ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
അല്ലാഹു തന്റെ നാമം ലോകത്ത് നിലനിർത്തുകയും അദ്ദേഹത്തിന്റെ വിജ്ഞാനത്തെ ലോകത്തിന് ഉപകാരപ്രദമാക്കുകയും ചെയ്ത മഹാനായ പണ്ഡിതനാണ് ഇമാം മുസ്‌ലിം رَحِمَهُ اللَّهُ. ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ അതികായനായ അദ്ദേഹം അൽ-ഹാഫിള് (മനഃപാഠമുള്ളവൻ), അൽ-മുജവ്വിദ് (കൃത്യതയുള്ളവൻ), അൽ-ഹുജ്ജ (ആധികാരിക തെളിവ്), അസ്സ്വാദിഖ് (സത്യസന്ധൻ) എന്നീ വിശേഷണങ്ങളാലാണ് അറിയപ്പെടുന്നത്. ഇസ്‌ലാമിക ലോകത്ത് ഇമാം ബുഖാരിയുടെ പേര് പറയപ്പെടുന്നിടത്തെല്ലാം, അതിനോട് ചേർന്നുതന്നെ ഇമാം മുസ്‌ലിമിന്റെ പേരും പരാമർശിക്കപ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ പദവിയെ വിളിച്ചറിയിക്കുന്നു.
പേരും ജനനവും പശ്ചാത്തലവും
അബൂ അൽ-ഹുസൈൻ മുസ്‌ലിം ബിൻ അൽ-ഹജ്ജാജ് ബിൻ മുസ്‌ലിം ബിൻ വർദ് അൽ-ഖുശൈരി അന്നൈസാപൂരി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ഖുശൈർ ബിൻ കഅ്ബ് ബിൻ റബീഅ ബിൻ ആമിർ ബിൻ സഅ്സ്വഅ എന്ന പ്രശസ്തമായ അറബ് ഗോത്രത്തിലേക്കാണ് അദ്ദേഹം ചേർക്കപ്പെടുന്നത്. ഒട്ടനവധി പണ്ഡിതന്മാർ ഈ ഗോത്രത്തിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്.
കിഴക്കൻ ഭൂപ്രദേശമായ ഖുറാസാനിലെ (ഇന്നത്തെ ഇറാനിൽ ഉൾപ്പെടുന്ന) നൈസാപൂർ എന്ന നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ഖുറാസാനിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണിത്. അറിവിനും നന്മക്കും പേരുകേട്ട ആ നാട്, ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വലിയ ഉപകാരങ്ങൾ നൽകിയ ഒട്ടനവധി പണ്ഡിതന്മാർക്ക് ജന്മം നൽകിയിട്ടുണ്ട്.
ഈ സന്ദർഭത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രവസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. ‘മാ വറാഅന്നഹ്ർ’ (ട്രാൻസെക്സിയാന / നദിക്കപ്പുറമുള്ള നാടുകൾ) എന്നറിയപ്പെടുന്ന പ്രദേശങ്ങളിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരെല്ലാം അറബികളല്ലാത്തവരാണെന്ന് ധരിക്കരുത്. ഹദീസ് പണ്ഡിതന്മാരിൽ ഭൂരിഭാഗം പേരും യഥാർത്ഥത്തിൽ അറബ് ഗോത്രങ്ങളിലേക്ക് തന്നെ വേരുകളുള്ളവരാണ്. ഇസ്‌ലാമിക വിജയങ്ങളുടെയും ഇസ്‌ലാമിക പ്രബോധനത്തിനായുള്ള പലായനങ്ങളുടെയും ഫലമായി അറബികളായ ധാരാളം പേർ ആ പ്രദേശങ്ങളിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. ആ അറബ് പാരമ്പര്യത്തിൽ നിന്നുള്ളവരാണ് ഇമാം മുസ്‌ലിം رَحِمَهُ اللَّهُ.
സ്വഹീഹുൽ മുസ്‌ലിമിലെ ഉൾക്കാഴ്ച
ഇമാം മുസ്‌ലിം رَحِمَهُ اللَّهُ തന്റെ പ്രശസ്തമായ ഹദീസ് ഗ്രന്ഥമായ ‘സ്വഹീഹ് മുസ്‌ലിം’ ക്രോഡീകരിക്കുന്നതിൽ കാണിച്ച അസാമാന്യമായ പാടവവും ബുദ്ധിശക്തിയും ഏറെ അത്ഭുതകരമാണ്. ഹദീസുകൾ അവയുടെ കൃത്യമായ അധ്യായങ്ങളിൽ നൽകുന്നതിലൂടെ അദ്ദേഹം അതിലെ കർമ്മശാസ്ത്രവും തന്റെ അഖീദയും വ്യക്തമാക്കുന്നുണ്ട്.
ഇതിനൊരു ഉദാഹരണമാണ് മുആവിയ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് വന്ന ഒരു ഹദീസും അത് ഇമാം മുസ്‌ലിം കൈകാര്യം ചെയ്ത രീതിയും. ഒരിക്കൽ മുആവിയ رَضِيَ اللَّهُ عَنْهُ വിനെക്കുറിച്ച് പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞു: «لَا أَشْبَعَ اللَّهُ بَطْنَهُ» (അല്ലാഹു അദ്ദേഹത്തിന്റെ വയറ് നിറക്കാതിരിക്കട്ടെ). അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അഖീദക്ക് വിരുദ്ധമായി മുആവിയ رَضِيَ اللَّهُ عَنْهُ വിനെ വിമർശിക്കുന്നവർ ഈ ഹദീസ് അവർക്കൊരു തെളിവായി ഉന്നയിക്കാറുണ്ട്. എന്നാൽ ഇമാം മുസ്‌ലിം رَحِمَهُ اللَّهُ ഈ ഹദീസിനെ നൽകിയിരിക്കുന്ന അധ്യായത്തിന്റെ പേര് അങ്ങേയറ്റം ശ്രദ്ധേയമാണ്. “പ്രവാചകൻ ﷺ ആർക്കെങ്കിലുമെതിരെ പ്രാർത്ഥിക്കുകയോ അവരെ ശകാരിക്കുകയോ ചെയ്യുകയും, അവർ അതിന് അർഹരായിരിക്കാതിരിക്കുകയും ചെയ്താൽ, അത് അവർക്കൊരു പാപമോചനവും പ്രതിഫലവും പുണ്യവുമാക്കി അല്ലാഹു മാറ്റുന്നതാണ്” എന്ന അധ്യായത്തിലാണ് ഈ ഹദീസ് അദ്ദേഹം കൊണ്ടുവന്നത്.
മാത്രമല്ല, ഈ ഹദീസിന് തൊട്ടുപിന്നാലെ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കൂടി അദ്ദേഹം ഉദ്ധരിക്കുന്നു. റസൂൽ ﷺ പ്രാർത്ഥിച്ചു:
«اللَّهُمَّ إِنَّمَا أَنَا بَشَرٌ، فَأَيُّمَا عَبْدٍ سَبَبْتُهُ أَوْ جَلَدْتُهُ أَوْ دَعَوْتُ عَلَيْهِ وَلَيْسَ لِذَلِكَ أَهْلًا، فَاجْعَلْ ذَلِكَ كَفَّارَةً وَقُرْبَةً تُقَرِّبُهُ بِهَا عِنْدَكَ يَوْمَ الْقِيَامَةِ»
“അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. ഏതെങ്കിലും ഒരു ദാസനെ ഞാൻ ശകാരിക്കുകയോ, അല്ലെങ്കിൽ അടിക്കുകയോ, അല്ലെങ്കിൽ അവനെതിരെ ഞാൻ പ്രാർത്ഥിക്കുകയോ ചെയ്യുകയും, അവൻ അതിന് അർഹനായിരിക്കാതിരിക്കുകയും ചെയ്താൽ, അത് അവന് അന്ത്യനാളിൽ നിന്റെ അടുക്കൽ സാമീപ്യം നൽകുന്ന ഒരു പുണ്യവും പാപമോചനവും ആക്കിത്തീർക്കേണമേ.”
ഈ ഹദീസുകളെ പരസ്പരം ബന്ധിപ്പിച്ചതിലൂടെ ഇമാം മുസ്‌ലിം رَحِمَهُ اللَّهُ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ഉന്നതമായ പദവിയും ശ്രേഷ്ഠതയുമാണ് ഇതിലൂടെ സ്ഥിരപ്പെടുത്തിയത്. സ്വഹീഹ് മുസ്‌ലിമിലൂടെ ആഴത്തിൽ സഞ്ചരിക്കുന്നവർക്കും, അതിന്റെ വ്യാഖ്യാനങ്ങൾ പഠിക്കുന്നവർക്കും ഇത്തരത്തിലുള്ള അത്ഭുതകരമായ ഒട്ടനവധി കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും.
വിജ്ഞാനത്തോടുള്ള അർപ്പണവും വിയോഗവും
ഹിജ്റ 261 റജബ് 25-നാണ് ഇമാം മുസ്‌ലിം رَحِمَهُ اللَّهُ അല്ലാഹുവിങ്കലേക്ക് യാത്രയായത്. പ്രമുഖ ഹദീസ് പണ്ഡിതനായ ഇബ്നു സ്വലാഹ് رَحِمَهُ اللَّهُ അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് വളരെ അത്ഭുതകരമായ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അഗാധമായ ചിന്തയും (غمرة فكرية علمية) ആണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.
ആ സംഭവം ഇബ്നു സ്വലാഹ് رَحِمَهُ اللَّهُ തന്റെ പരമ്പരയിലൂടെ അൽ-ഹാകിമിൽ നിന്നും, അദ്ദേഹം മുഹമ്മദ് ബിൻ യഅ്ഖൂബിൽ നിന്നും, അദ്ദേഹം അഹ്‌മദ് ബിൻ സലമയിൽ നിന്നും ഉദ്ധരിക്കുന്നു. അഹ്‌മദ് ബിൻ സലമ പറയുന്നു: “ഒരിക്കൽ ഇമാം മുസ്‌ലിം ബിൻ അൽ-ഹജ്ജാജിന് വേണ്ടി വിജ്ഞാനം പങ്കുവെക്കുന്ന ഒരു സദസ്സ് (മജ്‌ലിസ് അൽ-മുദാകര) സംഘടിപ്പിക്കപ്പെട്ടു. ആ സദസ്സിൽ വെച്ച് ആരോ ഒരു ഹദീസ് ഉദ്ധരിച്ചു. എന്നാൽ ആ ഹദീസിനെക്കുറിച്ച് ഇമാം മുസ്‌ലിമിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. (തന്റെ വിഷയത്തിൽ അഗാധ പാണ്ഡിത്യമുള്ള ഒരു പണ്ഡിതന് താനറിയാത്ത ഒരു കാര്യം കേൾക്കുമ്പോൾ വലിയ അസ്വസ്ഥതയുണ്ടാകുക സ്വാഭാവികമാണ്). സദസ്സ് കഴിഞ്ഞയുടനെ അദ്ദേഹം തന്റെ വീട്ടിലേക്ക് തിരിച്ചുപോയി.”
“വീട്ടിലെത്തിയ അദ്ദേഹം ഒരു വിളക്ക് കത്തിച്ചുവെച്ചു. ആരും തന്റെ മുറിയിലേക്ക് പ്രവേശിക്കരുത് എന്ന് അദ്ദേഹം വീട്ടുകാരോട് പ്രത്യേകം കൽപ്പിച്ചു. ഇതിനിടയിൽ ആരോ അവർക്ക് ഒരു കുട്ട നിറയെ ഈത്തപ്പഴം സമ്മാനമായി നൽകിയിരുന്നു. വീട്ടുകാർ ആ ഈത്തപ്പഴം അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി വെച്ചുകൊടുത്തു. അദ്ദേഹം തന്റെ ഗ്രന്ഥങ്ങൾ തുറന്നുവെച്ച് താനറിയാത്ത ആ ഹദീസിനായി തിരയാൻ തുടങ്ങി. ഹദീസ് തിരയുന്നതിനിടയിൽ, അതിലെ അഗാധമായ ചിന്തയിൽ ലയിച്ചുപോയ അദ്ദേഹം, താനറിയാതെ തന്നെ ആ കുട്ടയിൽ നിന്നും ഓരോ ഈത്തപ്പഴമായി എടുത്തു കഴിച്ചുകൊണ്ടിരുന്നു. അങ്ങനെ നേരം പുലർന്നപ്പോഴേക്കും അദ്ദേഹം ആ ഹദീസ് കണ്ടെത്തുകയും ചെയ്തു; എന്നാൽ ആ കുട്ടയിലെ ഈത്തപ്പഴം മുഴുവനും തീർന്നുപോയിരുന്നു.”
വിജ്ഞാനത്തോടുള്ള അങ്ങേയറ്റത്തെ ലയനം കാരണം എത്ര ഈത്തപ്പഴമാണ് താൻ കഴിച്ചതെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇത്രയധികം ഈത്തപ്പഴം ഒന്നിച്ചു കഴിച്ചത് അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക അസ്വസ്ഥത ഉണ്ടാക്കുകയും, അത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമാവുകയും ചെയ്തു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. അറിവിനോടുള്ള മുൻഗാമികളായ പണ്ഡിതന്മാരുടെ അർപ്പണബോധത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണിത്. അല്ലാഹു ഇമാം മുസ്‌ലിം رَحِمَهُ اللَّهُ വിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

