ഇബ്നു അബ്ബാസുമായുള്ള رَضِيَ اللَّهُ عَنْهُ സംവാദത്തിന് ശേഷം, ഖവാരിജുകളിൽ നിന്ന് രണ്ടായിരത്തോളം ആളുകൾ പശ്ചാത്തപിച്ചു മടങ്ങി. അലി ബിൻ അബീ ത്വാലിബിനൊപ്പം رَضِيَ اللَّهُ عَنْهُ ചേരുന്നതിനായി അവർ കൂഫയിലേക്ക് തിരിച്ചുപോയി. തുടർന്ന്, പശ്ചാത്തപിക്കാതെ അവശേഷിച്ചവരെ കാണാനായി അലി رَضِيَ اللَّهُ عَنْهُ നേരിട്ട് ചെന്നു. അലി رَضِيَ اللَّهُ عَنْهُ വന്നപ്പോൾ, അദ്ദേഹം തങ്ങളുടെ പക്ഷം ചേർന്നുവെന്ന് അവർ തെറ്റിദ്ധരിച്ചു. അലി رَضِيَ اللَّهُ عَنْهُ തന്റെ തെറ്റിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയെന്നും – അവരുടെ ധാരണപ്രകാരം – തഹ്കീം (മധ്യസ്ഥശ്രമം) തീരുമാനം പിൻവലിച്ചുവെന്നും അവർ കരുതി.
ജനങ്ങൾക്കിടയിൽ അവർ ഈ കാര്യം പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെ അൽ-അശ്അസ് ബിൻ ഖൈസ് അൽകിന്ദി അമീറുൽ മുഅ്‌മിനീൻ അലി ബിൻ അബീ ത്വാലിബിനെ رَضِيَ اللَّهُ عَنْهُ സമീപിച്ച് വിവരം അറിയിച്ചു: “താങ്കൾ താങ്കളുടെ കുഫ്‌റിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങി എന്ന് ജനങ്ങൾ സംസാരിക്കുന്നുണ്ട്.”
പിറ്റേദിവസം, ഒരു വെള്ളിയാഴ്ച അലി رَضِيَ اللَّهُ عَنْهُ ഖുതുബ നിർവ്വഹിച്ചു. ഭരണകൂടത്തിൽ (രാഷ്ട്രത്തിൽ) നിന്ന് വേർപിരിഞ്ഞുപോയ ആളുകളുടെ നിലപാടുകളെ അദ്ദേഹം അതിൽ പരാമർശിച്ചു. ഭിന്നിപ്പുണ്ടാക്കുന്ന ആളുകളെ അദ്ദേഹം അതികഠിനമായി വിമർശിച്ചു. മിമ്പറിൽ നിന്ന് താഴെയിറങ്ങിയപ്പോൾ, പള്ളിയുടെ മൂലയിലുണ്ടായിരുന്ന ചില ആളുകൾ വിളിച്ചുപറഞ്ഞു: “ലാ ഹുക്മ ഇല്ലാ ലില്ലാഹ്” (വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു).
അപ്പോൾ അലി رَضِيَ اللَّهُ عَنْهُ പ്രതികരിച്ചു: “അല്ലാഹുവിന്റെ വിധി നിങ്ങളുടെ മേൽ നടപ്പിലാക്കപ്പെടുന്നതാണ്.” തുടർന്ന് നിശബ്ദരാകാൻ കൈകൊണ്ട് അദ്ദേഹം അവർക്ക് ആംഗ്യം കാണിച്ചു. അപ്പോൾ ഖവാരിജുകളിൽ പെട്ട ഒരാൾ മുന്നോട്ടുവരികയും, തന്റെ ചെവികൾ പൊത്തിക്കൊണ്ട് അല്ലാഹുവിന്റെ ഈ വചനം പാരായണം ചെയ്യുകയും ചെയ്തു:
لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ
നീ പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം ഫലശൂന്യമായിപ്പോകുകയും, തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിലാകുകയും ചെയ്യും. [സൂറത്ത് അസ്സുമർ – 65]
അപ്പോൾ അലി رَضِيَ اللَّهُ عَنْهُ അല്ലാഹുവിന്റെ ഈ വചനം പാരായണം ചെയ്തു:
فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَلاَ يَسْتَخِفَّنَّكَ الَّذِينَ لاَ يُوقِنُونَ
ആകയാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അവിവേകിയാക്കാതിരിക്കട്ടെ. [സൂറത്ത് അർറൂം – 60] [മുസ്വന്നഫ് ഇബ്നു അബീ ശൈബഃ – 734]
അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക അസാധ്യമാണെന്ന് കണ്ടപ്പോൾ അലി رَضِيَ اللَّهُ عَنْهُ അവർക്ക് ചില ഉറപ്പുകൾ നൽകി:
إن لكم عندنا ثلاثًا: لا نمنعكم صلاةً في هذا المسجد، ولا نمنعكم نصيبكم من هذا الفيء ما كانت أيديكم مع أيدينا، ولا نقاتلكم حتى تقاتلونا
നിങ്ങൾക്ക് ഞങ്ങളുടെ പക്കൽ മൂന്ന് അവകാശങ്ങളുണ്ട്: [1] ഈ പള്ളിയിൽ നമസ്കരിക്കുന്നതിൽ നിന്ന് നിങ്ങളെ ഞങ്ങൾ തടയില്ല, [2] നിങ്ങളുടെ കൈകൾ ഞങ്ങളുടെ കൈകളോടൊപ്പം (ജിഹാദിൽ) ഉള്ളിടത്തോളം കാലം യുദ്ധമുതൽ (ഫൈഅ്) എടുക്കുന്നതിൽ നിന്ന് ഞങ്ങൾ നിങ്ങളെ തടയില്ല, [3] നിങ്ങൾ ഞങ്ങളോട് യുദ്ധം ചെയ്യുന്നത് വരെ ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്യില്ല. [താരീഖുൽ ഉമമി വൽ മുലൂക്, അത്വബ്‌രി 3/114]
ഒടുവിൽ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാൻ വേണ്ടി ഈ ഖവാരിജുകൾ ഒരുമിച്ചുകൂടി. അബ്ദുല്ലാഹ് ബിൻ വഹബ് അർറാസിബിയുടെ വീട്ടിലാണ് അവർ ഒത്തുകൂടിയത്. അയാൾ അവർക്ക് മുമ്പാകെ ഒരു ഖുതുബ നിർവ്വഹിച്ചു. ഐഹികലോകത്തോട് വിരക്തി കാണിക്കാനും, പരലോകം ആഗ്രഹിക്കാനും, നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും, അതിക്രമകാരികളായ ആളുകളുള്ള സമൂഹത്തിൽ നിന്ന് (അതായത് അലിയിൽ رَضِيَ اللَّهُ عَنْهُ നിന്നും അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്നും) അകന്നുനിൽക്കാനും അവരെ അതിശക്തമായി പ്രേരിപ്പിക്കുന്ന ഒരു ഖുതുബയായിരുന്നു അത്. തങ്ങളുടെ അറിവില്ലായ്മയുടെ അടിസ്ഥാനത്തിൽ, വ്യതിചലിച്ച നിയമങ്ങൾ എന്ന് അവർ കരുതിയതിനോടുള്ള എതിർപ്പായിരുന്നു അത്.
തുടർന്ന് അവർ സൈദ് ബിൻ ഹിസ്വ്ൻ അത്വാഇയെ (അലിക്കെതിരെയുള്ള സംഘത്തിന്റെ പ്രധാന നേതാവ്) നേതാവായി നിയമിച്ചു, എന്നാൽ അയാൾ അത് നിരസിച്ചു. പിന്നെ ഹുർഖൂസ് ബിൻ സുഹൈറിനെ നിയമിച്ചു, അയാളും നിരസിച്ചു. തുടർന്ന് ഹംസഃ ബിൻ സിനാനെ, അയാളും നിരസിച്ചു. പിന്നീട് അബൂ ഔഫാ അൽ അബ്സിക്ക് അത് വാഗ്ദാനം ചെയ്തു, അയാളും നിരസിച്ചു. ഒടുവിൽ അബ്ദുല്ലാഹ് ബിൻ വഹബിന് വാഗ്ദാനം ചെയ്യപ്പെടുകയും അയാൾ അത് സ്വീകരിക്കുകയും ചെയ്തു. അത് സ്വീകരിച്ചുകൊണ്ട് അയാൾ പറഞ്ഞു:
أما والله لا أقبلها رغبةً في الدنيا ولا أدعها فَرَقًا من الموت
അല്ലാഹുവാണെ സത്യം, ദുനിയാവിനോടുള്ള ആഗ്രഹം കൊണ്ടല്ല ഞാനിത് സ്വീകരിക്കുന്നത്, മരണത്തിൽ നിന്നുള്ള ഓടിരക്ഷപ്പെടൽ കൊണ്ടല്ല ഞാനിത് ഉപേക്ഷിക്കാതിരുന്നതും. [അൽ ബിദായ വന്നിഹായ, ഇബ്നു കസീർ 7/316]
അവരുടെ ഒരു ഒത്തുചേരലിൽ സൈദ് ബിൻ ഹിസ്വ്ൻ അത്വാഇ അവരെ ഉപദേശിച്ചുകൊണ്ട് ഒരു ഖുതുബ നിർവ്വഹിച്ചു. അല്ലാഹുവിന്റെ ചില വചനങ്ങൾ പാരായണം ചെയ്തുകൊണ്ടായിരുന്നു അത്. അതിൽ പെട്ട ചില വചനങ്ങൾ ഇതാ: ഹേ; ദാവൂദ്, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ സത്യപ്രകാരം നീ വിധികൽപിക്കുക. തന്നിഷ്ടത്തെ നീ പിൻപറ്റിപ്പോകരുത്. കാരണം അല്ലാഹുവിന്റെ വഴിയിൽ നിന്ന് അത് നിന്നെ തെറ്റിച്ചുകളയും. [സൂറത്ത് സ്വാദ് – 26]
തുടർന്ന് അല്ലാഹുവിന്റെ ഈ വചനം പാരായണം ചെയ്തു: അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു കാഫിറുകൾ (സത്യനിഷേധികൾ). [സൂറത്ത് അൽ മാഇദഃ – 44]
തുടർന്ന് അല്ലാഹുവിന്റെ ഈ വചനം: അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു അക്രമികൾ. [സൂറത്ത് അൽ മാഇദഃ – 45]
കൂടാതെ അല്ലാഹുവിന്റെ ഈ വചനം: അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ധിക്കാരികൾ. [സൂറത്ത് അൽ മാഇദഃ – 47]
തുടർന്ന് അയാൾ തന്റെ ഖുതുബ ഇപ്രകാരം തുടർന്നു: “അഹ്‌ലുൽ ഖിബ്‌ല (ഖിബ്‌ലയുടെ വക്താക്കളായ മുസ്‌ലിംകൾ) ദേഹേച്ഛകളെ പിൻപറ്റുകയും, അല്ലാഹുവിന്റെ വിധി വലിച്ചെറിയുകയും, വാക്കിലും പ്രവർത്തിയിലും അതിക്രമം കാണിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.”
അപ്പോൾ അവരിലൊരാൾ കരയുകയും, അലിയ്ക്കും رَضِيَ اللَّهُ عَنْهُ സ്വഹാബികൾക്കുമെതിരെ കലാപമുണ്ടാക്കാൻ തന്റെ ചുറ്റുമുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. അയാൾ പറഞ്ഞു:
اضربوا وجوههم وجباههم بالسيوف حتى يطاع الرحمن الرحيم، فإن أنتم ظفرتم وأطيع الله كما أردتم أثابكم ثواب المطيعين له العاملين بأمره
പരമകാരുണികനും കരുണാനിധിയുമായവനെ (അല്ലാഹുവെ) അനുസരിക്കപ്പെടുന്നത് വരെ അവരുടെ മുഖങ്ങളിലും നെറ്റികളിലും വാളുകൾ കൊണ്ട് നിങ്ങൾ വെട്ടുക. അങ്ങനെ നിങ്ങൾ വിജയിക്കുകയും, നിങ്ങൾ ആഗ്രഹിച്ചതുപോലെ അല്ലാഹുവെ അനുസരിക്കപ്പെടുകയും ചെയ്താൽ, അവനെ അനുസരിക്കുന്നവർക്കും അവന്റെ കൽപ്പന പ്രവർത്തിക്കുന്നവർക്കുമുള്ള പ്രതിഫലം അല്ലാഹു നിങ്ങൾക്ക് നൽകുന്നതാണ്!!?
അൽ ഹാഫിദ് ഇബ്നു കസീർ رَحِمَهُ اللَّهُ അവരുടെ ചരിത്രം പരാമർശിച്ചപ്പോൾ ഇപ്രകാരം അഭിപ്രായപ്പെട്ടു:
وهذا الضرب من الناس من أغرب أشكال بني آدم، فسبحان من نوّع خلقه كما أراد، وسبق في قدره العظيم
ഇത്തരം ആളുകൾ ആദം സന്തതികളിൽ വെച്ച് ഏറ്റവും വിചിത്രമായ രൂപത്തിലുള്ളവരാണ്. താൻ ഉദ്ദേശിച്ചതുപോലെ തന്റെ സൃഷ്ടികളെ വിവിധ രൂപങ്ങളിലാക്കിയവൻ (അല്ലാഹു) എത്ര പരിശുദ്ധൻ; അവന്റെ മഹത്തായ വിധി (ഖദർ) മുൻകടന്നിരിക്കുന്നു. [അൽ ബിദായ വന്നിഹായ 7/316]
അലിയുടെ رَضِيَ اللَّهُ عَنْهُ പ്രദേശത്ത് നിന്ന് അകന്നുപോകാൻ അവർ ഐകകണ്ഠ്യേന തീരുമാനിച്ചു. അങ്ങനെ ആരും അറിയാതിരിക്കാൻ ഓരോരുത്തരായി രഹസ്യമായി അവർ പുറപ്പെട്ടു; എല്ലാവരും കൂടി തീരുമാനിച്ച സ്ഥലമായ നഹ്‌റവാനിലേക്ക്. അങ്ങനെ അവിടെ അവർ ഒരു വലിയ ശക്തിയായി മാറി.
നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും, പഴയകാല ഖവാരിജുകളും ഇന്നത്തെ ഖവാരിജുകളും തമ്മിൽ എത്രത്തോളം സാമ്യമുണ്ടെന്ന്. അവർ എപ്പോഴും പാടിനടക്കുന്ന (ഉരുവിടുന്ന) ആയത്തുകൾ ഒന്നാണ്. ചിന്തിക്കുന്ന രീതിയും യുക്തിയും ഒന്നുതന്നെ. ധാരാളം മനുഷ്യരെ കാഫിറാക്കുന്നതിന് അവർ കൂടുതൽ ഉപയോഗിക്കുന്നത് ‘മഫ്ഹൂം അൽ-ലവാസിം’ (ഒരു കാര്യത്തിൽ നിന്ന് നിർബന്ധമായും വരുന്ന അർത്ഥങ്ങൾ സങ്കൽപ്പിച്ചെടുക്കൽ) ആണ്; അല്ലാഹുവിന്റെ നിയമമല്ലാത്തതിനെ ആരെങ്കിലും അനുകൂലിച്ചാൽ അവൻ കുഫ്‌റിനെ അനുകൂലിച്ചു, കുഫ്‌റിനെ അനുകൂലിക്കുന്നവൻ കാഫിറാണ്, എന്നിങ്ങനെ പോകുന്നു അവരുടെ വാദങ്ങൾ. ‘തീവ്രവാദികളുടെയും’, തലപ്പാവുകൊണ്ട് മുഖം മറയ്ക്കാൻ ഇഷ്ടപ്പെടുന്ന ‘പോലീസ് പിടികിട്ടാപ്പുള്ളികളുടെയും’ പ്രഭാഷണങ്ങൾ കേട്ടിട്ടുള്ളവർക്ക്, അവർ ഈ ആയത്തുകൾ എപ്പോഴും ആവർത്തിക്കുന്നത് കേൾക്കാൻ സാധിക്കും.

