ഇമാം തിർമിദി

3 Min Read

ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി

ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഹദീസ് വിജ്ഞാന ശാഖയിലെ അതുല്യ പ്രതിഭയുമാണ് ഇമാം തിർമിദി رَحِمَهُ اللَّهُ. പ്രവാചക സുന്നത്തുകളെ സംരക്ഷിക്കുന്നതിലും, ഹദീസുകളിലെ ന്യൂനതകൾ കണ്ടെത്തുന്നതിലും, ഹദീസുകളുടെ ആധികാരികത നിർണ്ണയിക്കുന്നതിലും അദ്ദേഹം അദ്വിതീയനായിരുന്നു. കർമ്മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ഇസ്‌ലാമിക പൈതൃകത്തിലെ സുവർണ്ണ അധ്യായങ്ങളാണ്. സുന്നത്തിനെ സംരക്ഷിക്കുകയും, ദുർബലമായവയെ വേർതിരിക്കുകയും ചെയ്ത അദ്ദേഹം ഇസ്‌ലാമിക സമുദായം എക്കാലത്തും പിൻപറ്റുന്ന മഹാപണ്ഡിതന്മാരിൽ ഒരാളാണ്.

പേരും ജനനവും

മുഹമ്മദ് ബിൻ ഈസാ ബിൻ സൗറ ബിൻ മൂസാ ബിൻ അദ്ദഹ്ഹാക് അസ്സുലമി അത്തിർമിദി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. അവസാന കാലത്ത് അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടതിനാൽ ‘അദ്ദരീർ’ (അന്ധൻ) എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ജന്മനാ അന്ധനായിരുന്നു എന്ന വാദം ചരിത്രപരമായി ശരിയല്ല. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹത്തിന് ഈ പരീക്ഷണം നേരിടേണ്ടി വന്നത്.

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ ഹിജ്റ 209 ദുൽഹജ്ജ് മാസത്തിലാണ് അദ്ദേഹം ജനിച്ചത്. തിർമിദ് പ്രവിശ്യയിലെ ‘ബൂഗ്’ (بوغ) എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അതിനാൽ അദ്ദേഹം ‘അൽ-ബൂഗി’ എന്നും അറിയപ്പെടുന്നു. വിജ്ഞാനാന്വേഷണത്തിലേക്ക് പൂർണ്ണമായി തിരിയുന്നതിന് മുമ്പ്, ചില സുഹൃത്തുക്കളോടൊപ്പം സോപ്പ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ‘അസ്സ്വാബൂനി’ എന്നൊരു അപരനാമവും അദ്ദേഹത്തിനുണ്ടായിരുന്നു.

താരതമ്യ കർമ്മശാസ്ത്രവും ഗ്രന്ഥരചനയും

ഇമാം തിർമിദി رَحِمَهُ اللَّهُ വിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ഹദീസ് ഗ്രന്ഥം (ജാമിഉത്തിർമിദി / സുനൻ അത്തിർമിദി). കേവലം ഹദീസുകൾ ക്രോഡീകരിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, മറിച്ച് ആ ഹദീസുകളിൽ നിന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ കണ്ടെത്തിയ മതവിധികളും, അവരുടെ അഭിപ്രായ വ്യത്യാസങ്ങളും, അതിനുള്ള തെളിവുകളും അദ്ദേഹം കൃത്യമായി രേഖപ്പെടുത്തി.

ഇന്ന് ഇസ്‌ലാമിക സർവ്വകലാശാലകളിൽ വ്യവഹാരത്തിലുള്ള ‘താരതമ്യ കർമ്മശാസ്ത്രം’ (അൽ-ഫിഖ്ഹുൽ മുഖാരിൻ) എന്ന അക്കാദമിക ശൈലിക്ക് ആദ്യമായി കൃത്യമായൊരു രൂപം നൽകിയത് ഇമാം തിർമിദി رَحِمَهُ اللَّهُ ആണെന്ന് നിസ്സംശയം പറയാം. കാലക്രമേണ അന്യംനിന്നുപോയ പല കർമ്മശാസ്ത്ര സരണികളും (മദ്ഹബുകൾ) അദ്ദേഹം തന്റെ ഗ്രന്ഥത്തിലൂടെ സംരക്ഷിച്ച് നിർത്തി. ഇമാം അൽ-ഔസാഈ, സുഫ്‌യാൻ അഥൗരി رَحِمَهُمُ اللَّهُ എന്നിവരുടെ മദ്ഹബുകളും, ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ വിന്റെ പഴയ മദ്ഹബും ഇപ്രകാരം സംരക്ഷിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ഇമാം ഇബ്നു റജബിന്റെ നിരീക്ഷണം

ഇമാം തിർമിദി رَحِمَهُ اللَّهُ വിന്റെ രചനാശൈലിയെക്കുറിച്ച് ഇമാം ഇബ്നു റജബ് رَحِمَهُ اللَّهُ പറയുന്നത് കാണുക: “അബൂ ഈസാ അത്തിർമിദി തന്റെ ഗ്രന്ഥത്തിൽ സുഫ്‌യാൻ അഥൗരി, ഇബ്നുൽ മുബാറക്, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്‌മദ്‌, ഇസ്ഹാഖ് ബിൻ റാഹവൈഹി രَحِمَهُمُ اللَّهُ തുടങ്ങിയ പ്രമുഖരായ ഹദീസ് പണ്ഡിതന്മാരുടെ മദ്ഹബുകൾ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അവിടെയെല്ലാം അവരുടെ പരമ്പരകൾ (അസാനീദ്) പൂർണ്ണമായി നൽകുന്നതിന് പകരം സംക്ഷിപ്തമായാണ് അദ്ദേഹം നൽകിയിട്ടുള്ളത്. അദ്ദേഹത്തിന് ഇതിനേക്കാൾ ബൃഹത്തായ മറ്റൊരു ഗ്രന്ഥം ഉണ്ടായിരുന്നിരിക്കാം; അതിൽ മർഫൂഅ് (നബിയിലേക്ക് ചേർക്കപ്പെട്ടവ), മൗഖൂഫ് (സ്വഹാബികളിലേക്ക് ചേർക്കപ്പെട്ടവ) ആയ മുഴുവൻ നിവേദനങ്ങളും പൂർണ്ണമായ പരമ്പരയോടെ തന്നെ നൽകിയിട്ടുണ്ടാകും. എന്നാൽ നിലവിലുള്ള ഈ ഗ്രന്ഥം പ്രധാനമായും മർഫൂആയ ഹദീസുകൾക്ക് വേണ്ടിയുള്ളതായതിനാൽ മൗഖൂഫായവ വളരെ കുറച്ചേ അദ്ദേഹം ഇതിൽ നൽകിയിട്ടുള്ളൂ.”

വിയോഗം

ഭൂമിയിലുള്ള ഏതൊരു ജീവിക്കും മരണം അനിവാര്യമാണ്. കവി പാടിയതുപോലെ, മരണം എല്ലാ ജീവികളുടെയും അവസാനത്തെ ലക്ഷ്യസ്ഥാനവും ഭൂമിയിലുള്ളവർക്കെല്ലാമുള്ള വിളിയാളവുമാണ്. മഹാനായ ആ പണ്ഡിതനും തന്റെ അവധി വന്നെത്തി. അല്ലാഹുവിന്റെ വിധിയനുസരിച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഈ സമുദായത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ വിജ്ഞാന സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടുന്നതാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

Share This Article
Leave a Comment