സലഫി ദഅ്‌വത്തിനെതിരെയുള്ള ശത്രുക്കളുടെ കടന്നുകയറ്റങ്ങളെ സൂക്ഷിക്കുക

4 Min Read

ശൈഖ് മുഹമ്മദ് ബിൻ ഹാദി അൽ മദ്ഖലി

കടുത്ത ശത്രുവായ, ശപിക്കപ്പെട്ട പിശാചും അവനെ പിൻപറ്റുന്ന മനുഷ്യരിലെ പിശാചുക്കളുമുണ്ട്. അവരെക്കുറിച്ച് അല്ലാഹുവിൻ്റെ വചനം ഇപ്രകാരം വ്യക്തമാക്കുന്നു:

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ * وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ

അപ്രകാരം തന്നെ ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. വഞ്ചനാത്മകമായ ഭംഗിവാക്കുകൾ അവർ അന്യോന്യം ദുർബോധനം ചെയ്യുന്നു. നിൻ്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കിൽ അവരത് ചെയ്യുമായിരുന്നില്ല. അതിനാൽ അവരെയും അവർ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളെയും നീ വിട്ടേക്കുക. പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ മനസ്സുകൾ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്) ചായുവാനും, അവരതിൽ തൃപ്തിയടയുവാനും, അവർ ചെയ്തു കൂട്ടുന്ന പാപങ്ങൾ ചെയ്തു കൂട്ടുവാനും വേണ്ടിയത്രെ അത്‌. [സൂറത്തുൽ അൻആം – 112-113]

സലഫി ദഅ്‌വത്തിൻ്റെ മക്കളിലേക്ക്, അഥവാ അല്ലാഹു തൻ്റെ പ്രവാചകൻ ﷺ യുടെ സുന്നത്ത് സംരക്ഷിക്കാൻ നിയോഗിച്ച പടയാളികളിലേക്ക് തിരിഞ്ഞിരിക്കുന്ന ചില മനുഷ്യപ്പിശാചുക്കൾ ഇന്നുമുണ്ട്.

സലഫി ദഅ്‌വത്തിൻ്റെ മക്കളാണ് അതിൻ്റെ യഥാർത്ഥ പടയാളികൾ. എല്ലാ കാലത്തും ദേശത്തും ആ പടയാളികളുടെ നേതാക്കൾ സലഫി ദഅ്‌വത്തിലെ പണ്ഡിതന്മാരാണ്. സലഫി ദഅ്‌വത്തിൻ്റെ ശത്രുക്കൾ ലോകത്തെല്ലായിടത്തും ഈ യാഥാർത്ഥ്യം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. സഹോദരങ്ങളേ, അവർ ഒന്നിച്ച് ചേർന്നിരിക്കുന്നു; ഈ കാര്യം നിങ്ങളിൽ പലർക്കും അജ്ഞാതമല്ലെന്ന് ഞാൻ കരുതുന്നു. അവർ അടുത്ത കാലത്തായി ഒത്തുചേരുകയും, കൂടിക്കാഴ്ചകൾ നടത്തുകയും, ഒരൊറ്റ കൂട്ടമായി മാറുകയും ചെയ്തു. പണ്ടുതൊട്ടേ ഇതവർക്ക് ഒരു പുതിയ കാര്യമല്ല.

എന്നാൽ അടുത്ത കാലത്തായി അവർ തങ്ങളുടെ എല്ലാ വിഭാഗങ്ങളുമായും, അവരുടെ വ്യതിയാനങ്ങളും ബിദ്അത്തുകളും ചെറുതായാലും വലുതായാലും അതൊക്കെ മാറ്റിവെച്ച് പരസ്പരം ഒന്നിച്ചിരിക്കുകയാണ്. സലഫി മൻഹജിൻ്റെ വാഹകർക്കും, സലഫി മൻഹജിൻ്റെ പ്രബോധകർക്കും, സലഫി മൻഹജിൻ്റെ പണ്ഡിതന്മാർക്കുമെതിരെ ഒരൊറ്റ ശത്രുവായി അവർ സംഘടിച്ചിരിക്കുന്നു.

വളരെ ഖേദത്തോടെയും തുറന്നുപറയട്ടെ, നമ്മുടെ ഭാഗത്തുനിന്നുണ്ടായ ദൗർബല്യവും, അലസതയും, നമ്മെക്കുറിച്ചുള്ള അമിതമായ സദ്‌വിചാരവും കാരണമായാണ് അവർക്കിതിന് സാധിച്ചത്. യഥാർത്ഥത്തിൽ ഒരു മുസ്ലിമും കുഴപ്പങ്ങളിൽ നിന്ന് താൻ സുരക്ഷിതനാണെന്ന് കരുതാൻ പാടില്ല. പ്രവാചകന്മാരുടെ പിതാവായ, പാപസുരക്ഷിതനായ ഇബ്രാഹീം നബി (عليه السلام) പറഞ്ഞത് കാണുക:

وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ

എന്നെയും എൻ്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തേണമേ. [സൂറത്ത് ഇബ്രാഹീം – 35]

പാപസുരക്ഷിതനായ, നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നിട്ടും വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് തന്നെയെയും മക്കളെയും കാത്തുരക്ഷിക്കാനാണ് അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് താഴെയുള്ളവരുടെ, പാപസുരക്ഷിതത്വം ഇല്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും? അത്തൈമി (رَحِمَهُ اللَّهُ) ചോദിച്ചതായി നിങ്ങൾക്ക് അറിയാമല്ലോ: “ഇബ്രാഹീമിന് ശേഷം പരീക്ഷണങ്ങളിൽ നിന്ന് ആരാണ് സുരക്ഷിതനായിട്ടുള്ളത്?” (فَمَنْ يَأْمَنُ الْبَلَاءَ بَعْدَ إِبْرَاهِيمَ؟).

നമ്മുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ കൊണ്ടല്ല; മറിച്ച് ദൗർബല്യവും വീഴ്ചകളും അലസതയും കാരണമായാണ് ശത്രുക്കൾ നമ്മിലൂടെ നുഴഞ്ഞുകയറിയത്. അങ്ങനെ നമ്മുടെ മക്കളിൽ നിന്ന് ചിലരെയൊക്കെ അവർ സ്വന്തമാക്കി. അവരെക്കൊണ്ട് കഴിയുന്നത്ര ആളുകളെ കൊണ്ടുപോകാൻ അവർ പരമാവധി ശ്രമിച്ചു. എന്നാൽ സർവ്വ സ്തുതിയും അല്ലാഹുവിനാണ്, അവൻ്റെ അപാരമായ അനുഗ്രഹവും കാരുണ്യവും കൊണ്ടും, അതുപോലെ തന്നെ ഈ ദഅ്‌വത്തിൻ്റെ അനുയായികളുടെ മനസ്സുകളിൽ അതിനുള്ള വേരോട്ടം കാരണവും, നാം അശ്രദ്ധരായ സമയത്ത് നമ്മുടെ മക്കളിലേക്ക് നുഴഞ്ഞുകയറിയ ഇത്തരക്കാരായ പ്രബോധകർക്ക് ഉത്തരം നൽകിയത് വളരെ കുറച്ച് പേർ മാത്രമാണ്. അത് അല്ലാഹുവിൻ്റെ വിധിയാണ്, അവൻ്റെ തീരുമാനത്തെ തടയാൻ ആർക്കും സാധ്യമല്ല. എല്ലാ അവസ്ഥയിലും സർവ്വ സ്തുതിയും അല്ലാഹുവിനാണ്.

അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഈ ശത്രുക്കൾ അവരെ ഒറ്റപ്പെടുത്തുകയും, അവരുടെ ശൈഖുമാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അവരെ അകറ്റുകയും ചെയ്തു. ഇതിൻ്റെ കാരണം, ഈ വലയിൽ വീണുപോയ വ്യക്തിയുടെ മനസ്സിലുള്ള ചില പ്രശ്നങ്ങളാണ്; ഒന്നുകിൽ അവൻ്റെ ദീനിലുള്ള ദൗർബല്യം, അല്ലെങ്കിൽ ഭൗതിക ലോകത്തോടുള്ള മോഹം.

നബി ﷺ പറഞ്ഞു:

فَوَاللَّهِ مَا الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا، وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ

അല്ലാഹുവാണെ സത്യം, നിങ്ങളുടെ കാര്യത്തിൽ ഞാൻ ദാരിദ്ര്യം ഭയപ്പെടുന്നില്ല. മറിച്ച്, നിങ്ങൾക്ക് മുൻപുള്ളവർക്ക് ഭൗതികലോകം വിശാലമാക്കി നൽകപ്പെട്ടതുപോലെ നിങ്ങൾക്കും അത് വിശാലമാക്കപ്പെടുകയും, അങ്ങനെ അവരതിൽ മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കുകയും, അതവരെ നശിപ്പിച്ചതുപോലെ നിങ്ങളെയും നശിപ്പിക്കുകയും ചെയ്യുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. [സഹീഹുൽ ബുഖാരി – 3158, സഹീഹ് മുസ്ലിം – 2961]

ഒന്നുകിൽ ദീനിലുള്ള ദൗർബല്യം, അല്ലെങ്കിൽ ഭൗതികമായ മോഹങ്ങൾ. അഥവാ, മതപരമായ ദൗർബല്യത്തിൻ്റെ അവസ്ഥയോ ഭൗതിക മോഹങ്ങളുടെ അവസ്ഥയോ ആണ് അവരെ ഇതിൽ അകപ്പെടുത്തുന്നത്. സഹോദരങ്ങളേ, ഈ കാരണം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ല.

Share This Article
Leave a Comment