18. അൻദലുസിലെ ഉമവി ഭരണത്തിന്റെ അവസാനം

ശൈഖ് ഡോ. സുറൂർ ബ്നു മുദക്കിർ അൽ-അജമി

അന്തുലുസിൽ ഉമയ്യ കുടുംബത്തിൽ നിന്ന് ആദ്യമായി ‘ഖലീഫ’ എന്ന പദവി സ്വീകരിച്ച അബ്ദുറഹ്മാൻ അന്നാസിറിന്റെ ഭരണകാലത്തെക്കുറിച്ചാണ് കഴിഞ്ഞ അദ്ധ്യായത്തിൽ പ്രതിപാദിച്ചത്. അബ്ദുറഹ്മാൻ അദ്ദാഖിൽ മുതൽ ഹിശാം ബിൻ അബ്ദുറഹ്മാൻ, അൽ ഹകം അർ-റബദി, അബ്ദുറഹ്മാൻ അൽ ഔസത്ത് എന്നീ മുൻഗാമികളെല്ലാം ‘അമീർ’ എന്ന് മാത്രമായിരുന്നു അറിയപ്പെട്ടിരുന്നത്. ഹിജ്റ 300 മുതൽ 350 വരെ, അമ്പതുവർഷം നീണ്ടുനിന്ന ഭരണമായിരുന്നു അബ്ദുറഹ്മാൻ അന്നാസിറിന്റേത്. അദ്ദേഹത്തിന്റെ ഭരണത്തിൽ അന്തുലുസും പ്രത്യേകിച്ചും തലസ്ഥാനമായ ഖുർത്വുബയും ‘ലോകത്തിന്റെ രത്നം’ എന്ന് വിശേഷിപ്പിക്കപ്പെടും വിധം വികസിച്ചു. ഗ്രന്ഥശാലകൾ പടുത്തുയർത്തുകയും, കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നുതന്നെ ഖുർത്വുബയിലെ തെരുവുകളിലെ ദീപാലങ്കാരങ്ങൾ കാണാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു.

മരണക്കിടക്കയിൽ വെച്ച് അബ്ദുറഹ്മാൻ അന്നാസിർ തന്റെ മകനോട് പറഞ്ഞു: “മകനേ, അമ്പതുവർഷം ഞാൻ ഭരിച്ചു, അധികാരം നിനക്ക് ലഭിക്കാൻ ഞാൻ കാരണം വൈകിപ്പോയി.” ഹിജ്റ 302-ൽ ജനിച്ച അൽ ഹകം ബിൻ അബ്ദുറഹ്മാൻ തന്റെ 48-ാം വയസ്സിലാണ് അധികാരം ഏറ്റെടുക്കുന്നത്. മുൻകാല ഉമയ്യ ഭരണാധികാരികളിൽ ആരും തന്നെ ഇത്രയും പ്രായം ചെന്ന ശേഷം അധികാരത്തിലേറിയിരുന്നില്ല. അമ്പതുവർഷം ഭരിച്ച അബ്ദുറഹ്മാൻ അന്നാസിർ മരണപ്പെട്ടത് 72-ാം വയസ്സിലാണ്. അദ്ദേഹം അവശേഷിപ്പിച്ച ഒരു കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: “എന്റെ ജീവിതത്തിൽ യാതൊരു ദുഃഖവുമില്ലാതെ പൂർണ്ണമായി സന്തോഷിച്ച ദിനങ്ങൾ വെറും 14 ദിവസങ്ങൾ മാത്രമാണ്.” യൂറോപ്യൻ രാജാക്കന്മാർ പോലും ഭയപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നിട്ടും, അദ്ദേഹം രേഖപ്പെടുത്തിയ ഈ കുറിപ്പ് വ്യക്തമാക്കുന്നത് ഭരണാധികാരം കേവലം സന്തോഷമല്ല, മറിച്ച് വലിയൊരു ഭാരവും ഉത്തരവാദിത്തവുമാണെന്നാണ്.

ഹിജ്റ 350-ൽ അധികാരമേറ്റ അൽ ഹകം ബിൻ അബ്ദുറഹ്മാൻ തന്റെ പിതാവിനെപ്പോലെ തന്നെ വിജ്ഞാനത്തെയും വികസനത്തെയും ജിഹാദിനെയും സ്നേഹിക്കുന്നവനായിരുന്നു. ഏകദേശം 16 വർഷത്തോളം (ഹിജ്റ 350 മുതൽ 366 വരെ) അദ്ദേഹം ഭരണം നടത്തി. എന്നാൽ, ഉമയ്യ ഭരണകൂടത്തിന്റെ പതനത്തിന് കാരണമായ വലിയൊരു അബദ്ധം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പിതാവായ അബ്ദുറഹ്മാൻ അന്നാസിർ ഭരിക്കുന്ന കാലം മുതൽ അൽ ഹകമിന് മക്കളുണ്ടായിരുന്നില്ല. പിന്നീട് ‘സുബ്ഹ് അൽ ബശ്കുൻജിയ്യ’ എന്ന ക്രിസ്ത്യൻ അടിമസ്ത്രീയിൽ (അവളുടെ യഥാർത്ഥ പേര് റോറ എന്നായിരുന്നു, ഇസ്‌ലാം സ്വീകരിച്ച ശേഷം സുബ്ഹ് എന്ന് വിളിക്കപ്പെട്ടു) നിന്ന് അദ്ദേഹത്തിന് അബ്ദുറഹ്മാൻ എന്നൊരു മകൻ ജനിച്ചെങ്കിലും ആ കുട്ടി മരണപ്പെട്ടു. പിന്നീട് ഹിശാം (അൽ മുഅയ്യദ് ബില്ലാഹ്) ജനിച്ചു. അൽ ഹകം ബിൻ അബ്ദുറഹ്മാൻ മരണപ്പെടുമ്പോൾ ഹിശാമിന് കേവലം ഒമ്പത് വയസ്സ് മാത്രമായിരുന്നു പ്രായം.

ഉമയ്യ കുടുംബത്തിൽ അധികാരമേറ്റെടുക്കാൻ പ്രാപ്തരായ ധാരാളം ആളുകൾ ഉണ്ടായിരുന്നിട്ടും, സ്വന്തം മകന് അധികാരം കൈമാറുന്ന രീതിയായിരുന്നു അവർ പിന്തുടർന്നിരുന്നത്. ഇതിന് അപവാദങ്ങളുമുണ്ടായിരുന്നു. മുഹമ്മദ് ബിൻ അബ്ദുറഹ്മാന് ശേഷം അൽ മുൻദിറും, തുടർന്ന് സഹോദരൻ അബ്ദുല്ലയും അധികാരത്തിൽ വന്നത് നാം കണ്ടു. അബ്ദുല്ല തന്റെ പേരക്കുട്ടിയായ അബ്ദുറഹ്മാൻ അന്നാസിറിനാണ് അധികാരം കൈമാറിയത്. (മുഹമ്മദ് എന്ന മൂത്ത മകനെ അസൂയ നിമിത്തം സഹോദരനായ അൽ മുത്വരിഫ് വധിച്ചപ്പോൾ, അബ്ദുല്ല ആ മകന് വധശിക്ഷ നൽകുകയും, കൊലചെയ്യപ്പെട്ട മകന്റെ മകനായ അബ്ദുറഹ്മാൻ അന്നാസിറിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയുമായിരുന്നു). എന്നാൽ അൽ ഹകം ബിൻ അബ്ദുറഹ്മാൻ ചെയ്ത വലിയ അബദ്ധം, ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൻ ഹിശാമിനെ പിൻഗാമിയായി പ്രഖ്യാപിച്ചതാണ്. കുട്ടിയുടെ പ്രായക്കുറവ് കാരണം, രാജാധികാരം അമ്മയായ സുബ്ഹ് അൽ ബശ്കുൻജിയ്യയുടെ കൈകളിലായി. ഈ സ്ത്രീയായിരുന്നു അക്കാലത്ത് യഥാർത്ഥത്തിൽ അന്തുലുസിന്റെ ഭരണചക്രം തിരിച്ചിരുന്നത്.

ഈ കാലഘട്ടത്തിലാണ് ഇസ്‌ലാമിക ചരിത്രത്തിലെ ശ്രദ്ധേയനായ ഒരു വ്യക്തിയായ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അബീ ആമിർ അൽ മആഫിരി രംഗപ്രവേശനം ചെയ്യുന്നത്. അന്തുലുസ് കീഴടക്കുമ്പോൾ ത്വാരിഖ് ബിൻ സിയാദിന്റെ സൈന്യത്തിലുണ്ടായിരുന്ന യമനിലെ ഖഹ്ത്വാനി ഗോത്രത്തിൽപ്പെട്ട അബ്ദുൽ മാലിക് അൽ മആഫിരിയുടെ പരമ്പരയിലാണ് ഇദ്ദേഹത്തിന്റെ ജനനം. അന്തുലുസിലെ അൽ ജസീറ അൽ ഖദ്റാഅ് (Algeciras) എന്ന പ്രദേശത്ത് വിജ്ഞാനമുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം, പഠനാവശ്യാർത്ഥം ഖുർത്വുബയിലേക്ക് യാത്ര തിരിച്ചു. അൽ ഹകം ബിൻ അബ്ദുറഹ്മാന്റെ കൊട്ടാരത്തിന് മുന്നിൽ ഗ്രന്ഥങ്ങളും കത്തുകളും പകർത്തിയെഴുതുന്ന ഒരു ചെറിയ കട അദ്ദേഹം ആരംഭിച്ചു. സുന്ദരമായ കൈയ്യക്ഷരവും കൃത്യമായ ഭാഷാപ്രയോഗവും കാരണം മന്ത്രിയായ ജഅ്ഫർ ബിൻ അലി അൽ മുസ്ഹഫിയുൾപ്പെടെ കൊട്ടാരത്തിലുള്ളവരുടെ ശ്രദ്ധയാകർഷിച്ച അദ്ദേഹത്തെ ഖലീഫ കൊട്ടാരത്തിലെ ഔദ്യോഗിക എഴുത്തുകാരനായി നിയമിച്ചു. അതിയായ ബുദ്ധിശക്തിയും കർമ്മശേഷിയുമുണ്ടായിരുന്ന മുഹമ്മദ് ബിൻ അബീ ആമിർ പടിപടിയായി ഉയർന്ന് ഖുർത്വുബയിലെ പോലീസ് മേധാവിയായി മാറി.

ഹിജ്റ 366-ൽ അൽ ഹകം ബിൻ അബ്ദുറഹ്മാന്റെ മരണശേഷം, ഉമയ്യ കുടുംബത്തിൽ നിന്ന് അധികാരത്തിന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന സുബ്ഹ്, മൂന്ന് പേരുൾപ്പെടുന്ന ഒരു ഭരണസമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയായ (അൽ ഹാജിബ്) ജഅ്ഫർ ബിൻ അലി അൽ മുസ്ഹഫി, സഖാലിബകളിൽ (الصقالبة) പെട്ട സൈനിക മേധാവി, പോലീസ് മേധാവിയായ മുഹമ്മദ് ബിൻ അബീ ആമിർ എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ. എന്നാൽ കേവലം രണ്ട് വർഷത്തിനുള്ളിൽ മുഹമ്മദ് ബിൻ അബീ ആമിർ മറ്റ് രണ്ടുപേരെയും സ്ഥാനഭ്രഷ്ടരാക്കി അധികാരം പൂർണ്ണമായും സ്വന്തം കൈപ്പിടിയിലൊതുക്കി. അദ്ദേഹം ഖലീഫയെയും അമ്മയെയും കൊട്ടാരത്തിൽ ഒരുമിച്ചു പാർപ്പിക്കുകയും, ഭരണത്തിൽ മറ്റാരുടെയും ഇടപെടലുകൾ അനുവദിക്കാതെ ‘അൽ ഹാജിബ് അൽ മൻസൂർ’ എന്ന പേരിൽ അന്തുലുസിലെ യഥാർത്ഥ ഭരണാധികാരിയായി മാറുകയും ചെയ്തു.

ഈ പ്രവൃത്തികൾ വിലയിരുത്തുമ്പോൾ അദ്ദേഹം അധികാരക്കൊതിയനായിരുന്നുവെന്ന് തോന്നാമെങ്കിലും, ചരിത്രം പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭരണകാലം ഇസ്‌ലാമിക രാഷ്ട്രത്തിന് വലിയ നേട്ടങ്ങൾ കൊണ്ടുവന്നതായി കാണാം. മുഹമ്മദ് ബിൻ അബീ ആമിർ ഖുർആനിലും സുന്നത്തിലും അറബി ഭാഷയിലും അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം അങ്ങേയറ്റം ധീരനും മികച്ച സൈനിക തന്ത്രജ്ഞനുമായിരുന്നു. ഹിജ്റ 368 മുതൽ അദ്ദേഹം മരണപ്പെടുന്ന ഹിജ്റ 392 വരെയുള്ള 27 വർഷക്കാലം അമ്പതിലധികം (54 മുതൽ 57 വരെ എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു) യുദ്ധങ്ങൾക്ക് അദ്ദേഹം നേരിട്ട് നേതൃത്വം നൽകി. ഇതിലൊന്നിൽ പോലും അദ്ദേഹം പരാജയപ്പെട്ടില്ല. കാസ്റ്റിൽ (Castile), നവാർ (Navarre), അരഗോൺ (Aragon) തുടങ്ങിയ ക്രിസ്ത്യൻ രാജ്യങ്ങൾക്കെതിരെ അദ്ദേഹം യുദ്ധം നയിക്കുകയും, ഹിശാം ബിൻ അബ്ദുറഹ്മാൻ അദ്ദാഖിലിന്റെ കാലത്ത് നഷ്ടപ്പെട്ട ബാഴ്സലോണയെ വീണ്ടും ഇസ്‌ലാമിക ഭരണത്തിന് കീഴിൽ കൊണ്ടുവരികയും അവരിൽ നിന്ന് ജിസ്‌യ ഈടാക്കുകയും ചെയ്തു.

ഉമയ്യ ഭരണാധികാരികളുടെ മാതൃക പിന്തുടർന്ന് അദ്ദേഹം വേനൽക്കാലത്തും ശൈത്യകാലത്തുമായി വർഷത്തിൽ രണ്ട് തവണ വീതം സൈനിക നീക്കങ്ങൾ നടത്തി. വിജ്ഞാന വ്യാപനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ പ്രാധാന്യം നൽകിയ അദ്ദേഹം, പണ്ഡിതന്മാരെയും മതപ്രബോധകരെയും ആദരിക്കുകയും ധാരാളം പള്ളികളും ഗ്രന്ഥശാലകളും നിർമ്മിക്കുകയും ചെയ്തു. അൽ ഹാജിബ് അൽ മൻസൂർ തന്റെ കഫൻ പുടവ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നു. ഓരോ യുദ്ധത്തിന് ശേഷവും തന്റെ വസ്ത്രത്തിലുണ്ടായിരുന്ന പൊടി അദ്ദേഹം ഒരു കുപ്പിയിൽ സൂക്ഷിച്ചുവെക്കുകയും, അത് തന്റെ ഖബറിൽ വെക്കാൻ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. യുദ്ധത്തിനുള്ള ആയുധങ്ങളും കഫൻ പുടവയും സ്വന്തം സമ്പത്തിൽ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. മനോഹരമായ കൈപ്പടയുണ്ടായിരുന്ന അദ്ദേഹം ഒരു ഖുർആൻ പൂർണ്ണമായും പകർത്തിയെഴുതുകയും, യാത്രകളിലും യുദ്ധങ്ങളിലും അത് പാരായണം ചെയ്യുകയും ചെയ്തിരുന്നു.

യൂറോപ്യൻ ഭരണാധികാരികൾക്ക് അദ്ദേഹത്തിന്റെ പേര് കേൾക്കുന്നത് തന്നെ ഭയമുണ്ടാക്കിയിരുന്നു. ഒരിക്കൽ അദ്ദേഹം തെക്കൻ ഫ്രാൻസിലേക്ക് നടത്തിയ ഒരു സൈനിക നീക്കത്തിൽ, ഇടുങ്ങിയ ഒരു പ്രദേശത്തുവെച്ച് ക്രിസ്ത്യൻ സൈന്യം അദ്ദേഹത്തിന്റെ മടക്കയാത്ര തടയാനായി വഴികൾ അടച്ചു. എന്നാൽ അദ്ദേഹം തന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് ഓരോ ഗ്രാമങ്ങളായി കീഴടക്കാൻ തുടങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെ ക്രിസ്ത്യൻ രാജാക്കന്മാർ സന്ധിക്കായി ദൂതന്മാരെ അയച്ചു. എന്നാൽ സന്ധിയിലെ വ്യവസ്ഥകൾ നിശ്ചയിച്ചത് അൽ ഹാജിബ് അൽ മൻസൂറായിരുന്നു. പിടിച്ചെടുത്ത മുഴുവൻ യുദ്ധമുതലുകളും ക്രിസ്ത്യൻ സൈനികർ തന്നെ തങ്ങളുടെ മൃഗങ്ങളിൽ കയറ്റി ഖുർത്വുബയിൽ എത്തിക്കണമെന്നും, അവർ അടച്ച വഴികൾ അവർ തന്നെ തുറന്നുനൽകണമെന്നും, അടുത്ത വർഷത്തെ യുദ്ധമുതൽ കൂടി മുൻകൂറായി നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വ്യവസ്ഥകൾ. ക്രിസ്ത്യൻ രാജാക്കന്മാർ ഇത് അംഗീകരിക്കാൻ നിർബന്ധിതരായി.

മുസ്ലീം തടവുകാരെ സംരക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം കാണിച്ച ശ്രദ്ധ ചരിത്രത്തിൽ പ്രസിദ്ധമാണ്. ക്രിസ്ത്യൻ രാജ്യങ്ങളുമായി സന്ധിചെയ്യുമ്പോൾ, ഒരു മുസ്ലീം പോലും തടവിലില്ലെന്ന് ഉറപ്പുവരുത്തുക എന്നത് അദ്ദേഹത്തിന്റെ പ്രധാന വ്യവസ്ഥയായിരുന്നു. നവാറിലെ (Navarre) രാജാവിൽ നിന്ന് ജിസ്‌യ വാങ്ങാൻ പോയ ദൂതൻ, അവിടത്തെ ഒരു ക്രിസ്ത്യൻ പള്ളിയിൽ ഒരു മുസ്ലീം സ്ത്രീ തടവിലാക്കപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞു. ദൂതൻ ഈ വിവരം അറിയിച്ചയുടനെ, ശക്തമായ ഭാഷയിൽ അദ്ദേഹം നവാർ രാജാവിന് മുന്നറിയിപ്പ് നൽകി. ഇതറിഞ്ഞ രാജാവ് തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് സത്യം ചെയ്യുകയും, ആ പള്ളി പൊളിച്ചുമാറ്റി ആ സ്ത്രീയെ സ്വതന്ത്രയാക്കി അവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തു. അതുപോലെ, ക്രിസ്ത്യാനികൾ പുണ്യസ്ഥലമായി കരുതിയിരുന്ന സാന്റിയാഗോ ഡി കമ്പോസ്റ്റെല (Santiago de Compostela) എന്ന പ്രദേശം (യേശുവിന്റെ അനുചരനായ യാക്കൂബ് അവിടെ മറവ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു) അദ്ദേഹം കീഴടക്കാൻ സൈന്യവുമായി പുറപ്പെട്ടു. വിവരമറിഞ്ഞ ക്രിസ്ത്യാനികൾ പുരോഹിതന്മാരടക്കം ആ നഗരം ഉപേക്ഷിച്ച് പലായനം ചെയ്തു. ശൂന്യമായ ആ നഗരത്തിൽ പ്രവേശിച്ച അദ്ദേഹം അവിടത്തെ പള്ളി പൊളിച്ചുമാറ്റുകയും അവിടെ മുസ്ലീം ഭവനങ്ങളും പള്ളികളും നിർമ്മിക്കുകയും ചെയ്തു.

ഇത്രയൊക്കെ മഹത്തായ സേവനങ്ങൾ ഇസ്‌ലാമിനും മുസ്ലീങ്ങൾക്കും നൽകിയെങ്കിലും, ഉമയ്യ ഭരണകൂടത്തിന്റെ പതനത്തിന് അൽ ഹാജിബ് അൽ മൻസൂർ പരോക്ഷമായി കാരണമായി. അദ്ദേഹത്തിന് ശേഷം മകൻ അബ്ദുൽ മാലിക് അൽ മുളഫ്ഫർ ബില്ലാഹ് അധികാരത്തിൽ വന്നു (ഹിജ്റ 392 – 399). പിതാവിനെപ്പോലെ തന്നെ ശക്തനായിരുന്ന അദ്ദേഹത്തിന്റെ കാലശേഷം, സഹോദരനായ അബ്ദുറഹ്മാൻ ശൻജൂൽ (شنجول – ഒരു ക്രിസ്ത്യൻ രാജകുമാരിയായിരുന്നു മാതാവ്) അധികാരത്തിൽ വന്നു. ഈ അബ്ദുറഹ്മാൻ ശൻജൂൽ ചെയ്ത വലിയ അബദ്ധമാണ് ഉമയ്യ ഭരണകൂടത്തിന്റെ പൂർണ്ണമായ തകർച്ചയ്ക്ക് കാരണമായത്. യഥാർത്ഥത്തിൽ അന്തുലുസിന്റെ ഭരണാധികാരി ഉമയ്യ വംശത്തിൽ പെട്ട ഖലീഫ ഹിശാം അൽ മുഅയ്യദ് ബില്ലാഹ് ആയിരുന്നു; എന്നാൽ ഭരണം നിയന്ത്രിച്ചിരുന്നത് ആമിരി കുടുംബമായിരുന്നു (അൽ ഹാജിബ് അൽ മൻസൂറും മക്കളും). അബ്ദുറഹ്മാൻ ശൻജൂൽ, താനാണ് അന്തുലുസിലെ അടുത്ത ഖലീഫയെന്ന് പ്രഖ്യാപിക്കാൻ ഖലീഫ ഹിശാമിനെ നിർബന്ധിച്ചു. രാജകീയ പാരമ്പര്യമുള്ള ഉമയ്യ കുടുംബത്തിൽ നിന്ന് അധികാരം ആമിരി കുടുംബത്തിലേക്ക് (ഖഹ്ത്വാനി ഗോത്രം) മാറുന്നത് ഉമയ്യ വംശജർക്കിടയിൽ വലിയൊരു കലാപത്തിന് കാരണമായി.

ഉമയ്യ വംശജനായ മുഹമ്മദ് ബിൻ ഹിശാം ബിൻ അബ്ദുൽ മാലിക് ബിൻ അബ്ദുറഹ്മാൻ അന്നാസിർ കലാപമുണ്ടാക്കുകയും, അബ്ദുറഹ്മാൻ ശൻജൂൽ ഒരു സൈനിക നീക്കത്തിന് പോയ സമയത്ത് ഖലീഫ ഹിശാമിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. തുടർന്ന് അബ്ദുറഹ്മാൻ ശൻജൂൽ വധിക്കപ്പെട്ടു. ഹിജ്റ 399 മുതൽ 423 വരെയുള്ള കാലഘട്ടം അന്തുലുസിൽ വലിയൊരു അരാജകത്വത്തിന്റേതായിരുന്നു. ഉമയ്യ കുടുംബത്തിലെ വിവിധ ആളുകൾ, ബർബറുകളുടെയും സഖാലിബകളുടെയും ഹമൂദിയ്യ കുടുംബത്തിന്റെയും മറ്റും സഹായത്തോടെ അധികാരം പിടിച്ചെടുക്കാൻ പരസ്പരം പോരടിച്ചു. ഒടുവിൽ ഹിജ്റ 423-ൽ അന്തുലുസിലെ മന്ത്രിയായിരുന്ന അബുൽ ഹസം ബിൻ ജഹ്‌വർ ഉമയ്യ ഭരണകൂടത്തിന്റെ പൂർണ്ണമായ തകർച്ച പ്രഖ്യാപിച്ചു.

ഉമയ്യ ഭരണകൂടം തകർന്നതോടെ അന്തുലുസ് പല ചെറിയ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഓരോ പ്രദേശത്തെയും (സെവിയ്യ, സരഗോസ, ഗ്രാനഡ തുടങ്ങിയവ) ഗവർണർമാർ തങ്ങളെത്തന്നെ സ്വതന്ത്ര ഭരണാധികാരികളായി പ്രഖ്യാപിച്ചു. ഇസ്‌ലാമിക ചരിത്രത്തിൽ ഈ കാലഘട്ടത്തെ ‘മുലൂകുത്ത്വവാഇഫ്’ (ملوك الطوائف – കുറുനില രാജാക്കന്മാർ) എന്നാണ് വിളിക്കുന്നത്. അന്തുലുസിലെ വിശാലമായ ഇസ്‌ലാമിക രാഷ്ട്രം 22 ചെറിയ രാജ്യങ്ങളായി ചിതറിപ്പോയി.

അന്തുലുസിലെ മുലൂകുത്ത്വവാഇഫിന്റെ ചരിത്രവും, അബ്ബാസിയ്യ ഭരണകൂടത്തിൽ ഖലീഫ അൽ മുതവക്കിൽ അലല്ലാഹ് വധിക്കപ്പെട്ടതിന് ശേഷമുള്ള (ഹിജ്റ 247) ദുർബലമായ കാലഘട്ടവും, അക്കാലത്ത് രൂപംകൊണ്ട ഫാത്വിമിയ്യ, ഹംദാനിയ്യ, ഇഖ്‌ശീദിയ്യ, ബുവൈഹിയ്യ ഭരണകൂടങ്ങളെക്കുറിച്ചും വരും ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നതാണ്. അല്ലാഹു നമുക്കെല്ലാവർക്കും ഉപകാരപ്രദമായ വിജ്ഞാനവും സൽകർമ്മങ്ങളും ചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ.

Share This Article
Leave a Comment