3. പ്രബോധകന്റെ സ്വഭാവഗുണങ്ങൾ

ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ്

​بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. പങ്കുകാരില്ലാത്തവനായി അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും ദൂതനും അവൻ തെരഞ്ഞെടുത്ത ഉറ്റമിത്രവുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം പ്രബോധനം പൂർണ്ണമായി എത്തിച്ചുനൽകുകയും, അമാനത്തുകൾ നിറവേറ്റുകയും, സമുദായത്തോട് ആത്മാർത്ഥത കാണിക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ യഥാർത്ഥ രൂപത്തിൽ സമരം ചെയ്യുകയും ചെയ്തു. രാവും പകലും ഒരുപോലെ പ്രകാശിക്കുന്ന, തിളക്കമാർന്നതും വ്യക്തവുമായ ഒരു പാതയിൽ നമ്മെ ആക്കിയതിന് ശേഷമാണ് അദ്ദേഹം ﷺ വിടവാങ്ങിയത്. നാശമടഞ്ഞവനല്ലാതെ അദ്ദേഹത്തിന് ശേഷം ആ പാതയിൽ നിന്നും വ്യതിചലിക്കുകയില്ല.

രാവും പകലും മാറിമാറിവരുന്ന കാലത്തോളം, അദ്ദേഹത്തിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവർ സ്വലാത്ത് ചൊല്ലുമ്പോഴെല്ലാം, സ്വലാത്ത് ചൊല്ലുന്നതിൽ അശ്രദ്ധരാകുന്നവർ അശ്രദ്ധരാകുമ്പോഴെല്ലാം, അല്ലാഹുവേ, നിന്റെ ദാസനും ദൂതനുമായ മുഹമ്മദ് നബി ﷺ യുടെ മേൽ നീ കാരുണ്യവും സമാധാനവും വർഷിക്കേണമേ.

നൽകപ്പെട്ടാൽ നന്ദികാണിക്കുകയും, പരീക്ഷിക്കപ്പെട്ടാൽ ക്ഷമിക്കുകയും, പാപം സംഭവിച്ചാൽ പാപമോചനം തേടുകയും ചെയ്യുന്നവരിൽ എന്നെയും നിങ്ങളെയും ഉൾപ്പെടുത്താൻ മഹോന്നതനായ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ സഹോദരാ, ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരിൽ എന്നെയും നിങ്ങളെയും ഉൾപ്പെടുത്തണമെന്നും അവനോട് ഞാൻ തേടുന്നു. കാരണം, അവരാണ് മുഹമ്മദ് നബി ﷺ യുടെ മിത്രങ്ങൾ.

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ

‘(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്നവരുടെ കൂട്ടത്തിലേയല്ല.’¹

ശരീഅത്തിൽ ‘സ്വഭാവം’ (ഖുലുഖ്) എന്നതിന്റെ വിവക്ഷ

വിഷയം അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവഗുണങ്ങളും സവിശേഷതകളുമാണ്. അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവം എന്നത് അവന്റെ ദീൻ തന്നെയാണ്. കാരണം, ഇസ്‌ലാമിക ശരീഅത്തിൽ ‘ഖുലുഖ്’ എന്നത് രണ്ട് കാര്യങ്ങളെ ഉദ്ദേശിച്ചുകൊണ്ട് പ്രയോഗിക്കപ്പെടാറുണ്ട്.

ഒന്നാമതായി, പൊതുവായ അർത്ഥത്തിലുള്ള പ്രയോഗം. അതായത് ദീൻ തന്നെയാണത്. ദീൻ മുഴുവനായും സ്വഭാവമാണ്. നബി ﷺ യെ വിശേഷിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

‘തീർച്ചയായും താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു.’²

നബി ﷺ യെ വിശേഷിപ്പിച്ചുകൊണ്ട് ആഇശ رَضِيَ اللَّهُ عَنْهَا പറഞ്ഞതായി സ്വഹീഹ് മുസ്‌ലിമിൽ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്:

كَانَ خُلُقُهُ الْقُرْآنَ

‘അദ്ദേഹത്തിന്റെ സ്വഭാവം ഖുർആനായിരുന്നു.’³

അതായത്, അദ്ദേഹം നടക്കുന്ന ഖുർആൻ ആയിരുന്നു. തന്റെ ആരാധനകളിലും, തൗഹീദിലും, സ്വഭാവത്തിലും, തന്നോട് തന്നെയുള്ള പെരുമാറ്റത്തിലും, തനിക്ക് ചുറ്റുമുള്ളവരോടുള്ള പെരുമാറ്റത്തിലും അദ്ദേഹം ഖുർആൻ പ്രാവർത്തികമാക്കിയിരുന്നു. അദ്ദേഹം ﷺ ഒരു ദിവ്യബോധനമാണ്.

ശരീഅത്തിൽ ‘ഖുലുഖ്’ എന്നതിനെ സംബന്ധിച്ചുള്ള ഈ പൊതുവായ പ്രയോഗം അർത്ഥമാക്കുന്നത്, അഖീദ (വിശ്വാസം), ആരാധനാ കർമ്മങ്ങൾ, ഇടപാടുകൾ, മര്യാദകൾ എന്നിങ്ങനെയുള്ള ശരീഅത്തിന്റെ എല്ലാ നിയമങ്ങളും അതിൽ ഉൾപ്പെടുന്നു എന്നതാണ്. ഇതിന്റെ അനന്തരഫലമാണ് ജനങ്ങൾ ‘സ്വഭാവഗുണങ്ങൾ’ (അഖ്‌ലാഖ്) എന്ന് വിളിക്കുന്നത്. ഒരാൾ ഇത് കരസ്ഥമാക്കിയാൽ ജനങ്ങൾ അവനെ ‘സൽസ്വഭാവി’ എന്ന് വിളിക്കും. കാരണം, ഇത്തരം സ്വഭാവഗുണങ്ങൾ ശരീഅത്ത് മുറുകെപ്പിടിക്കുന്നതിന്റെ അടയാളമാണ്. ഒരാളുടെ സ്വഭാവം നല്ലതല്ലെങ്കിൽ അവൻ ശരീഅത്ത് പൂർണ്ണമായി പാലിച്ചിട്ടില്ല എന്നാണ് അതിനർത്ഥം. ഇക്കാരണത്താലാണ് സ്വഹീഹിൽ സ്ഥിരപ്പെട്ടുവന്നതുപോലെ, സൽസ്വഭാവികളെ നബി ﷺ പ്രശംസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്:

إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلاقًا الْمُوَطَّئُونَ أَكْنَافًا الَّذِينَ يَأْلَفُونَ وَيُؤْلَفُونَ

‘അന്ത്യനാളിൽ എന്നോട് ഏറ്റവും പ്രിയപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളവരും നിങ്ങളിൽ വെച്ച് ഏറ്റവും സൽസ്വഭാവികളായിട്ടുള്ളവരാണ്; വിനയാന്വിതരും, മറ്റുള്ളവരോട് ഇണങ്ങുന്നവരും മറ്റുള്ളവരാൽ ഇണങ്ങപ്പെടുന്നവരുമായ ആളുകൾ.’⁴

അതിനാൽ, ജനങ്ങൾ ഒരാളെ സൽസ്വഭാവി എന്ന് വിളിക്കുന്നത് ഒരു അടയാളമെന്ന നിലയ്ക്കാണ്. ഖുർആനും സുന്നത്തും തന്റെ മേൽ വിധികർത്താവാക്കുകയും, തന്റെ വാക്കിലും പ്രവൃത്തിയിലും സുന്നത്ത് മുറുകെപ്പിടിക്കുകയും ചെയ്ത ഒരാൾക്ക് മാത്രമേ യഥാർത്ഥ സൽസ്വഭാവി ആകാൻ കഴിയുകയുള്ളൂ. സുന്നത്തിനെ സ്വദേഹത്ത് വിധികർത്താവാക്കുക എന്നത് ബാഹ്യമായ കാര്യങ്ങളിൽ, അതായത് വസ്ത്രധാരണത്തിലും പൊതുവായ രൂപത്തിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, അത് മറ്റുള്ളവരുമായി ബന്ധപ്പെടുന്ന എല്ലാ വ്യവഹാരങ്ങളെയും ഉൾക്കൊള്ളുന്നു എന്നതാണ് സുപ്രധാനമായ കാര്യം. ജനങ്ങളുമായുള്ള എല്ലാത്തരം ഇടപാടുകളിലും ശരീഅത്ത് പാലിക്കുക എന്നത് സ്വഭാവഗുണത്തിൽ പെട്ടതാണ്. തന്മൂലം, വ്യക്തികളോടും സമൂഹത്തോടുമുള്ള തന്റെ ഇടപെടലുകളിലും, തന്റെ വാക്കുകളിലും പ്രവൃത്തികളിലും ഖുർആൻ കഴിയുന്നത്ര പ്രാവർത്തികമാക്കുന്നവനാണ് യഥാർത്ഥ സൽസ്വഭാവി.

ശരീഅത്തിൽ വന്നിട്ടുള്ള രണ്ടാമത്തെ പ്രയോഗം; സൽസ്വഭാവി എന്ന് പറഞ്ഞാൽ, താൻ ചെയ്യുന്നതും ഉപേക്ഷിക്കുന്നതുമായ കാര്യങ്ങളിൽ ജനങ്ങളുമായുള്ള പെരുമാറ്റത്തിൽ അഭിനന്ദനാർഹമായ ഗുണങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചവനാണ്. ഇതെക്കുറിച്ച് നബി ﷺ പറഞ്ഞു:

اتَّقِ اللَّهَ حَيْثُمَا كُنْتَ، وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ

‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, തിന്മയ്ക്ക് പിന്നാലെ അതിനെ മായ്ച്ചുകളയുന്ന നന്മ പ്രവർത്തിക്കുക, ജനങ്ങളോട് സൽസ്വഭാവത്തോടെ പെരുമാറുക.’⁵

ഇവിടെ സൽസ്വഭാവം എന്നത് ജനങ്ങളുമായുള്ള പെരുമാറ്റത്തെ കുറിക്കുന്ന പ്രത്യേകമായ ഒരു പ്രയോഗമാണ്. അവരോട് കരുണയുള്ളവനും അനുകമ്പയുള്ളവനും ആകുക, തനിക്ക് ലഭിക്കാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങൾ അവർക്കും നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ആദ്യത്തെ ഇനത്തിൽ സൂചിപ്പിച്ചതുപോലെ ജനങ്ങൾ സൽസ്വഭാവം എന്ന പദം കൊണ്ട് മനസ്സിലാക്കുന്നതും ഈ അർത്ഥമാണ്.

അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയും സ്വഭാവഗുണങ്ങളും

ഇത്രയും കാര്യങ്ങൾ വ്യക്തമായെങ്കിൽ, അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവഗുണങ്ങളെയും സവിശേഷതകളെയും കുറിച്ചുള്ള ചർച്ച, അതായത് തൗഹീദും സുന്നത്തും മുറുകെപ്പിടിക്കുന്ന ഒരു വിശ്വാസി ഉൾക്കൊള്ളേണ്ട സ്വഭാവങ്ങളെക്കുറിച്ചുള്ള ചർച്ച അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയുടെ വിവിധ അധ്യായങ്ങളിൽ പെട്ട ഒരു അധ്യായമാണെന്ന് മനസ്സിലാക്കാം. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിൽ പ്രധാനമായും മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു:

ഒന്നാമതായി: ഈമാനിന്റെ ആറ് കാര്യങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമാക്കൽ. അല്ലാഹുവിലുള്ള വിശ്വാസം, അവനെ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും നാമഗുണവിശേഷണങ്ങളിലും ഏകനാക്കൽ, മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലുമുള്ള വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം, നന്മയും തിന്മയുമായ കാര്യങ്ങൾ അല്ലാഹുവിന്റെ വിധിപ്രകാരമാണെന്നുള്ള വിശ്വാസം തുടങ്ങിയ ചർച്ചകൾ ഇതിൽ ഉൾപ്പെടുന്നു.

രണ്ടാമതായി, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിലെ രണ്ടാമത്തെ ഭാഗം: പിഴച്ച കക്ഷികൾക്ക് എതിരായി ഇടപാടുകളിൽ ശരിയായ മാർഗം സ്വീകരിക്കൽ. ഇതിന്റെ ഭാഗമായാണ് അഹ്‌ലുസ്സുന്നത്ത് അവരുടെ അഖീദയിൽ നന്മ കൽപിക്കലും തിന്മ വിരോധിക്കലും, ഭരണാധികാരികളെ അനുസരിക്കലും, അവർക്കെതിരെ പുറപ്പെടാതിരിക്കലും, പാപമല്ലാത്ത കാര്യങ്ങളിൽ അവരെ അനുസരിക്കലും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തത്. അതുപോലെ സ്വഹാബികൾ, സത്യവിശ്വാസികളുടെ മാതാക്കൾ, ഖുഫ്ഫക്ക് തടവൽ, നല്ലവരായാലും ദുർനടപ്പുകാരായാലും ഭരണാധികാരികളോടൊപ്പമുള്ള ഹജ്ജും ജിഹാദും എന്നിവയെല്ലാം അഖീദയുടെ ഭാഗമായി അവർ ചർച്ച ചെയ്തു. ഇവയിലൂടെയാണ് ഒരു സുന്നിയായ മനുഷ്യൻ ബിദ്അത്തുകാരിൽ നിന്നും വേർതിരിയുന്നത് എന്നതുകൊണ്ട് ഇത്തരം നിരവധി വിഷയങ്ങൾ അഖീദയുടെ ഭാഗമായി മാറി.

അഖീദയിലെ മൂന്നാമത്തെ ഭാഗം സ്വഭാവഗുണങ്ങൾ (അഖ്‌ലാഖ്) ആകുന്നു. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ ‘അൽ-അഖീദത്തുൽ വാസിത്വിയ്യ’ ആരെങ്കിലും ചിന്തിച്ചു പഠിച്ചാൽ ഈ മൂന്ന് ഭാഗങ്ങളും കൃത്യമായി അതിൽ വിഭജിച്ചിട്ടുള്ളതായി കാണാൻ സാധിക്കും. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദ വ്യക്തമാക്കാനാണ് ആ ഗ്രന്ഥം രചിച്ചതെന്ന് അദ്ദേഹം അതിൽ വ്യക്തമാക്കി. അതിന്റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞു: “അനന്തരം; ഇത് രക്ഷപ്പെട്ട കക്ഷിയും സഹായിക്കപ്പെടുന്ന വിഭാഗവുമായ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയാകുന്നു.” തുടർന്ന് അവരുടെ അഖീദ അദ്ദേഹം വിശദീകരിച്ചു. ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് അവരുടെ ആരാധനകളെയും തങ്ങൾക്കിടയിലുള്ള സ്വഭാവഗുണങ്ങളെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു: “അവർ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണ്, അവർ നമസ്കാരം കൽപിക്കുന്നവരാണ്, അവർ രാത്രി നമസ്കരിക്കുന്നവരും കുടുംബബന്ധം പുലർത്തുന്നവരും അതിന് കൽപിക്കുന്നവരുമാണ്…” തുടർന്ന് അവർ ജനങ്ങളോട് സൽസ്വഭാവത്തോടെ പെരുമാറുന്നവരാണെന്നും അതിലെ മറ്റ് വിഷയങ്ങളും അദ്ദേഹം പരാമർശിച്ചു.

അതിനാൽ, പ്രബോധകന്റെ സ്വഭാവഗുണങ്ങളെക്കുറിച്ചുള്ള ഈ സംസാരം കേവലം ചില മര്യാദകളെക്കുറിച്ചുള്ള സാഹിത്യപരമായ സംസാരമല്ല. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിൽ ഈ മൂന്ന് കാര്യങ്ങൾക്കിടയിൽ വേർതിരിവുണ്ടെന്ന് ആരെങ്കിലും കാണുന്നുവെങ്കിൽ അവൻ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദ ശരിക്ക് മനസ്സിലാക്കിയിട്ടില്ല. സുന്നത്തിന്റെ വക്താവ് ഈ മൂന്ന് കാര്യങ്ങളും പ്രാവർത്തികമാക്കുന്നവനാണ്. അഖീദയിലും ഇടപാടുകളിലും സുന്നത്ത് മുറുകെപ്പിടിക്കുന്നതുപോലെ തന്നെ പ്രബോധനത്തിലും സ്വഭാവത്തിലും അവൻ സുന്നത്ത് പിൻപറ്റുന്നവനായിരിക്കുമെന്ന് നിങ്ങൾക്ക് കാണാം. പൊതുവെ ഇതെല്ലാം വ്യക്തമാക്കുന്നത് അവൻ മുഹമ്മദ് നബി ﷺ യുടെ സുന്നത്ത് പ്രാവർത്തികമാക്കിയിരിക്കുന്നു എന്നാണ്. ഇതിൽ അഖീദയുടെയും മൻഹജിന്റെയും ആദ്യത്തെ രണ്ട് ഭാഗങ്ങളും നിർബന്ധ ബാധ്യതയാണെന്നതിൽ സംശയമില്ല. എന്നാൽ സ്വഭാവഗുണങ്ങളിൽ അതിന്റെ വിശദാംശങ്ങളനുസരിച്ച് നിർബന്ധമായ കാര്യങ്ങളും സുന്നത്തായ (മുസ്തഹബ്ബ്) കാര്യങ്ങളുമുണ്ട്.

വ്യക്തിയായ പ്രബോധകന്റെ സവിശേഷതകൾ

ഇത് വ്യക്തമായെങ്കിൽ, അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവഗുണങ്ങളെയും സവിശേഷതകളെയും കുറിച്ചുള്ള ചർച്ച രണ്ടായി തിരിക്കാം: ഒന്നാമത്തെ ഭാഗം: വ്യക്തിയായ പ്രബോധകന്റെ സ്വഭാവഗുണങ്ങളും സവിശേഷതകളും. രണ്ടാമത്തെ ഭാഗം: ഒരു കൂട്ടായ്മ എന്ന നിലയിലുള്ള പ്രബോധകരുടെ സ്വഭാവഗുണങ്ങളും സവിശേഷതകളും.

ഇതിൽ ഒന്നാമത്തെ ഭാഗത്തിലേക്ക് കടക്കുന്നതിന് മുൻപായി ഒരു ആമുഖം നൽകുന്നു: അല്ലാഹുവിലേക്കുള്ള പ്രബോധനം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ഈ പ്രഭാഷണങ്ങളിൽ പങ്കെടുത്ത നിങ്ങളിൽ ചിലർക്കെങ്കിലും വ്യക്തമായിട്ടുണ്ടാകും. അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് എല്ലാവർക്കും ബാധകമായ കാര്യവുമാണ്. കാരണം, എത്തിച്ചുകൊടുക്കാൻ നബി ﷺ കൽപിച്ചിട്ടുണ്ട്:

بَلِّغُوا عَنِّي وَلَوْ آيَةً

‘എന്നെത്തൊട്ട് ഒരു ആയത്താണെങ്കിലും നിങ്ങൾ എത്തിച്ചുകൊടുക്കുക.’⁶

അബൂദാവൂദ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്ത മറ്റൊരു സ്വഹീഹായ ഹദീസിൽ നബി ﷺ പറഞ്ഞു:

نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا فَبَلَّغَهُ كَمَا سَمِعَهُ، فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ

‘നമ്മിൽ നിന്നും ഒരു ഹദീസ് കേൾക്കുകയും, അത് കേട്ടതുപോലെ തന്നെ മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്ത ആളുടെ മുഖം അല്ലാഹു പ്രസന്നമാക്കട്ടെ. കാരണം, കേൾക്കുന്നവനെക്കാളും അത് എത്തിക്കപ്പെടുന്നവനായിരിക്കും ചിലപ്പോൾ കൂടുതൽ ഗ്രഹിക്കാൻ കഴിയുക.’⁷

പ്രബോധനത്തിന്റെ പ്രാധാന്യവും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിന്റെ വിധിയും ചില പ്രഭാഷണങ്ങളിൽ നിങ്ങൾക്ക് വ്യക്തമായിട്ടുണ്ടാകും. പ്രധാനപ്പെട്ട കാര്യം, നമ്മളോരോരുത്തരും ഈ നന്മയിൽ നിന്നും സ്വയം ഒഴിഞ്ഞുനിൽക്കാൻ പാടില്ല. അല്ലാഹുവിലേക്കുള്ള പ്രബോധനം ഒരു പ്രയാസമുള്ള കാര്യമല്ല, മറിച്ച് താൻ പ്രബോധനം ചെയ്യുന്ന കാര്യത്തിൽ ശറഇന്റെ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ അത് വളരെ എളുപ്പമുള്ള കാര്യമാണ്. ഒരു സ്ത്രീക്ക് അവളുടെ വീട്ടിൽ പ്രബോധനം ചെയ്യാം, ഒരു യുവാവിന് തന്റെ വിദ്യാലയത്തിൽ പ്രബോധനം ചെയ്യാം, പണ്ഡിതനും പള്ളിയിലെ ഇമാമിനുമെല്ലാം അവരവരുടെ അറിവനുസരിച്ച് പ്രബോധനം ചെയ്യാവുന്നതാണ്. അത് വിഭജിക്കപ്പെട്ട ഒന്നാണ്. എല്ലാവരും ഒന്നായി ചെയ്യുക, അല്ലെങ്കിൽ എല്ലാവരും ഒന്നായി ഉപേക്ഷിക്കുക എന്ന രൂപത്തിലുള്ള ഒന്നല്ല അത്. പ്രബോധകന്റെ സ്വഭാവഗുണങ്ങളിലും സവിശേഷതകളിലും അവൻ ഉൾക്കൊള്ളേണ്ട കാര്യങ്ങളും, നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും, അവൻ എങ്ങനെയാണ് അല്ലാഹുവിലേക്ക് ക്ഷണിക്കേണ്ടത് എന്നതുമൊക്കെ വഴിയെ വരുന്നതാണ്.

വ്യക്തിയായ പ്രബോധകന്റെ സ്വഭാവങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മുൻപായുള്ള രണ്ടാമത്തെ ആമുഖം ഇതാണ്: പ്രബോധനത്തിന്റെ അടിസ്ഥാനം അല്ലാഹുവിനുള്ള ആരാധനയിൽ (തഅബ്ബുദ്) അധിഷ്ഠിതമാണ്. പ്രബോധനം എന്നാൽ കാര്യങ്ങൾ എത്തിച്ചുകൊടുക്കലാണ് (തബ്‌ലീഗ്); അല്ലാതെ നിർബന്ധിപ്പിക്കലല്ല (ഇൽസാം). നിർബന്ധിപ്പിക്കൽ വരുന്നത് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമ്പോഴാണ്. അതുകൊണ്ടാണ് അല്ലാഹു ആലു ഇംറാൻ സൂറത്തിലെ ആയത്തിൽ പ്രബോധനത്തെയും നന്മ കൽപിക്കൽ/തിന്മ വിരോധിക്കൽ എന്നിവയെയും വെവ്വേറെയായി പരാമർശിച്ചത്. അല്ലാഹു പറഞ്ഞു:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ

‘നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടാകട്ടെ. അവരാണ് വിജയം പ്രാപിച്ചവർ.’⁸

ഇങ്ങനെ പ്രബോധനത്തെയും കൽപിക്കൽ/വിലക്കൽ എന്നിവയെയും അവൻ വ്യത്യാസപ്പെടുത്തി. പ്രബോധകനും നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന വ്യക്തിയും (മുഹ്തസിബ്) തമ്മിലുള്ള വ്യത്യാസം ഇതാണ്: പ്രബോധകൻ നിർബന്ധിക്കുന്നില്ല. അവൻ കാര്യങ്ങൾ എത്തിച്ചുകൊടുക്കുന്നവനാണ്, അവൻ സ്നേഹമുള്ളവനും സന്തോഷവാർത്ത അറിയിക്കുന്നവനുമാണ്. എന്നാൽ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന മുഹ്തസിബിന് ഭരണാധികാരി നൽകിയ അധികാരമുണ്ട്, അതുകൊണ്ട് അവൻ ആളുകളെ സത്യം സ്വീകരിക്കാൻ നിർബന്ധിക്കുന്നു.

ഉദാഹരണത്തിന്, ഇവർക്കിടയിലുള്ള വ്യത്യാസം നോക്കാം: നമസ്കരിക്കാത്ത ഒരാളുടെ അടുത്ത് പ്രബോധകൻ വന്ന് നമസ്കാരത്തിന്റെ വിധി ഇപ്രകാരമാണെന്നും അത് നിർബന്ധമാണെന്നും അവനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അവൻ ഉത്തരം നൽകാൻ വേണ്ടി മനസ്സുകൾക്ക് ഇഷ്ടപ്പെടുന്ന ശൈലികളിലൂടെ അവൻ താൽപര്യം ജനിപ്പിക്കുന്നു. എന്നാൽ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന വ്യക്തി ആദ്യം അവനോട് നല്ല ശൈലിയിൽ തന്നെ സമീപിക്കുകയും നമസ്കരിക്കാൻ കൽപിക്കുകയും ചെയ്യുന്നു. അവൻ വഴങ്ങിയില്ലെങ്കിൽ അതിന് നിർബന്ധിക്കുന്നു, അതും അനുസരിച്ചില്ലെങ്കിൽ അവൻ ശിക്ഷ നടപ്പിലാക്കുന്നു. കാരണം അവന് അതിനുള്ള അധികാരമുണ്ട്. അതുകൊണ്ടാണ് ഇസ്‌ലാമിക സമൂഹത്തിൽ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന, അഥവാ ഹിസ്ബത്ത് (കൽപിക്കാനും വിലക്കാനുമുള്ള അധികാരം) ഏറ്റെടുത്തവനെയും, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകനെയും വ്യത്യാസപ്പെടുത്തിയിട്ടുള്ളത്.

മുകളിൽ പറഞ്ഞ ആയത്തിൽ അവയെ ‘വ’ (و) എന്ന അക്ഷരം കൊണ്ടാണ് വ്യത്യാസപ്പെടുത്തിയിട്ടുള്ളത്. പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ‘വ’ എന്നത് വ്യത്യാസത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ വ്യത്യാസം വിശേഷണങ്ങളിലുള്ള വ്യത്യാസമാണ്; അല്ലാതെ അടിസ്ഥാനപരമായ വ്യത്യാസമല്ല. കാരണം പ്രബോധനവും കൽപിക്കലും വിലക്കലുമെല്ലാം പ്രബോധനം തന്നെയാണ്. പക്ഷെ വിശേഷണങ്ങളിൽ വ്യത്യാസമുണ്ട്. അല്ലാഹു ‘കിതാബ്’, ‘ഖുർആൻ’ എന്നിവയെ വ്യത്യാസപ്പെടുത്തിയത് പോലെയാണിത്. ‘അവ വേദഗ്രന്ഥത്തിലെയും സ്പഷ്ടമായ ഖുർആനിലെയും വചനങ്ങളാകുന്നു’ എന്ന് പറഞ്ഞത് പോലെ. കിതാബും ഖുർആനും ഒന്ന് തന്നെയാണ്, എന്നാൽ വിശേഷണങ്ങളിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കാനാണ് ‘വൗ’ ഉപയോഗിച്ച് ചേർത്ത് പറഞ്ഞത്; അല്ലാതെ സത്തയിലുള്ള വ്യത്യാസമല്ല. അപ്രകാരം കൽപിക്കലും വിലക്കലും പ്രബോധനവും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. എങ്കിലും ഞാൻ താങ്കളെ ഉണർത്തിയതുപോലെ അതിന്റെ വിശേഷണങ്ങളിലും അവസ്ഥകളിലും അത് വ്യത്യാസപ്പെട്ടിരിക്കുന്നു.

പ്രബോധകന്റെ ഒന്നാമത്തെ ഗുണം: ഇഖ്‌ലാസ്വ്

സ്വഭാവഗുണങ്ങളിലേക്കുള്ള ആമുഖമായി നാം പറയുന്നു: അല്ലാഹുവിലേക്കുള്ള പ്രബോധനം ഒരു ആരാധനയാണ്. ഇതൊരു വ്യക്തമായ കാര്യമാണ്. അതെങ്ങനെയാണ് ആരാധനയാകുന്നത്? കാരണം അല്ലാഹു അതിനോട് കൽപിച്ചിട്ടുണ്ട്, പ്രബോധകന് പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്, കൂടാതെ അവന്റെ മഹത്വം അല്ലാഹു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രബോധനം ചെയ്യുവാൻ കൽപിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:

فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ

‘അതുകൊണ്ട് താങ്കൾ (അതിലേക്ക്) ക്ഷണിച്ചുകൊള്ളുക. താങ്കളോട് കൽപിക്കപ്പെട്ടതു പോലെ താങ്കൾ നേരെ നിലകൊള്ളുകയും ചെയ്യുക.’⁹

ഇതൊരു കൽപനയാണ്. പ്രബോധകന്റെ മഹത്വം വ്യക്തമാക്കിക്കൊണ്ടും അതിന് പ്രേരിപ്പിച്ചുകൊണ്ടും അവൻ പറഞ്ഞു:

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ

‘അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?’¹⁰

ഒരു കാര്യത്തോട് കൽപിക്കപ്പെട്ടാൽ അതൊരു ആരാധനയാണെന്നും, ഒരു കാര്യം ചെയ്യുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടാൽ അത് ആരാധനയാണെന്നും ഉസ്വൂലിൽ (നിദാനശാസ്ത്രം) സ്ഥിരപ്പെട്ട കാര്യമാണ്. പ്രബോധനം ഒരു ആരാധനയാണെങ്കിൽ, അത് സ്വീകരിക്കപ്പെടുന്നതിനും ശരിയാകുന്നതിനും രണ്ട് നിബന്ധനകളുണ്ടെന്നതിൽ സംശയമില്ല. ഒന്നാമതായി ഇഖ്‌ലാസ്വ് (ആത്മാർത്ഥത), രണ്ടാമതായി പിൻപറ്റൽ (മുതാബഅത്ത്), അഥവാ ഇഖ്‌ലാസ്വും സുന്നത്തും. പ്രബോധനത്തിൽ ഈ രണ്ട് കാര്യങ്ങളും ആരെങ്കിലും കൊണ്ടുവന്നില്ലെങ്കിൽ അവന്റെ പ്രബോധനം ശരിയായ രൂപത്തിലുള്ള ഒരു ആരാധനയാകുകയില്ല, മറിച്ച് അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടാത്തതാണ്.

ഖവാരിജുകളുടെയും മറ്റു പിഴച്ച കക്ഷികളുടെയും പ്രബോധനം സ്വീകരിക്കപ്പെടാത്തത് ഇതുകൊണ്ടാണ്. അവർ ഇഖ്‌ലാസ്വുള്ളവരായിരിക്കാം, അല്ലാഹുവിങ്കലുള്ളത് കാംക്ഷിച്ചുകൊണ്ടാകാം അവർ പ്രബോധനം നടത്തിയത്, ജനങ്ങളെ ലക്ഷ്യം വെച്ചായിരിക്കില്ല. എന്നാൽ അവർ സുന്നത്ത് പിൻപറ്റാത്തതിനാൽ അവർ പ്രതിഫലാർഹരായില്ല, മറിച്ച് പാപികളായി മാറി. ഖവാരിജുകളെ നരകത്തിലെ നായ്ക്കൾ എന്നാണ് നബി ﷺ വിശേഷിപ്പിച്ചത്. അവരെക്കുറിച്ച് അദ്ദേഹം ﷺ പറഞ്ഞു:

يَحْقِرُ أَحَدُكُمْ صَلاتَهُ مَعَ صَلاتِهِمْ، وَصِيَامَهُ مَعَ صِيَامِهِمْ، يَقْرَءُونَ الْقُرْآنَ لا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنَ الدِّينِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّةِ، أَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ

‘അവരുടെ നമസ്കാരത്തോടൊപ്പം തന്റെ നമസ്കാരവും, അവരുടെ നോമ്പിനോടൊപ്പം തന്റെ നോമ്പും നിങ്ങളിലൊരാൾ നിസ്സാരമായി കാണും. അവർ ഖുർആൻ പാരായണം ചെയ്യും; അത് അവരുടെ തൊണ്ടക്കുഴികൾക്കപ്പുറം കടക്കുകയില്ല. വില്ലിൽ നിന്ന് അമ്പ് തെറിച്ചുപോകും പോലെ അവർ മതത്തിൽ നിന്ന് പുറത്തുപോകും. അവരെ എവിടെ കണ്ടാലും നിങ്ങൾ കൊന്നുകളയുക; കാരണം അവരെ കൊല്ലുന്നതിലൂടെ, കൊലപ്പെടുത്തിയവന് അല്ലാഹുവിങ്കൽ പ്രതിഫലമുണ്ട്.’¹¹

അവർ പ്രബോധനം നടത്തുകയും ജിഹാദ് ചെയ്യുകയും ആത്മാർത്ഥത കാണിക്കുകയും ചെയ്തിരുന്നു. അതായത് തങ്ങളുടെ പ്രവൃത്തികൾ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. അവർ ജനങ്ങളെ പരിഗണിച്ചതുമില്ല. എന്നാൽ അവർ സുന്നത്ത് പിൻപറ്റുകയോ, സലഫുകളുടെയും സ്വഹാബികളുടെയും رَضِيَ اللَّهُ عَنْهُمْ മാർഗത്തിലൂടെ സഞ്ചരിക്കുകയോ ചെയ്തില്ല. അതിനാൽ അവരുടെ കർമ്മങ്ങൾ അവരുടെ മേൽ തന്നെ തള്ളപ്പെട്ടു.

വ്യക്തിയുടെ പ്രബോധനത്തിലുള്ള ഇഖ്‌ലാസ്വ്, നമ്മളിലൊരാൾ പ്രബോധനത്തിൽ എങ്ങനെയാണ് ഇഖ്‌ലാസ്വുള്ളവനാകുക? എല്ലാ ആരാധനകൾക്കും ബാധകമായ പൊതുവായ ഇഖ്‌ലാസ്വിന്റെ മാനദണ്ഡം, കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കുക, അവനല്ലാത്ത മറ്റാരെയും ഉദ്ദേശിക്കാതിരിക്കുക എന്നതാണ്. നബി ﷺ പറഞ്ഞു:

إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

‘പ്രവൃത്തികൾ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയാകുന്നു. ഓരോ വ്യക്തിക്കും താൻ ഉദ്ദേശിച്ചതേ ലഭിക്കുകയുള്ളൂ.’¹²

കർമ്മങ്ങളും വാക്കുകളും അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ടാകുക എന്നതാണ് ലക്ഷ്യം. അതിനാൽ, അല്ലാഹുവിന്റെ അടുക്കലുള്ളത് മാത്രം പ്രതീക്ഷിച്ച് അവന്റെ പ്രീതി ഉദ്ദേശിച്ചവന് പൊതുവായ ഇഖ്‌ലാസ്വ് ലഭിച്ചു. എന്നാൽ പ്രബോധനത്തിൽ ഇഖ്‌ലാസ്വിന് പ്രത്യേകമായ ഒരു മാനദണ്ഡം കൂടിയുണ്ട്. കാരണം, എല്ലാ വിഷയങ്ങളെയും ഉൾക്കൊള്ളുന്ന പൊതുവായ ഇഖ്‌ലാസ്വുമുണ്ട്, അതോടൊപ്പം അതിനെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്ന പ്രത്യേകമായ ഇഖ്‌ലാസ്വിന്റെ മാനദണ്ഡവും ഓരോ വിഷയത്തിലുമുണ്ട്. നാം പറയുന്നു, അറിവ് തേടുന്നതിലെ ഇഖ്‌ലാസ്വിന്റെ മാനദണ്ഡം തന്റെ അജ്ഞത നീക്കുക എന്ന് ഉദ്ദേശിക്കലാണ്. അതിനാൽ, പള്ളികളിലോ സർവകലാശാലകളിലോ എവിടെവെച്ചായാലും അറിവ് തേടുകയോ പാഠങ്ങൾ കേൾക്കുകയോ ചെയ്യുന്നവൻ, തന്റെ അജ്ഞത നീക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം അത് ചെയ്യേണ്ടത്. ഇത് അറിവ് തേടുന്നതിലെ പ്രത്യേകമായ ഒരു മാനദണ്ഡമാണ്; അല്ലാഹുവിലേക്ക് അടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന പൊതുവായ ഇഖ്‌ലാസ്വിനോടൊപ്പം തന്നെ.

അതുപോലെ, പ്രബോധനത്തിലും അല്ലാഹുവിലേക്ക് മാത്രം അടുക്കാൻ ഉദ്ദേശിക്കുന്നതോടൊപ്പം, അതിലെ പ്രത്യേകമായ ഇഖ്‌ലാസ്വിന്റെ മാനദണ്ഡം പടപ്പുകളെ അവരുടെ രക്ഷിതാവിലേക്ക് വഴിനടത്തുക എന്നതായിരിക്കണം. അല്ലാതെ അവർക്കിടയിൽ താൻ ഉയർന്നവനാകാൻ വേണ്ടിയാകരുത്. അല്ലാഹു പറഞ്ഞു:

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي

‘(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും.’¹

കിതാബുത്തൗഹീദിൽ ‘അല്ലാഹുവിലേക്ക്’ എന്ന പ്രയോഗത്തെക്കുറിച്ച് ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് പറയുന്നു: ‘അതിൽ ഇഖ്‌ലാസ്വിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുണ്ട്.’ അദ്ദേഹത്തിന്റെ വാക്കുകളുടെ അർത്ഥം ഇതാണ്: കാരണം അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ധാരാളം പേരുണ്ട്, എന്നാൽ അവൻ ക്ഷണിക്കുന്നത് തന്നിലേക്കോ തന്റെ ശൈഖിലേക്കോ ആണ്. അതായത്, അല്ലാഹുവിലേക്കുള്ള പ്രബോധകൻ പടപ്പുകളെ അവരുടെ രക്ഷിതാവിലേക്ക് അടുപ്പിക്കാനാണ് തന്റെ പ്രബോധനത്തിലൂടെ ഉദ്ദേശിക്കേണ്ടത്. തന്റെ മുന്നിലുള്ള വ്യക്തി യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അടിമയായി മാറണമെന്നും, ആ വ്യക്തിയുടെ ഹൃദയം അല്ലാഹുവിനോട് വിനയം കാണിക്കുന്ന ഒന്നായിത്തീരണമെന്നുമാണ് അവൻ ഉദ്ദേശിക്കേണ്ടത്. ഇപ്രകാരം ചെയ്യുമ്പോഴാണ് അവൻ ഇഖ്‌ലാസ്വുള്ളവനാകുന്നത്.

എന്നാൽ തനിക്ക് ഉന്നതി ലഭിക്കാനോ, പ്രശസ്തനാകാനോ, അറിയപ്പെടാനോ വേണ്ടിയാണ് അവൻ മറ്റൊരാളെ നയിക്കുന്നതെങ്കിൽ, അല്ലെങ്കിൽ താൻ ഇന്നയാളിലേക്ക് ചേർത്തറിയപ്പെടാൻ വേണ്ടിയാണെങ്കിൽ അത് ഇഖ്‌ലാസ്വിന് വിരുദ്ധമാണ്. പലരും തങ്ങളറിയാതെ തന്നെ ഇതിൽ വീണുപോകുന്നുണ്ട്. ഇങ്ങനെയൊരു ചിന്ത മനസ്സിൽ വന്നാൽ, അടിമ തന്റെ രക്ഷിതാവിന്റെ മുന്നിൽ താഴ്മയോടെ വീഴുകയും തന്റെ വാക്കുകളിലും പ്രവൃത്തികളിലും ഇഖ്‌ലാസ്വ് ലഭിക്കാൻ വേണ്ടി അവനോട് പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതാണ് ഒന്നാമത്തെ നിബന്ധനയായ ഇഖ്‌ലാസ്വ്.

പ്രബോധകന്റെ രണ്ടാമത്തെ ഗുണം: സുന്നത്തിനോടുള്ള പിൻപറ്റൽ

രണ്ടാമത്തെ നിബന്ധന സുന്നത്താണ്. അതായത് പ്രബോധകന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവവും സവിശേഷതയും പ്രബോധനം എന്ന അവന്റെ ആരാധനയിൽ അവൻ ആത്മാർത്ഥതയുള്ളവനാകുന്നതിനോടൊപ്പം സുന്നത്ത് പിൻപറ്റുന്നവനുമായിരിക്കണം എന്നതാണ്. സുന്നത്തിലായിരിക്കുക എന്നാൽ സുന്നത്തിന് വിരുദ്ധമായ യാതൊന്നിലേക്കും അവൻ ക്ഷണിക്കാൻ പാടില്ല. പ്രബോധനത്തിൽ അവൻ സലഫുസ്സ്വാലിഹുകളുടെ മാർഗം പിൻപറ്റുന്നവനായിരിക്കണം. അതായത്, അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോൾ തനിക്ക് വ്യക്തമായി അറിയുന്ന കാര്യങ്ങളിലേക്കാണ് അവൻ ക്ഷണിക്കേണ്ടത്. അറിവ് എന്ന ഗുണത്തെക്കുറിച്ച് വഴിയെ വരുന്നുണ്ട്. സുന്നത്തിലേക്കും, പ്രബോധനം ചെയ്യപ്പെടുന്നവൻ മുഹമ്മദ് നബി ﷺ യെ പിൻപറ്റുന്നവനാകാനുമാണ് അവൻ ക്ഷണിക്കുന്നത്. ദേഹേച്ഛകളിലേക്കോ വ്യക്തിപരമായ അഭിപ്രായങ്ങളിലേക്കോ അവൻ ക്ഷണിക്കുന്നില്ല. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തനിക്കറിയാവുന്ന വ്യക്തമായ കാര്യങ്ങളിലേക്കാണ് അവൻ ക്ഷണിക്കുന്നത്. കാര്യങ്ങൾ അവ്യക്തമായാൽ ദൃഢമായത് സ്വീകരിക്കുക, അവ്യക്തമായ കാര്യങ്ങളെ താങ്കൾ സൂക്ഷിക്കുക. കാരണം, പ്രബോധനം അവ്യക്തമായ കാര്യങ്ങളിൽ പ്രവേശിച്ചാൽ അവനറിയാതെ തന്നെ അവന്റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകാൻ ഇടയുണ്ട്. കാരണം അപ്പോൾ അത് സുന്നത്തിലായിരിക്കില്ല. ഒരുപറ്റം പണ്ഡിതന്മാരുടെ അടുക്കൽ ഹസൻ ആയ അബൂ സഅ്‌ലബ رَضِيَ اللَّهُ عَنْهُ വിന്റെ സുദീർഘമായ ഒരു ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി വന്നിട്ടുണ്ട്:

حَتَّى إِذَا رَأَيْتَ شُحًّا مُطَاعًا، وَهَوًى مُتَّبَعًا، وَدُنْيَا مُؤْثَرَةً، وَإِعْجَابَ كُلِّ ذِي رَأْيٍ بِرَأْيِهِ، فَعَلَيْكَ بِخَاصَّةِ نَفْسِكَ وَدَعْ عَنْكَ أَمْرَ الْعَوَامِّ، فَإِنَّ مِنْ وَرَائِكُمْ أَيَّامَ الصَّبْرِ

‘…അനുസരിക്കപ്പെടുന്ന ലുബ്ധ്, പിൻപറ്റപ്പെടുന്ന ദേഹേച്ഛ, മുൻഗണന നൽകപ്പെടുന്ന ഇഹലോകം, ഓരോ അഭിപ്രായക്കാരനും സ്വന്തം അഭിപ്രായത്തിൽ അഹംഭാവം നടിക്കൽ എന്നിവ നീ കണ്ടാൽ, നിന്റെ കാര്യം മാത്രം നീ നോക്കുകയും, സാധാരണക്കാരുടെ കാര്യം വിട്ടേക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങളുടെ പിന്നിലായി ക്ഷമയുടെ ദിനങ്ങളുണ്ട്…’¹³

നബി ﷺ യോട് ചോദിക്കപ്പെട്ട വേറൊരു ഹദീസിലും ഇപ്രകാരം കാണാം:

فَهَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ؟ قَالَ: نَعَمْ، وَفِيهِ دَخَنٌ. قُلْتُ: وَمَا دَخَنُهُ؟ قَالَ: قَوْمٌ يَهْدُونَ بِغَيْرِ هَدْيِي، وَيَسْتَنُّونَ بِغَيْرِ سُنَّتِي تَعْرِفُ مِنْهُمْ وَتُنْكِرُ

‘ആ തിന്മയ്ക്ക് ശേഷം വല്ല നന്മയുമുണ്ടോ? അദ്ദേഹം ﷺ പറഞ്ഞു: ‘അതെ, (അവസാന കാലത്ത് ഒരു നന്മയുണ്ടാകും) പക്ഷെ അതിൽ ഒരുതരം കലർപ്പുണ്ടായിരിക്കും.’ ഞാൻ ചോദിച്ചു: എന്താണാ കലർപ്പ്? അദ്ദേഹം ﷺ പറഞ്ഞു: ‘എന്റെ മാർഗദർശനമല്ലാത്തത് കൊണ്ട് നേർവഴി കാണിക്കുകയും, എന്റെ സുന്നത്തല്ലാത്തത് പിൻപറ്റുകയും ചെയ്യുന്ന ഒരു വിഭാഗം. അവരിൽ (സുന്നത്തോട് യോജിക്കുന്ന) ചില നന്മകൾ നിനക്ക് കാണാം, (സുന്നത്തിന് എതിരായ) ചില കാര്യങ്ങൾ നിനക്ക് വെറുക്കാനും കഴിയും.’¹⁴

‘നേർവഴി കാണിക്കും’ എന്ന് പറഞ്ഞാൽ പ്രബോധനം ചെയ്യും എന്നർത്ഥം. എന്റെ മാർഗദർശനമല്ലാത്തത് കൊണ്ട് അവർ പ്രബോധനം ചെയ്യും. ‘അവരിൽ ചിലത് നിനക്ക് കാണാം’ എന്ന് പറഞ്ഞാൽ സുന്നത്തോട് യോജിക്കുന്ന ചില ശരിയായ കാര്യങ്ങൾ അവരിലുണ്ടാകും, ‘ചിലത് വെറുക്കാനും കഴിയും’ എന്ന് പറഞ്ഞാൽ സുന്നത്തിന് എതിരായ ചില കാര്യങ്ങൾ അവരുടെ പക്കലുണ്ടാകും.

قَالَ: فَمَا تَأْمُرُنِي؟ قَالَ: تَلْزَمُ جَمَاعَةَ الْمُسْلِمِينَ وَإِمَامَهُمْ. قَالَ: فَإِنْ لَمْ يَكُنْ لَهُمْ جَمَاعَةٌ وَلا إِمَامٌ؟ قَالَ: فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا، وَلَوْ أَنْ تَعَضَّ بِأَصْلِ شَجَرَةٍ حَتَّى يَأْتِيَكَ الْمَوْتُ وَأَنْتَ عَلَى ذَلِكَ

‘അദ്ദേഹം (ഹുദൈഫ رَضِيَ اللَّهُ عَنْهُ) ചോദിച്ചു: ഈ അവസ്ഥ കണ്ടാൽ അങ്ങ് എന്നോട് എന്താണ് കൽപിക്കുന്നത്? അദ്ദേഹം ﷺ പറഞ്ഞു: ‘മുസ്‌ലിംകളുടെ ജമാഅത്തിനെയും അവരുടെ ഭരണാധികാരിയെയും നീ മുറുകെ പിടിക്കുക.’ അദ്ദേഹം ചോദിച്ചു: അവർക്ക് ഒരു ജമാഅത്തോ ഭരണാധികാരിയോ ഇല്ലെങ്കിലോ? അദ്ദേഹം ﷺ പറഞ്ഞു: ‘ആ കക്ഷികളെ മുഴുവൻ നീ വർജ്ജിക്കുക. ഒരു മരത്തിന്റെ വേരിൽ കടിച്ചുതൂങ്ങിയിട്ടായാലും ശരി, നിനക്ക് മരണം വന്നെത്തുന്നത് വരെ നീ ആ അവസ്ഥയിൽ തുടരുക.’¹⁴

അതിനാൽ, പ്രബോധനത്തിൽ സുന്നത്ത് മുറുകെപ്പിടിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഒരാൾ തന്റെ പ്രബോധനത്തിൽ ദേഹേച്ഛയെ മുൻനിർത്തി സഞ്ചരിക്കാൻ പാടില്ല. സവിശേഷതകളെക്കുറിച്ച് പറയുന്നിടത്ത് ദേഹേച്ഛയെ പിൻപറ്റാതിരിക്കുക എന്നതിനെക്കുറിച്ച് വഴിയെ വരുന്നുണ്ട്. തന്റെ കർമ്മം സ്വീകരിക്കപ്പെടുന്നതിന് വേണ്ടി ഇഖ്‌ലാസ്വ്, സുന്നത്തിനെ പിൻപറ്റൽ എന്നീ നിബന്ധനകളെ അവൻ തന്റെ മേൽ വിധികർത്താവാക്കേണ്ടതുണ്ട്.

പ്രബോധകന്റെ മൂന്നാമത്തെ ഗുണം: അറിവ്

വ്യക്തിയായ പ്രബോധകന്റെ സ്വഭാവഗുണങ്ങളിൽ അടുത്തത് അറിവാകുന്നു. അറിവില്ലാതെ പ്രബോധനമില്ല. അറിവ് എന്നത് വളരെ വിശാലമായ ഒന്നാണ്; അത് വിഭജിക്കപ്പെടുന്നതുമാണ്. ശറഇയ്യായ അറിവ് വിശാലമായതിനാൽ പ്രബോധനവും വിഭജിക്കപ്പെടുന്നു. അല്ലാഹു പറഞ്ഞു:

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ

‘(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് (അറിവോടെ) കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു.’¹⁵

പണ്ഡിതന്മാർ പറഞ്ഞു: ‘ബസ്വീറത്ത്’ (ദൃഢബോധ്യം) എന്നാൽ അറിവാകുന്നു. അറിവിനെ ബസ്വീറത്ത് എന്ന് വിളിക്കാൻ കാരണം, കണ്ണിന് കാഴ്ച ശക്തി (ബസ്വർ) എപ്രകാരമാണോ അതുപോലെയാണ് ഹൃദയത്തിന് അറിവ്. കാര്യങ്ങൾ അറിവില്ലാത്ത സാധാരണക്കാർക്ക് അവ്യക്തമാകുമ്പോൾ, അറിവ് നിങ്ങൾക്ക് ശരിയായ വഴികൾ വ്യക്തമാക്കിത്തരുന്നു. കുഴപ്പങ്ങൾ എത്രത്തോളം അലയടിച്ചാലും, വിജ്ഞാനമുള്ള വിദ്യാർത്ഥിക്കും പണ്ഡിതനും മുമ്പിൽ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് വഴികൾ വ്യക്തമായിരിക്കും. അതിനാൽ അറിവാണ് ബസ്വീറത്ത്. അറിവ് വിഭജിക്കപ്പെടുന്ന ഒന്നായതുകൊണ്ട് തന്നെ പ്രബോധനവും വിഭജിക്കപ്പെടുന്നതാണ്.

ഉദാഹരണത്തിന്, തൗഹീദിന്റെ വിഷയങ്ങളിൽ പെട്ട ഒരു കാര്യം നിങ്ങൾ മനസ്സിലാക്കി എന്ന് കരുതുക. അല്ലാഹുവിന് മാത്രം ഇബാദത്ത് നൽകേണ്ടതിന്റെ അനിവാര്യത, ശിർക്കിന്റെ വിവിധ രൂപങ്ങളെ നിരാകരിക്കൽ, ഔലിയാക്കളെയും ഖബറുകളെയും ബിംബങ്ങളെയും ആരാധിക്കുന്നത് തടയൽ, അല്ലാഹുവിന്റെ നിയമങ്ങൾ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത, അല്ലാഹു തന്നെക്കുറിച്ച് വിശേഷിപ്പിച്ചതും നബി ﷺ അവനെക്കുറിച്ച് വിശേഷിപ്പിച്ചതുമായ നാമഗുണവിശേഷണങ്ങൾ അംഗീകരിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ നിങ്ങൾ മനസ്സിലാക്കി. എങ്കിൽ നിങ്ങൾക്ക് പൂർണ്ണ ബോധ്യമുള്ള ആ അടിസ്ഥാനത്തിലേക്ക് നിങ്ങൾ ക്ഷണിക്കുക. അതുപോലെ വളരെ വ്യക്തമായ നമസ്കാരത്തിന്റെ കാര്യത്തിലും നിങ്ങൾ പ്രബോധനം ചെയ്യുക. ബാങ്ക് വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ വെച്ച് നമസ്കാരം നിർവഹിക്കൽ നിർബന്ധമാണെന്ന് ഒരാൾക്ക് അറിയാമെങ്കിൽ അവൻ അതിലേക്ക് ക്ഷണിക്കണം. ‘ഞാനൊരു പണ്ഡിതനല്ല, അതിനാൽ ഞാൻ പ്രബോധനം ചെയ്യില്ല’ എന്ന് അവൻ പറയാൻ പാടില്ല. മറിച്ച് ജനങ്ങളിൽ അതിനോടുള്ള താൽപര്യം അവൻ ജനിപ്പിക്കണം. അതിലേക്ക് പ്രേരിപ്പിക്കുന്ന ഖുർആൻ സൂക്തങ്ങളും ഹദീസുകളും അവൻ ആളുകൾക്ക് പറഞ്ഞുകൊടുക്കണം. സകാത്ത്, നോമ്പ്, കച്ചവട ഇടപാടുകൾ, സ്വഭാവഗുണങ്ങൾ, സാമൂഹിക കാര്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായി അറിയാമെങ്കിൽ അതിലേക്കും അവൻ ക്ഷണിക്കണം. തനിക്ക് വ്യക്തമായി അറിയാവുന്ന കാര്യങ്ങളിലേക്ക് ക്ഷണിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ, അഥവാ ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറപ്പുള്ള കാര്യങ്ങൾ; അതുപോലെ അതൊരു ദുർബലപ്പെടുത്തപ്പെട്ടതോ (മൻസൂഖ്), പരിമിതപ്പെടുത്തപ്പെട്ടതോ (മുഖയ്യദ്), പ്രത്യേകമാക്കപ്പെട്ടതോ (മഖ്സൂസ്വ്) ആയ പ്രമാണമല്ലെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയ കാര്യങ്ങൾ അവൻ പ്രബോധനം ചെയ്യണം.

അതുകൊണ്ട് അറിവ് അനിവാര്യമാണ്. ഒരു കാര്യത്തെക്കുറിച്ച് അറിവില്ലെങ്കിൽ നിങ്ങൾ അതിൽ സംസാരിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ നാവ് നിങ്ങളെ നരകത്തിൽ വീഴ്ത്തും. നിങ്ങൾക്കറിയാത്ത കാര്യത്തിലേക്ക് നിങ്ങൾ പ്രബോധനം ചെയ്യരുത്. സ്വന്തം യുക്തി (റഅ്‌യ്) കൊണ്ടോ ദേഹേച്ഛ (ഹവാ) കൊണ്ടോ പ്രബോധനം ചെയ്യരുത്. ഇവയെല്ലാം മുഹമ്മദ് നബി ﷺ യുടെ മാർഗത്തിന് എതിരാണ്. മുഹമ്മദ് നബി ﷺ യും അദ്ദേഹത്തിന്റെ സഹോദരങ്ങളായ മറ്റ് പ്രവാചകന്മാരും അനന്തരമായി നൽകിയത് അറിവാണ്. അത് നേടിയെടുത്തവൻ വലിയൊരു ഭാഗ്യം കരസ്ഥമാക്കി. പ്രബോധനം ദൃഢബോധ്യത്തോടെയായിരിക്കണം. ഈ വിഷയം അതീവ പ്രാധാന്യമർഹിക്കുന്നതാണ്. നിങ്ങൾക്ക് വ്യക്തമായി അറിയുന്ന കാര്യങ്ങളിലേക്ക് മാത്രമേ നിങ്ങൾ ക്ഷണിക്കാവൂ. നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളിലേക്ക് നിങ്ങൾ ക്ഷണിക്കാനോ, അതിന്റെ വിധി കൃത്യമായി അറിയാതെ ആളുകളെ അതിൽ നിന്ന് വിലക്കാനോ പാടില്ല. ചിലപ്പോൾ നിങ്ങൾ വിലക്കുന്ന ഒരു കാര്യം ആളുകൾക്കിടയിൽ വിലക്കപ്പെട്ടതായി പ്രചരിച്ചിട്ടുണ്ടാകും, എന്നാൽ യഥാർത്ഥത്തിൽ ശരീഅത്തിൽ അത് വിലക്കപ്പെട്ട ഒന്നായിരിക്കില്ല. നിങ്ങൾ അതിനെ ഹറാമാണെന്ന് പറഞ്ഞേക്കാം, എന്നാൽ അത് ഹറാമായിരിക്കില്ല, ചിലപ്പോൾ അത് കറാഹത്ത് മാത്രമായിരിക്കും. അതുപോലെ നിർബന്ധമല്ലാത്ത കാര്യങ്ങളെ നിർബന്ധമാണെന്നും (വാജിബ്) പറഞ്ഞേക്കാം; അത് ചിലപ്പോൾ സുന്നത്തായ (മുസ്തഹബ്ബ്) കാര്യമായിരിക്കും.

അതിനാൽ, പ്രബോധകൻ താൻ പ്രബോധനം ചെയ്യുന്ന വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ളവനല്ലെങ്കിൽ, കർമ്മശാസ്ത്രപരമായ (ഫിഖ്ഹിയ്യായ) സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. വാജിബ്, മുസ്തഹബ്ബ്, ഹറാം, മക്‌റൂഹ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതിരിക്കുക. കാരണം അവൻ അതിൽ കൃത്യത പുലർത്തുന്നവനായിരിക്കണമെന്നില്ല. അറിവില്ലാതെ അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്നവനായി അവൻ മാറും. അറിവില്ലാതെ തന്റെ പേരിൽ സംസാരിക്കുന്നത് അല്ലാഹു നിരോധിച്ചിട്ടുണ്ട്. പകരം അവൻ ഇപ്രകാരം പറയുക: ‘ഇക്കാര്യം അല്ലാഹു കൽപിച്ചിരിക്കുന്നു, ഇക്കാര്യം അവൻ വിരോധിച്ചിരിക്കുന്നു. നമ്മുടെ നബി ﷺ ഇക്കാര്യം കൽപിച്ചിരിക്കുന്നു, ഇക്കാര്യം അദ്ദേഹം വിരോധിച്ചിരിക്കുന്നു.’ ഇത് നിർബന്ധമാണോ (വാജിബ്) എന്ന് ചോദിക്കപ്പെട്ടാൽ അവൻ പറയുക: ‘ഇതൊരു കൽപനയാണ്, കൽപന അനുസരിക്കുന്നവനാണ് യഥാർത്ഥ അനുസരണയുള്ളവൻ.’ പ്രബോധകന്റെയും അറിവ് തേടുന്ന വിദ്യാർത്ഥിയുടെയും കാര്യത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം ചിലപ്പോൾ പ്രബോധനം ചെയ്യുമ്പോൾ ചില സങ്കീർണ്ണമായ വിഷയങ്ങൾ കടന്നുവരാം. ഇത് വാജിബാണോ അല്ലയോ എന്ന് ചോദിച്ചുകൊണ്ട് ചോദ്യകർത്താവ് അവനെ കുഴപ്പത്തിലാക്കിയേക്കാം. അപ്പോൾ, ‘ഇത് നമ്മുടെ നബി ﷺ കൽപിച്ചിട്ടുള്ളതാണ്’ എന്ന് പറയുക.

ചുരുക്കത്തിൽ, പ്രബോധകന്റെ സ്വഭാവഗുണങ്ങളിലും സവിശേഷതകളിലും അറിവ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അറിവില്ലാതെ പ്രബോധനമില്ല. അതിനാൽ വ്യക്തിയുടെ പ്രബോധനം അറിവില്ലാതെയാണെങ്കിൽ അതൊരു പ്രബോധനമല്ല, മറിച്ച് അതൊരു വഴികേടാണ്. പ്രബോധകൻ അറിവുള്ളവനായിരിക്കേണ്ടത് നിർബന്ധമാണ്. നമ്മളോരോരുത്തരും തനിക്കറിയാവുന്ന കാര്യങ്ങൾ മാത്രം പറഞ്ഞാൽ തന്നെ വലിയ നന്മകൾ പ്രചരിക്കും. കാരണം നമ്മളോരോരുത്തർക്കും തങ്ങൾക്ക് പ്രബോധനം ചെയ്യാൻ കഴിയുന്നത്ര അറിവ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഉണ്ട്. ഇത് വ്യക്തമായെങ്കിൽ, ഒരാളുടെ അറിവ് വർദ്ധിക്കുന്നതിനനുസരിച്ച് ദൃഢബോധ്യത്തോടെയുള്ള അവന്റെ പ്രബോധനവും വർദ്ധിക്കുന്നു. അറിവ് കുറയുമ്പോൾ പ്രബോധനവും കുറയുന്നു.

പ്രബോധകന്റെ നാലാമത്തെ ഗുണം: യുക്തി

അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവഗുണങ്ങളിൽ നാലാമത്തേത്, അവൻ യുക്തിമാനായിരിക്കുക (ഹിക്മത്തുള്ളവനായിരിക്കുക) എന്നതാണ്. പണ്ഡിതന്മാർ ഹിക്മത്തിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്: ‘ഒരു കാര്യത്തെ അതിന് ഏറ്റവും അനുയോജ്യമായ, പ്രശംസനീയമായ ലക്ഷ്യങ്ങളോട് യോജിക്കുന്ന സ്ഥാനത്ത് വെക്കുക.’ ഒരു കാര്യത്തെ അതിന്റെ ശരിയായ സ്ഥാനത്ത് വെക്കുന്നത് നീതിയാണ്. അതിനെ അല്ലാത്ത സ്ഥാനത്ത് വെക്കുന്നത് അക്രമവുമാണ്. എന്നാൽ ഹിക്മത് എന്നത് നീതി എന്നതിലുപരി, ഒരു കാര്യത്തെ അതിന്റെ ഏറ്റവും അനുയോജ്യമായ, അതിലൂടെ ലക്ഷ്യമാക്കുന്ന പ്രശംസനീയമായ ഫലങ്ങളോട് യോജിക്കുന്ന സ്ഥാനത്ത് വെക്കലാണ്. പ്രബോധനത്തിൽ ഒരാൾ ഒരുപക്ഷെ ഒരു കാര്യത്തെ ആ സമയത്ത് അതിന്റെ ശരിയായ സ്ഥാനത്തായിരിക്കാം വെക്കുന്നത്, എന്നാൽ അത് പ്രശംസനീയമായ ലക്ഷ്യത്തോട് യോജിക്കുന്നില്ലെങ്കിൽ അവൻ പ്രബോധനത്തിൽ യുക്തിമാനല്ല.

അല്ലാഹു തന്റെ പ്രവാചകനെ അല്ലാഹുവിലേക്കുള്ള പ്രബോധകനാക്കി. അതിനാൽ അവന് വേദഗ്രന്ഥവും ഹിക്മത്തും അവതരിപ്പിച്ചു നൽകി. ഹിക്മത് എന്നാൽ സുന്നത്താകുന്നു. കാരണം, പ്രശംസനീയമായ ലക്ഷ്യങ്ങളോട് യോജിക്കുന്ന വിധം കാര്യങ്ങളെ അതിന്റെ ശരിയായ സ്ഥാനത്ത് വെക്കുന്നത് സുന്നത്തിലാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ പ്രബോധനത്തിൽ ഒരാൾ സാക്ഷ്യം വഹിക്കുമ്പോൾ അവൻ അതിന്റെ മൻഹജും, യുക്തിയും, ചരിത്രപരമായ പൊതുവായ പ്രയോഗവുമെല്ലാം നോക്കേണ്ടതുണ്ട്. അതിനുശേഷമാണ് വ്യക്തിപരമായ പ്രയോഗങ്ങളിലേക്ക് വരേണ്ടത്. ഉദാഹരണത്തിന്, ഒരു വിഷയത്തിൽ അവൻ പ്രബോധനം ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കുക. ഈ നിർദ്ദിഷ്ട വിഷയത്തിലേക്ക് ക്ഷണിച്ചാൽ എന്ത് ഫലമാണുണ്ടാകുക? അതിൽ നിന്ന് നല്ലൊരു ഫലമാണുണ്ടാകുന്നതെങ്കിൽ അവിടെ പ്രബോധനം ചെയ്യുക എന്നതാണ് ഹിക്മത്. എന്നാൽ തിന്മയാണ് ഫലമെങ്കിൽ, അവിടെ പ്രബോധനം ചെയ്യാതിരിക്കുക എന്നതാണ് ഹിക്മത്.

ഉദാഹരണത്തിന്, നിങ്ങൾ ഒരു സദസ്സിൽ ഇരിക്കുന്നു. അവിടെ ഒരാൾ വന്ന് മോശമായ കാര്യങ്ങൾ സംസാരിക്കുന്നു. നിങ്ങൾ അയാൾക്ക് മറുപടി നൽകിയാൽ, അയാൾ ഇപ്പോൾ ഉള്ളതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് നീങ്ങിയേക്കാം. ചിലർ പ്രബോധനം സ്വീകരിക്കാൻ തയ്യാറാകില്ലല്ലോ? അങ്ങനെയല്ലേ? നിങ്ങൾ വിചാരിക്കും അയാളെ ബോധ്യപ്പെടുത്താമെന്ന്, എന്നാൽ അയാൾ ബോധ്യപ്പെടില്ല, മറിച്ച് അയാൾ കൂടുതൽ മോശമാക്കുകയേ ഉള്ളൂ. അത്തരം സാഹചര്യത്തിൽ മിണ്ടാതിരിക്കുക എന്നതാണ് ഹിക്മത്. അയാൾ മൗനം പാലിച്ചത് ഹിക്മത് കൊണ്ടാണ്, കാരണം ചെറിയ തിന്മയിൽ നിന്ന് അയാൾ വലിയ തിന്മയിലേക്ക് നീങ്ങുമെന്ന് അവൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് മുശ്‌രിക്കുകളുടെ ആരാധ്യന്മാരെ ചീത്തവിളിക്കുന്നത് അല്ലാഹു വിരോധിച്ചത്. യഥാർത്ഥത്തിൽ ബിംബങ്ങളെ ആക്ഷേപിക്കുന്നത് അല്ലാഹുവിങ്കൽ പ്രതിഫലാർഹമായ ഒരു കാര്യമാണ്. എങ്കിലും ആ ബിംബങ്ങളെ ആരാധിക്കുന്നവരുടെ സാന്നിധ്യത്തിൽ വെച്ച് അവയെ ചീത്തവിളിക്കുന്നത് അല്ലാഹു വിരോധിച്ചു. എന്തിനാണ്? അവർ അതിന് പകരമായി അല്ലാഹുവിനെ ചീത്തവിളിക്കാതിരിക്കാൻ. ഇതാണ് ഹിക്മത്. അല്ലാഹു പറഞ്ഞു:

وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ

‘അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ചീത്തവിളിക്കരുത്. കാരണം, വിവരമില്ലാതെ അതിക്രമമായി അവർ അല്ലാഹുവെ ചീത്തവിളിക്കാൻ അത് കാരണമായേക്കും.’¹⁶

അതെ, ചില സന്ദർഭങ്ങളിൽ മൗനം പാലിക്കലാണ് ഹിക്മത്. ഒരാൾ പറയുന്നു, ‘അയാൾ നിശ്ശബ്ദനായി’. അതെ, അയാൾ നിശ്ശബ്ദനായത് ഹിക്മത് കൊണ്ടാണ്. അതുകൊണ്ടാണ് ഉമർ ബിൻ അബ്ദിൽ അസീസ് رَحِمَهُ اللَّهُ സ്വഹാബികളെക്കുറിച്ച് വളരെ മഹത്തായ ഒരു വിശേഷണം പറഞ്ഞത്: ‘നിങ്ങൾ അവരുടെ മാർഗം മുറുകെപ്പിടിക്കുക. കാരണം അവർ അറിവോടെയാണ് കാര്യങ്ങളിൽ നിലകൊണ്ടത്, സൂക്ഷ്മമായ കാഴ്ചപ്പാടോടെയാണ് അവർ ചില കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നത്.’ അഥവാ, അവർ പ്രബോധനം ചെയ്ത കാര്യങ്ങളിലും പ്രവർത്തിച്ച കാര്യങ്ങളിലും അറിവോടെയാണ് നിലകൊണ്ടത്; അതുപോലെ അവർ വിട്ടുനിന്ന കാര്യങ്ങളിൽ അവർ വിട്ടുനിന്നത് അശക്തരായതുകൊണ്ടല്ല, മറിച്ച് ഹിക്മത് കൊണ്ടാണ്. അതിനാൽ ഹിക്മത്തിന്റെ കാര്യത്തിലും അതിന്റെ പ്രയോഗത്തിലും യുവാവും വൃദ്ധനും തമ്മിലും, വിവരമില്ലാത്തവനും പണ്ഡിതനും തമ്മിലും വ്യത്യാസമുണ്ട്. യുക്തിമാനല്ലാത്ത ഒരാൾ പ്രബോധനത്തിന് യോഗ്യനല്ല; കാരണം അവൻ നന്നാക്കുന്നതിനേക്കാൾ കൂടുതൽ നശിപ്പിച്ചേക്കാം, കാര്യങ്ങളെ മോശമായ അവസ്ഥയിലേക്ക് അവൻ എത്തിച്ചേക്കാം. ചുരുക്കത്തിൽ, പ്രബോധകന്റെ സ്വഭാവഗുണങ്ങളിലും സവിശേഷതകളിലും ഹിക്മത് ഉൾപ്പെടുന്നു. ഞാൻ സൂചിപ്പിച്ചതുപോലെ, ഹിക്മത് പ്രശംസനീയമായ ലക്ഷ്യങ്ങളോട് യോജിക്കുന്നതായിരിക്കണം. ഇത് ഞാൻ നിങ്ങൾക്ക് നൽകിയ ഒരു പൊതുവായ ഉദാഹരണമാണ്.

ഇനി നമുക്കൊരു പ്രായോഗിക ഉദാഹരണം നോക്കാം. നിങ്ങൾ ഒരാളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയാണ്. ഉദാഹരണത്തിന് തെരുവിലോ അല്ലെങ്കിൽ വീട്ടിലോ വെച്ച് നിങ്ങളുടെ സഹോദരനെയോ ബന്ധുവിനെയോ നിങ്ങൾ ക്ഷണിക്കുന്നു. അയാൾ നോക്കാൻ പാടില്ലാത്തതോ അനുവദനീയമല്ലാത്തതോ ആയ ചില കാര്യങ്ങളിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് നിങ്ങൾ ചെല്ലുന്നത്. നിങ്ങൾ അയാളെ ഉപദേശിക്കുകയോ കൽപിക്കുകയോ ഒരു നന്മയിലേക്ക് വിളിക്കുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ പ്രവൃത്തി എന്താണ് ഫലം നൽകുക എന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്. നിങ്ങൾ അയാളോട് പറയുന്നു, ‘ഇതൊന്നും ശരിയല്ല’. അപ്പോൾ അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും മോശം സുഹൃത്തുക്കളോടൊപ്പം ചേർന്ന് വൻപാപങ്ങൾ ചെയ്യുകയും ചെയ്തേക്കാം. ഈ സാഹചര്യത്തിൽ അയാളെ അവിടെ വെച്ച് പ്രബോധനം ചെയ്യുന്നത് അനുയോജ്യമാണോ? അല്ല. അവിടെ വെച്ച് അയാളെ വിലക്കുന്നത് അനുയോജ്യമാണോ? അല്ല. കാരണം, അയാൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തിന്മ അയാൾ ഇനി ചെയ്യാൻ സാധ്യതയുള്ള തിന്മയേക്കാൾ ലഘുവാണ്. എന്നാൽ നിങ്ങൾക്ക് അയാളോട് ഇപ്രകാരം പറയാം: ‘നമുക്ക് കുടുംബ ബന്ധം പുലർത്തുന്നതിന്റെ ഭാഗമായി നമ്മുടെ ആ സഹോദരനെ ഒന്ന് സന്ദർശിക്കാൻ പോകാം.’ അല്ലെങ്കിൽ പള്ളിയിൽ പോയി ഖുർആൻ പാരായണം ചെയ്യാനോ, മറ്റെന്തെങ്കിലും സൽകർമ്മങ്ങൾ ചെയ്യാനോ, അല്ലെങ്കിൽ അനുവദനീയമായ ഒരു വിനോദയാത്രക്കോ നിങ്ങൾക്ക് അയാളെ ക്ഷണിക്കാം. ഇതൊരു നല്ല കാര്യമാണ്. കാരണം ലഘുവായ ഒന്നിൽ നിന്ന് അതിനേക്കാൾ ഉത്തമമായതിലേക്ക് അയാൾ മാറുകയാണ്. പ്രബോധകൻ തന്റെ വിവേചനബുദ്ധി ഉപയോഗിച്ച് വിലയിരുത്തേണ്ട കാര്യങ്ങളാണിത്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ رَحِمَهُ اللَّهُ പ്രസിദ്ധമായ ഒരു സംഭവം ഇവിടെ സ്മരണീയമാണ്. അദ്ദേഹവും ചില സുഹൃത്തുക്കളും തെരുവിലൂടെ പോകുമ്പോൾ മദ്യപിച്ചുകൊണ്ടിരിക്കുന്ന കുറച്ചു താർത്താരികളെ അവർ കണ്ടു. ശൈഖുൽ ഇസ്‌ലാമിന്റെ കൂട്ടുകാരിൽ ചിലർ അദ്ദേഹത്തോട് പറഞ്ഞു: ‘നമുക്ക് പോയി ആ മദ്യക്കുപ്പികൾ പൊട്ടിക്കുകയും അവരെ വിലക്കുകയും ചെയ്യാം.’ അപ്പോൾ ശൈഖുൽ ഇസ്‌ലാം പറഞ്ഞു: ‘വേണ്ട, അവരെ വിട്ടേക്കുക. കാരണം അവരുടെ ബോധം തെളിഞ്ഞാൽ അവർ മുസ്‌ലിംകളുടെ രക്തം ചിന്താൻ പോകും.’ അതിനാൽ അവർ എപ്പോഴും മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നത്, അവർ ബോധം തെളിഞ്ഞ് പള്ളികളിൽ പോയി മുസ്‌ലിംകളെ കൊലപ്പെടുത്തുകയോ അവരുടെ സമ്പത്തോ അഭിമാനമോ നശിപ്പിക്കുകയോ ചെയ്യുന്നതിനേക്കാൾ ലഘുവാണ്. ഇതൊരു പ്രബോധകന്റെ യുക്തിയാണ് (ഹിക്മത്).

അതുപോലെ ആളുകളുമായി ഇടപഴകുമ്പോൾ, പ്രത്യേകിച്ച് മാതാപിതാക്കളുമായി ഇടപഴകുമ്പോൾ ഹിക്മത് ആവശ്യമാണ്. പല സഹോദരങ്ങൾക്കും യുവാക്കൾക്കും തങ്ങളുടെ മാതാപിതാക്കളെ പ്രബോധനം ചെയ്യാൻ കൃത്യമായി അറിയുന്നില്ല. അല്ലാഹുവിന്റെ ഈ വചനം അവർ മാതാപിതാക്കളുടെ കാര്യത്തിൽ പ്രാവർത്തികമാക്കുന്നില്ല:

وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا

‘ഇഹലോകത്ത് നീ അവരോട് (മാതാപിതാക്കളോട്) നല്ലനിലയിൽ സഹവസിക്കുക.’¹⁷

അവർക്ക് അത് കൃത്യമായി ചെയ്യാൻ കഴിയുന്നില്ല. താൻ തന്റെ പിതാവിനേക്കാൾ വലിയ അറിവുള്ളവനാണെന്ന ഭാവത്തിലാണ് അവൻ വരുന്നത്. അതുപാടില്ല. അതുപോലെ സ്വന്തം കുടുംബത്തോടും അങ്ങനെ തന്നെയാണ്. കുടുംബത്തെ ഒരു കാര്യത്തിൽ നിന്ന് മറ്റൊരു കാര്യത്തിലേക്ക് മാറ്റിയെടുക്കാൻ അവന് സാധിക്കുന്നില്ല. അവരുമായി എങ്ങനെ സംസാരിക്കണമെന്ന അവന് നിശ്ചയമില്ല. ഇവിടെയൊക്കെ ഹിക്മത് അനിവാര്യമാണ്. അഥവാ, പ്രബോധനം ചെയ്യുമ്പോൾ അതിലൂടെ ലഭിക്കേണ്ട പ്രശംസനീയമായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുക. എല്ലാ സ്ഥലങ്ങളിലും വെച്ച് പ്രബോധനം നടത്തുന്നവനല്ല യുക്തിമാൻ. ചിലപ്പോൾ ചില സ്ഥലങ്ങളിൽ പ്രബോധനം പിന്തിപ്പിക്കേണ്ടി വരും. അവിടെയൊന്നും സംസാരിക്കാതെ, കേവലം സൽസ്വഭാവം കൊണ്ടും, സ്നേഹം കൊണ്ടും, കാരുണ്യം കൊണ്ടും, കുടുംബബന്ധം പുലർത്തൽ കൊണ്ടും മാത്രം മതിയാക്കേണ്ടി വരും. അത് തന്നെ അവർക്കൊരു വലിയ സന്ദേശവും പ്രബോധനവുമായിരിക്കും. ചുരുക്കത്തിൽ, അല്ലാഹുവിലേക്കുള്ള പ്രബോധകൻ ഇഖ്‌ലാസ്വിനും അറിവിനും പുറമെ യുക്തിമാൻ കൂടി ആയിരിക്കണം. അവൻ യുക്തിമാനാണെങ്കിൽ അവൻ നേർവഴിയിലും സത്യത്തിലുമായിരിക്കും.

പ്രബോധകന്റെ അഞ്ചാമത്തെ ഗുണം: ദേഹേച്ഛകളിൽ നിന്നുള്ള മുക്തി

വ്യക്തിയായ പ്രബോധകന്റെ നാലാമത്തെ ഗുണവും സവിശേഷതയും അല്ലാഹുവിലേക്കുള്ള പ്രബോധകൻ ദേഹേച്ഛകളിൽ നിന്ന് പൂർണ്ണമായി മുക്തനായിരിക്കുക എന്നതാണ്. ദേഹേച്ഛ എന്നത് ആസ്വാദ്യകരമായ ഒരു വാഹനമാണ്. ആ വാഹനത്തിൽ കയറിയാൽ, പിശാച് വന്ന് അവൻ ദേഹേച്ഛയെ പിൻപറ്റുന്നതിനെ അവന് ഭംഗിയാക്കിക്കാണിച്ചുകൊടുക്കും. എന്താണ് ദേഹേച്ഛ (ഹവാ)? ശറഇന്റെ വിധി എന്താണെന്ന് നോക്കാതെ മനസ്സ് ആഗ്രഹിക്കുന്നത് ചെയ്യുക എന്നതാണ് ഹവാ. ഒരു കാര്യത്തോട് കൊതി തോന്നുമ്പോൾ അവൻ അത് ചെയ്യുന്നു. പ്രബോധകൻ ദേഹേച്ഛയുള്ളവനാണെങ്കിൽ അവൻ പ്രബോധനത്തിന് യോഗ്യനല്ല; അവൻ നന്നാക്കുന്നതിനേക്കാൾ കൂടുതൽ നശിപ്പിക്കും.

എങ്ങനെയാണ് അവൻ ദേഹേച്ഛയുള്ളവനാകുന്നത്? തന്റെ പ്രവൃത്തിയുടെ ശറഇയ്യായ വിധി എന്താണെന്ന് അവൻ നോക്കുന്നില്ല. മറിച്ച്, പ്രബോധന കാര്യങ്ങളിൽ തനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളിലേക്ക് അവൻ ക്ഷണിക്കുകയും, മോശമെന്ന് തോന്നുന്ന കാര്യങ്ങളെ അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. ശരീഅത്തിന്റെ ഉരകല്ലിൽ പരിശോധിക്കാതെ, സ്വന്തം വ്യക്തിപരമായ അഭിപ്രായപ്രകാരം താൻ വിലയിരുത്തുന്ന താൽപര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവൻ അങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദേഹേച്ഛയുള്ള ഏവരും പ്രബോധനത്തിൽ നാശം വിതയ്ക്കുന്നവരാണ്. ദേഹേച്ഛയോടൊപ്പം പ്രബോധനം ശരിയാകുകയില്ല. കാരണം പ്രബോധനം ഒരു ആരാധനയാണ്. ആരാധന എന്നത് ദേഹേച്ഛയുടെ പ്രേരണകളെ നിരാകരിക്കലാണ്. എന്നാൽ ഹവാ ആകട്ടെ ഇതിന് വിപരീതമായി ദേഹേച്ഛയുടെ പ്രേരണകളെ നിലനിർത്തലുമാണ്.

പ്രബോധന വേളയിൽ കടന്നുവരുന്ന ഹവായുടെ ഉദാഹരണങ്ങൾ നോക്കാം. പ്രബോധനം ചെയ്യുമ്പോൾ നിങ്ങൾ മനുഷ്യരോടാണ് സംസാരിക്കുന്നത്. നിങ്ങൾക്ക് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്, അവരുമായി സംവദിക്കേണ്ടതുണ്ട്, പ്രബോധനം ചെയ്യാനുള്ള മാർഗങ്ങൾ നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങൾ പരിശ്രമിക്കുമ്പോൾ ചിലപ്പോൾ ആ വ്യക്തി നിങ്ങൾക്ക് മറുപടി നൽകിയേക്കില്ല. അഥവാ അയാൾ മറുപടി നൽകുകയോ, നിങ്ങളോട് മോശമായി പെരുമാറുകയോ ചെയ്യുകയാണെങ്കിൽ, അത് ചിലപ്പോൾ നിങ്ങളുടെ വീട്ടിലുള്ളവരായിരിക്കാം, നിങ്ങളുടെ മകളോ, മാതാവോ, ഭാര്യയോ മറ്റാരെങ്കിലുമോ ആകാം. ഈ സാഹചര്യത്തിൽ നിങ്ങൾ ശരീഅത്തിനെയാണോ സഹായിക്കുന്നത്, അതോ നിങ്ങളുടെ ദേഹേച്ഛയെയാണോ സഹായിക്കുന്നത്? ഇവ രണ്ടും നിങ്ങൾ കൂട്ടിക്കലർത്തിയാൽ ആ വിഷയം ഹവാ (ദേഹേച്ഛ) ആയി മാറി.

കാര്യങ്ങളിലെ ഇഖ്‌ലാസ്വിന്റെയും ദേഹേച്ഛയിൽ നിന്നുള്ള മുക്തിയുടെയും ഉദാഹരണമായി, ‘ജാമിഉൽ ഉലൂമി വൽ ഹികം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ അബ്ദുറഹ്‌മാൻ ബിൻ അഹ്‌മദ് ബിൻ റജബ് സെയ്‌നുദ്ദീൻ رَحِمَهُ اللَّهُ വുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധമായ സംഭവം കേൾക്കുക. ഒരിക്കൽ അദ്ദേഹം പള്ളിയിൽ തന്റെ കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്നു. അവർ അദ്ദേഹത്തിന് മുന്നിൽ വായിച്ചുകൊണ്ടിരിക്കെ ഒരു വിഷയം കടന്നുവന്നു. അദ്ദേഹം ആ വിഷയത്തിൽ വളരെ വിശദമായി സംസാരിക്കുകയും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച് അതിൽ ശരിയായത് തിരഞ്ഞെടുക്കുകയും വളരെ മനോഹരമായി അത് വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക് അത് വളരെ സന്തോഷമുണ്ടാക്കി. അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി പറയുന്നു: പിന്നീട് ഞങ്ങൾ ഞങ്ങളുടെ ശൈഖിനൊപ്പം ഇന്ന ഖാദിയുടെ (ന്യായാധിപന്റെ) അടുത്തേക്ക് പോയി. ആ വിഷയം അവിടെ ചർച്ചയ്ക്ക് വന്നപ്പോൾ ഞങ്ങളുടെ ശൈഖ് നിശ്ശബ്ദനായി, അദ്ദേഹം അതിൽ സംസാരിച്ചില്ല. അവർ അത് മനോഹരമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾക്ക് അദ്ദേഹം നൽകിയ ആ വിശദീകരണം അവിടെ വെച്ച് അദ്ദേഹം നൽകിയില്ല. അദ്ദേഹം അവിടെ വെച്ച് സംസാരിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. വിദ്യാർത്ഥിക്ക് തന്റെ ശൈഖിനോടുള്ള സ്നേഹവും, മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന്റെ പാണ്ഡിത്യം അവിടെ വെളിപ്പെടണമെന്ന ആഗ്രഹവും കാരണമായിരുന്നു അത്. ആ സദസ്സിൽ നിന്ന് ഞങ്ങൾ തിരിച്ചുപോന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു: ‘ഞങ്ങളുടെ ശൈഖേ, രാവിലെ പള്ളിയിൽ വെച്ച് അങ്ങ് ഈ വിഷയം വളരെ വിശദമായി ഞങ്ങൾക്ക് പറഞ്ഞുതന്നിരുന്നല്ലോ. എന്നാൽ ആ സദസ്സിൽ വെച്ച് അങ്ങ് സംസാരിക്കാതെ നിശ്ശബ്ദനായിരുന്നല്ലോ?’ അദ്ദേഹം പറഞ്ഞു: ‘നമ്മുടെ ക്ലാസ്സ് സദസ്സ്, അത് അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ പണ്ഡിതന്മാരുമൊത്തുള്ള ആ സദസ്സ്, അവിടെ അറിയപ്പെടുക എന്നതാണ് ഉദ്ദേശിക്കപ്പെടുക. അവിടെ എന്റെ ദേഹേച്ഛ എന്നെ പരാജയപ്പെടുത്തുമെന്ന് ഞാൻ ഭയന്നു.’

ഇതിൽ നിന്ന് ആർക്കാണ് മുക്തനാകാൻ കഴിയുക? ശരീഅത്തിന്റെ നിയമങ്ങൾക്ക് മുന്നിൽ സ്വന്തം മനസ്സിനെ പിടിച്ചുനിർത്താൻ വലിയ പരിശീലനം ഇതിന് ആവശ്യമാണ്. എന്നാൽ മിക്ക ആളുകൾക്കും ഇതിന് കഴിയുന്നില്ല. അവർക്ക് അറിവുണ്ടാകും, എന്നാൽ അവർ പല കാര്യങ്ങളിലും അലസത കാണിക്കുന്നു. വാക്കുകളിലും പ്രവൃത്തികളിലും അലസത കാണിക്കുന്നു. സ്നേഹിക്കുന്നതിലും വെറുക്കുന്നതിലും, വിധേയത്വം (വലാഅ്) കാണിക്കുന്നതിലും ശത്രുത (ബറാഅ്) പുലർത്തുന്നതിലും അവർ സ്വന്തം വ്യക്തിപരമായ അഭിപ്രായങ്ങൾക്കനുസരിച്ച് അലസത കാണിക്കുന്നു. ഇവനൊന്നും ദേഹേച്ഛയിൽ നിന്ന് മുക്തനായിട്ടില്ല. അവന്റെ സുഹൃത്തുക്കളിൽ ദേഹേച്ഛയെ ആരാധിക്കുന്ന സ്വഭാവം കാണാം. അല്ലാഹു പറഞ്ഞു:

أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا

‘തന്റെ തന്നിഷ്ടത്തെ (ദേഹേച്ഛയെ) ദൈവമാക്കിയവനെ താങ്കൾ കണ്ടുവോ? എന്നിരിക്കെ താങ്കൾ അവന് ഒരു സംരക്ഷകനാകുമോ?’¹⁸

അതുകൊണ്ട് പ്രബോധകൻ ദേഹേച്ഛയെ ഒഴിവാക്കേണ്ടത് നിർബന്ധമാണ്. അല്ലാഹുവിലേക്കുള്ള പ്രബോധകൻ അല്ലാഹുവിന് വഴിപ്പെടുന്നവനും, സജ്ജനവും, പ്രതിഫലം കാംക്ഷിക്കുന്നവനും, താഴ്മയുള്ളവനുമാണെങ്കിൽ ദേഹേച്ഛയെ തന്നിൽ നിന്ന് നീക്കിക്കളയാൻ അവൻ സ്വന്തത്തോട് സമരം ചെയ്യേണ്ടതുണ്ട്. അതായത്, അവന്റെ പ്രബോധനം സ്വന്തം താൽപര്യങ്ങളെ സഹായിക്കാനോ, ഉന്നതനാകാനുള്ള ആഗ്രഹത്തിനോ വേണ്ടിയാകരുത്. താൻ ചിലപ്പോൾ തെറ്റുകാരനായിരിക്കാം, അറിവില്ലാത്തവൻ തെറ്റ് ചെയ്തേക്കാം. എന്നാൽ താൻ മറുപടി പറഞ്ഞ അറിവില്ലാത്തവൻ ചിലപ്പോൾ ശരിയായ കാര്യത്തിലായിരിക്കാം.

യഹൂദരും ക്രിസ്ത്യാനികളും ശിർക്കിനെയും വിഗ്രഹാരാധനയെയും കുറിച്ച്, അതായത് അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിനെക്കുറിച്ച് അറിവുള്ളവരായിരുന്നു. യഹൂദർ സ്വഹാബികളോട് പറഞ്ഞു – സ്വഹാബികൾ തൗഹീദിന്റെ വക്താക്കളാണല്ലോ – ആ യഹൂദർ സ്വഹാബികളോട് എന്താണ് പറഞ്ഞത്? അവർ പറഞ്ഞു: ‘നിങ്ങൾ (അല്ലാഹുവിന്) സമന്മാരെ ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ നിങ്ങൾ എത്ര നല്ല ജനതയായേനെ! നിങ്ങൾ മാ ശാഅല്ലാഹ് വ ശാഅ മുഹമ്മദ് (അല്ലാഹു ഉദ്ദേശിച്ചു, ശേഷം മുഹമ്മദും ഉദ്ദേശിച്ചു) എന്ന് പറയുന്നുണ്ടല്ലോ.’ ഈ കാര്യം നബി ﷺ യോട് പറയപ്പെട്ടപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: ‘നിങ്ങൾ പറയുക: അല്ലാഹു ഉദ്ദേശിച്ചു (മാ ശാഅല്ലാഹ് വഹ്ദഹു).’ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം:

قُولُوا مَا شَاءَ اللَّهُ، ثُمَّ شَاءَ مُحَمَّدٌ

‘നിങ്ങൾ പറയുക: അല്ലാഹു ഉദ്ദേശിച്ചു, ശേഷം മുഹമ്മദും ഉദ്ദേശിച്ചു.’¹⁹

അതായത്, ശിർക്കിന്റെയും അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിന്റെയും വക്താക്കളായ യഹൂദർ സ്വഹാബികളെ ഒരു വിഷയത്തിൽ വിമർശിച്ചു. സ്വഹാബികൾ ‘മാ ശാഅല്ലാഹ് വ ശാഅ മുഹമ്മദ്’ എന്ന് പറഞ്ഞതിനെ അവർ വിമർശിച്ചു. ഈ വിമർശനം കാരണം നബി ﷺ സത്യം കൊണ്ടുവന്നവരിൽ നിന്ന് അത് സ്വീകരിക്കാതിരുന്നോ? ഇല്ല. ഇതിൽ വലിയൊരു ഹിക്മത്തുണ്ട്. ചിലർ ചോദിച്ചേക്കാം, ഇത് എങ്ങനെ സംഭവിച്ചു? സമുദായത്തെ പഠിപ്പിക്കാൻ വേണ്ടിയാണ് ഇത് സംഭവിച്ചത്. സ്വഹാബികളിൽ നിന്ന് ഇങ്ങനെയൊന്ന് എങ്ങനെ സംഭവിച്ചു? സമുദായത്തെ പഠിപ്പിക്കാൻ വേണ്ടിയാണ് അത് സംഭവിച്ചത്. വാക്കുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പല ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ഈ ഹദീസിനെക്കുറിച്ച് കിതാബുത്തൗഹീദിൽ ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് رَحِمَهُ اللَّهُ പറയുന്നു: ‘മനുഷ്യന് ഹവാ (ദേഹേച്ഛ) ഉണ്ടെങ്കിൽ അവൻ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് എതിരാളിയുടെ മേൽ കുറ്റങ്ങൾ കണ്ടുപിടിക്കും. കാരണം അവൻ ദേഹേച്ഛയുടെ ആളാണ്. എന്നാൽ സത്യത്തിന്റെ വക്താവ് തനിക്ക് മുന്നിലുള്ളവനെപ്പോലെ ദേഹേച്ഛയുടെ ആളാകുമോ? അതോ അവൻ സത്യത്തിന് കീഴടങ്ങുമോ? അവൻ സത്യത്തിന് കീഴടങ്ങും.’ നിങ്ങൾ പറയുക: അല്ലാഹു ഉദ്ദേശിച്ചു, ശേഷം മുഹമ്മദും ഉദ്ദേശിച്ചു എന്ന് നബി ﷺ പറഞ്ഞതുപോലെ. ദേഹേച്ഛയുള്ള ഒരാളിൽ നിന്നാണ് നമുക്കൊരു കാര്യം ലഭിച്ചതെങ്കിൽ പോലും, അവൻ ദേഹേച്ഛയുള്ളവനാണെന്ന് നമുക്കറിയാമെങ്കിലും നാം അത് തിരുത്തേണ്ടതുണ്ട്. കാരണം അല്ലാഹുവിലേക്കുള്ള പ്രബോധകനും ശരിയായ മൻഹജിന്റെ വക്താവുമാണ് സത്യത്തിന് ഏറ്റവും അർഹൻ. ദേഹേച്ഛയിൽ നിന്നുള്ള ഈ അകൽച്ച, സത്യം ആരു മുഖേന വന്നാലും അതിനെ നിരാകരിക്കാതിരിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്നു. ദേഹേച്ഛയുള്ളവനിൽ നിന്നാണ് സത്യം വരുന്നതെങ്കിൽ പോലും അത് മറ്റൊരാളെ ആക്ഷേപിക്കാനുള്ള കാരണമായി അവൻ കാണുകയില്ല. മറിച്ച് അവൻ പറയും: ‘അതെ, ഒരു ശത്രുവിൽ നിന്നാണെങ്കിൽ പോലും എനിക്ക് സത്യം ലഭിച്ചല്ലോ, ഇതൊരു അനുഗ്രഹമാണ്.’ കാരണം ഇബാദത്താണ് ലക്ഷ്യം, അല്ലാഹുവിന് മുന്നിൽ സ്വയം നിന്ദ്യനാകുക എന്നതാണ് ലക്ഷ്യം. വാക്കിലും പ്രവൃത്തിയിലും സുന്നത്തിനെ തന്റെ മേൽ വിധികർത്താവാക്കുക എന്നതാണ്. ഇത്രയുമാണ് വ്യക്തിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില സവിശേഷതകളും പ്രബോധകന്റെ സ്വഭാവഗുണങ്ങളും. ഇതിനെക്കുറിച്ച് ഇനിയും ദീർഘമായി സംസാരിക്കാനുണ്ട്, എന്നാൽ വ്യക്തിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഗുണങ്ങൾ ഇവയാണ്. ഇനി നമുക്ക് രണ്ടാമത്തെ ഭാഗത്തിലേക്ക് കടക്കാം.

പ്രബോധന കൂട്ടായ്മകളും കക്ഷിത്വവും

എന്താണ് രണ്ടാമത്തെ ഭാഗം? അതെ, അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവഗുണങ്ങളും സവിശേഷതകളും. ഇവിടെ പ്രബോധകൻ എന്നത് കൊണ്ട് ഒരു കൂട്ടം പ്രബോധകരെ, അല്ലെങ്കിൽ ഒരു ജമാഅത്തിനെ (കൂട്ടായ്മയെ) ആണ് ഉദ്ദേശിക്കുന്നത്. ഒരു കൂട്ടായ്മയെ അല്ലെങ്കിൽ ഗ്രൂപ്പിനെ ശറഇന്റെ വീക്ഷണകോണിൽ നോക്കുമ്പോൾ, വ്യക്തിക്ക് ബാധകമായ നിയമങ്ങൾ തന്നെ ആ കൂട്ടായ്മക്കും ബാധകമാണ്. കാരണം ഒരു കൂട്ടായ്മയായാലും വ്യക്തിയായാലും എല്ലാവരും അല്ലാഹുവിനുള്ള ഇബാദത്ത് ചെയ്യാൻ കൽപിക്കപ്പെട്ടവരാണ്. അതിനാൽ പ്രബോധനത്തിൽ ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന, അല്ലെങ്കിൽ അവന് നിബന്ധനയാക്കുന്ന പൊതുവായ അടിസ്ഥാനങ്ങൾ ആ കൂട്ടായ്മക്കും ബാധകമാണ്. എന്നാൽ അതിന്റെ പ്രയോഗങ്ങളിൽ വ്യത്യാസമുണ്ട്. കാരണം ഒരു വ്യക്തിയുടെ പ്രയോഗങ്ങൾ പരിമിതമാണ്, എന്നാൽ ഒരു കൂട്ടായ്മയുടെ സ്വഭാവഗുണങ്ങളുടെയും സവിശേഷതകളുടെയും പ്രയോഗങ്ങൾ അതിനേക്കാൾ വിശാലമാണ്. അതിനാൽ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരു കൂട്ടായ്മ നാം മുമ്പ് പറഞ്ഞ സ്വഭാവഗുണങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്നവരായിരിക്കണമെന്നും, അല്ലാഹുവിനുള്ള ആരാധനയെ ലക്ഷ്യം വെക്കുന്നവരായിരിക്കണമെന്നതും ഒരു പൊതുവായ അടിസ്ഥാനമാണ്.

നമുക്ക് ഇഖ്‌ലാസ്വിനെക്കുറിച്ച് സംസാരിക്കാം. എന്നാൽ അതിനുമുമ്പ് വ്യക്തിയുടെ പ്രബോധനത്തിൽ നാം നൽകിയതുപോലെ രണ്ട് ആമുഖങ്ങൾ ഇവിടെയും നൽകുന്നു. ഒന്നാമത്തെ ആമുഖം: ഇന്ന് ജനങ്ങൾ വിളിക്കുന്ന സമകാലിക ഇസ്‌ലാമിക സംഘങ്ങളും പാർട്ടികളും മറ്റും പുതുതായി ഉണ്ടാക്കപ്പെട്ടവയാണ് (മുഹ്ദസത്ത്). അഥവാ, ഈ കാലഘട്ടത്തിലല്ലാതെ ഇത്തരം രൂപത്തിൽ അവ ഉണ്ടായിരുന്നില്ല. ഇതിനുമുമ്പ് ഇന്നത്തെ അർത്ഥത്തിലുള്ള ജമാഅത്തുകൾ (സംഘങ്ങൾ) ഉണ്ടായിരുന്നില്ല, മറിച്ച് ചെറിയ കൂട്ടായ്മകളാണ് (മജ്‌മൂഅത്തുകൾ) ഉണ്ടായിരുന്നത്. ജമാഅത്തും കൂട്ടായ്മയും തമ്മിൽ വ്യത്യാസമുണ്ട്. ഇതിന്റെ ഉത്ഭവത്തിന്റെ കാര്യത്തിൽ ഇത് പുതുതായി ഉണ്ടായ ഒന്നാണ്, മുൻകാലങ്ങളിൽ ഇതിന് യാതൊരു മാതൃകയുമില്ല.

രണ്ടാമത്തെ ആമുഖം: സമകാലിക സംഘങ്ങൾ തങ്ങളുടെ പ്രബോധനത്തിൽ പുതുതായി നിർമ്മിക്കപ്പെട്ട പല കാര്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘കക്ഷിത്വം’ (തഹസ്സുബ് / ഹിസ്ബിയ്യത്ത്) ആണ്. എന്താണ് ഹിസ്ബിയ്യത്ത്? പാർട്ടി തത്വങ്ങളുടെ അടിസ്ഥാനത്തിൽ വലാഅ് (സ്നേഹം/വിധേയത്വം), ബറാഅ് (വെറുപ്പ്/വിരക്തി) എന്നിവ വെച്ചുപുലർത്തുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതെങ്ങനെയാണ്? ഉദാഹരണത്തിന്, ഒരു പ്രത്യേക സംഘത്തിൽ തങ്ങളോട് യോജിക്കുന്നവനാണ് തങ്ങളുടെ പ്രിയപ്പെട്ടവൻ, അവനാണ് ഒരു മുസ്‌ലിമിന്റെ എല്ലാ അവകാശങ്ങളും നൽകപ്പെടുന്നത്. എന്നാൽ തങ്ങളോട് വിയോജിക്കുന്നവൻ തങ്ങളുടെ ശത്രുവാണ്. ഇത് ഹിസ്ബിയ്യത്തിന്റെ (കക്ഷിത്വത്തിന്റെ) ഒരു പ്രകടനമാണ്. ഇത് സുന്നത്തിനും ശറഇനും വിരുദ്ധമാണ്. അല്ലാഹു പറഞ്ഞു:

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ

‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.’²⁰

സത്യവിശ്വാസം എന്ന വിശേഷണത്താലാണ് സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ മിത്രമാകുന്നത്. സത്യത്തിൽ അവൻ അവനെ സഹായിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ സത്യമല്ലാത്തത് വന്നാൽ അവൻ അതിനെ എതിർക്കുന്നു.

രണ്ടാം നൂറ്റാണ്ടിലെ സലഫുകളിലെ പ്രമുഖനായ ഒരു ഇമാമിന്റെ – അത് അബ്ദുറഹ്‌മാൻ ബിൻ മഹ്ദിയോ വകീഉ ബിൻ അൽ-ജർറാഹോ ആകാം – അടുത്ത് ഒരാൾ വന്ന് ചോദിച്ചു: ‘ഓ ഇന്നാരാ, താങ്കൾ ചില ആളുകളെക്കുറിച്ച് വളരെ കടുത്ത ഭാഷയിൽ സംസാരിക്കുകയും അവരെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുവല്ലോ? ഇതെങ്ങനെ ശരിയാകും? നബി ﷺ ഗീബത്ത് (പരദൂഷണം) പറയുന്നതിനെ വിരോധിച്ചിട്ടുണ്ടല്ലോ?’ (വാക്കുകൾ കൃത്യമായി ഓർക്കുന്നില്ലെങ്കിലും അതിന്റെ ആശയം ഇതാണ്). അപ്പോൾ അദ്ദേഹം നൽകിയ മറുപടി എനിക്ക് കൃത്യമായി ഓർമ്മയുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഹേ മനുഷ്യാ, അവരുടെ മാതാപിതാക്കളേക്കാൾ കൂടുതലായി അവരോട് ഗുണകാംക്ഷയുള്ളവനാണ് ഞാൻ. ജനങ്ങളെ അവരിൽ നിന്ന് ഞാൻ താക്കീത് ചെയ്യുന്നത് നീ കാണുന്നില്ലേ? ജനങ്ങളുടെയും അവരെ പിൻപറ്റുന്നവരുടെയും പാപഭാരങ്ങൾ കൂടി അവരുടെ മേൽ വന്നുചേരാതിരിക്കാനും, അങ്ങനെ അവരുടെ പാപങ്ങൾ വർദ്ധിക്കാതിരിക്കാനുമാണ് ഞാൻ അങ്ങനെ ചെയ്യുന്നത്.’ മറ്റുള്ളവർക്ക് മറുപടി നൽകുന്നതിലെ ആ നല്ല നിയ്യത്ത് നോക്കൂ. അദ്ദേഹം ഇവിടെ മറുപടി പറയാൻ കാരണമെന്താണ്? ഈ പ്രശ്നം വെറുതെ വിട്ടാൽ ഇവർക്ക് പാപഭാരങ്ങൾ വർദ്ധിക്കുമല്ലോ എന്ന് കരുതിയാണ്. ഇതൊരു സ്നേഹത്തിന്റെ നോട്ടമാണ്, അല്ലാതെ കക്ഷിത്വത്തിന്റെ നോട്ടമല്ല. എന്നാൽ ഹിസ്ബിയ്യത്തിന്റെ നോട്ടം ഇപ്രകാരമായിരിക്കും: ഇന്നയാൾ വീഴണം, ഇന്നയാൾ പരാജയപ്പെടണം, ഇന്നയാൾ ഉയരണം എന്നൊക്കെയായിരിക്കും. ഇത് ശറഇന് വിരുദ്ധമായ നോട്ടമാണ്. എന്നാൽ ആ ഇമാം നോക്കിയത് ശറഇയ്യായ ഒരു നോട്ടമാണ്. നേർവഴിയിൽ നിന്ന് വ്യതിചലിച്ച ആ വിശ്വാസിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഗുണകാംക്ഷയുമാണ് അതിന് കാരണം. അതിനാൽ അദ്ദേഹം ആളുകൾക്ക് മുന്നറിയിപ്പ് നൽകി, അതൊരു ആരാധനയാണ്. ഈ മുന്നറിയിപ്പ് നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, സത്യത്തിന് എതിര് പ്രവർത്തിച്ച ഈ വ്യക്തിയെ മറ്റുള്ളവർ പിൻപറ്റാതിരിക്കാനും, അങ്ങനെ അയാളുടെ പാപഭാരം വർദ്ധിക്കാതിരിക്കാനും വേണ്ടിയാണ്. കാരണം നബി ﷺ പറഞ്ഞു:

وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ…

‘ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത നടപടിക്രമം നടപ്പിലാക്കിയാൽ, അതിന്റെ പാപവും അവന് ശേഷവും അത് പ്രവർത്തിക്കുന്നവരുടെ പാപവും അവന്റെ മേലുണ്ടായിരിക്കും…’²¹

ഇവ ചില ആമുഖങ്ങളാണ്. ഹിസ്ബിയ്യത്തിന് (കക്ഷിത്വത്തിന്) പല പ്രകടനങ്ങളുമുണ്ട്. ഞാൻ സൂചിപ്പിച്ചതുപോലെ മതത്തിന്റെയോ ഈമാനിന്റെയോ അടിസ്ഥാനത്തിലല്ലാതെ, പാർട്ടിയുടെ അടിസ്ഥാനത്തിൽ സ്നേഹവും വെറുപ്പും വെച്ചുപുലർത്തുക എന്നതാണ് അതിലൊന്ന്. ഈ പാർട്ടിക്കാരൻ യോജിച്ചു, ഇന്നയാളെ വിട്ടേക്ക്, അയാൾ ഇഖ്‌വാനികളിൽ പെട്ടവനാണ്, ഇന്നയാൾ ഇഖ്‌വാനിയല്ല എന്നൊക്കെ പറയുക. എന്തൊരു വർത്തമാനമാണിത്! ഇന്നയാൾ ഇഖ്‌വാനിയാണ്, മറ്റെയാൾ ഇഖ്‌വാനിയല്ല! അയാൾ ഒരു മുസ്‌ലിമാണല്ലോ, അവന്റെ ഹൃദയത്തിൽ തൗഹീദുണ്ട്, പങ്കുകാരില്ലാതെ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക എന്നതുണ്ട്, അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള ﷺ സ്നേഹമുണ്ട്. പിന്നെ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അയാളെ തടഞ്ഞുവെക്കുന്നത്? അയാൾ ആ പാർട്ടിയിൽ അംഗമല്ലാത്തതുകൊണ്ടോ, ആ ഗ്രൂപ്പിൽ ഇല്ലാത്തതുകൊണ്ടോ, അല്ലെങ്കിൽ നിങ്ങളോട് വിയോജിച്ചതുകൊണ്ടോ? ഇതാണ് പാർട്ടിയുടെ (ഹിസ്ബിന്റെ) പ്രകടനം. അതിനാൽ അടിയുറച്ച അറിവുള്ളവരും സജ്ജനങ്ങളുമായ പണ്ഡിതന്മാർ ഇത്തരം പ്രകടനങ്ങളെ ഒരിക്കലും അംഗീകരിക്കുന്നില്ല.

സമകാലിക സംഘങ്ങളിൽ കണ്ടുവരുന്ന കക്ഷിത്വത്തിന്റെ (ഹിസ്ബിയ്യത്തിന്റെ) മറ്റൊരു പ്രകടനം, ആ സംഘങ്ങൾ ‘അന്ധമായ അനുസരണത്തിൽ’ (ത്വാഅത്ത്) അധിഷ്ഠിതമാണ് എന്നതാണ്. സംഘടിതമായ പ്രബോധന പ്രവർത്തനങ്ങളിൽ ‘ത്വാഅത്ത്’ എന്നൊന്നില്ല; മറിച്ച് അവിടെ പരസ്പരമുള്ള ‘സഹകരണം’ (തത്വവ്വുഅ്) മാത്രമേയുള്ളൂ. സ്വഹീഹുൽ ബുഖാരിയിലും മറ്റും സ്ഥിരപ്പെട്ടതുപോലെ, നബി ﷺ അലി رَضِيَ اللَّهُ عَنْهُ വിനെയും കൂടെ മറ്റൊരാളെയും യമനിലേക്ക് അയച്ചപ്പോൾ അദ്ദേഹം ﷺ അവരോട് പറഞ്ഞു:

…تَطَاوَعَا وَلَا تَخْتَلِفَا، وَبَشِّرَا وَلَا تُنَفِّرَا

‘…നിങ്ങൾ പരസ്പരം സഹകരിക്കുക (അനുസരിക്കുക), ഭിന്നിക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക, വെറുപ്പിക്കരുത്.’²²

‘നിങ്ങൾ പരസ്പരം സഹകരിക്കുക’ (തത്വാവആ) എന്ന വാക്ക് ശ്രദ്ധിക്കുക. പരസ്പരം അനുസരിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നാണർത്ഥം. അന്ധമായ അനുസരണം എന്നത് ഭരണാധികാരിക്ക് നൽകേണ്ടതാണ്; സാധാരണ ജനങ്ങൾ ഭരണാധികാരിയെയാണ് അനുസരിക്കേണ്ടത്. എന്നാൽ പ്രബോധനരംഗത്ത് സഹകരണമാണ് (തത്വവ്വുഅ്) മതത്തിൽ നിയമമാക്കപ്പെട്ടിട്ടുള്ളത്. അതിനാൽ നിങ്ങൾ ഒരാളെ അനുസരിക്കുമ്പോൾ അതൊരു കക്ഷിത്വത്തിന്റെ പ്രകടനമായി മാറുന്നു. അമീർ എന്ന് വിളിക്കപ്പെടുന്ന ഒരാളോട് ബൈഅത്ത് ചെയ്താലും ഇല്ലെങ്കിലും അയാൾ അനുസരിക്കപ്പെടുന്നു. ഒരാൾ വന്ന് പറയുന്നു: ‘നമുക്ക് മുകളിൽ നിന്ന് നിർദ്ദേശം വരുന്നത് വരെ കാത്തിരിക്കാം.’ ഇതൊരു പ്രബോധന കാര്യമാണ്, നമ്മൾ കണ്ടുമുട്ടുന്നു. ചില യുവാക്കൾ ഞങ്ങളോട് പറഞ്ഞു, പള്ളിയിൽ വെച്ച് സ്വഹീഹുൽ ബുഖാരിയുടെയോ തഫ്സീർ ഇബ്നു കസീറിന്റെയോ ക്ലാസ്സിൽ പങ്കെടുക്കാൻ പോലും അനുവാദം ചോദിക്കേണ്ടതുണ്ട് എന്ന്! ഇതൊരു ശറഇയ്യല്ലാത്ത കാര്യമാണെങ്കിൽ, ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കക്ഷിത്വത്തിന്റെ (ഹിസ്ബിയ്യത്തിന്റെ) ഒരു പ്രകടനമാണ്.

പ്രബോധനത്തിലെ ഇത്തരം സംഘങ്ങളെക്കുറിച്ച് നാം പറഞ്ഞു, കക്ഷിത്വത്തിന്റെ പ്രകടനങ്ങളുള്ള ഒരു സംഘമാണെങ്കിൽ അത് ഒരിക്കലും അംഗീകരിക്കപ്പെടാൻ പാടില്ല. കാരണം അത് ശറഇന്റെ അടിസ്ഥാനങ്ങൾക്ക് വിരുദ്ധമാണ്; അത് പുതുതായി ഉണ്ടാക്കപ്പെട്ടതാണ് (മുഹ്ദസത്ത്). കമ്മ്യൂണിസ്റ്റ് പാർട്ടികളിലും മറ്റും പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സമാനമായാണ് ഈ കാലഘട്ടത്തിൽ അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് ആധുനിക സംഘങ്ങളുടെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ എന്താണ് മതത്തിൽ നിയമമാക്കപ്പെട്ടിട്ടുള്ളത്? പുണ്യത്തിലും ധർമ്മനിഷ്ഠയിലുമുള്ള പരസ്പര സഹകരണമാണ് നിയമമാക്കപ്പെട്ടിട്ടുള്ളത്. നമുക്ക് ശറഇയ്യായ അടിസ്ഥാനങ്ങളുണ്ട്. ഈ കാലഘട്ടത്തിൽ ആളുകൾ വർദ്ധിച്ചിരിക്കുന്നു, കാലം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു. അതിനാൽ പ്രബോധനത്തിൽ പരസ്പര സഹകരണം ആവശ്യമാണ്, ക്രമീകരണം ആവശ്യമാണ്, ഒരു സംവിധാനം അനിവാര്യമാണ്. ഓരോരുത്തർക്കും തങ്ങൾക്ക് പ്രയോജനം ചെയ്യാനും മറ്റുള്ളവർക്ക് ഉപകരിക്കാനും കഴിയുന്ന മേഖലകളിൽ സ്പെഷ്യലൈസേഷൻ ആവശ്യമാണ്. അതിനാൽ നാം പറയുന്നു, പുണ്യത്തിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹകരിക്കുന്ന കൂട്ടായ്മകളായിക്കൊണ്ടുള്ള പ്രബോധനമാണെങ്കിൽ അത് വളരെ നല്ലതാണ്. എന്നാൽ നാം മുമ്പ് സൂചിപ്പിച്ചതുപോലെയുള്ള കക്ഷിത്വത്തിന്റെ പ്രകടനങ്ങൾ അതിൽ ഉണ്ടാകാൻ പാടില്ല.

കൂട്ടായ്മകളിലെ പ്രബോധകരുടെ സവിശേഷതകൾ

നാം മുമ്പ് സൂചിപ്പിച്ചതുപോലെ, ഒന്നാമതായി ഇഖ്‌ലാസ്വ്. ജമാഅത്തുകളിൽ (സംഘങ്ങളിൽ) അല്ലെങ്കിൽ കൂട്ടായ്മകളിൽ എങ്ങനെയാണ് ഇഖ്‌ലാസ്വ് പ്രാവർത്തികമാക്കുക? ജമാഅത്ത് എന്നതുകൊണ്ട് നാം ഗ്രൂപ്പ് അല്ലെങ്കിൽ കൂട്ടായ്മ എന്നാണ് അർത്ഥമാക്കുന്നത്; അല്ലാതെ കക്ഷിത്വം വെച്ചുപുലർത്തുന്ന (ഹിസ്ബിയ്യായ) പാർട്ടികളെയല്ല. കാരണം അത്തരം പാർട്ടികൾക്ക് ഈ സവിശേഷതകൾ ബാധകമാകുന്നില്ല. കാരണം التحزب (കക്ഷിത്വം) എന്നത് തന്നെ ശറഇയ്യായ എല്ലാ മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ്.

ഒന്നാമതായി ഇഖ്‌ലാസ്വ്: നാം സൂചിപ്പിച്ചതുപോലെ പ്രബോധനം അല്ലാഹുവിലേക്കായിരിക്കണം; അല്ലാതെ കൂട്ടായ്മയിലേക്കോ സ്വന്തം വഴിയിലേക്കോ ആകരുത്. ഒരാൾക്ക് ഹിദായത്ത് ലഭിക്കുകയും അവൻ അല്ലാഹുവിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. ആ ക്ഷണം സത്യത്തിലേക്കായിരിക്കണം, അത് അയാളോടൊപ്പമുള്ളവരോടായാലും ശരി മറ്റുള്ള സത്യത്തിന്റെ വക്താക്കളോടായാലും ശരി, വിഷയം ഒന്ന് തന്നെയാണ്. അല്ലാഹുവിന്റെ നിയമത്തിൽ അവൻ നേരെ നിലകൊള്ളുക എന്നതാണ് പ്രധാനം, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവനായി മാറുക എന്നതാണ് ലക്ഷ്യം. അയാൾക്കൊപ്പമുള്ള ക്ലാസ്സിൽ അഞ്ചുപേരും, മറ്റൊരാളുടെ ക്ലാസ്സിൽ ആയിരക്കണക്കിന് ആളുകളും പങ്കെടുത്തേക്കാം. പക്ഷെ വിഷയം ഒന്ന് തന്നെയാണ്. പടപ്പുകളെ തങ്ങളുടെ രക്ഷിതാവിന് ഇബാദത്ത് ചെയ്യുന്നവരാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനാൽ, പുണ്യത്തിലും ധർമ്മനിഷ്ഠയിലും സഹകരിക്കുന്ന കൂട്ടായ്മകളിലെ പ്രബോധനത്തിൽ ഇഖ്‌ലാസ്വിന്റെ അടയാളങ്ങളിൽ അല്ലെങ്കിൽ ഫലങ്ങളിൽ പെട്ടതാണ്, ഒരാൾ തന്നോടൊപ്പമോ അല്ലെങ്കിൽ മറ്റ് സത്യത്തിന്റെ വക്താക്കളോടൊപ്പമോ ആണെങ്കിൽ അതിൽ വ്യസനിക്കാതിരിക്കുക എന്നത്. അവനോടൊപ്പം ബാത്വിലില്ലാതിരിക്കുക എന്നത് മാത്രമാണ് നിബന്ധന. അവൻ ബാത്വിലിലേക്ക് തിരിയാൻ സാധ്യതയുണ്ടെങ്കിൽ അവനെ സത്യത്തിന്റെ ആളുകളിലേക്ക് തിരിച്ചുവിടാൻ നാം ശ്രദ്ധിക്കണം, നാം അവനെ കേൾക്കണം.

ഇഖ്‌ലാസ്വ്: പുണ്യത്തിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹകരിക്കുന്ന പ്രബോധന കൂട്ടായ്മകളുടെ ബാധ്യതയായ ഒന്നാമത്തെ സ്വഭാവഗുണം ഇഖ്‌ലാസ്വാകുന്നു. വ്യക്തികളെ അല്ലാഹുവിലേക്ക് നയിക്കുക എന്നതായിരിക്കണം പ്രബോധനത്തിന്റെ ലക്ഷ്യം; അല്ലാതെ പ്രബോധനം ചെയ്യപ്പെടുന്ന വ്യക്തിയെ ഈ കൂട്ടായ്മയുമായി ബന്ധിപ്പിക്കുക എന്നതാകരുത്. കാരണം വ്യക്തികളെ കൂട്ടായ്മയുമായി ബന്ധിപ്പിക്കുന്നത് ഇത്തരം പാർട്ടികൾ രൂപപ്പെടാൻ കാരണമാകും, അങ്ങനെ ശറഅ് അംഗീകരിക്കാത്ത മോശമായ കക്ഷിത്വത്തിലേക്ക് നാം വീണുപോകും. അതിനാൽ, വ്യക്തികളെ പ്രബോധനം ചെയ്യുന്നതിലും അവരെ ഈ കൂട്ടായ്മയുമായി ബന്ധിപ്പിക്കുന്നതിലും അവരെ നേർവഴിയിലാക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കണം ഒരുവനുണ്ടാകേണ്ടത്. ഇതിനായി അവൻ സ്വന്തത്തോട് സമരം ചെയ്യേണ്ടതുണ്ട്. അല്ലാതെ ഒരു അനുയായിയായി അവനെ തന്നോട് ബന്ധിപ്പിക്കാൻ വേണ്ടിയാകരുത് ഇത്. തീർച്ചയായും, ഈ കാലഘട്ടത്തിൽ ഒരു നല്ല ചുറ്റുപാടിൽ ജീവിച്ചാലല്ലാതെ ഒരു വ്യക്തിക്ക് നേർവഴിയിൽ നിലകൊള്ളാൻ മിക്കവാറും സാധിക്കില്ല. നല്ലൊരു ചുറ്റുപാട് ലഭിച്ചാൽ പ്രായോഗിക തലത്തിൽ തന്നെ അവന് നേർവഴിയിൽ ഉറച്ചുനിൽക്കാൻ സാധിക്കും. ഇതാണ് ഉദ്ദേശ്യമെങ്കിൽ അതിൽ തെറ്റില്ല, അതൊരു നല്ല കാര്യമാണ്. അനുവദനീയമായ കാര്യങ്ങൾക്കുള്ള മാർഗ്ഗങ്ങളും അനുവദനീയമാണ്. മാർഗ്ഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ അതേ വിധി തന്നെയാണുള്ളത്.

ഇഖ്‌ലാസ്വിന് വിരുദ്ധമായത് എന്താണെന്നുവെച്ചാൽ; തന്റെ കൂട്ടായ്മ വലുതാകണമെന്നും വർദ്ധിക്കണമെന്നും പ്രബോധനത്തിലൂടെ ഉദ്ദേശിക്കലാണ്, അല്ലെങ്കിൽ ഇന്നയാളുമായും മറ്റൊരാളുമായും ബന്ധിപ്പിക്കലാണ്. ഞാൻ പറഞ്ഞതുപോലെ ഇത് പാർട്ടികളെ സൃഷ്ടിക്കാൻ കാരണമാകും. അതുകൊണ്ടാണ് കിതാബുത്തൗഹീദിൽ ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് رَحِمَهُ اللَّهُ പറഞ്ഞ കാര്യം ഞാൻ ആമുഖമായി നൽകിയത്. ഇഖ്‌ലാസ്വുള്ള പ്രബോധകൻ തന്നിലേക്കോ തന്റെ ശൈഖിലേക്കോ അല്ല ക്ഷണിക്കുന്നത്, മറിച്ച് പൂർണ്ണമായും അല്ലാഹുവിലേക്കാണ് അവൻ ക്ഷണിക്കുന്നത്; പടപ്പുകളെ തങ്ങളുടെ രക്ഷിതാവിന്റെ അടിമകളാക്കി മാറ്റാൻ വേണ്ടി.

സുന്നത്ത്: പുണ്യത്തിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹകരിക്കുന്ന കൂട്ടായ്മകളിലെ പ്രബോധനത്തിൽ എങ്ങനെയാണ് ഇഖ്‌ലാസ്വും സുന്നത്തും കൊണ്ടുവരിക? അവർ എങ്ങനെയാണ് പരസ്പരം സഹകരിക്കുക? ഉദാഹരണത്തിന് ഒരേ പ്രദേശത്തുള്ളവർ, ഒരു പള്ളിയിലുള്ളവർ, അല്ലെങ്കിൽ അനുമതിയുള്ള ഒരു ഓഫീസിലുള്ളവർ അങ്ങനെ പലരും പരിഷ്കരണത്തിനും നന്മക്കും വേണ്ടിയുള്ള പ്രബോധനത്തിൽ പരസ്പരം സഹകരിക്കുന്നു, ഇതൊരു ആവശ്യകതയാണ്. ഒരു പ്രദേശത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഒത്തുചേർന്ന് ക്ലാസ്സുകൾ, പ്രബോധനം, സന്ദർശനങ്ങൾ എന്നിവക്കായി തങ്ങളുടെ കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നു, ഇതെല്ലാം പാർട്ടികളുടെയും കക്ഷിത്വത്തിന്റെയും രൂപത്തിലല്ലെങ്കിൽ പ്രശംസനീയമായ കാര്യങ്ങളാണ്.

നാം പറയുന്നു, സുന്നത്ത്: സുന്നത്ത് എങ്ങനെയായിരിക്കണം? നാം മുമ്പ് സൂചിപ്പിച്ചതുപോലെ, പിഴച്ച കക്ഷികൾ വഴികേടിലാകുകയും സുന്നത്തിന് വിരുദ്ധമായ കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തതിലൂടെ മുസ്‌ലിംകൾക്കിടയിലെ ഏറ്റവും വലിയ തിന്മയായി അവർ മാറി. ഖവാരിജുകളെയും മറ്റും നാം പരാമർശിച്ചല്ലോ. ഇതെങ്ങനെയാണ് സംഭവിച്ചത്? അവർ സുന്നത്തല്ലാത്തതിലേക്ക് ക്ഷണിച്ചതുകൊണ്ടാണ്. സുന്നത്തല്ലാത്തതിലേക്കുള്ള ക്ഷണം എങ്ങനെയാണ് ആരംഭിക്കുന്നത്? കൂട്ടായ്മകൾക്കുള്ളിൽ തന്നെയുള്ള അലസതയും വിട്ടുവീഴ്ചകളും കൊണ്ടാണ് അത് ആരംഭിക്കുന്നത്. കഴിഞ്ഞ ഇരുപതോ ഇരുപത്തിയഞ്ചോ വർഷങ്ങൾക്കിടയിൽ നാം ഇത് നേരിട്ട് കണ്ടതാണ്. നല്ല നിലയിൽ ആരംഭിച്ച പല കൂട്ടായ്മകളും പിന്നീട് തങ്ങൾക്കിടയിൽ സുന്നത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരോട് വിട്ടുവീഴ്ച കാണിക്കാൻ തുടങ്ങി. സംസാരത്തിൽ സുന്നത്തിന് വിരുദ്ധമായി പ്രവർത്തിക്കുക, പണ്ഡിതന്മാരെ ആക്ഷേപിക്കുക, യാതൊരു ശറഇയ്യായ മാനദണ്ഡങ്ങളുമില്ലാതെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുക തുടങ്ങിയവ. ഒരാൾ എന്തെങ്കിലും കേട്ടാൽ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ അത് പ്രചരിപ്പിക്കുന്നു. അങ്ങനെ സുന്നത്തിനല്ലാത്ത കാര്യങ്ങളിൽ അവൻ പരിശീലനം നേടുന്നു, കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ അവൻ വളരുന്നു. അങ്ങനെ ദൃഢബോധ്യത്തോടും ഇഖ്‌ലാസ്വോടും സുന്നത്തോടും കൂടി അല്ലാഹുവിലേക്ക് ക്ഷണിക്കേണ്ട കൂട്ടായ്മകൾ, തങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മറ്റ് അജണ്ടകളിലേക്ക് മാറി. ഈ വ്യതിചലനം ആരംഭിച്ചത് ചെറിയ വിട്ടുവീഴ്ചകളിൽ നിന്നാണ്. ആദ്യം തന്നെ തെറ്റ് ചെയ്തവന്റെ കൈക്ക് പിടിച്ച് ‘സത്യം ഇതാണ്, നീ ഇതിന് എതിര് പ്രവർത്തിക്കരുത്’ എന്ന് പറഞ്ഞ് അവനെ ഉപദേശിച്ചിരുന്നെങ്കിൽ ഈ തിന്മ ഇത്രത്തോളം വർദ്ധിക്കില്ലായിരുന്നു. എന്നാൽ അവർ വിട്ടുവീഴ്ച കാണിച്ചു, പിന്നാലെ പോയി, അങ്ങനെ കാര്യങ്ങൾ വഷളാവുകയും പ്രശംസനീയമല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഇത് സുന്നത്തിനെ പിൻപറ്റുന്നതിന് വിരുദ്ധമാണെന്നതിൽ യാതൊരു സംശയവുമില്ല. കാരണം സലഫുസ്സ്വാലിഹുകളുടെ മൻഹജിനെ പൊതുവായി പിൻപറ്റുക എന്നത് ഈ കൂട്ടായ്മയിലുള്ള ഓരോരുത്തരും സലഫുസ്സ്വാലിഹുകളുടെ അഖീദയിൽ നിന്ന്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിൽ നിന്ന്, രക്ഷപ്പെട്ട കക്ഷിയുടെയും സഹായിക്കപ്പെടുന്ന വിഭാഗത്തിന്റെയും അഖീദയിൽ നിന്ന് പുറത്തുപോകാതിരിക്കുക എന്നതാണ്. ഇത് ശറഅ് ഉദ്ദേശിക്കുന്ന കാര്യമാണ്. അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരു കൂട്ടായ്മ, പിന്നീട് അവർക്കിടയിൽ ഭിന്നിപ്പുണ്ടാകുകയും അങ്ങനെ ആ കൂട്ടായ്മ വഴിപിഴച്ചുപോകുകയും ചെയ്യുന്നു, അല്ലെങ്കിൽ സലഫുസ്സ്വാലിഹുകളുടെ മാർഗവും ശരിയായ അഖീദയും പിൻപറ്റുന്ന വിഷയത്തിൽ അവർക്കിടയിൽ തർക്കങ്ങളുണ്ടാകുന്നു; നാം കണ്ടതുപോലെ ഇത് വലിയ കുഴപ്പങ്ങൾക്ക് കാരണമാകുമെന്നതിൽ സംശയമില്ല. അതിനാൽ തുടക്കം മുതൽ തന്നെ സുന്നത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. ചിലപ്പോൾ സുന്നത്തിന് വിരുദ്ധമായ കാര്യങ്ങൾ ആരംഭിക്കുന്നത് സംസാരശേഷിയുള്ള ഒരാളിൽ നിന്നാകാം. അവന് സമകാലിക സംസ്കാരവും രാഷ്ട്രീയ അറിവുമൊക്കെയുണ്ടാകാം, അതുപയോഗിച്ച് അവൻ ശരിയല്ലാത്ത പല കാര്യങ്ങളും അവതരിപ്പിച്ചേക്കാം.

ഉദാഹരണത്തിന്, ഞാൻ അമേരിക്കയിലായിരുന്നപ്പോൾ ഒരു അറബ് രാജ്യത്ത് നിന്നുള്ള ഒരു സഹോദരൻ ഒരു കാര്യം പറഞ്ഞു. ഞാൻ പറഞ്ഞു, ‘ഇതിന് യാതൊരു തെളിവുമില്ലല്ലോ.’ അവൻ പറഞ്ഞു, ‘ഞാൻ താങ്കൾക്ക് തെളിവ് തരാം.’ അവൻ എനിക്ക് കൊണ്ടുവന്നുതന്നത് ചില മാഗസിനുകളിലെ ലേഖനങ്ങളുടെ ഫയലായിരുന്നു. ഇതൊരു തെളിവാണോ? ഞാൻ അവനോട് പറഞ്ഞു: ‘തെളിവുകളും പ്രമാണങ്ങളും എങ്ങനെ അവതരിപ്പിക്കണമെന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ മൻഹജിൽ നമ്മൾ പഠിച്ചിട്ടുള്ളത്. വൈകാരികമായ തെളിവുകൾ ശറഇയ്യായ തെളിവുകളല്ല, യുക്തിപരമായ തെളിവുകളും ശറഇയ്യായ തെളിവുകളല്ല. മറിച്ച് ശറഇയ്യായ തെളിവുകൾ തന്നെയായിരിക്കണം. നിങ്ങൾ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ഇന്നയാളുടെയും മറ്റൊരാളുടെയും വാക്കുകൾ കൊണ്ടുവരുന്നു, അവരാകട്ടെ യഥാർത്ഥ വിവരങ്ങൾ അറിഞ്ഞവരുമല്ല, കേട്ടുകേൾവികൾ മാത്രമാണ്. ഇവയൊന്നും പ്രമാണങ്ങളല്ല.’ ഇത്തരം കാര്യങ്ങൾ കൂട്ടായ്മകളിൽ പ്രചരിക്കുകയും അതൊരു സംസ്കാരമായി മാറുകയും ചെയ്താൽ, ആ കൂട്ടായ്മയിൽ നിന്ന് പിന്നീട് പാർട്ടികൾ (ജമാഅത്തുകൾ) രൂപപ്പെടുകയും കക്ഷിത്വത്തിലേക്ക് നീങ്ങുകയും ചെയ്യും. അങ്ങനെ നമ്മൾ പൂർണ്ണമായും വേറൊരു വഴിയിലേക്ക് മാറും. അതുകൊണ്ടാണ് ചില രാജ്യങ്ങളിൽ ഒന്നായിരുന്ന ഇസ്‌ലാമിക സംഘങ്ങൾ പിന്നീട് നൂറോ അതിലധികമോ ആയി മാറിയത് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. എന്തുകൊണ്ടാണിത്? കാരണം ചെറിയ കൂട്ടായ്മകളിൽ നിന്നും ഇത്തരം പുതിയ വാദങ്ങൾ ഉയർന്നുവന്നു. ആ സംഘങ്ങളുടെ ആളുകൾ തന്നെ ഇപ്പോൾ പറയുന്നത് ഇത്തരം പുതിയ വാദങ്ങളെയും ഗ്രൂപ്പുകളെയും മുളയിലേ നുള്ളിക്കളയണം എന്നാണ്. നാം പറയുന്നു, അതെ, മുളയിലേ നുള്ളിക്കളയണം. പക്ഷെ അത് സലഫുസ്സ്വാലിഹുകളുടെ മൻഹജിന്റെ അടിസ്ഥാനത്തിലായിരിക്കണം; അല്ലാതെ പൊതുവായ ജമാഅത്തിന്റെ അഥവാ ഹിസ്ബിയ്യായ പാർട്ടിയുടെ നിലനിൽപ്പിന് വേണ്ടിയാകരുത്. അത് മുളയിലേ നുള്ളേണ്ടത് ഈ വാദങ്ങൾ ഉന്നയിക്കുന്നവർ പുതിയ ആശയങ്ങളുമായി പുറത്തുവരാതിരിക്കാൻ വേണ്ടിയാണ്. ഇപ്പോൾ നമുക്ക് എത്രത്തോളം ആശയങ്ങളുണ്ട്? എത്രത്തോളം അവതരണങ്ങളുണ്ട്? നമുക്ക് മുന്നിൽ ഡസൻ കണക്കിന് വാദമുഖങ്ങളുണ്ട്. ഒരു രാജ്യത്ത് പത്തോ പതിനഞ്ചോ പേരുള്ള ചില കൂട്ടായ്മകൾ പിന്നീട് വർദ്ധിച്ച് അമ്പതും നൂറുമായി മാറുന്നു. ആളുകൾ സംസാരിക്കുന്ന, ഒരുപക്ഷെ പണ്ഡിതന്മാർ വരെ സംസാരിക്കുന്ന കാര്യങ്ങൾ അവർ പ്രവർത്തിക്കാൻ തുടങ്ങുന്നു. ഇതെങ്ങനെയാണ് തുടങ്ങിയത്? ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അതിനാൽ ഇതിലെ ഒന്നാമത്തെ ഉത്തരവാദിത്തം ആദ്യത്തെ കൂട്ടായ്മക്കാണ്. ശരിയായ മൻഹജിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരെയും തങ്ങൾക്കിടയിൽ നിന്ന് പുറത്തുവരാൻ അനുവദിക്കാതിരിക്കുക എന്ന ബാധ്യത അവർക്കുണ്ട്. അല്ലാഹുവിന്റെ മുന്നിൽ അവർ അതിന് കണക്ക് പറയേണ്ടിവരും. കാരണം അവർ ഈ തെറ്റ് ചെയ്യുന്നവനെ കാണുന്നുണ്ട്. തുടക്കത്തിൽ ചെറിയ കാര്യമായിരുന്നപ്പോൾ അവർ വിട്ടുവീഴ്ച ചെയ്തു, പിന്നീട് അത് വലിയ കുഴപ്പങ്ങളിലേക്ക് നീങ്ങിയപ്പോൾ അവർ അതിനെ വിമർശിക്കാൻ തുടങ്ങി. എന്നാൽ തുടക്കത്തിൽ തന്നെ നിങ്ങൾ എന്തിനാണ് വിട്ടുവീഴ്ച ചെയ്തത്? പ്രശ്നം വഷളായതിന് ശേഷം അത് എങ്ങനെ പരിഹരിക്കാനാണ്? മറ്റ് പല കാര്യങ്ങളിലും ഇതുപോലെ തന്നെയാണ്. അതിനാൽ സുന്നത്തിനെ പിൻപറ്റുക, സലഫുസ്സ്വാലിഹുകളുടെ മൻഹജും ശരിയായ അഖീദയും മുറുകെപ്പിടിക്കുക എന്നത് അനിവാര്യമാണ്.

രണ്ടാമതായി അറിവ്: കൂട്ടായ്മകൾ തങ്ങളിലുള്ളവരെ അറിവിന്റെ അടിസ്ഥാനത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. കാരണം നാം പറഞ്ഞതുപോലെ അറിവില്ലാതെ പ്രബോധനമില്ല. അറിവില്ലാതെ അവർ എങ്ങനെയാണ് പ്രബോധനം ചെയ്യുക? ഒരു യുവാവ് മതനിഷ്ഠയുള്ളവനായിരിക്കും, അവൻ പ്രബോധനം നടത്തുകയും യാത്ര ചെയ്യുകയും അതീവ താല്പര്യം കാണിക്കുകയും ചെയ്യുന്നുണ്ടാകും. പക്ഷെ അല്ലാഹുവിന്റെയും റസൂലിന്റെയും ﷺ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാൻ അവന് കഴിഞ്ഞിട്ടുണ്ടാകില്ല. ഇത് ശരിയല്ല. ഇതിനെക്കുറിച്ച് നാം നേരത്തെ മതിയായ വിശദീകരണം നൽകിയിട്ടുണ്ട്.

മൂന്നാമതായി യുക്തി (ഹിക്മത്): ഒരു വ്യക്തി യുക്തിമാനായിരിക്കേണ്ടത് നിർബന്ധമാണെങ്കിൽ, ഒരു കൂട്ടായ്മ യുക്തിയുള്ളതായിരിക്കുക എന്നത് അതിലേറെ അനിവാര്യമാണ്. എന്തുകൊണ്ട്? കാരണം കൂട്ടായ്മയുടെ സ്വാധീനം വളരെ വലുതാണ്. കൂട്ടായ്മക്ക് യുക്തി നഷ്ടപ്പെട്ടാൽ അതിന്റെ ദോഷം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങില്ല. ആളുകൾ പറയും ‘ഈ ചെറുപ്പക്കാർ…’ അങ്ങനെ അവർ തെറ്റ് ചെയ്തവരായി മുദ്രകുത്തപ്പെടും. ഒരു തെറ്റ് മുഴുവൻ യുവാക്കൾക്കും, പ്രബോധനത്തിന് മുഴുവനായും ചാർത്തപ്പെടും. ഇത് പാടില്ലാത്തതാണ്.

ഇന്നുള്ള പൊതുവായ ഇസ്‌ലാമിക യുവാക്കളും മതനിഷ്ഠയും ഇത്തരം ഹിസ്ബിയ്യായ പാർട്ടികളുടെ സൃഷ്ടിയാണെന്ന് ചില ആളുകൾ കരുതുന്നുണ്ട്; അത് തെറ്റാണ്. പ്രബോധനം നടത്തിയ ഈ പാർട്ടികളല്ല ഈ യുവാക്കളെ സൃഷ്ടിച്ചത്. ഈ ഇസ്‌ലാമിക ഉണർവ് (സ്വഹ്‌വ) – സ്വഹ്‌വ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ ചില വിയോജിപ്പുകളുണ്ട്, നാം പറഞ്ഞതുപോലെ ഈ സ്വഹ്‌വക്ക് തന്നെ ഒരു ഉണർവ് ആവശ്യമാണ് – ഈ ഉണർവും മതനിഷ്ഠയുള്ള യുവാക്കളും ജമാഅത്തുകളേക്കാൾ വളരെ വലുതും വിശാലവുമാണ്. അതിനാൽ ഒരു വ്യക്തിയെ ഇന്ന ജമാഅത്തിന്റെ ആളാണെന്ന് വേർതിരിച്ച് പറയുക എന്നത് ശരിയല്ല. ഈ മൂന്നോ നാലോ അഞ്ചോ ജമാഅത്തുകളേക്കാൾ വളരെ വളരെ വിശാലമാണ് ഈ ഉണർവും യുവാക്കളും. അതുകൊണ്ടാണ് ഇക്കാലത്ത്, പ്രബോധനത്തെ സ്നേഹിക്കുന്ന, അതിനായി ത്യാഗം ചെയ്യുന്ന, ഇസ്‌ലാമിന്റെ കൊടി പാറാനും മുസ്‌ലിംകൾ ഉന്നതരാകാനും ആഗ്രഹിക്കുന്ന ഏതൊരാളും ഈ പ്രബോധകരോടും യുവാക്കളോടുമൊപ്പം നിൽക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നത്. അവരെ നന്നാക്കുന്ന, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പതാകയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളിൽ അവരോടൊപ്പം നിൽക്കണം; അവരെ അകറ്റുന്ന കാര്യങ്ങളിലല്ല, മറിച്ച് അവരെ നന്നാക്കുന്ന കാര്യങ്ങളിൽ. കാരണം ഈ യുവാക്കൾക്കൊന്നും ഈ ജമാഅത്തുകളെക്കുറിച്ചോ പേരുകളെക്കുറിച്ചോ അറിയില്ല. ഈ ഉണർവ് എന്ന് വിളിക്കപ്പെടുന്നവരിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അവർ. പൊതുവായ മതനിഷ്ഠയുള്ള യുവാക്കൾ അതിനേക്കാൾ എത്രയോ വലുതാണ്. മറ്റ് രാജ്യങ്ങളിൽ ഇത് വളരെ വലുതാണെങ്കിൽ, നമ്മുടെ ഈ രാജ്യത്ത് അത് അതിനേക്കാളൊക്കെ എത്രയോ മടങ്ങ് വലുതാണ്. ഇൻശാ അല്ലാഹ്, ആ കക്ഷിത്വത്തിന്റെ ചട്ടക്കൂടുകൾ ഇവിടെ ഇല്ലാതാകുക തന്നെ ചെയ്യും.

അതിനാൽ നാം പറയുന്നു, ഹിക്മത് അനിവാര്യമാണ് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ കൂട്ടായ്മയും തങ്ങളുടെ പ്രവർത്തനങ്ങളിൽ ഹിക്മത് ശ്രദ്ധിക്കണം, അത് പ്രശംസനീയമായ ലക്ഷ്യങ്ങളോട് യോജിക്കുന്നതാണോ എന്ന് പരിശോധിക്കണം. അവരുടെ പ്രവർത്തനങ്ങളുടെ ഫലം നല്ലതായിരിക്കണം. അറിവില്ലായ്മ കാരണം പ്രബോധനത്തിനുള്ള എത്രയെത്ര മാർഗ്ഗങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടത്, എത്രയെത്ര കുഴപ്പങ്ങളാണ് ഉണ്ടായത്! എത്ര ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല. എങ്ങനെയാണ് ഇതിന് പരിഹാരം കാണുക? ഈ കൂട്ടായ്മകൾക്കുള്ളിലെ പ്രബോധകർ, പണ്ഡിതന്മാർ, പള്ളികളിലെ ഇമാമുമാർ എന്നിവർ സ്വന്തത്തിന്റെ കാര്യത്തിലും തങ്ങൾക്കൊപ്പമുള്ളവരുടെ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. പ്രബോധനത്തിന്റെ പ്രശംസനീയമായ ലക്ഷ്യങ്ങളോട് യോജിക്കുന്ന രൂപത്തിൽ, ഹിക്മത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാകാത്ത രൂപത്തിൽ തങ്ങളുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ അവർക്ക് സാധിക്കണം. വ്യക്തികളെക്കാൾ കൂട്ടായ്മകളുടെയും സംഘങ്ങളുടെയും കാര്യത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ദേഹേച്ഛയെക്കുറിച്ചും അത് കൂട്ടായ്മകളിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചും സംസാരിക്കുകയാണെങ്കിൽ അത് വളരെ ദീർഘമായ ഒന്നാണ്. എനിക്ക് അതിൽ ഒരുപാട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ വളരെ ചുരുക്കമായി മാത്രമേ ഇത് കണ്ടിട്ടുള്ളൂ; ഹവായിൽ നിന്ന് പൂർണ്ണമായും മുക്തരായ ഒരു കൂട്ടായ്മയെ ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. അല്ലാഹുവാണ് സത്യം ഏറ്റവും നന്നായി അറിയുന്നവൻ, തെളിവില്ലാതെ പറയുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിങ്കൽ അഭയം തേടുന്നു. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതാണ്; എല്ലാവരിലും എന്തെങ്കിലും ഒരു കുറവുണ്ടാകും. തനിക്കുള്ളിൽ ഏതോ ഒരു തരത്തിലുള്ള ഹവാ ഉണ്ടെന്ന് ഓരോരുത്തർക്കും സ്വയം അറിയാൻ കഴിയും. കാരണം പിശാച് അവനെ വഴിപിഴപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അവന് ചിലപ്പോൾ ശാരീരിക ഇച്ഛകളോടുള്ള ഹവാ ഉണ്ടാകാം, പ്രവൃത്തികളിലുള്ള ഹവാ ഉണ്ടാകാം. എങ്കിലും ഒരു മനുഷ്യൻ എത്രത്തോളം ഹവായിൽ നിന്ന് സുരക്ഷിതനാകുന്നുവോ അത്രത്തോളം അവൻ തന്റെ ദീനിൽ സത്യസന്ധനായിരിക്കും. ഈ സത്യസന്ധതയുടെ അടിസ്ഥാനം തന്നെ ഹവായിൽ നിന്നുള്ള മുക്തിയാണ്. സത്യസന്ധനായ വ്യക്തിയെ ചില സലഫുകൾ നിർവചിച്ചത്, ‘ഹവായിൽ നിന്ന് മുക്തനായവൻ’ എന്നാണ്. ഹവായിൽ നിന്ന് മുക്തനാകുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. അതിനാൽ കൂട്ടായ്മകളിൽ ഹവായിൽ നിന്ന് മുക്തരാകുക എന്നത് അനിവാര്യമാണ്. അതിന് നേതൃത്വം നൽകുന്നവർ തങ്ങളെയും തങ്ങൾക്കൊപ്പമുള്ളവരെയും കഴിയുന്നത്ര ഹവായിൽ നിന്ന് മുക്തരാക്കാൻ ശ്രമിക്കണം.

ഹവായിൽ നിന്നുള്ള മുക്തിയുടെ അടയാളങ്ങൾ: വ്യക്തികളെ വിലയിരുത്തുന്ന കാര്യത്തിൽ അന്ധമായി അനുകരിക്കുന്നവനാകാതിരിക്കുക (മുഖല്ലിദ്) എന്നതാണ് അതിലൊന്ന്. ഒരു കൂട്ടായ്മയിലെ ഒരാൾ പറയുന്നു: ‘ഇന്നയാളിൽ ആ കുഴപ്പമുണ്ട്, അയാൾ ഇന്ന ജമാഅത്തിൽ പെട്ടയാളാണ്, അയാൾക്ക് കുഴപ്പങ്ങളുണ്ട്.’ ‘നിങ്ങൾ എങ്ങനെയാണ് വിലയിരുത്തിയത്?’ എന്ന് ചോദിച്ചാൽ, ‘ഞാൻ ഇന്നയാളിൽ നിന്ന് കേട്ടു’ എന്ന് പറയും. ഒരാൾ ഒരു വാക്ക് പറഞ്ഞാൽ അത് യുവാക്കൾക്കിടയിലും ജനങ്ങൾക്കിടയിലും പെട്ടെന്ന് പ്രചരിക്കുന്നു. ഇതൊരു നല്ല കാര്യമാണോ? ഇത് ശറഇൽ അനുവദനീയമാണോ? ഇതാണോ വലാഅ് (വിധേയത്വം)? ഒരാൾ എന്തെങ്കിലും പറഞ്ഞാൽ അത് പ്രചരിപ്പിക്കുക, ഇന്നയാളിൽ അങ്ങനെയൊക്കെയുണ്ട് എന്ന് പറഞ്ഞ് അവനെ കഠിനമായി ആക്ഷേപിക്കുക, ഇതൊക്കെ അനുവദനീയമാണോ? നിങ്ങളുടെ ഒരു മുസ്‌ലിമായ സഹോദരനിൽ ഒരു ന്യൂനത കാണുകയോ കേൾക്കുകയോ ചെയ്താൽ അത് പ്രചരിപ്പിക്കാതിരിക്കുക, അത് മറച്ചുവെക്കുക എന്നത് അവന് നിങ്ങളോടുള്ള അവകാശങ്ങളിൽ പെട്ടതാണ്. ഈ പൊതുവായ അവകാശങ്ങൾ നിങ്ങൾ പാലിക്കണം. നിങ്ങൾ നന്മ പ്രചരിപ്പിക്കുക, എന്നാൽ മാത്രമേ അത് വർദ്ധിക്കുകയുള്ളൂ. നിങ്ങൾ ‘ജനങ്ങൾ നശിച്ചു’ എന്ന് പറഞ്ഞാൽ നിങ്ങൾ തന്നെയാണ് അവരെ നശിപ്പിക്കുന്നത്. ഹദീസിൽ വന്നതുപോലെ:

مَنْ قَالَ هَلَكَ النَّاسُ فَهُوَ أَهْلَكُهُمْ

‘ആരെങ്കിലും ‘ജനങ്ങൾ നശിച്ചു’ എന്ന് പറഞ്ഞാൽ അവനാണ് അവരെ നശിപ്പിച്ചവൻ.’²³

കാരണം നിങ്ങൾ ‘ജനങ്ങൾ നശിച്ചു, അവർ വഴിപിഴച്ചു, അവരിൽ ഇന്ന കുഴപ്പങ്ങളുണ്ട്, യുവാക്കൾ ഇങ്ങനെയായിത്തീർന്നു’ എന്നൊക്കെ പറഞ്ഞാൽ, നിങ്ങളുടെ വീട്ടിലുള്ള ഒരാൾ വിചാരിക്കും എല്ലാം നശിച്ചു കഴിഞ്ഞു എന്ന്. ‘അത് അങ്ങനെയായി, ഇത് ഇങ്ങനെയായി’ എന്നൊക്കെ പറയുക. ചുരുക്കത്തിൽ, വാക്കുകളുടെ കാര്യത്തിൽ ആരും അലസത കാണിക്കാൻ പാടില്ല, മറിച്ച് അതിൽ വ്യക്തത വരുത്തണം. അതിനാൽ, ആളുകളെ വിലയിരുത്തുന്നതിലും വാക്കുകൾ പ്രയോഗിക്കുന്നതിലും അന്ധമായി അനുകരിക്കുക എന്നത് ഹവായുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. വിധികൽപിക്കുന്നതിലാണ് ഹവാ കടന്നുവരുന്നത്. ഒരു കൂട്ടായ്മയിൽ ഒരാൾ ഒരു വാക്ക് കേൾക്കുന്നു, അവൻ അത് അവിടെ പ്രചരിപ്പിക്കുന്നു, അത് യുവാക്കൾക്കിടയിൽ പരക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹങ്ങൾ മാത്രമായിരിക്കും അത്. ചിലർ ഊഹങ്ങൾ വെച്ച് സംസാരിക്കുകയും, അത് കേൾക്കുന്നവൻ ഇത് സ്ഥിരപ്പെട്ട കാര്യമാണെന്ന് കരുതി മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ‘എനിക്ക് വിശ്വസ്തനായ ഒരാളിൽ നിന്ന് ലഭിച്ചതാണ്’ എന്ന് അവൻ പറയുന്നു. എന്നാൽ അതിന്റെ അടിസ്ഥാനം വെറുമൊരു ഊഹമോ നിഗമനമോ മാത്രമായിരിക്കും. സാധ്യതകൾ പലതുമുണ്ടാകാം. നിഗമനങ്ങളിൽ എത്തുന്നവൻ ഒരിക്കലും ഒരു സാധ്യതയിൽ മാത്രം ഒതുങ്ങിനിൽക്കാൻ പാടില്ല. അതുകൊണ്ടാണ് ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞത്: ‘നിന്റെ സഹോദരനിൽ നിന്ന് പുറത്തുവന്ന ഒരു വാക്കിനെക്കുറിച്ച് നീ മോശമായി ഊഹിക്കരുത്; അതിന് നല്ലതൊരു വ്യാഖ്യാനം നൽകാൻ നിനക്ക് കഴിയുന്നിടത്തോളം.’ എന്തുകൊണ്ടാണിത്? കാരണം സാധ്യതകൾ പലതുണ്ട്. നിങ്ങൾ ഉദ്ദേശിച്ച ഒരു സാധ്യതയുണ്ടാകാം, അതല്ലാത്ത രണ്ടാമതൊരു സാധ്യതയുണ്ടാകാം, മൂന്നാമതൊരു സാധ്യതയുണ്ടാകാം. പ്രവൃത്തികളിലും ഇതുപോലെ തന്നെയാണ്. അതിനാൽ അല്ലാഹുവിനുള്ള ഇബാദത്തിൽ സത്യസന്ധനായ ഒരു വിശ്വാസിക്ക് ദേഹേച്ഛയിൽ നിന്ന് മുക്തനാകണമെന്നുണ്ടെങ്കിൽ, വ്യക്തികളുടെ മേൽ വിധികൽപിക്കുന്നതിൽ അന്ധമായി അനുകരിക്കുന്നതിൽ നിന്ന് അവൻ വിട്ടുനിൽക്കണം. എല്ലാവരുടെയും കാര്യത്തിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും ഒരു വാക്ക് കേട്ടാൽ ഉടനെ അത് പ്രചരിപ്പിക്കാതിരിക്കുക. വിലക്കപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ കേട്ടാൽ ഉടനെ അത് പ്രചരിപ്പിക്കരുത്. അന്ധമായ അനുകരണത്തിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അത് ഹവായുടെ കാരണങ്ങളിലൊന്നാണ്, അല്ലെങ്കിൽ ഹവായേക്കാൾ മോശമായ ഒന്നാണ്. അതുകൊണ്ട് വ്യക്തത വരുത്താൻ കഴിയുന്നില്ലെങ്കിൽ നിശ്ശബ്ദനായിരിക്കുക എന്നതാണ് ശറഇന്റെ വിധി. തിന്മകൾ പ്രചരിപ്പിക്കാതിരിക്കുക എന്നതാണ് അടിസ്ഥാനം; നന്മകൾ വർദ്ധിക്കാൻ വേണ്ടി നന്മകൾ മാത്രം പ്രചരിപ്പിക്കുക. അതുവഴി മുസ്‌ലിംകളുടെ ഹൃദയങ്ങൾ ദുർബലമാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഉപസംഹാരം

അല്ലാഹുവിലേക്കുള്ള പ്രബോധകന്റെ സ്വഭാവഗുണങ്ങളും സവിശേഷതകളും എന്ന ഈ മഹത്തായ വിഷയത്തെക്കുറിച്ചുള്ള വളരെ ചുരുങ്ങിയ ചില വാക്കുകളാണിത്. ഈ വാക്കുകൾ ചുരുങ്ങിയതാണെങ്കിലും ഇതിന്റെ ഉള്ളടക്കം ദുർബലമാണെങ്കിലും, ഇത് പൂർണ്ണമായി മനസ്സിലാക്കിയാൽ അത് പ്രയോജനപ്രദമാകുമെന്ന് ഞാൻ കരുതുന്നു. ഈ വാക്കുകൾ കേൾക്കുന്ന ഓരോ സഹോദരനോടും എനിക്ക് പറയാനുള്ളത്, നിങ്ങൾ സ്വന്തത്തെ വിചാരണ ചെയ്തുകൊണ്ട് നിങ്ങളുടെ രക്ഷിതാവിന് മുന്നിൽ നിൽക്കുക എന്നാണ്. കാരണം പ്രബോധനം എന്ന വിഷയം വളരെ ഗൗരവമേറിയതാണ്. ഹദീസിൽ വന്നതുപോലെ:

وَهَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ؟ قَالَ نَعَمْ وَفِيهِ دَخَنٌ…

‘ആ തിന്മയ്ക്ക് ശേഷം വല്ല നന്മയുമുണ്ടോ? അദ്ദേഹം ﷺ പറഞ്ഞു: ‘അതെ, പക്ഷെ അതിൽ ഒരുതരം കലർപ്പുണ്ടായിരിക്കും.’ ഞാൻ ചോദിച്ചു: എന്താണാ കലർപ്പ്? അദ്ദേഹം ﷺ പറഞ്ഞു: ‘എന്റെ മാർഗദർശനമല്ലാത്തത് കൊണ്ട് നേർവഴി കാണിക്കുകയും, എന്റെ സുന്നത്തല്ലാത്തത് പിൻപറ്റുകയും ചെയ്യുന്ന ഒരു വിഭാഗം. അവരിൽ ചില നന്മകൾ നിനക്ക് കാണാം, ചില കാര്യങ്ങൾ നിനക്ക് വെറുക്കാനും കഴിയും.’²⁴

അറിവ് തേടുന്ന വിദ്യാർത്ഥി, അല്ലാഹുവിലേക്കുള്ള പ്രബോധകൻ അവൻ ഒരു മാതൃകയാണ്. താനൊരു മാതൃകയാണെന്ന് അവൻ തിരിച്ചറിയണം. അവന്റെ പ്രവൃത്തികൾ അവനെ മാത്രം ബാധിക്കുന്ന ഒന്നായി അവൻ കണക്കാക്കരുത്, അത് അവന്റെ കൂട്ടായ്മയെ മുഴുവൻ ബാധിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ഒരാൾ രാവിലെ ജോലിക്ക് പോകുമ്പോൾ വണ്ടി കൊണ്ടുപോയി മറ്റൊരാളുടെ വണ്ടിക്ക് തടസ്സമായി വെക്കുന്നു എന്ന് കരുതുക. താടിയൊക്കെയുള്ള, നമസ്കാരത്തിന്റെ അടയാളങ്ങളൊക്കെയുള്ള ഒരാളാണ് അത് ചെയ്തത്; അയാൾ ശറഇന്റെ നിയമം ലംഘിച്ചു. അയാളോട് മറ്റേയാൾ ചോദിക്കുന്നു: ‘നിങ്ങൾക്ക് ഓർമ്മയില്ലേ? ഇത് പാടില്ലാത്തതല്ലേ?’ രാവിലെ ജോലിക്ക് പോകുന്ന ഒരാൾ ഇയാളുടെ ഈ പ്രവൃത്തി കാരണം അര മണിക്കൂർ വൈകുകയും അയാൾക്കത് പല ബുദ്ധിമുട്ടുകൾക്കും കാരണമാകുകയും ചെയ്തു. അയാൾ ഇയാളോട് പറയുന്നു: ‘കുറച്ചെങ്കിലും ബോധം വേണ്ടേ?’ ഇത് ഒരു മുസ്‌ലിമിന്റെ സ്വഭാവമാണോ? മതനിഷ്ഠയുള്ള ഒരാളുടെ സ്വഭാവമാണോ? അതിനാൽ നിങ്ങൾ ഒരു മാതൃകയാണെന്നതാണ് വിഷയം. ഇതൊരു കാഴ്ചപ്പാടാണ്. ചിലർ പറയുന്നു, ‘അവരുടെ ബുദ്ധിയും സ്വഭാവവും ഇങ്ങനെയൊക്കെയാണ്.’ ശരീഅത്തും സ്വഭാവവും മതവും ചില പ്രത്യേക കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. നിങ്ങൾക്ക് നിങ്ങളോട് തന്നെ പ്രാവർത്തികമാക്കാൻ കഴിയുന്ന കാര്യങ്ങൾ വളരെ എളുപ്പമുള്ളവയാണ്, എന്നാൽ മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റത്തിൽ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ അതിനേക്കാൾ ഗൗരവമുള്ളതാണ്. മനുഷ്യർക്കിടയിലുള്ള അവകാശങ്ങൾ വിട്ടുവീഴ്ചയില്ലാത്തതാണ്. അന്ത്യനാളിൽ വിചാരണയുടെ രേഖകൾ മൂന്നെണ്ണമാണ്. ഒരിക്കലും പൊറുക്കപ്പെടാത്ത രേഖ, അതാണ് അല്ലാഹുവിൽ പങ്ക് ചേർക്കൽ (ശിർക്ക്). അല്ലാഹു വിട്ടുവീഴ്ച ചെയ്യാൻ സാധ്യതയുള്ള രേഖ, അത് അടിമക്കും അവന്റെ രക്ഷിതാവിനും ഇടയിലുള്ള കാര്യങ്ങളാണ്. മൂന്നാമത്തേത്, അല്ലാഹു യാതൊന്നും വിട്ടുകളയാത്ത രേഖ; അത് വിട്ടുവീഴ്ചയില്ലാത്ത മനുഷ്യരുടെ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അഥവാ അടിമകൾക്കിടയിലുള്ള ബാധ്യതകളാണത്.

അതിനാൽ ഈ വിഷയത്തിൽ കടുത്ത വിചാരണയുണ്ട്. നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകുക എന്നതാണ് വിഷയം. കേവലം വാക്കുകൾ കൊണ്ടാണോ നിങ്ങൾ പ്രബോധനം നിർവഹിക്കുന്നത്? സ്വഹാബികൾ رَضِيَ اللَّهُ عَنْهُمْ വെറും വാക്കുകളുടെ ആളുകളായിരുന്നോ? അവരെന്താ നമ്മളെപ്പോലെ ഗ്രന്ഥങ്ങളും, പ്രഭാഷണങ്ങളും, ക്ലാസ്സുകളും, ദിവസേനയുള്ള യോഗങ്ങളും ഒക്കെ ഉള്ളവരായിരുന്നോ? അല്ല. പക്ഷെ അവർ ദീൻ പ്രചരിപ്പിച്ചു, നന്മ പ്രചരിപ്പിച്ചു. എങ്ങനെ? കാരണം അവർ ഖുർആൻ പ്രാവർത്തികമാക്കുന്നവരായിരുന്നു. അവരെ കണ്ടാൽ ആളുകൾ അല്ലാഹുവിനെ ഓർക്കുമായിരുന്നു. അവരുടെ നല്ല പെരുമാറ്റം, നല്ല ഇടപാടുകൾ, ജനങ്ങളോടുള്ള കാരുണ്യം, ഔദാര്യം, ഹവായിൽ നിന്നുള്ള അകൽച്ച എന്നിവ കണ്ടാൽ അല്ലാഹുവിനെ ഓർക്കുമായിരുന്നു. ഇതെല്ലാം എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനെ പ്രിയങ്കരമായി കാണുന്നവരിൽ എന്നെയും നിങ്ങളെയും ഉൾപ്പെടുത്താൻ മഹോന്നതനായ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു. രഹസ്യവും പരസ്യവും നന്നാക്കിയവരിൽ അവൻ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. അല്ലാഹുവേ, ഞങ്ങളുടെ രഹസ്യവും പരസ്യവും നീ നന്നാക്കിത്തരേണമേ. അല്ലാഹുവേ, ഞങ്ങളുടെ കാര്യങ്ങൾക്ക് സംരക്ഷണമായ ഞങ്ങളുടെ ദീനിനെ നീ ഞങ്ങൾക്ക് നന്നാക്കിത്തരേണമേ. ഞങ്ങളുടെ ജീവിതമാർഗ്ഗമായ ഞങ്ങളുടെ ദുനിയാവിനെയും നീ ഞങ്ങൾക്ക് നന്നാക്കിത്തരേണമേ. ഞങ്ങളുടെ മടക്കസ്ഥാനമായ ഞങ്ങളുടെ പരലോകത്തെയും നീ ഞങ്ങൾക്ക് നന്നാക്കിത്തരേണമേ. അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളെ നീ ഈമാൻ കൊണ്ട് പ്രകാശിപ്പിക്കേണമേ. അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളെ നീ ദിവ്യബോധനം കൊണ്ട് പ്രകാശിപ്പിക്കേണമേ. ഏറ്റവും വലിയ ഔദാര്യവാനായ അല്ലാഹുവേ, ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും നീ ഇഷ്ടപ്പെടുന്നതും പൊരുത്തപ്പെടുന്നതുമായ കാര്യങ്ങളിലാക്കാൻ നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. അല്ലാഹുവേ, നീ കോപിക്കുന്നതും വെറുക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് നിന്നോട് ഞങ്ങൾ പാപമോചനം തേടുന്നു. തീർച്ചയായും നീ പരിശുദ്ധനും വലിയ ഔദാര്യവാനുമാകുന്നു. അല്ലാഹുവേ, ഞങ്ങൾക്ക് എല്ലാവർക്കും നീ പൊറുത്തുതരേണമേ. നല്ല വാക്കുകളും, പ്രയോജനപ്രദവും ശരിയായതുമായ കർമ്മങ്ങളും ഞങ്ങൾക്ക് നീ നൽകേണമേ. തീർച്ചയായും നീ വലിയ ഔദാര്യവാനും, ധാരാളം നൽകുന്നവനും, ഫദ്ലും ഇഹ്സാനും ഉള്ളവനുമാകുന്നു. അല്ലാഹുവേ, ഞങ്ങൾക്ക് നീ നൽകേണമേ, തീർച്ചയായും നീ ഏറ്റവും വലിയ ഔദാര്യവാനും കരുണാമയനുമാകുന്നു. അല്ലാഹുവേ, നീ ഇഷ്ടപ്പെടുന്നതും പൊരുത്തപ്പെടുന്നതുമായ കാര്യങ്ങളിലേക്ക് ഞങ്ങൾക്കും ഞങ്ങളുടെ ഭരണാധികാരികൾക്കും നീ തൗഫീഖ് നൽകേണമേ. ഈ സമുദായത്തിന് നേർവഴിയുടെ ഒരു കാര്യം നീ നിശ്ചയിക്കേണമേ; അതിൽ നിന്നെ അനുസരിക്കുന്നവർക്ക് പ്രതാപം നൽകപ്പെടുകയും, ധിക്കരിക്കുന്നവർക്ക് ആരോഗ്യം (തെറ്റ് തിരുത്താനുള്ള അവസരം) നൽകപ്പെടുകയും, നന്മ കൽപിക്കപ്പെടുകയും തിന്മ വിരോധിക്കപ്പെടുകയും സത്യത്തിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്യുമാറാകട്ടെ. തീർച്ചയായും നീ പരിശുദ്ധനും വലിയ ഔദാര്യവാനുമാകുന്നു. നമ്മുടെ നബി മുഹമ്മദിന്റെ മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ബറകത്തും ഉണ്ടാകുമാറാകട്ടെ.


    1. യൂസുഫ് 108
    2. അൽ ഖലം 4
    3. സ്വഹീഹ് മുസ്‌ലിം 746
    4. തിർമിദി 2018
    5. തിർമിദി 1987
    6. സ്വഹീഹുൽ ബുഖാരി 3461
    7. അബൂദാവൂദ് 3660
    8. ആലു ഇംറാൻ 104
    9. അശ്ശൂറാ 15
    10. ഫുസ്സിലത്ത് 33
    11. സ്വഹീഹുൽ ബുഖാരി 3610
    12. സ്വഹീഹുൽ ബുഖാരി 1
    13. അബൂദാവൂദ് 4341
    14. സ്വഹീഹുൽ ബുഖാരി 3606
    15. യൂസുഫ് 108
    16. അൽ അൻആം 108
    17. ലുഖ്മാൻ 15
    18. അൽ ഫുർഖാൻ 43
    19. അബൂദാവൂദ് 4980
    20. അത്തൗബ 71
    21. സ്വഹീഹ് മുസ്‌ലിം 1017
    22. സ്വഹീഹുൽ ബുഖാരി 3038 / സ്വഹീഹ് മുസ്‌ലിം 1733
    23. സ്വഹീഹ് മുസ്‌ലിം 2623
    24. സ്വഹീഹുൽ ബുഖാരി 3606
    Share This Article
    Leave a Comment