അഞ്ചാം നിയമം: ശരീഅത്ത് രണ്ട് അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്: ആരാധ്യനോടുള്ള ഇഖ്‌ലാസ്, റസൂലിനെ ﷺ പിൻപറ്റൽ എന്നിവയാണവ

9 Min Read

الشَّرِيْعَةُ مَبْنِيَّةٌ عَلَى أَصْلَيْنِ : الإِخْلاَصُ لِلْمَعْبُوْدِ وَالْمُتَابَعَةُ لِلرَّسُوْلِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

ശരീഅത്ത് രണ്ട് അടിസ്ഥാനങ്ങളിലാണ് പടുത്തുയർത്തപ്പെട്ടിട്ടുള്ളത്: അല്ലാഹുവിനോടുള്ള ഇഖ്‌ലാസും (ആത്മാർത്ഥത), റസൂലിനെ ﷺ പിൻപറ്റലും (മുതാബഅത്ത്).

നാവുകൊണ്ടുള്ള സംസാരം, അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തികൾ പോലുള്ള ബാഹ്യമായ (ളാഹിർ) കർമ്മങ്ങളാകട്ടെ, ഹൃദയം കൊണ്ടുള്ള ആന്തരികമായ (ബാത്വിൻ) കർമ്മങ്ങളാകട്ടെ, ഏതുതരം ആരാധനാ കർമ്മങ്ങളും സ്വീകരിക്കപ്പെടുന്നതിനുള്ള നിബന്ധനകളാണ് ഈ രണ്ട് കാര്യങ്ങളും.

അല്ലാഹു പറയുന്നു:

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കാൻ മാത്രമാണ് അവരോട് കൽപിക്കപ്പെട്ടിട്ടുള്ളത്. [സൂറത്ത് അൽ ബയ്യിനഃ – 5]

ഈ ആയത്തിലെ الدِّينَ (ദീൻ) എന്ന പദത്തിന് നബി ﷺ ജിബ്‌രീലിന്റെ (അ) ഹദീസിൽ നൽകിയ വിശദീകരണം, അത് ഇസ്‌ലാമിന്റെ അഞ്ച് കാര്യങ്ങളും, ഈമാനിന്റെ ആറ് കാര്യങ്ങളും, അതുപോലെ ഹൃദയത്തിലെ കർമ്മങ്ങളുടെ സത്തയായ ഇഹ്സാനും ഉൾപ്പെടുന്നതാണ് എന്നാണ് [സഹീഹ് ബുഖാരി – 50, സഹീഹ് മുസ്‌ലിം – 9 എന്നീ ഗ്രന്ഥങ്ങളിൽ ഈമാനിന്റെ കിതാബിൽ ഇത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്].

അതിനാൽ, ഈ കാര്യങ്ങളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമുള്ള ഇഖ്‌ലാസോടെ, അവന്റെ മുഖവും, അവന്റെ പൊരുത്തവും, അവനിൽ നിന്നുള്ള പ്രതിഫലവും ആഗ്രഹിച്ചുകൊണ്ട് നിർവ്വഹിക്കപ്പെടേണ്ടതാണ്.

അതിനുപുറമെ, ഈ കർമ്മങ്ങൾ ഖുർആനിലെയും ഹദീസിലെയും പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് നിർവ്വഹിക്കേണ്ടത്. അല്ലാഹു പറയുന്നു:

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا

റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തിനെപ്പറ്റി അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുകയും ചെയ്യുക. [സൂറത്ത് അൽ ഹശ്ർ – 7]

ആരാധനാ കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നതിനുള്ള ഈ രണ്ട് നിബന്ധനകളുടെയും അസ്തിത്വത്തെ അല്ലാഹു തന്റെ ഈ വചനത്തിൽ ഒരുമിച്ചുകൂട്ടിയിരിക്കുന്നു:

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ

സൽകർമ്മകാരിയായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും ചെയ്തവനേക്കാൾ ഉത്തമ മതക്കാരൻ ആരുണ്ട്? [സൂറത്ത് അന്നിസാഅ് – 125]

ഈ ആയത്തിലെ أَسْلَمَ وَجْهَهُ (തന്റെ മുഖത്തെ കീഴ്പ്പെടുത്തി) എന്നതിന്റെ അർത്ഥം, ഒരാളുടെ ബാഹ്യവും ആന്തരികവുമായ കർമ്മങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക എന്നതാണ്. وَهُوَ مُحْسِنٌ (അവൻ സൽകർമ്മകാരിയുമാണ്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അവൻ ചെയ്യുന്ന ആരാധനാ കർമ്മങ്ങളിൽ റസൂലുല്ലാഹി ﷺ യെ പിൻപറ്റിക്കൊണ്ട് അവൻ ഇഹ്സാൻ പ്രവർത്തിക്കുന്നു എന്നതാണ്.

അതിനാൽ സ്വീകരിക്കപ്പെടുന്ന കർമ്മം എന്നത്, ഈ രണ്ട് വിശേഷണങ്ങളും ഒരുമിച്ചുകൂടിയ കർമ്മമാണ്. ഈ രണ്ട് വിശേഷണങ്ങളോ അല്ലെങ്കിൽ അതിലൊന്നോ പൂർത്തീകരിക്കപ്പെട്ടില്ലെങ്കിൽ ആ കർമ്മം തള്ളപ്പെടുന്നതാണ് (റദ്ദ് ചെയ്യപ്പെടും). അത് അല്ലാഹു തന്റെ വചനത്തിൽ പറഞ്ഞ കർമ്മങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നതാണ്:

وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا

അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും. [സൂറത്ത് അൽ ഫുർഖാൻ – 23]

ഇഖ്‌ലാസുള്ള ആളുകളുടെ കർമ്മങ്ങളെയും, രിയാഅ് (ലോകമാന്യം) കാണിക്കുന്നവരുടെ കർമ്മങ്ങളെയും വേർതിരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളിൽ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും സ്വത്തുക്കൾ ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കോരിച്ചൊരിയുന്ന മഴ ലഭിച്ചപ്പോൾ അത് രണ്ടിരട്ടി ഫലം നൽകി. ഇനി അതിന് കോരിച്ചൊരിയുന്ന മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽമഴയേ കിട്ടിയുള്ളൂ എങ്കിൽ അതു മതിയാകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. [സൂറത്ത് അൽ ബഖറഃ – 265]

അതുപോലെ തന്നെ, ഏറ്റവും ശ്രേഷ്ഠമായ കർമ്മങ്ങളിൽ പെട്ട ഹിജ്‌റയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് റസൂലുല്ലാഹി ﷺ അരുളി:

فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُوْلِهِ فَهِجْرَتُهُ إِلَى اللهِ وَرَسُوْلِهِ، وَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيْبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ

ആരുടെയെങ്കിലും ഹിജ്‌റ (പലായനം) അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിങ്കലേക്കുമാണെങ്കിൽ അവന്റെ ഹിജ്‌റ അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിങ്കലേക്കുമാകുന്നു. ഇനി ആരുടെയെങ്കിലും ഹിജ്‌റ അവൻ ലക്ഷ്യമാക്കുന്ന ഭൗതിക കാര്യത്തിന് വേണ്ടിയോ, അല്ലെങ്കിൽ അവൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് വേണ്ടിയോ ആണെങ്കിൽ, അവന്റെ ഹിജ്‌റ അവൻ എന്തിലേക്ക് ഹിജ്‌റ പോയോ അതിലേക്കാകുന്നു. [സഹീഹ് ബുഖാരി – 1, സഹീഹ് മുസ്‌ലിം – 1907]

ധീരത കാണിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നവനെയും, ഗോത്രവികാരത്താൽ യുദ്ധം ചെയ്യുന്നവനെയും, യുദ്ധമുതൽ (ഗനീമത്ത്) ലഭിക്കാനായി യുദ്ധം ചെയ്യുന്നവനെയും കുറിച്ച്, ഇവരിൽ ആരാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവൻ എന്ന് റസൂലുല്ലാഹി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് ﷺ അരുളി:

مَنْ قَاتَلَ لِتَكُوْنَ كَلِمَةُ اللهِ هِيَ الْعُلْيَا فَهُوَ فيِ سَبِيْلِ اللهِ

അല്ലാഹുവിന്റെ വചനം ഏറ്റവും ഉന്നതമാകുവാൻ വേണ്ടി ആര് യുദ്ധം ചെയ്യുന്നുവോ അവനാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളവൻ. [സഹീഹ് ബുഖാരി – 123, സഹീഹ് മുസ്‌ലിം – 1904]

അതുകൊണ്ട്, നാവുകൊണ്ടോ പ്രവർത്തികൊണ്ടോ ഉള്ള ഒരാളുടെ ജിഹാദ്, അത് അല്ലാഹുവിന് വേണ്ടിയും സത്യത്തെ സഹായിക്കാൻ വേണ്ടിയും കരുതിക്കൊണ്ടാണെങ്കിൽ, അവൻ തന്റെ ജിഹാദിൽ ആത്മാർത്ഥത (ഇഖ്‌ലാസ്) ഉള്ളവനാണ്. ഇനി അതല്ലാത്ത മറ്റെന്തെങ്കിലുമാണ് ഒരാൾ ലക്ഷ്യം വെച്ചതെങ്കിൽ, അവൻ കരുതിയത് മാത്രമേ അവന് ലഭിക്കുകയുള്ളൂ, അവന്റെ ആ കർമ്മം സ്വീകരിക്കപ്പെടുകയുമില്ല.

റസൂലുല്ലാഹി ﷺ യെ പിൻപറ്റാതെ (മുതാബഅത്തില്ലാതെ) നിർവ്വഹിക്കപ്പെടുന്ന കർമ്മങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അല്ലാഹു തന്റെ മറ്റൊരു വചനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا (103) الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا

(നബിയേ,) പറയുക: കർമ്മങ്ങൾ ഏറ്റവും നഷ്ടകരമായിത്തീർന്നവരെപ്പറ്റി നാം നിങ്ങൾക്ക് വിവരിച്ചുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവർ. അവർ വിചാരിക്കുന്നതാകട്ടെ തങ്ങൾ നല്ലപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌. [സൂറത്ത് അൽ കഹ്ഫ് – 103, 104]

അതിനാൽ, ഒരാൾ രിയാഅ് ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന സൽകർമ്മം ബാത്വിലാണ് (അസാധുവാണ്). കാരണം അതിൽ ഇഖ്‌ലാസില്ല. അതുപോലെ, അല്ലാഹുവിന് വേണ്ടി ഇഖ്‌ലാസോടെ ഒരു കർമ്മം ചെയ്തു, എന്നാൽ ആ കർമ്മത്തിന് ശർഇയ്യായ യാതൊരു അടിസ്ഥാനവും (പ്രമാണവും) ഇല്ലെങ്കിൽ ആ കർമ്മവും ബാത്വിലാണ്. കാരണം അതിൽ മുതാബഅത്ത് (റസൂലിനെ പിൻപറ്റൽ) ഇല്ല. അതുപോലെ തന്നെ, ഖുർആനിലും സുന്നത്തിലും യാതൊരു അടിസ്ഥാനവുമില്ലാത്ത വിശ്വാസങ്ങളും, റസൂലുല്ലാഹി ﷺ യും സ്വഹാബത്തും പഠിപ്പിച്ചതിന് എതിരുനിൽക്കുന്ന അഹ്‌ലുൽ ബിദ്അത്തിന്റെ (ബിദ്അത്തുകാരുടെ) വിശ്വാസങ്ങൾ പോലുള്ളവയെല്ലാം നബി ﷺ യുടെ ഈ ഹദീസിൽ ഉൾപ്പെടുന്നതാണ്:

إِنَّمَا اْلأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

തീർച്ചയായും കർമ്മങ്ങൾ നിയ്യത്തുകളുടെ (ഉദ്ദേശങ്ങളുടെ) അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചതുമാത്രമേ ലഭിക്കുകയുള്ളൂ. [സഹീഹ് ബുഖാരി – 1, സഹീഹ് മുസ്‌ലിം – 1907]

നബി ﷺ അരുളി:

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

നമ്മുടെ കൽപ്പനയില്ലാത്ത വല്ല കർമ്മവും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടുന്നതാണ്. [സഹീഹ് മുസ്‌ലിം – 1718]

ഇതിലെ ഒന്നാമത്തെ ഹദീസ് ഒരു കർമ്മത്തിന്റെ ആന്തരികമായ (ബാത്വിനായ) വശം അളക്കുന്നതിനുള്ള തുലാസാണ്, രണ്ടാമത്തെ ഹദീസ് കർമ്മത്തിന്റെ ബാഹ്യമായ (ളാഹിറായ) വശം അളക്കുന്നതിനുള്ള തുലാസുമാണ്.

കർമ്മങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക എന്നത് ഖുർആനിലെയും സുന്നത്തിലെയും പ്രമാണങ്ങൾ കൽപ്പിച്ച കാര്യമാണ്. അതിന്റെ ശ്രേഷ്ഠതയും, അതില്ലെങ്കിൽ കർമ്മങ്ങൾ ബാത്വിലാകും എന്ന കാര്യവും പ്രമാണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു കർമ്മം ചെയ്യാനുള്ള നിയ്യത്തിനെ സംബന്ധിച്ചാണെങ്കിൽ, അത് ഓരോ കർമ്മത്തിലും അനിവാര്യമാണെങ്കിലും, ബുദ്ധിയും ബോധവുമുള്ള ഏതൊരാൾ ചെയ്യുന്ന കർമ്മങ്ങളിലും ആ നിയ്യത്തിന്റെ സാന്നിധ്യം ഉറപ്പാണ്. കാരണം ആ അർത്ഥത്തിലുള്ള നിയ്യത്ത് എന്നത് ഒരു കാര്യം ചെയ്യാനുള്ള ഉദ്ദേശമാണ്; ബുദ്ധിയുള്ള ഏതൊരാളും താൻ ചെയ്യുന്ന കർമ്മം ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് അത് ചെയ്യുന്നത്.

ഈ നിയമം ആരാധനാ കർമ്മങ്ങളിൽ ബാധകമാകുന്നതുപോലെ തന്നെ, ഇടപാടുകളിലും (മുആമലാത്തുകൾ) ബാധകമാണ്. അതിനാൽ, കച്ചവടം (ബൈഅ്), വാടകയ്ക്ക് നൽകൽ (ഇജാറഃ), പങ്കുകച്ചവടം (ശിർക്കത്ത്) തുടങ്ങി, ശർഇൽ വിലക്കപ്പെട്ട രീതിയിലുള്ള ഏത് ഇടപാടുകളായാലും, ആ ഇടപാട് നടത്തുന്നവർ പരസ്പരം തൃപ്തിപ്പെട്ടാൽ പോലും അത് ബാത്വിലും ഹറാമുമാണ്. കാരണം, ഇത്തരം കാര്യങ്ങളിലെ തൃപ്തി എന്നത് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും തൃപ്തി പൂർത്തീകരിക്കപ്പെട്ടതിന് ശേഷം മാത്രം നിബന്ധനയാക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

അതുകൊണ്ട്, അല്ലാഹുവും അവന്റെ റസൂലും വിലക്കിയിട്ടുള്ള ഇടപാടുകളായ, സമ്മാനങ്ങൾ നൽകുന്നതിലോ വസിയ്യത്തിലോ അനന്തരാവകാശത്തിലോ മക്കൾക്കിടയിൽ ഒരുപോലെ നൽകാതെ ചിലർക്ക് മുൻഗണന നൽകുന്ന രീതികൾ വിലക്കപ്പെട്ടതാണ്. റസൂലുല്ലാഹി ﷺ അരുളി:

لاَ وَصِيَّةَ لِوَارِثٍ

അനന്തരാവകാശിക്ക് വസിയ്യത്ത് ചെയ്യാൻ പാടുള്ളതല്ല. [ഇമാം അഹ്‌മദ് 5/267, സുനൻ അബൂദാവൂദ് – 2870, സുനൻ അത്തിർമിദി – 2121]

അപ്രകാരം തന്നെ വഖ്ഫിന്റെ വിഷയത്തിലും, വഖ്ഫ് ചെയ്യുന്ന വ്യക്തി നിശ്ചയിക്കുന്ന വ്യവസ്ഥകൾ (നിബന്ധനകൾ) ശരീഅത്തിന് എതിരാകാൻ പാടില്ല. അത് ശരീഅത്തിന് എതിരാണെങ്കിൽ ആ നിബന്ധനകൾ പരിഗണിക്കപ്പെടുന്നതല്ല. ഈ വിഷയത്തിലും വ്യവസ്ഥകൾ നിശ്ചയിക്കുന്നതിലും പൊതുവായ തുലാസ് നബി ﷺ യുടെ ഈ വാക്കാണ്:

الْمُسْلِمُوْنَ عَلَى شُرُوْطِهِمْ ، إِلاَّ شَرْطًا حَرَّمَ حَلاَلاً أَوْ أَحَلَّ حَرَامًا

മുസ്‌ലിംകൾ അവർ അംഗീകരിച്ച നിബന്ധനകൾക്ക് മേലായിരിക്കും; ഹലാലായതിനെ ഹറാമാക്കുന്നതോ ഹറാമായതിനെ ഹലാലാക്കുന്നതോ ആയ നിബന്ധനകൾ ഒഴികെ. [സുനൻ അത്തിർമിദി – 1370]

വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, അതിന്റെ നിബന്ധനകൾ (ശുറൂത്തുകൾ), അതിന്റെ ഘടകങ്ങൾ (അർക്കാനുകൾ), അനുവദനീയമായതും നിഷിദ്ധമാക്കപ്പെട്ടതുമായ വിവാഹരൂപങ്ങൾ, ത്വലാഖ് (വിവാഹമോചനം), രുജൂഅ് (തിരിച്ചെടുക്കൽ), ഇതുമായി ബന്ധപ്പെട്ട മറ്റ് മുഴുവൻ കാര്യങ്ങളും ശർഇയ്യായ നിയമങ്ങൾക്കനുസരിച്ച് നിർവ്വഹിക്കപ്പെടേണ്ടതാണ്; അല്ലാത്തപക്ഷം അവ തള്ളപ്പെടുന്നതാണ്.

അല്ലാഹു പറയുന്നു:

فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

ഇനി വല്ലകാര്യത്തിലും നിങ്ങൾക്കിടയിൽ തർക്കമുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ (അതാണ് വേണ്ടത്‌). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും. [സൂറത്ത് അന്നിസാഅ് – 59]

സത്യം ചെയ്യലിന്റെ (സത്യപ്രതിജ്ഞ) കാര്യവും ഇതുപോലെ തന്നെയാണ്. അല്ലാഹുവോ അവന്റെ നാമങ്ങളോ വിശേഷണങ്ങളോ കൊണ്ടല്ലാതെ ഒരാൾക്കും സത്യം ചെയ്യാൻ പാടില്ല; കാരണം അത് ശരീഅത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഇനി നേർച്ചയുടെ വിഷയത്തിൽ റസൂലുല്ലാഹി ﷺ അരുളിയിരിക്കുന്നു:

مَنْ نَذَرَ أَنْ يُطِيْعَ اللهَ فَلْيُطِعْهُ ، وَمَنْ نَذَرَ أَنْ يَعْصِيَ اللهَ فَلاَ يَعْصِهِ

ആരെങ്കിലും അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ നേർച്ചയാക്കിയാൽ അവൻ അവനെ അനുസരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ നേർച്ചയാക്കിയാൽ അവൻ അവനോട് അനുസരണക്കേട് കാണിക്കാതിരിക്കട്ടെ (ആ നേർച്ച നിറവേറ്റാതിരിക്കട്ടെ). [സഹീഹ് ബുഖാരി – 6696]

മാത്രമല്ല, ഫിഖ്ഹിലെ വിഷയങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ ഈ നിയമത്തിൽ നിന്ന് ഒഴിവാകുന്നില്ല. കാരണം, ശർഇയ്യായ വിധികൾ എടുത്തിട്ടുള്ളത് പ്രധാനമായും നാല് അടിസ്ഥാനങ്ങളിൽ നിന്നാണ്: അൽ-കിതാബ് (ഖുർആൻ), സുന്നഃ – ഇവ രണ്ടും ശർഇയ്യായ പ്രമാണങ്ങളുടെ അടിസ്ഥാനങ്ങളാണ്; തുടർന്ന് ഈ രണ്ടിനെയും അവലംബിച്ചുള്ള ഇജ്മാഅ് (പണ്ഡിത ഏകാഭിപ്രായം), അതുപോലെ ഇവ രണ്ടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഖിയാസ് (താരതമ്യം) എന്നിവയാണവ.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

Share This Article
Leave a Comment