അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റ ഏറ്റവും വലിയ പ്രത്യേകതയാണ് മധ്യമമായ നിലപാട് സ്വീകരികൽ. മധ്യമമായ നിലപാടിലാണ് ദീനിൻ്റെ നിലനിൽപ്പും അന്തസത്തയും നിലകൊള്ളുന്നത്. മധ്യമ നിലപാടിൽ നിന്ന് തെറ്റിക്കഴിഞ്ഞാൽ അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ പരിശുദ്ധ മാർഗത്തിൽ നിന്ന് വഴിമാറി അഹ്ലുൽ ബിദഇൻ്റെ അവിശുദ്ധമാർഗത്തിലാണ് പ്രവേശിക്കുക.
അറിവന്വേഷിക്കലും അതിനനുസൃതമായി പ്രബോധനം ചെയ്യലും അഹ്ലുസ്സുന്നയുടെ മറ്റൊരു വ്യതിരിക്തതയാണ്. എന്നാൽ അറിവന്വേഷിക്കുന്നിടത്ത് പഠിപ്പിക്കപ്പെട്ട ഉസൂലുകൾ പാലിക്കപ്പെടുകയും വേണം. അതിൽ പ്രധാനപ്പെട്ടതാണ് ആരിൽ നിന്നാണ് നമ്മൾ അറിവ് സ്വീകരിക്കുന്നത് എന്നത് ശ്രദ്ധിക്കണം എന്ന് പറയുന്നത്. ഇമാം ഇബ്നു സീരിൻ (റ) പറയുന്നു :
وَقَدْ قَالَ الْإِمَامُ ابْنُ سِيرِينَ رَحِمَهُ اللَّهُ : إِنَّ هَذَا الْعِلْمَ دِينٌ، فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ1
അറിവ് സ്വീകരിക്കുന്ന സ്രോതസ്സുകൾ അറിവിനേക്കാളും പ്രധാനമെന്ന് ചുരുക്കം, എന്നാൽ ആധുനിക സ്വയം പ്രഖ്യാപിത ഗവേഷകർ ഇസ്ലാമിൻ്റെ ഉസൂലുകളെയും ഇജ്മാഉകളെയും തകർത്ത് തരിപ്പണമാക്കുന്ന ആശയങ്ങളാണ് ഒരു സങ്കോചവുമില്ലാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അല്ലാഹു നമ്മെ ദീനിൽ ഉറപ്പിച്ച് നിർത്തട്ടെ.
പുതുപൊന്നാനിക്കാരൻ്റെ പുതിയ ആശയങ്ങളും പഠനങ്ങളുമെല്ലാം എവിടെ നിന്നാണ് ???
എന്താണ് അതിൻ്റെ സ്രോതസ്സ് ???
ഇത് ആരിൽ നിന്ന് കടമെടുത്തതാണ് ??? എന്താണ് ഇതിൻ്റെ നിലവിലുള്ള അവസ്ഥ ???
എന്തായിരിക്കും ഇതിൻ്റെ പര്യവസാനം ??? എന്നിങ്ങനെയുള്ള വിശദാംശങ്ങൾ പരിശോധിച്ച് നോക്കാം.
ആരാണ് നാസ്വിബിയാക്കൾ ?
അലി (റ) നോടും അഹ്ലുൽ ബൈത്തിനോടും കോപം വെച്ച് പുലർത്തുന്ന ഖാരിജി സ്വഭാവമുള്ള വിഭാഗം. ഉമവികളുടെ ഇഷ്ടം പിടിച്ച് പറ്റി ഭരണത്തിൽ കയറാൻ വേണ്ടിയാണ് ഇങ്ങനെ ഒരാദർശം രൂപീകരിക്കപ്പെട്ടത്.
റാഫിദികളെ പോലെ വലിയ വേരോട്ടമെന്നും ഇവർക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല
ആധുനിക നാസ്വിബിയത്തിന് വിത്ത് പാകിയ വ്യക്തി :
ഹിജ്റ 1438, 2017 ൽ ത്വാഹാ അദ്ദുലൈമി എന്ന് പറയുന്ന വ്യക്തിയിലൂടെയാണ് ആധുനിക നാസ്വിബിയത്തിൻ്റെ വേരുകൾ പുനർജീവിക്കുന്നത്.
എല്ലാ ബിദഈ നേതാക്കന്മാരുടെയും അവസ്ഥ പോലെ തന്നെയാണ് ഇദ്ദേഹത്തിൻ്റെയും. പണ്ഡിതനോ വിജ്ഞാനം കൊണ്ട് അറിയപ്പെട്ട വ്യക്തിയോ അല്ല. മറിച്ച് സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ഒരു ഡോക്ടർ മാത്രമാണ്.
അറബ് ലോകത്തിന് ത്വാഹാ അദ്ദുലൈമി പരിചിതനാകുന്നത് ഹിജ്റ 1424-ൽ (എ.ഡി 2003) ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിന് ശേഷമാണ്. ശിയാ വിഭാഗത്തിന് മറുപടി നൽകുന്ന സംവാദകൻ്റെ വേഷത്തിലാണ് കടന്ന് വരവും പിന്നീട് അറിയപ്പെടുന്നതും. പക്ഷേ സംവാദകൻ എന്ന നിലയിൽ അദ്ദേഹം പരാജയമായിരുന്നു, അറിവില്ലായ്മയും, വൈകാരികതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ സംസാരം.
ഈ വിഭാഗം ആരംഭിച്ചത് അലി (റ) വിൻ്റെ സ്ഥാനം കുറച്ച് കൊണ്ടാണ്, പിന്നീട് അലി (റ) നെക്കുറിച്ച് ഉദ്ധരിക്കപ്പെട്ട ശ്രേഷ്ഠതകളിൽ സംശയം ജനിപ്പിക്കുകയും, ശേഷം ചരിത്ര യാഥാർഥ്യങ്ങളും വസ്തുതകളെയും വളച്ചൊടിച്ച് അവസാനം അലി (റ) ആക്ഷേപിക്കുകയും ചെയ്തു. ഇതാണ് നീതിയുടെ പക്ഷം എന്ന് പറഞ്ഞ് നാസ്വിബിയത്തിന് ആരംഭമിട്ടു.
ദുലൈമിയെ നാസ്വിബിയത്തിലേക്ക് എത്തിച്ചത് :
3 വിഷയങ്ങളിലുള്ള അതിതീവ്രമായ നിലപാടുകളാണ് ഇദ്ദേഹത്തെ നാസ്വിബിയത്തിലേക്ക് നയിച്ചത്.
1. ശിയാക്കളോടുള്ള അന്ധമായ വിരോധം : അദ്ദേഹത്തിൻ്റെ ജന്മ നാടായ ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിന് ശേഷം സുന്നികൾക്ക് നേരെ ശിയാക്കൾ നടത്തിയ ക്രൂരതകളോടുള്ള പ്രതികരണത്തിൽ നിന്നാണ് അവരോടുള്ള അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് ഉടലെടുക്കുന്നത്.
2. ബനൂ ഉമയ്യയോടുള്ള അമിതമായ പക്ഷപാതിത്വം.
3. പേർഷ്യക്കാരോടുള്ള അന്ധമായ വിരോധം.
തീവ്രമായ നിലപാടുകളുടെ പരിണിതഫലങ്ങൾ
1. സ്വഹാബത്തിൻ്റെ വിഷയത്തിലും വിശിഷ്യാ ഫിത്നയുടെ കാലഘട്ടത്തിലും അഹ്ലുസ്സുന്ന സ്വീകരിച്ച നിലപാടിനെ കൈയൊഴിഞ്ഞു
2. യഥാർഥ ചരിത്ര പഠനങ്ങളെയും, സ്വഹീഹായ ഹദീഥുകളെയും നിരാകരിച്ചു. തുടർന്ന് ഹദീഥ് പണ്ഡിതന്മാരെ വില കുറച്ചു കാണിച്ചു, ഇതെല്ലാം ഉമവികളോടുള്ള അമിതമായ പക്ഷപാതിത്വം കാരണം മാത്രമാണ്.
3. അഹ്ലുസ്സുന്നയിലെ ധാരാളം ഇമാമുമാർക്കെതിരെയുള്ള ശീഈ ആരോപണം.
ദുലൈമിയുടെ ആശയത്തിൽ ആകൃഷ്ടരായ രണ്ട് വിഭാഗങ്ങൾ
1. ഇറാഖ്, സിറിയ, യെമൻ, ലെബനൻ എന്നിവിടങ്ങളിലെ ശീഈ അക്രമത്തിനും കടുത്ത അനീതികൾക്കും വിധേയരായ ആളുകളുടെ മനസ്സിൽ അലി (റ) നോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള വിരോധം വളരുകയും, ദുലൈമിയുടെ വാക്കുകൾ അവർക്കൊരു ആശ്വാസവും അതേസമയം പ്രതികാരത്തിനുള്ള വഴിയുമായി മാറി.
2. അവർ ഉന്നയിച്ച സംശയങ്ങളിൽ കുടുങ്ങിപ്പോയ ആളുകൾ. ( ഇത് വളരെ വിരളമാണ് )
വൈജ്ഞാനികപരമായി വളർന്ന് വന്ന വിഭാഗമല്ല ആധുനിക നാസ്വിബിയത്ത് മറിച്ച് മാനസികമായി അവർ നേരിട്ട പ്രയാസങ്ങൾക്ക് പോംവഴി കണ്ടെത്തിയതാണ്.
നാസ്വിബിയത്തിൽ മാത്രം ഒതുങ്ങുന്നതാണോ ദുലൈമിയുടെ ആദർശം ?
ഒരിക്കലുമല്ല, 2014 ൽ ഒരു ചാനലിൽ ആധുനിക ഖവാരിജുകളായ ദാഇശിനെ പുകഴ്ത്തുകയും അത് മൂലം മറ്റു അറബ് രാജ്യങ്ങൾ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. മറ്റുള്ള ചാനലുകളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ്, അദ്ദേഹത്തിൻ്റെ വിഷലിപ്തമായ മറ്റ് ആശയങ്ങൾ അദ്ദേഹത്തിൻ്റെ തന്നെ സ്വതന്ത്രമായ ചാനലിലൂടെ പുറത്തുവരുന്നത്.
ചാനലിലൂടെ ഇദ്ദേഹം പ്രചരിപ്പിച്ച അപകടകരമായ പ്രധാന വിഷയങ്ങൾ
1. നാസ്വിബിയത്ത്
2. റാഫിദിയത്ത് ( സ്വഹാബികളേയും, സ്വഹീഹായ ഹദീഥുകളേയും, സ്വഹീഹുൽ ബുഖാരി, മുസ്ലിം എന്നിവയേയും ആക്ഷേപിക്കുക)
3. മുഹ്തസലിയത്തും, ജഹ്മിയത്തും : മഹ്ദിയുടെയും ഈസ നബിയുടെയും വരവിനെ നിഷേധിക്കുന്നു
4. ഹദീഥ് നിഷേധം
ദുലൈമിയുടെ രോഗത്തിന് ശേഷം സംഭവിച്ചത്
അദ്ദേഹം രോഗബാധിതനാവുകയും രംഗത്തുനിന്ന് പിന്മാറുകയും ചെയ്തതോടെ വളരെ പെട്ടെന്ന് തന്നെ അവർ വ്യത്യസ്ത ആശയങ്ങളുള്ള സങ്കര വിഭാഗങ്ങളായി മാറുകയും, അവരിലെ ഓരോ ആളുകളും തന്നിഷ്ടപ്രകാരം ആശയങ്ങൾ രൂപീകരിക്കുകയും ചെയ്തു. അതിനുള്ള കാരണം :
ഒന്ന് : ഇവരിൽ പണ്ഡിതന്മാരില്ല.
രണ്ട് : ഇവരുടേത് ശരിയായ പഠന രീതിയല്ല.
മൂന്ന് : ഇവർക്ക് നല്ല സംസ്കരണമോ ശിക്ഷണമോ ഇല്ല.
ദുലൈമിയുടെ ശിഷ്യഗണങ്ങൾ
1. മുഹമ്മദ് അൽ മക്കി
2. സാബിർ മശ്ഹൂർ
3. വിസാം അൽ-അദ്മ
4. ഇബ്രാഹിം ബൽഹമർ
5. ശംസാൻ അൽ-ജാബി
6. X ലുള്ള ചില അറിയപ്പെടാത്ത പ്രൊഫൈലുകൾ
നാസ്വിബിയത്ത് ഇപ്പോൾ എത്തി നിൽക്കുന്നത്
ദുലൈമി സ്ഥാപിച്ച വിഭാഗം തകർന്നു വീണു.
അതിന് പകരം ഒരു സങ്കര ബാത്വിനി-ഖവാരിജ് വിഭാഗം ജന്മമെടുത്തു. അലി (റ) നെ ആക്ഷേപിച്ച് തുടങ്ങി, സ്വഹീഹും മുത്തവാതിറുമായ ഹദീഥുകളെ നിഷേധിച്ച്, ശേഷം അഹ്ലുസ്സുന്നയുടെ മുൻനിരയിലുള്ള പണ്ഡിതന്മാരെ ഇകഴ്ത്തി, ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥ വെച്ചുനോക്കുമ്പോൾ ഇവരുടെ അവസാനം നിരീശ്വരവാദത്തിലേക്കായിരിക്കാം.
തകർച്ചയുടെ കാരണങ്ങൽ
1. അറിവില്ലായ്മ : അവരുടെ കൂട്ടത്തിൽ അറിയപ്പെട്ട ഒരു പണ്ഡിതനോ വിദ്യാർത്ഥിയോ ഇല്ല
2. അന്ധമായ പക്ഷപാതിത്വം
3. അവലംബമില്ലായ്മ : സലഫുകളിലേക്കല്ല അവർ മടങ്ങുന്നത് മറിച്ച് അജ്ഞാതമായ ചില അക്കൗണ്ടുകളിലേക്കാണ്.
ഏതൊരു ഫിത്നയുടെ കാലഘട്ടത്തിലും അഹ്ലുസ്സുന്നയുടെ അവലംബം വിശുദ്ധ ഖുർആനും തിരുസുന്നത്തും മൻഹജുസ്സലഫുമാണ്. അണപ്പല്ലുകൊണ്ട് വിടാതെ മുറുകെ പിടിക്കുക. സത്യസന്ധത കാത്ത് സൂക്ഷിക്കുക. റബ്ബിനോട് നിരന്തരം ഇസ്തികാമത്തിൻ വേണ്ടി തേടുക.
اللَّهُمَّ يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قُلُوبَنَا عَلَى دِينِكَ
- المصدر: أخرجه مسلم في مقدمة صحيحه (1/16)، والدارمي (424)، عن محمد بن سيرين رحمه الله. ↩︎