ശൈഖ് അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദിൽ കരീം
ഒന്നാമത്തെ അടിസ്ഥാനം: ശരീഅത്ത് വിജ്ഞാനം തേടുന്നതിലും മതത്തിൽ ആഴത്തിലുള്ള അറിവ് നേടുന്നതിലുമുള്ള ശ്രദ്ധയും പരിഗണനയും
ഇന്ന് പല ഇസ്ലാമിക കക്ഷികളും ശരീഅത്ത് വിജ്ഞാനത്തിൽ നിന്ന് അകന്നുനിൽക്കുമ്പോഴും, ആ കക്ഷികളുടെ അനുയായികളിൽ ധാരാളം പേർ ശരീഅത്ത് വിജ്ഞാനത്തിൽ നിന്ന് കുതറിമാറി സഞ്ചരിക്കുമ്പോഴും സലഫീ ദഅ്വത്ത് മതവിജ്ഞാനം തേടുന്നതിന് വലിയ പ്രാധാന്യം നൽകുന്നു. കാരണം, ജീവിതം നിലകൊള്ളുന്ന ശക്തമായ അടിത്തറയും നെടുംതൂണുമാണത്. വ്യക്തിയുടെ നിർമ്മിതിയും സമൂഹത്തിന്റെ നിർമ്മിതിയും ശരീഅത്ത് വിജ്ഞാനം കൊണ്ടല്ലാതെ നിലനിൽക്കുകയോ സംസ്കരിക്കപ്പെടുകയോ ഇല്ല. അതിനാലാണ് അല്ലാഹു തആല തന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യോട് വാക്കിനും പ്രവൃത്തിക്കും മുമ്പായി അറിവ് നേടാൻ കൽപ്പിച്ചത്. അല്ലാഹു അസ്സവജൽ പറഞ്ഞു:
﴿فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ﴾
‘അതിനാൽ അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനുമില്ലെന്ന് നീ അറിഞ്ഞുകൊള്ളുക. നിന്റെ പാപത്തിനും സത്യവിശ്വാസികളുടെ പാപത്തിനും നീ പാപമോചനം തേടുകയും ചെയ്യുക.’¹
നാം അറിവിനെ അടിസ്ഥാന തത്വങ്ങളുടെ തുടക്കമായി നിശ്ചയിച്ചത് വഴികൾ ധാരാളമായതുകൊണ്ടാണ്. റസൂലുല്ലാഹി ﷺ യുടെ മാർഗമൊഴികെ അവയെല്ലാം വഴികേടിന്റെ മാർഗങ്ങളാണ്. അല്ലാഹു അസ്സവജൽ പറഞ്ഞതുപോലെ:
﴿وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ﴾
‘ഇതത്രെ എന്റെ നേരായ പാത. അതിനാൽ നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ നിങ്ങൾ പിന്തുടരരുത്; അവയൊക്കെ അവന്റെ മാർഗത്തിൽ നിന്ന് നിങ്ങളെ ഭിന്നിപ്പിച്ചു കളയും.’²
യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുകയും പാത പ്രകാശിപ്പിക്കുകയും ചെയ്യുന്ന അറിവിലൂടെയല്ലാതെ സുന്നത്തിന്റെ മാർഗത്തിൽ പ്രവേശിക്കാൻ യാതൊരു വഴിയുമില്ല. അതിനാലാണ് അല്ലാഹു അസ്സവജൽ ഇപ്രകാരം പറഞ്ഞത്:
﴿قُلْ هَٰذِهِ سَبِيلِي﴾
‘നീ പറയുക: ഇതാണ് എന്റെ മാർഗം.’
അതായത്, അല്ലയോ മുഹമ്മദ് ﷺ, നീ പറയുക:
﴿هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي﴾
‘ഇതാണ് എന്റെ മാർഗം. വ്യക്തമായ കാഴ്ചപ്പാടോടെ അല്ലാഹുവിങ്കലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിന്തുടർന്നവരും.’³
അല്ലാഹുവിന്റെ വചനത്തിലെ ﴿عَلَىٰ بَصِيرَةٍ﴾ എന്നതിന്റെ വിവക്ഷ: വ്യക്തമായ തെളിവിന്റെയും പ്രമാണത്തിന്റെയും അടിസ്ഥാനത്തിൽ എന്നാണ്. അവ രണ്ടും ഉപകാരപ്രദമായ അറിവാകുന്നു.
ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പറയുന്നു: “ജനങ്ങൾക്ക് അറിവ് നേടുന്നതിലുള്ള ആവശ്യകത ഭക്ഷണത്തോടും പാനീയത്തോടുമുള്ള അവരുടെ ആവശ്യകതയേക്കാൾ വലുതാണ്. കാരണം, ഒരു മനുഷ്യന് ഒരു ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഭക്ഷണവും പാനീയവും ആവശ്യമായി വരുന്നത്. എന്നാൽ അറിവിലേക്കുള്ള അവന്റെ ആവശ്യകതയാകട്ടെ അവന്റെ ശ്വാസോച്ഛ്വാസങ്ങളുടെ എണ്ണത്തോളമുണ്ട്.”⁴
അറിവ് തേടൽ രണ്ട് വിധത്തിലുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്:
• ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമായത്.
• സാമൂഹിക ബാധ്യതയായത്.
ഇതിൽ ഒന്നാമത്തേത്; ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റഹിമഹുല്ലാഹ്) ‘അൽ-ഉസ്വൂലുസ്സലാസ’യിൽ പ്രസ്താവിച്ചതുപോലെയാണ്: “അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ, നാല് വിഷയങ്ങൾ പഠിക്കൽ നമ്മുടെ മേൽ നിർബന്ധമാണെന്ന് നീ അറിയുക. ഒന്നാമത്തേത്: അറിവ്. അത് തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലാഹുവിനെ അറിയലും, അവന്റെ പ്രവാചകനെ അറിയലും, ഇസ്ലാം മതത്തെ അറിയലുമാകുന്നു.”⁵
ഒരു മുസ്ലിം നിർബന്ധമായും പഠിച്ചിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “തന്റെ മതം നിലനിർത്താൻ ആവശ്യമായ അറിവ് തേടൽ അവന്റെ മേൽ നിർബന്ധമാണ്.” അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “അത് ഏതുപോലുള്ള കാര്യങ്ങളാണ്?” അദ്ദേഹം പറഞ്ഞു: “അറിവില്ലായ്മ കൊണ്ട് അവന് ഒഴിവുകഴിവ് ലഭിക്കാത്ത കാര്യങ്ങൾ; അവന്റെ നമസ്കാരം, അവന്റെ നോമ്പ്… തുടങ്ങിയവ പോലുള്ളവ.”⁶
അതിനാൽ, ഒരു മനുഷ്യൻ നിർബന്ധമായും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ—ഈമാനിന്റെ അടിസ്ഥാന തത്വങ്ങൾ, ഇസ്ലാമിക ശരീഅത്തിന്റെ വിധിവിലക്കുകൾ, വർജ്ജിക്കൽ നിർബന്ധമായ നിഷിദ്ധ കാര്യങ്ങൾ, അനുവദനീയമായ കാര്യങ്ങൾ, അല്ലെങ്കിൽ ക്രയവിക്രയങ്ങളിൽ അവന് ആവശ്യമായി വരുന്ന കാര്യങ്ങൾ എന്നിവയും അതുപോലുള്ളവയും—മനുഷ്യൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
പണ്ഡിതന്മാരോട് ചോദിച്ചറിയുക എന്നതും അറിവിന്റെ ഭാഗമാണ്. ആരെങ്കിലും പണ്ഡിതന്മാരോട് ചോദിച്ചറിഞ്ഞാൽ അവൻ തന്റെ മതകാര്യത്തിൽ വെളിച്ചം നേടുകയും, തന്റെ മേൽ നിർബന്ധമായ ബാധ്യത നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അസ്സവജൽ പറയുന്നു:
﴿فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ بِالْبَيِّنَاتِ وَالزُّبُرِ﴾
‘നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചു നോക്കുക; വ്യക്തമായ തെളിവുകളോടും ഗ്രന്ഥങ്ങളോടും കൂടി.’⁷
ഇതാണ് ഓരോ വ്യക്തിയുടെയും മേൽ നിർബന്ധ ബാധ്യതയായ അറിവ് തേടൽ.
എന്നാൽ രണ്ടാമത്തേത്: അറിവിലെ ഫർദ് കിഫായയായ വിഭാഗമാണ്. അത് മേൽപറഞ്ഞതിൽ ഉപരിയായിട്ടുള്ള അറിവുകളാണ്. പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ഏറ്റവും ശരിയായ വീക്ഷണമനുസരിച്ച്, ഐച്ഛികമായ ആരാധനാ കർമ്മങ്ങളിൽ വ്യാപൃതരാകുന്നതിനേക്കാൾ ശ്രേഷ്ഠമായത് ഇതിൽ വ്യാപൃതരാകുന്നതാണ്. ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “അറിവ് പഠിക്കുന്നതും അത് പഠിപ്പിക്കുന്നതും ഐച്ഛികമായി നിർവ്വഹിക്കപ്പെടുന്ന ജിഹാദിനേക്കാളും മറ്റു സൽകർമ്മങ്ങളേക്കാളും ശ്രേഷ്ഠമാകുന്നു.”⁸
നമ്മുടെ ഈ നാട്ടിലെ സാധാരണക്കാരിൽ പെട്ട പ്രായം ചെന്ന ചില ആളുകളെ, അഖീദയിലെ ചില മൂലഗ്രന്ഥങ്ങൾ—’അൽ-ഉസ്വൂലുസ്സലാസ’, ‘കശ്ഫുശ്ശുബുഹാത്ത്’, ‘അത്തൗഹീദ്’ പോലുള്ളവയും—അതുപോലെ ‘ആദാബുൽ മശ്യി ഇലസ്സ്വലാത്ത്’ എന്ന ഗ്രന്ഥവും മനഃപാഠമാക്കിയവരായി ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. ഇതെല്ലാം ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റഹിമഹുല്ലാഹ്) നടത്തിയ ദഅ്വത്തിന്റെ സ്വാധീനങ്ങളിൽ പെട്ടതും അതിന്റെ അനുഗ്രഹങ്ങളിൽ പെട്ടതുമാകുന്നു.
ഇമാം സുഊദ് ബിൻ അബ്ദിൽ അസീസ് ഒന്നാമനും, ഇമാം ഫൈസ്വൽ ബിൻ തുർക്കിയും സൗദി രാഷ്ട്രത്തിലെ എല്ലാ പള്ളികളിലും ഈ ഗ്രന്ഥങ്ങൾ പഠിപ്പിക്കണമെന്ന് നിശ്ചയിക്കുകയുണ്ടായി. അങ്ങനെ—അല്ലാഹുവിനാണ് സർവ്വ സ്തുതിയും—വലിയവരും ചെറിയവരും, സാധാരണക്കാരും മതവിദ്യാർത്ഥികളും അവ മനഃപാഠമാക്കി. ഈ ചരിത്രവിവരങ്ങളിൽ ശ്രദ്ധ പതിപ്പിച്ച ധാരാളം പേർക്കും, ഇന്ന് ജീവിച്ചിരിക്കുന്ന പ്രായം ചെന്ന അനേകം ആളുകൾക്കും ഇക്കാര്യം സുവിദിതമാണ്. ഈ നാട് ബിദ്അത്തുകളുടെ മാലിന്യങ്ങളിൽ നിന്ന് പരിശുദ്ധമായി നിലനിൽക്കുന്നതിന്റെ ഏക രഹസ്യം ഇതുതന്നെയാണ്. സാധാരണക്കാർക്ക് തങ്ങളുടെ അഖീദയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെങ്കിൽ, അവരിൽ ബിദ്അത്തുകളിൽ നിന്നും ശിർക്കൻ ആചാരങ്ങളിൽ നിന്നുമുള്ള പലതും വ്യാപിക്കുമായിരുന്നു. എന്നാൽ അറിവ് ഭദ്രമായ ഒരു കോട്ടയും ശക്തമായ ഒരു പരിചയുമാകുന്നു. ആര് അതിൽ അഭയം തേടിയോ അവൻ ധാരാളം തിന്മകളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
എല്ലാ വ്യക്തികളും നിർബന്ധമായും പിന്തുടരേണ്ട വിധത്തിൽ അറിവ് കരസ്ഥമാക്കാനുള്ള ഒരു രീതി നിശ്ചയിച്ചു നൽകുക എന്നത് പ്രയാസകരമാണ്. എങ്കിലും, നമ്മുടെ കാഴ്ചപ്പാടിൽ ഏറ്റവും ഉത്തമമായ മാർഗം നമ്മുടെ പണ്ഡിതന്മാർ—അവർക്കെല്ലാം അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ—നിലകൊണ്ടിരുന്ന രീതിയാണ്.
ഈ വിഷയത്തിൽ അല്ലാമാ ശൈഖ് അബ്ദുർറഹ്മാൻ ബിൻ സഅ്ദി (റഹിമഹുല്ലാഹ്) തന്റെ ഫതാവായിൽ ഇപ്രകാരം പറയുന്നു: “ഒരു വിദ്യാർത്ഥി പഠനത്തിനായി തിരഞ്ഞെടുക്കേണ്ട ഗ്രന്ഥങ്ങൾ ഏതൊക്കെയെന്ന് നിർണ്ണയിക്കുന്നത് സാഹചര്യങ്ങളുടെയും നാടുകളുടെയും വ്യത്യാസമനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. നമ്മുടെ കാഴ്ചപ്പാടിൽ ഇതിനോട് ഏറ്റവും അടുത്ത രീതി എന്തെന്നാൽ, ഒരു മതവിദ്യാർത്ഥി താൻ പഠിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനശാഖയിലെ നിശ്ചയിക്കപ്പെട്ട മൂലഗ്രന്ഥങ്ങൾ മനഃപാഠമാക്കാൻ പരിശ്രമിക്കുക എന്നതാണ്. ഇനി പദങ്ങളായി അത് മനഃപാഠമാക്കാൻ പ്രയാസമാവുകയോ അതിൽ വീഴ്ച വരികയോ ചെയ്താൽ, അതിന്റെ ആശയങ്ങൾ തന്റെ ഹൃദയത്തിൽ അടിയുറക്കുന്നതുവരെ അവൻ അത് ധാരാളമായി ആവർത്തിച്ചു വായിക്കട്ടെ. തുടർന്ന് ആ വിജ്ഞാനശാഖയിലെ ബാക്കി ഗ്രന്ഥങ്ങൾ അവൻ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്ത ആ അടിസ്ഥാനത്തിന്റെ വിശദീകരണവും വ്യാഖ്യാനവുമായി മാറും. അതിനാൽ ഒരു വിദ്യാർത്ഥി ശൈഖുൽ ഇസ്ലാമിന്റെ ‘അൽ-അഖീദത്തുൽ വാസ്വിത്വിയ്യ’, ശൈഖ് മുഹമ്മദിന്റെ ‘അസ്സലാസത്തുൽ ഉസ്വൂൽ’, ‘കിതാബുത്തൗഹീദ്’ എന്നിവയും, ഫിഖ്ഹിൽ ‘മുഖ്തസ്വറുദ്ദലീൽ’—അതായത് ‘ദലീലുത്ത്വാലിബ്’—, ‘മുഖ്തസ്വറുൽ മുഖ്നിഅ്’—അതായത് ‘അസ്സാദ്’—എന്നിവയും, ഹദീസിൽ ‘ബുലൂഗുൽ മറാം’, നഹ്വിൽ ‘അൽ-ആജുർറൂമിയ്യ’ എന്നിവയും മനഃപാഠമാക്കുകയും, ഈ മൂലഗ്രന്ഥങ്ങൾ ഗ്രഹിക്കാൻ പരിശ്രമിക്കുകയും, അവയുടെ വ്യാഖ്യാനങ്ങളിൽ നിന്നോ ആ വിജ്ഞാനശാഖയിലെ ഇതര ഗ്രന്ഥങ്ങളിൽ നിന്നോ സാധ്യമായവ അതിനായി പരിശോധിക്കുകയും ചെയ്താൽ—കാരണം അവ ഇതിന്റെ വ്യാഖ്യാനം പോലെയാണ്—; ഒരു മതവിദ്യാർത്ഥി അടിസ്ഥാന ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയാൽ അവ മനസ്സിലാക്കുന്നതിൽ അവന് പൂർണ്ണമായ പ്രാവീണ്യം കൈവരുന്നതാണ്. അപ്പോൾ ആ വിജ്ഞാനശാഖയിലെ ചെറുതും വലുതുമായ എല്ലാ ഗ്രന്ഥങ്ങളും അവന് എളുപ്പമായിത്തീരും. ആര് അടിസ്ഥാനങ്ങൾ പാഴാക്കിക്കളഞ്ഞുവോ അവന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരൽ നിഷേധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ആര് ഈ ഉപകാരപ്രദമായ വിജ്ഞാനങ്ങളിൽ അതിയായ താല്പര്യം കാണിക്കുകയും അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുന്നുവോ, അല്ലാഹു അവനെ സഹായിക്കുകയും അവന്റെ അറിവിൽ അനുഗ്രഹം ചൊരിയുകയും ചെയ്യും. ഇനി ആരെങ്കിലും അറിവ് തേടുന്നതിൽ ഉപകാരപ്രദമല്ലാത്ത രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ അവന്റെ സമയങ്ങൾ നഷ്ടപ്പെട്ടുപോകുകയും, കഷ്ടപ്പാടല്ലാതെ മറ്റൊന്നും അവന് ലഭിക്കാതിരിക്കുകയും ചെയ്യും; അനുഭവത്തിലൂടെയും കാഴ്ചയിലൂടെയും ഇത് സുവിദിതമായ കാര്യമാണ്…” അദ്ദേഹത്തിന്റെ വാക്കുകൾ ഇവിടെ അവസാനിക്കുന്നു.
രണ്ടാമത്തെ അടിസ്ഥാനം: ഇസ്ലാമിന്റെ പ്രായോഗിക വൽക്കരണത്തിലുള്ള അതിയായ താല്പര്യം
അഞ്ചു നേരത്തെ നമസ്കാരങ്ങൾ, മാതാപിതാക്കൾക്ക് നന്മ ചെയ്യൽ തുടങ്ങിയ ശരീഅത്തിലെ നിർബന്ധ ബാധ്യതകൾ അനുഷ്ഠിക്കുന്നതിലുള്ള താല്പര്യം ഈ ശ്രദ്ധയിൽ ഉൾപ്പെടുന്നു. അതുപോലെ ഒരു മുസ്ലിമിന് സാധ്യമാകുന്നത്ര സുന്നത്ത് അനുഷ്ഠിക്കുന്നതിലും ജനങ്ങൾക്കിടയിൽ അത് ജീവിപ്പിക്കുന്നതിലുമുള്ള അതിയായ താല്പര്യവും ഇതിൽ ഉൾപ്പെടുന്നു; സുന്നത്ത് നമസ്കാരങ്ങൾ, വിത്ർ, രാത്രി നമസ്കാരം, ഐച്ഛികമായ നമസ്കാരങ്ങളും നോമ്പുകളും, ദാനധർമ്മങ്ങൾ തുടങ്ങിയവയും അതുപോലുള്ളവയും നിർവ്വഹിക്കാൻ അവൻ അതിയായ താല്പര്യം കാണിക്കുന്നു.
അബൂ അബ്ദിർറഹ്മാൻ അസ്സുലമി (റഹിമഹുല്ലാഹ്) പറയുന്നു: “ഞങ്ങൾക്ക് ഖുർആൻ ഓതിത്തന്നിരുന്നവർ—അതായത് സ്വഹാബികൾ—ഞങ്ങളോട് പറഞ്ഞിരുന്നു: അവർ റസൂലുല്ലാഹി ﷺ യുടെ പക്കൽ നിന്ന് ഖുർആൻ ഓതിപ്പഠിക്കാറുണ്ടായിരുന്നു. അങ്ങനെ അവർ പത്ത് ആയത്തുകൾ പഠിച്ചാൽ, അതിലുള്ള കർമ്മങ്ങൾ പ്രാവർത്തികമാക്കുന്നതുവരെ അവർ അത് വിട്ട് അടുത്തതിലേക്ക് കടക്കുമായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഖുർആനും കർമ്മവും ഒരുമിച്ച് പഠിച്ചു.”⁹
അപ്പോൾ ഇതാണ് സലഫുകളുടെ—അവർക്കെല്ലാം അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ—മൻഹജ്. അവർ അറിവിനെ കർമ്മവുമായി ചേർത്തുവെക്കുന്നു. കാരണം, അറിവനുസരിച്ച് പ്രവർത്തിക്കുക എന്നത് നിർബന്ധമായ കർമ്മം ഉപേക്ഷിക്കുന്നതിന്റെ പേരിൽ അല്ലാഹു അസ്സവജൽ പറഞ്ഞ കഠിനമായ താക്കീതിൽ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്തുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ﴾
‘സത്യവിശ്വാസികളേ, നിങ്ങൾ പ്രവർത്തിക്കാത്തതെന്തിനാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ പ്രവർത്തിക്കാത്തത് നിങ്ങൾ പറയുക എന്നത് അല്ലാഹുവിങ്കൽ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.’¹⁰
മാത്രമല്ല, അല്ലാഹു ജൂതന്മാരെ വിശേഷിപ്പിച്ച വെറുക്കപ്പെട്ട വിശേഷണത്തിൽ നിന്നുള്ള മോചനവും അറിവനുസരിച്ച് പ്രവർത്തിക്കുന്നതിലുണ്ട്. അല്ലാഹു അസ്സവജൽ പറയുന്നു:
﴿مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ﴾
‘തൗറാത്ത് ചുമതലപ്പെടുത്തുകയും എന്നിട്ട് അത് പേറുകയും ചെയ്യാതിരുന്നവരുടെ ഉപമ ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനതയുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനതയെ അല്ലാഹു നേർവഴിയിലാക്കുകയില്ല.’¹¹
അറിവനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെയാണ് അറിവ് തേടുന്നതിലൂടെയുള്ള യഥാർത്ഥ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നത്. അതിനാലാണ് ഫുദൈൽ ബിൻ ഇയാദ് (റഹിമഹുല്ലാഹ്) ഇപ്രകാരം പറഞ്ഞത്: “ഒരു പണ്ഡിതൻ താൻ നേടിയ അറിവനുസരിച്ച് പ്രവർത്തിക്കുന്നതുവരെ താൻ അറിഞ്ഞ കാര്യത്തിൽ അജ്ഞനായിക്കൊണ്ടേയിരിക്കും; അങ്ങനെ അവൻ അതനുസരിച്ച് പ്രവർത്തിച്ചാൽ അവൻ യഥാർത്ഥ പണ്ഡിതനായിത്തീരുന്നു.”¹²
അതിനാൽ സലഫീ ദഅ്വത്ത് ഈ അടിസ്ഥാന തത്വത്തിന് വലിയ പരിഗണന നൽകുകയും അത് കാത്തുസൂക്ഷിക്കുകയും, അതിൽ വ്യാപൃതരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാരണം, യാതൊരു പ്രയോജനവുമില്ലാത്ത അനുവദനീയമായ സംസാരങ്ങളിലും മറ്റും വ്യാപൃതരാകുന്നതിനേക്കാൾ ഉപകാരപ്രദമായത് കർമ്മങ്ങളിൽ വ്യാപൃതരാകുന്നതാണ്.
നമ്മുടെ യുവാക്കൾ—അല്ലാഹു തആല അവർക്ക് തൗഫീഖ് നൽകട്ടെ—ഈ അടിസ്ഥാന തത്വം യഥാവിധി നിർവ്വഹിച്ചിരുന്നുവെങ്കിൽ, തങ്ങളുടെ അധികാരപരിധിയിൽ പെടാത്തതും അതിൽ വ്യാപൃതരാകുന്നത് സമയം പാഴാക്കലായിട്ടുള്ളതുമായ ധാരാളം കാര്യങ്ങളിൽ അകപ്പെടുന്നതിൽ നിന്ന് അവർ സുരക്ഷിതരാകുമായിരുന്നു; രാഷ്ട്രീയ കാര്യങ്ങൾ പിന്തുടരുന്നതിൽ വ്യാപൃതരാകുന്നതും, അതിനെക്കുറിച്ച് ചിന്തിക്കാൻ എല്ലാ ജനങ്ങളെയും ക്ഷണിക്കുന്നതും അതുപോലുള്ള കാര്യങ്ങളും അതിന് ഉദാഹരണമാണ്.
ഇത്തരം കാര്യങ്ങളും അതുപോലുള്ളവയും ഒരു മതവിദ്യാർത്ഥിയുടെ ചുമതലയിൽ പെട്ടതല്ല. മറിച്ച് അവ ഭരണാധികാരികളുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ മാത്രം അധികാരപരിധിയിൽ പെട്ട കാര്യങ്ങളാണ്. എന്നാൽ യുവാക്കളിൽ ഒരു വിഭാഗം അതിലേക്ക് എടുത്തുചാടുകയും, അത്തരം കാര്യങ്ങളിൽ തങ്ങളെത്തന്നെ ഭരണാധികാരിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തപ്പോൾ അവരുടെ അജ്ഞത പ്രകടമാവുകയും, അവരുടെ വ്യതിയാനം പുറത്തുവരികയും, ഈ വിഷയങ്ങളിൽ അവരുടെ നാടിന് പ്രയാസമുണ്ടാവുകയും ചെയ്തു. കാരണം, വിദേശ പത്രങ്ങളിലെ വാർത്താ ശകലങ്ങളെയും സത്യനിഷേധികളുടെ വാർത്താ പ്രക്ഷേപണ നിലയങ്ങളെയുമാണ് അവർ ആശ്രയിക്കുന്നത്! അങ്ങനെ അവർ അവയെ വിശ്വസിക്കുകയും—ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്—, അവയുടെ മേൽ തങ്ങളുടെ വിധികൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഗൾഫ് യുദ്ധസമയത്ത് സംഭവിച്ചത് അപ്രകാരമായിരുന്നു. അവരിൽ ചിലർ ഇത്തരം പത്രക്കുറിപ്പുകളെയും ഇത്തരം പ്രക്ഷേപണ നിലയങ്ങളെയുമാണ് ആശ്രയിച്ചത്. അങ്ങനെ അവർ മുസ്ലിംകളെ ആപത്തിലാക്കുകയും, അവരുടെ ഹൃദയങ്ങളിൽ ഭീതി പടർത്തുകയും, അവരുടെ ഐക്യം തകർക്കുകയും, ഒത്തൊരുമിച്ചിരുന്ന അവരുടെ വാക്കുകളെ പിച്ചിച്ചീന്തുകയും ചെയ്തു.
പത്രക്കുറിപ്പുകളെയും വിദേശ പ്രക്ഷേപണ നിലയങ്ങളെയും ഇപ്രകാരം ആശ്രയിക്കുക എന്നതാണ് ‘ഉസ്വൂലു ഫിഖ്ഹിൽ വാഖിഅ്’ എന്ന് അവർ വിളിക്കുന്നതിന്റെ പേരിൽ അവരുടെ പക്കലുള്ള പരമാവധി കാര്യം.
ഈ പുതിയ പ്രവണത നമുക്കിടയിലേക്ക് പുറപ്പെട്ടപ്പോൾ അത് അറിവിനോടും കർമ്മത്തോടും കടുത്ത അപരാധമാണ് പ്രവർത്തിച്ചത്.
അതിനാൽ തന്നെ, സമുദായത്തിലെ യുവാക്കളിൽ അറിവിലും കർമ്മത്തിലുമുള്ള ബലഹീനത വളരെ പ്രകടമായി കാണപ്പെടുന്നു. ‘ഫിഖ്ഹുൽ വാഖിഇ’ന്റെ യുവാക്കൾ ഗൗരവമേറിയ പല വിഷയങ്ങളിലും ശരീഅത്തിന്റെ വിധിവിലക്കുകൾ പാലിക്കുന്നില്ല എന്ന് നിനക്ക് കാണാം.
അതിനാൽ നമ്മുടെ യുവാക്കളുടെ മേൽ നിർബന്ധമായിട്ടുള്ളത്, തങ്ങളുടെ കാര്യത്തിൽ അവർ അല്ലാഹു തആലയെ സൂക്ഷിക്കുകയും, മതത്തിലും ദുനിയാവിലും തങ്ങൾക്ക് മഹത്തായ പ്രയോജനം തിരിച്ചുനൽകുന്ന കാര്യങ്ങളിൽ സ്വന്തത്തെ വ്യാപൃതരാക്കുകയും ചെയ്യുക എന്നതാണ്.
എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളിൽ വ്യാപൃതരാകുന്നതും, തന്റെ അധികാരപരിധിയിൽ പെടാത്ത കാര്യങ്ങളിലേക്ക് മനുഷ്യൻ സ്വന്തത്തെ എടുത്തെറിയുന്നതും—അതിന്റെ ദുരന്തഫലം വളരെ വലുതാണ്. മാത്രമല്ല, പ്രതിഫലത്തിൽ നിന്നും നന്മയിൽ നിന്നും ധാരാളം കാര്യങ്ങൾ മനുഷ്യന് അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
അതിനാൽ യുവാക്കൾ തങ്ങളുടെ കാര്യത്തിൽ അല്ലാഹു തആലയെ സൂക്ഷിക്കുകയും, മതത്തിലും ദുനിയാവിലും വിജയം വരിക്കുന്നതിനായി തങ്ങൾ നേടിയ അറിവനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
മൂന്നാമത്തെ അടിസ്ഥാനം: വ്യക്തമായ കാഴ്ചപ്പാടോടെ അല്ലാഹു തആലയിലേക്ക് ക്ഷണിക്കൽ
അല്ലാഹു അസ്സവജൽ ഒരു മുസ്ലിമിന് അറിവും കർമ്മവും നൽകി അനുഗ്രഹിച്ചാൽ, ജനങ്ങളെ ക്ഷണിച്ചുകൊണ്ടും അവർക്ക് ഗുണകാംക്ഷ നൽകിക്കൊണ്ടും നേർവഴി കാണിച്ചുകൊണ്ടും ഈ നന്മ അവരിലേക്ക് എത്തിച്ചുനൽകാൻ അവൻ ധൃതികാണിക്കേണ്ടതുണ്ട്.
കാരണം, ഇത് പ്രവാചകന്മാരുടെ കർമ്മമാകുന്നു. അല്ലാഹു തആല തന്റെ പ്രവാചകൻ ﷺ യെക്കുറിച്ച് പറയുന്നു:
﴿قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي﴾
‘നീ പറയുക: ഇതാണ് എന്റെ മാർഗം. വ്യക്തമായ കാഴ്ചപ്പാടോടെ അല്ലാഹുവിങ്കലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിന്തുടർന്നവരും.’¹³
അല്ലാഹു അസ്സവജൽ തന്നിലേക്ക് ക്ഷണിക്കുന്നവന്റെ പദവി മറ്റുള്ളവരേക്കാൾ ഉയർത്തിയിരിക്കുന്നു. അല്ലാഹു അസ്സവജൽ പറഞ്ഞു:
﴿وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ﴾
‘അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളിൽ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാൾ നല്ല വാക്കുള്ളവൻ ആരുണ്ട്?’¹⁴
എന്നാൽ അവന്റെ പ്രതിഫലവും കൂലിയുമാകട്ടെ, അവന്റെ കർമ്മത്തിന്റെ മഹത്വം കാരണം അതിമഹത്തായതാണ്. നിശ്ചയമായും അല്ലാഹു അസ്സവജല്ലയിലേക്ക് ക്ഷണിക്കുന്നവന്, നന്മയിൽ തന്നെ പിന്തുടർന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലമുണ്ട്; അവരുടെ പ്രതിഫലങ്ങളിൽ നിന്ന് ഒട്ടും തന്നെ കുറയാതെ.¹⁵
അലി (റളിയല്ലാഹു അൻഹു) വിന്റെ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി വന്നിട്ടുണ്ട്:
«لَأَنْ يَهْدِيَ اللَّهُ بِكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ حُمْرِ النَّعَمِ»
നിന്നിലൂടെ അല്ലാഹു ഒരൊറ്റ വ്യക്തിയെ നേർവഴിയിലാക്കുക എന്നത് ചുവന്ന ഒട്ടകങ്ങളേക്കാൾ¹⁶ നിനക്ക് ഉത്തമമാകുന്നു.¹⁷
ഇവിടെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, അല്ലാഹു അസ്സവജല്ലയിലേക്ക് ക്ഷണിക്കുന്നവനാകാൻ ശരീഅത്തിലെ മുഴുവൻ വിധിവിലക്കുകളെക്കുറിച്ചും സമ്പൂർണ്ണമായ അറിവുണ്ടായിരിക്കുക എന്നത് നിബന്ധനയല്ല. മറിച്ച് അവന്റെ മേൽ നിർബന്ധമായിട്ടുള്ളത്, താൻ ഏതൊന്നിലേക്കാണോ ക്ഷണിക്കുന്നത് അതിനെക്കുറിച്ച് അവൻ അറിവുള്ളവനായിരിക്കുക എന്നതാണ്—അതായത്: ജനങ്ങളിലേക്ക് താൻ എത്തിക്കുന്ന വിഷയത്തെക്കുറിച്ച് അവന് ശരീഅത്ത് പരമായ അറിവുണ്ടായിരിക്കൽ നിർബന്ധമാണ്. അതിനാലാണ് നബി ﷺ ഇപ്രകാരം പറയുന്നത്:
«بَلِّغُوا عَنِّي وَلَوْ آيَةً»
ഒരു ആയത്തായിരുന്നാൽ പോലും എന്നിൽ നിന്ന് നിങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക.¹⁸
അതിനാൽ ഒരു മുസ്ലിം ഒരു ആയത്ത് മനസ്സിലാക്കുകയും പണ്ഡിതന്മാരിലൂടെയും ഖുർആൻ വ്യാഖ്യാതാക്കളിലൂടെയും അതിന്റെ ആശയം ഗ്രഹിക്കുകയും ചെയ്താൽ, അല്ലെങ്കിൽ അപ്രകാരം നമ്മുടെ റസൂൽ ﷺ യുടെ ഹദീസുകളിൽ നിന്ന് ഒരു ഹദീസ് മനസ്സിലാക്കിയാൽ, അതുമല്ലെങ്കിൽ പണ്ഡിതന്മാരിലൂടെയോ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലൂടെയോ ശരീഅത്ത് വിധികളിൽ പെട്ട ഒരു വിധി അറിഞ്ഞാൽ—ആ വിധിയോ ഹദീസോ ആയത്തോ അല്ലാത്ത മറ്റു കാര്യങ്ങളെക്കുറിച്ച് അവന് അറിവില്ലെങ്കിൽ പോലും—അത് ജനങ്ങളിൽ പെട്ട മറ്റുള്ളവരിലേക്ക് അവൻ എത്തിക്കേണ്ടതാണ്.
അല്ലാമാ ശൈഖ് അബ്ദുർറഹ്മാൻ ബിൻ ഖാസിം (റഹിമഹുല്ലാഹ്) ‘കിതാബുത്തൗഹീദി’ന്റെ വിശദീകരണക്കുറിപ്പിൽ ഇപ്രകാരം പറയുന്നു: “അല്ലാഹുവിങ്കലേക്കുള്ള ദഅ്വത്തിന് രണ്ട് നിബന്ധനകൾ അനിവാര്യമാണ്: അത് അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കണം, അത് റസൂലുല്ലാഹി ﷺ യുടെ സുന്നത്തിനോട് യോജിച്ചതായിരിക്കണം; കൂടാതെ ദഅ്വത്ത് നടത്തുന്നവൻ താൻ ഏതൊന്നിലേക്കാണോ ക്ഷണിക്കുന്നത് അതിനെക്കുറിച്ച് അറിവുള്ളവനുമായിരിക്കണം. ഇതിൽ ഒന്നാമത്തേതിൽ വീഴ്ച വരുത്തിയാൽ അവൻ മുശ്രിക്കായിത്തീരുന്നു, രണ്ടാമത്തേതിൽ വീഴ്ച വരുത്തിയാൽ അവൻ മുബ്തദിഉമായിത്തീരുന്നു…” അദ്ദേഹത്തിന്റെ (റഹിമഹുല്ലാഹ്) വാക്കുകൾ ഇവിടെ അവസാനിക്കുന്നു.¹⁹
അദ്ദേഹം (റഹിമഹുല്ലാഹ്) പ്രസ്താവിച്ച രണ്ടാമത്തെ നിബന്ധനയുടെ അടിസ്ഥാനത്തിൽ നാം പറയുന്നു: നിശ്ചയമായും അല്ലാഹുവിങ്കലേക്കുള്ള ദഅ്വത്തിന്റെ മാർഗങ്ങൾ പ്രമാണബദ്ധമായി നിശ്ചയിക്കപ്പെട്ടവയാണ് (തൗഖീഫിയ്യ). റസൂലുല്ലാഹി ﷺ നിലകൊണ്ടിട്ടില്ലാത്ത യാതൊന്നും അതിൽ പുതുതായി ഉണ്ടാക്കാവതല്ല. അതിനാലാണ് സ്വൂഫികൾ ചെയ്തിരുന്ന ‘സമാഇ’ന്റെ (കീർത്തന സദസ്സുകളുടെ) ആളുകൾക്കെതിരെ സലഫുകളുടെ എതിർപ്പ് ശക്തമായത്. ഈ ‘സമാഅ്’ വിനോദ വാദ്യോപകരണങ്ങൾ പോലുള്ള നിഷിദ്ധമായ ഉപകരണങ്ങളിൽ നിന്ന് മുക്തമായിരുന്നാൽ പോലും, ഹൃദയങ്ങളെ ആർദ്രമാക്കാൻ ഈ ‘സമാഅ്’ ഉപകാരപ്രദമായിരുന്നാൽ പോലും ശരി; കാരണം ഖുർആനിലോ സുന്നത്തിലോ ഈ സമുദായത്തിലെ സലഫുകളുടെ—റളിയല്ലാഹു തആല അൻഹും—പ്രവൃത്തിയിലോ ഇതിന് യാതൊരു തെളിവും വന്നിട്ടില്ല.
അതിനാലാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) ‘മജ്മൂഉൽ ഫതാവാ’ പതിനൊന്നാം വാല്യത്തിൽ ഇപ്രകാരം പറയുന്നത്: “എന്നാൽ ഹൃദയങ്ങളുടെ സംസ്കരണം ഉദ്ദേശിച്ച് അതിനായി ഒരുമിച്ചുകൂടുന്നവരുടെ ‘സമാഅ്’—അതായത്: തങ്ങളുടെ ഹൃദയങ്ങളെ നന്നാക്കാനും ആത്മാക്കളെ സംസ്കരിക്കാനും ഈ ഒത്തുചേരലിലൂടെ ലക്ഷ്യം വെച്ചുകൊണ്ട് ‘സമാഇ’നായി ഒരുമിച്ചുകൂടുന്നവർ—അത് വിനോദ വാദ്യോപകരണങ്ങളില്ലാത്ത കേവലമായ ഗാനാലാപനങ്ങളോ—’തഗ്ബീറി’ന് സമാനമായത്—, അല്ലെങ്കിൽ കൈകൊട്ടലോ അതുപോലുള്ളതോ ആയിക്കൊള്ളട്ടെ; അത് ഇസ്ലാമിൽ പുതുതായി നിർമ്മിക്കപ്പെട്ട ‘സമാഅ്’ ആകുന്നു. നബി ﷺ പുകഴ്ത്തിപ്പറഞ്ഞ മൂന്ന് തലമുറകൾ കഴിഞ്ഞുപോയതിന് ശേഷമാണ് അത് പുതുതായി ഉണ്ടാക്കപ്പെട്ടത്. നബി ﷺ പറഞ്ഞു:
«خَيْرُ الْقُرُونِ الْقَرْنُ الَّذِي بُعِثْتُ فِيهِ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ»
തലമുറകളിൽ ഏറ്റവും ഉത്തമമായത് ഞാൻ നിയോഗിക്കപ്പെട്ട തലമുറയാണ്, പിന്നെ അവരെ തുടർന്നുവരുന്നവർ, പിന്നെ അവരെ തുടർന്നുവരുന്നവർ.²⁰
സമുദായത്തിലെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഇതിനെ വെറുത്തിട്ടുണ്ട്, മുതിർന്ന ശൈഖുമാരൊന്നും തന്നെ അതിൽ പങ്കെടുത്തിട്ടുമില്ല.”²¹
ഈ ‘സമാഇ’നെക്കുറിച്ചുള്ള സംസാരത്തിനിടയിൽ ശൈഖ് (റഹിമഹുല്ലാഹ്) തുടർന്ന് പറയുന്നു: “ചുരുക്കത്തിൽ, സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന യാതൊരു കാര്യവും നബി ﷺ ജനങ്ങൾക്ക് പറഞ്ഞുതരാതെ വിട്ടിട്ടില്ല എന്നും, നരകത്തിൽ നിന്ന് അകറ്റുന്ന യാതൊരു കാര്യവും അവിടുന്ന് പറഞ്ഞുതരാതെ വിട്ടിട്ടില്ല എന്നും, ഈ ‘സമാഅ്’ ഒരു നന്മയായിരുന്നുവെങ്കിൽ അല്ലാഹുവും അവന്റെ റസൂലും അത് മതനിയമമാക്കുമായിരുന്നു എന്നും ഒരു സത്യവിശ്വാസി അറിഞ്ഞിരിക്കേണ്ടതാണ്. കാരണം അല്ലാഹു പറയുന്നു:
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾
‘ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.’²²
അതിനാൽ തന്റെ ഹൃദയത്തിന് അതിൽ വല്ല പ്രയോജനവും അനുഭവപ്പെടുകയും, എന്നാൽ ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ അതിന് യാതൊരു തെളിവും ലഭിക്കാതിരിക്കുകയും ചെയ്താൽ—അവൻ അതിലേക്ക് തിരിഞ്ഞുനോക്കുകയില്ല.
സഹ്ൽ ബിൻ അബ്ദില്ലാഹ് അത്തുസ്തരി പറഞ്ഞു: ‘ഖുർആനും സുന്നത്തും സാക്ഷ്യം വഹിക്കാത്ത ഏതൊരു ആത്മീയാനുഭൂതിയും നിരർത്ഥകമാകുന്നു.’
അദ്ദാറാനി പറഞ്ഞു: ‘ആ കൂട്ടരുടെ സൂക്ഷ്മമായ ചിന്തകളിൽ പെട്ട വല്ല ചിന്തയും എന്റെ ഹൃദയത്തിൽ വന്നുപതിക്കാറുണ്ട്; എന്നാൽ ഖുർആനും സുന്നത്തുമാകുന്ന നീതിമാന്മാരായ രണ്ട് സാക്ഷികൾ മുഖേനയല്ലാതെ ഞാൻ അത് സ്വീകരിക്കാറില്ല…’ ഇതാണ് അദ്ദേഹത്തിന്റെ (റഹിമഹുല്ലാഹ്) വാക്കുകൾ.”²³
“തന്റെ ഹൃദയത്തിന് അതിൽ വല്ല പ്രയോജനവും അനുഭവപ്പെടുകയും, എന്നാൽ ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ അതിന് യാതൊരു തെളിവും ലഭിക്കാതിരിക്കുകയും ചെയ്താൽ…” എന്ന അദ്ദേഹത്തിന്റെ വാക്കിൽ—അല്ലാഹു അസ്സവജല്ലയിലേക്കുള്ള ദഅ്വത്തിന് വേണ്ടി അഭിനയം (നാടകവും മറ്റും) അനുവദനീയമാക്കിയവർക്കുള്ള ഏറ്റവും ശക്തമായ മറുപടിയുണ്ട്; അതിൽ പ്രയോജനമുണ്ട് എന്നും, അത് കേൾക്കുകയും അതിന്റെ ദൃശ്യങ്ങൾ കാണുകയും ചെയ്താൽ ഹൃദയങ്ങൾ ആർദ്രമാകും എന്നുമാണല്ലോ അവരുടെ വാദം.
അതിന്റെ അടിസ്ഥാനത്തിൽ നാം പറയുന്നു: ദഅ്വത്തിന്റെ മാർഗങ്ങൾ പ്രമാണബദ്ധമായി നിശ്ചയിക്കപ്പെട്ടവയായിരിക്കൽ (തൗഖീഫിയ്യ) നിർബന്ധമാണ്. റസൂലുല്ലാഹി ﷺ യും അവിടുത്തെ ആദരണീയരായ സ്വഹാബത്തും നിലകൊണ്ടതല്ലാതെ മറ്റൊന്നും അതിൽ മതനിയമമാക്കാവതല്ല.
നാലാമത്തെ അടിസ്ഥാനം: അറിവിലൂടെയും കർമ്മത്തിലൂടെയും അധ്യാപനത്തിലൂടെയും സലഫുകളുടെ അഖീദക്ക് നൽകുന്ന പ്രാധാന്യം
അടുത്ത കാലത്തായി അഖീദയെ എതിർക്കുന്നതും, ശ്രദ്ധാകേന്ദ്രങ്ങളിൽ നിന്ന് അതിനെ അകറ്റിനിർത്തുന്നതുമായ സംസാരങ്ങൾ നാം കേൾക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ഏറെ ഖേദകരമായ കാര്യമാണ്. അഖീദയുടെ വിഷയങ്ങളെ പരിഗണിക്കപ്പെടേണ്ടതില്ലാത്ത ശാഖാപരമായ വിഷയങ്ങളായി കണക്കാക്കുന്ന കക്ഷികളുണ്ട്. എന്ന് മാത്രമല്ല, “അല്ലാഹുവിന് കൈ ഉണ്ടെന്ന് നാം സ്ഥിരീകരിച്ചാലോ അതല്ലെങ്കിൽ സ്ഥിരീകരിച്ചില്ലെങ്കിലോ നമുക്ക് എന്ത് സംഭവിക്കാനാണ്?!” എന്ന് പറയുന്നവരും അവരിലുണ്ട്.
ഇത് വമ്പിച്ച വിപത്തുകളിലും ഭയാനകമായ ദുരന്തങ്ങളിലും പെട്ടതാണ്. തൗഹീദിന്റെ അഖീദക്ക് ശരീഅത്തിലുള്ള മഹത്തായ സ്ഥാനം ഏവർക്കും സുവിദിതമായ കാര്യമാണ്.
സൃഷ്ടികളെല്ലാം തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അതിമഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്; അതാകട്ടെ അല്ലാഹു തആലക്കുള്ള അടിമത്തം (ഉബൂദിയ്യത്ത്) ആകുന്നു. അല്ലാഹു അസ്സവജൽ പറഞ്ഞതുപോലെ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ﴾
‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. അവരിൽ നിന്ന് യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ഉദ്ദേശിക്കുന്നില്ല.’²⁴
തൗഹീദ് സാക്ഷാത്കരിക്കുന്നതിനും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടിയല്ലാതെ അല്ലാഹു അസ്സവജൽ ദൂതന്മാരെ അയക്കുകയോ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. അല്ലാഹു അസ്സവജൽ പറഞ്ഞതുപോലെ:
﴿يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ أَنْ أَنذِرُوا أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاتَّقُونِ﴾
‘തന്റെ കൽപ്പനപ്രകാരം വഹ്യുമായി മലക്കുകളെ തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരുടെ മേൽ അവൻ ഇറക്കുന്നു; ഞാനല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനുമില്ല, അതിനാൽ നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ എന്ന് നിങ്ങൾ താക്കീത് ചെയ്യുക എന്ന സന്ദേശവുമായി.’²⁵
അപ്രകാരം തന്നെ അവന്റെ വചനത്തിൽ ഇപ്രകാരം കാണാം:
﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ﴾
‘ഞാനല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനുമില്ല, അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുവിൻ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.’²⁶
അല്ലാഹു അസ്സവജൽ പറഞ്ഞതുപോലെ:
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ﴾
‘തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ത്വാഗൂത്തിനെ വർജ്ജിക്കുകയും ചെയ്യുവിൻ എന്ന് അറിയിച്ചുകൊണ്ട്.’²⁷
വിശുദ്ധ ഖുർആനിലെ ആദ്യത്തെ കൽപ്പന അല്ലാഹു അസ്സവജല്ലയുടെ ഈ വചനമാണ്:
﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾
‘മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുവിൻ; നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടി.’²⁸
ദൂതന്മാർ തങ്ങളുടെ ജനതയോടുള്ള ദഅ്വത്ത് ആരംഭിക്കുന്നത് അല്ലാഹു അസ്സവജൽ അവരെക്കുറിച്ച് ഉദ്ധരിച്ച ഈ വാക്കുകളിലൂടെയാണ്:
﴿يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ﴾
‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ. നിങ്ങൾക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനുമില്ല.’²⁹
നബി ﷺ ഇരുപത്തിമൂന്ന് വർഷക്കാലം അല്ലാഹുവിങ്കലേക്ക് ക്ഷണിച്ചുകൊണ്ട് കഴിച്ചുകൂട്ടി. അതിൽ പതിമൂന്ന് വർഷം മക്കയിലായിരുന്നു; അതിൽ പത്ത് വർഷക്കാലം അവിടുന്ന് തൗഹീദ് സ്ഥാപിക്കുകയും, അതിലേക്ക് ക്ഷണിക്കുകയും, ശിർക്കിനെതിരെ പോരാടുകയും, അതിനെക്കുറിച്ച് താക്കീത് നൽകുകയുമായിരുന്നു. അവിടുത്തെ ബാക്കി ജീവിതം തൗഹീദിന്റെ അഖീദ ഉറപ്പിച്ചുനിർത്തുന്നതിലും അടിയുറപ്പിക്കുന്നതിലും, ശരീഅത്ത് വിധിവിലക്കുകൾ വിവരിക്കുന്നതിലുമായിരുന്നു.
അഖീദയുടെ വിഷയങ്ങൾ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും അതിലേക്ക് ക്ഷണിക്കുന്നതിലും കാണിക്കേണ്ട ശ്രദ്ധയെയാണ് ഇതെല്ലാം വ്യക്തമായി അറിയിക്കുന്നത്.
അതിന്റെ കാരണം, അഖീദ കലർപ്പുകളിൽ നിന്ന് സുരക്ഷിതമായാൽ അതിന്റെ വക്താവ് നിസ്സംശയമായും സ്വർഗ്ഗാവകാശികളിൽ പെട്ടവനായിരിക്കും; അവൻ വൻപാപങ്ങൾ ചെയ്തവനാണെങ്കിൽ പോലും ശരി. കാരണം വൻപാപങ്ങൾ ചെയ്തവരുടെ കാര്യം അല്ലാഹുവിങ്കലാകുന്നു; അല്ലാഹു തആല ഉദ്ദേശിച്ചാൽ അവരെ ശിക്ഷിക്കുകയും, പിന്നീട് അവരുടെ തൗഹീദ് കാരണത്താലും അതിനുമുമ്പായി അവന്റെ (സുബ്ഹാനഹു) ഔദാര്യവും കാരുണ്യവും കാരണത്താലും അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. ഇനി അല്ലാഹു അസ്സവജൽ ഉദ്ദേശിച്ചാൽ അവർക്ക് മാപ്പുനൽകുകയും ചെയ്യും. അല്ലാഹു സത്യം! അത് തന്നെയാണ് രക്ഷയും സംരക്ഷണവും.
വിശ്വാസം വിശുദ്ധമായ ഒരാളെയും പുണ്യകർമ്മങ്ങളും ഇതര ആരാധനകളും അവന് ഒരു തൂവൽ വഹിക്കുന്നതിനേക്കാൾ ഭാരമുള്ളതായി നിനക്ക് കാണാൻ കഴിയില്ല. അതിനാലാണ് അഖീദയിൽ ശ്രദ്ധ പുലർത്തുന്നതും അത് സംസ്കരിക്കാൻ പ്രവർത്തിക്കുന്നതും ഏറ്റവും മഹത്തരമായ കാര്യങ്ങളിലും ഏറ്റവും വലിയ കർമ്മങ്ങളിലും പെട്ടതായത്.
ഒരു മതവിദ്യാർത്ഥിക്കും അല്ലാഹു അസ്സവജല്ലയിലേക്ക് ക്ഷണിക്കുന്നവനും അവ്യക്തമല്ലാത്ത ധാരാളം ശ്രേഷ്ഠതകൾ തൗഹീദിനുണ്ട്. അതിന്റെ ശ്രേഷ്ഠതകളിൽ പെട്ടതാണ്:
ഹൃദയത്തിൽ ഒരു കടുകുമണിയോളമെങ്കിലും തൗഹീദുണ്ടെങ്കിൽ നരകത്തിൽ ശാശ്വതമായി വസിക്കുന്നതിനെ അത് തടയുന്നു.
അതിൽ പെട്ടതാണ്: ഹൃദയത്തിൽ അത് പൂർണ്ണമായാൽ നരകത്തിൽ പ്രവേശിക്കുന്നതിനെ അത് പൂർണ്ണമായും തടയുന്നു.
അതിൽ പെട്ട മറ്റൊന്നാണ്: തൗഹീദ് യഥാവിധി സാക്ഷാത്കരിച്ചാൽ ദുനിയാവിലും പരലോകത്തും സമ്പൂർണ്ണമായ സന്മാർഗവും സമ്പൂർണ്ണമായ നിർഭയത്വവും കരസ്ഥമാകുന്നു.³⁰
അതിൽ പെട്ടതാണ്: മുസ്വ്തഫാ ﷺ യുടെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യവാന്മാരാകുന്ന ജനങ്ങൾ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞവരാകുന്നു.³¹
അതിൽ പെട്ടതാണ്: ബാഹ്യവും ആന്തരികവുമായ കർമ്മങ്ങളുടെയും വാക്കുകളുടെയും സ്വീകാര്യതയും പൂർണ്ണതയും അവയ്ക്ക് ലഭിക്കുന്ന മഹത്തായ പ്രതിഫലവും തൗഹീദിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്; തൗഹീദ് ശക്തിപ്പെടുന്നതിനനുസരിച്ച് ഈ കാര്യങ്ങളെല്ലാം പൂർണ്ണത കൈവരിക്കുന്നു.
അതിൽ പെട്ടതാണ്: സൃഷ്ടികളുടെ അടിമത്തത്തിൽ നിന്നും അവരുമായുള്ള ആത്മബന്ധത്തിൽ നിന്നും അവരെ ഭയക്കുന്നതിൽ നിന്നും അവരിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ നിന്നും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്നും അത് അടിമയെ മോചിപ്പിക്കുന്നു. ഇതാണ് യഥാർത്ഥ പ്രതാപവും ഉന്നതമായ ആദരവും… ശൈഖ് ഇബ്നു സഅ്ദി ‘കിതാബുത്തൗഹീദി’ന്റെ വിശദീകരണക്കുറിപ്പിൽ സൂചിപ്പിച്ച ഇതുപോലുള്ള മറ്റ് അനേകം പ്രയോജനങ്ങളും ഇതിനുണ്ട്.³²
അതിനാൽ അല്ലാഹു അസ്സവജല്ലയിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാരുടെ മേൽ നിർബന്ധമായിട്ടുള്ളത് തൗഹീദിന്റെ വിഷയത്തിൽ അവർ കടുത്ത ശ്രദ്ധ പതിപ്പിക്കുകയും അതിന് പ്രാധാന്യം നൽകുകയും ചെയ്യുക എന്നതാണ്. എന്നാൽ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് പുതുതായി മുളച്ചുപൊന്തിയ ഒരു വിഭാഗം ഇപ്രകാരം പറയുന്നത്: “എന്തിനാണ് തൗഹീദിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്? മുസ്ലിംകളുടെ കാര്യങ്ങളിലും അവരുടെ പ്രശ്നങ്ങളിലുമല്ലേ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്? മുസ്ലിംകൾ വലത്തും ഇടത്തും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു, നാമാകട്ടെ ഖുബ്ബകൾ തകർക്കാനും ഖബറുകൾക്ക് മീതെ നിർമ്മിക്കപ്പെട്ട പള്ളികൾ നീക്കം ചെയ്യാനും അതുപോലുള്ള വിഷയങ്ങളിലേക്കും ക്ഷണിച്ചുകൊണ്ടിരിക്കുന്നു!”
ഈ വാക്ക് പറയുന്നവൻ ഹനീഫുകളുടെ ഇമാമായ ഇബ്രാഹീം (അലൈഹിസ്സലാം) പറഞ്ഞ ഈ വചനം മറന്നുപോവുകയോ മറന്നതായി നടിക്കുകയോ ചെയ്തിരിക്കുന്നു:
﴿وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ﴾
‘എന്നെയും എന്റെ മക്കളെയും വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകറ്റിനിർത്തുകയും ചെയ്യേണമേ.’³³
അല്ലാഹു ഒറ്റൊരു സമുദായമായി നിശ്ചയിക്കുകയും, അല്ലാഹു അസ്സവജൽ അദ്ദേഹത്തെക്കുറിച്ച്:
﴿وَإِبْرَاهِيمَ الَّذِي وَفَّىٰ﴾
‘പൂർണ്ണമായി നിറവേറ്റിയ ഇബ്രാഹീമിന്റെയും.’³⁴
എന്ന് പറയുകയും, അദ്ദേഹത്തിന്റെ ഹനീഫിയ്യത്തിനെ പിന്തുടരാൻ തന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യോട് കൽപ്പിക്കുകയും, സ്വന്തം മകനെ ബലിയറുക്കുന്നതിലൂടെ അല്ലാഹു അസ്സവജൽ പരീക്ഷിച്ചപ്പോൾ അത് അനുസരിക്കുകയും അല്ലാഹു അസ്സവജല്ലയുടെ കൽപ്പനക്ക് ഉത്തരം നൽകുകയും, തന്റെ ആദരണീയമായ കൈകൊണ്ട് വിഗ്രഹങ്ങളെ തകർക്കുകയും, ശിർക്കിന്റെ ആളുകൾക്കെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത… ഹനീഫുകളുടെ ഇമാമായ ഖലീൽ (അലൈഹിസ്സലാം)—ഈ ശ്രേഷ്ഠതകളും മറ്റും ഉണ്ടായിട്ടുപോലും—ശിർക്കുകളിൽ ഏറ്റവും വലുതായ വിഗ്രഹാരാധനയാകുന്ന ശിർക്കിൽ താൻ വീണുപോകുമോ എന്ന് ഭയപ്പെടുന്നുവെങ്കിൽ; അദ്ദേഹത്തിന് താഴെയുള്ളവരുടെ അവസ്ഥ എന്തായിരിക്കും?
അതിനാലാണ് ഇബ്രാഹീം അത്തൈമി (റഹിമഹുല്ലാഹ്) ഇപ്രകാരം പറയുന്നത്: “ഇബ്രാഹീമിന് ശേഷം ആരാണ് ശിർക്കിനെക്കുറിച്ച് നിർഭയനായിരിക്കുക?!”³⁵
അബൂ സഈദ് അൽ-ഖുദ്രി (റളിയല്ലാഹു അൻഹു) വിന്റെ ഹദീസിനെക്കുറിച്ച് ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റഹിമഹുല്ലാഹ്) പറയുന്നു:
«قَالَ مُوسَى: يَا رَبِّ، عَلِّمْنِي شَيْئًا أَذْكُرُكَ وَأَدْعُوكَ بِهِ، قَالَ: يَا مُوسَى، قُلْ: لَا إِلَٰهَ إِلَّا اللَّهُ»
മൂസാ (അലൈഹിസ്സലാം) പറഞ്ഞു: എന്റെ രക്ഷിതാവേ, നിന്നെ സ്മരിക്കാനും നിന്നോട് പ്രാർത്ഥിക്കാനും ഉതകുന്ന ഒരു കാര്യം എനിക്ക് നീ പഠിപ്പിച്ചു തരേണമേ. അവൻ പറഞ്ഞു: അല്ലയോ മൂസാ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് നീ പറയുക.³⁶
ഈ ഹദീസിനെക്കുറിച്ച് ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റഹിമഹുല്ലാഹ്) ‘കിതാബുത്തൗഹീദി’ൽ പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഉണർത്തപ്പെടാൻ പ്രവാചകന്മാർക്ക് പോലും ആവശ്യകതയുണ്ട് എന്ന് ഇതിലുണ്ട്.”³⁷
അതിനാൽ നാം ഈ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കലും ഇതിന് വലിയ പ്രാധാന്യം നൽകലും നമ്മുടെ മേൽ നിർബന്ധമാണ്. കാരണം ഈ കാര്യം സുരക്ഷിതമായാൽ ഇതിന് ശേഷമുള്ള കാര്യങ്ങൾ കൂടുതൽ ലഘുവും എളുപ്പമുള്ളതുമായിരിക്കും; മാത്രമല്ല ഇതിന് ശേഷമുള്ള കർമ്മങ്ങളുടെ സുരക്ഷിതത്വത്തിന് ഇത് ഉറപ്പുനൽകുകയും ചെയ്യുന്നു. എന്നാൽ ഈ അടിസ്ഥാനം തന്നെ ദുഷിച്ചതാണെങ്കിൽ പിന്നീട് യാതൊരു പ്രയോജനവുമില്ല, നന്മയുമില്ല, സ്വീകാര്യതയുമില്ല.
അഞ്ചാമത്തെ അടിസ്ഥാനം: പ്രവാചക സുന്നത്തിന് നൽകുന്ന പ്രാധാന്യവും അതനുസരിച്ച് പ്രവർത്തിക്കുന്നതിലുള്ള താല്പര്യവും അതിലേക്കുള്ള ക്ഷണവും
ഒരു മുസ്ലിം തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട കാര്യം നബി ﷺ യുടെ കാൽപ്പാടുകൾ പിന്തുടരാനും, സാധ്യമാകുന്നത്ര തന്റെ ജീവിതത്തിൽ അത് പകർത്താനും പരിശ്രമിക്കുക എന്നതാണ്. കാരണം, ഒരു മുസ്ലിം ലക്ഷ്യം വെക്കുന്ന പ്രധാന കാര്യം ശാശ്വത സൗഭാഗ്യത്തിന്റെ ഭവനമായ സ്വർഗ്ഗത്തിലേക്ക് അവനെ എത്തിക്കുന്ന സന്മാർഗം (ഹിദായത്ത്) കരസ്ഥമാക്കുക എന്നതാണ്. അല്ലാഹു തആല പറഞ്ഞിരിക്കുന്നു:
﴿وَإِن تُطِيعُوهُ تَهْتَدُوا﴾
‘നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുന്ന പക്ഷം നിങ്ങൾ നേർവഴി പ്രാപിക്കുന്നതാണ്.’³⁸
അല്ലാഹു തആല വീണ്ടും പറഞ്ഞു:
﴿وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ﴾
‘നിങ്ങൾ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുവിൻ; നിങ്ങൾ നേർവഴി പ്രാപിക്കുന്നതിനായി.’³⁹
അതുപോലെ അല്ലാഹു പറഞ്ഞു:
﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا﴾
‘തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്; അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്തുവരുന്നവർക്ക്.’⁴⁰
റസൂലുല്ലാഹി ﷺ യുടെ വാക്കുകളിലും പ്രവൃത്തികളിലും അവിടുത്തെ എല്ലാ അവസ്ഥകളിലും ചലനങ്ങളിലും നിശ്ചലതകളിലും അവിടുത്തെ മാതൃകയാക്കണം എന്നതിനുള്ള മഹത്തായ ഒരു അടിസ്ഥാന പ്രമാണമാണ് ഈ ആയത്ത്.
അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവർക്ക് മാത്രമാണ് ഈ ഉത്തമ മാതൃക പിന്തുടരാൻ സാധിക്കുന്നതും അതിനുള്ള തൗഫീഖ് ലഭിക്കുന്നതും. കാരണം, അത്തരമൊരു വ്യക്തിയുടെ പക്കലുള്ള ഈമാനും അല്ലാഹുവിനോടുള്ള ഭയവും അവന്റെ പ്രതിഫലത്തിലുള്ള പ്രതീക്ഷയും ശിക്ഷയെക്കുറിച്ചുള്ള ഭീതിയും റസൂലുല്ലാഹി ﷺ യെ മാതൃകയാക്കാൻ അവനെ പ്രേരിപ്പിക്കുന്നു.
ഒരു സത്യവിശ്വാസിയുടെ ശ്രേഷ്ഠതയും പദവിയും അളക്കപ്പെടുന്നത് നബി ﷺ യെ അവൻ എത്രത്തോളം പിന്തുടരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. സുന്നത്ത് സൂക്ഷ്മമായി അന്വേഷിച്ച് പ്രാവർത്തികമാക്കുന്നതിൽ അവൻ എത്രത്തോളം മുന്നിലാണോ, അതിനനുസരിച്ച് ഉന്നതമായ പദവികൾക്ക് അവൻ കൂടുതൽ അർഹനായിത്തീരുന്നു.
അതിനാലാണ് മുൻഗാമികളായ താബിഉകളിൽ പെട്ട സലഫുകൾ—അവർക്ക് അല്ലാഹു തആലയുടെ കാരുണ്യമുണ്ടാകട്ടെ—ഒരു വ്യക്തിയിൽ നിന്ന് മതവിജ്ഞാനം സ്വീകരിക്കാനുള്ള മാനദണ്ഡമായി ആ വ്യക്തി സുന്നത്തിനെ എത്രത്തോളം മുറുകെ പിടിക്കുന്നു എന്നതിനെ നിശ്ചയിച്ചിരുന്നത്. ഇബ്രാഹീം അന്നഖഈ (റഹിമഹുല്ലാഹ്) പ്രസ്താവിച്ചതുപോലെ, പൂർവ്വികർ ഒരാളിൽ നിന്ന് അറിവ് സ്വീകരിക്കാനായി ചെന്നാൽ അദ്ദേഹത്തിന്റെ നമസ്കാരത്തിലേക്കും അദ്ദേഹത്തിന്റെ സുന്നത്തിലേക്കും അദ്ദേഹത്തിന്റെ ബാഹ്യരൂപത്തിലേക്കും നോക്കിയതിനു ശേഷമായിരുന്നു അദ്ദേഹത്തിൽ നിന്ന് അറിവ് സ്വീകരിച്ചിരുന്നത്.⁴¹
അല്ലാഹു അസ്സവജല്ലയെ സ്നേഹിക്കുന്ന ഒരുവന്റെ അടയാളങ്ങളിൽ പെട്ടതാണ് അല്ലാഹുവിന്റെ പ്രിയങ്കരനായ നബി ﷺ യെ അവിടുത്തെ സ്വഭാവഗുണങ്ങളിലും പ്രവൃത്തികളിലും കൽപ്പനകളിലും സുന്നത്തുകളിലും പിന്തുടരുക എന്നതെന്ന് പണ്ഡിതന്മാരിൽ ഒരാൾ പ്രസ്താവിച്ചിട്ടുണ്ട്. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് തന്നെ ഗ്രഹിക്കപ്പെട്ട ഒരു യാഥാർത്ഥ്യമാണ്. അല്ലാഹു തആല പറയുന്നു:
﴿قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ﴾
‘നീ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുവിൻ; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’⁴²
ഈ ആയത്തിന്റെ തഫ്സീറിൽ ഹസനുൽ ബസ്വരി (റഹിമഹുല്ലാഹ്) വ്യക്തമാക്കിയത്, സത്യവിശ്വാസികൾ അല്ലാഹുവിനെ സ്നേഹിക്കുന്നു എന്നതിന്റെ അടയാളമായി അവന്റെ റസൂൽ ﷺ യുടെ സുന്നത്ത് പിന്തുടരുന്നതിനെയാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത് എന്നാണ്.⁴³
സുന്നത്ത് അനുസരിച്ച് പ്രവർത്തിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അത് മുറുകെ പിടിക്കാൻ പ്രേരിപ്പിച്ചുകൊണ്ടും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളിൽ നിന്നും ധാരാളം പ്രമാണങ്ങൾ വന്നിട്ടുണ്ട്.
അവയിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ഇർബാദ് ബിൻ സാരിയ (റളിയല്ലാഹു അൻഹു) നിവേദനം ചെയ്ത ഹദീസ്. കണ്ണുകൾ നിറഞ്ഞൊഴുകുകയും ഹൃദയങ്ങൾ ഭയന്നുവിറക്കുകയും ചെയ്ത വിധവത്തിലുള്ള ഒരു സദുപദേശം നബി ﷺ അവർക്ക് നൽകിയെന്നും, യാത്രപറയുന്ന ഒരാളുടെ ഉപദേശം പോലെയുള്ള ആ സന്ദർഭത്തിൽ വസ്വിയ്യത്ത് നൽകാൻ അവർ ആവശ്യപ്പെട്ടപ്പോൾ, രാത്രി പോലും പകൽ പോലെ തെളിഞ്ഞുനിൽക്കുന്ന സുശുദ്ധമായ പാതയിലാണ് ഞാൻ നിങ്ങളെ വിട്ടേച്ചുപോകുന്നതെന്നും അതിൽ നിന്ന് വ്യതിചലിക്കുന്നവർ നശിച്ചുപോകുമെന്നും അവിടുന്ന് ഉണർത്തി. തുടർന്ന് നബി ﷺ പറഞ്ഞു:
«… فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، عَضُّوا عَلَيْهَا بِالنَّوَاجِذِ»
നിങ്ങളിൽ നിന്ന് ദീർഘകാലം ജീവിക്കുന്നവർക്ക് ധാരാളം ഭിന്നതകൾ കാണേണ്ടിവരും; അതിനാൽ എന്റെ സുന്നത്തും എനിക്ക് ശേഷം വരുന്ന സന്മാർഗികളായ ഖുലഫാഉർറാശിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക; അണപ്പല്ലുകൾ കൊണ്ട് നിങ്ങൾ അതിൽ കടിച്ചുപിടിക്കുക.⁴⁴
ഇവിടെ നബി ﷺ “നിങ്ങൾ എന്റെ സുന്നത്ത് മുറുകെ പിടിക്കുക” എന്ന് പറഞ്ഞതിന്റെ വിവക്ഷ: വിശ്വാസപരമായതോ കർമ്മപരമായതോ, നിർബന്ധമായതോ ഐച്ഛികമായതോ ആയ വിധിവിലക്കുകളിൽ നിന്ന് ഞാൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടുള്ള എന്റെ മാർഗം എന്നാണ്.
എന്നാൽ ഉസ്വൂലുൽ ഫിഖ്ഹ് പണ്ഡിതന്മാർ ‘സുന്നത്ത്’ എന്ന പദത്തെ ‘കർശനമല്ലാത്ത രൂപത്തിൽ കൽപ്പിക്കപ്പെട്ട കാര്യം’ (മന്ദൂബ്) എന്ന അർത്ഥത്തിൽ പരിമിതപ്പെടുത്തിയത് പിൽക്കാലത്തുണ്ടായ ഒരു സാങ്കേതിക പ്രയോഗം മാത്രമാണ്. ഫർളിൽ (വാജിബിൽ) നിന്ന് അതിനെ വേർതിരിച്ചു കാണിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് അവർ ഉദ്ദേശിച്ചത്.
അതിനാൽ ശരീഅത്തിന്റെ ഭാഷയിൽ ‘സുന്നത്ത്’ എന്ന് നിരുപാധികം പ്രയോഗിക്കപ്പെട്ടാൽ അതുകൊണ്ട് ഉദ്ദേശിക്കുന്നത്: ആരാധനകളിലും ഇടപാടുകളിലും സ്വഭാവഗുണങ്ങളിലും ചലനങ്ങളിലും നിശ്ചലതകളിലും നബി ﷺ നിലകൊണ്ടിരുന്ന മതപരമായ മാർഗം എന്നാണ്.
ഉർവത് ബിൻ അസ്സുബൈർ (റളിയല്ലാഹു അൻഹു) സുന്നത്തുകളെ മുറുകെ പിടിക്കാൻ കൽപ്പിച്ചുകൊണ്ട്, നിശ്ചയമായും സുന്നത്തുകളാണ് മതത്തിന്റെ നിലനിൽപ്പിനാധാരം എന്ന് ഉണർത്തിയിട്ടുണ്ട്.⁴⁵
അബ്ദുല്ലാഹിബ്നു ഉമർ (റളിയല്ലാഹു അൻഹുമാ) റസൂലുല്ലാഹി ﷺ യുടെ കൽപ്പനകളും കാൽപ്പാടുകളും അവസ്ഥകളും അങ്ങേയറ്റം സൂക്ഷ്മമായി പിന്തുടരുകയും അതിൽ ശ്രദ്ധ കാണിക്കുകയും ചെയ്തിരുന്നു; അവിടുത്തെ കാൽപ്പാടുകൾ പിന്തുടരുന്നതിലുള്ള അദ്ദേഹത്തിന്റെ അതിയായ താല്പര്യം കാണുന്നവർക്ക് അദ്ദേഹത്തിന്റെ ബുദ്ധിക്ക് വല്ലതും സംഭവിച്ചോ എന്ന് തോന്നിപ്പോകുമായിരുന്നു എന്ന് അബൂ നുഐമും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.⁴⁶
സുന്നത്തിനെ മുറുകെ പിടിക്കൽ രക്ഷയാണ് എന്ന് നമ്മുടെ മുൻകഴിഞ്ഞുപോയ പണ്ഡിതന്മാർ പറയാറുണ്ടായിരുന്നുവെന്ന് ഇമാം സുഹ്രി (റഹിമഹുല്ലാഹ്) പ്രസ്താവിച്ചിട്ടുണ്ട്.⁴⁷
സുന്നത്തിന് പ്രാധാന്യം നൽകുന്നതിന് എണ്ണമറ്റ പ്രയോജനങ്ങളുണ്ട്:
അതിലൊന്ന്: സുന്നത്ത് മുറുകെ പിടിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ സ്നേഹം (മഹബ്ബത്ത്) എന്ന ഉന്നത പദവി കരസ്ഥമാകുന്നു. ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു അസ്സവജൽ പറഞ്ഞതുപോലെ:
«وَلَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ …»
എന്റെ അടിമ സുന്നത്ത് കർമ്മങ്ങളിലൂടെ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും, അങ്ങനെ ഞാൻ അവനെ സ്നേഹിക്കും; ഞാൻ അവനെ സ്നേഹിച്ചാൽ അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും, അവൻ നടക്കുന്ന കാലും, അവൻ പിടിക്കുന്ന കൈയും ഞാനായിരിക്കും (അവയെല്ലാം അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കും ചലിക്കുക). അവൻ എന്നോട് ചോദിച്ചാൽ ഞാൻ അവന് നൽകുകതന്നെ ചെയ്യും, അവൻ എന്നോട് കാവൽ തേടിയാൽ ഞാൻ അവന് സംരക്ഷണം നൽകുകതന്നെ ചെയ്യും.⁴⁸
സുന്നത്ത് മുറുകെ പിടിക്കുന്നതിന്റെ മറ്റൊരു പ്രയോജനം: നിർബന്ധ കർമ്മങ്ങളിൽ വന്നുപോകുന്ന കുറവുകളെ അത് പരിഹരിക്കുന്നു എന്നതാണ്. നബി ﷺ പറഞ്ഞതുപോലെ:
«إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلَاةُ … أَتِمُّوا لِعَبْدِي فَرِيضَتَهُ مِنْ تَطَوُّعِهِ»
ഉയിർത്തെഴുന്നേൽപ്പ് നാളിൽ ജനങ്ങളുടെ കർമ്മങ്ങളിൽ നിന്ന് ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരമായിരിക്കും. അപ്പോൾ അല്ലാഹു മലക്കുകളോട് തന്റെ അടിമയുടെ നമസ്കാരം പൂർണ്ണമാണോ അതോ അതിൽ വല്ല കുറവുമുണ്ടോ എന്ന് നോക്കാൻ കൽപ്പിക്കും. അത് പൂർണ്ണമാണെങ്കിൽ പൂർണ്ണമായി രേഖപ്പെടുത്തപ്പെടും. ഇനി അതിൽ വല്ല കുറവും വന്നിട്ടുണ്ടെങ്കിൽ എന്റെ അടിമക്ക് വല്ല സുന്നത്ത് നമസ്കാരങ്ങളുമുണ്ടോ എന്ന് നോക്കാൻ അല്ലാഹു കൽപ്പിക്കുകയും, സുന്നത്ത് നമസ്കാരങ്ങളുണ്ടെങ്കിൽ അവന്റെ സുന്നത്ത് നമസ്കാരങ്ങൾ കൊണ്ട് അവന്റെ ഫർള് നമസ്കാരത്തിലെ കുറവുകൾ പൂർത്തിയാക്കാൻ കൽപ്പിക്കുകയും ചെയ്യും.⁴⁹
മറ്റൊരു പ്രയോജനം: അവസാന കാലഘട്ടത്തിൽ സുന്നത്ത് മുറുകെ പിടിക്കുന്നവന് മഹത്തായ പ്രതിഫലമുണ്ട് എന്നതാണ്. ഉത്ബത് ബിൻ ഗസ്വാൻ (റളിയല്ലാഹു അൻഹു) നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു:
«إِنَّ مِنْ وَرَائِكُمْ أَيَّامَ الصَّبْرِ، لِلْمُتَمَسِّكِ فِيهِنَّ يَوْمَئِذٍ بِمَا أَنْتُمْ عَلَيْهِ أَجْرُ خَمْسِينَ مِنْكُمْ …»
നിശ്ചയമായും നിങ്ങളുടെ വരാനിരിക്കുന്ന കാലത്ത് ക്ഷമയുടെ ദിനങ്ങളുണ്ട്; അന്ന് നിങ്ങൾ നിലകൊള്ളുന്ന ഈ മാർഗം മുറുകെ പിടിക്കുന്നവന് നിങ്ങളിൽ നിന്നുള്ള അമ്പത് പേരുടെ പ്രതിഫലമുണ്ട്. പ്രവാചകരേ, അവരിൽ നിന്നുള്ള അമ്പത് പേരുടെ പ്രതിഫലമാണോ എന്ന് ചോദിക്കപ്പെട്ടപ്പോൾ, അല്ല നിങ്ങളിൽ നിന്നുള്ള അമ്പത് പേരുടെ പ്രതിഫലമാണ് എന്ന് അവിടുന്ന് മറുപടി നൽകി.⁵⁰
ചില സുന്നത്തുകൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ സലഫുകൾ (റഹിമഹുഹുമുല്ലാഹ്) കടുത്ത നിലപാട് സ്വീകരിക്കുകയും, സുന്നത്ത് പൂർണ്ണമായി ഉപേക്ഷിക്കുന്നവനെ ആക്ഷേപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കാരണം നബി ﷺ യുടെ താഴെ പറയുന്ന വചനത്തിന്റെ പൊതുവായ പരിധിയിൽ അത്തരക്കാർ ഉൾപ്പെട്ടേക്കാം:
«فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي»
ആരെങ്കിലും എന്റെ സുന്നത്തിനോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല.⁵¹
അതിനാലാണ് വിത്ർ നമസ്കാരം മനഃപൂർവ്വം ഉപേക്ഷിക്കുന്നവൻ മോശം മനുഷ്യനാണെന്നും അവന്റെ സാക്ഷ്യം സ്വീകരിക്കപ്പെടാവതല്ലെന്നും ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പ്രസ്താവിച്ചത്.⁵²
അതുകൊണ്ട് റസൂൽ ﷺ യുടെ സുന്നത്തിൽ നിന്ന് സ്ഥിരപ്പെട്ട എല്ലാ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കാനും നാം അതിശക്തമായി പരിശ്രമിക്കേണ്ടതുണ്ട്; സുന്നത്തുകളെ ജീവിപ്പിച്ചവരുടെ പ്രതിഫലം അല്ലാഹു അസ്സവജൽ നമുക്ക് നൽകിയേക്കാം.
ആറാമത്തെ അടിസ്ഥാനം: സുന്നത്തിന്റെ പണ്ഡിതന്മാരുമായുള്ള അഭേദ്യമായ ബന്ധം
ഇസ്ലാമിക ശരീഅത്തിൽ പണ്ഡിതന്മാർക്കുള്ള ശ്രേഷ്ഠതയും അവർ അലങ്കരിക്കുന്ന ഉന്നതമായ സ്ഥാനവും ആർക്കും അവ്യക്തമായ കാര്യമല്ല.
എന്നാൽ പണ്ഡിതന്മാരുമായി ബന്ധം പുലർത്താൻ പ്രേരിപ്പിക്കുന്നതിനെയും, അവരോട് അന്ധമായ പക്ഷപാതിത്വം (തഅസ്സ്വുബ്) കാണിക്കുന്നതിനെയും അവരെ അന്ധമായി അനുകരിക്കുന്നതിനെയും (തഖ്ലീദ്) ചില ആളുകൾ കൂട്ടിക്കുഴക്കാറുണ്ട്; ഇത് വലിയൊരു പിഴവാണ്.
പണ്ഡിതന്മാരുമായുള്ള ബന്ധം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്: അവരിൽ നിന്ന് മതവിജ്ഞാനം സ്വീകരിക്കലും, അവരുടെ മാർഗനിർദ്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും അവരിൽ നിന്ന് പ്രയോജനം നേടലും അതുപോലുള്ള കാര്യങ്ങളുമാണ്. അതുപോലെ മതപരമായ വൈജ്ഞാനിക വിഷയങ്ങളിൽ സ്വയം ഗവേഷണം നടത്തി തീരുമാനമെടുക്കാൻ യോഗ്യതയില്ലാത്തവരും തഖ്ലീദ് അനുവദനീയമായവരുമായ സാധാരണക്കാർ അവരെ പിന്തുടരുക എന്നതും ഇതിൽ ഉൾപ്പെടുന്നു.
സലഫീ പണ്ഡിതന്മാരുമായുള്ള ഈ ആത്മബന്ധത്തെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും, ജനങ്ങൾ ആ ബന്ധം കൈവിടുമ്പോൾ ഉണ്ടാകുന്ന വലിയ ദുരന്തങ്ങളെക്കുറിച്ചും നാം മുമ്പ് പ്രതിപാദിച്ചിട്ടുള്ളതാണ്.
ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി (റഹിമഹുല്ലാഹ്) ഈ നാടിന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് വിവരിക്കുന്ന സന്ദർഭത്തിൽ വ്യക്തമാക്കിയ മഹത്തായ ഒരു യാഥാർത്ഥ്യമുണ്ട്: അല്ലാഹു തആല ഈ നാട്ടുകാരുടെ മതത്തെ ബിദ്അത്തുകളിൽ നിന്നും ശിർക്കുകളിൽ നിന്നും ശുദ്ധീകരിക്കുകയും, ശിർക്കിന്റെ മാർഗങ്ങളിൽ നിന്നും വഴികേടിന്റെയും നാശത്തിന്റെയും പാതകളിൽ നിന്നും അവരെ സംരക്ഷിക്കുകയും ചെയ്തു. ചൊവ്വായ പാതയിൽ അടിയുറച്ചുനിന്ന ഇമാമുകളെ അവർക്കായി നിയോഗിച്ചുകൊണ്ടാണ് അല്ലാഹു ഈ അനുഗ്രഹം നൽകിയത്.
അങ്ങനെ ഖുർആനും സുന്നത്തും കൈമാറിയ ഏറ്റവും വലിയ ഇമാമായ ഇമാം അഹ്മദ് ബിൻ ഹൻബൽ (റഹിമഹുല്ലാഹ്) അവരുടെ ഇമാമായി നിലകൊണ്ടു. അദ്ദേഹത്തിലൂടെയും അദ്ദേഹത്തിന്റെ അനുയായികളിലൂടെയും തുല്യരായ മറ്റ് ഇമാമുകളിലൂടെയുമാണ് വിവിധ കക്ഷികളിൽ നിന്ന് സുന്നി ആരെന്നും ബിദ്അത്തുകാരൻ ആരെന്നും തിരിച്ചറിയപ്പെടുന്നത്. തുടർന്ന് അല്ലാഹു ശൈഖുൽ ഇസ്ലാം അഹ്മദ് ബിൻ തൈമിയ്യ (റഹിമഹുല്ലാഹ്) യെ നിയോഗിച്ചു; അദ്ദേഹം സത്യനിഷേധികൾക്കും കപടവിശ്വാസികൾക്കും നിരീശ്വരവാദികൾക്കുമെതിരെ ജിഹാദ് ചെയ്യുകയും, സുന്നത്തിന്റെ വ്യക്തമായ പ്രമാണങ്ങളും വിജ്ഞാനങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു. അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാരും സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാരും ആ പാതയിലൂടെ സഞ്ചരിച്ചു.
തുടർന്ന് അറേബ്യൻ ഉപദ്വീപിന്റെ ശൈഖും ഇമാമുമായ ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റഹിമഹുല്ലാഹ്) ആ ദൗത്യം പൂർണ്ണമായ രൂപത്തിൽ ഏറ്റെടുത്തു നിർവ്വഹിച്ചു. ശുദ്ധമായ തൗഹീദും കലർപ്പില്ലാത്ത സുന്നത്തും അടിമകൾക്കിടയിൽ പ്രചരിപ്പിക്കുന്നതുവരെയും, ശിർക്കിനെയും അതിലേക്കുള്ള മാർഗങ്ങളെയും ബിദ്അത്തുകളെയും കുഴപ്പങ്ങളെയും അടിച്ചമർത്തുന്നതുവരെയും അദ്ദേഹം ശത്രുക്കൾക്കെതിരെ നിരന്തരം പോരാടി. അങ്ങനെ—അല്ലാഹുവിനാണ് സർവ്വ സ്തുതിയും—ഈ ഉപദ്വീപ് ശുദ്ധമാവുകയും സുന്നത്തിന്റെയും തൗഹീദിന്റെയും ചായം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും സന്തതിപരമ്പരകളുടെയും സഹായികളുടെയും പരിശ്രമങ്ങളാൽ ഈ നാട് ശിർക്കിൽ നിന്ന് സുരക്ഷിതമായി. അതിനാൽ ഇവിടെ ഖബറിന് മീതെയുള്ള ഖുബ്ബകളോ, ജാറങ്ങളോ, സൃഷ്ടികളെക്കൊണ്ടുള്ള തവസ്സുലോ, മൗലിദുകളോ, ശിർക്കൻ ആരാധനാകേന്ദ്രങ്ങളോ കാണാൻ കഴിയില്ല.
തങ്ങളുടെ സ്വന്തം കഴിവോ ബുദ്ധിശക്തിയോ കൊണ്ടല്ലാതെ, അല്ലാഹുവിന്റെ അപാരമായ ഔദാര്യം കൊണ്ട് മാത്രം ശരീഅത്തിന്റെ തെളിഞ്ഞ ഉറവയിൽ നിന്ന് പാനം ചെയ്യാൻ സാധിക്കുന്ന വിധം യഥാർത്ഥ ദീൻ സംരക്ഷിക്കപ്പെടാൻ കാരണക്കാരായ ഈ മഹാന്മാരായ ഇമാമുകളെ അല്ലാഹു നിയോഗിച്ചുതന്നു എന്നത് അവന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. അതേസമയം മറ്റ് നാടുകളിലേക്ക് നോക്കിയാൽ അവ വ്യക്തമായ ശിർക്കിലും കുഫ്റിലും നിരീശ്വരത്വത്തിലും ബിദ്അത്തുകളിലും ഖബറുകൾക്ക് മീതെയുള്ള ജാറനിർമ്മാണങ്ങളിലും നീചമായ സ്വഭാവങ്ങളിലും മുങ്ങിക്കിടക്കുന്നത് കാണാം; അതിനാൽ എണ്ണിത്തിട്ടപ്പെടുത്താനോ നന്ദി പറഞ്ഞുതീർക്കാനോ കഴിയാത്ത ഈ അനുഗ്രഹത്തിന് അല്ലാഹുവിനെ സ്തുതിക്കേണ്ടതുണ്ട് എന്നാണ് ശൈഖ് അസ്സഅ്ദി (റഹിമഹുല്ലാഹ്) ഉണർത്തുന്നത്.
അതിനാൽ ഈ അനുഗ്രഹീത ശൃംഖലയുമായി—ഇമാം അഹ്മദ്, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (അവർക്കെല്ലാം അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ)—നാം പൂർണ്ണമായ ബന്ധം പുലർത്തിയിരുന്നുവെങ്കിൽ, ബിദ്അത്തുകളിൽ വീഴുന്നതിൽ നിന്നും സുന്നത്തിന്റെ വേഷം ധരിച്ചുവരുന്ന പിഴച്ച ചിന്താധാരകൾക്ക് പിന്നിൽ ഒഴുകിപ്പോകുന്നതിൽ നിന്നും അല്ലാഹു അസ്സവജൽ നമ്മെ കാത്തുരക്ഷിക്കുമായിരുന്നു; സുന്നത്താകട്ടെ അത്തരം ചിന്താധാരകളിൽ നിന്ന് തികച്ചും നിരപരാധിയാണ്.
നാം ഈ മൻഹജ് ഉപേക്ഷിക്കുകയും അതിൽ നിന്ന് മുഖം തിരിക്കുകയും, ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമൊക്കെ ചില ആളുകൾ നമുക്കിടയിലേക്ക് ഇറക്കുമതി ചെയ്ത മൻഹജുകൾ കൊണ്ട് തൃപ്തിപ്പെടുകയും ചെയ്ത നാളിൽ മാത്രമാണ് നമുക്കിടയിലേക്ക് ഈ കുറവുകൾ കടന്നുകൂടിയത്; അവയാകട്ടെ സലഫുസ്സ്വാലിഹുകളുടെ (റളിയല്ലാഹു അൻഹും) മൻഹജിൽ നിന്ന് കാതങ്ങളോളം അകലെയുള്ളവയാണ്.
ഏഴാമത്തെ അടിസ്ഥാനം: കക്ഷിത്വങ്ങളിൽ നിന്നും രഹസ്യ ഇസ്ലാമിക സംഘടനകളിൽ നിന്നും വിട്ടുനിൽക്കൽ
തങ്ങളുടെ പക്കലുള്ള ചിന്താഗതികളും വ്യവസ്ഥിതികളുമായി മുസ്ലിംകളുടെ ശരീഅത്ത് പരമായ ജമാഅത്തിൽ നിന്ന് ഭിന്നിച്ചുപോകുന്ന സംഘടനകളെ നാം കാണുകയും ദർശിക്കുകയും ചെയ്യുന്നുണ്ട്. ഈ സംഘടനകളെല്ലാം ഒരൊറ്റ ലക്ഷ്യത്തിലാണ് ഒരുമിക്കുന്നത്; ശരീഅത്ത് അനുസരിച്ച് നിലകൊള്ളുന്ന മുസ്ലിം സമൂഹത്തോടുള്ള വെറുപ്പും, അതൊരു ജാഹിലീ സമൂഹമാണെന്ന കാഴ്ചപ്പാടുമാണത്.
നമ്മുടെ വിധിനിർണ്ണയം തികച്ചും കൃത്യമാകുന്നതിന് വേണ്ടി പറഞ്ഞാൽ, അവരിൽ അധികപേരും ഈ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവരും ഈ വിശ്വാസം വെച്ചുപുലർത്തുന്നവരുമാണ്.
ഇത്തരം സംഘടനകളിൽ പെട്ടതാണ്: ജമാഅത്തുൽ ഇഖ്വാനിൽ മുസ്ലിമീൻ, ജമാഅത്തുത്തബ്ലീഗ്, ഹിസ്ബുത്തഹ്രീർ എന്നിവ.
വളരെ ഖേദത്തോടെ ഞാൻ പറയട്ടെ, സലഫിയ്യത്തിനെ ഇത്തരം കക്ഷികളെപ്പോലെയുള്ള ഒരു കക്ഷിയാക്കി മാറ്റിയവരുണ്ട്; സലഫിയ്യത്തിനെ ഇത്തരം കക്ഷികളെപ്പോലെയാക്കി മാറ്റാൻ പരിശ്രമിക്കുന്നവരുമുണ്ട്. ഈ പ്രവൃത്തിയിൽ നിന്ന് അല്ലാഹു അസ്സവജല്ലയോട് ഞങ്ങൾ നിരപരാധിത്വം പ്രഖ്യാപിക്കുന്നു; ഇത് ചെയ്യുന്നവന്റെ തിന്മയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുകയും ചെയ്യുന്നു.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) പറയുന്നു: “എന്നാൽ മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും, ജമാഅത്തിൽ നിന്നും ഒരുമയിൽ നിന്നും ഭിന്നിപ്പിലേക്ക് പുറത്തുപോകുന്നതും, ബിദ്അത്തിന്റെ പാതയിൽ പ്രവേശിക്കുന്നതും, സുന്നത്തിനെയും ഇത്തിബാഇനെയും കൈവിടുന്നതുമായ ചേർത്തുപറയലുകൾ—അത് വിലക്കപ്പെട്ട കാര്യമാകുന്നു. അത് ചെയ്യുന്നവൻ കുറ്റക്കാരനാകുന്നതും, അതുമുഖേന അല്ലാഹുവിനും അവന്റെ റസൂലിനുമുള്ള അനുസരണത്തിൽ നിന്ന് അവൻ പുറത്തുപോകുന്നതുമാണ്.”⁵³
അല്ലാഹു അസ്സവജൽ അവന്റെ ഗ്രന്ഥത്തിൽ നമ്മെ ‘മുസ്ലിംകൾ’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇമാം അഹ്മദിന്റെ ‘മുസ്നദി’ൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
«مَنْ دَعَا دَعْوَى الْجَاهِلِيَّةِ فَهُوَ جُثَاءُ جَهَنَّمَ»، قَالَ رَجُلٌ: يَا رَسُولَ اللَّهِ، وَإِنْ صَامَ وَصَلَّى! قَالَ: «نَعَمْ، وَإِنْ صَامَ وَصَلَّى، وَلَكِنْ تَسَمَّوْا بِاسْمِ اللَّهِ الَّذِي سَمَّاكُمْ عِبَادَ اللَّهِ الْمُسْلِمِينَ الْمُؤْمِنِينَ»
ആരെങ്കിലും ജാഹിലിയ്യത്തിന്റെ വിളി വിളിച്ചാൽ അവൻ നരകത്തിലെ വിറകുകഷണമായിരിക്കും. ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവൻ നോമ്പനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്താലും ശരിയാണോ?! അവിടുന്ന് പറഞ്ഞു: അതെ, അവൻ നോമ്പനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്താലും ശരി. മറിച്ച്, അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങൾക്ക് അല്ലാഹു നൽകിയ മുസ്ലിംകൾ, സത്യവിശ്വാസികൾ എന്ന പേരിൽ നിങ്ങൾ സ്വയം വിളിക്കുക.⁵⁴
ഇസ്ലാമിന്റെ പ്രാരംഭ കാലഘട്ടത്തിൽ ഈ നാമകരണമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ഇസ്ലാമിലേക്കല്ലാതെ മറ്റൊന്നിലേക്കും ചേർത്തുപറയപ്പെടുന്നത് അറിയപ്പെട്ടിരുന്നില്ല. എന്നാൽ ബിദ്അത്തുകൾ കടന്നുവരികയും, തന്നിഷ്ടങ്ങൾ വ്യാപിക്കുകയും, ഓരോ ബിദ്അത്തുകാരനും ഇസ്ലാമിൽ നിന്ന് അകന്നുപോവുകയും ചെയ്തപ്പോൾ, വഴികെട്ട മറ്റ് കക്ഷികളിൽ നിന്ന് തങ്ങളെ വേർതിരിച്ചു കാണിക്കുന്ന ശരീഅത്ത് പരമായ തങ്ങളുടെ വിശേഷണ നാമങ്ങൾ വെളിപ്പെടുത്തുകയല്ലാതെ നമ്മുടെ സലഫുസ്സ്വാലിഹുകൾക്ക് മറ്റ് മാർഗമുണ്ടായിരുന്നില്ല. അങ്ങനെ പ്രമാണങ്ങളിൽ വന്നിട്ടുള്ള പേരുകൾ അവർ സ്വീകരിച്ചു; ‘അൽ-ജമാഅത്ത്’, ‘അൽ-ഫിർഖത്തുൽ നാജിയ’, ‘അത്ത്വാഇഫത്തുൽ മൻസൂറ’ എന്നിവ പോലെ.
അപ്രകാരം തന്നെ മറ്റുള്ളവർ വലിച്ചെറിഞ്ഞ സുന്നത്ത് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ അവർ കാണിച്ച പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലുള്ള പേരുകളും അവർ സ്വീകരിച്ചു; ‘അസ്സലഫ്’, ‘അഹ്ലുൽ ഹദീസ്’, ‘അഹ്ലുൽ അസർ’, ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ’ എന്നിവ പോലെ.
അവർ ഈ വിശേഷണ നാമങ്ങൾക്ക് മുൻഗണന നൽകിയതും ആ പേരുകൾ സ്വീകരിച്ചതും ധാരാളം കാരണങ്ങൾ കൊണ്ടാണ്. ഫദീലത്തുശ്ശൈഖ് ബക്ർ ബിൻ അബ്ദില്ലാഹ് അബൂ സൈദ് (റഹിമഹുല്ലാഹ്) അദ്ദേഹത്തിന്റെ മഹത്തായതും അമൂല്യവുമായ ‘ഹുക്മുൽ ഇന്തിമാഇ ഇലൽ ഫിറഖി വൽ അഹ്സാബി വൽ ജമാആത്തിൽ ഇസ്ലാമിയ്യ’ എന്ന ഗ്രന്ഥത്തിൽ അവയിൽ ചിലത് പ്രസ്താവിച്ചിട്ടുണ്ട്.
അതിൽ പെട്ടതാണ്: ഈ ചേർത്തുപറയലുകൾ പ്രവാചക മാർഗത്തിൽ ഇസ്ലാമിക സമുദായം രൂപംകൊണ്ട നാൾ മുതൽ അതിൽ നിന്ന് ഒരിക്കലും വേറിട്ടുപോയിട്ടില്ല എന്നത്.
അവയിൽ പെട്ടതാണ്: ഈ ചേർത്തുപറയലുകൾ ഇസ്ലാമിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നു എന്നത്.
അവയിൽ പെട്ടതാണ്: അവ കേവലം വിശേഷണ നാമങ്ങൾ മാത്രമാണ് എന്നത്.
അവയിൽ ചിലത് സ്വഹീഹായ സുന്നത്ത് കൊണ്ട് സ്ഥിരപ്പെട്ടവയാണ്.
അവയിൽ ചിലതാകട്ടെ, തന്നിഷ്ടക്കാരുടെ ബിദ്അത്തുകളെയും വഴികേടുകളെയും ഖണ്ഡിക്കുന്നതിലും അവരിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനുമായി അവരെ നേരിടുന്ന സന്ദർഭത്തിൽ മാത്രമാണ് പ്രകടമായത്.
അങ്ങനെ ബിദ്അത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ സത്യത്തിന്റെ വക്താക്കൾ സുന്നത്ത് കൊണ്ട് സ്വയം വേറിട്ടുനിൽക്കുകയും, ‘ഞങ്ങൾ അഹ്ലുസ്സുന്നയാണ്’ എന്ന് പറയുകയും ചെയ്തതായി നമുക്ക് കാണാം.
യുക്തിവാദവും സ്വന്തം അഭിപ്രായങ്ങളും ആധിപത്യം നേടിയപ്പോൾ അവർ ഹദീസും അസറും കൊണ്ട് വേറിട്ടുനിൽക്കുകയും, ‘ഞങ്ങൾ അഹ്ലുൽ ഹദീസും അഹ്ലുൽ അസറുമാണ്’ എന്ന് പറയുകയും ചെയ്തു.
അതിൽ പെട്ടതാണ്: ഈ വിശേഷണ നാമങ്ങൾ റസൂലുല്ലാഹി ﷺ യെ വിട്ട് മറ്റേതെങ്കിലും ഒരു വ്യക്തിയോട് പക്ഷപാതിത്വം കാണിക്കാൻ അവരെ പ്രേരിപ്പിക്കുന്നതായിരുന്നില്ല എന്നത്.
അവയിൽ പെട്ടതാണ്: ഈ വിശേഷണ നാമങ്ങൾ ബിദ്അത്തിലേക്കോ, അനുസരണക്കേടിലേക്കോ, ഒരു വ്യക്തിയോടുള്ള പക്ഷപാതിത്വത്തിലേക്കോ, ഒരു വിഭാഗത്തോടുള്ള പക്ഷപാതിത്വത്തിലേക്കോ നയിക്കുന്നില്ല എന്നത്.
അവയിൽ പെട്ടതാണ്: അവരുടെ പക്കൽ വലാഉം ബറാഉം, മിത്രത്വവും ശത്രുതയും നിശ്ചയിക്കപ്പെടുന്നത് ഇസ്ലാമിന്റെ മാത്രം അടിസ്ഥാനത്തിലാണ്, മറ്റൊന്നിന്റെയും അടിസ്ഥാനത്തിലല്ല എന്നത്.⁵⁵
ഇത് മനസ്സിലായെങ്കിൽ, ജമാഅത്ത് കൊണ്ടല്ലാതെ മതമില്ല എന്നും, ഇമാം കൊണ്ടല്ലാതെ ജമാഅത്തില്ല എന്നും, കേൾക്കലും അനുസരിക്കലും കൊണ്ടല്ലാതെ ഇമാമില്ല എന്നും ഇസ്ലാമിൽ അനിവാര്യമായി അറിയപ്പെട്ട കാര്യങ്ങളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്. ഉമർ ബിൻ അൽ-ഖത്ത്വാബ് (റളിയല്ലാഹു അൻഹു) പറഞ്ഞതുപോലെ: “ജമാഅത്ത് കൊണ്ടല്ലാതെ ഇസ്ലാമില്ല, ഭരണനേതൃത്വം കൊണ്ടല്ലാതെ ജമാഅത്തില്ല, അനുസരണം കൊണ്ടല്ലാതെ ഭരണനേതൃത്വവുമില്ല.”⁵⁶
അല്ലാമാ ശൈഖ് ബക്ർ അബൂ സൈദ് മേൽ സൂചിപ്പിച്ച തന്റെ ഗ്രന്ഥത്തിൽ പറയുന്നു: “മുസ്ലിംകളുടെ ജമാഅത്ത് എന്നതിന്റെ ശരീഅത്ത് പരമായ വിവക്ഷ ഇതാണ്: പ്രവാചക മാർഗത്തിൽ—ഖുർആനിലും സുന്നത്തിലും—പരസ്പരം സാഹോദര്യം പുലർത്തുന്നവരും, ശക്തിയും അധികാരവുമുള്ള ഒരു ഇമാമിന് കീഴിൽ അണിനിരക്കുന്നവരുമായിരിക്കുക. മുസ്ലിംകളുടെ ഐക്യത്തിനും അവരുടെ ജമാഅത്തിന്റെ കെട്ടുറപ്പിനും വേണ്ടി അവർക്കിടയിലുള്ള പൊതുവായ ബന്ധങ്ങൾ ഇവയാണ്. ഇതിൽ വരുന്ന വീഴ്ചയുടെ തോതനുസരിച്ച് ഭിന്നിപ്പും അസ്വസ്ഥതയും ഉടലെടുക്കുന്നു. അതിനാൽ മുസ്ലിംകളിൽ നിന്ന് ഒരു വ്യക്തിയോ ഒരു കക്ഷിയോ ഒറ്റപ്പെട്ടു മാറിയാൽ—അത് മുസ്ലിംകൾക്കെതിരെയുള്ള വിഘടനവും അവരുടെ ജമാഅത്തിനെ ഭിന്നിപ്പിക്കലുമാണ്; അതിന്റെ സ്വാഭാവിക പ്രകൃതിയനുസരിച്ച് അത് പ്രവാചക മാർഗത്തിലുള്ള സമ്പൂർണ്ണ ഇസ്ലാമിൽ നിന്നുള്ള ഒറ്റപ്പെട്ടുപോകലുമാണ്.”⁵⁷
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്ന അടിത്തറകളിന്മേൽ സ്ഥാപിക്കപ്പെട്ട ഈ ഇസ്ലാമിക സംഘടനകൾ യഥാർത്ഥത്തിൽ മുസ്ലിംകളിൽ നിന്നുള്ള വിഘടനമാണ്. അവയുടെ തിന്മയും ഉപദ്രവവും അവയുടെ നന്മയേക്കാൾ എത്രയോ വലുതാണ്. കാരണം, ഖുർആനിലേക്കും സുന്നത്തിലേക്കും ചേർന്നുനിൽക്കാത്തതും, ഈ സമുദായത്തിലെ സലഫുകളിൽ നിന്ന് ദീൻ സ്വീകരിക്കാത്തതുമായ ഒരു പാത അവർ തിരഞ്ഞെടുത്തപ്പോൾ ആ വാതിലിലൂടെയാണ് അവരിലേക്ക് കുറവുകൾ കടന്നുകൂടിയത്.
അതിനാൽ സംശയാസ്പദമായ ഇത്തരം സംഘടനകളെ സൂക്ഷിക്കുക, സൂക്ഷിക്കുക!
അല്ലയോ യുവാക്കളേ, നിങ്ങൾ ഇത്തരം സംഘടനകളുടെ ഇരകളായി മാറരുത്! അല്ലാഹു സത്യം, അവ ഏതൊരു നാട്ടിൽ ചെന്നിറങ്ങുകയും അവിടെ തങ്ങളുടെ വിഷം ചീറ്റുകയും ചെയ്തിട്ടുണ്ടോ, അവിടെയെല്ലാം ഭിന്നിപ്പും അഭിപ്രായവ്യത്യാസവും ആധിപത്യം സ്ഥാപിക്കുകയും, ആ നാട്ടിലെ മക്കൾക്കിടയിൽ പകയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിട്ടല്ലാതെ ഇല്ല. നിനക്ക് അതിനൊരു തെളിവ് വേണമെന്നുണ്ടെങ്കിൽ, ശൈഖ് ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റഹിമഹുല്ലാഹ്) നിലകൊണ്ട മൻഹജിൽ നാം ആയിരുന്ന കാലത്തെ നമ്മുടെ അവസ്ഥയും, ഇപ്പോഴത്തെ നമ്മുടെ അവസ്ഥയും തമ്മിൽ ഒന്ന് താരതമ്യം ചെയ്തുനോക്കുക. തീർച്ചയായും ഈ സംഘടനകൾ പണ്ഡിതന്മാർക്കും യുവാക്കൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കുകയും അവർക്കിടയിൽ ഒരു മറ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
മുമ്പൊക്കെ—അല്ലാഹുവിനാണ് സർവ്വ സ്തുതിയും അനുഗ്രഹവും—നാം നമ്മുടെ പണ്ഡിതന്മാരിൽ വലിയ വിശ്വാസമർപ്പിക്കുകയും അവരിൽ നിന്ന് അറിവ് സ്വീകരിക്കുകയും ചെയ്തിരുന്നു. ആ അവസ്ഥയിലുണ്ടായിരുന്ന സ്വാധീനം അല്പം മുമ്പ് ഞാൻ സൂചിപ്പിച്ച അവസ്ഥയിലെ സ്വാധീനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു; ആ അവസ്ഥയിൽ നാം നന്മയിലും സന്മാർഗത്തിലുമായിരുന്നു.
എന്നാൽ ഇപ്പോഴാകട്ടെ, നാം ഇളക്കത്തിലും അസ്വസ്ഥതയിലും അതുപോലുള്ള അവസ്ഥകളിലുമാണ്.
ഈ സംഘടനകൾ നമ്മുടെ ചില യുവാക്കളുടെ അഖീദയെ നശിപ്പിക്കുകയും, അവരുടെ പക്കൽ മൻഹജിനെ മലിനമാക്കുകയും, തങ്ങളുടെ സംഘടനക്ക് വേണ്ടി മാത്രം വലാഉം ബറാഉം നിശ്ചയിക്കാൻ അവരെ പ്രേരിപ്പിച്ച് സമ്മതിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഈ സംഘടനകളിൽ ചിലത് വഞ്ചിതരായ തങ്ങളുടെ അനുയായികളെ ഒരു വിപ്ലവം നടത്താനോ അല്ലെങ്കിൽ ഫിത്നയിൽ പ്രവേശിക്കാനോ ചൂഷണം ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. അതിനാൽ—അല്ലയോ യുവാവേ—ഹറമിൽ നടന്ന സംഭവം നിന്റെ കാഴ്ചപ്പാടിൽ നിന്ന് വിദൂരമാകാതിരിക്കട്ടെ.
അല്ലാഹു മുസ്ലിംകളിൽ നിന്ന് എല്ലാ അനിഷ്ടകരമായ കാര്യങ്ങളും തട്ടിമാറ്റുകയും, എല്ലാ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ.
എട്ടാമത്തെ അടിസ്ഥാനം: നമ്മുടെ ഇമാമുകളോടും ഭരണാധികാരികളോടുമുള്ള സമീപനത്തിൽ ഖുർആനും സുന്നത്തും അറിയിച്ചതും സമുദായത്തിലെ സലഫുകൾ ഏകോപിച്ചതുമായ കാര്യങ്ങൾ മുറുകെ പിടിക്കൽ
അല്ലാഹുവിനോടുള്ള അനുസരണക്കേടല്ലാത്ത കാര്യങ്ങളിൽ നമ്മുടെ ഭരണാധികാരികളെ നാം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു.⁵⁸
ഒരു മുസ്ലിം ഭരണാധികാരിയുടെ പാപങ്ങൾ എത്രയധികം വർദ്ധിച്ചാലും അദ്ദേഹത്തിനെതിരെ പുറപ്പെടുന്നത് നാം അനുവദനീയമായി കാണുന്നില്ല. അവരുടെ ഭൗതിക കാര്യങ്ങളിൽ യാതൊന്നിലും നാം ഇടപെടുകയുമില്ല. സത്യസന്ധതയോടും നിഷ്കളങ്കതയോടും കൂടി ശരീഅത്ത് പരമായ രീതിയനുസരിച്ച് നാം അവർക്ക് ഗുണകാംക്ഷ നൽകുന്നു; വിശേഷിച്ചും ഫിത്നകളുടെ കാലഘട്ടത്തിൽ രഹസ്യമായിട്ടാണ് ഗുണകാംക്ഷ പറയേണ്ടത്.
നമ്മുടെ രഹസ്യത്തിലും പരസ്യത്തിലും അവർക്ക് നന്മയും വിജയവും ഉണ്ടാകുന്നതിനായി അല്ലാഹു അസ്സവജല്ലയോട് നാം പ്രാർത്ഥിക്കുന്നു; കാരണം അവരുടെ നന്മ അടിമകളുടെയും നാടിന്റെയും നന്മയാണ്.
ഗുണകാംക്ഷ നൽകുന്നവനോ അല്ലെങ്കിൽ തനിക്ക് നേരിട്ട അനീതി ബോധിപ്പിക്കുന്നവനോ അല്ലാതെ അവരുടെ അടുക്കൽ പ്രവേശിക്കുന്നത് നാം വെറുക്കുന്നു.
അവരോടൊപ്പമുള്ള ജിഹാദ് നാം നിർബന്ധമായി കാണുന്നു.
അവരെ ശകാരിക്കുകയോ പരസ്യമായി അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവരെ നാം എതിർക്കുന്നു. കാരണം, അത് ഭരണീയരെ അവർക്കെതിരെ ഇളക്കിവിടാൻ കാരണമാകും; അത് രണ്ട് കാര്യങ്ങളിൽ ഒന്നിലേക്ക് നയിച്ചേക്കാം: ഒന്നുകിൽ അവർക്കെതിരെ പുറപ്പെടുന്നതിലേക്ക്, അല്ലെങ്കിൽ ശരീഅത്ത് പരമായ കൽപ്പനകളെ ധിക്കരിക്കുന്നതിലേക്ക്.
ഇവിടെ ‘അദ്ദുററുസ്സനിയ്യ’യിൽ (7/177, 178) ദഅ്വത്തിന്റെ ഇമാമുകൾ—അവർക്ക് അല്ലാഹു തആലയുടെ കാരുണ്യമുണ്ടാകട്ടെ—പ്രസ്താവിച്ച ഒരു വചനം ഞാൻ ഉദ്ധരിക്കുന്നു. അല്ലാമാ ശൈഖ് അബ്ദുല്ലത്വീഫ് ബിൻ അബ്ദിർറഹ്മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ്—അവർക്കെല്ലാം അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ, ഇസ്ലാമിനും സുന്നത്തിനും വേണ്ടി അവർ ചെയ്ത സേവനങ്ങൾക്ക് അല്ലാഹു തആല ഏറ്റവും ഉത്തമമായ പ്രതിഫലം നൽകട്ടെ—ഫിത്നയുടെ കാലഘട്ടത്തിൽ—ഫൈസ്വലിന്റെ മക്കൾക്കിടയിലുണ്ടായ ഫിത്നയുടെ കാലത്ത്; അദ്ദേഹത്തിനും അവർക്കും അല്ലാഹു തആലയുടെ കാരുണ്യമുണ്ടാകട്ടെ—ശരിയായ നിലപാടുകൾ വ്യക്തമാകാതിരുന്ന തന്റെ സഹോദരന്മാരിൽ ഒരാൾക്ക് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു:
“പിന്നെ, ഇവിടെ മറ്റൊരു വിഷയവും പിശാച് ധാരാളം ജനങ്ങളെ അകപ്പെടുത്തിയ വലിയൊരു മഹാദുരന്തവുമുണ്ട്. അങ്ങനെ മുസ്ലിംകളുടെ ജമാഅത്തിനെ ഭിന്നിപ്പിക്കുന്നതും, മതത്തിൽ അഭിപ്രായവ്യത്യാസം അനിവാര്യമാക്കുന്നതും, സ്പഷ്ടമായ വേദഗ്രന്ഥം ആക്ഷേപിച്ചതുമായ കാര്യങ്ങളിൽ അവർ പരിശ്രമിക്കാൻ തുടങ്ങി. അത് ഭൂമിയിലേക്ക് ചാഞ്ഞുപോകുന്നതിലേക്കും, ജിഹാദും ലോകരക്ഷിതാവിനെ സഹായിക്കലും ഉപേക്ഷിക്കുന്നതിലേക്കും, സകാത്ത് തടഞ്ഞുവെക്കുന്നതിലേക്കും, ഫിത്നയുടെയും വഴികേടുകളുടെയും തീ ആളിക്കത്തിക്കുന്നതിലേക്കും നയിക്കുന്നു. അങ്ങനെ ഈ ചതിക്കുഴി ജനങ്ങൾക്കിടയിലേക്ക് കടത്തിവിടുന്നതിൽ പിശാച് വളരെ തന്ത്രപരമായി പ്രവർത്തിക്കുകയും, അതിനായി ചില ന്യായങ്ങളും ആമുഖങ്ങളും അവൻ നാട്ടിനിർത്തുകയും ചെയ്തു. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ച ഇമാമിന്റെ നിർബന്ധ ബാധ്യതകളിലും, ഇസ്ലാമിനെ പ്രതിരോധിക്കുന്നതിലും അതിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിലും അധികാരം പിടിച്ചടക്കിയ ചിലരെ—അതായത് ഭരണാധികാരികളിൽ ചിലരെ—അനുസരിക്കുക എന്നത് ഈ അവസ്ഥയിൽ നിർബന്ധമാകുന്നില്ല എന്നും അത് മതനിയമമല്ല എന്നും അവൻ അവർക്ക് തോന്നിപ്പിക്കുകയും ചെയ്തു.”
അപ്പോൾ ഈ ചതിക്കുഴിയുടെ രത്നച്ചുരുക്കം ഇതാണ്: ഈ അവസ്ഥയിൽ—അതായത് ഫിത്നകളുടെ അവസ്ഥയിൽ—അധികാരം പിടിച്ചടക്കിയ ചില ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമില്ല, അത് മതനിയമവുമല്ല.
തുടർന്ന് ഈ ചതിക്കുഴിയെ ഖണ്ഡിച്ചുകൊണ്ട് ശൈഖ് പറയുന്നു: “യസീദ് ബിൻ മുആവിയയുടെ കാലം തൊട്ട്—ഉമർ ബിൻ അബ്ദിൽ അസീസും ബനൂ ഉമയ്യത്തിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ചവരുമൊഴികെ—ഇസ്ലാമിന്റെ വക്താക്കളുടെ അധിക ഭരണാധികാരികളിൽ നിന്നും ധിക്കാരവും വമ്പിച്ച സംഭവങ്ങളും ഇസ്ലാമിക ഭരണത്തിൽ അതിരുകവിയലും നാശവുമെല്ലാം സംഭവിച്ചിട്ടുണ്ട് എന്ന കാര്യം ഫിത്നയിൽ അകപ്പെട്ട ഈ ആളുകൾ അറിഞ്ഞിട്ടില്ല. എന്നിരുന്നിട്ടും അവരോടൊപ്പമുള്ള ഉന്നതരായ ഇമാമുകളുടെയും മഹാന്മാരായ നേതാക്കളുടെയും ചരിത്രം സുവിദിതവും പ്രസിദ്ധവുമാണ്; ഇസ്ലാമിന്റെ നിയമങ്ങളിലും മതത്തിന്റെ നിർബന്ധ ബാധ്യതകളിലുമായി അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ച കാര്യങ്ങളിൽ അവരോടുള്ള അനുസരണത്തിൽ നിന്ന് അവർ കൈ പിൻവലിച്ചിരുന്നില്ല.”
തുടർന്ന് അദ്ദേഹം അതിന് ചില ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട് പറഞ്ഞു: “ഹജ്ജാജ് ബിൻ യൂസുഫ് അസ്സഖഫിയെ ഞാൻ നിനക്ക് ഒരു ഉദാഹരണമായി എടുത്തുപറയാം. അക്രമത്തിലും, രക്തം ചിന്തുന്നതിൽ അതിരുകവിയുന്നതിലും, അല്ലാഹുവിന്റെ പവിത്രതകളെ പിച്ചിച്ചീന്തുന്നതിലും അദ്ദേഹത്തിന്റെ കാര്യം സമുദായത്തിൽ പ്രസിദ്ധമായിരുന്നല്ലോ. സഈദ് ബിൻ ജുബൈറിനെപ്പോലുള്ള സമുദായത്തിലെ മഹാന്മാരിൽ നിന്ന് അനേകം പേരെ അദ്ദേഹം വധിച്ചു. ആദരണീയമായ ഹറമിൽ അഭയം തേടിയ ഇബ്നു സുബൈറിനെ അദ്ദേഹം ഉപരോധിക്കുകയും, ഹറമിന്റെ പവിത്രതക്ക് വിലകൽപ്പിക്കാതിരിക്കുകയും, ഇബ്നു സുബൈറിനെ വധിക്കുകയും ചെയ്തു. മക്കയിലെയും മദീനയിലെയും യമനിലെയും പൊതുജനങ്ങളും ഇറാഖിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇബ്നു സുബൈറിന് അനുസരണം നൽകുകയും ബൈഅത്ത് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നിട്ടും അദ്ദേഹം അത് ചെയ്തു. ഹജ്ജാജാകട്ടെ മർവാന്റെയും പിന്നീട് അദ്ദേഹത്തിന്റെ മകൻ അബ്ദുൽ മലികിന്റെയും പ്രതിനിധിയായിരുന്നു. ഖലീഫമാരിൽ ഒരാളും തന്നെ മർവാന് അധികാരം കൈമാറിയിരുന്നില്ല, ‘അഹ്ലുൽ ഹല്ലി വൽ അഖ്ദും’ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തിരുന്നില്ല. എന്നിരുന്നിട്ടും ഇസ്ലാമിന്റെ റുക്നുകളിലും നിർബന്ധ ബാധ്യതകളിലുമായി അദ്ദേഹത്തെ അനുസരിക്കൽ അനുവദനീയമായ കാര്യങ്ങളിൽ അദ്ദേഹത്തെ അനുസരിക്കുന്നതിലും കീഴൊതുങ്ങുന്നതിലും പണ്ഡിതന്മാരിൽ ഒരാളും തന്നെ വിട്ടുനിന്നില്ല.
ഇബ്നു ഉമറും റസൂലുല്ലാഹി ﷺ യുടെ സ്വഹാബികളിൽ നിന്ന് ഹജ്ജാജിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും അദ്ദേഹത്തോട് അധികാരത്തർക്കത്തിൽ ഏർപ്പെടുകയോ, ഇസ്ലാം നിലനിൽക്കുന്നതും ഈമാൻ പൂർണ്ണമാകുന്നതുമായ കാര്യങ്ങളിൽ അദ്ദേഹത്തെ അനുസരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തിരുന്നില്ല. അപ്രകാരം തന്നെയായിരുന്നു ഇബ്നുൽ മുസയ്യബ്, ഹസനുൽ ബസ്വരി, ഇബ്നു സീരീൻ, ഇബ്രാഹീം അത്തൈമി എന്നിവരെപ്പോലുള്ള അദ്ദേഹത്തിന്റെ കാലഘട്ടത്തിലുണ്ടായിരുന്ന താബിഉകളും സമുദായത്തിലെ മഹാന്മാരായ അവരുടെ തുല്യരും സമന്മാരുമായവരും.
സമുദായത്തിലെ മഹാന്മാരും ഇമാമുകളുമായ പണ്ഡിതന്മാർക്കിടയിൽ ഈ രീതി തുടർന്നുവന്നു; ഉസ്വൂലുദ്ദീനിന്റെയും അഖീദയുടെയും ഗ്രന്ഥങ്ങളിൽ സുവിദിതമായതുപോലെ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കാനും, പുണ്യവാനോ തെമ്മാടിയോ ആയ ഏതൊരു ഇമാമിനോടൊപ്പവും അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യാനും അവർ കൽപ്പിച്ചിരുന്നു.
അപ്രകാരം തന്നെ ബനൂ അബ്ബാസ് വാളുകൊണ്ട് ബലപ്രയോഗത്തിലൂടെ മുസ്ലിം നാടുകൾ പിടിച്ചടക്കി. അറിവിന്റെയും മതത്തിന്റെയും ആളുകളിൽ ഒരാളും തന്നെ അതിൽ അവരെ സഹായിച്ചിരുന്നില്ല. അവർ ധാരാളം പടപ്പുകളെയും ബനൂ ഉമയ്യത്തിൽ നിന്നും അവരുടെ അമീറുമാരിൽ നിന്നും പ്രതിനിധികളിൽ നിന്നുമുള്ള വലിയൊരു സംഘത്തെയും വധിച്ചു. ഇറാഖിന്റെ അമീറായിരുന്ന ഇബ്നു ഹുബൈറയെ അവർ വധിച്ചു, ഖലീഫ മർവാനെയും അവർ വധിച്ചു; അസ്സഫ്ഫാഹ് ഒരൊറ്റ ദിവസം കൊണ്ട് ബനൂ ഉമയ്യത്തിലെ എൺപതോളം പേരെ വധിക്കുകയും, അവരുടെ മൃതദേഹങ്ങൾക്ക് മീതെ വിരിപ്പുകൾ വിരിച്ച് അതിന്മേൽ ഇരിക്കുകയും ഭക്ഷണപാനീയങ്ങൾ കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തുവെന്ന് വരെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
എന്നിരുന്നിട്ടും അൽ-ഔസാഈ, മാലിക്, അസ്സുഹ്രി, അല്ലൈസ് ബിൻ സഅ്ദ്, അത്വാഅ് ബിൻ അബീ റബാഹ് എന്നിവരെപ്പോലുള്ള ഇമാമുകൾ ഈ രാജാക്കന്മാരോട് സ്വീകരിച്ച സമീപനരീതി അറിവിലും പാരായണത്തിലും പങ്കാളിത്തമുള്ള ഒരാൾക്കും അവ്യക്തമല്ല.
പണ്ഡിതന്മാരുടെ രണ്ടാമത്തെ തട്ടിലുള്ളവരായ അഹ്മദ് ബിൻ ഹൻബൽ, മുഹമ്മദ് ബിൻ ഇസ്മാഈൽ, മുഹമ്മദ് ബിൻ ഇദ്രീസ്, അഹ്മദ് ബിൻ നസ്വ്ർ, ഇസ്ഹാഖ് ബിൻ റാഹവൈഹി എന്നിവരുടെയും അവരുടെ സഹോദരന്മാരുടെയും കാലഘട്ടത്തിൽ രാജാക്കന്മാരുടെ ഭാഗത്തുനിന്ന് വമ്പിച്ച ബിദ്അത്തുകളും അല്ലാഹുവിന്റെ സ്വിഫത്തുകളെ നിഷേധിക്കലും സംഭവിച്ചു. അവർ ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും അതിന്റെ പേരിൽ പരീക്ഷിക്കുകയും ചെയ്തു. അഹ്മദ് ബിൻ നസ്വ്റിനെപ്പോലുള്ളവർ അതിൽ കൊല്ലപ്പെടുകയും ചെയ്തു. എന്നിരുന്നിട്ടും അവരിൽ ഒരാളെങ്കിലും അനുസരണത്തിൽ നിന്ന് കൈ പിൻവലിച്ചതായോ, അവർക്കെതിരെ പുറപ്പെടുന്നത് അനുവദനീയമായി കണ്ടതായോ അറിയപ്പെട്ടിട്ടില്ല.”
തുടർന്ന് ശൈഖ് (റഹിമഹുല്ലാഹ്) ആ സംബോധിതനോട് ഇപ്രകാരം പറയുന്നതുവരെ എത്തുന്നു: “ഇനി നിന്റെ മനസ്സിൽ വല്ല സംശയവും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ, അല്ലാഹുവിനോട് ധാരാളമായി കേണപേക്ഷിക്കുകയും പ്രമാണങ്ങളിൽ വന്ന പ്രാർത്ഥനകൾ മുഖേന തവസ്സുൽ ചെയ്യുകയും ചെയ്യുക. കൂടാതെ ഇബ്നു ഗന്നാമിന്റെ ചരിത്രഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ശൈഖുൽ ഇസ്ലാമിന്റെ—അതായത് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ—വാക്കുകളിലേക്ക് ആവർത്തിച്ച് കണ്ണോടിക്കുകയും ചെയ്യുക; കാരണം അദ്ദേഹം തന്റെ കത്തുകളിലും ഗവേഷണങ്ങളിലും ഈ വിഷയം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.”⁵⁹
ഒമ്പതാമത്തെ അടിസ്ഥാനം: ബിദ്അത്തിന്റെ വക്താക്കളെ കയ്യൊഴിയലും അവരെക്കുറിച്ച് താക്കീത് നൽകലും
ഖാദി അബൂ യഅ്ലയും മറ്റു സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാരും ഉദ്ധരിച്ചതുപോലെ, ബിദ്അത്തിന്റെ വക്താക്കളെ കയ്യൊഴിയുന്നതിലും അവരെക്കുറിച്ച് ജനങ്ങൾക്ക് താക്കീത് നൽകുന്നതിലും സലഫുകൾ ഏകോപിച്ചിരിക്കുന്നു.
ഈ വിഷയത്തിൽ പ്രത്യേകം ഉണർത്തപ്പെടേണ്ട ഒരു കാര്യം എന്തെന്നാൽ: നമ്മുടെ ഈ കാലഘട്ടത്തിലെ ബിദ്അത്തിന്റെ വക്താക്കൾ സുന്നത്തിന്റെ വസ്ത്രം ധരിച്ച് സ്വയം മറഞ്ഞുനിൽക്കുകയും, അതിന്റെ പേരിന് പിന്നിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നു; അതേസമയം അവർ ബിദ്അത്തുകളിൽ മുങ്ങിക്കിടക്കുകയാണ്. അവരെ അടുത്തുനിന്ന് നിരീക്ഷിക്കുകയും, കക്ഷിത്വങ്ങൾ, സംഘടനാ സംവിധാനങ്ങൾ, മുസ്ലിം ഭരണാധികാരിക്കെതിരെ പുറപ്പെടാനുള്ള ശ്രമം, ബൈഅത്ത് ലംഘിക്കൽ തുടങ്ങിയ അവർ പരസ്പരം രഹസ്യമായി പങ്കുവെക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുനേടുകയും ചെയ്ത ഏതൊരാൾക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.
ഈ കാലഘട്ടത്തിലെ ബിദ്അത്തിന്റെ വക്താക്കളുടെ ഈ രീതി പണ്ടുകാലം തൊട്ടുള്ള ബിദ്അത്തിന്റെ വക്താക്കളുടെ അതേ രീതി തന്നെയാണ്. ഈ പ്രവൃത്തിയിലൂടെയാണ് അവരുടെ ബിദ്അത്തുകൾക്ക് പ്രചാരം ലഭിക്കുന്നതും അവ ഹൃദയങ്ങളിൽ ഉറച്ചുപോകുന്നതും. ഇബ്നു ബത്വ (റഹിമഹുല്ലാഹ്) ‘അൽ-ഇബാന’യിൽ തന്റെ നിവേദക പരമ്പരയിലൂടെ, സുന്നത്തിന്റെ വക്താക്കളിലെ വിശ്വസ്തരും ഭക്തരുമായവരിൽ ഒരാളായ മുഫദ്ദൽ ബിൻ മുഹൽഹൽ പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: “നിശ്ചയമായും ഒരു ബിദ്അത്തുകാരന്റെ അരികിൽ നീ ഇരിക്കുമ്പോൾ അവൻ തന്റെ ബിദ്അത്തിനെക്കുറിച്ചാണ് നിന്നോട് സംസാരിച്ചിരുന്നതെങ്കിൽ, നീ അവനെ സൂക്ഷിക്കുകയും അവനിൽ നിന്ന് ഓടിയകലുകയും ചെയ്യുമായിരുന്നു. എന്നാൽ തന്റെ സദസ്സിന്റെ തുടക്കത്തിൽ അവൻ നിന്നോട് സുന്നത്തിന്റെ ഹദീസുകളാണ് സംസാരിക്കുക; പിന്നീട് അവൻ തന്റെ ബിദ്അത്ത് നിന്നിലേക്ക് കടത്തിവിടുന്നു. ഒരുപക്ഷേ അത് നിന്റെ ഹൃദയത്തിൽ പറ്റിപ്പിടിച്ചേക്കാം; അങ്ങനെയെങ്കിൽ അതെപ്പോഴാണ് നിന്റെ ഹൃദയത്തിൽ നിന്ന് പുറത്തുപോവുക?!”⁶⁰
ശ്രദ്ധേയമായ ഈ കാരണം കൊണ്ടുതന്നെ—അതായത് ഹൃദയത്തിലേക്ക് ബിദ്അത്തുകൾ പ്രവേശിക്കുന്നതും അതിൽ അവ ഒട്ടിപ്പിടിക്കുമോ എന്ന ഭയവും കാരണം—സലഫുകൾ (അവർക്ക് അല്ലാഹു തആലയുടെ കാരുണ്യമുണ്ടാകട്ടെ) മുബ്തദിഇന്റെ ഒരു വാക്കും ശ്രദ്ധിച്ചു കേൾക്കുമായിരുന്നില്ല. മാത്രമല്ല, ബിദ്അത്തിന്റെ വക്താക്കൾ സംസാരിക്കുന്ന ഇടങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ അവർ അങ്ങേയറ്റം താല്പര്യം കാണിക്കുകയും ചെയ്തിരുന്നു.
ഇബ്നു ബത്വ ‘അൽ-ഇബാന’യിൽ തന്നെ തന്റെ നിവേദക പരമ്പരയിലൂടെ മഅ്മറിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “ഇബ്നു ത്വാവൂസ് ഇരിക്കുകയായിരുന്നു; അപ്പോൾ മുഅ്തസിലികളിൽ പെട്ട ഒരാൾ വന്ന് സംസാരിക്കാൻ തുടങ്ങി. അപ്പോൾ ഇബ്നു ത്വാവൂസ് തന്റെ രണ്ട് വിരലുകൾ തന്റെ രണ്ട് ചെവികളിലും തിരുകിക്കയറ്റി. എന്നിട്ട് തന്റെ മകനോട് പറഞ്ഞു: ‘എന്റെ പൊന്നുമകനേ, നിന്റെ രണ്ട് വിരലുകൾ നിന്റെ രണ്ട് ചെവികളിലും തിരുകിക്കയറ്റി ശക്തമായി അമർത്തിപ്പിടിക്കുക; അവന്റെ സംസാരത്തിൽ നിന്ന് യാതൊന്നും നീ കേൾക്കരുത്.’ മഅ്മർ പറഞ്ഞു: ‘അതായത് ഹൃദയം ദുർബലമാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.'”⁶¹
ഇബ്നു ബത്വ മേൽ സൂചിപ്പിച്ച തന്റെ ഗ്രന്ഥത്തിൽ അബ്ദുർറസാഖിൽ നിന്ന് ഉദ്ധരിച്ചതിൽ ഇത്തരത്തിലുള്ള അസറുകൾ വേറെയും നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹം സ്വന്തം അനുഭവം പറയുന്നു: “മുഅ്തസിലികളിൽ ഒരാളായ ഇബ്രാഹീം ബിൻ മുഹമ്മദ് ബിൻ അബീ യഹ്യ എന്നോട് പറഞ്ഞു: ‘നിങ്ങളുടെ നാട്ടിൽ മുഅ്തസിലികൾ ധാരാളമുള്ളതായി ഞാൻ കാണുന്നു.’ ഞാൻ പറഞ്ഞു: ‘അതെ, നീയും അവരിൽ പെട്ടവനാണെന്ന് അവർ ജൽപ്പിക്കുന്നുണ്ട്.’ അപ്പോൾ അവൻ ചോദിച്ചു: ‘എന്നാൽ എനിക്ക് നിന്നോട് സംസാരിക്കാൻ വേണ്ടി എന്നോടൊപ്പം നീ ഈ പീടികയിലേക്ക് പ്രവേശിക്കുന്നില്ലേ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ അവൻ ചോദിച്ചു: ‘അതെന്തുകൊണ്ട്?’ ഞാൻ പറഞ്ഞു: ‘കാരണം ഹൃദയം ദുർബലമാണ്; തർക്കത്തിൽ ജയിക്കുന്നവന്റേതല്ല മതം.'”⁶²
ഇബ്നു ബത്വ തന്റെ നിവേദക പരമ്പരയിലൂടെ സഈദ് ബിൻ ആമിറിൽ നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: സല്ലാം ബിൻ അബീ മുത്വീഅ് ഞങ്ങളോട് പറഞ്ഞു: തന്നിഷ്ടക്കാരിൽ പെട്ട ഒരാൾ അയ്യൂബ് അസ്സഖ്തിയാനിയോട് പറഞ്ഞു: “അല്ലയോ അബൂബക്ർ, ഞാൻ താങ്കളോട് ഒരൊറ്റ വാക്കിനെക്കുറിച്ച് ചോദിക്കട്ടെ.” അപ്പോൾ അയ്യൂബ് തന്റെ വിരൽ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു: “പകുതി വാക്കുപോലും വേണ്ട, പകുതി വാക്കുപോലും വേണ്ട!”⁶³
അപ്പോൾ ഇപ്രകാരമായിരുന്നു സലഫുകൾ—അവർക്കെല്ലാം അല്ലാഹു തആലയുടെ കാരുണ്യമുണ്ടാകട്ടെ—മുബ്തദിഉകളുടെ സംസാരം കേൾക്കുന്നതിൽ നിന്ന് തിരിഞ്ഞുകളഞ്ഞിരുന്നത്; എന്ന് മാത്രമല്ല, അതിനെക്കുറിച്ച് അവർ താക്കീത് നൽകുകയും ചെയ്തിരുന്നു. അവരുടെ ബിദ്അത്തുകളിൽ നിന്ന് വല്ലതും ഹൃദയത്തിലേക്ക് പ്രവേശിക്കുകയും അങ്ങനെ നാശം സംഭവിക്കുകയും ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. അങ്ങനെയെങ്കിൽ, അല്ലാഹു സത്യം, മുബ്തദിഇനോടൊപ്പം ഇരിക്കുകയും അവന്റെ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്യുന്നവന്റെ കാര്യത്തിൽ അവരുടെ വാക്ക് എപ്രകാരമായിരിക്കും?!
നിസ്സംശയമായും ഇക്കാര്യത്തിൽ അവരുടെ സംസാരം കൂടുതൽ കഠിനവും ശക്തവുമായിരിക്കും. അതിനാലാണ് സുഫ്യാൻ അസ്സൗരി ബസ്വറയിൽ വന്നപ്പോൾ റബീഅ് ബിൻ സ്വബീഹിന്റെ കാര്യവും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്ഥാനവും നിരീക്ഷിക്കാൻ തുടങ്ങിയത്. അങ്ങനെ അദ്ദേഹം റബീഇന്റെ മദ്ഹബിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ ജനങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: “സുന്നത്തല്ലാതെ അദ്ദേഹത്തിന് മറ്റൊരു മദ്ഹബുമില്ല”—അതായത്: സുന്നത്തല്ലാതെ അദ്ദേഹത്തിന്റെ മദ്ഹബായി മറ്റൊന്നും ഞങ്ങൾക്കറിയില്ല—. അപ്പോൾ സുഫ്യാൻ ചോദിച്ചു: “ആരാണ് അദ്ദേഹത്തിന്റെ ഉള്ളുകള്ളികൾ അറിയുന്ന ഉറ്റമിത്രങ്ങൾ?” അവർ പറഞ്ഞു: “ഖദരിയ്യത്തിന്റെ വക്താക്കൾ.” അപ്പോൾ അദ്ദേഹം പറഞ്ഞു: “എങ്കിൽ അവൻ ഒരു ഖദരിയാണ്!”
സുഫ്യാന്റെ ഈ വാക്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇബ്നു ബത്വ (റഹിമഹുല്ലാഹ്) ‘അൽ-ഇബാന’യിൽ പറയുന്നു: “സുഫ്യാൻ അസ്സൗരിയുടെ മേൽ അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ; തീർച്ചയായും അദ്ദേഹം തത്വജ്ഞാനത്തോടെയാണ് സംസാരിച്ചത്, അതിൽ അദ്ദേഹം സത്യം പറഞ്ഞു. അറിവോടെയാണ് അദ്ദേഹം സംസാരിച്ചത്, അതിൽ അദ്ദേഹം ഖുർആനിനോടും സുന്നത്തിനോടും, തത്വജ്ഞാനം അനിവാര്യമാക്കുന്നതിനോടും കാഴ്ചയിലൂടെ ബോധ്യപ്പെടുന്നതിനോടും ഉൾക്കാഴ്ചയുടെയും വിവരണത്തിന്റെയും ആളുകൾ മനസ്സിലാക്കുന്നതിനോടും യോജിക്കുകയും ചെയ്തു. അല്ലാഹു തആല പറഞ്ഞു:
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ﴾
‘സത്യവിശ്വാസികളേ, നിങ്ങളിൽ നിന്നല്ലാത്തവരെ നിങ്ങൾ ഉള്ളുകള്ളികൾ അറിയുന്ന ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങൾക്ക് കുഴപ്പം വരുത്തിവെക്കുന്നതിൽ അവർ ഒട്ടും വീഴ്ച വരുത്തുകയില്ല. നിങ്ങൾ ബുദ്ധിമുട്ടുന്നത് അവർ കൊതിക്കുകയും ചെയ്യുന്നു.’⁶⁴”⁶⁵
ഫുദൈൽ ബിൻ ഇയാദ് (റഹിമഹുല്ലാഹ്) പറയുന്നു: “ആത്മാക്കൾ സജ്ജീകരിക്കപ്പെട്ട സൈന്യങ്ങളാണ്; അവയിൽ പരസ്പരം പരിചയമുള്ളവ തമ്മിൽ ഇണങ്ങിച്ചേരുന്നു, പരസ്പരം അപരിചിതമായവ തമ്മിൽ ഭിന്നിക്കുകയും ചെയ്യുന്നു. ഒരു സുന്നത്തിന്റെ വക്താവ് ഒരു ബിദ്അത്തിന്റെ വക്താവിനോട് ചായ്വ് കാണിക്കുക എന്നത് കാപട്യത്തിൽ നിന്നല്ലാതെ ഉണ്ടാവുക സാധ്യമല്ല.”
ഇതിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇബ്നു ബത്വ (റഹിമഹുല്ലാഹ്) പറഞ്ഞു: “ഫുദൈൽ (റഹിമഹുല്ലാഹ്) സത്യമാണ് പറഞ്ഞത്; കാരണം നാം അത് നേരിൽ കാണുന്നുണ്ട്.”⁶⁶
മുബ്തദിഉകളെക്കുറിച്ചുള്ള സലഫുകളുടെ—അവർക്ക് അല്ലാഹു തആലയുടെ കാരുണ്യമുണ്ടാകട്ടെ—താക്കീത് എത്രത്തോളം എത്തിയിരുന്നുവെന്നാൽ അഹ്മദ് ബിൻ സിനാൻ ഇപ്രകാരം പറഞ്ഞു: “ഒരു ബിദ്അത്തുകാരൻ എന്റെ അയൽവാസിയാകുന്നതിനേക്കാൾ എനിക്ക് കൂടുതൽ പ്രിയങ്കരമായത് ഒരു തംബൂർ⁶⁷ വായനക്കാരൻ എന്റെ അയൽവാസിയാകുന്നതാണ്. കാരണം തംബൂർ വായനക്കാരനെ ഞാൻ വിലക്കുകയും ആ തംബൂർ ഞാൻ തകർക്കുകയും ചെയ്യും. എന്നാൽ മുബ്തദിഅ് ആകട്ടെ ജനങ്ങളെയും അയൽവാസികളെയും യുവാക്കളെയും ദുഷിപ്പിച്ചു കളയുന്നു.”⁶⁸
ഈ വിഷയത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇബ്നു ബത്വ (റഹിമഹുല്ലാഹ്) പറയുന്നു: “അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക! അല്ലയോ മുസ്ലിം സമൂഹമേ, സ്വന്തത്തെക്കുറിച്ചുള്ള നല്ല ധാരണയും, തന്റെ മദ്ഹബിന്റെ ശരിയെക്കുറിച്ച് തനിക്ക് ബോധ്യമുള്ള അറിവും നിങ്ങളിൽ ഒരാളെയും ഇത്തരം തന്നിഷ്ടക്കാരിൽ ചിലരോടൊപ്പം ഇരുന്നുകൊണ്ട് സ്വന്തം മതത്തെ അപകടത്തിലാക്കുന്നതിലേക്ക് നയിക്കാതിരിക്കട്ടെ; അങ്ങനെ ‘അവനുമായി വാദപ്രതിവാദം നടത്താനോ അല്ലെങ്കിൽ അവന്റെ മദ്ഹബ് അവനിൽ നിന്ന് പുറത്തെടുക്കാനോ വേണ്ടിയാണ് ഞാൻ അവനുമായി ഇടപഴകുന്നത്’ എന്ന് അവൻ പറഞ്ഞേക്കാം. കാരണം അവർ—അതായത് മുബ്തദിഉകൾ—ദജ്ജാലിനേക്കാൾ കഠിനമായ ഫിത്നയുള്ളവരാണ്. അവരുടെ സംസാരം ചൊറിയേക്കാൾ വേഗത്തിൽ പറ്റിപ്പിടിക്കുന്നതും, തീജ്വാലയേക്കാൾ കഠിനമായി ഹൃദയങ്ങളെ കരിച്ചുകളയുന്നതുമാണ്. തീർച്ചയായും ജനങ്ങളിൽ ഒരു വിഭാഗത്തെ ഞാൻ കണ്ടിട്ടുണ്ട്; അവർ ഇത്തരക്കാരെ ശപിക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നവരായിരുന്നു. പിന്നീട് അവരെ എതിർക്കാനും അവർക്ക് മറുപടി നൽകാനും എന്ന നിലക്ക് അവർ അവരോടൊപ്പം ഇരുന്നു. അങ്ങനെ അവരുമായുള്ള അടുപ്പവും ഗൂഢമായ തന്ത്രങ്ങളും സൂക്ഷ്മമായ കുഫ്റും അവരിൽ തുടർന്നുകൊണ്ടേയിരുന്നു; ഒടുവിൽ അവർ അവരിലേക്ക് തന്നെ ചാഞ്ഞുപോയി!”⁶⁹
നമ്മുടെ ഈ കാലഘട്ടത്തിലും ഇത്തരക്കാരെ നാം കണ്ടിട്ടുണ്ട്; അവർ പറയുന്നു: “ഈ മുബ്തദിഉകൾക്ക് ഗുണകാംക്ഷ നൽകാൻ വേണ്ടിയും, പിന്നീട് ജനങ്ങൾക്ക് താക്കീത് നൽകുന്നതിനായി അവർ ഒളിച്ചുവെക്കുന്ന അവരുടെ രഹസ്യ രീതികളെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടിയുമാണ് ഞങ്ങൾ അവരോടൊപ്പം ഇരിക്കുന്നത്.” എന്നാൽ അതിനുശേഷം അവർ അവരുടെ വലകളിൽ വീണുപോവുകയും, അഹ്ലുസ്സുന്നക്കെതിരെ അവർക്കൊരു സഹായമായി മാറുകയും ചെയ്യുന്നു! അല്ലാഹു നമ്മെയും നിങ്ങളെയും അതിൽ നിന്ന് സൗഖ്യമാക്കട്ടെ.
അപ്പോൾ ഇതാണ് സലഫുകൾ സ്ഥിരപ്പെടുത്തിയ കാര്യം.
അതിനാൽ, സ്വന്തം ആത്മാവിന്റെ മേൽ നാശത്തെയും വഴികേടിനെയും ഭയപ്പെടുന്നവന്റെ മേൽ നിർബന്ധമായിട്ടുള്ളത് ഈ മൻഹജ് മുറുകെ പിടിക്കലും അതിലൂടെ സഞ്ചരിക്കലുമാണ്. അല്ലാഹു സത്യം, ആ മഹാന്മാർ വ്യക്തമായ അറിവോടെയാണ് അവരിൽ നിന്ന് പിന്മാറിയതും വ്യക്തമായ അറിവോടെയാണ് അവിടെ നിലയുറപ്പിച്ചതും.
ഹാഫിള് ഇബ്നു അസാകിർ ‘താരീഖു ദിമശ്ഖി’ൽ സുന്നത്തിന്റെ പണ്ഡിതന്മാരിൽ ഒരാളായ അഹ്മദ് ബിൻ ഔനില്ലാഹിന്റെ ചരിത്രക്കുറിപ്പിൽ അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ അഹ്മദ് ബിൻ മുഫർറജിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പറയുന്നു: “അബൂ ജഅ്ഫർ അഹ്മദ് ബിൻ ഔനില്ലാഹ് ബിദ്അത്തിന്റെ വക്താക്കൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവനും, അവരോട് പരുഷമായി പെരുമാറുന്നവനും, അവരെ നിന്ദ്യരാക്കുന്നവനും, അവരുടെ തിന്മകൾ അന്വേഷിച്ച് കണ്ടെത്തുന്നവനും, അവർക്ക് പ്രയാസമുണ്ടാക്കുന്നതിൽ ധൃതികാണിക്കുന്നവനും, അവരുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നവനും, അവരുടെ മേൽ സ്വാധീനം ലഭിച്ചാൽ അവരെ ആട്ടിയോടിക്കുന്നവനും, അവരോട് ഒട്ടും വിട്ടുവീഴ്ച കാണിക്കാത്തവനുമായിരുന്നു. അവരിൽ പെട്ട ഏതൊരാളും അദ്ദേഹത്തിൽ നിന്ന് സ്വന്തം ശരീരത്തെ ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനുമായിരുന്നു. യാതൊരു അവസ്ഥയിലും അവരിൽ ഒരാളോടും അദ്ദേഹം മയപ്പെട്ടുകൊടുക്കുകയോ സന്ധിയിലാവുകയോ ചെയ്തിരുന്നില്ല. ഇനി അവരിൽ ആരുടെയെങ്കിലും പക്കൽ ഒരു തിന്മ അദ്ദേഹം കണ്ടെത്തുകയും, സുന്നത്തിൽ നിന്നുള്ള വ്യതിയാനത്തിന് അദ്ദേഹത്തിന്റെ അടുക്കൽ അവനെതിരെ സാക്ഷ്യം വഹിക്കപ്പെടുകയും ചെയ്താൽ അദ്ദേഹം അവനെ കയ്യൊഴിയുകയും അവനെ തുറന്നുകാട്ടുകയും ചെയ്യുമായിരുന്നു. അവന്റെ പേര് പരസ്യമായി പറയുകയും അവനിൽ നിന്നുള്ള നിരപരാധിത്വം പ്രഖ്യാപിക്കുകയും, സദസ്സുകളിൽ വെച്ച് അവന്റെ തിന്മകൾ എടുത്തുപറഞ്ഞ് അവനെ അപമാനിക്കുകയും ചെയ്യുമായിരുന്നു. അവൻ നശിക്കുന്നതുവരെയോ അല്ലെങ്കിൽ തന്റെ നീചമായ മദ്ഹബിൽ നിന്നും ദുഷിച്ച വിശ്വാസത്തിൽ നിന്നും അവൻ പിന്മാറുന്നതുവരെയോ അദ്ദേഹം അവനെതിരെ ജനങ്ങളെ ഇളക്കിവിടുമായിരുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അല്ലാഹു അസ്സവജല്ലയെ കണ്ടുമുട്ടുന്നതുവരെ അദ്ദേഹം ഇതിൽ നിരന്തരം വ്യാപൃതനും ഇതിനായി പരിശ്രമിക്കുന്നവനുമായിരുന്നു. നിരീശ്വരവാദികളുടെയും ബിദ്അത്തുകാരുടെയും കാര്യത്തിൽ പ്രസിദ്ധമായ ഇടപെടലുകളും എടുത്തുപറയപ്പെടുന്ന സംഭവങ്ങളും അദ്ദേഹത്തിനുണ്ട്.”⁷⁰
പത്താമത്തെ അടിസ്ഥാനം: നമ്മുടെ എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും ഖുർആനും സുന്നത്തും മുറുകെ പിടിക്കൽ
നമ്മുടെ എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും ഖുർആനും സുന്നത്തും മുറുകെ പിടിക്കുക എന്നത് അടിസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാനവും അവയുടെ മേൽ വിധികർത്താവുമാകുന്നു. അല്ലാഹു അസ്സവജല്ലയുടെ ഈ വചനത്തിന് മുന്നിൽ നിലയുറപ്പിച്ചുകൊണ്ടാണ് അത്:
﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا﴾
‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ, സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സത്യവിശ്വാസിനിയായ ഒരു സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വയം തിരഞ്ഞെടുക്കാൻ അധികാരമുണ്ടായിരിക്കുന്നതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു.’⁷¹
അതുപോലെ അല്ലാഹു തആലയുടെ ഈ വചനവും:
﴿إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَٰئِكَ هُمُ الْفَائِزُونَ﴾
‘സത്യവിശ്വാസികൾക്കിടയിൽ നബി തീർപ്പുകൽപ്പിക്കുന്നതിനായി അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിലേക്കും അവർ വിളിക്കപ്പെട്ടാൽ അവരുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർ തന്നെയാണ് വിജയം പ്രാപിച്ചവർ. ആര് അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവിനെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവോ അവർ തന്നെയാണ് വിജയം കൈവരിച്ചവർ.’
തുടർന്ന് അല്ലാഹുവിന്റെ ഈ വചനം വരെ:
﴿قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ﴾
‘നീ പറയുക: നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവിൻ, റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. ഇനി നിങ്ങൾ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ അദ്ദേഹത്തിന് ചുമതലപ്പെടുത്തപ്പെട്ട ബാധ്യത അദ്ദേഹത്തിനും, നിങ്ങൾക്ക് ചുമതലപ്പെടുത്തപ്പെട്ട ബാധ്യത നിങ്ങൾക്കുമാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുന്ന പക്ഷം നിങ്ങൾ നേർവഴി പ്രാപിക്കുന്നതാണ്. റസൂലിന്റെ മേൽ വ്യക്തമായ പ്രബോധനമല്ലാതെ മറ്റൊരു ബാധ്യതയുമില്ല.’⁷²
ഖുർആനിലേക്കും സുന്നത്തിലേക്കും പ്രേരിപ്പിക്കുന്നതും, അവ രണ്ടും മുറുകെ പിടിക്കാൻ കൽപ്പിക്കുന്നതുമായ ആയത്തുകൾ വളരെയധികമാണ്.
റസൂലുല്ലാഹി ﷺ യിൽ നിന്നുള്ള ഹദീസുകളും അപ്രകാരം തന്നെ ധാരാളമാണ്.
മുസ്ലിംകളുടെ ഏറ്റവും വലിയ സംഗമമായ ഹജ്ജത്തുൽ വദാഇൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി ‘സ്വഹീഹ് മുസ്ലിമി’ൽ സ്ഥിരപ്പെട്ട ഹദീസ് അവയിൽ പെട്ടതാണ്:
«وَقَدْ تَرَكْتُ فِيكُمْ مَا لَنْ تَضِلُّوا بَعْدَهُ إِنِ اعْتَصَمْتُمْ بِهِ: كِتَابَ اللَّهِ»
നിങ്ങൾ മുറുകെ പിടിക്കുന്ന പക്ഷം അതിനുശേഷം നിങ്ങൾ ഒരിക്കലും വഴിപിഴച്ചു പോകാത്ത ഒരു കാര്യം ഞാൻ നിങ്ങൾക്കിടയിൽ വിട്ടേച്ചിട്ടുണ്ട്: അല്ലാഹുവിന്റെ ഗ്രന്ഥമാണത്.⁷³
അപ്രകാരം തന്നെ ‘മുസ്തദ്റകുൽ ഹാകിമി’ൽ ഉള്ളതുപോലെ അബൂ ഹുറൈറ (റളിയല്ലാഹു അൻഹു) വിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്; നബി ﷺ പറഞ്ഞു:
«تَرَكْتُ فِيكُمْ شَيْئَيْنِ لَنْ تَضِلُّوا إِنْ تَمَسَّكْتُمْ بِهِمَا: كِتَابَ اللَّهِ وَسُنَّتِي، وَلَنْ يَتَفَرَّقَا حَتَّى يَرِدَا عَلَيَّ الْحَوْضَ»
നിങ്ങൾ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ ഒരിക്കലും വഴിപിഴച്ചു പോകാത്ത രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങൾക്കിടയിൽ വിട്ടേച്ചിട്ടുണ്ട്: അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ സുന്നത്തുമാണവ. ഹൗളുൽ കൗസറിൽ എന്റെ അരികിൽ വന്നെത്തുന്നതുവരെ അവ രണ്ടും പരസ്പരം വേർപിരിയുകയില്ല.⁷⁴
അല്ലാഹു അസ്സവജല്ലയുടെ ഈ വചനത്തെക്കുറിച്ച് ഇബ്നു അബ്ബാസ് (റളിയല്ലാഹു അൻഹുമാ) പറഞ്ഞു:
﴿فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ﴾
‘അപ്പോൾ ആര് എന്റെ മാർഗദർശനം പിന്തുടരുന്നുവോ അവൻ വഴിപിഴക്കുകയില്ല, കഷ്ടപ്പെടുകയുമില്ല.’⁷⁵
“ഖുർആൻ പാരായണം ചെയ്യുകയും അതിലുള്ളത് പിന്തുടരുകയും ചെയ്തവൻ ദുനിയാവിൽ വഴിപിഴക്കുകയില്ലെന്നും പരലോകത്ത് കഷ്ടപ്പെടുകയില്ലെന്നും അല്ലാഹു അസ്സവജൽ ജാമ്യം നിന്നിരിക്കുന്നു.”⁷⁶
അതിനാൽ ഖുർആനും സുന്നത്തും മുറുകെ പിടിക്കുക എന്നത് നിർബന്ധമായ കാര്യമാണ്. അല്ലാഹു അസ്സവജല്ലയിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാർ ഇതിൽ അതിമഹത്തായ ശ്രദ്ധ പതിപ്പിക്കലും, അതിനെ തങ്ങളുടെ കൺമുന്നിൽ പ്രതിഷ്ഠിക്കലും അവരുടെ മേൽ നിർബന്ധമാണ്. കാരണം—വളരെ ഖേദകരമെന്ന് പറയട്ടെ—അല്ലാഹുവിന്റെ ഗ്രന്ഥത്തേക്കാളും അവന്റെ റസൂൽ ﷺ യുടെ സുന്നത്തിനേക്കാളും സ്വന്തം തന്നിഷ്ടത്തിനും അഭിപ്രായത്തിനും മുൻഗണന നൽകുന്നവർ പ്രബോധകന്മാരിലുണ്ട്. ഈ എതിർപ്പിനെ ന്യായീകരിക്കാൻ വേണ്ടി അവൻ ഈ തന്നിഷ്ടത്തിനോ അല്ലെങ്കിൽ ഈ അഭിപ്രായത്തിനോ മറ്റൊരു പേര് നൽകുന്നുണ്ടെങ്കിൽ പോലും, ഈ നാമകരണം ഒട്ടും ഉപകരിക്കുകയില്ല, വിശപ്പിന് ശമനമാകുകയുമില്ല, അല്ലാഹു അസ്സവജല്ലയുടെ അടുക്കൽ യാതൊരു പ്രയോജനവും ചെയ്യുകയുമില്ല; കാരണം പേരുകൾ മാറ്റുന്നത് കൊണ്ട് കാര്യങ്ങളുടെ യാഥാർത്ഥ്യത്തിൽ മാറ്റം വരുന്നില്ല.
അതിനാൽ ദഅ്വത്തിന്റെ മസ്വ്ലഹത്തിനെ (പ്രയോജനത്തെ) ഖുർആനിനും സുന്നത്തിനും എതിരായി പ്രതിഷ്ഠിക്കുകയും, അങ്ങനെ ഖുർആനിന്റെയും സുന്നത്തിന്റെയും പ്രമാണവാക്യങ്ങളേക്കാൾ അതിന് മുൻഗണന നൽകുകയും ചെയ്യുന്നവർ—അവർ നേരായ പാതയിൽ നിന്ന് വ്യതിചലിച്ചു പോയിരിക്കുന്നു.
അവർ ചെയ്യുന്ന കാര്യങ്ങളിൽ പെട്ടതാണ്: അവരോട് എതിർത്തുനിൽക്കുകയും അവരോട് ശത്രുത പുലർത്തുകയും അവർ ഉള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുള്ള അസത്യത്തെ തുറന്നുകാട്ടുകയും ചെയ്യുന്നവന്റെ മേൽ കളവ് കെട്ടിച്ചമക്കലും അവനിൽ കുറ്റങ്ങൾ ചാർത്തലും അവർ അനുവദനീയമാക്കുന്നു; കാരണം അവരുടെ കാഴ്ചപ്പാടിൽ അത് ദഅ്വത്തിന്റെ മസ്വ്ലഹത്താണ്! അല്ലാഹു അസ്സവജല്ലയുടെ ഈ വചനം അവർ പരിഗണിക്കുന്നേയില്ല:
﴿وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا﴾
‘സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും അവർ പ്രവർത്തിച്ചിട്ടില്ലാത്ത കുറ്റത്തിന്റെ പേരിൽ ഉപദ്രവിക്കുന്നവർ കള്ളവും വ്യക്തമായ പാപവുമാണ് സ്വയം വഹിച്ചിരിക്കുന്നത്.’⁷⁷
അവർ ഈ ആയത്തിനെ പരിഗണിക്കുന്നില്ല; കാരണം അവരുടെ പക്കൽ ദഅ്വത്തിന്റെ മസ്വ്ലഹത്തിനാണ് മുൻഗണന.
ഇത് തനി പിഴവും വ്യക്തമായ വഴികേടുമാണ്. ഇതിൽ അകപ്പെട്ടവൻ അല്ലാഹു അസ്സവജല്ലയിലേക്ക് തൗബ ചെയ്യലും അവനിലേക്ക് മടങ്ങലും അവന്റെ മേൽ നിർബന്ധമാണ്. കാരണം അവൻ നിലകൊള്ളുന്ന ഈ അവസ്ഥ വ്യക്തമായ വഴികേടും കടുത്ത അപരാധവുമാണ്. സലഫുകൾ താക്കീത് നൽകിയ കാര്യവും ഇതുതന്നെയാണ്. സലഫുകൾ കയ്യൊഴിയുകയും, അല്ലാഹു തആല സുന്നത്തിന്റെ വക്താക്കൾക്ക് വിജയം നൽകുകയും അവരുടെ അസത്യത്തെ തകർത്തെറിയുകയും ചെയ്യുന്നതുവരെ സലഫുകളുമായി കൊടും പോരാട്ടങ്ങൾ നടക്കുകയും ചെയ്ത ‘അഹ്ലുർറഅ്യി’ന്റെ (യുക്തിവാദികളുടെ) തുടർച്ചയാണ് യഥാർത്ഥത്തിൽ ഇത്; അല്ലാഹുവിനാണ് സർവ്വ സ്തുതിയും ഔദാര്യവും അനുഗ്രഹവും.
എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും ഖുർആനിന്റെയും സുന്നത്തിന്റെയും വിധി തേടാതിരിക്കുക എന്നതിൽ നിന്ന് ധാരാളം ഉപദ്രവങ്ങളും കുഴപ്പങ്ങളും ഉടലെടുക്കും എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
ഇമാം ഇബ്നുൽ ഖയ്യിം (റഹിമഹുല്ലാഹ്) ഈ കുഴപ്പങ്ങളിൽ ചിലതും വിനാശകരമായ ഈ പ്രത്യാഘാതങ്ങളിൽ ചിലതും എണ്ണിപ്പറഞ്ഞിട്ടുണ്ട്; അതിൽ അദ്ദേഹം ഏറ്റവും നല്ല രൂപത്തിൽ കാര്യം വ്യക്തമാക്കി—അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്യട്ടെ—. തന്റെ ‘അൽ-ഫവാഇദ്’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു: “ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കുന്നതിൽ നിന്നും അവയിലേക്ക് വിധി തേടിപ്പോകുന്നതിൽ നിന്നും ജനങ്ങൾ തിരിഞ്ഞുകളയുകയും, അവ രണ്ടും മതിയാവുകയില്ലെന്ന് അവർ വിശ്വസിക്കുകയും, സ്വന്തം അഭിപ്രായങ്ങളിലേക്കും ഖിയാസിലേക്കും ഇസ്തിഹ്സാനിലേക്കും ശൈഖുമാരുടെ വാക്കുകളിലേക്കും അവർ തെറ്റിപ്പോവുകയും ചെയ്തപ്പോൾ—അതുകാരണം അവരുടെ ശുദ്ധപ്രകൃതിയിൽ നാശവും, അവരുടെ ഹൃദയങ്ങളിൽ അന്ധകാരവും, അവരുടെ ഗ്രാഹ്യതകളിൽ കലക്കവും, അവരുടെ ബുദ്ധികളിൽ നാശവും വന്നുഭവിച്ചു. ഈ കാര്യങ്ങൾ അവരെ പൊതിയുകയും അവരുടെ മേൽ ആധിപത്യം നേടുകയും ചെയ്തു; എത്രത്തോളമെന്നാൽ ചെറിയ കുട്ടികൾ അതിൽ വളർത്തപ്പെടുകയും വലിയവർ അതിൽ വൃദ്ധരായിത്തീരുകയും ചെയ്തു; അങ്ങനെ അതൊരു തിന്മയായി അവർ കാണാതെയായി. അപ്പോൾ അവർക്ക് മറ്റൊരു ഭരണകൂടം വന്നെത്തി; അതിൽ സുന്നത്തുകളുടെ സ്ഥാനത്ത് ബിദ്അത്തുകളും, ബുദ്ധിയുടെ സ്ഥാനത്ത് മനസ്സും, നേർവഴിയുടെ സ്ഥാനത്ത് തന്നിഷ്ടവും, സന്മാർഗത്തിന്റെ സ്ഥാനത്ത് വഴികേടും, നന്മയുടെ സ്ഥാനത്ത് തിന്മയും, അറിവിന്റെ സ്ഥാനത്ത് അജ്ഞതയും, ഇഖ്ലാസിന്റെ സ്ഥാനത്ത് ലോകമാന്യവും, സത്യത്തിന്റെ സ്ഥാനത്ത് അസത്യവും, സത്യസന്ധതയുടെ സ്ഥാനത്ത് കളവും, ഗുണകാംക്ഷയുടെ സ്ഥാനത്ത് മുഖസ്തുതിയും, നീതിയുടെ സ്ഥാനത്ത് അനീതിയും നിലയുറപ്പിച്ചു. അങ്ങനെ അധികാരവും ആധിപത്യവും ഈ കാര്യങ്ങൾക്കായിത്തീരുകയും⁷⁸, അതിന്റെ വക്താക്കൾ വിരൽചൂണ്ടപ്പെടുന്ന പ്രമുഖരായി മാറുകയും ചെയ്തു. അതിനുമുമ്പ് ഇവയുടെ വിപരീത ഗുണങ്ങൾക്കായിരുന്നു ആധിപത്യമുണ്ടായിരുന്നത്, അതിന്റെ വക്താക്കളായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നവർ. അതിനാൽ ഈ കാര്യങ്ങളുടെ ഭരണം കടന്നുവരികയും, അതിന്റെ പതാകകൾ നാട്ടപ്പെടുകയും, അതിന്റെ സൈന്യങ്ങൾ പുറപ്പെടുകയും ചെയ്തതായി നീ കണ്ടാൽ; അല്ലാഹു സത്യം, ഭൂമിയുടെ ഉപരിതലത്തേക്കാൾ ഉത്തമം അതിന്റെ അന്തർഭാഗമായിരിക്കും, സമതലങ്ങളേക്കാൾ ഉത്തമം പർവ്വത ശിഖരങ്ങളായിരിക്കും, ജനങ്ങളുമായി ഇടപഴകുന്നതിനേക്കാൾ സുരക്ഷിതം വന്യമൃഗങ്ങളുമായി ഇടപഴകുന്നതായിരിക്കും.”⁷⁹
അതിനാൽ അല്ലാഹു അസ്സവജല്ലയിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാരുടെ മേൽ നിർബന്ധമായിട്ടുള്ളത് തങ്ങളുടെ എല്ലാ അവസ്ഥകളിലും അവർ ഖുർആനും സുന്നത്തും മുറുകെ പിടിക്കുക എന്നതാണ്; കാരണം ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നതിൽ മതത്തിലും ദുനിയാവിലും മഹത്തായ നന്മയുണ്ട്.
അതിനാലാണ് അല്ലാഹു അസ്സവജൽ അവന്റെ ഈ വചനം അവതരിപ്പിച്ചപ്പോൾ സ്വഹാബികൾക്ക് (റളിയല്ലാഹു അൻഹും) അത് പ്രയാസകരമായി അനുഭവപ്പെട്ടത്:
﴿وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ﴾
‘നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും നിങ്ങൾ അത് മറച്ചുവെച്ചാലും അല്ലാഹു അതിന്റെ പേരിൽ നിങ്ങളെ വിചാരണ ചെയ്യുന്നതാണ്.’⁸⁰
അങ്ങനെ അവർ റസൂലുല്ലാഹി ﷺ യുടെ അരികിൽ വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, നമസ്കാരം, നോമ്പ്, ജിഹാദ്, ദാനധർമ്മം തുടങ്ങിയ ഞങ്ങൾക്ക് സാധ്യമാകുന്ന കർമ്മങ്ങൾ ഞങ്ങളോട് കൽപ്പിക്കപ്പെട്ടു; ഇപ്പോൾ അങ്ങേക്ക് ഈ ആയത്ത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു, ഇതിന് ഞങ്ങൾക്ക് കഴിവില്ല.” അപ്പോൾ റസൂലുല്ലാഹി ﷺ അവരോട് പറഞ്ഞു:
«أَتُرِيدُونَ أَنْ تَقُولُوا كَمَا قَالَ أَهْلُ الْكِتَابَيْنِ مِنْ قَبْلِكُمْ: سَمِعْنَا وَعَصَيْنَا؟ بَلْ قُولُوا: سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ»
നിങ്ങൾക്ക് മുമ്പുള്ള രണ്ട് വേദക്കാർ ഞങ്ങൾ കേൾക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറഞ്ഞതുപോലെ പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? മറിച്ച് നിങ്ങൾ പറയുക: ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ രക്ഷിതാവേ, നിന്നോട് ഞങ്ങൾ പൊറുക്കലിനെ തേടുന്നു, നിന്റെ അടുക്കലേക്കത്രെ മടക്കം.
അങ്ങനെ സ്വഹാബികൾ (റളിയല്ലാഹു അൻഹും) അത് പറഞ്ഞപ്പോൾ അല്ലാഹു അസ്സവജൽ അവർക്ക് ഇളവുനൽകുകയും തന്റെ ഈ വചനം അവതരിപ്പിക്കുകയും ചെയ്തു:
﴿لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا﴾
‘ഒരു ആത്മാവിനോടും അതിന്റെ കഴിവിൽ പെട്ടതല്ലാതെ അല്ലാഹു ശാസിക്കുകയില്ല.’⁸¹ ⁸²
അതിനാൽ ആര് ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കിയോ, അവന് എല്ലാ ദുഃഖങ്ങളിൽ നിന്നും അല്ലാഹു അസ്സവജൽ ഒരു തുറവിയും എല്ലാ ഞെരുക്കങ്ങളിൽ നിന്നും ഒരു രക്ഷാമാർഗവും ഉണ്ടാക്കിക്കൊടുക്കുന്നതാണ്.
നിർമ്മിത നിയമങ്ങൾ കൊണ്ട് വിധി കൽപ്പിക്കുന്നതിന്റെ പേരിൽ ഭരണാധികാരികളെ എതിർക്കുന്ന ആളുകൾ സ്വയം തിരിച്ചറിയേണ്ട ഒരു കാര്യമെന്തെന്നാൽ, തങ്ങളുടെ ഇടപാടുകളിലും തങ്ങളുടെ പ്രവർത്തനങ്ങളിലും അല്ലാഹു അസ്സവജല്ലയുടെ ശരീഅത്തല്ലാത്തതിനെ അവർ തന്നെയും വിധികർത്താവാക്കുന്നുണ്ട് എന്നതാണ്.
അവരുടെ എല്ലാ കാര്യങ്ങളിലും അവർ അല്ലാഹു അസ്സവജല്ലയുടെ ശരീഅത്തല്ലാത്തതിനെയാണ് വിധികർത്താവാക്കുന്നത് എന്ന് ഞാൻ പറയുന്നില്ല; എന്നാൽ അവരുടെ ധാരാളം കാര്യങ്ങളിൽ അവർ അപ്രകാരം ചെയ്യുന്നുണ്ട് എന്ന് ഞാൻ പറഞ്ഞാൽ അത് അതിശയോക്തിയാവുകയില്ല.
അതിനാൽ സ്വന്തം കാര്യത്തിൽ അവർ അല്ലാഹു അസ്സവജല്ലയെ സൂക്ഷിക്കട്ടെ; വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി അവർ സ്വന്തത്തെ വിചാരണ ചെയ്യുകയും ചെയ്യട്ടെ.
അല്ലാഹുവിങ്കൽ നിന്നാകുന്നു തൗഫീഖ്. നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും എല്ലാവരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും അനുഗ്രഹവും ഉണ്ടായിരിക്കട്ടെ.
1.സൂറത്തു മുഹമ്മദ് – 19, 2. സൂറത്തുൽ അൻആം – 153, 3. സൂറത്തു യൂസുഫ് – 108, 4. ഇബ്നുൽ ഖയ്യിമിന്റെ മദാരിജുസ്സാലികീൻ കാണുക, ഭാഗം 2, പുറം 470, ദാറുൽ കിതാബിൽ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, ഹിജ്റ 1393 – ക്രിസ്ത്വബ്ദം 1973, തഹ്ഖീഖ്: മുഹമ്മദ് ഹാമിദ് അൽ-ഫഖീ, 5. അൽ-ഉസ്വൂലുസ്സലാസ വഅദില്ലത്തുഹാ വൽ ഖവാഇദുൽ അർബഅ്, പുറം 3, ദാറു ഇബ്നി ഖുസൈമ, ഒന്നാം പതിപ്പ്, ഹിജ്റ 1416, 6. ഇബ്നു മുഫ്ലിഹിന്റെ അൽ-മുബ്ദിഅ് ശർഹുൽ മുഖ്നിഅ് കാണുക, ഭാഗം 1, പുറം 233, ദാറു ആലമിൽ കുതുബ്, റിയാദ്, പതിപ്പ് ഹിജ്റ 1423 – ക്രിസ്ത്വബ്ദം 2003, 7. സൂറത്തുന്നഹ്ൽ – 43, 44, 8. ഇബ്നു മുഫ്ലിഹിന്റെ അൽ-ഫുറൂഅ് വമഅഹു തസ്വ്ഹീഹുൽ ഫുറൂഅ് ലിൽമർദാവി കാണുക, ഭാഗം 2, പുറം 339, തഹ്ഖീഖ്: അബ്ദുല്ലാഹ് ബിൻ അബ്ദിൽ മുഹ്സിൻ അത്തുർക്കി, മുഅസ്സസത്തുർറിസാല, ഒന്നാം പതിപ്പ്, ഹിജ്റ 1424 – ക്രിസ്ത്വബ്ദം 2003, 9. ഇബ്നു ജരീർ തന്റെ തഫ്സീറിൽ ഉദ്ധരിച്ചത്, ഭാഗം 1, പുറം 80, മുഅസ്സസത്തുർറിസാല, ഒന്നാം പതിപ്പ്, ഹിജ്റ 1420 – ക്രിസ്ത്വബ്ദം 2000, തഹ്ഖീഖ്: അഹ്മദ് ശാകിർ, 10. സൂറത്തുസ്സ്വഫ്ഫ് – 2, 3, 11. സൂറത്തുൽ ജുമുഅ – 5, 12. അൽ-ഖത്വീബുൽ ബഗ്ദാദി ഇഖ്തിദാഉൽ ഇൽമി അൽ-അമൽ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത്, പുറം 37, അൽ-മക്തബുൽ ഇസ്ലാമി, ബൈറൂത്ത്, നാലാം പതിപ്പ്, ഹിജ്റ 1397, തഹ്ഖീഖ്: മുഹമ്മദ് നാസ്വിറുദ്ദീൻ അൽ-അൽബാനി, 13. സൂറത്തു യൂസുഫ് – 108, 14. സൂറത്തു ഫുസ്സ്വിലത്ത് – 33, 15. അബൂ ഹുറൈറ റളിയല്ലാഹു അൻഹുവിൽ നിന്ന് മുസ്ലിം: 2674 ആയി ഉദ്ധരിച്ചത്: റസൂലുല്ലാഹി ﷺ പറഞ്ഞു: ആരെങ്കിലും സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അവനെ പിന്തുടർന്നവരുടെ പ്രതിഫലങ്ങൾക്ക് തുല്യമായ പ്രതിഫലം അവനുണ്ടായിരിക്കും; അത് അവരുടെ പ്രതിഫലങ്ങളിൽ നിന്ന് ഒട്ടും തന്നെ കുറയ്ക്കുകയില്ല. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാൽ അവനെ പിന്തുടർന്നവരുടെ പാപങ്ങൾക്ക് തുല്യമായ പാപം അവന്റെ മേലുണ്ടായിരിക്കും; അത് അവരുടെ പാപങ്ങളിൽ നിന്ന് ഒട്ടും തന്നെ കുറയ്ക്കുകയില്ല, 16. ഹുംറുന്നഅം എന്നാൽ ചുവന്ന ഒട്ടകങ്ങൾ; അവ അറബികളുടെ പക്കൽ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായിരുന്നു, 17. ബുഖാരി: 4210, മുസ്ലിം: 2406 എന്നിവയിൽ ഉദ്ധരിച്ചത്, 18. അബ്ദുല്ലാഹ് ബിൻ അംറ് റളിയല്ലാഹു അൻഹുമായുടെ ഹദീസിൽ നിന്ന് ബുഖാരി: 3461 ആയി ഉദ്ധരിച്ചത്, 19. ഹാശിയത്തു കിതാബിത്തൗഹീദ്, പുറം 55, 20. ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാണ്, പിന്നെ അവരെ തുടർന്നുവരുന്നവർ, പിന്നെ അവരെ തുടർന്നുവരുന്നവർ എന്ന പദത്തിൽ അബ്ദുല്ലാഹ് ബിൻ മസ്ഊദ് റളിയല്ലാഹു അൻഹുവിന്റെ ഹദീസിൽ നിന്ന് ബുഖാരി: 2652, മുസ്ലിം: 2533 എന്നിവയിൽ ഉദ്ധരിച്ചത്, 21. ഇബ്നു തൈമിയ്യയുടെ മജ്മൂഉൽ ഫതാവാ, ഭാഗം 11, പുറം 569, ദാറുൽ വഫാഅ്, മൂന്നാം പതിപ്പ്, ഹിജ്റ 1426 – ക്രിസ്ത്വബ്ദം 2005, 22. സൂറത്തുൽ മാഇദ – 3, 23. മജ്മൂഉൽ ഫതാവാ, ഭാഗം 11, പുറം 594, 595, 24. സൂറത്തുദ്ദാരിയാത്ത് – 56, 57, 25. സൂറത്തുന്നഹ്ൽ – 2, 26. സൂറത്തുൽ അമ്പിയാഅ് – 25, 27. സൂറത്തുന്നഹ്ൽ – 36, 28. സൂറത്തുൽ ബഖറ – 21, 29. സൂറത്തുൽ അഅ്റാഫ് – 59, 30. അല്ലാഹു തആല പറഞ്ഞു: വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അക്രമം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവർ ആരോ അവർക്കാണ് നിർഭയത്വമുള്ളത്, അവർ തന്നെയാണ് സന്മാർഗം പ്രാപിച്ചവർ – സൂറത്തുൽ അൻആം – 82, 31. അബൂ ഹുറൈറ റളിയല്ലാഹു അൻഹുവിൽ നിന്ന് ബുഖാരി: 99 ആയി ഉദ്ധരിച്ചത്: അദ്ദേഹം പറഞ്ഞു: ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ഉയിർത്തെഴുന്നേൽപ്പ് നാളിൽ അങ്ങയുടെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യവാനാകുന്ന മനുഷ്യൻ ആരാണ്? റസൂലുല്ലാഹി ﷺ പറഞ്ഞു: അല്ലയോ അബൂ ഹുറൈറ, ഹദീസിനോടുള്ള നിന്റെ അതിയായ താല്പര്യം ഞാൻ കണ്ടതിനാൽ നിന്നേക്കാൾ മുമ്പ് മറ്റൊരാളും എന്നോട് ഈ ഹദീസിനെക്കുറിച്ച് ചോദിക്കുകയില്ലെന്ന് ഞാൻ കരുതിയിരുന്നു; ഉയിർത്തെഴുന്നേൽപ്പ് നാളിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യവാനാകുന്ന മനുഷ്യൻ തന്റെ ഹൃദയത്തിൽ നിന്ന് അല്ലെങ്കിൽ മനസ്സിൽ നിന്ന് നിഷ്കളങ്കമായി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനാകുന്നു, 32. അൽ-ഖൗലുസ്സദീദ് ഫീ മഖാസ്വിദിത്തൗഹീദ്, പുറം 23, 24, പ്രസാധകർ: മജ്മൂഅത്തുത്തുഹഫിന്നഫാഇസിദ്ദൗലിയ്യ, മൂന്നാം പതിപ്പ്, 33. സൂറത്തു ഇബ്രാഹീം – 35, 34. സൂറത്തുന്നജ്മ് – 37, 35. മുഗീറയിൽ നിന്ന് ഇബ്നു ജരീർ തന്റെ തഫ്സീറിൽ ഭാഗം 17, പുറം 5-ൽ ഉദ്ധരിച്ചത്: ഇബ്രാഹീം അത്തൈമി ഉപദേശം നൽകാറുണ്ടായിരുന്നു, തന്റെ ഉപദേശത്തിൽ അദ്ദേഹം പറയുമായിരുന്നു: എന്റെ രക്ഷിതാവേ, എന്നെയും എന്റെ മക്കളെയും വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകറ്റിനിർത്തേണമേ എന്ന് അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം പറയുമ്പോൾ, അദ്ദേഹത്തിന് ശേഷം ആരാണ് പരീക്ഷണത്തെക്കുറിച്ച് നിർഭയനായിരിക്കുക, 36. ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിൽ ഭാഗം 14, പുറം 102, ഹദീസ് സംഖ്യ 6218 ആയും, ഹാകിം അൽ-മുസ്തദ്റകിൽ ഭാഗം 1, പുറം 710, ഹദീസ് സംഖ്യ 1936 ആയും ഉദ്ധരിച്ചത്. അതിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നിന്റെ അടിയാറുകളെല്ലാം ഇത് പറയുന്നുണ്ടല്ലോ. അവൻ പറഞ്ഞു: നീ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക. അദ്ദേഹം പറഞ്ഞു: എനിക്ക് മാത്രമായി നീ പ്രത്യേകമാക്കുന്ന ഒരു കാര്യമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അവൻ പറഞ്ഞു: അല്ലയോ മൂസാ, ഏഴ് ആകാശങ്ങളിലെയും ഏഴ് ഭൂമികളിലെയും നിവാസികൾ ഒരു തട്ടിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മറ്റൊരു തട്ടിലുമായിരുന്നെങ്കിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തട്ട് അവയേക്കാൾ ഭാരം തൂങ്ങുമായിരുന്നു. അൽബാനി ളഈഫുത്തർഗീബി വത്തർഹീബിൽ: 923 ആയി ഇതിനെ ദുർബലപ്പെടുത്തിയിട്ടുണ്ട്, 37. ഇബ്നുൽ ഉസൈമീന്റെ അൽ-ഖൗലുൽ മുഫീദ് അലാ കിതാബിത്തൗഹീദ് കാണുക, പുറം 78 മുതൽ 87 വരെ, ദാറു ഇബ്നിൽ ജൗസി, സൗദി അറേബ്യ, രണ്ടാം പതിപ്പ്, മുഹർറം ഹിജ്റ 1424, 38. സൂറത്തുന്നൂർ – 54, 39. സൂറത്തുൽ അഅ്റാഫ് – 158, 40. സൂറത്തുൽ അഹ്സാബ് – 21, 41. ദാരിമി തന്റെ സുനനിൽ ഭാഗം 1, പുറം 397, ഹദീസ് സംഖ്യ 434, 435 എന്നിവയായി ഉദ്ധരിച്ചത്, 42. സൂറത്തു ആലി ഇംറാൻ – 31, 43. അല്ലാഇകാഈ ഇഅ്തിഖാദു അഹ്ലിസ്സുന്നയിൽ ഭാഗം 1, പുറം 70-ൽ ഉദ്ധരിച്ചത്, ദാറു ത്വയ്യിബ, റിയാദ്, ഹിജ്റ 1402, 44. ഇബ്നു മാജ: 43 ആയി ഉദ്ധരിച്ചത്, അൽബാനി സ്വഹീഹു ഇബ്നി മാജയിൽ: 43 ആയി ഇതിനെ സ്വഹീഹാക്കിയിട്ടുണ്ട്, 45. മുഹമ്മദ് ബിൻ നസ്വ്ർ അൽ-മർവസി അസ്സുന്ന എന്ന ഗ്രന്ഥത്തിൽ പുറം 34-ൽ ഉദ്ധരിച്ചത്, മുഅസ്സസത്തുൽ കുതുബിസ്സഖാഫിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, ഹിജ്റ 1408, 46. നാഫിഇൽ നിന്ന് അബൂ നുഐം അൽ-ഹിൽയയിൽ ഭാഗം 1, പുറം 310-ൽ ഉദ്ധരിച്ചത്: അദ്ദേഹം പറഞ്ഞു: ഇബ്നു ഉമർ റളിയല്ലാഹു തആല അൻഹു നബി ﷺ യുടെ കാൽപ്പാടുകൾ പിന്തുടരുമ്പോൾ നീ അദ്ദേഹത്തിലേക്ക് നോക്കിയിരുന്നെങ്കിൽ ഇതൊരു ഭ്രാന്തനാണ് എന്ന് നീ പറഞ്ഞുപോകുമായിരുന്നു. ആസ്വിം അൽ-അഹ്വൽ തനിക്ക് പറഞ്ഞുതന്ന വ്യക്തിയിൽ നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ യുടെ കാൽപ്പാടുകൾ പിന്തുടരുന്നതിനാൽ ഇബ്നു ഉമറിനെ ആരെങ്കിലും കണ്ടാൽ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വിചാരിക്കുമായിരുന്നു, 47. ദാരിമി തന്റെ സുനനിൽ ഭാഗം 1, പുറം 230, ഹദീസ് സംഖ്യ 97 ആയും അബൂ നുഐം അൽ-ഹിൽയയിൽ ഭാഗം 3, പുറം 369-ലും ഉദ്ധരിച്ചത്, 48. അബൂ ഹുറൈറ റളിയല്ലാഹു അൻഹുവിന്റെ ഹദീസിൽ നിന്ന് ബുഖാരി: 6502 ആയി ഉദ്ധരിച്ചത്, 49. അബൂ ഹുറൈറ റളിയല്ലാഹു അൻഹുവിന്റെ ഹദീസിൽ നിന്ന് അബൂ ദാവൂദ്: 864 ആയി ഉദ്ധരിച്ചത്, അൽബാനി സ്വഹീഹു വളഈഫു സുനനി അബീ ദാവൂദിൽ ഇതിനെ സ്വഹീഹാക്കിയിട്ടുണ്ട്, 50. അബൂ ദാവൂദ്: 4341 ആയി ഉദ്ധരിച്ചത്, അൽബാനി സ്വഹീഹു വളഈഫു സുനനി അബീ ദാവൂദിൽ ഇതിനെ സ്വഹീഹാക്കിയിട്ടുണ്ട്, 51. അനസ് ബിൻ മാലിക് റളിയല്ലാഹു അൻഹുവിന്റെ ഹദീസിൽ നിന്ന് ബുഖാരി: 5063, മുസ്ലിം: 1401 എന്നിവയിൽ ഉദ്ധരിച്ചത്, 52. അൽ-ബൂഹൂത്തിയുടെ അർറൗളുൽ മുർബിഅ് കാണുക, പുറം 84, ദാറുൽ ഫിക്ർ ലിത്ത്വിബാഅത്തി വന്നശ്ർ, ബൈറൂത്ത്, 53. മജ്മൂഉൽ ഫതാവാ, ഭാഗം 11, പുറം 514, 54. അബൂ മാലിക് അൽ-അശ്അരി റളിയല്ലാഹു അൻഹുവിന്റെ ഹദീസിൽ നിന്ന് അഹ്മദ് തന്റെ മുസ്നദിൽ ഭാഗം 37, പുറം 543, ഹദീസ് സംഖ്യ 22910 ആയി ഉദ്ധരിച്ചത്, അൽബാനി സ്വഹീഹുൽ ജാമിഇൽ: 2604 ആയി ഇതിനെ സ്വഹീഹാക്കിയിട്ടുണ്ട്, 55. ശൈഖ് ബക്ർ ബിൻ അബ്ദില്ലാഹ് അബൂ സൈദിന്റെ ഹുക്മുൽ ഇന്തിമാഇ ഇലൽ ഫിറഖി വൽ അഹ്സാബി വൽ ജമാആത്തിൽ ഇസ്ലാമിയ്യ കാണുക, പുറം 31 മുതൽ 33 വരെ, 56. ദാരിമി തന്റെ സുനനിൽ ഭാഗം 1, പുറം 315, ഹദീസ് സംഖ്യ 257 ആയി ഉദ്ധരിച്ചത്, 57. ഹുക്മുൽ ഇന്തിമാഇ ഇലൽ ഫിറഖി വൽ അഹ്സാബി വൽ ജമാആത്തിൽ ഇസ്ലാമിയ്യ, പുറം 46, 58. ശൈഖ് അബ്ദുസ്സലാം ബിൻ ബർജസ് റഹിമഹുല്ലാഹിക്ക് ഈ വിഷയത്തിൽ അതുല്യമായ മൂന്ന് ഗ്രന്ഥങ്ങളുണ്ട്; മുആമലത്തുൽ ഹുക്കാമി ഫീ ളൗഇൽ കിതാബി വസ്സുന്ന, അഖീദത്തു അഹ്ലിൽ ഇസ്ലാമി ഫീമാ യജിബു ലിൽഇമാം, അൽ-അംറു ബിലുസൂമി ജമാഅത്തിൽ മുസ്ലിമീന വഇമാമിഹിം വത്തഹ്ദീറു മിൻ മുഫാറഖത്തിഹിം എന്നിവയാണവ, 59. ചെറിയ സംഗ്രഹത്തോടെ അദ്ദുററുസ്സനിയ്യ ഫിൽ അജ്വിബത്തിന്നജ്ദിയ്യ കാണുക, ഭാഗം 8, പുറം 377 മുതൽ 380 വരെ, ആറാം പതിപ്പ്, ഹിജ്റ 1417 – ക്രിസ്ത്വബ്ദം 1996, 60. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 444-ൽ ഉദ്ധരിച്ചത്, ദാറുർറായ ലിന്നശ്രി വത്തൗസീഅ്, റിയാദ്, 61. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 446-ൽ ഉദ്ധരിച്ചത്, 62. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 446-ൽ ഉദ്ധരിച്ചത്, 63. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 447-ൽ ഉദ്ധരിച്ചത്, 64. സൂറത്തു ആലി ഇംറാൻ – 118, 65. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 456-ൽ ഉദ്ധരിച്ചത്, 66. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 459-ൽ ഉദ്ധരിച്ചത്, 67. അതായത്: ചെണ്ടക്കാരൻ – അബ്ദുസ്സലാം ബിൻ ബർജസ്, 68. ഇബ്നു ബത്വ അൽ-ഇബാനയിൽ ഭാഗം 2, പുറം 469-ൽ ഉദ്ധരിച്ചത്, 69. അൽ-ഇബാന, ഭാഗം 2, പുറം 470, 70. താരീഖു മദീനത്തി ദിമശ്ഖ്, ഭാഗം 5, പുറം 118, 71. സൂറത്തുൽ അഹ്സാബ് – 36, 72. സൂറത്തുന്നൂർ – 51 മുതൽ 54 വരെ, 73. ജാബിർ ബിൻ അബ്ദില്ലാഹ് റളിയല്ലാഹു അൻഹുമായുടെ ഹദീസിൽ നിന്ന് മുസ്ലിം: 1218 ആയി ഉദ്ധരിച്ചത്, 74. ഹാകിം അൽ-മുസ്തദ്റകിൽ ഭാഗം 1, പുറം 172, ഹദീസ് സംഖ്യ 319 ആയി ഉദ്ധരിച്ചത്, അൽബാനി സ്വഹീഹുൽ ജാമിഇൽ: 5248 ആയി ഇതിനെ സ്വഹീഹാക്കിയിട്ടുണ്ട്, 75. സൂറത്തു ത്വാഹാ – 123, 76. ഇബ്നു ജരീർ തന്റെ തഫ്സീറിൽ ഭാഗം 18, പുറം 389-ൽ ഉദ്ധരിച്ചത്, 77. സൂറത്തുൽ അഹ്സാബ് – 58, 78. എല്ലാ അവസ്ഥകളിലും ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കാതിരിക്കുന്നതിൽ നിന്ന് ഉടലെടുക്കുന്ന മോശമായ കാര്യങ്ങളിലേക്കാണ് അദ്ദേഹം സൂചിപ്പിക്കുന്നത് – അബ്ദുസ്സലാം ബിൻ ബർജസ്, 79. ഇബ്നുൽ ഖയ്യിമിന്റെ അൽ-ഫവാഇദ്, പുറം 48, 49, ദാറുൽ കുതുബിൽ ഇൽമിയ്യ, ബൈറൂത്ത്, രണ്ടാം പതിപ്പ്, ഹിജ്റ 1393 – ക്രിസ്ത്വബ്ദം 1973, 80. സൂറത്തുൽ ബഖറ – 284, 81. സൂറത്തുൽ ബഖറ – 286, 82. അബൂ ഹുറൈറ റളിയല്ലാഹു അൻഹുവിന്റെ ഹദീസിൽ നിന്ന് മുസ്ലിം: 125 ആയി ഉദ്ധരിച്ചത്.