തർക്കങ്ങൾക്ക് മീതെയാണ് സത്യം

3 Min Read
ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ

നീതി എന്നത് നാം ഇഷ്ടപ്പെടുന്നവരോട് മാത്രം കാണിക്കേണ്ട ഒരു സൽസ്വഭാവമോ, അഭിപ്രായത്തിലും നിലപാടിലും നമ്മോട് യോജിക്കുന്നവർക്ക് മാത്രം നൽകേണ്ട ഒരു ഔദാര്യമോ അല്ല. മറിച്ച്, മനസ്സുകൾ തമ്മിൽ ഭിന്നിക്കുകയും, നിലപാടുകൾ അകലുകയും, തർക്കങ്ങൾ രൂക്ഷമാവുകയും ചെയ്യുമ്പോഴാണ് നീതിയുടെ യാഥാർത്ഥ്യം വെളിപ്പെടുന്നത്. അവിടെ, സ്വന്തം തന്നിഷ്ടങ്ങൾ സന്നിഹിതമാകുമ്പോഴും, കോപം അടുത്തെത്തുമ്പോഴും, സ്വന്തത്തിന് വേണ്ടി പകരം ചോദിക്കാൻ മനസ്സ് തയ്യാറെടുക്കുമ്പോഴുമാണ് അതിമഹത്തായതും വ്യക്തവുമായ ഖുർആനിന്റെ വിളി വന്നെത്തുന്നത്:

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ

‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള ശത്രുത നീതി കാണിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങൾ നീതി പാലിക്കുക, അതാണ് തഖ്‌വയോട് (സൂക്ഷ്മതയോട്) ഏറ്റവും അടുത്തത്.’¹

നാം വിയോജിക്കുന്ന ആളുകളെ സ്നേഹിക്കണമെന്നോ, അവർ പറയുന്ന ബാത്വിലായ (അസത്യമായ) കാര്യങ്ങളിൽ അവരോട് യോജിക്കണമെന്നോ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നില്ല. എന്നാൽ നമ്മുടെ മനസ്സുകളിലെ വിയോജിപ്പ് അതിക്രമമായി മാറാതിരിക്കാനും, കോപം അനീതിയായി മാറാതിരിക്കാനും, തർക്കങ്ങൾ നമ്മെ സത്യത്തിന്റെ അതിരുകൾ ലംഘിക്കാൻ പ്രേരിപ്പിക്കാതിരിക്കാനും അവൻ നമ്മോട് കൽപ്പിക്കുന്നു.

ഒരു മനുഷ്യൻ നിങ്ങളോട് തെറ്റ് ചെയ്തേക്കാം, നിങ്ങളെ ദ്രോഹിച്ചേക്കാം, അല്ലെങ്കിൽ ഒരു അടിസ്ഥാന കാര്യത്തിലോ നിലപാടിലോ അഭിപ്രായത്തിലോ നിങ്ങളോട് വിയോജിച്ചേക്കാം. എന്നാൽ അവൻ നിങ്ങളെ ദ്രോഹിച്ചു എന്നത് അവനോട് അനീതി കാണിക്കാൻ നിങ്ങൾക്ക് അനുവാദം നൽകുന്നില്ല. അവൻ നിങ്ങളോട് ചെയ്ത തെറ്റ്, അവനോട് നീതി കാണിക്കുക എന്ന നിങ്ങളുടെ ബാധ്യതയെ ഇല്ലാതാക്കുന്നുമില്ല.

അതുകൊണ്ട് തന്നെയാണ് നീതി എന്നത് വ്യക്തികൾ മാറുന്നതിനനുസരിച്ച് മാറാത്ത ഒരു തുലാസായി നിലകൊള്ളുന്നത്.

നിങ്ങൾ വിയോജിക്കുന്ന ആളാണെങ്കിൽ പോലും സത്യം പറയുക, അവൻ നന്മ ചെയ്താൽ അവന്റെ ശ്രേഷ്ഠത അംഗീകരിക്കുക, അവന്റെ വാക്കുകൾ നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിലല്ല മറിച്ച് അവൻ പറഞ്ഞ രൂപത്തിൽ തന്നെ അവനിലേക്ക് ചേർത്തുപറയുക, അവന്റെ തെറ്റുകൾക്കൊപ്പം അവന്റെ ശരിയായ കാര്യങ്ങളും പരാമർശിക്കുക, നിങ്ങൾക്കെതിരെയുള്ള അതിക്രമം നിങ്ങൾ എങ്ങനെ വെറുക്കുന്നുവോ അതുപോലെ അവനെതിരെയുള്ള അതിക്രമവും നിങ്ങൾ വെറുക്കുക; ഇതെല്ലാം തഖ്‌വയുള്ളവരുടെ സൽസ്വഭാവങ്ങളാണ്.

ഇൻസാഫ് (നീതിപൂർവ്വമായ സമീപനം) എന്നത് ‘അവൻ എന്റെ എതിരാളിയാണ്, അതിനാൽ അവനിലുള്ളതെല്ലാം ബാത്വിലാണ്’ എന്ന് പറയലല്ല. മറിച്ച്, ‘അവൻ എന്റെ എതിരാളിയാണ്, എന്നാൽ എന്നെക്കാളും അവനെക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സത്യമാണ്’ എന്ന് പറയലാണ് യഥാർത്ഥ നീതി.

ഇത് ഈമാനിന്റെ അതിസൂക്ഷ്മമായ തലങ്ങളിൽ പെട്ടതാണ്. കാരണം, ഒരു മനുഷ്യന് ഒരുപക്ഷേ വാക്കുകൾ കൊണ്ടോ, അപകീർത്തിപ്പെടുത്തിയോ, ഒരു ചെറിയ വീഴ്ചയെ പർവ്വതീകരിച്ചോ, നിലപാടുകളെ ഏറ്റവും മോശമായ രീതിയിൽ വ്യാഖ്യാനിച്ചോ സ്വന്തത്തിന് വേണ്ടി പകരം ചോദിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അല്ലാഹു തന്നെ കാണുന്നുണ്ടെന്നും, തർക്കങ്ങൾ വിചാരണയിൽ നിന്ന് തന്നെ ഒഴിവാക്കില്ലെന്നും ഓർക്കുമ്പോൾ അവൻ അതിൽ നിന്ന് വിട്ടുനിൽക്കുന്നു.

അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ

‘നിങ്ങൾ നീതി പാലിക്കുക, അതാണ് തഖ്‌വയോട് (സൂക്ഷ്മതയോട്) ഏറ്റവും അടുത്തത്.’²

നീതിയും തഖ്‌വയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അല്ലാഹുവിനെക്കുറിച്ചുള്ള ഒരു ദാസന്റെ ഭയം എത്രത്തോളം ശക്തമാകുന്നുവോ, ജനങ്ങളോടുള്ള അവന്റെ നീതിയും അത്രത്തോളം ശക്തമാകും. തഖ്‌വ ദുർബ്ബലമാകുമ്പോഴെല്ലാം, സ്വന്തം തന്നിഷ്ടങ്ങൾക്കും പ്രതികാരത്തിനും ഇകഴ്ത്തലുകൾക്കും മനുഷ്യൻ ഒട്ടനവധി ന്യായീകരണങ്ങൾ കണ്ടെത്തും.

പ്രകോപനങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ കഴിയുകയെന്നത് വളരെ ഉന്നതമായ ഒരു പദവിയാണ്. താൻ തീവ്രമായി സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സത്യവും, സ്വന്തത്തിന് വേണ്ടി പ്രതികാരം ചെയ്യാൻ വെമ്പുന്ന മനസ്സും തമ്മിൽ വേർതിരിച്ചറിയാൻ അവന് സാധിക്കണം. എല്ലാ കോപവും അല്ലാഹുവിന് വേണ്ടിയുള്ളതല്ല, എല്ലാ മറുപടികളും സത്യത്തെ സഹായിക്കുന്നതല്ല, എല്ലാ കാഠിന്യവും ശക്തിയുമല്ല.

അതുകൊണ്ടുതന്നെ, അഭിപ്രായവ്യത്യാസങ്ങൾ ഒരു മനുഷ്യന്റെ നീതിബോധത്തെ നശിപ്പിക്കാൻ പാടില്ല. വിയോജിക്കുന്ന വ്യക്തിയെ എല്ലാ ശ്രേഷ്ഠതകളിൽ നിന്നും ഒഴിവാക്കപ്പെട്ടവനായി ചിത്രീകരിക്കാനോ, ഒരു ചെറിയ വീഴ്ചയുടെ പേരിൽ അയാളുടെ സൽകർമ്മങ്ങളുടെ മുഴുവൻ ചരിത്രവും മായ്ച്ചുകളയാനോ അത് കാരണമാകരുത്. നാം വിയോജിച്ചേക്കാം, മറുപടി നൽകിയേക്കാം, വിമർശിച്ചേക്കാം, മുന്നറിയിപ്പ് നൽകിയേക്കാം; എന്ന് മാത്രമല്ല നന്മയും സത്യവും ആവശ്യപ്പെടുമ്പോൾ നാം കടുത്ത നിലപാടുകൾ സ്വീകരിച്ചെന്നും വരാം; എന്നാൽ ഇതിനെല്ലാം മുകളിലായി ഒരിക്കലും വീഴാത്ത ഒരു തുലാസ് അവശേഷിക്കുന്നുണ്ട്: അതാണ് നീതി.


  1. സൂറ അൽമാഇദ – 8
  2. സൂറ അൽമാഇദ – 8
Share This Article
Leave a Comment