«أَنَا عِنْدَ ظَنِّ عَبْدِي بِي»
“എന്നെപ്പറ്റി എൻ്റെ ദാസൻ്റെ വിചാരം എപ്രകാരമാണോ, അപ്രകാരമായിരിക്കും ഞാൻ അവനോട് വർത്തിക്കുക.” [സ്വഹീഹുൽ ബുഖാരി – 7405]
ഈ സ്വഹീഹായ ഹദീസുൽ ഖുദ്‌സി, ഒരു സത്യവിശ്വാസിക്ക് തൻ്റെ രക്ഷിതാവിനെ അറിയാനുള്ള വിശാലമായ ഒരു വാതിൽ തുറന്നുകൊടുക്കുന്നു. അതുപോലെ, അടിമത്തത്തിൻ്റെ (ഉബൂദിയ്യത്തിൻ്റെ) ഏറ്റവും മഹത്തായ അടിസ്ഥാനങ്ങളിലൊന്ന് അവൻ്റെ ഹൃദയത്തിൽ അത് വേരുറപ്പിക്കുകയും ചെയ്യുന്നു. അതായത്, അവൻ്റെ എല്ലാ അവസ്ഥകളിലും – സന്തോഷത്തിലും പ്രയാസത്തിലും, നൽകുമ്പോഴും തടയുമ്പോഴും, ആരോഗ്യത്തിലും രോഗത്തിലും, വിജയത്തിലും പരീക്ഷണങ്ങളിലും – അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരം വെച്ചുപുലർത്തുക എന്നതാണ് ആ അടിസ്ഥാനം.
അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരം എന്നത് കേവലം നാവുകൊണ്ട് പറയേണ്ട ഒരു വാദമല്ല. ഈമാനോ കർമ്മങ്ങളോ അടിസ്ഥാനമില്ലാത്ത വെറുമൊരു ശുഭാപ്തിവിശ്വാസവുമല്ല അത്. മറിച്ച്, ഒരു ദാസന് തൻ്റെ രക്ഷിതാവിനെക്കുറിച്ചുള്ള അറിവിൻ്റെ ഫലമാണത്. അല്ലാഹു യുക്തിമാനാണ് (ഹകീം), അവൻ യാതൊന്നും വെറുതെ കണക്കാക്കുന്നില്ല; അവൻ കരുണാനിധിയാണ് (റഹീം), തൻ്റെ സത്യവിശ്വാസിയായ ദാസന് ഗുണകരമായതല്ലാതെ അവൻ വിധിക്കുകയില്ല; അവനെ നന്നാക്കുന്നതെന്താണെന്ന് അല്ലാഹുവിന് നന്നായി അറിയാം (അലീം) എന്നീ കാര്യങ്ങൾ ഒരു ദാസൻ മനസ്സിലാക്കിയാൽ, അവൻ അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരം വെച്ചുപുലർത്തും. ഇനി അതിലെ യുക്തി അവന് അവ്യക്തമാണെങ്കിൽ പോലും, അല്ലാഹുവിൻ്റെ തീരുമാനത്തിൽ അവൻ്റെ ഹൃദയം സമാധാനമടയുന്നതാണ്.
അതുകൊണ്ടാണ്, സഖ്യകക്ഷികൾ മദീനയെ എല്ലാ ഭാഗത്ത് നിന്നും വളഞ്ഞതായി സത്യവിശ്വാസികൾ കണ്ടപ്പോൾ, അവരുടെ ഹൃദയങ്ങളിലേക്ക് അല്ലാഹുവിനെക്കുറിച്ചുള്ള ദുർവിചാരം കടന്നുവരാതിരുന്നത്. മറിച്ച്, അല്ലാഹു അവരെക്കുറിച്ച് തൻ്റെ വചനത്തിൽ പറഞ്ഞതുപോലെ അവർ ഇപ്രകാരം പറയുകയാണുണ്ടായത്:
وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا
“സത്യവിശ്വാസികള്‍ ആ സഖ്യകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ റസൂലും ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ റസൂലും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും കീഴ്‌വണക്കവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.” [33 : 22]
അങ്ങനെ ആ പരീക്ഷണം അവരുടെ ദൃഢവിശ്വാസം വർദ്ധിക്കുന്നതിനുള്ള കാരണമായിത്തീർന്നു. എന്തെന്നാൽ, അവർ തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് സദ്‌വിചാരം വെച്ചുപുലർത്തുകയും, അവൻ്റെ വാഗ്ദാനം സത്യപ്പെടുത്തുകയും ചെയ്തു. ക്ഷമയോടൊപ്പം ആശ്വാസമുണ്ടെന്നും, ശുഭപര്യവസാനം ഭയഭക്തിയുള്ളവർക്കാണ് (മുത്തഖീങ്ങൾക്കാണ്) എന്നും അവർ മനസ്സിലാക്കിയിരുന്നു. സലഫുകൾ ഈ ആശയത്തെ അങ്ങേയറ്റം മഹത്വപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും സമഗ്രമായത് അബ്ദുല്ല ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും വന്ന ഈ വാക്കാണ്. അദ്ദേഹം പറഞ്ഞു:
«والذي لا إله غيره، ما أُعطي عبدٌ مؤمنٌ شيئًا خيرًا من حسن الظن بالله، والذي لا إله غيره، لا يحسن عبدٌ بالله الظنَّ إلا أعطاه الله ظنه؛ وذلك بأن الخير بيده»
“അവനല്ലാതെ മറ്റൊരു ആരാധ്യനില്ലാത്തവനെത്തന്നെയാണെ സത്യം, ഒരു സത്യവിശ്വാസിയായ ദാസന് അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരത്തേക്കാൾ ഉത്തമമായ യാതൊന്നും നൽകപ്പെട്ടിട്ടില്ല. അവനല്ലാതെ മറ്റൊരു ആരാധ്യനില്ലാത്തവനെത്തന്നെയാണെ സത്യം, ഒരു ദാസൻ അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരം വെച്ചുപുലർത്തുകയാണെങ്കിൽ, അവൻ വിചാരിച്ചതെന്തോ അത് അല്ലാഹു അവന് നൽകാതിരിക്കില്ല. കാരണം, നന്മ മുഴുവനും അവൻ്റെ കൈകളിലാകുന്നു.”
അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരം എന്നത് വെറുമൊരു ആഗ്രഹം മാത്രമല്ല എന്ന് ഈ അഥർ വ്യക്തമാക്കുന്നു. മറിച്ച്, അത് അല്ലാഹുവിനെക്കുറിച്ചുള്ള അറിവിലും അവൻ്റെ വാഗ്ദാനത്തിലുള്ള വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു ആന്തരിക ആരാധനയാണ്. ഇതിനാൽ ആരുടെയെങ്കിലും ഹൃദയം നിറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ്റെ സദ്‌വിചാരത്തിന് അനുയോജ്യമായത് അല്ലാഹു തൻ്റെ ഔദാര്യത്തിൽ നിന്നും അവന് നൽകുന്നതാണ്. കാരണം, നന്മ മുഴുവനും അവൻ്റെ കൈകളിലാകുന്നു. അവൻ നൽകിയതിനെ തടയാൻ ആർക്കും സാധ്യമല്ല; അവൻ തടഞ്ഞതിനെ നൽകാനും ആർക്കും സാധ്യമല്ല.
അതിനാൽ, പ്രയാസങ്ങൾ കഠിനമാകുമ്പോഴോ, പ്രാർത്ഥനയ്ക്കുള്ള ഉത്തരം വൈകുമ്പോഴോ, മാർഗ്ഗങ്ങൾ അടയുമ്പോഴോ, സത്യവിശ്വാസിയായ ഒരാൾ തൻ്റെ ഹൃദയത്തിൽ ഈ ഹദീസുൽ ഖുദ്‌സി സന്നിഹിതമാക്കേണ്ടതുണ്ട്:
«أَنَا عِنْدَ ظَنِّ عَبْدِي بِي»
“എന്നെപ്പറ്റി എൻ്റെ ദാസൻ്റെ വിചാരം എപ്രകാരമാണോ, അപ്രകാരമായിരിക്കും ഞാൻ അവനോട് വർത്തിക്കുക.”[സ്വഹീഹുൽ ബുഖാരി – 7405]
അതുപോലെ തൻ്റെ രക്ഷിതാവിനെക്കുറിച്ച് ദുർവിചാരം വെച്ചുപുലർത്തുന്നതിനെ അവൻ കരുതിയിരിക്കുകയും ചെയ്യട്ടെ. കാരണം, സദ്‌വിചാരം എന്നത് തൗഹീദിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്. എന്നാൽ ദുർവിചാരമാകട്ടെ, ഹൃദയങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലും ശിർക്കിൻ്റെ അടിസ്ഥാനങ്ങളിലും പെട്ടതുമാണ്. തീർച്ചയായും അല്ലാഹുവിൻ്റെ ഔദാര്യത്തിനും കാരുണ്യത്തിനും യുക്തിക്കും ഏറ്റവും അനുയോജ്യമായിട്ടുള്ളത്, അവൻ്റെ ഔദാര്യം പ്രതീക്ഷിക്കപ്പെടലും, അവനെക്കുറിച്ച് സദ്‌വിചാരം വെച്ചുപുലർത്തലുമാണ്. അതോടൊപ്പം അവനിൽ യഥാർത്ഥ രീതിയിൽ ഭരമേൽപ്പിക്കുകയും, അവൻ കൽപ്പിച്ചിട്ടുള്ള മാർഗ്ഗങ്ങൾ തേടുകയും ചെയ്യേണ്ടതുണ്ട്.

