പണ്ഡിതൻ: വൈജ്ഞാനിക മൻഹജിനും രാഷ്ട്രീയ വ്യവഹാരങ്ങൾക്കും ഇടയിൽ

4 Min Read

ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ

ഒരു പണ്ഡിതൻ റബ്ബാനിയ്യായ വൈജ്ഞാനിക മൻഹജിൽ നിന്നും മാറി രാഷ്ട്രീയവും പ്രസ്ഥാനപരവുമായ കാര്യങ്ങളിൽ മുഴുകുന്നത് കേവലം സംസാരശൈലിയിലുള്ള ഒരു മാറ്റമല്ല; മറിച്ച്, മതപരമായ ഗ്രാഹ്യവും മാർഗ്ഗനിർദ്ദേശങ്ങളും പടുത്തുയർത്തപ്പെടുന്ന അടിസ്ഥാന കേന്ദ്രത്തിലുള്ള മാറ്റമാണത്.

കാരണം, അടിസ്ഥാനപരമായി ഒരു പണ്ഡിതൻ മതവിജ്ഞാനത്തിന്റെ വാഹകനാണ്. വിശുദ്ധ ഖുർആനിലെയും സുന്നത്തിലെയും പ്രമാണങ്ങളാണ് അദ്ദേഹത്തിന്റെ അവലംബം. ദീനിനെ വ്യക്തമാക്കിക്കൊടുക്കലും, പഠിപ്പിക്കലും, തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ അഭിപ്രായം കണ്ടെത്തലുമാണ് അദ്ദേഹത്തിന്റെ ദൗത്യം; അല്ലാതെ, രാഷ്ട്രീയ നിലപാടുകൾ കൈകാര്യം ചെയ്യലോ തർക്കങ്ങളിൽ ഏർപ്പെടലോ അല്ല. എന്നാൽ, ഒരു പണ്ഡിതനിൽ സമകാലിക രാഷ്ട്രീയ കാര്യങ്ങളിലുള്ള ഇടപെടലുകൾ മികച്ചുനിൽക്കുമ്പോൾ, ഈ മാറ്റത്തിന്റെ ലക്ഷണങ്ങൾ പടിപടിയായി പ്രകടമാകാൻ തുടങ്ങും. അഥവാ, പ്രമാണങ്ങളിലധിഷ്ഠിതമായ അടിസ്ഥാനങ്ങളേക്കാൾ രാഷ്ട്രീയ നിലപാടുകൾക്ക് അവിടെ മുൻഗണന ലഭിക്കുന്നു. ഉറച്ച വൈജ്ഞാനിക നിയമങ്ങളേക്കാൾ, പെട്ടെന്നുണ്ടാകുന്ന സംഭവവികാസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകപ്പെടുന്നു.

കാലക്രമേണ, ‘എന്താണ് തെളിവ്?’ എന്നതായിരിക്കില്ല അവരുടെ ആദ്യത്തെ ചോദ്യം; മറിച്ച് ‘ഇതിലെ അനുയോജ്യമായ നിലപാട് എന്താണ്?’ എന്നതായിരിക്കും. ഇവിടെ, കാര്യങ്ങളെ നോക്കിക്കാണുന്ന തുലാസ് അറിവിന്റെ തുലാസിൽ നിന്നും മാറി കക്ഷിത്വത്തിന്റെ തുലാസായി മാറുന്നു. ഈയൊരു സാഹചര്യത്തിൽ, തെളിവുകളുടെ സാന്നിധ്യം പതുക്കെപ്പതുക്കെ ദുർബലമാകുന്നു. തെളിവുകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടല്ല, മറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിലെ പരമോന്നത അവലംബം എന്ന സ്ഥാനത്ത് നിന്ന് അത് മാറുന്നു എന്നതാണ് കാരണം. അങ്ങനെ, പ്രമാണങ്ങളുടെ വെളിച്ചത്തിൽ സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിന് പകരം, സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പ്രമാണങ്ങളെ അവർ പുനർവായിക്കാൻ തുടങ്ങുന്നു. അവരുടെ സംസാരങ്ങൾ ഒരു യഥാർത്ഥ മൻഹജ് പടുത്തുയർത്തുന്നതിനേക്കാൾ, സംഭവവികാസങ്ങളോടുള്ള വെറും വൈകാരിക പ്രതികരണങ്ങളായി മാറുന്നു. ഈ മാറ്റം അത് കേൾക്കുന്ന ശ്രോതാക്കളിലും പ്രതിഫലിക്കുന്നു. ശാന്തമായി പടിപടിയായി അറിവ് നേടുന്ന രീതിയിൽ നിന്ന് മാറി, കക്ഷിത്വങ്ങളിൽ സ്വാധീനിക്കപ്പെട്ട വൈകാരികമായ പ്രതികരണങ്ങളായി അത് മാറുന്നു. അതോടെ സന്തുലിതമായ വൈജ്ഞാനിക അടിത്തറ ദുർബലമാകുകയും, വ്യക്തികളെയും നിലപാടുകളെയും ചൊല്ലിയുള്ള ഭിന്നിപ്പുകൾ വർദ്ധിക്കുകയും ചെയ്യുന്നു.

ഇതിനർത്ഥം സമകാലിക യാഥാർത്ഥ്യങ്ങളെ നോക്കിക്കാണുന്നതിലോ അതിനോട് പ്രതികരിക്കുന്നതിലോ ആണ് പ്രശ്നമുള്ളത് എന്നല്ല; കാരണം അത് ദീനിന്റെ കർമ്മശാസ്ത്രത്തിന്റെ ഭാഗമാണ്. മറിച്ച്, യാഥാർത്ഥ്യങ്ങൾ തെളിവിനുമുകളിൽ വിധികർത്താവായി മാറുമ്പോഴും, അടിസ്ഥാന പ്രമാണങ്ങൾക്ക് പകരമായി രാഷ്ട്രീയ നിലപാടുകൾ മാറുമ്പോഴുമാണ് പ്രശ്നം ആരംഭിക്കുന്നത്. ഇവിടെ ആ പണ്ഡിതന് തന്റെ അടിസ്ഥാനപരമായ ദൗത്യം നഷ്ടപ്പെടുന്നു; അഥവാ അല്ലാഹുവിൽ നിന്നും അവന്റെ റസൂലിൽ ﷺ നിന്നും കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുക എന്നതാണ് ആ ദൗത്യം, അല്ലാതെ കക്ഷികളെ നയിക്കലോ തർക്കങ്ങൾ കൈകാര്യം ചെയ്യലോ അല്ല. നൂറ്റാണ്ടുകളായി പണ്ഡിതന്മാർ സ്ഥിരപ്പെടുത്തിയിട്ടുള്ള ശരിയായ അളവുകോൽ എക്കാലത്തും വ്യക്തമാണ്: അറിവാണ് അടിസ്ഥാനം; യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കേണ്ടത് ആ അറിവിലൂടെയാണ്. അല്ലാതെ, യാഥാർത്ഥ്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അറിവിനെ മാറ്റിയെഴുതുകയല്ല വേണ്ടത്.

എപ്പോഴാണോ ഈ അളവുകോൽ നേരെയാകുന്നത്, അപ്പോൾ അറിവും പ്രബോധനവും നേരെയാകും. അവിടെ അവലംബം എപ്പോഴും പ്രമാണങ്ങൾക്കായിരിക്കും, അല്ലാതെ സംഭവവികാസങ്ങൾക്കായിരിക്കില്ല; തെളിവുകൾക്കായിരിക്കും, അല്ലാതെ വെറും നിലപാടുകൾക്കായിരിക്കില്ല.

[ശൈഖിന്റെ വാക്കുകൾ അവസാനിച്ചു]


ദീനിന്റെ പ്രബോധന രംഗത്ത് ഇന്ന് കാണുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നിലേക്കാണ് ഈ ലേഖനത്തിലൂടെ വിരൽ ചൂണ്ടുന്നത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ പണ്ഡിതന്മാരുടെ ദൗത്യം ജനങ്ങളെ തൗഹീദും സുന്നത്തും പഠിപ്പിക്കുകയും, ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയുമാണ്. എന്നാൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഹറകീ ചിന്താഗതികളിലും അകപ്പെടുന്നവർക്ക് സംഭവിക്കുന്ന വലിയൊരു വ്യതിയാനമാണിത്.

‘ഇഖ്‌വാനുൽ മുസ്‌ലിമൂൻ’, ‘സുറൂറികൾ’ തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അകപ്പെട്ട വ്യക്തികൾ മതത്തെ സമീപിക്കുന്നത് തികച്ചും രാഷ്ട്രീയമായ കണ്ണുകളിലൂടെയാണ്. ‘യാഥാർത്ഥ്യങ്ങളുടെ കർമ്മശാസ്ത്രം’ എന്ന പേരിൽ അവർ ജനങ്ങളെ പഠിപ്പിക്കുന്നത് പത്രവാർത്തകളും രാഷ്ട്രീയ അപഗ്രഥനങ്ങളുമാണ്. ഒരു പുതിയ സംഭവം സമൂഹത്തിൽ ഉണ്ടാകുമ്പോൾ, അല്ലാഹുവും അവന്റെ റസൂലും ﷺ ഈ വിഷയത്തിൽ എന്ത് പഠിപ്പിച്ചു എന്നല്ല അന്വേഷിക്കുന്നത്; മറിച്ച് തന്റെ പ്രസ്ഥാനത്തിനും പാർട്ടിക്കും ഇതിൽ എന്ത് നിലപാടാണ് ഗുണകരം എന്നാണ് അവർ ചിന്തിക്കുന്നത്.

ഇത്തരം ആളുകൾ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഖുർആനിന്റെയും സുന്നത്തിന്റെയും തെളിവുകളെ ദുർവ്യാഖ്യാനം ചെയ്യുന്നു. തങ്ങളുടെ ആശയങ്ങൾക്ക് അനുകൂലമായി അവർ ദീനിനെ വളച്ചൊടിക്കുന്നു. ഇതിന്റെ ഫലമായി അവരെ കേൾക്കുന്ന സാധാരണക്കാരും യുവാക്കളും മതപഠനത്തിൽ നിന്ന് അകലുകയും, വെറും വൈകാരികമായ മുദ്രാവാക്യങ്ങൾക്ക് പിന്നാലെ പോകുന്നവരായി മാറുകയും ചെയ്യുന്നു. സമൂഹത്തിൽ ഭിന്നിപ്പുകൾ ഉണ്ടാകാനും, മുസ്ലിം ഭരണാധികാരികൾക്കെതിരെ ജനങ്ങൾ തിരിയാനുമുള്ള പ്രധാന കാരണം ദീനിനെ രാഷ്ട്രീയവൽക്കരിച്ച ഇത്തരം ആളുകളുടെ ഇടപെടലുകളാണ്.

സലഫുസ്വാലിഹുകളുടെ മൻഹജ് ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ എക്കാലത്തും മുൻഗണന നൽകുന്നത് ശരിയായ അഖീദ പഠിപ്പിക്കുന്നതിനും പ്രമാണങ്ങളിൽ ഉറച്ചുനിൽക്കുന്നതിനുമാണ്. ലോകത്ത് എന്ത് സംഭവവികാസങ്ങൾ ഉണ്ടായാലും അതിനെ അളക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങൾ വെച്ചുകൊണ്ടാണ്. അല്ലാതെ, സാഹചര്യങ്ങൾക്ക് അനുസരിച്ച് ദീനിനെ മാറ്റിയെഴുതാൻ പാടുള്ളതല്ല. സത്യം എപ്പോഴും പ്രമാണങ്ങളിലാണ്, പാർട്ടികളുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാടുകളിലല്ല എന്ന് ശൈഖ് ഇവിടെ നമ്മെ ശക്തമായി ഉണർത്തുന്നു. അല്ലാഹു ﷻ നമ്മെ സത്യപാതയിൽ സ്ഥിരപ്പെടുത്തി നിർത്തുമാറാകട്ടെ.

Share This Article
Leave a Comment