വിവാഹം: സ്വാലിഹത്തായ ഭാര്യ – ഇഹലോകത്തെ ഏറ്റവും വലിയ സമ്പത്തും കുടുംബത്തിന്റെ സമാധാനവും

4 Min Read

ശമ്മാസ് അൽ ഹികമി

വിവാഹവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മര്യാദകളും നികാഹ്, മഹർ തുടങ്ങിയ കാര്യങ്ങളുമാണ് കഴിഞ്ഞ ഭാഗങ്ങളിൽ നാം ചർച്ച ചെയ്തത്. വിവാഹ ജീവിതം വിജയകരമാകണമെങ്കിൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു കുടുംബത്തിന്റെ നെടുംതൂണായ, ഇസ്‌ലാം അങ്ങേയറ്റം ആദരിച്ച ‘സ്വാലിഹത്തായ’ (സദ്‌വൃത്തയായ) ഭാര്യയുടെ ഗുണങ്ങളെയും ബാധ്യതകളെയും കുറിച്ചാണ് ഈ ഭാഗത്തിൽ നാം പരിശോധിക്കുന്നത്.

ഭൗതിക ലോകത്ത് മനുഷ്യൻ ആഗ്രഹിക്കുന്ന നിരവധി സമ്പാദ്യങ്ങളുണ്ട്; വീട്, വാഹനം, പണം തുടങ്ങിയവ. എന്നാൽ ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ ഇഹലോകത്തെ ഏറ്റവും വലിയ സമ്പത്ത് ഇവയൊന്നുമല്ല. റസൂൽ ﷺ പഠിപ്പിക്കുന്നു: الدُّنْيَا مَتَاعٌ، وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ “ഇഹലോകം മുഴുവൻ വിഭവങ്ങളാണ് (സുഖാനുഭവങ്ങളാണ്). ആ വിഭവങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് സ്വാലിഹത്തായ (സദ്‌വൃത്തയായ) ഒരു സ്ത്രീയാണ്.” [മുസ്‌ലിം].

ഒരു പുരുഷന് അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ദീനിയായ ഒരു ഭാര്യ. അവളുടെ സാന്നിധ്യമാണ് വീടിനെ സ്വർഗ്ഗമാക്കി മാറ്റുന്നത്. ഒരു സ്വാലിഹത്തായ ഭാര്യക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങൾ നബി ﷺ വളരെ കൃത്യമായി സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്.

ഏറ്റവും ഉത്തമയായ സ്ത്രീ ആരാണ് എന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് നൽകിയ മറുപടിയിൽ ആ ഗുണങ്ങൾ പൂർണ്ണമായും അടങ്ങിയിട്ടുണ്ട്: الَّتِي تَسُرُّهُ إِذَا نَظَرَ، وَتُطِيعُهُ إِذَا أَمَرَ، وَلَا تُخَالِفُهُ فِي نَفْسِهَا وَمَالِهَا بِمَا يَكْرَهُ “ഭർത്താവ് നോക്കിയാൽ അവനെ സന്തോഷിപ്പിക്കുന്നവൾ, അവൻ കൽപ്പിച്ചാൽ അനുസരിക്കുന്നവൾ, സ്വന്തം ശരീരത്തിന്റെയോ സമ്പത്തിന്റെയോ കാര്യത്തിൽ ഭർത്താവിന് വെറുപ്പുള്ളതൊന്നും പ്രവർത്തിക്കാത്തവൾ.” [നസാഈ].

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഒരു നല്ല ഭാര്യയുടെ ഗുണങ്ങൾ മൂന്നായി തിരിക്കാം:

1. നോക്കുമ്പോൾ സന്തോഷം നൽകുന്നവൾ: ഭർത്താവ് തന്റെ ഭാര്യയെ നോക്കുമ്പോൾ അവന് സന്തോഷം ലഭിക്കണം. ഇത് കേവലം ബാഹ്യമായ സൗന്ദര്യം കൊണ്ടല്ല; മറിച്ച്, അവളുടെ പുഞ്ചിരി, നല്ല പെരുമാറ്റം, ഭർത്താവിന് മുന്നിലെ വസ്ത്രധാരണം, വീടിന്റെ അന്തരീക്ഷം എന്നിവയിലൂടെയാണ് ഈ സന്തോഷം കൈവരുന്നത്. പുറത്തുപോകുമ്പോൾ മാത്രം അണിഞ്ഞൊരുങ്ങുകയും, ഭർത്താവിന് മുന്നിൽ അശ്രദ്ധമായി നിൽക്കുകയും ചെയ്യുന്ന പ്രവണത ഇസ്‌ലാമികമല്ല. ഭർത്താവിന്റെ പ്രയാസങ്ങളും ക്ഷീണവും അകറ്റാൻ അവളുടെ ഒരു പുഞ്ചിരിക്ക് സാധിക്കണം.

2. ഭർത്താവിനെ അനുസരിക്കൽ: ഒരു കുടുംബത്തിന്റെ നാഥനായി (ഖവ്വാം) ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത് പുരുഷനെയാണ്. അല്ലാഹു ഖുർആനിൽ പറയുന്നു: “പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ ശ്രേഷ്ഠത നൽകിയത് കൊണ്ടാണത്.” [സൂറത്തുന്നിസാഅ് – 34]

അതുകൊണ്ടുതന്നെ അല്ലാഹുവിന് ധിക്കാരമല്ലാത്ത, ഹലാലായ എല്ലാ കാര്യങ്ങളിലും ഭർത്താവിനെ അനുസരിക്കുക എന്നത് ഭാര്യയുടെ നിർബന്ധ ബാധ്യതയാണ്. നബി ﷺ പറഞ്ഞു: “ഞാൻ ഒരാളോട് മറ്റൊരാൾക്ക് സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നുവെങ്കിൽ, സ്ത്രീയോട് അവളുടെ ഭർത്താവിന് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നു.” അത്രത്തോളം മഹത്തായ സ്ഥാനമാണ് ഭർത്താവിനുള്ളത്. ഭർത്താവിന്റെ തൃപ്തിയിലാണ് അവളുടെ സ്വർഗ്ഗം കുടികൊള്ളുന്നത്.

3. സ്വന്തം ശരീരവും ഭർത്താവിന്റെ സമ്പത്തും കാത്തുസൂക്ഷിക്കൽ: ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഏറ്റവും വലിയ അമാനത്താണ് ഭാര്യ. തന്റെ ചാരിത്ര്യം കാത്തുസൂക്ഷിക്കുക, ഭർത്താവിന് ഇഷ്ടമില്ലാത്ത ആരെയും (അത് സ്വന്തം ബന്ധുക്കളാണെങ്കിൽ പോലും) വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കുക, ഭർത്താവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പത്ത് ധൂർത്തടിക്കാതെ സൂക്ഷിക്കുക എന്നിവ ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങളാണ്.

ഭാര്യമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള, ഇസ്‌ലാം കർശനമായി താക്കീത് നൽകിയ ഒരു ദുഃസ്വഭാവമാണ് ‘കുഫ്റാൻ അൽ-അശീർ’ (ഭർത്താവിനോടുള്ള നന്ദികേട്). നബി ﷺ മിഅ്റാജിന്റെ രാത്രിയിൽ നരകം കണ്ടപ്പോൾ അതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണ്ടു. കാരണം ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു: “അവർ ഭർത്താവിനോട് നന്ദികേട് കാണിക്കുന്നവരാണ്. കാലങ്ങളോളം നീ അവർക്ക് നന്മ ചെയ്തുകൊടുത്താലും, നിന്നിൽ നിന്ന് വല്ല അനിഷ്ടവും അവർ കണ്ടാൽ ഉടനെ അവർ പറയും; ‘നിന്നിൽ നിന്ന് ഒരു നന്മയും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല’ എന്ന്.” [ബുഖാരി, മുസ്‌ലിം].

എത്ര വലിയ സ്നേഹം നൽകിയാലും, ചെറിയൊരു കുറവ് കാണുമ്പോൾ പഴയതെല്ലാം മറന്ന് ഭർത്താവിനെ കുറ്റപ്പെടുത്തുന്ന സ്വഭാവം സ്വർഗ്ഗത്തിലേക്കുള്ള വഴി തടയുന്ന വൻപാപമാണ്. ഭർത്താവിന്റെ വരുമാനത്തിലും സാഹചര്യങ്ങളിലും തൃപ്തിയടയുക എന്നത് സമാധാനപരമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനമാണ്.

ഇന്ന് നമ്മുടെ കുടുംബ വ്യവസ്ഥിതിയെ തകർക്കുന്ന നിരവധി ചിന്താധാരകൾ സമൂഹത്തിൽ സജീവമാണ്. സ്ത്രീയും പുരുഷനും എല്ലാ അർഥത്തിലും തുല്യരാണെന്നും, ഭർത്താവിനെ അനുസരിക്കുന്നത് അടിമത്തമാണെന്നും പഠിപ്പിക്കുന്ന ‘ഫെമിനിസം’ പോലുള്ള പാശ്ചാത്യൻ ചിന്തകൾ മുസ്‌ലിം പെൺകുട്ടികളിലേക്കും കടന്നുവന്നിട്ടുണ്ട്. പുരുഷന്റെ ‘ഖവ്വാമിയ്യത്ത്’ (നേതൃപദവി) അംഗീകരിക്കാതിരിക്കുകയും, അനാവശ്യമായ ഈഗോയുടെ പേരിൽ ചെറിയ പ്രശ്നങ്ങളെ വിവാഹമോചനത്തിലേക്ക് (ത്വലാഖ് / ഖുൽഅ്) കൊണ്ടെത്തിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വ്യാപകമാണ്.

അതുപോലെ, കുടുംബബന്ധങ്ങൾ തകർക്കുന്നതിൽ സോഷ്യൽ മീഡിയകൾക്കും സീരിയലുകൾക്കും വലിയ പങ്കുണ്ട്. മറ്റുള്ളവരുടെ ആഡംബര ജീവിതം ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും കണ്ട് സ്വന്തം ഭർത്താവിനെ കുറ്റപ്പെടുത്തുകയും, അന്യപുരുഷന്മാരുമായി ചാറ്റ് ചെയ്ത് കുടുംബം തകർക്കുകയും ചെയ്യുന്ന അവസ്ഥകൾ നമ്മുടെ സമുദായത്തിൽ വർദ്ധിച്ചുവരുന്നു. ഒരു സ്വാലിഹത്തായ ഭാര്യ ഇത്തരം ഫിത്‌നകളിൽ നിന്ന് തന്റെ വീടിനെയും മനസ്സിനെയും കാത്തുസൂക്ഷിക്കുന്നവളായിരിക്കും.

ഇസ്‌ലാം സ്ത്രീയെ വീടിന്റെ രാജ്ഞിയായാണ് പരിഗണിക്കുന്നത്. അവളുടെ സുരക്ഷയും ചിലവും ഭർത്താവിന്റെ ബാധ്യതയായി നിശ്ചയിച്ച ഇസ്‌ലാം, പകരമായി അവളോട് ആവശ്യപ്പെടുന്നത് ഭർത്താവിനോടുള്ള സ്നേഹവും അനുസരണവും മാത്രമാണ്. നബി ﷺ നൽകിയ ഏറ്റവും വലിയ സന്തോഷവാർത്ത കൂടി നാം ഓർക്കുക: “ഒരു സ്ത്രീ അവളുടെ അഞ്ച് നേരത്തെ നമസ്കാരം കൃത്യമായി നിർവ്വഹിക്കുകയും, റമദാനിലെ നോമ്പനുഷ്ഠിക്കുകയും, അവളുടെ ഗുഹ്യാവയവങ്ങൾ (ചാരിത്ര്യം) കാത്തുസൂക്ഷിക്കുകയും, ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവളോട് പറയപ്പെടും; നീ ആഗ്രഹിക്കുന്ന സ്വർഗ്ഗവാതിലിലൂടെ പ്രവേശിച്ചുകൊള്ളുക.”

നമ്മുടെ പെൺമക്കളെയും സഹോദരിമാരെയും ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വളർത്തിയെടുക്കാനും, നമ്മുടെ വീടുകളെ സ്വർഗ്ഗീയമാക്കാനും നാം പരിശ്രമിക്കണം. അല്ലാഹു നമുക്കേവർക്കും അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Share This Article
Leave a Comment