ഒരു മുസ്‌ലിം വ്യാപാരിയുടെ നാല് അടിസ്ഥാന ശിലകൾ

ഇമാം അഹ്മദ് رحمه الله തൻ്റെ ‘മുസ്നദിൽ’ അബ്ദുല്ലാഹി ബ്നു അംറ് رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം, റസൂലുല്ലാഹി ﷺ പറഞ്ഞു:

((أَرْبَعٌ إِذَا كُنَّ فِيكَ فَلاَ عَلَيْكَ مَا فَاتَكَ مِنَ الدُّنْيَا : حِفْظُ أَمَانَةٍ، وَصِدْقُ حَدِيثٍ، وَحُسْنُ خَلِيقَةٍ، وَعِفَّةٌ فِي طُعْمَةٍ))

നാല് കാര്യങ്ങൾ നിന്നിലുണ്ടെങ്കിൽ, ദുനിയാവിൽ നിന്ന് നിനക്ക് നഷ്ടമായതിൻ്റെ പേരിൽ നീ വിഷമിക്കേണ്ടതില്ല: അമാനത്ത് (വിശ്വസ്തത) കാത്തുസൂക്ഷിക്കൽ, സംസാരത്തിലെ സത്യസന്ധത, ഉത്തമ സ്വഭാവം, ഭക്ഷണത്തിലെ സംശുദ്ധി (ഹലാലായ സമ്പാദ്യം).

ഇതൊരു മഹത്തായ ഹദീഥാണ്. ഓരോ മുസ്‌ലിം വ്യാപാരിയും ഇതിനെക്കുറിച്ച് ചിന്തിക്കുവാനും, തൻ്റെ കൺമുന്നിൽ (ഒരു മാർഗദർശനമായി) വെക്കുവാനും ഏറ്റവും അർഹമായ ഹദീഥാണിത്. മറിച്ച്, കച്ചവടക്കാർക്കിടയിലും, കച്ചവട സ്ഥാപനങ്ങളിലും, കമ്പനികൾക്കിടയിലും ഇത് പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. എങ്കിലേ കച്ചവടത്തിൽ ഏർപ്പെടുന്നവന് തൻ്റെ വിൽപന, വാങ്ങൽ, ഇടപാടുകൾ എന്നിവയിലെ മാർഗവും രീതിയും ശരിയാക്കാൻ സാധിക്കുകയുള്ളൂ.

അതായത്, ഈ നാല് കാര്യങ്ങൾ അവന് ഒരു സ്ഥിരമായ അടിത്തറയായിരിക്കണം. ലാഭം എത്ര വലുതാണെങ്കിലും ശരി, അവയിൽ അവൻ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. ദുനിയാവിലേക്കും അതിലെ വിഭവങ്ങളിലേക്കും തിരിയുകയും, കച്ചവടം, പണം സമ്പാദിക്കൽ, ലാഭം കൊയ്യൽ എന്നിവയിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ജനങ്ങളുടെ സ്വഭാവത്തിൽ സംഭവിക്കുന്ന വലിയ നാശങ്ങൾക്കുള്ള വളരെ യുക്തിപൂർണ്ണവും മഹത്തരവുമായ ഒരു പരിഹാരം ഈ ഹദീഥിലുണ്ട്.

ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട നാല് അടിത്തറകൾ കാത്തുസൂക്ഷിക്കുകയും, അവയിൽ യാതൊരു കുറവും വരാതിരിക്കാൻ ശ്രദ്ധിക്കുകയും, അവയെ നഷ്ടപ്പെടുത്താൻ പാടില്ലാത്ത നെടുംതൂണുകളായി ഗണിക്കുകയും ചെയ്താലല്ലാതെ അതിൽ നിന്ന് (നാശത്തിൽ നിന്ന്) ഒരു രക്ഷയുമില്ല. പിന്നീട്, ഈ നെടുംതൂണുകളെ സംരക്ഷിക്കുന്നതിന് പകരമായി ദുനിയാവിൽ നിന്ന് വല്ലതും നഷ്ടപ്പെട്ടാൽ അവൻ അത് കാര്യമാക്കുകയില്ല. തൻ്റെ കൺമുന്നിൽ വലിയ ലാഭങ്ങളും നേട്ടങ്ങളുമുണ്ടെങ്കിൽ പോലും, അവയൊന്നും ഈ അടിത്തറകളെ തകർക്കുകയില്ല. നബി ﷺ യുടെ വാക്ക് അവൻ എപ്പോഴും മനസ്സിൽ കൊണ്ടുവരും: ((…ദുനിയാവിൽ നിന്ന് നിനക്ക് നഷ്ടമായതിൻ്റെ പേരിൽ നീ വിഷമിക്കേണ്ടതില്ല)). ഈ ഹദീഥിൽ പരാമർശിച്ച മഹനീയമായ ഈ ഗുണങ്ങളും മഹത്തായ സ്വഭാവവിശേഷങ്ങളും മുറുകെ പിടിക്കുന്നതിൻ്റെ ഫലമായി ദുനിയാവിൽ നിന്ന് നഷ്ടപ്പെടുന്നതിനെ അവൻ ഒട്ടും വകവെക്കുകയില്ല.

കച്ചവട രംഗത്തേക്ക് പ്രവേശിക്കുമ്പോൾ ഈ നാല് കാര്യങ്ങളിലും ഒരു മനുഷ്യൻ കഠിനമായി പരീക്ഷിക്കപ്പെടുന്നു. ചിലപ്പോൾ, വളരെ മോഹിപ്പിക്കുന്ന വലിയ ലാഭങ്ങൾ അവന് മുന്നിൽ വരും. പക്ഷെ, അത് നേടാൻ അവൻ കളവ് പറയുകയോ, വഞ്ചിക്കുകയോ, അതുപോലുള്ള കാര്യങ്ങൾ ചെയ്യുകയോ വേണ്ടി വരും. അപ്പോൾ അവൻ സ്വന്തം മനസ്സിനോട് ഒരു ആത്മസംഘർഷത്തിലാകും; “ഇത്തരം മാർഗങ്ങളിലൂടെ ഞാൻ ഈ ലാഭം കരസ്ഥമാക്കണമോ? അതോ, ‘ദുനിയാവിൽ നിന്ന് എനിക്ക് നഷ്ടമായതിൻ്റെ പേരിൽ ഞാൻ വിഷമിക്കേണ്ടതില്ല, എനിക്ക് ഈ അടിത്തറകൾ നിലനിന്നാൽ മതി’ എന്ന് ഈ ഹദീഥ് അറിയിച്ച പ്രകാരം പറയണമോ?”

ബാഹ്യമായി നോക്കുമ്പോൾ, അവൻ ലാഭം നേടുകയില്ലെന്നോ, ആ കച്ചവടം അവന് നഷ്ടമാകുമെന്നോ, അല്ലെങ്കിൽ ലാഭവും നേട്ടങ്ങളും അവന് നഷ്ടപ്പെടുമെന്നോ തോന്നിയാൽ പോലും, നിശ്ചയമായും അല്ലാഹു ﷻ അവന് അതിനേക്കാൾ ഉത്തമമായത് പകരം നൽകും. കാരണം, വിഭവങ്ങളും (രിസ്ഖ്) അനുഗ്രഹങ്ങളും (ഫദ്ല്) അല്ലാഹുവിൻ്റെ കയ്യിലാണ്.

നബി ﷺ യുടെ വാക്ക്, ((…ദുനിയാവിൽ നിന്ന് നിനക്ക് നഷ്ടമായതിൻ്റെ പേരിൽ നീ വിഷമിക്കേണ്ടതില്ല)) എന്നത് വ്യാപാരിക്കുള്ള ഒരു ഉറപ്പാണ് (ഗ്യാരണ്ടി). അതായത്, ലാഭം എത്ര വലുതാണെങ്കിലും അത് നഷ്ടപ്പെട്ടതിൻ്റെ പേരിൽ നീ ദുഃഖിക്കുകയോ ഖേദിക്കുകയോ വേണ്ടതില്ല. ആ ധനം നിനക്ക് നഷ്ടപ്പെട്ടാലും, നിശ്ചയം നീ ഖൈറിലും (നന്മയിലും) വലിയ നേട്ടത്തിലുമാണ്. അല്ലാഹുവിങ്കൽ നിന്ന് നിനക്ക് അനുഗ്രഹീതമായ പകരവും ലഭിക്കുന്നതാണ്.

അതുകൊണ്ട്, കച്ചവടത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരാളും ഈ മഹത്തായ നാല് അടിത്തറകളെക്കുറിച്ച് ബോധവാനാകുകയും, അവ തൻ്റെയടുക്കൽ സ്ഥിരമായി ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്:

ഒന്നാമത്തേത്: ((അമാനത്ത് കാത്തുസൂക്ഷിക്കൽ)) അതായത്, അവൻ തൻ്റെ ഇടപാടുകളിൽ വിശ്വസ്തനായിരിക്കണം. അവൻ വഞ്ചിക്കുകയോ, ചതിക്കുകയോ, കുതന്ത്രം പ്രയോഗിക്കുകയോ ചെയ്യരുത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും, അവരുടെ ധനം മടക്കിക്കൊടുക്കുന്നതിലും അവൻ വിശ്വസ്തനായിരിക്കണം. അവൻ ജനങ്ങളുടെ അവകാശങ്ങൾ പാഴാക്കരുത്. മറിച്ച്, അമാനത്തിന് അതിൻ്റെ അവകാശം അവൻ വകവെച്ചു നൽകണം.

കച്ചവട രംഗത്ത് പ്രവേശിക്കുമ്പോൾ ഒരു മനുഷ്യൻ പരീക്ഷിക്കപ്പെട്ടേക്കാം; അവൻ അമാനത്ത് കാത്തുസൂക്ഷിക്കുമോ? അതോ, കുറച്ച് അധികം പണമോ ദുനിയാവിലെ നശ്വരമായ വിഭവങ്ങളോ കരസ്ഥമാക്കാൻ വേണ്ടി അവൻ അത് പാഴാക്കുമോ? ധാരാളം ആളുകൾ ഈ പരീക്ഷണത്തിൽ പരാജയപ്പെടുകയും, പണമോ ദുനിയാവിലെ വിഭവങ്ങളോ നേടുന്നതിന് വേണ്ടി അമാനത്ത് പാഴാക്കുകയും ചെയ്യുന്നു.

ചില ആളുകൾ അമാനത്ത് പാലിക്കുന്നത് വളരെ സങ്കുചിതമായ രീതിയിലും താൽപര്യങ്ങൾക്ക് വേണ്ടിയും മാത്രമായിരിക്കും. തന്നോട് വിശ്വസ്തത പുലർത്തുന്നവരോട് മാത്രം, അതിന് പകരമായി, അവൻ വിശ്വസ്തതയോടെ പെരുമാറും. അവൻ ഒരു വിശ്വസ്തനെ കണ്ടാൽ അവനോട് വിശ്വസ്തത പുലർത്തും. എന്നാൽ ഒരു വഞ്ചകനെ കണ്ടാൽ അവനോട് വഞ്ചനയോടെ പെരുമാറും. ഇത് ഒരു മുഅ്മിനിൻ്റെ (വിശ്വാസിയുടെ) രീതിയല്ല.

‘മുസ്നദി’ലും മറ്റും സ്വഹീഹായ പരമ്പരയോടെ അനസ് ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: നിശ്ചയം, നബി ﷺ പറഞ്ഞു: ((നിന്നെ വിശ്വസിച്ചേൽപ്പിച്ച അമാനത്ത് നീ വീട്ടുക. നിന്നെ വഞ്ചിച്ചവനെ നീ (തിരിച്ച്) വഞ്ചിക്കരുത്)).

അമാനത്ത് എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും നിർബന്ധമായും വേണ്ട ഒന്നാണ്. എല്ലാ അവസ്ഥകളിലും അത് പ്രശംസനീയമാണ്. വഞ്ചനയാകട്ടെ, എല്ലാ അവസ്ഥകളിലും ആക്ഷേപാർഹവും നിന്ദ്യവുമാണ്. അതുകൊണ്ടാണ് അവിടുന്ന് ﷺ പറഞ്ഞത്: ((നിന്നെ വഞ്ചിച്ചവനെ നീ (തിരിച്ച്) വഞ്ചിക്കരുത്)). അതെ, നിനക്ക് ലഭിക്കാനുള്ള അവകാശം നീ അവനോട് ചോദിച്ചുവാങ്ങിക്കൊള്ളുക. പക്ഷെ, അവനോട് വഞ്ചനയോടെ പെരുമാറരുത്. കാരണം, വഞ്ചന എല്ലാ സമയത്തും ആക്ഷേപാർഹമാണ്.

രണ്ടാമത്തേത്: ((സംസാരത്തിലെ സത്യസന്ധത)) അതായത്, അവൻ കളവ് പറയുകയില്ല. മറിച്ച്, സത്യസന്ധത കാത്തുസൂക്ഷിക്കും. അവൻ്റെ വിൽപനയിലും വാങ്ങലിലും ജനങ്ങളോട് സംസാരിക്കുമ്പോൾ എപ്പോഴും അവൻ സത്യസന്ധനായിരിക്കും. “ഈ ചരക്ക് പുതിയതാണ്” എന്ന് അവരോട് പറഞ്ഞാൽ, അവൻ്റെ വാക്കിൽ അവൻ സത്യസന്ധനായിരിക്കും. “ഈ ഇനം ഒറിജിനൽ ആണ്” എന്ന് പറഞ്ഞാൽ, അവൻ്റെ വാക്കിൽ അവൻ സത്യസന്ധനായിരിക്കും. “ഇത് ഇന്നത്തേതാണ്, ഇന്നലത്തേതല്ല” എന്ന് പറഞ്ഞാൽ, അവൻ്റെ വാക്കിൽ അവൻ സത്യസന്ധനായിരിക്കും.

അവൻ സ്വന്തം മനസ്സിനോട് പറയും: “ഇവനിൽ നിന്ന് ഒരു റിയാലും, അവനിൽ നിന്ന് രണ്ട് റിയാലും, അല്ലെങ്കിൽ പത്തോ, ആയിരമോ, അതിലധികമോ ഞാൻ സമ്പാദിക്കുകയും, എന്നാൽ ‘സത്യസന്ധത’ എന്ന സ്വഭാവം എന്നിൽ നിന്ന് നഷ്ടപ്പെടുകയും ഞാൻ ഒരു കളവ് പറയുന്നവനായിത്തീരുകയും ചെയ്താൽ അതുകൊണ്ട് എനിക്ക് എന്ത് നേട്ടമാണുള്ളത്?!”. നബി ﷺ പറഞ്ഞിട്ടുണ്ട്: ((നിങ്ങൾ കളവിനെ സൂക്ഷിക്കുക. കാരണം, കളവ് ദോഷങ്ങളിലേക്ക് നയിക്കുന്നു. നിശ്ചയം, ദോഷങ്ങൾ നരകത്തിലേക്കും നയിക്കുന്നു)).

രിസ്ഖ് (വിഭവം) അല്ലാഹുവിൻ്റെ കയ്യിലാണെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. ഏതാനും റിയാലുകളോ ദിർഹമുകളോ അല്ല അവനെ സംബന്ധിച്ച് സത്യസന്ധത എന്ന സ്വഭാവം പാഴാക്കിക്കളയാൻ കാരണമാകുന്നത്. കാരണം, സത്യസന്ധത എന്നത് (അവനെ സംബന്ധിച്ച്) സ്ഥിരമായ ഒരു അടിസ്ഥാനമാണ്. അതിൽ അവൻ വിട്ടുവീഴ്ച ചെയ്യുകയോ അത് പാഴാക്കുകയോ ഇല്ല.

എന്നാൽ ചില ആളുകൾ, കച്ചവടത്തിൽ ഏർപ്പെടുന്നതിലൂടെയും ദുനിയാവിനോടും ലാഭത്തോടുമുള്ള ആർത്തി കാരണവും അവരുടെ സ്വഭാവം മോശമായിപ്പോകുന്നു. അങ്ങനെ ചില ഇടപാടുകളിൽ അവർ പരീക്ഷിക്കപ്പെടുന്നു. അതിൽ കളവ് പറയാൻ അവർ നിർബന്ധിതരാകുന്നതായി അവർക്ക് കാണാം. എന്തിന്, ചിലപ്പോൾ അവർ കള്ളസത്യങ്ങൾ വരെ ചെയ്തേക്കാം. നബി ﷺ പറഞ്ഞിട്ടുണ്ട്: ((മൂന്ന് വിഭാഗം ആളുകളോട് അന്ത്യനാളിൽ അല്ലാഹു ﷻ സംസാരിക്കുകയോ, അവരിലേക്ക് നോക്കുകയോ, അവരെ പാപമുക്തരാക്കുകയോ ഇല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും)). അവരിൽ ഒരാളായി അവിടുന്ന് ﷺ എണ്ണിയത്: ((കളവ് സത്യം ചെയ്ത് തൻ്റെ ചരക്ക് വിറ്റഴിക്കുന്നവനെയാണ്)). അങ്ങനെ, ദുനിയാവിൽ നിന്നും അതിലെ നശ്വരമായ വിഭവങ്ങളിൽ നിന്നും എന്തെങ്കിലും നേടിയെടുക്കാൻ വേണ്ടി അവൻ സത്യസന്ധതയെ വിൽക്കുകയും കളവ് പറയുന്നവനായിത്തീരുകയും ചെയ്യുന്നു. അല്ലാഹുവിൽ ശരണം!

മൂന്നാമത്തേത്: ((ഉത്തമ സ്വഭാവം)) അതായത്, ജനങ്ങളോട് ഉത്തമമായ സ്വഭാവത്തോടും മഹനീയമായ മര്യാദകളോടും കൂടി അവൻ പെരുമാറുന്നു. കച്ചവടത്തിലും വിൽപനയിലും വാങ്ങലിലും ഏർപ്പെടുന്ന ഒരാൾ, ജനങ്ങളുടെ പലതരം സ്വഭാവങ്ങളും പ്രകൃതങ്ങളും, എന്തിനേറെ, ഇടപാടുകളിൽ മോശമായി പെരുമാറുന്നവരെപ്പോലും ധാരാളമായി കാണുന്നതാണ്. വിൽപനയിലും വാങ്ങലിലും ഇടപാടുകളിലും ജനങ്ങളുമായി നിരന്തരമുണ്ടാകുന്ന സമ്പർക്കം, ഈ ഹദീഥിൽ വ്യക്തമാക്കിയ ‘ഉത്തമ സ്വഭാവം’ എന്ന ഈ നെടുംതൂൺ കാത്തുസൂക്ഷിച്ചില്ലെങ്കിൽ, സ്വഭാവത്തെ മോശമായ രീതിയിൽ ബാധിക്കുന്നതാണ്.

അപ്പോൾ ആ വ്യാപാരി തൻ്റെ ഉത്തമ സ്വഭാവം കാത്തുസൂക്ഷിക്കാൻ സ്വന്തം മനസ്സിനോട് ഒരു പോരാട്ടത്തിലായിരിക്കണം. അല്ലാതെ, മോശം സ്വഭാവമുള്ള ജനങ്ങളുമായി ഇടപഴകുന്നതിലൂടെ തൻ്റെ സ്വഭാവത്തെ അങ്ങാടിയിൽ വിൽക്കുകയല്ല അവൻ ചെയ്യേണ്ടത്. കാരണം, ചില ആളുകൾ പലതരം ജനങ്ങളുമായി ഇടപഴകിയത് കാരണവും, കച്ചവടം ചെയ്യേണ്ടതിൻ്റെ ആവശ്യം കാരണവും ധാരാളം ശപിക്കുന്നവനും, കുത്തിപ്പറയുന്നവനും, നീചനും, മോശം സ്വഭാവമുള്ളവനുമായിത്തീർന്നിരിക്കുന്നു. അവൻ്റെ കച്ചവടത്തിൽ നിന്നും ജനങ്ങളുമായുള്ള ഇടപാടുകളിൽ നിന്നുമാണ് അവൻ ഇത് സമ്പാദിച്ചത്. ഈ മഹത്തായ അടിത്തറ കാത്തുസൂക്ഷിക്കാതെ കച്ചവടത്തിലേക്ക് എടുത്തുചാടുകയും അതിൽ പ്രവേശിക്കുകയും ചെയ്തത് കാരണം അവന് ഈ സവിശേഷഗുണം നഷ്ടപ്പെട്ടു.

സ്വന്തം നന്മ കാംക്ഷിക്കുന്ന ഒരു മുസ്‌ലിം വ്യാപാരി, തൻ്റെ കച്ചവടത്തെയും ജനങ്ങളുമായുള്ള ഇടപഴകലുകളെയും തൻ്റെ സ്വഭാവം നഷ്ടപ്പെടാനുള്ള ഒരു കാരണമാക്കി മാറ്റുകയില്ല. ഒരു മനുഷ്യൻ കുറെ പണം സമ്പാദിക്കുകയും അവൻ്റെ സ്വഭാവം മോശമാവുകയും ചെയ്താൽ അതുകൊണ്ട് അവനെന്ത് ലാഭമാണുള്ളത്?! സ്വഭാവം മോശമായാൽ അവൻ്റെ സമ്പാദ്യം അവന് എന്ത് പ്രയോജനം ചെയ്യും?!

നാലാമത്തേത്: അവിടുന്ന് ﷺ പറഞ്ഞു: ((ഭക്ഷണത്തിലെ സംശുദ്ധി)) അതായത്, തൻ്റെ ഭക്ഷണ കാര്യത്തിൽ അവൻ സംശുദ്ധി പാലിക്കുക. ഹലാലായ മാർഗം മാത്രം സമ്പാദിക്കാൻ ആഗ്രഹിക്കുകയും, ഹറാമിൽ നിന്നും സംശയാസ്പദമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുക എന്നതാണത്. നബി ﷺ പറഞ്ഞിട്ടുണ്ട്: ((നിശ്ചയം, ഹലാൽ വ്യക്തമാണ്. നിശ്ചയം, ഹറാം വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ (സംശയാസ്പദമായ) ചില കാര്യങ്ങളുണ്ട്. ജനങ്ങളിൽ അധികം പേർക്കും അതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും സംശയാസ്പദമായ കാര്യങ്ങളെ സൂക്ഷിച്ചുവോ, അവൻ തൻ്റെ ദീനിനെയും അഭിമാനത്തെയും സംരക്ഷിച്ചു. ആരെങ്കിലും സംശയാസ്പദമായ കാര്യങ്ങളിൽ അകപ്പെട്ടുവോ, അവൻ ഹറാമിൽ അകപ്പെട്ടു. (അത്,) ഒരു സംരക്ഷിത മേഖലയ്ക്ക് ചുറ്റും (കാലികളെ) മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവൻ്റെ കാലികൾ അതിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും ഒരു സംരക്ഷിത മേഖലയുണ്ട്. അറിയുക! അല്ലാഹുവിൻ്റെ സംരക്ഷിത മേഖല അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്)).

അപ്പോൾ, അവൻ തൻ്റെ ഭക്ഷണത്തിൻ്റെ സംശുദ്ധിയിൽ വളരെയധികം ശ്രദ്ധാലുവായിരിക്കും. അതായത്, ഹറാം കലരാത്ത, ഹറാമിൻ്റെ യാതൊരു അംശവുമില്ലാത്ത ശുദ്ധമായ ഭക്ഷണം. കച്ചവടത്തിൽ പലിശയോ, വഞ്ചനയോ, ചതിയോ, അല്ലെങ്കിൽ ശരീഅത്തിൽ നിഷിദ്ധമാക്കപ്പെട്ട മറ്റേതെങ്കിലും കച്ചവട രൂപങ്ങളോ ഉണ്ടെങ്കിൽ, അവൻ അതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കും. കാരണം, ‘ഭക്ഷണത്തിലെ സംശുദ്ധി’ എന്നത് അവൻ്റെ പക്കലുള്ള സ്ഥിരമായ അടിസ്ഥാനങ്ങളിലൊന്നാണ്. അതിൽ അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഈ അടിസ്ഥാനത്തിന് യാതൊരു കോട്ടവും തട്ടാത്ത രീതിയിലുള്ള ലാഭമായിരിക്കും അവൻ അന്വേഷിക്കുക.

എന്നാൽ ചില ആളുകൾ കച്ചവടത്തിലേക്കും ലാഭം കൊയ്യുന്നതിലേക്കും പ്രവേശിക്കുന്നു, പക്ഷെ ഭക്ഷണത്തിൻ്റെ സംശുദ്ധി എന്ന വിഷയത്തിൽ അവർക്ക് യാതൊരു ജാഗ്രതയുമുണ്ടാവില്ല. താൻ സമ്പാദിച്ച ധനം ഹലാലിൽ നിന്നാണോ ഹറാമിൽ നിന്നാണോ എന്നവർ ശ്രദ്ധിക്കുകയേ ഇല്ല. എന്തിനേറെ, ഈ വിഷയത്തിൽ ചിലരുടെ നിലപാട് ഇതാണ്: “ഹലാൽ എന്നാൽ നിൻ്റെ കയ്യിൽ വന്നുചേർന്നതാണ്. ഹറാം എന്നാൽ നിനക്ക് തടയപ്പെട്ടതുമാണ്.” ഏത് മാർഗത്തിലൂടെയായാലും തൻ്റെ കയ്യിൽ വന്നുചേർന്നതും തൻ്റെ കയ്യിൽ കിട്ടിയതുമാണ് ഹലാൽ. തൻ്റെ കൈ എത്താത്തതും തനിക്ക് ലഭിക്കാത്തതുമാണ് ഹറാം. ഹലാലിനെക്കുറിച്ചോ ഹറാമിനെക്കുറിച്ചോ അവർക്ക് യാതൊരു ശ്രദ്ധയുമുണ്ടാവില്ല.

നബി ﷺ പറഞ്ഞിട്ടുണ്ട്: ((ഹറാമിൽ നിന്ന് മുളച്ചുവന്ന എല്ലാ മാംസത്തിനും ഏറ്റവും അർഹമായത് നരകമാണ്)). ദീർഘയാത്ര ചെയ്ത്, മുടിയെല്ലാം ജടകുത്തി, ശരീരമാകെ പൊടിപുരണ്ട ഒരാളെക്കുറിച്ച് അവിടുന്ന് ﷺ പറയുകയുണ്ടായി: ((അവൻ ആകാശത്തേക്ക് കൈകളുയർത്തി ‘യാ റബ്ബ്! യാ റബ്ബ്!’ (എൻ്റെ രക്ഷിതാവേ!) എന്ന് പ്രാർത്ഥിക്കുന്നു. എന്നാൽ അവൻ്റെ ഭക്ഷണം ഹറാമാണ്, അവൻ്റെ പാനീയം ഹറാമാണ്, അവൻ്റെ വസ്ത്രം ഹറാമാണ്, ഹറാം കൊണ്ടാണ് അവൻ പോഷിപ്പിക്കപ്പെട്ടിരിക്കുന്നത്; അപ്പോൾ എങ്ങനെയാണ് അവന് ഉത്തരം നൽകപ്പെടുക?!)) അതായത്: ഇതാണ് അവസ്ഥയെങ്കിൽ എങ്ങനെയാണ് (പ്രാർത്ഥനയ്ക്ക്) ഉത്തരം ലഭിക്കുക?!

അതുകൊണ്ടാണ് ചില സലഫുകൾ പറഞ്ഞത്: “ആരെങ്കിലും തൻ്റെ പ്രാർത്ഥനയ്ക്ക് അല്ലാഹു ﷻ ഉത്തരം നൽകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ തൻ്റെ ഭക്ഷണം ശുദ്ധമാക്കിക്കൊള്ളട്ടെ.”

അതുകൊണ്ട്, ഇത് മുസ്‌ലിം വ്യാപാരി വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. ദീൻ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ടല്ലാതെ തൻ്റെ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ യാതൊന്നും അവൻ പ്രവേശിപ്പിക്കരുത്. അത് നല്ലതാണെങ്കിൽ (ഹലാലാണെങ്കിൽ) അവൻ അത് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യട്ടെ. ഇനി അത് ഹറാമോ സംശയാസ്പദമോ ആണെങ്കിൽ, അത് ഉപേക്ഷിക്കുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യട്ടെ. കാരണം, ‘ഉത്തമമായ ഭക്ഷണം’ എന്നത് അവൻ്റെ പക്കലുള്ള സ്ഥിരമായ അടിസ്ഥാനങ്ങളിലൊന്നാണ്. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. മറിച്ച്, അത് അവൻ്റെ പക്കൽ സ്ഥിരവും ഉറച്ചതുമായ കാര്യങ്ങളിൽ പെട്ടതാണ്.

അതുകൊണ്ട്, എൻ്റെ പ്രിയ മുസ്‌ലിം വ്യാപാരിയായ സഹോദരാ, ഈ നാല് നെടുംതൂണുകളും നീ കാത്തുസൂക്ഷിക്കുക. അതിൽ യാതൊന്നും നീ പാഴാക്കിക്കളയരുത്. പിശാചിനെയും തിന്മ കൽപ്പിക്കുന്ന മനസ്സിനെയും നീ സൂക്ഷിക്കുക. ഉദാഹരണത്തിന്, (ഇപ്രകാരം) പറയപ്പെട്ടേക്കാം: “ഞാൻ സത്യസന്ധതയോടെ കമ്പോളത്തിൽ പ്രവേശിച്ചു. പക്ഷെ എൻ്റെ ചരക്കുകൾ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. എൻ്റെ ചുറ്റുമുള്ള കളവ് പറയുന്നവരുടെയും വഞ്ചകരുടെയും ചരക്കുകളല്ലാതെ വിറ്റുപോവുന്നില്ല. അവർ ജനങ്ങളോട് കളവ് പറയുന്നു, ‘അല്ലാഹുവാണ് സത്യം, ഇത് പുതിയതാണ്’ എന്ന് അവർ സത്യം ചെയ്യുന്നു.”

ഇത് സ്വഭാവങ്ങളെ വേർതിരിക്കുന്ന ഒരു പരീക്ഷണ ഘട്ടമാണ്. ദുനിയാവിൽ നിന്ന് നിനക്ക് വല്ലതും നഷ്ടപ്പെട്ടാൽ അത് നിനക്കൊരു ദോഷവും വരുത്തുകയില്ല. ഇത് നിൻ്റെ നബി ﷺ യിൽ നിന്നുള്ള ഒരു ഉപദേശമാണ്. സുന്നത്തിൻ്റെ മേൽ നീ ക്ഷമിക്കുകയും, നബി ﷺ യുടെ ഉപദേശങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോൾ നിനക്കത് (അതിൻ്റെ ഫലം) കാണാൻ സാധിക്കും. ദുനിയാവിലും ആഖിറത്തിലും നിനക്കാണ് ഉത്തമമായ പര്യവസാനം.

സഹോദരാ, മോശം സ്വഭാവങ്ങളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും, തന്നിഷ്ടങ്ങളിൽ നിന്നും അല്ലാഹു ﷻ നിനക്ക് അഭയം നൽകട്ടെ. ഹലാലായ സമ്പാദ്യവും സംതൃപ്തമായ ജീവിതവും അവൻ നിനക്ക് നൽകട്ടെ. നിശ്ചയം അവൻ എല്ലാം കേൾക്കുന്നവനും ഉത്തരം നൽകുന്നവനുമാണ്. അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയുക. അല്ലാഹുവിൻ്റെ അബ്ദും റസൂലുമായ നമ്മുടെ നബി മുഹമ്മദിൻ്റെ ﷺ മേലും അവിടുത്തെ കുടുംബത്തിൻ്റെ മേലും സ്വഹാബികളുടെ മേലും അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.

Share This Article
Leave a Comment