ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ
നീ അറിയുക – അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ – തീർച്ചയായും താഴെ പറയുന്ന മൂന്ന് കാര്യങ്ങൾ പഠിക്കലും അതനുസരിച്ച് പ്രവർത്തിക്കലും ഓരോ മുസ്‌ലിമായ പുരുഷന്റെയും സ്ത്രീയുടെയും മേൽ നിർബന്ധമാണ്:
ഒന്നാമത്തേത്: അല്ലാഹു നമ്മെ സൃഷ്ടിച്ചു, നമുക്ക് ഉപജീവനം നൽകി, നമ്മെ വെറുതെ വിട്ടുകളഞ്ഞില്ല. മറിച്ച്, അവൻ നമ്മിലേക്ക് ഒരു പ്രവാചകനെ അയച്ചു. അതിനാൽ ആരെങ്കിലും അദ്ദേഹത്തെ അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അദ്ദേഹത്തെ ധിക്കരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കും. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولًا فَعَصَى فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا﴾
ഫിർഔന്റെ അടുത്തേക്ക് നാം ഒരു ദൂതനെ അയച്ചതുപോലെ തീർച്ചയായും നിങ്ങളുടെ അടുത്തേക്കും നിങ്ങൾക്കെതിരിൽ സാക്ഷിയായിക്കൊണ്ട് നാം ഒരു ദൂതനെ അയച്ചിരിക്കുന്നു. എന്നിട്ട് ഫിർഔൻ ആ ദൂതനെ ധിക്കരിച്ചു. അപ്പോൾ നാം അവനെ കടുത്ത ഒരു പിടുത്തം പിടിച്ചു. [സൂറത്തുൽ മുസ്സമ്മിൽ: 15-16]
രണ്ടാമത്തേത്: തനിക്കുള്ള ആരാധനയിൽ തന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒട്ടും തൃപ്തിപ്പെടുകയില്ല. അതൊരു നിയുക്തനായ പ്രവാചകനാകട്ടെ, സാമീപ്യം നൽകപ്പെട്ട മലക്കാകട്ടെ, അതുമല്ലെങ്കിൽ മറ്റാരുമാകട്ടെ. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾
പള്ളികൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാർത്ഥിക്കരുത്. [സൂറത്തുൽ ജിന്ന്: 18]
മൂന്നാമത്തേത്: ആരെങ്കിലും പ്രവാചകനെ അനുസരിക്കുകയും അല്ലാഹുവിനെ ഏകനാക്കുകയും ചെയ്താൽ, അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ശത്രുത പുലർത്തുന്നവരോട് മൈത്രി കാണിക്കാൻ അവന് പാടുള്ളതല്ല; അവർ ഏറ്റവും അടുത്ത ബന്ധുക്കളാണെങ്കിൽ പോലും. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ﴾
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനതയും, അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തു നിൽക്കുന്നവരുമായി സ്നേഹബന്ധം പുലർത്തുന്നതായി നീ കണ്ടെത്തുകയില്ല. അവർ തങ്ങളുടെ പിതാക്കളോ പുത്രന്മാരോ സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും, തന്റെ പക്കൽ നിന്നുള്ള ഒരു ചൈതന്യം കൊണ്ട് അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക: തീർച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം വരിക്കുന്നവർ. [സൂറത്തുൽ മുജാദല: 22]
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
ഇവിടെ ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) മൂന്ന് മഹത്തായ കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നു. അത് പഠിക്കലും “അതനുസരിച്ച് പ്രവർത്തിക്കലും ഓരോ മുസ്‌ലിമായ പുരുഷന്റെയും സ്ത്രീയുടെയും മേൽ നിർബന്ധമാണ്”:
ഒന്നാമത്തെ കാര്യം: പ്രവാചകൻ (ﷺ) യെ അനുസരിക്കൽ നിർബന്ധമാണെന്ന് വ്യക്തമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അതായത്, “അല്ലാഹു നമ്മെ സൃഷ്ടിച്ചു, നമുക്ക് ഉപജീവനം നൽകി, നമ്മെ വെറുതെ വിട്ടുകളഞ്ഞില്ല” – അതായത്: കല്പനകളോ വിലക്കുകളോ ഇല്ലാതെ അവഗണിക്കപ്പെട്ടവരായി വിട്ടില്ല. “മറിച്ച്, അവൻ നമ്മിലേക്ക് ഒരു പ്രവാചകനെ അയച്ചു” – അത് മുഹമ്മദ് നബി (ﷺ) യാകുന്നു. “അതിനാൽ ആരെങ്കിലും അദ്ദേഹത്തെ അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അദ്ദേഹത്തെ ധിക്കരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കും”; അല്ലാഹുവിന്റെ ഈ വചനത്തിൽ പറഞ്ഞതുപോലെ:
﴿إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولًا فَعَصَى فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا﴾
ഫിർഔന്റെ അടുത്തേക്ക് നാം ഒരു ദൂതനെ അയച്ചതുപോലെ തീർച്ചയായും നിങ്ങളുടെ അടുത്തേക്കും നിങ്ങൾക്കെതിരിൽ സാക്ഷിയായിക്കൊണ്ട് നാം ഒരു ദൂതനെ അയച്ചിരിക്കുന്നു. എന്നിട്ട് ഫിർഔൻ ആ ദൂതനെ ധിക്കരിച്ചു. അപ്പോൾ നാം അവനെ കടുത്ത ഒരു പിടുത്തം പിടിച്ചു. [സൂറത്തുൽ മുസ്സമ്മിൽ: 15-16] അതായത്: അതികഠിനമായ പിടുത്തം.
നമ്മിലേക്ക് റസൂലിനെ അയച്ചുവെന്ന വാർത്തയോട് ചേർന്ന്, മൂസാ (അലൈഹിസ്സലാം) യെ ഫിർഔനിലേക്ക് അയച്ചതും അവൻ ധിക്കരിച്ചതിന്റെ പരിണാമവും പരാമർശിച്ചിരിക്കുന്നു. അത്, ഈ സമുദായത്തിലേക്ക് അയക്കപ്പെട്ട പ്രവാചകനെ ധിക്കരിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പായിക്കൊണ്ടാണ്. അങ്ങനെ ധിക്കരിക്കുന്ന പക്ഷം ദുൻയാവിലും ആഖിറത്തിലും അല്ലാഹുവിന്റെ ശിക്ഷ അവർക്ക് വന്നെത്തും. എന്നാൽ അവർ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ, അവർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും.
രണ്ടാമത്തെ കാര്യം: ആരാധനയിലെ ശിർക്കിനെ അസാധുവാക്കലും, അല്ലാഹുവിന്റെ തൗഹീദ് സത്യമാണെന്ന് സ്ഥാപിക്കലുമാണ് ഇതിന്റെ ഉദ്ദേശ്യം. “തനിക്കുള്ള ആരാധനയിൽ തന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒട്ടും തൃപ്തിപ്പെടുകയില്ല” അത് ആരായിരുന്നാലും ശരി, എന്ന് വിശദീകരിക്കുന്നതിലൂടെയാണിത്. കാരണം, ആരാധന അവനുള്ള അവകാശമാണ്. അല്ലാഹുവിനുള്ള അവകാശത്തിൽ പങ്കാളിത്തം സ്വീകരിക്കപ്പെടുകയില്ല. അതിനാൽ ഇതിൽ മറ്റാരെങ്കിലും തന്നോടൊപ്പം പങ്കുചേരുന്നത് അവൻ ഒട്ടും തൃപ്തിപ്പെടുകയില്ല.
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് നിരോധിച്ചത്, ആരാധന മുഴുവനും അല്ലാഹുവിന് മാത്രമുള്ളതാണെന്നതിന്റെ തെളിവാണ്. ശർഇന്റെ സംബോധനകളിൽ ആരാധനകൾക്കെല്ലാം പൊതുവായി ‘ദുആ’ എന്ന് പറയാറുണ്ട്. ഇതിന്റെ മഹത്വം കാരണമാണിത്. സുനൻ ഗ്രന്ഥങ്ങളുടെ കർത്താക്കൾ നുഅ്മാനുബ്നു ബഷീറിൽ (رَضِيَ اللَّهُ عَنْهُ) നിന്ന് സ്വഹീഹായി ഉദ്ധരിച്ചതുപോലെ, നബി (ﷺ) പറഞ്ഞു:
الدُّعَاءُ هُوَ العِبَادَةُ
പ്രാർത്ഥന തന്നെയാണ് ആരാധന. [സുനൻ അബീദാവൂദ്: 1479, സുനൻ അത്തിർമിദി: 2969]
ഇതുകൊണ്ടാണ് ശർഇന്റെ സംബോധനകളിൽ ആരാധനയെ സൂചിപ്പിക്കാൻ ‘ദുആ’ (പ്രാർത്ഥന) എന്ന് കൂടുതലായി ഉപയോഗിച്ചത്. അതിനാൽ, അല്ലാഹുവിന്റെ ഈ വചനത്തിന്റെ അർത്ഥം:
﴿فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾
അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാർത്ഥിക്കരുത്. [സൂറത്തുൽ ജിന്ന്: 18]
അതായത്: “അല്ലാഹുവോടൊപ്പം നിങ്ങൾ മറ്റാരെയും ആരാധിക്കരുത്” എന്നാണ്. അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനയെ അസാധുവാക്കുമ്പോൾ, അത് അല്ലാഹുവിന് മാത്രമാണ് ആരാധന എന്നതിനെ സ്ഥാപിക്കൽ കൂടിയാണ് ഉൾക്കൊള്ളുന്നത്. ഇതിന്റെ കൂടുതൽ വിശദീകരണം വഴിയേ വരുന്നതാണ്.
മൂന്നാമത്തെ കാര്യം: മുശ്‌രിക്കുകളുമായുള്ള ബന്ധം വിച്ഛേദിക്കൽ (ബറാഅത്ത്) നിർബന്ധമാണെന്ന് വ്യക്തമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. കാരണം, പ്രവാചകനെ (ﷺ) അനുസരിക്കലും ശിർക്കിനെ അസാധുവാക്കലും – ഇതാണല്ലോ ഒന്നും രണ്ടും കാര്യങ്ങളിൽ പരാമർശിക്കപ്പെട്ട രണ്ട് വിഷയങ്ങൾ – ഈ അടിസ്ഥാനം സ്ഥാപിക്കാതെ സാക്ഷാത്കരിക്കപ്പെടുകയില്ല.
അതിനാൽ ഈ മൂന്നാമത്തെ കാര്യം ആദ്യത്തെ രണ്ട് കാര്യങ്ങളോടും അനിവാര്യമായും ചേർന്നുനിൽക്കുന്നതാണ്. അതായത്, ആരെങ്കിലും പ്രവാചകനെ (ﷺ) അനുസരിക്കുകയും, ശിർക്കിനെ അസാധുവാക്കി അല്ലാഹുവിനെ ഏകനാക്കുകയും ചെയ്താൽ; മുശ്‌രിക്കുകളുമായുള്ള ബന്ധം വിച്ഛേദിക്കാതെ അവന് അല്ലാഹുവിനോടുള്ള ആരാധന ഒരിക്കലും പൂർണ്ണമാകുകയില്ല.
അല്ലാഹുവിന്റെ ഈ വചനത്തിന്റെ അർത്ഥം:
﴿مَنْ حَادَّ اللَّهَ وَرَسُولَهُ﴾
അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തു നിൽക്കുന്നവരോട്. [സൂറത്തുൽ മുജാദല: 22]
അതായത്: അല്ലാഹുവിൽ നിന്നും അവന്റെ പ്രവാചകനിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു പക്ഷത്ത് (ഹദ്ദ്) നിലകൊള്ളുന്നവർ എന്നാണ്. അത് കുഫ്റിന്റെ (സത്യനിഷേധത്തിന്റെ) പക്ഷമാണ്. കാരണം സത്യവിശ്വാസികൾ ഒരു പക്ഷത്തും, സത്യനിഷേധികൾ മറ്റൊരു പക്ഷത്തുമായിരിക്കും. ഓരോ വിഭാഗവും പ്രത്യേക പക്ഷങ്ങളിലായി വേർതിരിഞ്ഞു നിന്നാൽ അവർക്കിടയിൽ ശത്രുതയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമായിരിക്കില്ല.
ഇവിടെ ഉണർത്തേണ്ട ഒരു കാര്യം: “നീ അറിയുക – അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ -” എന്ന വാക്കുകൊണ്ട് ആരംഭിക്കുന്ന ഈ രണ്ട് ആമുഖങ്ങളും അദ്ദേഹത്തിന്റെ തന്നെ രണ്ട് രിസാലകളാണ്. ഇവ ‘സലാസത്തുൽ ഉസ്വൂൽ വ അദില്ലത്തുഹാ’ (മൂന്ന് അടിസ്ഥാനങ്ങളും അതിന്റെ തെളിവുകളും) എന്ന ഗ്രന്ഥത്തിന് പുറത്തുള്ളതാണ്. പിന്നീട് അദ്ദേഹത്തിന്റെ ചില വിദ്യാർത്ഥികൾ ഇതിനെ ആ ഗ്രന്ഥത്തോട് ചേർത്തതാണ്. ഈ രിസാലകളിലെ ആശയങ്ങളും ലക്ഷ്യങ്ങളും തമ്മിലുള്ള മികച്ച യോജിപ്പ് കാരണം പിന്നീട് ഗ്രന്ഥം പകർത്തിയെഴുതിയവർ അതിനുമുമ്പായി ഈ രിസാലകളും രേഖപ്പെടുത്താൻ തുടങ്ങി. അങ്ങനെ ആ മൂന്ന് രിസാലകളും ഉൾപ്പെടുന്ന സമാഹാരം ‘സലാസത്തുൽ ഉസ്വൂൽ വ അദില്ലത്തുഹാ’ എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു. യഥാർത്ഥത്തിൽ ‘സലാസത്തുൽ ഉസ്വൂൽ’ ആരംഭിക്കുന്നത്, ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ഈ വാക്കുകൾ മുതലാണ്: “അറിയുക – അല്ലാഹുവെ അനുസരിക്കുന്നതിലേക്ക് അവൻ നിനക്ക് മാർഗ്ഗദർശനം നൽകട്ടെ -“. ഇത് ഇബ്നു ഖാസിം അൽ-ആസ്വിമി (رَحِمَهُ اللَّهُ) ‘സലാസത്തുൽ ഉസ്വൂൽ’ എന്നതിന്റെ ഹാശിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകർത്താവിൻ്റെ രചനകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന, അറിവിന്റെ ശൃംഖല ഗ്രന്ഥകർത്താവിലേക്ക് ചെന്നെത്തുന്ന പണ്ഡിതന്മാരിൽ (رَحِمَهُمُ اللَّهُ) നിന്ന് അറിവ് കരസ്ഥമാക്കിയവർക്ക് ഇത് അറിയപ്പെട്ട കാര്യമാണ്.

