നാല് അടിസ്ഥാന കാര്യങ്ങൾ

13 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

നീ അറിയുക – അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ – തീർച്ചയായും നാല് കാര്യങ്ങൾ പഠിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്:

ഒന്നാമത്തേത്: അറിവ്; അത് അല്ലാഹുവിനെ അറിയലും, അവന്റെ പ്രവാചകനെ അറിയലും, ഇസ്‌ലാം മതത്തെ തെളിവുകൾ സഹിതം അറിയലുമാണ്.

രണ്ടാമത്തേത്: അതനുസരിച്ച് പ്രവർത്തിക്കൽ.

മൂന്നാമത്തേത്: അതിലേക്ക് പ്രബോധനം ചെയ്യൽ.

നാലാമത്തേത്: അതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമിക്കൽ.

അതിൻ്റെ തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ ﴿وَالْعَصْرِ ۝ إِنَّ الْإِنسَانَ لَفِي خُسْرٍ ۝ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ﴾

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. കാലം തന്നെയാണ് സത്യം, തീർച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. [സൂറത്തുൽ അസ്വ്ർ: 1-3]

ഇമാം ശാഫിഈ (رَحِمَهُ اللَّهُ) പറഞ്ഞു: “അല്ലാഹു തന്റെ സൃഷ്ടികൾക്ക് പ്രമാണമായി ഈ ഒരു സൂറത്തല്ലാതെ മറ്റൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും അവർക്കത് മതിയാകുമായിരുന്നു.”

ഇമാം ബുഖാരി (رَحِمَهُ اللَّهُ) പറഞ്ഞു: “അധ്യായം: പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ് അറിവ് നേടേണ്ടതുണ്ട്.” അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنْبِكَ﴾

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുകയും ചെയ്യുക. [സൂറത്ത് മുഹമ്മദ്: 19]

അതിനാൽ പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ് അവൻ (അല്ലാഹു) അറിവിനെക്കൊണ്ട് തുടങ്ങി.


ശൈഖ് സ്വാലിഹ് അൽ ഉസൈമി:

ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) തൻ്റെ ഈ ലഘുലേഖ ബസ്മല (بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ) കൊണ്ട് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. നബി (ﷺ) രാജാക്കന്മാർക്ക് അയച്ച കത്തുകളിലും സന്ദേശങ്ങളിലും അവകൊണ്ട് ആരംഭിച്ചിരുന്ന സുന്നത്തിനെ പിൻപറ്റിക്കൊണ്ടാണിത്. ഗ്രന്ഥരചനകളും ഇതേ വഴിയിലാണ് നടക്കുന്നത്.

പിന്നീട് അദ്ദേഹം പറഞ്ഞു: “തീർച്ചയായും നാല് കാര്യങ്ങൾ പഠിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്”:

ഒന്നാമത്തെ കാര്യം: “അറിവ്”; ശർഇയ്യായ അർത്ഥത്തിൽ അതായത്: ശർഇന്റെ സംബോധനകൾ ഗ്രഹിക്കലാണ്. അത് മടങ്ങുന്നത് മൂന്ന് കാര്യങ്ങൾ അറിയുന്നതിലേക്കാണ്; ഒരു ദാസൻ തന്റെ രക്ഷിതാവിനെയും, തന്റെ മതത്തെയും, തന്റെ പ്രവാചകൻ (ﷺ) യെയും അറിയുക.

ശർഇയ്യായി ആവശ്യപ്പെടുന്ന അറിവിന് – ഗ്രന്ഥകർത്താവ് സൂചിപ്പിച്ചതനുസരിച്ച് – രണ്ട് വിശേഷണങ്ങളുണ്ട്:

  • ഒന്നാമത്തേത്: അതിൽ നിന്ന് അന്വേഷിക്കപ്പെടുന്നത്. അത് അല്ലാഹുവിനെ അറിയുന്നതുമായും, അവന്റെ മതത്തെ അറിയുന്നതുമായും, അവന്റെ പ്രവാചകൻ (ﷺ) യെ അറിയുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതാണ് ശർഇന്റെ അറിവ്.
  • രണ്ടാമത്തേത്: അതിൽ അന്വേഷിക്കപ്പെടുന്നത്. അത് തെളിവുകളുമായി ബന്ധിപ്പിക്കലാണ്. തെളിവുകളുമായി ബന്ധിപ്പിക്കപ്പെടുമ്പോഴാണ് ആ അറിവ് (യഥാർത്ഥ) അറിവായി മാറുന്നത്.

ഗ്രന്ഥകർത്താവിൻ്റെ “തെളിവുകൾ സഹിതം” എന്ന വാക്കിലെ ജാർ, മജ്റൂർ (بِالأَدِلَّةِ) ഈ മൂന്ന് അറിവുകളുമായും ബന്ധപ്പെട്ടതാണ്. അതിനാൽ ഈ മൂന്ന് അടിസ്ഥാനങ്ങളെയും അറിയുക എന്നത് തെളിവുകളോട് ചേർന്നുതന്നെയായിരിക്കണം.

ആ അറിവിനെ തെളിവുകളുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്: ഒരു ദാസൻ താൻ വിശ്വസിച്ച രക്ഷിതാവിനെയും മതത്തെയും പ്രവാചകനെയും സംബന്ധിച്ച കാര്യങ്ങൾ ശർഇയ്യായ തെളിവുകൾ മുഖേന സ്ഥിരപ്പെട്ടതാണെന്ന് ദൃഢമായി വിശ്വസിക്കലാണ്. അതിനാൽ തങ്ങൾ വിശ്വസിച്ച കാര്യങ്ങൾ ഖണ്ഡിതമായ ശർഇയ്യായ തെളിവുകൾ മുഖേന ശരിയാണെന്ന് സ്ഥിരപ്പെട്ടതാണെന്ന് ഓരോ മുസ്ലിമും വിശ്വസിച്ചാൽ, അവരുടെ അറിവ് തെളിവ് അടിസ്ഥാനമാക്കിയുള്ളതാണെന്നതിന് അത് മതിയാകുന്നതാണ്. തെളിവുകളുടെ ഓരോ സൂക്ഷ്മ വശങ്ങളും അവർ അറിഞ്ഞിരിക്കൽ നിർബന്ധമില്ല. വിധികൾ വേർതിരിച്ചെടുക്കുക (ഇസ്തിൻബാത്), വിധിയുടെ അടിസ്ഥാനം സ്ഥാപിക്കുക, മനസ്സുകളിൽ ഗ്രഹിക്കാനുള്ള കഴിവ് എന്നിവയൊന്നും അവർക്ക് നിർബന്ധമില്ല. ഇതാണ് ആ അറിവ് തെളിവുകൾ സഹിതം കരസ്ഥമാക്കുക എന്നതിൻ്റെ അർത്ഥം.

തെളിവുകൾ പരാമർശിച്ചതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ഓരോ വിഷയവും അതിൻ്റെ കൃത്യമായ തെളിവുകളോട് ചേർത്ത് പഠിക്കൽ നിർബന്ധമാണെന്നല്ല. കാരണം, ഇത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്, അവരിൽ നിന്ന് അതുണ്ടാകുക എന്നത് അസാധ്യവുമാണ്.

ഇവിടെ വ്യക്തമാക്കപ്പെട്ട ഈ അറിവ് സംഗ്രഹരൂപത്തിലുള്ള അറിവാണ് (മഅ്‌രിഫ ഇജ്മാലിയ്യ). ഇത് ഓരോ വ്യക്തിക്കും നിർബന്ധമായ, സൃഷ്ടികളിലെ പൊതുജനങ്ങളുടെ അറിവാണ്. തങ്ങൾ വിശ്വസിച്ച രക്ഷിതാവും മതവും പ്രവാചകനും ശർഇയ്യായ തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണെന്ന് പൊതുജനങ്ങൾക്ക് അറിവുണ്ടായാൽ മതിയാകും. അവർ അത് ദൃഢമായി വിശ്വസിച്ചാൽ, ആ അറിവ് അവരുടെ മതത്തെ ശരിയാക്കുന്നതും തെളിവിൽ അധിഷ്ഠിതമായതുമാണ്.

എന്നാൽ ഇതിനുമുകളിലുള്ള വിശദമായ അറിവ് (മഅ്‌രിഫ തഫ്സ്വീലിയ്യ) ഒരു സമൂഹത്തിലെ ചിലർ മാത്രം നിർവ്വഹിച്ചാൽ മതിയാകുന്ന കാര്യമാണ് (ഫർള് കിഫായ). അതിൽ നിർബന്ധമായ കാര്യങ്ങളുടെ തോത് ജനങ്ങളുടെ വ്യക്തിത്വങ്ങൾക്കും അവസ്ഥകൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഭരണാധികാരി, പണ്ഡിതൻ, മുഫ്തി, ന്യായാധിപൻ, അധ്യാപകൻ എന്നിവരുടെ മേൽ നിർബന്ധമായ കാര്യങ്ങൾ മറ്റുള്ളവരുടെ മേൽ നിർബന്ധമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മറ്റുള്ളവരോട് ആവശ്യപ്പെടാത്ത തരത്തിലുള്ള വിശദമായ അറിവ് അവരോട് ആവശ്യപ്പെടുന്ന ചില പ്രത്യേക അവസ്ഥകൾ അവരുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്.

അതിനാൽ കൽപ്പിക്കപ്പെട്ട ശർഇന്റെ അറിവ് രണ്ട് ഇനങ്ങളാണ്:

  • ഒന്നാമത്തേത്: സംഗ്രഹരൂപത്തിലുള്ള അറിവ്. അതായത്: ശർഇന്റെ അടിസ്ഥാനങ്ങളെയും അതിലെ സമഗ്ര നിയമങ്ങളെയും കുറിച്ചുള്ള അറിവ്. ഇത് എല്ലാ സൃഷ്ടികൾക്കും നിർബന്ധമുള്ള കാര്യമാണ്. അതിനാൽ ഇത് ഓരോ വ്യക്തിയുടെ മേലും നിർബന്ധമുള്ള കാര്യമാണ്.
  • രണ്ടാമത്തേത്: വിശദമായ അറിവ്. അതായത്: ശർഇന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അറിവ്. ഇത് സൃഷ്ടികളിൽ ചിലർക്ക് മാത്രമാണ് നിർബന്ധമാകുന്നത്. ഭരണനിർവ്വഹണം, ന്യായാധിപസ്ഥാനം, മതവിധികൾ നൽകൽ തുടങ്ങിയ അവരുമായി ബന്ധപ്പെട്ട ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണിത്.

രണ്ടാമത്തെ കാര്യം: “അതനുസരിച്ച് പ്രവർത്തിക്കൽ”; അതായത്: അറിവനുസരിച്ച് പ്രവർത്തിക്കൽ.

ശർഇയ്യായ അർത്ഥത്തിൽ പ്രവർത്തിക്കൽ (അമൽ) എന്നത്: ശർഇന്റെ സംബോധനയുടെ രൂപം ദാസനിൽ വെളിപ്പെടലാണ്.

ശർഇന്റെ സംബോധനകൾ രണ്ട് ഇനങ്ങളാണ്:

  • ഒന്നാമത്തേത്: ശർഇന്റെ വാർത്താപരമായ സംബോധനകൾ (ഖിതാബുശ്ശർഅ് അൽ-ഖബരി). അതിൻ്റെ രൂപം വെളിപ്പെടുന്നത്, സ്ഥാപിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും അതിനെ സത്യപ്പെടുത്തി പിൻപറ്റുമ്പോഴാണ്.
  • രണ്ടാമത്തേത്: ശർഇന്റെ ആവശ്യപ്പെടുന്ന സംബോധനകൾ (ഖിതാബുശ്ശർഅ് അത്ത്വലബി). അതിൻ്റെ രൂപം വെളിപ്പെടുന്നത്, കൽപ്പനകളെയും നിരോധനങ്ങളെയും അനുസരിക്കുന്നതിലൂടെയും, ഹലാലായ കാര്യങ്ങൾ അനുവദനീയമാണെന്ന് വിശ്വസിക്കുന്നതിലൂടെയുമാണ്.

ശർഇന്റെ വാർത്താപരമായ സംബോധനകളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ഈ വചനം:

﴿وَأَنَّ السَّاعَةَ آتِيَةٌ لَّا رَيْبَ فِيهَا﴾

അന്ത്യസമയം വരികതന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. [സൂറത്തുൽ ഹജ്ജ്: 7]

അവന്റെ മറ്റൊരു വചനം:

﴿وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ﴾

നിന്റെ രക്ഷിതാവ് അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല. [സൂറത്ത് ഫുസ്സിലത്ത്: 46]

ഇവ രണ്ടും അനുസരിച്ച് പ്രവർത്തിക്കുന്നത്, ഒന്നാമത്തേതിൽ അത് സത്യമാണെന്ന് സ്ഥാപിച്ചുകൊണ്ടും, രണ്ടാമത്തേതിൽ അത് നിഷേധിച്ചുകൊണ്ടും സത്യപ്പെടുത്തി അനുസരിക്കുന്നത് വെളിപ്പെടുത്തുന്നതിലൂടെയുമാണ്. അതിനാൽ ഒരു ദാസൻ അന്ത്യസമയം വന്നെത്തുകതന്നെ ചെയ്യുമെന്ന് സ്ഥാപിക്കുകയും, അല്ലാഹു തന്നിൽ നിന്ന് നിഷേധിച്ച, സൃഷ്ടികളോടുള്ള അനീതിയെ നിഷേധിക്കുകയും ചെയ്യുന്നു.

ശർഇന്റെ ആവശ്യപ്പെടുന്ന സംബോധനകളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ഈ വചനം:

﴿وَأَقِيمُوا الصَّلَاةَ﴾

നിങ്ങൾ നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും ചെയ്യുവിൻ. [സൂറത്തുൽ ബഖറ: 43]

അവന്റെ മറ്റൊരു വചനം:

﴿وَلَا تَقْرَبُوا الزِّنَى﴾

നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. [സൂറത്തുൽ ഇസ്റാഅ്: 32]

അവന്റെ മറ്റൊരു വചനം:

﴿وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْمًا طَرِيًّا﴾

അവൻ തന്നെയാണ് കടലിനെ വിധേയമാക്കിത്തന്നത്; അതിൽ നിന്ന് നിങ്ങൾക്ക് മാംസം (മത്സ്യം) ഭക്ഷിക്കുന്നതിന് വേണ്ടി. [സൂറത്തുന്നഹ്ൽ: 14]

ഇതിൽ പ്രവർത്തിക്കുന്നതിലൂടെ അതിൻ്റെ രൂപം വെളിപ്പെടുന്നത്, ഒന്നാമത്തേതിൽ നമസ്കാരം നിർവഹിക്കുക എന്ന പ്രവൃത്തിയിലൂടെ കൽപ്പനയെ അനുസരിക്കുന്നതിലൂടെയും, രണ്ടാമത്തേതിൽ വ്യഭിചാരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ നിരോധനത്തെ അനുസരിക്കുന്നതിലൂടെയും, മൂന്നാമത്തേതിൽ കടലിലെ മാംസം ഭക്ഷിക്കുന്നത് ഹലാലാണെന്ന് വിശ്വസിക്കുന്നതിലൂടെയുമാണ്.

മൂന്നാമത്തെ കാര്യം: “അതിലേക്ക് പ്രബോധനം ചെയ്യൽ”; അതായത്: അറിവിലേക്ക് പ്രബോധനം ചെയ്യൽ.

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യലാണ്. കാരണം, അറിവ് എന്നത് അല്ലാഹുവിനെയും അവൻ്റെ മതത്തെയും അവൻ്റെ പ്രവാചകൻ (ﷺ) യെയും അറിയുക എന്ന മൂന്ന് അറിവുകളെ ഉൾക്കൊള്ളുന്നു. അതിനാൽ ആരെങ്കിലും അറിവിലേക്ക് പ്രബോധനം ചെയ്യുന്നുവെങ്കിൽ, അടിസ്ഥാനപരമായി അവൻ പ്രബോധനം ചെയ്യുന്നത് അല്ലാഹുവിനെ അറിയുന്നതിലേക്കാണ്, തുടർന്ന് അവൻ്റെ മതത്തെയും പ്രവാചകൻ (ﷺ) യെയും അറിയുന്നതിലേക്കും അവൻ പ്രബോധനം ചെയ്യുന്നു.

അതിനാൽ, ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചുള്ള അറിവിലേക്ക് പ്രവാചകചര്യ (മൻഹജ്) അനുസരിച്ച് ആരെങ്കിലും പ്രബോധനം ചെയ്യുന്നുവെങ്കിൽ, അല്ലാഹു ഉദ്ദേശിച്ചതുപോലെ അവൻ അല്ലാഹുവിലേക്ക് തന്നെയാണ് പ്രബോധനം ചെയ്യുന്നത്.

ശർഇയ്യായി അല്ലാഹുവിലേക്കുള്ള പ്രബോധനം (ദഅ്‌വത്ത്) എന്നത്: വ്യക്തമായ ബോധ്യത്തോടെ (ബസ്വീറത്ത്) അല്ലാഹുവിൻ്റെ മാർഗ്ഗം പിൻപറ്റുവാൻ മുഴുവൻ ജനങ്ങളോടും ആവശ്യപ്പെടലാണ്.

നാലാമത്തെ കാര്യം: “അതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമിക്കൽ”; അതായത്: അറിവ് പഠിക്കുന്നതിലും, പ്രവർത്തിക്കുന്നതിലും, പ്രബോധനം ചെയ്യുന്നതിലുമുള്ള ബുദ്ധിമുട്ടുകളിൽ (ക്ഷമിക്കൽ).

ശർഇയ്യായി ക്ഷമ (സ്വബർ) എന്നത്: അല്ലാഹുവിൻ്റെ വിധിയുടെ മേൽ മനസ്സിനെ പിടിച്ചുനിർത്തലാണ്.

അല്ലാഹുവിൻ്റെ വിധികൾ രണ്ട് ഇനങ്ങളാണ്:

  • ഒന്നാമത്തേത്: ഖദറുമായി (വിധിയുമായി) ബന്ധപ്പെട്ട വിധി (ഹുക്മ് ഖദരി).
  • രണ്ടാമത്തേത്: ശർഇയ്യായ വിധി (ഹുക്മ് ശർഇ).

ഗ്രന്ഥകർത്താവിൻ്റെ വാക്കുകളിൽ പരാമർശിക്കപ്പെട്ട ക്ഷമ എന്നത്: അറിവ് നേടുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിലുള്ള ക്ഷമയാണ്. ബുദ്ധിമുട്ട് എന്നത് വേദനിപ്പിക്കുന്ന ഖദറിൽ നിന്നുള്ളതാണ്. അപ്പോൾ അറിവ് നേടുന്നതിലുള്ള ക്ഷമ ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ അല്ലാഹുവിൻ്റെ ഖദറുമായി ബന്ധപ്പെട്ട വിധിയിലുള്ള ക്ഷമയിൽ പെട്ടതാണ്. കൂടാതെ, അറിവ് നേടുക എന്നത് കൽപ്പിക്കപ്പെട്ട കാര്യമായതിനാൽ, അതിലുള്ള ക്ഷമ എന്നത് അല്ലാഹുവിൻ്റെ ശർഇയ്യായ വിധിയിലുള്ള ക്ഷമയിൽ പെട്ടതുമാണ്.

അതിനാൽ, അറിവ് നേടുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിലുള്ള ക്ഷമ എന്നത്, പുതുതായി വന്നുഭവിക്കുന്ന വിശേഷണത്തെ അടിസ്ഥാനമാക്കി നോക്കുമ്പോൾ അല്ലാഹുവിൻ്റെ ഖദറുമായി ബന്ധപ്പെട്ട വിധിയിലുള്ള ക്ഷമയാണ്. കൽപ്പിക്കപ്പെട്ട കാര്യം എന്ന അടിസ്ഥാനത്തിൽ നോക്കുമ്പോൾ അല്ലാഹുവിൻ്റെ ശർഇയ്യായ വിധിയിലുള്ള ക്ഷമയുമാണ്. അങ്ങനെ അതിൽ രണ്ട് ഇനം ക്ഷമകളും ഒത്തുചേരുന്നു.

ഈ നാല് കാര്യങ്ങൾ പഠിക്കൽ നിർബന്ധമാണെന്നതിൻ്റെ തെളിവ്: സൂറത്തുൽ അസ്വ്ർ ആകുന്നു. കാരണം, മനുഷ്യവർഗ്ഗം നഷ്ടത്തിലാണെന്ന് അല്ലാഹു കാലത്തെക്കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു. അല്ലാഹു ഒഴിവാക്കിയ (‘إِلَّا’ (ഒഴികെ) എന്ന പദത്തിന് ശേഷം പരാമർശിച്ചവ) കാര്യങ്ങൾ കൊണ്ടല്ലാതെ ഒരു ദാസനും അതിൽ നിന്ന് രക്ഷപ്പെടുകയില്ല. അതിനാൽ ഇത് നിർബന്ധമായി മാറുന്നു; കാരണം കൽപ്പിക്കപ്പെട്ട രക്ഷ ഇതിനെ ആശ്രയിച്ചാണ് നിൽക്കുന്നത്. നഷ്ടത്തിൽ നിന്ന് രക്ഷിക്കുന്നത് അറിവ്, പ്രവർത്തനം, പ്രബോധനം, ക്ഷമ എന്നിവയാണ്.

അതിനാൽ ഈ നാല് കാര്യങ്ങൾ പഠിക്കൽ നിർബന്ധമാണ്; കാരണം ദാസൻ്റെ രക്ഷയും വിജയവും അതിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഈ വാക്യത്തിൻ്റെ വിശദീകരണം: അല്ലാഹു (കാലം) അഥവാ ‘അസ്വ്ർ’ കൊണ്ട് സത്യം ചെയ്തു; അത്: പകലിൻ്റെ അവസാനമുള്ള സമയമാണ്. ശർഇന്റെ സംബോധനയിലും സ്വഹാബികളുടെ (رَضِيَ اللَّهُ عَنْهُمْ) പതിവിലും (അസ്വ്ർ) എന്ന് കേവലമായി പറഞ്ഞാൽ, അത് പകലവസാനമുള്ള അറിയപ്പെട്ട ആ സമയത്തെയാണ് കുറിക്കുന്നത്.

ശർഇന്റെ സംബോധനകളെ അത് ഉപയോഗിക്കുന്ന അതേ അർത്ഥത്തിൽ മനസ്സിലാക്കുന്നതാണ്, അതിന് അന്യമായ മറ്റൊരു അർത്ഥത്തിൽ മനസ്സിലാക്കുന്നതിനേക്കാൾ ഉചിതം. അറബികളുടെ സംസാരത്തിലെ ഒരൊറ്റ വാക്കിന് തന്നെ ഭാഷാപരമായ വിശാലത കാരണം ഒന്നിലധികം അർത്ഥങ്ങൾ ഉണ്ടാകാം. അതിനാൽ, അല്ലാഹുവിൻ്റെ വചനങ്ങളിൽ നിന്നോ അവൻ്റെ പ്രവാചകന്റെ (ﷺ) വചനങ്ങളിൽ നിന്നോ താങ്കൾക്ക് എന്തെങ്കിലും വിശദീകരിക്കണമെങ്കിൽ, ആ അർത്ഥങ്ങളിൽ ഏതിനെയാണ് ശർഅ് പരിഗണിച്ചിട്ടുള്ളതെന്ന് നോക്കുകയും, അതിലേക്ക് അതിനെ ചേർക്കുകയും ചെയ്യുക. “അസ്വ്ർ” എന്ന വാക്കിൻ്റെ കാര്യത്തിൽ ശർഇന്റെ സംബോധനകളും സ്വഹാബികളുടെ പതിവും താങ്കൾ പരിശോധിച്ചാൽ, അതുകൊണ്ട് ഉദ്ദേശിക്കുന്നത്: പകലിൻ്റെ അവസാനമുള്ള സമയം ആണെന്ന് താങ്കൾക്ക് കണ്ടെത്താനാകും.

അതിനാൽ ഈ ആയത്തിൽ സത്യം ചെയ്യാൻ ഉപയോഗിച്ച വാക്ക് ശർഇന്റെ സംബോധനയിൽ പരിചിതമായ “അസ്വ്ർ” എന്ന പേരാണ്. അത് ഈ (അറിയപ്പെട്ട) സമയമാണ്, അല്ലാതെ ചില പണ്ഡിതന്മാർ പറഞ്ഞത് പോലെയുള്ള കാലഘട്ടമോ (ദഹ്ർ) മറ്റ് അർത്ഥങ്ങളോ അല്ല. അതിനാൽ ഈ ആയത്തിൽ സത്യം ചെയ്യപ്പെട്ടത് അസ്വ്ർ സമയം കൊണ്ട് മാത്രമാണ്, മറ്റൊന്നിനെക്കൊണ്ടുമല്ല.

സത്യം ചെയ്യപ്പെട്ടത് മനുഷ്യവർഗ്ഗം നഷ്ടത്തിലാണെന്നതിൻ്റെ മേലാണ്. ശേഷം അല്ലാഹു നാല് വിശേഷണങ്ങൾ ഉള്ള ഒരു വിഭാഗത്തെ ആ നഷ്ടക്കാരിൽ നിന്നും ഒഴിവാക്കി:

ഒന്നാമത്തെ വിശേഷണമായി അവൻ പറഞ്ഞു:

﴿إِلَّا الَّذِينَ آمَنُوا﴾

വിശ്വസിച്ചവരൊഴികെ. [സൂറത്തുൽ അസ്വ്ർ: 3]

ഇത് അറിവിനുള്ള തെളിവാണ്; കാരണം ഈമാൻ അതിൻ്റെ അടിസ്ഥാനത്തിലായാലും പൂർണ്ണതയിലായാലും അറിവിലൂടെയല്ലാതെ കരസ്ഥമാക്കാൻ സാധിക്കുകയില്ല.

രണ്ടാമത്തെ വിശേഷണമായി അവൻ പറഞ്ഞു:

﴿وَعَمِلُوا الصَّالِحَاتِ﴾

സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും (ചെയ്തവരൊഴികെ). [സൂറത്തുൽ അസ്വ്ർ: 3]

ഇത് പ്രവർത്തനത്തിനുള്ള തെളിവാണ്. പ്രവർത്തനത്തെ “സൽക്കർമ്മങ്ങൾ” എന്ന് വിശേഷിപ്പിച്ചത്, ഒരു ദാസനിൽ നിന്ന് ആവശ്യപ്പെടുന്നത് കേവലമായ പ്രവർത്തനമല്ല എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്, മറിച്ച് അതൊരു പ്രത്യേക പ്രവർത്തനമാണ്. അത്: നബി (ﷺ) യുടെ മാതൃകയനുസരിച്ച് അല്ലാഹുവിന് വേണ്ടി മാത്രം ആത്മാർത്ഥമായി നിർവ്വഹിക്കപ്പെടുന്ന സൽക്കർമ്മങ്ങളാണ്.

ശേഷം മൂന്നാമത്തെ വിശേഷണമായി അവൻ പറഞ്ഞു:

﴿وَتَوَاصَوْا بِالْحَقِّ﴾

സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും (ചെയ്തവരൊഴികെ). [സൂറത്തുൽ അസ്വ്ർ: 3]

ഇത് പ്രബോധനത്തിനുള്ള തെളിവാണ്. “ഹഖ്” അഥവാ സത്യം: നിർബന്ധമായതും അനിവാര്യമായതുമായ കാര്യങ്ങൾക്കുള്ള പേരാണത്. ശർഇയ്യായ മാർഗ്ഗത്തിലൂടെ നിർബന്ധവും അനിവാര്യവുമായ കാര്യങ്ങളാണ് അതിൽ ഏറ്റവും ഉന്നതമായത്. പരസ്പരം ഉപദേശിക്കുക (തവാസ്വൗ) എന്നത് രണ്ടോ അതിലധികമോ ആളുകൾക്കിടയിൽ പരസ്പരം ഉപദേശം നൽകുക “തഫാഉൽ” എന്നർത്ഥം വരുന്ന പദത്തിൽ നിന്നുള്ളതാണ്. ഇതാണ് അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ (ദഅ്‌വത്ത്) യഥാർത്ഥ രൂപം.

ശേഷം നാലാമത്തെ വിശേഷണമായി അവൻ പറഞ്ഞു:

﴿وَتَوَاصَوْا بِالصَّبْرِ﴾

ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. [സൂറത്തുൽ അസ്വ്ർ: 3]

ഇത് ക്ഷമക്കുള്ള തെളിവാണ്.

സൂറത്തുൽ അസ്വ്ർ – അതിൻ്റെ ദൈർഘ്യം കുറവാണെങ്കിലും – ഈ നാല് കാര്യങ്ങളെയും അറിയിക്കുന്നു. ജനങ്ങൾ രക്ഷപ്പെടാനും വിജയിക്കാനും എന്തെല്ലാം കാര്യങ്ങളാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാൻ അത് തികച്ചും പര്യാപ്തമാണ്.

ഉദ്ദേശ്യങ്ങൾ പൂർത്തീകരിക്കാൻ അത് പര്യാപ്തമായതുകൊണ്ടാണ് ഇമാം ശാഫിഈ (رَحِمَهُ اللَّهُ) ഇപ്രകാരം പറഞ്ഞത്: “അല്ലാഹു തന്റെ സൃഷ്ടികൾക്ക് പ്രമാണമായി ഈ ഒരു സൂറത്തല്ലാതെ മറ്റൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും അവർക്കത് മതിയാകുമായിരുന്നു.” അതായത്: വാർത്തകളായും കൽപ്പനകളായും വന്ന അല്ലാഹുവിൻ്റെ ശർഇയ്യായ വിധികൾ അനുസരിക്കൽ നിർബന്ധമാണെന്ന് അവർക്ക് മേൽ തെളിവ് സ്ഥാപിക്കുന്നതിന് അത് മതിയാകുമായിരുന്നു. ഇബ്നു തൈമിയ്യ, അബ്ദുല്ലത്തീഫ് ആലുശ്ശൈഖ്, ഇബ്നു ബാസ് (رَحِمَهُمُ اللَّهُ) എന്നിവർ ഇത് പരാമർശിച്ചിട്ടുണ്ട്. അതിനാൽ സൃഷ്ടികൾ അല്ലാഹുവിൻ്റെ വിധി അനുസരിക്കണമെന്നതിൻ്റെ മേൽ തെളിവ് സ്ഥാപിക്കാൻ ഈ സൂറത്ത് മതിയായതാണ്. ഇതാണ് ഇമാം ശാഫിഈ ഉദ്ദേശിച്ചത്. അല്ലാതെ, സൂറത്തുൽ അസ്വ്ർ മതത്തിൻ്റെ മുഴുവൻ മേഖലകളിലും പര്യാപ്തമാണെന്നും മറ്റ് തെളിവുകളുടെ വിശദാംശങ്ങൾ ആവശ്യമില്ലെന്നുമല്ല അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. കാരണം, അദ്ദേഹം ശർഇയ്യായ വിശദാംശങ്ങളല്ല അതുകൊണ്ട് ഉദ്ദേശിച്ചത്. മറിച്ച് ഒരു പൊതുവായ അടിസ്ഥാനമാണ്, അതായത് അല്ലാഹുവിൻ്റെ വിധി അനുസരിക്കൽ നിർബന്ധമാണെന്നതിൻ്റെ മേൽ സൃഷ്ടികൾക്ക് തെളിവ് സ്ഥാപിക്കുക എന്നതാണ്. ഈ പൊതുവായ അടിസ്ഥാനത്തെ അറിയിക്കുന്നതിൽ സൂറത്തുൽ അസ്വ്ർ പര്യാപ്തമാണ്.

ഈ നാല് കാര്യങ്ങളിൽ ഏറ്റവും മുൻഗണന നൽകേണ്ടത്: അറിവിനാണ്. അറിവാണ് ഇതിൻ്റെയെല്ലാം അടിസ്ഥാനം, അതിൽ നിന്നാണ് മറ്റ് കാര്യങ്ങളെല്ലാം ഉടലെടുക്കുന്നതും ശാഖകളായി പിരിയുന്നതും. ഇത് സ്ഥാപിക്കുന്നതിനായി, ഇമാം ബുഖാരിയുടെ സ്വഹീഹിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന ഭാഗം ഗ്രന്ഥകർത്താവ് ആശയപരമായി ഉദ്ധരിച്ചു. അതിൻ്റെ പദങ്ങൾ ഇപ്രകാരമാണ്: (അധ്യായം: പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ് അറിവ് നേടേണ്ടതുണ്ട്; അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ﴾

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ മനസ്സിലാക്കുക. [സൂറത്ത് മുഹമ്മദ്: 19]

അപ്പോൾ അവൻ അറിവിനെക്കൊണ്ട് തുടങ്ങി.

ഗ്രന്ഥകർത്താവിൻ്റെ “പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ്” എന്ന വാക്ക്: ബുഖാരിയുടെ വാക്കുകളിൽ പരാമർശിച്ചിരിക്കുന്ന ‘തുടങ്ങി’ (ബദഅ) എന്നതിൻ്റെ അർത്ഥം വിശദീകരിക്കുന്ന ഒരു കൂട്ടിച്ചേർക്കലാണ്. കാരണം ഇമാം ബുഖാരി പറഞ്ഞത്: “അപ്പോൾ അവൻ അറിവിനെക്കൊണ്ട് തുടങ്ങി” എന്നാണ്. അദ്ദേഹം തൻ്റെ അധ്യായത്തിൻ്റെ പേരിൽ തന്നെ വാചകം പൂർത്തിയാക്കുന്നതിൽ നിന്ന് ആശ്രയമില്ലാത്തവനായി (അതായത് അധ്യായത്തിൻ്റെ തലക്കെട്ടിൽ തന്നെ അതുണ്ട്). അദ്ദേഹം പറഞ്ഞിരുന്നു: “അധ്യായം: പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ് അറിവ് നേടേണ്ടതുണ്ട്”. അപ്പോൾ അദ്ദേഹം ഉദ്ദേശിച്ച വാചകത്തിൻ്റെ പൂർണ്ണരൂപം ഗ്രന്ഥകർത്താവ് തൻ്റെ കൂട്ടിച്ചേർക്കലിലൂടെ വ്യക്തമാക്കി. അങ്ങനെ അദ്ദേഹം പറഞ്ഞു: “അതിനാൽ പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ് അവൻ അറിവിനെക്കൊണ്ട് തുടങ്ങി”.

ആയത്ത് കൊണ്ടുള്ള അദ്ദേഹത്തിൻ്റെ തെളിവ് പിടിക്കലിൻ്റെ രീതി ഇപ്രകാരമാണ്: അവൻ്റെ ഈ വചനത്തിൽ അറിവിനെക്കൊണ്ട് ആദ്യം കൽപ്പിച്ചു:

﴿فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ﴾

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ മനസ്സിലാക്കുക. [സൂറത്ത് മുഹമ്മദ്: 19]

പിന്നീട് അതിനോട് ചേർത്ത് പറയുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള കൽപ്പന നൽകി. അവൻ പറഞ്ഞു:

﴿وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ﴾

നിന്റെ പാപത്തിന് നീ പാപമോചനം തേടുകയും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടി (പാപമോചനം തേടുകയും) ചെയ്യുക. [സൂറത്ത് മുഹമ്മദ്: 19]

അതിനാൽ “പാപമോചനം തേടുക” എന്നത് പറയുന്നതിലേക്കും പ്രവർത്തിക്കുന്നതിലേക്കുമുള്ള സൂചനയാണ്. അതിൻ്റെ യഥാർത്ഥ അർത്ഥം: പാപമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രാർത്ഥനയോടൊപ്പമുള്ള പശ്ചാത്താപമാണ് (തൗബ). പശ്ചാത്താപം എന്ന് കേവലമായി പറഞ്ഞാൽ, പറയലും പ്രവർത്തിക്കലും പൂർണ്ണമായും അതിൽ ഉൾപ്പെടും.

അതിനാൽ ഗ്രന്ഥകർത്താവ് തൻ്റെ കൂട്ടിച്ചേർക്കലിൽ “പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ്” എന്ന് പറഞ്ഞപ്പോൾ, പാപമോചനം തേടുന്നതിൽ (ഇസ്തിഗ്ഫാറിൽ) അന്തർലീനമായിട്ടുള്ള പറയലും പ്രവർത്തിക്കലുമാണ് ഉദ്ദേശിച്ചത്. കാരണം പാപമോചനം തേടുന്നതിൽ പറയലും പ്രവർത്തിക്കലും അന്തർലീനമായി കിടക്കുന്നുണ്ട്:

  • പറയൽ: അത് പാപമോചനത്തിനായുള്ള പ്രാർത്ഥനയിലാണ്. ഒരു ദാസൻ ‘അസ്തഗ്ഫിറുല്ലാഹ്’ (ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു) എന്ന് പറഞ്ഞാൽ, അവൻ തൻ്റെ നാവുകൊണ്ട് തൻ്റെ രക്ഷിതാവിനോട് പാപമോചനത്തിനായി പ്രാർത്ഥിക്കുകയാണ്.
  • പ്രവർത്തിക്കൽ: കാരണം പാപമോചനം തേടുക എന്ന് കേവലമായി പറഞ്ഞാൽ അതിൽ പശ്ചാത്താപം ഉൾപ്പെടും. പശ്ചാത്താപം പൂർണ്ണമായും പറയലിനെയും പ്രവർത്തിക്കലിനെയും ഉൾക്കൊള്ളുന്നതാണ്.

ഇമാം ബുഖാരിക്ക് മുമ്പ് തന്നെ അദ്ദേഹത്തിൻ്റെ ശൈഖുമാരുടെ ശൈഖായ സുഫ്‌യാനുബ്നു ഉയൈന ഈ ആശയം വേർതിരിച്ചെടുത്തിട്ടുണ്ട്. അബൂ നുഐം അൽ-അസ്വ്ബഹാനി തൻ്റെ ‘ഹിൽയത്തുൽ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹത്തിൽ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട്. പിന്നീട് ബുഖാരിക്ക് ശേഷം അൽ-ഗാഫിഖി അദ്ദേഹത്തിൽ നിന്ന് അത് സ്വീകരിച്ചു, തൻ്റെ ‘മുസ്നദുൽ മുവത്വ’യിൽ അദ്ദേഹം പറഞ്ഞു: “അധ്യായം: പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പ് അറിവ് നേടേണ്ടതുണ്ട്”.

Share This Article
Leave a Comment