ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ
ഓരോ പദവിക്കും സ്തംഭങ്ങളുണ്ട്.
ഇസ്‌ലാമിന്റെ സ്തംഭങ്ങൾ അഞ്ചാകുന്നു. സുന്നത്തിൽ നിന്നുള്ള തെളിവ് ഇബ്നു ഉമർ (رَضِيَ اللَّهُ عَنْهُمَا) വിന്റെ ഹദീസാണ്, അദ്ദേഹം പറഞ്ഞു: റസൂൽ (ﷺ) പറഞ്ഞു:
«بُنِيَ الإِسْلَامُ عَلَى خَمْسٍ؛ شَهَادَةِ أَلَّا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصَوْمِ رَمَضَانَ، وَحَجَّ الْبَيْتِ»
“ഇസ്ലാം പടുത്തുയർത്തപ്പെട്ടിട്ടുള്ളത് അഞ്ച് കാര്യങ്ങളിന്മേലാണ്; അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള സാക്ഷ്യം വഹിക്കൽ, നമസ്കാരം മുറപ്രകാരം നിർവ്വഹിക്കൽ, സകാത്ത് നൽകൽ, റമദാനിൽ നോമ്പനുഷ്ഠിക്കൽ, അല്ലാഹുവിന്റെ ഭവനത്തിൽ ഹജ്ജ് ചെയ്യൽ എന്നിവയാണവ.”
അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ﴾
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാം ആകുന്നു.
അല്ലാഹുവിന്റെ മറ്റൊരു വചനം:
﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾
ഇസ്ലാം അല്ലാത്തതിനെ വല്ലവനും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
സാക്ഷ്യവചനത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُوا الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾
താനല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു.) അവന്‍ നീതി നടപ്പിലാക്കുന്നവനാകുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.
അതിന്റെ അർത്ഥം: യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാൻ അർഹനായി മറ്റാരുമില്ല (ലാ മഅ്ബൂദ ബിഹഖ്ഖിൻ ഇല്ലല്ലാഹ്) എന്നാണ്.
(لَا إِلَهَ): അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാറ്റിനെയും നിഷേധിക്കുന്നു.
(إِلَّا اللَّهُ): ആരാധന അല്ലാഹുവിന് മാത്രമാണെന്ന് സ്ഥാപിക്കുന്നു. അവന്റെ ആധിപത്യത്തിൽ അവന് യാതൊരു പങ്കുകാരുമില്ലാത്തതുപോലെ, അവനുള്ള ആരാധനയിലും യാതൊരു പങ്കുകാരുമില്ല.
അതിനെ വ്യക്തമാക്കുന്ന വിശദീകരണം അല്ലാഹുവിന്റെ ഈ വചനമാണ്:
﴿وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ إِلَّا الَّذِي فَطَرَنِي﴾
ഇബ്രാഹീം തന്‍റെ പിതാവിനോടും തന്‍റെ ജനതയോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) തീര്‍ച്ചയായും നിങ്ങള്‍ ആരാധിക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നെ സൃഷ്ടിച്ചവനുമായിട്ടൊഴികെ.
അല്ലാഹുവിന്റെ മറ്റൊരു വചനം:
﴿قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ﴾
പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന വാക്യത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്) കീഴ്പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.
മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ റസൂലാണെന്ന സാക്ഷ്യത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ﴾
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണദ്ദേഹം.
മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ റസൂലാണെന്ന സാക്ഷ്യത്തിന്റെ അർത്ഥം: അദ്ദേഹം കൽപ്പിച്ച കാര്യങ്ങളിൽ അദ്ദേഹത്തെ അനുസരിക്കുക, അദ്ദേഹം അറിയിച്ചുതന്ന കാര്യങ്ങൾ സത്യപ്പെടുത്തുക, അദ്ദേഹം വിലക്കുകയും താക്കീത് നൽകുകയും ചെയ്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അദ്ദേഹം നിയമമാക്കിയതുകൊണ്ടല്ലാതെ (ശറഅ്) അല്ലാഹുവിനെ ആരാധിക്കാതിരിക്കുക എന്നിവയാണ്.
നമസ്കാരം, സകാത്ത്, തൗഹീദിന്റെ വിശദീകരണം എന്നിവക്കുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾
കീഴ്വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് ഋജുമാനസരായിക്കൊണ്ട് അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.
നോമ്പിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾
സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നിശ്ചയിക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും നോമ്പ് നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.
ഹജ്ജിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ﴾
ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
മതത്തിന്റെ മൂന്ന് പദവികൾ വ്യക്തമാക്കിക്കഴിഞ്ഞപ്പോൾ, ഓരോ പദവിക്കും അതിന്റേതായ സ്തംഭങ്ങളുണ്ടെന്ന് ) ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) പരാമർശിച്ചു. അദ്ദേഹം ഇസ്‌ലാമിന്റെ സ്തംഭങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ആരംഭിച്ചു: “ഇസ്‌ലാമിന്റെ സ്തംഭങ്ങൾ അഞ്ചാകുന്നു”. അത് അദ്ദേഹം ഉദ്ധരിച്ച ഇബ്നു ഉമറിന്റെ (رَضِيَ اللَّهُ عَنْهُمَا) ബുഖാരിയും മുസ്‌ലിമും ഏകോപിച്ച ഹദീസിൽ പരാമർശിച്ചവയാണ്.
ഇസ്‌ലാം മതത്തിന്റെ യാഥാർത്ഥ്യവും അതിന്റെ പദവികളും സ്തംഭങ്ങളും വ്യക്തമാക്കിയതിന് ശേഷം ഗ്രന്ഥകർത്താവ് പറഞ്ഞു: “അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്: തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാം ആകുന്നു”. അതായത് പിൻപറ്റൽ നിർബന്ധമായ മതം ഇസ്‌ലാമാണെന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ് എന്ന് സാരം.
അതുപോലെ “അവന്റെ മറ്റൊരു വചനം: ഇസ്ലാം അല്ലാത്തതിനെ വല്ലവനും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. [സൂറത്ത് ആലു ഇംറാൻ: 85]).
ഈ രണ്ട് ആയത്തുകളും പൊതുവായ അർത്ഥത്തിലുള്ള ഇസ്‌ലാമുമായി ബന്ധപ്പെട്ടതാണ്. എങ്കിലും ഗ്രന്ഥകർത്താവ് ചെയ്തതുപോലെ, പ്രത്യേകമായ അർത്ഥത്തിലുള്ള ഇസ്‌ലാമിന് തെളിവായി അവ ഉപയോഗിക്കുന്നത് ശരിയാണ്. കാരണം അത് (പ്രത്യേകമായ അർത്ഥത്തിലുള്ള ഇസ്‌ലാം) അതിൽ (പൊതുവായ അർത്ഥത്തിൽ) ഉൾപ്പെടുന്നതും അതിന്റെ ഭാഗവുമാണ്.
പ്രത്യേകമായ അർത്ഥത്തിലുള്ള ഇസ്‌ലാം എന്നത്: നബി (ﷺ) നിയോഗിക്കപ്പെട്ട മതമാണ്. അത് ഇസ്‌ലാമിന്റെ പൊതുവായ അർത്ഥത്തിൽ ഉൾപ്പെടുന്നു. അതായത്: തൗഹീദിലൂടെ അല്ലാഹുവിന് കീഴൊതുങ്ങലും, അവനെ അനുസരിക്കുന്നതിലൂടെ അവന് വഴിപ്പെടലും, ശിർക്കിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും വിട്ടുനിൽക്കലും ഒഴിവാകലുമാണ് അത്. അതിനാൽ നബി (ﷺ) കൊണ്ടുവന്ന മതം അനുസരിച്ച് ജീവിക്കുന്നവൻ തൗഹീദിലൂടെ അല്ലാഹുവിന് കീഴൊതുങ്ങലും അവനെ അനുസരിക്കുന്നതിലൂടെ അവന് വഴിപ്പെടലും ശിർക്കിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും വിട്ടുനിൽക്കലും സാക്ഷാത്കരിച്ചിരിക്കുന്നു.
തുടർന്ന് ഗ്രന്ഥകർത്താവ് ഇസ്‌ലാമിന്റെ സ്തംഭങ്ങളെ അവയുടെ തെളിവുകൾ സഹിതം വിവരിച്ചു.
ഒന്നാമത്തെ സ്തംഭം: അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള സാക്ഷ്യമാണ്. ഇസ്‌ലാമിന്റെ സ്തംഭമായ ഈ സാക്ഷ്യം (ശഹാദത്ത്) എന്നത്: അല്ലാഹുവിന് തൗഹീദ് കൊണ്ടുള്ള സാക്ഷ്യവും, മുഹമ്മദ് നബിക്ക് (ﷺ) പ്രവാചകത്വം (രിസാലത്ത്) കൊണ്ടുള്ള സാക്ഷ്യവുമാണ്.
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന സാക്ഷ്യത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്: താനല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു.) അവന്‍ നീതി നടപ്പിലാക്കുന്നവനാകുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍. [സൂറത്ത് ആലു ഇംറാൻ: 18]
മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ റസൂലാണെന്ന സാക്ഷ്യത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്: തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണദ്ദേഹം. [സൂറത്തുത്തൗബ: 128]
ഇതിൽ വന്ന ﴿عَزِيزٌ عَلَيْهِ مَا عَنِتُمْ﴾ എന്നതിന്റെ അർത്ഥം: നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് അദ്ദേഹത്തിന് പ്രയാസകരമാണ് എന്നാണ്. (അൽ-അനത് – العَنَتُ) എന്നാൽ ബുദ്ധിമുട്ട് (മശഖ്ഖത്ത്) എന്നാണ് അർത്ഥം.
രണ്ടാമത്തെ സ്തംഭം: നമസ്കാരമാണ്. ഇസ്‌ലാമിന്റെ സ്തംഭമായ ഈ നമസ്കാരം എന്നത്: രാവും പകലും നിർവ്വഹിക്കേണ്ട അഞ്ചുനേരത്തെ നമസ്കാരങ്ങളാണ്.
മൂന്നാമത്തെ സ്തംഭം: സകാത്താണ്. ഇസ്‌ലാമിന്റെ സ്തംഭമായ സകാത്ത് എന്നത്: സമ്പത്തിൽ നിർബന്ധമാക്കപ്പെട്ട നിർദ്ദിഷ്ട സകാത്താണ്. സദഖത്തുൽ ഫിത്വർ (ഫിത്വർ സകാത്ത്) ഇതിൽ ഉൾപ്പെടുകയില്ല. കാരണം ഫിത്വർ സകാത്ത് നിർബന്ധമായ ഒന്നാണെങ്കിലും, അത് ഇസ്‌ലാമിന്റെ സ്തംഭമായ സകാത്തിൽ പെട്ടതല്ല.
നമസ്കാരം, സകാത്ത്, തൗഹീദിന്റെ വിശദീകരണം എന്നിവക്കുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്: കീഴ്വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് ഋജുമാനസരായിക്കൊണ്ട് അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. [സൂറത്തുൽ ബയ്യിന: 5]
ഇതിൽ വന്ന ﴿وَذَٰلِكَ دِينُ الْقَيِّمَةِ﴾ എന്നതിന്റെ അർത്ഥം: നേരായ ഗ്രന്ഥങ്ങളുടെ മതം എന്നാണ്. അതായത് പ്രവാചകന്മാർക്ക് അവതരിപ്പിക്കപ്പെട്ട നേരായ മതം; അത് ഇസ്‌ലാം മതമാകുന്നു.
ഗ്രന്ഥകർത്താവ് ഇവിടെ തൗഹീദിന്റെ വിശദീകരണം പരാമർശിച്ചത് അതിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് (ഇസ്തിത്വ്‌റാദൻ). അല്ലാതെ ഇവിടെ തെളിവ് കൊണ്ടുവരുന്നത് ഇസ്‌ലാമിന്റെ സ്തംഭങ്ങളുമായി ബന്ധപ്പെട്ടതാണ്.
നാലാമത്തെ സ്തംഭം: നോമ്പാണ്. ഇസ്‌ലാമിന്റെ സ്തംഭമായ നോമ്പ് എന്നത്: എല്ലാ വർഷവും റമദാൻ മാസത്തിൽ അനുഷ്ഠിക്കുന്ന നോമ്പാണ്.
നോമ്പിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നിശ്ചയിക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും നോമ്പ് നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.[സൂറത്തുൽ ബഖറ: 183]
അഞ്ചാമത്തെ സ്തംഭം: ഹജ്ജാണ്. ഇസ്‌ലാമിന്റെ സ്തംഭമായ ഹജ്ജ് എന്നത്: ജീവിതത്തിൽ ഒരു തവണ അല്ലാഹുവിന്റെ പവിത്ര ഭവനത്തിലേക്ക് നിർബന്ധമായും ചെയ്യേണ്ട ഹജ്ജാണ്.
ഹജ്ജിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. [സൂറത്ത് ആലു ഇംറാൻ: 97]
അതിനാൽ, ഈ സ്തംഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പെട്ടതല്ലാത്ത മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അവ നിർബന്ധമാണെങ്കിൽ കൂടി സ്തംഭങ്ങളിൽ ഉൾപ്പെടുന്നില്ല. ഉദാഹരണത്തിന്, ഫിത്വർ സകാത്ത്, നേർച്ചയാക്കിയ നോമ്പ്, നേർച്ചയാക്കിയ ഹജ്ജ് എന്നിവ നിർബന്ധമാണെന്ന് വിധിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും അവയൊന്നും സ്തംഭങ്ങളിൽ ഉൾപ്പെടുന്നില്ല.
ജനങ്ങൾക്ക് അവയോടുള്ള കടുത്ത ആവശ്യകതയും അവയിൽ എതിർപ്പുകൾ കാണിക്കുന്നവർ (മുഖാലിഫുകൾ) കൂടുതലുള്ളതിനാലും, ഒന്നാമത്തെ സ്തംഭത്തിന്റെ യാഥാർത്ഥ്യമായ രണ്ട് സാക്ഷ്യവചനങ്ങളുടെ (ശഹാദതൈനി) അർത്ഥം വിശദീകരിക്കുന്നതിൽ മാത്രമായി ഗ്രന്ഥകർത്താവ് ചുരുക്കി. (لَا إِلَهَ إِلَّا اللَّهُ) എന്ന വാക്യം നിഷേധത്തെയും സ്ഥാപിക്കലിനെയും ഒരുമിച്ചുകൂട്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതായത് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാറ്റിനെയും അത് നിഷേധിക്കുകയും, ആരാധന അല്ലാഹുവിന് മാത്രമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. അതിലെ നിഷേധത്തെ വ്യക്തമാക്കുന്നത് അല്ലാഹുവിന്റെ ഈ വചനമാണ്: ഇബ്രാഹീം തന്‍റെ പിതാവിനോടും തന്‍റെ ജനതയോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) തീര്‍ച്ചയായും നിങ്ങള്‍ ആരാധിക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. [സൂറത്തുസ്സുഖ്റുഫ്: 26]
അതിലെ സ്ഥാപിക്കലിനെ വ്യക്തമാക്കുന്നത് ഇതേ ആയത്തിലെ തുടർന്നുള്ള വചനമാണ്: എന്നെ സൃഷ്ടിച്ചവനുമായിട്ടൊഴികെ. [സൂറത്തുസ്സുഖ്റുഫ്: 27]
അവ രണ്ടും ഒരുമിച്ച് വന്നിട്ടുള്ളതാണ് അല്ലാഹുവിന്റെ ഈ വചനം: ഇബ്രാഹീം തന്‍റെ പിതാവിനോടും തന്‍റെ ജനതയോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) തീര്‍ച്ചയായും നിങ്ങള്‍ ആരാധിക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. [സൂറത്ത് ആലു ഇംറാൻ: 64]
മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ റസൂലാണെന്ന സാക്ഷ്യത്തിന്റെ അർത്ഥം വിശദീകരിക്കവെ ഗ്രന്ഥകർത്താവ് പറഞ്ഞു: (അദ്ദേഹം നിയമമാക്കിയതുകൊണ്ടല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കുക). ഇതിലെ ‘ശറഅ്’ (നിയമമാക്കി) എന്നതിലെ മറഞ്ഞിരിക്കുന്ന സർവ്വനാമം (ളമീർ മുസ്തതിർ) അല്ലാഹുവിലേക്കാണ് മടങ്ങുന്നത്. അതായത് ആ വാക്യത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “അല്ലാഹു നിയമമാക്കിയതുകൊണ്ടല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കുക” (وَأَلَّا يُعْبَدَ اللَّهُ إِلَّا بِمَا شَرَعَهُ اللَّهُ). കാരണം റസൂലിന് (ﷺ) നിയമമുണ്ടാക്കാനുള്ള (തശ്‌രീഅ്) അവകാശമില്ല. അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യമാണ്, അത് നബിക്കോ മറ്റാർക്കെങ്കിലുമോ ഉള്ളതല്ല. അതിനാൽ, അല്ലാഹുവല്ലാത്ത മറ്റൊരാളെ ഉദ്ദേശിച്ചുകൊണ്ട് “നിയമദാതാവ് (അശ്ശാരിഅ്) പറഞ്ഞു” എന്ന് പറയാൻ പാടില്ല. അതുപോലെ നബിയെ (ﷺ) കുറിച്ച് “അദ്ദേഹം നിയമമുണ്ടാക്കുന്നവനാണ്” (മുശർരിഅ്) എന്നും പറയാൻ പാടുള്ളതല്ല. ശൂറാ കൗൺസിലുകൾക്കോ പാർലമെന്റുകൾക്കോ ‘നിയമനിർമ്മാണ സഭ’ (അൽ-മജ്‌ലിസുത്തശ്‌രീഈ) എന്ന് പേരിടുന്നതും അനുവദനീയമല്ല. കാരണം, ഇത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഒരു കാര്യത്തിൽ – അതായത് നിയമനിർമ്മാണത്തിൽ (തശ്‌രീഇൽ) – അവനോട് പങ്കുചേരലാണ്.
നിയമനിർമ്മാണം അല്ലാഹുവിലേക്ക് മാത്രം ചേർത്തുപറയേണ്ടതാണെന്നതിനുള്ള തെളിവ് രണ്ട് കാര്യങ്ങളാണ്:
- ഒന്നാമത്തേത്: ഖുർആനിലും സുന്നത്തിലും ‘നിയമമാക്കി’ (ശറഅ് – شَرَعَ) എന്ന പ്രവൃത്തി അല്ലാഹുവിലേക്ക് ചേർത്തല്ലാതെ വന്നിട്ടില്ല. ഈ രൂപത്തിൽ അത് സ്ഥിരമായി ഉപയോഗിച്ചതുകൊണ്ട്, ഈ അവകാശം അല്ലാഹുവിന് മാത്രമായി നിശ്ചയിക്കലാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നു.
- രണ്ടാമത്തേത്: സ്വഹാബികളിൽ (رَضِيَ اللَّهُ عَنْهُمْ) ആരും തന്നെ “റസൂൽ (ﷺ) നിയമമാക്കി” (ശറഅ റസൂലുല്ലാഹി – شَرَعَ رَسُولُ اللَّهِ) എന്ന് പറഞ്ഞതായി വന്നിട്ടില്ല. മറിച്ച് അവർ പറഞ്ഞിട്ടുള്ളത്: “റസൂൽ (ﷺ) നിർബന്ധമാക്കി” (ഫറള റസൂലുല്ലാഹി – فَرَضَ رَسُولُ اللَّهِ), അല്ലെങ്കിൽ “റസൂൽ (ﷺ) സുന്നത്താക്കി” (സന്ന റസൂലുല്ലാഹി – سَنَّ رَسُولُ اللَّهِ) എന്നാണ്. ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.
കാരണം, തശ്‌രീഅ് (നിയമനിർമ്മാണം) എന്നത്: അല്ലാഹുവിലേക്ക് സാമീപ്യം തേടാനുള്ള കാര്യങ്ങളെ നിശ്ചയിക്കലാണ്. എന്നാൽ റസൂൽ (ﷺ) നിർബന്ധമാക്കുകയോ സുന്നത്താക്കുകയോ ചെയ്യുക എന്നത്: നിയമമാക്കപ്പെട്ട കാര്യങ്ങളെ വിശദീകരിച്ച് എത്തിച്ചുകൊടുക്കലാണ്. റസൂലിന്റെ (ﷺ) ദൗത്യം (നിയമങ്ങൾ ജനങ്ങളിലേക്ക്) എത്തിക്കുക എന്നതാണ്.
ഇതുമായി ബന്ധപ്പെട്ട്, ഈ രാജ്യത്തെ (സൗദി അറേബ്യയിലെ) ഭരണാധികാരികളിൽ ചിലർ മന്ത്രിസഭയിൽ ‘നിയമനിർമ്മാണ സമിതി’ (അല്ലജ്നതുത്തശ്‌രീഇയ്യ) എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ആലോചിച്ചിരുന്നു. അപ്പോൾ നമ്മുടെ ശൈഖ് ഇബ്നു ബാസ് (رَحِمَهُ اللَّهُ) അവർക്ക് കത്തെഴുതി: ഈ പേര് ഉപയോഗിക്കാൻ പാടില്ല, കാരണം നിയമനിർമ്മാണം (തശ്‌രീഅ്) അല്ലാഹുവിന് മാത്രമുള്ളതാണ് എന്ന് അദ്ദേഹം അതിൽ വ്യക്തമാക്കി. അല്ലാഹുവിന് സ്തുതി, അങ്ങനെ ഈ പേര് ഉപേക്ഷിക്കപ്പെട്ടു. ഈ രാജ്യത്ത് അത് ഉപയോഗത്തിലില്ല, പ്രതാപിയായ അല്ലാഹുവിന്റെ കാര്യത്തിലല്ലാതെ അതൊരിക്കലും ഉപയോഗിക്കാറുമില്ല.
ഈ വിഷയത്തെ സൂചിപ്പിച്ചുകൊണ്ട് ഞാൻ ഇപ്രകാരം കവിത രചിച്ചിട്ടുണ്ട്:
وَالشَّرْعُ حَقُّ اللَّهِ دُونَ رَسُولِهِ بِالنَّصَّ أُثْبِتُ لَا بِقَوْلِ فُلَانِ أَوَ مَا رَأَيْتَ اللَّهَ حِينَ أَشَادَهُ مَا جَاءَ فِي الْآيَاتِ ذِكْرُ الثَّانِي وَجَمِيعُ صَحْبِ مُحَمَّدٍ لَمْ يُخْبِرُوا شَرَعَ الرَّسُولُ وَشَاهِدِي بُرْهَانِي
“നിയമനിർമ്മാണം അല്ലാഹുവിന്റെ മാത്രം അവകാശമാണ്, അവന്റെ റസൂലിന്റേതല്ല; അത് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്, അല്ലാതെ മറ്റാരുടെയും വാക്കുകൊണ്ടല്ല. അല്ലാഹു അതിനെ ഉയർത്തിപ്പറഞ്ഞപ്പോൾ നീ കണ്ടില്ലേ, ആയത്തുകളിലൊന്നും രണ്ടാമതൊരാളുടെ പരാമർശം വന്നിട്ടില്ല. മുഹമ്മദ് നബിയുടെ (ﷺ) അനുചരന്മാരാരും തന്നെ ‘റസൂൽ നിയമമാക്കി’ എന്ന് പറഞ്ഞിട്ടില്ല, എന്റെ തെളിവ് തന്നെയാണ് എനിക്കുള്ള സാക്ഷ്യം”.

