എന്റെ ക്ഷമാശീലയായ സഹോദരി

ശൈഖ് അബ്ദുറസാഖ് അൽ-ബദ്ർ (حفظه الله) യുടെ 'أُخَيَّتِي الصَّابِرَةُ' എന്ന ചെറുപുസ്തകത്തിൻ്റെ മലയാള പരിഭാഷ.

بِسْم ِالله ِالرَّحْمَنِ الرَّحِيمِ

الحمد لله على قضائه حمدًا كثيرًا، له ما أخذ وله ما أعطى، وكل شيء عنده بأجل مسمى، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله؛ صلى الله وسلم عليه وعلى آله وصحبه أجمعين.

തീർച്ചയായും, ക്ഷമാശീലർക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ പൂർണ്ണമായി നൽകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവൻ പറഞ്ഞതുപോലെ:

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ [الزمر : ١٠]﴿

«തീർച്ചയായും ക്ഷമാശീലർക്ക് തങ്ങളുടെ പ്രതിഫലം കണക്കില്ലാതെ പൂർണ്ണമായി നൽകപ്പെടും».

ഇമാം അൽ-ഔസാഇ (رحمه الله) പറഞ്ഞു: «അവർക്ക് വേണ്ടി (പ്രതിഫലം) തൂക്കുകയോ അളക്കുകയോ ചെയ്യുകയില്ല; മറിച്ച് അവർക്ക് കോരിക്കൊടുക്കുകയാണ് ചെയ്യുക».

ഞാൻ കരുതുന്നു – അല്ലാഹുവിന്റെ മേൽ ഞാൻ ആരെയും പ്രശംസിക്കുന്നില്ല – എന്റെ ബഹുമാന്യയും പ്രിയപ്പെട്ടവളുമായ സഹോദരി, നൂറ ബിൻത് അബ്ദിൽ മുഹ്സിൻ അൽ-ബദ്ർ – അവർ സുൽഫി പട്ടണത്തിൽ, ഹിജ്റ 1379, ശഅബാൻ മാസം മൂന്നാം തീയതിയാണ് ജനിച്ചത്-; അവർ ക്ഷമാശീലരും, പ്രതിഫലം ആഗ്രഹിക്കുന്നവരും, അല്ലാഹുവിങ്കലുള്ളത് പ്രതീക്ഷി-ക്കുന്നവരുമായ സത്യവിശ്വാസിനികളിൽ പെട്ടവരായിരുന്നു. അവന്റെ (سبحانه) പക്കലുള്ളതാണ് ഏറ്റവും ഉത്തമവും നിലനിൽക്കുന്നതും.

ഇരുപത് വർഷത്തിലേറെയായി കഠിനമായ രോഗങ്ങളും വേദനകളും അവൾക്ക് തുടങ്ങിയിരുന്നു. ഈ കാലയളവിലുടനീളം കാൻസർ ട്യൂമറുകൾ കൊണ്ട് അവൾ പരീക്ഷിക്കപ്പെട്ടു. അത് അവളുടെ ശരീരത്തിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരുന്നു; ഓരോ തവണയും മാരകമായ കീമോതെറാപ്പി ചികിത്സകൾ കൊണ്ട് ഒരിടത്ത് ചികിത്സിക്കുകയും, അതിൽ നിന്ന് സുഖം പ്രാപിക്കുകയും ചെയ്യുമ്പോൾ, അത് മറ്റൊരിടത്തേക്ക് മാറുമായിരുന്നു. അവസാനം, അവളുടെ അവസാന നാളുകളിൽ, അത് അവളുടെ തലയിൽ വ്യാപിച്ചു. ഡോക്ടർമാർക്ക് ഒരു മാർഗ്ഗവുമില്ലാത്ത വിധം അത് പടർന്നുപിടിച്ചിരുന്നു. കഠിനമായ വേദന കുറയ്ക്കുന്നതിനും അല്പം ആശ്വാസം നൽകുന്നതിനും ചില വേദനസംഹാരികൾ നൽകുകയല്ലാതെ (മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല). ഈ കാലയളവിലുടനീളം അവൾ ക്ഷമാശീലയും പ്രതിഫലം കാംക്ഷിക്കുന്നവളുമായിരുന്നു, അക്ഷമയോ അതൃപ്തിയോ കാണിച്ചിരുന്നില്ല.

അവളുടെ അത്ഭുതകരമായ കാര്യങ്ങളിൽ ഒന്നാണ്: അവളെ ആശ്വസിപ്പിക്കാൻ വരുന്നവരെ അവൾ സമാധാനി-പ്പിക്കുമായിരുന്നു. അവളുടെ അവസ്ഥയിൽ വേദനി-ക്കുന്നവരെയും അവളോട് സഹതാപം കാണിക്കുന്നവരെയും അവൾ സന്തോഷിപ്പിക്കുമായിരുന്നു, അല്ലാഹുവിൽ അവൾക്ക് മഹത്തായ ഒരുറപ്പുണ്ടായിരുന്നുവെന്നും, അവനിൽ പ്രതീക്ഷയർപ്പിക്കുന്നവർക്കുള്ള അവന്റെ വാഗ്ദാനത്തിൽ അവൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും ഞാൻ കരുതുന്നു.

അവളുടെ അവസാന നാളുകളിൽ, വേദനയുടെ മൂർദ്ധന്യാവസ്ഥയിൽ, അവളുടെ പെൺമക്കളിലൊരാൾ വേദനിക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു: «തീർച്ചയായും, ഒരു വിശ്വാസിയുടെ കാര്യം മുഴുവനും ഖൈറാണ്».

അവളുടെ അരികിലിരിക്കുന്നവരെ സമാധാനിപ്പിച്ചുകൊണ്ട് അവൾ പറയുമായിരുന്നു: തീർച്ചയായും നബി ﷺ പറഞ്ഞിട്ടുണ്ട്:

«حَتَّى الشَّوْكة يُشاكها إِلَّا كفر الله بها من خطاياه»

«ഒരു മുള്ളു തറച്ചാൽ പോലും, അതുകൊണ്ട് അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കാതിരിക്കില്ല».

അവളുടെ രോഗം കഠിനമായ സമയത്ത്, അവൾക്ക് ബോധം വരികയും പോവുകയും ചെയ്യുന്ന അവസ്ഥയിൽ, അവളുടെ പെൺമക്കളിലൊരാൾ അവൾ പാരായണം ചെയ്യുന്നത് കേട്ടു:

أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ﴾ [النمل: ٦٢]﴿

«അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചാല്‍ അവന്നുത്തരം നല്‍കുകയും, അവന്റെ ദുരിതം ദൂരീകരിക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ..».

പിന്നെ അവൾ അല്പനേരം അബോധാവസ്ഥയിലായി, പിന്നീട് ബോധം വന്നപ്പോൾ ആയത്ത് പൂർത്തിയാക്കി:

أَءِ لَهُ مَعَ اللَّهِ قَلِيلًا مَّا تَذَكَّرُونَ﴾ [النمل: ٦٢]﴿

«അല്ലാഹുവിന്റെ കൂടെ വേറെ വല്ല ആരാധ്യനുമുണ്ടോ? വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ», അവൾ അത് ആവർത്തിച്ചുകൊണ്ടിരുന്നു.

അവൾ ധാരാളമായി അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുമായിരുന്നു. ഉത്തമമായ ഒരു അന്ത്യം നൽകണമെന്നും, അല്ലാഹു തൃപ്തിപ്പെട്ട അവസ്ഥയിൽ തന്നെ മരിപ്പിക്കണമെന്നും അവൾ അവനോട് ചോദിക്കുമായിരുന്നു.

ഇമാം അബൂദാവൂദ് തന്റെ ‘സുനനി’ലും, ഇമാം അഹ്‌മദ് തന്റെ ‘മുസ്‌നദി’ലും നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

«إِذَا سَبَقَتْ لِلْعَبْدِ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ، ابْتَلَاهُ اللَّهُ فِي جَسَدِهِ أَو فِي مَالِهِ أَو فِي وَلَدِهِ، ثُمَّ صَبَّرَهُ حَتَّى يُبْلِغَهُ المَنزِلَةَ التِي سَبَقَتْ لَهُ مِنْهُ»

«ഒരു അടിമക്ക് അല്ലാഹുവിങ്കൽ നിന്ന് ഒരു പദവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവന്റെ കർമ്മം കൊണ്ട് അവന് ആ പദവിയിൽ എത്താൻ സാധിക്കുന്നില്ലെങ്കിൽ, അല്ലാഹു അവന്റെ ശരീരത്തിലോ, സമ്പത്തിലോ, അല്ലെങ്കിൽ സന്താനത്തിലോ അവനെ പരീക്ഷിക്കും. എന്നിട്ട് അവനതിന് ക്ഷമ നൽകും, അങ്ങനെ അവനുവേണ്ടി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആ പദവിയിൽ അവനെ എത്തിക്കുന്നതാണ്».

അവൾക്ക് അല്ലാഹുവിങ്കൽ, അനുഗ്രഹീതമായ സ്വർഗ്ഗത്തോപ്പുകളിൽ (ജന്നാത്തു നഈം) ഉന്നതമായ ഒരു പദവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാകട്ടെ എന്ന് ഞാൻ ഔദാര്യവാനായ അല്ലാഹുവിനോട് പ്രതീക്ഷിക്കുന്നു.

അവൾ അവളുടെ മാതാപിതാക്കളോട് പുണ്യം ചെയ്യുന്നവളും, അവരോട് നന്മ കാണിക്കുന്നവളും, അവരുമായി ബന്ധം പുലർത്തുന്നവളുമായിരുന്നു. രോഗം കഠിനമായ അവസ്ഥയിൽ പോലും അവൾ സന്ദർശനം കൊണ്ട് അവരെ പരിപാലിക്കുമായിരുന്നു. അതിന് സാധിച്ചില്ലെങ്കിൽ ഫോൺ വിളിച്ചെങ്കിലും (അവരെ പരിപാലിക്കുമായിരുന്നു); അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചറിയുകയും, അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുകയും, അവരെ നന്നായി നോക്കാൻ സഹോദരങ്ങളോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്യുമായിരുന്നു. അവരുടെ അടുത്തായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു.

അവരോടുള്ള അവളുടെ പുണ്യത്തിൽ പെട്ടതാണ്: മരണശേഷം തന്നെ മദീനയിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ജനാസ നമസ്കരിക്കണമെന്ന് അവൾ വസ്വിയ്യത്ത് ചെയ്തിരുന്നു. താൻ മരിക്കുമ്പോൾ, തനിക്ക് വേണ്ടി നമസ്കരിക്കാൻ വേണ്ടി അവർക്ക് ഒരു യാത്രയുടെ ഭാരം നൽകാതിരിക്കാനായിരുന്നു അത് – കാരണം, അത് അവർക്ക് വലിയ പ്രയാസമാണെങ്കിലും അവർ അത് ഉപേക്ഷിക്കുകയില്ലെന്ന് അവൾക്കറിയാമായിരുന്നു. അവൾ ഉദ്ദേശിച്ച കാര്യം അല്ലാഹു എളുപ്പമാക്കി. അത്ഭുതകരമായ രീതിയിൽ അവളെ (മദീനയിലേക്ക്) കൊണ്ടുപോകാനുള്ള കാര്യങ്ങൾ എളുപ്പമായി. അസ്റിന് ശേഷമായിരുന്നു അവളുടെ വഫാത്ത്, ഫജ്റിന് ശേഷം മസ്ജിദുന്നബവിയിൽ വെച്ച് അവൾക്ക് വേണ്ടി നമസ്കരിക്കപ്പെട്ടു. അല്ലാഹുവിന്റെ ഭൂമിയിലെ സാക്ഷികളായ വലിയൊരു ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ – അല്ലാഹുവിന്റെ അനുഗ്രഹത്താൽ നന്മയുടെയും കാരുണ്യത്തിന്റെയും പ്രതിഫലത്തിന്റെയും തൃപ്തിയുടെയും ഭവനത്തിലേക്ക് – അവളെ ഖബറടക്കി. അവളെ യാത്രയാക്കാൻ ആദ്യമുണ്ടായിരുന്നത് അവളുടെ പിതാവായിരുന്നു. അവളുടെ മൃതദേഹം ഖബറിനരികിലേക്ക് കസേരയിലി-രുത്തിക്കൊണ്ടുവരപ്പെട്ട അദ്ദേഹം, അവളെ മറമാടുന്നതിൽ പങ്കുചേർന്നു. പിന്നീട്, അവളെ മറമാടിയതിന് ശേഷം, അവൾക്ക് വേണ്ടി പാപമോചനം, കാരുണ്യം, (ഖബറിൽ) സ്ഥിരത എന്നിവക്കായി പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിലേക്ക് മുന്നിട്ടു.

അർദ്ധരാത്രിയോടെ അവൾ മദീനയിലെത്തിയപ്പോൾ, ഞങ്ങൾ അവളെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവളെ ചുംബിക്കുന്നതിനും, യാത്ര പറയുന്നതിനും, ഒരു വിടവാങ്ങൽ നോട്ടം നോക്കുന്നതിനുമായി ഞങ്ങൾ അവളെ ഒരു മണിക്കൂറോളം അവിടെ നിർത്തി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ഫിർദൗസിന്റെ ഉന്നതങ്ങളിൽ ഒരു കണ്ടുമുട്ടലും ഒത്തുചേരലും ഇതിനെ തുടർന്നുണ്ടാകട്ടെ.

وَالَّذِينَ ءَامَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَهُم مِّنْ عَمَلِهِم مِّن شَيْءٍ﴾ [الطور : ٢١]﴿

«വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്‍തുടരുകയും ചെയ്തിട്ടുള്ളതാരോ, അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കും. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം കുറയ്ക്കുകയുമില്ല». [സൂറത്തു ത്വൂർ: 21].

വഫാത്തിന്റെ സമയത്ത് ഞാൻ അവളുടെ അരികിലുണ്ടായിരുന്നു; വഫാത്തായ ഉടനെത്തന്നെ; അവളുടെ മുഖം വെളുക്കുകയും പ്രകാശിക്കുകയും ചെയ്തു, മനോഹരമായ ഒരു പുഞ്ചിരിയും അത്ഭുതകരമായ ഒരു തിളക്കവും അതിൽ നിറഞ്ഞിരുന്നു. അത് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും; ഒരു ക്ഷീണമോ പ്രയാസമോ കഷ്ടപ്പാടോ അതിലൂടെ കടന്നുപോയിട്ടില്ലാത്തതുപോലെ. ഇത് സത്യവിശ്വാസികൾക്കുള്ള സന്തോഷവാർത്തയുടെ അടയാളമാണെന്ന് ഞാൻ കരുതുന്നു. മരണസമയത്ത് മലക്കുകൾ അവരുടെയടുക്കൽ ഇറങ്ങിവന്ന് പറയും:

﴾أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ﴿

«നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട, നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വർഗ്ഗത്തെക്കുറിച്ച് നിങ്ങൾ സന്തോഷിച്ചു കൊള്ളുക».

മുഫസ്സിറുകളിൽ ഒന്നിലധികം പേർ പറഞ്ഞിട്ടുണ്ട്: «ഇത് മരണസമയത്താണ് (സംഭവിക്കുന്നത്)».

ബറാഅ് (رضي الله عنه) വിന്റെ ദീർഘമായ ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: മലക്കുകൾ വിശ്വാസിയുടെ റൂഹിനോട് പറയും:

«اخْرُجِي أَيَّتُهَا النَّفْسُ الطَّيِّبَةُ، كَانَتْ فِي الجَسَدِ الطَّيِّبِ، اخْرُجِي حَمِيدَةً، وَأَبْشِرِي بِرَوْحٍ، وَرَيْحَانٍ، وَرَبِّ غَيْرِ غَضْبَانَ»

«നല്ല ശരീരത്തിലുണ്ടായിരുന്ന നല്ല ആത്മാവേ, പുറത്തുവരിക. സ്തുതിക്കപ്പെട്ടവളായി പുറത്തുവരിക. ആശ്വാസത്തെയും, സുഗന്ധത്തെയും, കോപിക്കാത്ത രക്ഷിതാവിനെയും കുറിച്ചുള്ള സന്തോഷവാർത്ത സ്വീകരിക്കുക».

ഹൃദയസ്പർശിയായ കാര്യങ്ങളിൽ ഒന്നാണ്: പിതാവ് (حفظه الله) അവൾ മുതിർന്നപ്പോൾ തമാശ രൂപേണ അവളോട് പറയുമായിരുന്നു: «നമുക്ക് സൂറത്തുൽ ഫജ്ർ ഓതിത്തരൂ»; കാരണം, അവൾ ചെറിയ കുട്ടിയായിരുന്നപ്പോൾ, അതിന്റെ അവസാന ഭാഗം അവൾ ഇങ്ങനെയായിരുന്നു ഓതിയിരുന്നത്:

(وادْحَلِي فِي عِبادي وادْحَلي دَنَّتي)

– [കുട്ടികളുടെ സംസാരത്തിലെ സ്വാഭാവികമായ പിഴവ്].

മഹത്തായ അർശിന്റെ രക്ഷിതാവും, ഔദാര്യവാനും, വിശാലമായ അനുഗ്രഹങ്ങളുടെയും ഉദാരമായ ദാനങ്ങളുടെയും ഉടമയുമായ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു, ചെറുപ്പത്തിലും വലുപ്പത്തിലും അവൾ പാരായണം ചെയ്ത അവന്റെ ഈ വചനം അവൻ അവൾക്ക് യാഥാർത്ഥ്യമാക്കി കൊടുക്കട്ടെ. അവൾ അവളുടെ രക്ഷിതാവിന്റെ കാരുണ്യം പ്രതീക്ഷിക്കുകയും, അവന്റെ പ്രതിഫലത്തിൽ ആഗ്രഹമർപ്പിക്കുകയുമായിരുന്നു. 

ചെറുപ്പത്തിൽ അവൾക്ക് ഔദ്യോഗിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല, മറിച്ച് അവൾ ‘കുത്താബുകളിൽ’ (പാരമ്പര്യ ഓത്തുപള്ളികൾ) ആണ് പഠിച്ചത്. അവിടെ വെച്ച് അവൾ എഴുത്തും വായനയും പഠിച്ചു. ചെറുപ്പത്തിൽത്തന്നെ ഖുർആനിൽ നിന്ന് ഒരു ഭാഗം അവൾ പാരായണമായും മനഃപാഠമായും കരസ്ഥമാക്കി. അവൾ എന്റെ ആദ്യത്തെ അധ്യാപികയായിരുന്നു. അവളുടെ കൈകളിൽ നിന്നാണ് ഞാൻ എഴുത്തും വായനയും പഠിച്ചത്; അക്ഷരങ്ങളും വാക്കുകളും എഴുതാൻ പഠിക്കുന്നതിനായി അവൾ എനിക്ക് വേണ്ടി പുള്ളികൾ ഇട്ടുതരുമായിരുന്നു, ഞാൻ അതിന് മുകളിലൂടെ പേന കൊണ്ട് വരക്കുമായിരുന്നു. പിന്നീട്, അവളുടെ അനുഭവജ്ഞാനത്തിൽ നിന്നും ബുദ്ധിശക്തിയിൽ നിന്നും ഞാൻ പഠിക്കുകയും പ്രയോജനം നേടുകയും ചെയ്തുകൊണ്ടേയിരുന്നു. ഞാൻ അവളോട് എപ്പോഴും പറയുമായിരുന്നു: «നീയാണ് എന്റെ ആദ്യത്തെ ഉസ്താദും അധ്യാപികയും». എന്നാൽ, സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിലും ശിക്ഷണത്തിലുമുള്ള അവളുടെ ശ്രദ്ധ അത്ഭുതകരമായ ഒന്നായിരുന്നു.

എനിക്കും അവൾക്കുമിടയിൽ കൂടിയാലോചനകളും, പരസ്പരം ഉപദേശിക്കലും, ഓർമ്മപ്പെടുത്തലുകളും ഉണ്ടായിരുന്നു. അവൾ അവളുടെ വിഷമങ്ങൾ എന്നോട് പങ്കുവെക്കുകയും, അവളുടെ സ്വകാര്യ കാര്യങ്ങളിൽ എന്നോട് ഉപദേശം തേടുകയും ചെയ്യുമായിരുന്നു. ഞങ്ങൾക്കിടയിലെ ആശയവിനിമയം ഒരിക്കലും മുറിഞ്ഞിരുന്നില്ല. ഓരോ തവണയും ഞാൻ വല്ല ആവശ്യത്തിനായി റിയാദിൽ പോകുമ്പോഴും, ഞാൻ അവളുടെയടുക്കൽ ചെല്ലുമായിരുന്നു. അവിടെ അവളുടെ വീട്ടിലല്ലാതെ ഞാൻ ഉറങ്ങാറുണ്ടായിരുന്നില്ല. ഞാൻ അവളോട് എപ്പോഴും പറയുമായിരുന്നു: “എന്നെ സംബന്ധിച്ചിടത്തോളം നിന്റെ വീട് ഒരു തൂണും അടിസ്ഥാനവുമാണ്, റിയാദിൽ വന്നിട്ട് നിന്റെ വീട്ടിൽ വരാതിരിക്കാൻ എനിക്ക് സാധ്യമല്ല.”

അവൾ അവളുടെ മാതാപിതാക്കൾക്ക് മുൻപേ മരണപ്പെട്ടു. വഫാത്തിന്റെ വാർത്തയറിഞ്ഞപ്പോൾ ഉമ്മ (حفظها الله) പറഞ്ഞു: «എന്റെ മകൾ എന്നെ മുൻകടന്നുപോയി». 

എന്നാൽ, അവൾ വിജയിച്ചു – അതെ, അല്ലാഹുവാണെ – അവർ രണ്ടുപേരുടെയും പ്രാർത്ഥനകൾ കൊണ്ട്. അവൾക്ക് അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനും, പാപമോചനം നേടാനും, സ്വർഗ്ഗത്തിന്റെ ഉന്നതങ്ങളിൽ പ്രവേശിക്കാനും വേണ്ടി അവർ രണ്ടുപേരും അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിച്ചിരുന്നു. മാതാപിതാക്കൾ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അതിനാൽ, അവൾക്ക് മംഗളം! ഈ നന്മക്കും, ശ്രേഷ്ഠതക്കും, അനുഗ്രഹത്തിനും വീണ്ടും മംഗളം!

അവൾ മരണപ്പെടുമ്പോൾ അവർ രണ്ടുപേരും (മാതാപിതാക്കൾ) അവളെക്കുറിച്ച് പൂർണ്ണ തൃപ്തിയുള്ളവരായിരുന്നുവെന്നും, അവളെ സ്നേഹിക്കുന്നവരായിരുന്നുവെന്നും, അവളോട് വാത്സല്യമുള്ളവരായിരുന്നുവെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവളുടെ മരണശേഷവും അവർ അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാണ്.

അവളുടെ രോഗം കഠിനമായ സമയത്ത് ഉമ്മ അവളെ സന്ദർശിക്കാൻ വളരെയധികം താല്പര്യം കാണിച്ചിരുന്നു. അപ്പോൾ എന്റെ സഹോദരി പറയുമായിരുന്നു: «അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നിങ്ങൾ പരിശ്രമിക്കുക»; ഉമ്മയോടുള്ള അവളുടെ കാരുണ്യം കാരണമായിരുന്നു അത്. ആ കഠിനമായ അവസ്ഥയിലും വലിയ പ്രയാസത്തിലും ഉമ്മ അവളെ കാണാതിരിക്കാൻ വേണ്ടിയായിരുന്നു അത്. മാത്രമല്ല, രോഗം കഠിനമായപ്പോൾ, അവളുടെ മക്കളും, ഭർത്താവും, സഹോദരൻ അബ്ദുറസാഖും അല്ലാതെ മറ്റാരെയും, പേരക്കുട്ടികളെപ്പോലും, അവളുടെയടുത്തേക്ക് പ്രവേശിക്കാൻ അവൾ അനുവദിച്ചിരുന്നില്ല.

അവളുടെ പെൺമക്കളിലൊരാൾ – അവളോടുള്ള നന്മയുടെ ഭാഗമായി – ജനങ്ങൾക്ക് വിട്ടുവീഴ്ച നൽകുന്നതിനെക്കുറിച്ചും, അല്ലാഹുവിങ്കൽ വിട്ടുവീഴ്ച ചെയ്യുന്നവർക്കുള്ള മഹത്തായ പ്രതിഫലത്തെക്കുറിച്ചും അവളെ ഓർമ്മിപ്പിച്ചു. അവൾക്ക് ബോധം വരികയും പോവുകയും ചെയ്യുന്ന അവസ്ഥയിൽ അവൾ അത് കേട്ടുകൊണ്ടിരുന്നു. പിന്നീട് അബോധാവസ്ഥയിലായ ശേഷം ബോധം വന്നപ്പോൾ അവൾ പറഞ്ഞു:

﴾فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ﴿

«എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും, അനുരഞ്ജനമുണ്ടാക്കുകയും ചെയ്താല്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു».

ഈ വിട്ടുവീഴ്ചയുടെ പേരിൽ അല്ലാഹു അവൾക്ക് അവന്റെയടുക്കൽ പ്രതാപവും പദവിയും വർദ്ധിപ്പിക്കട്ടെ.

അവസാന ആഴ്ചകളിൽ ഞാൻ അവളെ തുടർച്ചയായി സന്ദർശിക്കുമായിരുന്നു. അവളുടെ മക്കളുടെ കാര്യമല്ലാതെ മറ്റൊന്നും അവളുടെ മനസ്സിനെ അലട്ടുന്നതായി ഞാൻ കണ്ടില്ല – അല്ലാഹു അവരെ സ്വാലിഹീങ്ങളും അനുഗ്രഹീതരുമാക്കട്ടെ, അവൾ ജീവിച്ചിരുന്നപ്പോൾ അവളോട് പുണ്യം ചെയ്യാൻ നൽകിയതുപോലെ, അവൾ മരിച്ചതിന് ശേഷവും, അതിനേക്കാൾ കൂടുതലായും പുണ്യം ചെയ്യാൻ അവർക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ. രോഗം കഠിനമായ സമയത്ത് പലതവണ അവൾ എന്നെ തനിച്ച് വിളിക്കുകയും, അവരുടെ കാര്യത്തിൽ എന്നോട് ഉപദേശം തേടുകയും വസ്വിയ്യത്ത് നൽകുകയും ചെയ്യുമായിരുന്നു.

അവരുടെ ഹൃദയത്തിൽ അവൾക്ക് അത്ഭുതകരമായ സ്നേഹവും, വലിയ സ്ഥാനവും, അളവറ്റ ശ്രദ്ധയുമുണ്ടായിരുന്നു. അവർ – അല്ലാഹു അവർക്ക് വിജയം വർദ്ധിപ്പിക്കട്ടെ – വലിയ അളവിൽ പുണ്യം ചെയ്യുന്നവരും നന്മ പ്രവർത്തിക്കുന്നവരുമാണെന്ന് ഞാൻ കരുതുന്നു.

അവളുടെ രോഗം കഠിനമായ സമയത്ത്, അവളുടെ പെൺമക്കൾ അവൾക്ക് നൽകുന്ന മഹത്തായ പരിചരണം കണ്ടപ്പോൾ ഞാൻ ഒരിക്കൽ അവളോട് പറഞ്ഞു: മാഷാഅല്ലാഹ്, ഈപെൺമക്കളെലഭിച്ചതിൽനിങ്ങൾക്ക്മംഗളം. അപ്പോൾ അവൾ പറഞ്ഞു: «ആൺമക്കളോ?! അൽഹംദുലില്ലാഹ്, അവരെല്ലാവരും ഖൈറും ശ്രേഷ്ഠതയുമുള്ളവരാണ്».

അവളുടെ അവസാന നാളുകളിൽ, അഞ്ച് തഹ്‌ലീലുകൾ (لا إله إلا الله ഉൾക്കൊള്ളുന്ന വാക്യങ്ങൾ) പതിവാക്കുന്നതിൽ അവൾ നിരന്തരമായി ശ്രദ്ധിച്ചിരുന്നു. ഇമാം ഇബ്നു മാജ തന്റെ ‘സുനനി’ൽ അൽ-അഗർറ് അബീ മുസ്‌ലിമിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ വന്നതാണിത്. അബൂഹുറൈറയും അബൂസഈദും (رضي الله عنهما) അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം സാക്ഷ്യം വഹിച്ചു. നബിപറഞ്ഞു:

«ഒരു അടിമ “ലാ ഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബർ” (لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ) എന്ന് പറഞ്ഞാൽ, അല്ലാഹു ﷻ പറയും: “എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്കർഹനില്ല, ഞാൻ ഏറ്റവും വലിയവനാണ്”. അടിമ “ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു” (لاَ إِلَهَ إِلَّا اللَّهُ وَحْدَهُ) എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: “എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്കർഹനില്ല, ഞാൻ ഏകനാണ്”. അവൻ “ലാ ഇലാഹ ഇല്ലല്ലാഹു ലാ ശരീക ലഹു” (لَا إِلَهَ إِلَّا اللَّهُ لَا شَرِيكَ لَهُ) എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: “എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്കർഹനില്ല, എനിക്ക് പങ്കുകാരില്ല”. അവൻ “ലാ ഇലാഹ ഇല്ലല്ലാഹു, ലഹുൽ മുൽകു വലഹുൽ ഹംദു” (لَا إِلَهَ إِلَّا اللهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ) എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: “എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്കർഹനില്ല, പരമാധികാരം എനിക്കാണ്, സർവ്വസ്തുതിയും എനിക്കാണ്”. അവൻ “ലാ ഇലാഹ ഇല്ലല്ലാഹു, വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്” (لَا إِلَهَ إِلَّا اللَّهُ، وَلَا حَوْلَ وَلا قُوَّةَ إِلَّا بِاللَّهِ) എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: “എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്കർഹനില്ല, എന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല”.»

അബൂ ഇസ്ഹാഖ് പറഞ്ഞു: പിന്നീട് അൽ-അഗർറ് എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം പറഞ്ഞു. ഞാൻ അബൂ ജഅ്ഫറിനോട് ചോദിച്ചു: അദ്ദേഹം എന്താണ് പറഞ്ഞത്? അപ്പോൾ അദ്ദേഹം പറഞ്ഞു:

«مَنْ رُزِقَهُنَّ عِنْدَ مَوْتِهِ لَمْ تَمَسَّهُ النَّارُ»

«ആർക്കാണോ മരണസമയത്ത് ഇവ (ചൊല്ലാൻ) നൽകപ്പെടുന്നത്, അവനെ നരകംസ്പർശിക്കുകയില്ല».

ഇമാം തിർമിദി ‘രോഗാവസ്ഥയിൽ അടിമ എന്ത് പറയണം’ എന്ന അധ്യായത്തിൽ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അതിലെ വാചകം ഇപ്രകാരമാണ്:

«كَانَ يَقُولُ : مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ»

«അദ്ദേഹം (നബി ﷺ) പറയുമായിരുന്നു: ആരെങ്കിലും തന്റെ രോഗാവസ്ഥയിൽ ഇത് പറയുകയും, പിന്നീട് മരണപ്പെടുകയും ചെയ്താൽ, നരകം അവനെ ഭക്ഷിക്കുകയില്ല».

ഇമാം നസാഇ ഇത് നിവേദനം ചെയ്യുകയും, «അദ്ദേഹം തന്റെ വിരലുകൾ കൊണ്ട് അഞ്ചെണ്ണമായി എണ്ണുമായിരുന്നു» എന്ന് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു റിപ്പോർട്ടിൽ, «അടിമ പറയുന്ന അഞ്ച് കാര്യങ്ങൾ കൊണ്ട് അല്ലാഹു അവനെ സത്യപ്പെടുത്തുന്നു» എന്ന് പറഞ്ഞ ശേഷം അവയെക്കുറിച്ച് പരാമർശിച്ചു.

അൽ-മുബാറക്ഫൂരി (رحمه الله) ‘അൽ-മിർആത്ത്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: «ഈ ഹദീസിൽ ഒരു തെളിവുണ്ട്: ഹദീസിൽ പരാമർശിച്ച ഈ വാക്കുകൾ ഒരു അടിമ തന്റെ രോഗാവസ്ഥയിൽ പറയുകയും, ആ രോഗത്തിൽ ആ വാക്കുകളോടെ – അതായത്, ബോധത്തോടെയും സ്വന്തം ഇഷ്ടപ്രകാരവും സംസാരിക്കുന്ന അവന്റെ അവസാന വാക്കുകൾ അതായിരിക്കുകയും ചെയ്താൽ – അവനെ നരകം സ്പർശിക്കുകയില്ല. മുൻപ് കഴിഞ്ഞുപോയ പാപങ്ങൾ അവന് ഉപദ്രവമുണ്ടാക്കുകയില്ല, അത് എല്ലാ പാപങ്ങളെയും മായ്ച്ചുകളയും».

മരണസമയത്ത്ആർക്കാണോഈഅഞ്ച്കാര്യങ്ങൾനൽകപ്പെടുന്നത്, അവനെനരകംസ്പർശിക്കുകയില്ല എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ ഒരു ലേഖനം മുൻപ് ഞാൻ അവൾക്ക് അയച്ചുകൊടുത്തിരുന്നു. അതോടെ, ഈ വാക്കുകളോടുള്ള അവളുടെ ശ്രദ്ധ വർദ്ധിച്ചു. അവളുടെ അവസാന നാളുകളിൽ അവൾ അത് ധാരാളമായി ചൊല്ലുമായിരുന്നു. ഈ വാക്കുകളാലാണ് അവളുടെ ജീവിതം അവസാനിച്ചതും.

അവളിൽ നിന്ന് അവസാനമായി കേട്ടത്: «യാ റബ്ബ്…»! (എന്റെ രക്ഷിതാവേ…!) എന്നായിരുന്നു. അവൾ എന്താണ് ചോദിച്ചതെന്ന് കേൾക്കാൻ സാധിച്ചില്ല. ഔദാര്യവാനും, ദാനശീലനും, അനുഗ്രഹങ്ങൾ ചൊരിയുന്നവനുമായ അല്ലാഹുവിന്റെയടുക്കൽ അത് അവൾക്കായി മഹത്തായ ഒരു നിധിയായി സൂക്ഷിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അല്ലാഹുവേ, അവൾക്ക് നീ പൊറുത്തുകൊടുക്കുകയും, അവളുടെ പദവി ഉയർത്തുകയും, അവളുടെ ഖബർ വിശാലമാക്കുകയും, അതിൽ അവൾക്ക് പ്രകാശം നൽകുകയും ചെയ്യേണമേ. അവൾക്ക് ശേഷം അവളുടെ കുടുംബത്തിന് നീ നല്ലൊരു പിൻഗാമിയാവേണമേ. നിന്റെയടുക്കൽ അവളെ മുഹ്സിനീങ്ങളുടെ (സുകൃതം ചെയ്യുന്നവരുടെ) കൂട്ടത്തിൽ നീ രേഖപ്പെടുത്തേണമേ. അവളുടെ കർമ്മരേഖ ഇല്ലിയ്യീനിൽ ആക്കേണമേ. അവളുടെ പ്രതിഫലം ഞങ്ങൾക്ക് നീ നിഷേധിക്കരുതേ, അവൾക്ക് ശേഷം ഞങ്ങളെ നീ പരീക്ഷണത്തിലാക്കരുതേ. അവളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഫിർദൗസുൽ അഅ്ലായിൽ ഒരുമിച്ചുകൂട്ടേണമേ.

അവളുടെ വിശ്വസ്തരായ മക്കളോട് – ആൺമക്കളോടും പെൺമക്കളോടും – അവളുടെ ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, രോഗത്തെക്കുറിച്ചും, സഹനത്തെക്കുറിച്ചും, അവർ കണ്ട അവളുടെ അത്ഭുതകരമായ അവസ്ഥകളെക്കുറിച്ചും എന്തെങ്കിലും എഴുതാൻ ഞാൻ ആവശ്യപ്പെട്ടു. അങ്ങനെ അവർ എഴുതി:

മരണത്തെയും ജീവിതത്തെയും ഒരു പരീക്ഷണമാക്കിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവൻ തന്റെ ഖണ്ഡിതമായ ഗ്രന്ഥത്തിൽ പറഞ്ഞു:

﴾وَلِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا﴿

«നിങ്ങളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി».

തന്റെ അടിമകൾക്ക് സ്ഥിരതയും ക്ഷമയും നൽകി അനുഗ്രഹിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവൻ വിപത്തുകളെ പ്രതിഫലത്തിനും പാപമോചനത്തിനുമുള്ള ഒരു കവാടമാക്കി, പരീക്ഷണങ്ങളിൽ പദവികൾ ഉയർത്തി. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതുപോലെ:

«إن عظم الجزاء مع عظم البلاء، وإن الله إذا أحب قومًا ابتلاهم، فمَن رَضِي فله الرّضا، ومن سَخِطَ فله السخط»

«തീർച്ചയായും, പ്രതിഫലത്തിന്റെ വലിപ്പം പരീക്ഷണത്തിന്റെ വലിപ്പത്തിനനുസരിച്ചാണ്. അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കും. ആര് തൃപ്തിപ്പെട്ടുവോ, അവന് (അല്ലാഹുവിന്റെ) തൃപ്തിയുണ്ട്. ആര് കോപിച്ചുവോ, അവന് (അല്ലാഹുവിന്റെ) കോപവുമുണ്ട്».

തിരഞ്ഞെടുക്കപ്പെട്ട പ്രവാചകന്റെ ﷺ മേൽ (അല്ലാഹുവിന്റെ) ശാന്തിയും സമാധാനവും ഉണ്ടാകട്ടെ; അദ്ദേഹം അനാഥനായി ജീവിച്ചു, തന്റെ പെൺമക്കളെ മറമാടി, തന്റെ പ്രിയപ്പെട്ടവരുടെ മരണം കണ്ടു, നിരവധി പരീക്ഷണങ്ങൾ നേരിട്ടു… എന്നിട്ടും അദ്ദേഹം ക്ഷമിച്ചു, അല്ലാഹുവാണെ, അദ്ദേഹം ഒരിക്കലും ക്ഷമ കൈവിട്ടില്ല! അദ്ദേഹത്തിന്റെ കുടുംബത്തിലും സ്വഹാബികളിലും അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ.

അതിന് ശേഷം:

അല്ലാഹുവിന്റെ വിധിയിലും ഖദ്റിലും വിശ്വസിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ഹൃദയങ്ങളോടെ, ഞങ്ങളുടെ പ്രിയപ്പെട്ട നഷ്ടം, ഞങ്ങളുടെ ബഹുമാന്യയായ ഉമ്മ, നൂറ ബിൻത് അബ്ദിൽ മുഹ്സിൻ അൽ-ബദ്റിന് ഞങ്ങൾ വിട നൽകി. ക്ഷമയും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതത്തിനും, അല്ലാഹുവിന്റെ വിധിയിലും ഖദ്റിലുമുള്ള വിശ്വാസമുള്ള ഹൃദയത്തിനും ശേഷം, മഹാനായ അല്ലാഹുവിന്റെയടുക്കലേക്ക് അവർ യാത്രയായി.

അവരുടെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയും, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവും അവർ അവശേഷിപ്പിച്ചു… മാതൃത്വത്തിൽ നന്മ ചെയ്യുന്നവളും, മകളെന്ന നിലയിൽ പുണ്യം ചെയ്യുന്നവളും, സഹോദരിയെന്ന നിലയിൽ വാത്സല്യമുള്ളവളുമായിരുന്നു അവർ. ഓരോ ഹൃദയത്തിലും മാഞ്ഞുപോകാത്ത ഓർമ്മകൾ അവശേഷിപ്പിച്ച അവൾക്ക് വേണ്ടി കണ്ണുകൾ എങ്ങനെ നിറഞ്ഞൊഴുകാതിരിക്കും?!

ഞങ്ങളുടെ ആശ്വാസം ഇതാണ്; അവർ സുഗന്ധപൂരിതമായ ഒരു ജീവിതം കാഴ്ചവെച്ചു, ഞങ്ങളേക്കാൾ അവരോട് കരുണയുള്ളവന്റെയടുത്തേക്ക് അവർ യാത്രയായി. തന്റെ സജ്ജനങ്ങളായ അടിമകൾക്ക് പ്രതിഫലം നൽകുന്ന, നന്ദിയുള്ളവനായ (അല്ലാഹുവിന്റെ) അടുത്തേക്ക്. തന്റെ ഗ്രന്ഥത്തിൽ പറഞ്ഞവന്റെയടുത്തേക്ക്:

إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا﴾[سورة الكهف : ٣٠]﴿

«നന്നായി പ്രവർത്തിക്കുന്നവരുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കുകയില്ല».

അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിച്ചുകൊണ്ടാണ് ഞങ്ങൾ ഈ വാക്കുകൾ എഴുതുന്നത്, അല്ലാഹുവിന്റെ മേൽ ഞങ്ങൾ അവരെ പ്രശംസിക്കുകയല്ല. ഞങ്ങൾ ഈ അക്ഷരങ്ങൾ കുറിക്കുന്നത് ദുർബലത കൊണ്ടല്ല, മറിച്ച് സ്നേഹബന്ധം നിലനിർത്താനാണ്. ദുഃഖം കൊണ്ടല്ല, മറിച്ച് ഓർമ്മകൾ സൂക്ഷിക്കാനാണ്. അവർക്ക് വേണ്ടി പ്രയോജനകരവും അനുഗ്രഹീതവുമായ ഒരു അടയാളമായും, അവരുടെ നല്ല ജീവിതത്തെ ഓർക്കാനും… അവരുടെ നന്മകളുടെ തുലാസിൽ ഇത് ഉണ്ടാകട്ടെ എന്ന പ്രതീക്ഷയിലുമാണ്. കാരുണ്യവാനായവൻ അവന്റെ കാരുണ്യം കൊണ്ട് അവളെ പൊതിയട്ടെ, അവൾക്ക് സംഭവിച്ചത് അവന്റെയടുക്കൽ പദവികൾ ഉയർത്താൻ ഒരു കാരണമാക്കട്ടെ, അവന്റെ കാരുണ്യത്തിന്റെ ഭവനത്തിൽ ഞങ്ങളെ അവളോടൊപ്പം ഒരുമിച്ചുകൂട്ടട്ടെ.

ക്ഷമാശീലയും സ്തുതിക്കുന്നവളുമായി ഞങ്ങൾ അവളെ അറിഞ്ഞു.

ഹിജ്റ 1425-ന്റെ തുടക്കത്തിൽ അവൾ പരീക്ഷിക്കപ്പെട്ടു. അപ്പോൾ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവൾക്ക് ക്ഷമയും, സ്ഥിരതയും, അവനിലുള്ള യഥാർത്ഥ ഭരമേൽപ്പിക്കലും നൽകി… അത് അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു; അവളുടെ രോഗം നാലാമത്തെ ഘട്ടത്തിലായിരുന്നു, അത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. അവളുടെ ജീവിതത്തിൽ ആറുമാസത്തിൽ കൂടുതൽ ശേഷിക്കുന്നില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നിട്ടും, അവൾ അനുവദനീയമായ എല്ലാ മാർഗ്ഗങ്ങളിലും പരിശ്രമിച്ചു; വിവിധതരം വൈദ്യചികിത്സകൾ, ശറഇയ്യായ റുഖ്‌യ, രഹസ്യമായ ദാനധർമ്മങ്ങൾ, പ്രാർത്ഥനയിലെ നിരന്തരമായ അഭ്യർത്ഥന എന്നിവക്കിടയിൽ…

രോഗം ഭേദമാകുമെന്ന അവളുടെ ഉറച്ച വിശ്വാസത്തിന് ഒട്ടും ഇളക്കം തട്ടിയിരുന്നില്ല, അല്ലാഹുവിനെക്കുറിച്ചുള്ള അവളുടെ നല്ല വിചാരം മുറിഞ്ഞുപോയതുമില്ല! ചികിത്സയുടെ ഓരോ പുതിയ ഘട്ടത്തിലും, അവൾ സ്ഥിരതയോടും ക്ഷമയോടും കൂടി ആവർത്തിക്കുമായിരുന്നു: «അല്ലാഹു കാരണങ്ങളിലൂടെ പ്രയോജനം നൽകും, ഞങ്ങൾ ഔദാര്യവാനായ അല്ലാഹുവിൽ മാത്രമാണ് ഭരമേൽപ്പിക്കുന്നത്».

അവൾ റമദാൻ മാസത്തിലെ നോമ്പ് പൂർത്തിയാക്കി, ചികിത്സക്കിടയിലും നഷ്ടപ്പെട്ട ദിവസങ്ങൾ നോറ്റു വീട്ടാൻ അവൾ ശ്രദ്ധിച്ചു. അതിനുശേഷം ശവ്വാലിലെ ആറ് നോമ്പുകളും അനുഷ്ഠിച്ചു. രോഗം കാരണമുള്ള കഠിനമായ ക്ഷീണം കാരണം, അതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ ആ വിഷയത്തിൽ ചർച്ച ചെയ്യാൻ അവൾ വിസമ്മതിക്കുകയും, സംസാരം ഉടൻ അവസാനിപ്പിക്കുകയും ചെയ്യുമായിരുന്നു.

ശവ്വാൽ 17-ന് അവൾ ആശുപത്രിയിൽ പ്രവേശിച്ചു, ദുൽഹിജ്ജ 4 ശനിയാഴ്ച അവളുടെ റൂഹ് പിരിയുന്നത് വരെ (അവിടെയായിരുന്നു). അല്ലാഹു അവൾക്ക് പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും, അവളുടെ സ്മരണ ഉയർത്തുകയും, അവൾക്ക് സംഭവിച്ചത് പാപങ്ങൾ മായ്ക്കാനും പദവികൾ ഉയർത്താനും കാരണമാക്കുകയും ചെയ്യട്ടെ. വിചാരണയോ മുൻകഴിഞ്ഞ ശിക്ഷയോ കൂടാതെ അവളെ സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസിൽ പ്രവേശിപ്പിക്കട്ടെ.

അവളുടെ ജീവിതത്തിലെ ഈ അവസാന മൂന്ന് മാസങ്ങളിൽ, രോഗം കഠിനമാവുകയും, അത് അവളെ വലിയ അളവിൽ ബാധിക്കുകയും ചെയ്തു… പക്ഷേ, അവൾ ക്ഷമയുടെയും സ്ഥിരതയുടെയും ഉത്തമ ഉദാഹരണമായിരുന്നു. അവൾ ഒരു പരാതിയും പറഞ്ഞില്ല, അവളുടെ ഒരു ഞരക്കം പോലും കേട്ടില്ല…

അവളുടെ മുഖഭാവങ്ങളിൽ ഞങ്ങൾ വേദന വായിച്ചെടുക്കുമായിരുന്നു, അവൾ ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോൾ, ആകാശത്തേക്ക് നോക്കുമ്പോൾ, അവൾ അവളുടെ രക്ഷിതാവിനോട് സ്വകാര്യമായി സംസാരിക്കുന്നത് പോലെ… അവൾ അവളുടെ പരാതികൾ അവനിലേക്ക് സമർപ്പിച്ചു, അവൾ ഞങ്ങളോട് ഒന്നും ആവശ്യപ്പെട്ടില്ല; അവളുടെ ഹൃദയം അല്ലാഹുവുമായി ബന്ധിതമായിരുന്നു. ഡോക്ടർ പോലും ഞങ്ങളോട് ഉപദേശിക്കുമായിരുന്നു, അവളുടെ വേദനസംഹാരികളുടെ ആവശ്യം മനസ്സിലാക്കാൻ അവളുടെ മുഖഭാവങ്ങൾ നിരീക്ഷിക്കാൻ; കാരണം, അവൾക്ക് വേദനയുണ്ടായാലും, അവൾ സംസാരിക്കുമായിരുന്നില്ല!

വേദന കഠിനമാകുമ്പോൾ, അവളുടെ മാതൃത്വം ഉണരും, അവൾ സ്വയം മറക്കും; ഞങ്ങളുടെ ദുഃഖം ലഘൂകരിക്കാൻ വേണ്ടി. ഗുഹയിൽ വെച്ച് അബൂബക്കറിനോട് (رضي الله عنه) മുസ്തഫ ﷺ പറഞ്ഞ വാക്കുകൾ അവൾ ഞങ്ങളെ ഓർമ്മിപ്പിക്കും:

﴾لَا تَحْزَنْ إِنَّ اللَّهَ مَعَنَا﴿

«ദുഃഖിക്കരുത്, തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്».

ചിലപ്പോൾ അവൾ «ഒരു വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ…» എന്ന ഹദീസ് ആവർത്തിക്കും, ഖുർആൻ കൊണ്ട് സ്വയം ആശ്വസിക്കുകയും ചുറ്റുമുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്യും.

പ്രയാസം നേരിടുമ്പോൾ; അവൾ ചൂണ്ടുവിരൽ ഉയർത്തി, ഹൃദയങ്ങളെ സ്പർശിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ചിന്തയോടെ ആവർത്തിച്ചു പറയും:

﴾أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ﴿

«കഷ്ടപ്പെട്ടവൻ വിളിച്ചാൽ അവന് ഉത്തരം നൽകുന്നവനോ (അതോ അവരുടെ ദൈവങ്ങളോ)?»

അവളുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ ചോദിക്കുമ്പോൾ അവൾ പറയും: «ഒരു മുസ്‌ലിമിന്റെ കാര്യം മുഴുവനും ഖൈറാണ്!, ഒരു മുള്ളു തറച്ചാൽ പോലും അല്ലാഹു അതുകൊണ്ട് അവളുടെ പാപങ്ങൾ പൊറുത്തു കൊടുക്കും, അപ്പോൾ ഈ രോഗവും വേദനയും കൊണ്ടുള്ള എന്റെ അവസ്ഥ-യെങ്ങനെയായിരിക്കും?!»

ചിലപ്പോൾ, പരീക്ഷണം കഠിനമാകുമ്പോൾ, അത് അടിമയെ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും, ആശ്വാസം നൽകാമെന്നും പ്രാർത്ഥനക്ക് ഉത്തരം നൽകാമെന്നുമുള്ള അവന്റെ വാഗ്ദാനത്തെ ഓർക്കുന്നതിൽ നിന്നും അകറ്റിയേക്കാം; പിശാചിന്റെ ശക്തമായ സ്വാധീനം കാരണം. അപ്പോൾ ഞാൻ അവളെ ഓർമ്മിപ്പിക്കുമായിരുന്നു: «എത്രയെത്ര പ്രയാസങ്ങളാണ് നിനക്ക് നേരിട്ടത്, അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ട് നിന്നെ അതിൽ നിന്നെല്ലാം രക്ഷപ്പെടുത്തിയില്ലേ?» അപ്പോൾ അവൾ സന്തോഷത്തോടെ എന്നോടൊപ്പം അവ എണ്ണിപ്പറയുമായിരുന്നു.

ഒരിക്കൽ, അവൾ തീവ്രപരിചരണ വിഭാഗത്തിലായിരുന്നപ്പോൾ, അല്ലാഹുവിൽ ഭരമേൽപ്പിക്കണമെന്ന് അവൾ ഞങ്ങളെ പഠിപ്പിച്ച കാര്യം ഞങ്ങൾ അവളെ ഓർമ്മിപ്പിച്ചു. അപ്പോൾ അവൾ ക്ഷീണിച്ച സ്വരത്തിൽ, ശാന്തമായ ഹൃദയത്തോടെ ഞങ്ങൾക്ക് മറുപടി നൽകി:

﴾وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ﴿

«വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നപക്ഷം അവന്നു അല്ലാഹു തന്നെ മതിയാകുന്നതാണ്».

ഡോക്ടർമാർ പലപ്പോഴും അവളുടെ ക്ഷമയിൽ അത്ഭുതപ്പെടുമായിരുന്നു; ക്ഷീണവും ഉറക്കക്കുറവും അല്ലാതെ അവൾ പരാതി പറയുമായിരുന്നില്ല. അവർ അവളോട് പറയുമായിരുന്നു: «മാഷാ അല്ലാഹ്, നൂറാ, നിങ്ങൾ വളരെ ക്ഷമയുള്ളവളാണ്».

ആശുപത്രിയിലെ നഴ്സുമാരിൽ ചിലരുടെ പെരുമാറ്റത്തിൽ അല്പം കാർക്കശ്യം ഉണ്ടാകുമ്പോൾ അവൾ പറയുമായിരുന്നു: «എന്നോട് അല്പം സൗമ്യത കാണിക്കൂ, ഞാൻ ക്ഷീണിതയും രോഗിയുമാണ്»; അവളുടെ പെരുമാറ്റവും സ്ഥിരതയും കൊണ്ട് അവൾ അവരെ ആകർഷിച്ചു. അവൾ ഒരിക്കലും അക്ഷമ കാണിക്കുകയോ ഇങ്ങനെ ആവർത്തിക്കുകയോ ചെയ്തില്ല: «ഞാൻ അവരെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നുന്നു, എന്റെ പൊന്നുമോളേ!», അപ്പോൾ ഞാൻ അവളോട് മറുപടി പറയുമായിരുന്നു: «ഇത് അവരുടെ ജോലിയും കടമയുമാണ്».

അവരിലൊരാൾ ചോദിച്ചു: «എത്ര കാലമായി രോഗം അവളോടൊപ്പമുണ്ട്?», ഞാൻ അവൾക്ക് മറുപടി നൽകിയില്ല. അപ്പോൾ ഉമ്മ കണ്ണടച്ചിരിക്കുകയായിരുന്നു, അവർ രണ്ട് വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചു. നഴ്സ് പറഞ്ഞു: «രണ്ട് വർഷമായോ?!», ഉമ്മ പറഞ്ഞു: «അല്ല; ഇരുപത്».

പ്രയാസങ്ങളിൽ ആശ്വാസം നൽകുന്ന തണലായി ഞങ്ങൾ അവളെ അറിഞ്ഞു; വേദനയുടെ തീവ്രതയിലും അവളുടെ വാത്സല്യം ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്! രോഗശയ്യയിലായിരിക്കുമ്പോൾ പോലും; അവൾ ഞങ്ങളെ കണ്ടത് ഒരമ്മയുടെ കണ്ണുകളോടെയാണ്, ഹൃദയത്തിന്റെ ഊഷ്മളതയോടെ. അവൾ ഞങ്ങളുടെ തലയിൽ തലോടും, ആശ്വാസം ആവശ്യമുള്ളവരെ ചേർത്തുപിടിക്കും, ഞങ്ങളിൽ സമാധാനം നിറയ്ക്കും, ഞങ്ങൾക്ക് ധൈര്യം പകരും…

ക്ഷമയുടെ രാത്രികളിലൊന്നിൽ, അവളോട് യാത്ര പറയുമ്പോൾ ഒരാൾ കണ്ണുനീർ മറയ്ക്കുന്നത് അവൾ കണ്ടു. ഫജ്ർ വരെ അവളുടെ കണ്ണ് ഉറങ്ങിയില്ല. എന്നിട്ട് അവൾ പറഞ്ഞു: «ഇന്നയാൾക്ക് ഞാൻ സുഖമായിരിക്കുന്നു എന്ന സന്തോഷവാർത്ത അറിയിക്കൂ!».

അവളുടെ പെൺമക്കളിലൊരാൾ അവളെക്കുറിച്ചുള്ള ഭയവും ഉത്കണ്ഠയും കാരണം കണ്ണുനീർ അടക്കിപ്പിടിച്ച് പ്രവേശിച്ചപ്പോൾ, ഓക്സിജൻ മാസ്ക് മാറ്റിയ ശേഷം അവൾ പതറിയ സ്വരത്തിൽ പറഞ്ഞു: «എന്റെ പൊന്നുമോളേ, ഒരു വിശ്വാസിയുടെ കാര്യം മുഴുവനും ഖൈറാണ്!».

പേരക്കുട്ടികളുടെയും ബന്ധുക്കളുടെയും സന്ദർശനം അവൾ വിലക്കി, അവരെ കാണാൻ അവൾക്ക് അതിയായ ആഗ്രഹവും അവരെക്കുറിച്ച് ചോദിച്ചറിയലും ഉണ്ടായിരുന്നിട്ടും; അവൾ അതിന് കാരണം പറഞ്ഞത്: «എന്റെ പേരിൽ അവരുടെ ഹൃദയം വേദനിക്കുന്നത് എനിക്കിഷ്ടമല്ല, ഈ ബലഹീനതയിൽ അവർ എന്നെ കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല!».

അല്ലാഹുവുമായും അവന്റെ വചനങ്ങളുമായും അവൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞു! രോഗം അവളെ ഇരുത്തിക്കളഞ്ഞു, പക്ഷേ അവൾ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് ഒരിക്കലും വിട്ടുനിന്നില്ല. തസ്ബീഹും (സുബ്ഹാനല്ലാഹ്), തഹ്മീദും (അൽഹംദുലില്ലാഹ്) അവളുടെ പതിവായിരുന്നു. അവൾ ഉറച്ച വിശ്വാസത്തോടെ ആവർത്തിക്കുമായിരുന്നു: «അൽഹംദുലില്ലാഹ്, സ്മരിക്കുന്നവരുടെയും നന്ദിയുള്ളവരുടെയും സ്തുതി».

അവളുടെ ജീവിതത്തിന്റെ അവസാനത്തിൽ രോഗം കഠിനമായപ്പോൾ, അവളുടെ സംസാരം കുറഞ്ഞു. അവൾ ഒന്നുകിൽ പ്രാർത്ഥിക്കുന്നവളോ അല്ലെങ്കിൽ അല്ലാഹുവിനെ സ്മരിക്കുന്നവളോ ആയി മാറി. സമാധാനത്തിന്റെ ആയത്തുകൾ ഓതിക്കേൾപ്പിക്കാനും, പ്രയാസ സമയത്തെ പ്രാർത്ഥനകളെയും തഹ്‌ലീലുകളെയും കുറിച്ച് ഓർമ്മിപ്പിക്കാനും അവൾ ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു.

ഒരിക്കൽ: അവളുടെ പെൺമക്കളിലൊരാൾ അവൾക്ക് ഖുർആൻ ഓതിക്കൊടുക്കുകയായിരുന്നു. അപ്പോൾ അവൾ ഉണർന്നു, ഓക്സിജൻ മാസ്ക് മാറ്റി, അവളോടൊപ്പം ആയത്തുകൾ പാരായണം ചെയ്യാൻ ആവശ്യപ്പെട്ടു.

മറ്റൊരു രാത്രിയിൽ: അവൾ സമയത്തെക്കുറിച്ച് ചോദിച്ചു; ഞങ്ങൾ രാത്രിയുടെ അവസാന മൂന്നിലൊന്നിലാണെന്ന് അവളെ അറിയിച്ചു; പ്രാർത്ഥനയുടെയും പാപമോചനത്തിന്റെയും സമയം. അപ്പോൾ അവൾ ഖിബ്‌ലയുടെ ദിശയെക്കുറിച്ച് ചോദിച്ചു, അതിലേക്ക് ദൃഷ്ടി തിരിച്ചു, പിന്നെ കണ്ണുകളടച്ചു… അല്ലാഹു ഞങ്ങളേക്കാൾ അവളോട് കരുണയുള്ളവനാണ്, അവളുടെ ഹൃദയത്തിലുള്ളത് അവൻ നന്നായി അറിയുന്നു, അവൻ സമീപസ്ഥനും, കേൾക്കുന്നവനും, ഉത്തരം നൽകുന്നവനുമാണ്.

തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ബോധം വന്നതിന് ശേഷം, അവൾ സമയത്തെക്കുറിച്ചും നമസ്കാരങ്ങൾ എങ്ങനെ അറിയാമെന്നും ആകാംക്ഷയോടെ ചോദിച്ചു; കാരണം അവിടെ വെളിച്ചമോ ഘടികാരമോ ഉണ്ടായിരുന്നില്ല…

അവൾ ശുദ്ധമായ ഹൃദയവും, ഉന്നതമായ സ്വഭാവവുമുള്ളവളായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞു! നന്മയിൽ പരിശ്രമിക്കുന്നവളായി ഞങ്ങൾ അവളുമായി ഇടപഴകി. അവൾ തന്റെ വീട്ടിലെ ഭക്ഷണത്തിൽ നിന്ന് പാവങ്ങൾക്ക് പങ്കുവെക്കുമായിരുന്നു. ക്ഷീണമുണ്ടായിട്ടും ദിക്റിന്റെ സദസ്സുകൾ അവൾ നിലനിർത്തിയിരുന്നു. ഖുർആനിന്റെ ആളുകളുമായുള്ള സഹവാസം നിലനിർത്താൻ അവൾ ശ്രദ്ധിച്ചിരുന്നു. അവൾ തന്റെ രക്തബന്ധങ്ങൾ ചേർക്കുമായിരുന്നു. കുടുംബ സംഗമം തുടങ്ങിവെക്കുന്നതിൽ അവൾക്ക് അനുഗ്രഹീതമായ ഒരു പങ്കുണ്ടായിരുന്നു. അവളുടെ ബന്ധുക്കളിൽ നിന്നും മക്കളുടെ ബന്ധുക്കളിൽ നിന്നുമുള്ള പ്രായമായവരെ അവൾ ആദരിക്കുമായിരുന്നു…

ഒരിക്കൽ ഒരു കുടുംബ സംഗമത്തിൽ കാപ്പി കുടിക്കുമ്പോൾ, രോഗിയെ സന്ദരിക്കുന്നതിന് അവൾ മുൻഗണന നൽകി. അവൾ മകന് കാപ്പി കൊടുത്ത് അമ്മാവനെ – അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ – ആശുപത്രിയിൽ സന്ദർശിക്കാനും അദ്ദേഹത്തോടൊപ്പം കാപ്പി കുടിക്കാനും പറഞ്ഞു. അവൾ പറഞ്ഞു: «കാപ്പി അവന്റെയടുത്ത് കൊണ്ടുപോയി കുടിക്കൂ, എന്റെയടുത്ത് ഇരിക്കരുത്!».

വഫാത്തിന് മൂന്ന് ദിവസം മുൻപ്, സംസാരത്തിൽ നിന്നും ചലനത്തിൽ നിന്നും അവളെ തളർത്തിയ കഠിനമായ പനി അവളെ ബാധിച്ചു; ഞങ്ങൾ അവൾക്ക് തുണി നനച്ചിട്ടുകൊടുക്കുകയും, അവളുടെ വേദന ശമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ അവൾ പ്രയാസത്തോടെ തലയുയർത്തി, ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു:

﴾فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ﴿

«എന്നാൽ ആരെങ്കിലും മാപ്പ് നൽകുകയും, രഞ്ജിപ്പുണ്ടാക്കുകയും ചെയ്താൽ അവന്റെ പ്രതിഫലം അല്ലാഹുവിന്റെ മേലാണ്!»,

പിന്നെ അവൾ തല ചായ്ക്കുകയും കണ്ണുകളടക്കുകയും ചെയ്തു.

അല്ലാഹു അവളുടെ പദവി ഉയർത്തുകയും, സ്ഥാനം വർദ്ധിപ്പിക്കുകയും, ക്ഷമാശീലരും പ്രതിഫലം കാംക്ഷിക്കുന്നവരുമായ തന്റെ അടിമകൾക്ക് നൽകുന്ന ഏറ്റവും നല്ല പ്രതിഫലം അവൾക്ക് നൽകുകയും, വിചാരണയോ മുൻകഴിഞ്ഞ ശിക്ഷയോ കൂടാതെ അവളെ സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ ചോദിക്കുന്നു. രണ്ടാമതൊരു ഒത്തുചേരൽ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമില്ലായിരുന്നുവെങ്കിൽ ഹൃദയങ്ങൾ തകർന്നുപോകുമായിരുന്നു. പക്ഷേ, ഞങ്ങൾ പുണ്യവാനും കാരുണ്യവാനുമായവനിൽ പ്രതീക്ഷയർപ്പിക്കുന്നു, അവൻ ഞങ്ങളുടെ നഷ്ടത്തിന്റെ ഖബറിൽ അവന്റെ വിട്ടുവീഴ്ചയുടെയും പാപമോചനത്തിന്റെയും മഴ വർഷിപ്പിക്കട്ടെ, അവന്റെ കാരുണ്യത്തിന്റെ ഭവനത്തിൽ ഞങ്ങളെ അവളോടൊപ്പം ഒരുമിച്ചുകൂട്ടട്ടെ… അവൻ ദാനശീലനും കരുണാമയനുമാണ്.

സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവന്റെ അടിമയും ദൂതനുമായ നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ മേലും, അദ്ദേഹത്തിന്റെ കുടുംബത്തിലും സ്വഹാബികളിലും അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ.

വായിക്കുക, മറ്റുള്ളവർക്ക് അയച്ചുകൊടുക്കുക. അല്ലാഹു ﷻ നമുക്കേവർക്കും പ്രയോജനപ്രദമായ അറിവ് നൽകട്ടെ.

Share This Article
Leave a Comment