളിൽ (നവാഖിദുൽ ഇസ്‌ലാം) പത്താമത്തേതായി ‘അല്ലാഹുവിൻ്റെ ദീനിൽ നിന്ന് പിന്തിരിഞ്ഞുകളയൽ’ എന്ന് പറഞ്ഞിട്ടുള്ളത്; അത് അവൻ പഠിക്കുകയോ അതനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അല്ലാഹുവിൻ്റെ ദീൻ – അതായത് തൻ്റെ ഇസ്‌ലാം ശരിയാകാൻ ആവശ്യമായ അറിവുകൾ – പഠിക്കുകയോ അതനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യാത്തവൻ മുസ്‌ലിംകൾക്കിടയിൽ ജീവിച്ചാലും അവൻ മുസ്‌ലിംകളിൽ പെട്ടവനല്ല. രണ്ട്: ഫർദ് കിഫായ (സാമൂഹിക ബാധ്യത) ആയ അറിവ്. ശറഇലെ സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവാണിത്. ദീനിലെ ഏറ്റവും വലിയ അടിസ്ഥാന കാര്യങ്ങളിൽ പെടാത്ത ഇത്തരം വിഷയങ്ങളിൽ ആളുകളുടെ അറിവ് വ്യത്യസ്തമായിരിക്കും. ഇത് പൂർണ്ണമായി അറിയുന്നവർ പണ്ഡിതന്മാരാണ്, വിജ്ഞാനാന്വേഷികൾക്ക് അതിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാമായിരിക്കും.

അറിവ് ഫർദ് ഐൻ, ഫർദ് കിഫായ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായതുകൊണ്ട് തന്നെ, പ്രബോധകൻ താൻ ക്ഷണിക്കുന്ന കാര്യത്തെക്കുറിച്ച് അറിവുള്ളവനായിരിക്കേണ്ടത് നിർബന്ധമാണ്. അവൻ പണ്ഡിതനല്ലെങ്കിലും, തനിക്കറിയാവുന്ന കാര്യങ്ങളിലേക്ക് അവൻ ക്ഷണിക്കണം. തൗഹീദിൻ്റെ ആശയത്തിലേക്ക് അവൻ ക്ഷണിക്കുന്നു, ശഹാദത്തുകലിമകളുടെ അർത്ഥത്തിലേക്ക് ക്ഷണിക്കുന്നു, നമസ്കാരത്തെക്കുറിച്ച് തനിക്കറിയാവുന്നത് വെച്ച് അതിലേക്ക് ക്ഷണിക്കുന്നു, നമസ്കാരം നിലനിർത്താൻ പ്രേരിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്നു. ഖുർആൻ പാരായണം ചെയ്യാൻ അവൻ പ്രേരിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ വ്യക്തമായ കാര്യങ്ങളാണ്, ആളുകൾക്കിടയിൽ ഭിന്നതയില്ലാത്തതും അതിൻ്റെ അടിസ്ഥാനത്തിലോ നിർബന്ധത്തിലോ അറിവുകൾ വ്യത്യാസപ്പെടാത്തതുമായ കാര്യങ്ങളാണ്. അതിനാൽ ഈ കാര്യങ്ങളിൽ ആർക്കും യാതൊരു വിലക്കുമില്ല; മറിച്ച് തങ്ങൾക്കറിയാവുന്ന കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. മദ്യപാനം; ഒരു മുസ്‌ലിമിന് മദ്യം ഹറാമാണോ അല്ലയോ എന്ന് എനിക്കറിയില്ല എന്ന് പറയാൻ സാധിക്കുമോ? ഒരിക്കലുമില്ല. അതിനാൽ അത് വിരോധിക്കൽ അനിവാര്യമാണ്. കുടുംബബന്ധം വിച്ഛേദിക്കൽ; ഒരു മുസ്‌ലിമിന് കുടുംബബന്ധം മുറിക്കുന്നത് ചിലപ്പോൾ അനുവദനീയമായേക്കാം എനിക്കറിയില്ല എന്ന് പറയാൻ സാധിക്കുമോ? ഇല്ല, കുടുംബബന്ധം ചേർക്കാൻ അല്ലാഹു جل وعلا കൽപിച്ചിട്ടുണ്ടെന്നത് ദീനിൽ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ്; മക്കയിൽ വെച്ച് തന്നെ നബി ﷺ ഇക്കാര്യം കൽപ്പിച്ചിരുന്നതാണ്.

ഇതൊക്കെ ആർക്കും ഒഴിവാക്കാൻ സാധിക്കാത്ത പൊതുവായ കാര്യങ്ങളാണ്; അതിനാൽ അത്തരം കാര്യങ്ങളിലേക്ക് നീ ക്ഷണിക്കുക. എന്നാൽ മറ്റ് സൂക്ഷ്മമായ കാര്യങ്ങൾ വരുമ്പോൾ, നീ സംസാരിക്കുന്ന വിഷയത്തിൽ നിനക്ക് അറിവുണ്ടായിരിക്കൽ നിർബന്ധമാണ്. ഒരു വിഷയത്തിൽ നിനക്ക് അറിവുണ്ടെങ്കിൽ അതിൽ സംസാരിക്കാം. അറിവില്ലെങ്കിൽ സംസാരിക്കരുത്; ഒരു കാര്യവും നീ വിരോധിക്കാൻ നിൽക്കരുത്, ചിലപ്പോൾ നിൻ്റെ വിരോധിക്കൽ അനുയോജ്യമായ സ്ഥാനത്തായിരിക്കില്ല. അറിവില്ലാതെ എല്ലാവരും തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന ഒരു അരാജകത്വമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ശരിഅത്ത് തന്നെ നിലനിൽക്കുമായിരുന്നില്ല.

സാധാരണക്കാരായ മുസ്‌ലിംകൾ പാലിക്കേണ്ട പരിധിയും, പണ്ഡിതന്മാരും വിജ്ഞാനാന്വേഷികളും പാലിക്കേണ്ട പരിധിയും നാം മനസ്സിലാക്കി. അറിവിൻ്റെ ശ്രേഷ്ഠതയിലേക്കും, അത് നീ പഠിച്ചിരിക്കൽ അനിവാര്യമാണ് എന്നതിലേക്കുമാണ് ഇത് നിന്നെ നയിക്കുന്നത്. അറിവ് ഹൃദയങ്ങളിലെ പ്രകാശമാണ്. ഇബ്നുൽ വർദി തൻ്റെ പ്രസിദ്ധമായ കവിതയിൽ പറഞ്ഞു:

“അറിവ് അന്വേഷിക്കുകയും അത് കരസ്ഥമാക്കുകയും ചെയ്യുക, അലസരായ ആളുകളിൽ നിന്ന് നന്മ എത്രയോ അകലെയാണ്! ദീനിലെ കർമ്മശാസ്ത്രത്തിന് നീ പ്രാധാന്യം നൽകുക, സമ്പത്തും ഭൗതികവിഭവങ്ങളും അതിൽ നിന്ന് നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ. ഉറക്കം വെടിയുകയും അത് (അറിവ്) നേടുകയും ചെയ്യുക; ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുന്നവൻ അതിനായി നൽകുന്നതൊക്കെയും നിസ്സാരമായിട്ടാണ് കാണുക. അതിന് നേതൃത്വം നൽകിയവർ കടന്നുപോയി എന്ന് നീ പറയരുത്; ആ വഴിയിലൂടെ സഞ്ചരിച്ചവരൊക്കെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്.”

അറിവ് അനിവാര്യമാണ്, അതിനാൽ സന്മാർഗ്ഗം ആഗ്രഹിക്കുന്നവൻ അറിവ് നേടിയേ തീരൂ. ഇതാണ് രണ്ടാമത്തെ മര്യാദ. ഈ മര്യാദയ്ക്ക് നമ്മുടെ ജീവിതത്തിൽ കാണാൻ കഴിയുന്ന ചില ഫലങ്ങളുണ്ട്. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവൻ അറിവുള്ളവനാണെങ്കിൽ മറ്റുള്ളവർക്കില്ലാത്ത ഒരു സ്വാധീനം അയാൾക്കുണ്ടായിരിക്കും.

അതിൻ്റെ ഉദാഹരണമെന്താണ്? നന്മയിലേക്ക് ക്ഷണിക്കാൻ നീ ഉദ്ദേശിക്കുന്ന ഒരാളുടെ അടുക്കൽ, നിനക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് നീ ചെല്ലുന്നു, നിനക്കറിയാത്ത കാര്യങ്ങൾ നീ ഉപേക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ നിലവിലുള്ള അവസ്ഥയിൽ നിന്ന് കൂടുതൽ നല്ലൊരു അവസ്ഥയിലേക്ക് മാറുന്നു. ഉദാഹരണത്തിന്, നമസ്കാരം ഉപേക്ഷിക്കുന്ന അല്ലെങ്കിൽ പള്ളിയിൽ ജമാഅത്തിന് വരാത്ത ഒരാളെ നീ കാണുന്നു. അയാളുടെ വസ്ത്രം നെരിയാണിക്ക് താഴെ കിടക്കുന്നതോ, അല്ലെങ്കിൽ അയാൾ താടി വടിച്ചവനോ, അതുപോലുള്ള മറ്റെന്തെങ്കിലും തിന്മകൾ ചെയ്യുന്നവനോ ആയിരിക്കാം. ഇതിൽ ഏത് വിഷയത്തെക്കുറിച്ചാണ് നീ അയാളോട് സംസാരിക്കേണ്ടത്? നമസ്കാരത്തെക്കുറിച്ച് വേണം സംസാരിക്കാൻ. അറിവുള്ളവനോ പണ്ഡിതന്മാരിൽ നിന്ന് മാർഗ്ഗനിർദ്ദേശം സ്വീകരിച്ചവനോ മാത്രമേ ഇത് മനസ്സിലാക്കുകയുള്ളൂ. നിനക്ക് പല കാര്യങ്ങളും അറിയില്ലെങ്കിൽ, നിനക്കറിയാവുന്ന കാര്യമായ നമസ്കാരത്തെക്കുറിച്ച് സംസാരിക്കുക. ജനങ്ങളെ നാം നമസ്കാരത്തിലേക്കും അത് ജമാഅത്തായി നിർവ്വഹിക്കുന്നതിലേക്കും ക്ഷണിച്ചിരുന്നെങ്കിൽ നാം ജനങ്ങൾക്ക് ഏറ്റവും നല്ലവരും പ്രിയപ്പെട്ടവരും ആകുമായിരുന്നു.

മൂന്നാമത്തെ മര്യാദ: അറിവിനനുസരിച്ചുള്ള പ്രവർത്തനം

നീ ഒരു നന്മ കൽപ്പിക്കുകയാണെങ്കിൽ അതിലേക്ക് ആദ്യം ഓടിയെത്തുന്നവൻ നീ തന്നെയായിരിക്കണം. നീ ഒരു തിന്മ വിരോധിക്കുകയാണെങ്കിൽ അതിൽ നിന്ന് ആദ്യം വിട്ടുനിൽക്കുന്നവൻ നീ തന്നെയായിരിക്കണം. അന്ത്യനാളിൽ നരകം ആദ്യം ആളിക്കത്തിക്കപ്പെടുന്നത് മൂന്ന് വിഭാഗം ആളുകളെക്കൊണ്ടാണെന്ന് സ്വഹീഹായ ഹദീസിൽ നബി ﷺ പറഞ്ഞിട്ടുണ്ട് (സ്വഹീഹ് മുസ്‌ലിമിൽ ഉദ്ധരിച്ചത്). തനിക്ക് അറിവ് ലഭിച്ചിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്തവനെ നബി ﷺ അതിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഖുർആൻ പാരായണം ചെയ്ത ഒരാൾ, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത ഒരാൾ; അയാൾ പറയും: “ഞാൻ നിൻ്റെ മാർഗ്ഗത്തിൽ കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്തു.” അപ്പോൾ അല്ലാഹു പറയും: “അല്ല, നീ കള്ളം പറയുകയാണ്.” ജനങ്ങളോട് നന്മ കൽപ്പിക്കുകയും എന്നാൽ താനത് പ്രവർത്തിക്കാതിരിക്കുകയും ചെയ്ത ഒരാൾ, ജനങ്ങളെ തിന്മയിൽ നിന്ന് വിലക്കുകയും എന്നാൽ ആ തിന്മകളിലേക്ക് വേഗത്തിൽ ചെന്നെത്തുകയും ചെയ്ത ഒരാൾ. ഇത് ഒരു പൊതുവായ പരീക്ഷണമാണ്; ചില ആളുകളുടെ അവസ്ഥകളിൽ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്.

അറിവിനനുസരിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. അതിലൂടെ മാത്രമേ നീ പറയുന്നതിലും ചെയ്യുന്നതിലും ക്ഷണിക്കുന്നതിലുമെല്ലാം അല്ലാഹു جل وعلا പ്രയോജനം നൽകുകയുള്ളൂ. രഹസ്യമായി അല്ലാഹുവെ ധിക്കരിക്കുന്നത് പരസ്യമായ ജീവിതത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് നീ കരുതരുത്; തീർച്ചയായും അതിനൊരു സ്വാധീനമുണ്ട്. കാരണം നീ ഒരു പ്രബോധകനാണ്, അയാൾ പ്രബോധനം ചെയ്യപ്പെടുന്നവനുമാണ്; നേർവഴി നൽകുന്നവനാകട്ടെ അല്ലാഹുവും جل وعلا. നിൻ്റെ കർമ്മങ്ങളെക്കുറിച്ചും ഹൃദയത്തെക്കുറിച്ചും സൂക്ഷ്മമായി അറിയുന്നവൻ ആ സന്മാർഗ്ഗം നൽകുന്നവനാണ്.

നിബന്ധനകളുടെ ഭാഗത്ത് ഇത് പിന്നീട് വരുന്നതാണ്; അതായത്, തിന്മ ചെയ്യുന്ന ഒരാൾക്ക് താൻ തിന്മ ചെയ്യുന്നുണ്ടല്ലോ എന്നതുകൊണ്ട് തിന്മ വിരോധിക്കുന്നതിൽ നിന്ന് മാറിനിൽക്കാൻ പാടില്ല. അതുപോലെ ഒരു നന്മയിൽ വീഴ്ച വരുത്തുന്നവന് അതിൻ്റെ പേരിൽ നന്മ കൽപ്പിക്കാതിരിക്കാനും പാടില്ല. അതിൻ്റെ വിശദീകരണം പിന്നീട് വരുന്നതാണ് ഇൻഷാ അല്ലാഹ്.

ഒരാൾ ഖുതുബ നിർവ്വഹിച്ചു; ജനങ്ങളോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും അവരെ ഉപദേശിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ മറ്റൊരാൾ വന്ന് അദ്ദേഹത്തിന് ഒരു കുറിപ്പ് (കടലാസ്) നൽകി. അദ്ദേഹം അത് തുറന്നുനോക്കിയപ്പോൾ അതിൽ അർത്ഥവത്തായ പ്രസിദ്ധമായ ചില കവിതാവരികളായിരുന്നു. അദ്ദേഹം അത് മനസ്സിൽ വായിച്ചു:

“മറ്റുള്ളവരെ പഠിപ്പിക്കുന്നവനേ! ആ പഠിപ്പിക്കൽ നിന്റെ സ്വന്തം കാര്യത്തിലായിരുന്നെങ്കിൽ എത്ര നന്നായേനെ! നീ രോഗിക്ക് മരുന്ന് നിർദ്ദേശിക്കുന്നു, അവന് രോഗശമനം ലഭിക്കാൻ; എന്നാൽ നീ തന്നെ ഒരു രോഗിയാണല്ലോ! ആദ്യം സ്വന്തത്തിൽ നിന്ന് തുടങ്ങുക, അതിനെ ദുർമാർഗ്ഗത്തിൽ നിന്ന് വിലക്കുക. സ്വന്തം മനസ്സ് അതിൽ നിന്ന് വിലക്കപ്പെട്ടാൽ നീ മഹാനായി. എങ്കിൽ മാത്രമേ നീ പറയുന്നത് സ്വീകരിക്കപ്പെടുകയും നിന്റെ വാക്കുകൾ മാതൃകയാക്കപ്പെടുകയും നിന്റെ അദ്ധ്യാപനം ഫലം ചെയ്യുകയും ചെയ്യുകയുള്ളൂ. നീ ഒരു സ്വഭാവത്തെ വിലക്കുകയും എന്നിട്ട് അതുപോലൊന്ന് നീ തന്നെ പ്രവർത്തിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അത് നിനക്കൊരു വലിയ അപമാനമാണ്.”

അല്ലാഹു جل وعلا പഠിപ്പിച്ചത് പ്രകാരം പ്രവർത്തിക്കുക എന്നതാണ് പ്രവാചകന്മാരുടെ സ്വഭാവം. പ്രവാചകന്മാരിലെ പ്രഭാഷകനായ ശുഐബ് നബിയുടെ അരുളപ്പാടിനെക്കുറിച്ച് റബ്ബ് جل وعلا പറയുന്നത് കാണുക:

وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ

‘നിങ്ങളെ ഞാൻ ഏതൊന്നിൽ നിന്ന് വിലക്കുന്നുവോ അത് ഞാൻ തന്നെ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് സാധ്യമായത്ര നന്മവരുത്താനല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് (അതിന്) അനുഗ്രഹം നൽകുന്നത് അല്ലാഹു മാത്രമാകുന്നു.’¹²

തങ്ങളുടെ വാക്കുകളെ പ്രവർത്തികളിലൂടെ സത്യപ്പെടുത്താൻ അല്ലാഹു جل وعلا ദാസന്മാരോട് കൽപ്പിച്ചിരിക്കുന്നു. കർമ്മങ്ങളിൽ കള്ളം കാണിക്കുന്നതുപോലെ തന്നെ വാക്കുകളിൽ കള്ളം പറയുന്നതും അല്ലാഹു കർശനമായി വിലക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ

‘സത്യവിശ്വാസികളേ, നിങ്ങൾ ചെയ്യാത്തതെന്തിനാണ് നിങ്ങൾ പറയുന്നത്‌? നിങ്ങൾ ചെയ്യാത്തത് പറയുക എന്നത് അല്ലാഹുവിങ്കൽ വലിയ കോപത്തിന് കാരണമായിരിക്കുന്നു.’¹³

ഇവിടെ ‘മഖ്ത്’ എന്നാൽ കഠിനമായ കോപം എന്നാണ് അർത്ഥം. അറിവുണ്ടായിരിക്കുകയും പറയുകയും എന്നാൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവരോട് അല്ലാഹു جل وعلا കഠിനമായി കോപിക്കുന്നുവെങ്കിൽ, നമ്മുടെ പ്രബോധനമോ കൽപ്പിക്കലോ വിരോധിക്കലോ ശരിയാകുമെന്ന് നാം എങ്ങനെ പ്രതീക്ഷിക്കും? ആ പരീക്ഷണം നമ്മിൽ നിന്നുതന്നെയാണ്. അത് നമ്മിൽ തന്നെയാണ്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ പാപങ്ങളെയും അല്ലാഹുവിനറിയാവുന്ന നമ്മുടെ ധിക്കാരങ്ങളെയും അല്ലാഹു جل وعلا വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തുതരികയും ചെയ്യട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു.

നാലാമത്തെ മര്യാദ: കാരുണ്യവും വിട്ടുവീഴ്ചയും (റഹ്‌മത്തും രിഫ്‌ഖും)

പ്രബോധകൻ കരുണയുള്ളവനും വിട്ടുവീഴ്ചയുള്ളവനും മൃദുലമായി പെരുമാറുന്നവനുമായിരിക്കുക എന്നത് പ്രധാന മര്യാദയാണ്. ഇഖ്‌ലാസിൻ്റെയും അല്ലാഹുവിന് മാത്രമായി സമർപ്പിക്കുന്നതിൻ്റെയും ഫലമാണ് കാരുണ്യവും വിട്ടുവീഴ്ചയും മൃദുലതയുമെല്ലാം. ദഅ്‌വത്തിലും, കൽപിക്കുന്നതിലും വിരോധിക്കുന്നതിലും അല്ലാഹുവിന് വേണ്ടി പൂർണ്ണമായും ഒഴിഞ്ഞുനിൽക്കുകയും ആത്മാർത്ഥത (ഇഖ്‌ലാസ്) കാണിക്കുകയും ചെയ്താൽ അവൻ തീർച്ചയായും കരുണയും വിട്ടുവീഴ്ചയും മൃദുലതയുമുള്ളവനായിത്തീരും. മൂസാ നബിയോടും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനോടും കൽപിച്ചുകൊണ്ട് അല്ലാഹു جل وعلا പറയുന്നു:

فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ

‘എന്നിട്ട് നിങ്ങൾ അവനോട് മയമുള്ള വാക്ക് പറയുക. അവൻ ഒരു വേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടേക്കാം.’¹⁴

തൻ്റെ നബിയെക്കുറിച്ച് വർണ്ണിച്ചുകൊണ്ട് അല്ലാഹു جل وعلا പറയുന്നു:

لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ

‘തീർച്ചയായും നിങ്ങൾക്ക് നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ ബുദ്ധിമുട്ടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.’¹⁵

മുസ്തഫയായ നബി ﷺ സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമായിരുന്നുവെങ്കിൽ, നാം അവിടുത്തെ മാതൃകയാക്കേണ്ടതല്ലേ?

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا

‘തീർച്ചയായും അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്.’¹⁶

സ്വഹീഹുൽ ബുഖാരിയിലുള്ള ഹദീസിൽ മുസ്തഫയായ നബി ﷺ പറയുന്നു:

إِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ

‘തൻ്റെ ദാസന്മാരിൽ നിന്ന് കരുണ കാണിക്കുന്നവരോട് മാത്രമേ അല്ലാഹു കരുണ കാണിക്കുകയുള്ളൂ.’¹⁷

സുനനുകളിലുള്ള മറ്റൊരു ഹദീസിൽ കാണാം:

الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ، ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

‘കരുണ കാണിക്കുന്നവരോട് പരമകാരുണികൻ കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക; എങ്കിൽ ഉപരിലോകത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.’¹⁸

കാരുണ്യം അനിവാര്യമാണ്; നീ ആരെയാണോ ക്ഷണിക്കുന്നത് അവനോട് നീ കരുണയുള്ളവനാകണം. എന്താണ് നിനക്ക് വേണ്ടത്? അവൻ സന്മാർഗ്ഗം പ്രാപിക്കണമെന്നല്ലേ? അവൻ്റെ അവസ്ഥ നന്നാകണമെന്നല്ലേ? അവൻ്റെ കാര്യങ്ങളും ഹൃദയവുമൊക്കെ നേരെയാകണം എന്നല്ലേ നീ ആഗ്രഹിക്കുന്നത്? എങ്കിൽ പിന്നെ എന്തുകൊണ്ട് നിനക്ക് അവനോട് കരുണ കാണിച്ചുകൂടാ? അനുയോജ്യമല്ലാത്ത ഇടങ്ങളിൽ എന്തിനാണ് ഈ പരുഷതയും കഠിനഹൃദയവും കാണിക്കുന്നത്?

ആയിശ رَضِيَ اللَّهُ عَنْهَا നിവേദനം ചെയ്ത ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിൽ മുസ്തഫയായ നബി ﷺ പറയുന്നു:

يَا عَائِشَةُ، إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ

‘ഓ ആയിശാ, വിട്ടുവീഴ്ച (രിഫ്‌ഖ്) ഏതൊരു കാര്യത്തിലുണ്ടെങ്കിലും അതതിനെ അലങ്കരിക്കാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെട്ടാലും അതതിനെ വിരൂപമാക്കാതിരിക്കുകയുമില്ല.’¹⁹

ഏതൊരു കാര്യത്തിലും വിട്ടുവീഴ്ച അതിനെ അലങ്കാരമുള്ളതാക്കും; അത് ഊരിയെടുക്കപ്പെട്ടാൽ അതിനെ വിരൂപമാക്കുകയും ചെയ്യും. ദഅ്‌വത്തും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലുമെല്ലാം അതിൽ പെട്ടതാണ്; അതിനാൽ വിട്ടുവീഴ്ച അനിവാര്യമാണ്. പരുഷത ആക്ഷേപിക്കപ്പെട്ടതാണ്; അല്ലാഹു جل وعلا പറയുന്നു:

فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ

‘അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റുനിന്നും അവർ പിരിഞ്ഞുപോകുമായിരുന്നു.’²⁰

പണ്ഡിതന്മാർ ഈ വചനത്തെ വിശദീകരിച്ച് പറയുന്നു: ‘അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്’ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇതിലെ ‘മ’ (ما) എന്ന അക്ഷരം വാചകത്തെ കൂടുതൽ ശക്തിപ്പെടുത്താനായി വന്നതാണ്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നബി ﷺ കാരുണ്യത്താൽ അവരോട് സൗമ്യമായി പെരുമാറിയത്? ഹാറൂൻ അർ-റഷീദ് رَحِمَهُ اللَّهُ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ ഒരാൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞു: “ഓ ഹാറൂൻ, ഞാൻ താങ്കളോട് ചില കാര്യങ്ങൾ സംസാരിക്കുകയും അതിൽ കാർക്കശ്യം കാണിക്കുകയും ചെയ്യും; ഞാൻ താങ്കളെ ഉപദേശിക്കുകയും അതിൽ പരുഷത കാണിക്കുകയും ചെയ്യും.” അപ്പോൾ ഹാറൂൻ അർ-റഷീദ് മറുപടി നൽകി: “ഓ മനുഷ്യാ, നിൻ്റെ സംസാരം കേൾക്കാൻ എനിക്ക് താല്പര്യമില്ല. കാരണം ഞാൻ ഫിർഔനിനേക്കാൾ വലിയ ദുഷ്ടനല്ല; നീ മൂസായേക്കാൾ വലിയ ഉത്തമനുമല്ല. മൂസാനബിയോട് ഫിർഔനിൻ്റെ അടുത്ത് പോയി മൃദുവായ വാക്കുകൾ പറയാനാണ് അല്ലാഹു جل وعلا കൽപ്പിച്ചത്.” അതിനാൽ തുടക്കത്തിൽ തന്നെ മൃദുവായ സംസാരം അനിവാര്യമാണ്, കാരുണ്യം അനിവാര്യമാണ്. എന്നാൽ അവൻ്റെ ധിക്കാരം പ്രകടമാവുകയും, അവൻ പിടിവാശിക്കാരനാണെന്നും, നന്മക്കും ഇസ്‌ലാമിനും അവൻ ഒരു തിന്മയാണെന്നും വ്യക്തമാവുകയും, അല്ലാഹുവിൻ്റെ ആയത്തുകളെ പരിഹസിക്കുന്നവനാണ് അവനെന്ന് ബോധ്യപ്പെടുകയും ചെയ്താൽ പിന്നീട് അവന് യാതൊരു ആദരവുമില്ല. അങ്ങനെയുള്ളവരെ മാറ്റിനിർത്തണമെന്നാണ് ‘വലാഉം ബറാഉം’ (സ്നേഹവും ശത്രുതയും) ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് മൂസാ നബി ദഅ്‌വത്തിൻ്റെ ആദ്യഘട്ടത്തിൽ ഫിർഔനോട് മൃദുവായ വാക്കുകൾ പറഞ്ഞത്; എന്നാൽ അവൻ്റെ ധിക്കാരം പ്രകടമായപ്പോൾ മൂസാ നബി അവനോട് എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞു:

وَإِنِّي لَأَظُنُّكَ يَا فِرْعَوْنُ مَثْبُورًا

‘ഹേ ഫിർഔൻ, തീർച്ചയായും നീ നാശമടഞ്ഞവനാണെന്നാണ് ഞാൻ വിചാരിക്കുന്നത്.’²¹

ഇവിടെ പ്രതാപവും കരുത്തും പ്രകടമായി. എന്നാൽ അത് തുടക്കത്തിലായിരുന്നില്ല. അത് എല്ലാവരോടുമില്ല; മറിച്ച് ആരോടാണോ ശത്രുത പ്രകടമായത് അവരോട് മാത്രമാണ്. അതുകൊണ്ട് തന്നെ നീ ആരിലേക്കാണോ ക്ഷണിക്കുന്നത്, ആരോടാണോ കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നത് അവരോട് നീ വിട്ടുവീഴ്ചയുള്ളവനും കാരുണ്യമുള്ളവനും മൃദുലമായി പെരുമാറുന്നവനുമായിരിക്കണം. കാരുണ്യം പൂർണ്ണമായും നന്മയാണ്; വിട്ടുവീഴ്ച പൂർണ്ണമായും നന്മയാണ്.

കാരുണ്യത്തിൻ്റെയും വിട്ടുവീഴ്ചയുടെയും ഭാഗമാണ് ആരുടെ നന്മയാണോ നീ ആഗ്രഹിക്കുന്നത് അയാൾക്ക് വേണ്ടി ധാരാളമായി പ്രാർത്ഥിക്കുക എന്നത്. നാം പലപ്പോഴും നഷ്ടപ്പെടുത്തുന്ന ഒന്നായതുകൊണ്ടാണ് ഈ വിഷയം ഞാൻ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്. ആളുകൾ കൽപ്പിക്കുകയും വിരോധിക്കുകയും ക്ഷണിക്കുകയും ചെയ്യും, എന്നാൽ ഈ ക്ഷണിക്കപ്പെടുന്ന വ്യക്തിയുടെ കൈപിടിച്ച് സന്മാർഗ്ഗത്തിലാക്കാൻ രഹസ്യമായി അവർ അല്ലാഹുവിനോട് جل وعلا പ്രാർത്ഥിക്കുകയില്ല. ഒരാൾ സദസ്സുകളിൽ വന്ന് തൻ്റെ പിതാവിൻ്റെ അവസ്ഥകളെക്കുറിച്ചോ, അല്ലെങ്കിൽ ഒരു പിതാവ് വന്ന് തൻ്റെ മകൻ്റെ വഴിപിഴവിനെയും ദുഷ്ചെയ്തികളെയും കുറിച്ചോ പരാതി പറയും. മറ്റുള്ളവരെക്കൊണ്ട് അവനെ ഉപദേശിപ്പിക്കുകയും വിരോധിക്കുകയും ചെയ്യും; എന്നാൽ കാരുണ്യത്തിൻ്റെ വാതിലുകൾ അവൻ മുട്ടിയിട്ടില്ല! അവൻ്റെ സംസാരത്തിലൂടെ ആ മകന് പ്രയോജനം ലഭിക്കാൻ വേണ്ടി ഹൃദയങ്ങൾ ആരുടെ കയ്യിലാണോ അവൻ്റെ വാതിലുകൾ അവൻ മുട്ടിയിട്ടില്ല. ദഅ്‌വത്ത് നടത്തുമ്പോൾ കാരുണ്യവും വിട്ടുവീഴ്ചയും അനിവാര്യമാണ്; ഒപ്പം അവൻ്റെ അവസ്ഥകൾ നന്നാകാൻ അല്ലാഹുവിനോട് جل وعلا പ്രാർത്ഥിക്കുകയും വേണം.

ഒരാൾ തൻ്റെ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്: വിട്ടുവീഴ്ചയുടെയും മൃദുലതയുടെയും കാരുണ്യത്തിൻ്റെയും ഫലമായി ഒരാൾ കേട്ട നല്ല വാക്കുകൾ കാരണം സന്മാർഗ്ഗത്തിലാവുകയും നേർവഴിയിലാവുകയും ചെയ്തു. അദ്ദേഹം പറയുന്നു: “ഒരാൾ പള്ളിയിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു; ഞങ്ങൾ ഒരു കൂട്ടം ആളുകൾ ഇരിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങളെ ഉപദേശിക്കുകയും വളരെ നല്ല രൂപത്തിൽ നമസ്കരിക്കാൻ കൽപ്പിക്കുകയും ചെയ്തു. ഞാനും എൻ്റെ കൂട്ടുകാരനുമൊഴികെ ബാക്കിയെല്ലാവരും അദ്ദേഹത്തെ പരിഹസിക്കാൻ തുടങ്ങി. അവർ അദ്ദേഹത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു; എന്നാൽ അദ്ദേഹം ആ പറഞ്ഞ വാക്കുകൾ ആവർത്തിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല.” അദ്ദേഹം സ്വന്തത്തിലേക്കായിരുന്നു ക്ഷണിച്ചിരുന്നതെങ്കിൽ അവർ പരിഹസിച്ചപ്പോൾ സ്വന്തത്തിന് വേണ്ടി കോപിക്കുമായിരുന്നു. എന്നാൽ അദ്ദേഹം ആർക്ക് വേണ്ടിയാണ് ക്ഷണിക്കുന്നത്? അല്ലാഹുവിന് جل وعلا വേണ്ടിയാണ്. അതിനാൽ അദ്ദേഹം ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്തു. അവർ പരിഹാസം ആവർത്തിച്ചുകൊണ്ടിരുന്നു; എന്നാൽ അദ്ദേഹമാകട്ടെ ക്ഷമയോടെ മൃദുവായും വിട്ടുവീഴ്ചയോടെയുമാണ് അവരോട് സംസാരിച്ചത്. ആ വ്യക്തി പറയുന്നു: “പിന്നീട് അദ്ദേഹം തിരിച്ചുപോയി; ഞാനും എൻ്റെ കൂട്ടുകാരനും അദ്ദേഹത്തിൻ്റെ പിന്നാലെ ചെന്നു.” സൽസ്വഭാവവും മര്യാദയുമുള്ളവരായിരുന്നു ഇവർ രണ്ടുപേരും. “മറ്റുള്ളവർ ചെയ്ത പ്രവൃത്തിക്ക് ഞങ്ങൾ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. അപ്പോൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞു: അവർ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് വല്ല ദുഃഖമോ വിഷമമോ ഉണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല, കാരണം ഞാൻ പറഞ്ഞ വാക്കുകളിൽ ഞാൻ പ്രതിഫലം കാംക്ഷിച്ചിരുന്നു; ഞാൻ മൗനം പാലിച്ചപ്പോഴും പ്രതിഫലം കാംക്ഷിച്ചിരുന്നു; ഞാൻ സംസാരിക്കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്തപ്പോഴും പ്രതിഫലം കാംക്ഷിച്ചു. പിന്നെന്തിന് ഞാൻ ദുഃഖിക്കണം? അവരെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല. അവർ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃപ്രയാസപ്പെടുകയും വേണ്ട.” ആ വ്യക്തി പറയുന്നു: “ആ വാക്കുകൾ എൻ്റെ മനസ്സിൽ വലിയ മാറ്റമുണ്ടാക്കി; അദ്ദേഹം ആദ്യം പറഞ്ഞ ഉപദേശത്തേക്കാൾ വലിയ സ്വാധീനം അത് എന്നിലുണ്ടാക്കി.”

പള്ളിയിൽ തീരെ വരാതിരുന്ന ഒരാൾ പിന്നീട് സ്ഥിരമായി പള്ളിയിൽ വരുന്നവനായി മാറിയതിന് ശേഷം എന്നോട് പറഞ്ഞ സംഭവമാണിത്. കാരുണ്യത്തിനും അനുകമ്പക്കും വലിയ സ്വാധീനമുണ്ട്. നീ എങ്ങനെയാണ് ആളുകൾക്ക് ഉപകാരം ചെയ്യുന്നത്? അവരെ ഭരിക്കാൻ ശ്രമിച്ചുകൊണ്ടാണോ? അല്ല. സ്വന്തം വീടിനുള്ളിൽ, നിൻ്റെ സ്വന്തം രക്തത്തിൽ പിറന്ന, നീ പോറ്റിവളർത്തിയ നിൻ്റെ മകനോട് നീ പരുഷമായി പെരുമാറിയാൽ അവനത് ഇഷ്ടപ്പെടില്ല. അപ്പോൾ മറ്റ് ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?

അഞ്ചാമത്തെ മര്യാദ: യുക്തി (ഹിക്മത്ത്)

അഞ്ചാമത്തെ മര്യാദ യുക്തിയാണ് (ഹിക്മത്ത്). അല്ലാഹു جل وعلا പറയുന്നു:

يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا

‘താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു തത്വജ്ഞാനം (യുക്തി) നൽകുന്നു. ഏതൊരാൾക്ക് തത്വജ്ഞാനം നൽകപ്പെടുന്നുവോ അവന് (അതുവഴി) അത്യധികമായ നേട്ടമാണ് നൽകപ്പെട്ടിരിക്കുന്നത്.’²²

ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ

‘യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയിലായിരിക്കണം അവരോട് നീ സംവാദം നടത്തേണ്ടത്.’²³

ഹിക്മത്ത് ആവശ്യമാണ്; എന്നാൽ എന്താണ് ഈ ഹിക്മത്ത്? പലർക്കും ഹിക്മത്തിൻ്റെ യഥാർത്ഥ അർത്ഥം അറിയില്ല. ഹിക്മത്ത് എന്നാൽ ഓരോ കാര്യങ്ങളെയും അതിനർഹമായ സ്ഥാനങ്ങളിൽ വെക്കുക എന്നതാണ്. ഒരു കാര്യത്തെ അതിൻ്റെ സ്ഥാനത്ത് വെക്കുക; നന്മ കൽപ്പിക്കലിനെ അതിൻ്റെ സ്ഥാനത്തും അത് ആവശ്യമുള്ള സമയത്തും വെക്കുക. വിരോധിക്കലിനെ അതിൻ്റെ സ്ഥാനത്ത് വെക്കുക, ദഅ്‌വത്തിനെ അതിൻ്റെ സ്ഥാനത്ത് വെക്കുക. ഇതാണ് ദഅ്‌വത്തിൻ്റെ കാര്യത്തിൽ ഹിക്മത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ പ്രബോധകൻ തീർച്ചയായും ഹിക്മത്തുള്ളവനായിരിക്കണം. അവൻ എങ്ങനെയാണ് ഹിക്മത്തുള്ളവനാകുക?

  • ഒന്നാമതായി: പ്രബോധനത്തിന്റെ (ദഅ്‌വത്തിന്റെ) പടവുകളെക്കുറിച്ച് അറിവുള്ളവനായിരിക്കുക. ദഅ്‌വത്തിന് പല പടവുകളുണ്ട്.
  • രണ്ടാമതായി: പ്രബോധനം ചെയ്യപ്പെടുന്നവരുടെ (മദ്ഊവുകളുടെ) നിലവാരങ്ങളെക്കുറിച്ച് അറിവുള്ളവനായിരിക്കുക.
  • മൂന്നാമതായി: താൻ കൽപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങളുടെയും വിരോധിക്കുന്ന കാര്യങ്ങളുടെയും പദവികളെക്കുറിച്ച് അറിവുള്ളവനായിരിക്കുക.
  • നാലാമതായി: മസ്വ്‌ലഹത്തുകളെയും (നന്മകളും പ്രയോജനങ്ങളും) മഫ്‌സദത്തുകളെയും (തിന്മകളും ഉപദ്രവങ്ങളും) കുറിച്ച് വ്യക്തമായ അറിവുള്ളവനായിരിക്കുക.

ഒരാൾ അപ്രകാരമായിരുന്നാൽ അവൻ്റെ ദഅ്‌വത്ത് വലിയ ഫലം നൽകുന്നതാണ്. ഇതിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാൽ അവൻ്റെ ദഅ്‌വത്തിൻ്റെ വിജയത്തിൽ അത്രത്തോളം കുറവ് സംഭവിക്കും.

ഒന്നാമത്തെ കാര്യം: ദഅ്‌വത്തിന്റെ പടവുകളെക്കുറിച്ച് അറിവുള്ളവനായിരിക്കുക. ദഅ്‌വത്തിന്റെ പടവുകളെ അല്ലാഹുവും അവൻ്റെ നബിയും ﷺ വ്യക്തമാക്കിത്തന്നിട്ടുണ്ട്. മുത്തഫഖുൻ അലൈഹിയായ (ബുഖാരിയും മുസ്‌ലിമും ഏകോപിച്ച) ഇബ്നു അബ്ബാസിൻ്റെ ഹദീസിൽ, നബി ﷺ മുആദിനെ യമനിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തോട് എന്താണ് പറഞ്ഞത്? അവിടുന്ന് പറഞ്ഞു:

إِنَّكَ تَأْتِي قَوْمًا أَهْلَ كِتَابٍ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ أَنْ يُوَحِّدُوا اللَّهَ

“നീ വേദക്കാരായ ഒരു ജനതയിലേക്കാണ് പോകുന്നത്. അതിനാൽ നീ അവരെ ആദ്യമായി ക്ഷണിക്കുന്നത് അല്ലാഹുവിനെ ഏകനാക്കാൻ (തൗഹീദിലേക്ക്) ആയിരിക്കണം. (മറ്റൊരു നിവേദനത്തിൽ: ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ റസൂലാണെന്നും അവർ സാക്ഷ്യം വഹിക്കാനായിരിക്കണം’). അവർ അതിനു ഉത്തരം നൽകിയാൽ, രാപ്പകലുകളിലായി അഞ്ച് നേരം നമസ്കാരം അല്ലാഹു അവർക്ക് നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. അതിനും അവർ ഉത്തരം നൽകിയാൽ, അവരിലെ സമ്പന്നരിൽ നിന്ന് സ്വീകരിച്ച് ദരിദ്രർക്ക് നൽകപ്പെടുന്ന സകാത്ത് അവരുടെ സമ്പത്തിൽ അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക…”²⁴

ഈ ഹദീസ് ദഅ്‌വത്തിന്റെ പടവുകളെ വ്യക്തമാക്കുന്നു. നീ ഹിക്മത്തുള്ളവനായിരിക്കണം, ദഅ്‌വത്തിന്റെ പടവുകൾ നീ അറിഞ്ഞിരിക്കണം. എന്താണ് ഇതിനർത്ഥം? എന്താണ് ഇതിനൊരു ഉദാഹരണം? ഒരാൾ വന്ന് പറയുന്നു: “എൻ്റെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു ജോലിക്കാരനുണ്ട്.” അൽഹംദുലില്ലാഹ്, അതൊരു നല്ല കാര്യമാണ്; സന്തോഷം നൽകുന്ന കാര്യമാണ്. അപ്പോൾ അയാൾ ചോദിക്കുന്നു: “നീ അവനെ എന്താണ് പഠിപ്പിച്ചത്?” അവൻ പറയുന്നു: “ഞാൻ അവനെ എങ്ങനെയാണ് നമസ്കരിക്കേണ്ടത് എന്ന് പഠിപ്പിച്ചു.” സുബ്ഹാനല്ലാഹ്! അവൻ ക്രിസ്ത്യാനിയാണോ, അതോ മജൂസിയാണോ, അതോ ഹിന്ദുവാണോ, എന്താണ് അവൻ്റെ അവസ്ഥ? നീ അവനെ നമസ്കാരം പഠിപ്പിക്കുകയാണോ? എവിടെയാണ് തൗഹീദ്? ഇത് ജനങ്ങൾക്കിടയിൽ വ്യാപകമായി കാണാം; ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ അവർ നമസ്കാരം പഠിപ്പിക്കും. ഒരാൾ ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ, അവനെ നമസ്കാരം പഠിപ്പിക്കുകയോ, ദീനിലെ നിഷിദ്ധമായതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഇന്നത് ചെയ്യരുത് ഇന്നത് ചെയ്യണം എന്ന് പറയുകയോ ചെയ്യുന്നു. ദീനിൻ്റെ അടിസ്ഥാനമായ തൗഹീദോ, അല്ലാഹുവിലുള്ള വിശ്വാസമോ, ത്വാഗൂത്തുകളോടുള്ള അവിശ്വാസമോ അവന് പറഞ്ഞുകൊടുക്കുന്നില്ല! അതാണ് ദീനിൻ്റെ അടിസ്ഥാനം. അതിനാൽ അവന് ഹിക്മത്ത് നഷ്ടപ്പെട്ടു; മറിച്ച് എന്തിലേക്കാണോ ക്ഷണിക്കേണ്ടത് അത് തന്നെ അവന് നഷ്ടപ്പെട്ടുപോയി. ദഅ്‌വത്തിന്റെ പടവുകളെക്കുറിച്ച് അവന് അറിയില്ല. നീ ആദ്യമായി ക്ഷണിക്കേണ്ടത് തൗഹീദിലേക്കാണ്, അല്ലാഹുവിന് മാത്രമായി കർമ്മങ്ങൾ നിഷ്കളങ്കമാക്കുന്നതിലേക്കാണ്. ഈ വ്യക്തിക്ക് തൻ്റെ മേൽ അല്ലാഹുവിനുള്ള جل وعلا അവകാശങ്ങൾ നീ വിവരിച്ചുകൊടുക്കണം. കാരണം, ദാസന്മാർ തങ്ങളുടെ മേൽ അല്ലാഹുവിനുള്ള അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ അവരുടെ അവസ്ഥകൾ നേരെയാകും. ഒരു വ്യക്തി ഇസ്‌ലാം സ്വീകരിച്ച് അല്ലാഹുവിൻ്റെ ദീനിൽ പ്രവേശിച്ചാൽ, ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്’ എന്ന് പറഞ്ഞതിൻ്റെ ഫലമായി അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ അവൻ സ്വർഗ്ഗത്തിന് അർഹനായിത്തീരും. ഒരു റക്അത്ത് പോലും നമസ്കരിക്കാതെ ഒരാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടുണ്ട്; കാരണം അദ്ദേഹം ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്’ എന്ന് പറയുകയും പിന്നീട് നമസ്കാരത്തിൻ്റെ സമയം വരുന്നതിന് മുൻപായി യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അപ്പോൾ തൗഹീദ് തന്നെയാണ് ഏറ്റവും മഹത്തായ കാര്യം. മുആദിൻ്റെ ഹദീസ് ഇക്കാര്യം വളരെ വ്യക്തമായി അറിയിക്കുന്നു; അതിനാൽ ഇതിനെക്കുറിച്ച് നല്ല ശ്രദ്ധയുണ്ടാവണം.

ഇതാണ് ദഅ്‌വത്തിന്റെ പടവുകൾ. സകാത്ത് നൽകാത്ത ഒരാൾ; നീ അവൻ്റെ അടുത്ത് ചെന്ന് സ്വദഖ (ദാനം) നൽകാൻ കൽപ്പിക്കുന്നു. അവൻ അടിസ്ഥാനപരമായി സകാത്ത് നൽകാത്തവനാണ്, എന്നിട്ട് എങ്ങനെയാണ് നീ അവനോട് സ്വദഖ കൽപ്പിക്കുന്നത്? അല്ലാഹു നിർബന്ധമാക്കിയ സകാത്തിനെക്കുറിച്ച് നീ അവനെ ആദ്യം പഠിപ്പിക്കുക. അതുപോലെ, നമസ്കരിക്കാത്ത ഒരാൾ; നീ അവനോട് പള്ളിയിൽ വന്ന് നമസ്കരിക്കാൻ പറയുന്നു. എന്നാൽ വെള്ളിയാഴ്ച മാത്രമേ അവനെ പള്ളിയിൽ കാണാറുള്ളൂ, അല്ലെങ്കിൽ അവൻ തീരെ നമസ്കരിക്കാത്തവനാണ്. എന്നിട്ട് നീ അവൻ്റെ അടുത്ത് ചെന്ന് വിത്ർ നമസ്കാരത്തിൻ്റെ നിർബന്ധത്തെക്കുറിച്ചോ അല്ലെങ്കിൽ രാത്രി നമസ്കാരത്തെക്കുറിച്ചോ (ഖിയാമുല്ലൈൽ) സംസാരിക്കുന്നു! ഇതെന്ത് വർത്തമാനമാണ്? തീരെ ഖുർആൻ ഓതാത്ത, അല്ലെങ്കിൽ റമദാൻ മുതൽ റമദാൻ വരെ മാത്രം ഖുർആൻ ഓതുന്ന ഒരാളോട് നീ ചെന്ന് പറയുന്നു: “എല്ലാ ദിവസവും നീ കുറച്ച് ഖുർആൻ പാരായണം ചെയ്യുകയും എല്ലാ മാസവും അത് പൂർത്തിയാക്കുകയും വേണം.” ഇതെങ്ങനെ ശരിയാകും? അതുകൊണ്ട് ദഅ്‌വത്തിന്റെ പടവുകൾ നീ നിർബന്ധമായും അറിഞ്ഞിരിക്കണം. വളരെ സാവധാനം ഘട്ടം ഘട്ടമായാണ് ഇതിലേക്ക് മാറ്റേണ്ടത്; അവനെ ഏറ്റവും നല്ലതിലേക്ക് മാറ്റിയെടുക്കണം.

ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ തൻ്റെ ‘ഇഅ്‌ലാമുൽ മുവഖിഈൻ അൻ റബ്ബിൽ ആലമീൻ’ എന്ന ഗ്രന്ഥത്തിൽ ഇതിനൊരു ഉദാഹരണം നൽകിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: ചെസ്സ് കളിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ അടുത്തേക്ക് നീ ചെന്നാൽ, അവരെ അതിൽ നിന്ന് വിലക്കാനും, ഒപ്പം അവരെ അതിനേക്കാൾ നല്ലൊരു കാര്യത്തിലേക്ക് – അതായത് ഒരു നല്ല സദസ്സിലേക്കോ, അല്ലെങ്കിൽ ദിക്റിൻ്റെ സദസ്സിലേക്കോ, അല്ലെങ്കിൽ അനുഗൃഹീതമായ ഒരു കൂട്ടായ്മയിലേക്കോ, അല്ലെങ്കിൽ കുടുംബബന്ധം ചേർക്കുന്നതിലേക്കോ – മാറ്റിയെടുക്കാൻ നിനക്ക് കഴിഞ്ഞാൽ; ഈ തിന്മയിൽ നിന്ന് അവരെ വിലക്കുകയും അതിനേക്കാൾ ഉത്തമമായതിലേക്ക് അവരെ മാറ്റുകയും ചെയ്യുന്നത് ഹിക്മത്തിൻ്റെയും നന്മയുടെയും ഭാഗമാണ്. എന്നാൽ, അവർ വളരെ മോശം സ്വഭാവമുള്ള ചെറുപ്പക്കാരാണെങ്കിൽ, അവരുടെ മനസ്സുകളിൽ തിന്മയും ഫിസ്ഖും നിറഞ്ഞിട്ടുണ്ടെങ്കിൽ; ചെസ്സ് കളിയിൽ നിന്ന് അവരെ നീ വിലക്കുമ്പോൾ അവർ പിന്നീട് മുസ്‌ലിംകളുടെ അഭിമാനങ്ങളെ ചോദ്യം ചെയ്യുന്ന മറ്റ് തിന്മകളിലേക്ക് (സ്ത്രീകളെ ശല്യം ചെയ്യുക പോലുള്ളവ) കടക്കുമെങ്കിൽ, ചെസ്സ് കളിയിൽ നിന്നുള്ള നിൻ്റെ വിലക്കൽ തന്നെ വിരോധിക്കപ്പെടേണ്ട ഒന്നാണ്. അതായത്, അത് യുക്തിക്ക് നിരക്കാത്തതാണ്. നീ ആഗ്രഹിക്കുന്നത് അവരുടെ നന്മയാണ്, അവരുടെ പരിഷ്കരണമാണ്; അതിനാൽ അവരെ അതിനേക്കാൾ നല്ലൊരു കാര്യത്തിലേക്ക് നീ മാറ്റേണ്ടതുണ്ട്. അവർ ഇപ്പോൾ ചെയ്യുന്നതിനേക്കാൾ വലിയൊരു തിന്മയിലേക്ക് അവർ പോകുമെങ്കിൽ, അവരെ അതിനേക്കാൾ നല്ലതിലേക്ക് മാറ്റാൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ; നല്ല രൂപത്തിൽ മാറ്റിയെടുക്കാൻ അറിയുന്ന ആരെങ്കിലും വരുന്നത് വരെ നീ നിശ്ശബ്ദത പാലിക്കണം. അല്ലെങ്കിൽ അവരെ എങ്ങനെ അതിൽ നിന്ന് മാറ്റാമെന്ന് നീ പഠിക്കണം; അവരോട് സ്നേഹം പ്രകടിപ്പിക്കുകയും അവരുമായി അടുക്കുകയും വേണം. അപ്പോൾ ദഅ്‌വത്തിന്റെ പടവുകൾ അറിഞ്ഞിരിക്കൽ അനിവാര്യമാണ്.

രണ്ടാമത്തെ കാര്യം: പ്രബോധനം ചെയ്യപ്പെടുന്നവരുടെ (മദ്ഊവുകളുടെ) പടവുകൾ. ആളുകൾ വിവിധ പദവികളിലുള്ളവരാണ്, അങ്ങനെയല്ലേ? അവരിൽ ഭരണാധികാരികളുണ്ട്. നിൻ്റെ മകനോടോ നിൻ്റെ വീട്ടിലെ ചെറിയ കുട്ടിയോടോ സംസാരിക്കുന്നത് പോലെയാണോ നീ ഒരു ഭരണാധികാരിയോട് സംസാരിക്കുക? ഇത് എൻ്റെ അന്തസ്സും പ്രതാപവുമാണെന്ന് കരുതി നീ ഭരണാധികാരിയോട് പരുഷമായി സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യുമോ? ഒരിക്കലുമില്ല. ഇത് യാതൊരു നിലക്കും യുക്തിയല്ല (ഹിക്മത്തല്ല). കാരണം നിൻ്റെ ലക്ഷ്യം അവർക്ക് പ്രയോജനം ഉണ്ടാകുക എന്നതാണ്; പ്രയോജനം ലഭിക്കാനുള്ള ഏത് മാർഗ്ഗവും നീ സ്വീകരിക്കണം. ഒരാളെക്കുറിച്ച് ‘അദ്ദേഹം ധീരനാണ്, അദ്ദേഹം ശക്തനായ വ്യക്തിയാണ്, അദ്ദേഹം ആരെയും ഭയപ്പെടുന്നില്ല, അദ്ദേഹത്തിന് ആ ഗുണങ്ങളൊക്കെയുണ്ട്’ എന്നൊക്കെ പറയപ്പെടലല്ല ലക്ഷ്യം. നീ സംസാരിച്ചത് മൂലം യാതൊരു ഉപകാരവുമുണ്ടായില്ല എന്ന് മാത്രമല്ല, അത് തിന്മ വർദ്ധിപ്പിക്കാനേ കാരണമായുള്ളൂ എങ്കിലോ? തീർച്ചയായും ഇത് വലിയ അബദ്ധമാണ്. അതിനാൽ ആളുകളുടെ പദവികൾ നീ തിരിച്ചറിയണം; ഭരണാധികാരികളോട്, പണ്ഡിതന്മാരോട് എങ്ങനെ സംസാരിക്കണമെന്ന് നീ അറിഞ്ഞിരിക്കണം. ചിലപ്പോൾ ഒരു പണ്ഡിതന് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടാകാം; അപ്പോൾ നീ ചെന്ന് ‘അല്ലാഹുവെ ഭയപ്പെടുക, താങ്കളുടെ വസ്ത്രത്തിൽ അങ്ങനെയുണ്ട്, അല്ലെങ്കിൽ താങ്കൾ അങ്ങനെയൊക്കെയാണ്’ എന്നൊക്കെ വളരെ പരുഷമായ വാക്കുകളിൽ പറഞ്ഞാൽ, ഒരു പണ്ഡിതനെ ഈ രൂപത്തിലല്ല ഉപദേശിക്കേണ്ടതും പ്രബോധനം ചെയ്യേണ്ടതും. മറിച്ച് വളരെ നല്ല ശൈലിയിലാണ് അവരെ ക്ഷണിക്കേണ്ടത്; ഖുർആനിലെ ഒരു വചനം ഓർമ്മിപ്പിച്ചാൽ തന്നെ അതിൻ്റെ വിശദീകരണം അറിയുന്ന അവർക്ക് ഉദ്ദേശ്യം മനസ്സിലാകും. അല്ലാഹു അവരെ നേർവഴിയിലാക്കിയാൽ അത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അജ്ഞനായ ഒരാളോടോ അല്ലെങ്കിൽ നിൻ്റെ കീഴിലുള്ള ഒരാളോടോ കാണിക്കുന്ന കാർക്കശ്യം പണ്ഡിതന്മാരോട് കാണിക്കാൻ പാടില്ല; മറിച്ച് അതൊരു ചെറിയ സൂചനയായി മാത്രം നൽകണം. ഒരു ചെറിയ കുട്ടിയെ നന്മയിലേക്ക് ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന പദവിയാണോ ബുദ്ധിവികാസം പ്രാപിച്ച ഒരു മുതിർന്ന വ്യക്തിക്കുള്ളത്? അല്ല. ഓരോരുത്തർക്കും അവരുടേതായ പദവികളുണ്ട്. അതിനാൽ ആളുകളുടെ പദവികൾ തിരിച്ചറിയുക എന്നത് യുക്തിയുടെ (ഹിക്മത്തിൻ്റെ) ഭാഗമാണ്.

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന പ്രബോധകൻ, താൻ കൽപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങളുടെയും വിരോധിക്കുന്ന കാര്യങ്ങളുടെയും പദവികളെക്കുറിച്ച് അറിവുള്ളവനായിരിക്കുക എന്നതും ഹിക്മത്തിൻ്റെ ഭാഗമാണ്. ഇതിനുള്ള ഉദാഹരണങ്ങൾ നാം നേരത്തെ നൽകിയല്ലോ. അതിനാൽ ആ സൂചനയിൽ തന്നെ നാം മതിയാക്കുന്നു.

അതുപോലെത്തന്നെ, പ്രബോധകനും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനും മസ്വ്‌ലഹത്തുകളെയും (നന്മകളും പ്രയോജനങ്ങളും) മഫ്‌സദത്തുകളെയും (തിന്മകളും ഉപദ്രവങ്ങളും) കുറിച്ച് അറിവുള്ളവനായിരിക്കണം എന്നതും ഹിക്മത്തിൽ പെട്ടതാണ്. കാരണം, ചിലപ്പോൾ അവൻ ഒരു നന്മ കൽപ്പിക്കും, എന്നാൽ ആ സമയത്ത് അതിനേക്കാൾ വലിയ നന്മ (മസ്വ്‌ലഹത്ത്) മറ്റൊന്നിലായിരിക്കും. കൽപ്പിക്കുന്നത് നന്മയായിരിക്കാം, എന്നാൽ അതിലും വലിയ നന്മ മറ്റൊന്നിലായിരിക്കും. ഉദാഹരണത്തിന്, ഒരാൾ വന്ന് പറയുന്നു: “വരൂ, നമുക്കിരുന്ന് ഖുർആൻ ഓതാം.” ഖുർആൻ പാരായണം ചെയ്യുക എന്നത് ഏറ്റവും ശ്രേഷ്ഠമായ കർമ്മങ്ങളിലൊന്നാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ അവർ ഇരിക്കുന്നതിൻ്റെ തൊട്ടടുത്ത് വെച്ച് മറ്റൊരാൾ പരസ്യമായി ഒരു തിന്മ ചെയ്യുന്നു; ഇവർക്കാണെങ്കിൽ അതൊരു സംഘമായി ചെന്ന് തടയാൻ കഴിവുള്ളവരുമാണ്. എങ്കിൽ ഏതാണ് ഏറ്റവും ഉത്തമം? ഖുർആൻ ഓതാൻ സമയമുണ്ട്, എന്നാൽ ആ തിന്മ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതാണ്. അതിനാൽ അവിടെച്ചെന്ന് ആ ഉപദ്രവം (മഫ്‌സദത്ത്) ഇല്ലാതാക്കുകയും ശേഷം വന്ന് ഖുർആൻ ഓതുകയുമാണ് വേണ്ടത്. അതുപോലെ, ഒരാൾ പറയുന്നു: “ഞാൻ സുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ദിക്റിൻ്റെ സദസ്സിൽ ഇരിക്കും.” എന്നാൽ അയാളുടെ കുടുംബം വീട്ടിൽ ഉറങ്ങുകയാണ്, സുബ്ഹി നമസ്കാരത്തിനായി അവൻ അവരെ വിളിച്ചുണർത്തിയിട്ടില്ല; സൂര്യനുദിച്ചതിന് ശേഷമേ അവർ നമസ്കരിക്കുകയുള്ളൂ എന്ന് അവന് അറിയുകയും ചെയ്യാം. ഇവൻ ദീൻ മനസ്സിലാക്കിയവനാണോ (ഫഖീഹ്) അല്ലയോ? അവൻ സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. എങ്ങനെയാണ് നിനക്ക് ദിക്റിൻ്റെയോ ഖുർആൻ പാരായണത്തിൻ്റെയോ സദസ്സുകളിൽ ഇരുന്ന് ദിക്റുകളും തസ്ബീഹുകളും ചൊല്ലാൻ കഴിയുന്നത്; അതേസമയം നിൻ്റെ വീട്ടിൽ സൂര്യനുദിച്ചതിന് ശേഷം മാത്രം നമസ്കരിക്കുന്നവരുള്ളപ്പോൾ? ഇതാണ് കൽപ്പിക്കപ്പെടുന്ന കാര്യങ്ങളുടെ ചില പദവികൾ, അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതുപോലെത്തന്നെയാണ് വിരോധിക്കപ്പെടുന്ന കാര്യങ്ങളുടെ പദവികളും. മസ്വ്‌ലഹത്തുകളും മഫ്‌സദത്തുകളും അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു തിന്മ കണ്ടാൽ അത് വിരോധിക്കൽ ഫർദ് കിഫായയാണ് (സാമൂഹിക ബാധ്യത). ആരെങ്കിലും അത് കണ്ടാൽ, അബൂ സഈദ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ വ്യക്തമാക്കിയ മൂന്ന് പടവുകളിലൊന്നിലൂടെ അത് വിരോധിക്കൽ അവൻ്റെ മേൽ നിർബന്ധമാണ്: ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ സ്വന്തം കൈകൊണ്ട് അത് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ നാവുകൊണ്ട് (തടയട്ടെ). അതിനും സാധിച്ചില്ലെങ്കിൽ അവൻ്റെ ഹൃദയം കൊണ്ട് (അതിനെ വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ.’ എന്നാൽ ചിലപ്പോൾ നീ ഒരു തിന്മയെ വിരോധിക്കുന്നത് അതിനേക്കാൾ വലിയൊരു തിന്മ ഉടലെടുക്കാൻ കാരണമായേക്കാം. നീ ഒരു കാര്യത്തെ വിരോധിച്ചത് കാരണം അത് മറ്റുള്ളവർക്ക് വലിയൊരു വിപത്തായി മാറിയേക്കാം. അതിൻ്റെ ഉദാഹരണം പറഞ്ഞാൽ; ചില രാജ്യങ്ങളിൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോയത് (മുർത്തദ്ദ്) സ്ഥിരീകരിക്കപ്പെട്ട ചിലരെ അവിടെയുള്ളവർ കൊലപ്പെടുത്തുന്നു. മതം ഉപേക്ഷിച്ചവൻ്റെ വധശിക്ഷ അനുവദനീയമാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഒരു നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ വന്ന് പറയുന്നു: “ഞങ്ങൾ അവനെ കൊല്ലാൻ പോവുകയാണ്.” ശരി, നിങ്ങൾ ഒരാളെ കൊന്നു; എന്നാൽ പകരം നിങ്ങളിൽ നിന്ന് നൂറ് പേർ കൊല്ലപ്പെട്ടു! ഇത് അനുവദനീയമാണോ? അല്ല, ശറഅ് ഇങ്ങനെയൊരു കാര്യം കൽപ്പിച്ചിട്ടില്ല. മറ്റൊരാൾ ഒരു കാര്യം ചെയ്യുന്നു; അത് തിന്മയെ വിരോധിക്കുന്നതിൻ്റെ ഭാഗമായിരിക്കാം, എന്നാൽ അവൻ തൻ്റെ പേര് വെളിപ്പെടുത്താതെ ഒളിച്ചുനിന്നുകൊണ്ട് ഒരു കടലാസിലൂടെയോ ശബ്ദരേഖയിലൂടെയോ ആ തിന്മയെ വിരോധിക്കുന്നു. അവൻ വിരോധിച്ച ഈ തിന്മ കാരണം വലിയൊരു വിഭാഗം ജനങ്ങൾക്ക് അത് വിപത്തായും വലിയൊരു തിന്മയായും മാറുന്നു. തീർച്ചയായും അവൻ ചെയ്ത ആ കാര്യം ഒരു തിന്മയാണ്; അതിനെ വിരോധിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ ചെയ്യാൻ അവന് യാതൊരു അനുവാദവുമില്ല, അവൻ ചെയ്തത് കുറ്റകരമാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ തൻ്റെ അനുഭവം വിവരിച്ചത് ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ ‘ഇഅ്‌ലാമുൽ മുവഖിഈൻ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു തൈമിയ്യ പറയുന്നു: “ടാട്ടർ (തതാർ) വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ആളുകൾ വഴിയിലിരുന്ന് പരസ്യമായി മദ്യപിക്കുന്നത് എൻ്റെ ശ്രദ്ധയിൽപെട്ടു. അപ്പോൾ എൻ്റെ കൂടെയുണ്ടായിരുന്ന എൻ്റെ അനുയായികൾ പറഞ്ഞു: ‘വരൂ, പരസ്യമായി മദ്യപിക്കുന്ന ഇവരെ നമുക്ക് തടയാം.’ അപ്പോൾ ഞാൻ അവരോട് പറഞ്ഞു: ‘ഓ മനുഷ്യാ, അവരെ വിട്ടേക്കുക. തീർച്ചയായും അല്ലാഹു جل وعلا മദ്യപാനം വിരോധിച്ചിരിക്കുന്നത് അത് അല്ലാഹുവിൻ്റെ സ്മരണയിൽ നിന്നും നമസ്കാരത്തിൽ നിന്നും ആളുകളെ തടയുമെന്നത് കൊണ്ടാണ്. എന്നാൽ ഇവരെയോ, ഈ മദ്യപാനം മുസ്‌ലിംകളുടെ അഭിമാനം ഹനിക്കുന്നതിൽ നിന്നും ആളുകളെ കൊലപ്പെടുത്തുന്നതിൽ നിന്നുമാണ് അവരെ തടഞ്ഞുനിർത്തുന്നത്.”

ഇതാണ് യുക്തി (ഹിക്മത്ത്). പണ്ഡിതന്മാരുടെ ഹിക്മത്ത്. ഇതാണ് അവരുടേതായ ധാരണ. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ മനസ്സിലാക്കിയത്? കാരണം അദ്ദേഹം അതിലെ മസ്വ്‌ലഹത്തും (പ്രയോജനം) മഫ്‌സദത്തും (ഉപദ്രവം) കൃത്യമായി വിലയിരുത്തി. എന്നാൽ ഇത് ആർക്കാണ് മനസ്സിലാകുക? ആർക്കാണോ ഹിക്മത്ത് നൽകപ്പെട്ടത് അവർക്ക് മാത്രമേ ഇത് മനസ്സിലാകൂ. ‘ഏതൊരാൾക്ക് യുക്തി നൽകപ്പെടുന്നുവോ അവന് അത്യധികമായ നേട്ടമാണ് നൽകപ്പെട്ടിരിക്കുന്നത്.’ ചില ആളുകൾ ഇബ്നു തൈമിയ്യയുടെ അടുക്കലുണ്ടായിരുന്നെങ്കിൽ അവർ പറഞ്ഞേനെ: “ഇബ്നു തൈമിയ്യക്ക് പല കുഴപ്പങ്ങളുമുണ്ട്! എങ്ങനെയാണ് ഈ മദ്യപാനികളെ അദ്ദേഹം വെറുതെ വിട്ടത്? മദ്യപാനം എന്ന വലിയ തിന്മ കണ്ടിട്ട് അദ്ദേഹം എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്?” അല്ല, അത് തടയൽ നിർബന്ധമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. എന്നാൽ അവരെ നീ തടഞ്ഞാൽ ആ തടയൽ അതിനേക്കാൾ നല്ലൊരു കാര്യത്തിലേക്കല്ല നയിക്കുക; മറിച്ച് അതിനേക്കാൾ മോശമായ ഒരവസ്ഥയിലേക്കായിരിക്കും നയിക്കുക. അപ്പോൾ നീ ഒരു നന്മയിലല്ല പങ്കാളിയായത്, മറിച്ച് വരാനിരിക്കുന്ന ഒരു വലിയ തിന്മയിലായിരിക്കും പങ്കാളിയായത്. അതിനാൽ അവരെ അവരുടെ പാട്ടിന് വിടുക. ഇതാണ് ഹിക്മത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ.

ആറാമത്തെ മര്യാദ: ക്ഷമ (സബ്ർ)

പ്രബോധകനും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനും അനിവാര്യമായും ഉണ്ടായിരിക്കേണ്ട മര്യാദകളിൽ പെട്ടതാണ് അവൻ ക്ഷമാശീലനായിരിക്കുക എന്നത്. അല്ലാഹു جل وعلا തൻ്റെ നബിയോട് ക്ഷമിക്കാൻ കൽപ്പിച്ചിട്ടുണ്ട്. ഉൽകൃഷ്ടമായ എല്ലാ സ്വഭാവഗുണങ്ങളും ഉൾക്കൊണ്ടവരാണ് അവിടുന്ന്. അല്ലാഹു പറയുന്നു:

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

‘തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.’²⁵

അല്ലാഹു جل وعلا അവിടുത്തോട് പറഞ്ഞു:

وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ

‘നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാത്രമാണ് നിനക്ക് ക്ഷമിക്കാൻ കഴിയുന്നത്.’²⁶

അല്ലാഹു جل وعلا അവിടുത്തോട് പറഞ്ഞു:

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ

‘അതിനാൽ ദൃഢമനസ്കരായ ദൈവദൂതന്മാർ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ കാര്യത്തിൽ നീ ധൃതികാണിക്കരുത്.’²⁷

അല്ലാഹു جل وعلا അവിടുത്തോട് പറഞ്ഞു:

فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ

‘ആകയാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢബോധ്യമില്ലാത്ത ഇവർ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കട്ടെ.’²⁸

രക്ഷപ്രാപിച്ച സത്യവിശ്വാസികളായ തൻ്റെ ദാസന്മാരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു جل وعلا പറയുന്നു:

وَالْعَصْرِ ۝ إِنَّ الْإِنسَانَ لَفِي خُسْرٍ ۝ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

‘കാലം തന്നെയാണ സത്യം. തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.’²⁹

അതിനാൽ പ്രബോധകൻ തീർച്ചയായും ക്ഷമാശീലനായിരിക്കണം. അവനെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും നേരിട്ടാൽ, അവൻ പരിഹസിക്കപ്പെട്ടാൽ, അവൻ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും വേണം. കാര്യങ്ങളുടെ തുടക്കവും ഒടുക്കവുമെല്ലാം അല്ലാഹുവിങ്കലാണ്; അതിനാൽ അവൻ ക്ഷമിക്കട്ടെ. അവൻ്റെ ദഅ്‌വത്തിന് പ്രതിഫലമുള്ളത് പോലെത്തന്നെ അവൻ്റെ ക്ഷമയ്ക്കും പ്രതിഫലമുണ്ട്.

ഏഴാമത്തെ മര്യാദ: സത്യത്തിലുള്ള പ്രതാപവും കരുത്തും

ക്ഷമയ്ക്ക് ശേഷമുള്ള സ്വഭാവവും മര്യാദയുമാണ് പ്രബോധകനും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനും സത്യത്തിൽ പ്രതാപമുള്ളവനും (അസീസ്) കരുത്തനുമായിരിക്കുക എന്നത്. ചിലർ തെറ്റിദ്ധരിക്കുന്നതുപോലെ, നാം മുകളിൽ പറഞ്ഞ സ്വഭാവഗുണങ്ങൾ ആത്മാഭിമാനമില്ലാത്ത, ദുർബലനായ, ചില ആളുകൾ ‘ദർവീശ്’ എന്ന് വിളിക്കുന്ന വ്യക്തികളുടെ സ്വഭാവമാണെന്നല്ല ഇതിനർത്ഥം. എല്ലാത്തിനും മുന്നിൽ തലകുനിച്ചു കൊടുക്കുന്നവനാകണം എന്നുമല്ല. അല്ല, അതോടൊപ്പം തന്നെ അവൻ നബി ﷺ യെയും സ്വഹാബികളെയും പിൻപറ്റുന്നവനാകണം; അതായത് സത്യത്തിൽ പ്രതാപമുള്ളവനും കരുത്തനുമായിരിക്കണം.

എന്താണ് ഇതിനർത്ഥം? അല്ലാഹുവിൻ്റെ جل وعلا പവിത്രതകൾ തൻ്റെ കണ്മുന്നിൽ വെച്ച് ലംഘിക്കപ്പെടുന്നത് അവൻ പൊരുത്തപ്പെടരുത് എന്നതാണ്. അല്ലാഹു جل وعلا ധിക്കരിക്കപ്പെടുന്ന ഒരു സദസ്സിൽ അവൻ പോയിരിക്കരുത്. ആളുകൾ തിന്മകളിലും മഹാപാപങ്ങളിലും മുഴുകിയിരിക്കുമ്പോൾ ഞാൻ അവരെ പ്രബോധനം ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞ് അവരുടെ സദസ്സിൽ ചെന്നിരിക്കുന്നത് ദഅ്‌വത്തോ ഹിക്മത്തോ നന്മയോ അല്ല. അല്ല, നീ അവരുടെ സദസ്സിൽ നിന്ന് വിട്ടുനിൽക്കുന്നില്ലെങ്കിൽ ആ പാപത്തിൽ നീയും അവരുടെ പങ്കാളിയാണ്. നീ പ്രതാപമുള്ളവനാകണം; അവരോട് പറയണം: “ഓ കൂട്ടരേ, നിങ്ങളിതാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അല്ലെങ്കിൽ ഈ സദസ്സിൽ വെച്ച് നിങ്ങളിതാണ് ചെയ്യുന്നതെങ്കിൽ ഞാൻ പോകാൻ അനുവാദം ചോദിക്കുന്നു. എനിക്കിവിടെ നിൽക്കാൻ സാധിക്കില്ല.” അല്ലാഹുവിൻ്റെ جل وعلا വചനങ്ങൾ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും കേട്ടാൽ അവരെ പരിഹസിക്കുന്നവരോടൊപ്പം നാം ഇരിക്കരുത് എന്ന് അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു جل وعلا പറയുന്നു:

وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ

‘അല്ലാഹുവിന്റെ വചനങ്ങൾ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങൾ കേട്ടാൽ അവർ മറ്റുവല്ല വർത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങൾ അവരോടൊപ്പം ഇരിക്കരുത് എന്ന് ഈ ഗ്രന്ഥത്തിൽ അല്ലാഹു നിങ്ങൾക്ക് അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ. (അവരോടൊപ്പം ഇരിക്കുന്ന പക്ഷം) തീർച്ചയായും നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കും.’³⁰

ഈ ആയത്തിൽ നിന്ന് പണ്ഡിതന്മാർ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്: ഒരു പാപം കണ്ട് തൃപ്തിപ്പെടുന്നവൻ അത് ചെയ്യുന്നവനെപ്പോലെ തന്നെയാണ്. അവൻ അത് ചെയ്തിട്ടില്ലെങ്കിലും; ഉദാഹരണത്തിന്, ഒരാളോട് മദ്യപിക്കരുത് എന്ന് പറയപ്പെട്ടപ്പോൾ അയാൾ പറയുകയാണ്: “അതൊക്കെ വിട്ടുകള മനുഷ്യന്മാരെ, അതിൽ അങ്ങനെയൊക്കെയുണ്ട്” എന്ന് പറഞ്ഞ് അതിൽ തൃപ്തിയടഞ്ഞാൽ; പാപത്തിൻ്റെ കാര്യത്തിൽ അവൻ ആ മദ്യപിക്കുന്നവനെപ്പോലെ തന്നെയാണ്. പാപത്തിൻ്റെ കാര്യത്തിൽ മദ്യപിക്കുന്നവനെപ്പോലെയാണ്, അല്ലാതെ ശിക്ഷ നടപ്പിലാക്കുന്നതിലോ അതുമായി ബന്ധപ്പെട്ട മറ്റ് വിധികൾ ബാധകമാകുന്നതിലോ അല്ല.

അതിനാൽ സത്യത്തിൻ്റെ കാര്യത്തിൽ അവൻ കരുത്തനായിരിക്കണം. അവൻ്റെ കരുത്ത് പ്രകടിപ്പിക്കേണ്ട സാഹചര്യം വന്നാൽ; അല്ലാഹുവിൻ്റെ പവിത്രതകൾ പരസ്യമായി ലംഘിക്കപ്പെട്ടാൽ, അല്ലാഹുവിൻ്റെ ആയത്തുകൾ പരസ്യമായി പരിഹസിക്കപ്പെട്ടാൽ, ആളുകൾ അഹങ്കാരികളാവുകയും സത്യത്തിന് നേരെ ധാർഷ്ട്യം കാണിക്കുകയും കുഴപ്പങ്ങൾ പരസ്യമാക്കുകയും കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുകയും അല്ലാഹുവിൻ്റെ വിലക്കുകളെ ലംഘിക്കുകയും ചെയ്താൽ; അവരെ തടയുന്ന കാര്യത്തിൽ അവൻ നിർബന്ധമായും കരുത്തനായിരിക്കണം. എന്നാൽ അവരെ ദഅ്‌വത്ത് നടത്തുമ്പോൾ അവൻ കാരുണ്യമുള്ളവനായിരിക്കണം; അവൻ്റെ കരുത്തും പ്രതാപവും അവരോട് അതിക്രമം കാണിക്കലല്ല. മറിച്ച് തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവരെ തടഞ്ഞുനിർത്തുക എന്നതാണ്. അവന് കഴിവുണ്ടെങ്കിൽ ആ തിന്മയെ നീക്കം ചെയ്യുകയും ഇല്ലാതാക്കുകയുമാണ് വേണ്ടത്.

എട്ടാമത്തെ മര്യാദ: നിരാശപ്പെടാതിരിക്കുക

പ്രബോധകൻ അനിവാര്യമായും പാലിക്കേണ്ട ഒരു മര്യാദയാണ് അവൻ ഒരിക്കലും നിരാശപ്പെടരുത് എന്നത്. ഒരാൾ വന്ന് പറയുന്നു: “ഞാൻ അയാളുടെ അടുത്ത് രണ്ട്, മൂന്ന്, നാല്, അഞ്ച് തവണ പോയി; യാതൊരു ഫലവുമില്ല.” അങ്ങനെയല്ല, നീ നിരാശപ്പെടരുത്.

إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ

‘അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച.’³¹

അല്ലാഹുവിൻ്റെ جل وعلا കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശപ്പെടരുത്; അതിൽ നിന്ന് നിരാശനാകുകയാണോ? പാടില്ല.

مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا

‘അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കാനാരുമില്ല.’³²

ആ കാരുണ്യം തടഞ്ഞുവെക്കാൻ നിനക്ക് സാധിക്കുമോ? ‘وما يرسل’ (അവൻ അയക്കുന്നത്). അല്ലാഹു പറയുന്നു:

مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ

‘അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ചുവെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല.’

തീർച്ചയായും ഇത് സത്യമാണ്; അതിനാൽ ആവർത്തിച്ച് ക്ഷണിക്കേണ്ടത് അനിവാര്യമാണ്. ഇസ്റാഈൽ സന്തതികളെപ്പോലെ നാം മടുപ്പുള്ളവരാകരുത്; അവർ തിന്മകളിൽ നിന്ന് മൃദുവായി വിലക്കി, എന്നിട്ട് അവർ പറഞ്ഞു:

لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا

‘അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കിൽ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാൻ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്?’³³

ഇതെങ്ങനെ ശരിയാകും? ആളുകൾ തിന്മകളിലും വിപത്തുകളിലും അകപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവരെ വിലക്കുകയും ചെയ്യുന്നു! പാടില്ല, ഭയപ്പെടുത്തുന്നവരെയും പിന്തിരിപ്പിക്കുന്നവരെയും പോലെയായിരുന്നു നാമെങ്കിൽ, കുഴപ്പങ്ങൾ എല്ലായിടത്തും വ്യാപിക്കുകയും, കൽപിക്കുന്നവനോ വിരോധിക്കുന്നവനോ ആളുകളെ ഉപദേശിക്കാത്ത അവസ്ഥ വരികയും ചെയ്യുമായിരുന്നു. അതിനാൽ നാം ഒരിക്കലും നിരാശപ്പെടാൻ പാടില്ല; നാം വീണ്ടും വീണ്ടും രണ്ടോ മൂന്നോ തവണയൊക്കെ ആവർത്തിക്കണം. നൂഹ് നബി എത്ര കാലമാണ് തൻ്റെ ജനതയോടൊപ്പം കഴിഞ്ഞത്?

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا

‘നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് നിയോഗിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം ആയിരം വർഷത്തിൽ നിന്ന് അമ്പത് വർഷം കുറഞ്ഞ കാലം അവരുടെ ഇടയിൽ കഴിച്ചുകൂട്ടി.’³⁴

ആയിരം വർഷത്തിൽ നിന്ന് അമ്പത് വർഷം കുറഞ്ഞ കാലം അദ്ദേഹം അവരിലുണ്ടായിരുന്നു. എത്ര പേരാണ് അദ്ദേഹത്തിൽ വിശ്വസിച്ചത്?

وَمَا آمَنَ مَعَهُ إِلَّا قَلِيلٌ

‘അദ്ദേഹത്തോടൊപ്പം കുറച്ചുപേരല്ലാതെ വിശ്വസിച്ചിരുന്നില്ല.’³⁵

ഏറ്റവും കൂടുതൽ ആളുകളുടെ എണ്ണം വന്നിട്ടുള്ള നിവേദനങ്ങളിൽ അവർ പറയുന്നത് അവർ എഴുപതിലധികം പേർ മാത്രമായിരുന്നു എന്നാണ്. അതാണ് ഏറ്റവും കൂടിയ കണക്ക്. എന്നാൽ കൂടുതൽ നിവേദനങ്ങളിലും വന്നിട്ടുള്ളത് അവർ 12 പേരായിരുന്നു എന്നാണ്. അദ്ദേഹം മടുത്തോ, നിരാശപ്പെട്ടോ? ഇല്ല, കാരണം അവൻ്റെ ബാധ്യത കർമ്മം ചെയ്യുക എന്നത് മാത്രമാണ്; അതിൻ്റെ ഫലം കാണുക എന്നത് അവൻ്റെ ബാധ്യതയല്ല.

وَإِن مَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ

‘അവർക്ക് നാം താക്കീത് നൽകുന്ന ശിക്ഷകളിൽ ചിലത് നാം നിനക്ക് കാണിച്ചുതന്നാലും, അല്ലെങ്കിൽ (അതിന് മുമ്പായി) നാം നിന്നെ മരിപ്പിച്ചാലും നിന്റെ ബാധ്യത (സന്ദേശം) എത്തിച്ചുകൊടുക്കൽ മാത്രമാണ്. വിചാരണ ചെയ്യുക നമ്മുടെ ബാധ്യതയാകുന്നു.’³⁶

സന്ദേശം എത്തിച്ചുകൊടുക്കുക എന്നത് മാത്രമാണ് നിൻ്റെ ബാധ്യത. കൽപ്പിക്കലും വിരോധിക്കലും നിൻ്റെ ബാധ്യതയാണ്. അവരെ വിചാരണ ചെയ്യുക എന്നത് ഒരിക്കലും നിൻ്റെ ബാധ്യതയല്ല. ഈ വിഷയത്തിൽ നാം എപ്പോഴും ഓർക്കേണ്ട ചില മര്യാദകളാണിത്.

പ്രബോധനത്തിന്റെ നിബന്ധനകൾ (ശുറൂത്തുകൾ)

ഇനി നാം ചുരുക്കത്തിൽ സംസാരിക്കാൻ പോകുന്നത് ദഅ്‌വത്തിന്റെ അല്ലെങ്കിൽ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലെ നിബന്ധനകളെക്കുറിച്ചാണ്. മര്യാദകൾ പറഞ്ഞ കൂട്ടത്തിൽ തന്നെ ചില നിബന്ധനകളും പരാമർശിച്ചിട്ടുണ്ട്; കാരണം ചില മര്യാദകൾ നിബന്ധനകളായി വരാൻ അനുയോജ്യമാണ്. ഉദാഹരണത്തിന് ഇഖ്‌ലാസ് ഒരു നിബന്ധനയാണ്; അറിവ് ഒരു നിബന്ധനയാണ്; ഹിക്മത്തും പടവുകൾ മനസ്സിലാക്കുന്നതും നിബന്ധനകളാണ്. കാര്യങ്ങളുടെ പടവുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഒരാൾ ഒരു തിന്മയെ വിരോധിച്ചാൽ, അവൻ തീർച്ചയായും ഈ നിബന്ധനകൾ പഠിക്കേണ്ടതുണ്ട്. പണ്ഡിതന്മാർ പറഞ്ഞത് പോലെ, നിബന്ധനകൾ രണ്ട് വിധത്തിലുണ്ട്: സ്വീകാര്യമാകാനുള്ള നിബന്ധനകൾ (ശുറൂത്തു സ്വിഹ്ഹ), ബാധ്യതയാകാനുള്ള നിബന്ധനകൾ (ശുറൂത്തു മശ്റൂഇയ്യ).

സ്വീകാര്യമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ് ഇഖ്‌ലാസ്. ഇഖ്‌ലാസില്ലാത്തവൻ്റെ കൽപ്പിക്കലോ വിരോധിക്കലോ അല്ലാഹുവിങ്കൽ جل وعلا സ്വീകാര്യമല്ല; അടിസ്ഥാനപരമായി അവൻ്റെ ആരാധന തന്നെ സ്വീകാര്യമല്ല. അതുപോലെ സ്വീകാര്യമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ് താൻ സംസാരിക്കുകയും കൽപ്പിക്കുകയും വിരോധിക്കുകയും ക്ഷണിക്കുകയും ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള അറിവ്. ഒരു കാര്യത്തിൻ്റെ വിധിപോലും അറിയാതെ അതിനെക്കുറിച്ച് സംസാരിക്കുകയും കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യാൻ പാടുണ്ടോ? ഇല്ല.

ഇനി രണ്ടാമത്തേത് ബാധ്യതയാകാനുള്ള നിബന്ധനകളാണ്. അതിൽ പെട്ടതാണ്, അവൻ കഴിവുള്ളവനും സാധിക്കുന്നവനുമായിരിക്കുക എന്നത്. അല്ലാഹു ഒരാളോടും അയാളുടെ കഴിവിലപ്പുറം നിർബന്ധിക്കുകയില്ല.

فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا

‘അതിനാൽ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങളല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും… ചെയ്യുക.’³⁷

നബി ﷺ പറഞ്ഞു:

مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ

‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ സ്വന്തം കൈകൊണ്ട് അത് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ നാവുകൊണ്ട് (തടയട്ടെ). അതിനും സാധിച്ചില്ലെങ്കിൽ അവൻ്റെ ഹൃദയം കൊണ്ട് (അതിനെ വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ.’³⁸

എന്നാൽ കഴിവ്, സാദ്ധ്യത എന്നിവയെക്കുറിച്ച് നാം അൽപം ചിന്തിക്കേണ്ടതുണ്ട്. എന്താണ് കഴിവും സാദ്ധ്യതയും അർത്ഥമാക്കുന്നത്? ഒരു വ്യക്തി കഴിവില്ലാത്തവനും സാധിക്കാത്തവനുമാണെന്ന് എപ്പോഴാണ് സ്ഥിരീകരിക്കപ്പെടുക? ചില കാര്യങ്ങൾ നിൻ്റെ കീഴിലുള്ളവരുമായി ബന്ധപ്പെട്ടതായിരിക്കും; അതായത് നിൻ്റെ മക്കൾ, നീ അവരുടെ രക്ഷിതാവാണ്, അവരുടെ കാര്യങ്ങളുടെ ഉത്തരവാദിത്തം നിനക്കാണ്. നിൻ്റെ വീട്ടിലെ തിന്മ കൈകൊണ്ട് നീക്കം ചെയ്യാൻ നീ കഴിവുള്ളവനാണ്. സ്വന്തം വീട്ടിൽ ഒരു തിന്മ കണ്ടിട്ട് ഒരാൾ വന്ന് പറയുകയാണ്: “അല്ലാഹുവാണെ സത്യം, എൻ്റെ ചെറിയ കുട്ടികൾ, അവർ വലിയ കുട്ടികളൊന്നുമല്ലല്ലോ, എന്നോട് തർക്കിക്കുകയും ശത്രുത കാണിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ ഞാൻ തടഞ്ഞാൽ അതിനേക്കാൾ വലിയ തിന്മ ഉണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു.” എന്നാൽ അവർ ചെറിയ കുട്ടികളാണല്ലോ അവരോട് സ്നേഹം കാണിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ അവന് ന്യായമില്ല; കാരണം അവൻ കഴിവുള്ളവനാണ്. ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ സ്വന്തം കൈകൊണ്ട് അത് തടയട്ടെ’; നീ നിൻ്റെ കൈകൊണ്ട് തടയാൻ കഴിവുള്ളവനാണ്, നിൻ്റെ വീട്ടിൽ കൈകൊണ്ട് മാറ്റാൻ അധികാരമുള്ളവനാണ് നീ. നിങ്ങളെല്ലാവരും ഉത്തരവാദികളാണ്, നിങ്ങളെല്ലാവരും തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്.

എന്നാൽ വഴിയിലൂടെ നടക്കുമ്പോൾ നീ ഒരു തിന്മ കാണുന്നു; ഉദാഹരണത്തിന് ചില ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് കാണുന്നു, അല്ലെങ്കിൽ വഴിയിൽ പരസ്യമായി സംഗീതോപകരണങ്ങൾ വായിക്കുന്നത് കാണുന്നു. കൈകൊണ്ട് തടഞ്ഞാൽ അത് അംഗീകരിക്കപ്പെടുന്ന അധികാരമുള്ളവരിൽ പെട്ടയാളാണ് നീയെങ്കിൽ നീ അത് തടയേണ്ടത് നിർബന്ധമാണ്. കാരണം നബി ﷺ നിന്നോട് അപ്രകാരം കൽപ്പിച്ചിട്ടുണ്ട്; അതിൽ നിനക്ക് യാതൊരു ഇളവുമില്ല. എന്നാൽ കൈകൊണ്ട് തടയാൻ അധികാരമുള്ളവരല്ല നീയെങ്കിൽ, അല്ലാഹു ഒരാളോടും അയാളുടെ കഴിവിലപ്പുറം നിർബന്ധിക്കുകയില്ല. അപ്പോൾ നീ നാവുകൊണ്ട് തടയാൻ ബാധ്യസ്ഥനായ ആളായി മാറുന്നു. നാവുകൊണ്ട് തിന്മയെ വിരോധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും യാതൊരു ന്യായവുമില്ല. നീ അവനോട് പറയണം: “പാടില്ല, ഇതൊരു തിന്മയാണ്, ഇത് നിർത്തൂ.” എന്നാൽ നിൻ്റെ കൈകൊണ്ട് വന്ന് സാധനങ്ങൾ തല്ലിപ്പൊട്ടിക്കാൻ നിനക്ക് പാടില്ല, കാരണം അതൊന്നും നിൻ്റെയല്ല. ആ കാര്യം ഏൽപ്പിക്കപ്പെട്ട, കൈകൊണ്ട് തടയാൻ അധികാരമുള്ളവർക്ക് മാത്രമുള്ളതാണത്. എന്നാൽ നാവുകൊണ്ട് തടയുന്ന കാര്യത്തിൽ നിനക്ക് ഇളവില്ല. നാവുകൊണ്ട് തടയരുത് എന്ന് ആരെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ? ഇല്ല. നീ നാവുകൊണ്ട് തടയണം, കാരണം നിനക്കതിന് കഴിയും.

എന്നാൽ ഇനി ഒരാൾ വന്ന് പറയുകയാണ്: “അല്ലാഹുവാണെ സത്യം, എൻ്റെ നാവുകൊണ്ട് തടയാൻ എനിക്ക് സാധിക്കില്ല. ഉദാഹരണത്തിന്, ഞാൻ ഈ നാട്ടിൽ വിദേശിയാണ്; ഞാൻ നാവുകൊണ്ട് വിരോധിച്ചാൽ അവർ എന്നെ അടിക്കും, അല്ലെങ്കിൽ ജയിലിലടക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.” അപ്പോൾ നീ പറയുന്നു: “എങ്കിൽ നിനക്ക് ഇളവുണ്ട്.” അതെ, നാം പറയുന്നു: “എങ്കിൽ നിനക്ക് ന്യായമുണ്ട്, അതിനാൽ നീ ഹൃദയം കൊണ്ട് വെറുക്കുക എന്നതിലേക്ക് മാറുക.” അല്ലെങ്കിൽ മറ്റൊരാൾ പറയുകയാണ്: “ഞാൻ ദുർബലനാണ്; ഞാൻ ഒരു തിന്മ കണ്ടു, ഒരു കൂട്ടം ആളുകൾ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി അവരുടെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നു, ആ വണ്ടിയിൽ സ്ത്രീകളുണ്ട്.” എന്നാൽ ഇവൻ ഒറ്റയ്ക്കാണ്. അവൻ എന്ത് ചെയ്യും? സ്വന്തം ജീവനെക്കുറിച്ച് അവന് ഭയമുണ്ട്, ഞാൻ ദുർബലനാണെന്ന് അവൻ പറയുന്നു. അപ്പോൾ നാം പറയുന്നു: അങ്ങനെയുള്ള അവസ്ഥയിൽ തടയാൻ ശറഅ് നിന്നോട് കൽപ്പിച്ചിട്ടില്ല, കാരണം നിനക്കതിന് സാധിക്കില്ല.

കഴിവില്ലായ്മ രണ്ട് വിധമുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു: അറിവില്ലായ്മ കൊണ്ടുള്ള കഴിവില്ലായ്മയും (عجز علمي), ശാരീരികമായ കഴിവില്ലായ്മയും (عجز حسي). അറിവില്ലായ്മ എന്ന് പറഞ്ഞാൽ, ഒരു വ്യക്തി പറയുന്നു: “ഇതൊരു തെറ്റായ കാര്യമാണെന്ന് എനിക്കറിയാം, എന്നാൽ അതിൽ എനിക്ക് ഉറപ്പില്ല; അതിനാൽ അതിനെക്കുറിച്ച് സംസാരിക്കാൻ അറിവിൻ്റെ കാര്യത്തിൽ ഞാൻ അശക്തനാണ്.” അങ്ങനെയെങ്കിൽ അത് വിരോധിക്കാതിരിക്കാനും കൈകൊണ്ട് തടയാതിരിക്കാനും അവന് ഇളവുണ്ട്. രണ്ടാമത്തേത് ശാരീരികമായ കഴിവില്ലായ്മ; അവൻ പറയുന്നു: “ശാരീരികമായി എനിക്കതിന് സാധിക്കില്ല; ഞാൻ സംസാരിച്ചാൽ അവർ എന്നെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു, അല്ലെങ്കിൽ ഞാൻ ദുർബലനാണ്, ശക്തനല്ല, അതിനാൽ അങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.” അപ്പോൾ ശറഅ് നിനക്ക് ഇളവ് നൽകിയിരിക്കുന്നു. ഇത്രയും വിശാലതയും എളുപ്പവും നൽകിയതിന് അല്ലാഹുവിന് സ്തുതി.

എന്നാൽ ആളുകൾ ആക്ഷേപിക്കുമെന്ന് ഭയന്നുകൊണ്ട് വിട്ടുനിൽക്കുന്നത് കഴിവില്ലായ്മയിൽ പെട്ടതല്ല. പിശാച് ചിലരുടെ അടുത്ത് വന്ന് പറയും: “വേണ്ട, അല്ലാഹുവാണെ സത്യം, ആളുകൾ നിന്നെ ആക്ഷേപിക്കും; അവൻ യാതൊന്നും മനസ്സിലാക്കാത്തവനാണ്, എടുത്തുചാട്ടക്കാരനാണ്, കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവനറിയില്ല, അവർക്കിടയിലെ ഒരാളെപ്പോലെയാണ് അവൻ സംസാരിക്കുന്നത് എന്നൊക്കെ ആളുകൾ നിന്നെക്കുറിച്ച് പറയും.” ആക്ഷേപിക്കുന്നവരുടെ ആക്ഷേപം നിനക്കൊരു ന്യായമല്ല. കാരണം അല്ലാഹു جل وعلا തൻ്റെ നബിയെയും സ്വഹാബികളെയും കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്:

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

‘ആളുകൾ നിങ്ങൾക്ക് നേരെ സംഘടിച്ചിരിക്കുന്നു; അതിനാൽ അവരെ ഭയപ്പെടണം എന്ന് ആളുകൾ അവരോട് പറഞ്ഞപ്പോൾ അതവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപിക്കാൻ ഏറ്റവും നല്ലവൻ അവനത്രെ.’³⁹

സത്യവിശ്വാസികളെ വർണ്ണിച്ചുകൊണ്ട് അല്ലാഹു جل وعلا പറയുന്നു:

يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ

‘അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അവർ സമരം ചെയ്യും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടുകയില്ല.’⁴⁰

അവർ ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടുകയില്ല. ഉബാദത്തുബ്നു സ്വാമിത്ത് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത മുത്തഫഖുൻ അലൈഹിയായ (ബുഖാരിയും മുസ്‌ലിമും ഏകോപിച്ച) ഹദീസിൽ ഇപ്രകാരം കാണാം:

بَايَعْنَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ … عَلَى أَنْ نَقُولَ بِالْحَقِّ حَيْثُمَا كُنَّا، لَا نَخَافُ فِي اللَّهِ لَوْمَةَ لَائِمٍ

‘ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിനോട് ﷺ ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു… ഞങ്ങൾ എവിടെയായിരുന്നാലും സത്യം തുറന്നുപറയുമെന്നും, അല്ലാഹുവിൻ്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഞങ്ങൾ ഭയപ്പെടുകയില്ലെന്നും.’⁴¹

അതിനാൽ ആക്ഷേപിക്കുന്നവരുടെ ആക്ഷേപം, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന ബാധ്യത ഒഴിവാക്കാനോ ഒരു പടിയിൽ നിന്ന് മറ്റൊരു പടിയിലേക്ക് മാറാനോ ഉള്ള കാരണമല്ല; ഒരിക്കലുമല്ല. ആളുകൾ നിന്നെ ആക്ഷേപിക്കുമെന്ന് നീ വിശ്വസിക്കുന്നുവെങ്കിൽ അത് നിനക്കൊരു ഇളവല്ല. ആ ബാധ്യത നിൻ്റെ മേൽ നിലനിൽക്കുന്നതാണ്.

ഇനിയും ബാക്കിയുണ്ട്; എന്നാൽ നാം കണ്ടതുപോലെ മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഈ അടിസ്ഥാന വിഷയങ്ങളിൽ നമുക്ക് നിർത്താം. പ്രബോധകരും കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നവരും തങ്ങളുടെ സ്വന്തം ജീവിതത്തിലും തങ്ങളുടെ പ്രബോധനത്തിലും ഈ പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ, അല്ലാഹുവിൻ്റെ جل وعلا അനുമതിയോടെ അവർ വലിയ നന്മയും പ്രയോജനവും കൈവരിക്കുന്നതാണ്.

നാം ആരംഭിച്ചത് പോലെത്തന്നെ അല്ലാഹുവിനെ جل وعلا സ്തുതിച്ചുകൊണ്ടും, അല്ലാഹുവിൻ്റെ ദീനിനെ സഹായിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്താനും, നന്മയിലേക്ക് ക്ഷണിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്താനും, ഈ സമുദായത്തെ സത്യത്തിൽ അടിയുറച്ചുനിൽക്കുന്നവരാക്കാനും പ്രാർത്ഥിച്ചുകൊണ്ട് ഈ നമുക്ക് അവസാനിപ്പിക്കാം. അവരെ വഴിപിഴപ്പിക്കുന്നവരോ കുഴപ്പങ്ങളുണ്ടാക്കുന്നവരോ വഴിപിഴവിലേക്ക് ക്ഷണിക്കുന്നവരോ കീഴ്പ്പെടുത്താതിരിക്കട്ടെ. ഈ ബാധ്യത ഏൽപ്പിക്കപ്പെട്ട പ്രത്യേകമാളുകളായാലും അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളിലും നന്മയിലേക്ക് ക്ഷണിക്കുന്ന സാധാരണക്കാരായാലും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെ അല്ലാഹു സംരക്ഷിക്കട്ടെ. സത്യത്തിൻ്റെ പ്രബോധനത്തിന് അല്ലാഹു വലിയൊരു വെളിച്ചം നൽകാനും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർക്ക് വലിയൊരു വെളിച്ചം നൽകാനും അവരുടെ ശത്രുക്കൾക്ക് നരകത്തീ നൽകാനും നാം അല്ലാഹുവിനോട് جل وعلا പ്രാർത്ഥിക്കുന്നു. അവരെ സന്മാർഗ്ഗത്തിൽ അടിയുറച്ചുനിൽക്കുന്നവരാക്കാനും, നന്മയിലേക്ക് അവരുടെ നെറുകകൾ പിടിച്ചുനയിക്കാനും നാം പ്രാർത്ഥിക്കുന്നു. ഭരണാധികാരികളെ അല്ലാഹു നന്നാക്കാനും, അവരെ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുത്താനും, അവരിലൂടെ നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും ദഅ്‌വത്തും ഉന്നതിയിലെത്താനും അല്ലാഹുവിനോട് جل وعلا നാം പ്രാർത്ഥിക്കുന്നു. തീർച്ചയായും അവനാണ് ഹൃദയങ്ങളെ പിടിച്ചുനിർത്തുന്നവനും ദഅ്‌വത്തിലേക്ക് ഹൃദയങ്ങളെ തിരിച്ചുവിടുന്നവനും. അവനോട് جل وعلا നാം ഉത്തരം പ്രതീക്ഷിക്കുന്നു; തുടക്കത്തിലും ഒടുക്കത്തിലുമെന്ന പോലെ, ഒരു അപമാനവുമില്ലാതെ ഫിത്‌നകളിൽ അകപ്പെടാതെ മുസ്‌ലിംകളായി ഞങ്ങളെ മരിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ നബി മുഹമ്മദിൻ്റെ ﷺ മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.


ചോദ്യകർത്താവ് ചോദിക്കുന്നു: ബഹുമാനപ്പെട്ട ശൈഖ്, വാക്കുകളിലെ ഫിത്‌നയെക്കുറിച്ചും (فتنة القول) കർമ്മങ്ങളിലെ ഫിത്‌നയെക്കുറിച്ചും (فتنة العمل) താങ്കൾ സംസാരിച്ചല്ലോ. അല്ലാഹു താങ്കൾക്ക് പ്രതിഫലം നൽകട്ടെ, അതൊന്ന് വിശദീകരിച്ചുതരുമോ?

ഉത്തരം: അൽഹംദുലില്ലാഹ്, സംരക്ഷണത്തിനായി പ്രാർത്ഥിക്കുന്ന സന്ദർഭത്തിലാണ് ഞാൻ വാക്കുകളിലെ ഫിത്‌നയും കർമ്മങ്ങളിലെ ഫിത്‌നയും പരാമർശിച്ചത്. “വാക്കുകളിലെ ഫിത്‌നയിൽ നിന്ന് നാം അല്ലാഹുവിനോട് ശരണം തേടുന്നത് പോലെത്തന്നെ കർമ്മങ്ങളിലെ ഫിത്‌നയിൽ നിന്നും ശരണം തേടുന്നു.” മുൻകാല പണ്ഡിതന്മാർ അല്ലാഹുവിനോട് جل وعلا ശരണം തേടിയിരുന്ന ഒരു പ്രാർത്ഥനയാണിത്; വാക്കുകളിലെ ഫിത്‌നയിൽ നിന്നും കർമ്മങ്ങളിലെ ഫിത്‌നയിൽ നിന്നും അവർ ശരണം തേടിയിരുന്നു. വാക്കുകളെ ഫിത്‌നകൾ ചൂഴ്ന്നുനിൽക്കുന്നുണ്ട്; കർമ്മങ്ങളെയും അപ്രകാരം തന്നെ.

വാക്കുകളിലെ ഫിത്‌നകളിൽ പെട്ടതാണ് അതിൽ ഇഖ്‌ലാസ് ഇല്ലാതിരിക്കുക എന്നത്; ജനങ്ങളെ കാണിക്കാൻ വേണ്ടിയാവുക, ആളുകൾ കേൾക്കാൻ വേണ്ടിയാവുക, അല്ലെങ്കിൽ താൻ നല്ല വാഗ്മിയാണെന്നോ പണ്ഡിതനാണെന്നോ താൻ അത് പറഞ്ഞിട്ടുണ്ട് ഇത് പറഞ്ഞിട്ടുണ്ട് എന്നുമൊക്കെ ആളുകൾ പറയാൻ വേണ്ടിയാവുക. ഇതാണ് അവൻ ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും അത് വാക്കുകളിലെ ഫിത്‌നയാണ്. അതുകൊണ്ടാണ് അന്ത്യനാളിൻ്റെ അടയാളങ്ങളിൽ ഒന്നായി ‘പണ്ഡിതന്മാർ (ഫുഖഹാഅ്) കുറയുകയും പ്രഭാഷകർ വർദ്ധിക്കുകയും ചെയ്യും’ എന്ന് പറഞ്ഞിട്ടുള്ളത്. പണ്ഡിതന്മാർ കുറയും എന്നതിൻ്റെ അർത്ഥം വാക്കുകളിലും കർമ്മങ്ങളിലും ആഴത്തിലുള്ള അറിവും ഉൾക്കാഴ്ചയുമുള്ളവർ കുറയും എന്നാണ്. സംസാരത്തെ കീറിമുറിച്ച് സംസാരിക്കുകയും എന്നാൽ പ്രയോജനം കുറവായിരിക്കുകയും ചെയ്യുന്ന പ്രഭാഷകർ വർദ്ധിക്കും; കാരണം അവർ തങ്ങളുടെ സംസാരത്തിൽ പരീക്ഷിക്കപ്പെട്ടിരിക്കുന്നു (ഫിത്‌നയിൽ അകപ്പെട്ടിരിക്കുന്നു).

അതുപോലെ കർമ്മങ്ങൾക്കും ഫിത്‌നയുണ്ട്. അതിൽ പെട്ടതാണ് സ്വന്തം കർമ്മങ്ങളെക്കുറിച്ച് അത്ഭുതം തോന്നുക എന്നത്. ചില ആളുകൾ ഒരു കർമ്മം ചെയ്താൽ അത് എപ്പോഴും അവൻ്റെ കണ്മുന്നിലുണ്ടാകും; അതൊരു വലിയ കാര്യമായി അവൻ കണക്കാക്കുകയും, താൻ അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ പറഞ്ഞ് അതിൽ അഭിമാനിക്കുകയും ചെയ്യും. അങ്ങനെ തൻ്റെ റബ്ബിൻ്റെ മുമ്പിൽ അവൻ ആ കർമ്മങ്ങൾ വെച്ച് വലിയവനാകാൻ ശ്രമിക്കുകയും അവൻ്റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോവുകയും ചെയ്യും. ഇതും ചിലരെ ബാധിക്കുന്ന ഫിത്‌നയാണ്.

എന്നാൽ മറ്റുചില ആളുകൾക്ക് അല്ലാഹു തൗഫീഖ് നൽകും; അവൻ തൻ്റെ കർമ്മങ്ങളിൽ പരീക്ഷിക്കപ്പെടുകയില്ല. അവൻ കർമ്മങ്ങൾ ചെയ്യും, എന്നിട്ട് അത് തന്നിൽ നിന്ന് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന ഭയത്തോടെ എപ്പോഴും കഴിഞ്ഞുകൂടും. അവൻ കർമ്മങ്ങൾ ചെയ്യുമ്പോഴും ഒരു മുള്ളുനിറഞ്ഞ വഴിയിലൂടെ നടക്കുന്നവനെപ്പോലെ അവൻ വളരെ സൂക്ഷ്മത പുലർത്തും. ശറഈയായ യാതൊരു തെളിവുമില്ലാതെ താൻ വിപുലമായി സംസാരിക്കുന്നതിനെ അവൻ ഭയപ്പെടും, ശറഈയായ തെളിവില്ലാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്നതിനെ ഭയപ്പെടും. സ്വന്തം കർമ്മം, സ്വന്തം ഖുർആൻ പാരായണം, സ്വന്തം നമസ്കാരം, സ്വന്തം അറിവ്, സ്വന്തം ക്ലാസുകൾ, താൻ വിജ്ഞാനം അന്വേഷിക്കുന്നത് തുടങ്ങിയവയിലൊക്കെ അവൻ സ്വയം മുൻപന്തിയിൽ കാണുന്നതിനെയും അവൻ ഭയപ്പെടും. കാരണം അങ്ങനെ ചെയ്യുന്നത് തൻ്റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകുന്നത് വരെ അവൻ അല്ലാഹുവിൻ്റെ جل وعلا മുമ്പിൽ അതെല്ലാം വെച്ച് വലിയവനാകാൻ ശ്രമിക്കലാണ്.

എന്നാൽ അവൻ തൻ്റെ കർമ്മങ്ങളെ വളരെ ചെറുതായി കാണുകയും, അത് സ്വീകരിക്കാൻ അല്ലാഹുവിനോട് جل وعلا പ്രാർത്ഥിക്കുകയും ചെയ്യും. ഇതാണ് അല്ലാഹുവിൻ്റെ جل وعلا ഗ്രന്ഥത്തിൽ സൂറത്തുൽ മുഅ്മിനൂനിൽ പരാമർശിച്ചിട്ടുള്ളത്:

وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ ۝ أُولَٰئِكَ يُسَارِعُونَ فِي الْخَيْرَاتِ

‘തങ്ങൾ നൽകുന്നതെല്ലാം തങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന ഭയത്തോട് കൂടി നൽകുന്നവരും, അങ്ങനെയുള്ളവരാകുന്നു നന്മകളിൽ ധൃതിപ്പെട്ട് മുന്നേറുന്നവർ.’⁴²

അവൻ നന്മകൾ ചെയ്തു, ദാനധർമ്മങ്ങൾ നൽകി, പല കർമ്മങ്ങളും ചെയ്തു; എന്നാൽ അവൻ്റെ ഹൃദയം അത്ഭുതം കൊള്ളുകയോ അവൻ്റെ കർമ്മങ്ങളിൽ സ്വയം മതിമറക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ‘തങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന ഭയത്തോട് കൂടിയാണ് അവരുടെ ഹൃദയങ്ങൾ.’ അല്ലാഹുവിൻ്റെ جل وعلا ഈ വചനം അവർ ഓർക്കും:

فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا

‘അങ്ങനെ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവരുടെ അടുക്കൽ ചെന്നു.’⁴³

അതുപോലെ അല്ലാഹുവിൻ്റെ جل وعلا ഈ വചനവും ഓർക്കും:

وَبَدَا لَهُم مِّنَ اللَّهِ مَا لَمْ يَكُونُوا يَحْتَسِبُونَ

‘അവർ കണക്കുകൂട്ടിയിട്ടു പോലുമില്ലാത്ത കാര്യങ്ങൾ അല്ലാഹുവിങ്കൽ നിന്ന് അവർക്ക് വെളിപ്പെടുകയും ചെയ്യും.’⁴⁴

അതിനാൽ വാക്കുകളിലെ ഫിത്‌നയിൽ നിന്നും കർമ്മങ്ങളിലെ ഫിത്‌നയിൽ നിന്നും കൂടുതലായി ശരണം തേടേണ്ടതുണ്ട് എന്നത് അതിശയോക്തിയുള്ള കാര്യമല്ല; പ്രത്യേകിച്ച് സംസാരിക്കുന്നവർക്കും കർമ്മങ്ങൾ ചെയ്യുന്നവർക്കും, അതെ, മുഴുവൻ സത്യവിശ്വാസികൾക്കും അത് അനിവാര്യമാണ്. വാക്കുകളിലും കർമ്മങ്ങളിലും ശരിയായത് ചെയ്യാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.


  1. സൂറത്ത് ആലുഇംറാൻ 104.
  2. സൂറത്ത് അൽബയ്യിന 5.
  3. സൂറത്ത് സുമർ 11.
  4. സൂറത്ത് സുമർ 14.
  5. സൂറത്ത് ഖസ്വസ്വ് 87.
  6. സൂറത്ത് നഹ്ൽ 125.
  7. സൂറത്ത് യൂസുഫ് 108.
  8. സുനൻ തിർമിദി 3681.
  9. സൂറത്ത് സുമർ 9.
  10. സൂറത്ത് ഫാത്വിർ 28.
  11. സ്വഹീഹ് ബുഖാരി 1395, സ്വഹീഹ് മുസ്‌ലിം 19.
  12. സൂറത്ത് ഹൂദ് 88.
  13. സൂറത്ത് സ്വഫ്ഫ് 2-3.
  14. സൂറത്ത് ത്വാഹാ 44.
  15. സൂറത്ത് തൗബ 128.
  16. സൂറത്ത് അഹ്‌സാബ് 21.
  17. സ്വഹീഹ് ബുഖാരി 7376.
  18. സുനൻ തിർമിദി 1924.
  19. സ്വഹീഹ് മുസ്‌ലിം 2594.
  20. സൂറത്ത് ആലുഇംറാൻ 159.
  21. സൂറത്ത് ഇസ്റാഅ് 102.
  22. സൂറത്ത് അൽബഖറ 269.
  23. സൂറത്ത് നഹ്ൽ 125.
  24. സ്വഹീഹ് ബുഖാരി 1395, സ്വഹീഹ് മുസ്‌ലിം 19.
  25. സൂറത്ത് അൽഖലം 4.
  26. സൂറത്ത് അന്നഹ്ൽ 127.
  27. സൂറത്ത് അൽഅഹ്ഖാഫ് 35.
  28. സൂറത്ത് അർറൂം 60.
  29. സൂറത്ത് അൽഅസ്ർ 1-3.
  30. സൂറത്ത് അന്നിസാഅ് 140.
  31. സൂറത്ത് യൂസുഫ് 87.
  32. സൂറത്ത് ഫാത്വിർ 2.
  33. സൂറത്ത് അൽഅഅ്റാഫ് 164.
  34. സൂറത്ത് അൽഅൻകബൂത്ത് 14.
  35. സൂറത്ത് ഹൂദ് 40.
  36. സൂറത്ത് അർറഅ്ദ് 40.
  37. സൂറത്ത് അത്തഗാബുൻ 16.
  38. സ്വഹീഹ് മുസ്‌ലിം 49.
  39. സൂറത്ത് ആലുഇംറാൻ 173.
  40. സൂറത്ത് അൽമാഇദ 54.
  41. സ്വഹീഹ് ബുഖാരി 7199, സ്വഹീഹ് മുസ്‌ലിം 1709.
  42. സൂറത്ത് അൽമുഅ്മിനൂൻ 60-61.
  43. സൂറത്ത് അൽഹശ്ർ 2.
  44. സൂറത്ത് സുമർ 47

Share This Article
Leave a Comment