ഡോ. സുറൂർ ബ്നു മുദക്കിർ അൽ-അജമി
ചരിത്രം പഠിക്കുമ്പോഴും പകർത്തമ്പോഴും രണ്ട് കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം: ഒന്നാമതായി, വിവരങ്ങൾ കൈമാറുന്നതിലെ വിശ്വസ്തത. രണ്ടാമതായി, വിലയിരുത്തലുകളിലെ നീതി. വ്യക്തികളെയോ ഭരണകൂടങ്ങളെയോ വിലയിരുത്തുമ്പോൾ നമുക്ക് ഇഷ്ടമില്ലാത്തവരാണെങ്കിൽ അവരുടെ നന്മകൾ മറച്ചുവെക്കാനോ, ഇഷ്ടമുള്ളവരാണെങ്കിൽ അവരുടെ തെറ്റുകൾ ന്യായീകരിക്കാനോ പാടില്ല. ചരിത്രം കൈമാറുന്നവൻ തികഞ്ഞ സത്യസന്ധനും നീതിമാനുമായിരിക്കണം. ഉദാഹരണത്തിന്, അബൂ ജഹ്ൽ ഈ സമുദായത്തിലെ ഫിർഔനാണ്; ഇസ്ലാമിനോടും മുസ്ലീങ്ങളോടും കടുത്ത ശത്രുത പുലർത്തിയ അവനെക്കുറിച്ച് ചരിത്രം പറയുമ്പോൾ, അവൻ യുദ്ധരംഗത്ത് ധീരനായിരുന്നു എന്ന യാഥാർത്ഥ്യം നാം നിഷേധിക്കാറില്ല. പിശാചിനെക്കുറിച്ച് നബി ﷺ പറഞ്ഞ ഒരു വചനം ചരിത്രപരമായ ഈ നീതിയുടെ ഉത്തമ ഉദാഹരണമാണ്:
صَدَقَكَ وَهُوَ كَذُوبٌ
‘അവൻ നിന്നോട് സത്യം പറഞ്ഞു, എന്നാൽ അവൻ കടുത്ത നുണയനാണ്.’¹
അതുപോലെ, സബഇലെ രാജ്ഞിയായ ബിൽഖീസിനെക്കുറിച്ച് പരിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് കാണുക:
إِنَّ ٱلْمُلُوكَ إِذَا دَخَلُواْ قَرْيَةً أَفْسَدُوهَا وَجَعَلُوٓاْ أَعِزَّةَ أَهْلِهَآ أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ
‘തീർച്ചയായും രാജാക്കന്മാർ ഒരു നാട്ടിൻപുറത്ത് കടന്നാൽ അവരത് ദുഷിപ്പിക്കുകയും, അവിടത്തെ പ്രതാപശാലികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരം തന്നെ അവരും പ്രവർത്തിക്കും.’²
ഇവിടെ ബിൽഖീസ് പറഞ്ഞ ആ യാഥാർത്ഥ്യത്തെ അല്ലാഹു ശരിവെക്കുകയാണ് ചെയ്തത്. ഇത് ആ വ്യക്തിയോടുള്ള ആദരവല്ല, മറിച്ച് അവർ പറഞ്ഞതിലെ സത്യം അംഗീകരിക്കലാണ്. ചരിത്രം കൈമാറുമ്പോൾ ഈ വിശ്വസ്തതയും നീതിയും നാം കാത്തുസൂക്ഷിക്കണം.
ഹിജ്റ 420 മുതൽ 656 വരെയുള്ള കാലഘട്ടം ഇസ്ലാമിക ലോകത്ത് വലിയ ദൗർബല്യത്തിന്റെയും വിഭജനത്തിന്റെയും സമയമായിരുന്നു. സൽജൂഖിയ്യ ഭരണകൂടത്തിന്റെ പതനത്തിന് ശേഷം മുസ്ലീം രാജ്യങ്ങൾ പലതായി ചിതറിപ്പോയി. കിഴക്ക് ഏഷ്യൻ ഭാഗങ്ങളിൽ മുഹമ്മദ് ഷാ ഖ്വാറസ്മിന്റെ നേതൃത്വത്തിലുള്ള വിശാലമായ ഖ്വാറസ്മിയ്യ ഭരണകൂടം നിലനിന്നിരുന്നു. ഇറാനും ഇറാഖിനുമിടയിലുള്ള പർവ്വതപ്രദേശങ്ങളിലെ കോട്ടകളിൽ ഹസൻ അസ്സബ്ബാഹിന്റെ നേതൃത്വത്തിലുള്ള ഹശ്ശാശീനുകൾ (ഇസ്മാഈലിയ്യ ബാത്വിനിയ്യ വിഭാഗം) ആധിപത്യം സ്ഥാപിച്ചു. ബാഗ്ദാദിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അൽ മുസ്തഅ്സിം ബില്ലാഹിന്റെ കീഴിൽ അബ്ബാസിയ്യ ഖിലാഫത്ത് ഒതുങ്ങിനിന്നു. ഈജിപ്തിലും സിറിയയിലുമായി അയ്യൂബി ഭരണകൂടവും, വടക്കേ ആഫ്രിവടക്കേ ആഫ്രിക്കയിൽ മുഹമ്മദ് ഇബ്നു തൂമർത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മുവഹ്ഹിദീൻ ഭരണകൂടവും നിലവിലുണ്ടായിരുന്നു. ഇവയെല്ലാം പരസ്പരം ശത്രുതയിലും പോരിലുമായിരുന്നു കഴിഞ്ഞിരുന്നത്.
ഈ കാലയളവിലെ ചില സുപ്രധാന വ്യക്തിത്വങ്ങളെ പരാമർശിക്കാതെ പോകുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും. സൽജൂഖിയ്യ ഭരണാധികാരിയായ ആൽപ് അർസ്ലാൻ അതിലൊരാളാണ്. ചരിത്രപ്രസിദ്ധമായ മലാസ്ഗിർദ് (Manzikert) യുദ്ധത്തിൽ വെറും 15,000 വരുന്ന മുസ്ലീം സൈന്യത്തെക്കൊണ്ട് 1,80,000 വരുന്ന ക്രിസ്ത്യൻ സൈന്യത്തെ പരാജയപ്പെടുത്തിയ ധീരനായ സൈന്യാധിപനായിരുന്നു അദ്ദേഹം. സൽജൂഖിയ്യ ഭരണകൂടത്തിന്റെ പതനത്തിന് ശേഷം അധികാരത്തിൽ വന്ന തുർക്കി വംശജനായ നൂറുദ്ദീൻ സങ്കിയും, അദ്ദേഹത്തിന് ശേഷം വന്ന കുർദിഷ് വംശജനായ സലാഹുദ്ദീൻ അയ്യൂബിയും ഇസ്ലാമിക ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളാണ്. സലാഹുദ്ദീൻ അയ്യൂബി ചരിത്രപ്രസിദ്ധമായ ഹിത്തീൻ യുദ്ധത്തിലൂടെ കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തി ജറുസലേം തിരിച്ചുപിടിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അധികാരമേറ്റ മക്കളുടെ കാലത്ത് അയ്യൂബി ഭരണകൂടവും ശിഥിലമായി. സിറിയയും ഈജിപ്തും അവർക്കിടയിൽ വിഭജിക്കപ്പെട്ടു. ഹിജ്റ 602 മുതൽ 656 വരെയുള്ള (ക്രി.വ 1200 – 1258) ഈ കാലഘട്ടം തികഞ്ഞ അരാജകത്വത്തിന്റേതായിരുന്നു.
ഈ ദുർബലാവസ്ഥയിലാണ് ലോകത്തെ വിഴുങ്ങാൻ പോന്ന വലിയൊരു ശക്തി കിഴക്ക് നിന്ന് ഉയർന്നുവരുന്നത്; അവരാണ് മംഗോളിയർ അഥവാ താത്താരികൾ. തുർക്ക് പരമ്പരയിലെ ഉഗുസ് ഗോത്രവുമായി ബന്ധമുള്ള ഇവർ കിഴക്കൻ ഏഷ്യയിലെ മംഗോളിയയിൽ (ചൈനയുടെ പടിഞ്ഞാറ് ഭാഗത്ത്) ചിതറിക്കിടന്നിരുന്ന നാടോടി ഗോത്രങ്ങളായിരുന്നു. പരസ്പരം പോരടിച്ചിരുന്ന ഈ ഗോത്രങ്ങൾക്കിടയിലാണ് തെമുജിൻ എന്ന ബാലൻ വളർന്നുവന്നത്. അധികാര തർക്കങ്ങളെത്തുടർന്ന് പിതാവ് കൊല്ലപ്പെട്ടപ്പോൾ ഗോത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട തെമുജിനും കുടുംബവും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചത്. ഒരു മത്സ്യം പിടിച്ചതിന്റെ പേരിൽ സ്വന്തം സഹോദരനെപ്പോലും അവൻ കൊലപ്പെടുത്തി. കാഠിന്യമേറിയ ഈ ചുറ്റുപാടിൽ വളർന്ന തെമുജിൻ, തന്റെ കുശാഗ്രബുദ്ധിയും യുദ്ധതന്ത്രങ്ങളും ഉപയോഗിച്ച് മംഗോളിയൻ ഗോത്രങ്ങളെ മുഴുവൻ ഒന്നിപ്പിക്കുകയും ‘ചെങ്കിസ് ഖാൻ’ (ഏറ്റവും വലിയ രാജാവ്) എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഈ പദവി ഇസ്ലാമിക വീക്ഷണത്തിൽ തികച്ചും നിഷിദ്ധമാണ്.
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ചെങ്കിസ് ഖാൻ ചീന സാമ്രാജ്യത്തെ കീഴടക്കിയ ശേഷം ഇസ്ലാമിക രാജ്യങ്ങളിലേക്ക് തിരിഞ്ഞു. മുഹമ്മദ് ഷാ ഖ്വാറസ്മുമായി മംഗോളിയർക്ക് ആക്രമണം നടത്താതിരിക്കാനുള്ള ഒരു സന്ധിയുണ്ടായിരുന്നു. എന്നാൽ ഖ്വാറസ്മിയ്യ രാജ്യത്തെ ഒരു ഗവർണർ, അവിടെയെത്തിയ മംഗോളിയൻ വ്യാപാരികളെ ചാരന്മാരാണെന്ന് ആരോപിച്ച് വധിച്ചു. ഇതറിഞ്ഞ ചെങ്കിസ് ഖാൻ, കുറ്റവാളിയായ ഗവർണറെ തനിക്ക് കൈമാറാൻ മുഹമ്മദ് ഷായോട് ആവശ്യപ്പെട്ടു. എന്നാൽ മുഹമ്മദ് ഷാ ഈ ആവശ്യം നിരസിക്കുക മാത്രമല്ല, മംഗോളിയൻ ദൂതന്മാരെ അപമാനിക്കുകയും ചെയ്തു. വലിയൊരു സൈനിക ശക്തിയെ വെല്ലുവിളിച്ച ഈ നടപടി ഇസ്ലാമിക ലോകത്തിന് വലിയ ദുരന്തമാണ് വരുത്തിവെച്ചത്.
ക്രിസ്തുവർഷം 1216-ൽ ചെങ്കിസ് ഖാൻ ഖ്വാറസ്മിയ്യ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. മുഹമ്മദ് ഷായുടെ സൈന്യത്തെ പരാജയപ്പെടുത്തിയ മംഗോളിയർ ബുഖാറ, സമർഖന്ദ് നഗരങ്ങളിൽ പ്രവേശിച്ച് സമാനതകളില്ലാത്ത ക്രൂരതകൾ അഴിച്ചുവിട്ടു. സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും അവർ കൊന്നൊടുക്കി. ഗർഭിണികളുടെ വയറുപിളർന്ന് ഭ്രൂണങ്ങളെപ്പോലും അവർ വധിച്ചു. പള്ളികൾ ചുട്ടെരിക്കുകയും മുസ്ലീങ്ങളുടെ തലയോട്ടികൾ കൊണ്ട് മലകൾ തീർക്കുകയും ചെയ്തു. മുസ്ലിം തടവുകാരെ തങ്ങളുടെ മുന്നിൽ നിർത്തി മുസ്ലിം നഗരങ്ങളെ ആക്രമിക്കുന്ന ക്രൂരമായ യുദ്ധതന്ത്രമാണ് അവർ പ്രയോഗിച്ചത്. ആക്രമണം ഭയന്ന് പലായനം ചെയ്ത മുഹമ്മദ് ഷാ ഖ്വാറസ്മ്, കാസ്പിയൻ കടലിലെ ഒരു ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ ദയനീയമായി മരണപ്പെട്ടു. തനിക്ക് നേരിടാൻ കഴിയാത്തത്ര വലിയൊരു ശത്രുവിനെ അനാവശ്യമായി പ്രകോപിപ്പിച്ച് ഇസ്ലാമിക രാജ്യങ്ങൾക്ക് മേൽ വൻ നാശം വരുത്തിവെക്കുകയാണ് അയാൾ ചെയ്തത്.
ചരിത്രത്തിലെ ഈ സംഭവത്തിൽ നിന്ന് നാം വലിയ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. ഒരു ശത്രുവിനെ നേരിടാൻ ശേഷിയില്ലാത്തപ്പോൾ അവരുമായി സന്ധിയിലേർപ്പെടുകയും മുസ്ലീങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയുമാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. ആധുനിക കാലത്ത് അൽ ഖാഇദ എന്ന ഖവാരിജ് സംഘം അമേരിക്കയിലെ ന്യൂയോർക്കിൽ നടത്തിയ സ്ഫോടനങ്ങളും സമാനമായ ദുരന്തമാണ് വിളിച്ചുവരുത്തിയത്. തൽഫലമായി അമേരിക്ക അഫ്ഗാനിസ്ഥാനും ഇറാഖും ആക്രമിക്കുകയും ലക്ഷക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്തിന്റെ തത്വങ്ങൾ മനസ്സിലാക്കാതെ, സ്വന്തം സമുദായത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. മക്കയിലും മദീനയിലും നബി ﷺ ശത്രുക്കളോട് സ്വീകരിച്ച നയതന്ത്രജ്ഞതയും സന്ധികളും നാം ഇവിടെ മാതൃകയാക്കേണ്ടതുണ്ട്.
ക്രിസ്തുവർഷം 1223-ലോ 1224-ലോ ചെങ്കിസ് ഖാൻ മരണപ്പെട്ടു. അങ്ങേയറ്റം ക്രൂരനായിരുന്നുവെങ്കിലും മികച്ച ഒരു സൈനിക തന്ത്രജ്ഞനായിരുന്നു അയാൾ. അയാളുടെ യുദ്ധതന്ത്രങ്ങൾ ഇന്നും പാശ്ചാത്യ സൈനിക അക്കാദമികളിൽ പഠിപ്പിക്കപ്പെടുന്നുണ്ട്. അങ്ങേയറ്റം ഭയാനകമായിരുന്നു അയാളുടെ ആശയങ്ങൾ. “നാം അല്ലാഹുവിന്റെ കോപമാണ്, അല്ലാഹുവിനെ ധിക്കരിക്കുന്നവർക്ക് മേൽ അവൻ നമ്മെ അയച്ചിരിക്കുന്നു” എന്ന് അയാൾ പറയുമായിരുന്നു. “മംഗോളിയരിൽ പകുതി പേർ സന്തുഷ്ടരായി ജീവിക്കാൻ, ബാക്കി പകുതിയെ ബലികഴിക്കാൻ ഞാൻ തയ്യാറാണ്” എന്നും, “നാം വിജയിക്കുക എന്നത് മാത്രമല്ല ലക്ഷ്യം, മറ്റുള്ളവർ പരാജയപ്പെടുകയും വേണം” എന്നും അയാൾ വിശ്വസിച്ചു. ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം, ഹിന്ദു മതം എന്നിവയിലെ ആശയങ്ങൾ കൂട്ടിച്ചേർത്ത് അയാൾ ‘യാസഖ്’എന്നൊരു ഭരണഘടന നിർമ്മിക്കുകയും അത് ലംഘിക്കുന്നത് വധശിക്ഷ അർഹിക്കുന്ന കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. മംഗോളിയർക്ക് അതായിരുന്നു മതവും ഭരണഘടനയും.
ചെങ്കിസ് ഖാന്റെ മരണശേഷം മകൻ തുലൂയ് ഖാനും, തുടർന്ന് മോങ്കെ ഖാനും അധികാരത്തിൽ വന്നു. മോങ്കെ ഖാൻ തന്റെ സഹോദരനായ ഹുലാകൂ ഖാനെ ഇസ്ലാമിക ലോകം കീഴടക്കാനായി നിയോഗിച്ചു. ഹുലാകൂവിന്റെ മാതാവും ഭാര്യയും (തൊഗൂസ് കാതുൻ) ക്രിസ്ത്യാനികളായിരുന്നതിനാൽ അയാൾക്ക് കുരിശുയുദ്ധക്കാരോട് വലിയ അനുഭാവമുണ്ടായിരുന്നു. ഇസ്ലാമിക ലോകത്തേക്കുള്ള ആക്രമണത്തിനിടെ ഹുലാകൂ ചെയ്ത ഒരേയൊരു നല്ല കാര്യം, ഇസ്ലാമിക ലോകത്തിന് വലിയ ഭീഷണിയായിരുന്ന ഹശ്ശാശീനുകളുടെ കോട്ടകൾ തകർത്തു എന്നതാണ്. കൊലപാതകങ്ങളും ഗൂഢാലോചനകളും മുഖമുദ്രയാക്കിയ ഈ ഇസ്മാഈലിയ്യ വിഭാഗം സുന്നി പണ്ഡിതന്മാരെ കൊലപ്പെടുത്തുകയും ക്രിസ്ത്യാനികളുമായി ചേർന്ന് മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഹിജ്റ 656-ൽ (ക്രി.വ 1258) ഹുലാകൂ ഖാനും സൈന്യവും അബ്ബാസിയ്യ ഖിലാഫത്തിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ പ്രവേശിച്ചു. കേവലം മൂന്ന് ദിവസത്തിനുള്ളിൽ എട്ടു ലക്ഷത്തോളം മുസ്ലീങ്ങളെയാണ് അവർ അവിടെ കൊന്നൊടുക്കിയത് (ചില ചരിത്രകാരന്മാർ ഇത് ഇരുപത് ലക്ഷമാണെന്ന് രേഖപ്പെടുത്തുന്നു). ജനസംഖ്യ കുറവായിരുന്ന ആ കാലഘട്ടത്തിൽ എട്ടു ലക്ഷം പേർ കൊല്ലപ്പെടുക എന്നത് ആധുനിക കാലത്തെ കോടിക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്നതിന് (ഒന്നാം ലോകമഹായുദ്ധത്തിലോ രണ്ടാം ലോകമഹായുദ്ധത്തിലോ കൊല്ലപ്പെട്ടതിന്) തുല്യമാണ്. മൃതദേഹങ്ങൾ കുന്നുകൂടിയപ്പോൾ പകർച്ചവ്യാധി ഭയന്ന് ഹുലാകൂ തന്റെ സൈന്യത്തെ ബാഗ്ദാദിൽ നിന്ന് മാറ്റിനിർത്തി. അബ്ബാസിയ്യ ഖലീഫ അൽ മുസ്തഅ്സിം ബില്ലാഹിനെയും മക്കളെയും അവർ ക്രൂരമായി വധിച്ചു. ഖലീഫയുടെ ശിയാ വിശ്വാസിയായ മന്ത്രി ഇബ്നുൽ അൽഖമിയുടെ വഞ്ചനയാണ് ബാഗ്ദാദിന്റെ പതനത്തിന് പ്രധാന കാരണം. ശരിയായ അഖീദയും വിശ്വാസവുമില്ലാത്തവരെ ഭരണനേതൃത്വത്തിൽ ഉപദേഷ്ടാക്കളായി നിയമിച്ചാൽ അത് ഇത്തരം വലിയ വഞ്ചനകളിലാണ് കലാശിക്കുക എന്ന് ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ബാഗ്ദാദ് തകർത്തതിന് ശേഷം ഹുലാകൂ സിറിയയിലേക്ക് തിരിയുകയും അലപ്പോ, ഹിംസ്, ഡമാസ്കസ് എന്നീ നഗരങ്ങൾ കീഴടക്കുകയും ചെയ്തു. എന്നാൽ അല്ലാഹു അവരുടെ കണ്ണുകളെ മക്കയിൽ നിന്നും മദീനയിൽ നിന്നും അന്ധമാക്കി; ഇസ്ലാമിന്റെ പുണ്യഗേഹങ്ങൾ ആക്രമിക്കാൻ അവർക്ക് തോന്നിയില്ല എന്നത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്.
ഈ സമയത്ത് ഈജിപ്തിൽ അയ്യൂബി ഭരണകൂടം തകർന്ന് മംലൂക്കുകൾ അധികാരത്തിൽ വന്നിരുന്നു. സൽജൂഖികളെപ്പോലെ മംലൂക്കുകളും തുർക്കി വംശജരായിരുന്നു. സൈഫുദ്ദീൻ ഖുതുസ്, റുക്നുദ്ദീൻ ബൈബർസ് എന്നീ ശക്തരായ സൈന്യാധിപന്മാരായിരുന്നു അവർക്ക് നേതൃത്വം നൽകിയിരുന്നത്. 15 വയസ്സ് മാത്രം പ്രായമുള്ള സുൽത്താനെ മാറ്റിനിർത്തി, മുസ്ലീങ്ങളുടെ സുരക്ഷയ്ക്കായി സൈഫുദ്ദീൻ ഖുതുസ് അധികാരം ഏറ്റെടുത്തു. ഇതിനിടെ മംഗോളിയൻ ചക്രവർത്തിയായ മോങ്കെ ഖാൻ മരണപ്പെട്ട വിവരമറിഞ്ഞ ഹുലാകൂ, തന്റെ വിശ്വസ്തനായ കുത്ബുഗയെ സൈനികച്ചുമതല ഏൽപ്പിച്ച് മംഗോളിയൻ തലസ്ഥാനമായ തബ്രീസിലേക്ക് മടങ്ങി. ഈജിപ്ത് കീഴടക്കാനായി കുത്ബുഗ, സൈഫുദ്ദീൻ ഖുതുസിന് വലിയൊരു ഭീഷണി സന്ദേശം കൊടുത്തയച്ചു. പർവ്വതങ്ങളോ സമുദ്രങ്ങളോ തങ്ങളെ തടയില്ലെന്നും കീഴടങ്ങാനുമായിരുന്നു ആ സന്ദേശം. എന്നാൽ ധീരനായ ഖുതുസ് ആ ദൂതന്മാരെ വധിക്കുകയും അവരുടെ തലകൾ കെയ്റോയുടെ കവാടത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കാൻ മുസ്ലീങ്ങൾ റമദാൻ മാസത്തിൽ ഐൻ ജാലൂത്ത് യുദ്ധത്തിന് തയ്യാറെടുക്കുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. മംഗോളിയരുടെ പതനത്തിന് തുടക്കം കുറിച്ച ആ മഹത്തായ യുദ്ധത്തിന്റെ വിശദാംശങ്ങൾ വരും അദ്ധ്യായങ്ങളിൽ പരിശോധിക്കാം.
- സ്വഹീഹുൽ ബുഖാരി – 2311
- സൂറത്ത് അന്നംല് – 34