27. അല്ലാഹുവിനും അവന്റെ ആരാധകർക്കുമിടയിലുള്ള മാധ്യമത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണ്?

By
Shaykh Dr. Muhammad Hisham Al-Tahiri
ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ഗവേഷകനുമാണ്. 1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും...

തീർച്ചയായും, അല്ലാഹുവിന്റെ കൽപ്പനകൾ നമ്മിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാധ്യമത്തിന്റെ ആവശ്യകതയെ ഇസ്‌ലാം ഊന്നിപ്പറയുന്നു. കാരണം അല്ലാഹു ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതും എന്താണെന്നോ, അവന്റെ കൽപ്പനകളോ വിലക്കുകളോ എന്താണെന്നോ, തന്റെ മിത്രങ്ങൾക്കായി അവൻ തയ്യാറാക്കിവെച്ചിരിക്കുന്ന ആദരവോ അല്ലെങ്കിൽ തന്റെ ശത്രുക്കൾക്ക് അവൻ വാഗ്ദാനം ചെയ്തിട്ടുള്ള ശിക്ഷയോ എന്താണെന്നോ സൃഷ്ടികൾക്കറിയില്ല. മനുഷ്യന്റെ ധാരണകൾക്കതീതമായ അവന്റെ മനോഹരമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷണങ്ങളും അവനർഹിക്കുന്ന രീതിയിൽ അവർ മനസ്സിലാക്കുന്നുമില്ല.

അല്ലാഹു പറയുന്നു:

يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي ۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ۞ وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ۞

‘ആദം സന്തതികളേ, എന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചുതന്നുകൊണ്ട് നിങ്ങളിൽ നിന്നുതന്നെയുള്ള ദൂതന്മാർ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം, അപ്പോൾ ആർ സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കിത്തീർക്കുകയും ചെയ്യുന്നുവോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.’¹

ഈ മാധ്യമങ്ങളെ – അതായത് അവന്റെ പ്രവാചകന്മാരെയും ദൂതന്മാരെയും – പിൻപറ്റാൻ വിസമ്മതിച്ചവരെക്കുറിച്ച് അല്ലാഹു പറയുന്നു:

قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ ۞ وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ ۞ فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ ۞

‘അവർ (തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ) പറയും: അതെ, തീർച്ചയായും ഞങ്ങൾക്ക് മുന്നറിയിപ്പുകാരൻ വന്നിരുന്നു. അപ്പോൾ ഞങ്ങൾ നിഷേധിച്ചുതള്ളുകയും, അല്ലാഹു യാതൊന്നും അവതരിപ്പിച്ചിട്ടില്ല, നിങ്ങൾ വലിയ വഴികേടിൽ തന്നെയാകുന്നു എന്ന് ഞങ്ങൾ പറയുകയുമാണ് ചെയ്തത്. ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവർ പറയും. അങ്ങനെ അവർ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോൾ ജ്വലിക്കുന്ന നരകത്തിന്റെ അവകാശികൾക്ക് നാശം!’²

അതിനാൽ പ്രവാചകന്മാർ അനുസരിക്കപ്പെടേണ്ടവരും പിൻപറ്റപ്പെടേണ്ടവരുമായ മാധ്യമങ്ങളാണ്.

എന്നിരുന്നാലും, ആരാധനകളിലും അനുസരണത്തിലുമുള്ള പ്രാർത്ഥന, ഉപകാരങ്ങൾ തേടൽ, ഉപദ്രവങ്ങൾ തടയൽ, പാപമോചനം തേടൽ തുടങ്ങിയ കാര്യങ്ങളിൽ ഒരു സൃഷ്ടിയെ തനിക്കും തന്റെ രക്ഷിതാവിനുമിടയിലുള്ള ഒരു ഇടനിലക്കാരനാക്കുന്നത് വിലക്കപ്പെട്ടതും, തീർച്ചയായും ശിർക്കും (അല്ലാഹുവിൽ പങ്കുചേർക്കൽ) കുഫ്റും (അവിശ്വാസം) ആണെന്ന് ഇസ്‌ലാം കാണുന്നു. കാരണം അല്ലാഹു ഓരോ ദാസനോടും അടുത്തുനിൽക്കുന്നവനാണ്; പ്രയാസമനുഭവിക്കുന്നവന്റെ പ്രാർത്ഥനയ്ക്ക് അവൻ ഉത്തരം നൽകുന്നു, ബുദ്ധിമുട്ടനുഭവിക്കുന്നവന്റെ ദുരിതങ്ങൾ അകറ്റുന്നു, അവനിലേക്ക് നേരിട്ട് മടങ്ങുന്നവരെ അവൻ സ്വീകരിക്കുന്നു.

അല്ലാഹു പറയുന്നു:

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلَا تَحْوِيلًا ۞ أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ۞

‘(നബിയേ,) പറയുക: അവന് പുറമെ ദൈവങ്ങളാണെന്ന് നിങ്ങൾ വാദിച്ചുകൊണ്ടിരിക്കുന്നവരോട് നിങ്ങൾ പ്രാർത്ഥിച്ച് നോക്കുക. നിങ്ങളിൽ നിന്ന് ഉപദ്രവം അകറ്റാനോ മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. അവർ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുകയാണ്; അവരിൽ ആരാണ് ഏറ്റവും അടുത്തവൻ എന്ന് വെച്ചാൽ. അവർ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ അവർ ഭയപ്പെടുകയും ചെയ്യുന്നു. തീർച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ ഭയപ്പെടേണ്ടതാകുന്നു.’³

കൂടാതെ, ബഹുദൈവാരാധകർ ശിർക്കിൽ അകപ്പെടാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ ۞

‘അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നത്): അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ സാമീപ്യമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാണ് ഞങ്ങൾ അവരെ ആരാധിക്കുന്നത് (എന്നാണ്).’⁴ ⁵

അതിനാൽ, പ്രാർത്ഥനയിൽ മലക്കുകളെയോ പ്രവാചകന്മാരെയോ ഇടനിലക്കാരാക്കുകയോ, അവരെ ആശ്രയിക്കുകയോ, ഉപകാരങ്ങൾ നൽകാനോ ഉപദ്രവങ്ങൾ തടയാനോ അവരോട് ആവശ്യപ്പെടുകയോ ചെയ്യുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു; അപ്പോൾ അവർക്ക് താഴെയുള്ളവരെ ഇടനിലക്കാരാക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ.


  1. അൽഅഅ്റാഫ് 7:35-36.
  2. അൽമുൽക് 67:9-11.
  3. അൽഇസ്രാഅ് 17:56-57.
  4. അല്ലാഹുവിന് പുറമെ തങ്ങൾ രക്ഷിതാക്കളായി സ്വീകരിക്കുന്നവർ സച്ചരിതരാണെന്നാണ് ബഹുദൈവാരാധകർ അവകാശപ്പെടുന്നത്.
  5. അസ്സുമർ 39:3.
Share This Article
ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ഗവേഷകനുമാണ്. 1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും നേടി. കുവൈത്ത് യൂണിവേഴ്‌സിറ്റി, ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റി, കുവൈത്ത് ഔഖാഫ് മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ അക്കാദമിക-ഗവേഷണ ചുമതലകൾ വഹിച്ചിട്ടുണ്ട്. 130-ലധികം രചനകളും ഗവേഷണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ രാജ്യങ്ങളിലെ വിജ്ഞാന സദസ്സുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ ദഅ്‌വ രംഗത്തും അദ്ദേഹം സജീവമാണ്.Read More...
Leave a Comment