അല്ലാഹുവിന്റെ ദൈവീകത്വത്തിനുള്ള തെളിവുകൾ നിരവധിയാണ്. കാരണം, തൗഹീദ് (ഏകദൈവാരാധന; അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങളിൽ അവനെ ഏകനാക്കൽ) എന്ന ആശയം ഏറ്റവും മഹത്തായതും സുപ്രധാനവും നിർബന്ധവും എല്ലാ കാര്യങ്ങളിലും വെച്ച് ഏറ്റവും ശ്രേഷ്ഠവുമാണ്. സൃഷ്ടികൾക്ക് അവനോടുള്ള ആവശ്യകതയും അവനിലേക്കുള്ള അനിവാര്യതയും എല്ലാ കണക്കുകൂട്ടലുകൾക്കുമതീതമാണ്. സൃഷ്ടികളുടെ ക്ഷേമവും വിജയവും സന്തോഷവും തൗഹീദുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, അല്ലാഹു ഇതിനുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളും വൈവിധ്യവൽക്കരിച്ചു. ഇതിന്റെ തെളിവുകൾ വ്യക്തവും ശോഭനവുമാണ്. അവയിൽ ഏറ്റവും വ്യക്തവും പ്രധാനപ്പെട്ടതുമായവ ഇവയാണ്:
(1) സൃഷ്ടികളുടെ അംഗീകാരമാണ് ഇതിനുള്ള പ്രധാന തെളിവ്. സ്രഷ്ടാവിനെ നിഷേധിക്കുന്ന ഒരു ചെറിയ കൂട്ടം നിരീശ്വരവാദികൾ ഒഴികെ, അവർ മുസ്‌ലിംകളായാലും അല്ലെങ്കിലും, സദ്‌വൃത്തരായാലും അതിക്രമികളായാലും എല്ലാവരും ഏകാഭിപ്രായത്തോടെ അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിച്ചിരിക്കുന്നു, മറ്റെല്ലാ കാര്യങ്ങളും അവൻ സൃഷ്ടിച്ചതാണെന്നും അവർ വിശ്വസിക്കുന്നു. അവൻ ഉപജീവനം നൽകുന്നവനാണെന്നും മറ്റെല്ലാറ്റിനും അവൻ ഉപജീവനം നൽകുന്നുവെന്നും അവർ സമ്മതിക്കുന്നു; അവൻ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്, മറ്റെല്ലാ കാര്യങ്ങളും നിയന്ത്രിക്കപ്പെടുന്നവയാണ്; അവൻ ഉടമസ്ഥനാണ്, മറ്റെല്ലാറ്റിന്റെയും ഉടമസ്ഥത അവനാണ്. അവനല്ലാതെ മറ്റാരും ആരാധന അർഹിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ സൂചനയാണിത്. അല്ലാഹു പറയുന്നു:
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ۞ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ۞ قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ۞ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ۞ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ۞ سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ۞
‘(നബിയേ,) ചോദിക്കുക: ഈ ഭൂമിയും ഇതിലുള്ളവരും ആരുടേതാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ). അവർ പറയും: അല്ലാഹുവിന്റേതാണ്. നീ പറയുക: എന്നിട്ടും നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴ് ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാണ്? അവർ പറയും: അല്ലാഹുവിന്റേതാണ്. നീ ചോദിക്കുക: എന്നിട്ടും നിങ്ങൾ ഭയപ്പെടുന്നില്ലേ? നീ ചോദിക്കുക: എല്ലാ കാര്യങ്ങളുടെയും ആധിപത്യം ഒരുവന്റെ കൈയിലായിരിക്കുകയും, അവൻ അഭയം നൽകുകയും, അവനെതിരായി (മറ്റാർക്കും) അഭയം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നത് ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ). അവർ പറയും: അത് അല്ലാഹുവിനാണ്. നീ പറയുക: പിന്നെ എങ്ങനെയാണ് നിങ്ങൾ മായാവലയത്തിൽ പെട്ടുപോകുന്നത്?’¹
തന്റെ മഹത്വവും പ്രതാപവും ഇത്രമേൽ വലുതായ, തന്റെ ഏകത്വത്തിൽ അതുല്യനായ അവൻ മാത്രമാണ് അനന്യമായ ആരാധനയ്ക്കും ഭക്തിക്കും അർഹൻ എന്ന് മനസ്സിലാക്കാൻ ഒറ്റനോട്ടത്തിൽ തന്നെ ബുദ്ധിയെ നയിക്കുന്ന വ്യക്തമായ തെളിവാണിത്.
(2) രക്ഷിതൃത്വത്തിന്റെ (റൂബൂബിയ്യത്ത്) തെളിവ്: സൃഷ്ടിപ്പ്, ഉപജീവനം, ഉടമസ്ഥത, എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം എന്നിവയിൽ അല്ലാഹു ഏകനാണെന്ന് സൂചിപ്പിക്കുന്ന ഓരോ തെളിവുകളും അവന്റെ ഉലൂഹിയ്യത്തിനുള്ള (ദൈവീകത്വം) തെളിവാണ്; അതുപോലെ അവൻ മാത്രമാണ് ആരാധന അർഹിക്കുന്നവൻ എന്നതിനും ഇത് തെളിവാണ്.
അല്ലാഹു പറയുന്നു:
أَمِ اتَّخَذُوا آلِهَةً مِّنَ الْأَرْضِ هُمْ يُنشِرُونَ ۞ لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا ۚ فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ ۞ لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ ۞ أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ هَٰذَا ذِكْرُ مَن مَّعِيَ وَذِكْرُ مَن قَبْلِي ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ ۖ فَهُم مُّعْرِضُونَ ۞
‘അതല്ല, അവർ ഭൂമിയിൽ നിന്ന് ചില ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? അവരാണോ (മരിച്ചവരെ) ഉയിർത്തെഴുന്നേൽപിക്കുന്നത്? അവ (ആകാശഭൂമികൾ) രണ്ടിലും അല്ലാഹുവല്ലാത്ത മറ്റ് ദൈവങ്ങളുണ്ടായിരുന്നെങ്കിൽ അവ രണ്ടും തകരുമായിരുന്നു. അപ്പോൾ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹു, അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധൻ! അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. എന്നാൽ അവർ ചോദ്യം ചെയ്യപ്പെടുന്നതാണ്. അതല്ല, അവന് പുറമെ അവർ മറ്റ് ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: നിങ്ങളുടെ പ്രമാണം നിങ്ങൾ കൊണ്ടുവരുവിൻ. ഇതാ, എന്റെ കൂടെയുള്ളവർക്കുള്ള ഉൽബോധനം, എനിക്ക് മുമ്പുള്ളവർക്കുള്ള ഉൽബോധനവും. എന്നാൽ അവരിൽ അധികപേരും സത്യം മനസ്സിലാക്കുന്നില്ല. അതിനാൽ അവർ തിരിഞ്ഞുകളയുകയാകുന്നു.’²
- അൽമുഅ്മിനൂൻ 23:84-89.
- അൽഅൻബിയാഅ് 21:21-24