ഡോ. സുറൂർ ബ്നു മുദക്കിർ അൽ-അജമി
ചരിത്രപാഠങ്ങളിലെ കഴിഞ്ഞ ഭാഗങ്ങളിൽ നാം ചർച്ച ചെയ്ത മംലൂക് ഭരണകൂടത്തിന്റെ ബാക്കി ഭാഗമാണിത്. അബ്ബാസി ഭരണകൂടത്തിനും ഉസ്മാനിയ്യ ഭരണകൂടത്തിനും ഇടയിലുള്ള കാലഘട്ടമായാണ് ഇതിനെ നാം വിശേഷിപ്പിച്ചത്. മംലൂക് ഭരണകാലത്ത് കെയ്റോയിൽ അബ്ബാസി ഖലീഫയുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇതിനെ അബ്ബാസി ഭരണകൂടത്തിനും ഉസ്മാനിയ്യ ഭരണകൂടത്തിനും ഇടയിലുള്ള കാലഘട്ടമെന്ന് വിളിക്കുന്നത് എന്നതൊരു സുപ്രധാന ചോദ്യമാണ്. കെയ്റോയിലെ അബ്ബാസി ഖലീഫയുടെ അവസ്ഥ ബാഗ്ദാദിലെ ഖലീഫയുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കെയ്റോയിലെ ഖലീഫയുടെ സാന്നിധ്യം കേവലം നാമമാത്രമായിരുന്നു. അദ്ദേഹത്തിന് ഭരണത്തിലോ അധികാരത്തിലോ യാതൊരു പങ്കുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഖുതുബകളിൽ പേര് പറയപ്പെടുകയും, മംലൂക്കുകൾ തീരുമാനിക്കുന്ന സുൽത്താനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുക എന്ന കേവലമൊരു മതപരമായ ചിഹ്നം മാത്രമായിരുന്നു അവിടെ ഖലീഫ. സുൽത്താനെ തീരുമാനിക്കാൻ പോലും ഖലീഫയ്ക്ക് അധികാരമുണ്ടായിരുന്നില്ല.
മംലൂക് ഭരണകൂടത്തെ പ്രധാനമായും ബഹ്രി മംലൂക്കുകൾ എന്നും ബുർജി മംലൂക്കുകൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ടെന്ന് നാം മനസ്സിലാക്കിയല്ലോ. അവർ താമസിച്ചിരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം നടത്തിയത്. നജ്മുദ്ദീൻ സ്വാലിഹ് അയ്യൂബി നൈൽ നദിയിൽ നിർമ്മിച്ച അർ-റൗദ ദ്വീപിൽ താമസിച്ചിരുന്നവരാണ് ബഹ്രി മംലൂക്കുകൾ (സമുദ്ര/നദീ മംലൂക്കുകൾ). അവർ കുട്ടിക്കാലം മുതൽ അവിടെയാണ് വളർന്നതും പരിശീലനം നേടിയതും. എന്നാൽ നഗരത്തിന് പുറത്തുള്ള കോട്ടകളിലും ഗോപുരങ്ങളിലും കാവൽ നിന്നിരുന്നവരാണ് ബുർജി മംലൂക്കുകൾ എന്ന് വിളിക്കപ്പെട്ടത്.
ഏകദേശം 144 വർഷത്തോളം ഭരണം നടത്തിയത് ബഹ്രി മംലൂക്കുകളാണെന്ന് നാം കഴിഞ്ഞ അധ്യായത്തിൽ ചർച്ച ചെയ്തു. ശജറത്തുദ്ദുർർ, ഇസ്സുദ്ദീൻ ഐബക്, അദ്ദേഹത്തിന്റെ മകൻ, സെയ്ഫുദ്ദീൻ ഖുതുസ് എന്നിവരിലൂടെ തുടങ്ങി, മംലൂക് ഭരണകൂടത്തിന്റെ യഥാർത്ഥ സ്ഥാപകനായ റുക്നുദ്ദീൻ ബൈബർസിലൂടെ അത് വികസിച്ചു. പിന്നീട് ഇസ്ലാമിനും മുസ്ലിംകൾക്കും വലിയ സംഭാവനകൾ നൽകിയ സെയ്ഫുദ്ദീൻ ഖലാവൂനും അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും അടങ്ങുന്ന ഖലാവൂൻ കുടുംബം അധികാരത്തിലെത്തി. ഏകദേശം 100 വർഷത്തോളമാണ് ഈ കുടുംബം ഭരണം നടത്തിയത്. ഇവരുടെ ഏറ്റവും വലിയ നേട്ടം, മുസ്ലിം നാടുകളിൽ നിന്ന് പ്രത്യേകിച്ച് ശാം, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് കുരിശുയോദ്ധാക്കളെ പൂർണ്ണമായും തുരത്തി എന്നതാണ്. കൂടാതെ മംഗോളിയരുടെ നിരന്തരമായ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാനും അവരെ പേർഷ്യയിലേക്ക് തന്നെ തുരത്താനും ഇവർക്ക് സാധിച്ചു. വലിയ നിർമ്മാണ പ്രവർത്തനങ്ങളും പള്ളികളും കോട്ടകളും നിർമ്മിച്ചതിന് പുറമെയാണിത്. കെയ്റോയിലെ സുൽത്താൻ ഹസൻ പള്ളി ഇന്നും ഇതിനൊരു മികച്ച ഉദാഹരണമായി നിലകൊള്ളുന്നു.
ചരിത്രപഠനവുമായി ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരുന്ന ചില സംശയങ്ങൾക്കുള്ള വിശദീകരണം ഇവിടെ നൽകേണ്ടതുണ്ട്. മംലൂക് ഭരണകാലത്തെ പണ്ഡിതന്മാരെക്കുറിച്ച് പറഞ്ഞപ്പോൾ ഇമാം ഇസ്സുദ്ദീൻ ബിൻ അബ്ദിസ്സലാമിന്റെ പേര് എന്തുകൊണ്ട് പരാമർശിച്ചില്ല എന്നതൊരു ചോദ്യമാണ്. അതിനുള്ള കാരണം, ഇസ്സുദ്ദീൻ ബിൻ അബ്ദിസ്സലാം മംലൂക് ഭരണകൂടത്തിന്റെ കാലത്തല്ല ജീവിച്ചിരുന്നത് എന്നതാണ്. അദ്ദേഹം ഇതിന് മുൻപുണ്ടായിരുന്ന അയ്യൂബി ഭരണകൂടത്തിന്റെ കാലത്താണ് ജീവിച്ചത്. ഐൻ ജാലൂത്ത് യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കാൻ സെയ്ഫുദ്ദീൻ ഖുതുസ് ജനങ്ങളുടെ മേൽ നികുതി ചുമത്താൻ തീരുമാനിച്ചപ്പോൾ, ആദ്യം മംലൂക് അമീറുമാരുടെ സ്വത്തുക്കളിൽ നിന്നാണ് നികുതി ഈടാക്കേണ്ടത് എന്ന് ധീരമായി പ്രഖ്യാപിച്ചതിലൂടെയാണ് അദ്ദേഹത്തിന്റെ പേര് മംലൂക് ചരിത്രത്തിൽ കടന്നുവരുന്നത്. അതിനാൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു കസീർ, ഇമാം ദഹബി, ഇബ്നു ജമാഅ, ഇബ്നു ദഖീഖുൽ ഈദ് എന്നിവരെപ്പോലെ മംലൂക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളർന്നുവന്ന പണ്ഡിതന്മാരുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ കഴിയില്ല.
മറ്റൊന്ന് മംഗോളിയരുടെയും താർത്താരികളുടെയും ഉത്ഭവത്തെക്കുറിച്ചാണ്. ജനറൽ ഹിസ്റ്ററി എന്ന നിലയിൽ വംശാവലികളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ ഇവിടെ പ്രസക്തമല്ലെങ്കിലും ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. തുർക്ക്മെൻ എന്നത് നിരവധി ജനവിഭാഗങ്ങളും ഗോത്രങ്ങളും ഉൾപ്പെടുന്ന വലിയൊരു വംശമാണ്. ഇതിൽ പ്രധാനപ്പെട്ടവയാണ് ഓഗുസ്, ഉസ്ബെക്, ഖിഫ്ജാഖ് എന്നിവ. ഈ ഖിഫ്ജാഖ് വംശത്തിലേക്കാണ് താർത്താരികൾ ചെന്നെത്തുന്നത്. മംഗോളിയർ നേരിട്ട് താർത്താരികളിലേക്കോ, അതോ ഖിഫ്ജാഖുകളിലേക്കോ, അതല്ലെങ്കിൽ തുർക്ക്മെൻ വംശത്തിലേക്കുള്ള മറ്റൊരു സ്വതന്ത്ര ശാഖയാണോ എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്കിലും ഇവരെല്ലാം തുർക്കിക് വംശത്തിലാണ് ഉൾപ്പെടുന്നത് എന്നതാണ് കൂടുതൽ ശരിയായ നിഗമനം. അതിനാൽ ഉസ്മാനിയ്യ ഭരണാധികാരികളോ സലാജിഖകളോ മംഗോളിയരുടെ നേരിട്ടുള്ള ബന്ധുക്കളാണെന്ന് പറയുന്നത് ശരിയല്ല, മറിച്ച് അവരെല്ലാം തുർക്ക്മെൻ എന്ന വലിയൊരു വംശത്തിലേക്ക് ചെന്നെത്തുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി.
ഇതിനെ ‘ഇസ്ലാമിക ചരിത്രം’ എന്ന് വിളിക്കുന്നതിന് പകരം ‘മുസ്ലിംകളുടെ ചരിത്രം’ എന്ന് വിളിക്കുന്നതല്ലേ ശരി എന്ന് ചിലർ ചോദിക്കാറുണ്ട്. ഇസ്ലാം എന്നാൽ അല്ലാഹുവിന്റെ നിയമങ്ങളായ ഖുർആനും സുന്നത്തുമാണ്. എന്നാൽ ചരിത്രത്തിൽ നാം കാണുന്ന വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും പല പ്രവർത്തനങ്ങളും ഇസ്ലാമിക അധ്യാപനങ്ങൾക്ക് നിരക്കുന്നതല്ല. ഉദാഹരണത്തിന്, അബ്ബാസി ഭരണകൂടത്തിന്റെ തുടക്കത്തിൽ ഉമവികളോട് അവർ കാണിച്ച ക്രൂരതകൾ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. എന്നിരുന്നാലും, ഇസ്ലാമിന്റെ പേരിൽ നിലകൊള്ളുകയും ഇസ്ലാമിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുകയും ചെയ്ത സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ചരിത്രമെന്ന നിലയിൽ ഇതിനെ ‘ഇസ്ലാമിക ചരിത്രം’ എന്ന് വിളിക്കുന്നതിൽ തെറ്റില്ല.
ഇനി നമുക്ക് ബുർജി മംലൂക്കുകളുടെ ഭരണത്തെക്കുറിച്ച് പഠിക്കാം. സെയ്ഫുദ്ദീൻ ബർഖൂഖ് ആണ് ബുർജി മംലൂക്കുകളുടെ ഭരണം ആരംഭിക്കുന്നത്. മൻസൂർ ഖലാവൂൻ കൊണ്ടുവന്ന വെള്ളക്കാരായ മംലൂക്കുകളിൽ പെട്ടയാളായിരുന്നു ഇദ്ദേഹം. ഇവരെ കോട്ടകളിൽ താമസിപ്പിച്ചിരുന്നതിനാലാണ് ബുർജി മംലൂക്കുകൾ എന്ന് വിളിക്കപ്പെട്ടത്. ഇവരെ ‘ശറാകിസ’ അഥവാ ജറാകിസ (Circassians) എന്നും ചില ചരിത്രകാരന്മാർ വിളിക്കാറുണ്ട്. ഇന്നത്തെ റഷ്യയുടെ ഭാഗങ്ങളിൽ താമസിച്ചിരുന്ന ഇവർ ‘ഖഫ്ഖാസ്’ (Caucasus) വംശത്തിലാണ് ഉൾപ്പെടുന്നത്. തുർക്കിക് വംശത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വംശമാണിത്. തുർക്കികളോ റഷ്യക്കാരോ റോമക്കാരോ പേർഷ്യക്കാരോ അല്ല ഇവർ. എന്നാൽ ശാരീരിക കരുത്തിനും യുദ്ധനൈപുണ്യത്തിനും പേരു കേട്ടവരായിരുന്നു ഇവർ. ഇതുകൊണ്ടുതന്നെ ഭരണാധികാരികൾ തങ്ങളുടെ സൈന്യത്തിലേക്ക് ഇവരെ കൂടുതലായി ആകർഷിച്ചു.
ക്രിസ്തുവർഷം 1382-ൽ (ഹിജ്റ 784) സെയ്ഫുദ്ദീൻ ബർഖൂഖ് അധികാരമേറ്റതോടെയാണ് ബുർജി മംലൂക്കുകളുടെ ഭരണത്തിന് തുടക്കമാകുന്നത്. മംലൂക് ഭരണകൂടം മുസ്ലിം സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളെല്ലാം ബഹ്രി മംലൂക്കുകളുടെ കാലത്തായിരുന്നു എന്ന് നാം ഓർക്കേണ്ടതുണ്ട്. സൈനിക വിജയങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും ബഹ്രി മംലൂക്കുകളുടെ കാലത്താണ് കൂടുതലായി നടന്നത്. സെയ്ഫുദ്ദീൻ ബർഖൂഖിന്റെയോ അദ്ദേഹത്തിന് ശേഷം അധികാരത്തിൽ വന്ന മകൻ ഫറജിന്റെയോ കാലത്ത് വലിയ യുദ്ധങ്ങളൊന്നും നടന്നില്ല. സൈപ്രസിലെ ക്രിസ്ത്യൻ ഭരണകൂടം ഈജിപ്ത് ആക്രമിച്ചപ്പോൾ അവരെ പരാജയപ്പെടുത്തുകയും അവരിൽ നിന്ന് കപ്പം (ജിസ്യ) ഈടാക്കുകയും ചെയ്തു എന്നത് മാത്രമാണ് എടുത്തുപറയാവുന്നൊരു സംഭവം.
എന്നാൽ ബർഖൂഖിന്റെയും മകൻ ഫറജിന്റെയും കാലഘട്ടത്തിൽ ലോകത്ത് മറ്റൊരു വലിയ ദുരന്തം ഉയർന്നുവരുന്നുണ്ടായിരുന്നു; മംഗോളിയരുടെ ആദ്യകാല ആക്രമണങ്ങളെ അനുസ്മരിപ്പിക്കും വിധം വളരെ വേഗത്തിൽ വളർന്നുവന്ന സമർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ഭരണകൂടം. തികച്ചും ഒരു മോഷ്ടാവും കൊള്ളക്കാരനുമായി ജീവിതം തുടങ്ങിയ ഒരാളായിരുന്നു ഇതിന്റെ സ്ഥാപകൻ. ഒരിക്കൽ ഒരാളുടെ ആടുകളെ മോഷ്ടിച്ച് ഓടുന്നതിനിടയിൽ ആട്ടിടയൻ എയ്ത അമ്പ് അയാളുടെ തുടയിൽ തറച്ചു. അമ്പ് കാലിലിരിക്കെ തന്നെ അയാൾ ഓട്ടം തുടർന്നു; വഴിമധ്യേ അയാൾ ആ അമ്പ് ഒടിച്ചുകളഞ്ഞു. എന്നാൽ ഈ പരിക്ക് കാരണം ജീവിതകാലം മുഴുവൻ അയാൾക്ക് മുടന്തുണ്ടായിരുന്നു. അങ്ങനെയാണ് അയാൾക്ക് ‘തൈമൂർ ലങ്ക്’ (Timur Lenk) എന്ന പേര് ലഭിച്ചത്. തൈമൂർ എന്നാൽ ശക്തൻ എന്നും ലങ്ക് എന്നാൽ മുടന്തൻ എന്നുമാണ് മംഗോളിയൻ ഭാഷയിൽ അർത്ഥം. അഥവാ ‘ശക്തനായ മുടന്തൻ’.
കൊള്ളക്കാരുടെ സ്വഭാവമായ വഞ്ചനയും കുതന്ത്രങ്ങളും നിറഞ്ഞ വ്യക്തിയായിരുന്നു തൈമൂർ ലങ്ക്. സമർഖണ്ഡിലെ ഭരണാധികാരികളുടെ കൊട്ടാരത്തിൽ നുഴഞ്ഞുകയറി പടിപടിയായി അയാൾ സൈനിക മേധാവിയായി മാറി. തന്നെ സഹായിച്ചവരെയെല്ലാം വഞ്ചിച്ചുകൊണ്ട് അയാൾ അധികാരം പിടിച്ചെടുത്തു. കേവലം സദ്വൃത്തരായ സൈനികരെക്കൊണ്ടായിരുന്നില്ല അയാൾ സൈന്യത്തെ ഉണ്ടാക്കിയത്; കൊള്ളക്കാർ, പഴയ സൈനികർ, കുറ്റവാളികൾ എന്നിവരെയെല്ലാം പണം നൽകി അയാൾ കൂടെക്കൂട്ടി. ലക്ഷക്കണക്കിന് വരുന്ന ഒരു ഭീമൻ സൈന്യമായി അത് മാറി. അയാളുടെ വ്യക്തിഗത കാവൽക്കാർ തന്നെ 12,000 പേരുണ്ടായിരുന്നു! തൈമൂർ ലങ്കിനെക്കുറിച്ചും അയാളുടെ സൈന്യത്തെക്കുറിച്ചും ഉസ്മാനിയ്യ ഭരണകൂടവുമായി നടന്ന അങ്കാറ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാം പിന്നീട് വിശദമായി ചർച്ച ചെയ്യുന്നതാണ്.
സെയ്ഫുദ്ദീൻ ബർഖൂഖിന്റെ മരണശേഷം മകൻ ഫറജ് ബിൻ ബർഖൂഖ് വളരെ ചെറിയ പ്രായത്തിൽ തന്നെ അധികാരമേറ്റു. കെയ്റോയിൽ നിന്ന് പുറത്തുപോയാൽ തന്റെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സമയത്താണ് തൈമൂർ ലങ്ക് തന്റെ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. താൻ മുസ്ലിമാണെന്നും താൻ ഹുസൈൻ(റ)ന്റെ ആളാണെന്നും പറഞ്ഞുകൊണ്ട് ശിയാ വിശ്വാസത്തോടായിരുന്നു അയാൾ ചായ്വ് കാണിച്ചിരുന്നത്. ആക്രമിക്കാനായി അയാൾ ഒരു തന്ത്രം പ്രയോഗിക്കാറുണ്ടായിരുന്നു. ചില രാജ്യങ്ങളിലേക്ക് അയാൾ ദൂതന്മാരെ അയച്ചതായി കള്ളം പറയുകയും, ആ ദൂതൻ മടങ്ങിവന്നില്ലെന്നും നിങ്ങൾ എന്റെ ദൂതനെ കൊലപ്പെടുത്തിയെന്നും ആരോപിച്ച് ആ രാജ്യങ്ങളെ ആക്രമിക്കുകയുമാണ് അയാൾ ചെയ്തിരുന്നത്. അങ്ങനെ ക്രിസ്തുവർഷം 1394-ൽ പേർഷ്യയും ബാഗ്ദാദും ഹലബും ഹിംസുമെല്ലാം കീഴടക്കി തൈമൂർ ലങ്കിന്റെ സൈന്യം ദമസ്കസ് നഗരം വളഞ്ഞു.
ദമസ്കസിനെ രക്ഷിക്കാനായി സൈന്യവുമായി പോകാൻ സുൽത്താൻ ഫറജിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്റെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയം കാരണം അദ്ദേഹം അതിന് തയ്യാറായില്ല. തൈമൂർ ലങ്കിന്റെ സൈന്യമാകട്ടെ അജയ്യമായിരുന്നു; എട്ട് ലക്ഷത്തോളം വരുന്ന ആ ഭീമൻ സൈന്യത്തെ നേരിടാൻ അന്ന് മറ്റൊരു സൈന്യത്തിനും കഴിയുമായിരുന്നില്ല. തൈമൂർ ലങ്ക് ദമസ്കസിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. അവിടുത്തെ കരകൗശലത്തൊഴിലാളികളെയും വിദഗ്ദ്ധരെയും അവൻ സമർഖണ്ഡിലേക്ക് പിടിച്ചുകൊണ്ടുപോയി. മുൻപ് മംഗോളിയർ ചെയ്തിരുന്നതുപോലെ, ദമസ്കസിൽ കൊല്ലപ്പെട്ട 40,000-ത്തോളം ആളുകളുടെ തലയോട്ടികൾ കൊണ്ട് അവൻ ഒരു കോട്ട നിർമ്മിച്ചു. ‘തലയോട്ടികളുടെ കോട്ട’ (حصن الرؤوس) എന്ന് അതറിയപ്പെട്ടു. ഇത്തരം വലിയ പ്രതിസന്ധികളുണ്ടായിട്ടും ബുർജി മംലൂക്കുകൾക്ക് ഇതിനെ പ്രതിരോധിക്കാൻ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഏകദേശം 136 വർഷം നീണ്ടുനിന്ന ബുർജി മംലൂക് ഭരണകൂടത്തിന്റെ പതനം ആരംഭിക്കുന്നത് ഖാൻസ്വൂഹ് അൽ-ഗൗരിയുടെയും അദ്ദേഹത്തിന്റെ സഹോദരപുത്രൻ തൂമാൻ ബായിയുടെയും കാലത്താണ്. ഇതിന് മുൻപ് അധികാരത്തിലിരുന്ന ഖായിത്ബായ് (Qaitbay) ചില നിർമ്മാണപ്രവർത്തനങ്ങളൊക്കെ നടത്തിയിരുന്നെങ്കിലും, ക്രിസ്തുവർഷം 1510-ഓടെ ഭരണകൂടം പൂർണ്ണമായ തകർച്ചയിലേക്ക് നീങ്ങി. അധികാരക്കൊതിയും സമ്പത്തിനോടുള്ള ആർത്തിയും കാരണം മംലൂക് അമീറുമാർ പരസ്പരം പോരടിച്ചു. ഈ കാലയളവിനുള്ളിൽ 20-ലധികം സുൽത്താന്മാർ കൊലചെയ്യപ്പെടുകയും 35-ലധികം പേർ അധികാരഭ്രഷ്ടരാക്കപ്പെടുകയും ചെയ്തു എന്നത് അവരുടെ ഭരണത്തിലെ അസ്ഥിരതയെയാണ് കാണിക്കുന്നത്. ഇസ്ലാമിനെയും മുസ്ലിംകളെയും സംരക്ഷിക്കുക, വിജ്ഞാനം പ്രചരിപ്പിക്കുക തുടങ്ങിയ അവരുടെ മുൻകാല ലക്ഷ്യങ്ങളെല്ലാം അവർ മറന്നു.
ഈ സമയത്താണ് ഉസ്മാനിയ്യ ഭരണകൂടം ശക്തമായി ഉയർന്നുവരുന്നത്. കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ) കീഴടക്കിയ മുഹമ്മദ് അൽ-ഫാതിഹിന്റെ പേരക്കുട്ടിയും ബായാസിദ് രണ്ടാമന്റെ മകനുമായ സലീം ഒന്നാമനായിരുന്നു അപ്പോഴത്തെ ഉസ്മാനിയ്യ സുൽത്താൻ. മികച്ചൊരു സൈനിക തന്ത്രജ്ഞനായിരുന്നു അദ്ദേഹം. പ്രസിദ്ധമായ ഇൻകിശാരിയ്യ (Janissaries) സൈന്യം അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി. അൻദലുസിലെ മുസ്ലിം ഭരണത്തിന്റെ പതനം, റഷ്യൻ സാമ്രാജ്യത്തിന്റെ വളർച്ച, സ്വഫവി (Safavid) ശിയാ ഭരണകൂടത്തിന്റെ ഉദയം എന്നിവയെല്ലാം നടന്നത് ഇതേ കാലഘട്ടത്തിലാണ്. ഇസ്ലാമിക ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നും, പ്രത്യേകിച്ച് പരസ്പരം പോരടിക്കുന്ന മംലൂക്കുകളെ ഒതുക്കി അവരുടെ പ്രദേശങ്ങൾ ഉസ്മാനിയ്യ ഭരണത്തിന് കീഴിലാക്കണമെന്നും സലീം ഒന്നാമൻ തീരുമാനിച്ചു.
അങ്ങനെ സലീം ഒന്നാമൻ ഇസ്താംബുളിൽ നിന്ന് സൈന്യവുമായി പുറപ്പെട്ടു. ഭയന്നുപോയ ഖാൻസ്വൂഹ് അൽ-ഗൗരി സമാധാന സന്ദേശവുമായി ദൂതന്മാരെ അയച്ചെങ്കിലും സലീം അത് നിരസിച്ചു. തുടർന്ന് ഖാൻസ്വൂഹ് അൽ-ഗൗരി, അബ്ബാസി ഖലീഫ മുതവക്കിൽ, നാല് മദ്ഹബുകളിലെയും പ്രധാന ഖാദിമാർ എന്നിവരോടൊപ്പം 80,000 വരുന്ന സൈന്യവുമായി പുറപ്പെട്ടു. ഹലബിനടുത്തുള്ള മർജ് ദാബിഖ് (Marj Dabiq) എന്ന സ്ഥലത്തുവെച്ച് ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. മംലൂക് സൈന്യത്തിലും ഉസ്മാനിയ്യ സൈന്യത്തിലും ഭൂരിഭാഗവും തുർക്കി വംശജരായിരുന്നു. ഉസ്മാനിയ്യ സൈന്യത്തിന്റെ എണ്ണം കുറവായിരുന്നെങ്കിലും അവരുടെ പക്കൽ ശക്തമായ പീരങ്കിപ്പടയുണ്ടായിരുന്നു. മംലൂക്കുകൾക്കും പീരങ്കികൾ നിർമ്മിക്കാൻ കഴിയുമായിരുന്നെങ്കിലും അധികാര വടംവലികൾക്കിടയിൽ അവർ സൈനിക നവീകരണം ശ്രദ്ധിച്ചിരുന്നില്ല. ഈ യുദ്ധത്തിൽ മംലൂക്കുകൾ ദാരുണമായി പരാജയപ്പെട്ടു. 72,000 മംലൂക് ഭടന്മാരാണ് അവിടെ കൊല്ലപ്പെട്ടത്. ഉസ്മാനിയ്യ സൈന്യത്തിൽ 13,000 പേരും കൊല്ലപ്പെട്ടു. ക്രിസ്തുവർഷം 1516-ൽ (ഹിജ്റ 922) നടന്ന ഈ യുദ്ധത്തിൽ ഖാൻസ്വൂഹ് അൽ-ഗൗരി കൊല്ലപ്പെട്ടു.
തുടർന്ന് സലീം ഒന്നാമൻ ഹലബ്, ഹിംസ്, ദമസ്കസ് എന്നിവ കീഴടക്കി കെയ്റോ ലക്ഷ്യമാക്കി നീങ്ങി. ഖാൻസ്വൂഹ് അൽ-ഗൗരിയുടെ മരണശേഷം ഈജിപ്തിൽ ഭരണമേറ്റെടുത്തത് തൂമാൻ ബായ് ആയിരുന്നു. സലീം ഒന്നാമൻ കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് തൂമാൻ ബായിക്ക് ദൂതന്മാരെ അയച്ചു. എന്നാൽ തൂമാൻ ബായ് കീഴടങ്ങാൻ വിസമ്മതിക്കുകയും ഇരുപതിനായിരത്തോളം വരുന്ന സൈന്യത്തെ സജ്ജമാക്കുകയും സലീമിന്റെ ദൂതനെ കൊലപ്പെടുത്തുകയും ചെയ്തു. ദൂതന്മാരെ കൊലപ്പെടുത്തുക എന്നത് ഇസ്ലാമിക വിരുദ്ധവും വളരെ മോശവുമായ ഒരു പ്രവൃത്തിയാണ്. ദൂതന്മാരെ കൊല്ലരുതെന്നത് സാർവ്വദേശീയ നിയമമാണ്. നബിﷺയുടെ പ്രസിദ്ധമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം:
لولا أن الرسل لا تقتل لقتلتك
‘ദൂതന്മാർ കൊല്ലപ്പെടുകയില്ല എന്ന നിയമം ഇല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ കൊല്ലുമായിരുന്നു.’¹
അങ്ങനെ ക്രിസ്തുവർഷം 1517-ൽ റൈദാനിയ്യ (Ridaniya) എന്ന സ്ഥലത്തുവെച്ച് വീണ്ടും യുദ്ധം നടക്കുകയും മംലൂക്കുകൾ പരാജയപ്പെടുകയും ചെയ്തു. തൂമാൻ ബായ് ഒളിവിൽ പോയെങ്കിലും പിന്നീട് പിടിക്കപ്പെട്ടു. സലീം ഒന്നാമൻ അദ്ദേഹത്തിന് മാപ്പ് നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഉപദേശകർ മുന്നറിയിപ്പ് നൽകി. തുടർന്ന് തൂമാൻ ബായിയെ വധിക്കുകയും മൃതദേഹം കെയ്റോയിലെ ബാബ് സുവൈലയിൽ കെട്ടിത്തൂക്കുകയും ചെയ്തു. അതോടെ ക്രിസ്തുവർഷം 1250 മുതൽ 1517 വരെ നീണ്ടുനിന്ന മംലൂക് ഭരണകൂടത്തിന് പൂർണ്ണമായും അന്ത്യം കുറിച്ചു.
ഏതൊരു ഭരണകൂടത്തെയും പോലെ മംലൂക് ഭരണകൂടത്തിനും നിരവധി പോസിറ്റീവായ നേട്ടങ്ങളും ഒപ്പം വീഴ്ചകളും ഉണ്ടായിരുന്നു. മംഗോളിയരിൽ നിന്നും കുരിശുയോദ്ധാക്കളിൽ നിന്നും ഇസ്ലാമിക ലോകത്തെ സംരക്ഷിച്ചത് അവരാണ്. എന്നാൽ അവസാന കാലത്ത് അവരിൽ അധികാരക്കൊതിയും രക്തച്ചൊരിച്ചിലും വ്യാപകമായി. ഇസ്ലാമിക ചരിത്രം പഠിക്കുമ്പോൾ നാം നീതിയോടെ വേണം കാര്യങ്ങളെ സമീപിക്കാൻ. അവരുടെ നന്മകളെ നാം അംഗീകരിക്കുകയും വീഴ്ചകളെ പാഠങ്ങളായി ഉൾക്കൊള്ളുകയും ചെയ്യുക.
ഇനി വരും അധ്യായങ്ങളിൽ നാം ചർച്ച ചെയ്യുന്നത് ഉസ്മാനിയ്യ ഭരണകൂടത്തിന്റെ ഉദയത്തെയും വളർച്ചയെയും കുറിച്ചാണ്. ഇസ്ലാമിക ചരിത്രത്തിൽ 643 വർഷക്കാലം നിലനിന്ന ആ മഹത്തായ സാമ്രാജ്യത്തിന്റെ ചരിത്രം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
- സനനു അബീദാവൂദ് – 2761, മുസ്നദ് അഹ്മദ് – 16035 (ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത ഹദീസ്).