നാലാം നിയമം: നിർബന്ധ ബാധ്യതകൾ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു

5 Min Read

الوُجُوْبُ يَتَعَلَّقُ بِاْلاِسْتِطَاعَةِ ، فَلاَ وَاجِبَ مَعَ الْعَجْزِ ، وَلاَ مُحَرَّمَ مَعَ الضَّرُوْرَةِ

നിർബന്ധ ബാധ്യതകൾ (വാജിബുകൾ) നിർവ്വഹിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കാര്യം നിർവ്വഹിക്കാൻ കഴിവില്ലെങ്കിൽ ആ നിർബന്ധ ബാധ്യത ഒഴിവാക്കപ്പെടുന്നതാണ്. അതുപോലെ, അനിവാര്യമായ (ദറൂറത്ത്) ഘട്ടത്തിൽ നിഷിദ്ധമാക്കപ്പെട്ടത് അനുവദനീയമായിത്തീരുകയും ചെയ്യുന്നു.

ഈ നിയമത്തെ അറിയിക്കുന്ന പ്രമാണങ്ങളിൽ അല്ലാഹുവിന്റെ ഈ വചനം ഉൾപ്പെടുന്നു:

فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ

ആകയാൽ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. [സൂറത്ത് അത്തഗാബുൻ – 16]

റസൂലുല്ലാഹി ﷺ അരുളി:

إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوْا مِنْهُ مَا اسْتَطَعْتُمْ

ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ, നിങ്ങളെക്കൊണ്ട് സാധ്യമാകുന്നത്ര അതിൽ നിന്ന് നിങ്ങൾ പ്രവർത്തിക്കുക. [സഹീഹ് ബുഖാരി – 7288, സഹീഹ് മുസ്‌ലിം – 1337, അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്തത്]

ഈ നിയമം ഇതിൽ നിന്ന് ഉത്ഭവിക്കുന്ന മറ്റ് രണ്ട് നിയമങ്ങളെ ഉൾക്കൊള്ളുന്നു:

ഒന്നാമത്തെ നിയമം: ഒരു നിർബന്ധ ബാധ്യത നിർവ്വഹിക്കാൻ ഒരാൾക്ക് കഴിവില്ലെങ്കിൽ അത് അവനിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.

രണ്ടാമത്തെ നിയമം: ഒരാൾ അനിവാര്യമായ (ദറൂറത്ത്) അവസ്ഥയിലാകുമ്പോൾ ഹറാമായ കാര്യങ്ങൾ അനുവദനീയമാകുന്നു.

ശവം, രക്തം, അവയല്ലാത്ത മറ്റു ഹറാമായ കാര്യങ്ങൾ എന്നിവ നിഷിദ്ധമാക്കിയതിനെക്കുറിച്ച് പരാമർശിച്ച ശേഷം അല്ലാഹു പറഞ്ഞ വചനം പോലെ:

فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَحِيمٌ

വല്ലവനും പാപം ചെയ്യാൻ ആഗ്രഹിക്കാതെ കടുത്ത വിശപ്പുകാരണമായി (ഇവ തിന്നുവാൻ) നിർബന്ധിതനാകുന്ന പക്ഷം തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [സൂറത്ത് അൽ മാഇദഃ – 3]

അല്ലാഹു വീണ്ടും പറയുന്നു:

وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ

അല്ലാഹുവിന്റെ പേര് ഉച്ചരിക്കപ്പെട്ടതിൽ നിന്ന് നിങ്ങളെന്തിനു തിന്നാതിരിക്കണം? നിങ്ങൾക്ക് നിഷിദ്ധമാക്കിയത് ഏതെല്ലാമെന്ന് അവൻ നിങ്ങൾക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. എന്നാൽ നിങ്ങൾ (അവ തിന്നുവാൻ) നിർബന്ധിതരായിത്തീരുന്ന അവസ്ഥ ഇതിൽ നിന്നൊഴിവാകുന്നു. [സൂറത്ത് അൽ അൻആം – 119]

അനിവാര്യമായ സാഹചര്യങ്ങളിൽ ഹറാമായ ഭക്ഷണം കഴിക്കാമെന്ന് ഈ ആയത്ത് വ്യക്തമായി വിശദീകരിക്കുന്നു. എന്നാൽ ഈ അനുവാദം അനിവാര്യമായ ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. ആ അനിവാര്യമായ സാഹചര്യം നീങ്ങിയാൽ അത് ഭക്ഷിക്കുന്നത് നിർത്തൽ നിർബന്ധമാണ്.

ഈ ചർച്ചയിലെ ഒന്നാമത്തെ നിയമവുമായി ബന്ധപ്പെട്ട പ്രായോഗിക ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:

  • നമസ്കാരത്തിലെ നിബന്ധനകളോ (ശുറൂത്തുകൾ) നിർബന്ധ കാര്യങ്ങളോ (വാജിബുകൾ) മുഴുവനായി നിറവേറ്റാൻ കഴിവില്ലാത്ത ആൾ, അത് മുഴുവനായി നിറവേറ്റേണ്ടതില്ല; മറിച്ച് തന്റെ കഴിവിനനുസരിച്ച് അയാൾ നമസ്കാരം നിർവ്വഹിച്ചാൽ മതിയാകും.
  • തുടർച്ചയായ രോഗം കാരണത്താലോ, രോഗശമനം പ്രതീക്ഷിക്കാത്തതുകൊണ്ടോ, അല്ലെങ്കിൽ പ്രായാധിക്യം കാരണമോ നോമ്പനുഷ്ഠിക്കാൻ സാധിക്കാത്തവർക്കും, അതുപോലെ യാത്രയിലുള്ളവർക്കും (സഫറിലുള്ളവർക്ക്) നോമ്പ് ഉപേക്ഷിക്കാൻ അനുവാദമുണ്ട്. ഇനി അവരുടെ ആ കാരണം നീങ്ങുകയാണെങ്കിൽ, അവർ ഉപേക്ഷിച്ച അത്രയും ദിവസത്തെ നോമ്പ് അവർ നോറ്റു വീട്ടേണ്ടതാണ് (ഖദാഅ് വീട്ടണം).
  • വല്ല കാരണത്താലും ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ സാധിക്കാത്ത ഒരാൾ, കുറച്ച് കാലങ്ങൾക്ക് ശേഷം ആ കാരണം നീങ്ങാൻ സാധ്യതയുണ്ടെങ്കിൽ, അത് നീങ്ങുന്നത് വരെ അയാൾ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. എന്നാൽ ആ കാരണം നീങ്ങുമെന്ന് ഇനി പ്രതീക്ഷിക്കാനാവില്ലെങ്കിൽ, തനിക്ക് പകരമായി ഹജ്ജ് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാൻ അയാൾക്ക് അനുവാദമുണ്ട്.

ഈ രണ്ടാമത്തെ നിയമവുമായി ബന്ധപ്പെട്ട് അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:

لَيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ

അന്ധന്റെ മേൽ കുറ്റമില്ല. മുടന്തന്റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. [സൂറത്ത് അന്നൂർ – 61]

കാഴ്ച, ശാരീരിക ആരോഗ്യം, അവയവങ്ങളുടെ പൂർണ്ണത എന്നിവയെ ആശ്രയിച്ചിരിക്കുന്ന ജിഹാദും സമാനമായ മറ്റു ആരാധനകളും നിർവ്വഹിക്കുന്നതിൽ നിന്ന് അന്ധർക്കും മുടന്തർക്കും രോഗികൾക്കും ഇളവ് നൽകുന്നതിനെക്കുറിച്ചാണ് ഈ ആയത്ത് പ്രതിപാദിക്കുന്നത്.

ഇതിൽ നിന്ന് ഒരു നിർബന്ധ ബാധ്യത നിർവ്വഹിക്കാൻ കഴിവ് ഒരു നിബന്ധനയാണെന്ന് മനസ്സിലാക്കാം. അതിനാൽ ഒരു കാര്യം നിർവ്വഹിക്കാൻ കഴിവില്ലാത്ത ഒരാളുടെ മേൽ, അയാൾക്ക് സാധിക്കാത്ത ഒരു കാര്യവും അല്ലാഹു നിർബന്ധമാക്കുന്നില്ല. അതുപോലെ, സ്വഹീഹായ ഹദീസിൽ നബി ﷺ ഇപ്രകാരം അരുളിയിരിക്കുന്നു:

مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ اْلإِيْمَانِ

നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ തന്റെ കൈകൊണ്ട് അത് തടയട്ടെ; അതിന് അവന് സാധിക്കുന്നില്ലെങ്കിൽ അവൻ തന്റെ നാവുകൊണ്ട് (അതിനെതിരെ സംസാരിക്കട്ടെ); അതിനും സാധിക്കുന്നില്ലെങ്കിൽ അവൻ തന്റെ ഹൃദയം കൊണ്ട് (അതിനെ വെറുക്കട്ടെ). അത് ഈമാനിന്റെ (വിശ്വാസത്തിന്റെ) ഏറ്റവും ദുർബ്ബലമായ അവസ്ഥയാകുന്നു. [സഹീഹ് മുസ്‌ലിം – 49]

ഒരു ഭർത്താവ് തന്റെ കുടുംബത്തിന് വസ്ത്രവും അതുപോലുള്ളവയും നൽകാനുള്ള ബാധ്യത വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ ۖ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ ۚ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا

കഴിവുള്ളവൻ തന്റെ കഴിവിലുൾക്കൊള്ളുന്നതിൽ നിന്ന് ചെലവ് ചെയ്യട്ടെ. ഏതൊരാൾക്ക് തന്റെ ഉപജീവനം ഇടുങ്ങിയതാക്കപ്പെട്ടിരിക്കുന്നുവോ അവൻ അല്ലാഹു അവന് നൽകിയതിൽ നിന്ന് ചെലവ് ചെയ്യട്ടെ. ഒരാളോടും അവന് (അല്ലാഹു) നൽകിയതിലപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. ഞെരുക്കത്തിന് ശേഷം അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്. [സൂറത്ത് അത്വലാഖ് – 7]

അതുപോലെ, സമ്പത്തുമായി ബന്ധപ്പെട്ട് ഒരു ഭർത്താവ് നിർവ്വഹിക്കേണ്ട നിർബന്ധ ബാധ്യത വിശദീകരിച്ചുകൊണ്ട് റസൂലുല്ലാഹി ﷺ അരുളി:

اِبْدَأْ بِنَفْسِكَ ثُمَّ بِمَنْ تَعُوْلُ

നീ നിന്റെ സ്വന്തത്തിൽ നിന്ന് തുടങ്ങുക, പിന്നീട് നിന്റെ സംരക്ഷണത്തിലുള്ളവർക്ക് നൽകുക.

അതുപോലെ ഈ രണ്ടാമത്തെ നിയമത്തിന്റെ പ്രായോഗിക രൂപത്തിൽ ഉൾപ്പെടുന്നതാണ്, ക്രമത്തിൽ നൽകേണ്ട പ്രായശ്ചിത്തങ്ങൾ (കഫ്ഫാറകൾ). അവിടെ, ഉയർന്ന ക്രമത്തിലുള്ള കഫ്ഫാറ നൽകാൻ ഒരാൾക്ക് കഴിവില്ലെങ്കിൽ, അതിനു താഴെയുള്ള ക്രമത്തിലുള്ള കഫ്ഫാറയാണ് അവൻ നൽകേണ്ടത്.

അതുപോലെ തന്നെ ഈ നിയമത്തിന്റെ പ്രായോഗിക രൂപങ്ങളിൽ ഉൾപ്പെട്ടതാണ്, ജുമുഅ നമസ്കാരത്തിനും ജമാഅത്ത് നമസ്കാരത്തിനും പങ്കെടുക്കുന്നതിൽ നിന്നും ഒരാളെ ഒഴിവാക്കുന്ന ശർഇയ്യായ കാരണങ്ങളുടെ (ഉദ്റുകൾ) സാന്നിധ്യം.

ഈ ചർച്ചയിലെ രണ്ടാമത്തെ നിയമവുമായി ബന്ധപ്പെട്ട കാര്യമെടുത്താൽ, അതിന്റെ പ്രായോഗിക രൂപങ്ങൾ താഴെ പറയുന്നവയാണ്:

  • അനിവാര്യമായ സാഹചര്യത്തിൽ, ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഒരാൾക്ക് ആ സമയത്ത് നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ അതിന്റെ അനന്തരഫലമായി ഫിദ്‌യ നൽകൽ അവന്റെ മേൽ നിർബന്ധമാണ്. ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. [ശറഹുൽ മുഹദ്ദബ് 2/20]
  • ജമാഅത്തായി നമസ്കരിക്കുമ്പോൾ, മുന്നിലെ സ്വഫ്ഫിൽ ഒഴിവ് കണ്ടില്ലെങ്കിൽ ഒരാൾക്ക് സ്വഫ്ഫിന്റെ പിന്നിൽ ഒറ്റയ്ക്ക് നിന്ന് നമസ്കരിക്കാൻ അനുവാദമുണ്ട്. കാരണം നിർബന്ധമായ കാര്യങ്ങളും ഈ സ്വഫ്ഫിന്റെ വിഷയത്തേക്കാൾ വലിയ കാര്യങ്ങളും ഒരാൾക്ക് ചെയ്യാൻ സാധിക്കാത്ത ഘട്ടത്തിൽ ഒഴിവാക്കപ്പെടുന്നുണ്ട്. അപ്പോൾ സ്വഫ്ഫിന്റെ വിഷയം ഒഴിവാക്കപ്പെടാൻ കൂടുതൽ അർഹതയുള്ളതാണല്ലോ.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

Share This Article
Leave a Comment