ഹംസ (رَضِيَ اللَّهُ عَنْهُ)യുടെ വധം: ചരിത്രത്തിലെ നുണയും പ്രമാണങ്ങളിലെ സത്യവും

സമൂഹത്തിൽ വളരെ വ്യാപകമായി പ്രചരിക്കപ്പെട്ടതും, ഒരുപക്ഷേ നമ്മളിൽ ഭൂരിഭാഗം ആളുകളും ശരിയാണെന്ന് വിശ്വസിക്കുന്നതുമായ ഒരു വലിയ കള്ളക്കഥയാണ് പ്രവാചകന്റെ ﷺ പിതൃവ്യനായ ഹംസത്തുബ്നു അബ്ദുൽ മുത്തലിബിന്റെ (رَضِيَ اللَّهُ عَنْهُ) വധവുമായി ബന്ധപ്പെട്ടുള്ളത്. ഉഹ്ദ് യുദ്ധത്തിൽ മഹാനായ ഹംസ(رَضِيَ اللَّهُ عَنْهُ)യെ വധിച്ചത് വഹ്ശി(رَضِيَ اللَّهُ عَنْهُ) ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ ദൗത്യം വഹ്ശിയെ ഏൽപ്പിച്ചത് അബൂസുഫ്‌യാന്റെ ഭാര്യയായ ഹിന്ദ് ബിൻത് ഉത്ബ(رَضِيَ اللَّهُ عَنْهَا) ആണെന്നും, ഹംസ(رَضِيَ اللَّهُ عَنْهُ) വധിക്കപ്പെട്ട ശേഷം ഹിന്ദ് അദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കുകയും കരൾ പിളർന്നെടുത്ത് ചവച്ചുതുപ്പുകയും ചെയ്തു എന്നുമുള്ള കെട്ടുകഥകൾ നമ്മളിൽ പലരും കേട്ടിട്ടുണ്ട്. പ്രസംഗങ്ങളിലും എഴുത്തുകളിലുമെല്ലാം യാതൊരു അടിസ്ഥാനവുമില്ലാതെ ഈ സംഭവം ഉദ്ധരിക്കപ്പെട്ടത് കാരണം പലരും ഇത് ശരിയാണെന്ന് ധരിച്ചുവെച്ചിരിക്കുന്നു. എന്നാൽ ഈ വിഷയത്തിന്റെ സത്യാവസ്ഥ നാം ഓരോരുത്തരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ കഥയിലൂടെ മോശക്കാരായി ചിത്രീകരിക്കപ്പെടുന്ന ഹിന്ദ്, അവരുടെ ഭർത്താവ് അബൂസുഫ്‌യാൻ, ഹംസയെ വധിച്ച വഹ്ശി എന്നിവരെല്ലാം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകന്റെ ﷺ സ്വഹാബികളായിത്തീരുകയും ചെയ്തവരാണ് (رَضِيَ اللَّهُ عَنْهُمْ).

ഹംസ(رَضِيَ اللَّهُ عَنْهُ) പ്രവാചകന്റെ ﷺ പിതൃവ്യൻ മാത്രമല്ല, അബൂലഹബിന്റെ അടിമയായിരുന്ന സുവൈബയിൽ നിന്ന് പ്രവാചകനോടൊപ്പം മുലകുടിച്ച സഹോദരൻ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ നബി ﷺ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചു. അസാമാന്യ ധീരനായിരുന്ന ഹംസ(رَضِيَ اللَّهُ عَنْهُ) ഇസ്‌ലാം സ്വീകരിച്ചത് ദീനിന് വലിയ കരുത്തും ധൈര്യവും പകർന്നു. അദ്ദേഹത്തെ നേരിട്ട് യുദ്ധം ചെയ്ത് പരാജയപ്പെടുത്തുക അസാധ്യമായതുകൊണ്ടാണ് ഒളിയാക്രമണത്തിലൂടെ വധിക്കാൻ ശത്രുക്കൾ തീരുമാനിച്ചത്. ബദർ യുദ്ധത്തിൽ ഹംസയുടെ(رَضِيَ اللَّهُ عَنْهُ) കൈകളാൽ നിരവധി ശത്രു പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. അവരിൽപ്പെട്ട ത്വയ്മത്ത് ബിൻ അദിയ്യ് എന്നയാൾക്ക് പകരമായാണ് അദ്ദേഹത്തിന്റെ സഹോദരപുത്രനായ ജുബൈർ ബിൻ മുത്ഇം(رَضِيَ اللَّهُ عَنْهُ), തന്റെ അടിമയായിരുന്ന വഹ്ശിയെ(رَضِيَ اللَّهُ عَنْهُ) ഈ കൃത്യം ചെയ്യാൻ ഏൽപ്പിച്ചത്. “എന്റെ പിതൃവ്യന് പകരമായി നീ ഹംസയെ കൊന്നാൽ നീ സ്വതന്ത്രനാണ്” എന്നതായിരുന്നു ജുബൈർ വഹ്ശിക്ക് നൽകിയ വാഗ്ദാനം. അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് ഏറ്റവും വലിയ പ്രലോഭനമായിരുന്നു. ഈ വാഗ്ദാനമാണ് ആ ദൗത്യം ഏറ്റെടുക്കാൻ വഹ്ശിയെ പ്രേരിപ്പിച്ചത്. ഇമാം ബുഖാരി(رحمه الله) അടക്കമുള്ളവർ സ്വഹീഹായി ഉദ്ധരിക്കുന്ന ഹദീസുകളിൽ ഈ സംഭവം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. ഹിന്ദ്(رَضِيَ اللَّهُ عَنْهَا) വഹ്ശിയെ(رَضِيَ اللَّهُ عَنْهُ) ഏൽപ്പിച്ചു എന്ന് പറയുന്നതിന് സ്വീകാര്യയോഗ്യമായ ഒരു ചരിത്രരേഖയുമില്ല. അത് ശീഇകൾ കെട്ടിച്ചമച്ച നുണ മാത്രമാണ്.

വർഷങ്ങൾക്കു ശേഷം മക്കാ വിജയനാളിൽ പ്രവാചകൻ ﷺ തന്നെ വധിക്കുമെന്ന് ഭയന്ന് വഹ്ശി(رَضِيَ اللَّهُ عَنْهُ) ത്വാഇഫിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പ്രവാചകന്റെ ﷺ സന്നിധിയിലെത്തി. പ്രവാചകൻ ﷺ അദ്ദേഹത്തോട് ചോദിച്ചു: “നീയാണോ ഹംസയെ കൊന്നത്?”. വഹ്ശി(رَضِيَ اللَّهُ عَنْهُ) തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു: “അതെ, താങ്കളുടെ അടുക്കലെത്തിയ വാർത്ത ശരിയാണ്”. തന്റെ പ്രിയപ്പെട്ട സഹോദരനും പിതൃവ്യനുമായ ഹംസ(رَضِيَ اللَّهُ عَنْهُ)യെ വധിച്ചയാളെ കാണുന്നത് പ്രവാചകന് ﷺ വലിയ മനോവിഷമമുണ്ടാക്കി. അതിനാൽ അവിടുന്ന് പ്രതികാരം ചെയ്യുകയോ ഇസ്‌ലാമിൽ നിന്ന് പുറത്താക്കുകയോ ചെയ്തില്ല, മറിച്ച് വളരെ വേദനയോടെ ഇപ്രകാരം പറഞ്ഞു: “നിന്റെ മുഖം എന്റെ മുന്നിൽ നിന്ന് മാറ്റിവെക്കാൻ നിനക്ക് സാധിക്കുമോ?”. ആ മനുഷ്യന്റെ ഇസ്‌ലാം പൂർണ്ണമായി അംഗീകരിച്ചപ്പോഴും, അദ്ദേഹത്തെ കാണുന്നത് തനിക്ക് നൽകുന്ന വേദന കാരണമാണ് പ്രവാചകൻ ﷺ അങ്ങനെ ആവശ്യപ്പെട്ടത്. ഇതിനുശേഷമാണ് വഹ്ശി(رَضِيَ اللَّهُ عَنْهُ) പ്രവാചകന്റെ ﷺ കൺവെട്ടത്ത് വരാതെ ഹിംസിലേക്ക് താമസം മാറിയത്.

ഇവിടെയാണ് എന്തുകൊണ്ട് ഈ ചരിത്രം വളച്ചൊടിക്കപ്പെട്ടു എന്ന് നാം മനസ്സിലാക്കേണ്ടത്. അലി(رَضِيَ اللَّهُ عَنْهُ)വിനെതിരെ രാഷ്ട്രീയമായി നിലകൊണ്ടു എന്ന കാരണത്താൽ മുആവിയ(رَضِيَ اللَّهُ عَنْهُ)വിനെതിരെ കടുത്ത വിരോധം വെച്ചുപുലർത്തുന്നവരാണ് ശീഇകൾ. പിൽക്കാലത്ത് വരുന്ന മുസ്‌ലിംകളുടെ മനസ്സിൽ മുആവിയ(رَضِيَ اللَّهُ عَنْهُ)വിനോട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ ഉമ്മയായ ഹിന്ദിന്റെ(رَضِيَ اللَّهُ عَنْهَا) പേരിൽ ഇത്രയും നീചമായ ഒരു കള്ളക്കഥ അവർ പ്രചരിപ്പിച്ചത്. മുആവിയ(رَضِيَ اللَّهُ عَنْهُ)യെയും അദ്ദേഹവുമായി ബന്ധപ്പെട്ട സ്വഹാബികളെയുമെല്ലാം കാഫിറുകളായി ചിത്രീകരിക്കുകയും, അബൂബക്ർ, ഉമർ, ഉസ്മാൻ, ആഇശ (رَضِيَ اللَّهُ عَنْهُمْ أَجْمَعِينَ) തുടങ്ങിയ ഉന്നതരായ സ്വഹാബികളെ ഫിർഔനിനെക്കാൾ നീചന്മാരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ശീഇകൾ. അതിനാൽ, അവരുടെ ഈ കള്ളപ്രചരണങ്ങളിൽ ഒരു വിശ്വാസിയും വഞ്ചിതരാകരുത്. ഹിന്ദ്(رَضِيَ اللَّهُ عَنْهَا), വഹ്ശി(رَضِيَ اللَّهُ عَنْهُ), അബൂസുഫ്‌യാൻ(رَضِيَ اللَّهُ عَنْهُ), മുആവിയ(رَضِيَ اللَّهُ عَنْهُ) എന്നിവരെല്ലാം പ്രവാചകന്റെ ﷺ സ്വഹാബികളാണ്. അവരിൽ ആരോടെങ്കിലും നമ്മുടെ മനസ്സിൽ വെറുപ്പോ വിദ്വേഷമോ ഉണ്ടാകാൻ പാടില്ല. അത്തരം ചിന്തകൾ നമ്മുടെ ഈമാനിനെയാണ് കളങ്കപ്പെടുത്തുന്നത്.

📝 സഫീർ അൽ ഹികമി. (ജുമുഅ ഖുത്ബ 25/07/2025)

Share This Article
Leave a Comment