1. ചരിത്രപഠനത്തിന്റെ പ്രാധാന്യവും ഉമയ്യദ് ഖിലാഫത്തിന്റെ തുടക്കവും

ഡോ. സുറൂർ ബ്നു മുദക്കിർ അൽ-അജമി

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

മുസ്ലീങ്ങളും അജ്ഞാതമായ ചരിത്രവും എന്ന് പേരുനൽകിയ ഈ ചരിത്രപഠനത്തിലേക്ക് നാം പ്രവേശിക്കുകയാണ്. നമ്മുടെ ഇസ്ലാമിക സമുദായത്തിന്റെ ചരിത്രം നാം അറിയുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതൊരു സമുദായവും തങ്ങളുടെ ചരിത്രം അറിയാൻ അതിയായ താല്പര്യം കാണിക്കുന്നവരാണ്; അവരുടെ ചരിത്രം അറിയാനോ പിന്തുടരാനോ അഭിമാനിക്കാനോ അർഹതയില്ലാത്തതാണെങ്കിൽ പോലും. അങ്ങനെയെങ്കിൽ, മുഹമ്മദ് നബി ﷺ യുടെ സമുദായമായ നമ്മുടെ അവസ്ഥ എന്തായിരിക്കണം? തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഈ മഹത്തായ ദീൻ നമുക്ക് കൈമാറിയ മുസ്ലീങ്ങളുടെ ചരിത്രം നാം അറിയാതിരിക്കുന്നതെങ്ങനെ? അവർക്ക് എന്താണ് സംഭവിച്ചതെന്നും, കാലാകാലങ്ങളിൽ നിലവിൽ വരികയും പിന്നീട് തകർന്നുപോവുകയും ചെയ്ത ഭരണകൂടങ്ങളുടെയും സംഭവവികാസങ്ങളുടെയും ചരിത്രം നാം അറിയാതിരിക്കുന്നത് എങ്ങനെയാണ്?

ഇസ്ലാമിന് മുൻപുള്ള അറബ് സമൂഹത്തെക്കുറിച്ച് പഠിക്കുമ്പോൾ എന്താണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്? ചിതറിക്കിടക്കുന്ന, ഛിന്നഭിന്നമായ ഒരു ജനത. അറേബ്യൻ ഉപദ്വീപിൽ പരസ്പരം പോരടിക്കുന്ന ഗോത്രങ്ങൾ. ഒരു ഒട്ടകത്തിന്റെ പേരിൽ നാൽപത് വർഷത്തോളം അവർ പരസ്പരം പോരടിച്ചു, അങ്ങനെ അവർ പരസ്പരം ഇല്ലാതാക്കി. ഒരു കുതിര മറ്റൊരു കുതിരയോട് മത്സരിച്ചതിന്റെ പേരിൽ അവർ യുദ്ധം ചെയ്തു; അറബികൾക്കിടയിൽ പ്രസിദ്ധമായ ‘ദാഹിസ്, ഗബ്റാഅ്’ (داحس والغبراء) യുദ്ധത്തിൽ അബ്സ്, ദുബ്യാൻ ഗോത്രങ്ങൾക്കിടയിൽ സംഭവിച്ചതുപോലെ. ആ ഒരു മത്സരത്തിന്റെ പേരിൽ അവർ പരസ്പരം നശിപ്പിക്കുന്നത് വരെ പോരടിച്ചു. അങ്ങനെ, ചിതറിക്കിടക്കുന്നതും പരസ്പരം ബന്ധം മുറിച്ചതുമായ ഒരു അറബ് സമൂഹത്തെയാണ് അവിടെ കാണാൻ സാധിക്കുക. ഒടുവിൽ അല്ലാഹു അവർക്ക് അനുമതി നൽകുകയും, പ്രവാചകന്മാരിലും ദൂതന്മാരിലും വെച്ച് ഏറ്റവും ശ്രേഷ്ഠനായ അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ യിലൂടെ, ഏറ്റവും മഹത്തായ മതത്തിലൂടെ അവരെ ആദരിക്കുകയും ചെയ്തു. അങ്ങനെ, സൃഷ്ടികളുടെ ആരാധനയിൽ നിന്ന് സൃഷ്ടികളുടെ രക്ഷിതാവിനോടുള്ള ആരാധനയിലേക്കും, മറ്റ് മതങ്ങളുടെ അനീതികളിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും, ഇഹലോകത്തിന്റെ ഇടുക്കത്തിൽ നിന്ന് ഇഹലോകത്തിന്റെയും പരലോകത്തിന്റെയും വിശാലതയിലേക്കും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു.

അതിനാൽ, ഒരു ഇസ്ലാമിക സമുദായം എന്ന നിലയിൽ ചരിത്രം അറിയാൻ നമുക്ക് അവകാശമുണ്ട്. നാം ഒരു അറബ് സമുദായം എന്ന് പറയുന്നില്ല, മറിച്ച് ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞതുപോലെ, അറബ് സമുദായത്തെ ഈ മഹത്തായ ഇസ്ലാം മതം കൊണ്ട് അല്ലാഹു ആദരിച്ചിരിക്കുകയാണ്:

‘ഇസ്ലാമിലൂടെ അല്ലാഹു പ്രതാപം നൽകിയ ഒരു സമുദായമാണ് നാം. അതിനാൽ അതിലൂടെയല്ലാതെ മറ്റെന്തിലെങ്കിലും നാം പ്രതാപം അന്വേഷിച്ചാൽ അല്ലാഹു നമ്മെ നിന്ദ്യരാക്കുന്നതാണ്.’¹

എന്തുകൊണ്ടാണ് ഉമർ رَضِيَ اللَّهُ عَنْهُ അപ്രകാരം പറഞ്ഞത്? കാരണം, അറബികളുടെ ചരിത്രവും, അവർ പരസ്പരം പോരടിച്ചിരുന്നതും ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നതുമായ അവസ്ഥയും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. പിന്നീട് അല്ലാഹു ഈ ഇസ്ലാം മതവുമായി അവരുടെ അടുക്കൽ വന്നപ്പോൾ, വെറും 25 വർഷം കൊണ്ട് ഈ ലോകം മുഴുവൻ അല്ലാഹു അവർക്ക് എങ്ങനെയാണ് അധീനപ്പെടുത്തിക്കൊടുത്തത്! അല്ലാഹു എങ്ങനെയാണ് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ റോം, പേർഷ്യ തുടങ്ങിയ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞതെന്നും, ഇസ്ലാമിക സമുദായത്തെ അവർക്ക് മേൽ വിജയിപ്പിച്ചതെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഈ മഹത്തായ മതത്തെയും അതിന്റെ സഹിഷ്ണുത നിറഞ്ഞ അധ്യാപനങ്ങളെയും മുറുകെപ്പിടിച്ചതിന്റെ ഫലമായി അവരെ നിലനിൽക്കുന്ന ഒരു രാഷ്ട്രവും വിജയിക്കുന്ന ഒരു സമുദായവുമാക്കി അല്ലാഹു മാറ്റി.

നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ മേൽ ഇസ്ലാമിന്റെ സൂര്യൻ ഉദിച്ചുയർന്നത് മുതലാണ് ഇസ്ലാമിക ചരിത്രം ആരംഭിക്കുന്നത്. അവിടുന്ന് ഹിറാ ഗുഹയിൽ ഏകാന്തവാസത്തിലും ആരാധനയിലുമായി കഴിയുകയായിരുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക, പ്രതിഷ്ഠകൾക്ക് വേണ്ടി ബലിയറുക്കുക, പലിശ തിന്നുക, നീചവൃത്തികളിൽ ഏർപ്പെടുക തുടങ്ങി തന്റെ ജനത ചെയ്തിരുന്ന കാര്യങ്ങളിൽ നിന്നകന്ന് നിൽക്കുകയായിരുന്നു അവിടുന്ന്. അങ്ങനെ നബി ﷺ അല്ലാഹുവിന്റെ നിരീക്ഷണത്തിൽ വളർത്തപ്പെടുകയും, അദ്ദേഹത്തിന് 40 വയസ്സ് തികയുകയും ചെയ്തു. പിന്നീട് അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ ജിബ്‌രീൽ വരികയും വഹ്‌യ് നൽകുകയും ചെയ്തു. ജിബ്‌രീൽ പറഞ്ഞു: “വായിക്കുക”. നബി ﷺ പറഞ്ഞു: “എനിക്ക് വായിക്കാനറിയില്ല”. അപ്പോൾ ജിബ്‌രീൽ അദ്ദേഹത്തെ പിടിച്ച് ശക്തമായി ആശ്ലേഷിച്ചു. അങ്ങനെ മൂന്ന് തവണ ശക്തമായി ആശ്ലേഷിച്ചു. റസൂൽ ﷺ പറഞ്ഞു: “എനിക്ക് വായിക്കാനറിയില്ല”. അപ്പോൾ ജിബ്‌രീൽ അദ്ദേഹത്തോട് പറഞ്ഞു:

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الْإِنسَانَ مِنْ عَلَقٍ اقْرَأْ وَرَبُّكَ الْأَكْرَمُ الَّذِي عَلَّمَ بِالْقَلَمِ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ

‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. ഭ്രൂണത്തില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. നീ വായിക്കുക, നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചു.’²

മുഹമ്മദ് നബി ﷺ യുടെ മേൽ ജിബ്‌രീൽ ഇറങ്ങിയത് മുതൽ നാം അറിവിന്റെയും വിജ്ഞാനത്തിന്റെയും സമുദായമാണ്. അല്ലാഹു ഈ സമുദായത്തെ അറിവും വിജ്ഞാനവും കൊണ്ട് സവിശേഷമാക്കിയിരിക്കുന്നു. പിന്നീട് നബി ﷺ തന്റെ ഇസ്ലാമിക പ്രബോധനം ആരംഭിക്കുകയും, ജനങ്ങൾ കൂട്ടംകൂട്ടമായി അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കുകയും ചെയ്തു. അവിടുന്ന് മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോയി. പിന്നീട് നബി ﷺ വഫാത്തായി. അദ്ദേഹത്തിന് ശേഷം അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ ഖിലാഫത്ത് ഏറ്റെടുത്തു. റസൂൽ ﷺ യുടെ ഖലീഫ എന്ന നിലയിൽ അദ്ദേഹം എത്ര മഹത്തായ വ്യക്തിത്വമായിരുന്നു. എന്നാൽ ഖിലാഫത്ത് ഏറ്റെടുത്ത് രണ്ട് വർഷവും കുറച്ച് മാസങ്ങൾക്കും ശേഷം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. പിന്നീട് ഉമറുൽ ഫാറൂഖ് അഥവാ ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ അധികാരം ഏറ്റെടുത്തു. ഖിലാഫത്തും അമീറുൽ മുഅ്മിനീൻ എന്ന പദവിയും അദ്ദേഹം ഏറ്റവും മികച്ച നിലയിൽ നിർവ്വഹിച്ചു. അങ്ങനെ ഏകദേശം ഒൻപത് വർഷവും കുറച്ച് മാസങ്ങളും അദ്ദേഹം ഖിലാഫത്ത് വഹിച്ചു. അദ്ദേഹത്തിന് ശേഷം മൂന്നാമത്തെ സച്ചരിതനായ ഖലീഫ ഉസ്മാൻ ബ്നു അഫ്ഫാൻ ഖിലാഫത്ത് ഏറ്റെടുത്തു. ഏകദേശം 12 വർഷത്തോളം അദ്ദേഹം ഖിലാഫത്തിൽ തുടർന്നു. ഒടുവിൽ അദ്ദേഹം അന്യായമായി കൊലചെയ്യപ്പെടുകയും വഫാത്താവുകയും ചെയ്തപ്പോൾ അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ ഖിലാഫത്ത് ഏറ്റെടുത്തു. അദ്ദേഹം നാല് വർഷവും കുറച്ച് മാസങ്ങളും ഖിലാഫത്തിൽ തുടർന്നു.

പിന്നീട് ഹിജ്റ നാൽപതാം വർഷം പൂർത്തിയാകാൻ വെറും 6 മാസങ്ങൾ മാത്രം അവശേഷിക്കെ ഹസൻ ബ്നു അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ ഖിലാഫത്ത് ഏറ്റെടുത്തു. തുടർന്ന് ഹിജ്റ 40-ാം വർഷം അദ്ദേഹം ഖിലാഫത്തിൽ നിന്ന് പിന്മാറുകയും, ഭരണകാര്യങ്ങളും ഖിലാഫത്തും മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന് കൈമാറുകയും ചെയ്തു. അന്ന് മുആവിയ സിറിയയിലെ ഡമസ്കസിലായിരുന്നു; ഹസൻ ഇറാഖിലെ കൂഫയിലുമായിരുന്നു. കാരണം അദ്ദേഹം തന്റെ പിതാവായ അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ വിന്റെ കൂടെയായിരുന്നു.

ഈ ആമുഖം ഇവിടെ നൽകാൻ കാരണമുണ്ട്; ഉമയ്യദ് ഭരണകൂടത്തിൽ നിന്നും അതിന്റെ തുടക്കത്തിൽ നിന്നുമാണ് ഈ ചരിത്രപഠനം ആരംഭിക്കുന്നത്. എന്നാൽ സച്ചരിതരായ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി رَضِيَ اللَّهُ عَنْهُمْ എന്നിവരുടെ കാലഘട്ടത്തെക്കുറിച്ചും ജീവചരിത്രത്തെക്കുറിച്ചും മറ്റൊരു അവസരത്തിൽ വിശദമായി പ്രതിപാദിക്കേണ്ടതുണ്ട്.

എങ്കിലും പ്രിയരെ, ഇസ്ലാമിക സമുദായത്തിന്റെ ഈ ചരിത്രത്തെക്കുറിച്ച് ചിന്തിച്ചാൽ, അത് കൃത്യമായി അറിയുന്നവർ നമ്മിൽ എത്ര പേരുണ്ടാകും? ഉമയ്യദ് ഭരണകൂടം എപ്പോഴാണ് നിലവിൽ വന്നതെന്നും, അതിലെ സംഭവവികാസങ്ങൾ എന്തൊക്കെയായിരുന്നുവെന്നും നമുക്കറിയാമോ? അതിൽ നടന്ന ഫിത്നകൾ, വിപ്ലവങ്ങൾ, ഖലീഫമാർ ചെയ്ത കാര്യങ്ങൾ, ഇസ്ലാം എങ്ങനെ വ്യാപിച്ചു, പാരമ്പര്യമുള്ളതും മഹത്തായതുമായ ഉമയ്യദ് ഭരണകൂടം എങ്ങനെ തകർന്നു, എന്തുകൊണ്ടാണ് അത് തകർന്നത്, അതിന്റെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്നിവയൊക്കെ നാം മനസ്സിലാക്കിയിട്ടുണ്ടോ?

അതുപോലെത്തന്നെ, ആരാണ് അതിനെ തകർത്തത്? അതിന് ശേഷം അബ്ബാസി ഭരണകൂടം (الدولة العباسية) എങ്ങനെ നിലവിൽ വന്നു? അബ്ബാസികൾ ഉമയ്യദുകളോട് എന്താണ് ചെയ്തത്, എങ്ങനെയാണ് അവരെ തകർത്തെറിഞ്ഞത്? ഉമയ്യദ് പരമ്പരയിൽ അവശേഷിച്ച അബ്ദുറഹ്മാൻ ബ്നു മുആവിയ ബ്നു ഹിശാം ബ്നു അബ്ദുൽ മലിക് അൽ-ഉമവി അബ്ബാസികളിൽ നിന്ന് രക്ഷപ്പെട്ട് അറബ് മഗ്‌രിബിലെ (വടക്കൻ ആഫ്രിക്ക) തന്റെ അമ്മാവന്മാരായ അമാസിഗുകളുടെ അടുക്കലെത്തിയപ്പോൾ എന്താണ് ചെയ്തത്? പിന്നീട് അദ്ദേഹം കോർദോബയിലൂടെ അൻഡലുഷ്യയിൽ പ്രവേശിച്ച്, പുതിയൊരു ഉമയ്യദ് ഭരണകൂടം അവിടെ സ്ഥാപിച്ചു. അത് ഏകദേശം 300 വർഷത്തോളം നിലനിന്നു. ‘ഖുറൈശികളുടെ പരുന്ത്’ (صقر قريش) എന്നായിരുന്നു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. അബ്ബാസി ഭരണകൂടത്തിന്റെ അവസ്ഥ എന്തായിരുന്നു? എത്ര കാലം അവർ ഇസ്ലാമിക സമുദായത്തിൽ നിലനിന്നു? അബ്ബാസി ഭരണകൂടം അതിന്റെ ഭരണകാലയളവിലുടനീളം ഒരേ ശക്തിയിലും ഒരേ സംവിധാനത്തിലുമാണോ നിലനിന്നത്, അതോ മറ്റ് പല ഭരണകൂടങ്ങൾക്കും വ്യവസ്ഥിതികൾക്കും സംഭവിക്കുന്നത് പോലെ ശക്തിയും ദൗർബല്യവും ക്ഷീണവും അവർക്കും നേരിടേണ്ടി വന്നുവോ? അതെങ്ങനെയാണ് തകർന്നത്? ഹിജ്റ 656-ൽ അവസാനത്തെ അബ്ബാസി ഖലീഫയെ കൊലപ്പെടുത്തിക്കൊണ്ട് ഹുലാകു ബാഗ്ദാദിൽ പ്രവേശിക്കുകയും, ഇസ്ലാമിക സമുദായത്തോട് ക്രൂരതകൾ പ്രവർത്തിക്കുകയും ചെയ്തത് എങ്ങനെയാണ്? മുസ്ലീങ്ങളെ ആക്രമിച്ചപ്പോൾ ഒരു ഉടമ്പടിയോ ബാധ്യതയോ പാലിക്കാതിരുന്ന മംഗോളിയരുടെ അവസ്ഥ എന്തായിരുന്നു? സെയ്ഫുദ്ദീൻ ഖുതുസ്, റുക്നുദ്ദീൻ ബൈബർസ് തുടങ്ങിയ ധീരരായ മംലൂക്കുകളുമായി ഏറ്റുമുട്ടിയപ്പോൾ മംഗോളിയർ എങ്ങനെയാണ് തടയപ്പെട്ടത്? ‘ഐൻ ജാലൂത്ത്’ (عين جالوت) എന്ന പ്രസിദ്ധമായ യുദ്ധത്തിലായിരുന്നു അത്. മംലൂക്കുകളുടെ അവസ്ഥ എന്തായിരുന്നു? ശാമും ഈജിപ്തും ഹിജാസും അവർ എങ്ങനെ ഭരിച്ചു, എങ്ങനെയാണ് അവർ തകർന്നത്? ഇസ്ലാം പ്രചരിപ്പിക്കുന്നതിലും നന്മ പരത്തുന്നതിലും അബ്ബാസി, ഉമയ്യദ് ഖിലാഫത്തുകളേക്കാൾ ഒട്ടും പിന്നിലല്ലാത്ത മഹത്തായ ഒരു ഭരണകൂടവും ഖിലാഫത്തും എങ്ങനെ നിലവിൽ വന്നു? അതാണ് ഉസ്മാനിയ ഭരണകൂടവും ഉസ്മാനിയ ഖിലാഫത്തും.

പ്രിയരെ, കൂടുതൽ വ്യക്തതയ്ക്കായി മനസ്സിലാക്കുക; ഉമയ്യദ് ഭരണകൂടം ഹിജ്റ 40 മുതൽ 132 വരെ ഏകദേശം 90 വർഷത്തോളം നിലനിന്നു. അബ്ബാസി ഭരണകൂടം നിലവിൽ വരികയും, ഉമയ്യദ് ഭരണകൂടം തകർന്ന ഹിജ്റ 132 മുതൽ 524 വർഷത്തോളം അത് നിലനിൽക്കുകയും ചെയ്തു. ശപിക്കപ്പെട്ട ഹുലാകു ബാഗ്ദാദിൽ പ്രവേശിച്ച് അബ്ബാസി ഖിലാഫത്ത് തകർക്കുകയും, ഖലീഫയായ മുസ്തഅ്സിം ബില്ലാഹിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്നത് വരെ അത് തുടർന്നു. അവർ അദ്ദേഹത്തെ ഒരു പരവതാനിയിൽ പൊതിഞ്ഞ് മരിക്കുന്നത് വരെ ഇരുമ്പും കല്ലും ഉപയോഗിച്ച് മർദ്ദിക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം യൂഫ്രട്ടീസ് നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇസ്ലാമിക നഗരങ്ങളിൽ അവൻ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്! ഹിജ്റ 656-ൽ അബ്ബാസി ഭരണകൂടം തകർന്നു. തുടർന്ന് ഹിജ്റ 700-ൽ ഉസ്മാനിയ ഖിലാഫത്ത് എന്ന് വിളിക്കപ്പെടുന്ന മഹത്തായ ഒരു പുതിയ ഖിലാഫത്ത് നിലവിൽ വന്നു. ആ കാലഘട്ടം മുതൽ ഹിജ്റ 1341 വരെ അത് തുടർന്നു. ഈ സംഭവവികാസങ്ങളെയും ചരിത്രങ്ങളെയും കുറിച്ച് ഇൻഷാ അല്ലാഹ് വരും അധ്യായങ്ങളിൽ വിശദീകരിക്കുന്നതാണ്.

പ്രിയരെ, നാം എന്തിനാണ് ചരിത്രം പഠിക്കുന്നത്? വിജ്ഞാനത്തിലൂടെ ഭൂതകാലവും സമുദായത്തിന്റെ ചരിത്രവും അറിയാനും, അതിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കാനും ചരിത്രപഠനത്തിലൂടെ സാധിക്കും എന്നത് മാത്രമാണ് അതിന്റെ നേട്ടമെങ്കിൽ പോലും അത് പര്യാപ്തമായേനെ. അങ്ങനെയിരിക്കെ, മുൻകഴിഞ്ഞ സമുദായങ്ങൾക്ക് സംഭവിച്ച കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു നമ്മെ പ്രേരിപ്പിച്ചിരിക്കുമ്പോൾ അതിന്റെ പ്രാധാന്യം എത്രത്തോളമായിരിക്കും! അല്ലാഹു പറയുന്നു:

فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ

‘അതിനാൽ അവർ ചിന്തിക്കുന്നതിന് വേണ്ടി ഈ ചരിത്രം നീ വിവരിച്ചുകൊടുക്കുക.’³

അല്ലാഹു വീണ്ടും പറയുന്നു:

وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ

‘നിന്റെ മനസ്സുറപ്പിക്കുവാൻ ഉതകുന്നതായ, ദൈവദൂതന്മാരുടെ വൃത്താന്തങ്ങളെല്ലാം നാം നിനക്ക് വിവരിച്ചുതരുന്നു.’⁴

അല്ലാഹു പറയുന്നു:

نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ

‘ഏറ്റവും നല്ല ചരിത്രം നാം നിനക്ക് വിവരിച്ചുതരുന്നു.’⁵

അല്ലാഹു വീണ്ടും പറയുന്നു:

قُلْ سِيرُوا فِي الْأَرْضِ فَانظُرُوا

‘നീ പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് നോക്കുക.’⁶

അതായത്, മുൻകഴിഞ്ഞ സമുദായങ്ങൾക്കും ഭരണകൂടങ്ങൾക്കും മനുഷ്യർക്കും എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ചിന്തിക്കുകയും നോക്കിക്കാണുകയും ചെയ്യുക.

അതുകൊണ്ട് ഒരു മുസ്ലീം തന്റെ ചരിത്രത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ തീർച്ചയായും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ ചരിത്രം തിളക്കമാർന്ന ഒരു ചരിത്രമാണ്. സംഭവങ്ങളും പാഠങ്ങളും ഉൾക്കൊള്ളുന്ന ചരിത്രം, അസാമാന്യ പ്രതിഭകളായ പുരുഷന്മാരുള്ള ചരിത്രം, നബി ﷺ യുടെ പാതയിലും അദ്ദേഹത്തിന്റെ മൻഹജിലും നിലകൊണ്ട, ഈ മഹത്തായ ദീൻ നമ്മിലേക്ക് എത്തിക്കുന്നതിന് വേണ്ടി തങ്ങളുടെ ജീവനും ശരീരവും ബലിയർപ്പിച്ച ആളുകളുടെ ചരിത്രം. അവരുടെ ഭൂതകാലവും ചരിത്രവും നാം പഠിക്കാനും മനസ്സിലാക്കാനും അവർ അർഹരല്ലേ? സ്വഹാബികളുടെയും താബിഉകളുടെയും അന്ത്യനാൾ വരെ സൽക്കർമ്മങ്ങളോടെ അവരെ പിൻപറ്റിയവരുടെയും ചരിത്രങ്ങളും അവർക്ക് സംഭവിച്ച കാര്യങ്ങളും നാം അറിയുകയും, അവർക്ക് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമല്ലേ? അതെ, അല്ലാഹുവാണെ സത്യം! ഈ മതത്തിനും ഈ ഇസ്ലാമിക സമുദായത്തിനും ഉപകാരം ചെയ്തവരെ നാം എപ്പോഴും അറിയുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്; അവർക്ക് വേണ്ടി അല്ലാഹുവിന്റെ കാരുണ്യത്തിനായി പ്രാർത്ഥിക്കാനും അവരെ നന്മയോടെ സ്മരിക്കാനുമാണത്. അതുപോലെത്തന്നെ, ഇസ്ലാമിക സമുദായത്തിന്റെ ശത്രുക്കളെക്കുറിച്ച് നാം അറിയുകയും അവരെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. അത് മുൻകഴിഞ്ഞുപോയവരാകട്ടെ, ജൂത-ക്രൈസ്തവരെപ്പോലെ ഇസ്ലാമിക സമുദായത്തോടുള്ള അവരുടെ ശത്രുതയും വിദ്വേഷവും അനന്തരാവകാശമായി ലഭിച്ചവരാകട്ടെ. ഇസ്ലാമിക സമുദായത്തിനും ഈ ദീനിനും ഉപകാരം ചെയ്ത ആ മഹാന്മാർ, നാം അവരുടെ ജീവചരിത്രം പഠിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അർഹതയുള്ളവരാണ്. അൽ-ഫറസ്ദഖ് പറയുന്നു:

‘അവരാണ് എന്റെ പിതാക്കൾ, അല്ലയോ ജരീർ, സദസ്സുകൾ നമ്മെ ഒരുമിച്ചുകൂട്ടുകയാണെങ്കിൽ അവരെപ്പോലെയുള്ളവരെ നീ എനിക്ക് കൊണ്ടുവന്നു തരൂ.’

അതെ, പ്രശംസിക്കപ്പെടാൻ അർഹതയുള്ളത് ആ മഹാന്മാർക്കാണ്. അല്ലാതെ ഇന്ന് പ്രശംസിക്കപ്പെടുന്ന, എന്നാൽ പ്രശംസയ്ക്കോ സ്തുതിക്കോ യാതൊരു അർഹതയുമില്ലാത്ത ആളുകൾക്കല്ല. അവർ ഇസ്ലാമിക സമുദായത്തിൽ കുഴപ്പങ്ങളുണ്ടാക്കുകയും നാശം വിതക്കുകയും ചെയ്തവരിൽ പെട്ടവരോ, അല്ലെങ്കിൽ സ്റ്റാറുകൾ, ജീനിയസുകൾ, കലാകാരന്മാർ എന്നൊക്കെ വിളിക്കപ്പെടുന്ന കാലഘട്ടത്തിലുള്ളവരോ ആകട്ടെ, ഈ പ്രശംസയ്ക്കും സ്തുതിക്കും അവർ ഒരിക്കലും അർഹരല്ല.

പ്രിയരെ, ഉമയ്യദ് ഭരണകൂടത്തിന്റെ ആദ്യ കാലഘട്ടത്തിൽ നിന്നാണ് നാം ആരംഭിക്കുന്നത്. മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ എന്ന മഹാനായ സ്വഹാബിയാണ് ഇത് സ്ഥാപിച്ചതും ഇതിന് നേതൃത്വം നൽകിയതും. അദ്ദേഹത്തിനും പിതാവിനും അല്ലാഹു തൃപ്തി നൽകട്ടെ. അബൂസുഫ്യാന്റെ യഥാർത്ഥ പേര് ഹർബ് എന്നാണ്. സഖ്ർ ബ്നു ഹർബ് ബ്നു ഉമയ്യ ബ്നു അബ്ദു ശംസ് ബ്നു അബ്ദുമനാഫ് എന്നാണ് പൂർണ്ണമായ പേര്. ഉമയ്യ കുടുംബത്തിന്റെയോ ഉമയ്യ ഭരണകൂടത്തിന്റെയോ പരമ്പരയെ നബി ﷺ യുടെ പരമ്പരയുമായി കൂട്ടിയിണക്കുന്നത് അബ്ദുമനാഫ് ആണ്. അതുകൊണ്ട് അവർ നബി ﷺ യുടെ പിതൃവ്യപുത്രന്മാരാണ് (കുടുംബക്കാരാണ്). റസൂൽ ﷺ യുടെ പിതാമഹനായ ഹാശിം, അബ്ദു ശംസിന്റെ സഹോദരനാണ്. അവർ ഇരട്ടകളായിരുന്നുവെന്നും പറയപ്പെടുന്നു. അതായത് അബ്ദു ശംസും ഹാശിമും അബ്ദുമനാഫിന്റെ ഇരട്ടമക്കളായിരുന്നു.

ഹുദൈബിയ സന്ധിയുടെ വർഷത്തിൽ ഇസ്ലാം സ്വീകരിക്കുകയും തന്റെ ഇസ്ലാം മനോഹരമാക്കുകയും ചെയ്ത ഈ മഹാനായ സ്വഹാബി رَضِيَ اللَّهُ عَنْهُ തന്റെ ചെറുപ്പം മുതൽ തന്നെ ഒരു നേതാവായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൽ നേതൃപാടവവും അധികാരവും ദൃശ്യമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മാതാവായ ഹിന്ദ് ബിൻത് ഉത്ബ رَضِيَ اللَّهُ عَنْهَا യോട് മുഖലക്ഷണം നോക്കി കാര്യങ്ങൾ പറയുന്ന ഒരാൾ ഒരിക്കൽ പറയുകയുണ്ടായി: “നിന്റെ ഈ മകൻ ഭാവിയിൽ അവന്റെ ജനതയുടെ നേതാവാകുമെന്ന് ഞാൻ കാണുന്നു”. അപ്പോൾ ഹിന്ദ് رَضِيَ اللَّهُ عَنْهَا എന്താണ് പറഞ്ഞത്? അവർ പറഞ്ഞു: “അവൻ തന്റെ ജനതയുടെ മാത്രം നേതാവാകുകയാണെങ്കിൽ അവനെ എനിക്ക് നഷ്ടപ്പെടട്ടെ”. അതായത്, അവന് തന്റെ ജനതയുടെ മാത്രം നേതാവാകാനാണ് ആഗ്രഹമെങ്കിൽ അവനെ എനിക്ക് ഇല്ലാതാക്കിക്കളയുക. മറിച്ച്, തന്റെ ജനതയെക്കാൾ ഉപരി വലിയൊരു വിഭാഗത്തിന്റെ നേതാവാകുമെന്നാണ് അവനിൽ പ്രതീക്ഷിക്കുന്നത്. ആ മനുഷ്യൻ മുആവിയ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് നടത്തിയ പ്രവചനം സത്യമായി പുലർന്നു. ഹസൻ ബ്നു അലി ബ്നു അബീത്വാലിബ് ഖിലാഫത്ത് അദ്ദേഹത്തിന് ഒഴിഞ്ഞുകൊടുത്തപ്പോഴായിരുന്നു അത്. പദവി ഒഴിഞ്ഞുകൊടുത്ത വ്യക്തിയും അത് ഏറ്റെടുത്ത വ്യക്തിയും എത്ര മഹത്തുക്കൾ! അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മകളായ ഫാത്തിമയുടെ മകൻ ഹസൻ ബ്നു അലിയും, റസൂൽ ﷺ ആർക്ക് വേണ്ടിയാണോ ഇപ്രകാരം പ്രാർത്ഥിച്ചത് ആ മുആവിയ ബ്നു അബീസുഫ്യാനും:

اللَّهُمَّ اجْعَلْهُ هَادِيًا مَهْدِيًّا

‘അല്ലാഹുവേ, നീ അദ്ദേഹത്തെ നേർവഴി കാണിക്കുന്നവനും നേർവഴിയിലാക്കപ്പെട്ടവനുമാക്കേണമേ.’⁷

മുസ്ലീങ്ങളുടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഹസൻ പദവി ഒഴിഞ്ഞുകൊടുത്തത്.

മുസ്ലീങ്ങളുടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അത്. സ്വഹാബികൾക്കിടയിൽ رَضِيَ اللَّهُ عَنْهُمْ നടന്ന ആ യുദ്ധം എങ്ങനെയുള്ളതായിരുന്നുവെന്ന് ഒന്ന് സങ്കൽപ്പിച്ച് നോക്കുക. ഓരോരുത്തരും തങ്ങളാണ് സത്യത്തിൽ നിലകൊള്ളുന്നതെന്ന വിശ്വാസത്തിൽ ഇജ്തിഹാദ് (ഗവേഷണം) ചെയ്തപ്പോഴാണ് അത് സംഭവിച്ചത്. ഒരു ഭാഗത്ത് അലിയും മറുഭാഗത്ത് മുആവിയയും, അല്ലാഹു എല്ലാവരെയും തൃപ്തിപ്പെടട്ടെ. സിഫ്ഫീൻ (صفين) യുദ്ധത്തിൽ മുസ്ലീങ്ങൾക്കിടയിൽ കൊല്ലപ്പെട്ടത് ഏകദേശം 70,000 പേരാണെന്ന് ചിന്തിക്കുക. മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ സൈന്യത്തിൽ ശാമുകാരായ 45,000 പേരും, അലി ബ്നു അബീത്വാലിബിന്റെ സൈന്യത്തിൽ ഇറാഖുകാരായ 25,000 പേരുമായിരുന്നു അത്. അല്ലാഹു അവരെ തൃപ്തിപ്പെടുകയും അവരിൽ മരണപ്പെട്ടവരോട് കരുണ കാണിക്കുകയും ചെയ്യട്ടെ.

ഹസൻ ബ്നു അലി ഖിലാഫത്ത് ഏറ്റെടുത്തപ്പോൾ, അലി ബ്നു അബീത്വാലിബിനോട് അവർ ചോദിച്ചിരുന്നു: “അമീറുൽ മുഅ്മിനീൻ, താങ്കൾക്ക് ശേഷം ഞങ്ങൾ ഹസനുമായി ബൈഅത്ത് ചെയ്യട്ടെയോ?” അപ്പോൾ അലി ബ്നു അബീത്വാലിബ് പറഞ്ഞു: “ഞാൻ നിങ്ങളോട് കൽപ്പിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല; കാരണം എനിക്ക് ശേഷം ഭരണവും അധികാരവും ഖിലാഫത്തും ഞാൻ അനന്തരാവകാശമായി നൽകുന്നില്ല.” അതെ, സച്ചരിതരായ ഖലീഫമാരുടെ رَضِيَ اللَّهُ عَنْهُمْ രീതി അതായിരുന്നു. അവർ ഖിലാഫത്ത് അനന്തരാവകാശമായി നൽകിയിരുന്നില്ല. മറിച്ച്, മുസ്ലീങ്ങളെ നയിക്കാനും ഭരിക്കാനും ഏറ്റവും അർഹതയുള്ളവരാണ് ഖിലാഫത്ത് ഏറ്റെടുത്തിരുന്നത്.

അങ്ങനെ ഹസൻ ഖിലാഫത്ത് ഏറ്റെടുക്കുകയും അവർ അദ്ദേഹത്തിന് ബൈഅത്ത് ചെയ്യുകയും ചെയ്തപ്പോൾ, ഭരണവും ഖിലാഫത്തും ഏറ്റെടുക്കുന്നതിനേക്കാൾ മുസ്ലീങ്ങളുടെ രക്തം ചിന്താതിരിക്കുന്നതിലാണ് നന്മയുള്ളതെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ അദ്ദേഹം മുആവിയ ബ്നു അബീസുഫ്യാനുമായി കൂടിക്കാഴ്ച നടത്തുകയും, സമാധാന സന്ധി മുന്നോട്ട് വെക്കുകയും ചെയ്തു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ താൻ ഖിലാഫത്തിൽ നിന്ന് പിന്മാറാമെന്നും, മുആവിയ ബ്നു അബീസുഫ്യാൻ മുസ്ലീങ്ങളുടെ ഖിലാഫത്ത് ഏറ്റെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അല്ലാഹു അവരെ എല്ലാവരെയും തൃപ്തിപ്പെടട്ടെ. മുആവിയ അമീറുൽ മുഅ്മിനീൻ ആകാനും മുസ്ലീങ്ങളുടെ ഖലീഫയാകാനും അർഹനാണെന്ന് കണ്ടതുകൊണ്ട് മാത്രമാണ് ഹസൻ അദ്ദേഹത്തിന് ഖിലാഫത്ത് വിട്ടുകൊടുത്തത്. അല്ലാത്തപക്ഷം, ശരിയായ ഇസ്ലാമിലല്ലെന്നും സത്യത്തിലല്ലെന്നും താൻ കരുതുന്ന ഒരാൾക്ക് അദ്ദേഹം ഖിലാഫത്ത് വിട്ടുകൊടുക്കുമായിരുന്നില്ല. മുആവിയ رَضِيَ اللَّهُ عَنْهُ എല്ലാവർക്കും വിശ്വാസയോഗ്യനായിരുന്നു എന്നതിനും ഇതിൽ തെളിവുണ്ട്. ഉസ്മാന്റെ രക്തത്തിന് പകരം ചോദിച്ചുകൊണ്ട് മുആവിയ നടത്തിയ നീക്കങ്ങളും, അലി ബ്നു അബീത്വാലിബുമായുള്ള യുദ്ധവുമെല്ലാം അദ്ദേഹത്തിന്റെ ഇജ്തിഹാദിന്റെഭാഗമായിരുന്നുവെന്നും, അദ്ദേഹം ശരിയായ തീരുമാനവും നന്മയുമാണ് ആഗ്രഹിച്ചതെന്നും അവർക്കറിയാമായിരുന്നു. എന്നാൽ പറയപ്പെടുന്നത് പോലെ എല്ലാ മുജ്തഹിദുകളും (ഗവേഷണം ചെയ്യുന്നവർ) ശരിയായ തീരുമാനത്തിൽ എത്തണമെന്നില്ല; നന്മ കാംക്ഷിക്കുന്ന എല്ലാവർക്കും അത് ലഭിക്കാൻ തൗഫീഖ് ലഭിക്കണമെന്നുമില്ല.

പ്രിയരെ, ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് 20 വർഷക്കാലം ശാമിന്റെ ഭരണാധികാരിയായിരുന്നു മുആവിയ. ഹസൻ ബ്നു അലി رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അത് വ്യക്തമായിരുന്നു. ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ ആണ് അദ്ദേഹത്തെ ആദ്യമായി ശാമിന്റെ ഗവർണറായി നിയമിച്ചത്. ഫാറൂഖിന്റെ ചരിത്രം നിങ്ങൾക്ക് അറിയാമല്ലോ; അദ്ദേഹം എങ്ങനെയാണ് ഗവർണർമാരെ തിരഞ്ഞെടുക്കുന്നതെന്നും, ഇസ്ലാമിന് വിരുദ്ധമായ എന്തെങ്കിലും പ്രവർത്തിച്ചാൽ അദ്ദേഹം എങ്ങനെയാണ് അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതെന്നും നിങ്ങൾക്ക് അറിയാം. ഇറാഖുകാർ പരാതിപ്പെട്ടതിന്റെ പേരിൽ അദ്ദേഹം സഅ്ദ് ബ്നു അബീ വഖാസിനെ സ്ഥാനഭ്രഷ്ടനാക്കിയിട്ടുണ്ട്. അതുപോലെ മുഗീറ ബ്നു ശുഅ്ബയെയും സ്ഥാനഭ്രഷ്ടനാക്കി. ഭരണത്തിന് ഭംഗം വരുത്തുന്ന എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വഹാബികളിൽ പലരെയും അദ്ദേഹം മാറ്റുകയും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ, തന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഇത്രയും കാലം മുആവിയയെ ശാമിന്റെ ഗവർണറായി നിലനിർത്താൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു? മുആവിയയുടെ രാഷ്ട്രീയവും ഭരണവും ആ പദവിക്ക് ഏറ്റവും അർഹമാണെന്ന് കണ്ടതുകൊണ്ട് മാത്രമാണത്.

മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ എന്ന ഈ മഹാനായ സ്വഹാബിയെപ്പോലെ വ്യക്തിഹത്യ നേരിടുകയും, ചരിത്രം വളച്ചൊടിക്കപ്പെടുകയും, വിമർശിക്കപ്പെടുകയും ചെയ്ത മറ്റൊരു ഇസ്ലാമിക വ്യക്തിത്വവുമില്ല. എന്നാൽ അദ്ദേഹത്തിന്റെ തിളക്കമാർന്ന ചരിത്രം കാലഘട്ടങ്ങളിലൂടെ ശോഭിക്കുന്ന ഒരു നക്ഷത്രമായും പ്രൗഢിയുള്ള വ്യക്തിത്വമായും നിലകൊള്ളാൻ തന്നെയാണ് തീരുമാനിച്ചത്. അദ്ദേഹം ഇസ്ലാമിക സമുദായത്തെ ഏറ്റവും നല്ല രീതിയിൽ നയിക്കുകയും, നീതിയോടെയും വിവേകത്തോടെയും ശരിയായ ഇസ്ലാമിക രാഷ്ട്രീയത്തിലൂടെയും ഭരണം നിർവ്വഹിച്ച ആ തിളക്കമാർന്ന ചരിത്രം നമ്മിലേക്കെത്തുകയും ചെയ്തു.

അതെ പ്രിയരെ, നബി ﷺ ക്ക് ശേഷം പാപസുരക്ഷിതനായ ഒരു മനുഷ്യനുമില്ല. നബി ﷺ വഹ്‌യ് മുഖേന പിൻബലം നൽകപ്പെട്ടവരായിരുന്നു. മറ്റുള്ളവരിൽ നിന്ന് വഹ്‌യ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഇജ്തിഹാദിലൂടെയും റസൂൽ ﷺ യുടെ സ്വഹാബികളുമായുള്ള കൂടിയാലോചനകളിലൂടെയുമല്ലാതെ ശരിയും തെറ്റും അറിയാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് ഹസൻ ബ്നു അലി ചോദിച്ചപ്പോൾ മുആവിയ ബ്നു അബീസുഫ്യാൻ നൽകിയ മറുപടി ശ്രദ്ധേയമാകുന്നത്. “ഓ അബൂ അബ്ദിറഹ്മാൻ, അമീറുൽ മുഅ്മിനീൻ… താങ്കൾ എങ്ങനെയാണ് ജനങ്ങളെ നയിക്കുന്നത്?” എന്ന് ഹസൻ ചോദിച്ചു. അപ്പോൾ ഇന്നത്തെ രാഷ്ട്രീയക്കാർ പോലും ആവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകൾ അദ്ദേഹം പറഞ്ഞു: “അല്ലയോ അല്ലാഹുവിന്റെ റസൂലിന്റെ മകളുടെ മകനേ, അല്ലാഹുവാണെ സത്യം, എന്റെ ശബ്ദം മതിയാകുന്നിടത്ത് ഞാൻ എന്റെ വാൾ പ്രയോഗിക്കാറില്ല. അതുപോലെ എന്റെ നാവ് മതിയാകുന്നിടത്ത് ഞാൻ എന്റെ ചാട്ടവാർ ഉപയോഗിക്കാറില്ല. അല്ലാഹുവാണെ സത്യം, എനിക്കും ജനങ്ങൾക്കുമിടയിൽ ഒരു മുടിയിഴയുടെ ബന്ധമാണുള്ളതെങ്കിൽ പോലും ഞാനത് പൊട്ടാൻ അനുവദിക്കില്ല. അവർ അത് വലിച്ചുമുറുക്കുമ്പോൾ ഞാൻ എന്റെ ഭാഗത്ത് നിന്ന് അയച്ചുകൊടുക്കും; അവർ അയച്ചുകൊടുക്കുമ്പോൾ ഞാൻ എന്റെ ഭാഗത്ത് നിന്ന് വലിച്ചുമുറുക്കും.” ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നയവും ബുദ്ധിസാമർത്ഥ്യവുമായിരുന്നു رَضِيَ اللَّهُ عَنْهُ.

അതെ, നാം ചരിത്രം വായിക്കുകയും അമീറുൽ മുഅ്മിനീൻ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ജീവചരിത്രം പഠിക്കുകയും ചെയ്താൽ, അദ്ദേഹം അനുഭവിച്ചിരുന്ന നീതിപൂർവ്വകമായ രാഷ്ട്രീയവും ബുദ്ധിസാമർത്ഥ്യവും വിവേകവും നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് പുതുമയുള്ള കാര്യമായിരുന്നില്ല. കാരണം നേതൃത്വവും ഭരണവും തലമുറകളായി അദ്ദേഹത്തിന് പൈതൃകമായി ലഭിച്ചതാണ്. അദ്ദേഹം ഇസ്ലാമിലെ ആദ്യത്തെ രാജാവാണ്. കാരണം, റസൂൽ ﷺ യുടെ മരണശേഷം പ്രവാചകചര്യയിലധിഷ്ഠിതമായ സച്ചരിതരായ ഖലീഫമാരുടെ ഭരണം 30 വർഷമായിരിക്കുമെന്ന് ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്:

الْخِلَافَةُ الرَّاشِدَةُ الَّتِي تَكُونُ عَلَى مِنْهَاجِ النُّبُوَّةِ ثَلَاثُونَ سَنَةً

‘പ്രവാചകചര്യയിലധിഷ്ഠിതമായ സച്ചരിതരായ ഖലീഫമാരുടെ ഭരണം മുപ്പത് വർഷക്കാലമായിരിക്കും.’⁸

സച്ചരിതരായ ഖലീഫമാരുടെ ഭരണകാലയളവ് നാം കണക്കാക്കുകയും, അതിനോടൊപ്പം ഹസൻ ബ്നു അലിയുടെ ആറ് മാസത്തെ ഭരണം കൂടി കൂട്ടിച്ചേർക്കുകയും ചെയ്താൽ ആ കാലയളവ് 30 വർഷമാണെന്ന് നമുക്ക് കാണാൻ കഴിയും. അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ ഭരണമേറ്റെടുത്തത് മുതൽ ഹസൻ, മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന് ഖിലാഫത്ത് കൈമാറുന്നത് വരെയുള്ള കാലയളവാണത്.

ഹിജ്റ 40-ാം വർഷം മുആവിയ ബ്നു അബീസുഫ്യാൻ ഇസ്ലാമിക ഖിലാഫത്ത് ഏറ്റെടുത്തു. ശാമിന്റെ ഗവർണറായിരുന്ന അദ്ദേഹം എല്ലാവരുടെയും അമീറുൽ മുഅ്മിനീൻ ആയി മാറി. എതിർപ്പുകളോ വിയോജിപ്പുകളോ ഇല്ലാതെ സമുദായം ഒന്നടങ്കം തങ്ങളുടെ അമീറും ആദ്യത്തെ രാജാവുമായ മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിനെ അംഗീകരിച്ചു. ഇവിടെവെച്ചാണ് ഉമയ്യദ് ഭരണകൂടത്തിന്റെ ആദ്യ ശാഖ സ്ഥാപിക്കപ്പെട്ടത്. ആദ്യ ശാഖ എന്ന് നാം ഉദ്ദേശിക്കുന്നത് എന്താണ്? കാരണം ഉമയ്യാക്കൾ (ബനൂ ഉമയ്യ) രണ്ട് ശാഖകളാണ്. ഒന്ന് സുഫ്യാനികളുടെ ശാഖ. അവരാണ് മുആവിയ ബ്നു അബീസുഫ്യാനും, അദ്ദേഹത്തിന്റെ മകൻ യസീദും, കുറച്ച് ദിവസങ്ങൾ മാത്രം (അല്ലെങ്കിൽ പത്തിലധികം ദിവസങ്ങൾ) ഭരണം നടത്തിയ അദ്ദേഹത്തിന്റെ പൗത്രൻ മുആവിയയും. അതിനുശേഷം ഉമയ്യദ് ഭരണകൂടത്തിന്റെ ഈ ആദ്യ ശാഖയായ സുഫ്യാനി ശാഖ അവസാനിച്ചു. പിന്നീട് രണ്ടാമത്തെ ശാഖയായ മർവാനി ശാഖ ആരംഭിച്ചു. അത് മർവാൻ ബ്നുൽ ഹകം ആണ്. മുആവിയ ബ്നു യസീദ് ബ്നു മുആവിയ ബ്നു അബീസുഫ്യാന്റെ മരണശേഷം അദ്ദേഹം ഭരണവും ഖിലാഫത്തും ഏറ്റെടുത്തു. പിന്നീട് ഹിജ്റ 132-ൽ മർവാൻ ബ്നു മുഹമ്മദ് ബ്നു മർവാൻ ബ്നുൽ ഹകമിന്റെ കൈകളാൽ ഈ പാരമ്പര്യമുള്ള ഭരണകൂടം തകർന്നുവീഴുന്നത് വരെ ഈ ശാഖ തുടർന്നു. അവസാനത്തെ ആളുകൾ തമ്മിൽ എങ്ങനെ തർക്കങ്ങളുണ്ടായെന്നും ഭരണകൂടം തകർന്നെന്നും, അബ്ബാസികളുടെ പുതിയൊരു ഭരണകൂടം എങ്ങനെ നിലവിൽ വന്നുവെന്നും വരും അധ്യായങ്ങളിൽ വിശദീകരിക്കുന്നതാണ്.

മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ ഖിലാഫത്ത് ഏറ്റെടുത്തു. അദ്ദേഹം ശാമിന്റെ ഗവർണറായിരുന്നതുകൊണ്ട് ഡമസ്കസ് നഗരത്തിലാണ് അദ്ദേഹം ആദ്യത്തെ ഉമയ്യദ് ഖിലാഫത്ത് സ്ഥാപിച്ചത്. ഇസ്ലാമിക ഖിലാഫത്തിന്റെ മൂന്നാമത്തെ ആസ്ഥാനം അല്ലെങ്കിൽ കേന്ദ്രം അതായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഖിലാഫത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ടത് മദീനയിലാണ്; റസൂൽ ﷺ യുടെയും പിന്നീട് അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരുടെയും നേതൃത്വത്തിൽ. അതിനുശേഷം അലിയുടെ ഖിലാഫത്തിന്റെ ആദ്യ കാലത്തും മദീന തന്നെയായിരുന്നു കേന്ദ്രം. പിന്നീട് അലി കൂഫയിലേക്ക് മാറുകയും, അദ്ദേഹത്തിനും ശാമുകാർക്കും ഇടയിൽ യുദ്ധം നടന്ന കാലത്ത് അവിടെ തുടരുകയും ചെയ്തു. പിന്നീട് അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ ഖവാരിജുകളാൽ (الخوارج) കൊലചെയ്യപ്പെട്ടു; അബ്ദുറഹ്മാൻ ബ്നു മുൽജം എന്ന ഖാരിജിയായിരുന്നു കൊലയാളി. അങ്ങനെ അദ്ദേഹം ഇറാഖിൽ ഖബറടക്കപ്പെട്ടു. സന്ദർഭവശാൽ ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ; ശിയാക്കൾ (റവാഫിദുകൾ) ഇന്ന് സന്ദർശിക്കുകയും അല്ലാഹുവിന് പുറമെ ആരാധനകളും ശിർക്കും അർപ്പിക്കുകയും ചെയ്യുന്ന ആ ഖബർ അലി ബ്നു അബീത്വാലിബിന്റേതല്ല. കാരണം അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ വിനെ എവിടെയാണ് മറവ് ചെയ്തതെന്നും ആ ഖബർ എവിടെയാണെന്നും ഈ നിമിഷം വരെ ആർക്കും അറിയില്ല. മറിച്ച് അവർ സന്ദർശിക്കുകയും ആരാധനകളും ശിർക്കും അർപ്പിക്കുകയും ചെയ്യുന്നത്, സ്വഹാബികളിൽ അവർ ഏറ്റവും കൂടുതൽ ശത്രുത പുലർത്തുന്ന മുഗീറ ബ്നു ശുഅ്ബ رَضِيَ اللَّهُ عَنْهُ വിന്റെ ഖബറാണ്. അവർ അദ്ദേഹത്തെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു. എന്നാൽ അവർ അദ്ദേഹത്തോട് ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ നന്മകളുടെ തുലാസിലാണ് വന്നുചേരുക. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഖബറിന്മേലാണ് അവർ കെട്ടിടം പണിയുന്നതും, ആരാധിക്കുന്നതും, ശിർക്ക് ചെയ്യുന്നതും. അല്ലാഹു അവരെ ഈ രൂപത്തിൽ ശിക്ഷിക്കുകയും നിന്ദ്യരാക്കുകയും ചെയ്യുന്നത് പോലെയാണിത്. അതുകൊണ്ട് പ്രിയരെ, ഖിലാഫത്തിന്റെ രണ്ടാമത്തെ ആസ്ഥാനം കൂഫയായിരുന്നു. അവിടെവെച്ചാണ് അലി ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ കൊലചെയ്യപ്പെട്ടത്. അതിനുശേഷം മൂന്നാമത്തെ ഖിലാഫത്തും കേന്ദ്രവും ശാമിലെ ഡമസ്കസ് ആയിരുന്നു. അതിനെ സുന്നത്തിന്റെ കേന്ദ്രത്തിലേക്കും അഹ്‌ലുസ്സുന്നയിലേക്കും തിരികെ കൊണ്ടുവരാനും, അവിടെയുള്ള അഹ്‌ലുസ്സുന്നയുടെ ദുരിതങ്ങളും പരീക്ഷണങ്ങളും അനീതികളും നീക്കം ചെയ്യാനും, അവർക്ക് എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഒരു മോചനവും എല്ലാ ദുഃഖങ്ങളിൽ നിന്നും ഒരു ആശ്വാസവും നൽകാനും നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

പ്രിയരേ, വിവരണം ദീർഘിപ്പിക്കുന്നില്ല. ഉമയ്യദ് ഭരണകൂടത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഈ ആമുഖം ഇവിടെ ചുരുക്കുന്നു. ഇൻഷാ അല്ലാഹ്, വരും ഭാഗങ്ങളിൽ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്തിനെക്കുറിച്ചും, ഇസ്ലാമിക സമുദായത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം എങ്ങനെയായിരുന്നുവെന്നും വിശദീകരിക്കുന്നതാണ്. അദ്ദേഹം എന്തൊക്കെ ചെയ്തു? എന്തൊക്കെ നിർമ്മിച്ചു? അദ്ദേഹം رَضِيَ اللَّهُ عَنْهُ മരിക്കുന്നതിന് മുമ്പ് തന്റെ മകൻ യസീദ് ബ്നു മുആവിയക്ക് ഖിലാഫത്ത് അനന്തരാവകാശമായി നൽകിയതെങ്ങനെ? അദ്ദേഹത്തിന്റെ ആ തീരുമാനം ശരിയായിരുന്നോ അതോ തെറ്റായിരുന്നോ? ശരിയായിരുന്നുവെങ്കിൽ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്, ഇനി തെറ്റാണെങ്കിൽ അദ്ദേഹത്തിന്റെ ഇജ്തിഹാദിന്റെ പേരിൽ അദ്ദേഹം ഒഴികഴിവ് അർഹിക്കുന്നവനും ആ ഇജ്തിഹാദിന്റെ പ്രതിഫലം ലഭിക്കുന്നവനുമാണ്. യസീദ് ബ്നു മുആവിയയുടെ ഖിലാഫത്തിന്റെ തുടക്കം എങ്ങനെയായിരുന്നു? അതെല്ലാം വരും അധ്യായങ്ങളിൽ പ്രതീക്ഷിക്കാം. നമുക്കും നിങ്ങൾക്കും ഉപകാരപ്രദമായ അറിവും സൽക്കർമ്മങ്ങളും നൽകാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഒരു ചരിത്രകാരൻ പറഞ്ഞിട്ടുണ്ട്: “ചരിത്രം അറിഞ്ഞവൻ കാലം മുഴുവൻ ജീവിച്ചു.” അല്ലാഹുവാണെ സത്യം, ഈ വാക്കുകൾ സ്വർണ്ണം കൊണ്ട് എഴുതിവെക്കപ്പെടേണ്ടതാണ്. ചരിത്രം അറിഞ്ഞവൻ കാലം മുഴുവൻ ജീവിച്ചു; അതായത് അവൻ ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുകയും അതിലൂടെ ഭാവിയെ നോക്കിക്കാണുകയും ചെയ്യുന്നു. എന്നാൽ ഭൂതകാലത്തെക്കുറിച്ച് അജ്ഞനായ ഒരാൾക്ക് എങ്ങനെയാണ് മുൻകാല അനുഭവങ്ങൾ അറിയാൻ സാധിക്കുക? തന്റെ വർത്തമാനകാലത്തെ അവൻ എങ്ങനെ മനസ്സിലാക്കും? ഈ ബന്ധത്തിന്റെ തുടർച്ച എപ്രകാരമാണ്? ഇതെല്ലാം നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും.

പ്രിയ വായനക്കാരുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം ഉണർത്താൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു ചരിത്രകാരനോ ചരിത്രം ആഴത്തിൽ പഠിച്ച വ്യക്തിയോ അല്ല. മറിച്ച്, ചരിത്രത്തിന്റെ ചില ഭാഗങ്ങൾ വായിച്ച് മനസ്സിലാക്കിയ നിങ്ങളുടെ ഒരു സഹോദരൻ മാത്രമാണ്. നമ്മുടെ ഇസ്ലാമിക സമുദായത്തിന്റെ കഴിഞ്ഞകാല ചരിത്രത്തെക്കുറിച്ച് വായനക്കാരുമായി പങ്കുവെക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഇതിൽ ശരിയായ കാര്യങ്ങളുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് മാത്രമാണ്. ഞാൻ എന്തെങ്കിലും തെറ്റുകളോ അബദ്ധങ്ങളോ വരുത്തിയിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് ഞാൻ മാപ്പും വിട്ടുവീഴ്ചയും ചോദിക്കുന്നു. വായനക്കാരായ സഹോദരങ്ങളുടെ ശ്രദ്ധപ്പെടുത്തലുകളും നിർദ്ദേശങ്ങളും എനിക്ക് എപ്പോഴും ആവശ്യമാണ്. എല്ലാവർക്കും തൗഫീഖും നേർവഴിയും നൽകാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നമ്മുടെ നബി മുഹമ്മദ് ﷺ യുടെ മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.


  1. അൽ-ഹാകിം അൽ-മുസ്തദ്‌റകിൽ റിപ്പോർട്ട് ചെയ്തത്.
  2. സൂറത്തുൽ അലഖ് 1-5
  3. സൂറത്തുൽ അഅ്റാഫ് 176
  4. സൂറത്ത് ഹൂദ് 120
  5. സൂറത്ത് യൂസുഫ് 3
  6. സൂറത്തുൽ അൻആം 11
  7. സുനനുത്തിർമിദി
  8. സുനനുത്തിർമിദി, സുനനു അബീദാവൂദ്
Share This Article
Leave a Comment