ശൈഖ് അബ്ദുള്ള അൽ-ഉബൈലാൻ
ഇസ്തിൻബാത്വ് ദീനിൽ പുതിയൊരു അടിസ്ഥാനം നിർമ്മിക്കുന്നില്ല; മറിച്ച്, ശറഇയ്യായ തെളിവുകൾ പിന്തുണയ്ക്കുന്ന ഒരു ആശയത്തെ വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്
അല്ലാഹു തന്റെ ഗ്രന്ഥത്തെ ജനങ്ങൾക്ക് സന്മാർഗ്ഗമായി അവതരിപ്പിക്കുകയും, അതിലെ ആശയങ്ങൾ നവീകരിക്കപ്പെടുന്നതും അതിലെ അത്ഭുതങ്ങൾ അവസാനിക്കാത്തതുമായ വിശദീകരണങ്ങളുടെയും ഗുണപാഠങ്ങളുടെയും മാർഗ്ഗങ്ങൾ അതിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ ഈ നവീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, യാതൊരടിസ്ഥാനവുമില്ലാത്ത പുതിയ ആശയങ്ങൾ ഉണ്ടാക്കാനുള്ള അനുമതിയോ, കേവലമായ സ്വന്തം അഭിപ്രായങ്ങൾ [ഉപയോഗിച്ച് തഫ്സീർ നൽകാനുള്ള വാതിൽ തുറന്നിടലോ അല്ല. മറിച്ച്, വഹ്‌യിന്റെ അടിസ്ഥാനങ്ങളാലും മനസ്സിലാക്കേണ്ടതിന്റെ നിയമങ്ങളാലും നിയന്ത്രിക്കപ്പെട്ട ഒരു ചിന്തയാണത് (തദബ്ബുറാണത്). കാരണം, ഇസ്തിൻബാത്വ് എന്നത് യഥാർത്ഥത്തിൽ നസ്സിന് (പ്രമാണത്തിന്) പുറത്തുനിന്നുള്ള ഒരു ആശയം നിർമ്മിക്കലല്ല; മറിച്ച്, അതിൽ അന്തർലീനമായിട്ടുള്ള ഒരു ആശയം പുറത്തെടുക്കലാണ്. അതിന്റെ പദങ്ങളോ സന്ദർഭങ്ങളോ അതിന് സാക്ഷിയാകുകയും, ശറഇലെ മറ്റു നസ്സുകൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യും. അതുകൊണ്ടാണ് ശരിയായ ഇസ്തിൻബാത്വും അനാവശ്യമായ ബുദ്ധിമുട്ടിക്കലും (തകല്ലുഫും) തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമാകുന്നത്. ഒന്നാമത്തേത് വഹ്‌യ് അറിയിക്കുന്ന ഒരു ആശയത്തെ വെളിപ്പെടുത്തുന്നു; എന്നാൽ രണ്ടാമത്തേത് വഹ്‌യ് അറിയിക്കാത്ത കാര്യങ്ങൾ അതിന് മേൽ ചുമത്തുന്നു.
ഇതുകൊണ്ടാണ് സലഫുകൾ ഖുർആനിനെയും സുന്നത്തിനെയും വിശദീകരണത്തിന്റെ കാര്യത്തിൽ ഒരൊറ്റ അടിസ്ഥാനമായി കണക്കാക്കിയിരുന്നത്. ഖുർആനിലെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ വിശദീകരിക്കുന്നു. സുന്നത്ത് ഖുർആനിനെ വിശദീകരിക്കുകയും, അതിലെ സംക്ഷിപ്തമായവയെ (മുജ്മൽ) വിശദമാക്കുകയും, നിരുപാധികമായതിനെ (മുത്വ്‌ലഖ്) ഉപാധികളോടെ പരിമിതപ്പെടുത്തുകയും, സാമാന്യമായതിനെ (ആം) പ്രത്യേകമാക്കുകയും (ഖാസ്സ്വ്) ചെയ്യുന്നു. അതിനാൽ, സുന്നത്തിന് വിരുദ്ധമായ ഒരു ആശയം ഖുർആനിൽ നിന്ന് ഇസ്തിൻബാത്വ് ചെയ്യാൻ പാടുള്ളതല്ല. അതുപോലെ ഇസ്തിൻബാത്വിനെ നിയമനിർമ്മാണത്തിനുള്ള ഒരു സ്വതന്ത്ര സ്രോതസ്സാക്കി മാറ്റാനും പാടുള്ളതല്ല. അക്കാരണത്താലാണ് അല്ലാഹു പറഞ്ഞത്:
﴿وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ﴾
ജനങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു.1
ആശയഗ്രഹണങ്ങൾ മടക്കപ്പെടേണ്ട തുലാസ് പ്രവാചകന്റെ വിശദീകരണമാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
അതുകൊണ്ട്, ശരിയായ ഇസ്തിൻബാത്വ് ദീനിൽ ഒരു പുതിയ അടിസ്ഥാനം നിർമ്മിക്കുന്നില്ല, മറിച്ച് സ്ഥിരപ്പെട്ട ഒരു അടിസ്ഥാനത്തിന് കീഴിൽ അത് ഉൾപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ ഒരു മുഫസ്സിർ (ഖുർആൻ വ്യാഖ്യാതാവ്) ഒരു സ്വഭാവമോ, മര്യാദയോ, ഒരു വിദ്യാഭ്യാസ തത്വമോ, അല്ലെങ്കിൽ ഈമാനികമായ ഒരു ഗുണപാഠമോ ഇസ്തിൻബാത്വ് ചെയ്യുകയാണെങ്കിൽ, ആ ആശയം സുന്നത്തോ ആഥാറുകളോ (സലഫുകളുടെ വചനങ്ങളോ) വഹ്‌യിന്റെ മറ്റു നസ്സുകളോ അറിയിക്കുന്നതായിരിക്കണം. കൂടാതെ ആയത്തിൽ അതിലേക്കുള്ള സൂചന ഉണ്ടായിരിക്കുകയും, അതിനും ആയത്തിന്റെ യഥാർത്ഥ ആശയത്തിനുമിടയിൽ വ്യക്തമായ ബന്ധം ഉണ്ടായിരിക്കുകയും വേണം. ഇതിലൂടെ ഇസ്തിൻബാത്വ് എന്നത് ഒരു വിശദീകരണവും ശാഖകൾ തിരിക്കലുമായി മാറുന്നു; അല്ലാതെ പുതിയ അടിസ്ഥാനങ്ങൾ സ്ഥാപിക്കലോ ബിദ്അത്ത് നിർമ്മിക്കലോ ആകുന്നില്ല.
ഇതുകൊണ്ടാണ് ഇസ്തിൻബാത്വിന്റെ മാനദണ്ഡങ്ങളായി മുഹഖിഖുകളായ (ഗവേഷകരായ) പണ്ഡിതന്മാർ ചില കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്: ആയത്തിന്റെ ബാഹ്യമായ ആശയത്തിന് അത് വിരുദ്ധമാകരുത്, ആ ആശയം അതിൽ തന്നെ ശരിയായതും ശറഇന്റെ തെളിവുകൾ മുഖേന സ്ഥിരപ്പെട്ടതുമായിരിക്കണം, ആയത്തിന്റെ പദമോ സന്ദർഭമോ സൂചനയായോ അനിവാര്യതയായോ ആ ആശയത്തെ അറിയിക്കുന്നതായിരിക്കണം, കൂടാതെ ആ ആശയത്തിനും ആയത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിനുമിടയിൽ വ്യക്തമായ അനുയോജ്യത ഉണ്ടായിരിക്കുകയും വേണം. ഈ മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ, ആ ഇസ്തിൻബാത്വ് കേവലമായ ഒരു വാദമായോ അല്ലെങ്കിൽ ആക്ഷേപനീയമായ തകല്ലുഫ് (ബുദ്ധിമുട്ടിക്കൽ) ആയോ മാറും.
സലഫുകളുടെ ഇസ്തിൻബാത്വുകളെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾക്ക് അവയെല്ലാം ഈ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത് എന്ന് കാണാൻ സാധിക്കും. വഹ്‌യുമായി യാതൊരു ബന്ധവുമില്ലാത്ത നൂതനമായ ആശയങ്ങളുമായി അവർ വരികയില്ല. മറിച്ച്, അവർ ആയത്തുകൾക്കും ഹദീഥുകൾക്കും ആഥാറുകൾക്കുമിടയിൽ ബന്ധിപ്പിക്കുകയും, എന്നിട്ട് മറ്റു നസ്സുകൾ പിന്തുണയ്ക്കുന്ന ഫവാഇദുകൾ (ഗുണപാഠങ്ങൾ) ആയത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്യുന്നു. അപ്പോൾ ആ വിഷയത്തിൽ ആയത്ത് അടിസ്ഥാനമായിരിക്കും; ഹദീഥോ ആഥാറോ ഇസ്തിൻബാത്വ് ചെയ്ത ആശയത്തിന്റെ ശരിയെ അറിയിക്കുന്ന സാക്ഷിയുമായിരിക്കും. അങ്ങനെ തെളിവുകൾ പരസ്പരം പൂർണ്ണമാവുകയാണ് ചെയ്യുന്നത്, എതിരാവുകയല്ല.
ഇക്കാരണത്താൽ തന്നെ, തഫ്സീറിലെ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ് ഖുർആനിനെ സുന്നത്തിൽ നിന്ന് വേർപെടുത്തുക എന്നതും, പ്രവാചകന്റെ വിശദീകരണത്തിലേക്കും സലഫുകളുടെ ആഥാറുകളിലേക്കും മടങ്ങാതെ തദബ്ബുറിനെ (ചിന്തയെ) പുതിയ ആശയങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു വഴിയാക്കി മാറ്റുക എന്നതും. ഈ വാതിൽ യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നിട്ടാൽ, ഓരോരുത്തർക്കും തങ്ങളുടെ അഭിരുചിക്കോ മദ്ഹബിനോ ആശയങ്ങൾക്കോ അനുയോജ്യമാകുന്ന രൂപത്തിൽ ഖുർആനിനെ വ്യാഖ്യാനിക്കാൻ സാധിക്കും. അപ്പോൾ തദബ്ബുർ എന്നത് തികഞ്ഞ അരാജകത്വമായി മാറുകയും, ദൈവികമായ സന്മാർഗ്ഗത്തിനും മനുഷ്യരുടെ തോന്നലുകൾക്കുമിടയിലുള്ള വ്യത്യാസം ഇല്ലാതാവുകയും ചെയ്യും.
എന്നാൽ, മുഫസ്സിർ സലഫുകളുടെ അടിസ്ഥാനങ്ങൾ മുറുകെപ്പിടിക്കുകയും, മുത്തശാബിഹായ കാര്യങ്ങളെ മുഹ്കമായതിലേക്ക് മടക്കുകയും, സുന്നത്തിനെ ഖുർആൻ മനസ്സിലാക്കാനുള്ള തുലാസാക്കി മാറ്റുകയും, തെളിവുകൾ സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങൾ ആയത്തുകളിൽ നിന്ന് ഇസ്തിൻബാത്വ് ചെയ്യുകയും ചെയ്താൽ; അദ്ദേഹത്തിന്റെ ഇസ്തിൻബാത്വ് ദീനിൽ പുതിയൊരു അടിസ്ഥാനമോ നൂതനമായ ഒരു വിധിയോ കൂട്ടിച്ചേർക്കാതെ, വിശദീകരണം വർദ്ധിപ്പിക്കാനും, ഗ്രാഹ്യം വിശാലമാക്കാനും, ഖുർആനിലുള്ള ചില നിധികൾ വെളിപ്പെടുത്താനും കാരണമാകും.
ഇതിൽ നിന്ന് വ്യക്തമാകുന്നത്, ശരിയായ ഇസ്തിൻബാത്വ് വഹ്‌യിനെ പിൻപറ്റുന്നതാണ്, അല്ലാതെ അതിന് മുമ്പ് നടക്കുന്നതല്ല; അത് നസ്സിന് സേവനം ചെയ്യുന്നതാണ്, അല്ലാതെ അതിന് മേൽ വിധികൽപിക്കുന്നതല്ല; അത് ആശയത്തെ വെളിപ്പെടുത്തുന്നതാണ്, അല്ലാതെ അത് നിർമ്മിക്കുന്നതല്ല. കാരണം, ദീൻ പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു, അടിസ്ഥാനങ്ങൾ സ്ഥിരപ്പെട്ടിരിക്കുന്നു. ഖുർആനിലും സുന്നത്തിലും സലഫുസ്സ്വാലിഹുകളുടെ ആഥാറുകളിലുമുള്ള മാർഗ്ഗദർശനങ്ങളുടെ അടിസ്ഥാനത്തിൽ, അല്ലാഹു തന്റെ ഗ്രന്ഥത്തിൽ നിക്ഷേപിച്ച സന്മാർഗ്ഗങ്ങളും ഫവാഇദുകളും പുറത്തെടുക്കുന്നതിലുള്ള ശ്രേഷ്ഠത മാത്രമേ ഒരു മുജ്തഹിദിന് അവശേഷിക്കുന്നുള്ളൂ.
- സൂറത്തുന്നഹ്‌ല് – 44 ↩︎

