രണ്ടാമത്തെ ദിക്ർ: …اللَّهُمَّ أَنْتَ السَّلَامُ

3 Min Read

ശൈഖ് സ്വാലിഹ് അൽ ഉസൈമി:

അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ രണ്ടാമത്തെ ഇനമാണിത്. അതായത് «اللَّهُمَّ أَنْتَ السَّلَامُ…» എന്ന് പറയൽ. ഇമാം മുസ്‌ലിം സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരം പറയുന്നു: “നബി ﷺ തന്റെ നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുകയും തുടർന്ന് ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു:

اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالإِكْرَامِ

അല്ലാഹുവേ, നീയാണ് ശാന്തി നൽകുന്നവൻ, നിന്നിൽ നിന്നാണ് സർവ്വ ശാന്തിയും. മഹത്വവും ആദരവുമുള്ളവനേ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. സ്വഹീഹ് മുസ്‌ലിം – 591

ഇബ്നു മാജയുടെ റിപ്പോർട്ടിൽ ഇപ്രകാരം കാണാം: “അവിടുന്ന് മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുകയും, ശേഷം (ثُمَّ) ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു…”

ഇമാം മുസ്‌ലിമിന്റെ റിപ്പോർട്ടിലുള്ള ‘വാവ്’ (وَ) എന്നത് തർത്തീബിനെയും തരാഖിയെയും സൂചിപ്പിക്കുന്നതാണെന്ന് ഇബ്നു മാജയുടെ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് ആദ്യം മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുകയും, അതിനു ശേഷം ഈ ദിക്ർ ചൊല്ലുകയുമാണ് വേണ്ടത്.

സ്വഹീഹ് മുസ്‌ലിമിൽ തന്നെ സയ്യിദ ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ «تَبَارَكْتَ ذَا الجَلَالِ وَالإِكْرَامِ» എന്നും, മറ്റൊരു റിപ്പോർട്ടിൽ «تَبَارَكْتَ يَا ذَا الجَلَالِ وَالإِكْرَامِ» എന്നും വന്നിട്ടുണ്ട്. അതിനാൽ സംബോധനയെ കുറിക്കുന്ന ‘യാ’ (يا) ചേർത്തും ഒഴിവാക്കിയും ഇത് ചൊല്ലൽ അനുവദനീയമാണ്. ഇവ രണ്ടും ആ സ്ഥാനത്ത് വന്നിട്ടുള്ള അസ്സുനനുൽ മുതനവ്വിഅയിൽ പെട്ടതാണ്. അതിനാൽ ചിലപ്പോൾ «تَبَارَكْتَ ذَا الجَلَالِ وَالإِكْرَامِ» എന്നും മറ്റു ചിലപ്പോൾ «تَبَارَكْتَ يَا ذَا الجَلَالِ وَالإِكْرَامِ» എന്നും പറയാവുന്നതാണ്.

ചില ആളുകൾ ഈ ദിക്റിൽ ‘തബാറക്ത’ (تَبَارَكْتَ) എന്നതിന് ശേഷം ‘തആലൈത’ (تَعَالَيْتَ) എന്ന് കൂട്ടിചേർക്കാറുണ്ട്. എന്നാൽ നബി ﷺ യിൽ നിന്നും ഈ വർദ്ധനവിന് യാതൊരു അടിസ്ഥാനവുമില്ല. ഒരു പ്രത്യേക സ്ഥാനത്ത് പരിമിതപ്പെടുത്തിയ ദിക്റുകളിൽ ഇത്തരം വർദ്ധനവുകൾ വരുത്താൻ പാടുള്ളതല്ല. എന്നാൽ പ്രത്യേക സ്ഥാനവുമായി ബന്ധിപ്പിക്കാത്ത പ്രാർത്ഥനകളാണെങ്കിൽ അതിൽ വർദ്ധനവുകൾ വരുത്താവുന്നതാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി ഇപ്രകാരം പ്രാർത്ഥിക്കുന്നു: “അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകൾക്ക് നീ തഖ്‌വ നൽകുകയും അതിനെ നീ സംസ്‌കരിക്കുകയും ചെയ്യേണമേ, നീയാണ് അത് സംസ്‌കരിക്കുന്നവരിൽ ഏറ്റവും ഉത്തമൻ, നീയാണ് അതിന്റെ രക്ഷകനും യജമാനനും.” ഈ പ്രാർത്ഥനയിൽ അദ്ദേഹം ചില പദങ്ങൾ വർദ്ധിപ്പിച്ചു: “നീയാണ് അതിന്റെ രക്ഷിതാവും നേതാവും”. ഈ വർദ്ധനവ് അനുവദനീയമാണ്; കാരണം ഈ പ്രാർത്ഥന ഒരു പ്രത്യേക സ്ഥാനത്ത് പരിമിതപ്പെടുത്തിയ ഒന്നല്ല. സ്വഹാബികളിൽ നിന്നും താബിഉകളിൽ നിന്നും ഇത് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സ്ഥാനത്ത് ദിക്ർ നിർവ്വഹിക്കുന്ന ദാസൻ ആളുകൾ കൂട്ടിച്ചേർത്ത ഇത്തരം പദങ്ങൾ ഒഴിവാക്കി മേൽപറഞ്ഞ കൃത്യമായ രൂപത്തിൽ തന്നെ അത് ചൊല്ലേണ്ടതാണ്.

ഈ രണ്ട് ദിക്റുകളും, അഥവാ ഇസ്തിഗ്ഫാറും തുടർന്ന് «اللَّهُمَّ أَنْتَ السَّلَامُ…» എന്നതും, നമസ്കാരത്തിന് ശേഷമുള്ള ദിക്റുകളുടെ തുടക്കത്തിൽ മുൻഗണിക്കപ്പെടേണ്ടവയാണ്. അതിനാൽ മറ്റു ദിക്റുകൾ ചൊല്ലുന്നതിന് മുമ്പ് ഇവ രണ്ടും ചൊല്ലണം.

ഇമാം ഈ രണ്ട് ദിക്റുകൾ ചൊല്ലിക്കഴിഞ്ഞാൽ മഅ്മൂമുകളുടെ നേരെ തിരിഞ്ഞിരിക്കണം. ഫജ്ർ ഒഴികെയുള്ള മൂന്നോ നാലോ റക്അത്തുകളുള്ള നമസ്കാരങ്ങളിൽ അവസാനത്തെ തവറുക്കിന്റെ ഇരുത്തത്തിലാണ് ഇമാം ഇരിക്കുന്നതെങ്കിൽ (ഫജ്ർ നമസ്കാരത്തിൽ തവറുക്ക് ഇല്ല എന്നതാണ് ശരിയായ അഭിപ്രായം, അത് തന്നെയാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും മദ്ഹബ്), ആ ഇരുത്തത്തിൽ തന്നെ ഇരുന്ന് ഇമാം മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുകയും ശേഷം «اللَّهُمَّ أَنْتَ السَّلَامُ…» എന്ന് പറയുകയും വേണം. അതിനുശേഷം ആ ഇരുത്തത്തിൽ നിന്ന് മാറി ആളുകളുടെ നേരെ തിരിഞ്ഞിരിക്കണം. ഇതാണ് സ്വഹീഹിൽ നബി ﷺ യുടെ ചര്യയായി സ്ഥിരപ്പെട്ടിട്ടുള്ളത്.

മഅ്മൂമിനെ സംബന്ധിച്ചിടത്തോളം, തന്റെ ഇമാം ആ ഇരുത്തത്തിൽ നിന്ന് തിരിഞ്ഞിരുന്നാൽ അവനും ആ ഇരുത്തത്തിൽ നിന്ന് മാറാവുന്നതാണ്. ഇമാം മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുകയും ശേഷം «اللَّهُمَّ أَنْتَ السَّلَامُ…» എന്ന് പറയുകയും, തുടർന്ന് ആളുകളുടെ നേരെ തിരിഞ്ഞിരിക്കുകയും ചെയ്യും. മഅ്മൂം ഈ കാര്യത്തിൽ ഇമാമിനെയാണ് പിന്തുടരേണ്ടത്. അതായത്, മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്തതിനും «اللَّهُمَّ أَنْتَ السَّلَامُ…» എന്ന് പറഞ്ഞതിനും ശേഷം അവനും തിരിഞ്ഞിരിക്കുക. കാരണം മഅ്മൂം ഇമാമിനെ പിന്തുടരുന്നവനാണ്. അബുൽ ഫത്ഹ് ഇബ്നു ദഖീഖ് അൽ ഈദ് رَحِمَهُ اللَّهُ, നമ്മുടെ ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ തുടങ്ങിയവർ ഈ വിഷയം വ്യക്തമാക്കിയിട്ടുണ്ട്.

തുടർച്ച: മൂന്നാമത്തെ ദിക്ർ: …لَا إِلَهَ إِلَّا اللهُ

Share This Article
Leave a Comment