ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ്
الْحَمْدُ لِلَّهِ الَّذِي بَعَثَ مُحَمَّدًا بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ، وَكَفَى بِاللَّهِ شَهِيدًا. وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا مَزِيدًا.
നൽകപ്പെട്ടാൽ നന്ദികാണിക്കുകയും, പരീക്ഷിക്കപ്പെട്ടാൽ ക്ഷമിക്കുകയും, തെറ്റ് സംഭവിച്ചാൽ പാപമോചനം തേടുകയും ചെയ്യുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. കുഴപ്പങ്ങളിൽ നിന്ന് നാം അവനോട് ശരണം തേടുന്നു. നേരായ മാർഗ്ഗം പ്രാപിച്ചവരിൽ നാം ഉൾപ്പെടാൻ പ്രാർത്ഥിക്കുന്നു. അല്ലാഹുവേ, വഴിപിഴക്കുന്നതിൽ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതിൽ നിന്നും നിന്നെക്കൊണ്ട് ഞങ്ങൾ കാവൽ തേടുന്നു.
ഈ ഗ്രന്ഥത്തിലെ വിഷയം വിശ്വാസവുമായി ബന്ധപ്പെട്ടതായതിനാൽ വളരെ പ്രധാനപ്പെട്ടതാണ്. ഇസ്ലാമിക വിശ്വാസവും അതിൻ്റെ വിശദീകരണവും ഒരു അടിമ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കാരണം, ഒരാളുടെ ഈമാനും ഇസ്ലാമും ശരിയാകുന്നത് അതുകൊണ്ടാണ്. വിശ്വാസമില്ലാത്ത ഒരു അടിമ ജീവനില്ലാത്ത ശരീരം പോലെയാണ്. പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ വിശ്വാസമാണ്; ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒരു പ്രവർത്തനവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അല്ലാഹു വ്യക്തമാക്കി:
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً
‘ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നുവോ, അവന് നാം തീർച്ചയായും നല്ലൊരു ജീവിതം നൽകുന്നതാണ്.’¹
‘സൽകർമ്മം പ്രവർത്തിക്കുന്നുവോ’ എന്ന് പറഞ്ഞതിന് ശേഷം ‘സത്യവിശ്വാസിയായിക്കൊണ്ട്’ എന്ന് അല്ലാഹു പ്രത്യേകം ഓർമ്മിപ്പിച്ചു. അതിനാൽ പ്രവർത്തനങ്ങൾ സ്വീകാര്യമാകാൻ അടിമ സത്യവിശ്വാസിയായിരിക്കേണ്ടത് നിർബന്ധമാണ്. സത്യവിശ്വാസിയായിരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, വ്യക്തമായ ഇസ്ലാമിക വിശ്വാസമായ ശരിയായ അഖീദയുള്ളവനായിരിക്കുക എന്നതാണ്. അതുകൊണ്ടാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ പറഞ്ഞത്: ഇസ്ലാമിക വിശ്വാസം ഈമാനിന്റെ സ്തംഭങ്ങളെ മനസ്സിലാക്കുന്നതിലാണ് നിലകൊള്ളുന്നത്. ഈമാനിന്റെ ആറ് കാര്യങ്ങളിൽ വിശ്വസിക്കുകയും അത് പൂർത്തീകരിക്കുകയും ചെയ്യുന്നവൻ, സത്യമായ ഇസ്ലാമിക വിശ്വാസം പൂർത്തീകരിച്ചു.
ഈമാനിന്റെ സ്തംഭങ്ങൾ തന്നെയാണ് വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ. അല്ലാഹുവിൽ ശരിയായ വിശ്വാസം വെക്കുകയും, അവനെ ഏക റബ്ബായും പങ്കുകാരില്ലാത്ത ഏക ഇലാഹായും വിശ്വസിക്കുകയും; അല്ലാഹുവിന്റെ അസ്മാഉവസ്സ്വിഫാത്തിൽ (നാമഗുണങ്ങൾ) വിശ്വസിക്കുകയും, അവനിൽ സമാനതകളില്ലെന്നും അവന് തുല്യനോ കിടയൊത്തവനോ ഇല്ലെന്നും വിശ്വസിക്കുകയും; സൃഷ്ടികളെ അല്ലാഹുവിലേക്ക് വഴികാണിക്കാൻ അവൻ ദൂതന്മാരെ നിയോഗിച്ചുവെന്നും, അവരെ അനുസരിക്കുന്നവർ സ്വർഗ്ഗത്തിന് അർഹരാകുമെന്നും, ധിക്കരിക്കുന്നവർ നരകത്തിന് അർഹരാകുമെന്നും വിശ്വസിക്കുകയും; അല്ലാഹു നിയോഗിച്ച മുഴുവൻ ദൂതന്മാരിലും, മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, അന്ത്യദിനത്തിലും, ഗുണവും ദോഷവുമായ കാര്യങ്ങൾ അല്ലാഹുവിന്റെ വിധിപ്രകാരമാണെന്നും വിശ്വസിക്കുകയും ചെയ്താൽ ആ അടിമ നന്മയിലായിരിക്കും. കാരണം, ഈമാനിന്റെ ഈ സ്തംഭങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം.
അതുകൊണ്ട്, എന്താണ് അഖീദ എന്ന് ചോദിച്ചാൽ, അത് ഈമാനിന്റെ ആറ് കാര്യങ്ങളാണെന്ന് പറയുക. ഈ ആറ് കാര്യങ്ങളും അതിൻ്റെ വിശദാംശങ്ങളും മനസ്സിലാക്കുന്നവൻ ഇസ്ലാമിക വിശ്വാസം പഠിച്ചു. അതുകൊണ്ടാണ് ഇസ്ലാമിക വിശ്വാസവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയും പണ്ഡിതന്മാർ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഈമാനിന്റെ ആറ് കാര്യങ്ങളിലായി ചിട്ടപ്പെടുത്തിയത്.
ഈ വിഷയം പഠിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതുണ്ട്. ഓരോരുത്തരും ഈ വിശ്വാസം ഹൃദിസ്ഥമാക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. മുതിർന്നവർ പണ്ഡിതന്മാരുടെ അടുത്തിരുന്ന് ഈമാനിന്റെ സ്തംഭങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പഠിക്കുന്നതിൽ യാതൊരു അപാകതയുമില്ല; കാരണം ഇത് ഹൃദയത്തിലെ പ്രകാശമാണ്. വിശ്വാസം ശക്തിപ്പെടുന്തോറും ഹൃദയത്തിലെ പ്രകാശവും വർദ്ധിക്കും. യഥാർത്ഥത്തിൽ അഖീദ എന്നാൽ അല്ലാഹുവിന് കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും വാർത്തകളും ഹൃദയത്തിൽ ദൃഢമായി ഉറപ്പിക്കലാണ്. അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും ഗുണവും ദോഷവുമായ കാര്യങ്ങൾ അല്ലാഹുവിന്റെ വിധിപ്രകാരമാണെന്നും ഒരാൾ വിശ്വസിച്ചാൽ, യാതൊരു പിഴവുമില്ലാത്ത ശരിയായ ഒരു കാര്യത്തിൽ അവൻ തന്റെ ഹൃദയത്തെ ദൃഢമാക്കിയിരിക്കുന്നു.
എന്നാൽ, അല്ലാഹുവിന് മാത്രമുള്ള ഇലാഹിയ്യത്ത് (ആരാധന), അസ്മാഉവസ്സ്വിഫാത്തിലെ ചിലത് നിഷേധിക്കൽ അല്ലെങ്കിൽ വളച്ചൊടിക്കൽ, പ്രമാണങ്ങൾക്ക് കീഴടങ്ങാതിരിക്കൽ, അല്ലെങ്കിൽ അല്ലാഹുവിന്റെ വചനത്തേക്കാൾ സ്വന്തം ബുദ്ധിക്ക് മുൻഗണന നൽകൽ എന്നീ കാരണങ്ങളാൽ അല്ലാഹുവിലുള്ള ശരിയായ വിശ്വാസത്തിൽ ഹൃദയത്തെ ദൃഢമാക്കിയില്ലെങ്കിൽ അവൻ ഈമാൻ പൂർത്തീകരിച്ചിട്ടില്ല. അതുപോലെ, അന്ത്യദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രമാണങ്ങളിൽ വന്നതുപോലെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിശ്വസിച്ചില്ലെങ്കിൽ അവനും ശരിയായ വിശ്വാസം ദൃഢമാക്കിയിട്ടില്ല; കാരണം അതൊരു അദൃശ്യ കാര്യമാണ്. അതുകൊണ്ടാണ് പണ്ഡിതന്മാർ ഇത്തരം സന്ദർഭങ്ങളിൽ അഖീദയെയും ഈമാനിനെയും ‘عقد الإيمان’ (വിശ്വാസത്തിന്റെ ദൃഢീകരണം) എന്ന് വിശേഷിപ്പിക്കുന്നത്. അതായത്, ഹൃദയം കൊരുത്തുവെക്കുന്ന കാര്യം. ഒരു അറിവിൽ ഹൃദയത്തെ ദൃഢമാക്കിയാൽ, അതിൽ നിന്നും വേർപെടുത്താനാവാത്തവിധം അത് സംരക്ഷിക്കുക എന്നാണ് ഇതിനർത്ഥം.
ഇസ്ലാമിക വിശ്വാസത്തെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രീതിശാസ്ത്രം അനുസരിച്ച് പൊതുവായി വിശദീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അഹ്ലുസ്സുന്നയുടെ മൻഹജ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് അവർ തങ്ങളുടെ വിശ്വാസത്തെ ഈമാനിന്റെ സ്തംഭങ്ങളിലും അദൃശ്യ വാർത്തകളിലും പ്രമാണങ്ങൾക്ക് കീഴടങ്ങുന്നതിലായി ചിട്ടപ്പെടുത്തിയത്. അഹ്ലുസ്സുന്നയെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന വളരെ അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ വ്യത്യാസമാണിത്. കാരണം, വിശ്വാസത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം എന്നതിൽ ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അല്ലാഹു തൃപ്തിപ്പെട്ട സ്വഹാബികളും, അവരെ നന്മയിൽ പിൻപറ്റിയ താബിഉകളും, ഇമാം മാലിക്, ശാഫിഈ, അഹ്മദ്, സുഫ്യാൻ അഥ്ഥൗരി, സുഫ്യാൻ ബിൻ ഉയയ്ന, അൽ-ലയ്ഥ്, അൽ-ഔസാഈ, ഇസ്ഹാഖ്, ഇബ്നു ഖുസൈമ, ഇബ്നു ജരീർ തുടങ്ങിയ ഇസ്ലാമിക പണ്ഡിതന്മാരും പറയുന്നത്: ‘അഖീദ ഖുർആനിന്റെയും സ്വഹീഹായ (സ്ഥിരപ്പെട്ട) സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്’ എന്നാണ്.
എന്നാൽ മറ്റുള്ളവർ പറയുന്നത്, ഇസ്ലാമിക വിശ്വാസം ഉൾക്കൊള്ളുന്നതിന്റെ ഒന്നാമത്തെ അടിസ്ഥാനം ബുദ്ധിയാണെന്നും രണ്ടാമത്തേത് പ്രമാണങ്ങളാണെന്നുമാണ്. അതിനാൽ അവർക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായപ്പോൾ, പ്രമാണങ്ങളെക്കാൾ അവർ ബുദ്ധിക്ക് മുൻഗണന നൽകി. എന്നാൽ യഥാർത്ഥത്തിൽ അല്ലാഹുവിനെയും റസൂലിനെയും (ﷺ) കുറിച്ചും, മലക്കുകളെക്കുറിച്ചും, അദൃശ്യ കാര്യങ്ങളെക്കുറിച്ചും അല്ലാഹുവിനേക്കാൾ കൂടുതൽ അറിയാവുന്ന ആരുമില്ല. അല്ലാഹുവിനേക്കാൾ അറിവുള്ള ആരെങ്കിലുമുണ്ടോ? അല്ലാഹുവിനേക്കാൾ സത്യസന്ധനായ ആരെങ്കിലുമുണ്ടോ? അവനാണ് തന്റെ കാര്യങ്ങളെക്കുറിച്ച് ഏറ്റവും അറിയുന്നവനും സത്യസന്ധനും. അല്ലാഹുവിനേക്കാൾ സത്യസന്ധമായി വിവരം നൽകുന്നവനും പറയുന്നവനും ആരുമില്ല. അതിനാൽ അല്ലാഹു നൽകുന്ന വിവരങ്ങൾക്ക് നാം പൂർണ്ണമായും കീഴടങ്ങണം. അല്ലാഹുവിൽ നിന്ന് വന്ന വിവരങ്ങൾ മാത്രമാണ് സത്യം. അല്ലാഹു പറഞ്ഞു:
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ
‘നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പൂർണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങൾക്ക് മാറ്റം വരുത്താൻ ആരുമില്ല.’²
വാർത്തകളിൽ സത്യവും, കൽപനകളിലും വിലക്കുകളിലും നീതിയുമാണത്. അല്ലാഹുവും റസൂലും (ﷺ) നൽകിയ ഓരോ വിവരവും സത്യവും യാഥാർത്ഥ്യവുമാണ്. അതിനാൽ ശരിയായ ഇസ്ലാമിക വിശ്വാസത്തിന്റെ ഒന്നാമത്തെ പടി ആ വിശ്വാസം ഉൾക്കൊള്ളുന്നതിന്റെ മൻഹജ് വ്യക്തമാക്കുക എന്നതാണ്. നാം എവിടെ നിന്നാണ് അഖീദ സ്വീകരിക്കേണ്ടത്? ഒരു ശൈഖിൽ നിന്നാണോ? അതോ ബുദ്ധിയിൽ നിന്നാണോ? അതോ ഏതെങ്കിലും നാട്ടിൽ നിന്നാണോ? അഖീദ സ്വീകരിക്കേണ്ടത് അതിന്റെ സ്രോതസ്സിൽ നിന്നാണ്; അഥവാ അല്ലാഹുവിന്റെയും മുസ്തഫയുടെയും (ﷺ) വചനങ്ങളിൽ നിന്നാണ്. നാം അഖീദയുമായി ബന്ധപ്പെട്ട ഏതൊരു വിഷയം ചർച്ച ചെയ്യുമ്പോഴും ഇത് നമ്മുടെ അടിസ്ഥാന പ്രമാണമായിരിക്കണം. അല്ലാഹുവിന്റെ ഇലാഹിയ്യത്തിലോ അസ്മാഉവസ്സ്വിഫാത്തിലോ വിധിവിശ്വാസത്തിലോ അന്ത്യദിനത്തിലോ ഒരാൾ തൻ്റേതായ ഒരു അഭിപ്രായം പറഞ്ഞാൽ ചോദിക്കുക: ഇതിന് പ്രമാണം ഉണ്ടോ? തെളിവ് ഉണ്ടോ? കാരണം ഇവയെല്ലാം അദൃശ്യമായ (ഗൈബ്) കാര്യങ്ങളാണ്. മനുഷ്യന് അദൃശ്യമായ വിവരങ്ങൾ നൽകാൻ കഴിയുമോ? അദൃശ്യം അറിയുന്നവൻ തന്നെ അക്കാര്യം പറയണം; അത് അല്ലാഹുവാണ്, അല്ലെങ്കിൽ അവൻ അദൃശ്യം അറിയിച്ചു കൊടുത്ത ദൂതന്മാരാണ്. അല്ലാഹു പറഞ്ഞു:
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا * إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ
‘അവൻ അദൃശ്യം അറിയുന്നവനാണ്. അവൻ തന്റെ അദൃശ്യജ്ഞാനം ആർക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവൻ തൃപ്തിപ്പെട്ട വല്ല ദൂതനുമൊഴികെ.’³
അതിനാൽ ഇസ്ലാമിക വിശ്വാസം സ്വീകരിക്കുന്നതിന്റെ അടിസ്ഥാന സ്രോതസ്സ് അല്ലാഹുവിന്റെയും മുസ്തഫയുടെയും (ﷺ) വചനങ്ങളായിരിക്കണം. ഇത് ഹൃദയത്തിന് എത്രമേൽ കുളിർമയും സൗന്ദര്യവുമാണ് നൽകുന്നത്! അതുകൊണ്ടാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തും ഇസ്ലാമിക പണ്ഡിതന്മാരും അഖീദയുടെയും അദൃശ്യ കാര്യങ്ങളുടെയും വിഷയങ്ങളിൽ ഖുർആനിനെയും ഹദീസിനെയും മറികടക്കാൻ പാടില്ല എന്ന് ഏകാഭിപ്രായത്തിലെത്തിയത്. ആരെങ്കിലും വിശ്വാസപരമായോ അദൃശ്യമായതോ ആയ എന്തെങ്കിലും കാര്യം നമ്മോട് പറഞ്ഞാൽ നാം അവനോട് ചോദിക്കും: ഇതിന് എന്താണ് തെളിവ്? അല്ലാഹു എന്താണ് പറഞ്ഞത്? നിനക്ക് എങ്ങനെയാണ് ഈ വിവരം ലഭിച്ചത്? അതിനാൽ തെളിവ് വ്യക്തമാണ്; ഖുർആനും മുസ്തഫയുടെ (ﷺ) സ്വഹീഹായ സുന്നത്തുമാണ് അഖീദയുടെ സ്രോതസ്സ്.
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ
‘റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക.’⁴
വാർത്തകളിലും വിശ്വാസങ്ങളിലും കൽപനകളിലും വിലക്കുകളിലും വിധികളിലും ഇത് ബാധകമാണ്.
وَمَا نَهَاكُمْ عَنْهُ فَانتَهُوا
‘എന്തിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ മാറിനിൽക്കുക.’⁵
ചുരുക്കത്തിൽ, ഇസ്ലാമിക വിശ്വാസത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ച ഖുർആനിലെയും സുന്നത്തിലെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും. അഖീദയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഈ അടിസ്ഥാനം നാം പിന്തുടരും. ഇസ്ലാമിക വിശ്വാസം ഈമാനിന്റെ ആറ് കാര്യങ്ങളിലാണ് നിലകൊള്ളുന്നത്. ഖുർആനിലും നബിയുടെ (ﷺ) സുന്നത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ
‘നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. മറിച്ച്, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകൻമാരിലും വിശ്വസിക്കുന്നവരാരോ അവരാണ് പുണ്യവാന്മാർ.’⁶
അല്ലാഹു പറഞ്ഞു:
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ
‘റസൂലും വിശ്വാസികളും തങ്ങൾക്ക് രക്ഷിതാവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിച്ചിരിക്കുന്നു. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു.’⁷
അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا آمِنُوا
‘സത്യവിശ്വാസികളേ, നിങ്ങൾ വിശ്വസിക്കുക.’⁸
ആ ആയത്തിന്റെ അവസാനത്തിൽ അല്ലാഹു പറഞ്ഞു:
وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا
‘അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.’⁹
ഈമാനിന്റെ ഈ കാര്യങ്ങളിൽ അവിശ്വസിക്കുന്നത് ഏറ്റവും വലിയ വഴികേടാണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കി. വിധിവിശ്വാസത്തെക്കുറിച്ച് മറ്റൊരു സ്ഥലത്ത് അല്ലാഹു പറഞ്ഞു:
وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا
‘അവൻ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും, അതിനെയെല്ലാം കൃത്യമായ ഒരു വ്യവസ്ഥയ്ക്ക് വിധേയമാക്കുകയും ചെയ്തിരിക്കുന്നു.’¹⁰
അല്ലാഹു പറഞ്ഞു:
إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
‘തീർച്ചയായും നാം ഏതൊരു വസ്തുവെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.’¹¹
ഈമാനിന്റെ ഈ ആറ് കാര്യങ്ങൾക്കും ഖുർആനിലും നബിയുടെ (ﷺ) സുന്നത്തിലും ധാരാളം തെളിവുകളുണ്ട്. ഉമറിൽ (റ) നിന്നും സ്വഹീഹ് മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: ജിബ്രീൽ (അ) നബിയോട് (ﷺ) ഈമാനിനെക്കുറിച്ച് ചോദിക്കാൻ വന്നപ്പോൾ, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എന്നോട് ഇസ്ലാമിനെക്കുറിച്ച് പറഞ്ഞാലും.” അപ്പോൾ നബി (ﷺ) പറഞ്ഞു:
الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ
‘ഇസ്ലാം എന്നത് അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി ആരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കലും, നമസ്കാരം മുറപ്രകാരം നിർവ്വഹിക്കലും, സകാത്ത് നൽകലും, റമദാനിൽ വ്രതമനുഷ്ഠിക്കലും, ബൈത്തുൽ ഹറാമിൽ പോയി ഹജ്ജ് കർമ്മം നിർവ്വഹിക്കലുമാണ്.’¹²
അദ്ദേഹം പറഞ്ഞു: “താങ്കൾ പറഞ്ഞത് സത്യമാണ്.” ഉമർ (റ) പറയുന്നു: “ചോദ്യം ചോദിക്കുകയും അത് ശരിയാണെന്ന് പറയുകയും ചെയ്യുന്ന ഇയാളെക്കുറിച്ച് ഞങ്ങൾക്ക് അത്ഭുതം തോന്നി.” തുടർന്ന് അദ്ദേഹം ചോദിച്ചു: “എന്നോട് ഈമാനിനെക്കുറിച്ച് പറഞ്ഞാലും.” അപ്പോൾ നബി (ﷺ) പറഞ്ഞു:
أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ
‘അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ പ്രവാചകന്മാരിലും അന്ത്യദിനത്തിലും നീ വിശ്വസിക്കലും, നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ മുൻനിശ്ചയപ്രകാരമാണെന്ന് വിശ്വസിക്കലുമാണ്.’¹³
ഇവയാണ് ഈമാനിന്റെ ആറ് കാര്യങ്ങൾ, ഇത്തരം നിരവധി ഹദീസുകളിൽ ഇത് വന്നിട്ടുണ്ട്. ഈ ആറ് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിശ്വാസത്തെ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ഖുർആനിന്റെയും സുന്നത്തിന്റെയും മഹത്തായ പ്രമാണങ്ങളിൽ ഈ ആറ് കാര്യങ്ങളെക്കുറിച്ച് വന്നിട്ടുള്ള വിവരങ്ങളെ നമുക്ക് ചിന്തിക്കുകയും പരിശോധിക്കുകയും ചെയ്യാം.
അല്ലാഹുവിലുള്ള വിശ്വാസമാണ് ഏറ്റവും മഹത്തായ കാര്യം. അല്ലാഹുവിലുള്ള വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ അത് ഈമാനിന്റെ അർത്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്താണ് ഈമാൻ? അഖീദയുമായി ബന്ധപ്പെട്ട ഈ ഭാഗത്ത് ഈമാൻ എന്ന് പറയുന്നത് ഹൃദയത്തിൽ ദൃഢമായി വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ്. അഥവാ, അല്ലാഹുവിലും മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും യാതൊരു സംശയവുമില്ലാതെ പൂർണ്ണമായി വിശ്വസിക്കുക. ഈ വിശ്വാസം ശരിയാകാൻ നാവുകൊണ്ടുള്ള സംസാരവും അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനവും നിർബന്ധമാണ്; അതാണ് അഖീദയുടെ ഫലങ്ങൾ. ഹൃദയം കൊണ്ടുള്ള വിശ്വാസവും നാവുകൊണ്ടുള്ള സംസാരവും അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനവും ഉൾപ്പെടുന്നതാണ് ഈമാൻ. അല്ലാഹുവിലും അവന്റെ മലക്കുകളിലുമുള്ള വിശ്വാസം എന്നത് അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും അവന്റെ പ്രവർത്തനങ്ങളിലും പ്രമാണങ്ങളിൽ വന്നിട്ടുള്ളതുപോലെ പൂർണ്ണമായും വിശ്വസിക്കുക എന്നാണ്. അതുപോലെ മലക്കുകൾ, ദൂതന്മാർ, ഗ്രന്ഥങ്ങൾ, അന്ത്യദിനം, ഗുണവും ദോഷവുമായ വിധിവിശ്വാസം എന്നിവയെക്കുറിച്ച് പ്രമാണങ്ങളിൽ വന്നിട്ടുള്ളതുപോലെ വിശ്വസിക്കുക.
പ്രമാണങ്ങളിൽ വന്നിട്ടുള്ളതുപോലെ അല്ലാഹുവിലുള്ള വിശ്വാസത്തെ മനസ്സിലാക്കാൻ നാം പറയുന്നു: അല്ലാഹുവിലുള്ള വിശ്വാസം പ്രമാണങ്ങളിൽ മൂന്ന് രൂപത്തിലാണ് വന്നിട്ടുള്ളത്: അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസം, അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള വിശ്വാസം, അല്ലാഹുവിന്റെ അസ്മാഉവസ്സ്വിഫാത്തിലുള്ള വിശ്വാസം.
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു മാത്രമാണ് റബ്ബ് (രക്ഷിതാവ്) എന്ന് വിശ്വസിക്കലാണ്. അവനാണ് ആകാശ ഭൂമികളെയും മനുഷ്യരെയും മുഴുവൻ സൃഷ്ടിച്ചവനും നിയന്ത്രിക്കുന്നവനും. നിങ്ങൾ കാണുന്നതും കാണാത്തതുമായ സകല സൃഷ്ടികളെയും പടച്ചത് അവനാണ്. അല്ലാഹു പറഞ്ഞു:
اللَّهُ خَالِقُ كُلِّ شَيْءٍ
‘അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്.’¹⁴
സൂറത്ത് യൂനുസിൽ അല്ലാഹു പറഞ്ഞു:
قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ
‘ചോദിക്കുക: ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതിനെയും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതിനെയും പുറപ്പെടുവിക്കുന്നത് ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ്? അപ്പോൾ അവർ പറയും: അല്ലാഹു എന്ന്.’¹⁵
അതായത്, റുബൂബിയ്യത്തിന്റെ ഇത്തരം വിശദാംശങ്ങൾ അവർ അംഗീകരിച്ചിരുന്നു; അല്ലാഹു മാത്രമാണ് സൃഷ്ടിക്കുകയും ഉപജീവനം നൽകുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നത്. അവൻ ഉദ്ദേശിക്കുന്നത് അവൻ്റെ താല്പര്യപ്രകാരം പ്രവർത്തിക്കുന്നു; അവൻ ഉദ്ദേശിച്ചത് നടക്കും, അവൻ ഉദ്ദേശിക്കാത്തത് നടക്കില്ല. കാരണം അവനാണ് അവയെ സൃഷ്ടിച്ചത്, അതെല്ലാം അവന് കീഴൊതുങ്ങി നിൽക്കുന്നതാണ്, അവനുദ്ദേശിക്കുന്നതുപോലെ അവൻ അതിനെ നിയന്ത്രിക്കുന്നു. അതിനാൽ റുബൂബിയ്യത്തിലുള്ള വിശ്വാസം എന്നാൽ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്നും അവൻ മാത്രമാണ് അത് സൃഷ്ടിച്ചതെന്നും വിശ്വസിക്കലാണ്. അവൻ്റെ കൽപന മാത്രമാണ് നടപ്പിലാകുന്നത്, അവൻ ഉദ്ദേശിച്ചത് നടക്കും, അവൻ ഉദ്ദേശിക്കാത്തത് നടക്കില്ല. അവൻ മാത്രമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ സമ്പത്ത് നൽകുന്നു, ഉദ്ദേശിക്കുന്നവരെ ദരിദ്രരാക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുകയും ഉദ്ദേശിക്കുന്നവർക്ക് നിഷേധിക്കുകയും ചെയ്യുന്നു. ഒരാൾക്ക് ആരോഗ്യം നൽകുകയും മറ്റൊരാൾക്ക് രോഗം നൽകുകയും ചെയ്യുന്നു, ഒരാളെ ഉയർത്തുകയും മറ്റൊരാളെ താഴ്ത്തുകയും ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അധികാരം നൽകുകയും ഉദ്ദേശിക്കുന്നവരിൽ നിന്ന് അധികാരം എടുത്തുകളയുകയും ചെയ്യുന്നു. ഒരു രാജ്യത്തെ ഉയർത്തുകയും മറ്റൊരു രാജ്യത്തെ തകർക്കുകയും ചെയ്യുന്നു. അവൻ ഈ പ്രപഞ്ചത്തിൽ തനിക്കിഷ്ടമുള്ളതുപോലെ കാര്യങ്ങൾ നിയന്ത്രിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ റുബൂബിയ്യത്തിൽ വിശ്വസിക്കുന്ന ഒരാൾ പ്രപഞ്ചത്തിലെ അവൻ്റെ നിയന്ത്രണങ്ങളെ കാണുമ്പോൾ, അല്ലാഹുവിന് മാത്രം അറിയാവുന്ന മഹത്തായ ഒരു യുക്തി (ഹിക്മത്ത്) അതിലുണ്ടെന്ന് മനസ്സിലാക്കുന്നു. ഹിക്മത്ത് എന്നത് അല്ലാഹുവിന്റെ ഗുണങ്ങളിൽ പെട്ടതാണ്. അവനറിയുന്ന ഒരു യുക്തിയുടെ അടിസ്ഥാനത്തിലല്ലാതെ അവൻ യാതൊന്നും പ്രവർത്തിക്കുന്നില്ല. അല്ലാഹുവിന്റെ ഹിക്മത്ത് എന്നാൽ, അവൻ നിയന്ത്രിക്കുന്ന കാര്യങ്ങളെ അതിന്റെ ഏറ്റവും അനുയോജ്യവും ഉചിതവുമായ സ്ഥാനത്ത് വെക്കുക എന്നതാണ്. ഒരു കാര്യത്തെ അതിന്റെ ശരിയായ സ്ഥാനത്ത് വെക്കുന്നതിന് നീതി എന്ന് പറയുന്നു. ആ നീതിയിലൂടെ ഏറ്റവും മികച്ചതും ലക്ഷ്യപ്രാപ്തിയുമുള്ള ഒരു ഫലം ലഭിക്കുന്നതിനാണ് ഹിക്മത്ത് എന്ന് പറയുന്നത്. അല്ലാഹു തന്റെ പ്രപഞ്ചത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവൻ മാത്രമാണ്, അവന്റെ കൽപന നടപ്പിലാകുന്നതാണ്. അവൻ ഉദ്ദേശിച്ചത് നടക്കും, അവൻ ഉദ്ദേശിക്കാത്തത് നടക്കില്ല.
ഈ വിവരങ്ങൾ വ്യക്തമാകുമ്പോൾ, ഈ വിശ്വാസത്തിന്റെ ഫലം എന്താണെന്ന് ചിന്തിച്ചു നോക്കുക. അല്ലാഹുവിനെ റബ്ബായി അംഗീകരിക്കുകയും അവനാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നവനും നൽകുന്നവനും തടയുന്നവനുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരാളുടെ ഹൃദയത്തിൽ എന്തായിരിക്കും സംഭവിക്കുക? സമ്പൂർണ്ണമായ ഈ വിശ്വാസത്തിലൂടെ അവന്റെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള അതിയായ സ്നേഹം നിറയും. കാരണം തന്റെ റബ്ബാണ് ആകാശഭൂമികളിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് അവൻ മനസ്സിലാക്കുന്നു. ഏറ്റവും ശക്തനായ അല്ലാഹുവുമായി അവൻ ബന്ധം സ്ഥാപിക്കുന്നതിനാൽ അവന്റെ സ്നേഹവും അടുപ്പവും വർദ്ധിക്കുന്നു. അതുകൊണ്ടാണ് മുൻഗാമികൾ പറഞ്ഞത്: “ഒരു സത്യവിശ്വാസിക്കെതിരെ ആകാശഭൂമികൾ ഒത്തുചേർന്ന് തന്ത്രം മെനഞ്ഞാലും അല്ലാഹു അവന് അതിൽ നിന്നും ഒരു രക്ഷാമാർഗ്ഗം നൽകും.” അറിയുക, നിനക്കൊരു ഉപദ്രവം ചെയ്യാൻ ലോകത്തുള്ളവർ മുഴുവൻ ഒത്തുചേർന്നാലും അല്ലാഹു നിനക്കെതിരെ രേഖപ്പെടുത്തിയതല്ലാതെ അവർക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ല. നിനക്കൊരു ഉപകാരം ചെയ്യാൻ അവർ മുഴുവൻ ഒത്തുചേർന്നാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ അവർക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ല. പേനകൾ ഉയർത്തപ്പെടുകയും ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസം നിന്റെ ഹൃദയത്തിൽ അവനോടുള്ള തവക്കുൽ (ഭരമേൽപിക്കൽ) ഉണ്ടാക്കുന്നു. കാര്യങ്ങൾ അല്ലാഹുവിൽ സമർപ്പിക്കാൻ നിന്റെ ഹൃദയം സജ്ജമാകുന്നു. അല്ലാഹുവിനെ പൂർണ്ണമായി റബ്ബായി അംഗീകരിക്കുന്ന ഓരോ വ്യക്തിയും തന്റെ കാര്യങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കുന്നു. സദ്വൃത്തനായ അടിമ പറഞ്ഞതുപോലെ:
وَأُفَوِّضُ أَمْرِي إِلَى اللَّهِ ۚ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ
‘എന്റെ കാര്യം ഞാൻ അല്ലാഹുവിൽ ഭരമേൽപിക്കുന്നു. തീർച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി കാഴ്ചയുള്ളവനാകുന്നു.’¹⁶
ശുഐബ് നബി (അ) പറഞ്ഞതുപോലെ:
وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
‘എനിക്ക് അനുഗ്രഹം നൽകുന്നത് അല്ലാഹു മാത്രമാണ്. അവനിൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവനിലേക്ക് തന്നെ ഞാൻ മടങ്ങുകയും ചെയ്യുന്നു.’¹⁷
നീ അല്ലാഹുവിൽ ഭരമേൽപിക്കുക, കാര്യങ്ങൾ നടപ്പിലാക്കാൻ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ നീ പ്രവർത്തിക്കുക. എന്നിട്ട് കാര്യം അല്ലാഹുവിൽ സമർപ്പിക്കുക. അല്ലാഹുവിന്റെ അനുമതിയില്ലാതെ ഈ പ്രപഞ്ചത്തിൽ യാതൊന്നും സംഭവിക്കില്ലെന്ന് മനസ്സിലാക്കി അവനിൽ തവക്കുൽ ചെയ്യുക. അദൃശ്യ കാര്യങ്ങളുടെ താക്കോലുകൾ അവൻ്റെ പക്കലാണ്, അവനല്ലാതെ മറ്റാരും അത് അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. കാറ്റിൽ പറക്കുന്ന ഓരോ ഇലയും അല്ലാഹു അറിയുന്നുണ്ട്. ഭൂമിയുടെ ഇരുട്ടിൽ കിടക്കുന്ന ഓരോ വിത്തും, പച്ചയും ഉണങ്ങിയതുമായ ഓരോ വസ്തുവും അവൻ്റെ കൃത്യമായ രേഖയിലുണ്ട്. അല്ലാഹു എത്ര പരിശുദ്ധൻ! അക്രമികൾ പറയുന്നതിൽ നിന്നെല്ലാം അവൻ എത്രയോ ഉന്നതനാണ്!
അതിനാൽ അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസം നിന്റെ ഹൃദയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിനക്ക് ലഭിച്ചാൽ നീ നന്ദി കാണിക്കുന്നു; നിനക്ക് തടയപ്പെട്ടാൽ ആ തടയൽ അല്ലാഹുവിൽ നിന്നാണെന്നും അത് അല്ലാഹുവിന്റെ പരീക്ഷണമാണെന്നും നീ മനസ്സിലാക്കുന്നു. അതിനാൽ നൽകപ്പെട്ടാൽ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലും, തടയപ്പെട്ടാൽ പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവരുടെ കൂട്ടത്തിലും നീ ഉൾപ്പെടുക. ഇതാണ് റുബൂബിയ്യത്തിലുള്ള വിശ്വാസത്തിന്റെ യാഥാർത്ഥ്യം. റുബൂബിയ്യത്തിൽ വിശ്വസിക്കുന്നവന്റെ ഹൃദയം എപ്പോഴും അല്ലാഹുവിൽ സമാധാനം കണ്ടെത്തുന്നു. അതുകൊണ്ടാണ് മുൻഗാമികളിൽ ചിലരോട് ചോദിച്ചത്: “ഈമാനിൽ സത്യസന്ധതയുള്ളവൻ ആരാണ്?” അദ്ദേഹം പറഞ്ഞു: “കൂടുതൽ നൽകുന്നതോ തടയുന്നതോ ആരുടെ വിശ്വാസത്തിൽ മാറ്റം വരുത്തുന്നില്ലയോ അവനാണ്.” ഈമാനിൽ സത്യസന്ധതയുള്ളവൻ ആരാണ്? കൂടുതൽ നൽകുന്നതോ കുറയ്ക്കുന്നതോ ആരുടെ അവസ്ഥയിൽ മാറ്റം വരുത്തുന്നില്ലയോ അവനാണ്. കാരണം എല്ലാം അല്ലാഹുവിന്റെ കയ്യിലാണെന്ന് അവൻ മനസ്സിലാക്കുന്നു. എന്നാൽ ലഭിക്കുമ്പോൾ ഭൂമിയിൽ അഹങ്കരിക്കുകയും, പരീക്ഷണങ്ങൾ വരുമ്പോൾ നിരാശനാകുകയും സംശയിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള വിശ്വാസം പൂർത്തീകരിച്ചിട്ടില്ല. റുബൂബിയ്യത്തിലുള്ള വിശ്വാസത്തിന്റെ ഫലങ്ങളെക്കുറിച്ച് ധാരാളം പറയാനുണ്ട്. ഖുർആനിൽ നിങ്ങൾ ചിന്തിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണിത്. ഖുർആനിൽ റുബൂബിയ്യത്തിന്റെ ഗുണങ്ങൾ ധാരാളമായി പരാമർശിച്ചിട്ടുണ്ട്; നിങ്ങൾ വിശ്വസിക്കാൻ വേണ്ടിയാണത്. നിങ്ങൾ വിശ്വസിച്ചാൽ നിങ്ങളുടെ ഹൃദയം സമാധാനമുള്ളതാകും, അത് അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കും, സൃഷ്ടികളെ നിങ്ങൾ കാര്യമാക്കില്ല.
വിശ്വാസത്തിന്റെ രണ്ടാമത്തെ ഇനം അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള (ആരാധനയിലുള്ള) വിശ്വാസമാണ്. ഈ വിശ്വാസത്തിന് വേണ്ടിയാണ് ദൂതന്മാർ നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടതും. ഒന്നാമത്തെ ഇനമായ റുബൂബിയ്യത്തിലുള്ള വിശ്വാസം – അഥവാ അല്ലാഹു മാത്രമാണ് റബ്ബ്, നിയന്ത്രിക്കുന്നവൻ, സ്രഷ്ടാവ്, നൽകുന്നവൻ, തടയുന്നവൻ – ജാഹിലിയ്യാ കാലത്തെ ആളുകളും മറ്റ് മനുഷ്യരും അംഗീകരിച്ചിരുന്നു. പ്രപഞ്ചത്തിലെ അത്ഭുതങ്ങളും ആകാശഭൂമികളിലെ സൃഷ്ടിപ്പും മനുഷ്യൻ്റെ സ്വന്തം ശരീരഘടനയും കാണുമ്പോൾ അവർക്കത് മനസ്സിലാകുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ല താൻ വന്നതെന്നും, സ്വന്തം ഇഷ്ടപ്രകാരമല്ല താൻ മടങ്ങിപ്പോകുന്നതെന്നും മനുഷ്യൻ കാണുന്നു. അതുകൊണ്ട് റുബൂബിയ്യത്തിനെ അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റ് വഴിയില്ല. അതിനാലാണ് മുൻകാല സമുദായങ്ങളൊന്നും റുബൂബിയ്യത്തിനെ നിഷേധിക്കാത്തത്. എന്നാൽ പരീക്ഷണം നടന്നത് രണ്ടാമത്തെ ഇനമായ ഉലൂഹിയ്യത്തിലാണ്. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ
‘തീർച്ചയായും നാം ഓരോ സമുദായത്തിലും ഓരോ ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും വ്യാജദൈവങ്ങളെ വെടിയുകയും ചെയ്യുക എന്ന് കൽപിച്ചുകൊണ്ട്.’¹⁸
അല്ലാഹു പറഞ്ഞു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ
‘തീർച്ചയായും നിനക്കും നിന്റെ മുൻഗാമികൾക്കും ഈ സന്ദേശം നൽകപ്പെട്ടിട്ടുണ്ട്: നീ അല്ലാഹുവിന് പങ്കുകാരെ ചേർത്താൽ തീർച്ചയായും നിന്റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തിലാകുകയും ചെയ്യും.’¹⁹
മുഹമ്മദ് നബിക്കും (ﷺ) മുൻഗാമികളായ പ്രവാചകന്മാർക്കും നൽകപ്പെട്ട സന്ദേശമാണിത്. പ്രവാചകന്മാർ അല്ലാഹുവിന് പങ്കുകാരെ ചേർത്താലോ അല്ലെങ്കിൽ അവരുടെ അനുയായികൾ പങ്കുകാരെ ചേർത്താലോ പ്രവർത്തനങ്ങൾ നിഷ്ഫലമാകുമെന്ന് വ്യക്തമാക്കുന്നു. നബി (ﷺ) സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠനായിട്ടും ഈ മുന്നറിയിപ്പ് നൽകിയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനില്ല.
അപ്പോൾ എന്താണ് അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള വിശ്വാസം? യാതൊരു സംശയവുമില്ലാതെ പൂർണ്ണമായ ബോധ്യത്തോടെ, ആരാധനകൾക്കും ആദരവിനും കീഴൊതുങ്ങലിനും പ്രതീക്ഷയ്ക്കും ഭയത്തിനും അർഹൻ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലാണത്. കാരണം എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അവന്റെ കയ്യിലാണ്. ദുൻയാവും ആഖിറവും ആരുടെ കയ്യിലാണോ അവനെയാണല്ലോ ആരാധിക്കുകയും അവനോടാണല്ലോ കീഴൊതുങ്ങുകയും ചെയ്യേണ്ടത്. ദുൻയാവിലെയും ആഖിറത്തിലെയും നേട്ടം അല്ലാഹുവിന്റെ പക്കൽ മാത്രമാണെങ്കിൽ, ഈ കാര്യങ്ങളെല്ലാം ഉടമപ്പെടുത്തുന്ന ഏകനായ ഇലാഹിന് മാത്രമായിരിക്കണം നിന്റെ ആരാധന. നിന്റെ പ്രവർത്തനങ്ങളിലൂടെ അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് ഉലൂഹിയ്യത്തിന്റെ അർത്ഥം; നമസ്കാരം അല്ലാഹുവിന് മാത്രമായി നിർവ്വഹിക്കുക, നോമ്പ് അല്ലാഹുവിന് മാത്രം അനുഷ്ഠിക്കുക, പ്രാർത്ഥനകൾ അല്ലാഹുവിനോട് മാത്രമായിരിക്കുക. പ്രാർത്ഥനയുടെ ഭാഗമായ സഹായതേട്ടം (ഇസ്തിഗാസ) അല്ലാഹുവിനോട് മാത്രമായിരിക്കുക. നിനക്കൊരു പ്രയാസം വന്നാൽ ഏകനായ അല്ലാഹുവിന്റെ വാതിൽ മുട്ടുക.
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ
‘(ഓർക്കുക:) നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം. അപ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകി.’²⁰
സൃഷ്ടികൾ ദുർബലരാണ്, അവരെപ്പോലെത്തന്നെ ദുർബലരാണ് മറ്റ് സൃഷ്ടികളും.
أَيُشْرِكُونَ مَا لَا يَخْلُقُ شَيْئًا وَهُمْ يُخْلَقُونَ
‘യാതൊന്നും സൃഷ്ടിക്കാത്ത, സ്വയം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെയാണോ അവർ പങ്കുകാരാക്കുന്നത്?’²¹
അവർക്ക് തങ്ങൾക്ക് തന്നെ ഗുണമോ ദോഷമോ വരുത്താൻ സാധിക്കില്ല. യാതൊന്നും സൃഷ്ടിക്കാത്ത ഇവരെയാണോ അവർ പങ്കുകാരാക്കുന്നത്? അതോ അവർക്ക് ഭൂമിയിൽ മറ്റ് വല്ല ഇലാഹുകളുമുണ്ടോ? ഭൂമിയിൽ ഏതെങ്കിലും ഇലാഹ് ഉണ്ടാകുമോ? ഭൂമിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനെ, അല്ലെങ്കിൽ ഭൂമിയിലുള്ള മരം, കല്ല്, വിഗ്രഹം തുടങ്ങിയവയെ ദൈവമാക്കി ആരാധിക്കുകയും പ്രാർത്ഥിക്കുകയും സഹായം തേടുകയും അവക്കായി അറുക്കുകയും ഹൃദയത്തെ അവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു തള്ളിക്കളഞ്ഞു. അല്ലാഹു പറഞ്ഞു:
أَمِ اتَّخَذُوا آلِهَةً مِّنَ الْأَرْضِ هُمْ يُنشِرُونَ
‘അതല്ല, അവർ ഭൂമിയിൽ നിന്ന് ചില ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? അവർ മരിച്ചവരെ ജീവിപ്പിക്കുമോ?’²²
അവർ മരിച്ചവരെ ജീവിപ്പിക്കുമോ? ഇല്ല, അവർ ദുർബലരും സാധുക്കളുമാണ്. അതിനാൽ ഈമാനിന്റെ ഏറ്റവും വലിയ ഇനം ഉലൂഹിയ്യത്തിലുള്ള വിശ്വാസമാണ്. കാരണം ജനങ്ങൾക്കിടയിൽ പരീക്ഷണം നടന്നത് ഇതിലാണ്. ആരാധനക്കർഹൻ ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ അതിന്റെ ഫലങ്ങളുണ്ടാകും. അവൻ തന്റെ ആരാധനകൾ പൂർണ്ണമായും അല്ലാഹുവിന് മാത്രം സമർപ്പിക്കുന്നു; അവനിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്നു, അവനെ മാത്രം ഭയപ്പെടുന്നു. രഹസ്യമായ ഭയങ്ങൾ (ഖൗഫുസ്സിർ) അല്ലാഹുവിനെക്കുറിച്ച് മാത്രമായിരിക്കും. എന്നാൽ ചിലർ ബാഹ്യമായ കാരണങ്ങളൊന്നുമില്ലാതെ വല്ല വലിയ്യും തനിക്ക് ആപത്ത് വരുത്തുമെന്ന് ഭയപ്പെടുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ ഒരു ജിന്ന് തനിക്ക് ഉപദ്രവം വരുത്തുമെന്ന് ഭയപ്പെടുന്നു. ഇത് മുശ്രിക്കുകളുടെ ഭയമാണ്. ഇബ്രാഹീം നബിയുടെ (അ) വാക്കുകളായി അല്ലാഹു പറഞ്ഞു:
وَلَا أَخَافُ مَا أَشْرَكْتُمْ
‘നിങ്ങൾ അവനോട് പങ്കുചേർക്കുന്നതിനെയൊന്നും ഞാൻ ഭയപ്പെടുന്നില്ല.’²³
തുടർന്ന് പറഞ്ഞു:
وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِاللَّهِ
‘നിങ്ങൾ പങ്കുചേർത്തതിനെ ഞാൻ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്ക്ക് യാതൊരു പ്രമാണവും അവതരിപ്പിച്ചു തന്നിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല.’²⁴
അപ്പോൾ യഥാർത്ഥത്തിൽ ഭയപ്പെടാൻ അർഹതയുള്ളത് ആർക്കാണ്? അത് മുശ്രിക്കിനാണ്. ഏകനായ അല്ലാഹുവിൽ വിശ്വസിച്ച ഒരു സത്യവിശ്വാസി അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടുന്നില്ല. അതുപോലെ പ്രാർത്ഥനയുടെ രൂപങ്ങൾ. വിപത്തുകൾ വരുമ്പോൾ വല്ല മരിച്ച വലിയ്യിന്റെയോ നബിയുടെയോ അടുത്ത് പോയി സങ്കടം പറയുന്നവൻ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിൽ വിശ്വസിച്ചവനാകുമോ? ആകാശഭൂമികളുടെ ഉടമയായ, എല്ലാ പ്രയാസങ്ങൾക്കും പരിഹാരം നൽകുന്ന അല്ലാഹുവിനെ ഒഴിവാക്കി സൃഷ്ടികളോട് പ്രാർത്ഥിക്കുന്നത് എങ്ങനെയാണ്? അതുകൊണ്ടാണ് നബി (ﷺ) ഇബ്നു അബ്ബാസിന് (റ) അദ്ദേഹം ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ശുദ്ധമായ തൗഹീദ് പഠിപ്പിച്ചുകൊടുത്തത്. നബി (ﷺ) പറഞ്ഞു:
إِذَا سَأَلْتَ فَاسْأَلِ اللَّهَ
‘നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക.’²⁵
സൃഷ്ടികൾക്ക് കഴിവില്ലാത്ത നിന്റെ ആവശ്യങ്ങൾ ചോദിക്കുകയാണെങ്കിൽ അത് അല്ലാഹുവിനോട് മാത്രം ചോദിക്കുക. ഇനി സൃഷ്ടികൾക്ക് കഴിവുള്ള കാര്യമാണെങ്കിൽ അത് അവരോട് ചോദിക്കുന്നതിൽ തെറ്റില്ല; പക്ഷേ ആ സൃഷ്ടി ഒരു കാരണം മാത്രമാണെന്ന ബോധ്യത്തോടെയാകണം ചോദിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ അല്ലാഹുവിന് പൂർണ്ണമായി കീഴടങ്ങാത്തതുകൊണ്ട് നിങ്ങൾക്ക് പലപ്പോഴും വീഴ്ചകൾ സംഭവിക്കാറുണ്ട്. നിങ്ങൾ ഒരു സൃഷ്ടിയോട് ഒരു ആവശ്യം ചോദിക്കുന്നു; അതൊരു ശുപാർശയാകാം, അല്ലെങ്കിൽ പണമാകാം, അല്ലെങ്കിൽ ജോലിയാകാം. അപ്പോൾ നിങ്ങളുടെ ഹൃദയം ആ വ്യക്തിയുടെ സ്വാധീനത്തിലോ കഴിവിലോ പ്രശസ്തിയിലോ ബന്ധിക്കപ്പെടുന്നു. ഇത് നൽകാൻ അയാൾക്ക് കഴിയുമെന്ന് വിശ്വസിക്കുകയും ഏകനായ അല്ലാഹുവിനെ മറക്കുകയും ചെയ്യുന്നു. ഇവിടെയാണ് മനുഷ്യന് വീഴ്ച സംഭവിക്കുന്നത്. സൃഷ്ടികൾക്ക് കഴിവുള്ള കാര്യങ്ങൾ അവരോട് ചോദിക്കുമ്പോൾ, ഉദാഹരണത്തിന് നിങ്ങൾ ഡോക്ടറെ കാണാൻ പോയി, ഡോക്ടർ സർജറി ചെയ്തു, നിങ്ങൾ മരുന്ന് കഴിച്ചു; ഇതൊക്കെ കാരണങ്ങൾ മാത്രമാണ്. കാരണങ്ങളെ ഉണ്ടാക്കുന്നവൻ അല്ലാഹുവാണ്. അടഞ്ഞ വാതിലുകൾ തുറന്നുതരുന്നതും നിന്റെ ആവശ്യങ്ങൾ എളുപ്പമാക്കിത്തരുന്നതും അല്ലാഹുവാണ്.
എന്നാൽ മരിച്ചവരോടും വലിയ്യുകളോടും ഖബ്റാളികളോടും സഹായം ചോദിക്കുന്ന കാര്യം വ്യത്യസ്തമാണ്. അവർ അല്ലാഹുവിന്റെയടുത്ത് ഒന്നുകിൽ നന്മയിലായിരിക്കും അല്ലെങ്കിൽ മറ്റു വല്ല അവസ്ഥയിലുമായിരിക്കും. ചോദിക്കുന്നവർക്ക് അവർക്കൊന്നും നൽകാൻ കഴിയില്ല; കാരണം അവർ അവരുടേതായ ലോകത്ത് വ്യാപൃതരാണ്. ഒന്നുകിൽ അവർ സ്വർഗ്ഗീയ അനുഗ്രഹങ്ങളിലായിരിക്കും; അപ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും നൽകാൻ അവർക്ക് അനുവാദമില്ല. അല്ലെങ്കിൽ അവർ ശിക്ഷയിലായിരിക്കും; അപ്പോഴും അവർ സ്വന്തം കാര്യത്തിൽ വ്യാപൃതരായിരിക്കും. അതുകൊണ്ടാണ് അല്ലാഹു നമ്മോട് പറഞ്ഞത്:
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
‘പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാർത്ഥിക്കരുത്.’²⁶
ഇതൊരു വിലക്കാണ്. ‘ആരെയും’ (أحداً) എന്നത് ഉസൂലുൽ ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നത്, നിഷേധ സൂചനയുള്ള വാചകത്തിൽ വന്ന നകിറ (അനിശ്ചിത നാമം) ആണെന്നാണ്. അത് എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്; ഒരാളോടും പ്രാർത്ഥിക്കാൻ പാടില്ല. അപ്പോൾ വലിയ്യുകളോട് പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്നവൻ ഈ ആയത്തിന് എതിരു പ്രവർത്തിച്ചുവോ ഇല്ലയോ? അല്ലാഹു പറയുന്നു: ആരെയും വിളിച്ചു പ്രാർത്ഥിക്കരുത്. അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് യഥാർത്ഥത്തിൽ ശിർക്കാണ് (പങ്കുചേർക്കൽ). എന്താണ് ശിർക്ക് എന്ന് ചോദിച്ചാൽ, അത് അല്ലാഹുവോടൊപ്പം മറ്റുള്ളവരോട് പ്രാർത്ഥിക്കലാണെന്ന് പറയുക. ഇസ്തിഗാസ (സഹായതേട്ടം), ഇസ്തിആദ (ശരണം തേടൽ), ഇസ്തിആന (അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യത്തിൽ മറ്റുള്ളവരോട് സഹായം ചോദിക്കൽ) തുടങ്ങി പ്രാർത്ഥനയുടെ എല്ലാ രൂപങ്ങളും ഇതിൽ പെടും. ഇതെല്ലാം ആരാധനയുടെ ഭാഗമാണ്. ഉലൂഹിയ്യത്തിന്റെ അടിസ്ഥാനം എന്നത്, എല്ലാത്തരം ആരാധനകൾക്കും അർഹൻ അല്ലാഹു മാത്രമാണെന്നും, അവൻ്റെ ഉലൂഹിയ്യത്ത് സത്യമാണെന്നും വിശ്വസിക്കലാണ്. മനുഷ്യർ അല്ലാഹുവല്ലാത്തവരോട് കാണിക്കുന്ന ആരാധനയെല്ലാം വ്യാജവും അക്രമവുമാണ്. അല്ലാഹു പറഞ്ഞു:
ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ
‘അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ. അവന് പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്നതെല്ലാം വ്യാജമാകുന്നു.’²⁷
മറ്റൊരു ആയത്തിൽ അല്ലാഹു പറഞ്ഞു:
وَأَنَّ مَا يَدْعُونَ مِن دُونِهِ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ
‘അവന് പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്നതെല്ലാം വ്യാജമാകുന്നു. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനും.’²⁸
അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥന പൂർണ്ണമായും വ്യാജമാണെന്ന് ഇത് വ്യക്തമാക്കുന്നു. അതിനാൽ നാം അല്ലാഹുവിനെ മാത്രം ഇലാഹായി അംഗീകരിക്കുന്ന ഈമാൻ യാഥാർത്ഥ്യമാക്കണം. ഇതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (لا إله إلا الله) എന്ന തൗഹീദിന്റെ വാക്യത്തിന്റെ അർത്ഥം; അഥവാ ആരാധനക്കർഹനായ യഥാർത്ഥ ഇലാഹ് അല്ലാഹു മാത്രമാണ്. അല്ലാഹുവല്ലാതെ മറ്റ് ആരാധ്യന്മാരുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്; മുശ്രിക്കുകൾ അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ശفاعة (ശുപാർശ) ചെയ്യാൻ അധികാരമില്ലാത്തവരോട് അവർ അത് ചോദിക്കുന്നു. ഇതെല്ലാം അല്ലാഹുവിനോടുള്ള ശിർക്കാണ്. അതിനാൽ ഏകനായ ഇലാഹായി അല്ലാഹുവിൽ വിശ്വസിക്കുന്നവന് ഉറപ്പുണ്ടായിരിക്കും, അവനല്ലാത്ത എല്ലാ ആരാധ്യന്മാരും വ്യാജവും അക്രമവും മുഖേനയാണ് ആരാധിക്കപ്പെടുന്നതെന്ന്; സത്യമായ ആരാധ്യൻ അല്ലാഹു മാത്രമാണെന്നും. ഇതാണ് യാഥാർത്ഥ്യം. മരത്തെയോ കല്ലിനെയോ വലിയ്യിനെയോ നബിയെയോ മലക്കിനെയോ ജിന്നിനെയോ മനുഷ്യനെയോ ആരെ ആരാധിച്ചാലും, അവൻ ആരാധിക്കുന്നത് വ്യാജമായ ഒന്നിനെയാണെന്നും അത് അല്ലാഹുവിനോടുള്ള ശിർക്കാണെന്നും വിശ്വസിക്കുന്നവനാണ് യഥാർത്ഥ ഇസ്ലാമിക വിശ്വാസം ഉൾക്കൊണ്ടവൻ.
ശിർക്ക് രണ്ടുവിധമുണ്ട്: വലിയ ശിർക്കും ചെറിയ ശിർക്കും. വലിയ ശിർക്ക് എന്നാൽ ആരാധനയുടെ ഏതെങ്കിലും ഒരു ഇനം അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കലാണ്. ഉദാഹരണത്തിന്, വലിയ്യിന് വേണ്ടി ബലിയറുക്കൽ. ഒരാൾ വലിയ്യിന്റെ ഖബ്റിനരികിൽ വന്ന് ബലിയറുത്താൽ അത് വലിയ ശിർക്കാണ്. കാരണം ബലിയറുക്കൽ ആർക്കാണ് ചെയ്യേണ്ടത്? അത് അല്ലാഹുവിനാണ്. രക്തം ചിന്തൽ വലിയൊരു ആരാധനയാണ്, ബലിപെരുന്നാൾ ദിനത്തിൽ നാം അത് അല്ലാഹുവിന് വേണ്ടി ചെയ്യുന്നു. ഈ ആരാധനയെ മറ്റൊരാൾക്ക് സമർപ്പിക്കുകയോ, അറുക്കുമ്പോൾ അല്ലാഹുവല്ലാത്തവരുടെ പേര് പറയുകയോ ചെയ്താൽ അത് വലിയ ശിർക്കാണ്. ചിലപ്പോൾ അത് സഹായതേട്ടത്തിലോ റുബൂബിയ്യത്തിലോ ഉള്ള ശിർക്കാകാം, മറ്റു ചിലപ്പോൾ ഉലൂഹിയ്യത്തിലാകാം; ഇതെല്ലാം ഇസ്ലാമിൽ നിന്നും അതിന്റെ വിശ്വാസത്തിൽ നിന്നും പുറത്താക്കുന്നതാണ്. നേർച്ചയാക്കൽ, പ്രാർത്ഥനയുടെ വിവിധ രൂപങ്ങൾ എന്നിവയെല്ലാം ഇതിൽ പെടും. ഈ വിഷയത്തിന് കൂടുതൽ വിശദീകരണം ആവശ്യമുണ്ട്. ഇത് വ്യക്തമാക്കുന്നതിനായി നവോത്ഥാന നായകനായ ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ കിതാബുത്തൗഹീദ് എന്ന ഗ്രന്ഥം പഠിക്കേണ്ടതുണ്ട്. കാരണം അദ്ദേഹം ഈ വിഷയത്തിൽ ധാരാളം സമയം ചെലവഴിക്കുകയും, മക്കയിലെയും മദീനയിലെയും ബസ്വറയിലെയും പണ്ഡിതന്മാരുമായി സംവദിക്കുകയും ഈ വിഷയം പഠിക്കുകയും ചെയ്തിട്ടുണ്ട്. സമുദായത്തിന് വേണ്ടി ‘കിതാബുത്തൗഹീദ്’ എന്ന മഹത്തായ ഗ്രന്ഥം അദ്ദേഹം രചിച്ചു. അതിനാൽ ഈ വിഷയം മനസ്സിലാക്കാൻ അതിന്റെ വിശദീകരണ ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക.
അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ മൂന്നാമത്തെ വിഭാഗം, അല്ലാഹുവിന്റെ നാമങ്ങളിലും ഗുണങ്ങളിലുമുള്ള വിശ്വാസമാണ് (തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത്). അഥവാ, അല്ലാഹുവിന്റെ നാമങ്ങളിലും ഗുണങ്ങളിലും അവന് തുല്യനായി ആരുമില്ല എന്ന് വിശ്വസിക്കൽ. അവന് ഏറ്റവും മനോഹരമായ നാമങ്ങളും മഹത്തായ ഉന്നത ഗുണങ്ങളുമുണ്ട്. എന്നാൽ അവന് തുല്യമായി യാതൊന്നുമില്ല. അവൻ തന്റെ മഹിമയിലും സമ്പൂർണ്ണ സൗന്ദര്യത്തിലും ഏകനാണ്. അസ്മാഉവസ്സ്വിഫാത്തിലെ തൗഹീദ് എന്നാൽ അല്ലാഹുവിന്റെ നാമഗുണങ്ങളിൽ അവന് തുല്യനായി ആരുമില്ലെന്നും അവന് സമാനനോ കിടയൊത്തവനോ ഇല്ലെന്നും വിശ്വസിക്കലാണ്. ഖുർആനിലും സുന്നത്തിലും ഈ മഹത്തായ അടിസ്ഥാനത്തിന് ധാരാളം തെളിവുകളുണ്ട്. അല്ലാഹു പറഞ്ഞു:
هَلْ تَعْلَمُ لَهُ سَمِيًّا
‘അവന് തുല്യനായ ആരെയെങ്കിലും നിനക്കറിയാമോ?’²⁹
അല്ലാഹു പറഞ്ഞു:
وَلِلَّهِ الْمَثَلُ الْأَعْلَى
‘അല്ലാഹുവിനാകുന്നു ഏറ്റവും ഉന്നതമായ ഗുണവിശേഷമുള്ളത്.’³⁰
ഇവിടെ ‘മഥൽ’ (المثل) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഉന്നതമായ ഗുണവിശേഷങ്ങൾ എന്നാണ്. ആകാശഭൂമികളിലെ ഉന്നതമായ ഗുണവിശേഷങ്ങളെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹു പറഞ്ഞു:
قُلْ هُوَ اللَّهُ أَحَدٌ
‘പറയുക: അവൻ അല്ലാഹു ഏകനാകുന്നു.’³¹
റബ്ബെന്ന നിലയിലും ഇലാഹെന്ന നിലയിലും നാമഗുണങ്ങളിലും അവന് തുല്യനായി ആരുമില്ല, അവൻ ഏകനാണ്.
اللَّهُ الصَّمَدُ
‘അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു.’³²
സൃഷ്ടികൾ തങ്ങളുടെ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് അവനെയാണ്. അവൻ സ്വയം പര്യാപ്തനാണ്.
لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
‘അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. അവൻ ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും തന്നെയില്ല.’³³
അവന് കിടയൊത്തവനായി ആരുമില്ല. അല്ലാഹു പറഞ്ഞു:
لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ
‘അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു.’³⁴
അസ്മാഉവസ്സ്വിഫാത്തിലെ തൗഹീദിനെക്കുറിച്ച് ആളുകൾ ധാരാളം സംസാരിച്ചിട്ടുണ്ട്. എന്നാൽ പ്രമാണങ്ങൾ വ്യക്തമാക്കുന്നത് അവന് ഏറ്റവും മനോഹരമായ നാമങ്ങളും ഉന്നതമായ ഗുണങ്ങളും ഉണ്ടെന്നാണ്.
وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا
‘അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. അതിനാൽ ആ നാമങ്ങൾ ഉപയോഗിച്ച് നിങ്ങൾ അവനോട് പ്രാർത്ഥിക്കുക.’³⁵
അല്ലാഹുവിന് വ്യത്യസ്ത അർത്ഥങ്ങളുള്ള നാമങ്ങളുണ്ടെന്നും, ഓരോ നാമവും മറ്റൊരു നാമത്തിലുള്ളതല്ലാത്ത ഒരു ഗുണം ഉൾക്കൊള്ളുന്നുവെന്നും ഇത് വ്യക്തമാക്കുന്നു. അല്ലാഹു പറഞ്ഞു:
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ. هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
‘അവനല്ലാതെ യാതൊരു ദൈവവുമില്ലാത്തവനായ അല്ലാഹുവാണവൻ. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവൻ. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാവായ, പരമപരിശുദ്ധനായ, സമാധാനം നൽകുന്നവനായ, അഭയം നൽകുന്നവനായ, മേൽനോട്ടം വഹിക്കുന്നവനായ, പ്രതാപിയായ, പരമാധികാരിയായ, മഹത്ത്വമുള്ളവനായ അല്ലാഹു. അവർ പങ്ക് ചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ.’³⁶
നബി (ﷺ) പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الْجَنَّةَ
‘തീർച്ചയായും അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ട് – അഥവാ ഒന്നു കുറഞ്ഞ നൂറ് – ആരെങ്കിലും അത് മനഃപാഠമാക്കിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.’³⁷
ഖുർആനിൽ അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അതിൽ അല്ലാഹുവിന്റെ ഗുണങ്ങളുമുണ്ട്. അല്ലാഹുവിന്റെ ഗുണങ്ങളിൽ ചിലത് അവന്റെ സത്തയുമായി ബന്ധപ്പെട്ടവയാണ് (സ്വിഫാത്ത് ദാതിയ്യഃ), മറ്റു ചിലത് അവന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ് (സ്വിഫാത്ത് ഫിഅ്ലിയ്യഃ). അവ തമ്മിലുള്ള വ്യത്യാസമെന്താണ്? അല്ലാഹുവിന്റെ സത്തയുമായി ബന്ധപ്പെട്ട ഗുണങ്ങൾ അവനിൽ നിന്നും ഒരിക്കലും വേർപിരിയുകയില്ല; അഥവാ അവൻ എപ്പോഴും ആ ഗുണവിശേഷണങ്ങൾ ഉള്ളവനാണ്. ഉദാഹരണത്തിന് അല്ലാഹുവിന്റെ ‘മുഖം’ (വജ്ഹ്) എന്ന ഗുണം. അല്ലാഹു പറഞ്ഞു:
كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ
‘അവന്റെ മുഖമൊഴികെ എല്ലാ വസ്തുക്കളും നശിക്കുന്നതാണ്.’³⁸
അല്ലാഹു പറഞ്ഞു:
وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ
‘മഹത്ത്വവും ഔദാര്യവുമുള്ള നിന്റെ രക്ഷിതാവിന്റെ മുഖം മാത്രം അവശേഷിക്കുന്നതാണ്.’³⁹
അല്ലാഹുവിന്റെ സ്വിഫാത്ത് ദാതിയ്യയിൽ പെട്ടതാണ് അവന്റെ രണ്ട് കൈകൾ. അല്ലാഹു പറഞ്ഞു:
بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ
‘അല്ല, അവന്റെ രണ്ടു കൈകളും നിവർത്തപ്പെട്ടവയാകുന്നു. അവൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു.’⁴⁰
അല്ലാഹു പറഞ്ഞു:
مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ
‘എന്റെ രണ്ട് കൈകൾ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിന് സുജൂദ് ചെയ്യുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്താണ്?’⁴¹
കാരുണ്യം അല്ലാഹുവിന്റെ സത്തയുമായി ബന്ധപ്പെട്ട ഗുണമാണ്. അല്ലാഹു തൻ്റെ മേൽ കാരുണ്യം രേഖപ്പെടുത്തിയിരിക്കുന്നു. അതൊരിക്കലും അവനിൽ നിന്നും വേർപിരിയുകയില്ല; എല്ലാ അവസ്ഥയിലും അവൻ കരുണാമയനാണ്. അവന് രണ്ട് കണ്ണുകളുണ്ട് എന്നതും സ്വിഫാത്ത് ദാതിയ്യയിൽ പെട്ടതാണ്. ചുരുക്കത്തിൽ, ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള സത്തയുമായും പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട എല്ലാ ഗുണങ്ങളും നാം സ്ഥിരീകരിക്കുന്നു. അത് ‘അവന് തുല്യമായി യാതൊന്നുമില്ല’ എന്ന അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കേണ്ടത്. ഖുർആനിലും സുന്നത്തിലും പറഞ്ഞതുപോലെ ഈ ഗുണങ്ങളെ നാം അംഗീകരിച്ചാൽ അത് സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാകുമെന്ന് ചില ആളുകൾ പറയുന്നു; അല്ലാഹുവിന് മുഖമുണ്ട്, സൃഷ്ടിക്കും മുഖമുണ്ട് എന്നൊക്കെ പറഞ്ഞ്. അവർക്കുള്ള മറുപടി, തന്നെക്കുറിച്ച് ഈ ഗുണങ്ങൾ പറഞ്ഞത് ആരാണ്? അല്ലാഹു തന്നെയാണ്. തന്നെക്കുറിച്ച് ഈ ഗുണങ്ങൾ പറഞ്ഞപ്പോൾ അവൻ തന്നെ പറഞ്ഞിട്ടുണ്ട്: ‘അവന് തുല്യമായി യാതൊന്നുമില്ല.’ തുടർന്ന് അല്ലാഹു പറഞ്ഞു: ‘അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു.’ ‘അവന് തുല്യമായി യാതൊന്നുമില്ല’ എന്ന് പറഞ്ഞതിന് ശേഷം കേൾവി, കാഴ്ച എന്നീ ഗുണങ്ങളെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞത് എന്തിനാണ്? അസ്മാഉവസ്സ്വിഫാത്തിലെ തൗഹീദ് മനസ്സിലാക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു സൂചനയും പാഠവും ഇതിലുണ്ട്. കാരണം, കേൾവി, കാഴ്ച എന്നീ ഗുണങ്ങൾ ജീവനുള്ള ഒട്ടുമിക്ക സൃഷ്ടികൾക്കുമുണ്ട്. ഒരു ഉറുമ്പിനെ നോക്കൂ, അതിന് കേൾവിയും കാഴ്ചയുമില്ലേ? ഉണ്ട്. എന്നാൽ ഉറുമ്പിന് നമ്മുടേതുപോലെയുള്ള ചെവികളുണ്ടോ? ഉറുമ്പിന് കാഴ്ചയും കേൾവിയുമുണ്ട് എന്ന് പറയുമ്പോൾ, ഉറുമ്പ് അതിൻ്റേതായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ശബ്ദങ്ങളും കാഴ്ചകളും ഗ്രഹിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. അല്ലാതെ ഉറുമ്പിനെ എങ്ങനെ മനുഷ്യനോട് സാദൃശ്യപ്പെടുത്തും? മനുഷ്യനാണല്ലോ കേൾവിയും കാഴ്ചയുമുള്ളവൻ എന്ന് കരുതി, ഉറുമ്പിന് കേൾവിയും കാഴ്ചയുമുണ്ട് എന്ന് പറയുമ്പോൾ അത് മനുഷ്യനോട് സാദൃശ്യപ്പെടുത്തലാകുമോ? ഉറുമ്പ് കാറ്റിൽ പറന്നുപോകുന്ന നിസ്സാരമായ ഒരു സൃഷ്ടിയാണ്, കൊതുകും അങ്ങനെ തന്നെ. എന്നാൽ കഴുതയും ആനയുമൊക്കെ വലിയ സൃഷ്ടികളാണ്. അതിനാൽ സൃഷ്ടികൾക്കിടയിൽ പൊതുവായുള്ള കേൾവി, കാഴ്ച എന്നീ ഗുണങ്ങൾ സ്ഥിരീകരിക്കുന്നത് അത് അവർക്കുണ്ട് എന്ന് കാണിക്കാനാണ്. കേൾവിയെന്നാൽ ശബ്ദങ്ങൾ ഗ്രഹിക്കുക, കാഴ്ചയെന്നാൽ ദൃശ്യങ്ങൾ ഗ്രഹിക്കുക. എന്നാൽ ഉറുമ്പിന്റെയും കൊതുകിന്റെയും കേൾവിയും കാഴ്ചയും മനുഷ്യൻ്റെ കേൾവിയും കാഴ്ചയും പോലെയാണോ? അല്ല. പറവകളുടെ കേൾവിയും കാഴ്ചയും മനുഷ്യൻ്റേത് പോലെയാണോ? അല്ല. മലക്കുകളുടെ കേൾവിയും കാഴ്ചയും മനുഷ്യൻ്റേത് പോലെയാണോ? അല്ല. അല്ലാഹു തൻ്റെ കൽപനകൾ ആകാശത്ത് അറിയിക്കുമ്പോൾ മലക്കുകൾ അത് കേൾക്കുന്നത് മിനുസമുള്ള പാറപ്പുറത്ത് ചങ്ങല വലിക്കുന്നതുപോലെയാണ്. അവർ അത് കേൾക്കുമ്പോൾ ഭയന്ന് ബോധരഹിതരാകുന്നു. ആദ്യം ബോധം വീഴുന്നത് ജിബ്രീലിനാണ് (അ). പിന്നീട് മറ്റു മലക്കുകൾക്ക് ബോധം വരുമ്പോൾ അവർ ജിബ്രീലിനോട് (അ) ചോദിക്കും: “നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്?” അദ്ദേഹം പറയും: “സത്യമാണ് അവൻ പറഞ്ഞത്, അവൻ ഉന്നതനും മഹാനുമാണ്.”
അപ്പോൾ ‘അവന് തുല്യമായി യാതൊന്നുമില്ല’ എന്ന് പറഞ്ഞതിന് ശേഷം ‘അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു’ എന്ന് അല്ലാഹു പറഞ്ഞത് എന്തിനാണ്? അവന് ആ ഗുണങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കാനാണ്. ഒരു സൃഷ്ടിയും മറ്റൊരു സൃഷ്ടിയും തമ്മിൽ സമാനതകളില്ലാത്തതുപോലെ, സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ ഒരിക്കലും സമാനതകളുണ്ടാകാൻ സാധ്യമല്ല. അതിനാൽ അല്ലാഹുവിന് ഗുണങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുന്നത് അത് അവനുണ്ട് എന്ന് വിശ്വസിക്കാനാണ്; അല്ലാതെ അത് എങ്ങനെയുണ്ടെന്ന് (കൈഫിയ്യത്ത്) വിശദീകരിക്കാനല്ല. തന്റെ ഗുണങ്ങൾ എങ്ങനെയുള്ളതാണെന്ന് അറിയാൻ ഒരു സൃഷ്ടിക്കും കഴിയില്ല, അത് അല്ലാഹുവിന് മാത്രമറിയാവുന്ന കാര്യമാണ്. അല്ലാഹുവിന് കേൾവി എന്ന ഗുണമുണ്ടെന്ന് നാം വിശ്വസിക്കുന്നു, കേൾവി എന്നതിന്റെ അർത്ഥം വ്യക്തവുമാണ്. അവന് കാഴ്ച എന്ന ഗുണമുണ്ടെന്ന് നാം വിശ്വസിക്കുന്നു, അതിന്റെ അർത്ഥവും വ്യക്തമാണ്. അവന് മുഖമുണ്ടെന്ന് നാം വിശ്വസിക്കുന്നു, മുഖം എന്നതിന്റെ അർത്ഥവും വ്യക്തമാണ്. അതുപോലെ അവന്റെ രണ്ട് കൈകളും കണ്ണുകളും അവന്റെ മഹത്ത്വത്തിനും ഔദാര്യത്തിനും അനുയോജ്യമായ രീതിയിൽ അവനുണ്ടെന്ന് നാം വിശ്വസിക്കുന്നു.
അതുപോലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗുണങ്ങൾ. ഖുർആനിലെ ഏഴ് സ്ഥലങ്ങളിൽ അല്ലാഹു സിംഹാസനത്തിൽ ആരോഹണം (ഇസ്തിവാഅ്) ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
ثُمَّ اسْتَوَىٰ عَلَى الْعَرْشِ
‘പിന്നീടവൻ സിംഹാസനസ്ഥനായി.’⁴²
അല്ലാഹു പറഞ്ഞു:
الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ
‘പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു.’⁴³
ഇത്തരം നിരവധി ആയത്തുകൾ ഇസ്തിവാഅ് (ആരോഹണം) എന്ന ഗുണത്തെ സ്ഥിരീകരിക്കുന്നതാണ്. മനുഷ്യരും ഇസ്തിവാഅ് ചെയ്യാറുണ്ട്; സൂറത്തുൽ മുഅ്മിനൂനിൽ അല്ലാഹു പറഞ്ഞു:
فَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ
‘അങ്ങനെ നീയും നിന്റെ കൂടെയുള്ളവരും കപ്പലിൽ കയറി ഇരുന്നാൽ…’⁴⁴
മനുഷ്യൻ ഇരിക്കാറുണ്ട്, എന്നാൽ മനുഷ്യന്റെ ഇരിപ്പ് അല്ലാഹുവിൻ്റേത് പോലെയാണോ? അല്ല. അല്ലാഹു അവൻ്റെ സിംഹാസനത്തിൽ ആരോഹണം ചെയ്തുവെന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാഹു അവൻ്റെ സിംഹാസനത്തിൽ പ്രത്യേകമായ രീതിയിൽ ആരോഹണം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കലാണ് ഇതിന്റെ അർത്ഥം; അത് എങ്ങനെയെന്ന് നമുക്ക് അറിയാൻ കഴിയില്ല. എന്നാൽ ഈ വാക്കുകൾ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും നിഷേധിക്കുകയും ചെയ്തവർക്ക്, അല്ലാഹുവിന്റെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ സൃഷ്ടികളോടുള്ള സാദൃശ്യം മാത്രമേ ഹൃദയത്തിൽ വന്നുള്ളൂ. അതുകൊണ്ടാണ് അവർ അത് വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തത്. അല്ലാഹു ഖുർആനിലും നബി (ﷺ) സുന്നത്തിലും പറഞ്ഞ കാര്യങ്ങൾ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതാണോ? അല്ല, അല്ലാഹുവിന്റെ ഗുണങ്ങൾ അവന്റെ മഹത്ത്വത്തിനും പൂർണ്ണതക്കും അനുയോജ്യമായ രീതിയിലുള്ളതാണ്. മുൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞത്: “നിന്റെ മനസ്സിൽ എന്തൊക്കെ തോന്നുന്നുവോ, അല്ലാഹു അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്.” മനുഷ്യന്റെ മനസ്സിൽ ചിലപ്പോൾ ചില രൂപങ്ങളും ഭാവനകളും വന്നേക്കാം. എന്നാൽ അസ്മാഉവസ്സ്വിഫാത്തിലെ തൗഹീദ് എന്നാൽ, അല്ലാഹുവിന് അവന്റേതായ നാമങ്ങളും ഗുണങ്ങളുമുണ്ടെന്നും അത് അവൻ്റെ മഹത്ത്വത്തിന് യോജിച്ചതാണെന്നും വിശ്വസിക്കലാണ്. ഈ ഗുണങ്ങളെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ നാം മനസ്സിലാക്കണം. എന്നാൽ അല്ലാഹുവിന്റെ ഗുണങ്ങൾക്കും സൃഷ്ടികളുടെ ഗുണങ്ങൾക്കും ഇടയിൽ യാതൊരു സാദൃശ്യവുമില്ല; അല്ലാഹുവിന്റെ ഗുണങ്ങൾ അവന് മാത്രം അനുയോജ്യമായ രീതിയിലുള്ളതാണ്.
നാമങ്ങളിലും ഗുണങ്ങളിലുമുള്ള വിശ്വാസം മനസ്സിലാക്കാൻ നാം നമ്മുടെ ഹൃദയങ്ങൾ തുറന്നുവെക്കേണ്ടതുണ്ട്. സൗന്ദര്യം കാണുമ്പോൾ, അത് അല്ലാഹുവിന്റെ സൗന്ദര്യവുമായി ബന്ധിപ്പിക്കുക. നിങ്ങൾക്ക് സൗന്ദര്യം ഇഷ്ടമാണെങ്കിൽ അറിയുക, കേവലമായ സൗന്ദര്യം അല്ലാഹുവിനാണ്. സൃഷ്ടികളിൽ നിങ്ങൾ കാണുന്ന സൗന്ദര്യം അല്ലാഹുവിന്റെ സൗന്ദര്യത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്. മഹത്തുക്കളിൽ ഏതെങ്കിലും ഒരാളുടെ ശക്തി നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവെങ്കിൽ, അല്ലാഹുവിന്റെ ശക്തിയും മഹത്ത്വവും എത്രയോ വലുതാണ്! അല്ലാഹു രഹസ്യങ്ങളും അതിലും ഗോപ്യമായതും അറിയുന്നവനാണെന്നും, അവന്റെ നാമഗുണങ്ങളിലും നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ അത് നിങ്ങളിൽ അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും (മുറാഖബ) ഭയവും ഉണ്ടാക്കില്ലേ? അല്ലാഹു പറഞ്ഞു:
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ
‘നീ ഏതൊരു അവസ്ഥയിലായിരുന്നാലും, അതിനെപ്പറ്റി ഖുർആനിൽ നിന്ന് നീ എന്തോതിക്കേൾപ്പിച്ചാലും, നിങ്ങളതിൽ ഏർപ്പെടുമ്പോൾ തന്നെ നാം നിങ്ങൾക്ക് സാക്ഷിയായിട്ടുണ്ടാകും.’⁴⁵
അല്ലാഹു സാക്ഷിയല്ലേ? അവൻ ദൃശ്യവും അദൃശ്യവും അറിയുന്നവനല്ലേ? കേൾക്കുന്ന എല്ലാ കാര്യങ്ങളും അവൻ കേൾക്കുകയും കാണുന്ന എല്ലാ കാര്യങ്ങളും അവൻ കാണുകയും ചെയ്യുന്നു. ഇരുണ്ട രാത്രിയിൽ കറുത്ത പാറപ്പുറത്തൂടെ പോകുന്ന കറുത്ത ഉറുമ്പിന്റെ കാൽപെരുമാറ്റം അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഈ ചിന്ത ഒരു അടിമയിൽ അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഉണ്ടാക്കുന്നില്ലേ? അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് അസ്മാഉവസ്സ്വിഫാത്തിലുള്ള വിശ്വാസം പിഴച്ച കക്ഷികളുടേതു പോലെ വെറുമൊരു ബുദ്ധിപരമായ വിശ്വാസമല്ല; മറിച്ച് അതിന് വ്യക്തമായ ഫലങ്ങളുണ്ട്. ഒരു അടിമ അശ്രദ്ധനാകുകയും തെറ്റ് ചെയ്യുകയും ചെയ്താൽ അവന്റെ അസ്മാഉവസ്സ്വിഫാത്തിലുള്ള വിശ്വാസം കുറയുന്നു, അതിന്റെ ഫലങ്ങളും കുറയുന്നു. എന്നാൽ പെട്ടെന്ന് അവൻ അല്ലാഹുവിനെക്കുറിച്ച് ഓർക്കുകയും, റബ്ബിന്റെ ഗുണങ്ങൾ ഹൃദയത്തിൽ വലുതാകുകയും ചെയ്താൽ അവൻ അല്ലാഹുവിലേക്ക് മടങ്ങുകയും അവനോട് പാപമോചനം തേടുകയും കീഴടങ്ങുകയും ചെയ്യും. അല്ലാഹു ആകാശത്തേക്ക് ഇറങ്ങിവരും (നുസൂൽ) എന്ന ഗുണത്തെക്കുറിച്ച് ചിന്തിക്കുക. നബി (ﷺ) പറഞ്ഞു:
يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
‘രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ഭാഗം ശേഷിക്കുമ്പോൾ നമ്മുടെ റബ്ബ് താഴത്തെ ആകാശത്തേക്ക് ഇറങ്ങിവരും. എന്നിട്ടവൻ പറയും: എന്നോട് പ്രാർത്ഥിക്കുന്നവരുണ്ടോ, ഞാൻ ഉത്തരം നൽകാം. എന്നോട് ചോദിക്കുന്നവരുണ്ടോ, ഞാൻ നൽകാം. എന്നോട് പാപമോചനം തേടുന്നവരുണ്ടോ, ഞാൻ പൊറുത്തുകൊടുക്കാം.’⁴⁶
ഈ ഗുണത്തിൽ വിശ്വസിക്കുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. അവൻ രാത്രിയുടെ അവസാനത്തിൽ നമസ്കരിക്കുമ്പോൾ അവൻ്റെ ചിന്ത എന്തായിരിക്കും? അവന്റെ വിശ്വാസവും ഭയഭക്തിയും എങ്ങനെയായിരിക്കും? അവന്റെ വിശ്വാസം വർദ്ധിക്കുമ്പോൾ അതിനനുസരിച്ച് അവന്റെ ഈമാനും വർദ്ധിക്കും; വിശ്വാസം കുറയുമ്പോൾ ഈമാനും കുറയും. അതിനാൽ സത്യവിശ്വാസികളേ, അല്ലാഹുവിന്റെ നാമഗുണങ്ങളിലുള്ള വിശ്വാസത്തിന് വ്യക്തികളിൽ വലിയ സ്വാധീനമുണ്ട്; അവരുടെ പ്രവർത്തനങ്ങൾ നന്നാക്കുന്നതിലും, അല്ലാഹുവിനെക്കുറിച്ചുള്ള അറിവിലും, തഖ്വയിലും (സൂക്ഷ്മത), അല്ലാഹുവുമായുള്ള അടുപ്പത്തിലും, പരലോകത്തോടുള്ള താല്പര്യത്തിലുമെല്ലാം ഇത് വ്യക്തമാണ്. അവരുടെ ഹൃദയങ്ങളിൽ പ്രകാശമുള്ളതായി നിങ്ങൾക്ക് കാണാം. വിവരമില്ലാത്തവർ കാണുന്നതുപോലെയല്ല അവർ കാര്യങ്ങളെ കാണുന്നത്. അതിനാൽ അല്ലാഹുവിന്റെ നാമഗുണങ്ങൾ പരാമർശിക്കുന്ന ആയത്തുകൾ പാരായണം ചെയ്യുമ്പോൾ അതിൽ ചിന്തിക്കുക, ധൃതി കാണിക്കരുത്; അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസം ശക്തിപ്പെടാൻ വേണ്ടിയാണത്. അല്ലാഹുവിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതായതുകൊണ്ടാണ് ഇതിനായി കൂടുതൽ വിശദീകരണം നൽകിയത്.
ഈമാനിന്റെ സ്തംഭങ്ങളിൽ പെട്ട മറ്റു കാര്യങ്ങൾ മലക്കുകൾ, ഗ്രന്ഥങ്ങൾ, ദൂതന്മാർ, അന്ത്യദിനം, വിധിവിശ്വാസം എന്നിവയിലുള്ള വിശ്വാസമാണ്. മലക്കുകളിലുള്ള വിശ്വാസം എന്നത്, അല്ലാഹു അവനെ ആരാധിക്കാൻ വേണ്ടി ഒരു വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ടെന്നും, അവർ അവൻ്റെ കൽപനകൾ അനുസരിക്കുകയും വിലക്കുകൾ പാലിക്കുകയും ചെയ്യുന്നുവെന്നും, അവർ എപ്പോഴും അല്ലാഹുവിനെ ആരാധിക്കുന്നതിൽ വ്യാപൃതരാണെന്നും വിശ്വസിക്കലാണ്. സൂറത്തുൽ അമ്പിയാഇൽ മലക്കുകളെക്കുറിച്ച് അല്ലാഹു പറഞ്ഞു:
لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ
‘അവനെ മറികടന്ന് അവർ സംസാരിക്കുകയില്ല. അവന്റെ കൽപനപ്രകാരം അവർ പ്രവർത്തിക്കുന്നു.’⁴⁷
അവർ അല്ലാഹുവിനെ മറികടന്ന് സംസാരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിർവ്വഹിക്കാൻ നിയോഗിക്കപ്പെടുന്നവരാണവർ. മഴയുടെ ചുമതലയുള്ള മലക്കുകളുണ്ട്; ഒരു നാട്ടിൽ മഴ പെയ്യുകയും മറ്റൊരു നാട്ടിൽ പെയ്യാതിരിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ? അല്ലാഹു മലക്കുകളെ കാറ്റും മഴയുമായി അയക്കുന്നു; അവൻ ഉദ്ദേശിച്ച നാട്ടിൽ അത് ലഭിക്കുന്നു, ഉദ്ദേശിക്കാത്ത നാട്ടിൽ അത് ലഭിക്കുന്നില്ല. അല്ലാഹു പറഞ്ഞു:
وَلَقَدْ صَرَّفْنَاهُ بَيْنَهُمْ لِيَذَّكَّرُوا
‘അവർ ആലോചിച്ചു മനസ്സിലാക്കുന്നതിന് വേണ്ടി അത് (മഴവെള്ളം) അവർക്കിടയിൽ നാം വിതരണം ചെയ്തിരിക്കുന്നു.’⁴⁸
അല്ലാഹു പറഞ്ഞു:
وَالْمُرْسَلَاتِ عُرْفًا
‘തുടരെത്തുടരെ അയക്കപ്പെടുന്ന കാറ്റുകൾ തന്നെ സത്യം.’⁴⁹
മലക്കുകളിൽ മരണത്തിന്റെ ചുമതലയുള്ളവരുണ്ട്. ലോകത്തുള്ളവരുടെ ആത്മാവുകൾ പിടിക്കാൻ മലക്കുൽ മൗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേനകളുണ്ട്. അല്ലാഹു പറഞ്ഞു:
قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ
‘പറയുക: നിങ്ങളുടെ കാര്യത്തിൽ ഏൽപിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്.’⁵⁰
സൂറത്തുൽ അൻആമിൽ അല്ലാഹു പറഞ്ഞു:
حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
‘അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ നമ്മുടെ ദൂതന്മാർ (മലക്കുകൾ) അവനെ പൂർണ്ണമായും ഏറ്റെടുക്കുന്നു. അവർ (അക്കാര്യത്തിൽ) ഒരു വീഴ്ചയും വരുത്തുകയില്ല.’⁵¹
അതായത് മലക്കുൽ മൗത്തും അദ്ദേഹത്തിന്റെ കീഴിൽ അല്ലാഹു ദൂതന്മാരെന്ന് വിശേഷിപ്പിച്ച മറ്റ് മലക്കുകളും. പ്രപഞ്ചത്തിൽ നിങ്ങൾ കാണുന്ന കാര്യങ്ങളെല്ലാം നിർവ്വഹിക്കാൻ അല്ലാഹു തൻ്റെ മലക്കുകളോടും സേനകളോടും കൽപിക്കുന്നു; അവർ അവന് വേണ്ടി പ്രവർത്തിക്കുകയും സൃഷ്ടികളിൽ അവൻ്റെ കൽപനകൾ നടപ്പിലാക്കുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ ‘ഉണ്ടാകൂ’ (كن) എന്ന് പറഞ്ഞാൽ ഉണ്ടാകും; എങ്കിലും തന്റെ പ്രത്യേക യുക്തിയുടെ അടിസ്ഥാനത്തിൽ തന്നെ ആരാധിക്കാൻ വേണ്ടി അവൻ അവരെ സൃഷ്ടിച്ചു. അവൻ്റെ കൽപനകൾ സ്വീകരിക്കാനും അവൻ ഉദ്ദേശിച്ചത് ചെയ്യാനുമാണ് അവരെ സൃഷ്ടിച്ചത്. അല്ലാതെ രാജാക്കന്മാർക്ക് സഹായികളെ ആവശ്യമുള്ളതുപോലെ അല്ലാഹുവിന് അവരെ ആവശ്യമുള്ളതുകൊണ്ടല്ല. മറിച്ച് സൃഷ്ടികൾ അവനോടുള്ള അടിമത്തം (ഉബൂദിയ്യത്ത്) കാണിക്കാൻ വേണ്ടിയാണത്. മലക്കുകളോട് പ്രാർത്ഥിക്കാനോ, അവരെ മുൻനിർത്തി ചോദിക്കാനോ (തവസ്സുൽ), അവരോട് സഹായം തേടാനോ (ഇസ്തിഗാസ) പാടില്ല; അവർ അല്ലാഹുവിന്റെ അടിമകളാണ്.
മലക്കുകൾ അല്ലാഹുവിനെ ആരാധിക്കുകയും സ്തുതിക്കുകയും അവന്റെ കൽപനകൾ അനുസരിക്കുകയും ചെയ്യുന്നവരാണെന്ന് മനസ്സിലാക്കിയാൽ അത് അവരോടുള്ള സ്നേഹം വർദ്ധിപ്പിക്കും. അതിനാൽ കാരുണികനായ അല്ലാഹുവിന്റെ മലക്കുകളെ നാം സ്നേഹിക്കണം. മലക്കുകളും നമ്മളും തമ്മിൽ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും ഇടമുണ്ട്. അല്ലാഹുവിന്റെ അടുക്കലുള്ള മലക്കുകൾ സത്യവിശ്വാസികളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു; അതുപോലെ നാം അല്ലാഹുവിന്റെ മലക്കുകളെ സ്നേഹിക്കുന്നു. സൂറത്തു ഗാഫിറിന്റെ തുടക്കത്തിൽ അല്ലാഹു പറഞ്ഞു:
الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
‘സിംഹാസനം ചുമക്കുന്നവരും അതിന്റെ ചുറ്റുമുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും, അവനിൽ അവർ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളിലും വ്യാപിച്ച് നിൽക്കുന്നു. അതിനാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ. നരകശിക്ഷയിൽ നിന്ന് അവരെ നീ കാക്കുകയും ചെയ്യേണമേ.’⁵²
സൂറത്തുശ്ശൂറായിൽ അല്ലാഹു പറഞ്ഞു:
وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ
‘ഭൂമിയിലുള്ളവർക്ക് വേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു.’⁵³
അതിനാൽ മലക്കുകളും നമ്മളും തമ്മിൽ സ്നേഹബന്ധമുണ്ട്; അവർ അല്ലാഹുവിനെ മറികടന്ന് സംസാരിക്കാത്ത, അവൻ്റെ കൽപനകൾ നടപ്പിലാക്കുന്ന അടിമകളാണ്. മലക്കുകളിൽ ചിലർക്ക് ചില ചുമതലകളുണ്ട്; അവരിലാരും ആ അമാനത്തിൽ (ചുമതലയിൽ) വഞ്ചന കാണിച്ചിട്ടില്ലെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരും അല്ലാഹു കൽപിച്ച അമാനത്ത് കൃത്യമായി നിർവ്വഹിച്ചു. അതിനാൽ ഏതെങ്കിലും ഒരു മലക്കിനെ ശത്രുവായി കാണുന്നത് വ്യക്തമായ സത്യനിഷേധമാണ് (കുഫ്ർ); അത് കാഫിറുകളുടെ സ്വഭാവമാണ്.
مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ
‘ആരെങ്കിലും അല്ലാഹുവിനോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്മാരോടും ജിബ്രീലിനോടും മീക്കാഈലിനോടും ശത്രുത പുലർത്തുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു സത്യനിഷേധികളുടെ ശത്രുവാകുന്നു.’⁵⁴
മലക്കുകളിൽ വിശ്വസിക്കാത്തവരും അവരിലൊരാളെ ശത്രുവായി കാണുന്നവരും കാഫിറുകളാണ്. മലക്കുകളിലുള്ള വിശ്വാസത്തിന്റെ മറ്റൊരു ഫലമാണ് മുറാഖബയും (അല്ലാഹു എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന ബോധം) ഭയവും. കാരണം മനുഷ്യൻ സംസാരിക്കുന്നത് രേഖപ്പെടുത്താൻ ചുമതലപ്പെട്ട മലക്കുകളുണ്ട്.
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ
‘അവൻ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുക്കൽ തയ്യാറായി നിൽക്കുന്ന ഒരു നിരീക്ഷകൻ ഇല്ലാതിരിക്കുകയില്ല.’⁵⁵
മലക്കുകളെക്കുറിച്ചുള്ള അറിവ് ലജ്ജയും ഭയവും ഉണ്ടാക്കുന്നു. അടിമക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അവൻ പെട്ടെന്ന് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യും; മലക്കുകൾ എഴുതിയ ആ തെറ്റ് മായ്ച്ചു കളയാനും പകരം അവന് വേണ്ടി നന്മ എഴുതാനും.
ദൂതന്മാരിലുള്ള വിശ്വാസം രണ്ടുവിധമുണ്ട്: പൊതുവായ വിശ്വാസവും (ഈമാൻ ഇജ്മാലീ) വിശദമായ വിശ്വാസവും (ഈമാൻ തഫ്സ്വീലീ). പൊതുവായ വിശ്വാസമെന്നാൽ, അല്ലാഹു തന്റെ സൃഷ്ടികളെ വെറുതെ വിട്ടിട്ടില്ലെന്നും; മറിച്ച് അവരിലേക്ക് മനുഷ്യരിൽ നിന്ന് തന്നെ ദൂതന്മാരെ നിയോഗിക്കുകയും, അല്ലാഹുവിന്റെ സന്ദേശം അവർ എത്തിച്ചു നൽകുകയും ചെയ്തു എന്ന് യാതൊരു സംശയവുമില്ലാതെ പൂർണ്ണമായി വിശ്വസിക്കലാണ്. ദൂതന്മാർ സൃഷ്ടികളിൽ വെച്ച് ഏറ്റവും ആദരണീയരാണെന്നും, അല്ലാഹു അവരെ പ്രത്യേകം തെരഞ്ഞെടുത്തതാണെന്നും, അവർക്ക് ദൃഷ്ടാന്തങ്ങളും തെളിവുകളും അത്ഭുതങ്ങളും നൽകി സഹായിച്ചിട്ടുണ്ടെന്നും നാം വിശ്വസിക്കുന്നു. മനുഷ്യർക്ക് വിശ്വസിക്കാൻ പാകത്തിലുള്ള ദൃഷ്ടാന്തങ്ങളാണ് അവർക്ക് നൽകിയത്. ചിലർക്ക് പ്രപഞ്ചത്തിലെ കാര്യങ്ങളിൽ മാറ്റം വരുത്താനുള്ള ദൃഷ്ടാന്തങ്ങൾ നൽകി; മറ്റു ചിലർക്ക് മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റം വരുത്താനുള്ള ദൃഷ്ടാന്തങ്ങൾ നൽകി; വേറെ ചിലർക്ക് അവരുടെ ഗ്രന്ഥത്തിൽ തന്നെ അത്ഭുതങ്ങൾ നൽകി. ചിലർക്ക് വെല്ലുവിളിക്കുക എന്നത് മാത്രമായിരുന്നു ദൃഷ്ടാന്തം; ‘നിങ്ങൾക്ക് സാധിക്കുമെങ്കിൽ എന്തെങ്കിലും ചെയ്തുകൊള്ളുക’ എന്ന വെല്ലുവിളി.
ദൂതന്മാരിലുള്ള പ്രത്യേകമായ വിശ്വാസമെന്നാൽ, ഖുർആനിലോ സുന്നത്തിലോ അല്ലാഹു പേരെടുത്തു പറഞ്ഞ മുഴുവൻ ദൂതന്മാരിലും വിശ്വസിക്കലാണ്. ഖുർആനിലോ സുന്നത്തിലോ അല്ലാഹു പേരുപറഞ്ഞ എല്ലാ ദൂതന്മാരെയും അല്ലാഹു നിയോഗിച്ചതാണെന്ന് നാം വിശ്വസിക്കുന്നു. അതുപോലെ നാം അറിയാത്ത ദൂതന്മാരെയും അവൻ നിയോഗിച്ചിട്ടുണ്ട്; കാരണം അല്ലാഹു അവരുടെ വിവരങ്ങൾ നമുക്ക് നൽകിയിട്ടില്ല.
مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ
‘അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടില്ല.’⁵⁶
وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا
‘മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു.’⁵⁷
ദൂതന്മാരിലുള്ള വിശ്വാസത്തിൽ പെട്ടതാണ് അവരെല്ലാവരും ഒരേ മതവുമായാണ് വന്നത് എന്ന് വിശ്വസിക്കൽ; അത് ഇസ്ലാമാണ്.
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ
‘തീർച്ചയായും അല്ലാഹുവിങ്കൽ മതം ഇസ്ലാമാകുന്നു.’⁵⁸
അല്ലാഹു പറഞ്ഞു:
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ
‘തീർച്ചയായും നാം ഓരോ സമുദായത്തിലും ഓരോ ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും വ്യാജദൈവങ്ങളെ വെടിയുകയും ചെയ്യുക എന്ന് കൽപിച്ചുകൊണ്ട്.’⁵⁹
وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ
‘ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.’⁶⁰
അപ്പോൾ എല്ലാ ദൂതന്മാരും വന്നത് പൊതുവായ ഇസ്ലാമുമായാണ്. അഥവാ, തൗഹീദിലൂടെ അല്ലാഹുവിന് കീഴടങ്ങുക, അവനെ അനുസരിക്കുക, ശിർക്കിൽ നിന്നും മുശ്രിക്കുകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുക. ഇതാണ് എല്ലാ ദൂതന്മാരും കൊണ്ടുവന്ന പൊതുവായ ഇസ്ലാം; അഖീദ ഒന്നാണ്. എന്നാൽ നിയമങ്ങൾ (ശരീഅത്ത്) വ്യത്യസ്തമാണ്. നബി (ﷺ) പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
الْأَنْبِيَاءُ إِخْوَةٌ لِعَلَّاتٍ، أُمَّهَاتُهُمْ شَتَّى وَدِينُهُمْ وَاحِدٌ
‘പ്രവാചകന്മാർ ഒരേ പിതാവിന്റെയും വ്യത്യസ്ത മാതാക്കളുടെയും മക്കളെപ്പോലെയാണ്; അവരുടെ മതം ഒന്നാണ്, നിയമങ്ങൾ വ്യത്യസ്തമാണ്.’⁶¹
ഖുർആനിലും ഇത് വന്നിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا
‘നിങ്ങളിൽ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവും കർമ്മമാർഗ്ഗവും നിശ്ചയിച്ചു തന്നിരിക്കുന്നു.’⁶²
മുഹമ്മദ് നബിയിൽ (ﷺ) നാം വിശ്വസിക്കുന്നു, അദ്ദേഹം അന്ത്യപ്രവാചകനാണെന്നും വിശ്വസിക്കുന്നു. നൂഹ് നബിയിൽ (അ) വിശ്വസിക്കുന്നു, അദ്ദേഹം ആദ്യത്തെ ദൂതനാണെന്നും വിശ്വസിക്കുന്നു. സൂറത്തുൽ അഹ്സാബിലും സൂറത്തുശ്ശൂറായിലും അല്ലാഹു പരാമർശിച്ച ഉലുൽ അസ്മ് (ദൃഢനിശ്ചയമുള്ളവർ) ആയ പ്രവാചകന്മാരിൽ നാം വിശ്വസിക്കുന്നു. മൂസാ, ഈസാ, ഇബ്രാഹീം, ദാവൂദ് (അ) എന്നിവരിലും നാം വിശ്വസിക്കുന്നു. നാം അവരെയെല്ലാം വിശ്വസിക്കുകയും സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. എല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു; നാം അവന്റെ ദൂതന്മാർക്കിടയിൽ യാതൊരു വിവേചനവും കാണിക്കുന്നില്ല.
അതുപോലെ അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലും നാം വിശ്വസിക്കുന്നു. സൃഷ്ടികൾക്ക് തെളിവായി അല്ലാഹു ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ നാം പ്രത്യേകമായി വിശ്വസിക്കുന്നു; അത് അല്ലാഹുവിന്റെ വചനമാണ്, മുൻവേദങ്ങളെ സത്യപ്പെടുത്തുന്നതും അവയെ പൊളിച്ചെഴുതുന്നതുമായിട്ടാണ് അല്ലാഹു അതിനെ അവതരിപ്പിച്ചത് എന്ന് നാം വിശ്വസിക്കുന്നു. ദൂതന്മാരിലും ഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം, പ്രത്യേകിച്ച് ഖുർആനിലും മുഹമ്മദ് നബിയിലുമുള്ള (ﷺ) വിശ്വാസം വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. മുഹമ്മദ് നബിയെ (ﷺ) റസൂലായും ഖുർആനിനെ വേദഗ്രന്ഥമായും വിശ്വസിക്കുന്ന ഒരാൾ, തന്റെ അറിവിലും പ്രവർത്തനങ്ങളിലും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും മാത്രമേ കാര്യങ്ങൾ സ്വീകരിക്കാവൂ. വിധികൾ അല്ലാഹുവിൽ നിന്ന് മാത്രമായിരിക്കണം. അല്ലാഹു പറഞ്ഞു:
وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ
‘അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവർക്കിടയിൽ നീ വിധി കൽപിക്കുക.’⁶³
ഇവിടെ വിധി കൽപിക്കുക എന്നത് കോടതി വ്യവഹാരങ്ങളിൽ മാത്രമല്ല; മറിച്ച് ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള എല്ലാ കാര്യങ്ങളിലുമാണ്. അഖീദയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളും മറ്റൊരാളും തർക്കിച്ചാൽ, അവിടെ വിധി കൽപിക്കേണ്ടത് അല്ലാഹു അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കണം; അല്ലാതെ വ്യക്തികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാകരുത്. അറിവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തർക്കങ്ങളിലും പ്രവർത്തനങ്ങളിലും വിധി അല്ലാഹുവിലേക്കും, അവന്റെ ഗ്രന്ഥത്തിലേക്കും, മുഹമ്മദ് നബിയിലേക്കും (ﷺ), അവന്റെ സുന്നത്തിലേക്കും മടങ്ങേണ്ടതുണ്ട്.
അടുത്തത് അന്ത്യദിനത്തിലുള്ള വിശ്വാസമാണ്; ഇതും ഈമാനിന്റെ സ്തംഭങ്ങളിൽ പെട്ടതാണ്. അന്ത്യദിനത്തിലുള്ള വിശ്വാസം എന്ന് പറഞ്ഞാൽ എന്താണ്? അന്ത്യദിനത്തിൽ വിശ്വസിക്കൽ നിർബന്ധമാണ്, അത് വിശ്വസിക്കാത്തവൻ കാഫിറാണ്. അല്ലാഹു തന്റെ അടിമകളെ വിചാരണ ചെയ്യുന്ന ഒരു ദിവസമുണ്ടെന്നും, അവിടെ സൽകർമ്മങ്ങൾ ചെയ്തവന് നല്ല പ്രതിഫലവും തിന്മ ചെയ്തവന് മോശമായ പ്രതിഫലവും ലഭിക്കുമെന്നും വിശ്വസിക്കലാണ് ഇതിന്റെ അടിസ്ഥാനം. ഈ അടിസ്ഥാനം എല്ലാവരും വിശ്വസിക്കൽ നിർബന്ധമാണ്. തുടർന്ന്, അന്ത്യദിനവുമായി ബന്ധപ്പെട്ട് ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള വിവരങ്ങൾ ലഭിക്കുന്ന ഓരോരുത്തരും അത് വിശ്വസിക്കലും നിർബന്ധമാണ്.
അന്ത്യദിനത്തിലുള്ള വിശ്വാസം ആരംഭിക്കുന്നത് മരണത്തിലുള്ള വിശ്വാസത്തിൽ നിന്നാണ്. മരണം എന്നത് ശരീരത്തിൽ നിന്ന് ആത്മാവ് വേർപിരിയുന്ന ഒരു സൃഷ്ടിയാണ്. ആത്മാവിന് അതിൻ്റേതായ ജീവിതമുണ്ട്, ശരീരം മണ്ണിലാകും. മരണത്തിന് ശേഷമുള്ള ആത്മാവിന്റെയും ശരീരത്തിന്റെയും അവസ്ഥ മരണത്തിന് മുമ്പുള്ളതുപോലെയല്ല. മരണത്തിന് മുമ്പ് ജീവിതം ശരീരത്തിനാണ്; ആത്മാവ് ശരീരത്തെ പിന്തുടരുകയാണ് ചെയ്യുന്നത്. ശരീരം ആസ്വദിക്കുമ്പോൾ ആത്മാവും അതിനനുസരിച്ച് ആസ്വദിക്കുന്നു; ഭക്ഷണം കഴിച്ചു വയറുനിറയുമ്പോൾ ആത്മാവിന് ശാന്തത ലഭിക്കുന്നു, കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ചകൾ കാണുമ്പോഴോ നല്ല വാക്കുകൾ കേൾക്കുമ്പോഴോ ശരീരം സന്തോഷിക്കുകയും ആത്മാവ് അതിനനുസരിച്ച് സന്തോഷിക്കുകയും ചെയ്യുന്നു. സ്പർശനങ്ങളിലൂടെയും കാഴ്ചകളിലൂടെയും ശരീരം ആസ്വദിക്കുമ്പോൾ ആത്മാവും ആസ്വദിക്കുന്നു.
എന്നാൽ മരണത്തിന് ശേഷം ജീവിതം ആത്മാവിനും ശരീരത്തിനും ഒരുമിച്ചാണ്; പക്ഷേ അവിടെ പ്രധാന ജീവിതം ആത്മാവിനാണ്, ശരീരം അതിനെ പിന്തുടരുകയാണ് ചെയ്യുന്നത്. ആത്മാവ് ആസ്വദിക്കുമ്പോൾ അതിന്റെ സുഖം ശരീരത്തിനും ലഭിക്കുന്നു; ആത്മാവ് വേദനിക്കുമ്പോൾ അതിന്റെ പ്രയാസവും ശിക്ഷയും ശരീരത്തിനും ലഭിക്കുന്നു. മരണശേഷമുള്ള സുഖാനുഭവങ്ങളിലും ശിക്ഷകളിലും വിശ്വസിക്കൽ നിർബന്ധമാണ്. സത്യവിശ്വാസികൾക്ക് അല്ലാഹു അനുഗ്രഹങ്ങൾ നൽകുമെന്നും കാഫിറുകൾക്ക് ശിക്ഷ നൽകുമെന്നും വിശ്വസിക്കണം. സത്യവിശ്വാസികളുടെ ആത്മാക്കൾക്ക് സ്വർഗ്ഗത്തിലും അവരുടെ ശരീരങ്ങൾക്ക് ഖബ്റിലും അനുഗ്രഹങ്ങൾ ലഭിക്കും. നബി (ﷺ) പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
إِنَّمَا نَسَمَةُ الْمُؤْمِنِ طَائِرٌ يَعْلُقُ فِي شَجَرِ الْجَنَّةِ
‘സത്യവിശ്വാസിയുടെ ആത്മാവ് സ്വർഗ്ഗത്തിലെ മരങ്ങളിൽ കൊത്തിത്തിന്നുന്ന പക്ഷിയെപ്പോലെയാകുന്നു.’⁶⁴
അതുപോലെ ശരീരത്തിന് ഖബ്റിലും അനുഗ്രഹങ്ങൾ ലഭിക്കുന്നു. ഖബ്ർ ഒന്നുകിൽ നരകത്തിലെ കുഴികളിൽ നിന്നുള്ള ഒരു കുഴിയായിരിക്കും; അല്ലെങ്കിൽ സ്വർഗ്ഗീയ ആരാമങ്ങളിൽ നിന്നുള്ള ഒരു ആരാമമായിരിക്കും. അവക്കിടയിൽ അത്ഭുതകരമായ ബന്ധമുണ്ട്, അത് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ബർസഖ് (മരണശേഷമുള്ള ജീവിതം) പൂർണ്ണമായും നാം വിശ്വസിക്കുന്നു; അതൊരു അനുഗ്രഹത്തിന്റെയോ ശിക്ഷയുടെയോ ലോകമാണ്. അല്ലാഹു അടിമകളെ പുനരുജ്ജീവിപ്പിക്കുമെന്നും നാം വിശ്വസിക്കുന്നു. അല്ലാഹു കാഹളത്തിൽ ഊതാൻ കൽപിക്കുമ്പോൾ എല്ലാ സൃഷ്ടികളും ബോധരഹിതരാകും. വീണ്ടും കാഹളത്തിൽ ഊതാൻ കൽപിക്കുമ്പോൾ സൃഷ്ടികൾ ഉയിർത്തെഴുന്നേൽക്കുകയും വിചാരണക്കായി രക്ഷിതാവിന്റെ സന്നിധിയിലേക്ക് നീങ്ങുകയും ചെയ്യും. ഈ രണ്ട് കാഹളങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിക്കാനുണ്ട്. ഖുർആനിൽ പരാമർശിച്ചിട്ടുള്ള അന്ത്യദിനത്തിന്റെ സംഭവങ്ങൾ ഇവിടെ ഓർമ്മിപ്പിക്കേണ്ടതുണ്ട്.
അന്ത്യദിനത്തിലുള്ള വിശ്വാസത്തിൽ, ഒന്നാമത്തെ കാഹളം സർവ്വനാശത്തിന്റെ കാഹളവും (നഫ്ഖത്തു സ്സഅ്ഖ്), രണ്ടാമത്തെ കാഹളം പുനരുജ്ജീവനത്തിന്റെ കാഹളവുമാണ് (നഫ്ഖത്തുൽ ബഅ്ഥ്). ഇവക്കിടയിലുള്ള സമയം നാൽപതാണ്. നബി (ﷺ) പറഞ്ഞു:
بَيْنَ النَّفْخَتَيْنِ أَرْبَعُونَ
‘രണ്ട് കാഹളങ്ങൾക്കിടയിൽ നാൽപതുണ്ട്.’⁶⁵
സ്വഹാബികൾ അബൂഹുറൈറയോട് (റ) ചോദിച്ചു: “നാൽപത് ദിവസമാണോ?” അദ്ദേഹം പറഞ്ഞു: “ഞാൻ പറയാൻ വിസമ്മതിക്കുന്നു.” അവർ ചോദിച്ചു: “നാൽപത് മാസമാണോ?” അദ്ദേഹം പറഞ്ഞു: “ഞാൻ പറയാൻ വിസമ്മതിക്കുന്നു.” അഥവാ അറിവില്ലാത്ത കാര്യം പറയാൻ അദ്ദേഹം വിസമ്മതിച്ചു. നബി (ﷺ) രണ്ട് കാഹളങ്ങൾക്കിടയിൽ നാൽപത് എന്നേ പറഞ്ഞിട്ടുള്ളൂ. തുടർന്ന് നബി (ﷺ) പറഞ്ഞു:
وَيَبْلَى كُلُّ شَيْءٍ مِنَ الإِنْسَانِ إِلَّا عَجْبَ الذَّنَبِ، فِيهِ يُرَكَّبُ الْخَلْقُ
‘മനുഷ്യന്റെ എല്ലാം നശിച്ചുപോകും, നട്ടെല്ലിന്റെ അവസാനത്തെ അസ്ഥിയൊഴികെ (അജ്ബുദ്ദൻബ്). അതിൽ നിന്നാണ് സൃഷ്ടികൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നത്.’⁶⁶
നട്ടെല്ലിന്റെ അവസാനത്തെ ചെറിയ അസ്ഥിയിൽ നിന്നാണ് അന്ത്യദിനത്തിൽ സൃഷ്ടികളെ വീണ്ടും രൂപപ്പെടുത്തുന്നത്. അഥവാ, മനുഷ്യനെ ഖബ്റടക്കി അവന്റെ ശരീരം പൂർണ്ണമായും മണ്ണായി മാറിയാലും, ശരീരത്തിന്റെ ഒരു ചെറിയ അംശം ഭൂമിയിൽ ബാക്കിയുണ്ടാകും. ആ വിത്തിൽ നിന്നാണ് അന്ത്യദിനത്തിൽ മനുഷ്യരെ വീണ്ടും സൃഷ്ടിക്കുന്നത്. സ്വഹീഹായ ഹദീസിൽ നബി (ﷺ) പറഞ്ഞു:
ثُمَّ يُنْزِلُ اللَّهُ مِنَ السَّمَاءِ مَاءً، فَيَنْبُتُونَ كَمَا يَنْبُتُ البَقْلُ
‘പിന്നീട് അല്ലാഹു ആകാശത്തുനിന്ന് വെള്ളം വർഷിപ്പിക്കും; അപ്പോൾ പച്ചക്കറികൾ മുളക്കുന്നതുപോലെ അവർ മുളച്ചുവരും.’⁶⁷
രണ്ട് കാഹളങ്ങൾക്കിടയിൽ, ഈ മുളച്ചുവരുന്നതിന് മുമ്പായി നിരവധി കാര്യങ്ങൾ സംഭവിക്കാനുണ്ട്. ഖുർആനിൽ നാം പാരായണം ചെയ്യാറുള്ള കാര്യങ്ങൾ ഓർക്കുക:
إِذَا السَّمَاءُ انشَقَّتْ. وَأَذِنَتْ لِرَبِّهَا وَحُقَّتْ
‘ആകാശം പൊട്ടിപ്പിളരുമ്പോൾ. അത് അതിന്റെ രക്ഷിതാവിൻ്റെ കൽപന ചെവിക്കൊള്ളുകയും ചെയ്യുമ്പോൾ, അങ്ങനെ ചെയ്യുവാൻ അത് കടപ്പെട്ടിരിക്കുന്നു.’⁶⁸
وَإِذَا الْأَرْضُ مُدَّتْ. وَأَلْقَتْ مَا فِيهَا وَتَخَلَّتْ
‘ഭൂമി നീട്ടപ്പെടുമ്പോൾ. അതിലുള്ളത് അത് പുറത്തെറിയുകയും, അത് കാലിയാവുകയും ചെയ്യുമ്പോൾ.’⁶⁹
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
‘ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെടുമ്പോൾ.’⁷⁰
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
‘ഭൂമി അതിന്റെ ഭാരങ്ങൾ പുറംതള്ളുകയും ചെയ്യുമ്പോൾ.’⁷¹
إِذَا السَّمَاءُ انفَطَرَتْ
‘ആകാശം പൊട്ടിപ്പിളരുമ്പോൾ.’⁷²
وَإِذَا الْكَوَاكِبُ انتَثَرَتْ
‘നക്ഷത്രങ്ങൾ ഉതിർന്നുവീഴുമ്പോൾ.’⁷³
وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا
‘പർവ്വതങ്ങളെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക: എന്റെ രക്ഷിതാവ് അവയെ പൊടിപൊടിയായി പാറ്റിക്കളയുന്നതാണ്.’⁷⁴
ഇവയെല്ലാം രണ്ട് കാഹളങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് ഭൂമി പൂർണ്ണമായും മാറ്റിമറിക്കപ്പെടും.
يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ
‘ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അതുപോലെ ആകാശങ്ങളും മാറ്റപ്പെടുന്ന ദിവസം.’⁷⁵
ഇതാണ് ഒന്നാമത്തെ മാറ്റം. പർവ്വതങ്ങളുടെ അപ്പുറത്ത് മറവു ചെയ്യപ്പെട്ടവനും, മണലാരണ്യത്തിൽ മറവു ചെയ്യപ്പെട്ടവനും തമ്മിൽ അവിടെ വ്യത്യാസമില്ല; എല്ലാം സമനിരപ്പായ ഒരു ഭൂമിയായിരിക്കും.
ഈ വിഷയത്തിൽ ഇബ്നുൽ ഖയ്യിമിന്റെ (رحمه الله) കവിത വളരെ മനോഹരമാണ്. അദ്ദേഹം തന്റെ ‘നൂനിയ്യ’യിൽ പറയുന്നു: “മരണശേഷം ലോകരെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു ഉദ്ദേശിക്കുമ്പോൾ, അവർ കുടികൊള്ളുന്ന ഭൂമിയിലേക്ക് ശക്തനും അധികാരവുമുള്ളവനായ അല്ലാഹു, കനത്തതും വെളുത്തതുമായ തുടർച്ചയായ മഴ വർഷിപ്പിക്കും; പത്തും പത്തും പിന്നെ ഇരുപതും. അപ്പോൾ ഭൂമിയിൽ നിന്ന് മനുഷ്യശരീരങ്ങൾ സസ്യങ്ങളെപ്പോലെ മുളച്ചുവരും. അങ്ങനെ ആ മാതാവ് (ഭൂമി) പ്രസവിക്കാൻ തയ്യാറാകുകയും വേദന തുടങ്ങുകയും ചെയ്യുമ്പോൾ, ആകാശത്തിന്റെ രക്ഷിതാവ് അവൾക്ക് ബോധനം നൽകും; അപ്പോൾ അവൾ പിളർന്നുമാറും. അങ്ങനെ പൂർണ്ണവളർച്ചയെത്തിയ യുവാക്കളെപ്പോലെ ഗർഭസ്ഥശിശുക്കൾ പുറത്തുവരും.”
അതിനുശേഷം കാഹളത്തിൽ ഊതപ്പെടും; അപ്പോൾ ആത്മാവില്ലാത്ത ശരീരങ്ങളിലേക്ക് ഓരോരുത്തരുടെയും ആത്മാവുകൾ തിരിച്ചുവരും. ശരീരങ്ങൾ ചലിക്കാൻ തുടങ്ങുകയും ജനങ്ങൾ ചുറ്റും നോക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
‘പിന്നീട് അതിൽ (കാഹളത്തിൽ) മറ്റൊരു പ്രാവശ്യം ഊതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റു നോക്കുന്നു.’⁷⁶
അവർ എഴുന്നേറ്റ് ചുറ്റും നോക്കാൻ കാരണം, ഭൂമി പൂർണ്ണമായും മാറിയിരിക്കുന്നു എന്നതുകൊണ്ടാണ്. തങ്ങൾ ജീവിച്ച ആ ഭൂമിയാണോ ഇതെന്ന് അവർ അത്ഭുതത്തോടെ നോക്കും. അങ്ങനെ ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രകാശം കൊണ്ട് പ്രകാശിക്കും. പിന്നീട് ജനങ്ങൾ വിചാരണയുടെ സ്ഥലത്തേക്ക് നയിക്കപ്പെടും. തുലാസുകൾ സ്ഥാപിക്കപ്പെടും, കർമ്മരേഖകൾ പറന്നുനടക്കും, സ്വർഗ്ഗവും നരകവും കൊണ്ടുവരപ്പെടും, കാരുണികനായ അല്ലാഹു വിചാരണക്കായി ഇറങ്ങിവരും. അന്ത്യദിനത്തിലുള്ള വിശ്വാസം എന്ന് പറഞ്ഞാൽ ഇതെല്ലാം വിശ്വസിക്കലാണ്. കർമ്മരേഖകൾ, തുലാസ്, നരകം, സ്വർഗ്ഗം, സ്വിറാത്ത് (പാലം) തുടങ്ങി അന്ത്യദിനത്തിന് ശേഷവും ബർസഖിലും സംഭവിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുള്ള മുഴുവൻ കാര്യങ്ങളും വിശ്വസിക്കൽ ഇതിൽ പെടും. ഇവയെക്കുറിച്ച് വിശദമായി അറിയുന്നവർ അതിൽ വിശ്വസിക്കൽ നിർബന്ധമാണ്.
ഈമാനിന്റെ അവസാനത്തെ സ്തംഭം, അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസമാണ്; അതിലെ നന്മയും തിന്മയും ഉൾപ്പെടെ. ഈ വിഷയം വളരെ വിശാലമാണ്, കൂടുതൽ വിശദീകരണം ആവശ്യമുണ്ട്. എങ്കിലും ചുരുക്കത്തിൽ പറയാം; വിധിയിലുള്ള വിശ്വാസം എന്നാൽ, എല്ലാ കാര്യങ്ങളും സംഭവിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹു അത് അറിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കലാണ്. ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ അവൻ എല്ലാറ്റിന്റെയും അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ ഉദ്ദേശിച്ചത് നടക്കും, ഉദ്ദേശിക്കാത്തത് നടക്കില്ല. അവനാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്; നന്മകളും തിന്മകളും പാപങ്ങളും പുണ്യങ്ങളുമെല്ലാം അവൻ സൃഷ്ടിച്ചതാണ്. അല്ലാഹുവിന്റെ പ്രപഞ്ചത്തിൽ അവൻ സൃഷ്ടിക്കാത്തതായി എന്തെങ്കിലുമുണ്ടെന്ന് പറയാൻ പാടില്ല. അപ്പോൾ വിധിവിശ്വാസം എന്നാൽ അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെന്ന് വിശ്വസിക്കലാണ്. മതനിയമങ്ങൾ ബാധകമായവരുടെയും അല്ലാത്തവരുടെയും കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് അവൻ മുൻകൂട്ടി അറിഞ്ഞിട്ടുണ്ട്. അവയെല്ലാം അവൻ ലൗഹുൽ മഹ്ഫൂളിൽ (സുരക്ഷിതമായ ഫലകം) രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചതേ നടക്കൂ, ഉദ്ദേശിക്കാത്തതൊന്നും നടക്കില്ല. അല്ലാഹു ഉദ്ദേശിക്കാത്ത ഒരു കാര്യം നിങ്ങൾ ഉദ്ദേശിച്ചാലും അത് നടക്കില്ല. അല്ലാഹുവാണ് സകല കാര്യങ്ങളുടെയും സ്രഷ്ടാവ് എന്ന് നാം വിശ്വസിക്കുന്നു; പ്രവർത്തനങ്ങളും അനുസരണങ്ങളും അതിൽ പെടും.
അതുകൊണ്ട് വിധിവിശ്വാസം രണ്ട് ഘട്ടങ്ങളിലായി നിലകൊള്ളുന്നു: ഒന്ന്, കാര്യങ്ങൾ സംഭവിക്കുന്നതിന് മുമ്പുള്ളത്; അഥവാ അല്ലാഹുവിന്റെ മുൻജ്ഞാനവും അവന്റെ രേഖപ്പെടുത്തലും. രണ്ട്, കാര്യങ്ങൾ സംഭവിക്കുമ്പോഴുള്ളത്; അഥവാ അല്ലാഹു എല്ലാറ്റിനെയും സൃഷ്ടിക്കുന്നതും അവന്റെ ഉദ്ദേശവും.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക: ‘ഖദാഉം ഖദറും’ (القضاء والقدر); അല്ലാഹു വിധിക്കുകയും നിശ്ചയിക്കുകയും ചെയ്ത കാര്യം എന്ന് നാം പറയാറുണ്ട്. ഖദാഉം ഖദറും തമ്മിലുള്ള വ്യത്യാസമെന്താണ്? പണ്ഡിതന്മാർ ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എങ്കിലും ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിശദീകരണം ഇതാണ്: ‘ഖദാഅ്’ എന്നാൽ ഒരു കാര്യം പൂർത്തീകരിക്കപ്പെടുക എന്നും, ‘ഖദർ’ എന്നാൽ ഒരു കാര്യം സംഭവിക്കുന്നതിന് മുമ്പ് അത് ക്രമീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുക എന്നുമാണ് അർത്ഥം. അപ്പോൾ ഖദർ എന്നത് കാര്യങ്ങൾ സംഭവിക്കുന്നതിന് മുമ്പുള്ള അതിന്റെ നിശ്ചയങ്ങളാണ്. ആ കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞാൽ അത് ‘ഖദാഅ്’ ആയി മാറുന്നു. അല്ലാഹു പറഞ്ഞു:
فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ
‘അങ്ങനെ നാം അദ്ദേഹത്തിന്റെ (സുലൈമാൻ നബിയുടെ) മേൽ മരണം വിധിച്ചപ്പോൾ…’⁷⁷
فَاقْضِ مَا أَنتَ قَاضٍ
‘അതിനാൽ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക.’⁷⁸
അതായത്, അത് പൂർണ്ണമായും നടപ്പിലാക്കിക്കൊള്ളുക. ന്യായാധിപൻ വിധി കൽപിക്കുന്നത്, അദ്ദേഹം കാര്യങ്ങൾ അവസാനിപ്പിക്കുകയും തനിക്ക് വ്യക്തമായ രീതിയിൽ തീരുമാനമെടുക്കുകയും ചെയ്യുന്നതുകൊണ്ടാണ്. അപ്പോൾ ഖദാഅ് എന്നാൽ ഒരു കാര്യം പൂർത്തീകരിക്കലാണ്. നാം മുൻകൂട്ടിയുള്ള ഖദറിലും (അല്ലാഹു നമുക്കായി നിശ്ചയിച്ചവ), ഖദാഇലും (അല്ലാഹു താൻ നിശ്ചയിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നത്) വിശ്വസിക്കുന്നു.
ഇത്രയും പറഞ്ഞത് ശരിയായ ഇസ്ലാമിക വിശ്വാസത്തിന്റെ അഥവാ ഈമാനിന്റെ സ്തംഭങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ്. ഇത് പഠിക്കാനും മനസ്സിലാക്കാനും ഓരോരുത്തരും മുന്നോട്ട് വരേണ്ടതുണ്ട്. ഈ വിശ്വാസം പ്രവർത്തനങ്ങളെ ശരിയാക്കുന്നതിലും, അല്ലാഹുവിനെക്കുറിച്ചുള്ള ബോധ്യത്തിലും, ആരാധനകളിലും വലിയ ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. അതുപോലെ സമൂഹത്തിലും രാജ്യങ്ങളിലും ഇതിന് വലിയ സ്വാധീനമുണ്ട്. ഇസ്ലാമിക സമുദായം ഈ വിശ്വാസം ഉൾക്കൊള്ളുകയും അവരുടെ ജീവിതത്തിൽ അത് സ്വാധീനം ചെലുത്തുകയും ചെയ്തപ്പോൾ അവരുടെ അവസ്ഥ എന്തായിരുന്നുവെന്ന് ചരിത്രത്തിൽ വ്യക്തമാണ്. അതിനാൽ വ്യക്തികളായും സമൂഹമായും ഇസ്ലാമിക വിശ്വാസം നാം യാഥാർത്ഥ്യമാക്കണം. തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായി നാമത് പഠിക്കണം, അതിൽ യാതൊരു സംശയവും വെച്ചുപുലർത്തരുത്. അതിനുശേഷം നാം അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കണം. അങ്ങനെ ശരിയായ അഖീദയുടെ ഫലങ്ങൾ നമ്മിലും നമ്മുടെ വീടുകളിലും സമൂഹത്തിലും പ്രതിഫലിക്കണം. അതിലൂടെ സമാധാനവും അറിവും പ്രകാശവും ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞു:
أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا
‘നിർജ്ജീവമായിരുന്ന ശേഷം നാം ജീവൻ നൽകുകയും, നാം ഒരു പ്രകാശം നൽകിയിട്ട് അതുമായി ജനങ്ങൾക്കിടയിലൂടെ നടക്കുന്നവനും, ഇരുട്ടുകളിൽ അകപ്പെട്ട് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്തവനും ഒരുപോലെയാണോ?’⁷⁹
അതായത് അഖീദയിലൂടെയും ശരിയായ വിശ്വാസത്തിലൂടെയും നാം ജീവൻ നൽകി. അവർ രണ്ടും ഒരുപോലെയല്ല.
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ
‘അപ്പോൾ സത്യവിശ്വാസിയായ ഒരാൾ ദുർമ്മാർഗ്ഗിയെപ്പോലെയാണോ? അവർ തുല്യരാകുകയില്ല.’⁸⁰
സത്യവിശ്വാസിയും അല്ലാത്തവനും ഒരിക്കലും തുല്യരാകില്ല. അതിനാൽ അഖീദക്ക് വലിയ പ്രാധാന്യം നൽകണമെന്നും, ജീവിതത്തിൽ അതിന്റെ ഫലങ്ങളുണ്ടാകണമെന്നും ഓർമ്മിപ്പിക്കുന്നു. അഖീദ കേവലം ബുദ്ധിപരമായ ചില വിവരങ്ങൾ മാത്രമാകരുത്; മറിച്ച് അതിന് വ്യക്തമായ സ്വാധീനമുണ്ടാകണം.
അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഈ കാര്യങ്ങൾ മനസ്സുകളിൽ ഉറപ്പിച്ചു നിർത്തുകയും, അത് കൃത്യമായി പിൻപറ്റാനും പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകുകയും ചെയ്യട്ടെ. അല്ലാഹു നമ്മുടെയും നമ്മുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും പാപങ്ങൾ പൊറുത്തുതരുമാറാകട്ടെ. അവൻ നമ്മുടെ പദവികൾ ഉയർത്തുകയും പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യട്ടെ. കാരുണ്യവും പാപമോചനവും അവന്റെ ഗുണങ്ങളാണ്; വീഴ്ചകളും പാപങ്ങളും അശ്രദ്ധയും നമ്മുടെയും. അതിനാൽ അവൻ തന്റെ വിശാലമായ കാരുണ്യം കൊണ്ട് നമ്മോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യട്ടെ. അവൻ തൃപ്തിപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ. സന്മാർഗ്ഗം ലഭിച്ചതിന് ശേഷം വഴികേടിലാകുന്നതിൽ നിന്നും അവൻ നമ്മെ കാത്തുരക്ഷിക്കട്ടെ. അല്ലാഹു നമ്മെയും നമ്മുടെ സമൂഹത്തെയും ഭരണകർത്താക്കളെയും നന്നാക്കുകയും, അവന്റെ പൊരുത്തത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ തൗഫീഖ് നൽകുകയും ചെയ്യട്ടെ. വരാനിരിക്കുന്ന ദിനങ്ങൾ സുരക്ഷിതത്വത്തിന്റെയും ഈമാനിന്റെയും സന്മാർഗ്ഗത്തിന്റെയും ദീനിനെ സഹായിക്കുന്നതിന്റെയും ദിനങ്ങളാക്കി മാറ്റട്ടെ. ഈമാനിന്റെ പദവികളിൽ ദിനംപ്രതി ഉയരുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. വഴിപ്പെട്ടവർക്ക് ആദരവും പാപികൾക്ക് സന്മാർഗ്ഗവും ലഭിക്കുന്ന ഒരു നേരായ പാത ഈ സമുദായത്തിന് അവൻ നൽകട്ടെ.
- സൂറത്തു നഹ്ൽ 97
- സൂറത്തുൽ അൻആം 115
- സൂറത്തുൽ ജിന്ന് 26, 27
- സൂറത്തുൽ ഹശ്ർ 7
- സൂറത്തുൽ ഹശ്ർ 7
- സൂറത്തുൽ ബഖറ 177
- സൂറത്തുൽ ബഖറ 285
- സൂറത്തുന്നിസാഅ് 136
- സൂറത്തുന്നിസാഅ് 136
- സൂറത്തുൽ ഫുർഖാൻ 2
- സൂറത്തുൽ ഖമർ 49
- സ്വഹീഹ് മുസ്ലിം 8
- സ്വഹീഹ് മുസ്ലിം 8
- സൂറത്തുസ്സുമർ 62
- സൂറത്ത് യൂനുസ് 31
- സൂറത്തുൽ ഗാഫിർ 44
- സൂറത്ത് ഹൂദ് 88
- സൂറത്തുന്നഹ്ൽ 36
- സൂറത്തുസ്സുമർ 65
- സൂറത്തുൽ അൻഫാൽ 9
- സൂറത്തുൽ അഅ്റാഫ് 191
- സൂറത്തുൽ അമ്പിയാഅ് 21
- സൂറത്തുൽ അൻആം 80
- സൂറത്തുൽ അൻആം 81
- സുനനുത്തിർമിദി 2516
- സൂറത്തുൽ ജിന്ന് 18
- സൂറത്തുൽ ഹജ്ജ് 62
- സൂറത്തു ലുഖ്മാൻ 30
- സൂറത്തു മർയം 65
- സൂറത്തുന്നഹ്ൽ 60
- സൂറത്തുൽ ഇഖ്ലാസ് 1
- സൂറത്തുൽ ഇഖ്ലാസ് 2
- സൂറത്തുൽ ഇഖ്ലാസ് 3, 4
- സൂറത്തുശ്ശൂറാ 11
- സൂറത്തുൽ അഅ്റാഫ് 180
- സൂറത്തുൽ ഹശ്ർ 22, 23
- സ്വഹീഹുൽ ബുഖാരി 2736
- സൂറത്തുൽ ഖസ്വസ്വ് 88
- സൂറത്തുറഹ്മാൻ 27
- സൂറത്തുൽ മാഇദ 64
- സൂറത്തുസ്സ്വാദ് 75
- സൂറത്തുൽ അഅ്റാഫ് 54
- സൂറത്തു ത്വാഹാ 5
- സൂറത്തുൽ മുഅ്മിനൂൻ 28
- സൂറത്ത് യൂനുസ് 61
- സ്വഹീഹുൽ ബുഖാരി 1145
- സൂറത്തുൽ അമ്പിയാഅ് 27
- സൂറത്തുൽ ഫുർഖാൻ 50
- സൂറത്തുൽ മുർസലാത്ത് 1
- സൂറത്തുസ്സജ്ദ 11
- സൂറത്തുൽ അൻആം 61
- സൂറത്തുൽ ഗാഫിർ 7
- സൂറത്തുശ്ശൂറാ 5
- സൂറത്തുൽ ബഖറ 98
- സൂറത്തു ഖാഫ് 18
- സൂറത്തുൽ ഗാഫിർ 78
- സൂറത്തുന്നിസാഅ് 164
- സൂറത്ത് ആലു ഇംറാൻ 19
- സൂറത്തുന്നഹ്ൽ 36
- സൂറത്തുൽ ഫാത്വിർ 24
- സ്വഹീഹുൽ ബുഖാരി 3443
- സൂറത്തുൽ മാഇദ 48
- സൂറത്തുൽ മാഇദ 49
- സുനനുന്നസാഈ 2073
- സ്വഹീഹുൽ ബുഖാരി 4935
- സ്വഹീഹുൽ ബുഖാരി 4935
- സ്വഹീഹുൽ ബുഖാരി 4935
- സൂറത്തുൽ ഇൻഷിഖാഖ് 1, 2
- സൂറത്തുൽ ഇൻഷിഖാഖ് 3, 4
- സൂറത്തുസ്സൽസല 1
- സൂറത്തുസ്സൽസല 2
- സൂറത്തുൽ ഇൻഫിത്വാർ 1
- സൂറത്തുൽ ഇൻഫിത്വാർ 2
- സൂറത്തു ത്വാഹാ 105
- സൂറത്തു ഇബ്രാഹീം 48
- സൂറത്തുസ്സുമർ 68
- സൂറത്തു സബഅ് 14
- സൂറത്തു ത്വാഹാ 72
- സൂറത്തുൽ അൻആം 122
- സൂറത്തുസ്സജ്ദ 18