അബ്ദുൽ മാലിക് സലഫി
വിശുദ്ധ ഖുർആനെ സംബന്ധിച്ച് ഇസ്ലാമിൻ്റെ ശത്രുക്കളായ ഇസ്ലാം വിമർശകരും നിരീശ്വരവാദികളും ക്രൈസ്തവ പുരോഹിതന്മാരുമെല്ലാം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ദുരാരോപണമുണ്ട്. നബി ﷺ യുടെ വിയോഗാനന്തരം ഖുർആൻ ഒരു ക്രമവുമില്ലാതെ ചിതറിക്കിടക്കുകയായിരുന്നുവെന്നും, പലരും തങ്ങൾക്ക് തോന്നിയ കാര്യങ്ങൾ കൂട്ടിച്ചേർത്താണ് പിന്നീട് അത് ക്രോഡീകരിച്ചതെന്നും അവർ വാദിക്കുന്നു. അബൂബക്കർ (رَضِيَ اللَّهُ عَنْهُ), ഉസ്മാൻ (رَضِيَ اللَّهُ عَنْهُ) എന്നിവരുടെ കാലഘട്ടങ്ങളിൽ ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്, യഥാർത്ഥത്തിൽ ഖുർആനിൽ കൈകടത്തലുകൾ നടന്നതിനാലാണെന്നാണ് വിമർശകരുടെ വാദം. അതിനാൽ ഇന്ന് നാം പാരായണം ചെയ്യുന്ന ഖുർആൻ പ്രവാചകൻ ﷺ യുടെ കാലത്തുണ്ടായിരുന്ന അതേ ഖുർആനാണെന്ന് ഉറപ്പിച്ചു പറയാനാകില്ല എന്ന് അവർ ആരോപിക്കുന്നു.
ഇസ്ലാമിക പ്രമാണങ്ങളും ചരിത്രവും നിഷ്പക്ഷമായി പരിശോധിച്ചാൽ ഈ ആരോപണം തികച്ചും ബാലിശവും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണെന്ന് ബോധ്യപ്പെടും. കാരണം, വിശുദ്ധ ഖുർആൻ പ്രധാനമായും മൂന്ന് രൂപങ്ങളിലാണ് അല്ലാഹു സംരക്ഷിച്ചിട്ടുള്ളത്:
ഒന്ന്: ഹൃദിസ്ഥമാക്കൽ (ഹിഫ്ള്)
നബി ﷺ യുടെ കാലഘട്ടത്തിൽ തന്നെ ഖുർആൻ സമ്പൂർണ്ണമായി സംരക്ഷിക്കപ്പെട്ടിരുന്നു. അല്ലാഹുവിൻ്റെ വചനം ശ്രദ്ധിക്കുക:
إِنَّا عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
തീർച്ചയായും അതിനെ സമാഹരിക്കലും, അത് പാരായണം ചെയ്തുതരലും നമ്മുടെ ബാധ്യതയാകുന്നു. [സൂറത്തുൽ ഖിയാമ – 17]
പ്രവാചകൻ ﷺ ക്ക് ഓരോ വചനങ്ങൾ അവതരിക്കുമ്പോഴും അവിടുന്ന് അത് ഹൃദിസ്ഥമാക്കുകയും സ്വഹാബത്തിന് ഓതിക്കേൾപ്പിക്കുകയും ചെയ്തു. രാവിലും പകലിലും, യാത്രയിലും നാട്ടിലുമായി ഇരുപത്തിമൂന്ന് വർഷങ്ങളിലായി അവതരിച്ച ഖുർആൻ, കേൾക്കുന്ന മാത്രയിൽ തന്നെ സ്വഹാബികൾ ഹൃദിസ്ഥമാക്കിയിരുന്നു. ആയിരക്കണക്കിന് സ്വഹാബികളിൽ നിരവധി പേർ ഖുർആൻ അതിൻ്റെ പാരായണ ഭേദങ്ങളോടെ (ഖിറാഅത്ത്) പൂർണ്ണമായും മനഃപാഠമാക്കിയവരായിരുന്നു. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, ത്വൽഹ, സഅ്ദ് ബിൻ അബീവഖാസ്, അബ്ദുല്ലാഹി ബിൻ മസ്ഊദ്, അബ്ദുല്ലാഹി ബിൻ അബ്ബാസ്, ഹുദൈഫ, അബൂഹുദൈഫയുടെ മൗലയായ സാലിം, അബൂഹുറൈറ, ഇബ്നു ഉമർ, അബ്ദുല്ലാഹി ബിൻ സുബൈർ, അബ്ദുല്ലാഹി ബിൻ അംറ് ബിൻ അൽ-ആസ്വ്, ഉബയ്യ് ബിൻ കഅ്ബ്, സൈദ് ബിൻ സാബിത്, മുആദ് ബിൻ ജബൽ, അബൂദർദാഅ്, അബൂസൈദ് (رَضِيَ اللَّهُ عَنْهُمْ) തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.
ബിഅ്റു മഊന സംഭവത്തിൽ ചതിയിലൂടെ വധിക്കപ്പെട്ട സ്വഹാബികളിൽ എഴുപതോളം പേർ ഖുർആൻ പൂർണ്ണമായി ഹൃദിസ്ഥമാക്കിയവരായിരുന്നു. അത്രയധികം ഹാഫിളുകൾ ആ സംഘത്തിൽ തന്നെയുണ്ടായിരുന്നു എന്നത് ഖുർആൻ സംരക്ഷണത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നു. അതിനാൽ, പ്രവാചകൻ ﷺ ക്ക് അവതരിച്ച അതേ ഖുർആൻ ഒരു അക്ഷരം പോലും വ്യത്യാസമില്ലാതെ അന്നും ഇന്നും നിലനിൽക്കുന്നു.
രണ്ട്: ലിഖിതരൂപം (കിതാബത്ത്)
മനഃപാഠമാക്കുന്നതിന് പുറമെ, ലിഖിതരൂപത്തിലും ഖുർആൻ സംരക്ഷിക്കപ്പെട്ടിരുന്നു. നബി ﷺ ക്ക് ദിവ്യബോധനം എഴുതിവെക്കാൻ നിരവധി സ്വഹാബികളുണ്ടായിരുന്നു. അലി, മുആവിയ, ഉബയ്യ് ബിൻ കഅ്ബ്, സൈദ് ബിൻ സാബിത്, ത്വൽഹ, അബ്ദുല്ലാഹി ബിൻ മസ്ഊദ്, ഹുദൈഫ, അബൂഹുറൈറ, അബ്ദുല്ലാഹി ബിൻ സാഇബ്, അബ്ദുല്ലാഹി ബിൻ അബ്ബാസ്, അബ്ദുല്ലാഹി ബിൻ അംറ്, അബ്ദുല്ലാഹി ബിൻ ഉമർ, തമീം അദ്ദാരി, ഉഖ്ബ ബിൻ ആമിർ (رَضِيَ اللَّهُ عَنْهُمْ) എന്നിവരൊക്കെ അതിൽ ഉൾപ്പെടുന്നു. അവതരിക്കുന്ന ഓരോ വചനങ്ങളും എവിടെയാണ് രേഖപ്പെടുത്തേണ്ടതെന്ന് പ്രവാചകൻ ﷺ നിർദ്ദേശിക്കുകയും അവർ അത് കൃത്യമായി എഴുതിവെക്കുകയും റസൂൽ ﷺ യെ കേൾപ്പിക്കുകയും ചെയ്തു. വരികളിലും ഹൃദയങ്ങളിലുമായി ഖുർആൻ അങ്ങനെ സംരക്ഷിക്കപ്പെട്ടു.
മൂന്ന്: പ്രായോഗിക ജീവിതം (അമൽ)
മനഃപാഠമാക്കുന്നതിനും എഴുതിവെക്കുന്നതിനും പുറമെ, ഖുർആനിൻ്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതിലൂടെയും ഖുർആൻ സംരക്ഷിക്കപ്പെട്ടു. സ്വഹാബികളുടെ ജീവിതം തന്നെ ഖുർആനിൻ്റെ പ്രായോഗിക രൂപമായിരുന്നു. അവരുടെ ചുണ്ടുകളിൽ എപ്പോഴും ഖുർആനുണ്ടായിരുന്നു. അവരുടെ ആരാധനകളും സ്വഭാവഗുണങ്ങളും കച്ചവടങ്ങളും ഇടപാടുകളുമെല്ലാം വിശുദ്ധ ഖുർആനിൻ്റെ തണലിലായിരുന്നു.
പ്രവാചക കാലത്ത് ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കാതിരുന്നതിൻ്റെ കാരണം
പ്രവാചകൻ ﷺ യുടെ കാലഘട്ടത്തിൽ ഇന്ന് നാം കാണുന്ന രൂപത്തിലുള്ള ഒരൊറ്റ ഗ്രന്ഥമായി ഖുർആൻ എന്തുകൊണ്ട് ക്രോഡീകരിച്ചില്ല എന്നതിന് പണ്ഡിതന്മാർ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഇമാം സർകശി (رَحِمَهُ اللَّهُ) വ്യക്തമാക്കുന്നു: പ്രവാചകൻ ﷺ യുടെ ജീവിതകാലം മുഴുവൻ ദിവ്യബോധനം തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴാണ് വഹ്‌യ് അവസാനിക്കുകയെന്ന് അവർക്ക് അറിയുമായിരുന്നില്ല. ചിലപ്പോൾ നേരത്തെ അവതരിച്ച അധ്യായങ്ങൾക്കിടയിലാകും പുതിയ വചനങ്ങൾ ചേർക്കാൻ നിർദ്ദേശിക്കപ്പെടുക. കൂടാതെ, ചില വചനങ്ങളുടെ ആശയങ്ങളെയോ വിധികളെയോ ദുർബലപ്പെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ എല്ലാം കൂടി ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കുന്നത് പ്രായോഗികമായിരുന്നില്ല. അതിനാൽ, പ്രവാചകൻ ﷺ യുടെ വിയോഗത്തോടെ ദിവ്യബോധനം പൂർണ്ണമായി അവസാനിച്ചതിന് ശേഷമാണ് എഡിറ്റിങ്ങുകൾ ആവശ്യമില്ലാത്ത ഗ്രന്ഥരൂപത്തിലുള്ള സമ്പൂർണ്ണ ക്രോഡീകരണത്തിന് സാഹചര്യമൊരുങ്ങിയത്.
അബൂബക്കർ (رَضِيَ اللَّهُ عَنْهُ) വിൻ്റെ കാലത്തെ ക്രോഡീകരണം
പ്രവാചകൻ ﷺ യുടെ വിയോഗാനന്തരം അബൂബക്കർ (رَضِيَ اللَّهُ عَنْهُ) ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഖുർആനിൽ കൈകടത്തലുകൾ ഉണ്ടായതുകൊണ്ടായിരുന്നില്ല; മറിച്ച്, അങ്ങനെ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായിരുന്നു. നബി ﷺ യുടെ വിയോഗാനന്തരം ചിലർ ഇസ്ലാമിൽ നിന്ന് പുറത്തുപോകുകയും സകാത്ത് നിഷേധിക്കുകയും ചെയ്തു. മുസൈലിമത്തുൽ കദ്ദാബ് എന്ന വ്യാജപ്രവാചകനെതിരെയുള്ള യമാമ യുദ്ധത്തിൽ ഖുർആൻ മനഃപാഠമുള്ള എഴുപതോളം സ്വഹാബികൾ രക്തസാക്ഷികളായി. ഇത് കണ്ട ഉമർ (رَضِيَ اللَّهُ عَنْهُ) വിന് കാര്യങ്ങളുടെ ഗൗരവം വേഗത്തിൽ മനസ്സിലായി. ഖുർആൻ മനഃപാഠമുള്ളവർ ഇനിയും നഷ്ടപ്പെട്ടാൽ ഖുർആനിൻ്റെ സംരക്ഷണത്തെ അത് ബാധിക്കുമെന്ന് ആശങ്കപ്പെട്ട അദ്ദേഹം, ഖുർആൻ ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കാൻ അബൂബക്കർ (رَضِيَ اللَّهُ عَنْهُ) വിനോട് ആവശ്യപ്പെടുകയുമാണുണ്ടായത്. ഖുർആനിൻ്റെ സംരക്ഷണത്തിനായുള്ള രാഷ്ട്രീയ നേതൃത്വത്തിൻ്റെ സുപ്രധാനമായ ഒരു ചുവടുവെപ്പായിരുന്നു അത്.
ഉസ്മാൻ (رَضِيَ اللَّهُ عَنْهُ) വിൻ്റെ കാലത്തെ ക്രോഡീകരണം
ഉസ്മാൻ (رَضِيَ اللَّهُ عَنْهُ) വിൻ്റെ കാലഘട്ടത്തിലെ ക്രോഡീകരണത്തിന് തികച്ചും വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലമാണുള്ളത്. ഇസ്ലാമിക സാമ്രാജ്യം വികസിക്കുകയും അർമീനിയ, അസർബൈജാൻ, ഇറാഖ്, ആഫ്രിക്കൻ നാടുകൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇസ്ലാം എത്തുകയും ചെയ്തു. അറബികളല്ലാത്ത നിരവധി പേർ ഇസ്ലാം സ്വീകരിച്ചപ്പോൾ, ഖുർആൻ പാരായണ ശൈലികളിൽ സ്വാഭാവികമായ വ്യത്യാസങ്ങൾ ഉടലെടുത്തു. ഈ പാരായണ വ്യത്യാസങ്ങൾ ജനങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമാകുമെന്ന് കണ്ടപ്പോൾ, സ്വഹാബികളുടെ നിർദ്ദേശപ്രകാരം ഉസ്മാൻ (رَضِيَ اللَّهُ عَنْهُ) ഇടപെടുകയും, ഹഫ്സ (رَضِيَ اللَّهُ عَنْهَا) യുടെ പക്കലുണ്ടായിരുന്ന ഗ്രന്ഥം വരുത്തി, അതിൻ്റെ പകർപ്പുകൾ തയ്യാറാക്കി വിവിധ നാടുകളിലേക്ക് കൊടുത്തയക്കുകയുമാണ് ചെയ്തത്. ഇതും തികഞ്ഞ ജാഗ്രതയുടെയും ഖുർആൻ സംരക്ഷണത്തിൻ്റെയും ഭാഗമായിരുന്നു. ഇതിലൊന്നും ഖുർആനിൻ്റെ മൂലരൂപത്തിൽ യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല.
ചുരുക്കത്തിൽ, വിശുദ്ധ ഖുർആനിലേക്ക് യാതൊന്നും കടത്തിക്കൂട്ടാതിരിക്കാനുള്ള അങ്ങേയറ്റത്തെ മുൻകരുതലുകൾ മാത്രമായിരുന്നു അബൂബക്കർ (رَضِيَ اللَّهُ عَنْهُ), ഉസ്മാൻ (رَضِيَ اللَّهُ عَنْهُ) എന്നിവരുടെ കാലഘട്ടങ്ങളിൽ നടന്ന ക്രോഡീകരണങ്ങൾ. അല്ലാതെ ഖുർആനിൽ തിരിമറികൾ നടന്നതിൻ്റെ പശ്ചാത്തലത്തിലായിരുന്നില്ല ഈ നടപടികൾ സ്വീകരിച്ചത്. ഹൃദിസ്ഥമാക്കിയും, ലിഖിതരൂപത്തിലും, പ്രായോഗിക ജീവിതത്തിലും അല്ലാഹു അവൻ്റെ വചനങ്ങളെ പരിപൂർണ്ണമായി സംരക്ഷിച്ചിട്ടുണ്ട്.
ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെ, വിശുദ്ധ ഖുർആന് നേരെയുള്ള ഇസ്ലാം വിമർശകരുടെ ആരോപണങ്ങൾ തീർത്തും ബാലിശവും അർത്ഥശൂന്യവുമാണ്. വിശുദ്ധ ഖുർആനിൽ നസ്ഖ് ചെയ്യപ്പെടാത്ത (ദുർബലപ്പെടുത്തപ്പെടാത്ത) ഏതെങ്കിലുമൊരു വചനം നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്നോ, അല്ലെങ്കിൽ എഴുതാൻ മറന്നുപോയിട്ടുണ്ടെന്നോ തെളിയിക്കാൻ അവർക്ക് സാധിക്കുമോ? പ്രവാചകൻ ﷺ ക്ക് അവതരിക്കപ്പെടാത്ത ഏതെങ്കിലുമൊരു വചനം ഖുർആനിലുണ്ടെന്ന് അവർക്ക് തെളിയിക്കാനാകുമോ? ഉദാഹരണത്തിന്, സൂറത്തുൽ ബഖറയിലോ സൂറത്ത് ആലുഇംറാനിലോ ഉള്ള ഇന്ന വചനം റസൂലുള്ളാഹി ﷺ ക്ക് അവതരിച്ചതല്ലെന്നും, മറിച്ച് അബൂബക്കർ, ഉമർ, ഉസ്മാൻ (رَضِيَ اللَّهُ عَنْهُمْ) തുടങ്ങിയവരുടെ കാലഘട്ടത്തിൽ ആരെങ്കിലും കൂട്ടിച്ചേർത്തതാണെന്നും കൃത്യമായ തെളിവുകളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തിൽ തെളിയിക്കാൻ ഈ ഇസ്ലാം വിമർശകരെ നാം വെല്ലുവിളിക്കുകയാണ്. ലോകത്ത് ഒരാൾക്കും അത് തെളിയിക്കാൻ സാധ്യമല്ല.
പ്രവാചകൻ ﷺ യുടെ കാലഘട്ടത്തിൽ അവതരിച്ച അതേ ഖുർആൻ ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെയാണ് ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന് നാം ഉറച്ചുവിശ്വസിക്കുകയും, ലോകത്തിന് മുൻപിൽ അഭിമാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ മഹത്തായ ഗ്രന്ഥത്തെ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും അല്ലാഹു സുബ്ഹാനഹുവതആല നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.

