ഇമാം മാലിക് – ഭാഗം 1

9 Min Read

ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി

ഇസ്‌ലാമിക ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രവും പണ്ഡിതന്മാരുടെ പണ്ഡിതനുമാണ് മഹാനായ ഇമാം മാലിക് رَحِمَهُ اللَّهُ. മദീനക്കാരുടെ കർമ്മശാസ്ത്ര പണ്ഡിതനും ഇരുഹറമുകളുടെയും മുഫ്തിയുമായിരുന്നു അദ്ദേഹം. സൂക്ഷ്മതയും ഭക്തിയും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം, തിരുസുന്നത്തുകൾക്ക് സംരക്ഷണം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ വിജ്ഞാനത്തെ ലോകമെമ്പാടും വ്യാപിപ്പിക്കുകയും പിൽക്കാല തലമുറകളിലേക്ക് അദ്ദേഹത്തിന്റെ സൽപ്പേര് നിലനിർത്തുകയും ചെയ്തു. ദാറുൽ ഹിജ്റയുടെ (മദീനയുടെ) ഇമാം എന്നാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്.

പേരും ജനനവും

അബൂ അബ്ദുല്ല മാലിക് ബിൻ അനസ് ബിൻ മാലിക് ബിൻ അംറ് ബിൻ അൽ-ഹാരിസ് അൽ-അസ്വ്ബഹി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. അദ്ദേഹത്തിന്റെ പിതാമഹനായ മാലിക് ബിൻ അനസ് رَحِمَهُ اللَّهُ വലിയ താബിഈ പണ്ഡിതനായിരുന്നു. ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെ മൃതദേഹം രാത്രിയിൽ ഖബറടക്കാൻ ചുമന്നവരിൽ ഒരാളായിരുന്നു അദ്ദേഹം. ഇമാം മാലിക്കിന്റെ മാതാവ് അൽ-ആലിയ ബിൻത് ശരീക് ബിൻ അബ്ദുറഹ്മാൻ അൽ-അസദിയ്യ എന്നാണ് അറിയപ്പെടുന്നത്. യഹ്‌യ, മുഹമ്മദ്, ഹമ്മാദ് എന്നിവർ അദ്ദേഹത്തിന്റെ ആൺമക്കളാണ്.

പ്രവാചകൻ ﷺ യുടെ നഗരമായ പുണ്യ മദീനയിലാണ് ഇമാം മാലിക് رَحِمَهُ اللَّهُ ജനിച്ചത്. അദ്ദേഹത്തിന്റെ ജനനവർഷത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. യഹ്‌യ ബിൻ കസീർ രേഖപ്പെടുത്തുന്നത് ഹിജ്റ 93-ലാണ് അദ്ദേഹം ജനിച്ചത് എന്നാണ്. എന്നാൽ അബൂ ദാവൂദ് അസ്സിജിസ്താനി رَحِمَهُ اللَّهُ പറയുന്നത് ഹിജ്റ 92-ലാണ് ജനനം എന്നാണ്.

ശാരീരികമായി വളരെ വെളുത്ത നിറമുള്ള, നേരിയ ചുവപ്പ് കലർന്ന (ശുഖ്‌റ) പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഉയരമുള്ളവനും, വലിയ ശിരസ്സുള്ളവനും, കഷണ്ടിയുള്ളവനുമായിരുന്നു അദ്ദേഹം. ഏദനിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള വസ്ത്രങ്ങളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. മീശ വടിക്കുന്നത് അദ്ദേഹം കഠിനമായി വെറുത്തിരുന്നു. മീശ വടിക്കുന്നത് ശരീരത്തെ വിരൂപമാക്കലാണെന്നും (മുസ്‌ല), അങ്ങനെ ചെയ്യുന്നവന് ശിക്ഷ നൽകണമെന്നും (തഅ്‌സീർ) അദ്ദേഹം ഫത്‌വ നൽകിയിരുന്നു. നരച്ച താടിക്ക് അദ്ദേഹം നിറം കൊടുക്കാറില്ലായിരുന്നു; അതിനാൽ അദ്ദേഹത്തിന്റെ താടി നല്ല വെളുത്ത നിറത്തിലായിരുന്നു.

വിജ്ഞാനാന്വേഷണവും ഗുരുക്കന്മാരും

ചെറുപ്പം മുതലേ അങ്ങേയറ്റം ജാഗ്രതയോടും അർപ്പണബോധത്തോടുമാണ് അദ്ദേഹം അറിവ് തേടിയിരുന്നത്. മദീന ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ജീവിക്കുന്ന കേന്ദ്രമായിരുന്ന കാലത്താണ് അദ്ദേഹം വളർന്നുവന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അറിവ് തേടി മദീനയിലേക്ക് ഒഴുകിയെത്തുന്ന കാലമായിരുന്നു അത്. മദീനയിലെ പ്രശസ്തരായ ഏഴ് ഫുഖഹാക്കൾ അവിടെയായിരുന്നു അറിവ് പകർന്നുനൽകിയിരുന്നത്. ഉബൈദുല്ല, ഉർവ, ഖാസിം, സഈദ്, അബൂബക്കർ, സുലൈമാൻ, ഖാരിജ എന്നിവരായിരുന്നു ആ ഏഴ് പണ്ഡിതന്മാർ. ഈ ശക്തമായ വിജ്ഞാന പശ്ചാത്തലമാണ് ഇമാം മാലിക്കിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.

ഇമാം മാലിക് رَحِمَهُ اللَّهُ മറ്റ് പണ്ഡിതന്മാരെപ്പോലെ അറിവ് തേടി മറ്റ് നാടുകളിലേക്ക് യാത്ര ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാരണം, ഇസ്‌ലാമിക വിജ്ഞാനത്തിന്റെ സ്രോതസ്സായ പണ്ഡിതന്മാർ മുഴുവൻ മദീനയിലുണ്ടായിരുന്നു. അതിനാൽ അദ്ദേഹം അവിടത്തെ നൂറുകണക്കിന് താബിഉകളിൽ നിന്നും അവരുടെ പിൻഗാമികളിൽ നിന്നും അറിവ് കരസ്ഥമാക്കി. നാഫിഅ് (ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടിമ), ഇബ്നു ശിഹാബ് അസ്സുഹ്‌രി, അബുസ്സിനാദ്, ആയിശ ബിൻത് സഅ്ദ് ബിൻ അബീ വഖാസ്, അയ്യൂബ് അസ്സഖ്തിയാനി, യഹ്‌യ ബിൻ സഈദ് അൽ-അൻസാരി, ഹുമൈദ് അത്ത്വവീൽ رَحِمَهُمُ اللَّهُ തുടങ്ങി ഒട്ടനവധി മഹാപണ്ഡിതന്മാരിൽ നിന്ന് അദ്ദേഹം അറിവ് നേടി.

അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴം എത്രത്തോളമായിരുന്നെന്നാൽ, ഹദീസ് നിവേദനത്തിലെ ‘സുവർണ്ണ പരമ്പര’ (സിൻസിലത്തുദ്ദഹബിയ്യ) എന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പരമ്പരയെയാണ്. ‘മാലിക് -> നാഫിഅ് -> അബ്ദുല്ലാഹി ബ്നു ഉമർ -> റസൂൽ ﷺ’ എന്നതാണത്. തന്റെ കാലഘട്ടത്തിൽ പണ്ഡിതന്മാർക്കിടയിൽ സമാനതകളില്ലാത്ത ഉയരങ്ങളിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചില ഗുരുക്കന്മാർ പോലും അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മാറ്റുകൂട്ടുന്നു. ഇമാം അസ്സുഹ്‌രി, യഹ്‌യ ബിൻ സഈദ് അൽ-അൻസാരി, മദീനക്കാരുടെ കർമ്മശാസ്ത്ര പണ്ഡിതനായ റബീഅ ബിൻ അബീ അബ്ദുറഹ്മാൻ رَحِمَهُمُ اللَّهُ എന്നിവർ അതിൽ പെട്ടവരാണ്.

ശിഷ്യസമ്പത്ത്

ഇമാം മാലിക് رَحِمَهُ اللَّهُ വിന്റെ ശിഷ്യന്മാരുടെ എണ്ണം കണക്കാക്കുക എന്നത് അസാധ്യമാണ്. അന്ദുലുസിൽ (സ്പെയിൻ) നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അദ്ദേഹത്തെ തേടിയെത്തി. ഖാളി ഇയാദ് رَحِمَهُ اللَّهُ ഇമാം മാലിക്കിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തവരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഏറ്റവും പ്രമുഖരായ എക്കാലത്തെയും മഹാപണ്ഡിതന്മാരിൽ സുഫ്‌യാൻ ബിൻ സഈദ് അഥൗരി, അബ്ദുല്ലാഹി ബ്നുൽ മുബാറക്, മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ, അബ്ദുറഹ്മാൻ അൽ-ഔസാഈ رَحِمَهُمُ اللَّهُ എന്നിവർ ഉൾപ്പെടുന്നു.

പണ്ഡിതന്മാരുടെ പ്രശംസ

ഇമാം മാലിക് رَحِمَهُ اللَّهُ വിന്റെ മഹത്വവും അറിവിന്റെ ആഴവും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതന്മാർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ തന്നെ ധാരാളമാണ്:

ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ പറയുന്നു: “ഹദീസുകൾ (അഥർ) പറയപ്പെടുമ്പോൾ മാലിക് അതിലെ നക്ഷത്രമാണ്. പണ്ഡിതന്മാരെക്കുറിച്ച് പറയപ്പെടുമ്പോൾ മാലിക് അതിലെ തിളങ്ങുന്ന നക്ഷത്രമാണ്. വിജ്ഞാനം ഹൃദിസ്ഥമാക്കുന്നതിലും അത് സംരക്ഷിക്കുന്നതിലും മാലിക്കിന്റെ അത്രയും മറ്റാരുമെത്തിയിട്ടില്ല. അറിവിന്റെ കാര്യത്തിൽ മാലിക്കിനേക്കാൾ എന്നെ വിശ്വസ്തനാക്കിയ മറ്റാരുമില്ല. എനിക്കും അല്ലാഹുവിനുമിടയിലുള്ള തെളിവായി ഞാൻ മാലിക്കിനെ സ്വീകരിച്ചിരിക്കുന്നു.”

ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ ഇതിഹാസമായ യഹ്‌യ ബിൻ മഈൻ رَحِمَهُ اللَّهُ പറയുന്നു: “സൃഷ്ടികൾക്ക് മേൽ അല്ലാഹുവിനുള്ള തെളിവുകളിൽ ഒന്നാണ് മാലിക്. അദ്ദേഹം മുസ്‌ലിംകളുടെ ഇമാമാണ്, അദ്ദേഹത്തിന്റെ ശ്രേഷ്ഠതയിൽ ഏകാഭിപ്രായമുണ്ട്.”

യഹ്‌യ ബിൻ സഈദ് അൽ-ഖത്താൻ رَحِمَهُ اللَّهُ പറയുന്നു: “ഹദീസ് വിജ്ഞാന ശാസ്ത്രത്തിൽ വിശ്വാസികളുടെ നേതാവാണ് (അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ്) മാലിക്. ഈ സമുദായത്തിന് അല്ലാഹു നൽകിയ കാരുണ്യമാണ് അദ്ദേഹം.”

സുഫ്‌യാൻ ബിൻ ഉയൈന അബൂ മുഹമ്മദ് അൽ-ഹിലാലി رَحِمَهُ اللَّهُ പറയുന്നു: “മാലിക്കിന് അല്ലാഹു കാരുണ്യം ചൊരിയട്ടെ! ഹദീസ് നിവേദകരെ വിമർശിക്കുന്നതിൽ അദ്ദേഹത്തേക്കാൾ കണിശതയുള്ള മറ്റാരുമില്ല. സ്വഹീഹായ ഹദീസുകൾ മാത്രമേ അദ്ദേഹം റിപ്പോർട്ട് ചെയ്യുകയുള്ളൂ. വിശ്വസ്തരായ ആളുകളിൽ നിന്നല്ലാതെ അദ്ദേഹം ഹദീസ് സ്വീകരിക്കില്ല.”

അബ്ദുറഹ്മാൻ ബിൻ മഹ്ദി رَحِمَهُ اللَّهُ പറയുന്നു: “ഭൂമിയിൽ റസൂലിന്റെ ﷺ ഹദീസുകളുടെ കാര്യത്തിൽ മാലിക്കിനേക്കാൾ വിശ്വസ്തനായി മറ്റാരുമില്ല. അദ്ദേഹത്തേക്കാൾ ബുദ്ധിമാനായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.”

ഹമ്മാദ് ബിൻ സെയ്ദ് رَحِمَهُ اللَّهُ പറയുന്നു: ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയം ചോദിക്കാൻ വന്ന ആളോട് അദ്ദേഹം പറഞ്ഞു: “നിന്റെ ദീനിന്റെ കാര്യത്തിൽ നിനക്ക് സുരക്ഷിതത്വം വേണമെങ്കിൽ മദീനയിലെ പണ്ഡിതനോട് ചോദിക്കുക. അദ്ദേഹത്തിന്റെ വാക്കിലേക്ക് നീ കാതോർക്കുക, അത് നിനക്കൊരു തെളിവാണ്. ജനങ്ങളുടെ ഇമാമാണ് മാലിക് ബിൻ അനസ്.”

ഹമ്മാദ് ബിൻ സലമ رَحِمَهُ اللَّهُ പറയുന്നു: “മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് ദീൻ പഠിക്കാൻ ഒരു ഇമാമിനെ തിരഞ്ഞെടുക്കാൻ എന്നോട് പറഞ്ഞാൽ, അതിന് ഏറ്റവും അർഹനും യോഗ്യനുമായി ഞാൻ കാണുന്നത് മാലിക്കിനെയാണ്. അത് സമുദായത്തിന് നന്മയാകുമെന്നും ഞാൻ കരുതുന്നു.”

അബ്ദുല്ല ബിൻ അഹ്‌മദ്‌ ബിൻ ഹൻബൽ رَحِمَهُ اللَّهُ പറയുന്നു: ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: “സൂഹ്‌രിയുടെ ശിഷ്യന്മാരിൽ ഏറ്റവും വിശ്വസ്തൻ ആരാണ്?” ഇമാം അഹ്‌മദ്‌ رَحِمَهُ اللَّهُ പറഞ്ഞു: “എല്ലാ കാര്യങ്ങളിലും ഏറ്റവും വിശ്വസ്തൻ മാലിക് ആണ്.”

അൽ-ലൈസ് ബിൻ സഅ്ദ് അൽ-ഖാളി رَحِمَهُ اللَّهُ പറയുന്നു: “അല്ലാഹുവാണെ സത്യം! ഭൂമിയിൽ മാലിക്കിനേക്കാൾ എനിക്ക് പ്രിയപ്പെട്ട മറ്റാരുമില്ല. എന്റെ ആയുസ്സിൽ നിന്നും അല്ലാഹു അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മാലിക്കിന്റെ അറിവ് ശുദ്ധമാണ്. അത് സ്വീകരിക്കുന്നവർക്ക് അത് പൂർണ്ണമായ നിർഭയത്വമാണ്.”

സ്വഹീഹുൽ ബുഖാരിയുടെ രചയിതാവായ മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരി رَحِمَهُ اللَّهُ പറയുന്നു: “ഏറ്റവും സ്വഹീഹായ പരമ്പര (അസ്വ്വഹുൽ അസാനീദ്) എന്നത് മാലിക് നാഫിഇൽ നിന്നും, അദ്ദേഹം ഇബ്നു ഉമറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതാണ്.”

ഇബ്നു വഹബ് رَحِمَهُ اللَّهُ പറയുന്നു: മദീനയിൽ ഒരാൾ വിളിച്ചുപറയുന്നത് ഞാൻ കേട്ടു: “മാലിക്കും ഇബ്നു അബീ ദിഅ്ബും അല്ലാതെ മറ്റാരും ജനങ്ങൾക്ക് ഫത്‌വ നൽകാൻ പാടില്ല.” അബൂ ഖുദാമ പറയുന്നു: “തന്റെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഹൃദിസ്ഥമാക്കിയ വ്യക്തിയാണ് മാലിക്.” ഇബ്നു അബ്ദിൽ ബർ അൽ-ഖുർത്വുബി رَحِمَهُ اللَّهُ പറയുന്നു: “70 വർഷത്തോളം അദ്ദേഹം ജനങ്ങൾക്ക് ഫത്‌വ നൽകുകയും പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കർമ്മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനത്തിലും താബിഉകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്.”

ഗാംഭീര്യവും ഹദീസിനോടുള്ള ആദരവും

ഇമാം മാലിക് رَحِمَهُ اللَّهُ സാധാരണക്കാർക്കിടയിലും ഭരണാധികാരികൾക്കിടയിലും വലിയ ഗാംഭീര്യമുള്ള (ഹൈബത്ത്) വ്യക്തിത്വമായിരുന്നു. അദ്ദേഹം തന്റെ അറിവിനെയും വ്യക്തിത്വത്തെയും പൂർണ്ണമായും സംരക്ഷിച്ചു. ഖലീഫമാരുടെ മുൻപിൽ നിൽക്കുന്നതുപോലെ ജനങ്ങൾ അദ്ദേഹത്തിന് മുൻപിൽ എഴുന്നേറ്റു നിൽക്കുമായിരുന്നു. ഭരണാധികാരികൾ പോലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞാണ് ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത്.

ഒരിക്കൽ ഖലീഫ അൽ-മൻസൂറിന്റെ സദസ്സിലേക്ക് ഇമാം മാലിക് കടന്നുവന്നു. ആ സമയത്ത് ഖലീഫയുടെ മകൻ സദസ്സിലേക്ക് വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഖലീഫ അൽ-മൻസൂർ ഇമാം മാലിക്കിനോട് ചോദിച്ചു: “ഇതാരാണെന്ന് താങ്കൾക്കറിയാമോ? ഇതെന്റെ മകനാണ്, താങ്കളോടുള്ള ഗാംഭീര്യം കാരണമാണ് അവൻ ഇപ്രകാരം ഭയക്കുന്നത്.” അദ്ദേഹത്തിന്റെ ഈ ഗാംഭീര്യത്തെക്കുറിച്ച് കവികൾ ഇപ്രകാരം പാടിയിട്ടുണ്ട്: “അദ്ദേഹം മറുപടി നൽകാൻ വിസമ്മതിച്ചാൽ, അദ്ദേഹത്തോടുള്ള ഗാംഭീര്യം കാരണം ആരും അത് ആവർത്തിച്ചു ചോദിക്കുകയില്ല. ചോദിക്കുന്നവർ അദ്ദേഹത്തിന് മുൻപിൽ തലകുനിച്ചു നിൽക്കും. അത് ഭരണാധികാരിയുടെ അധികാരപ്രമത്തത കൊണ്ടല്ല, മറിച്ച് ഭക്തിയുടെയും വിജ്ഞാനത്തിന്റെയും അധികാരമാണ്.”

ഇമാം മാലിക് رَحِمَهُ اللَّهُ ഹദീസ് പറയാൻ ഉദ്ദേശിച്ചാൽ ആദ്യം വുദു എടുക്കും, വിരിപ്പിന്റെ മുൻഭാഗത്ത് വന്നിരിക്കും, താടി ചീകിയൊതുക്കും, അങ്ങേയറ്റം ഗാംഭീര്യത്തോടെ സദസ്സിലിരുന്നിട്ടേ ഹദീസ് സംസാരിക്കുകയുള്ളൂ. ഇതെന്തിനാണെന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “റസൂൽ ﷺ യുടെ ഹദീസിനെ ആദരിക്കാനാണ് ഞാൻ ഇപ്രകാരം ചെയ്യുന്നത്. പൂർണ്ണമായ ശുദ്ധിയോടെ, ശാന്തമായി ഇരുന്നുകൊണ്ടല്ലാതെ ഞാൻ ഹദീസ് പറയുകയില്ല.” വഴിയിലൂടെ നടക്കുമ്പോഴോ, നിന്നുകൊണ്ടോ, ധൃതിയിലോ അദ്ദേഹം ഹദീസ് പറയാറില്ലായിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു: “റസൂൽ ﷺ യുടെ ഹദീസുകൾ ഞാൻ പറയുന്നതിന് മുൻപ് അതെനിക്ക് കൃത്യമായി മനസ്സിലാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

അദ്ദേഹത്തിന്റെ സൂക്ഷ്മത എത്രത്തോളമായിരുന്നെന്നാൽ, വാർദ്ധക്യ സഹജമായ ക്ഷീണമുണ്ടായിരുന്നിട്ടും മദീനയിൽ അദ്ദേഹം മൃഗത്തിന്റെ പുറത്ത് കയറി യാത്ര ചെയ്തിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു: “റസൂൽ ﷺ അന്ത്യവിശ്രമം കൊള്ളുന്ന ഈ ഭൂമിയിൽ മൃഗത്തിന്റെ പുറത്ത് കയറി സഞ്ചരിക്കാൻ ഞാൻ ലജ്ജിക്കുന്നു.”

അൽ-മുവത്വയും ഭരണാധികാരിയുടെ ആവശ്യവും

ഇമാം മാലിക്കിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് ‘അൽ-മുവത്വ’. മർഫൂഅ് ഹദീസുകൾ, സ്വഹാബികളുടെയും താബിഉകളുടെയും മൗഖൂഫ് അഥറുകൾ, എന്നിവക്കൊപ്പം അദ്ദേഹത്തിന്റെ ഇജ്തിഹാദുകളും ഉൾപ്പെടുന്ന മഹത്തായ ഗ്രന്ഥമാണിത്. ഖാളി ഇയാദ് رَحِمَهُ اللَّهُ പറയുന്നു: “ഇസ്‌ലാമിക ലോകത്ത് ഗ്രന്ഥരചനയുടെ വാതിൽ തുറന്നുകൊടുത്തതും, എങ്ങനെ ക്രോഡീകരിക്കണമെന്നും അധ്യായങ്ങൾ തിരിക്കണമെന്നും പഠിപ്പിച്ചു കൊടുത്തതും അദ്ദേഹമാണ്. പിൽക്കാലത്ത് വന്നവരെല്ലാം അദ്ദേഹത്തിന്റെ ഈ രീതിയാണ് പിൻപറ്റിയത്.”

അബ്ബാസി ഖലീഫ ഹാറൂൻ അർ-റഷീദ് മദീന സന്ദർശിച്ചപ്പോൾ ഈ ഗ്രന്ഥം കണ്ട് അത്ഭുതപ്പെടുകയും ഇത് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹം ഇമാം മാലിക്കിനോട് തന്റെ കൂടെ ഇറാഖിലേക്ക് വരാനും, ഈ ഗ്രന്ഥം ഇസ്‌ലാമിക ലോകം മുഴുവൻ നിയമമാക്കി നടപ്പിലാക്കാനും ഉദ്ദേശിക്കുന്നതായി അറിയിച്ചു. എന്നാൽ ഇമാം മാലിക് ആ ക്ഷണം വിനയപൂർവ്വം നിരസിച്ചു. തന്റെ ഗ്രന്ഥം ജനങ്ങളുടെ മേൽ നിർബന്ധമാക്കുന്നതിനെ എതിർത്തുകൊണ്ട് അങ്ങേയറ്റം സൂക്ഷ്മതയോടെ അദ്ദേഹം ഖലീഫയോട് പറഞ്ഞു: “അമീറുൽ മുഅ്മിനീൻ, അങ്ങനെ ചെയ്യരുത്. കാരണം സ്വഹാബികൾ വിവിധ നാടുകളിലേക്ക് പിരിഞ്ഞുപോവുകയും അവർ പല റിപ്പോർട്ടുകളും അവിടെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ജനങ്ങളെ അവർ വിശ്വസിക്കുന്ന കാര്യത്തിൽ വിട്ടേക്കുക.”

കർമ്മശാസ്ത്ര രീതിയും അടിസ്ഥാനങ്ങളും

ഇമാം മാലിക് رَحِمَهُ اللَّهُ വിന്റെ കർമ്മശാസ്ത്ര രീതി അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ പൊതുവായ അടിസ്ഥാനങ്ങളായ ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, സ്വഹീഹായ ഖിയാസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ അദ്ദേഹം മറ്റ് ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി സ്വീകരിച്ച ഒരു പ്രധാന അടിസ്ഥാനമാണ് ‘അമൽ അഹ്‌ലുൽ മദീന’ (മദീനക്കാരുടെ പ്രവർത്തനങ്ങൾ). ചില നിബന്ധനകളോടെ അദ്ദേഹം ഇതിനെ ഒരു തെളിവായി സ്വീകരിച്ചു. കാരണം മദീന മുഹാജിറുകളുടെയും അൻസാറുകളുടെയും നഗരമാണ്, പ്രവാചകത്വത്തിന്റെ അടയാളങ്ങൾ അവിടെ അവശേഷിക്കുന്നുണ്ടായിരുന്നു. അളവുകളും തൂക്കങ്ങളും ഉൾപ്പെടെയുള്ള പല കാര്യങ്ങളും മദീനയിൽ അതുപോലെ നിലനിന്നിരുന്നു.

ഇതിന് പുറമെ അൽ-മസ്വാലിഹുൽ മുർസല (പൊതുതാൽപര്യങ്ങൾ), ഉർഫ് (നാട്ടുനടപ്പ്), ആദാത്തുകൾ (പതിവുകൾ), സദ്ദുദ്ദറാഇഅ് (തിന്മയിലേക്കുള്ള വഴികൾ കൊട്ടിയടക്കൽ), ഇസ്തിഹ്‌സാൻ എന്നിവയും അദ്ദേഹത്തിന്റെ കർമ്മശാസ്ത്ര അടിസ്ഥാനങ്ങളായിരുന്നു.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ മദീനക്കാരുടെ മദ്ഹബിനെക്കുറിച്ച് പറയുന്നത് കാണുക: “മദീനക്കാരുടെ മദ്ഹബ്, അത് സുന്നത്തിന്റെയും ഹിജ്റയുടെയും നാടാണ്. അവിടെയാണ് അല്ലാഹു റസൂലിന് ﷺ ഇസ്‌ലാമിന്റെ സുന്നത്തുകളും നിയമങ്ങളും നിശ്ചയിച്ചുകൊടുത്തത്. മുഹാജിറുകൾ പാലായനം ചെയ്തെത്തിയതും, ഈമാൻ സ്വീകരിച്ച അൻസാറുകൾ ഉള്ളതും അവിടെയാണ്. പൂർവ്വകാല സ്വഹാബികളുടെയും താബിഉകളുടെയും കാലഘട്ടത്തിൽ കിഴക്കും പടിഞ്ഞാറുമുള്ള ഇസ്‌ലാമിക നഗരങ്ങളിലെ ഏറ്റവും ശരിയായ മദ്ഹബ് മദീനക്കാരുടേതായിരുന്നു.”

Share This Article
Leave a Comment