നാലാമത്തെ ദിക്ർ: …لَا إِلَهَ إِلَّا اللهُ (രണ്ടാം രൂപം)

3 Min Read

ശൈഖ് സ്വാലിഹ് അൽ ഉസൈമി:

അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ നാലാമത്തെ ഇനമാണിത്. അതായത് ഈ ദിക്ർ:«لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ…» എന്ന് പറയൽ.

ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു സുബൈർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസാണ് ഇതിനാധാരം. അദ്ദേഹം തന്റെ നമസ്കാരത്തിൽ നിന്നും സലാം വീട്ടിയാൽ ഇപ്രകാരം പറയുമായിരുന്നു:

لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ ، وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، لَا إِلَهَ إِلَّا اللَّهُ ، وَلَا نَعْبُدُ إِلَّا إِيَّاهُ، لَهُ النَّعْمَةُ وَلَهُ الفَضْلُ، وَلَهُ الثَّنَاءُ الحَسَنُ ، لَا إِلَهَ إِلَّا اللَّهُ مُخْلِصِينَ لَهُ الدِّينَ، وَلَوْ كَرِهَ الكَافِرُونَ

അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്, അവന് പങ്കുകാരില്ല. ആധിപത്യം അവനാണ്, സർവ്വ സ്തുതിയും അവനാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അല്ലാഹുവിലല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, ഞങ്ങൾ അവനെയല്ലാതെ ആരാധിക്കുകയില്ല. സർവ്വ അനുഗ്രഹവും ഔദാര്യവും അവന്റേതാകുന്നു. ഉത്തമമായ സ്തുതികളും അവന് മാത്രമാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, കീഴ്‌വണക്കം അവന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട്; അവിശ്വാസികൾക്ക് അത് എത്ര വെറുപ്പാണെങ്കിലും ശരി. സ്വഹീഹ് മുസ്‌ലിം – 594

തുടർന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു: “നബി ﷺ എല്ലാ നമസ്കാരങ്ങൾക്കും ശേഷം ഈ പദങ്ങൾ ഉപയോഗിച്ച് തഹ്‌ലീൽ ചൊല്ലാറുണ്ടായിരുന്നു.”

ഇവിടെ ‘നമസ്കാരം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിർബന്ധ നമസ്കാരങ്ങളാണ്; കാരണം ശറഇന്റെ പതിവനുസരിച്ച് നിരുപാധികം നമസ്കാരം എന്ന് പറഞ്ഞാൽ അതാണ് ഉദ്ദേശിക്കപ്പെടുക.

ദിക്റുകളെക്കുറിച്ചുള്ള ചില ഗ്രന്ഥങ്ങളുടെ രചയിതാക്കൾ ഈ മൂന്നാമത്തെയും നാലാമത്തെയും ദിക്റുകളെ ഒരുമിച്ച് ചേർക്കുന്ന രീതി സ്വീകരിച്ചിട്ടുണ്ട്. അവർ ഒരു തഹ്‌ലീലായി ഇതിനെ ചുരുക്കി. അതായത് ഇങ്ങനെ:

«لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ، وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اللهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدَّ مِنْكَ الجَدُّ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، لَا إِلَهَ إِلَّا اللَّهُ…»

അവസാനം വരെ. ഇവ രണ്ടും ഒന്നാക്കി മാറ്റാൻ അവരെ പ്രേരിപ്പിച്ചത് തദാഖുലുൽ അഅ്മാൽ എന്ന അടിസ്ഥാന തത്വമാണ്. അതായത്, രണ്ട് ദിക്റുകളിലും ആവർത്തിച്ചു വന്ന തഹ്‌ലീലിനെ ഒരു തവണ മാത്രം പരാമർശിച്ചുകൊണ്ട് ഈ രണ്ട് ദിക്റുകളെയും അവർ ഒന്നാക്കി മാറ്റി. ശേഷം രണ്ട് ദിക്റുകളിലുമുള്ള ബാക്കി ഭാഗങ്ങൾ കൂട്ടിച്ചേർത്തു. ഈ രീതി അനുവദനീയമാണ്. എന്നിരുന്നാലും, മൂന്നാമത്തെ ദിക്ർ പൂർണ്ണമായി ചൊല്ലിയ ശേഷം നാലാമത്തെ ദിക്ർ ചൊല്ലുക എന്നതാണ് യഥാർത്ഥ സുന്നത്ത്. ഈ പ്രവൃത്തിയെ ‘അബദ്ധം’ എന്ന് വിളിക്കുന്നതും, ‘ഇത് അനുവദനീയമാണെങ്കിലും ഇതിനേക്കാൾ ഉത്തമം സുന്നത്ത് പിൻപറ്റലാണ്’ എന്ന് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. കാരണം, തദാഖുലുൽ അഅ്മാൽ എന്ന അടിസ്ഥാന തത്വപ്രകാരം നോക്കുമ്പോൾ അത് അബദ്ധമാകുന്നില്ല. കർമ്മങ്ങൾ ഒരുമിച്ച് വരുമ്പോൾ പ്രയോഗിക്കപ്പെടുന്ന പ്രസിദ്ധമായ ഒരു നിയമമാണത്. ത്വവാഫുൽ ഇഫാദ പിന്തിപ്പിക്കുകയും, വിദാഇന്റെ കൂടി നിയ്യത്ത് വെച്ച് രണ്ടും ഒന്നാക്കി നിർവ്വഹിക്കുകയും ചെയ്യുന്ന ചിലരുടെ രീതി ഇതിന് ഉദാഹരണമാണ്. ഇത് തദാഖുലുൽ അഅ്മാലിൽ പെട്ടതാണ്. എങ്കിലും, മുൻഗണിക്കപ്പെടേണ്ട സുന്നത്ത് എന്നത്, മുമ്പ് സൂചിപ്പിച്ചതുപോലെ മൂന്നാമത്തെ ദിക്ർ പൂർണ്ണമായി ചൊല്ലുകയും, അതിനുശേഷം നാലാമത്തെ ദിക്ർ പൂർണ്ണമായി ചൊല്ലുകയും ചെയ്യുക എന്നതാണ്. ഇത് ‘ഒരു തവണ’ ചൊല്ലണം.

തുടർച്ച: അഞ്ചാമത്തെ ദിക്ർ: തസ്ബീഹ്, തഹ്മീദ്, തക്ബീർ, തഹ്‌ലീൽ

Share This Article
Leave a Comment