26. സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിന്റെ രക്ഷിതൃത്വത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണ്?

By
Shaykh Dr. Muhammad Hisham Al-Tahiri
ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ഗവേഷകനുമാണ്. 1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും...

ഇസ്‌ലാമിൽ, അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമങ്ങളിലൊന്നാണ് ‘അർറബ്ബ്’ (രക്ഷിതാവ്). അവൻ ലോകരക്ഷിതാവാണ്; അവൻ എല്ലാ സൃഷ്ടികളെയും തന്റെ അനുഗ്രഹങ്ങളാൽ പരിപാലിക്കുകയും, അനുയോജ്യമായ എല്ലാ ഗുണങ്ങളോടെയും അവരെ സൃഷ്ടിക്കുകയും തികവുറ്റതാക്കുകയും ചെയ്യുന്നു. അവൻ അവർക്ക് ആവശ്യമായവ നൽകുകയും ഓരോ ജീവിക്കും അനുയോജ്യമായത് നൽകുകയും ചെയ്യുന്നു. പിന്നീട് ഓരോ ജീവിയെയും അതിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് അവൻ നയിക്കുകയും, തന്റെ ദാസന്മാർക്ക് തന്റെ അനുഗ്രഹങ്ങൾ നൽകുകയും, അവരെ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് സമ്പൂർണ്ണമായ പരിപാലനം നൽകുകയും ചെയ്യുന്നു. അതിക്രമിയായ ഫിർഔനോ അവനെപ്പോലുള്ളവരോ അല്ലാതെ മറ്റാരും ലോകരക്ഷിതാവാണെന്ന് അവകാശപ്പെട്ടിട്ടില്ല, ആർക്കും അവകാശപ്പെടാൻ കഴിയുകയുമില്ല എന്നത് ഈ കാര്യം തെളിയിക്കാൻ പര്യാപ്തമാണ്. ഫിർഔന്റെ രക്ഷിതൃത്വ അവകാശവാദം തികച്ചും അടിസ്ഥാനരഹിതവും ഉപരിപ്ലവവുമാണ്.

അല്ലാഹു പറയുന്നു:

قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ ۞ قَالَ رَبُّ السَّمَوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ۞ قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ ۞ قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ ۞ قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ ۞ قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ ۞

‘ഫിർഔൻ ചോദിച്ചു: എന്താണ് ഈ ലോകരക്ഷിതാവ്? മൂസാ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവ്; നിങ്ങൾ ദൃഢബോധ്യമുള്ളവരാണെങ്കിൽ. ഫിർഔൻ തന്റെ ചുറ്റുമുള്ളവരോട് പറഞ്ഞു: നിങ്ങൾ (ഇവൻ പറയുന്നത്) ശ്രദ്ധിച്ച് കേൾക്കുന്നില്ലേ? മൂസാ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവ്വപിതാക്കളുടെ രക്ഷിതാവുമായവൻ. ഫിർഔൻ പറഞ്ഞു: നിങ്ങളിലേക്കയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ ഈ റസൂൽ തീർച്ചയായും ഒരു ഭ്രാന്തൻ തന്നെ. മൂസാ പറഞ്ഞു: ഉദയസ്ഥാനത്തിന്റെയും അസ്തമനസ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവ്; നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുന്നവരാണെങ്കിൽ.’¹

അല്ലാഹുവിന്റെ തർബിയ്യത്തും (വളർത്തലും പരിപോഷിപ്പിക്കലും) അവന്റെ രക്ഷിതൃത്വവും രണ്ട് തരത്തിലാണ്:

ഒന്നാമത്തെ ഇനം: ഓരോ സൃഷ്ടിയുടെയും മേലുള്ള അല്ലാഹുവിന്റെ പൊതുവായ രക്ഷിതൃത്വം; അവർ നല്ലവരായാലും ദുഷ്ടന്മാരായാലും ശരി. സൃഷ്ടിപ്പ്, ഉപജീവനം, എല്ലാ കാര്യങ്ങളുടെയും നിർവ്വഹണം, എല്ലാ അനുഗ്രഹങ്ങളും നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു; ഇതിലൊന്നിലും അവനൊരു പങ്കുകാരനില്ല. അല്ലാഹു പറയുന്നു:

قُلْ أَغَيْرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ ۞

‘(നബിയേ,) പറയുക: അല്ലാഹു എല്ലാറ്റിന്റെയും രക്ഷിതാവായിരിക്കെ അവനല്ലാത്ത ഒരു രക്ഷിതാവിനെ ഞാൻ അന്വേഷിക്കുകയോ?’²

രണ്ടാമത്തെ ഇനം: അവന്റെ മിത്രങ്ങളുടെ പ്രത്യേക പരിപാലനവും വളർത്തലും. അവനിൽ വിശ്വസിക്കാനും, അവനുള്ള ആരാധനകൾ നിറവേറ്റാനും, അവനെക്കുറിച്ചുള്ള അറിവുകൊണ്ട് അവരെ പരിപോഷിപ്പിക്കാനും, അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് അവരെ കൊണ്ടുവരാനും അവൻ അവർക്ക് തൗഫീഖ് (സഹായവും അനുഗ്രഹവും) നൽകുന്നു; എളുപ്പത്തിന്റെ പാത അവർക്ക് എളുപ്പമാക്കിക്കൊടുക്കുകയും പ്രയാസങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, ഈ വശം ശ്രദ്ധിച്ചുകൊണ്ട്, ഈ പ്രത്യേക പരിപാലനത്തിനായുള്ള അവന്റെ മാർഗ്ഗദർശനം തേടിക്കൊണ്ട് ഖുർആനിൽ പരാമർശിച്ചിട്ടുള്ള പ്രവാചകന്മാരുടെയും ബുദ്ധിമാന്മാരുടെയും സദ്‌വൃത്തരുടെയും പ്രാർത്ഥനകൾ ‘അർറബ്ബ്’ (രക്ഷിതാവ്) എന്ന നാമത്തെ വിളിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.

അല്ലാഹു പറയുന്നു:

وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ ۞

‘ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാ കാര്യത്തെയും ഉൾക്കൊള്ളാൻ മാത്രം വിപുലമായിരിക്കുന്നു. അല്ലാഹുവിന്റെ മേൽ ഞങ്ങൾ ഭരമേൽപ്പിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനതയ്ക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. തീർപ്പുണ്ടാക്കുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ നീ.’³


  1. അശ്ശുഅറാഅ് 26:23-28.
  2. അൽഅൻആം 6:164.
  3. അൽഅഅ്റാഫ് 7:89.
Share This Article
ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ഗവേഷകനുമാണ്. 1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും നേടി. കുവൈത്ത് യൂണിവേഴ്‌സിറ്റി, ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റി, കുവൈത്ത് ഔഖാഫ് മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ അക്കാദമിക-ഗവേഷണ ചുമതലകൾ വഹിച്ചിട്ടുണ്ട്. 130-ലധികം രചനകളും ഗവേഷണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ രാജ്യങ്ങളിലെ വിജ്ഞാന സദസ്സുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ ദഅ്‌വ രംഗത്തും അദ്ദേഹം സജീവമാണ്.Read More...
Leave a Comment