ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ
നബി ﷺ പഠിപ്പിച്ചു: “എൻ്റെ സമുദായത്തിൻ്റെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് പിഴപ്പിക്കുന്ന നേതാക്കളെയാണ്.” ഈ ഹദീസിന് കൃത്യമായ ചില വിശദീകരണങ്ങളുണ്ട്. വഴികേട് എന്നത് എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നത് വിശ്വാസത്തിലെ ജീർണ്ണതകളോടാണ്. അഖീദയിൽ തിരിമറികൾ വരുത്തിയ അൽ-മഅ്മൂൻ, അൽ-വാസിഖ്, അൽ-മുഅ്തസിം തുടങ്ങിയ ഭരണാധികാരികളും ചിലപ്പോൾ ഈ ഹദീസിൻ്റെ പരിധിയിൽ വന്നേക്കാം. എന്നാൽ ‘പിഴപ്പിക്കുന്ന നേതാക്കൾ’ എന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് പണ്ഡിതന്മാരാണെന്ന വ്യാജേന ജനങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന വിവരമില്ലാത്ത അവിവേകികളായ തലവന്മാരെയാണ്. അവരാണ് ഈ ഹദീസിൽ ഉൾപ്പെടാൻ ഏറ്റവും അർഹരായവർ.
എന്തുകൊണ്ടാണ് അവർ കൂടുതൽ അപകടകാരികളാകുന്നത്? കാരണം, മതത്തിൻ്റെ പതാക ഉയർത്തിപ്പിടിക്കുകയും, മതത്തിൻ്റെ പേരിൽ സംസാരിക്കുകയും, തങ്ങൾ വിജ്ഞാനത്തിൻ്റെയും മതത്തിൻ്റെയും നന്മയുടെയും ആളുകളാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നവരെയാണ് സാധാരണയായി ജനങ്ങൾ പിൻപറ്റാറുള്ളത്. അവരെയാണ് ജനങ്ങൾ മാതൃകയാക്കുന്നത്. അതിനാൽ അയാൾ പിഴച്ചവനാണെങ്കിൽ ജനങ്ങളും പിഴച്ചുപോകും.
എന്നാൽ ഭരണാധികാരികളുടെ കാര്യം ശ്രദ്ധിക്കുക; സാധാരണയായി ജനങ്ങൾ അവരെ മതപരമായ മാതൃകകളായി കാണാറില്ല. അതുകൊണ്ട് തന്നെ മതകാര്യങ്ങളിൽ ജനങ്ങൾ അവരെ പിൻപറ്റുകയുമില്ല. ഭൗതിക കാര്യങ്ങളിൽ ഒരുപക്ഷേ ജനങ്ങൾ അവരെ പിൻപറ്റിയേക്കാം; എന്നാൽ മതകാര്യങ്ങളിൽ ഒരിക്കലുമില്ല. മറിച്ച്, മതത്തിൻ്റെ മേലങ്കി അണിഞ്ഞവരെയാണ് അവർ പിൻപറ്റുന്നത്. അതിനാൽ, മതത്തിൻ്റെ മേലങ്കി അണിഞ്ഞവൻ പിഴച്ചവനാകുമ്പോഴാണ് അത് ജനങ്ങൾക്ക് ഏറ്റവും വലിയ ആപത്തും അപകടവുമായി മാറുന്നത്.
പാപിയായ ഒരു ഭരണാധികാരിയും പിഴച്ച ഒരു പണ്ഡിതനും തമ്മിലുള്ള വ്യത്യാസമെന്താണെന്നും, അവരിൽ ആരാണ് കൂടുതൽ അപകടകാരിയെന്നും വ്യക്തമാക്കുന്ന ചരിത്രപരമായ ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് പറയാം. ബനൂ ഇസ്രാഈല്യർ ഏകദേശം എൺപത് വർഷത്തോളം അക്രമിയായ ഫിർഔൻ്റെ ഭരണത്തിൻ കീഴിലായിരുന്നു. അവൻ തൻ്റെ മതത്തിലേക്ക് വരാൻ അവരെ നിർബന്ധിക്കുകയും, അതിനായി തൻ്റെ സകല അധികാരങ്ങളും മർദ്ദനമുറകളും പ്രയോഗിക്കുകയും ചെയ്തു. എന്നാൽ എത്ര കടുത്ത മർദ്ദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നിട്ടും ബനൂ ഇസ്രാഈല്യർ അവനെ അനുസരിക്കുകയോ അവൻ്റെ മതത്തിൽ പ്രവേശിക്കുകയോ ചെയ്തില്ല. കാരണം അവൻ ദുഷ്ടനും പാപിയുമായ ഭരണാധികാരിയാണെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു.
എന്നാൽ അല്ലാഹു ഫിർഔനെ മുക്കിക്കൊല്ലുകയും ബനൂ ഇസ്രാഈല്യരെ രക്ഷിക്കുകയും ചെയ്ത ശേഷം, അവർക്ക് മന്നായും സൽവായും നൽകി അനുഗ്രഹിക്കുകയും അവർക്ക് മേഘത്തണൽ നൽകുകയും ചെയ്തു. പിന്നീട് മൂസാ നബി (عليه السلام) തൻ്റെ രക്ഷിതാവിനെ കാണാൻ പോയ സമയത്ത്, മതത്തിൻ്റെ മേലങ്കി അണിഞ്ഞുകൊണ്ട് ഒരാൾ അവരുടെ അടുക്കലേക്ക് കടന്നുവന്നു. അതായിരുന്നു സാമിരി. ജിബ്‌രീൽ (عليه السلام) ൻ്റെ കുതിരയുടെ കാൽപ്പാടിലെ മണ്ണിൽ നിന്നും ഒരു പിടി മണ്ണെടുത്ത്, അവർ കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങളിലേക്ക് അയാൾ അത് എറിഞ്ഞു. അങ്ങനെ ശബ്ദമുണ്ടാക്കുന്ന ഒരു പശുക്കുട്ടിയുടെ രൂപം അയാൾ നിർമ്മിച്ചെടുത്തു. അത് ജീവനുള്ളതായിരുന്നില്ല, മറിച്ച് വലിയൊരു ഫിത്നയായിരുന്നു. എന്നിട്ട് ബനൂ ഇസ്രാഈല്യരോട് അയാൾ പറഞ്ഞു: “ഇതാണ് നിങ്ങളുടെയും മൂസായുടെയും ആരാധ്യൻ. മൂസാ അത് മറന്നുപോയിരിക്കുകയാണ്.”
അപ്പോൾ ബനൂ ഇസ്രാഈല്യർക്കെന്താണ് സംഭവിച്ചത്? അവർ ആ പശുക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി. അതിനെ ആരാധിച്ചു എന്ന് പറഞ്ഞാൽ, ആ പശുക്കുട്ടിയാണ് തങ്ങളെ സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും എന്ന് അവർ വിശ്വസിച്ചു എന്നല്ല; മറിച്ച് അവർക്കും അല്ലാഹുവിനും ഇടയിലുള്ള ഒരു ഇടനിലക്കാരനായി അവർ അതിനെ സ്വീകരിച്ചു എന്നാണ്. നിങ്ങൾ ചിന്തിച്ചുനോക്കൂ! ഫിർഔൻ്റെ കൊടിയ മർദ്ദനങ്ങൾക്ക് കീഴിൽ എൺപത് വർഷത്തോളം തങ്ങളുടെ തൗഹീദിൽ ഉറച്ചുനിന്ന അവർ, വെറും നാൽപത് ദിവസത്തിൽ താഴെ സമയം കൊണ്ട് തൗഹീദിൽ നിന്ന് ശിർക്കിലേക്കും കുഫ്റിലേക്കും ഇസ്ലാമിൽ നിന്ന് തന്നെയും പുറത്തുപോയി!
അതുകൊണ്ടാണ് മൂസാ (عليه السلام) ദേഷ്യപ്പെട്ടവനായും ദുഃഖിതനായും തൻ്റെ ജനതയിലേക്ക് മടങ്ങിവന്നപ്പോൾ അല്ലാഹുവിൻ്റെ വചനം ഇപ്രകാരം പറഞ്ഞത്:
“മൂസാ തൻ്റെ ജനങ്ങളിലേക്ക് കുപിതനും ദുഃഖിതനുമായി മടങ്ങിച്ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: എനിക്ക് ശേഷം എൻ്റെ അഭാവത്തിൽ നിങ്ങൾ ചെയ്ത ഈ പ്രവൃത്തി വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിൻ്റെ കൽപന കാത്തുനിൽക്കാതെ നിങ്ങൾ ധൃതികാണിച്ചുവോ?” [സൂറത്തുൽ അഅ്റാഫ് – 150]
അപ്പോൾ അവർ പറഞ്ഞ ന്യായം അല്ലാഹുവിൻ്റെ വചനം ഇപ്രകാരം വ്യക്തമാക്കുന്നു:
“അവർ പറഞ്ഞു: ഞങ്ങളുടെ അധീനതയിലുള്ളതുകൊണ്ടല്ല ഞങ്ങൾ നിന്നോടുള്ള വാഗ്ദാനം ലംഘിച്ചത്; മറിച്ച് ജനങ്ങളുടെ ആഭരണങ്ങളുടെ ഭാരങ്ങൾ ഞങ്ങൾ പേറേണ്ടിവന്നു. അങ്ങനെ ഞങ്ങളത് തീയിലെറിഞ്ഞു. അപ്രകാരം തന്നെ സാമിരിയും ഇട്ടു.” [സൂറത്തു ത്വാഹാ – 87]
അതായത് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇത് സംഭവിച്ചതെന്നും, സാമിരിയാണ് ഇതിന് കാരണമെന്നും പറഞ്ഞ് അവർ അയാളുടെ മേൽ കുറ്റം ചാരി. എന്നാൽ അല്ലാഹു അവരുടെ ഈ ഒഴിവുകഴിവ് സ്വീകരിച്ചില്ല. സാമിരിയുടെ കെണിയിൽ വീണുപോയി എന്നത് ശിർക്ക് ചെയ്യാനുള്ള ഒരു ന്യായമായി അല്ലാഹു പരിഗണിച്ചില്ല.
ഇതിൽ നിന്നുള്ള ഗുണപാഠം എന്താണ്? പാപികളായ ഭരണാധികാരികളേക്കാൾ വലിയ അപകടകാരികളാണ് മതത്തിൻ്റെ വേഷമണിഞ്ഞ പിഴച്ച നേതാക്കളും വ്യാജ പണ്ഡിതന്മാരും എന്നതാണ് യാഥാർത്ഥ്യം. കാരണം, പാപിയായ ഒരു ഭരണാധികാരിയിൽ നിന്ന് ജനങ്ങൾ മതകാര്യങ്ങൾ സ്വീകരിക്കുകയില്ല. എന്നാൽ ഇത്തരം വ്യാജ പണ്ഡിതന്മാരിൽ നിന്നാണ് അവർ മതം പഠിക്കുന്നത്. അതിനാൽ അയാൾ പിഴച്ചവനാകുമ്പോൾ ജനങ്ങളെയും പിഴപ്പിക്കുന്നു. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും അബ്ദുല്ലാഹി ബിൻ അംറ് ബിൻ അൽ-ആസ്വ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് ഉദ്ധരിച്ച നബി ﷺ യുടെ ഹദീസിൽ ഇത് വ്യക്തമായി വന്നിട്ടുണ്ട്:
“തീർച്ചയായും അല്ലാഹു പണ്ഡിതന്മാരുടെ ഹൃദയങ്ങളിൽ നിന്ന് അറിവ് ഊരിയെടുത്തുകൊണ്ടല്ല വിജ്ഞാനം പിൻവലിക്കുന്നത്. മറിച്ച്, പണ്ഡിതന്മാരെ മരിപ്പിക്കുന്നതിലൂടെയാണ് അവൻ വിജ്ഞാനം പിൻവലിക്കുന്നത്. അങ്ങനെ ഒരു പണ്ഡിതൻ പോലും അവശേഷിക്കാത്ത അവസ്ഥ വരുമ്പോൾ ജനങ്ങൾ വിവരമില്ലാത്ത അവിവേകികളെ തങ്ങളുടെ നേതാക്കളായി സ്വീകരിക്കും. അങ്ങനെ അവരോട് മതവിധികൾ ചോദിക്കപ്പെടുകയും, അവർ യാതൊരു അറിവുമില്ലാതെ ഫത്‌വ നൽകുകയും ചെയ്യും. അങ്ങനെ അവർ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.”
അതുകൊണ്ട് യഥാർത്ഥ പണ്ഡിതന്മാരെ തിരിച്ചറിയുകയും, അല്ലാഹുവിൻ്റെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ദീൻ പഠിപ്പിക്കുന്നവരിൽ നിന്ന് മാത്രം അറിവ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇക്കാലഘട്ടത്തിൽ ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ബാധ്യത. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.

