മൂന്നാം നിയമം: പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു

7 Min Read

المَشَقَّةُ تَجْلِبُ التَّيْسِيْرَ

പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു (അഥവാ, പ്രയാസമുള്ള കാര്യങ്ങളിൽ മതത്തിൽ ഇളവുകളുണ്ട്).

ഫിഖ്ഹീ നിയമങ്ങളിൽ മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു നിയമമാണിത്. കാരണം, ശരീഅത്തിലുള്ള മുഴുവൻ ഇളവുകളും (റുഖ്സത്തുകളും) ഈ നിയമത്തിന്റെ പ്രായോഗിക രൂപമാണ്.

ഈ നിയമവുമായി ബന്ധപ്പെട്ട ചില തെളിവുകൾ താഴെ പറയുന്ന അല്ലാഹുവിന്റെ വചനങ്ങളാണ്:

يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ

അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്‌. അവൻ നിങ്ങൾക്ക് ഞെരുക്കം ഉദ്ദേശിക്കുന്നില്ല. [സൂറത്ത് അൽ ബഖറഃ – 185]

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا

അല്ലാഹു ഒരാളോടും അയാളുടെ കഴിവിലുപരിയായി ചെയ്യാൻ നിർബന്ധിക്കുകയില്ല. [സൂറത്ത് അൽ ബഖറഃ – 286]

وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ

മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. [സൂറത്ത് അൽ ഹജ്ജ് – 78]

فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ

ആകയാൽ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങളല്ലാഹുവെ സൂക്ഷിക്കുക. [സൂറത്ത് അത്തഗാബുൻ – 16]

ഈ വിലയേറിയ നിയമത്തിന്റെ അടിസ്ഥാനം മേൽപ്പറഞ്ഞ ആയത്തുകളാകുന്നു. ഈ മതത്തിലെ മുഴുവൻ ശരീഅത്തുകളും ഋജുവായതും തികഞ്ഞ വിട്ടുവീഴ്ചയുള്ളതുമാണ്. ഇതിലെ തൗഹീദ് ഋജുവായതാണ്, അത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണമെന്നും, അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത് എന്നുമുള്ള കൽപ്പനയുടെ മേൽ പടുത്തുയർത്തപ്പെട്ടതാണ്.

അതുപോലെ തന്നെ, ഈ ശരീഅത്ത് അതിന്റെ വിധികൾക്കും കർമ്മങ്ങൾക്കുമിടയിൽ തികഞ്ഞ വിട്ടുവീഴ്ചയുള്ളതുമാണ്. ഉദാഹരണത്തിന്, ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിൽ ഉൾപ്പെടുന്ന ആരാധനകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാം. അതിലൊന്നാണ് നമസ്കാരം. ഈ ആരാധന വളരെ എളുപ്പമുള്ളതും കുറച്ചു സമയം മാത്രം ആവശ്യമുള്ളതുമായ ഒന്നാണെന്ന് നമുക്ക് കാണാം. അതുപോലെ തന്നെയാണ് സകാത്തും; സകാത്ത് നിർബന്ധമായ ആളുകളുടെ സമ്പത്തിൽ നിന്ന് വളരെ ചെറിയൊരു ഭാഗം മാത്രമാണ് അതിനായി ആവശ്യമുള്ളത്. അതും വളരുന്ന സമ്പത്തിൽ നിന്നാണ് എടുക്കുന്നത്, അല്ലാതെ സ്ഥിരമായുള്ള സമ്പത്തിൽ നിന്നല്ല. മാത്രമല്ല, സകാത്ത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് നിർവ്വഹിക്കേണ്ടത്. റമദാൻ മാസത്തിലെ നോമ്പും അപ്രകാരം തന്നെ ഓരോ വർഷവും ഒരു മാസം മാത്രമാണ് നിർവ്വഹിക്കേണ്ടത്. സാമ്പത്തികവും ശാരീരികവുമായ കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ള ആരാധനയാണ് ഹജ്ജ്. എന്നാൽ മറ്റ് നിർബന്ധ ബാധ്യതകളാകട്ടെ, അവയ്ക്ക് നിദാനമായ കാരണങ്ങൾക്കനുസരിച്ച് (ഉദാഹരണത്തിന് നേർച്ചകൾ, പ്രായശ്ചിത്തങ്ങൾ) കടന്നുവരുന്നവയാണ്.

മേൽപ്പറഞ്ഞ ആരാധനകളെല്ലാം വളരെ എളുപ്പമുള്ളതും ലഘുവായതുമാണ്. ഈ ആരാധനകൾ നിർവ്വഹിക്കുന്നതിന് സഹായകമാകുന്നതും അതിന് ആവേശം നൽകുന്നതുമായ ചില കാര്യങ്ങളും അല്ലാഹു നിയമമാക്കിയിട്ടുണ്ട്. അഞ്ചു നേരത്തെ നമസ്കാരങ്ങളും, ജുമുഅ നമസ്കാരവും, പെരുന്നാൾ നമസ്കാരങ്ങളും ജമാഅത്തായി (സംഘമായി) നിർവ്വഹിക്കൽ നിയമമാക്കപ്പെട്ടത് ഇതിൽ പെട്ടതാണ്. അപ്രകാരം തന്നെ റമദാൻ മാസത്തിൽ എല്ലാവരും ഒരുമിച്ച് നോമ്പെടുക്കുന്നതും ഇതിനുദാഹരണമാണ്. ദുൽഹിജ്ജ മാസത്തിൽ എല്ലാവരും ഒരുമിച്ച് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതും ഇതിൽ പെടുന്നു.

ആരാധനകൾ ജമാഅത്തായി നിർവ്വഹിക്കുന്നത്, വിവിധ ആരാധനകളുടെ നിർവ്വഹണത്തെ കൂടുതൽ ലഘൂകരിക്കുകയും, കൂടുതൽ ആവേശം നൽകുകയും, നന്മകൾ കരസ്ഥമാക്കാൻ പരസ്പരം മത്സരിക്കാൻ കൂടുതൽ പ്രേരിപ്പിക്കുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. തന്റെ പ്രവാചകന്റെ ﷺ സുന്നത്തുകൾക്കനുസരിച്ച് ആത്മാർത്ഥതയോടെ ഈ ആരാധനകൾ നിർവ്വഹിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും അല്ലാഹു പ്രതിഫലം ഒരുക്കിവെച്ചിട്ടുള്ളതുപോലെ. അതിന്റെ വലിപ്പം അളക്കാൻ സാധിക്കാത്തത്ര മഹത്തായ പ്രതിഫലമാണത്. സൽകർമ്മങ്ങൾ പ്രവർത്തിക്കാനും തിന്മകൾ ഉപേക്ഷിക്കാനുമുള്ള ഏറ്റവും വലിയ പ്രേരകം അല്ലാഹുവിന്റെ ഈ വാഗ്ദാനമാണ്.

ഈ എളുപ്പങ്ങൾക്ക് പുറമെ, ശരീഅത്ത് നിയമങ്ങൾ പാലിക്കാൻ കഴിയാത്തവിധം ഏതെങ്കിലും തരത്തിലുള്ള കാരണങ്ങൾ (ഉദ്ർ) ഉണ്ടാവുകയോ അതിൽ പ്രയാസം നേരിടുകയോ ചെയ്യുന്ന ഒരാൾക്ക്, അയാളുടെ സാഹചര്യത്തിനും അവസ്ഥയ്ക്കും അനുസൃതമായ ഇളവുകളും അല്ലാഹു നൽകിയിട്ടുണ്ട്. താഴെ പറയുന്ന ചില ഉദാഹരണങ്ങളിൽ നിന്ന് ഇത് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്:

  • രോഗാവസ്ഥയിലുള്ള ഒരാൾക്ക്, നിന്ന് നമസ്കരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുന്ന് നമസ്കരിക്കാവുന്നതാണ്. ഇനി ഇരുന്നും സാധിക്കുന്നില്ലെങ്കിൽ കിടന്ന് നമസ്കരിക്കാവുന്നതാണ്; അപ്പോൾ റുകൂഇലും സുജൂദിലും ആംഗ്യം കാണിച്ചാൽ മതിയാകും.
  • വെള്ളം ഉപയോഗിച്ച് ശുദ്ധീകരണം വരുത്തൽ നിർബന്ധമാണ്. എന്നാൽ രോഗം കാരണമോ അല്ലെങ്കിൽ വെള്ളം ലഭ്യമല്ലാത്തത് കാരണമോ വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ തയമ്മും ചെയ്യാൻ അനുവദിക്കപ്പെട്ടിരിക്കുന്നു.
  • യാത്രാക്ലേശം അനുഭവിക്കുന്ന ഒരു യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കാൻ അനുവാദമുണ്ട്. അതുപോലെ നമസ്കാരങ്ങൾ ജംഉം (ഒരുമിച്ചാക്കൽ) ഖസ്വ്‌റും (ചുരുക്കൽ) ചെയ്യാൻ അനുവാദമുണ്ട്; വുദൂഇൽ കാലുകൾ കഴുകുന്നതിന് പകരമായി മൂന്ന് ദിവസം ഖുഫ്ഫിന്മേൽ തടവാൻ (മസ്ഹ് ചെയ്യാൻ) അനുവാദമുണ്ട്.
  • രോഗിയായിരിക്കുന്ന ആൾക്കോ അല്ലെങ്കിൽ ദൂരയാത്രയിലുള്ള ആൾക്കോ, ആരോഗ്യവാനായിരുന്നപ്പോഴും നാട്ടിലുണ്ടായിരുന്നപ്പോഴും പതിവായി ചെയ്തിരുന്ന സൽകർമ്മങ്ങളുടെ അതേ പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്.

മഹത്തായ ഇസ്‌ലാം മതത്തിന്റെ ശരീഅത്തിൽ ഉൾക്കൊള്ളുന്ന വിവിധങ്ങളായ ചർച്ചകളിൽ ഈ നിയമം പ്രായോഗികവൽക്കരിക്കപ്പെടുന്നുണ്ട്. ഈ നിയമത്തിന്റെ യഥാർത്ഥ പ്രായോഗിക രൂപം താഴെ പറയുന്ന ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്:

  • വസ്ത്രത്തിലോ ശരീരത്തിലോ ചെറിയ അളവിൽ രക്തം പുരണ്ടാൽ അത് വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്, അത് കഴുകി വൃത്തിയാക്കൽ നിർബന്ധമില്ല.
  • വെള്ളം ലഭ്യമാണെങ്കിൽ പോലും, ഇസ്തിൻജാഇന് (വെള്ളം ഉപയോഗിച്ച് നജസ് ശുദ്ധീകരിക്കുന്നതിന്) പകരമായി ഇസ്തിജ്മാർ (കല്ലോ അതുപോലുള്ളവയോ ഉപയോഗിച്ച് നജസ് ശുദ്ധീകരിക്കൽ) ചെയ്യാൻ അനുവാദമുണ്ട്.
  • ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയാൻ കഴിവില്ലാത്തതിനാൽ ചിലപ്പോൾ നജസ് വായിലാക്കുന്ന ചെറിയ കുട്ടികളുടെ വായ ശുദ്ധിയുള്ളതായി പരിഗണിക്കപ്പെടുന്നു.
  • പൂച്ചയുടെ ശുദ്ധി. നബി ﷺ അരുളിയത് പോലെ:

إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنَ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ

തീർച്ചയായും അത് (പൂച്ച) നജസല്ല. അത് നിങ്ങളുടെ ചുറ്റും കറങ്ങിനടക്കുന്നവയാണ്. [ഇമാം അഹ്‌മദ് (5/296, 303), അബൂദാവൂദ് ത്വഹാറത്തിന്റെ കിതാബിൽ ബാബ്: സൂറുൽ ഹിർറ (നമ്പർ 75), തിർമിദി ത്വഹാറത്തിന്റെ കിതാബിൽ ബാബ്: മാ ജാഅ ഫീ സൂറുൽ ഹിർറ (നമ്പർ 92), നസാഈ (1/55), ഇബ്‌നു മാജഃ ത്വഹാറത്തിന്റെ കിതാബിൽ ബാബ്: അൽ വുദൂഅ് ബി സൂറുൽ ഹിർറ (നമ്പർ 367), മാലിക് (1/45), അബ്ദുറസാഖ് (നമ്പർ 353), അൽ ഹുമൈദി (നമ്പർ 430), ഇബ്‌നു അബീ ശൈബഃ (1/31), അദ്ദാരിമി (1/187), ഇബ്‌നു ഹിബ്ബാൻ (നമ്പർ 121), ത്വഹാവീ അൽ മുഷ്കിലിൽ (3/270), ഹാകിം (1/159) എന്നിവർ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിർമിദിയും ഹാകിമും ഇത് സ്വഹീഹാക്കിയിട്ടുണ്ട്. ‘അത്തൽഖീസ്’ (1/41) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: “ഈ ഹദീസ് ബുഖാരി, തിർമിദി, ഉഖൈലി, ദാറഖുത്വ്‌നി എന്നിവർ സ്വഹീഹാക്കിയിരിക്കുന്നു”. അൽ മജ്മൂഇൽ (1/215) പരാമർശിച്ചതുപോലെ ഇമാം ബൈഹഖിയും ഇത് സ്വഹീഹാക്കിയിട്ടുണ്ട്; കൂടാതെ ഇമാം നവവിയും ഇതിനെ സ്വഹീഹാക്കിയിരിക്കുന്നു]

  • നജസ് കലർന്നിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന വഴികളിലെ മണ്ണ് തെറിച്ചാൽ അത് വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. ഇനി അതിൽ നജസ് ഉണ്ടെന്ന് ഉറപ്പായാൽ തന്നെ, ചെറിയ നജസാണെങ്കിൽ അത് വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്.
  • മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചുതുടങ്ങിയിട്ടില്ലാത്ത ആൺകുട്ടിയുടെ മൂത്രം വസ്ത്രത്തിൽ ആയാൽ, ആ വസ്ത്രത്തിൽ വെള്ളം കുടഞ്ഞാൽ മതിയാകും; അത് കഴുകേണ്ടതില്ല. ആ കുട്ടിയുടെ ഛർദ്ദി വസ്ത്രത്തിലായാലും അപ്രകാരം തന്നെയാണ്.
  • ഏതൊരു വസ്തുവിന്റെയും അടിസ്ഥാന വിധി അത് ശുദ്ധിയുള്ളതാണ് എന്നതാണ്, അത് നജസാണെന്ന് ഉറപ്പായി അറിയുന്നത് വരെയെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അതുപോലെ ഏതൊരു ഭക്ഷണത്തിന്റെയും അടിസ്ഥാന വിധി അത് ഹലാലാണ് എന്നതാണ്, അത് ഹറാമാണെന്ന് ഉറപ്പായി അറിയുന്നത് വരെ.
  • ശരീരം, വസ്ത്രം, അല്ലെങ്കിൽ പാത്രങ്ങൾ എന്നിവയിൽ നിന്ന് നജസ് ശുദ്ധീകരിക്കുമ്പോൾ ഒരു ഊഹത്തിന്റെ (ധാരണയുടെ) അടിസ്ഥാനത്തിൽ മതിയാക്കാവുന്നതാണ്. അതായത്, പൂർണ്ണമായ ശുദ്ധി കൃത്യമായി നിർണ്ണയിക്കാൻ കഴിയാതിരിക്കുകയോ പ്രയാസപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ശുദ്ധിയായി എന്ന് കണക്കാക്കിയാൽ മതിയാകുന്നതാണ്.
  • നമസ്കാര സമയം പ്രവേശിച്ചു എന്ന് നിർണ്ണയിക്കുന്നതിൽ, സമയം പ്രവേശിച്ചു എന്ന ശക്തമായ ധാരണ (ഊഹം) മതിയാകുന്നതാണ്. അതായത്, സമയം കൃത്യമായി പ്രവേശിച്ചു എന്ന് അറിയാൻ പ്രയാസമുള്ള സാഹചര്യങ്ങളിൽ.
  • തമത്തുഅ്, ഖിറാൻ എന്നീ രൂപങ്ങളിൽ ഹജ്ജ് നിർവ്വഹിക്കുന്നവർക്ക്, ഒരൊറ്റ യാത്രയിൽ തന്നെ ഹജ്ജും ഉംറയും ഒരുമിച്ച് നിർവ്വഹിക്കാൻ സാധിക്കുന്നതാണ്.
  • ജീവൻ നിലനിർത്താൻ അനിവാര്യമായ (നിർബന്ധിതരായ) ആളുകൾക്ക് ശവം പോലുള്ള ഹറാമായ ഭക്ഷണങ്ങൾ കഴിക്കാൻ അനുവാദമുണ്ട്.
  • ഈത്തപ്പഴത്തിന്റെ റുത്വബ് (പഴകിയതല്ലാത്ത പച്ച ഈത്തപ്പഴം) ലഭിക്കാൻ ആവശ്യമുള്ള സന്ദർഭങ്ങളിൽ ‘അറായ’ (അരിയ്യത്ത്) കച്ചവടം [അതായത്, മരത്തിലുള്ള പച്ച ഈത്തപ്പഴം (റുത്വബ്), അത് ഉണങ്ങിയ ഈത്തപ്പഴമാകുമ്പോഴുള്ള അളവ് കണക്കാക്കി അതിന് പകരമായി അളന്നുവിൽക്കുന്ന കച്ചവടമാണ്. (ശറഹുൽ മുൻതഹാ 2/197)] ചെയ്യാൻ അനുവാദമുണ്ട്.
  • കുതിരയോട്ട മത്സരം, ഒട്ടകയോട്ട മത്സരം, അമ്പെയ്ത്ത് മത്സരം എന്നിവയിൽ നിന്ന് പ്രതിഫലം (സമ്മാനം) വാങ്ങാൻ അനുവാദമുണ്ട്.
  • വിവാഹം നീട്ടിവെക്കാൻ സാധിക്കാതിരിക്കുകയും വ്യഭിചാരത്തിൽ അകപ്പെട്ടുപോകുമെന്ന് ഭയക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്രനായ പുരുഷന് അടിമസ്ത്രീയെ വിവാഹം കഴിക്കാൻ അനുവാദമുണ്ട്.
  • അബദ്ധത്തിൽ ഒരു കൊലപാതകം സംഭവിച്ചാൽ, കൊലയാളിയുടെ അടുത്ത ബന്ധുക്കളാണ് ദിയ്യത്ത് (കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരം) നൽകേണ്ടത്. കൊലയാളി മനഃപൂർവ്വം കൊലപാതകം ചെയ്യാത്തതുകൊണ്ട് വ്യക്തമായ ന്യായമുണ്ട് എന്നതാണ് ഇതിന് കാരണം. അതിനാൽ, അവർക്ക് പ്രയാസമില്ലാത്ത വിധത്തിൽ, അതായത് ഓരോരുത്തരുടെയും സാമ്പത്തിക നിലയ്ക്കനുസരിച്ച് ഭാഗിച്ചുകൊണ്ട് ആ ദിയ്യത്ത് നൽകുക എന്നത് കൊലയാളിയുടെ അടുത്ത ബന്ധുക്കളുടെ ബാധ്യതയായിത്തീരുന്നു. അത് നൽകാൻ അവർക്ക് മൂന്ന് വർഷത്തെ സാവകാശവും നൽകപ്പെടുന്നു. ഇനി ആ കൊലയാളി സാമ്പത്തിക ശേഷിയുള്ള ആളാണെങ്കിൽ, അയാൾ ഈ ദിയ്യത്ത് നൽകുന്നതിൽ പങ്കുചേരണമോ വേണ്ടയോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

ഈ നിയമത്തിന്റെ പ്രായോഗികവൽക്കരണം വളരെ വിശാലമാണ്. ഈ നിയമത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാൻ മുകളിൽ നൽകിയ ഉദാഹരണങ്ങൾ തന്നെ മതിയാകുന്നതാണ്.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

Share This Article
Leave a Comment