ആറാമത്തെ ദിക്ർ: ആയത്തുൽ കുർസി പാരായണം

2 Min Read

ശൈഖ് സ്വാലിഹ് അൽ ഉസൈമി:

അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ ആറാമത്തെ ഇനമാണിത്. അതായത് ആയത്തുൽ കുർസി പാരായണം ചെയ്യുക. അല്ലാഹുവിന്റെ ഈ വചനമാണത്: ﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ…﴾. ഈ വചനത്തിൽ അല്ലാഹുവിന്റെ കുർസിയെക്കുറിച്ച് പ്രത്യേകമായി പരാമർശിച്ചതിനാലാണ് ഇതിന് ‘ആയത്തുൽ കുർസി’ എന്ന് പേര് നൽകപ്പെട്ടത്. പരിശുദ്ധ ഖുർആനിൽ ഈ ആയത്തിലല്ലാതെ മറ്റൊരിടത്തും അല്ലാഹുവിന്റെ കുർസിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

അതുകൊണ്ട് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണ് ആയത്തുൽ കുർസി പാരായണം ചെയ്യുക എന്നത്. ഇമാം നസാഇ തന്റെ ‘അസ്സുനനുൽ കുബ്റാ’യിൽ ഹസനായ പരമ്പരയോടെ അബൂ ഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസാണ് ഇതിനാധാരം. നബി ﷺ പറഞ്ഞു:

مَنْ قَرَأَ آيَةَ الكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ

ഓരോ നിർബന്ധ നമസ്കാരത്തിന് ശേഷവും ആരെങ്കിലും ആയത്തുൽ കുർസി പാരായണം ചെയ്താൽ, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിൽ നിന്നും മരണം മാത്രമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല. സുനനു നസാഇ അൽ കുബ്റാ – 9848

നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ആയത്തുൽ കുർസി പാരായണം ചെയ്യുന്നതിന്റെ മഹത്തായ ശ്രേഷ്ഠതയാണ് ഇത് അറിയിക്കുന്നത്. ആരെങ്കിലും അത് പതിവാക്കിയാൽ അവനുള്ള പ്രതിഫലം സ്വർഗ്ഗ പ്രവേശനം ആകുന്നു. അല്ലാഹു നമ്മെ എല്ലാവരെയും സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തുമാറാകട്ടെ.

Share This Article
Leave a Comment