പ്രവാചക ശിഷ്യന്മാരിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് മുആവിയ (رَضِيَ اللَّهُ عَنْهُ). ഹസൻ (رَضِيَ اللَّهُ عَنْهُ) ഖിലാഫത്ത് ഒഴിഞ്ഞുകൊടുത്തതിലൂടെ ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ രാജാവായിത്തീർന്ന അദ്ദേഹത്തെക്കുറിച്ച്, പക്ഷപാതികളായ ചരിത്രകാരന്മാർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിശിഷ്യാ, ശീഈ പക്ഷപാദിത്വവും അമവികളോടുള്ള വിരോധവും തലയിലേറ്റി ചരിത്രമെഴുതിയവർ അദ്ദേഹത്തിന്റെ മഹത്വത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചു. അത്തരം തെറ്റിദ്ധാരണകളിൽ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷണവുമായി ബന്ധപ്പെട്ടത്. മക്കം ഫത്ഹിന്റെ സമയത്ത് നിർബന്ധിതാവസ്ഥയിൽ ഇസ്‌ലാം സ്വീകരിച്ച “തുലഖാഇൽ” (മക്കയിൽ വെച്ച് നബി ﷺ മോചിപ്പിച്ചവരിൽ) പെട്ടയാളാണ് മുആവിയ എന്നും, അതിനാൽ മറ്റു സ്വഹാബികളുടെ പദവി അദ്ദേഹത്തിനില്ലെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈ ആരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കേണ്ടത് ഓരോ വിശ്വാസിക്കും അനിവാര്യമാണ്.
ഒന്നാമതായി മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമുണ്ട്. മക്കം ഫത്ഹിന് മുമ്പോ ശേഷമോ ആവട്ടെ, ഇസ്‌ലാം സ്വീകരിച്ച എല്ലാ സ്വഹാബികൾക്കും അല്ലാഹു ﷻ ഏറ്റവും ഉത്തമമായ പ്രതിഫലം (അൽ-ഹുസ്ന), അഥവാ സ്വർഗ്ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. മക്കം ഫത്ഹിന് മുമ്പ് ഇസ്‌ലാമിന് വേണ്ടി ധനം ചെലവഴിക്കുകയും സമരം ചെയ്യുകയും ചെയ്തവർക്ക് ശേഷക്കാരേക്കാൾ ഉയർന്ന പദവിയുണ്ടെന്നത് ശരിയാണ്, എന്നാൽ ഇരു വിഭാഗത്തിനും അല്ലാഹുവിന്റെ വാഗ്ദാനമുണ്ട്. അതിനാൽ, മക്കം ഫത്ഹിന്റെ സമയത്താണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതെന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാൽ പോലും അത് അദ്ദേഹത്തിന്റെ മഹത്വത്തെ കുറയ്ക്കുന്നില്ല.
എന്നാൽ, ചരിത്ര യാഥാർത്ഥ്യം ഈ ആരോപണത്തിന് എതിരാണ്. മുആവിയ (رَضِيَ اللَّهُ عَنْهُ) എപ്പോഴാണ് ഇസ്‌ലാം സ്വീകരിച്ചത് എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ഒന്ന്, മക്കം ഫത്ഹിന്റെ വർഷമായ ഹിജ്റ എട്ടാം വർഷം. രണ്ട്, അതിനും ഒരു വർഷം മുമ്പ്, ഹിജ്റ ഏഴാം വർഷം നബി ﷺ നിർവഹിച്ച ഉംറത്തുൽ ഖളാഇന്റെ സന്ദർഭത്തിൽ. ഇതിൽ രണ്ടാമത്തെ അഭിപ്രായമാണ് ഏറ്റവും പ്രബലമായത്. ഇമാം ദഹബി (رحمه الله) പോലുള്ള പ്രമുഖ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്, ഉംറത്തുൽ ഖളാഇന്റെ സമയത്ത് മുആവിയ (رَضِيَ اللَّهُ عَنْهُ) ഇസ്‌ലാം സ്വീകരിച്ചിരുന്നു എന്നാണ്. എന്നാൽ, അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത തന്റെ പിതാവ് അബൂസുഫ്‌യാനെ ഭയന്ന് അദ്ദേഹം ആ വിവരം രഹസ്യമാക്കി വെച്ചു. പിന്നീട് മക്കം ഫത്ഹിന്റെ നാളിൽ പിതാവും ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹം തന്റെ ഇസ്‌ലാം പരസ്യമാക്കുകയാണുണ്ടായത്.
ഈ പ്രബലമായ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്ന സുപ്രധാനമായ ഒരു തെളിവ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസിലുണ്ട്. മുആവിയ (رَضِيَ اللَّهُ عَنْهُ) പറയുന്നു: “ഞാൻ ഒരു കത്രിക കൊണ്ട് നബി ﷺ യുടെ മുടി വെട്ടി ഒതുക്കിക്കൊടുത്തു”. ഇത് നടന്നത് നബി ﷺ ഹജ്ജത്തുൽ വദാഇൽ തല മുണ്ഡനം ചെയ്യുന്നതിന് മുമ്പുള്ള ഒരു ഉംറയിലായിരുന്നു. ഇമാം ഇബ്നു ഹജർ (رحمه الله) അടക്കമുള്ള പണ്ഡിതന്മാർ വിശദീകരിക്കുന്നത് ഈ സംഭവം നടന്നത് ഹിജ്റ ഏഴിലെ ഉംറത്തുൽ ഖളാഇനെ തുടർന്നാണെന്നാണ്. പ്രവാചകന്റെ ﷺ മുടിവെട്ടിക്കൊടുക്കാൻ മാത്രം വിശ്വസ്തനും അടുത്തയാളുമായിരുന്നു അന്ന് മുആവിയ (رَضِيَ اللَّهُ عَنْهُ) എന്ന് ഇത് വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ സമയം ഏതായിരുന്നാലും, ഇസ്‌ലാമിന് അദ്ദേഹം നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം നബി ﷺ യുടെ വഹിയ്യിന്റെ (ദിവ്യബോധനത്തിന്റെ) എഴുത്തുകാരിൽ ഒരാളായിരുന്നു. തബൂക്ക് യുദ്ധത്തിൽ പ്രവാചകനോടൊപ്പം പങ്കെടുത്തുകൊണ്ട്, അല്ലാഹു ﷻ പശ്ചാത്താപം സ്വീകരിച്ചു എന്ന് പ്രശംസിച്ച വിഭാഗത്തിൽ ഉൾപ്പെട്ടു. മാത്രമല്ല, “ഒരു നാവികപ്പട കടൽ താണ്ടി യുദ്ധം ചെയ്യും, അവർ സ്വർഗ്ഗം അനിവാര്യമാക്കിയിരിക്കുന്നു” എന്ന് നബി ﷺ പ്രവചിച്ച ആ സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ മുആവിയ (رَضِيَ اللَّهُ عَنْهُ) ആയിരുന്നു. ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ സ്ഥാനവും മഹത്വവും വിളിച്ചോതുന്നു.
അഹ്ലുസ്സുന്നയുടെ ഉന്നതരായ പണ്ഡിതന്മാർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഈ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. ഇമാം ഇബ്നു ഖുദാമ അൽ മഖ്ദിസി (رحمه الله) അദ്ദേഹത്തെ “വിശ്വാസികളുടെ അമ്മാവൻ” (ഖാലുൽ മുഅ്മിനീൻ) എന്ന് വിശേഷിപ്പിച്ചു, കാരണം അദ്ദേഹത്തിന്റെ സഹോദരി ഉമ്മു ഹബീബ (رَضِيَ اللَّهُ عَنْهَا) പ്രവാചകന്റെ ﷺ ഭാര്യയായിരുന്നു. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (رحمه الله) പറഞ്ഞു: “മുസ്‌ലിം രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ മുആവിയയാണ്, അദ്ദേഹത്തിന്റെ ഭരണം കാരുണ്യത്തിന്റെ ഭരണമായിരുന്നു (മുൽക്കൻ റഹ്മ)”. ഇമാം ഇബ്നു കസീർ (رحمه الله) അദ്ദേഹത്തിന്റെ വിവേകം, പ്രൗഢി, ഔദാര്യം, നീതി എന്നിവയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ ഉമ്മത്ത് ഒന്നിച്ചുനിന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇമാം ദഹബി (رحمه الله) അദ്ദേഹത്തെ “അമീറുൽ മുഅ്മിനീൻ”, “മലിക്കുൽ ഇസ്‌ലാം” (ഇസ്‌ലാമിന്റെ രാജാവ്) എന്ന് വിശേഷിപ്പിച്ചു.
ചുരുക്കത്തിൽ, മുആവിയ (رَضِيَ اللَّهُ عَنْهُ) നെതിരെയുള്ള ആരോപണങ്ങൾ അബ്ബാസി-അമവി രാഷ്ട്രീയ ശത്രുതയുടെയും ശീഈ വിദ്വേഷത്തിന്റെയും ഫലമായി പക്ഷപാതികളായ എഴുത്തുകാർ പടച്ചുവിട്ടതാണ്. ചില പണ്ഡിതന്മാർ പറഞ്ഞതുപോലെ, മുആവിയ (رَضِيَ اللَّهُ عَنْهُ) സ്വഹാബികൾക്ക് മുന്നിലുള്ള ഒരു മറയാണ്. ആ മറയെ പിച്ചിച്ചീന്താൻ ശ്രമിക്കുന്നവർ ലക്ഷ്യം വെക്കുന്നത് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന് പിന്നിലുള്ള മുഴുവൻ സ്വഹാബികളെയുമാണ്. എന്നാൽ നീതിയുടെ തുലാസിൽ ചരിത്രത്തെ സമീപിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ രചനകളിൽ, മുആവിയ (رَضِيَ اللَّهُ عَنْهُ) പ്രവാചകന്റെ ﷺ വിശ്വസ്തനായ എഴുത്തുകാരനും, ഉമ്മത്തിന്റെ സ്നേഹനിധിയായ അമ്മാവനും, ഇസ്‌ലാമിക ലോകത്തെ ഏറ്റവും ശ്രേഷ്ഠനായ ഭരണാധികാരിയുമാണ്.


