ഡോ. സുറൂർ ബ്നു മുദക്കിർ അൽ-അജമി
ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ വലിയൊരു ഗുണപാഠം നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിന്റെ റസൂലിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മുഴുവൻ സ്വഹാബികളുടെയും മേൽ രക്ഷയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
ചരിത്രപഠനം ആരംഭിക്കുന്നതിന് മുമ്പായി ഒരു കാര്യം ഉണർത്തട്ടെ; ഈ പരമ്പരയുടെ രചയിതാവായ അബൂ അബ്ദിറഹ്മാൻ സുറൂർ ബ്നു മുദക്കിർ അൽ-അജമി ഒരു വലിയ പണ്ഡിതനോ ശൈഖോ അല്ല. മറിച്ച്, അല്ലാഹുവിനെ ഓർക്കാനും പരസ്പരം ഗുണദോഷിക്കാനും വേണ്ടി ഒരുമിച്ചിരിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ്. പൂർവ്വീകർക്ക് സംഭവിച്ച കാര്യങ്ങളും, ഒട്ടേറെ കടന്നുകയറ്റങ്ങൾ സംഭവിച്ചതും ജനങ്ങളിൽ ഭൂരിഭാഗവും അജ്ഞരുമായ ഈ ചരിത്രസംഭവങ്ങളുമാണ് ഇതിലൂടെ വിശകലനം ചെയ്യുന്നത്. നബി ﷺ യുടെ കാലഘട്ടം മുതൽ ഇന്നുവരെയുള്ള യഥാർത്ഥ ചരിത്രം മനസ്സിലാക്കുന്നതിന് വേണ്ടി ശരിയായ കാര്യങ്ങൾ മാത്രം ഈ ചരിത്രത്തിൽ നിന്ന് വേർതിരിച്ചെടുത്ത് പഠിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ചരിത്രം പഠിക്കുന്നതിനും വായിക്കുന്നതിനും അതിനെക്കുറിച്ച് സംസാരിക്കുന്നതിനും വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ആവശ്യമാണെന്ന് പ്രത്യേകം ഊന്നിപ്പറയേണ്ടതുണ്ട്. ചരിത്രപഠനം എന്താണ് ആവശ്യപ്പെടുന്നത്? ഒന്നാമതായി, വിവരങ്ങൾ കൈമാറുന്നതിലെ വിശ്വസ്തത (الأمانة في النقل). സംഭവങ്ങൾ വിശദീകരിക്കുമ്പോൾ അത് സത്യസന്ധമായി കൈമാറാൻ ശ്രദ്ധിക്കുക. രണ്ടാമതായി, വ്യക്തികൾക്കും സംഭവങ്ങൾക്കും മേൽ വിധികൽപ്പിക്കുന്നതിലെ നീതി (العدل في الحكم). ചരിത്രം പഠിക്കുന്ന ഒരാളുടെ ഏറ്റവും വലിയ പ്രത്യേകത വിവരങ്ങൾ കൈമാറുന്നതിൽ അവൻ വിശ്വസ്തനും വിധികൽപ്പിക്കുന്നതിൽ നീതിമാനുമായിരിക്കുക എന്നതാണ്.
ചരിത്രം എങ്ങനെ ആരംഭിച്ചുവെന്ന് കഴിഞ്ഞ അധ്യായത്തിൽ ആമുഖമെന്ന നിലയിൽ വിശദീകരിച്ചിരുന്നു. ഹിറാ ഗുഹയിൽ റസൂൽ ﷺ ക്ക് വഹ്യ് അവതരിച്ചത് മുതൽ, അല്ലാഹുവിന്റെ വഹ്യ് മുഖേന പിൻബലം നൽകപ്പെട്ട പ്രവാചകത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് അത് കടന്നുപോയത്. പിന്നീട് സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തിന്റെ തുടക്കം; അബൂബക്കർ, ഉമർ, ഉസ്മാൻ, ശേഷം അലി رَضِيَ اللَّهُ عَنْهُمْ. തുടർന്ന് ഖിലാഫത്തിന്റെ അവസാന കാലത്ത് ഹസൻ ബ്നു അലി رَضِيَ اللَّهُ عَنْهُ വിന്റെ അവസ്ഥ എന്തായിരുന്നുവെന്നും, അദ്ദേഹം മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന് ഖിലാഫത്ത് കൈമാറിയ കാര്യങ്ങളും അവിടെ വിശദീകരിച്ചു. ഈ അധികാര കൈമാറ്റത്തിൽ നിന്നാണ് ഉമയ്യദ് ഭരണകൂടം ആരംഭിക്കുന്നത്. അവരെക്കുറിച്ചും അവരുടെ ഖലീഫമാരെക്കുറിച്ചും അവിടെ നടന്ന സംഭവവികാസങ്ങളെക്കുറിച്ചുമാണ് ഇവിടെ വിശദീകരിക്കുന്നത്.
ഹിജ്റ 41-ൽ മുആവിയ رَضِيَ اللَّهُ عَنْهُ ഖിലാഫത്ത് ഏറ്റെടുത്തു. ഹസൻ رَضِيَ اللَّهُ عَنْهُ ഖിലാഫത്തിൽ നിന്ന് പിന്മാറി അധികാരം കൈമാറിയതിന് ശേഷമായിരുന്നു അത്. അങ്ങനെ അവിടെ സന്നിഹിതരായിരുന്ന എല്ലാവരുടെയും, ജീവിച്ചിരുന്ന മുഴുവൻ സ്വഹാബികളുടെയും رَضِيَ اللَّهُ عَنْهُمْ ഏകോപിച്ച അഭിപ്രായപ്രകാരം മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്ത് അംഗീകരിക്കപ്പെട്ടു. ഹിജ്റ 41 മുതൽ 60 വരെയുള്ള 20 വർഷക്കാലം അദ്ദേഹം ഭരണത്തിലിരുന്നു. ഇതൊന്ന് ചിന്തിച്ചുനോക്കുക: അദ്ദേഹം ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് 20 വർഷക്കാലം ശാമിന്റെ ഗവർണറായിരുന്നു (അമീറായിരുന്നു). ഉമറുൽ ഫാറൂഖ് رَضِيَ اللَّهُ عَنْهُ ആണ് അദ്ദേഹത്തിന്റെ സഹോദരനായ യസീദ് ബ്നു അബീസുഫ്യാന് ശേഷം അദ്ദേഹത്തെ ആ സ്ഥാനത്ത് ആദ്യമായി നിയമിച്ചത്. പിന്നീട് മൂന്നാമത്തെ ഖലീഫ ഉസ്മാൻ ബ്നു അഫ്ഫാനും ഖിലാഫത്ത് കാലഘട്ടത്തിൽ അദ്ദേഹത്തെ ശാമിന്റെ ഗവർണറായി നിലനിർത്തി.
മുസ്ലീങ്ങളുടെ ആദ്യത്തെ രാജാവും അവരിൽ വെച്ച് ഏറ്റവും ശ്രേഷ്ഠനുമായ ഈ ഖലീഫയുടെ ഭരണനേട്ടങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ശാമിൽ ഗവർണറായി നിയമിക്കപ്പെട്ടതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇസ്ലാമിക നാവികസേന (أسطول حربي) രൂപീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇത് അറബികൾക്കോ മുസ്ലീങ്ങൾക്കോ അവരുടെ തുടക്കത്തിൽ തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു. മുആവിയ رَضِيَ اللَّهُ عَنْهُ ഈ നാവികസേനയെക്കുറിച്ച് ചിന്തിക്കാൻ കാരണമുണ്ട്; പണ്ട് റോമൻ സമുദ്രം എന്നറിയപ്പെട്ടിരുന്ന മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരങ്ങളിൽ റോമക്കാർ തങ്ങളുടെ നാവികസേനയെ വിന്യസിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടു. സമുദ്രത്തിലും അതിലൂടെയുള്ള കച്ചവടങ്ങളിലും കടന്നുപോകുന്ന സംഘങ്ങളിലുമെല്ലാം അവർ ആധിപത്യം സ്ഥാപിച്ചിരുന്നു. മുസ്ലീങ്ങളുടെ ഭൂമിക്കും സമുദ്രതീരങ്ങൾക്കും കാവൽ നിൽക്കുന്ന ഒരു ഇസ്ലാമിക നാവികസേന നിർമ്മിക്കാതെ ബൈസന്റൈൻ റോമക്കാരെ തളർത്താനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്ന് മുആവിയ رَضِيَ اللَّهُ عَنْهُ മനസ്സിലാക്കി.
അദ്ദേഹം ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ വിന് കത്തെഴുതി. എന്നാൽ ഫാറൂഖ് رَضِيَ اللَّهُ عَنْهُ തിടുക്കം കാണിച്ചില്ല. കാരണം, യാതൊരു അപകടങ്ങളോ ദുരന്തങ്ങളോ ഇല്ലാതെ സൈന്യത്തിന് വിജയം നേടാൻ സാധിക്കുമെന്ന് പൂർണ്ണബോധ്യമുള്ള കാര്യങ്ങളിൽ മാത്രമേ അദ്ദേഹം സൈന്യത്തെ അയക്കാൻ തയ്യാറായിരുന്നുള്ളൂ. മുആവിയ നിർദ്ദേശിച്ച നാവികസേനയെക്കുറിച്ച് അദ്ദേഹം ചില സ്വഹാബികളോട് കൂടിയാലോചിച്ചു. ഈ സമുദ്രം ബുദ്ധിയെ ഭ്രമിപ്പിക്കുന്നതാണെന്നും അതിൽ സഞ്ചരിക്കുന്നവരിൽ അത് ഭയം ജനിപ്പിക്കുമെന്നും അംറ് ബ്നുൽ ആസ് رَضِيَ اللَّهُ عَنْهُ ഉപദേശിച്ചപ്പോൾ, മുസ്ലീങ്ങളെ ഈ സമുദ്രത്തിലേക്ക് അയക്കാൻ അമീറുൽ മുഅ്മിനീൻ ഫാറൂഖ് رَضِيَ اللَّهُ عَنْهُ വിന് ഭയം തോന്നി. അങ്ങനെ അദ്ദേഹം ആ നിർദ്ദേശം നിരസിക്കുകയും, അത്തരമൊന്ന് നിർമ്മിക്കരുതെന്നും സമുദ്രത്തിൽ പ്രവേശിക്കരുതെന്നും മുആവിയയെ അറിയിക്കുകയും ചെയ്തു.
പിന്നീട് ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെ കാലഘട്ടം വന്നപ്പോൾ മുആവിയ ബ്നു അബീസുഫ്യാൻ വീണ്ടും അദ്ദേഹത്തിന് കത്തെഴുതി. കരയിലും കടലിലും ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി റോമൻ സമുദ്രം എന്നറിയപ്പെട്ടിരുന്ന സമുദ്രത്തിൽ ഈ നാവികസേനയെയും കപ്പലുകളെയും ഇറക്കുന്നതിന്റെ ആവശ്യകത ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിനെ അദ്ദേഹം ബോധ്യപ്പെടുത്തി. ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന് അത് ബോധ്യപ്പെടുകയും അദ്ദേഹം മുആവിയയോട് ഇപ്രകാരം പറയുകയും ചെയ്തു: “എന്നാൽ കടലിലൂടെ സഞ്ചരിക്കാൻ ഒരു മുസ്ലീമിനെയും താങ്കൾ നിർബന്ധിക്കരുത്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകുക. ഈ നാവികസേനയോടൊപ്പം സമുദ്രത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ചെയ്യട്ടെ. അല്ലാത്തവരെ താങ്കൾ അതിനായി നിർബന്ധിക്കരുത്.” അങ്ങനെ ആ നാവികസേനയും കപ്പലുകളും നിർമ്മിക്കപ്പെട്ടു. ജിഹാദിന്റെ പതാക ഉയർത്തപ്പെടുകയും മുസ്ലീങ്ങൾ സമുദ്രത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. റോമക്കാർ ആധിപത്യം സ്ഥാപിച്ചിരുന്ന സൈപ്രസ് എന്ന രാജ്യം കീഴടക്കിയ പ്രസിദ്ധമായ യുദ്ധം അവിടെവെച്ച് നടന്നു. ആ കപ്പലുകൾ യാത്രതിരിച്ച് സൈപ്രസിൽ പ്രവേശിച്ചപ്പോൾ, ആ സംഘത്തിൽ ശദ്ദാദ് ബ്നു ഔസ്, അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُمَا തുടങ്ങിയ സ്വഹാബികളുണ്ടായിരുന്നു. അതുപോലെ ഉബാദ ബ്നു സാമിത്തും, അദ്ദേഹത്തിന്റെ ഭാര്യയും മഹതിയായ സ്വഹാബിയുമായ ഉമ്മു ഹറാം ബിൻത് മിൽഹാനും رَضِيَ اللَّهُ عَنْهُمَا അതിലുണ്ടായിരുന്നു.
ഉമ്മു ഹറാം ബിൻത് മിൽഹാനുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. നബി ﷺ അവരുടെ വീട്ടിൽ വരികയും അവിടെ ഇരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അങ്ങനെ ഒരു ദിവസം അല്ലാഹുവിന്റെ റസൂൽ ﷺ ഉബാദ ബ്നു സാമിത്തിന്റെയും സ്വഹാബിയായ ഉമ്മു ഹറാമിന്റെയും അടുക്കൽ വന്നു. സ്വഹീഹായ ഗ്രന്ഥങ്ങളിലും ചില സുനനുകളിലും വന്നിട്ടുള്ളതുപോലെ നബി ﷺ അവിടെവെച്ച് ഉറങ്ങുകയും, തുടർന്ന് ചിരിച്ചുകൊണ്ട് ഉണരുകയും ചെയ്തു. ഉമ്മു ഹറാം ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, താങ്കൾ എന്തിനാണ് ചിരിക്കുന്നത്?” നബി ﷺ പറഞ്ഞു:
رَأَيْتُ أُنَاسًا مِنْ أُمَّتِي يَجُوبُونَ هَذَا الْبَحْرَ كَأَنَّهُمُ الْمُلُوكُ عَلَى الْأَسِرَّةِ
‘എന്റെ സമുദായത്തിൽപ്പെട്ട ആളുകൾ കട്ടിലുകളിൽ ഇരിക്കുന്ന രാജാക്കന്മാരെപ്പോലെ ഈ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് ഞാൻ കണ്ടു.’¹
പ്രവാചകന്മാരുടെ സ്വപ്നം സത്യമാണെന്ന് അറിയാമായിരുന്ന ഉമ്മുഹറാം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എന്നെയും അവരിൽ ഉൾപ്പെടുത്താൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.” നബി ﷺ പറഞ്ഞു: “നീ അവരിൽ പെട്ടവളാണ്.” പിന്നീട് നബി ﷺ വീണ്ടും ഉറങ്ങുകയും ഇതേ സ്വപ്നം കാണുകയും ചെയ്തു. അപ്പോൾ ഉമ്മുഹറാം വീണ്ടും ആവശ്യപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേ, എന്നെയും അവരിൽ ഉൾപ്പെടുത്താൻ പ്രാർത്ഥിച്ചാലും.” നബി ﷺ പറഞ്ഞു: “നീ അവരിൽ ആദ്യത്തെ സംഘത്തിൽ പെട്ടവളാണ്.”
പിന്നീട് മുആവിയ ബ്നു അബീസുഫ്യാന്റെ ഭരണകാലത്ത് അവർ സൈപ്രസിലേക്ക് പ്രവേശിക്കുകയും ആ വലിയ ദ്വീപ് കീഴടക്കുകയും ചെയ്തപ്പോൾ, സുബ്ഹാനല്ലാഹ്, ഉമ്മു ഹറാം ഒരു കോവർകഴുതയുടെ പുറത്ത് കയറുകയും അതിൽ നിന്ന് താഴെവീണ് കഴുത്തൊടിഞ്ഞ് മരണപ്പെടുകയും ചെയ്തു رَضِيَ اللَّهُ عَنْهَا. ഉമ്മു ഹറാം ബിൻത് മിൽഹാന്റെ ഖബർ ഇന്നും സൈപ്രസിലാണുള്ളത്. ഹിജ്റ 28-ൽ നടന്ന ഈ യുദ്ധവും വിജയവും മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണനേട്ടങ്ങളിൽ പെട്ടതാണ്.
അത് മാത്രമല്ല, ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണത്തിന്റെ അവസാന കാലത്ത് മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു. റോമക്കാർക്ക് സമുദ്രത്തിൽ ആധിപത്യം ലഭിക്കാതിരിക്കാൻ ഇസ്ലാമിക നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കേണ്ടതിന്റെയും സമുദ്രത്തിൽ അവർക്ക് കൂടുതൽ സ്വാധീനം നൽകേണ്ടതിന്റെയും ആവശ്യകത അദ്ദേഹം അതിൽ ഉണർത്തി. ‘ദാതുസ്സവാരി’ (ذات الصواري) എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധമായ യുദ്ധത്തിൽ ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ അതിന് അനുമതി നൽകി. ഈജിപ്തിലെ അലക്സാണ്ട്രിയക്കും മർസ മത്റൂഹിനും ഇടയിലുള്ള ഒരു സ്ഥലത്തുവെച്ചാണ് ദാതുസ്സവാരി യുദ്ധം നടന്നതെന്നും, കപ്പലുകളിൽ ഘടിപ്പിക്കുന്ന പായ്മരങ്ങളിൽ (الصواري) നിന്നാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു. ഹിജ്റ 34-ൽ മുസ്ലീങ്ങൾക്കും റോമക്കാർക്കുമിടയിൽ നടന്ന നിർണ്ണായകമായ ഒരു യുദ്ധമായിരുന്നു അത്. സമുദ്രത്തിലും കപ്പലുകളിലുമായി നടന്ന ആദ്യത്തെ യുദ്ധം കൂടിയായിരുന്നു അത്. 200 കപ്പലുകളടങ്ങുന്ന ഇസ്ലാമിക നാവികസേനയും, ഇന്നത്തെ ഇസ്താംബുൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിളിൽ താമസിച്ചിരുന്ന ഹിരാക്ലിയസിന്റെ മകൻ കോൺസ്റ്റന്റൈന്റെ (قسطنطين بن هرقل) നേതൃത്വത്തിലുള്ള ആയിരം കപ്പലുകളടങ്ങുന്ന റോമൻ നാവികസേനയും തമ്മിലായിരുന്നു ഈ പ്രസിദ്ധമായ യുദ്ധം നടന്നത്. ആ അംഗബലം ശ്രദ്ധിക്കുക! എന്നാൽ അല്ലാഹു തന്റെ ദാസന്മാർക്ക് വിജയം വാഗ്ദാനം ചെയ്തിട്ടുണ്ട്:
إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
‘നിങ്ങള് അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള് ഉറപ്പിച്ചു നിര്ത്തുകയും ചെയ്യുന്നതാണ്.’²
അങ്ങനെ ഈ യുദ്ധം നടന്നു. ഹിരാക്ലിയസിന്റെ മകൻ കോൺസ്റ്റന്റൈൻ റോമക്കാരിൽ പെട്ട ഒരാളുടെ ഒരു കപ്പലിൽ കയറി രക്ഷപ്പെട്ടു. അയാൾ ആ നേതാവിനെ രക്ഷിച്ച് സ്വന്തം രാജ്യത്ത് തിരിച്ചെത്തിച്ചു. എന്നാൽ അവൻ അവിടെ തിരിച്ചെത്തിയപ്പോൾ, റോമക്കാർ ആ കനത്ത പരാജയം നേരിൽ കണ്ടു. മുസ്ലീങ്ങളുടെ എണ്ണം വളരെ കുറവായിരുന്നിട്ടും, റോമക്കാരുടെ എണ്ണം ഇത്രയധികമുണ്ടായിട്ടും അവർ എങ്ങനെ പരാജയപ്പെട്ടുവെന്ന് കണ്ട്, ഈ യുദ്ധത്തിലുണ്ടായ പരാജയത്തിന്റെ പ്രതികാരമെന്നോണം ഹിരാക്ലിയസിന്റെ മകൻ കോൺസ്റ്റന്റൈൻ തിരിച്ചെത്തിയ ഉടനെ അവർ അവനെ കൊലപ്പെടുത്തി.
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും, അതിന് ശേഷം ഈ അമീറും ഖലീഫയും രാജാവുമായ മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന്റെ ശ്രമഫലമായും ഈ യുദ്ധത്തിന് ശേഷം റോമൻ സമുദ്രം എന്ന പേര് മാറി അത് മെഡിറ്ററേനിയൻ സമുദ്രം എന്നറിയപ്പെടാൻ തുടങ്ങി. റോമക്കാർക്ക് പിന്നീട് അതിൽ ആധിപത്യം ഇല്ലാതായിത്തീർന്നതുകൊണ്ട് ജനങ്ങൾ റോമൻ സമുദ്രം എന്ന പേര് മറന്നുപോയി.
മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗവൺമെന്റ് വകുപ്പുകൾ (الدواوين) സ്ഥാപിച്ചത്. സീൽ പതിപ്പിച്ചതിന് ശേഷം മാത്രം പുറത്തിറങ്ങുന്ന ‘ദീവാനുൽ ഖാതം’ (ديوان الخاتم) എന്നൊരു വകുപ്പ് അദ്ദേഹം സ്ഥാപിച്ചു. ഇന്ന് ‘അമീരി ദീവാൻ’ അല്ലെങ്കിൽ ‘റോയൽ ദീവാൻ’ എന്നൊക്കെ പറയപ്പെടുന്നതിന്റെ തുടക്കമാണിത്. ഇത്തരം വകുപ്പുകൾ ആദ്യമായി ഉണ്ടാക്കിയതും സ്ഥാപിച്ചതും മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ ആണ്.
ഖവാരിജുകൾ അതിക്രമങ്ങൾ വർദ്ധിപ്പിക്കുകയും സ്വഹാബികളെ رَضِيَ اللَّهُ عَنْهُمْ കൊലപ്പെടുത്താൻ തുടങ്ങുകയും ചെയ്തപ്പോൾ, അദ്ദേഹം ‘അൽ-ഹാജിബ്’ (الحاجب – ചേമ്പർലെയ്ൻ അഥവാ കാവൽക്കാരൻ) എന്നൊരു തസ്തിക ഉണ്ടാക്കി. മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ ആണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. ഹാജിബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അമീറിന്റെ അടുക്കലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യവും മറ്റും ചോദിച്ചറിയുന്ന വ്യക്തിയാണ്. അലി ബ്നു അബീത്വാലിബിനെ ഖവാരിജുകൾ വധിച്ചതുപോലെ മുആവിയ ബ്നു അബീസുഫ്യാനെയും رَضِيَ اللَّهُ عَنْهُ വധിക്കാൻ അവർ ശ്രമിക്കുകയും, ഈജിപ്തിൽ വെച്ച് അംറ് ബ്നുൽ ആസിനെ വധിക്കാൻ പദ്ധതിയിടുകയും ചെയ്ത സാഹചര്യത്തിലാണ് പുറത്ത് നിന്ന് വരുന്നവരെ അറിയാൻ ഒരു ഹാജിബിനെ നിയമിക്കേണ്ടത് അനിവാര്യമായിത്തീർന്നത്. അതുപോലെ, ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിനോട് വിപ്ലവകാരികൾ ചെയ്ത ക്രൂരതകൾ കണ്ടതിന് ശേഷം, ഖിലാഫത്ത് മന്ദിരത്തിനും ഭരണകേന്ദ്രത്തിനും കാവൽ നൽകുന്നതിനായി ഗാർഡുകളെയും അദ്ദേഹം നിയമിച്ചു. ജനങ്ങളെ ഭരിക്കുന്നതിലും അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർ നേരിടുന്ന സാഹചര്യങ്ങളിൽ അവർക്ക് ഉപകാരപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിലും വളരെ മികച്ച ചുരുക്കം ചില ഭരണാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം رَضِيَ اللَّهُ عَنْهُ.
നേരത്തെ സൂചിപ്പിച്ചതുപോലെ, മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിൽ അദ്ദേഹത്തിന്റെ ചെറുപ്പം മുതൽ തന്നെ നേതൃത്വത്തിന്റെയും ഭരണത്തിന്റെയും അടയാളങ്ങൾ പ്രകടമായിരുന്നു. അദ്ദേഹം ഉമറുൽ ഫാറൂഖ് رَضِيَ اللَّهُ عَنْهُ വിന്റെ സദസ്സിലേക്ക് കടന്നുവരുമ്പോൾ ഫാറൂഖ് പറയുമായിരുന്നു: “ഇതാ അറബികളുടെ കിസ്റ വരുന്നു, ഇതാ അറബികളുടെ കിസ്റ വരുന്നു”. മുആവിയ رَضِيَ اللَّهُ عَنْهُ വിനെ കണ്ടിട്ടില്ലാത്തവരോട് അദ്ദേഹത്തിന്റെ പ്രവൃത്തികളും ഗാംഭീര്യവും പ്രശ്നങ്ങളിൽ ഇടപെടുന്ന രീതിയും അതിൽ നിന്ന് പുറത്തുകടക്കുന്ന സാമർത്ഥ്യവും കണ്ട് അദ്ദേഹം പറയുമായിരുന്നു: “ഈ മനുഷ്യൻ ഒരു അമീറാകാൻ ഏറ്റവും അർഹനാണ്”. അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “റസൂൽ ﷺ ക്ക് ശേഷം മുആവിയയെക്കാൾ നേതൃത്വത്തിനും ഭരണത്തിനും അർഹനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല.” അപ്പോൾ അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നവർ ചോദിച്ചു: “ഇബ്നു ഉമർ, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവർ ഉണ്ടായിരുന്നിട്ടും താങ്കൾ ഇങ്ങനെ പറയുകയാണോ?” അദ്ദേഹം മറുപടി പറഞ്ഞു: “അല്ലാഹുവാണെ സത്യം, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവർ മുആവിയയെക്കാൾ ഉത്തമർ തന്നെയായിരുന്നു; എന്നാൽ റസൂലിന് ശേഷം ഭരണത്തിനും നേതൃത്വത്തിനും മുആവിയയെക്കാൾ അർഹനായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.”
നബി ﷺ യുടെ കുടുംബത്തിൽ (ആലുബൈത്ത്) പെട്ട ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുമായിരുന്നു: “മുആവിയ ബ്നു അബീസുഫ്യാനെക്കാൾ ഭരണത്തിന് അനുയോജ്യനായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല”. നബി ﷺ യുടെ സ്വഹാബികൾ മുആവിയ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് നൽകിയ ഈ സാക്ഷ്യപ്പെടുത്തലുകൾ വെറുതെയുണ്ടായതല്ല. അദ്ദേഹം 20 വർഷം ഭരണം നടത്തി, അദ്ദേഹത്തിന്റെ കാലത്ത് സുരക്ഷ പൂർണ്ണമായി കൈവരിക്കപ്പെട്ടു, നന്മകൾ എങ്ങും വ്യാപിച്ചു. അലി ബ്നു അബീത്വാലിബുമായുള്ള യുദ്ധത്തിന്റെ ഫലമായി താൽക്കാലികമായി നിന്നുപോയിരുന്ന ഇസ്ലാമിക വിജയങ്ങൾ വീണ്ടും സജീവമാവുകയും തുടർന്നുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വിജയങ്ങൾ നേടാൻ സാധിച്ചു.
സിഫ്ഫീൻ യുദ്ധത്തിൽ മുസ്ലീങ്ങൾക്കിടയിൽ പോരാട്ടം നടക്കുന്നത് കണ്ടപ്പോൾ, ശാമിന് സമീപമുള്ള അന്ത്യോക്യയ്ക്ക് പിന്നിലെ ചില നഗരങ്ങൾ കീഴടക്കാൻ റോമൻ രാജാവ് പദ്ധതിയിട്ടു. അലി ബ്നു അബീത്വാലിബുമായി رَضِيَ اللَّهُ عَنْهُ യുദ്ധമുഖത്തായിരുന്ന മുആവിയ رَضِيَ اللَّهُ عَنْهُ ഇതറിഞ്ഞപ്പോൾ, നഗരങ്ങൾ കീഴടക്കാൻ ഉദ്ദേശിച്ച കോൺസ്റ്റന്റൈൻ എന്ന റോമൻ രാജാവിന് ഒരു കത്തെഴുതി: “മുആവിയ ബ്നു അബീസുഫ്യാനിൽ നിന്ന് ശപിക്കപ്പെട്ട കോൺസ്റ്റന്റൈന്… നിന്റെ ഉദ്ദേശ്യം ഞാൻ അറിഞ്ഞിരിക്കുന്നു. അല്ലാഹുവാണെ സത്യം, നീ പിന്മാറിയില്ലെങ്കിൽ ഞാനും എന്റെ പിതൃവ്യപുത്രനും (അലി رَضِيَ اللَّهُ عَنْهُ) തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഞങ്ങൾ യോജിക്കുകയും, ഈ ഭൂമി എത്ര വിശാലമാണെങ്കിലും നിനക്കത് ഞങ്ങൾ ഇടുങ്ങിയതാക്കി തീർക്കുകയും ചെയ്യും.” മുആവിയയുടെ ഈ ശൈലിയിലുള്ള ഭീഷണി കേട്ട കോൺസ്റ്റന്റൈൻ പെട്ടെന്ന് തന്നെ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറി ഓടിരക്ഷപ്പെട്ടു. മുആവിയ رَضِيَ اللَّهُ عَنْهُ ഇസ്ലാമിനും മുസ്ലീങ്ങൾക്കും നന്മവരാൻ അതിയായി ആഗ്രഹിച്ച ഒരു മുജ്തഹിദായിരുന്നുവെന്നും, അലി ബ്നു അബീത്വാലിബുമായി ഒരു ഖിലാഫത്തിന് വേണ്ടിയല്ല അദ്ദേഹം തർക്കിച്ചതെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.
മുസ്ലീങ്ങളുടെ കാര്യത്തിലും ഇസ്ലാമിന്റെ വ്യാപനത്തിലും മുആവിയ رَضِيَ اللَّهُ عَنْهُ എപ്പോഴും ശ്രദ്ധാലുവായിരുന്നു. \ അഫ്ഗാനിസ്ഥാൻ വരെയും ഇന്ന് കാണ്ഡഹാർ എന്നറിയപ്പെടുന്ന പ്രദേശം വരെയും ഈ വിജയങ്ങൾ എത്തിയത് മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലത്തായിരുന്നു. കിഴക്ക് ഭാഗത്ത് മാത്രമല്ല, പടിഞ്ഞാറ് ഭാഗത്തേക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഉഖ്ബ ബ്നു നാഫിഅ് എന്ന സേനാനായകനെ അവിടെ നിയമിച്ചു. ആ അസാമാന്യ പ്രതിഭയായ സേനാനായകനാണ് ടുണീഷ്യയിലെ ഖൈറവാൻ എന്ന മഹത്തായ നഗരം നിർമ്മിച്ചത്. സൈന്യങ്ങളെ അയക്കുന്നതിനും ആഫ്രിക്ക മുഴുവൻ കീഴടക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി അദ്ദേഹം അതിനെ മാറ്റി. തന്റെ കുതിരയെ സമുദ്രത്തിൽ ഇറക്കി, അതിന്റെ നെഞ്ചോളം വെള്ളമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്: “അല്ലാഹുവാണെ സത്യം, ഈ സമുദ്രത്തിനപ്പുറം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എത്തിയിട്ടില്ലാത്ത മനുഷ്യരുണ്ടെന്ന് എനിക്കറിയാമായിരുന്നെങ്കിൽ, ആ വചനം അവരിലെത്തിക്കാൻ എന്റെ ഈ കുതിരയുമായി ഞാൻ സമുദ്രത്തിലേക്ക് ഇറങ്ങുമായിരുന്നു.”
സ്വഹാബികളെയും അറിവുള്ള പണ്ഡിതന്മാരെയും മുതിർന്നവരെയും ആദരിക്കുന്നതിൽ അമീറുൽ മുഅ്മിനീൻ മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ജനങ്ങളിൽ വെച്ച് ഏറ്റവും ക്ഷമാശീലനായിരുന്നു അദ്ദേഹം. ഇബ്നു അബ്ബാസിന്റെ ശിഷ്യനായിരുന്ന മുജാഹിദ് പറയുന്നു: “ഞാൻ ഇബ്നു അബ്ബാസിന് ഖുർആൻ രണ്ട് തവണ ഓതിക്കേൾപ്പിച്ചു. ഓരോ ആയത്തിലും ഞാൻ അദ്ദേഹത്തെ നിർത്തുകയും, ഇതിന്റെ അവതരണ പശ്ചാത്തലം എന്താണ്, ഇതിന്റെ അർത്ഥം എന്താണ് എന്ന് ചോദിച്ചറിയുകയും ചെയ്തു.” അദ്ദേഹം എത്തിച്ചേർന്ന അറിവിന്റെയും വിജ്ഞാനത്തിന്റെയും ആഴമാണ് ഇത് സൂചിപ്പിക്കുന്നത്. ആ മുജാഹിദ് പറയുകയാണ്: “അല്ലാഹുവാണെ സത്യം, നിങ്ങൾ മുആവിയയെ നേരിൽ കണ്ടിരുന്നുവെങ്കിൽ ഇതാണ് പ്രതീക്ഷിക്കപ്പെട്ട മഹ്ദി എന്ന് നിങ്ങൾ പറയുമായിരുന്നു.” ആളുകൾ ചോദിച്ചു: “അദ്ദേഹത്തിന്റെ ക്ഷമാശീലം കൊണ്ടാണോ?” മുജാഹിദ് പറഞ്ഞു: “അല്ല, അദ്ദേഹത്തിന്റെ നീതി കൊണ്ടാണത്.” മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വർഷങ്ങളോളം ഫാറൂഖ് ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ വിന്റെ പാതയിലാണ് സഞ്ചരിച്ചത്.
നബി ﷺ യുടെ കുടുംബത്തെ അദ്ദേഹം ആദരിക്കുകയും, ആവശ്യക്കാർക്കും ഇസ്ലാമിൽ മുൻകടന്നവർക്കുമായി സമ്പത്ത് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സ്വഹാബികൾ رَضِيَ اللَّهُ عَنْهُمْ പറയുമായിരുന്നു: “മുആവിയയുടെ വാതിലിനേക്കാൾ (ഭരണകൂടത്തേക്കാൾ) ബാധ്യതകളും അവകാശങ്ങളും പൂർത്തീകരിക്കുന്ന മറ്റൊന്നിനെയും ഞങ്ങൾ കണ്ടിട്ടില്ല.”
അദ്ദേഹം വലിയ ക്ഷമാശീലനായിരുന്നു. ഒരിക്കൽ ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് ശബ്ദമുയർത്തി വളരെ മോശമായി സംസാരിച്ചു. അപ്പോൾ ചെറിയ സ്വഹാബികളിൽ പെട്ട ളഹ്ഹാക് ബ്നു ഖൈസ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് ചോദിച്ചു: “ആ മനുഷ്യൻ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” അദ്ദേഹം മറുപടി പറഞ്ഞു: “ളഹ്ഹാക്, അല്ലാഹുവാണെ സത്യം, എന്റെ പ്രജകളിൽ പെട്ട ഒരാളോട് കോപിക്കാൻ എനിക്ക് അല്ലാഹുവിനെ ഓർത്ത് ലജ്ജ തോന്നുന്നു. ഞാൻ എപ്പോഴും അല്ലാഹുവിൽ നിന്ന് വിട്ടുവീഴ്ചയും പാപമോചനവും തേടുന്നവനാണ്. നമ്മുടെ വീഴ്ചകളും അബദ്ധങ്ങളും പൊറുത്തുതരുന്നവനെ നാം അന്വേഷിച്ചുകൊണ്ടിരിക്കെ, ഞാൻ എങ്ങനെയാണ് ഈ ഒരാളോട് കോപിക്കുക?” ഇങ്ങനെയായിരുന്നു മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ അവസ്ഥ. ഇന്നത്തെ കാലത്ത് രാഷ്ട്രീയക്കാർക്കിടയിൽ പോലും പ്രസിദ്ധമായ ‘മുആവിയയുടെ മുടിയിഴ’ (شعرة معاوية) എന്ന നയതന്ത്ര വാക്യത്തിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. തന്റെ ഗവർണർമാർക്കെല്ലാം അദ്ദേഹം നൽകിയിരുന്ന ഒരു ഉപദേശം ഉണ്ടായിരുന്നു: “നിങ്ങൾ വിട്ടുവീഴ്ച കാണിക്കണം, അത് അമാനത്തിനും (വിശ്വസ്തത) നീതിക്കും ഇടയിലായിരിക്കണം.”
ശ്രദ്ധേയമായ മറ്റൊരു കാര്യം, ഇന്നത്തെ കാലത്ത് നിയമത്തിന്റെ ചൈതന്യം (روح القانون) എന്ന് വിളിക്കപ്പെടുന്നതിന്റെ അടിസ്ഥാനമാണിത്. നിങ്ങൾ നീതിയും അമാനത്തും നടപ്പിലാക്കുമ്പോൾ അതിൽ വിട്ടുവീഴ്ചയും ഉൾപ്പെടുത്തുക. നിങ്ങളുടെ നീതിക്ക് ഭംഗം വരികയോ നിങ്ങൾ അക്രമിയാകുകയോ ചെയ്യരുത്; അതുപോലെ നിങ്ങളുടെ അമാനത്തിൽ നിങ്ങൾ വഞ്ചന കാണിക്കാനും പാടില്ല. മറിച്ച്, നീതി നടപ്പിലാക്കുമ്പോഴും ഈ അമാനത്ത് നിറവേറ്റുമ്പോഴും നിങ്ങൾ വിട്ടുവീഴ്ചയും ക്ഷമയും കാണിക്കുന്നവരാകണം.
മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന് യസീദ് എന്ന പേരിൽ ഒരു മകനുണ്ടായിരുന്നു. കൽബ് (كلب) ഗോത്രക്കാരായിരുന്നു അദ്ദേഹത്തിന്റെ അമ്മാവന്മാർ. യമനിൽ നിന്നുള്ള അവർ അക്കാലത്ത് അറബികൾക്കിടയിൽ വലിയ സ്വാധീനവും ശക്തിയുമുള്ള ഗോത്രമായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന കാലത്ത്, മുആവിയ رَضِيَ اللَّهُ عَنْهُ ശാമിലുള്ള സ്വഹാബികളോടും പ്രധാനപ്പെട്ട വ്യക്തികളോടും കൂടിയാലോചന നടത്തി. സ്വഹാബികൾക്ക് ശേഷം കാര്യങ്ങൾ തീരുമാനിക്കുന്നവരും (أهل الحل والعقد) ഖിലാഫത്തിന്റെ തലസ്ഥാനവും അന്ന് ശാമായിരുന്നു. മുആവിയയുടെ മരണശേഷം യസീദിനെ ഭരണമേൽപ്പിക്കാനാണ് അവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വീണ്ടുമൊരു ഫിത്ന ഉടലെടുക്കുന്നത് തടയാൻ യസീദിനെ ഭരണമേൽപ്പിക്കുന്നതാണ് നല്ലതെന്ന് മുആവിയ رَضِيَ اللَّهُ عَنْهُ വിനും തോന്നി. കാരണം, മുആവിയക്ക് ശേഷം അദ്ദേഹത്തിന്റെ പരമ്പരയിൽ നിന്നോ അല്ലെങ്കിൽ ശാമിൽ നിന്നോ അല്ലാത്ത ഒരാളെ തങ്ങളുടെ അമീറായി അംഗീകരിക്കാൻ ശാമുകാർ തയ്യാറാകുമായിരുന്നില്ല. അതുപോലെ സ്വഹാബികളിലെയും പ്രധാനപ്പെട്ട വ്യക്തികളിലെയും ഒരു വലിയ വിഭാഗത്തോട് കൂടിയാലോചിച്ചപ്പോൾ അവരും ഈ തീരുമാനത്തെ അനുകൂലിച്ചു. തനിക്ക് ശേഷം യസീദിനെ ഭരണമേൽപ്പിക്കാൻ അദ്ദേഹം ഇജ്തിഹാദ് ചെയ്തു തീരുമാനിക്കുകയായിരുന്നു. ഇത് മുസ്ലീങ്ങളുടെ രക്തച്ചൊരിച്ചിൽ തടയുമെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഇജ്തിഹാദിൽ ഒരുപക്ഷേ തെറ്റ് സംഭവിച്ചിരിക്കാം; അല്ലെങ്കിൽ ശരിയുമാകാം. ഇജ്തിഹാദിൽ തെറ്റ് സംഭവിച്ചാലും പ്രതിഫലമുണ്ട്, ഇനി ശരിയാണെങ്കിൽ അതിനും പ്രതിഫലമുണ്ട്.
പലയിടത്തേക്കും സന്ദേശങ്ങൾ അയച്ചതിന് ശേഷം, സ്വഹാബികളിൽ നാല് പേർ ഈ തീരുമാനത്തോട് വിയോജിച്ചു. അബ്ദുല്ലാഹ് ബ്നു ഉമർ, ഹുസൈൻ ബ്നു അലി, അബ്ദുല്ലാഹ് ബ്നു സുബൈർ, അബ്ദുല്ലാഹ് ബ്നു അബ്ബാസ് എന്നിവരായിരുന്നു അവർ. അവർ മദീനയിലായിരുന്നു. അങ്ങനെ ഹിജ്റ 56-ലോ അല്ലെങ്കിൽ 57-ലോ മുആവിയ رَضِيَ اللَّهُ عَنْهُ അവരിൽ നിന്ന് കാര്യങ്ങൾ കേൾക്കാനും, യസീദിനെ അനന്തരാവകാശിയാക്കുന്നതുമായി ബന്ധപ്പെട്ട് അവരുമായി ചർച്ച ചെയ്യാനും വേണ്ടി ഡമസ്കസിൽ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചു. എന്നാൽ അദ്ദേഹം അവിടെ എത്തുന്നതിന് മുമ്പ് തന്നെ ഹുസൈൻ ബ്നു അലിയും അബ്ദുല്ലാഹ് ബ്നു സുബൈറും മക്കയിലേക്ക് പോയിരുന്നു. മുആവിയയുമായി رَضِيَ اللَّهُ عَنْهُمْ ഒന്നിച്ചിരുന്ന് സംസാരിക്കാൻ അവർ ആഗ്രഹിച്ചില്ല; ഭിന്നിപ്പിന് കാരണമായേക്കാവുന്ന ഒരു തർക്കമോ വിയോജിപ്പോ ഉണ്ടാകാതിരിക്കാനും, യസീദിന് ബൈഅത്ത് ചെയ്യാതിരിക്കാനും വേണ്ടിയായിരുന്നു അത്. മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ മദീനയിൽ വെച്ച് ഇബ്നു ഉമർ, ഇബ്നു അബ്ബാസ് എന്നിവരെ കാണുകയും അവരുമായി സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ഒടുവിൽ അവർ അത് അംഗീകരിക്കുകയും മുആവിയക്ക് ശേഷം യസീദിന് ബൈഅത്ത് ചെയ്യുകയും ചെയ്തു. മുആവിയയും ഇബ്നു ഉമർ, ഇബ്നു അബ്ബാസ് എന്നിവരും തമ്മിൽ നടന്ന ആ ചർച്ചയും സംഭാഷണവും പൂർണ്ണമായും അറിവിന്റെയും മുസ്ലീങ്ങളുടെ നന്മയുടെയും അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അമീറുൽ മുഅ്മിനീൻ മുആവിയ സംസാരിക്കുമ്പോൾ മറുഭാഗത്ത് ഇബ്നു ഉമറും ഇബ്നു അബ്ബാസുമാണുള്ളത്. അവർ ഭയം കൊണ്ടോ മുഖസ്തുതിക്ക് വേണ്ടിയോ ആണ് ബൈഅത്ത് ചെയ്തതെന്ന് ഒരിക്കലും പറയാനാവില്ല.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വലിയ വിവേകവും ദീർഘവീക്ഷണവുമുള്ള വ്യക്തിയായിരുന്നു. ഏറ്റവും ഉത്തമനായ വ്യക്തിക്ക് പകരം അനുയോജ്യനായ മറ്റൊരു വ്യക്തി ഭരണത്തിൽ വന്നാലും കാര്യങ്ങൾ സുഗമമായി നടക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിവേകം വ്യക്തമാക്കുന്ന ഒരു സംഭവം നോക്കുക; അദ്ദേഹം ഫാറൂഖിന്റെ മകനും മുഹമ്മദ് നബി ﷺ യുടെ പാഠശാലയിൽ നിന്ന് പഠിച്ച വ്യക്തിയുമാണല്ലോ. മുആവിയ മദീനയിൽ വന്നപ്പോൾ മസ്ജിദുന്നബവിയിൽ വെച്ച് അദ്ദേഹം ഒരു പ്രഭാഷണം നടത്തി. അന്ന് ഇബ്നു ഉമർ തന്റെ സഹോദരിയും വിശ്വാസികളുടെ മാതാവുമായ ഹഫ്സ رَضِيَ اللَّهُ عَنْهَا യുടെ അടുത്തായിരുന്നു. ഉമർ തന്റെ സഹോദരിയോട് പറഞ്ഞു: “അമീറുൽ മുഅ്മിനീൻ മുആവിയ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കണ്ടില്ലേ? ഈ അധികാരം അദ്ദേഹത്തിനും മകനുമായി മാത്രം നിലനിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു.” അപ്പോൾ അവർ പറഞ്ഞു: “സഹോദരാ, ജനങ്ങൾ അവിടെ കൂടിയിരിക്കുമ്പോൾ താങ്കൾ അവിടെ പോകാതിരിക്കരുത്. താങ്കൾ മാറിനിൽക്കുന്നത് അവർക്ക് ഒരു ഫിത്നയായേക്കാം; താങ്കൾ ഇതിനെ എതിർക്കുന്നുവെന്നും അധികാരത്തിന് വേണ്ടി ശ്രമിക്കുകയാണെന്നും അവർ തെറ്റിദ്ധരിച്ചേക്കാം.” അങ്ങനെ അവരുടെ നിർബന്ധപ്രകാരം ഇബ്നു ഉമർ നബി ﷺ യുടെ പള്ളിയിലേക്ക് പോയി. അവിടെ മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ പ്രഭാഷണം നടത്തുകയായിരുന്നു. സ്വഹീഹായ ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ളതുപോലെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു:
“അല്ലാഹുവാണെ സത്യം, ജനങ്ങളെക്കാളൊക്കെ ഈ അധികാരത്തിന് ഏറ്റവും അർഹർ ഞങ്ങളാണ്. മറിച്ചൊരു അഭിപ്രായമുള്ളവർ അവരുടെ തല ഉയർത്തിക്കാണിക്കട്ടെ.”
മുആവിയ رَضِيَ اللَّهُ عَنْهُ എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്? മക്കയിലെ അബ്ദുമനാഫ് മുതൽ ഇന്നുവരെ അവർ നേതൃത്വത്തിനും ഭരണത്തിനും അർഹരായവരാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ബനൂ ഹാശിമും ഉമയ്യാക്കളും അബ്ദുമനാഫിലാണ് ചെന്ന് സംഗമിക്കുന്നത്. അബ്ദുമനാഫ് മക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്നു. അവർ അദ്ദേഹത്തിന്റെ സന്താനപരമ്പരയിൽ പെട്ടവരും, തലമുറകളായി ആ നേതൃത്വം അനന്തരാവകാശമായി ലഭിച്ചവരുമാണ്. എന്നാൽ മതപരമായ കാര്യങ്ങളിൽ ഇബ്നു ഉമർ ഇത് അംഗീകരിച്ചിരുന്നില്ല; കാരണം ദീനിലും ഇസ്ലാമിലും ആർക്കാണോ മുൻഗണനയുള്ളത് അവർക്കാണ് നേതൃത്വത്തിന് അർഹതയുള്ളത്. ഇബ്നു ഉമറിന്റെ അടുത്തായിരുന്ന ഹബീബ് ബ്നു മസ്ലമ അദ്ദേഹത്തോട് ചോദിച്ചു: “അബൂ അബ്ദിറഹ്മാൻ, മുആവിയ അങ്ങനെ പറയുന്നത് കേട്ടപ്പോൾ താങ്കൾ എന്താണ് പറഞ്ഞത്?” ഇബ്നു ഉമർ പറഞ്ഞു: “സഹോദരപുത്രാ, എന്റെ തലപ്പാവ് അഴിച്ചുവെച്ച് ജനങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്നുകൊണ്ട്, ഇസ്ലാമിലേക്ക് വരാൻ നിന്നോടും നിന്റെ പിതാവിനോടും യുദ്ധം ചെയ്തവനാണ് ഈ അധികാരത്തിന് നിന്നെക്കാൾ അർഹൻ എന്ന് പറയാൻ ഞാൻ ഉദ്ദേശിച്ചതാണ്.” മുആവിയയെക്കാൾ മുമ്പ് ഇസ്ലാം സ്വീകരിക്കുകയും മക്കാവിജയത്തിന് മുമ്പ് ജിഹാദ് ചെയ്യുകയും ചെയ്തവരെക്കുറിച്ചാണ് അദ്ദേഹം ഉദ്ദേശിച്ചത്. അപ്പോൾ ഹബീബ് ചോദിച്ചു: “എന്നിട്ട് താങ്കൾ എന്ത് ചെയ്തു?” അദ്ദേഹം പറഞ്ഞു: “അതുവഴിയുണ്ടാകുന്ന ഫിത്നകളെയും ഭിന്നിപ്പിനെയും രക്തച്ചൊരിച്ചിലിനെയും കുറിച്ച് ഞാൻ ഓർത്തു, അങ്ങനെ ഞാൻ മൗനം പാലിച്ചു.” ഒരു കാര്യം ശരിയാണെങ്കിൽ പോലും, അത് ഒരു പ്രതിസന്ധിക്കും ഭിന്നിപ്പിനും പോരാട്ടത്തിനും കാരണമാകുമെങ്കിൽ അതിൽ എങ്ങനെയാണ് വിവേകത്തോടെ ഇടപെടേണ്ടതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا മരിക്കുന്നത് വരെ ഈ പാതയിലാണ് നിലകൊണ്ടത്. യസീദ് ബ്നു മുആവിയക്കെതിരെ ചിലർ പുറപ്പെട്ടപ്പോൾ പോലും അദ്ദേഹത്തിന് ചെയ്ത ബൈഅത്തിൽ ഇബ്നു ഉമർ ഉറച്ചുനിന്നത് ഈ വിവേകം കൊണ്ടാണ്. യസീദിന്റെ കാലഘട്ടത്തിൽ എന്താണ് സംഭവിച്ചതെന്ന് വഴിയേ വിശദീകരിക്കുന്നതാണ്.
മുആവിയ ബ്നു അബീസുഫ്യാന്റെ ജീവിതകാലത്ത് തന്നെ യസീദിന് ബൈഅത്ത് ചെയ്യപ്പെട്ടു. ഒരു അമീറിന്റെയോ രാജാവിന്റെയോ ഖലീഫയുടെയോ ജീവിതകാലത്ത് തന്നെ കിരീടാവകാശി (ولي العهد) എന്നൊരു പദവി ഉണ്ടാക്കുകയും ബൈഅത്ത് ചെയ്യുകയും ചെയ്ത ആദ്യ വ്യക്തി മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ ആണ്. തന്റെ മരണശേഷം ഒരു ഫിത്നയും ഭിന്നിപ്പും പോരാട്ടവും തർക്കവും ഒഴിവാക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്തത്. മുആവിയ رَضِيَ اللَّهُ عَنْهُ ഈ തീരുമാനത്തിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഈ ഇജ്തിഹാദിൽ ഒരുപക്ഷേ അദ്ദേഹത്തിന് തെറ്റ് സംഭവിച്ചിരിക്കാം. എന്നാൽ ആ തെറ്റായ തീരുമാനം പോലും മുസ്ലീങ്ങളുടെയും സത്യവിശ്വാസികളുടെയും നന്മയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇജ്തിഹാദിൽ നിന്നുമുണ്ടായതാണ്. അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലം മുഴുവൻ ഇസ്ലാമിക സമുദായത്തിന് ഗുണകരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഇന്നും ചരിത്രത്തിൽ സാക്ഷിയായി നിൽക്കുന്നുവെന്നും നാം മനസ്സിലാക്കണം.
മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിനെതിരെ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഇത്രമാത്രമല്ല. ഒരു മനുഷ്യനെക്കുറിച്ച് വിമർശിക്കപ്പെടുന്ന കാര്യങ്ങളെണ്ണി ഒരു കവി ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “എല്ലാ സ്വഭാവഗുണങ്ങളും തൃപ്തികരമായ ആരാണുള്ളത്? ഒരു മനുഷ്യന്റെ ന്യൂനതകൾ എണ്ണാൻ കഴിയുന്നുവെന്നത് തന്നെ അയാളുടെ മഹത്ത്വത്തിന് മതിയായ തെളിവാണ്.” അതെ, പ്രവാചകന്മാർക്കും ദൂതന്മാർക്കും ശേഷം പാപസുരക്ഷിതനായ ആരാണുള്ളത്? ആരുമില്ല. എന്നാൽ ഈ വിമർശനങ്ങൾ എണ്ണാൻ കഴിയുന്നുവെന്നത് തന്നെ ഈ മനുഷ്യൻ ഇസ്ലാമിനും മുസ്ലീങ്ങൾക്കും നന്മവരുത്താൻ എത്രത്തോളം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ തെളിവാണ്.
അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വിമർശനങ്ങൾ താഴെ പറയുന്നവയാണ്: ഒന്ന്, അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُمَا യുമായുള്ള യുദ്ധം. നബി ﷺ യുടെ ഹദീസ് സാക്ഷ്യപ്പെടുത്തുന്നത് പോലെ അതിൽ ശരിയായ നിലപാടിലായിരുന്നത് അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ ആയിരുന്നുവെങ്കിലും, അവരുടെ ഇജ്തിഹാദിനെക്കുറിച്ച് നാം നേരത്തെ വിശദീകരിച്ചിട്ടുണ്ട്. സത്യം അലിയുടെ ഭാഗത്താണെന്ന് മുആവിയക്ക് അറിവില്ലായിരുന്നു; അറിയാമായിരുന്നുവെങ്കിൽ അദ്ദേഹം ഖിലാഫത്ത് അലിക്ക് വിട്ടുകൊടുക്കുകയും ബൈഅത്ത് ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാൽ ഉസ്മാന്റെ കൊലയാളികളുടെ കാര്യത്തിൽ അദ്ദേഹം ഇജ്തിഹാദ് ചെയ്യുകയായിരുന്നു.
രണ്ട്, തന്റെ മകന് അധികാരം അനന്തരാവകാശമായി നൽകിയത്. മുസ്ലീങ്ങളുടെ രക്തം ചിന്താതിരിക്കാനും ഫിത്നയും ഭിന്നിപ്പും ഒഴിവാക്കാനുമായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. മുആവിയ رَضِيَ اللَّهُ عَنْهُ അതാണ് ഉദ്ദേശിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
മൂന്ന്, ഹുജ്ർ ബ്നു അദി അൽ-കിന്ദി (حجر بن عدي الكندي) യെ കൊലപ്പെടുത്തിയത്. അദ്ദേഹം ചെറിയ സ്വഹാബികളിൽ പെട്ടയാളാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്; എന്നാൽ ഇമാം ബുഖാരിയും ഇബ്നു അബീ ഹാതിമും അദ്ദേഹം മുതിർന്ന താബിഉകളിൽ പെട്ടയാളാണെന്നും അദ്ദേഹത്തിന് സ്വഹാബിയെന്ന പദവിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുആവിയയുടെ ബൈഅത്ത് ലംഘിക്കുകയും, ഇസ്ലാമിക ഭരണകൂടത്തിനും അമീറുൽ മുഅ്മിനീൻ മുആവിയ ബ്നു അബീസുഫ്യാനുമെതിരെ رَضِيَ اللَّهُ عَنْهُ പരസ്യമായി രംഗത്തുവരികയും ചെയ്തതുകൊണ്ടാണ് അദ്ദേഹത്തെയും കൂടെയുള്ളവരെയും കൊലപ്പെടുത്താൻ മുആവിയ ഉത്തരവിട്ടത്. നബി ﷺ യുടെ ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്രകാരം ഇജ്തിഹാദ് ചെയ്തത്:
مَنْ أَتَاكُمْ وَأَمْرُكُمْ جَمِيعٌ عَلَى رَجُلٍ وَاحِدٍ، يُرِيدُ أَنْ يَشُقَّ عَصَاكُمْ أَوْ يُفَرِّقَ جَمَاعَتَكُمْ، فَاقْتُلُوهُ
‘നിങ്ങൾ ഒരു നേതാവിന് കീഴിൽ ഐക്യത്തോടെ നിൽക്കുമ്പോൾ, നിങ്ങളുടെ ഐക്യം തകർക്കാനോ നിങ്ങളുടെ സഭയെ ഭിന്നിപ്പിക്കാനോ ലക്ഷ്യമിട്ട് ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൊന്നുകളയുക.’³
ഈ ഫിത്ന ഇല്ലാതാക്കാൻ മുആവിയ رَضِيَ اللَّهُ عَنْهُ ചെയ്തത് അദ്ദേഹത്തിന്റെ ഇജ്തിഹാദായിരുന്നു. ഒരിക്കൽ മദീനയിലായിരിക്കെ മുആവിയ رَضِيَ اللَّهُ عَنْهُ വിശ്വാസികളുടെ മാതാവായ ആയിശ رَضِيَ اللَّهُ عَنْهَا യെ സന്ദർശിക്കാൻ അനുവാദം ചോദിച്ചു. ഹുജ്ർ ബ്നു അദിയെ കൊലപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തെ കാണാൻ ആയിശ رَضِيَ اللَّهُ عَنْهَا വിസമ്മതിച്ചു. എന്നാൽ മുആവിയ ബ്നു അബീസുഫ്യാൻ അവരുടെ വാതിൽക്കൽ നിന്നുകൊണ്ട് വളരെ സ്നേഹത്തോടെ അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: “അല്ലയോ മാതാവേ, എന്നെ വെറുതെ വിട്ടാലും. ഞാനും ഹുജ്റും എന്റെ രക്ഷിതാവിന്റെ അടുക്കൽ ഏറ്റവും വലിയ നീതിമാനായ അല്ലാഹുവിന് മുന്നിൽ തർക്കിക്കുന്നതാണ്. അദ്ദേഹത്തിന് എന്റെ മേൽ എന്തെങ്കിലും അവകാശമുണ്ടെങ്കിൽ അദ്ദേഹം അത് അവിടെവെച്ച് എടുക്കട്ടെ. ഇനി സത്യം എന്റെ ഭാഗത്താണെങ്കിൽ ഞാൻ ചെയ്തത് ശരിയാണെന്ന് അവിടെ തെളിയുമല്ലോ.” അദ്ദേഹം അപ്രകാരം പറഞ്ഞുകൊണ്ടേയിരുന്നു, ഒടുവിൽ അവർ അദ്ദേഹത്തിന് അനുവാദം നൽകുകയും അദ്ദേഹം അകത്ത് പ്രവേശിക്കുകയും ചെയ്തു. മുആവിയ അവരോട് പറഞ്ഞു: “മുസ്ലീങ്ങളുടെ കാര്യങ്ങൾ ഏറ്റെടുത്ത എനിക്ക് താങ്കൾ ഒരു ഉപദേശം നൽകിയാലും.” അപ്പോൾ വിശ്വാസികളുടെ മാതാവ് رَضِيَ اللَّهُ عَنْهَا അദ്ദേഹത്തോട് പറഞ്ഞു: “നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
مَنِ الْتَمَسَ رِضَا اللَّهِ بِسَخَطِ النَّاسِ رَضِيَ اللَّهُ عَنْهُ وَأَرْضَى النَّاسَ عَنْهُ، وَمَنِ الْتَمَسَ رِضَا النَّاسِ بِسَخَطِ اللَّهِ سَخِطَ اللَّهُ عَلَيْهِ وَأَسْخَطَ عَلَيْهِ النَّاسَ
‘ആളുകളുടെ അതൃപ്തിയിലൂടെയാണെങ്കിലും അല്ലാഹുവിന്റെ പൊരുത്തം ആരെങ്കിലും അന്വേഷിച്ചാൽ, അല്ലാഹു അവനെക്കുറിച്ച് തൃപ്തനാവുകയും, ജനങ്ങളെ അവനെക്കുറിച്ച് തൃപ്തരാക്കുകയും ചെയ്യും. എന്നാൽ അല്ലാഹുവിന്റെ അതൃപ്തിയിലൂടെ ജനങ്ങളുടെ പൊരുത്തം ആരെങ്കിലും അന്വേഷിച്ചാൽ, അല്ലാഹു അവനോട് കോപിക്കുകയും, അവനോട് കോപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.’⁴
വിശ്വാസികളുടെ മാതാവായ ആയിശ رَضِيَ اللَّهُ عَنْهَا മുആവിയ ബ്നു അബീസുഫ്യാന് നൽകിയ ഈ ഉപദേശം എത്ര മഹത്തായതാണ്!
നാല്, മുആവിയ رَضِيَ اللَّهُ عَنْهُ വിനെതിരെയുള്ള അവസാനത്തെ വിമർശനം, അദ്ദേഹം തന്റെ സഹോദരനായ സിയാദിനെ കൂടെ കൂട്ടിയതാണ്. ‘സിയാദ് ഇബ്നു അബീഹി’ (പിതാവാരെന്നറിയാത്ത സിയാദ്) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അറബികളുടെ ഡോക്ടറായിരുന്ന ഹാരിസ് ബ്നു കലദ അത്തഖഫിയുടെ അടുക്കൽ കഴിഞ്ഞിരുന്ന സുമയ്യ എന്ന അടിമസ്ത്രീക്ക് ജനിച്ചതാണ് സിയാദ് എന്നാണ് പറയപ്പെട്ടിരുന്നത്. സിയാദ് رَضِيَ اللَّهُ عَنْهُ നബി ﷺ യെയും സ്വഹാബികളെയും കണ്ടിട്ടുള്ള ഒരു സ്വഹാബിയായിരുന്നു. അദ്ദേഹത്തിന്റെ ധീരതയും സംസാരശേഷിയും പ്രകടമായപ്പോൾ അബൂസുഫ്യാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. സംസാരത്തിലും പ്രസംഗത്തിലും ആളുകളിൽ വെച്ച് ഏറ്റവും മികച്ചവനായിരുന്നു സിയാദ്. ഖാലിദ് ബ്നുൽ വലീദ് പേർഷ്യക്കാരുമായി നടത്തിയ ഒരു യുദ്ധത്തെക്കുറിച്ച് മദീനയിൽ വെച്ച് സിയാദ് ഇബ്നു അബീഹി ഒരിക്കൽ വിവരിച്ചുകൊടുക്കുകയായിരുന്നു. ഉമർ മിമ്പറിൽ ഇരിക്കുമ്പോൾ അലി ബ്നു അബീത്വാലിബും സിയാദും ചേർന്ന് ആ യുദ്ധത്തെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുക്കുകയായിരുന്നു. അപ്പോൾ അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ അത്ഭുതത്തോടെ പറഞ്ഞു: “ഈ മനുഷ്യൻ എത്ര മനോഹരമായാണ് സംസാരിക്കുന്നത്!” അലി ബ്നു അബീത്വാലിബിനെ رَضِيَ اللَّهُ عَنْهُ പോലെ വാക്ചാതുര്യമുള്ള ഒരാൾ അങ്ങനെ പറഞ്ഞാൽ തന്നെ അത് മതിയായ സാക്ഷ്യമാണ്. അപ്പോൾ അബൂസുഫ്യാൻ ചോദിച്ചു: “അവന്റെ സംസാരം താങ്കൾക്ക് ഇഷ്ടപ്പെട്ടുവോ?” അദ്ദേഹം പറഞ്ഞു: “അതെ.” അപ്പോൾ അബൂസുഫ്യാൻ പറഞ്ഞു: “അല്ലാഹുവാണെ സത്യം, അവന്റെ പിതാവ് ആരാണെന്ന് എനിക്കറിയാം.” അലി ചോദിച്ചു: “ആരാണ്?” അദ്ദേഹം പറഞ്ഞു: “ഞാനാണ്.” അലി ചോദിച്ചു: “എങ്കിൽ ഈ അസാമാന്യ പ്രതിഭയായ മനുഷ്യനെ താങ്കൾക്ക് അംഗീകരിച്ചുകൂടേ? എന്താണ് അതിൽ നിന്ന് താങ്കളെ തടയുന്നത്?” അദ്ദേഹം പറഞ്ഞു: “ആ മിമ്പറിൽ ഇരിക്കുന്ന ആളെ (ഉമറുൽ ഫാറൂഖിനെ) ഞാൻ ഭയക്കുന്നു.” അബൂസുഫ്യാൻ رَضِيَ اللَّهُ عَنْهُ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ജാഹിലിയ്യാ കാലഘട്ടത്തിൽ സുമയ്യയുമായി ബന്ധപ്പെട്ടതിലൂടെ ഉണ്ടായതായിരുന്നു സിയാദ്. പിന്നീട് മുആവിയ ബ്നു അബീസുഫ്യാൻ അമീറുൽ മുഅ്മിനീൻ ആയപ്പോൾ, തന്റെ പിതാവ് അബൂസുഫ്യാന്റെ മകനെന്ന നിലയിൽ സിയാദിനെ തന്റെ സഹോദരനായി അദ്ദേഹം അംഗീകരിച്ചു. തന്റെ പിതാവ് തന്നെ അത് വ്യക്തമാക്കിയ സ്ഥിതിക്ക് മുആവിയ رَضِيَ اللَّهُ عَنْهُ വിന് അതിൽ യാതൊരു തടസ്സവുമില്ലായിരുന്നു.
ഈ നാല് കാര്യങ്ങളാണ് പ്രധാനമായും മുആവിയക്കെതിരെയുള്ള വിമർശനങ്ങളായി ഉന്നയിക്കപ്പെടാറുള്ളത്. എന്നാൽ ചരിത്രം നീതിയോടെ വായിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, അദ്ദേഹം رَضِيَ اللَّهُ عَنْهُ തന്റെ പ്രവൃത്തികളിലൂടെയും ഇജ്തിഹാദിലൂടെയും ഇസ്ലാമിനും മുസ്ലീങ്ങൾക്കും നന്മയാണ് ആഗ്രഹിച്ചതെന്നാണ്. തന്നിലുള്ള എല്ലാ കഴിവുകളും ഗുണങ്ങളും ഇസ്ലാമിനും മുസ്ലീങ്ങൾക്കും സേവനം ചെയ്യാൻ അദ്ദേഹം ഉപയോഗപ്പെടുത്തി. ഡമസ്കസിൽ വെച്ച് മരണാസന്നനായ സമയത്ത് രോഗശയ്യയിലായിരിക്കെ അദ്ദേഹം പറഞ്ഞു: “എന്നെ ഒന്നിരുത്തുക.” അവർ അദ്ദേഹത്തെ ഇരുത്തിയപ്പോൾ അദ്ദേഹം ദീർഘനേരം കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു:
“മുആവിയാ, വാർദ്ധക്യം ബാധിക്കുകയും ജീവൻ അവസാനിക്കാറാകുകയും ചെയ്ത ഈ സമയത്താണോ നീ ചിന്തിക്കുന്നത്? യൗവനത്തിന്റെ ആ കാലം എത്ര സുന്ദരമായിരുന്നു!… അല്ലാഹുവേ, കഠിനഹൃദയനായ ഈ പാപിയായ വൃദ്ധന് നീ പൊറുത്തുനൽകേണമേ. അല്ലാഹുവേ, എന്റെ വീഴ്ചകൾ നീ മാപ്പാക്കുകയും അബദ്ധങ്ങൾ പൊറുത്തുതരികയും ചെയ്യേണമേ. നിന്നിലല്ലാതെ യാതൊരു പ്രതീക്ഷയുമില്ലാത്ത, നിന്നിലല്ലാതെ മറ്റാരിലും വിശ്വാസമർപ്പിക്കാത്ത ഈ അടിയനോട് നിന്റെ കാരുണ്യം കൊണ്ട് നീ വിട്ടുവീഴ്ച കാണിക്കേണമേ.”
മരണശയ്യയിലായിരിക്കെ അല്ലാഹു ഉദ്ദേശിക്കുന്ന ദാസന്മാർക്ക് അവൻ തോന്നിപ്പിച്ചുകൊടുക്കുന്ന ഈ വാക്കുകൾ എത്ര മഹത്തായതാണ്! അല്ലാഹുവാണെ സത്യം, ഈ വ്യക്തിത്വം ചരിത്രത്തിൽ ഏറെ ക്രൂശിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ഭാഗത്തുനിന്നും അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങളും അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, സത്യം വെളിപ്പെടുത്താനും, വിശ്വാസികളുടെ മാതുലനും (خال المؤمنين), വിശ്വസ്തനായ വഹ്യ് എഴുത്തുകാരനും, മുസ്ലീങ്ങളുടെ ആദ്യത്തെ രാജാവും അമീറുൽ മുഅ്മിനീനുമായ ഈ വ്യക്തിത്വത്തിന്റെ മഹത്ത്വം ഉയർത്തിക്കാണിക്കാനും മാത്രമാണ് അല്ലാഹു ഉദ്ദേശിച്ചത്. നബി ﷺ അദ്ദേഹത്തെ തന്റെ വഹ്യ് എഴുത്തുകാരനായി തൃപ്തിപ്പെടുകയും അദ്ദേഹത്തിന് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു:
اللَّهُمَّ اجْعَلْهُ هَادِيًا مَهْدِيًّا وَاهْدِ بِهِ
‘അല്ലാഹുവേ, നീ അദ്ദേഹത്തെ നേർവഴി കാണിക്കുന്നവനും നേർവഴിയിലാക്കപ്പെട്ടവനുമാക്കുകയും, അദ്ദേഹം മുഖേന മറ്റുള്ളവരെ നേർവഴിയിലാക്കുകയും ചെയ്യേണമേ.’⁵
സലഫുസ്സ്വാലിഹീങ്ങളുടെ പാതയിൽ സഞ്ചരിക്കുന്ന അഹ്ലുസ്സുന്നയായ നമുക്ക് ഈ വ്യക്തിത്വത്തിന്റെ മഹത്ത്വം ഉയർത്തിപ്പിടിക്കാനും, നമ്മുടെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും സദസ്സുകളിലും അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീർക്കാനും ബാധ്യതയുണ്ട്. കാരണം, അല്ലാഹുവാണെ സത്യം, സുന്നത്തിലേക്ക് ചേർക്കപ്പെടുന്ന ചിലരിൽ നിന്ന് പോലും വളരെ ഖേദകരമായ രീതിയിൽ അദ്ദേഹത്തിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. ശിയാക്കളെ (റവാഫിദുകളെ) പ്രീതിപ്പെടുത്താൻ വേണ്ടി മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിനെ അധിക്ഷേപിക്കുന്നവരെ ഇന്ന് നാം കാണുന്നു. അദ്ദേഹത്തെ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമുള്ള ഒരു ഇരയാക്കി മാറ്റുന്നത് നാം കേൾക്കുന്നു. എന്നാൽ അല്ലാഹുവാണെ സത്യം, ഇതിൽ നിന്നെല്ലാം അദ്ദേഹം رَضِيَ اللَّهُ عَنْهُ പൂർണ്ണമായും മുക്തനാണ്.
സലഫുസ്സ്വാലിഹീങ്ങൾ പറഞ്ഞതുപോലെ, മുആവിയ ബ്നു അബീസുഫ്യാൻ എന്നത് നബി ﷺ യുടെ സ്വഹാബികളിലേക്കുള്ള വാതിലിന്റെ പിടിയാണ്. ആ വാതിൽ തുറക്കുന്നവന് മുആവിയക്ക് ശേഷമുള്ളവരുടെ കാര്യത്തിലും അധിക്ഷേപിക്കാൻ സാധിക്കും. ഇബ്നുൽ മുബാറക് പറയുന്നു: “മുആവിയ എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണവും അളവുകോലുമാണ്.” സ്വഹാബികളോടുള്ള رَضِيَ اللَّهُ عَنْهُمْ ഒരാളുടെ നിലപാട് പരിശോധിക്കാനുള്ള അളവുകോലാണത്. ഒരിക്കൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: “മുആവിയ ബ്നു അബീസുഫ്യാനാണോ ഉമർ ബ്നു അബ്ദിൽ അസീസാണോ ഉത്തമൻ?” അദ്ദേഹം മറുപടി പറഞ്ഞു: “നബി ﷺ യോടൊപ്പം പോകുമ്പോൾ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ മൂക്കിൽ കയറിയ പൊടിയാണ് അറുനൂറ് ഉമർ ബ്നു അബ്ദിൽ അസീസുമാരെക്കാൾ ഉത്തമം. പ്രവാചകന്റെ സ്വഹാബിയെന്ന പദവിക്ക് തുല്യമായി നാം മറ്റൊന്നിനെയും കാണുന്നില്ല.” പ്രവാചകന്മാർക്കും ദൂതന്മാർക്കും ശേഷം മനുഷ്യരിൽ വെച്ച് ഏറ്റവും ഉത്തമരായ മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളാണവർ. അല്ലാഹുവാണെ സത്യം, ഈസ നബിക്ക് ശേഷം ഏറ്റവും ഉത്തമർ ആരാണെന്ന് ക്രൈസ്തവരോട് ചോദിച്ചാൽ, അദ്ദേഹത്തിന്റെ അനുചരന്മാരാണെന്ന് അവർ പറയും. മൂസ നബിക്ക് ശേഷം ഏറ്റവും ഉത്തമർ ആരാണെന്ന് ജൂതന്മാരോട് ചോദിച്ചാൽ അദ്ദേഹത്തിന്റെ അനുചരന്മാരാണെന്ന് അവരും പറയും. അതുകൊണ്ട് മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളെക്കുറിച്ച് നാം അഭിമാനിക്കുകയും, അവരെ പ്രശംസിക്കുകയും, അവരെ സ്നേഹിക്കുകയും, അവർക്ക് വേണ്ടി അല്ലാഹുവിന്റെ തൃപ്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. അവരോടുള്ള സ്നേഹം ഈമാനും, അവരോടുള്ള ശത്രുതയും അവരെ അധിക്ഷേപിക്കുന്നതും കാപട്യവും ഭിന്നിപ്പും നഷ്ടവുമാണ്.
എല്ലാ സ്വഹാബികളെയും അമീറുൽ മുഅ്മിനീൻ മുആവിയ رَضِيَ اللَّهُ عَنْهُ വിനെയും അല്ലാഹു തൃപ്തിപ്പെടുമാറാകട്ടെ എന്ന് അവന്റെ മനോഹരമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷണങ്ങളും മുൻനിർത്തി പ്രാർത്ഥിക്കുന്നു. അദ്ദേഹം ചെയ്ത നന്മകളും ഇസ്ലാമിനും മുസ്ലീങ്ങൾക്കും നൽകിയ സേവനങ്ങളും അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങളുടെ തുലാസിൽ അല്ലാഹു ഉൾപ്പെടുത്തുകയും, അദ്ദേഹത്തോടും മറ്റ് സ്വഹാബികളോടും നമ്മുടെ നബി മുഹമ്മദ് ﷺ യോടുമൊപ്പം സ്വർഗ്ഗത്തിൽ നമ്മെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ. വരും അധ്യായങ്ങളിൽ യസീദ് ബ്നു മുആവിയയുടെ കാലഘട്ടത്തെക്കുറിച്ചും അവിടെ നടന്ന വലിയ സംഭവവികാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതാണ്. സത്യമേത് മിഥ്യയേത് എന്ന് അവിടെ നമുക്ക് തിരിച്ചറിയേണ്ടതുണ്ട്. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും.
- സഹിഹ് ബുഖാരി, സഹിഹ് മുസ്ലിം
- സൂറത്ത് മുഹമ്മദ് 7
- സഹിഹ് മുസ്ലിം
- സുനനുത്തിർമിദി
- സുനനുത്തിർമിദി