മൂന്ന് അടിസ്ഥാനങ്ങൾ

2 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ

നിന്നോട് ചോദിക്കപ്പെട്ടാൽ: ഒരു മനുഷ്യൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആ മൂന്ന് അടിസ്ഥാനങ്ങൾ (അൽ-ഉസ്വൂലുസ്സലാസ) ഏതൊക്കെയാണ്?

അപ്പോൾ നീ പറയുക: ഒരു ദാസൻ തൻ്റെ രക്ഷിതാവിനെയും, തൻ്റെ മതത്തെയും, തൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ) യെയും അറിയുക എന്നതാണ്.


ശൈഖ് സ്വാലിഹ് അൽ ഉസൈമി:

മുഴുവൻ ജനങ്ങളും ആരാധനയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണെന്നും അതിനോട് കൽപ്പിക്കപ്പെട്ടവരാണെന്നും ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) വ്യക്തമാക്കിയപ്പോൾ; ഒരു മനുഷ്യൻ മൂന്ന് അടിസ്ഥാനങ്ങൾ അറിഞ്ഞിരിക്കൽ നിർബന്ധമാണെന്ന് അദ്ദേഹം പരാമർശിച്ചു. അത് അവൻ തൻ്റെ “രക്ഷിതാവിനെയും, മതത്തെയും, പ്രവാചകൻ മുഹമ്മദ് നബി (ﷺ) യെയും” അറിയുക എന്നതാണ്. കാരണം, മൂന്ന് കാര്യങ്ങൾ അറിയാതെ ആരാധന നിർവ്വഹിക്കുക സാധ്യമല്ല:

  • ഒന്നാമത്തേത്: ആർക്കാണോ ആരാധന അർപ്പിക്കപ്പെടുന്നത്, ആ ആരാധ്യനെ അറിയുക; അത് പ്രതാപിയും ഉന്നതനുമായ അല്ലാഹുവാകുന്നു.
  • രണ്ടാമത്തേത്: ആരാധ്യനിൽ നിന്നുള്ള കാര്യങ്ങൾ എത്തിച്ചുതരുന്ന വ്യക്തിയെ അറിയുക; അത് റസൂൽ (ﷺ) ആകുന്നു.
  • മൂന്നാമത്തേത്: ആരാധനയുടെ രീതി അറിയുക; അത് മതമാകുന്നു.

ഇവയാണ് ആ മൂന്ന് അടിസ്ഥാനങ്ങൾ: ദാസൻ തൻ്റെ രക്ഷിതാവിനെയും, പ്രവാചകനെയും, മതത്തെയും അറിയുക എന്നത്. അവയോടുള്ള കൽപ്പന ആരാധനയോടുള്ള കൽപ്പനയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. അതിനാൽ ആരാധനയോടുള്ള ഓരോ കൽപ്പനയും ഇവയോടുള്ള കൽപ്പന കൂടിയാണ്. കാരണം, കൽപ്പിക്കപ്പെട്ട ആരാധന നിർവ്വഹിക്കാൻ സാധിക്കണമെങ്കിൽ, ആർക്കാണോ ആരാധന അർപ്പിക്കപ്പെടുന്നത് അവനെ അറിഞ്ഞിരിക്കേണ്ടതുണ്ട് – ഇതാണ് അല്ലാഹുവിനെ അറിയുക എന്നത്. ആ ആരാധ്യന് നൽകേണ്ട ആരാധനകളെക്കുറിച്ച് അവനിൽ നിന്ന് എത്തിച്ചുതരുന്ന വ്യക്തിയെയും അറിഞ്ഞിരിക്കണം – ഇതാണ് നബി (ﷺ) യെ അറിയുക എന്നത്. ആ ആരാധ്യന് നൽകേണ്ട ആരാധനകളെക്കുറിച്ചും അറിഞ്ഞിരിക്കണം – ഇതാണ് മതത്തെ അറിയുക എന്നത്.

അതിനാൽ, ഗ്രന്ഥകർത്താവിൻ്റെ വാക്കുകളിൽ വന്നിട്ടുള്ള ഈ മൂന്ന് അടിസ്ഥാനങ്ങളുടെ തെളിവ് എന്താണെന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ നീ പറയുക: ആരാധനകൊണ്ട് കൽപ്പിക്കുന്ന ഖുർആനിലെ മുഴുവൻ ആയത്തുകളും നബി (ﷺ) യുടെ മുഴുവൻ ഹദീസുകളും ഈ മൂന്ന് അടിസ്ഥാനങ്ങൾ കൊണ്ടുള്ള കൽപ്പനയെ ഉൾക്കൊള്ളുന്നതാണ്. ഉദാഹരണമായി, ഖുർആനിലെ ആദ്യത്തെ കൽപ്പന:

﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ﴾

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുവിന്‍. [സൂറത്തുൽ ബഖറ: 21]

ഇത് ആ മൂന്ന് അടിസ്ഥാനങ്ങൾക്കുമുള്ള തെളിവാകുന്നു. കാരണം, ഈ ആയത്തിലൂടെ നമ്മോട് കൽപ്പിക്കപ്പെട്ട ആരാധന അനുസരിക്കണമെങ്കിൽ, ആർക്കാണോ അത് നൽകപ്പെടുന്നത് ആ ആരാധ്യനെ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്; ഇതാണ് അല്ലാഹുവിനെ അറിയുക എന്നത്. ആരാധ്യന് നൽകേണ്ട ആരാധനകളെക്കുറിച്ച് അവനിൽ നിന്ന് നമ്മിലേക്ക് എത്തിച്ചുതരുന്ന ആളെയും അതോടൊപ്പം അറിഞ്ഞിരിക്കേണ്ടതുണ്ട്, കാരണം അല്ലാഹുവിന് അവകാശപ്പെട്ട ആരാധനകൾ എന്തൊക്കെയാണെന്ന് സ്വയം മനസ്സിലാക്കാൻ നമ്മുടെ ബുദ്ധിക്ക് സാധിക്കുകയില്ല; ഇതാണ് റസൂലിനെ (ﷺ) അറിയുക എന്നത്. ആ ആരാധന നിർവ്വഹിക്കേണ്ട രീതിയും അതോടൊപ്പം അറിഞ്ഞിരിക്കേണ്ടതുണ്ട്; ഇതാണ് മതത്തെ അറിയുക എന്നത്.

അതിനാൽ, പ്രതാപിയും ഉന്നതനുമായ അല്ലാഹുവിനുള്ള ആരാധനയോട് കൽപ്പിക്കുന്ന എല്ലാറ്റിലും ഈ മൂന്ന് അടിസ്ഥാനങ്ങളും അടങ്ങിയിട്ടുണ്ട്.

Share This Article
Leave a Comment