ഖുർആൻ മനുഷ്യരചനയോ?

5 Min Read

ശമീർ മദീനി

മുസ്ലിംകൾ ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണമായി കാണുന്ന വിശുദ്ധ ഖുർആനെ സംബന്ധിച്ച് പലതരത്തിലുള്ള സംശയങ്ങളും ചോദ്യങ്ങളും ഇസ്ലാം വിമർശകരാൽ ഉന്നയിക്കപ്പെടാറുണ്ട്. ഖുർആൻ മനുഷ്യരചനയാണോ? ആരാണത് രചിച്ചത്? അത് മുഹമ്മദ് നബി ﷺ യുടെ വചനങ്ങളാണോ? അതല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞുകൊടുത്ത് എഴുതിച്ചതാണോ? എന്നിങ്ങനെയുള്ള സംശയങ്ങൾ ഇതിൽ പെടുന്നു. സത്യസന്ധവും നിഷ്പക്ഷവുമായ ഒരു അന്വേഷണത്തിന് നാം തയ്യാറാകുകയാണെങ്കിൽ ഈ സംശയങ്ങൾക്കുള്ള കൃത്യമായ മറുപടി നമുക്ക് കണ്ടെത്താൻ സാധിക്കും.

മനുഷ്യർ രചിച്ച ഏത് ഗ്രന്ഥങ്ങൾ പരിശോധിച്ചാലും, ആ പുസ്തകം രചിച്ച വ്യക്തിയുടെ പേരും അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ഭാഗവും അതിൽ നമുക്ക് കാണാൻ സാധിക്കും. ‘ഇത് എൻ്റെ രചനയാണ്’, ‘എൻ്റെ പുസ്തകമാണ്’ എന്നിങ്ങനെ രചയിതാവിലേക്ക് ചേർത്തുപറയുന്ന ഒരു അവകാശവാദം അതിലുണ്ടാകും. എന്നാൽ പരിശുദ്ധ ഖുർആനിൽ അത്തരത്തിലൊരു മനുഷ്യൻ്റെ പേരോ അവകാശവാദമോ നമുക്ക് കാണാൻ സാധിക്കുകയില്ല. മറിച്ച്, വിശുദ്ധ ഖുർആനിൽ ഉടനീളം നാം കാണുന്നത് ഇത് സർവ്വലോക രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് എന്നാണ്. ഒന്നിലധികം സ്ഥലങ്ങളിൽ ഖുർആൻ ഈ കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതിൽ വല്ല സംശയവുമുണ്ടെങ്കിൽ അത് പരിശോധിക്കാൻ ഖുർആൻ തന്നെ ആവശ്യപ്പെടുകയും, ഒരു വെല്ലുവിളിയുടെ സ്വരത്തിൽ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നു:

وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ

നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (ഖുർആനിനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. [സൂറത്തുൽ ബഖറ – 23]

നൂറ്റിപ്പതിനാല് അധ്യായങ്ങളുള്ള വിശുദ്ധ ഖുർആനിൽ ഇരുന്നൂറ്റിയൺപതിലധികം വചനങ്ങളുള്ള സൂറത്തുൽ ബഖറയെപ്പോലെയുള്ള വലിയ അധ്യായങ്ങളുണ്ട്. അതുപോലെ കേവലം മൂന്ന് വചനങ്ങൾ മാത്രമുള്ള ചെറിയ അധ്യായങ്ങളുമുണ്ട്. ഈ ഖുർആൻ അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ളതല്ല എന്ന് സംശയിക്കുന്നവരോട്, ഇതിന് സമാനമായ പത്തോ, അതല്ലെങ്കിൽ ഒരു ചെറിയ അധ്യായമെങ്കിലുമോ കൊണ്ടുവരാൻ അല്ലാഹു വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി ഇന്നും മാറ്റമില്ലാതെ തുടരുന്നു.

മനുഷ്യർ രചിച്ച ഏത് ഗ്രന്ഥമെടുത്താലും അതിനൊരു കാലപരിധിയും പരിമിതിയും ഉള്ളതായി കാണാം. ഒരു കാലത്ത് വലിയ പ്രചാരം നേടിയ പുസ്തകങ്ങൾ പോലും നൂറ് വർഷങ്ങൾക്ക് ശേഷം പരിശോധിച്ചാൽ, അതേ പ്രസക്തിയോടെ നിലനിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കുകയില്ല. അതിലെ ഭാഷയോ പ്രയോഗങ്ങളോ ആശയങ്ങളോ ഒക്കെ കാലഹരണപ്പെട്ടതായി പുതിയ തലമുറയ്ക്ക് അനുഭവപ്പെടും. എന്നാൽ വിശുദ്ധ ഖുർആൻ ആയിരത്തിനാനൂറ് വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു മാറ്റവുമില്ലാതെ, നിത്യനൂതനത്വം തുളുമ്പുന്ന പ്രയോഗങ്ങളോടെ ഇന്നും നിലനിൽക്കുന്നു. ഇത് മനുഷ്യരചനയല്ല എന്ന് മനസ്സിലാക്കാനുള്ള സുപ്രധാനമായ ഒരു തെളിവാണിത്.

അതുപോലെത്തന്നെ, ഒരു കാര്യം നാം ആവർത്തിച്ചു കേൾക്കുകയോ വായിക്കുകയോ ചെയ്താൽ സ്വാഭാവികമായും നമുക്കൊരു മടുപ്പും വിരക്തിയും അനുഭവപ്പെടും. എന്നാൽ വിശുദ്ധ ഖുർആനിലെ ഒന്നാമത്തെ അധ്യായമായ സൂറത്തുൽ ഫാത്തിഹയുടെ കാര്യമെടുക്കുക. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധ നമസ്കാരങ്ങളിലെ പതിനേഴ് റക്അത്തുകളിലായി പ്രതിദിനം കുറഞ്ഞത് പതിനേഴ് തവണയെങ്കിലും അവനത് പാരായണം ചെയ്യുന്നുണ്ട്. ഇമാം പാരായണം ചെയ്യുന്നത് അവൻ കേൾക്കുന്നുമുണ്ട്. ഇത്രയധികം ആവർത്തിച്ചിട്ടും അതിനോട് യാതൊരു മടുപ്പോ വിരക്തിയോ അവന് തോന്നുന്നില്ല എന്ന് മാത്രമല്ല, വീണ്ടും വീണ്ടും അവനത് പാരായണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യരചനയായിരുന്നുവെങ്കിൽ തീർച്ചയായും അതിനോട് വലിയ മടുപ്പും അവഗണനയും ജനങ്ങൾക്കുണ്ടാകുമായിരുന്നു.

മനുഷ്യരചനകൾ പരിശോധിച്ചാൽ രചയിതാവിൻ്റെ അറിവില്ലായ്മയും ന്യൂനതകളും അതിൽ നിഴലിച്ചുനിൽക്കുന്നത് കാണാൻ സാധിക്കും. രചയിതാവ് മനസ്സിലാക്കിവെച്ച തെറ്റായ ആശയങ്ങൾ അയാളുടെ ഗ്രന്ഥത്തിൽ പ്രതിഫലിക്കുക എന്നത് സ്വാഭാവികമാണ്. എന്നാൽ പരിശുദ്ധ ഖുർആൻ ഇത്തരം സകല ന്യൂനതകൾക്കും അതീതമാണ്. ഉദാഹരണത്തിന്, മനുഷ്യസൃഷ്ടിപ്പിൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഖുർആൻ പലയിടങ്ങളിലും കൃത്യമായി പരാമർശിക്കുന്നുണ്ട്. അതിൽ ശ്രദ്ധേയമായ ഒന്നാണ് സൂറത്തുൽ മുഅ്മിനൂൻ എന്ന ഇരുപത്തിമൂന്നാം അധ്യായത്തിൻ്റെ ആദ്യഭാഗത്തുള്ള പരാമർശങ്ങൾ. ഭ്രൂണശാസ്ത്രത്തെക്കുറിച്ച് യാതൊരുവിധ പ്രാഥമിക അറിവുകളുമില്ലാത്ത, തികഞ്ഞ അന്ധവിശ്വാസങ്ങളും ഊഹാപോഹങ്ങളും മാത്രം നിലനിന്നിരുന്ന ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുൻപുള്ള ഒരു കാലഘട്ടത്തിലാണ് ഖുർആൻ ഈ യാഥാർത്ഥ്യങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞത്.

ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً

പിന്നെ നാം ആ ബീജത്തെ ഒരു ഭ്രൂണമായി (അലഖയായി) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി (മുദ്‌ഗയായി) രൂപപ്പെടുത്തി. [സൂറത്തുൽ മുഅ്മിനൂൻ – 14]

മനുഷ്യൻ്റെ ജന്മം തുടങ്ങുന്ന ബീജത്തിൽ നിന്നാരംഭിച്ച്, അത് ഗർഭാശയ ഭിത്തിയിൽ ഒരട്ടയെപ്പോലെ തൂങ്ങിക്കിടക്കുന്ന ‘അലഖ’ എന്ന ഘട്ടവും, അതിനുശേഷമുള്ള ‘മുദ്‌ഗ’ എന്ന ഘട്ടവുമൊക്കെ ഖുർആൻ ഉപയോഗിച്ച പദങ്ങളുടെ കൃത്യതയോടെ ആധുനിക ശാസ്ത്രം ഇന്ന് ശരിവെക്കുന്നുണ്ട്. ശാസ്ത്രലോകം പിൽക്കാലത്ത് തിരുത്തിയെഴുതിയ അബദ്ധങ്ങളുടെ ഘോഷയാത്രകളൊന്നും ഖുർആനിനെ തൊട്ടുതീണ്ടിയിട്ടില്ല എന്നത് അത് മനുഷ്യരചനയല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്.

ഇനി ഇതൊക്കെ മുഹമ്മദ് നബി ﷺ യുടെ സ്വന്തം രചനയാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ മുഹമ്മദ് നബി ﷺ എഴുത്തും വായനയും അറിയാത്ത ഒരു നിരക്ഷരനായിരുന്നു എന്ന് ഖുർആൻ തന്നെ എടുത്തുപറയുന്നുണ്ട്. അദ്ദേഹം മറ്റു ഗ്രന്ഥങ്ങളൊന്നും രചിച്ചിട്ടില്ല. അങ്ങനെയിരിക്കെ, ചിന്തകരെയും ശാസ്ത്രലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ഇത്തരം അബദ്ധമുക്തമായ കാര്യങ്ങൾ സ്വന്തമായി എഴുതിയുണ്ടാക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കും?

മാത്രമല്ല, ലോകം മുഴുവൻ ആദരവോടെ നോക്കിക്കാണുന്ന ഇത്രയും മഹത്തായ ഒരു ഗ്രന്ഥം സ്വന്തമായി രചിച്ചതാണെങ്കിൽ, അതിൻ്റെ അംഗീകാരവും പ്രശംസയും ഏറ്റെടുക്കാൻ ഏതൊരു മനുഷ്യനും ആഗ്രഹിക്കും. എന്നാൽ നബി ﷺ ഒരിക്കലും അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇത് തൻ്റെ രചനയാണെന്ന് പറഞ്ഞിരുന്നെങ്കിൽ സ്വന്തം നാട്ടുകാരിൽ നിന്നും കുടുംബക്കാരിൽ നിന്നും അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവും ലഭിക്കുമായിരുന്നു. എന്നാൽ, ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് പ്രഖ്യാപിച്ചതിൻ്റെ പേരിൽ വലിയ വിമർശനങ്ങളും ശത്രുതയുമാണ് അദ്ദേഹം നേരിട്ടത്. സത്യസന്ധത മാത്രം കൈമുതലായുള്ള ആ പ്രവാചകൻ ﷺ ഇങ്ങനെയൊരു കാര്യത്തിൽ കളവ് പറയുമെന്ന് വിശ്വസിക്കാൻ യാതൊരു ന്യായവുമില്ല.

കൂടാതെ, അർത്ഥമറിഞ്ഞ് ഖുർആൻ പാരായണം ചെയ്യുന്ന ഒരാൾക്ക്, നബി ﷺ യെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന പല വചനങ്ങളും അതിൽ കാണാൻ സാധിക്കും. ഇതൊരു മനുഷ്യരചനയായിരുന്നെങ്കിൽ തനിക്ക് അപകീർത്തിയുണ്ടാക്കുന്ന ഇത്തരം വചനങ്ങൾ അദ്ദേഹം മറച്ചുവെക്കുമായിരുന്നു. ഉദാഹരണത്തിന്, പൗരപ്രമുഖരായ ഖുറൈശി നേതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, തൻ്റെയടുത്തേക്ക് വന്ന അന്ധനായ ഒരു സ്വഹാബിയുടെ ആഗമനത്തിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട് നബി ﷺ മുഖം ചുളിക്കുകയും പിന്തിരിഞ്ഞുകളയുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹു അവതരിപ്പിച്ച വചനങ്ങൾ ശ്രദ്ധിക്കുക:

عَبَسَ وَتَوَلَّىٰ ۝  أَن جَآءَهُ ٱلْأَعْمَىٰ ۝  وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰ

അദ്ദേഹം മുഖം ചുളിക്കുകയും പിന്തിരിഞ്ഞുകളയുകയും ചെയ്തു. തൻ്റെയടുത്ത് ആ അന്ധൻ വന്നതുകൊണ്ട്. നിനക്കെന്തറിയാം; ഒരുവേള അവൻ സംസ്കരണം പ്രാപിച്ചേക്കാമല്ലോ. [സൂറത്ത് അബസ – 1-3]

അതുപോലെത്തന്നെ മറ്റൊരു സന്ദർഭത്തിൽ പ്രവാചകനെ തിരുത്തിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ച വചനം കാണുക:

يَـٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ

പ്രവാചകനേ, അല്ലാഹു നിനക്ക് അനുവദിച്ചുതന്ന കാര്യം നീയന്തിനാണ് നിഷിദ്ധമാക്കുന്നത്? [സൂറത്തുത്തഹ്‌രീം – 1]

പ്രവാചകനെ തിരുത്തുന്ന ഇത്തരം നിരവധി വചനങ്ങൾ ഖുർആനിൽ കാണാൻ സാധിക്കും. ഇതൊക്കെ മുഹമ്മദ് നബി ﷺ സ്വന്തമായി എഴുതിയുണ്ടാക്കിയതാണെന്ന് വിമർശകർ വാദിക്കുമ്പോൾ, ഈ യാഥാർത്ഥ്യങ്ങൾക്ക് നേരെ അവർ മനപ്പൂർവ്വം കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധ ഖുർആൻ തികച്ചും ദൈവികമാണെന്ന് അത് സ്വയം പ്രഖ്യാപിക്കുകയും, ആ ദൈവികത ബോധ്യപ്പെടുത്തുന്ന എണ്ണമറ്റ തെളിവുകൾ മനുഷ്യരാശിക്ക് മുൻപിൽ നിരത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ, യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധമായ വിമർശനങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് പകരം, സത്യസന്ധമായി വിശുദ്ധ ഖുർആൻ പഠിക്കുവാനും മനസ്സിലാക്കുവാനും തയ്യാറാകുകയാണ് വേണ്ടത്. സത്യം തിരിച്ചറിയാൻ അല്ലാഹു ഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Share This Article
Leave a Comment