പ്രതിസന്ധിഘട്ടങ്ങളിലും ഗൗരവമേറിയ സംഭവവികാസങ്ങളിലും ത്വാലിബുൽ ഇൽമ് പാലിക്കേണ്ട ബാധ്യതകൾ

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

​ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. അല്ലാഹുവിന്റെ അടിമയും ദൂതനുമായ മുഹമ്മദ് നബി ﷺ യുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വർഷിക്കുമാറാകട്ടെ.

​സത്യവിശ്വാസികളേ,

സംഭവവികാസങ്ങളിൽ പെട്ടതാണ് മുസ്ലിം നാടുകളിൽ ഒന്നിനുപിറകെ ഒന്നായി മാറിമാറി വന്നുകൊണ്ടിരിക്കുന്ന കുഴപ്പങ്ങൾ (ഫിത്‌നകൾ). ഒരു നാട്ടിൽ വൈകുന്നേരം അതാരംഭിക്കുന്നുവെങ്കിൽ, നേരം പുലരുമ്പോഴേക്കും മറ്റൊരു നാട്ടിലേക്ക് അത് വ്യാപിക്കുന്നു. സൃഷ്ടികളുടെ ബാധ്യതകൾ (ഉത്തരവാദിത്തങ്ങൾ) ഇത്തരം സാഹചര്യങ്ങളിൽ വിവിധങ്ങളായ വിധിവിലക്കുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിജ്ഞാനകുതുകികൾ (ത്വാലിബുൽ ഇൽമ്) ഈ ഗണത്തിൽ പ്രധാനപ്പെട്ടവരാണ്. ഇത്തരം സന്ദർഭങ്ങളിൽ അവർ തങ്ങളുടെ കാര്യങ്ങളിൽ സൂക്ഷിക്കേണ്ടതും എല്ലാ സാഹചര്യങ്ങളിലും നിലനിർത്തേണ്ടതുമായ ചില അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടതാണ് അവരുടെ ഉത്തരവാദിത്തങ്ങൾ. ഈ സംഭവവികാസങ്ങളിൽ അവർ പറയുന്നതോ പ്രവർത്തിക്കുന്നതോ സ്വീകരിക്കുന്നതോ ഉപേക്ഷിക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് അല്ലാഹു ﷻ വിന്റെ ചോദ്യത്തിൽ നിന്ന് മോചനവും രക്ഷയും ലഭിക്കാൻ വേണ്ടിയാണിത്.
​അത്തരം അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്:

1. കാര്യങ്ങൾ അതിന്റെ ആളുകളിലേക്ക് മടക്കുക; അവരിൽ മതിയാക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യുക.


​അല്ലാഹു ﷻ പറയുന്നു:

وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۦ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰٓ أُولِى الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُۥ مِنْهُمْ ۗ

“അവർക്ക് സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വർത്തമാനവും വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും (ഉലുൽ അംറ്) തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു.” (വിശുദ്ധ ഖുർആൻ, അന്നിസാഅ്: 83)

ഈ സംഭവവികാസങ്ങളെ അവയുടെ കൈകാര്യകർത്താക്കളിലേക്ക് (ഉലുൽ അംറ്) മടക്കുവാൻ ഒരടിമ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അധികാരം കൈയാളുന്ന ഭരണാധികാരികളും, ഫത്‌വയും വിജ്ഞാനവും കൈകാര്യം ചെയ്യുന്ന പണ്ഡിതന്മാരുമാണ് ഇതിലെ കൈകാര്യകർത്താക്കൾ; അവരാണ് ഇതിന്റെ നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ കഴിവുള്ളവർ.

​അല്ലാഹു ﷻ അരുളുന്നു:

فَسْـَٔلُوٓا۟ أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

“അതുകൊണ്ട് നിങ്ങൾക്കറിഞ്ഞുകൂടാത്ത കാര്യങ്ങളെപ്പറ്റി വേദക്കാരോട് (പ്രമാണജ്ഞരോട്) നിങ്ങൾ ചോദിച്ചുനോക്കുക.” (വിശുദ്ധ ഖുർആൻ, അന്നഹ്‌ൽ: 43)

​ഈ ആയത്തിലെ ‘അഹ്‌ലു ദിക്ർ’ (വേദക്കാർ/പ്രമാണജ്ഞർ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരടിമയ്ക്ക് അറിയേണ്ടതായ മതവിധികൾ ചോദിച്ചറിയേണ്ട പണ്ഡിതന്മാരാണെങ്കിലും, വിധിയുടെ കാരണം (ഇല്ലത്ത്) മറ്റുള്ളവരോടും തുല്യമാണ്. അതായത്, ഒരു മനുഷ്യൻ തന്റെ മതപരമായതോ ഭൗതികമായതോ ആയ കാര്യങ്ങളിൽ, അതിനെക്കുറിച്ച് അറിവും ജ്ഞാനവുമുള്ളവരിലേക്കാണ് തിരിയേണ്ടത്. അതിന് കഴിവില്ലാത്തവൻ, ആ വിഷയത്തിൽ യാതൊരു കഴിവോ അറിവോ മുൻപരിചയമോ ഇല്ലാത്ത ഒരാളിലേക്ക് തിരിയുന്നത് ബുദ്ധിപരമായോ പ്രമാണപരമായോ പ്രശംസനീയമല്ല.

​കാര്യങ്ങൾ അതിന്റെ ആളുകളിലേക്ക് മടക്കുന്നതിന്റെ പൂർത്തീകരണമാണ്, അവരിൽ മതിയാക്കുകയും (അൽ-ഇസ്തിഗ്നാഅ്) അവരല്ലാത്തവരിൽ നിന്ന് ഒഴിവാകുകയും ചെയ്യുക എന്നത്. അതിനാൽ, അവരോടൊപ്പം മറ്റുള്ളവരെ ആവശ്യമില്ല. അല്ലാഹു ﷻ നിങ്ങളെ ഇത്തരക്കാരിലേക്ക് (പണ്ഡിതന്മാരിലേക്കും ഭരണാധികാരികളിലേക്കും) മടക്കിയാൽ, പിന്നെ നിങ്ങൾ മറ്റുള്ളവരെ തേടിപ്പോകാൻ പാടില്ല.

​സാധാരണ ജനങ്ങളിൽ നിന്ന് ഇൽമ് നേടാത്തവരുടെ കാര്യത്തിൽ ഇത് കൂടുതൽ ഗൗരവമുള്ളതാണ്. ഇത്തരം വിഷയങ്ങളിൽ അവരുടെ ആവശ്യം നിറവേറ്റപ്പെടുന്നത്, കാര്യവിവരമുള്ളവരിലേക്ക് കാര്യങ്ങൾ മടക്കുന്നതിലൂടെയാണ്; അല്ലാതെ അവരുടെ മതത്തെ ബാധിക്കുന്നതോ ഭൗതികജീവിതത്തെ നശിപ്പിക്കുന്നതോ ആയ വിശദാംശങ്ങളിലേക്ക് കടന്നുചെന്നുകൊണ്ടല്ല.

2. ത്വാലിബുൽ ഇൽമ് തന്നിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ദൗത്യത്തിൽ വ്യാപൃതനാവുക.


​ഒരടിമയുടെ വിജയത്തിൽ പെട്ടതാണ് തന്റെ ആയുസ്സിലെ കടമകളെക്കുറിച്ച് അല്ലാഹു അവന് ധാരണ നൽകുക എന്നത്. ഒരടിമയുടെ ആയുസ്സിൽ അവന് ചില കടമകളുണ്ട്. ഓരോ പ്രായത്തിനും ഓരോ കടമയുണ്ട്; ഓരോ സാഹചര്യത്തിനും ഓരോ കടമയുണ്ട്. നീ ഏഴ് വയസ്സുള്ള കുട്ടിയായിരിക്കുമ്പോൾ നിനക്കൊരു മതപരമായ കടമയുണ്ട്. നീ പ്രായപൂർത്തിയാകുമ്പോൾ നിനക്കൊരു മതപരമായ കടമയുണ്ട്. നീ വളർന്ന് യുവത്വത്തിലേക്ക് എത്തുമ്പോൾ നിനക്ക് മറ്റൊരു മതപരമായ കടമയുണ്ട്.

​ആ മതപരമായ കടമ ചിലപ്പോൾ പ്രായത്തെ അടിസ്ഥാനമാക്കിയുള്ളതാകാം, ചിലപ്പോൾ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതാകാം. വിജ്ഞാനകുതുകിയുടെ കടമ, അവൻ വിജ്ഞാനം നേടുന്നതിൽ (ത്വലബുൽ ഇൽമിൽ) ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. സമുദായത്തിന്റെ ഐഹികവും പാരത്രികവുമായ നന്മകൾ കൈവരിക്കുന്നതിനുള്ള ദൗത്യങ്ങൾ അതിന്റെ ആളുകൾക്കിടയിൽ വീതിക്കപ്പെട്ടതാണെന്ന് അല്ലാഹു ﷻ ധാരാളം ആയത്തുകളിൽ നമ്മെ അറിയിച്ചിട്ടുണ്ട്.

​അല്ലാഹു ﷻ പറയുന്നു:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ

​”നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ.”(വിശുദ്ധ ഖുർആൻ, ആലുഇംറാൻ: 104)

​വീണ്ടും അല്ലാഹു ﷻ പറയുന്നു:

وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُوا۟ كَآفَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُوا۟ فِى ٱلدِّينِ

“സത്യവിശ്വാസികൾ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാൽ അവരിലെ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം പുറപ്പെട്ടുകൂടേ? എങ്കിൽ അവർക്ക് (ബാക്കിയുള്ളവർക്ക്) മതകാര്യങ്ങളിൽ ജ്ഞാനം നേടാമല്ലോ.”(വിശുദ്ധ ഖുർആൻ, അത്വൗബ: 122)

​നേരത്തെ സൂചിപ്പിച്ച ആയത്തിൽ അല്ലാഹു ﷻ പറഞ്ഞു:

“…അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കിൽ അവരിൽ നിന്ന് (സത്യം) ഗ്രഹിച്ചെടുക്കാൻ കഴിയുന്നവർ അത് തിരിച്ചറിയുമായിരുന്നു.”

​അതുകൊണ്ട്, സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദൗത്യങ്ങൾ അതിന്റെ ആളുകൾക്കിടയിൽ വീതിക്കപ്പെട്ടിരിക്കുന്നു. വിജ്ഞാനകുതുകികൾക്ക് ഒരു ദൗത്യമുണ്ട്; അവർ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ വ്യാപൃതരാവുകയും വേണം. അത് ‘ഇൽമ്’ (മതവിജ്ഞാനം) തേടലാണ്. അങ്ങനെ അവരെ ആവശ്യം വരുന്ന ഘട്ടത്തിൽ, അവർ തങ്ങളുടെ പാഥേയം നിറക്കുകയും ലാഭം വർദ്ധിപ്പിക്കുകയും നേട്ടങ്ങൾ വലുതാക്കുകയും ചെയ്തിട്ടുണ്ടാകും. അപ്പോൾ അവർക്ക് മുമ്പില്ലാത്തവിധം ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ കഴിയുന്ന ശക്തിയും പ്രാപ്തിയും ഉണ്ടാകും. അതിനാൽ, വിജ്ഞാനകുതുകി തന്റെ ദൗത്യത്തിൽ – അഥവാ ഇൽമ് തേടുന്നതിലും അത് കരസ്ഥമാക്കുന്നതിലും – വ്യാപൃതനാകണം. തന്റെ ദൗത്യമല്ലാത്ത കാര്യങ്ങളിൽ മനസ്സിനെ വ്യാപൃതമാക്കിയാൽ അത് സാധ്യമാവില്ല. കാരണം, അത് അവന്റെ യാത്രയെ ദുർബലപ്പെടുത്തുകയും ലക്ഷ്യത്തിലെത്തുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്യും.

3. മിതത്വവും സാവകാശവും (അർ-രിഫ്‌ഖു വത്തഅന്നി) പാലിക്കുക.


​തീർച്ചയായും, എല്ലാ കാര്യങ്ങളിലും മിതത്വം (രിഫ്‌ഖ്) പാലിക്കുന്നതിനെ മതം പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉർവയിൽ നിന്ന്, അദ്ദേഹം ആയിശ (رَضِيَ اللَّهُ عَنْهَا) യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:

“തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളിലും മിതത്വം (രിഫ്‌ഖ്) ഇഷ്ടപ്പെടുന്നു.”

​അതുകൊണ്ട് ഫിത്‌നകളുടെ ഘട്ടങ്ങളിൽ കാര്യങ്ങളെ മിതത്വത്തോടും സാവകാശത്തോടും കൂടി സമീപിക്കണം. അത് (നന്മയിലേക്ക്) യോജിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്. മിതത്വം പാലിക്കുന്നവൻ അല്ലാഹുവിനോട് (റഹ്‌മാൻ) അടുത്തവനാണ്; തിടുക്കം കാണിക്കുന്നവൻ പിശാചിനോട് (ശൈത്താൻ) അടുത്തവനാണ്.

​തിർമിദിയിൽ അബ്ദുൽ മുഹൈമിൻ ബിൻ അബ്ബാസ്, സഹ്ൽ ബിൻ സഅദിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:

“സാവകാശം അല്ലാഹുവിൽ നിന്നുള്ളതാണ്, തിടുക്കം പിശാചിൽ നിന്നുള്ളതാണ്.”

​ഒരു മനുഷ്യൻ സാവകാശം കാണിക്കുന്നവനും, മിതത്വം പാലിക്കുന്നവനും, തന്റെ ധാരണയിലും യാത്രയിലും അവസ്ഥയിലും വാക്കിലും പ്രവൃത്തിയിലും മാർഗദർശനം തേടുന്നവനുമാണെങ്കിൽ അവൻ അല്ലാഹുവിന്റെ തൗഫീഖിനോട് (വിജയത്തിനുള്ള ഉദവി) അടുത്തായിരിക്കും. മറിച്ച്, അവൻ തിടുക്കം കാണിക്കുന്നവനും എടുത്തുചാട്ടക്കാരനുമാണെങ്കിൽ അവൻ പിശാചിനോട് അടുത്തായിരിക്കും. ചിലപ്പോൾ പിശാച് അവനെ വീഴ്ത്തുകയും നാശത്തിന്റെയും കെടുതിയുടെയും പാതയിൽ അകപ്പെടുത്തുകയും ചെയ്തേക്കാം. അതിനാൽ, വിജ്ഞാനകുതുകി ഫിത്‌നകളുടെ ഘട്ടങ്ങളിൽ സാവകാശം കാണിക്കുകയും തന്നോട് തന്നെയും മുസ്ലിംകളോടും മിതത്വം പാലിക്കുകയും വേണം.

4. കാര്യങ്ങൾ ഉറപ്പുവരുത്തുക (തഥബ്ബുത്); കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ തിടുക്കം കാണിക്കാതിരിക്കുക.


​അല്ലാഹു ﷻ പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ

​”സത്യവിശ്വാസികളേ, ഒരു അധർമ്മകാരി വല്ല വാർത്തയുമായി നിങ്ങളുടെ അടുത്ത് വന്നാൽ (അതിനെപ്പറ്റി) നിങ്ങൾ വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്ത കാര്യത്തിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി.” (വിശുദ്ധ ഖുർആൻ, അൽ-ഹുജുറാത്ത്: 6)

ഒരു ഫാസിഖിന്റെ (അധർമ്മകാരി) കാര്യത്തിലാണ് ഈ ആയത്ത് എങ്കിൽ, അറിയപ്പെടാത്തവനും അവസ്ഥ വ്യക്തമല്ലാത്തവനുമായ ഒരാളുടെ കാര്യം എന്തായിരിക്കും? അജ്ഞാതനായ ഒരാളിൽ നിന്ന് കേട്ട വാർത്തകൾ പ്രചരിപ്പിക്കാൻ വിജ്ഞാനത്തോട് ചേർന്നുനിൽക്കുന്ന ചിലർ തിടുക്കം കാണിക്കുകയും മത്സരിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ എന്ന പേരിൽ ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഈ ഉപകരണങ്ങളിൽ (വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയവ) ആരെങ്കിലും പോസ്റ്റ് ചെയ്തു എന്നത് മാത്രമാണ് അതിന്റെ അടിസ്ഥാനം. ആ വാക്കിന്റെ ശരിയും തെറ്റും, സത്യവും നുണയും, സാധുതയും അസാധുതയും തിരിച്ചറിയാതെ അവൻ അത് ഏറ്റുപിടിക്കുന്നു!

​വാർത്തകളിൽ സ്ഥിരീകരണം വരുത്തണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നുമുള്ള ശർഈ ആയ (മതപരമായ) നിയമം ഗൗനിക്കാത്തതാണ് അവനെ ഇതിൽ അകപ്പെടുത്തിയത്. ഒരാളിലേക്ക് ഒരു വാക്ക് ചേർത്തുപറയുന്നതിൽ നിന്ന് ഒരടിമ ശക്തമായി വിലക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും ആ വ്യക്തി അതിൽ നിന്ന് നിരപരാധിയാണെങ്കിൽ.

​ഇമാം അഹ്മദ് (رَحِمَهُ اللَّهُ) നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞു:

“ആരെങ്കിലും ഒരു സത്യവിശ്വാസിയിൽ ഇല്ലാത്ത കാര്യം പറഞ്ഞാൽ, അവൻ പറഞ്ഞതിൽ നിന്ന് പുറത്തുകടക്കുന്നത് വരെ ‘റദ്‌ഗത്തുൽ ഖബാലിൽ’ നിന്ന് അല്ലാഹു അവനെ കുടിപ്പിക്കും.”

​’റദ്‌ഗത്തുൽ ഖബാൽ’ എന്നാൽ നരകവാസികളുടെ ശരീരത്തിൽ നിന്ന് ഒഴുകുന്ന ചലം/നീര് കലർന്ന ചെളിയാണ്. ഒരാൾ സംസാരിക്കുകയും “ഫലാൻ (ഇന്നയാൾ) ഇങ്ങനെ പറയുന്നു, ഇന്നയാൾ ഇങ്ങനെ പറയുന്നു” എന്ന് പറയുകയും, യഥാർത്ഥത്തിൽ അവർ അത് പറയാതിരിക്കുകയും ചെയ്താൽ, ആ വാക്കിൽ അനീതിയും അതിക്രമവും അവർക്കെതിരെയുള്ള കള്ളആരോപണവും അടങ്ങിയിരിക്കുന്നു. അത് ഹൃദയങ്ങളിൽ വിദ്വേഷമുണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് കഠിനമായ താക്കീതുണ്ട്. നരകവാസികളുടെ സ്രവങ്ങളിൽ നിന്ന് അല്ലാഹു അവനെ കുടിപ്പിക്കുമെന്നതാണ് ആ ശിക്ഷ. കാരണം, നാറ്റം പ്രചരിപ്പിച്ചവനുള്ള പ്രതിഫലം ആ നാറ്റം കുടിക്കുക എന്നതാണ്. മുസ്ലിംകൾക്കിടയിൽ മോശമായ വർത്തമാനങ്ങൾ പ്രചരിപ്പിക്കുകയും അത് ശക്തിപ്പെടുത്തുകയും ചെയ്യുന്നവരെ അല്ലാഹു ﷻ ഈ വേദനാജനകമായ ശിക്ഷ നൽകി ശിക്ഷിക്കും.

​അതിനാൽ, വിജ്ഞാനകുതുകികൾ പ്രത്യേകിച്ചും, ജനങ്ങൾ പൊതുവായും വ്യാജവാർത്തകളും കിംവദന്തികളും, ഹൃദയങ്ങളെ ദുർബലപ്പെടുത്തുകയും ഈമാൻ കുറയ്ക്കുകയും ചെയ്യുന്ന വർത്തമാനങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് സൂക്ഷിക്കണം. ഇത്തരം കാര്യങ്ങൾ ഒരടിമയെ തന്നിലേക്കും മറ്റ് സൃഷ്ടികളിലേക്കും നിന്ദ്യതയുടെയും ന്യൂനതയുടെയും കണ്ണോടെ നോക്കാൻ പ്രേരിപ്പിക്കുകയും, ചിലപ്പോൾ അത് അവന്റെയും ജനങ്ങളുടെയും മതത്തെ ദുർബലപ്പെടുത്തുകയും ചെയ്തേക്കാം.

5. ഈമാൻ (വിശ്വാസം) കൊണ്ട് മനസ്സിന് കരുത്ത് പകരുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക.


​വിജ്ഞാനകുതുകികൾ തങ്ങളുമായി ബന്ധപ്പെട്ട സഹോദരങ്ങൾ, സുഹൃത്തുക്കൾ, മക്കൾ, വീട്ടുകാർ, മറ്റ് മുസ്ലിംകൾ എന്നിവർക്ക് കരുത്ത് പകരണം. ദീൻ (മതം) അല്ലാഹുവിന്റേതാണെന്നും, കാര്യം അല്ലാഹുവിന്റേതാണെന്നും, വിധി അല്ലാഹുവിന്റേതാണെന്നും അവർ അറിയണം. തന്റെ ദീനിനെ സംരക്ഷിക്കുമെന്ന് അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്.

​അല്ലാഹു ﷻ പറയുന്നു:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

​”തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (വിശുദ്ധ ഖുർആൻ, അൽ-ഹിജ്‌റ്: 9)

​തൗഹീദിന്റെ വചനത്തെക്കുറിച്ച് അല്ലാഹു ﷻ പറയുന്നു:

وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ

​”അവർ (സത്യത്തിലേക്ക്) മടങ്ങുന്നതിനുവേണ്ടി തന്റെ പിൻഗാമികളിൽ അവശേഷിക്കുന്ന ഒരു വചനമായി അദ്ദേഹം (ഇബ്രാഹിം നബി) അതിനെ നിശ്ചയിക്കുകയും ചെയ്തു. (വിശുദ്ധ ഖുർആൻ, അസ്സുഖ്‌റുഫ്: 28)

​സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും മുആവിയ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:

“എന്റെ സമുദായത്തിൽ പെട്ട ഒരു വിഭാഗം സത്യത്തിൽ നിലകൊള്ളുന്നവരായി (വിജയികളായി) എക്കാലവും ഉണ്ടായിരിക്കും. അവരെ കൈവിട്ടവരോ അവരോട് എതിർത്തവരോ അവർക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല; അന്ത്യനാൾ സംഭവിക്കുന്നത് വരെ.”

​അതുകൊണ്ട്, ഒരടിമ അല്ലാഹുവിന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തുന്നവനും അതിൽ വിശ്വസിക്കുന്നവനും അതിലേക്ക് മുന്നിടുന്നവനുമാകണം. അവൻ സത്യവിശ്വാസികളുടെ ഹൃദയങ്ങളെ അതുകൊണ്ട് ഉറപ്പിച്ചുനിർത്തണം. ഈ സാഹചര്യങ്ങളിൽ മനുഷ്യന് നേരിടേണ്ടി വരുന്ന പ്രയാസങ്ങളിലോ മാറ്റങ്ങളിലോ പുതിയതായി ഉണ്ടാകുന്ന ഫിത്‌നകളിലോ അവർക്ക് ക്ഷമ ഉപദേശിക്കണം. കാരണം, അത് ചരിത്രത്തിന്റെ അവസാനമല്ല! മറിച്ച്, നന്മ പ്രചരിപ്പിക്കുന്നതിനും, പ്രമാണം (ഹുജ്ജത്ത്) സ്ഥാപിക്കുന്നതിനും, ജനങ്ങൾക്ക് ഗുണകാംക്ഷ നൽകുന്നതിനും, അവർക്ക് സന്മാർഗം കാണിച്ചുകൊടുക്കുന്നതിനും, അതിനായി കഴിയുന്നതെല്ലാം ചെയ്യുന്നതിനും അത് അടിമയെ പ്രേരിപ്പിക്കേണ്ടതാണ്. അതാണ് അവന് ഏറ്റവും വലിയ പ്രതിഫലം നൽകുക.

​സത്യം മുറുകെപിടിക്കുന്നവർ കുറവാകുമ്പോൾ, അവരിൽ സത്യം പ്രവർത്തിക്കുന്നവന് ധാരാളം ജനങ്ങളുടെ പ്രതിഫലം ലഭിക്കും. അതുകൊണ്ടാണ്, അവസാന കാലത്ത് സൽകർമ്മങ്ങൾ ചെയ്യുന്നവന്റെ പ്രതിഫലം ഇരട്ടിയാക്കപ്പെടുകയും, അവരിൽ പ്രവർത്തിക്കുന്നവന് സ്വഹാബികളിലെ അമ്പത് പേരുടെ പ്രതിഫലം ലഭിക്കുമെന്ന് പറയപ്പെടുകയും ചെയ്തത്. മറ്റ് കർമ്മങ്ങളുടെ കാര്യത്തിൽ ഇതാണെങ്കിൽ, ദീനിനെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയുള്ള ജിഹാദിന്റെ കാര്യത്തിൽ അത് വളരെ കൂടുതലായിരിക്കും.

​സ്വഹീഹ് മുസ്ലിമിൽ അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:

“ശക്തനായ സത്യവിശ്വാസിയാണ് ദുർബലനായ സത്യവിശ്വാസിയെക്കാൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും ഉത്തമനും. എല്ലാവരിലും നന്മയുണ്ട്.”

​ഈമാനിന്റെ (വിശ്വാസത്തിന്റെ) കരുത്തിൽ പെട്ടതാണ് അല്ലാഹുവിന്റെ വാഗ്ദാനത്തിലും സഹായത്തിലും പിന്തുണയിലുമുള്ള പൂർണ്ണമായ വിശ്വാസം കൊണ്ട് ഹൃദയം നിറയ്ക്കുക എന്നത്. തന്നെ സഹായിക്കുന്നവരെ അല്ലാഹു ﷻ സഹായിക്കും.

​അല്ലാഹു ﷻ പറയുന്നു:

وَالْعَاقِبَةُ لِلْمُتَّقِينَ

“…അന്തിമവിജയം സൂക്ഷ്മത പാലിക്കുന്നവർക്കാകുന്നു.” (വിശുദ്ധ ഖുർആൻ, അൽ-അഅ്റാഫ്: 128)

​വീണ്ടും അല്ലാഹു ﷻ പറയുന്നു:

وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ

“…തന്നെ സഹായിക്കുന്നവനെ തീർച്ചയായും അല്ലാഹു സഹായിക്കുക തന്നെ ചെയ്യും…”. (വിശുദ്ധ ഖുർആൻ, അൽ-ഹജ്ജ്: 40)

​വീണ്ടും അല്ലാഹു ﷻ പറയുന്നു:

إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ

“…നിങ്ങൾ അല്ലാഹുവിനെ സഹായിക്കുകയാണെങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ അവൻ ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നതാണ്.” (വിശുദ്ധ ഖുർആൻ, മുഹമ്മദ്: 7)

​സത്യം സഹായിക്കപ്പെടുമെന്നും അല്ലാഹുവിന്റെ ദീൻ സംരക്ഷിക്കപ്പെടുമെന്നും മനുഷ്യൻ അറിയണം. എന്നാൽ, നിന്നിൽ നിന്ന് ഈ അറിവും ദീനും ഈമാനും എടുത്തുമാറ്റപ്പെടുമോ എന്നതാണ് നിന്റെ കാര്യത്തിലുള്ള ഭയം. അതിനാൽ, അത് സ്വന്തം കാര്യത്തിലും തന്റെ നാട്ടിലും സംരക്ഷിക്കാൻ നീ പരിശ്രമിക്കണം. അറിവ് പ്രചരിപ്പിക്കുകയും അത് ഊട്ടിയുറപ്പിക്കുകയും, ജനങ്ങൾക്ക് ഗുണകാംക്ഷ നൽകുകയും, അവർക്ക് സന്മാർഗവും വഴികാട്ടുകയും, അല്ലാഹു ﷻ വിനെ കണ്ടുമുട്ടുന്നത് വരെ അതിൽ ക്ഷമിക്കുകയും ചെയ്തുകൊണ്ട് അത് സാധ്യമാക്കണം.

​ഖുർആനിലെയും സുന്നത്തിലെയും പ്രമാണങ്ങൾ അറിയിക്കുന്ന ശർഈ ആയ അടിസ്ഥാനങ്ങളും പാലിക്കേണ്ടതായ സ്ഥാനങ്ങളുമാണിവ. വിജ്ഞാനകുതുകികളുടെ ഹൃദയങ്ങൾ ഇവകൊണ്ട് നിറയുകയും, അവർ അതിലൂടെ സഞ്ചരിക്കുകയും, അതിന്റെ പ്രകാശത്തിൽ വെളിച്ചം തേടുകയും, അതിന്റെ വിളക്കുമാടത്തിൽ നിന്ന് സന്മാർഗം പ്രാപിക്കുകയും വേണം. ഈ യാഥാർത്ഥ്യങ്ങളിൽ നിന്ന് പുറത്തുപോകുന്ന എല്ലാവരിൽ നിന്നും അവർ മുഖം തിരിക്കണം. അല്ലാഹുവിന്റെ വചനമോ റസൂൽ ﷺ യുടെ വചനമോ അല്ലാത്ത കാര്യങ്ങൾ കൊണ്ട് അവർ തങ്ങളുടെ ഹൃദയങ്ങളും നെഞ്ചുകളും നിറയ്ക്കാൻ പാടില്ല.

പ്രാർത്ഥന
​അല്ലാഹു ﷻ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങളിലേക്ക് നമ്മെ എല്ലാവരെയും അവൻ വഴിനടത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവൻ നമുക്ക് ശരിയായ ബോധം നൽകട്ടെ. നമ്മുടെ നഫ്സുകളുടെ തിന്മയിൽ നിന്ന് അവൻ നമ്മെ കാത്തുരക്ഷിക്കട്ടെ. സത്യത്തെ സത്യമായി കാണിച്ചുതരുവാനും അത് പിന്തുടരാനും, അസത്യത്തെ അസത്യമായി കാണിച്ചുതരുവാനും അത് വർജ്ജിക്കാനും അവൻ നമുക്ക് ഭാഗ്യം നൽകട്ടെ. അവന്റെ ദീനിന്റെ സഹായികളിലും, അവന്റെ മിത്രങ്ങളിലും, വിജയികളായ അവന്റെ കക്ഷിയിലും അവൻ നമ്മെ ഉൾപ്പെടുത്തട്ടെ. സജ്ജനങ്ങളുടെ കൂട്ടത്തിൽ അവൻ നമ്മെ ഏറ്റെടുക്കട്ടെ. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും അവൻ നമ്മെ ഇസ്ലാമിലായി സംരക്ഷിക്കട്ടെ. നമുക്ക് അവൻ നല്ലൊരു ജീവിതം നൽകുകയും സ്തുത്യർഹമായ മരണം നൽകുകയും ചെയ്യട്ടെ. ഈ നാടിനും മറ്റ് മുസ്ലിം നാടുകൾക്കും അവരുടെ ഈമാനും സുരക്ഷയും അവൻ കാത്തുസൂക്ഷിച്ചു നൽകട്ടെ. അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നവരെ നമ്മുടെ ഭരണാധികാരികളാക്കി അവൻ നിശ്ചയിക്കട്ടെ.

​സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു.

ഈ പ്രഭാഷണം ശൈഖ് സ്വാലിഹ് അൽ ഉസ്വൈമി (وَفَّقَهُ اللَّهُ) ഹിജ്റ 1437-ൽ റിയാദിലെ മുസ്അബ് ബിൻ ഉമൈർ ജാമിഅഃയിൽ വെച്ച്, ‘അൽ-ഹിസ്നുൽ അമീൻ’ (സുരക്ഷിത കോട്ട) എന്ന പരിപാടിയുടെ ഒന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി നിർവ്വഹിച്ചതാണ്.

Share This Article
Leave a Comment