മൂന്നാമത്തെ ദിക്ർ: …لَا إِلَهَ إِلَّا اللهُ (ഒന്നാം രൂപം)

3 Min Read

(ഒരു തവണ)

ശൈഖ് സ്വാലിഹ് അൽ ഉസൈമി:

അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ മൂന്നാമത്തെ ഇനമാണിത്. ബുഖാരിയും മുസ്‌ലിമും മുഗീറത്ത് ബിൻ ശുഅ്ബ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: നബി ﷺ നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ ഇപ്രകാരം പറയുമായിരുന്നു:

لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ ، وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اللهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ

അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്, അവന് പങ്കുകാരില്ല. ആധിപത്യം അവനാണ്, സർവ്വ സ്തുതിയും അവനാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ, നീ നൽകിയതിനെ തടയാൻ ആരുമില്ല, നീ തടഞ്ഞതിനെ നൽകാനും ആരുമില്ല. സമ്പത്തുള്ളവന്റെ സമ്പത്തോ ഭാഗ്യമോ നിന്റെ അടുക്കൽ അവന് യാതൊരു ഉപകാരവും ചെയ്യുകയില്ല. സ്വഹീഹുൽ ബുഖാരി – 844

ഇമാം ബുഖാരിയുടെ റിപ്പോർട്ടിൽ അവിടുന്ന് ഇത് ‘മൂന്ന് തവണ’ പറയുമായിരുന്നു എന്ന് വന്നിട്ടുണ്ട്. എന്നാൽ അത് ശാദ്ദായ റിപ്പോർട്ടാണ്. ‘ഒരു തവണ’ പറയുന്നു എന്നതാണ് ഇതിലെ മഹ്ഫൂളായ രൂപം.

സ്വഹീഹല്ലാത്ത മറ്റൊരു റിപ്പോർട്ടിൽ, ഫജ്ർ, മഗ്‌രിബ് നമസ്കാരങ്ങൾക്ക് ശേഷം ഇത് പത്ത് തവണ പറയുമായിരുന്നു എന്ന് വന്നിട്ടുണ്ട്. അതും ളഈഫായ റിപ്പോർട്ടാണ്. റിപ്പോർട്ടർമാർക്ക് സംഭവിച്ച അബദ്ധമാണ് അതിന് കാരണം. കാരണം പത്ത് തവണ തഹ്‌ലീൽ ചൊല്ലുക എന്നത് പ്രഭാത-പ്രദോഷ ദിക്റുകളിൽ പെട്ടതാണ്, അല്ലാതെ ഫജ്ർ, മഗ്‌രിബ് നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകളിലല്ല. എന്നാൽ ചില റിപ്പോർട്ടർമാർ അബദ്ധത്തിൽ അതിനെ ഫജ്ർ, മഗ്‌രിബ് നമസ്കാരങ്ങളുടെ ദിക്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതാണ്.

അതുകൊണ്ട്, നമസ്കാരത്തിന് ശേഷമുള്ള ദിക്റായി തഹ്‌ലീൽ വരുമ്പോൾ അത് ‘ഒരു തവണ’ പറയുക എന്നതാണ് മഹ്ഫൂളായ രൂപം.

നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള തഹ്‌ലീലിനെക്കുറിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ ഈ പറഞ്ഞതിൽ നിന്നും മൂന്ന് ഇനങ്ങളാണെന്ന് മനസ്സിലാക്കാം:

  • ഒന്നാമത്തെ ഇനം: ഇത് ഒരു തവണ പറയും എന്നതാണ്. ഇത് സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്.
  • രണ്ടാമത്തെ ഇനം: ഇത് മൂന്ന് തവണ പറയും എന്നതാണ്. ഇത് ബുഖാരിയിൽ മാത്രമാണുള്ളത്, എന്നാൽ ഇത് ശാദ്ദായ റിപ്പോർട്ടാണ്. അല്ലാമാ അബു അബ്ദിറഹ്മാൻ അൽ അൽബാനി رَحِمَهُ اللَّهُ ഇത് ശാദ്ദാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
  • മൂന്നാമത്തെ ഇനം: ഫജ്ർ, മഗ്‌രിബ് നമസ്കാരങ്ങൾക്ക് ശേഷം പത്ത് തവണ പറയും എന്നതാണ്. ഇത് ളഈഫായ റിപ്പോർട്ടാണ്, ഒട്ടും സ്ഥിരപ്പെട്ടിട്ടില്ല.

ഈ ദിക്റിലെ وَلَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ എന്നതിലെ ‘ജദ്ദ്’ (الجَدُّ) എന്ന പദത്തിലെ ‘ജീം’ (ج) എന്ന അക്ഷരത്തിന് ഫത്ഹ് നൽകിയാണ് വായിക്കേണ്ടത്, കസ്ർ നൽകിയും വായിക്കാവുന്നതാണ്. ഭാഗ്യം, ഐശ്വര്യം എന്നീ അർത്ഥങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതായത്, സമ്പത്തും ഭാഗ്യവുമുള്ളവന്റെ സമ്പത്തോ ഭാഗ്യമോ അല്ലാഹുവിന്റെ അടുക്കൽ അവന് യാതൊരു ഉപകാരവും ചെയ്യുകയില്ല എന്ന് അർത്ഥം.

തുടർച്ച: നാലാമത്തെ ദിക്ർ: …لَا إِلَهَ إِلَّا اللهُ

Share This Article
Leave a Comment