ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർക്കിടയിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് മഹാനായ ഇമാം ശാഫിഈ رَحِمَهُ اللَّهُ. അറിവിന്റെ മഹാസമുദ്രവും, അപാരമായ ബുദ്ധിശക്തിയുടെ ഉടമയുമായിരുന്നു അദ്ദേഹം. വിജ്ഞാനത്തോടൊപ്പം ഭാഷാപ്രാവീണ്യത്തിലും സാഹിത്യത്തിലും അദ്ദേഹം അത്യുന്നത നിലവാരം പുലർത്തിയിരുന്നു. “കവിത പണ്ഡിതന്മാർക്ക് ന്യൂനതയായിരുന്നില്ലെങ്കിൽ, ലബീദിനേക്കാൾ മികച്ച കവിയാകുമായിരുന്നു ഞാൻ” എന്ന അദ്ദേഹത്തിന്റെ കവിതാശകലം ഇതിനുള്ള വ്യക്തമായ തെളിവാണ്.
ജനനവും പശ്ചാത്തലവും
അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇദ്‌രീസ് ബിൻ അൽ-അബ്ബാസ് ബിൻ ഉസ്മാൻ ബിൻ ശാഫിഅ് ബിൻ അസ്സായിബ് അൽ-ഹാശിമി അൽ-ഖുറശി അൽ-മുത്തലിബി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. അദ്ദേഹത്തിന്റെ പിതാവ് ഉപജീവനം തേടി മക്കയിൽ നിന്ന് ഫലസ്തീനിലെ ഗസ്സയിലേക്ക് പോയി, എന്നാൽ മുഹമ്മദ് ജനിച്ച് അധികം വൈകാതെ അദ്ദേഹം അവിടെവെച്ച് മരണപ്പെട്ടു. അതിനാൽ ശാഫിഈ رَحِمَهُ اللَّهُ വളർന്നത് അനാഥനായും ദരിദ്രനായുമാണ്.
അദ്ദേഹം ശാഫിഈ എന്ന് അറിയപ്പെടാൻ കാരണം അദ്ദേഹത്തിന്റെ പിതാമഹനായ ശാഫിഅ് ബിൻ അസ്സായിബ് رَضِيَ اللَّهُ عَنْهُ ലേക്കുള്ള ചേർത്താണ്. അസ്സായിബ് ബദർ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെടുകയും പിന്നീട് മോചനദ്രവ്യം നൽകി സ്വതന്ത്രനാവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത സ്വഹാബിയാണ്. നബി ﷺ യുമായി അബ്ദുമനാഫിൽ അദ്ദേഹത്തിന്റെ പരമ്പര സംഗമിക്കുന്നു. മാതാവ് യമനിലെ അസ്ദ് ഗോത്രത്തിൽ നിന്നുള്ളവളാണെന്നും, അതല്ല അസദ് ഗോത്രത്തിൽ നിന്നാണെന്നും അഭിപ്രായങ്ങളുണ്ട്. ഏതായാലും അവർ ഖുറൈശി ആയിരുന്നില്ല, എന്നാൽ അതിബുദ്ധിമതിയായ ഒരു അറബ് വനിതയായിരുന്നു.
അദ്ദേഹത്തിന്റെ മാതാവിന്റെ ബുദ്ധിശക്തിയും കാര്യഗ്രഹണശേഷിയും വ്യക്തമാക്കുന്ന ഒരു ചരിത്രസംഭവമുണ്ട്. അവർ മറ്റൊരു സ്ത്രീയോടൊപ്പം മക്കയിലെ ഖാളിയുടെ മുൻപിൽ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സാക്ഷ്യം വഹിക്കാൻ ചെന്നു. അപ്പോൾ ഖാളി ഓരോരുത്തരെയും വേർതിരിച്ച് നിർത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചു. അപ്പോൾ അവർ പറഞ്ഞു: “അങ്ങനെ ചെയ്യാൻ താങ്കൾക്ക് അധികാരമില്ല. കാരണം അല്ലാഹു വചനം നൽകുന്നു:
أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ
“അവരിലൊരാൾക്ക് തെറ്റുപറ്റിയാൽ മറ്റവൾ ഓർമ്മിപ്പിക്കുവാൻ വേണ്ടിയാണിത്.” [സൂറത്തുൽ ബഖറ – 282]
ഇതുകണ്ട ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رَحِمَهُ اللَّهُ പറഞ്ഞു: “ഇത് വളരെ അപൂർവ്വവും ശക്തവുമായ ഒരു കർമ്മശാസ്ത്ര നിഗമനമാണ് (ഇസ്തിംബാത്വ്).” അത്തരമൊരു മാതാവിന്റെ തണലിലാണ് അദ്ദേഹം വളർന്നത്.
ബാല്യകാലവും വിജ്ഞാനാന്വേഷണവും
ഹിജ്റ 150-ലാണ് അദ്ദേഹം ജനിച്ചത്. ഇമാം അബൂഹനീഫ رَحِمَهُ اللَّهُ മരണപ്പെട്ട അതേ വർഷമാണിത്. അദ്ദേഹം പറയുന്നു: “എനിക്ക് പത്ത് വയസ്സുള്ളപ്പോൾ ഉമ്മ എന്നെ മക്കയിലേക്ക് കൊണ്ടുവന്നു. അവിടെ എന്റെ ഒരു ബന്ധുവിനോടൊപ്പം ഞാൻ താമസിച്ചു. എന്റെ താല്പര്യം അറിവ് നേടുന്നതിലായിരുന്നു.” ഇമാം ശാഫിഈ رَحِمَهُ اللَّهُ വിന്റെ ശിഷ്യനായ അർ-റബീഅ് ബിൻ സുലൈമാൻ رَحِمَهُ اللَّهُ പറയുന്നു: “ഗസ്സയിലോ അസ്ഖലാനിലോ ആണ് അദ്ദേഹം ജനിച്ചത്. അവിടെ രണ്ട് വർഷം നിന്നതിന് ശേഷമാണ് മക്കയിലേക്ക് കൊണ്ടുവരപ്പെട്ടത്.”
മക്കയിൽ എത്തിയ അദ്ദേഹം സുഫ്‌യാൻ ബിൻ ഉയൈന رَحِمَهُ اللَّهُ വിൽ നിന്നും ഖുർആൻ പഠിച്ചു. അദ്ദേഹത്തിന്റെ ഓർമ്മശക്തി അപാരമായിരുന്നു. അദ്ദേഹം പറയുന്നു: “മദ്രസയിൽ വെച്ച് അധ്യാപകൻ കുട്ടികൾക്ക് ആയത്തുകൾ ഓതിക്കൊടുക്കുന്നത് കേൾക്കുമ്പോൾ ഞാൻ അത് മനഃപാഠമാക്കുമായിരുന്നു. അവർ എഴുതിത്തീരുന്നതിന് മുൻപ് തന്നെ ഞാൻ അതെല്ലാം ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ഇത് കണ്ട് അധ്യാപകൻ എന്നോട് പറഞ്ഞു: താങ്കളിൽ നിന്നും ഫീസ് വാങ്ങാൻ എനിക്കനുവാദമില്ല.” ദാരിദ്ര്യം കാരണം എല്ലിൻകഷ്ണങ്ങളിലും മൃഗങ്ങളുടെ തോലുകളിലും ഈന്തപ്പന മടലുകളിലുമായിരുന്നു അദ്ദേഹം അറിവുകൾ എഴുതിവെച്ചിരുന്നത്. അതിനായി അദ്ദേഹം സർക്കാർ ഓഫീസുകളിൽ (ദീവാൻ) പോയി ഉപയോഗശൂന്യമായ കടലാസുകൾ ശേഖരിക്കുമായിരുന്നു.
ഹുദൈൽ ഗോത്രത്തിലെ ജീവിതം
അറബി ഭാഷയും സാഹിത്യവും പഠിക്കാൻ അദ്ദേഹം ഹുദൈൽ ഗോത്രത്തിൽ 17 വർഷത്തോളം ജീവിച്ചു. അക്കാലത്തെ ഏറ്റവും സാഹിത്യമുള്ള (ഫസ്വീഹായ) ഗോത്രമായിരുന്നു ഹുദൈൽ. അവർ യാത്ര ചെയ്യുമ്പോൾ അവരോടൊപ്പം യാത്ര ചെയ്യുകയും, അവർ ഇറങ്ങുമ്പോൾ അവരോടൊപ്പം ഇറങ്ങുകയും ചെയ്തു. പിന്നീട് മക്കയിൽ തിരിച്ചെത്തിയ അദ്ദേഹം കവിതകളും സാഹിത്യവും സദസ്സുകളിൽ അവതരിപ്പിക്കാൻ തുടങ്ങി. അപ്പോൾ സുബൈർ ഗോത്രക്കാരനായ ഒരു ബന്ധു അദ്ദേഹത്തോട് പറഞ്ഞു: “അല്ലയോ അബൂ അബ്ദില്ലാഹ്, ഈ ഭാഷാപ്രാവീണ്യത്തിനും ബുദ്ധിശക്തിക്കുമൊപ്പം താങ്കൾക്ക് കർമ്മശാസ്ത്രം കൂടി ഉണ്ടായിരുന്നെങ്കിൽ താങ്കൾ ഈ കാലഘട്ടത്തിലെ നേതാവാകുമായിരുന്നു. കവിതകളിൽ മാത്രം ഒതുങ്ങിക്കൂടുന്നത് എനിക്ക് സങ്കടമുണ്ടാക്കുന്നു.”
ശാഫിഈ رَحِمَهُ اللَّهُ ചോദിച്ചു: “ഇന്ന് ആരെ തേടിയാണ് ഞാൻ പോകേണ്ടത്?” അദ്ദേഹം പറഞ്ഞു: “മദീനയിലെ ഇമാം മാലിക്കിനെ തേടിപ്പോകുക.” ഈ ഉപദേശം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി മാറി.
ഇമാം മാലിക്കിനെ തേടിയുള്ള യാത്ര
ഈ ഉപദേശം കേട്ടയുടനെ അദ്ദേഹം മക്കയിലുള്ള ഒരാളിൽ നിന്നും ‘അൽ-മുവത്വ’ എന്ന ഗ്രന്ഥം കടം വാങ്ങി വെറും 9 രാത്രികൾ കൊണ്ട് അത് മനഃപാഠമാക്കി. പിന്നീട് മക്കയിലെ ഗവർണറുടെ കത്തുമായി അദ്ദേഹം മദീനയിലെ ഗവർണറുടെ അടുത്തേക്ക് പോയി. മദീനയിലെ ഗവർണർ ആ കത്ത് വായിച്ചുകൊണ്ട് പറഞ്ഞു: “മക്കയിൽ നിന്നും മദീന വരെ കാൽനടയായി പോകുന്നതാണ് മാലിക് ബിൻ അനസിന്റെ വാതിലിലേക്ക് പോകുന്നതിനേക്കാൾ എനിക്ക് എളുപ്പം. അദ്ദേഹത്തിന്റെ മുൻപിൽ നിൽക്കുന്നത് എനിക്ക് വലിയ പ്രയാസമാണ്.”
എങ്കിലും അവർ ഒന്നിച്ച് ഇമാം മാലിക്കിന്റെ വീട്ടിലെത്തി. വാതിലിൽ മുട്ടിയപ്പോൾ ഒരു അടിമസ്ത്രീ പുറത്തുവന്നു. ഗവർണർ വിവരമറിയിച്ചപ്പോൾ അവൾ അകത്തുപോയി തിരികെ വന്ന് പറഞ്ഞു: “അദ്ദേഹം താങ്കൾക്ക് സലാം പറയുന്നു. മതവിധികളാണ് ചോദിക്കാനുള്ളതെങ്കിൽ കടലാസിൽ എഴുതി നൽകുക, മറുപടി നൽകാം. അല്ലാതെ ഹദീസ് പഠിക്കാനാണെങ്കിൽ അതിനുള്ള സദസ്സ് എപ്പോഴാണെന്ന് താങ്കൾക്കറിയാമല്ലോ.” അപ്പോൾ ഗവർണർ പറഞ്ഞു: “മക്കയിലെ ഗവർണറുടെ ഒരു പ്രധാനപ്പെട്ട കത്ത് നൽകാനുണ്ടെന്ന് പറയുക.” അങ്ങനെ അവർക്ക് ഇമാം മാലിക്കിന്റെ സദസ്സിലേക്ക് പ്രവേശനം ലഭിച്ചു.
ഗവർണർ കത്ത് നൽകി. കത്തിൽ ശുപാർശയാണെന്ന് കണ്ടപ്പോൾ ഇമാം മാലിക് ദേഷ്യപ്പെട്ടുകൊണ്ട് കത്ത് താഴെയിട്ട് പറഞ്ഞു: “സുബ്ഹാനല്ലാഹ്! റസൂൽ ﷺ യുടെ വിജ്ഞാനം ഇത്തരം ശുപാർശകളിലൂടെയാണോ ഇപ്പോൾ നേടുന്നത്?” അപ്പോൾ ശാഫിഈ رَحِمَهُ اللَّهُ മുന്നോട്ടുവന്ന് തന്റെ കഥയും പശ്ചാത്തലവും വിശദീകരിച്ചു. അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ ഇമാം മാലിക് അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ചോദിച്ചു: “നിന്റെ പേരെന്താണ്?” അദ്ദേഹം പറഞ്ഞു: “മുഹമ്മദ്.” അപ്പോൾ ഇമാം മാലിക് പറഞ്ഞു: “അല്ലയോ മുഹമ്മദ്, നീ അല്ലാഹുവിനെ സൂക്ഷിക്കുക, പാപങ്ങൾ വെടിയുക. നിനക്ക് വരുംകാലങ്ങളിൽ മഹത്തായ ഒരു സ്ഥാനമുണ്ടാകും. നാളെ വരിക, നിനക്ക് വായിക്കാൻ ഒരാളെ നിശ്ചയിക്കാം.”
ശാഫിഈ رَحِمَهُ اللَّهُ പറഞ്ഞു: “ഞാൻ തന്നെ വായിച്ചുകൊള്ളാം.” പിറ്റേദിവസം മുതൽ അദ്ദേഹം അൽ-മുവത്വ കാണാതെ ഓതിക്കൊടുത്തു. അദ്ദേഹത്തിന്റെ വായനയും ഭാഷാസ്ഫുടതയും കണ്ട് ഇമാം മാലിക് അത്ഭുതപ്പെടുകയും “കൂടുതൽ വായിക്കൂ” എന്ന് ആവശ്യപ്പെടുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അൽ-മുവത്വ ഓതിത്തീർത്തു. ഇമാം മാലിക് മരണപ്പെടുന്നത് വരെ ശാഫിഈ رَحِمَهُ اللَّهُ അദ്ദേഹത്തോടൊപ്പം മദീനയിൽ തുടർന്നു.
അറിവിനോടുള്ള ആർത്തി
അറിവിനോടുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “പുതിയൊരു അറിവ് ഞാൻ കേൾക്കുമ്പോൾ, ആ അറിവ് ആസ്വദിക്കാൻ വേണ്ടി എന്റെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ചെവികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.” അതിനോടുള്ള ആർത്തി എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “പിശുക്കനായ ഒരാൾ സമ്പത്ത് വാരിക്കൂട്ടുന്നതുപോലെയുള്ള ആർത്തി.” എങ്ങനെയാണ് താങ്കൾ അറിവ് അന്വേഷിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തന്റെ ഒരേയൊരു മകനെ നഷ്ടപ്പെട്ട മാതാവ് അവനെ അന്വേഷിച്ചു നടക്കുന്നതുപോലെ.”
ഗുരുക്കന്മാരും ശിഷ്യന്മാരും
മക്കയിൽ വെച്ച് അവിടത്തെ മുഫ്തിയായിരുന്ന മുസ്‌ലിം ബിൻ ഖാലിദ് അസ്സൻജി, സുഫ്‌യാൻ ബിൻ ഉയൈന, സഈദ് ബിൻ സാലിം, അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് رَحِمَهُمُ اللَّهُ തുടങ്ങിയവരിൽ നിന്നും അദ്ദേഹം അറിവ് നേടി. അവർ അദ്ദേഹത്തിന്റെ സൂക്ഷ്മതക്കും ബുദ്ധിക്കും ചെറുപ്പത്തിൽ തന്നെ സാക്ഷ്യം വഹിച്ചവരായിരുന്നു. യൗവനത്തിന്റെ ചോരത്തിളപ്പിൽ കാണിക്കുന്ന അബദ്ധങ്ങൾ (സ്വാബ്‌വഃ) അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. മദീനയിൽ വെച്ച് ഇബ്രാഹീം ബിൻ സഅ്ദ് അൽ-അൻസാരി, അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അദ്ദറാവർദി, ഇബ്രാഹീം ബിൻ അബീ യഹ്‌യ, അബ്ദുല്ല ബിൻ നാഫിഅ് رَحِمَهُمُ اللَّهُ എന്നിവരിൽ നിന്നും പഠിച്ചു. പിന്നീട് യമനിലേക്ക് പോയ അദ്ദേഹം അവിടെവെച്ച് മുത്വരിഫ് ബിൻ മാസിൻ, ഹിശാം ബിൻ യൂസുഫ്, അംറ് ബിൻ അബീ സലമ رَحِمَهُمُ اللَّهُ എന്നിവരിൽ നിന്ന് അറിവ് നേടി. ഈജിപ്തിലേക്ക് പോകുന്നതിന് മുൻപായി അദ്ദേഹം ഇറാഖിലേക്ക് പോവുകയും അവിടെവെച്ച് വകീഅ് ബിൻ അൽ-ജർറാഹ്, ഹമ്മാദ് ബിൻ ഉസാമ, ഇസ്മാഈൽ ബിൻ ഉലയ്യ, മുഹമ്മദ് ബിൻ അൽ-ഹസൻ അശ്ശൈബാനി രَحِمَهُمُ اللَّهُ തുടങ്ങിയവരിൽ നിന്ന് അറിവ് കരസ്ഥമാക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എണ്ണമറ്റതാണ്. അവരിൽ പ്രധാനികൾ ഇമാം അഹ്‌മദ് ബിൻ ഹൻബൽ, സുലൈമാൻ ബിൻ ദാവൂദ് അൽ-ഹാശിമി, അബ്ദുല്ല ബിൻ അസ്സുബൈർ അൽ-ഹുമൈദി (ഇമാം ബുഖാരിയുടെ ശൈഖ്), അൽ-ഹുസൈൻ അൽ-കറാബീസി, അബൂ യഅ്ഖൂബ് യൂസുഫ് ബിൻ യഹ്‌യ അൽ-ബുവൈത്വി, അൽ-ഹസൻ ബിൻ മുഹമ്മദ് അസ്സഅ്ഫറാനി, അബൂ ഥൗർ ഇബ്രാഹീം ബിൻ ഖാലിദ് അൽ-കൽബി, ഇസ്മാഈൽ ബിൻ യഹ്‌യ അൽ-മുസനി, അർ-റബീഅ് ബിൻ സുലൈമാൻ അൽ-മുറാദി, യൂനുസ് ബിൻ അബ്ദുൽ അഅ്‌ലാ رَحِمَهُمُ اللَّهُ എന്നിവരാണ്.
പണ്ഡിതന്മാരുടെ പ്രശംസ
ഇമാം ശാഫിഈ رَحِمَهُ اللَّهُ വിന്റെ പാണ്ഡിത്യത്തെക്കുറിച്ച് സമകാലികരായ പണ്ഡിതന്മാർ അങ്ങേയറ്റം പ്രശംസിച്ചിട്ടുണ്ട്.
ഇമാം അഹ്‌മദ് رَحِمَهُ اللَّهُ പറയുന്നു: “ശാഫിഈ ഈ ലോകത്തിന് സൂര്യനെപ്പോലെയും, ശരീരത്തിന് ആരോഗ്യം പോലെയുമാണ്. ഇവ രണ്ടിനും പകരമായി മറ്റെന്തെങ്കിലുമുണ്ടോ?” വീണ്ടും ഇമാം അഹ്‌മദ് പറയുന്നു: “ശാഫിഈ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഹദീസിന്റെ ഫിഖ്ഹ് മനസ്സിലാക്കുമായിരുന്നില്ല.” ഇമാം ശാഫിഈ മദീനയിലെ ഹദീസ് വിജ്ഞാനവും ഇറാഖിലെ കർമ്മശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ കർമ്മശാസ്ത്ര രീതിക്ക് രൂപം നൽകിയിരുന്നു.
ഇസ്ഹാഖ് ബിൻ റാഹവൈഹി رَحِمَهُ اللَّهُ വിനോട് ഇമാം അഹ്‌മദ് പറഞ്ഞു: “വരൂ, താങ്കൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ ഞാൻ കാണിച്ചുതരാം.” ശാഫിഈയെ കണ്ടതിന് ശേഷം ഇസ്ഹാഖ് ബിൻ റാഹവൈഹി പറഞ്ഞു: “അദ്ദേഹം പണ്ഡിതന്മാരുടെ ഇമാമാണ്. അദ്ദേഹം സ്വന്തം അഭിപ്രായം പറഞ്ഞാൽ പോലും മറ്റുള്ളവരേക്കാൾ പിഴവുകൾ കുറവുള്ളത് അദ്ദേഹത്തിനാണ്.”
ഇമാം അഹ്‌മദ് ശാഫിഈയുടെ കോവർകഴുതയുടെ കൂടെ നടക്കുന്നത് കേട്ടപ്പോൾ യഹ്‌യ ബിൻ മഈൻ رَحِمَهُ اللَّهُ അദ്ദേഹത്തെ വിമർശിച്ചു. അപ്പോൾ ഇമാം അഹ്‌മദ് മറുപടി പറഞ്ഞു: “താങ്കൾ അദ്ദേഹത്തിന്റെ കോവർകഴുതയുടെ മറുവശത്ത് നടന്നിരുന്നെങ്കിൽ താങ്കൾക്കത് കൂടുതൽ ഉപകാരപ്രദമാകുമായിരുന്നു.”
യൂനുസ് ബിൻ അബ്ദുൽ അഅ്‌ലാ പറയുന്നു: “ഈ ഉമ്മത്തിനെ മുഴുവൻ ഒരുമിച്ചുകൂട്ടിയാലും അവരെയെല്ലാം ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് ശാഫിഈയുടെ ബുദ്ധി.”
അർ-റബീഅ് ബിൻ സുലൈമാൻ പറയുന്നു: “ഭൂമിയിലെ പകുതി ആളുകളുടെ ബുദ്ധിയോട് ശാഫിഈയുടെ ബുദ്ധി തൂക്കിനോക്കിയാലും അദ്ദേഹത്തിന്റെ ബുദ്ധി മുൻതൂക്കം നേടും.”
അബൂ ദാവൂദ് അസ്സിജിസ്താനി പറയുന്നു: “ശാഫിഈയുടെ ഒരു ഹദീസിലും അദ്ദേഹത്തിന് തെറ്റ് പറ്റിയതായി എനിക്കറിയില്ല.”
സാഹിത്യകാരനായ അൽ-ജാഹിസ് പറയുന്നു: “ശാഫിഈയെക്കാൾ മികച്ച രചനകൾ മറ്റാരുടേതും ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ മുത്തുകൾ കോർത്തുവെച്ചതുപോലെയാണ്.”
ആരാധനകളും സൂക്ഷ്മതയും
അറിവിനോടൊപ്പം തന്നെ വലിയ ആരാധനാ നിരതനായിരുന്നു അദ്ദേഹം. പ്രവർത്തിക്കാത്ത അറിവ് ഉപകാരപ്പെടുകയില്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അല്ലാഹു വചനം നൽകുന്നു:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ * كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ
“സത്യവിശ്വാസികളേ, നിങ്ങൾ പ്രവർത്തിക്കാത്തതെന്തിനാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ പ്രവർത്തിക്കാത്തത് നിങ്ങൾ പറയുക എന്നത് അല്ലാഹുവിന്റെ അടുക്കൽ വലിയ കോപത്തിന് കാരണമായിരിക്കുന്നു.” [സൂറത്തുസ്സ്വഫ്ഫ് – 2, 3]
അദ്ദേഹത്തിന്റെ ശിഷ്യനായ അർ-റബീഅ് പറയുന്നു: “ഇമാം ശാഫിഈ രാത്രിയെ മൂന്നായി വിഭജിച്ചിരുന്നു. ആദ്യത്തെ മൂന്നിലൊന്ന് ഗ്രന്ഥരചനക്കും, രണ്ടാമത്തെ ഭാഗം നമസ്കാരത്തിനും, മൂന്നാമത്തെ ഭാഗം ഉറങ്ങാനുമായിരുന്നു.” അൽ-മുസനി പറയുന്നു: “ഇമാം ശാഫിഈ രാത്രിയിൽ ഖുർആൻ പാരായണം ചെയ്യുന്നത് നമസ്കാരത്തിൽ വെച്ച് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.”
അദ്ദേഹത്തിന്റെ ഖുർആൻ പാരായണം അങ്ങേയറ്റം മനോഹരവും ഹൃദയസ്പർശിയുമായിരുന്നു. ബഹ്ർ ബിൻ നുസൈർ പറയുന്നു: “ഞങ്ങൾക്ക് കരയണമെന്ന് തോന്നുമ്പോൾ ഞങ്ങൾ ആ മുത്തലിബിയുടെ (ശാഫിഈയുടെ) അടുക്കൽ ഖുർആൻ കേൾക്കാൻ പോകും. അദ്ദേഹം ഖുർആൻ പാരായണം ചെയ്താൽ ജനങ്ങൾ കൂട്ടത്തോടെ കരയാൻ തുടങ്ങും. അവരുടെ കരച്ചിൽ കൂടുമ്പോൾ അദ്ദേഹം പാരായണം നിർത്തും.” ഇത്രമാത്രം അല്ലാഹുവിനെ ഭയക്കുന്ന, സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു ഇമാം ശാഫിഈ رَحِمَهُ اللَّهُ.

