ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവും, ഇസ്ലാമിക ചരിത്രകാരന്മാരുടെ ഇമാമും, കർമ്മശാസ്ത്ര പണ്ഡിതനുമായ അബൂ ജഅ്ഫർ അത്തബ്രി رَحِمَهُ اللَّهُ വിന്റെ ജീവിതവും വിജ്ഞാന സപര്യയുമാണ് നാമിവിടെ പരിശോധിക്കുന്നത്. ഇസ്ലാമിക ലോകത്ത് ‘തഫ്സീർ അത്വബ്രി’, ‘താരീഖ് അത്വബ്രി’ എന്നീ മഹത്തായ ഗ്രന്ഥങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം വിജ്ഞാനത്തിന്റെ ഒരു മഹാസമുദ്രമായിരുന്നു.
ജനനവും ബാല്യകാലവും
മുഹമ്മദ് ബിൻ ജരീർ ബിൻ യസീദ് ബിൻ കസീർ ബിൻ ഗാലിബ് അത്തബ്രി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ഹിജ്റ 224-ൽ തബരിസ്താനിലെ ആമുൽ എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ബാല്യത്തിൽ തന്നെ അസാധാരണമായ ബുദ്ധിശക്തിയും ഓർമ്മശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ അത്ഭുതകരമായ ബാല്യകാലത്തെക്കുറിച്ച് അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നത് കാണുക:
“എന്റെ ഏഴാമത്തെ വയസ്സിൽ ഞാൻ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി. എട്ടാമത്തെ വയസ്സിൽ ഞാൻ ജനങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. ഒൻപതാമത്തെ വയസ്സിൽ ഞാൻ പണ്ഡിതന്മാരിൽ നിന്നും ഹദീസുകൾ കേട്ടെഴുതാൻ തുടങ്ങി.”
അദ്ദേഹത്തിന്റെ വിജ്ഞാനത്തോടുള്ള അതിയായ താല്പര്യം മനസ്സിലാക്കിയ പിതാവ് പൂർണ്ണ പിന്തുണ നൽകുകയും, തന്റെ സമ്പത്ത് മുഴുവൻ മകന്റെ പഠനത്തിനായി നീക്കിവെക്കുകയും ചെയ്തു.
വിജ്ഞാനാന്വേഷണ യാത്രകൾ
വിജ്ഞാന സമ്പാദനത്തിനായി തന്റെ കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം യാത്രകൾ ആരംഭിച്ചു. റയ്യ്, ബാഗ്ദാദ്, ബസ്വറ, കൂഫ, ശാമ് (സിറിയ), ഈജിപ്ത് തുടങ്ങിയ അന്നത്തെ ഇസ്ലാമിക ലോകത്തെ സുപ്രധാന വിജ്ഞാന കേന്ദ്രങ്ങളിലേക്കെല്ലാം അദ്ദേഹം സഞ്ചരിച്ചു.
ഹിജ്റ 241-ൽ, തന്റെ പതിനേഴാമത്തെ വയസ്സിൽ അഹ്ലുസ്സുന്നയുടെ ഇമാമായ അഹ്മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ വിൽ നിന്നും വിജ്ഞാനം നേടാൻ അദ്ദേഹം അതിയായി ആഗ്രഹിക്കുകയും അതിനായി ബാഗ്ദാദിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ ബാഗ്ദാദിൽ എത്തുന്നതിന് തൊട്ടുമുൻപ് ആ മഹാപണ്ഡിതൻ മരണപ്പെട്ടിരുന്നു എന്ന വാർത്തയാണ് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത്. ഈ നഷ്ടം അദ്ദേഹത്തെ ദുഃഖിപ്പിച്ചുവെങ്കിലും, ബാഗ്ദാദിലും മറ്റു നാടുകളിലുമുള്ള അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം വിജ്ഞാനം നുകർന്നു.
പ്രമുഖ ഗുരുക്കന്മാർ
മുഹമ്മദ് ബിൻ ഹുമൈദ് അർറാസി, അബൂ കുറൈബ് മുഹമ്മദ് ബിൻ അൽ-അലാഅ്, ഇമാം ശാഫിഈയുടെ ശിഷ്യനായിരുന്ന അൽ-റബീഅ് ബിൻ സുലൈമാൻ അൽ-മുറാദി, യൂനുസ് ബിൻ അബ്ദുൽ അഅ്ല, ഇസ്ഹാഖ് ബിൻ റാഹവൈഹി رَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാർ അദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ പ്രധാനികളാണ്. അബൂ കുറൈബിൽ നിന്നും മാത്രം അദ്ദേഹം ഒരുലക്ഷത്തിലധികം ഹദീസുകൾ കേട്ടെഴുതിയിട്ടുണ്ട്.
അർപ്പണബോധവും പണ്ഡിതന്മാരുടെ പ്രശംസകളും
അദ്ദേഹത്തിന്റെ വിജ്ഞാനത്തോടുള്ള അർപ്പണബോധം ചരിത്രത്തിൽ അത്ഭുതത്തോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാൽപ്പത് വർഷത്തോളം എല്ലാ ദിവസവും നാൽപ്പത് പേജുകൾ വീതം അദ്ദേഹം എഴുതിയിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇമാം അൽ-ഖത്വീബ് അൽ-ബഗ്ദാദി رَحِمَهُ اللَّهُ ഒരു സംഭവം ഉദ്ധരിക്കുന്നത് കാണുക:
“ഒരിക്കൽ ഇമാം അത്വബ്രി തന്റെ വിദ്യാർത്ഥികളോട് ചോദിച്ചു: ‘ഖുർആൻ വ്യാഖ്യാനം (തഫ്സീർ) പഠിക്കാൻ നിങ്ങൾക്ക് ഉന്മേഷമുണ്ടോ?’ അവർ ചോദിച്ചു: ‘അതെത്രത്തോളമുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘ഏകദേശം മുപ്പതിനായിരം (30,000) പേജുകൾ വരും.’ ഇതുകേട്ട വിദ്യാർത്ഥികൾ പറഞ്ഞു: ‘അത്രയും പഠിച്ചുതീരുന്നതിന് മുൻപ് തന്നെ ഞങ്ങളുടെ ആയുസ്സ് അവസാനിക്കുമല്ലോ!’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇന്നാലില്ലാഹ്, ജനങ്ങളുടെ ഹിമ്മത്ത് (ഉന്മേഷം) നഷ്ടപ്പെട്ടിരിക്കുന്നു!’ തുടർന്ന് അദ്ദേഹം ആ തഫ്സീർ മൂവായിരത്തോളം പേജുകളായി ചുരുക്കി അവർക്ക് പകർന്നുനൽകി.” ചരിത്രഗ്രന്ഥത്തിന്റെ കാര്യത്തിലും അദ്ദേഹം ഇതേപോലെ ചോദിക്കുകയും ചുരുക്കി നൽകുകയും ചെയ്തു.
- ഇമാം അന്നാവി رَحِمَهُ اللَّهُ പറയുന്നു: “അത്ബ്രിയുടെ തഫ്സീറിന് സമാനമായ മറ്റൊരു ഗ്രന്ഥം ആരും തന്നെ രചിച്ചിട്ടില്ല എന്ന കാര്യത്തിൽ പണ്ഡിതലോകം ഏകോപിച്ചിരിക്കുന്നു.”
- ഇബ്നു ഖുസൈമ رَحِمَهُ اللَّهُ പറയുന്നു: “ഭൂമിയിൽ മുഹമ്മദ് ബിൻ ജരീർ അത്വബ്രിയേക്കാൾ അറിവുള്ള മറ്റൊരാളെ എനിക്കറിയില്ല.”
മഹത്തായ ഗ്രന്ഥരചനകൾ
അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രണ്ട് ഗ്രന്ഥങ്ങൾ ഇസ്ലാമിക ലോകത്തെ അടിസ്ഥാന അവലംബങ്ങളാണ്:
- ജാമിഉൽ ബയാൻ ഫീ തഅ്വീലി ഖുർആൻ (جامع البيان في تأويل القرآن): ‘തഫ്സീർ അത്വബ്രി’ എന്ന് പരക്കെ അറിയപ്പെടുന്ന ഈ ഗ്രന്ഥം തഫ്സീർ ശാഖയിലെ ഏറ്റവും വലിയ അടിസ്ഥാന കൃതിയാണ് (ഉമ്മുത്തഫാസീർ). മുൻഗാമികളുടെ പരമ്പരകളിലൂടെയുള്ള തഫ്സീറുകൾ ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു: “ജനങ്ങളുടെ പക്കലുള്ള തഫ്സീറുകളിൽ വെച്ച് ഏറ്റവും സ്വഹീഹായത് ഇബ്നു ജരീർ അത്വബ്രിയുടെ തഫ്സീറാണ്. സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങൾ പരമ്പരകളോടെ അദ്ദേഹം അതിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ ബിദ്അത്തുകളില്ല.”
- താരീഖുൽ ഉമം വൽ മുലൂക് (تاريخ الأمم والملوك): ‘താരീഖ് അത്വബ്രി’ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥം ഇസ്ലാമിക ചരിത്രരചനയിലെ ഏറ്റവും ആധികാരികവും ബൃഹത്തായതുമായ കൃതിയാണ്. ലോകത്തിന്റെ ആരംഭം മുതൽ അദ്ദേഹത്തിന്റെ കാലഘട്ടം (ഹിജ്റ 302) വരെയുള്ള ചരിത്രം സനദുകളോടെ (നിവേദക പരമ്പരകൾ) ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രകാരന്മാർക്കെല്ലാം അടിസ്ഥാന അവലംബം ഈ ഗ്രന്ഥമാണ്.
കർമ്മശാസ്ത്രത്തിൽ ഒരു മുജ്തഹിദായിരുന്ന അദ്ദേഹത്തിന് തന്റേതായ ഒരു മദ്ഹബ് (അൽ-ജരീരിയ്യ) ഉണ്ടായിരുന്നു. അത് പിന്നീട് കുറച്ചുകാലം നിലനിന്നുവെങ്കിലും കാലക്രമേണ അന്യംനിന്നുപോയി.
പരീക്ഷണങ്ങളും വിയോഗവും
തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹത്തിന് ചില പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. തങ്ങളുടെ അറിവില്ലായ്മ കൊണ്ടും പക്ഷപാതിത്വം കൊണ്ടും ഹൻബലി മദ്ഹബിലെ ചില തീവ്ര ചിന്താഗതിക്കാർ (അവാമുകൾ) അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. എന്നാൽ അഹ്ലുസ്സുന്നയുടെ യഥാർത്ഥ പണ്ഡിതന്മാർ അദ്ദേഹത്തെ എന്നും ആദരിക്കുകയും പ്രതിരോധിക്കുകയും ചെയ്തിരുന്നു.
ഹിജ്റ 310 ശവ്വാൽ മാസം 26-ാം തീയതി ഒരു ഞായറാഴ്ച, തന്റെ 86-ാം വയസ്സിൽ ബാഗ്ദാദിൽ വെച്ച് ആ വിജ്ഞാന സാഗരം അല്ലാഹുവിങ്കലേക്ക് യാത്രയായി. അസംഖ്യം ആളുകൾ അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിൽ പങ്കെടുത്തു; അവരെത്രയുണ്ടായിരുന്നുവെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ എന്ന് ഇബ്നു കസീർ رَحِمَهُ اللَّهُ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് തന്നെയാണ് ആ മഹാപണ്ഡിതനെ ഖബറടക്കിയത്.
മുൻഗാമികളിലും പിൻഗാമികളിലുമുള്ള വിശ്വാസികൾക്കിടയിൽ ഇമാം അബൂ ജഅ്ഫർ അത്തബ്രി رَحِمَهُ اللَّهُ വിന് മേൽ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. പ്രവാചകന്മാരോടും സിദ്ദീഖുകളോടും ശഹീദുകളോടും സ്വാലിഹുകളോടുമൊപ്പം സ്വർഗ്ഗത്തിൽ അദ്ദേഹത്തെയും നമ്മെയും അല്ലാഹു ﷻ ഒരുമിച്ചുകൂട്ടട്ടെ.

