ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ യസീദ് ബിൻ മാജ അൽ-ഖസ്‌വീനി رَحِمَهُ اللَّهُ വിന്റെ ജീവിതാരംഭം, വിജ്ഞാനാന്വേഷണ യാത്രകൾ, അദ്ദേഹത്തിന്റെ മഹത്തുക്കളായ ഗുരുക്കന്മാർ എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം മനസ്സിലാക്കിയത്. ലോകമെമ്പാടുമുള്ള പണ്ഡിതന്മാർ അദ്ദേഹത്തിന് നൽകിയ ഉന്നതമായ അംഗീകാരങ്ങളും, അദ്ദേഹത്തിന്റെ ഗ്രന്ഥരചനകളും, വിശിഷ്യാ ‘സുനൻ ഇബ്നു മാജ’ എന്ന മഹത്തായ ഗ്രന്ഥത്തിന്റെ സവിശേഷതകളും, അദ്ദേഹത്തിന്റെ അവസാന നാളുകളുമാണ് ഈ ഭാഗത്തിൽ നാം പരിശോധിക്കുന്നത്.
പണ്ഡിതന്മാരുടെ ജീവചരിത്രങ്ങൾ കേവലം കഥകൾ പറയാൻ വേണ്ടിയുള്ളതല്ല, മറിച്ച് അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും മാതൃകകൾ സ്വീകരിക്കാനും വേണ്ടിയുള്ളതാണ്. ഇരുളടഞ്ഞ കാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന ഈ വിജ്ഞാന താരകങ്ങളുടെ പാത പിൻപറ്റുക എന്നത് പിൽക്കാലക്കാരായ ഏതൊരു വിശ്വാസിക്കും അനിവാര്യമാണ്.
പണ്ഡിതന്മാരുടെ പ്രശംസകളും അംഗീകാരങ്ങളും
ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ വിന്റെ പാണ്ഡിത്യത്തിലും അറിവിലും ഓർമ്മശക്തിയിലും പണ്ഡിതലോകം പൂർണ്ണമായി ഏകോപിച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് പണ്ഡിതന്മാർ രേഖപ്പെടുത്തിയ പ്രശംസകൾ താഴെ പറയുന്നവയാണ്:
- ഇബ്നു ഖല്ലികാൻ رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹം ഹദീസിലും അതുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖകളിലും അഗാധമായ അറിവുള്ള വലിയൊരു ഇമാമായിരുന്നു.”
- അബൂ യഅ്‌ല അൽ-ഖലീലി رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹം സർവ്വരാലും അംഗീകരിക്കപ്പെട്ട വലിയൊരു പണ്ഡിതനാണ് (സിഖഃ കബീർ). തെളിവിനായി അവലംബിക്കാവുന്ന അദ്ദേഹത്തിന് ഹദീസിലും മനഃപാഠത്തിലും വലിയ പാണ്ഡിത്യമുണ്ട്.”
- ഇമാം അദ്ദഹബി رَحِمَهُ اللَّهُ പറയുന്നു: “ഇമാം ഇബ്നു മാജ ഒരു ഹാഫിളും, ഹദീസ് നിരൂപകനും (നാഖിദ്), സത്യസന്ധനും, വിശാലമായ അറിവുള്ള വ്യക്തിയുമായിരുന്നു.” ഇമാം അദ്ദഹബിയെപ്പോലെയുള്ള ഒരു പണ്ഡിതൻ ഇത്തരം വിശേഷണങ്ങൾ നൽകുന്നുണ്ടെങ്കിൽ അത് വലിയൊരു അംഗീകാരമാണ്.
- ഇബ്നു നാസിറുദ്ദീൻ رَحِمَهُ اللَّهُ പറയുന്നു: “മുഹമ്മദ് ബിൻ യസീദ് ബിൻ മാജ പ്രമുഖരായ ഇമാമുമാരിൽ ഒരാളാണ്. ഇസ്‌ലാമിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ‘സുനന്റെ’ രചയിതാവായ അദ്ദേഹം വലിയൊരു ഹാഫിളും സിഖയുമാണ് (വിശ്വസ്തൻ).”
- ഹാഫിള് ഇബ്നു കസീർ അദ്ദിമശ്ഖി رَحِمَهُ اللَّهُ പറയുന്നു: “പ്രസിദ്ധമായ ‘സുനൻ’ ഗ്രന്ഥത്തിന്റെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിജ്ഞാനം, പ്രവർത്തനങ്ങൾ, ആഴത്തിലുള്ള പാണ്ഡിത്യം, അടിസ്ഥാനപരവും ശാഖാപരവുമായ (ഉസൂൽ, ഫുറൂഅ്) വിഷയങ്ങളിൽ പ്രവാചകൻ ﷺ യുടെ സുന്നത്തിനോടുള്ള അദ്ദേഹത്തിന്റെ പിൻപറ്റൽ എന്നിവക്കെല്ലാം ആ ഗ്രന്ഥം വലിയൊരു തെളിവാണ്.”
മറ്റ് ഗ്രന്ഥങ്ങൾ (തഫ്സീറും ചരിത്രവും)
ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ ‘സുനൻ’ മാത്രമല്ല രചിച്ചിട്ടുള്ളത്; മറിച്ച് മഹത്തായ ഒരു വിജ്ഞാന പൈതൃകം അദ്ദേഹം ബാക്കിവെച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ആ ഗ്രന്ഥങ്ങളിൽ മിക്കതും കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടുപോയി. അവയിൽ പ്രധാനപ്പെട്ടത് വിശുദ്ധ ഖുർആന്റെ ഒരു തഫ്സീറാണ് (വ്യാഖ്യാനം). ഹാഫിള് ഇബ്നു കസീർ رَحِمَهُ اللَّهُ ആ തഫ്സീർ നേരിട്ട് കണ്ടിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അതൊരു ‘തഫ്സീർ ഹാഫിൽ’ (വിവരങ്ങൾ തിങ്ങിനിറഞ്ഞ ബൃഹത്തായ തഫ്സീർ) ആണെന്നാണ്. ഇസ്‌ലാമിക നാടുകളിലുണ്ടായ അധിനിവേശങ്ങളിലും ഫിത്‌നകളിലുമായി നഷ്ടപ്പെട്ടുപോയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഈ മഹത്തായ തഫ്സീറും ഉൾപ്പെടുന്നു. അതുപോലെത്തന്നെ അദ്ദേഹം രചിച്ച മറ്റൊരു ഗ്രന്ഥമാണ് ‘അത്താരീഖ്’ (ചരിത്രം). ഇബ്നു ഖല്ലികാൻ رَحِمَهُ اللَّهُ അതിനെ ‘താരീഖ് മലീഹ്’ (വളരെ മനോഹരമായ ചരിത്രഗ്രന്ഥം) എന്നാണ് വിശേഷിപ്പിച്ചത്. അതും ഇന്ന് ലഭ്യമല്ല.
സുനൻ ഇബ്നു മാജ (سنن ابن ماجه)
ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ വിന് ലോകപ്രശസ്തി നേടിക്കൊടുത്തതും, ഇസ്‌ലാമിക ലോകത്ത് ഹദീസിന്റെ അടിസ്ഥാന അവലംബങ്ങളിൽ ഒന്നായി മാറിയതുമായ ഗ്രന്ഥമാണിത്. ഹദീസ് പണ്ഡിതന്മാർ ഈ ഗ്രന്ഥത്തെ ‘സിഹാഹുസ്സിത്ത’യിൽ (ആറ് ആധികാരിക ഗ്രന്ഥങ്ങൾ – ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജ) ആറാമത്തെ ഗ്രന്ഥമായി പരിഗണിച്ചു.
മുൻകാല പണ്ഡിതന്മാർക്കിടയിൽ ഈ ആറാമത്തെ ഗ്രന്ഥം ഏതാണെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പൗരസ്ത്യ നാടുകളിലെ പണ്ഡിതന്മാർ ‘സുനൻ ഇബ്നു മാജ’ക്ക് മുൻഗണന നൽകിയപ്പോൾ, മഗ്‌രിബ് (ഉത്തരാഫ്രിക്കൻ) നാടുകളിലുള്ളവർ ഇമാം മാലികിന്റെ ‘അൽ-മുവത്ത’ ആയിരുന്നു സിഹാഹുസ്സിത്തയിൽ എണ്ണിയിരുന്നത്. എന്നാൽ പിൽക്കാലത്ത് പണ്ഡിതന്മാർ ഏകോപിച്ച അഭിപ്രായത്തിൽ ‘സുനൻ ഇബ്നു മാജ’യെ ആറാമത്തെ ഗ്രന്ഥമായി നിജപ്പെടുത്തി. ഇതിന് തുടക്കം കുറിച്ചത് പ്രമുഖ പണ്ഡിതനായ ഹാഫിള് ഇബ്നു ത്വാഹിർ അൽ-മഖ്ദിസി رَحِمَهُ اللَّهُ ആണ്. അദ്ദേഹമാണ് ആറ് ഇമാമുമാരുടെയും നിബന്ധനകളെക്കുറിച്ച് (ശുറൂത്തുൽ അഇമ്മത്തിസ്സിത്ത) കൃത്യമായി രേഖപ്പെടുത്തിയത്.
എന്തുകൊണ്ടാണ് ‘മുവത്ത’യെക്കാൾ ‘സുനൻ ഇബ്നു മാജ’ക്ക് അവർ മുൻഗണന നൽകിയത്? അൽ-സഖാവി رَحِمَهُ اللَّهُ അതിന്റെ കാരണം വ്യക്തമാക്കുന്നു: “മറ്റ് അഞ്ച് ഗ്രന്ഥങ്ങളിലും (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിർമിദി, നസാഈ) വന്നിട്ടില്ലാത്ത പുതിയ ഹദീസുകൾ സുനൻ ഇബ്നു മാജയിൽ ധാരാളമായി വന്നിട്ടുണ്ട് എന്നതുകൊണ്ടാണ് അവർ അതിന് മുൻഗണന നൽകിയത്.”
ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ തന്റെ ഗ്രന്ഥത്തിൽ സ്വഹീഹായ ഹദീസുകൾ മാത്രമേ കൊണ്ടുവരികയുള്ളൂ എന്ന് നിബന്ധന വെച്ചിട്ടില്ല. അതിനാൽ അതിൽ സ്വഹീഹും, ഹസനും, ളഈഫും അടങ്ങിയിട്ടുണ്ട്. ഇമാം അദ്ദഹബി رَحِمَهُ اللَّهُ പറയുന്നു: “ഇബ്നു മാജയുടെ സുനൻ വളരെ മികച്ച ഒരു ഗ്രന്ഥമാണ്; വളരെ കുറഞ്ഞ ചില ദുർബലമായ ഹദീസുകൾ അതിൽ കടന്നുവന്നിട്ടില്ലായിരുന്നുവെങ്കിൽ.”
സുനൻ ഇബ്നു മാജയുടെ സവിശേഷതകളും ക്രമീകരണവും
- ഇബ്നു ത്വാഹിർ അൽ-മഖ്ദിസി رَحِمَهُ اللَّهُ പറയുന്നു: “എന്റെ ആയുസ്സാണെ സത്യം, ഇബ്നു മാജയുടെ ഈ ഗ്രന്ഥം പരിശോധിക്കുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ മഹത്വം ബോധ്യപ്പെടുന്നതാണ്. മികച്ച ക്രമീകരണം, ധാരാളം അധ്യായങ്ങൾ, കുറഞ്ഞ ഹദീസുകൾ, ആവർത്തനങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.”
- ക്രമീകരണത്തിലെ പ്രത്യേകത: ഈ ഗ്രന്ഥം അദ്ദേഹം ആരംഭിക്കുന്നത് തന്നെ “സുന്നത്തിനെ പിൻപറ്റുക” (ബാബു ഇത്തിബാഇസ്സുന്ന) എന്ന അധ്യായം കൊണ്ടാണ്. ഇതിനെക്കുറിച്ച് ഇമാം സുയൂത്വി رَحِمَهُ اللَّهُ പറയുന്നത് കാണുക: “എല്ലാ കാര്യങ്ങൾക്കും മുൻപായി നബി ﷺ യുടെ സുന്നത്തിനെ പിൻപറ്റുക എന്നത് മതത്തിലെ അനിവാര്യ ബാധ്യതയാണെന്ന് വിദ്യാർത്ഥികളെ ഉണർത്തുക എന്നതാണ് ഈ ക്രമീകരണത്തിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്. അതിന് ശേഷം വിശ്വാസവുമായി (അഖീദ, ഖദർ) ബന്ധപ്പെട്ട അധ്യായങ്ങൾ അദ്ദേഹം നൽകി. പിന്നീട് സ്വഹാബികളുടെ ശ്രേഷ്ഠതകൾ (ഫദാഇലുസ്സഹാബ) നൽകി; കാരണം സ്വഹാബികളാണ് നമ്മളിലേക്ക് സുന്നത്ത് എത്തിച്ചുതന്നത്. അവരുടെ വിശ്വാസ്യത ബോധ്യപ്പെടാതെ നമുക്ക് സുന്നത്തുകൾ സ്വീകരിക്കാൻ കഴിയില്ലല്ലോ.” ഇത്രയും കൃത്യമായ ബോധ്യത്തോടെയാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.
- ഹദീസുകളുടെ എണ്ണം: ഈ ബൃഹത്തായ ഗ്രന്ഥത്തിൽ 37 പുസ്തകങ്ങളും (കിതാബ്), 1500 അധ്യായങ്ങളും, 4341 ഹദീസുകളുമാണുള്ളത്. ഇതിൽ 3002 ഹദീസുകൾ മറ്റ് അഞ്ച് ഗ്രന്ഥങ്ങളിൽ ഉള്ളവ തന്നെയാണ്. ബാക്കിയുള്ള 1339 ഹദീസുകൾ ‘സവാഇദ്’ (ഇബ്നു മാജ മാത്രം റിപ്പോർട്ട് ചെയ്തവ) ആണ്. ഈ സവാഇദുകളിൽ 428 എണ്ണം സ്വഹീഹും, 199 എണ്ണം ഹസനുമാണ്.
ഈ ഗ്രന്ഥത്തിന് പണ്ഡിതന്മാർ ധാരാളം വ്യാഖ്യാനങ്ങൾ (ശർഹുകൾ) രചിച്ചിട്ടുണ്ട്. അലാഉദ്ദീൻ മുഗ്‌ലത്വായിയുടെ ശർഹ്, ഇബ്നുൽ മുലഖിന്റെ ശർഹ്, ഇമാം സുയൂത്വിയുടെ ‘മിസ്ബാഹുസ്സുജാജ’, അൽ-സിന്ദിയുടെ ശർഹ് എന്നിവ അതിൽ ചിലതാണ്. കൂടാതെ ശിഹാബുദ്ദീൻ അൽ-ബൂസ്വീരി സുനൻ ഇബ്നു മാജയിലെ ‘സവാഇദുകൾ’ (മറ്റ് അഞ്ച് ഗ്രന്ഥങ്ങളിലില്ലാത്ത ഹദീസുകൾ) മാത്രം വേർതിരിച്ചെടുത്ത് അവയുടെ സ്വീകാര്യതയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട നിവേദനങ്ങളും ഇബ്നു ഹജറിന്റെ മറുപടിയും
ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ മാത്രം ഒറ്റപ്പെട്ട് റിപ്പോർട്ട് ചെയ്ത ഹദീസുകളെല്ലാം ദുർബലമാണ് (ളഈഫ്) എന്ന് ഹാഫിള് അൽ-മിസ്സി رَحِمَهُ اللَّهُ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ വാദം പൂർണ്ണമായും ശരിയല്ല എന്ന് ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رَحِمَهُ اللَّهُ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു ഹജർ പറയുന്നു: “അദ്ദേഹത്തിന്റെ ഈ നിഗമനം പൂർണ്ണമായ പരിശോധനയുടെ അടിസ്ഥാനത്തിലല്ല. ഇബ്നു മാജ മാത്രം റിപ്പോർട്ട് ചെയ്ത ഹദീസുകളിൽ മുൻറർ (തള്ളപ്പെടേണ്ടവ) ഉണ്ടെങ്കിലും, പൂർണ്ണമായും അങ്ങനെയല്ല.” ഇബ്നു മാജ മാത്രം ഉദ്ധരിച്ച സ്വഹീഹായ ഹദീസുകൾക്ക് ഉദാഹരണങ്ങളായി ഇബ്നു ഹജർ താഴെ പറയുന്നവ ചൂണ്ടിക്കാണിക്കുന്നു:
- “അല്ലാഹു ഈ ദീനിന് വേണ്ടി എക്കാലത്തും ചിലരെ വളർത്തിയെടുക്കും, അവരെ അല്ലാഹു തന്റെ അനുസരണത്തിൽ ഉപയോഗപ്പെടുത്തുന്നതാണ്.” (لا يزال الله يغرس لهذا الدين…)
- “വിജ്ഞാനം അന്വേഷിക്കുക എന്നത് ഓരോ മുസ്‌ലിമിനും നിർബന്ധ ബാധ്യതയാണ്.” (طلب العلم فريضة…)
ഇതിൽ പലപ്പോഴും പരമ്പരയിലുള്ള നിവേദകർക്കായിരിക്കും ദുർബലതയുള്ളത്, അല്ലാതെ ഹദീസിന്റെ വാചകങ്ങൾക്കല്ല എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
വിയോഗം
ഹദീസ് വിജ്ഞാന ശാസ്ത്രത്തിനും അധ്യാപനത്തിനുമായി തന്റെ ജീവിതം മുഴുവൻ നീക്കിവെച്ച ആ മഹാനായ പണ്ഡിതൻ ഹിജ്റ 273 റമദാൻ മാസത്തിൽ തന്റെ 64-ാം വയസ്സിൽ അല്ലാഹുവിങ്കലേക്ക് യാത്രയായി. ഒരു തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. റമദാൻ അവസാനിക്കാൻ 8 ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ചൊവ്വാഴ്ച ദിവസമാണ് അദ്ദേഹത്തെ ഖബറടക്കിയത്. അദ്ദേഹത്തിന്റെ സഹോദരൻ അബൂബക്കറാണ് ജനാസ നമസ്കാരത്തിന് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ അബൂബക്കർ, അബ്ദുല്ല, അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല എന്നിവർ ചേർന്നാണ് അദ്ദേഹത്തെ ഖബറിൽ വെച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ പണ്ഡിതനായ മുഹമ്മദ് ബിൻ അൽ-അസ്‌വദ് അൽ-ഖസ്‌വീനി رَحِمَهُ اللَّهُ രചിച്ച വിലാപകാവ്യം പ്രസിദ്ധമാണ്: “ഇബ്നു മാജയുടെ വിയോഗം വിജ്ഞാന സിംഹാസനത്തിന്റെ നെടുംതൂണുകളെ ദുർബലപ്പെടുത്തിയിരിക്കുന്നു, അതിന്റെ സ്തംഭങ്ങളെ ഇളക്കിയിരിക്കുന്നു.”
ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും, അദ്ദേഹം ബാക്കിവെച്ച ആ മഹത്തായ ഗ്രന്ഥത്തിലൂടെ അദ്ദേഹത്തിന്റെ നാമം ഇന്നും ലോകമെമ്പാടും സ്മരിക്കപ്പെടുന്നു. മുൻഗാമികളിലും പിൻഗാമികളിലുമുള്ള വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന് മേൽ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. പ്രവാചകന്മാരോടും സിദ്ദീഖുകളോടും ശഹീദുകളോടും സ്വാലിഹുകളോടുമൊപ്പം സ്വർഗ്ഗത്തിൽ അദ്ദേഹത്തെയും നമ്മെയും അല്ലാഹു ഒരുമിച്ചുകൂട്ടട്ടെ.

