الحمد لله الذي نفع برؤوس العلم جماعة المسلمين، وأوْرَثَهُم بِها نور الإيمان وبَرْدَ اليقين، وصلَّى الله وسلَّم على محمد عبده ورسوله خاتم النبيين، وعلى آله وصحبه أجمعين. أما بعد:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
മുഹമ്മദ് നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട സുന്നത്തിൽ നിന്നുള്ള, ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ നാല് ഹദീസുകളാണിവ.
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
രചയിതാവ് തന്റെ ഗ്രന്ഥം ‘ബിസ്മി’ (بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ) കൊണ്ട് ആരംഭിച്ചു. നബി ﷺ രാജാക്കന്മാർക്ക് അയച്ച കത്തുകളിലും സന്ദേശങ്ങളിലും സ്വീകരിച്ചിരുന്ന പ്രവാചക സുന്നത്തിനെ പിൻപറ്റിക്കൊണ്ടാണ് അദ്ദേഹം ഇതിൽ മാത്രം ചുരുക്കിയത്. ഗ്രന്ഥരചനകളും ഇതേ രീതിയിൽ തന്നെയാണ് നടക്കാറുള്ളത്.
തുടർന്ന് അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ് നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട സുന്നത്തിൽ നിന്നുള്ള, ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ നാല് ഹദീസുകളാണിവ’. ഇവിടെ ഉപയോഗിച്ച ചൂണ്ടുപദം ഈ രിസാലയിൽ പരാമർശിച്ചവയെ സൂചിപ്പിക്കുന്നു. അത് മൂന്ന് കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
- ഒന്നാമതായി: അവ നാല് ഹദീസുകളാണ്.
- രണ്ടാമതായി: ആ ഹദീസുകൾ നബി ﷺ യിൽ നിന്നും നിവേദനം ചെയ്യപ്പെട്ടവയാണ്.
- മൂന്നാമതായി: അവ നബി ﷺ യുടെ സുന്നത്തിൽ നിന്നുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളാണ്.
‘ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾ’ എന്നാൽ, നിയമങ്ങളുടെ വ്യവസ്ഥകൾ ഏതിലേക്കാണോ മടങ്ങുന്നത്, അതാണ്. പ്രവാചക സുന്നത്തിൽ വന്നിട്ടുള്ള നിയമങ്ങളുടെ വ്യവസ്ഥകൾ ഈ നാല് ഹദീസുകളിലേക്കാണ് മടങ്ങുന്നത്. അതിനാൽ നബി ﷺ യിൽ നിന്നും നിവേദനം ചെയ്യപ്പെട്ടവയെല്ലാം ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. എപ്രകാരമാണോ ഇപ്രകാരം പറയപ്പെടുന്നത്: “തീർച്ചയായും ഖുർആൻ മുഴുവനും മടങ്ങുന്നത് സൂറത്തുൽ ഫാതിഹയിലേക്കാണ്. ഫാതിഹ മടങ്ങുന്നതാകട്ടെ അല്ലാഹുവിന്റെ ഈ വചനത്തിലേക്കുമാണ്:
﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾
നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.“
വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അടിസ്ഥാനങ്ങളെ ഒരുമിച്ചുകൂട്ടിയതുകൊണ്ട് ഫാതിഹയ്ക്ക് ‘ഉമ്മുൽ ഖുർആൻ’ എന്ന് പേരുനൽകപ്പെട്ടുവെങ്കിൽ, ഈ നാല് ഹദീസുകൾ ‘ഉമ്മഹാതുസ്സുന്ന’ ആകാൻ ഏറ്റവും അർഹതപ്പെട്ടതാണ്. ഇമാം അൽ-ഖുർത്വുബി رَحِمَهُ اللَّهُ തന്റെ ‘അൽ-മുഫ്ഹിം’ എന്ന ഗ്രന്ഥത്തിൽ ഇതിലെ രണ്ടാമത്തെ ഹദീസിനെ – അതായത് ജിബ്‌രീലിന്റെ ഹദീസിനെ – ‘ഉമ്മുസ്സുന്ന’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തെ ഇതിൽ പിൻപറ്റിയിട്ടുണ്ട്. ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട ഈ നാല് ഹദീസുകളുടെയും അവസ്ഥ ഇതുതന്നെയാണ്; അവ ‘ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾ’ ആയി വിശേഷിപ്പിക്കപ്പെടുന്നു.
ഈ ഹദീസുകളെ സുന്നത്തിൽ നിന്നുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായി കണക്കാക്കിയതായി ആദ്യമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് രണ്ട് പണ്ഡിതന്മാരിൽ നിന്നാണ്: ഇമാം അഹ്മദ് ബിൻ ഹമ്പൽ, ഇമാം ഇസ്ഹാഖ് ബിൻ റാഹവൈഹി رَحِمَهُمَا اللَّهُ എന്നിവരാണവർ. പിന്നീട് വന്ന പണ്ഡിതന്മാർ അവരെ പിന്തുടരുകയാണുണ്ടായത്.

