ഖുഫ്ഫകൾ തടവുന്നതിനെ സംബന്ധിച്ചുള്ള ഗവേഷണപഠനങ്ങൾ

ശൈഖ് അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ-ഉസൈമീൻ

ഒന്നാമത്തെ പഠനം: കീറിയതോ, നേർത്തതോ സുതാര്യമായതോ ആയതിനാൽ തൊലിപ്പുറം കാണപ്പെടുന്നതോ ആയ ഖുഫ്ഫകളിൽ തടവുന്നതിന്റെ വിധി

ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം അഹ്മദിന്റെ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം അതിന്മേൽ തടവുന്നത് ശരിയാവുകയില്ല എന്നതാണ്. ‘അൽ-മുൻതഹാ’യിൽ തടവലിന്റെ നിബന്ധനകൾ പ്രതിപാദിക്കുന്ന വേളയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “അതിന്റെ സുതാര്യത കാരണത്താലോ കനംകുറവ് കാരണത്താലോ തൊലിപ്പുറം കാണിക്കുന്നതാകരുത്.” നിർബന്ധമായും കഴുകേണ്ട സ്ഥാനം മറയ്ക്കുന്നതായിരിക്കണം എന്ന് ഇതിന് തൊട്ടുമുമ്പായി അദ്ദേഹം പ്രസ്താവിച്ചിട്ടുമുണ്ട്.

ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥമായ ഇമാം നവവിയുടെ ‘അൽ-മജ്മൂഇ’ൽ¹ കീറിയ ഖുഫ്ഫയുടെ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്; അവയിൽ ഏറ്റവും പ്രബലമായത് അതിൽ തടവരുത് എന്നതാണ്. അതിന്റെ 481-ാം പുറത്തിൽ² പറയുന്നത്: എല്ലാത്തരം ഖുഫ്ഫകളിലും തടവൽ അനുവദനീയമാണെന്ന് സുഫ്‌യാനുസ്സൗരി, ഇസ്ഹാഖ്, യസീദ് ബിൻ ഹാറൂൻ, അബൂ സൗർ എന്നിവരിൽ നിന്ന് ഇബ്‌നുൽ മുൻദിർ ഉദ്ധരിച്ചിരിക്കുന്നു. ഇബ്‌നുൽ മുൻദിർ പറഞ്ഞു: “റസൂൽ ﷺ ഖുഫ്ഫകളിൽ തടവാൻ അനുവാദം നൽകിയത് എല്ലാത്തരം ഖുഫ്ഫകളും ഉൾപ്പെടുന്ന പൊതുവായ വചനത്തിലൂടെയാണ് എന്നതിന്റെ ബാഹ്യാർത്ഥം പരിഗണിച്ച് ഞാനും ഈ അഭിപ്രായമാണ് സ്വീകരിക്കുന്നത്.”

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ‘അൽ-ഇഖ്തിയാറാത്തി’ൽ³ പറയുന്നത്: “ഖുഫ്ഫ എന്ന പേര് നിലനിൽക്കുകയും അതിൽ നടക്കാൻ സാധിക്കുകയും ചെയ്യുന്ന കാലത്തോളം കീറിയ ഖുഫ്ഫയിൽ തടവൽ അനുവദനീയമാണ്. ഇത് ഇമാം ശാഫിഈയുടെ രണ്ട് അഭിപ്രായങ്ങളിൽ പഴയതും, അബുൽ ബറകാത്ത് അടക്കമുള്ള മറ്റ് പണ്ഡിതന്മാരുടെ തിരഞ്ഞെടുപ്പുമാണ്.”

കാലുകളിൽ അതിൽ നിന്നുള്ള വല്ല ഭാഗവും പറ്റിനിൽക്കുന്ന കാലത്തോളം, പാദങ്ങളിൽ ഭൂരിഭാഗവും പുറത്തുകാണുന്നുണ്ടെങ്കിൽ പോലും കീറിയ ഖുഫ്ഫയിൽ തടവൽ അനുവദനീയമാണെന്ന് ‘അൽ-മുഹല്ല’യിൽ⁴ പ്രസ്താവിച്ചിട്ടുണ്ട്. “അതിന് ഖുഫ്ഫ എന്ന് പേര് പറയപ്പെടുന്ന കാലത്തോളം നീ തടവുക” എന്ന് സുഫ്‌യാനുസ്സൗരി പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.

‘അൽ-മജ്മൂഇ’ൽ⁵ പറയുന്നു: “ഖുഫ്ഫയുടെ പുറംപാളി കീറിപ്പോയാൽ, അതിന്റെ ഉൾപാളി കട്ടിയുള്ളതാണെങ്കിൽ തടവൽ അനുവദനീയമാണ്; അല്ലെങ്കിൽ അനുവദനീയമല്ല. കാരണം അത് തുറന്നിരിക്കുന്നതിന് തുല്യമാണ്.” അദ്ദേഹം തുടരുന്നു: “ഉൾപാളി നേർത്തതാണെങ്കിലും തടവൽ അനുവദനീയമാണെന്ന ഒറ്റപ്പെട്ടതും ദുർബലവുമായ ഒരു അഭിപ്രായം റൂയാനിയും റാഫിഈയും ഉദ്ധരിച്ചിട്ടുണ്ട്.”

അതിന്റെ 484-ാം പുറത്തിൽ⁶, ഒമ്പത് സ്വഹാബികളിൽ رضي الله عنهم നിന്ന് ജൗറബിൽ തടവൽ അനുവദനീയമാണെന്ന് ഇബ്‌നുൽ മുൻദിർ ഉദ്ധരിച്ചതായി കാണാം. തുടർന്ന് അദ്ദേഹം പറഞ്ഞു: “ജൗറബ് നേർത്തതാണെങ്കിലും അതിന്മേൽ തടവൽ അനുവദനീയമാണെന്ന് ഉമർ, അലി رضي الله عنهما എന്നിവരിൽ നിന്ന് നമ്മുടെ മദ്ഹബിലെ പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അബൂ യൂസുഫ്, മുഹമ്മദ്, ഇസ്ഹാഖ്, ദാവൂദ് എന്നിവരിൽ നിന്നും അവർ അത് ഉദ്ധരിച്ചിട്ടുണ്ട്.”

അതിന്റെ 486-ാം പുറത്തിൽ⁷ പറയുന്നു: “തുടർച്ചയായി നടക്കാൻ സാധിക്കുന്ന വിധമുള്ള സ്ഫടികത്തിന്റെ ഖുഫ്ഫ ധരിച്ചാൽ, അതിനടിയിലൂടെ തൊലിപ്പുറം കാണപ്പെടുമെങ്കിലും അതിന്മേൽ തടവൽ അനുവദനീയമാണ്.”

‘മുഖ്തസ്വറു ഖലീലി’ന്റെ വ്യാഖ്യാനമായ ‘ജവാഹിറുൽ ഇക്‌ലീൽ’ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യം 24-ാം പുറത്തിൽ⁸ പറയുന്നു: “പരുത്തി, ചണം, അല്ലെങ്കിൽ കമ്പിളി എന്നിവയാൽ നെയ്തുണ്ടാക്കിയ, ഖുഫ്ഫയുടെ ആകൃതിയിൽ കാലിൽ ധരിക്കുന്ന വസ്ത്രമാണ് ജൗറബ്. ഈജിപ്തുകാരുടെ നാട്ടുനടപ്പിൽ ഇതിന് ‘ശറാബ്’ എന്ന് വിളിക്കപ്പെടുന്നു.”

രണ്ടാമത്തെ പഠനം: ഒരു ഖുഫ്ഫയ്ക്ക് മുകളിൽ മറ്റൊരു ഖുഫ്ഫ ധരിച്ചാലുള്ള വിധി

ഒരു ഖുഫ്ഫയ്ക്ക് മുകളിൽ മറ്റൊരു ഖുഫ്ഫ ധരിച്ചാൽ അത് രണ്ട് അവസ്ഥകളിൽ ഒന്നായിരിക്കും:

ഒന്നാമത്തെ അവസ്ഥ: അശുദ്ധി ഉണ്ടായതിന് ശേഷമാണ് ധരിക്കുന്നതെങ്കിൽ വിധി താഴെയുള്ള ഖുഫ്ഫയ്ക്കാണ് ബാധകമാവുക; മുകളിലുള്ളതിൽ തടവരുത്.

രണ്ടാമത്തെ അവസ്ഥ: അശുദ്ധി ഉണ്ടാകുന്നതിന് മുമ്പാണ് ധരിക്കുന്നതെങ്കിൽ അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അവൻ താഴെയുള്ളതിലാണ് തടവിയതെങ്കിൽ വിധി അതുമായി ബന്ധപ്പെടുന്നു; മുകളിലുള്ളത് ഊരിമാറ്റുന്നത് അവന് ദോഷകരമാവുകയില്ല. ഇനി മുകളിലുള്ളതിലാണ് തടവിയതെങ്കിൽ വിധി അതുമായി ബന്ധപ്പെടുന്നു; അത് ഊരിമാറ്റിയാൽ താഴെയുള്ളതും ഊരിമാറ്റൽ നിർബന്ധമാകും. അവയിൽ ഒന്നിൽ തടവിക്കഴിഞ്ഞാൽ പിന്നീട് രണ്ടാമത്തേതിലേക്ക് മാറാവതല്ല. അവ രണ്ടും കീറിയതാണെങ്കിൽ അവയ്ക്ക് മുകളിൽ തടവുന്നത് ശരിയാവുകയില്ല; താഴെയുള്ളതാണ് കീറിയതെങ്കിൽ അതിന്മേൽ തടവുന്നതും ശരിയാവുകയില്ല.

‘അൽ-ഫുറൂഇ’ൽ⁹ പറയുന്നു: “തടവപ്പെട്ട രണ്ട് ഖുഫ്ഫകൾക്ക് മുകളിൽ ധരിച്ച മറ്റ് രണ്ട് ഖുഫ്ഫകളിൽ തടവരുത്. ഇമാം മാലിക്കിനോട് യോജിച്ചുകൊണ്ട് ഇവിടെ അനുവദനീയതയ്ക്ക് സാധ്യതയുണ്ട്.” അതിന്റെ 172-ാം പുറത്തിൽ¹⁰ പറയുന്നു: “തടവപ്പെട്ട മുകളിലത്തെ ഖുഫ്ഫ ഊരിമാറ്റിയാൽ, താഴെയുള്ളതും ഊരിമാറ്റൽ നിർബന്ധമാണെന്ന് അദ്ദേഹത്തിൽ നിന്ന് നിവേദനമുണ്ട്… അപ്പോൾ അഭിപ്രായവ്യത്യാസത്തിനനുസരിച്ച് അവൻ വുളൂഅ് ചെയ്യുകയോ അല്ലെങ്കിൽ കാൽപാദങ്ങൾ കഴുകുകയോ ചെയ്യണം. എന്നാൽ ഇമാം അബൂ ഹനീഫയോടും ഇമാം മാലിക്കിനോടും യോജിച്ചുകൊണ്ട് അത് നിർബന്ധമില്ലെന്നും അദ്ദേഹത്തിൽ നിന്ന് നിവേദനമുണ്ട്; അപ്പോൾ അഭിപ്രായവ്യത്യാസത്തിനനുസരിച്ച് അവൻ വുളൂഅ് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ളതിൽ മാത്രമായി തടവുകയോ ചെയ്യണം.”

ഞാൻ പറയുന്നു: ഖുഫ്ഫ ഊരിമാറ്റുന്നത് ശുദ്ധിയെ മുറിക്കുകയില്ല എന്ന അഭിപ്രായപ്രകാരം അവന്റെ മേൽ യാതൊന്നും നിർബന്ധമാകുന്നില്ല.

ഇമാം നവവിയുടെ ‘അൽ-മജ്മൂഇ’ൽ¹¹ പറയുന്നു: “തണുപ്പുള്ള നാടുകളിൽ വിശേഷിച്ചും ഖുഫ്ഫയ്ക്ക് മുകളിൽ കാലിൽ ധരിക്കപ്പെടുന്ന പാദവസ്ത്രമായ ജുർമൂഖിന് മുകളിൽ തടവൽ നാം അനുവദനീയമാക്കിയാൽ, അബുൽ അബ്ബാസ് ഇബ്‌നു സുറൈജ് അതിൽ മൂന്ന് ആശയങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്: അവയിൽ ഏറ്റവും ശരിയായത് അത് ഖുഫ്ഫയ്ക്ക് പകരമുള്ളതാണെന്നും, ഖുഫ്ഫ കാലിന് പകരമുള്ളതാണെന്നുമാണ്. രണ്ടാമത്തേത്: താഴെയുള്ളത് കാലിൽ ചുറ്റുന്ന തുണി പോലെയും മുകളിലുള്ളത് ഖുഫ്ഫയുമാണ് എന്നതാണ്. മൂന്നാമത്തേത്: അവ രണ്ടും ഒരൊറ്റ ഖുഫ്ഫ പോലെയാണ്; മുകളിലുള്ളത് പുറംപാളിയും താഴെയുള്ളത് ഉൾപാളിയും ആണ്.

ഈ മൂന്ന് ആശയങ്ങളെ അടിസ്ഥാനമാക്കി മദ്ഹബിലെ പണ്ഡിതന്മാർ ധാരാളം കർമ്മശാസ്ത്ര വിഷയങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അവയിൽ അദ്ദേഹം പ്രസ്താവിച്ച ഒന്നാണ്: മുകളിലുള്ളതിൽ തടവിയ ശേഷം അത് ഊരിമാറ്റുകയും താഴെയുള്ളത് അതേപടി അവശേഷിക്കുകയും ചെയ്താലുള്ള വിധി. നാം ഒന്നാമത്തെ ആശയമാണ് സ്വീകരിക്കുന്നതെങ്കിൽ താഴെയുള്ളത് ഊരിമാറ്റൽ നിർബന്ധമില്ല, അതിനാൽ അവൻ അതിന്മേൽ തടവണം; എന്നാൽ അതിൽ തടവിയാൽ മാത്രം മതിയാകുമോ അതോ വുളൂഅ് മടക്കൽ അനിവാര്യമാണോ എന്നതിൽ, ഖുഫ്ഫ ഊരിമാറ്റിയവന്റെ വിഷയത്തിലുള്ള രണ്ട് അഭിപ്രായങ്ങളുണ്ട്. ഇനി നാം മൂന്നാമത്തെ ആശയമാണ് സ്വീകരിക്കുന്നതെങ്കിൽ അവന്റെ മേൽ യാതൊന്നും നിർബന്ധമില്ല. എന്നാൽ രണ്ടാമത്തെ ആശയമാണ് നാം സ്വീകരിക്കുന്നതെങ്കിൽ താഴെയുള്ളത് ഊരിമാറ്റലും കാൽപാദങ്ങൾ കഴുകലും നിർബന്ധമാണ്; വുളൂഅ് ആദ്യം മുതൽ പുതുക്കൽ നിർബന്ധമാണോ എന്നതിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.”

ചുരുക്കത്തിൽ, ഈ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസത്തിൽ നിന്ന് അഞ്ച് അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു വരുന്നു:

  • ഒന്നാമത്തേത്: യാതൊന്നും നിർബന്ധമില്ല.
  • അവയിൽ ഏറ്റവും പ്രബലമായത്: താഴെയുള്ളതിൽ മാത്രം തടവുക എന്നതാണ്.
  • മൂന്നാമത്തേത്: വുളൂഅ് പുതുക്കുന്നതോടൊപ്പം അതിൽ തടവൽ നിർബന്ധമാണ്.
  • നാലാമത്തേത്: രണ്ട് ഖുഫ്ഫകളും ഊരിമാറ്റലും രണ്ട് കാലുകളും കഴുകലും നിർബന്ധമാണ്.
  • അഞ്ചാമത്തേത്: ഖുഫ്ഫ ഊരിമാറ്റലും വുളൂഅ് ആദ്യം മുതൽ പുതുക്കലും നിർബന്ധമാണ്.

അതിന്റെ 490-ാം പുറത്തിൽ¹² തന്നെ വീണ്ടും പറയുന്നു: “ശുദ്ധിയോടെ ഖുഫ്ഫ ധരിക്കുകയും ശേഷം അശുദ്ധി ഉണ്ടാവുകയും അതിന്മേൽ തടവുകയും ചെയ്തു; പിന്നീട് ആ തടവലിന്റെ ശുദ്ധിയിൽ ജുർമൂഖ് ധരിച്ചു; എങ്കിൽ അതിന്മേൽ തടവൽ അനുവദനീയമാണോ എന്നതിൽ പ്രസിദ്ധമായ രണ്ട് വീക്ഷണങ്ങളുണ്ട്.” തുടർന്ന് അനുവദനീയമാണ് എന്ന അഭിപ്രായത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അതാണ് ഏറ്റവും വ്യക്തമായതും തിരഞ്ഞെടുക്കപ്പെട്ടതുമായ അഭിപ്രായം. കാരണം അവൻ ശുദ്ധിയിലാണ് അത് ധരിച്ചിട്ടുള്ളത്. അതൊരു അപൂർണ്ണമായ ശുദ്ധിയാണ് എന്ന അവരുടെ വാദം സ്വീകാര്യമല്ല. ഇമാം റാഫിഈ പറഞ്ഞു: ശൈഖ് അബൂ അലി പ്രസ്താവിച്ചു: ഇവിടെ നാം തടവൽ അനുവദനീയമാക്കിയാൽ, സമയപരിധി ആരംഭിക്കുന്നത് ഖുഫ്ഫ ധരിച്ച ശേഷം അശുദ്ധി ഉണ്ടായ സമയം മുതലാണ്; ജുർമൂഖ് ധരിച്ച സമയം മുതലല്ല.”

“അശുദ്ധി ഉണ്ടായ സമയം മുതൽ” എന്ന അദ്ദേഹത്തിന്റെ വാക്ക്, സമയപരിധി ആരംഭിക്കുന്നത് അശുദ്ധി ഉണ്ടാകുന്നതോടെയാണ് എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. ആ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസം വഴിയെ വരുന്നുണ്ട്.

മൂന്നാമത്തെ പഠനം: തടവലിന്റെ സമയപരിധി നിർണ്ണയിക്കുന്നതിനെ സംബന്ധിച്ച്

ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. സ്വഹാബികളും താബിഉകളും അവർക്ക് ശേഷമുള്ളവരുമായ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം, തടവലിന് വാസസ്ഥലത്തുള്ളവന് ഒരു രാവും പകലും, യാത്രക്കാരന് മൂന്ന് രാവും പകലും സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്.

എന്നാൽ ചില പണ്ഡിതന്മാർ പറഞ്ഞത്: അതിൽ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നാണ്. ‘അൽ-മജ്മൂഇ’ൽ¹³ പറയുന്നു: “നമ്മുടെ മദ്ഹബിലെ പണ്ഡിതന്മാർ അബൂ സലമ ബിൻ അബ്ദിർറഹ്മാൻ, ശഅ്ബി, റബീഅ, ലൈസ്, ഇമാം മാലിക്കിന്റെ ഭൂരിഭാഗം ശിഷ്യന്മാർ എന്നിവരിൽ നിന്ന് അത് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മാലിക്കിൽ നിന്ന് പ്രസിദ്ധമായ അഭിപ്രായവും അതുതന്നെയാണ്. എന്നാൽ അതിന് സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നും, യാത്രക്കാരനല്ലാതെ നാട്ടിലുള്ളവന് മാത്രമാണ് സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹത്തിൽ നിന്ന് നിവേദനമുണ്ട്. ഇബ്‌നുൽ മുൻദിർ പറഞ്ഞു: പ്രഭാതം മുതൽ രാത്രി വരെ തടവാമെന്ന് സഈദ് ബിൻ ജുബൈർ അഭിപ്രായപ്പെട്ടിരിക്കുന്നു.”

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ‘അൽ-ഇഖ്തിയാറാത്തി’ന്റെ 15-ാം പുറത്തിൽ¹⁴ പറഞ്ഞു: “മുസ്‌ലിംകളുടെ പൊതുനന്മയ്ക്കായി നിയോഗിക്കപ്പെട്ട സന്ദേശവാഹകനെപ്പോലെ, ഖുഫ്ഫ ഊരുന്നതിലും ധരിക്കുന്നതിലും വ്യാപൃതനാകുന്നത് പ്രയാസകരമായിത്തീരുന്ന യാത്രക്കാരന്റെ കാര്യത്തിൽ തടവലിന്റെ സമയപരിധി നിശ്ചയിക്കപ്പെടുകയില്ല.”

ഇനി സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന് നാം പറഞ്ഞാൽ, അത് എപ്പോൾ മുതലാണ് ആരംഭിക്കുന്നത്? ഖുഫ്ഫ ധരിച്ചതിന് ശേഷമുള്ള ആദ്യത്തെ അശുദ്ധി മുതലാണ് സമയപരിധി ആരംഭിക്കുന്നത് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.

‘അൽ-മജ്മൂഇ’ൽ¹⁵ പറയുന്നു: “അശുദ്ധി ഉണ്ടായതിന് ശേഷം തടവുന്ന സമയം മുതലാണ് സമയപരിധി ആരംഭിക്കുന്നത് എന്ന് ഇമാം ഔസാഈയും അബൂ സൗറും പറഞ്ഞിരിക്കുന്നു. ഇമാം അഹ്മദിൽ നിന്നും ദാവൂദിൽ നിന്നുമുള്ള ഒരു നിവേദനവും ഇതുതന്നെയാണ്. തെളിവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രബലമായതും തിരഞ്ഞെടുക്കപ്പെട്ടതുമായ അഭിപ്രായം ഇതാണ്. ഇബ്‌നുൽ മുൻദിർ ഇത് തിരഞ്ഞെടുക്കുകയും ഉമർ ബിൻ അൽ-ഖത്വാബിൽ رضي الله عنه നിന്ന് ഇപ്രകാരം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഖുഫ്ഫ ധരിക്കുന്ന സമയം മുതലാണ് അതിന്റെ ആരംഭമെന്ന് ഹസനുൽ ബസ്വരിയിൽ നിന്ന് മാവർദിയും ശാശിയും ഉദ്ധരിച്ചിരിക്കുന്നു.”

നാലാമത്തെ പഠനം: ഖുഫ്ഫ ധരിച്ച വ്യക്തിയുടെ അവസ്ഥ വാസസ്ഥലത്തുനിന്ന് യാത്രയിലേക്കോ, അല്ലെങ്കിൽ മറിച്ചോ മാറിയാൽ അവയിൽ ഏതാണ് പരിഗണിക്കേണ്ടത്?

ഇതിന് മൂന്ന് അവസ്ഥകളുണ്ട്:

ഒന്നാമത്തെ അവസ്ഥ: അശുദ്ധി ഉണ്ടാകുന്നതിന് മുമ്പായി മാറ്റം സംഭവിക്കുക. ഉദാഹരണത്തിന്, നാട്ടിലായിരിക്കെ ഖുഫ്ഫ ധരിക്കുകയും അശുദ്ധി ഉണ്ടാകുന്നതിന് മുമ്പ് യാത്ര തിരിക്കുകയും ചെയ്യുക; അല്ലെങ്കിൽ യാത്രക്കാരനായിരിക്കെ അത് ധരിക്കുകയും അശുദ്ധി ഉണ്ടാകുന്നതിന് മുമ്പ് സ്വന്തം നാട്ടിൽ എത്തിച്ചേരുകയും ചെയ്യുക. ഇതിൽ ഒന്നാമത്തെ വിഷയത്തിൽ അവൻ യാത്രക്കാരന്റെ തടവലാണ് തടവേണ്ടത്; ഇത് പണ്ഡിതലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമാണെന്ന് ‘അൽ-മജ്മൂഇ’ൽ¹⁶ പറഞ്ഞിരിക്കുന്നു. രണ്ടാമത്തെ വിഷയത്തിൽ അവൻ നാട്ടിലുള്ളവന്റെ തടവലാണ് തടവേണ്ടത്; അതിൽ യാതൊരു സംശയവുമില്ല.

രണ്ടാമത്തെ അവസ്ഥ: അശുദ്ധി ഉണ്ടായതിന് ശേഷവും എന്നാൽ തടവുന്നതിന് മുമ്പുമായി മാറ്റം സംഭവിക്കുക. ഉദാഹരണത്തിന്, നാട്ടിലായിരിക്കെ ഖുഫ്ഫ ധരിക്കുകയും പിന്നീട് അശുദ്ധി ഉണ്ടാവുകയും തടവുന്നതിന് മുമ്പായി യാത്ര തിരിക്കുകയും ചെയ്യുക; അല്ലെങ്കിൽ യാത്രക്കാരനായിരിക്കെ അത് ധരിക്കുകയും അശുദ്ധി ഉണ്ടാവുകയും തടവുന്നതിന് മുമ്പായി സ്വന്തം നാട്ടിൽ എത്തിച്ചേരുകയും ചെയ്യുക. ഇതിൽ ഒന്നാമത്തെ വിഷയത്തിൽ അവൻ യാത്രക്കാരന്റെ തടവലാണ് തടവേണ്ടത്. ‘അൽ-ഇൻസ്വാഫി’ൽ¹⁷ പറയുന്നു: “ഇതാണ് മദ്ഹബിലെ അഭിപ്രായം, മദ്ഹബിലെ പണ്ഡിതന്മാരെല്ലാം ഇതിലാണുള്ളത്.” മൂന്ന് ഇമാമുകളുടെയും യോജിപ്പിനെ സൂചിപ്പിച്ചുകൊണ്ട് ‘അൽ-ഫുറൂഇ’ൽ¹⁸ ഇതിനായി ‘വാവ്’ എന്ന അക്ഷരം അടയാളമായി നൽകിയിട്ടുണ്ട്. അദ്ദേഹം തുടരുന്നു: “എന്നാൽ നാട്ടിലുള്ളവന്റെ തടവലാണ് തടവേണ്ടതെന്നും അദ്ദേഹത്തിൽ നിന്ന് നിവേദനമുണ്ട്…”

അവൻ യാത്രക്കാരന്റെ തടവൽ പൂർത്തിയാക്കണം എന്നതിൽ യാതൊരു അഭിപ്രായവ്യത്യാസവും നാം അറിയുന്നില്ല എന്ന് ‘അൽ-മുഗ്‌നി’യിൽ¹⁹ പറഞ്ഞിരിക്കുന്നു. രണ്ടാമത്തെ വിഷയത്തിൽ അവൻ നാട്ടിലുള്ളവന്റെ തടവലാണ് തടവേണ്ടത്; അതിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുള്ളതായി ഞാൻ കണ്ടിട്ടില്ല.

മൂന്നാമത്തെ അവസ്ഥ: അശുദ്ധി ഉണ്ടാവുകയും തടവുകയും ചെയ്തതിന് ശേഷം മാറ്റം സംഭവിക്കുക. ഉദാഹരണത്തിന്, നാട്ടിലായിരിക്കെ ഖുഫ്ഫ ധരിക്കുകയും അതിന്മേൽ തടവുകയും ചെയ്ത ശേഷം യാത്ര തിരിക്കുക; അല്ലെങ്കിൽ യാത്രക്കാരനായിരിക്കെ ഖുഫ്ഫ ധരിക്കുകയും അതിന്മേൽ തടവുകയും ചെയ്ത ശേഷം സ്വന്തം നാട്ടിൽ എത്തിച്ചേരുക. ഈ അവസ്ഥയിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

ഒന്നാമത്തെ വിഷയം: അതിൽ നാട്ടിലുള്ളവന്റെ തടവൽ സമയപരിധി ഒന്നുകിൽ അവസാനിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ അവസാനിച്ചിട്ടുണ്ടാകില്ല. ആ സമയപരിധി അവസാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ തടവൽ പാടില്ല. അവൻ യാത്രക്കാരന്റെ തടവൽ പൂർത്തിയാക്കണമെന്ന് ‘അൽ-മുഹല്ല’യിൽ²⁰ പ്രസ്താവിച്ചതൊഴിച്ചാൽ ഈ വിഷയത്തിൽ മറ്റൊരു അഭിപ്രായവ്യത്യാസവും ഞാൻ കണ്ടിട്ടില്ല. എന്നാൽ നാട്ടിലുള്ളവന്റെ തടവൽ സമയപരിധി ബാക്കിയുണ്ടെങ്കിൽ അതിൽ അഭിപ്രായവ്യത്യാസമുണ്ട്: ഇമാം മാലിക്, ശാഫിഈ, ഒരു നിവേദനമനുസരിച്ച് അഹ്മദ്, ഇസ്ഹാഖ്, ഒരു നിവേദനമനുസരിച്ച് ദാവൂദ് എന്നിവരുടെ മദ്ഹബ് അവൻ നാട്ടിലുള്ളവന്റെ തടവൽ പൂർത്തിയാക്കണം എന്നതാണ്. എന്നാൽ ഇമാം അബൂ ഹനീഫയുടെയും സുഫ്‌യാനുസ്സൗരിയുടെയും മദ്ഹബ് അവൻ യാത്രക്കാരന്റെ തടവൽ പൂർത്തിയാക്കണം എന്നതാണ്; അഹ്മദിൽ നിന്നും ദാവൂദിൽ നിന്നുമുള്ള മറ്റൊരു നിവേദനവും ഇതുതന്നെയാണ്.²¹

‘അൽ-മുഗ്‌നി’യിൽ²² പറയുന്നു: “ഇമാം അഹ്മദ് തന്റെ ആദ്യ അഭിപ്രായത്തിൽ നിന്ന് ഇതിലേക്ക് മടങ്ങിയിരിക്കുന്നു എന്ന് ഖല്ലാൽ പ്രസ്താവിച്ചിട്ടുണ്ട്.” ‘അൽ-ഇൻസ്വാഫി’ൽ²³ ‘അൽ-ഫാഇഖി’ന്റെ ഗ്രന്ഥകാരനിൽ നിന്ന് ഉദ്ധരിക്കുന്നു: “അതാണ് അവസാനമുണ്ടായ പ്രസ്താവന, അതുതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട അഭിപ്രായവും.”

ഇനി രണ്ടാമത്തെ വിഷയം: അതിൽ യാത്രക്കാരന്റെ തടവൽ സമയപരിധി ഒന്നുകിൽ അവസാനിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ അവസാനിച്ചിട്ടുണ്ടാകില്ല. ആ സമയപരിധി അവസാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ തടവൽ പാടില്ല. എന്നാൽ സമയപരിധി ബാക്കിയുണ്ടെങ്കിൽ, നാട്ടിലുള്ളവന്റെ സമയപരിധിയിൽ വല്ലതും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ നാട്ടിലുള്ളവന്റെ തടവൽ പൂർത്തിയാക്കണം. ‘അൽ-മുഗ്‌നി’യിൽ²⁴ പറയുന്നു: “ഇതാണ് ഇമാം ശാഫിഈയുടെയും ഹനഫീ പണ്ഡിതന്മാരുടെയും അഭിപ്രായം; ഇതിൽ വിയോജിപ്പുള്ള ആരെയും എനിക്കറിയില്ല.” മൂന്ന് ഇമാമുകളുടെയും യോജിപ്പിനെ സൂചിപ്പിച്ചുകൊണ്ട് ‘അൽ-ഫുറൂഇ’ൽ²⁵ ഇതിനായി ‘വാവ്’ എന്ന അക്ഷരം അടയാളമായി നൽകിയിട്ടുണ്ട്. അദ്ദേഹം തുടരുന്നു: “അവൻ യാത്രക്കാരനായിരിക്കെ ഒരു രാവും പകലും കവിഞ്ഞ സമയം തടവിയിട്ടുണ്ടെങ്കിൽ യാത്രക്കാരന്റെ തടവൽ തന്നെയാണ് പരിഗണിക്കേണ്ടതെന്ന് ‘അൽ-മുബ്ഹിജി’ൽ പറഞ്ഞിരിക്കുന്നു.” ‘അൽ-മുഹല്ല’യിൽ²⁶ പറയുന്നത്: “അവൻ യാത്രയിൽ രണ്ടു രാവും രണ്ടു പകലും അതിൽ കുറവുമാണ് തടവിയിട്ടുള്ളതെങ്കിൽ നാട്ടിലുള്ളവന്റെ തടവൽ പുതുതായി ആരംഭിക്കാം; അല്ലെങ്കിൽ യാത്രക്കാരന്റെ സമയപരിധിയിൽ വല്ലതും അവശേഷിക്കുന്നുണ്ടെങ്കിൽ യാത്രക്കാരന്റെ തടവൽ പൂർത്തിയാക്കാം.”

അഞ്ചാമത്തെ പഠനം: തടവലിന്റെ സമയപരിധി അവസാനിക്കുകയോ, അല്ലെങ്കിൽ തടവപ്പെട്ട ഖുഫ്ഫ ഊരിമാറ്റുകയോ ചെയ്താൽ ശുദ്ധി നിലനിൽക്കുമോ അതോ മുറിയുമോ?

ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ‘അൽ-മജ്മൂഇ’ൽ²⁷ അത് പ്രസ്താവിച്ചിട്ടുണ്ട്:

ഒന്നാമത്തെ അഭിപ്രായം: അവന്റെ ശുദ്ധി നിലനിൽക്കുകയും അവന്റെ മേൽ യാതൊന്നും നിർബന്ധമാകാതിരിക്കുകയും ചെയ്യും; അതിനാൽ അശുദ്ധി ഉണ്ടാകാത്ത കാലത്തോളം ആ ശുദ്ധിയിൽ അവന് നമസ്കരിക്കാവുന്നതാണ്. ഇബ്‌നുൽ മുൻദിർ ഇത് ഹസനുൽ ബസ്വരി, ഖതാദ, സുലൈമാൻ ബിൻ ഹർബ് എന്നിവരിൽ നിന്ന് ഉദ്ധരിക്കുകയും, അദ്ദേഹം തന്നെ ഈ അഭിപ്രായം തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇമാം നവവി പറഞ്ഞു: “ഇതാണ് തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും ബലവത്തായതുമായ അഭിപ്രായം.”

ഞാൻ പറയുന്നു: ഇബ്‌നു ഹസ്മും²⁸ ഈ അഭിപ്രായം തിരഞ്ഞെടുത്തിട്ടുണ്ട്. ഒന്നാമത്തെ വിഷയമായ സമയപരിധി അവസാനിക്കുന്നതിൽ ഇബ്‌റാഹീം അന്നഖഈ, ഹസനുൽ ബസ്വരി, ഇബ്‌നു അബീ ലൈലാ, ദാവൂദ് എന്നിവരിൽ നിന്ന് അദ്ദേഹം ഇത് ഉദ്ധരിക്കുകയും, “ഇതല്ലാതെ മറ്റൊരു അഭിപ്രായം സ്വീകരിക്കൽ അനുവദനീയമല്ലാത്ത വിധം ശരിയായ അഭിപ്രായം ഇതാണ്” എന്ന് പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം തുടർന്ന് 95-ാം പുറത്തിൽ²⁹ പറഞ്ഞു: “രണ്ട് സമയപരിധികളിൽ ഒന്ന് അവസാനിക്കുന്നതിന് ഒരു നിമിഷം മുമ്പ് അവൻ തടവിയാൽ പോലും, അശുദ്ധി ഉണ്ടാകാത്ത കാലത്തോളം ആ ശുദ്ധിയിൽ അവന് നമസ്കരിക്കാവുന്നതാണ്.” രണ്ടാമത്തെ വിഷയത്തെക്കുറിച്ച് അത് മുൻഗാമികളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണെന്ന് അദ്ദേഹം³⁰ പറഞ്ഞിരിക്കുന്നു. ഈ രണ്ട് വിഷയങ്ങളിലും ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തിരഞ്ഞെടുത്ത അഭിപ്രായവും ഇതുതന്നെയാണ്.

രണ്ടാമത്തെ അഭിപ്രായം: അവന് രണ്ട് കാൽപാദങ്ങൾ മാത്രം കഴുകൽ നിർബന്ധമാകും. അത്വാഅ്, അൽഖമ, അൽ-അസ്‌വദ് എന്നിവർ ഈ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഇബ്‌റാഹീം അന്നഖഈയിൽ നിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂ ഹനീഫയുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും, സുഫ്‌യാനുസ്സൗരി, അബൂ സൗർ, മുസ്നീ എന്നിവരുടെയും മദ്ഹബും ഇമാം അഹ്മദിൽ നിന്നുള്ള ഒരു നിവേദനവും ഇതുതന്നെയാണ്.

മൂന്നാമത്തെ അഭിപ്രായം: അവന് വുളൂഅ് ചെയ്യൽ നിർബന്ധമാകും. മക്ഹൂൽ, നഖഈ, സുഹ്‌രി, ഇബ്‌നു അബീ ലൈലാ, ഔസാഈ, ഹസൻ ബിൻ സ്വാലിഹ്, ഇസ്ഹാഖ് എന്നിവർ ഈ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഇമാം അഹ്മദിൽ നിന്നുള്ള രണ്ട് നിവേദനങ്ങളിൽ ഏറ്റവും പ്രബലമായതും ഇതുതന്നെയാണ്.

നാലാമത്തെ അഭിപ്രായം: ഖുഫ്ഫ ഊരിമാറ്റുന്നതിനും കാലുകൾ കഴുകുന്നതിനും ഇടയിലുള്ള സമയദൈർഘ്യം നീണ്ടുപോയാൽ അവന് വുളൂഅ് ചെയ്യൽ നിർബന്ധമാകും; അല്ലെങ്കിൽ രണ്ട് കാലുകൾ മാത്രം കഴുകിയാൽ മതിയാകും. ഇമാം മാലിക്കും ലൈസും ഈ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.

നാം എഴുതാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഇവിടെ പൂർണ്ണമായിരിക്കുന്നു. ഇവ ഉപകാരപ്രദമാക്കുവാനായി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു; തീർച്ചയായും അവൻ അത്യുദാരനും പരമകാരുണികനുമാകുന്നു.

ഹിജ്റ 1407 റബീഉൽ ആഖിർ 16 ബുധനാഴ്ചയാണ് ഇത് പൂർത്തിയായത്.


  1. അൽ-മജ്മൂഅ്: 1/480.
  2. അൽ-മജ്മൂഅ്: 1/481.
  3. അൽ-ഇഖ്തിയാറാത്ത്: പുറം 13.
  4. അൽ-മുഹല്ലാ: 2/100.
  5. അൽ-മജ്മൂഅ്: 1/482.
  6. അൽ-മജ്മൂഅ്: 1/484.
  7. അൽ-മജ്മൂഅ്: 1/486.
  8. ജവാഹിറുൽ ഇക്‌ലീൽ ശർഹു മുഖ്തസ്വറി ഖലീൽ: 1/24.
  9. അൽ-ഫുറൂഅ്: 1/160.
  10. അൽ-ഫുറൂഅ്: 1/172.
  11. അൽ-മജ്മൂഅ്: 1/490.
  12. അൽ-മജ്മൂഅ്: 1/490.
  13. അൽ-മജ്മൂഅ്: 1/467.
  14. അൽ-ഇഖ്തിയാറാത്ത്: പുറം 15.
  15. അൽ-മജ്മൂഅ്: 1/470.
  16. അൽ-മജ്മൂഅ്: 2/472.
  17. അൽ-ഇൻസ്വാഫ്: 1/179.
  18. അൽ-ഫുറൂഅ്: 1/168.
  19. അൽ-മുഗ്‌നി: 1/290.
  20. അൽ-മുഹല്ലാ: 2/109.
  21. അൽ-മജ്മൂഅ്: 1/472 നോക്കുക.
  22. അൽ-മുഗ്‌നി: 1/292.
  23. അൽ-ഇൻസ്വാഫ്: 1/178.
  24. അൽ-മുഗ്‌നി: 1/293.
  25. അൽ-ഫുറൂഅ്: 1/168.
  26. അൽ-മുഹല്ലാ: 2/109.
  27. അൽ-മജ്മൂഅ്: 1/516.
  28. അൽ-മുഹല്ലാ: 2/94.
  29. അൽ-മുഹല്ലാ: 2/95.
  30. അൽ-മുഹല്ലാ: 2/105.
Share This Article
Leave a Comment